Tuesday 21 December 2010

പുൽക്കൂട്ടിലെ പ്രതിമകൾ

യൽ‌‌വാസിയായ പത്രോസ് മാപ്പിളയ്ക്ക് മക്കൾ ഏഴ് പേരാണ്. രണ്ട് ആണും അഞ്ച് പെണ്ണും. അതിൽ മൂന്ന് പേർ എന്നേക്കാൾ മുതിർന്നവർ‍. സമപ്രായക്കാരൻ തോമസ് പഠിക്കുന്നത് എന്റെ സ്കൂളിൽ‌ത്തന്നെയാണ്. ഞങ്ങളുടെ വീട്ടിൽ ഞാനും മുതിർന്നവർ രണ്ട് ചേച്ചിമാരും. എനിക്കന്ന് പ്രായം 8 വയസ്സ്.

സ്കൂള്‍ വിട്ടുവന്നാൽ കുറേ നേരം വടക്കേപ്പറമ്പിലെ അവരുടെ വീട്ടിലോ ഞങ്ങളുടെ വീട്ടിലോ ഞങ്ങളെല്ലാ‍വരും ചേർന്നുള്ള കളിയും ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ്സ് വരാനാകുമ്പോഴേക്കും അവരെയാരേയും കളിക്കാൻ കൂട്ട് കിട്ടാതാകും. അവരപ്പോൾ പുൽക്കൂട് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അതിനാവശ്യമുള്ള വൈക്കോല് കൊണ്ടുപോകുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നായതുകൊണ്ട് അവര് പുൽ‌ക്കൂടിന്റെ പണി തുടങ്ങുമ്പോഴേ ഞങ്ങൾക്ക് കാര്യം പിടികിട്ടും. ഇനിയുള്ള രണ്ടാഴ്ച്ച അവരെ ആരേയും ഒന്നിനും കൂട്ടുകിട്ടില്ല.

അവർ ഏഴുപേർക്കിടയിൽ അന്യരെപ്പോലെ കുറേ നേരം പുൽക്കൂട് ഉണ്ടാക്കുന്നതൊക്കെ നോക്കിനിന്ന് നെടുവീർപ്പിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങും. വൈക്കോൽ വെട്ടിയൊതുക്കി തെങ്ങോല വെട്ടുമ്പോൾ ബാക്കിവരുന്ന നേർത്ത ചീളുകളിൽ (ഞങ്ങളതിനെ അളി എന്ന് പറയും) ചേർത്തുവെച്ച് പുൽക്കൂടിന്റെ മേൽക്കൂരയും, ചുമരുകളുമൊക്കെയുണ്ടാക്കി, തറയിൽ മണ്ണ് വിരിച്ച്, നെല്ല് വെള്ളത്തിലിട്ട് മുളപ്പിച്ച് പുൽക്കൂട്ടിൽ അവിടവിടെയായി പറിച്ചുനടാൻ പാകത്തിന് തയ്യാറാക്കി, അലങ്കാര ബൾബുകളും തോരണങ്ങളുമൊക്കെ തൂക്കി, പുൽക്കൂട് വളരെ നേരത്തേ തന്നെ തയ്യാറായിട്ടുണ്ടാകും.

കൃസ്തുമസ്സിന്റെ തൊട്ടടുത്ത ദിവസങ്ങളാകുമ്പോഴേക്കും പുൽക്കൂട്ടിൽ കന്യാമാതാവിന്റേയും, ജോസപ്പിന്റേയും, ആട്, പശു എന്നിങ്ങനെയുള്ള ചില കൊച്ചു കൊച്ചു പ്രതിമകൾ സ്ഥാനം പിടിച്ചുതുടങ്ങും. ഡിസംബര്‍ 24ന് രാത്രിയാകുമ്പോഴേക്കും ഉണ്ണിയേശുവിന്റെ പ്രതിമയും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുടേയും, അവരുടെ ഒട്ടകങ്ങളുടേയും പ്രതിമകൾക്ക് പുറമേ പുൽക്കൂടിന്റെ മുകളിൽ നിന്ന് ഒരു മാലാഖയുടെ പ്രതിമയും തൂങ്ങിയാടാൻ തുടങ്ങും. കുട്ടികൾക്ക് രാത്രി നേരത്തേ കിടന്നുറങ്ങാനുള്ളതുകൊണ്ട് വൈകീട്ട് 7 മണിയോടെ തന്നെ ആ പുൽക്കൂട്ടിൽ തിരുപ്പിറവി കഴിഞ്ഞിരിക്കും.

പുൽക്കൂടൊരുക്കി കൃസ്തുമസ്സ് ആഘോഷിക്കുന്ന ആ അവസരത്തിൽ വേണ്ടവണ്ണം പങ്കുചേരാൻ പറ്റാത്തതിന്റെ വിഷമവുമായി ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളവിടെ ചുറ്റിപ്പറ്റി നിൽക്കും.  ഓണത്തിനും വിഷുവിനുമൊക്കെ കളമിടുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചാണെങ്കിലും പുൽക്കൂട് ഉണ്ടാക്കുന്ന കാര്യം വരുമ്പോൾ ഞങ്ങൾക്ക് വലിയ പങ്കാളിത്തമൊന്നും കിട്ടാത്തതിൽ എന്റെ കൊച്ചുമനസ്സ് എന്നും വേദനിച്ചിട്ടുണ്ട്.

അവരുടെ വീട്ടിലെ 7 പേർക്കുതന്നെ കയ്യിട്ട് പോഷിപ്പിക്കാനുള്ള സംഭവം ആ പുൽക്കൂട് ഉണ്ടാക്കുന്നിടത്തില്ല, പിന്നല്ലേ അയൽക്കാരായ ഞങ്ങൾക്ക്. അതിന്റെ വിഷമം തീർക്കാൻ ഞങ്ങളൊരു വിദ്യകണ്ടുപിടിച്ചു.

ഞങ്ങളുടെ വീട്ടിലും ഒരു പുൽക്കൂടുണ്ടാക്കുക. പത്രോസ് മാപ്പിളയുടെ വീട്ടിലെ പുൽക്കൂടിനേക്കാൾ കേമമായതുതന്നെ ഒരെണ്ണം. നെല്ല് മുളപ്പിക്കാനിട്ടു. വൈക്കോലിനും, അളിക്കുമൊന്നും ഒരു പഞ്ഞവുമില്ല. അത്യാവശ്യം കളർ പേപ്പറുകളൊക്കെ വെട്ടിയെടുത്ത് തോരണങ്ങളുമുണ്ടാക്കി. ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കുന്ന ഏർപ്പാട് വീട്ടിൽ പണ്ടുമുതലേയുള്ളതാണ്. ആ നക്ഷത്രത്തിനെ പുൽക്കൂടിനരുകിലേക്ക് മാറ്റി സ്ഥാപിച്ചു.

