Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Monday, 3 February 2014

ഇടുക്കി ഗോൾഡ്



റ്റനോട്ടത്തിൽ പ്രേക്ഷകന് കാണാൻ സാധിക്കാത്ത സൌഹൃദത്തിന്റെ അതിലോലമായ ഒരു ചരടുണ്ട് ഈ ചിത്രത്തിൽ ഉടനീളം. കാണാനായാലോ അത് ദൃഢമാണെന്ന് മനസ്സിലാക്കുകയും ചെയ്യും. ഗൃഹാതുരത്വം ഉണർത്തുന്ന സൌഹൃദം തന്നെയാണ് ഈ കഥയിലെ നായകൻ. പറഞ്ഞ് വരുന്നത് ആഷിൿ അബുവിന്റെ ‘ഇടുക്കി ഗോൾഡ് ’ എന്ന സിനിമയെപ്പറ്റിയാണ്.

എനിക്ക് ഇടുക്കി ഗോൾഡ് തീയറ്ററിൽ പോയി കാണാനായില്ല. കഴിഞ്ഞ ദിവസം സീഡിയിട്ടാണ് കണ്ടത്. സീരിയസ്സായി സിനിമാ നിരൂപണം നടത്തുന്നവർ ഈ സിനിമയെപ്പറ്റി ഇതിനകം പറയുകയും അവിടെ ചർച്ചകളൊക്കെ നടക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് അങ്ങനൊരു ദൌത്യത്തിന് ഞാൻ ആളല്ല. ഇത് ഞാനെന്ന വ്യക്തിക്ക് ഈ സിനിമ കണ്ടപ്പോൾ തിരികെ പോയെന്ന് തോന്നിയ ചില വഴികളുടേയും ചിന്തകളുടേയും വെളിപ്പെടുത്തൽ മാത്രമാണ്. സ്കൂൾ കോളേജ് സൌഹൃദത്തിന്റെ കണ്ണികൾ അറ്റുപോകാതെ ഇപ്പോഴും കൊണ്ടുനടക്കുന്നവർക്കും അറ്റുപോയതിൽ ദുഃഖിക്കുന്നവർക്കും ഇത് ഇഷ്ടമായെന്ന് വരും.

ഒരു കഞ്ചാവ് സിനിമ എന്ന് ഇതിനെ മുദ്രകുത്താൻ ഒരു വിഷമവും ഇല്ല. ഈ സിനിമയിൽ ഉടനീളം എന്തെങ്കിലും വലിയ കാര്യം സംഭവിക്കാൻ പോകുന്നു എന്ന തോന്നലും ഉളവാക്കപ്പെടുന്നില്ല. പക്ഷെ അവിടവിടെയായി കൃത്യമായ ഇടവേളകളിൽ ശുദ്ധനർമ്മത്തിന്റെ കതിരുകൾ വിടരുന്നുണ്ട്. ജീവിതത്തിന്റെ ചില ആകുലതകൾ വെളിവാക്കപ്പെടുന്നുണ്ട്. കിട്ടാതെ പോയ സൌഹൃദത്തിന്റെ നൊമ്പരം, സിനിമയുടെ ക്ലൈമാക്സിൽ ഒരു ഇരട്ടക്കുഴൽ തുപ്പാക്കിയിലൂടെ എല്ലാവരേയും തുറിച്ചുനോക്കുന്നുണ്ട്.

വില്ലനെന്ന് ഒരിക്കലും പറയാൻ പറ്റില്ലെങ്കിലും അവസാനം അൽ‌പ്പനേരമെങ്കിലും വില്ലൻ സ്വഭാവം കാണിക്കുന്ന ലാലിന്റെ കഥാപാത്രത്തെ സുഹൃത്തായി നെഞ്ചോട് ചേർക്കുന്നതിന് പകരം, അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ അതേ രൂപമുള്ള മകനെ മറ്റ് കഥാപാത്രങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗം ഒരു കവിത പോലെ മനോഹരമാണ്. മുൻ‌കാലപ്രാബല്യത്തിൽ ആ സൌഹൃദം അവർ അംഗീകരിച്ചിരിക്കുകയാണെന്ന് അങ്ങനല്ലാതെ മറ്റെങ്ങനാണ് ഒരു സിനിമയിൽ പറയാതെ പറയുക ?

“ കലാമണ്ഡലം കൊണ്ട് ഇപ്പോഴാണ് സത്യത്തിൽ ഒരു ഗുണമുണ്ടായത്. “

“പ്രണയം ചിക്കൻ പോക്സ് പോലെയാണ്. അൽ‌പ്പം വൈകിയിട്ടാണെങ്കിലും എല്ലാവർക്കും വരും.”

ജാതിക്കായ് കക്കാൻ പോയ പിള്ളേരെ പിടികൂടുമ്പോൾ ... നിങ്ങളെന്തിനാ ജാതി മോഷ്ടിക്കാൻ പോയത് ? ജാതിയെന്താ ചോദിച്ചാൽ കിട്ടാത്ത സാധനമാണോ എന്ന പള്ളീലച്ചന്റെ ചോദ്യത്തിന്...

“ ജാതി ചോദിക്കാൻ പാടില്ലെന്നല്ലേ അച്ചോ ?” എന്ന മറുപടി.

“ കുട്ടികളില്ല എന്ന ദുഖം തീർക്കാൻ ഇടയ്ക്ക് ഞങ്ങൾ തൊടിയിൽ ഇറങ്ങി നടക്കും ഞങ്ങളെ സന്തോഷിപ്പിക്കാനാകും എവിടെയെങ്കിലും ഒരു മാവോ പേരയ്ക്കയോ ഒക്കെ കായ്ച്ച് നിൽ‌പ്പുണ്ടാകും.” എന്ന ഡയലോഗ്.

പഴയ സഹപാഠി പെൺകുട്ടിയെ കാണാൻ പോകുമ്പോൾ, അവളുടെ മനോഹര രൂപം മനസ്സിലോർത്ത ശേഷം... “ അവളിപ്പോൾ പ്രാരാബ്ദ്ധമൊക്കെ ആയി നരച്ച് ക്ഷീണിച്ച് വയറൊക്കെ ടയറായി...വേണ്ട നമുക്ക് പോകണ്ട“ എന്ന് തീരുമാനമെടുത്ത് മടങ്ങുന്നത്.....

“ ഇടുക്കി ഗോൾഡ് നമുക്ക് കിട്ടിയെടാ “ എന്ന് സുഹൃത്തിനെ ഉദ്ദേശിച്ച് പറയുന്നത്.

