Sunday, 16 June 2013
ABCD
ABCD കണ്ടു. സിനിമാ അവലോകനം നടത്താനൊന്നും ഞാനില്ല. അത് ഷാജി( Shaji T.U.) ഹരീHareesh N Nampoothiri) എന്നിങ്ങനെയുള്ളവർ നടത്തിക്കോളും. ഈ പറയുന്നത് ചില നിരക്ഷരാഭിപ്രായങ്ങൾ മാത്രം.
എനിക്കിഷ്ടമായി സിനിമ. മാർട്ടിൻ പ്രക്കാട്ട് നല്ലൊരു എന്റർടെയ്നർ തന്നെ കാഴ്ച്ച വെച്ചിരിക്കുന്നു. സ്വാഭാവിക നർമ്മം വാരിവിതറിയിരിക്കുന്ന രംഗങ്ങൾ നിരവധി. പാർട്ടിക്കാർക്കും, മാദ്ധ്യമങ്ങൾക്കുമൊക്കെയിട്ട് നന്നായിട്ട് കൊടുത്തിട്ടുണ്ട്. ഗുണപാഠം എന്തെങ്കിലും തപ്പിയെടുത്തേ അടങ്ങൂ എന്നുള്ളവർക്ക് അതിനുള്ള സാദ്ധ്യതയും ധാരാളം. നായകനും നായികയും തമ്മിൽ പ്രേമിക്കാതെയും സിനിമകൾക്ക് ഒരുപാട് സാദ്ധ്യതകളുണ്ടെന്ന് ABCD തെളിയിക്കുന്നു. അത്യാവശ്യം ഡബിൾ മീനിങ്ങ് ഡയലോഗുകൾ വേണമെന്നുള്ളവർക്ക് വേണ്ടി അധികം വഷളാക്കാതെ അപ്പറഞ്ഞതും ചേരുവയായിട്ടുണ്ട്. ദുൽഖറിന്റെ ഗാനാലാപനവും ഗാനരംഗവുമൊക്കെ സിനിമയുമായി ഒത്തുപോകുന്നത് തന്നെ. മെഹബൂബിന്റെ നയാ പൈസയില്ലാ എന്ന പഴയ ഗാനം പുതിയൊരു സിനിമയിലെ അർത്ഥവത്തായ രംഗങ്ങളിലൂടെ കേൾക്കാനാകുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ദുൽഖറും, പുതിയ നായിക അപർണ്ണ ഗോപിനാഥും, നായകനൊപ്പം എല്ലാ സീനിലുമുള്ള സഹനടൻ ജേക്കബ് ഗ്രിഗറിയും നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചിരിക്കുന്നു. ഒന്നുരണ്ട് പ്രാവശ്യം വന്നുപോകുന്ന ടൈം ലാപ്സ് സീനുകൾ അതിമനോഹരം. കേരളത്തിന്റെ ഭൂപ്രകൃതിയിൽ, മലയാള സിനിമകളിൽ ടൈം ലാപ്സ് സീനുകൾക്ക് ഒരുപാട് സ്കോപ്പ് ഇനിയുമുണ്ട്.
രണ്ട് ചെറിയ കുറ്റങ്ങളാണ് കണ്ടുപിടിക്കാനായത്.
1. അമേരിക്കയിൽ ജനിച്ച് വളർന്ന രണ്ട് പയ്യന്മാരെ സ്വിമ്മിങ്ങ് പൂളിൽ ചാടിക്കുമ്പോൾ നല്ല ഒന്നാന്തരം കുട്ടി സ്വിമ്മിങ്ങ് ട്രങ്കുകൾ ഇടീക്കുന്നതിന് പകരം, ബർമുട പോലുള്ള കളസം ഇടീക്കുന്നത് എന്തിനാണ് ? ദുൽഖർ സൽമാൻ, അരയിൽ ഒട്ടിക്കിടക്കുന്ന നീളം കുറഞ്ഞ ഒരു സ്വിമ്മിങ്ങ് ട്രങ്ക് ഇട്ടിരുന്നെങ്കിൽ ഇതിൽക്കൂടുതൽ ജനങ്ങൾ തീയറ്ററിൽ കയറുമായിരുന്നില്ലേ ? അങ്ങനൊരു ചാൻസ് തുലച്ചെന്നേ പറയാനുള്ളൂ. മലയാളം പ്രേക്ഷകർക്ക് അത്തരം രംഗങ്ങൾ കാണാനുള്ള പ്രായപൂർത്തിയൊക്കെ ആയി മാർട്ടിൻ പ്രക്കാട്ട്.
2. കോരയെന്ന സഹനായക കഥാപാത്രത്തിന്റെ ഇംഗ്ലീഷ് & മലയാളം ആൿസന്റുകൾ ഒന്നുകൂടെ അമേരിക്കവൽക്കരിക്കാമായിരുന്നു. നായകന്റെ കാര്യത്തിൽ അത് സാമാന്യം നന്നായിട്ട് തന്നെ വന്നിട്ടുണ്ട്.
വാൽക്കഷണം:- കുറച്ച് നാൾ കഴിയുമ്പോൾ, ഇതും കോപ്പിയടിയാണെന്ന് പറഞ്ഞ് വാർത്ത വരാതിരുന്നാൽ മതിയായിരുന്നു.
Labels:
സിനിമ
Subscribe to:
Post Comments (Atom)
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്, കുറേ മാസങ്ങൾക്ക് ശേഷം ബ്ലോഗിലും പബ്ലിഷ് ചെയ്യുന്നു.
ReplyDelete