വീട്ടിൽ പുൽക്കൂട് ഉണ്ടാകുന്നുണ്ടെന്നറിഞ്ഞ് പത്രോസ് മാപ്പിളയുടെ മക്കളെല്ലാം വന്ന് നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമൊക്കെ തന്നപ്പോൾ ഞങ്ങൾക്കെല്ലാം വല്ല്യ സന്തോഷമായി. പക്ഷെ അതിനോടൊപ്പം ഒരു വലിയ സങ്കടം കൂടെ ബാക്കിനിന്നു. ഇതിപ്പോൾ ഒരു പുൽക്കൂട് മാത്രമല്ലേ ആയിട്ടുള്ളൂ. അതില് വെക്കാന്നുള്ള പ്രതിമകൾ ഞങ്ങൾക്കില്ലല്ലോ ? അതിനി എങ്ങനെ ഒപ്പിക്കും ? കടകളിൽ ഒരിടത്തും ഈ പ്രതിമകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കിൽ ഒരു ഉണ്ണിയേശുവിന്റെ പ്രതിമ മാത്രം എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പുൽക്കൂട് പൂർണ്ണമാക്കാമായിരുന്നു.

അടുത്ത ദിവസം പതിവുപോലെ സൈക്കിളുമെടുത്ത് കറങ്ങുന്നതിനിടയിൽ ഞാനതുകണ്ടു. അങ്ങാടിയിൽ കോയാസ്സന്റെ കടയിൽ ഒരു പുൽക്കൂടിന്റെ മുഴുവൻ സെറ്റ് പ്രതിമകളും ഇരിപ്പുണ്ട്. അല്‍പ്പം സങ്കോചത്തോടെ ചെന്ന് വില ചോദിച്ചു.

മെസിഡീസിന്റേയോ, ബി.എം.ഡ‌ബ്ല്യൂവിന്റേയോ ഷോ‍റൂമിൽ കൈലിയുടുത്ത് ഒരുത്തൻ ചെന്ന് കാറിന്റെ വില ചോദിച്ചാലുള്ളതുപോലായിരുന്നു അനുഭവം. കോയാസ്സൻ കേട്ട ഭാവം കാണിക്കുന്നില്ല. മകനെ നിന്നെക്കൊണ്ട് താങ്ങാനാവില്ല എന്ന് കിറിക്കോണിൽ എഴുതിവെച്ചിട്ടുള്ള ഒരു ചിരിമാത്രമായിരുന്നു മറുപടി.

ഒരിക്കൽക്കൂടെ ആ പ്രതിമകളിൽ സൂക്ഷിച്ച് നോക്കി അവയൊക്കെ ഞങ്ങളുടെ പുൽക്കൂട്ടിൽ വന്ന് കയറിയാലുള്ള ചിത്രം മനസ്സിൽ സങ്കൽപ്പിച്ച് വളരെ വിഷമത്തോടെ വീട്ടിലെത്തി. ഇനിയാ പ്രതിമകൾ കിട്ടാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. അച്ഛനോട് പറഞ്ഞ് നോക്കുക.

വലിയ വിലയുള്ള പ്രതിമകളായിരിക്കും. അച്ഛന്റെ സർക്കാർ ശമ്പളത്തിൽ ഒതുങ്ങാൻ സാദ്ധ്യതയില്ല. എന്നാലും പറഞ്ഞ് നോക്കുക തന്നെ. അച്ഛൻ നല്ല മൂഡിലിരിക്കുമ്പോൾ പതുക്കെ ചെന്ന് കാര്യം തന്ത്രപൂർവ്വം അവതരിപ്പിച്ചു. ഞങ്ങൾ ഓണക്കളമിടുന്നതും , വിഷൂന് പടക്കം പൊട്ടിക്കുന്നതുമൊക്കെ വടക്കേക്കാരുടെ ഒപ്പമല്ലേ ? പിന്നിപ്പോ കൃസ്തുമസ്സ് വന്നപ്പോൾ മാത്രം ഞങ്ങൾക്ക് അവരെപ്പോലെ ആഘോഷിക്കാൻ പറ്റാത്തത് കഷ്ടമല്ലേ ? ആ ലൈനിലൊന്ന് പിടിച്ച് നോക്കി. എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും‍ അച്ഛന് കോയാസ്സന്റെ അത്രയും പോലും മൈൻഡില്ല. കേട്ടഭാവം ഇല്ലെന്ന് മാത്രമല്ല, കോയാസ്സന്റെ കിറിക്കോണിൽ ഉണ്ടായിരുന്ന ചിരിയുടെ നൂറിലൊന്ന് പോലും അച്ഛന്റെ മുഖത്തില്ല. സംഗതി ചീറ്റിപ്പോയെന്ന് മൂന്നരത്തരം.

നാളെ കൃസ്തുമസ്സാണ്. ഇന്ന് വൈകീട്ടെങ്കിലും പ്രതിമകൾ കിട്ടിയില്ലെങ്കിൽ  പുൽക്കൂടുണ്ടാക്കാൻ പാടുപെട്ടതെല്ലാം വെറുതെയാകും. കരച്ചിലിന്റെ വക്കത്തെത്തിയ നിമിഷങ്ങൾ‍.

രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ഉണ്ണിയേശു പിറക്കാതെ അനാഥമാകാൻ പോകുന്ന ആ പുൽക്കൂ‍ട് ഒരിക്കൽക്കൂടെ ഞാനൊന്ന് പോയി നോക്കി. തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന കടലാസ് നക്ഷത്രത്തിന്റെ മടക്കുകളിലും അരുകുകളിലുമുള്ള ചെറിയ ദ്വാരങ്ങളിലൂടെ അരിച്ചരിച്ച് മുഖത്തുവീണ മങ്ങിയ വെളിച്ചത്തിൽ‍, എന്റെ കവിളിലൂടൊലിച്ചിറങ്ങിയ കണ്ണുനീർ ആരും കണ്ടുകാണാ‍ൻ വഴിയില്ല.