“ അതൊരു ചെടി. നമ്മുടെ ചൊറിയണം പോലെ.” എന്ന് പറഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ച് നടന്നകലുന്നത്....

കൊച്ചുകൊച്ചു സംഭവങ്ങളിൽ നിന്നും ഒരു സിനിമ ഉണ്ടാകും. അത് പക്ഷേ എല്ലാത്തരക്കാർക്കും ഇഷ്ടമാകണമെന്നില്ല. നെഗറ്റീവുകൾക്കിടയിലും ഒരുപാട് പോസിറ്റീവ് ഒളിച്ചിരുപ്പുണ്ടെന്ന് കാണാനും അതിനെ മാത്രം സ്വാംശീകരിക്കാനും എല്ലായ്പ്പോഴും അവസരം കിട്ടാറില്ലല്ലോ ? ഇത് അങ്ങനൊരു അവസരമായാണ് എനിക്ക് തോന്നിയത്.

സിനിമയിലെ നായകന്മാരുടെ പ്രായമാണെന്ന് തോന്നുന്നു എനിക്ക്. അതുകൊണ്ടാകാം ഒന്നുമില്ല എന്ന് പലർക്കും തോന്നിയേക്കാവുന്ന ഒരു സിനിമയിലെ പല കാര്യങ്ങളും എനിക്ക് ഇഷ്ടമായത്. കുറച്ച് പേർക്ക് വേണ്ടിയെങ്കിലും ഇങ്ങനൊരു സിനിമ എടുക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ അത് പൊളിഞ്ഞാലുണ്ടാകുന്ന സാമ്പത്തിക വശത്തെപ്പറ്റി വ്യാകുലപ്പെടാതിരിക്കാൻ നല്ല ചങ്കുറപ്പുള്ള ഒരു നിർമ്മാതാവിനും സംവിധായകനും മാത്രമേ പറ്റൂ. നന്ദി Aashiq Abu, നന്ദി എം.രഞ്ജിത് ഇങ്ങനെ മദ്ധ്യവയസ്ക്കന്മാർക്ക് വേണ്ടിയും സിനിമയെടുക്കുന്നതിന്.

സിനിമയിലെ ഒരു കഞ്ചാവ് പാട്ടിനെപ്പറ്റി രണ്ട് വാക്ക് കൂടെ പറഞ്ഞിട്ട് എല്ലാ കഞ്ചാവ് വിരോധികൾക്കും മതി തീരുവോളം എടുത്തിട്ട് അലക്കാൻ പാകത്തിന് എന്റെയീ 45 വയസ്സുള്ള പിത്തപ്രകൃതം ഞാനിവിടെ കാഴ്ച്ചവെക്കുന്നു.

ശ്രീനാഥ് ഭാസി ആലപിച്ച ആ ഗാനം ഇങ്ങനെ പോകുന്നു.
അതിന്റെ ലിങ്ക് ഇവിടെ...

വറ്റാക്കുളം വറ്റുന്നിതാ കാലിയായ്.
കിളികുലം എത്താമരം
തലകുത്തുന്നിതാ പാതയിൽ.
പല നിറം സ്വരം സുഖം
എങ്ങുപോയ് ഇതേവരേ
ഇരുട്ടെത്തീ പകൽ‌പ്പക്ഷി
പാറിപ്പാറിപ്പോയ് പോയ്........

കഞ്ചാവ് അടിച്ചിരിക്കുന്നവന്റെ മാനസ്സികാവസ്ഥയ്ക്ക് ഇതിനേക്കാൾ പറ്റിയ വരികൾ വേറെ എവിടന്ന് കിട്ടാനാ ? ആ രംഗങ്ങളും അങ്ങനെ തന്നെ കഞ്ചാവ് മൂഡിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇത്രേം ഒക്കെ പറഞ്ഞപ്പോൾ വായിച്ചവർക്കൊക്കെ തോന്നിക്കാണും ഞാൻ തെറ്റില്ലാത്ത ഒരു കഞ്ചാവടിക്കാരൻ ആണെന്ന്.

“ഒരിക്കലുമല്ല“ എന്ന് ഞാൻ പറയില്ല. ഒരിക്കൽ മാത്രം അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാ ഏടാകൂടങ്ങളും ഓരോ പ്രാവശ്യമെങ്കിലും പരീക്ഷിച്ച് നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പുക,പൊടി,മരുന്നടി തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും ശ്രമിക്കരുതെന്നും ആഗ്രഹിച്ചിട്ടുണ്ട്. എന്നിട്ടും അവസാനം അതിന്റേം രുചി അറിയേണ്ടി വന്നു. ശിവന്റെ പ്രസാദമായതുകൊണ്ട് ഒരു പ്രാവശ്യം അൽ‌പ്പം ഭാംഗ് സേവിച്ച് നോക്കി. അതിന് നല്ല മുട്ടൻ പണി കിട്ടുകയും ചെയ്തു. അതേപ്പറ്റി അറിയണമെന്ന് താൽ‌പ്പര്യമുണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ ‘ഭാംഗിന്റെ വെണ്ണിലാവ് ‘ എന്ന ആ അനുഭവം വായിക്കാം.

വാൽക്കഷ്ണം:- എന്റെ ഈ കുറിപ്പ് വായിച്ചിട്ട് ആരും ഇടുക്കി ഗോൾഡ് കാണണമെന്ന് ഞാൻ പറയില്ല. പക്ഷെ ഈ കുറിപ്പിൽ ഞാൻ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ പൊരുൾ നന്നായി പിടുത്തം കിട്ടിയവർ കണ്ടുനോക്കൂ. ഇഷ്ടമാകാതിരിക്കില്ല.

Sunday, 25 August 2013

മെമ്മറീസ്


നാസർ വില്ലനായും മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായ നായകനായും അഭിനയിച്ച്, മോഹൻ സംവിധാനം ചെയ്ത ഒരു പഴയ സിനിമയുണ്ട്. പേര് ‘മുഖം‘. ഭർത്താക്കന്മാർ വഴിപിഴച്ച് നടന്നതിന് ശിക്ഷയായി അവരുടെ നല്ലവരായ ഭാര്യമാരെ കൊല ചെയ്യുന്ന വില്ലൻ. അതാണ് ആ സിനിമയുടെ ത്രെഡ്.

ആ ത്രെഡ് പൊക്കി, ഭാര്യമാർക്ക് പകരം ഭർത്താക്കന്മാരെ കൊല്ലുന്നതാക്കി മാറ്റി, വേറേ കുപ്പിയിൽ ഇറക്കിയിരിക്കുന്നതാണ് മെമ്മറീസ് എന്ന സിനിമ. ‘മുഖം’ ഇറങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്തവർക്കും ആ സിനിമ കാണാത്തവർക്കും ‘മെമ്മറീസ്’ നന്നായി ആസ്വദിക്കാൻ പറ്റിയിട്ടുണ്ടാകാം. എനിക്ക് പക്ഷേ കുപ്പി മാറിയ വീഞ്ഞ് തിരിച്ചറിഞ്ഞവന്റെ അവസ്ഥയായിരുന്നു.

മലയാളം സിനിമയുടെ ഏറ്റവും വലിയ ഒരു പ്രത്യേകത, തെലുങ്ക് തമിഴ് സിനിമകളേക്കാൾ റിയലിസ്റ്റിക്ക് ആയിരിക്കും എന്നതാണ്. റോഡിലും സീനിയർ ഓഫീസർമാരുടെ മുന്നിലുമൊക്കെ ഔദ്യോഗിക സമയത്ത് പോലും നടന്ന് കള്ളുകുടിക്കുന്ന നായക കഥാപാത്രം എന്തുകൊണ്ടോ അൽ‌പ്പം പോലും റിയലിസ്റ്റിക്കാണെന്ന് തോന്നിയില്ല. അങ്ങനൊന്ന് കേരള പോലീസിലെന്നല്ല ഒരു പോലീസിലും നടക്കാത്ത കാര്യമാണ്. വ്യത്യസ്ത വേഷങ്ങൾ ഉണ്ടാക്കി പൃഥ്വിരാജിനെക്കൊണ്ട് അഭിനയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി പടച്ചിറക്കിയതുപോലെ ഒരു സിനിമ. ക്യാമറയിലും സ്റ്റണ്ടിലും ഗ്രാഫിക്സ്റിലുമൊക്കെ പുതുമ കാണിക്കുന്നത് ഇക്കാലത്തെ രീതികളും സാദ്ധ്യതകളുമാണ്. അതിനെയൊന്നും തള്ളിപ്പറയുന്നില്ല. പക്ഷെ, മൊത്തത്തിൽ ‘മെമ്മറീസ്‘ എനിക്കിഷ്ടമായില്ല. 10 ൽ 3.5 മാർക്ക് മാത്രം.

Sunday, 18 August 2013

നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി.


രാജസ്ഥാനിലെ ബാട്മർ ജില്ലയിൽ എണ്ണപ്പാട ജോലികളുമായി വിഹരിച്ചിരുന്ന കാലത്ത്, ആ ഗ്രാമത്തിലെ റോഡരുകിൽ ടയർ റീ ത്രെഡിങ്ങ്, പഞ്ചറൊട്ടിക്കൽ എന്നീ പരിപാടികളുയായി ജീവിച്ചിരുന്ന ഒരു അച്ചായൻ ഇന്ന് വീണ്ടും ഓർമ്മയിലേക്ക് കയറി വന്നു. (പേര് അറിയില്ല, എല്ലാവരും അച്ചായൻ എന്നാണ് വിളിച്ചിരുന്നത്.)

അച്ചായൻ നാട്ടിൽ നിന്ന് പോന്നിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വീട്, കുടുംബം എന്നതിനെപ്പറ്റിയൊന്നും ആർക്കും വലിയ പിടിപാടൊന്നുമില്ല. കോട്ടയം ജില്ലക്കാരനാണെന്ന് മാത്രം അറിയാം. ബാട്മറിൽ ആ ഭാഗത്തൊന്നും അങ്ങനൊരു ടയറ് കട ഇല്ലാതിരുന്നതുകൊണ്ടാവണം അച്ചായന് ധാരാളം ജോലിയും നല്ല വരുമാനവും ഉണ്ടായിരുന്നു. പക്ഷെ കിട്ടുന്നതൊന്നും കൂട്ടിവെക്കുന്ന ശീലം അച്ചായനുണ്ടായിരുന്നില്ല. വൈകുന്നേരം നന്നായി മിനുങ്ങും. നാട്ടുകാരിൽ ചിലരും ഒപ്പം കൂടും. എല്ലാവർക്കും സേവ അച്ചായന്റെ ചിലവിൽത്തന്നെ. കടയ്ക്ക് മുന്നിൽത്തന്നെയുള്ള കയറ് കട്ടിലിലാണ് അച്ചായന്റെ ഉറക്കം. ആ ഇട്ടാവട്ടത്ത് തന്നെ കിടന്ന് കറങ്ങിയിരുന്ന ഒരു പ്രവാസ ജീവിതം. അച്ചായൻ മൂന്നാല് കൊല്ലം മുൻപ് മരണമടഞ്ഞതായി രാജസ്ഥാനിൽ നിന്ന് റിപ്പോർട്ടുണ്ടായിരുന്നു.

‘നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി‘ എന്ന സിനിമയിൽ പഞ്ചറൊട്ടിക്കൽ പരിപാടിയുമായി ഇന്ത്യയുടെ മറ്റൊരറ്റത്ത് ജീവിതം തള്ളിനീക്കുന്ന മലയാളി കഥാപാത്രത്തെക്കണ്ടപ്പോൾ അച്ചായനെ ഓർക്കാതിരിക്കുന്നതെങ്ങനെ ?

‘നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി‘ ഒരു ട്രാവൽ സിനിമയാണ്. അങ്ങനെയൊരു മാനസ്സിക തയ്യാറെടുപ്പോടെ കണ്ടാൽ ഇഷ്ടമാകാതിരിക്കില്ല. എന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?

സിനിമയിൽക്കാണുന്നത് പോലെ, ബൈക്കിൽ ഇന്ത്യയുടെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് പോകാനുള്ള ബാല്യമൊന്നും ഇനിയവശേഷിക്കുന്നില്ല. ഒരു ഫോർ വീൽ ഡ്രൈവ് ജീപ്പിലോ ഒരു കാരവാനിലോ അങ്ങനൊരു ഇന്ത്യാ യാത്രയെപ്പറ്റി വർഷങ്ങൾക്ക് മുന്നേയുള്ള ചിന്തയാണ്. ആ ചിന്തയാണ്, ലുലു മാളിലെ PVR-ൽ വെച്ച് ഇന്ന് വീണ്ടും സടകുടഞ്ഞെഴുന്നേറ്റത്. നടക്കും... നടക്കാതെവിടെപ്പോകാൻ ?!!