വലിയ സന്തോഷമൊന്നുമില്ലാതെ കൃസ്തുമസ്സ് ദിനം പുലർന്നു. രാവിലെ ഉമ്മറത്തെ പടിയിൽ  വന്നിരുന്ന് വൈക്കോൽക്കൂനയിൽ കോഴികൾ ചികയുന്നത് നോക്കിയിരുന്നപ്പോൾ പുൽക്കൂടിന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

എത്ര ശ്രമിച്ചിട്ടും എന്റെ കൊച്ചുമനസ്സിനെ നിയന്ത്രിക്കാ‍നെനിക്കായില്ല. ഇടങ്കണ്ണിട്ട് ഒരുപ്രാവശ്യമേ ഞാനാ ഭാഗത്തേക്ക് നോക്കിയുള്ളൂ.

ഞെട്ടിപ്പോയി !!

ഇന്നലെ രാത്രി കണ്ടതുപോലെയല്ല പുൽക്കൂടിപ്പോൾ‍. ആകെ മാറിമറിഞ്ഞിരിക്കുന്നു! കോയാസ്സന്റെ കടയിൽ ഞാൻ കണ്ട പ്രതിമകളിപ്പോൾ ഞങ്ങളുടെ പുൽക്കൂട്ടിലുണ്ട്. ഉണ്ണിയേശുവും, കന്യാമറിയവും, മാലാഖമാരും, ആടുകളും, പശുക്കളും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുമെല്ലാം ഞാൻ മനസ്സിൽക്കണ്ട അതേ സ്ഥാനത്തു തന്നെ.

അതിനൊക്കെ പുറമെ കുറെ ബലൂണുകളും, അലങ്കാരദീപത്തിന്റെ ഒരു മാലയും പുൽക്കൂടിനെ മോടി പിടിപ്പിച്ച് നിൽക്കുന്നു. ദൈവപുത്രൻ അങ്ങനെ ഞങ്ങളുടെ പുൽക്കൂട്ടിലും പിറന്നിരിക്കുന്നു.
ആർത്തുവിളിക്കണമെന്ന് തോന്നി. എങ്ങനിത് സംഭവിച്ചു ? എനിക്കൊരു പിടിയും കിട്ടിയില്ല.

ചേച്ചിമാരെ വിവരമറിയിക്കാൻ അകത്തേക്കോടാൻ ഒരുങ്ങിയപ്പോഴാണ് വരാന്തയുടെ വടക്കേ അറ്റത്ത് അച്ഛനിരിക്കുന്നത് ഞാൻ കണ്ടത്. വളരെ ഗൌരവത്തോടെ പത്രത്തിൽ കണ്ണും നട്ടിരിക്കുന്ന അച്ഛന്റെ ചുണ്ടിന്റെ കോണിൽ ഞാനപ്പോൾ വ്യക്തമായി തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി.

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.

Thursday 16 December 2010

ഇ-ഭാഷ ശില്‍പ്പശാലയും നിരക്ഷരനും

"സാഹിത്യ അക്കാഡമിയുടെ ഈ ഭാഷ സാഹിത്യ ശില്‍പ്പശാലയുണ്ട് 14ന് തൃശൂരില്‍ വെച്ച്.... നിരക്ഷരന്‍ പങ്കെടുക്കുന്നില്ലേ ? "

ചോദ്യം ശില്‍പ്പശാലയുടെ സെമിനാറില്‍ പോകാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയുടേതാണ്.

nirk manoj.jpg
ചിത്രം - സുനിൽ ഫൈസൽ കോടതി

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് നാട്ടുപച്ച വെബ്ബ് പോർട്ടലിലേക്ക് പോകൂ.

Friday 10 December 2010

ഫോർട്ട് കൊച്ചിൻ

കാര്യമായിട്ട് ഒന്നും ചെയ്യാനില്ലാത്ത ഒരു സായാഹ്നമായിരുന്നു അത്. വെറുതെയിരുന്ന് മടുത്തു. അടുത്തെവിടെയെങ്കിലുമൊക്കെ ഒന്ന് ചുറ്റിയടിച്ച് വരാമെന്ന് കരുതിയാണ് മുഴങ്ങോടിക്കാരിയുമായി വെളിയിലിറങ്ങിയത്. ചുറ്റിത്തിരിഞ്ഞ് ചെന്നെത്തിയത് ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി ഭാഗത്താണ്. ജ്യൂതത്തെരുവിലും ഡച്ച് പാലസിലുമൊക്കെ നിരങ്ങിയ ശേഷം സെയ്‌ന്റ് ഫ്രാന്‍സീസ് ചര്‍ച്ചില്‍ കയറിയപ്പോളാണ് ഞങ്ങളാ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.

ഒരു വിദേശി കുടുംബത്തിന്, പള്ളിക്കകത്തെ കാര്യങ്ങളൊക്കെ വളരെ വിശദമായും ആധികാരികമായും, മികച്ച ആംഗലേയത്തില്‍ പറഞ്ഞുകൊടുക്കുന്നുണ്ട് അയാള്‍. ഒരു ഗൈഡാണ് അയാളെന്ന് എനിക്ക് തോന്നിയില്ല. അത്രയ്ക്കും മനോഹരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഗൈഡുകളെ ഇന്ത്യയിലെങ്ങും ഞാനിതുവരെ കണ്ടിട്ടില്ല.

പള്ളിയില്‍ നിന്നിറങ്ങി ഫോര്‍ട്ട് കൊച്ചി കടപ്പുറത്തൊക്കെ ഒന്ന് കറങ്ങി ഒരു കാപ്പി കുടിക്കാനായി ‘കാശി’യിലേക്ക് കയറി. വളരെ താല്‍പ്പര്യം ജനിപ്പിക്കുന്ന ഒരു കൊച്ചു ആര്‍ട്ട് ഗാലറി അടക്കമുള്ള റസ്റ്റോറന്റ് ആണ് കാശി. ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടനാഴികളും, കൃത്യമായ ആകൃതിയൊന്നും ഇല്ലാത്ത മുറികളുമൊക്കെ ലാഭത്തില്‍ ഓടുന്ന പ്രശസ്തിയുള്ള ഒരു സ്ഥാപനമായി മാറ്റിയെടുക്കാന്‍ എങ്ങനെ കഴിയും എന്നതിന്റെ മകുടോദാഹരണം. വിദേശികളാണ് കാശിയിലെ സന്ദര്‍ശകരില്‍ ഭൂരിഭാഗവും.