പെട്ടെന്ന് നടക്കണമെങ്കിൽ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കപ്പെടണം. അല്ലെങ്കിൽ അൽ‌പ്പം കൂടെ വൈകുമെന്ന് മാത്രം.

Sunday, 4 August 2013

101 ചോദ്യങ്ങൾ


സിദ്ധാർത്ഥ് ശിവയുടെ ‘101 ചോദ്യങ്ങൾ‘ കാണാത്തവരുണ്ടെങ്കിൽ തപ്പിപ്പിടിച്ച് കാണാൻ ശ്രമിക്കുക. എല്ലാ കുട്ടികളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. പ്രത്യേകിച്ച് സമ്പന്ന കുടുംബങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും.

ഈ സിനിമയിൽ സിദ്ധാർത്ഥ് ശിവ, ക്യാമറകൊണ്ടോ മറ്റ് സാങ്കേതിക മികവുകൾ കൊണ്ടോ ആരേയും വിസ്മയിപ്പിക്കുന്നില്ല. പക്ഷെ പച്ചയായ ജീവിതത്തിലേക്ക് പ്രേക്ഷകന്റെ കണ്ണ് തുറപ്പിക്കുന്നുണ്ട്, നനയിക്കുന്നുമുണ്ട്.

മുരുകൻ, ഇന്ദ്രജിത്ത്, ലെന, മണികണ്ഠൻ പട്ടാമ്പി, ബാലതാരം മിനോൺ എന്നിങ്ങനെ മിക്കവാറും എല്ലാ നടീനടന്മാരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. മിനോൺ എന്ന മിടുക്കന് മികച്ചബാലതാരത്തിനുള്ള കേന്ദ്ര-സംസ്ഥാന അവാർഡുകൾ കിട്ടിയത് എത്രപേർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല. മികച്ച നവാഗത സംവിധായകനുള്ള കേന്ദ്ര അവാർഡ് സിദ്ധാർത്ഥ് ശിവയ്ക്ക് കിട്ടിയത് ചിലരെങ്കിലും അറിയുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.

സിനിമ തുടങ്ങി അൽ‌പ്പം കഴിഞ്ഞപ്പോൾ അതിപ്രശസ്തനായ ഒരു ഡോൿടർ മുൻ‌സീറ്റിൽ വന്നിരുന്നു. അദ്ദേഹം ഈ സിനിമയിൽ ഡോൿടറായിട്ട് തന്നെ അഭിനയിക്കുന്നുണ്ട്. സംവിധായകൻ സിദ്ധാർത്ഥ് ശിവയുടെ അർബുദരോഗം ചികിത്സിച്ച് ഭേദമാക്കിയ സാക്ഷാൽ ഡോ:വി.പി.ഗംഗാധരനായിരുന്നു അത്.

ഇന്നലെ രാവിലെ നേഹയുടെ സ്ക്കൂളിൽ ഓപ്പൺ ഹൌസ് ആയിരുന്നു. അതോടനുബന്ധിച്ച് മാതാപിതാക്കൾക്ക് വേണ്ടി ഡോ:സുരേഷ് മണിമലയുടെ ഒരു പ്രസന്റേഷനും ചർച്ചയുമൊക്കെ സ്ക്കൂൾ അധികൃതർ സംഘടിപ്പിച്ചിരുന്നു. കുട്ടികളേക്കാൾ പ്രശ്നക്കാരായ മാതാപിതാക്കളെ നേരെയാക്കുക എന്നതായിരുന്നു ഒരർത്ഥത്തിൽ ആ പ്രസന്റേഷന്റെ ലക്ഷ്യം.

കഷ്ടത അനുഭവിക്കുന്ന മറ്റ് കുട്ടികളോട് അനുകമ്പയും അനുഭൂതിയുമൊക്കെ തങ്ങളുടെ മക്കളിൽ വളർത്തിയെടുക്കാൻ എന്തുചെയ്യാനാവും എന്നാണ് ഒരു രക്ഷകർത്താവ് ഡോ:മണിമലയോട് ചോദിച്ചത്. അദ്ദേഹം ആ ചോദ്യത്തിന് ശരിയായി ഉത്തരം കൊടുക്കുകയും ചെയ്തു. വൈകീട്ട് ‘101 ചോദ്യങ്ങൾ‘ കണ്ടിറങ്ങിയപ്പോൾ എനിക്ക് തോന്നി, ഡോ:മണിമല ‘101 ചോദ്യങ്ങൾ‘ കണ്ടിട്ടുണ്ടാകില്ലെന്ന്. അല്ലെങ്കിൽ അദ്ദേഹം തീർച്ചയായും പറയുമായിരുന്നു, സിദ്ധാർത്ഥ് ശിവയുടെ 101 ചോദ്യങ്ങൾ പോലുള്ള സിനിമകൾ കുട്ടികളെ കാണിക്കാൻ ശ്രമിക്കൂ എന്ന്.

Saturday, 27 July 2013

അഞ്ച് സുന്ദരികൾ & ഭാഗ് മിൽഖാ ഭാഗ്


ഴിഞ്ഞ ആഴ്ച്ചകളിൽ കണ്ട രണ്ട് സിനിമകൾ.

1. അഞ്ച് സുന്ദരികൾ.
2. ഭാഗ് മിൽഖാ ഭാഗ്.

പൂർണ്ണമായ സിനിമാ അവലോകനത്തിന് മുതിരുന്നില്ല. രണ്ട് സിനിമയും എനിക്ക് വലിയ ഇഷ്ടമായി.

അഞ്ച് സുന്ദരികളിലെ ആദ്യസുന്ദരി ‘സേതുലക്ഷ്മി‘യിൽ നായികയായി വന്ന ബാലതാരം അനിക എന്ന കൊച്ചു മിടുക്കിയും, ഭാഗ് മിൽഖാ ഭാഗിൽ മിൽഖാ സിങ്ങായി രൂപമാറ്റം നടത്തിയ ഫർഹാൻ അൿത്തറും നാഷണൽ അവാർഡ് കിട്ടാൻ പോന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

ഭാഗ് മിൽഖാ ഭാഗിലെ ചില രംഗങ്ങളിൽ, സിനിമയാണ് കാണുന്നതെന്ന് മറന്ന്, ഫിനിഷിങ്ങിലേക്ക് കുതിക്കുന്ന മിൽഖാ സിങ്ങിനെ പ്രോത്സാഹിപ്പിക്കാനായി ഇരിപ്പിടത്തിൽ നിന്ന് ആരെങ്കിലുമൊക്കെ ചാടിയെഴുന്നേറ്റ് കൈയ്യടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനും സാങ്കേതികവിദഗ്ദ്ധർക്കുമുള്ളതാണ്.