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത ടേബിളില്‍, പള്ളിയില്‍ വെച്ച് കണ്ട ചെറുപ്പക്കാരനും വിദേശി കുടുംബവും വന്നിരുന്നു. വിദേശികള്‍ കൈകഴുകാനോ മറ്റോ നീങ്ങിയ തക്കത്തില്‍ ഞാനയാളെ കേറി മുട്ടി. രാജേഷ്, അതാണയാളുടെ പേര്. ബിസിനസ്സ് കാര്‍ഡ് എടുത്ത് തന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

A guide is the cultural ambassador of the country എന്നെഴുതിയ കാര്‍ഡില്‍, രാജേഷിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ബിരുദാനന്തര ബിരുദങ്ങളും കടന്ന് ഗവേഷണം വരെ നീളുന്നു. വിദ്യാഭ്യാസമുള്ള ഗൈഡുകള്‍ക്ക് അനന്ത സാദ്ധ്യത രാജ്യത്തുണ്ടെന്ന് രാജേഷിനെ പരിചയപ്പെട്ടപ്പോള്‍ എനിക്ക് തോന്നി. ചെയ്യുന്ന ജോലിയുടെ മാന്യത മനസ്സിലാക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മാത്രം മതി ചെറുപ്പക്കാര്‍ക്ക്.

സംസാരം ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കടന്ന് ശങ്കരാചാര്യര്‍ വരെ ചെന്നു നിന്നു. ഫോര്‍ട്ടുകൊച്ചിയുടെ ചരിത്രത്തില്‍ എനിക്കുള്ള താല്‍പ്പര്യം കണ്ടപ്പോള്‍ Fort Cochin - History and untold stories എന്ന പുസ്തകം രാജേഷ് പരിചയപ്പെടുത്തി.

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ടാന്യ എബ്രഹാം എന്ന ജേര്‍ണലിസ്റ്റാണ് എഴുത്തുകാരി. ഒരുപാട് അന്വേഷിച്ച് നടന്നതിന് ശേഷമാണ് ‘ഫോര്‍ട്ട് കൊച്ചിന്‍‘ ഒരു കോപ്പി സ്വന്തമാക്കാനായത്. 108 പേജുകള്‍ മാത്രമുള്ള ഒരു ചെറിയ പുസ്തകം. ലേ ഔട്ട് മാറ്റിമറിച്ച് പേജുകള്‍ ലാഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ 60 പേജില്‍ ഒതുക്കാനാകുമായിരുന്ന ആ ഗ്രന്ഥം പകര്‍ന്നുതന്നതാകട്ടെ 250 പേജുള്ള ഒരു പുസ്തകത്തില്‍ നിന്ന് കിട്ടിയേക്കാവുന്നതിനേക്കാള്‍ അധികം ചരിത്ര സത്യങ്ങള്‍.

നല്ല ഭാഷ. ഒരുപാട് പഠനങ്ങളും അന്വേഷണങ്ങളും അലച്ചിലുകളും നടത്തി ശേഖരിച്ച ആധികാരികമായ വിവരങ്ങള്‍. എല്ലാ റെഫറന്‍സ് പുസ്തകങ്ങളുടേയും പേരുകള്‍ അതാത് വാക്കുകള്‍ക്കിടയില്‍ നമ്പറിട്ട് ഇന്‍ഡക്സ് ചെയ്തിരിക്കുന്നു. പഴയ കൊച്ചിയുടെ ബ്ലാക്ക് & വൈറ്റില്‍ ഉള്ള ഒരുപാട് ചിത്രങ്ങള്‍. ഇതിനൊക്കെ പുറമേ untold stories എന്ന തലക്കെട്ടിനോട് നീതിപുലര്‍ത്തിക്കൊണ്ട് കൊതുകകരമായ ഒട്ടനവധി വസ്തുതകള്‍ പുസ്തകം അനാവരണം ചെയ്യുന്നു.

അതില്‍ ചിലത് മാത്രം എടുത്തുപറഞ്ഞ് ബാക്കിയുള്ളത് നേരിട്ടുള്ള വായനയ്ക്കായി വിടുന്നു.

1. പേര് കേട്ടാല്‍ തോന്നും മട്ടാഞ്ചേരി ഡച്ച് പാലസ് ഉണ്ടാക്കിയത് ഡച്ചുകാരാണെന്ന്. പക്ഷെ പാലസുണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണ്. 1555ല്‍ പറങ്കികള്‍ പാലസുണ്ടാക്കി കൊച്ചി രാജകുടുംബത്തിന് സമ്മാനിക്കുകയായിരുന്നു.

2. പേന എന്ന മലയാള പദം വന്നത് അതേ അര്‍ത്ഥമുള്ള പെന്ന (penna) എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്ന്. ഇതുപോലെ മലയാളത്തിലുള്ള മറ്റ് പല പദങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട് പുസ്തകത്തില്‍.

3. 1950 കളില്‍ Pierce Leslie & Co Ltd എന്ന കമ്പനിയിലെ ജോലിയുമായി ഫോര്‍ട്ടുകൊച്ചിയില്‍ ജീവിച്ചിരുന്ന Diarmuid McCormick എന്ന വിദേശിയെ, 2007ല്‍ ലേഖിക ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നുണ്ട്. പഴയ കാലത്ത് തെരുവുകള്‍ ഇതിലും വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭൃത്യന്‍ ഒഴിഞ്ഞ ഒരു മരുന്നുകുപ്പി ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞതിന് 52 രൂപയാണ് അദ്ദേഹത്തിന് പിഴയൊടുക്കേണ്ടി വന്നത്. 1950കളില്‍ 52 രൂപയുടെ മൂല്യം വെച്ച് നോക്കിയാല്‍, ഇന്ന് നമ്മള്‍ നാട്ടുകാര്‍ തെരുവുകളില്‍ തള്ളുന്ന മാലിന്യങ്ങള്‍ക്ക് കോടികള്‍ പിഴയൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ്.

4. സ്വാതന്ത്ര്യത്തിന് മുന്നുള്ള ഒരു കാലത്ത്, കൊച്ചിയില്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം വാങ്ങണമെങ്കില്‍ ലൈസന്‍സ് വേണമായിരുന്നു. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഉള്ളതുപോലുള്ള പെര്‍മിറ്റുകളായിരുന്നു അത്. നിശ്ചിത തോതിലുള്ള മദ്യമേ ആ പെര്‍മിറ്റുകള്‍ ഉപയോഗിച്ച് വാങ്ങാനാകുമായിരുന്നുള്ളൂ. ഇന്നെന്താണ് ഇവിടുത്തെ അവസ്ഥ ? ചിന്തിക്കേണ്ട വിഷയമാണ്.

മട്ടാഞ്ചേരിക്ക് ആ പേര് വന്നത് എങ്ങനെ ? എന്താണ് കൂനന്‍ കുരിശ് ? മാപ്പിള എന്ന പദം ആവിര്‍ഭവിച്ചതിന്റെ, ഞാനിതുവരെ കേള്‍ക്കാത്തതും മനസ്സിലാക്കാത്തതുമായ ഒരു പുതിയ അറിവ് ! കൊച്ചിയില്‍ വന്നിരുന്ന വിദേശിപ്പട്ടാളക്കാരുടെ ഭാര്യമാര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ എന്തായിരുന്നു സ്റ്റാറ്റസ് ? പോര്‍ച്ചുഗീസുകാര്‍ മലയാളികളുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെ നിയമപരിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു?

കൌതുകകരവും ജിജ്ഞാസാജനകവുമാണ് ‘ഫോര്‍ട്ട് കൊച്ചി’ വായന. സ്വന്തം നാടിനോടുള്ള സ്നേഹം, ഒരു നല്ല ചരിത്ര പുസ്തകത്തിന്റെ രൂപത്തില്‍ പ്രകടിപ്പിച്ച ടാന്യ എബ്രഹാമിന് നന്ദി.

കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സായാഹ്നങ്ങള്‍ ഇപ്പോളെന്ന ബോറടിപ്പിക്കാറില്ല. മനസ്സിലാക്കാനും കാണാനുമൊക്കെ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി എന്ന കൊച്ചുപ്രദേശം തൊട്ടടുത്ത് തന്നെയുള്ളപ്പോള്‍ എന്തിന് വിരസമായ സായാഹ്നങ്ങള്‍ പിറക്കാന്‍ ഇടനല്‍കണം ?

Thursday 9 December 2010

അഭിമുഖം അഥവാ കുമ്പസാരം

ബ്ലോഗിൽ വന്നതിനുശേഷം ആദ്യമായിട്ടാണ് ആരോടെങ്കിലും ഇത്രയ്ക്ക് മനസ്സുതുറക്കുന്നത്. നട്ടപ്രാന്തൻ അയച്ചുതന്ന ചോദ്യങ്ങൾക്ക് കൊടുത്ത മറുപടികൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. ഇതിനെ ഒരു അഭിമുഖമെന്ന് പറയുന്നതിനേക്കാൻ ഒരു കുമ്പസാരം എന്ന് പറയാനാണ് എനിക്കിഷ്ടം.

Sunday 24 October 2010

മാലിന്യ വിമുക്ത കേരളം


ദൃശ്യമാദ്ധ്യമങ്ങളില്‍ കുറേയേറെ നാളുകളായി സാമൂഹ്യക്ഷേമത്തെ മുന്‍‌നിര്‍ത്തി പ്രത്യക്ഷപ്പെടുന്ന മലബാര്‍ ഗോള്‍ഡിന്റെ ഒരു മോഹന്‍ലാല്‍ പരസ്യം ശ്രദ്ധിക്കാത്തവര്‍ ചുരുക്കമായിരിക്കും. മാലിന്യവിമുക്ത കേരളമാണ് പരസ്യത്തിലൂടെ മലബാര്‍ ഗോള്‍ഡ് ലക്ഷ്യമിടുന്നത്, അല്ലെങ്കില്‍ ബോധവല്‍ക്കരിക്കാനെങ്കിലും ശ്രമിക്കുന്നത്. മാതൃകാപരമായ ഈ പരസ്യത്തിന്റെ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ എം.പി.അഹമ്മദിനെ മുക്തകണ്ഡം പ്രശംസിക്കാതെ വയ്യ. 

പരസ്യം പക്ഷേ അപൂര്‍ണ്ണമാണെന്നുള്ളതാണ് സങ്കടകരം. കായലിലേക്കും റോഡിലേക്കുമൊക്കെ മാലിന്യം വലിച്ചെറിയുന്നവരെ മോഹന്‍ലാല്‍ തടയുന്നുണ്ട് പരസ്യത്തില്‍. എന്നാല്‍ അതെവിടെ നിക്ഷേപിക്കണമെന്ന് പറഞ്ഞുകൊടുത്ത് പരസ്യം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ മലബാര്‍ ഗോള്‍ഡിന് കഴിയുന്നില്ല. 30 സെക്കന്റിന്റെ പരസ്യത്തില്‍ ഇത്രയുമൊക്കെയേ പറ്റൂ എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷെ 30 മിനിറ്റ് സമയം കൊടുത്താലും ഇക്കാര്യത്തില്‍ പൂര്‍ണ്ണതയുള്ള ഒരു പരസ്യമോ ഡോക്യുമെന്ററിയോ നിര്‍മ്മിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ എന്ന് കണ്ടറിയണം. പിന്നെന്തിന് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തെ വിമര്‍ശിക്കുന്നു ? എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പരസ്യത്തെ വിമര്‍ശിക്കുന്നില്ല; പരസ്യം പൂര്‍ണ്ണമാക്കാന്‍ മലബാര്‍ ഗോള്‍ഡിന് പറ്റാതെ പോയ സാഹചര്യമാണ് ഇവിടത്തെ വിഷയം.

മാലിന്യവിമുക്ത കേരളം എന്നത് ഒരു സ്വകാര്യസ്ഥാപനമോ കുറേ സ്വകാര്യ വ്യക്തികളോ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമൊന്നുമല്ല. മാലിന്യം റോട്ടിലും തോട്ടിലുമല്ലെങ്കില്‍ പിന്നെവിടെ നിക്ഷേപിക്കണമെന്ന് നമുക്കൊരു രൂപരേഖയില്ല. പട്ടണങ്ങളിലുമില്ല, ഗ്രാമങ്ങളിലുമില്ല. അതില്ലെങ്കില്‍ പിന്നെ ജനം, പൊതുസ്ഥലങ്ങളിലും റോഡുകളിലും തോടുകളിലും തന്നെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കും. കേരള സംസ്ഥാനത്തെ മുഴുവന്‍ മാലിന്യവും ശേഖരിച്ച്, അത് ഫലപ്രദമായ രീതിയില്‍ സംസ്ക്കരിക്കാനുള്ള പൂര്‍ണ്ണമായ ഒരു സംവിധാനം നിലവില്‍ നമുക്കില്ല.