സിനിമ തുടങ്ങുന്നതിന് മുൻപ്, മുൻസീറ്റിൽ ഇരുന്നിരുന്ന സ്ത്രീ അവരുടെ മക്കൾക്ക് മിൽഖയെ പരിചയപ്പെടുത്തിയത് ഒളിമ്പിൿസിൽ മെഡൽ നേടിയ അത്‌ലറ്റ് എന്നായിരുന്നു. ട്രാക്ക് & ഫീൽഡിൽ ഇന്ത്യയിതുവരെ ഒളിമ്പിൿസ് മെഡൽ ഒന്നും തന്നെ നേടിയിട്ടില്ലെന്ന് പലർക്കും അറിയില്ലെന്നത് മെഡൽ നേടാത്തതിനേക്കാൾ വിഷമിപ്പിക്കുന്ന കാര്യമാണ്.

Sunday, 16 June 2013

ABCD


ABCD കണ്ടു. സിനിമാ അവലോകനം നടത്താനൊന്നും ഞാനില്ല. അത് ഷാജി( Shaji T.U.) ഹരീHareesh N Nampoothiri) എന്നിങ്ങനെയുള്ളവർ നടത്തിക്കോളും. ഈ പറയുന്നത് ചില നിരക്ഷരാഭിപ്രായങ്ങൾ മാത്രം.

എനിക്കിഷ്ടമായി സിനിമ. മാർട്ടിൻ പ്രക്കാട്ട് നല്ലൊരു എന്റർടെയ്നർ തന്നെ കാഴ്ച്ച വെച്ചിരിക്കുന്നു. സ്വാഭാവിക നർമ്മം വാരിവിതറിയിരിക്കുന്ന രംഗങ്ങൾ നിരവധി. പാർട്ടിക്കാർക്കും, മാദ്ധ്യമങ്ങൾക്കുമൊക്കെയിട്ട് നന്നായിട്ട് കൊടുത്തിട്ടുണ്ട്. ഗുണപാഠം എന്തെങ്കിലും തപ്പിയെടുത്തേ അടങ്ങൂ എന്നുള്ളവർക്ക് അതിനുള്ള സാദ്ധ്യതയും ധാരാളം. നായകനും നായികയും തമ്മിൽ പ്രേമിക്കാതെയും സിനിമകൾക്ക് ഒരുപാട് സാദ്ധ്യതകളുണ്ടെന്ന് ABCD തെളിയിക്കുന്നു. അത്യാവശ്യം ഡബിൾ മീനിങ്ങ് ഡയലോഗുകൾ വേണമെന്നുള്ളവർക്ക് വേണ്ടി അധികം വഷളാക്കാതെ അപ്പറഞ്ഞതും ചേരുവയായിട്ടുണ്ട്. ദുൽഖറിന്റെ ഗാനാലാപനവും ഗാനരംഗവുമൊക്കെ സിനിമയുമായി ഒത്തുപോകുന്നത് തന്നെ. മെഹബൂബിന്റെ നയാ പൈസയില്ലാ എന്ന പഴയ ഗാനം പുതിയൊരു സിനിമയിലെ അർത്ഥവത്തായ രംഗങ്ങളിലൂടെ കേൾക്കാനാകുന്നത് സന്തോഷം നൽകുന്ന കാര്യമാ‍ണ്. ദുൽഖറും, പുതിയ നായിക അപർണ്ണ ഗോപിനാഥും, നായകനൊപ്പം എല്ലാ സീനിലുമുള്ള സഹനടൻ ജേക്കബ് ഗ്രിഗറിയും നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചിരിക്കുന്നു. ഒന്നുരണ്ട് പ്രാവശ്യം വന്നുപോകുന്ന ടൈം ലാപ്സ് സീനുകൾ അതിമനോഹരം. കേരളത്തിന്റെ ഭൂപ്രകൃതിയിൽ, മലയാള സിനിമകളിൽ ടൈം ലാപ്സ് സീനുകൾക്ക് ഒരുപാട് സ്കോപ്പ് ഇനിയുമുണ്ട്.

രണ്ട് ചെറിയ കുറ്റങ്ങളാണ് കണ്ടുപിടിക്കാനായത്.

1. അമേരിക്കയിൽ ജനിച്ച് വളർന്ന രണ്ട് പയ്യന്മാരെ സ്വിമ്മിങ്ങ് പൂളിൽ ചാടിക്കുമ്പോൾ നല്ല ഒന്നാന്തരം കുട്ടി സ്വിമ്മിങ്ങ് ട്രങ്കുകൾ ഇടീക്കുന്നതിന് പകരം, ബർമുട പോലുള്ള കളസം ഇടീക്കുന്നത് എന്തിനാണ് ? ദുൽഖർ സൽമാൻ, അരയിൽ ഒട്ടിക്കിടക്കുന്ന നീളം കുറഞ്ഞ ഒരു സ്വിമ്മിങ്ങ് ട്രങ്ക് ഇട്ടിരുന്നെങ്കിൽ ഇതിൽക്കൂടുതൽ ജനങ്ങൾ തീയറ്ററിൽ കയറുമായിരുന്നില്ലേ ? അങ്ങനൊരു ചാൻസ് തുലച്ചെന്നേ പറയാനുള്ളൂ. മലയാളം പ്രേക്ഷകർക്ക് അത്തരം രംഗങ്ങൾ കാണാനുള്ള പ്രായപൂർത്തിയൊക്കെ ആയി മാർട്ടിൻ പ്രക്കാട്ട്.

2. കോരയെന്ന സഹനായക കഥാപാത്രത്തിന്റെ ഇംഗ്ലീഷ് & മലയാളം ആൿസന്റുകൾ ഒന്നുകൂടെ അമേരിക്കവൽക്കരിക്കാമായിരുന്നു. നായകന്റെ കാര്യത്തിൽ അത് സാമാന്യം നന്നായിട്ട് തന്നെ വന്നിട്ടുണ്ട്.

വാൽക്കഷണം:‌- കുറച്ച് നാൾ കഴിയുമ്പോൾ, ഇതും കോപ്പിയടിയാണെന്ന് പറഞ്ഞ് വാർത്ത വരാതിരുന്നാൽ മതിയായിരുന്നു.