എന്നും ചെയ്യാറുള്ളതുപോലെ, കേരളപ്പിറവിക്ക് ശേഷം ഇന്നുവരെ മാറിമാറി വന്ന സര്‍ക്കാരുകളെ നാല് ചീത്ത പറഞ്ഞ് ആത്മനിര്‍വൃതി അടഞ്ഞിട്ട് പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. പക്ഷേ, ഇനിയങ്ങോട്ട് മാലിന്യസംസ്ക്കരണത്തിന് വേണ്ടുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയുണ്ടോ അതൊക്കെ സ്വീകരിച്ചില്ലെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കാന്‍ പോകുന്നത് സര്‍ക്കാരുകള്‍ തന്നെയാണ്.

ഈ സര്‍ക്കാരും‍, ഇതിന് മുന്‍പ് ഇരുന്ന സര്‍ക്കാരും കൂടെ എന്തൊരു ബഹളമാണ് സ്മാര്‍ട്ട് സിറ്റി എന്ന് പറഞ്ഞ് നടത്തിക്കൊണ്ടിരിക്കുന്നത് ! സ്മാര്‍ട്ട് സിറ്റിയിലേക്ക് വരാനായി കൊച്ചിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം ഒരു വിദേശിയോ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ഒരു വ്യവസായിയോ കളമശ്ശേരിക്ക് ഇപ്പുറത്തേക്ക് കടക്കാന്‍ ധൈര്യം കാണിച്ചെന്ന് വരില്ല. അത്രയ്ക്ക് നാറ്റമാണ് കളമശ്ശേരി ജങ്ക്‍ഷനില്‍. NH 47 ന്റെ ഈ ഓരമാണ് നഗരത്തിലെ മാലിന്യം കുമിഞ്ഞ് കൂടുന്ന ഒരു പ്രധാന ഇടം. കേരളത്തിലെ പട്ടണങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ കരാര്‍ എടുക്കുന്നവര്‍ മാലിന്യം കുത്തിനിറച്ച ലോറികളുമായി കള്ളന്മാരെപ്പോലെ പാത്തും പതുങ്ങിയും വണ്ടിയുരുട്ടിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവീണുകഴിഞ്ഞാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഏതെങ്കിലും റോഡരുകിലോ വെളിമ്പ്രദേശത്തോ അത് കുടഞ്ഞ് കളഞ്ഞ് അവര്‍ തലയൂരും. ഇരുചക്രവാഹനങ്ങളില്‍ മാലിന്യച്ചാക്കുകള്‍ കൊണ്ടുവന്ന് തങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിച്ച് പോരുന്നവരെ നാട്ടുകാര്‍ കാത്തിരുന്ന് പിടികൂടി എന്ന വാര്‍ത്തകള്‍ എന്താണ് എടുത്ത് കാണിക്കുന്നത് ? എറണാകുളത്ത് പനമ്പള്ളിനഗറിന്റെ ഹൃദയഭാഗത്തുകൂടെ പോകുന്ന സാമാന്യം വീതിയുള്ള ഒരു കനാലുണ്ട്. രാത്രിയായാല്‍ കനാലിന് ഒരുവശത്ത് താമസിക്കുന്ന പൊതുജനം മാലിന്യം ‘സംസ്ക്കരി‘ക്കുന്നത് ഈ കനാലിലാണ്. ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ പൊതികെട്ടിയ മാലിന്യം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം നീട്ടിയെറിയുന്നത് കനാലിലേക്കാണ്. എറണാകുളത്ത് അല്ലെങ്കില്‍ കൊച്ചിയില്‍ നല്ലയിനം മുഴുത്ത കൊതുകുകടി ഏറ്റവുമധികം കൊള്ളുന്നതും ഈ കനാലിന്റെ ഇരുവശത്തും ജീവിക്കുന്ന ജനം തന്നെയായിരിക്കണം.

മാലിന്യ നിര്‍മ്മാര്‍ജ്ജനം, സംസ്ക്കരണം എന്നീ കാര്യങ്ങളില്‍ നമ്മള്‍ മലയാളികള്‍ക്കുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനൊക്കെയാണെങ്കിലും കേരളത്തിന് ഈയിടെ മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് എതോ ഒരു കേന്ദ്ര അവാര്‍ഡ് കിട്ടിയെന്ന് തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആരോ വീമ്പിളക്കുന്നത് കേട്ടപ്പോള്‍ ഓക്കാനമാണ് വന്നത്.

കുറച്ച് നാളുകളായി കോഴിക്കോട് ജില്ലയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ആനന്ദദായകമായിരുന്നു. തീരദേശ സേന എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബീച്ചിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്ന പ്രവര്‍ത്തനവും, M1 എന്ന മറ്റൊരു സംഘടന സുരേഷ് ഗോപിയെപ്പോലുള്ള സിനിമാതാരങ്ങളെ മുന്‍‌നിര്‍ത്തി നടത്തുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമൊക്കെ ടീവിയിലൂടെ കണ്ടപ്പോള്‍, എവിടൊക്കെയോ ചിലരെങ്കിലും മാലിന്യത്തിനെതിരെ പടവെട്ടിത്തുടങ്ങിയിട്ടുണ്ടെന്നത് കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നുനല്‍കി.

പക്ഷെ, അവര്‍ ബീച്ചില്‍ നിന്നും നഗരത്തില്‍ നിന്നുമൊക്കെ ശേഖരിച്ച മാലിന്യമത്രയും എവിടെക്കൊണ്ടുപോയി കളഞ്ഞു ? അതിന് പിന്നെ എന്ത് സംഭവിച്ചു? നഗരത്തിന് വെളിയിലുള്ള ഏതെങ്കിലും ആളൊഴിഞ്ഞ കോണില്‍ ജനജീവിതം ദുസ്സഹമാക്കി കൂടുതല്‍ ചീഞ്ഞ് നാറി കിടക്കുന്നുണ്ടാകാനാണ് സാദ്ധ്യത. അവിടെക്കിടന്ന് അത് ഈച്ചയും പാറ്റയും പുഴുക്കളുമെല്ലാം അരിച്ച് കാക്കയും എലിയുമൊക്കെ കൊത്തിവലിച്ച് അടുത്ത സീസണിലേക്കുള്ള തക്കാളിപ്പനി, എലിപ്പനി, പന്നിപ്പനി, ചിക്വന്‍ ഗുനിയ എന്നീ ലേറ്റസ്റ്റ് ട്രെന്റിലുള്ള രോഗങ്ങള്‍ക്ക് കാരണഹേതുവാകാന്‍ തയ്യാറെടുക്കുന്നുണ്ടാകാം.