Tuesday, 14 May 2013

മുംബൈ പൊലീസ്


മുംബൈ പൊലീസ് കണ്ടു. എനിക്കിഷ്ടായി.

ഇഷ്ടമായ ചിത്രങ്ങളെപ്പറ്റി കുറേ നല്ലതും പിന്നൽ‌പ്പം മോശവും പറഞ്ഞാൽ സിനിമാക്കാര് പുകിൽ ഉണ്ടാക്കില്ലെന്ന വിശ്വാസത്തിൽ ചിലത് പറയുന്നു. എന്നുവെച്ച് ഇതൊരു സമ്പൂർണ്ണ സിനിമാ അവലോകനമല്ല. ചില അഭിപ്രായങ്ങൾ മാത്രം.

നല്ലത്
-------
1. നായകൻ വരുമ്പോൾ കൈയ്യടിയും കൂവലും, പിന്നെ സിനിമയ്ക്കിടയിൽ അവിടവിടായി തീയറ്ററിൽ നിന്നുള്ള അലമ്പുകളും മറ്റും ഇല്ലാതെ കുറേക്കാലത്തിന് ശേഷം ഒരു സിനിമ കാണാനായി. പാവം പൃഥ്വിരാജ് നല്ലൊരു വേഷം ചെയ്താലും കൈയ്യടിക്കാനോ വിസിലടിക്കാനോ ആളെക്കിട്ടില്ലെന്ന് വെച്ചാൽ കഷ്ടാണേയ് !! 08:30 ന് ചെന്ന് ക്യൂ നിന്ന് 9 മണിയ്ക്കുള്ള ടിക്കറ്റ് കിട്ടുക എന്നതും വളരെക്കാലത്തിന് ശേഷം സംഭവിച്ച കാര്യമാണ്.

2. ഒരു കുറ്റാന്വേഷണ കഥയിൽ ഇന്നേവരെ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും വ്യത്യസ്തമായ സസ്പെൻസ്. സഞ്ജയും ബോബിയും ഡോൿടർമാർ ആയതുകൊണ്ടാകാം ഇങ്ങെനെയൊരു ക്ലൈമാസ്കിനെപ്പറ്റി ചിന്തിച്ചതും എഴുതി ഫലിപ്പിച്ചതും. രണ്ടാളും കൈയ്യടി അർഹിക്കുന്നു.

3. കുഞ്ചന്റെ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു രംഗം ഈ സിനിമയുടെ മുതൽക്കൂട്ടാണ്.

4. പൃഥ്വിരാജിന്റെ മോശമല്ലാത്ത പ്രകടനം. റഹ്‌മാനെ കൂടുതൽ നല്ല വേഷങ്ങളിൽ കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.

5. മലയാള സിനിമ രണ്ട് സൂപ്പർ താരങ്ങൾക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന കഥകളിൽ നിന്ന് പുറത്തുകടന്നു തുടങ്ങീന്ന് ചിലപ്പോഴെങ്കിലും തോന്നാൻ തുടങ്ങിയിരിക്കുന്നു.

മോശം
---------
1. വാഹനാപകടം സംഭവിക്കുന്ന സമയത്ത് ചില്ല് പൊളിച്ച് പുറത്തേക്ക് വരുന്ന പൃഥ്വിയുടെ മുഖത്ത്, അപകടത്തിൽ സംഭവിക്കുന്ന പാടുകൾ നല്ല ഭേഷായിട്ട് ഉണങ്ങിപ്പറ്റിയ പരുവത്തിലുള്ള മേക്കപ്പ്. മേക്കപ്പിന്റേയും ഇത്തരം സീനുകൾ ചിത്രീകരിക്കുന്നതിന്റേയും കാര്യത്തിൽ മലയാള സിനിമ ഇനീം ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.

2. പൃഥ്വിരാജിന്റെ വെപ്പ് മീശ അരോചകം. മറ്റേതെങ്കിലും സിനിമയ്ക്ക് വേണ്ടി മീശ എടുത്തിട്ടുള്ള സമയത്താണ് ഈ സിനിമയുടെ ചിത്രീകരണമെങ്കിൽ വെപ്പ് മീശ ഒട്ടിക്കാതെ പറ്റില്ല എന്നറിയാം. പക്ഷെ, പൊലീസുകാരൻ ആയാൽ മീശ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ് ? ഐ.ജി.പത്മകുമാറിന് മീശയില്ലല്ലോ ?

3. ക്രൈം നടത്താനുള്ള കാരണം ഇന്നത്തെ കാലത്ത് അത്ര വലിയ ഒരു സംഭവമായിട്ട് തോന്നിയില്ല. അത്തരം കാര്യങ്ങൾക്ക് നിയമപരിരക്ഷ പല രാജ്യങ്ങളിലും വന്നുതുടങ്ങിയിട്ടുള്ള കാലമാണെന്നത് ബോബിയും സഞ്ജയും മറന്നതാണോ അതോ അറിയാത്ത പോലെ നടിക്കുന്നതാണോ ?

4. ക്രൈം നടത്താൻ, തലേന്ന് ഫുൾ സെറ്റപ്പിൽ റിഹേർസൽ നടത്തുന്നത് അൽ‌പ്പം കടന്ന കൈ ആയിപ്പോയി. ചുറ്റുമുള്ള ഫ്ലാറ്റുകളിൽ പാതിരാത്രിക്ക് ഉറക്കം പോലും കളഞ്ഞ് ഫേസ്ബുക്കിൽ മാന്തിക്കളിക്കുന്ന എന്നെപ്പോലുള്ള ആരെങ്കിലും അൽ‌പ്പം കാറ്റ് കൊള്ളാനായി ബാൽക്കണിയിൽ വരുമ്പോൾ റിഹേർസൽ കാണാനുള്ള സാദ്ധ്യത വിരളമൊന്നുമല്ല ഓൺലൈൻ അണ്ണന്മാരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഒരു രംഗമായിപ്പോയി അത്

ആദ്യമേ പറഞ്ഞല്ലോ, കുറവുകൾ ചിലതൊക്കെ ഉണ്ടെങ്കിലും ചിത്രം എനിക്കിഷ്ടമായി. മുൻപ് കണ്ടിട്ടുള്ള പല പൊലീസ് സ്റ്റോറികളിൽ നിന്നും വിട്ടുനിൽക്കുന്ന ചിലത് ഇതിലുണ്ട്. ചിത്രത്തിന്റെ സസ്‌പെൻസ് വിളിച്ച് പറയുന്നത് ശരിയല്ല എന്നതുകൊണ്ട് കൂടുതൽ ഒന്നും പറയാൻ നിർവ്വാഹമില്ല.