ഞാന്‍ ജനിച്ചുവളര്‍ന്ന മുനമ്പം എന്ന സ്ഥലത്തെ ബീച്ചില്‍ കടല്‍ക്കാറ്റേറ്റ് പ്രകൃതിസൌന്ദര്യവും ആസ്വദിച്ച് പഴയതുപോലെ പോയി ഇരിക്കാന്‍ ഇന്നെനിക്കാവുന്നില്ല. കാരണം മാലിന്യക്കൂമ്പാരം തന്നെ. എന്റെ സ്വന്തം നാടല്ലേ, ഞാന്‍ സ്ഥലത്തുള്ളപ്പോളൊക്കെ പോയി ഇരിക്കുന്ന കടപ്പുറമല്ലേ, ഒരുപാട് അന്യസംസ്ഥാനക്കാര്‍ അടക്കമുള്ളവര്‍ വന്നുപോകുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കടല്‍ക്കരയല്ലേ ? എന്നൊക്കെ കരുതി, ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ മുനമ്പം ബീച്ചിലും തൊട്ടടുത്ത് ഇതേ അവസ്ഥ നേരിടുന്ന പ്രസിദ്ധമായ ചെറായി ബീച്ചിലും ഒരു ശുചീകരണപ്രവര്‍ത്തനത്തെപ്പറ്റിയുള്ള ആലോചനകള്‍ ഈയടുത്ത് നടത്തുകയുണ്ടായി. ഒരു ദിവസം മുഴുവനും പറ്റാവുന്നത്ര നാട്ടുകാരെയും, മേല്‍ സൂചിപ്പിച്ച സ്വകാര്യ സ്ഥാപനത്തിനെ ജീവനക്കാരെയുമൊക്കെ ഉള്‍പ്പെടുത്തി ബീച്ച് ശുദ്ധമാക്കുക, വേസ്റ്റ് ഇടുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകളും അതിടാനുള്ള കുപ്പത്തൊട്ടികളും സ്ഥാപിക്കുക എന്നതൊക്കെയായിരുന്നു പദ്ധതി. ബോര്‍ഡുകളും മറ്റും സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ചെറായി ബീച്ചിലെ ക്ലീനിങ്ങിന് സഹകരിക്കണമെന്ന് പറഞ്ഞ് ചെറായി ബീച്ച് റിസോര്‍ട്ടിന്റെ ഉടമ ഡോ:മധുവുമായും സംസാരിച്ചു; അദ്ദേഹം എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. അന്വേഷണങ്ങളും ചര്‍ച്ചകളുമൊക്കെ തുടര്‍ന്നുപോയപ്പോളാണ് നിരാശാജനകമായ ഒരു കാര്യം മനസ്സിലാക്കാനായത്.

ബീച്ച് വൃത്തിയാക്കി മാലിന്യമൊക്കെ ഒരിടത്ത് കൂട്ടിയിട്ടിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ചെറായി ബീച്ചില്‍ ഇപ്പോള്‍ത്തന്നെ ഔദ്യോഗികമായി 3 പേര് മാലിന്യം പെറുക്കിക്കൂട്ടുന്നുണ്ട്. പക്ഷെ അതൊക്കെ അവിടന്ന് നീക്കം ചെയ്യാനോ സംസ്ക്കരിക്കാനോ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ കൂട്ടിയിട്ട മാലിന്യം ബീച്ചിലേക്ക് തന്നെ വീണ്ടും പരക്കുകയാണ്.

പെട്ടെന്ന് പദ്ധതിയൊക്കെ വഴിമുട്ടിയതുപോലെ തോന്നി. ഡോ:മധു ഒരു ഉപായം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ഇലക്‍ഷന്‍ കാലമാണല്ലോ, വേണ്ടപ്പെട്ടവരെയൊക്കെ ഇപ്പോള്‍ ഒന്നുകണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ എല്ലാം ഭഗിയായി നടന്നെന്ന് വരും. എന്തൊരു ഗതികേടാണെന്ന് നോക്കൂ. വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന പഞ്ചായത്തിനെക്കൊണ്ട് ഒരു കാര്യം നടക്കണമെങ്കില്‍, അതും അവരുടെ തന്നെ ജോലിയുടേയും ഉത്തരവാദിത്വത്തിന്റേയും ഭാഗമായ ഒരു കാര്യം നടക്കണമെങ്കില്‍.... ആ ജോലി 90 % പൊതുജനം തന്നെ ചെയ്യണം. എന്നിട്ട് അവരുടെ 10 % പങ്കാളിത്തം ഉറപ്പാക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് എന്ന തുറുപ്പ് ചീട്ട് പൊക്കിക്കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യണമത്രേ!

അവര്‍ക്കും ഉണ്ടാകും എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍. ഒരു പഞ്ചായത്തിന്റെ അല്ലെങ്കില്‍ നിയമസഭയുടെ അകത്ത് ഭരിക്കാന്‍ കയറി ഇരിക്കുന്നവന്റെ വിഷമങ്ങള്‍ നമ്മള്‍ സാധാരണക്കാര്‍ക്ക് അറിയില്ലല്ലോ ? കുറ്റം പറയാന്‍ വളരെ എളുപ്പമാണ്. പക്ഷെ സ്ഥായിയായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനോ അതിനായി സഹകരിക്കാനോ ആണ് ബുദ്ധിമുട്ട്.