നിയമപരമല്ലാത്ത മുന്നറിയിപ്പ് / അപേക്ഷ
------------------------------------------------------------
കമന്റ് എഴുതുന്നവർ സസ്‌പെൻസ് വെളിപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു. അത്തരം കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതാണ്. അത്തരക്കാർക്ക് എതിരെ നിയമപരമല്ലാത്ത നടപടി എടുക്കുന്നതുമാണ്.

Wednesday, 19 December 2012

ആരോഹണം


ഷാജി ടി.യു. നിർദ്ദേശിച്ചതനുസരിച്ച് 'Post Tenebras Lux' എന്ന സിനിമ കാണാനാണ് കൊച്ചി ഫിലിം ഫെസ്റ്റിവലിന്റെ വേദികളിൽ ഒന്നായ ശ്രീധറിലേക്ക് തിരിച്ചത്. പോകുന്ന വഴിക്ക്, സിനിമയുടെ സമയം ഉറപ്പാക്കാൻ വേണ്ടി സവിതയിലേക്ക് കയറി. അപ്പോളാണ്, ഒരുപാട് നാളുകൾക്ക് ശേഷം സംവിധായകൻ Uday Ananthan നെ കണ്ടത്. കൂടെ മെഡിമിക്സിന്റെ ഉടമയായ ശ്രീ.അനൂപും ഒരു വനിതയും ഉണ്ട്. അനൂപ് നിർമ്മിച്ച ഒരു തമിഴ് സിനിമ ഫെസ്റ്റിവലിന്റെ ഭാഗമായി സവിതയിൽ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ‌പ്പിന്നെ അത് തന്നെ കണ്ടേക്കാമെന്ന് വെച്ചു. സിനിമയുടെ പേരുപോലും അറിയാതെ തീയറ്ററിനകത്തേക്ക് കടക്കുന്നത് ഇത് ജീവിതത്തിൽ ആദ്യം.

ഒരു സാധാരണ സിനിമ പോലെ തുടക്കം. ഒരു സ്ത്രീ അപകടത്തിൽ പെടുന്നു. പാതിരാത്രിയായിട്ടും അവരെ കാണാതെ വിഷമിക്കുന്ന മകനും മകളും. അങ്ങനങ്ങ് പോകുന്നു കഥ. ഇടവേള ആയപ്പോഴേക്കും ഇനിയെന്തൊക്കെയോ കാര്യമായ സംഭവങ്ങൾ വരാനുണ്ടെന്ന തോന്നൽ സിനിമ തന്നിരുന്നു, ഇത്ര പെട്ടെന്ന് ഇടവേള ആയോ എന്ന തോന്നൽ വേറെയും. സിനിമ മുന്നോട്ട് നീങ്ങുന്തോറും, വെള്ളിത്തിരയിൽ തെളിയുന്ന രംഗങ്ങൾക്ക് മുന്നേ, കഥയിലൂടെ മനസ്സ് പായിക്കാൻ ശ്രമിക്കുന്ന ഒരു പ്രേക്ഷകൻ എന്റെയുള്ളിൽ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഒരു ക്ലബ്ബ് ഡാൻസുണ്ട് സിനിമയിൽ. പാട്ടിന് വേണ്ടി പാട്ട് തിരുകിക്കയറ്റാത്ത ഒന്നാണത്. സിനിമയുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നത്. അതില്ലെങ്കിൽ ആരോഹണം എന്ന സിനിമയും ഇല്ല. സ്വാഭാവികത മുറ്റിനിൽക്കുന്ന കഥാപാത്രങ്ങൾ. കഥാന്ത്യത്തിൽ അസാധാരണമായ ഒരു തലത്തിലേക്ക്, അഥവാ ചരിത്രത്തിലേക്ക് ചൂണ്ടിയുള്ള ഒരു യാഥാർത്ഥ്യത്തിലേക്കാണ് സിനിമ ചെന്നെത്തുന്നത്. ബൈപോളാർ വ്യക്തിത്വങ്ങളിൽ ഊന്നി മനോഹരമായ ഒരു സിനിമ. നസറുദ്ദീൻ ഷായേയും വിദ്യാ ബാലനേയും വെച്ച് ഇതേ സംവിധായികയെക്കൊണ്ട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഓഫർ വന്നിട്ടുണ്ടെങ്കിൽ എന്തിനതിശയിക്കണം !!

സിനിമ കഴിഞ്ഞപ്പോൾ, പ്രൊഡ്യൂസർ ശ്രീ.അനൂപിനെ അഭിനന്ദിക്കാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി. അദ്ദേഹത്തിന്റെ കൈകൾ പിടിച്ച് കുലുക്കുമ്പോളാണ് സിനിമ തുടങ്ങുന്നതിന് മുന്നേ അദ്ദേഹത്തിനൊപ്പം കണ്ട വനിതയെ ശ്രദ്ധിച്ചത്. തൊട്ടുമുൻപ് എങ്ങോ കണ്ടുമറഞ്ഞ മുഖം. മറ്റാരുമല്ല,... സിനിമയിലെ നായിക തന്നെ !!!! അവരേയും കൈകൾ കുലുക്കി അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ? നായികാ പ്രാധാന്യമുള്ള സിനിമയിലെ നാഷണൽ അവാർഡ് സാദ്ധ്യതയുള്ള അഭിനയമായിരുന്നു അത്. ആളെ പറഞ്ഞാൽ എല്ലാവരും അറിയും. നടി സരിതയുടെ അനുജത്തി വിജി ചന്ദ്രശേഖർ. സരിതയുടെ സഹോദരിയാനെന്നത് ആ കണ്ണുകളിൽ നിന്നും മുഖത്തുനിന്നും വായിച്ചെടുക്കാം.

നാളെ ചെന്നൈ ഫിലിം ഫെസ്റ്റിവൽ കഴിയുമ്പോൾ ചിലപ്പോൾ ഈ സിനിമയെപ്പറ്റി കൂടുതൽ കേട്ടെന്ന് വരും. തമിഴ്‌നാട്ടിൽ ഇത് നിറഞ്ഞ സദസ്സുകളിൽ ഓടി മുക്തകണ്ഠപ്രശംസ പിടിച്ച് പറ്റിക്കഴിഞ്ഞിരിക്കുന്നു. നിർമ്മാതാവ് മാത്രമല്ല സംവിധായിക ലക്ഷ്മി രാമകൃഷ്ണനും മലയാളികൾ തന്നെ. ഈ വിഷയത്തിൽ ഊന്നി ഒരു ഡോക്യുമെന്ററിക്ക് പണം മുടക്കാമോ എന്ന് ചോദിച്ച സംവിധായികയോട്, കുറേക്കൂടെ വലിയ സ്കെയിലിൽ ഒരു കൊമേർഷ്യൽ സിനിമ തന്നെ ചെയ്യാമെങ്കിൽ പടം നിർമ്മിക്കാം എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച ശ്രീ.അനൂപിന് ഒരു സല്യൂട്ട്. 25 ലക്ഷം ബഡ്ജറ്റ് ഇട്ട് 23.5 ലക്ഷത്തിൽ സിനിമ പിടിച്ചതിന് ഒരു സല്യൂട്ട് വേറെയുമുണ്ട്.

തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ എന്തായാലും പ്രദർശിപ്പിക്കും എന്ന്, സിബി മലയിലും ബീനാ പോളുമൊക്കെ ഉറപ്പിച്ച് പറഞ്ഞിട്ടും പ്രദർശിപ്പിക്കാതെ പോയതിന്റെ നഷ്ടം തിരുവനന്തപുരത്തുകാർക്ക് മാത്രമാണ്. കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ആരോഹണം, കണ്ടില്ലെങ്കിൽ നഷ്മാണെന്ന് പറയാൻ ഒരു സങ്കോചവും ആവശ്യമില്ലാത്ത സിനിമ.

Thursday, 22 November 2012

ഒഴിമുറി


‘ഒഴിമുറി‘ തീയറ്ററിൽ പോയിത്തന്നെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ തിരക്കുകൾ കാരണം ആ ആഗ്രഹം നടന്നില്ല. തിരക്കെന്ന് വെച്ചാൽ രണ്ട് തരം തിരക്കുകളാണ്. 1. എന്റെ വ്യക്തിപരമായ തിരക്കുകൾ. 2. നല്ല സിനിമകളെ പെട്ടെന്ന് തന്നെ തീയറ്ററിൽ നിന്ന് എടുത്തുമാറ്റാൻ തീയറ്ററുമായും, സിനിമാ വിതരണവുമായും, സിനിമയുടെ രാ‍ഷ്ട്രീയവുമായൊക്കെ ബന്ധമുള്ളവർ കാണിക്കുന്ന തിരക്ക്.

പിന്നീടങ്ങോട്ട്, മ്യൂസിക്ക് സ്റ്റോറിൽ കയറുമ്പോൾ എന്നും നോക്കിയിരുന്നത് ‘ഒഴിമുറി‘ യുടെ ഡീ.വി.ഡി. വന്നോ എന്നായിരുന്നു. കാത്തുകാത്തിരുന്ന്, അവസാനം, രണ്ട് ദിവസം മുന്നേ അത് വന്നു. ഇന്നലെ സിനിമ കാണുകയും ചെയ്തു.

സിനിമയെപ്പറ്റിയുള്ള അവലോകനമൊക്കെ, റീലീസ് ചെയ്യുന്ന അന്നുതന്നെ എഴുതിയിടുന്ന നാലുപേരെങ്കിലും ഓൺലൈനിൽ സജീവമാണ്. അതൊക്കെ എല്ലാവരും ഇതിനകം വായിച്ചിട്ടുമുണ്ടാകും അതുകൊണ്ട് അങ്ങനെയൊരു സാഹസത്തിന് മുതിരുന്നില്ല.

എന്നാലും എന്തെങ്കിലുമൊരു അഭിപ്രായം പറഞ്ഞില്ലെങ്കിൽ നല്ലൊരു സിനിമയോടും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരോടും കാണിക്കുന്ന നന്ദികേടായിപ്പോകും. അതുകൊണ്ട് വളരെ ചുരുക്കിപ്പറയുന്നു.

വ്യത്യസ്തമായ പ്രമേയം. ശക്തമായ കഥാപാത്രങ്ങൾ. ലാലും, ശ്വേതാ മേനോനും, മല്ലികയുമൊക്കെ അമ്പരപ്പിക്കുന്നു. ഒഴിമുറി എന്നാൽ വിവാഹമോചനം എന്നാണെന്ന് മനസ്സിലാക്കാൻ പറ്റിയത് തന്നെ ഒരു വലിയ കാര്യമല്ലേ ? പല കാരണങ്ങൾ കൊണ്ടും, ഒരു നിമിഷം പോലും ശ്രദ്ധ മറ്റൊരിടത്തേക്ക് മാറിപ്പോകാതെ കാണേണ്ടിവന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്. ഈ ചിത്രം കാണാത്തവർക്ക്, മലയാളസിനിമ മരിച്ചുകൊണ്ടിരിക്കുകയാണ്, മരിച്ചു, നാളെ അല്ലെങ്കിൽ മറ്റന്നാൾ മരിക്കും, എന്നൊക്കെ വിലപിക്കാൻ ഒരവകാശവും ഇല്ലെന്നേ ഞാൻ പറയൂ. കൂടുതൽ ഒന്നും പറയാനുമില്ല.

പറ്റുമെങ്കിൽ സ്വന്തമായി ഒരു ഡീ.വി.ഡി. വാങ്ങി കാണുക, അത് വരും തലമുറയ്ക്കായി സൂക്ഷിച്ച് വെക്കുക. തീയറ്ററിൽ നിന്ന് പെട്ടെന്ന് തന്നെ പുറത്താക്കപ്പെട്ട ഒരു സിനിമയെ അങ്ങനെയെങ്കിലും പ്രോത്സാഹിപ്പിക്കുക.

നല്ലൊരു സിനിമ സമ്മാനിച്ചതിന് മധുപാലിന് (Madhupal Kannambath)ഒരുപാടൊരുപാട് നന്ദി. തലപ്പാവ് എന്ന ആദ്യ സിനിമയെപ്പോലെ ഒരുപാട് അംഗീകാരങ്ങൾ ഒഴിമുറിയും വാരിക്കൂട്ടട്ടെ എന്നാശംസിക്കുന്നു. നാല് കൊല്ലത്തിലൊരിക്കൽ ഇതുപോലെ ഓരോ സിനിമകൾ ചെയ്താൽ മതി മാഷേ. കുറേയധികം തട്ട് തകർപ്പൻ അടി ഇടി സിനിമകൾ ചെയ്യുന്നതിനേക്കാൾ ഭേദമല്ലേ ഇങ്ങനോരോന്ന് !!