മാലിന്യവിമുക്തകേരളം ഉണ്ടാകണമെങ്കില്‍ മന്ത്രിസഭയില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിതന്നെ ഉണ്ടാകണം. ഇതിന് മാത്രമായി ഒരു വകുപ്പ് തന്നെ ഉണ്ടായാലും വിരോധമില്ല. അങ്ങനാണെങ്കില്‍ അതിനുള്ള നിയമനിര്‍മ്മാണം നടക്കണം. വകുപ്പ് മന്ത്രി സര്‍ക്കാര്‍ ചിലവില്‍ കുറച്ച് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ മാലിന്യസംസ്ക്കരണ രീതികള്‍ കണ്ട് പഠിച്ച് വരട്ടെ. വിദേശരാജ്യം എന്ന് പറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെക്കുറെ മലയാളിയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ രീതിയാണ് നടന്ന് പോരുന്നത്. കച്ചറ എടുക്കാന്‍ ഒരു വണ്ടി വരുമെന്നതും അത് പെറുക്കാന്‍ കുറേ ആള്‍ക്കാരെ നിയമിച്ചിരിക്കുന്നു എന്നതും ശരിതന്നെയാകാം. പക്ഷെ തെരുവുകളില്‍ ആവശ്യത്തിന് കുപ്പത്തൊട്ടികള്‍ ഇല്ലാത്തതും, ജനങ്ങള്‍ റോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതും മറ്റും പതിവാണ് ഞാന്‍ കണ്ടിട്ടുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഒക്കെയും. പാശ്ചാത്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഏഷ്യന്‍ രീതി‘ യാണ് ഇതൊക്കെ. പാശ്ചാത്യരാജ്യങ്ങളില്‍ത്തന്നെ ഏഷ്യാക്കാര്‍ കൂടുതല്‍ ജീവിക്കുന്ന ഭാഗങ്ങളില്‍ ചെന്ന് നോക്കിയാല്‍ അവരങ്ങിനെ പറയുന്നതിന്റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതാണ്. പക്ഷെ ഇതിനൊക്കെ അപവാദമായി സിംഗപ്പൂര്‍ എന്ന ഒരു ഏഷ്യന്‍ രാജ്യമുണ്ട്. വകുപ്പ് മന്ത്രി സിംഗപ്പൂര്‍ യാത്ര മാത്രം നടത്തിയാലും കാര്യങ്ങള്‍ ഭംഗിയായി പഠിച്ച് മനസ്സിലാക്കി മടങ്ങാനാകും.

മാലിന്യ ശേഖരണത്തിനും, സംസ്ക്കരണത്തിനുമുള്ള സംവിധാനം എല്ലാ കോര്‍പ്പറേഷനിലും, മുന്‍സിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും നിലവില്‍ വരണം. പ്രധാന നിരത്തുകളിലൊക്കെയും 100 മീറ്റര്‍ ഇടവിട്ടെങ്കിലും കുപ്പത്തൊട്ടികള്‍ സ്ഥാപിക്കണം. നിരത്തില്‍ നിക്ഷേപിക്കാതെ ജനങ്ങള്‍ കുപ്പത്തൊട്ടിയില്‍ത്തന്നെ മാലിന്യം നിക്ഷേപിക്കണം. അതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കണം, ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടണം. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് ആദ്യം തുടങ്ങണം. ചെറിയ ക്ലാസ്സുകളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കണം. ജൈവമാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന മാലിന്യവും വെവ്വേറെ നിക്ഷേപിക്കുന്നതിന്റെ ആവശ്യകത സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുട്ടികള്‍ ചെയ്യുന്നത് കാണാന്‍ തുടങ്ങിയാല്‍ ഏത് തലതിരിഞ്ഞ മാതാപിതാക്കളും അവരുടെ രീതികള്‍ പിന്തുടര്‍ന്നുകൊള്ളും. പഴയ തലമുറ നേര്‍വഴിക്ക് വന്നില്ലെങ്കിലും ഇനി വരുന്ന തലമുറകളിലൂടെ ശരിയുടെ പാതകളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ പറ്റിയെന്ന് വരും. ഇത്രയുമൊക്കെ നടപ്പിലാക്കാന്‍ തുടങ്ങുന്നതോടെ അലക്ഷ്യമായും നിയമവിരുദ്ധമായും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടികള്‍ എടുക്കാന്‍ തുടങ്ങണം. പോലീസുകാരുടെ പോക്കറ്റിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കി പിഴകള്‍ നല്‍കണം. കുറേയൊക്കെ വ്യത്യാസം ഇതോടെ വരാന്‍ തുടങ്ങും.

ഇങ്ങനെയൊക്കെ ആകുന്നതോടെ മലബാര്‍ ഗോള്‍ഡിന്റെ പരസ്യം 30 സെക്കന്റില്‍ത്തന്നെ പൂര്‍ണ്ണത കൈവരിക്കുന്ന രീതിയില്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മോഹന്‍ലാല്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ലെങ്കില്‍ മമ്മൂട്ടിയേയോ സുരേഷ് ഗോപിയേയോ പേരെടുത്ത് പറയാനാന്‍ പറ്റുന്ന ഏത് താരത്തേയും ഈ പ്രവര്‍ത്തനത്തിന്റെ മുന്‍‌നിരയില്‍ അണിനിരത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. അവരെല്ലാം ലാഭേച്ഛയില്ലാതെ സ്വയമേവ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിക്കോളും. കൂട്ടത്തില്‍ ഒരുപാട് സ്വകാര്യ സ്ഥാപനങ്ങളും, സ്വകാര്യവ്യക്തികളും അണിചേരുമെന്ന കാര്യത്തിലും സംശയം വേണ്ട. അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവുമൊക്കെ നടത്തുകയും ചെയ്താല്‍ മാലിന്യവിമുക്ത കേരളം എന്നത് ഒരു ബാലികേറാമലയൊന്നും അല്ല.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലെങ്കിലും ഇങ്ങനെ എന്തെങ്കിലുമൊക്കെ നമ്മുടെ ഈ കൊച്ച് കേരളത്തില്‍ സംഭവിച്ചില്ലെങ്കില്‍പ്പിന്നെ 100 മീറ്റര്‍ അകലത്തില്‍ കുപ്പത്തൊട്ടികള്‍ പൊതുനിരത്തുകളില്‍ സ്ഥാപിക്കേണ്ട ആവശ്യം വരില്ല. കേരളം തന്നെ മൊത്തത്തില്‍ ഒരു കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞിരിക്കും.

വാല്‍ക്കഷണം:- ഒഴിവുദിവസങ്ങളില്‍ മാലിന്യം പെറുക്കിക്കൂട്ടാനായി ദുബായിലെ ബീച്ചുകളിലും, മരുഭൂമിയിലും മുന്നിട്ടിറങ്ങി മാതൃക കാണിച്ചിട്ടുള്ള ബ്ലോഗര്‍ കൈപ്പള്ളിക്കും, അദ്ദേഹത്തിന്റെ ഒപ്പം ചേര്‍ന്ന് കച്ചറ പെറുക്കിയിട്ടുള്ള മറ്റ് സഹൃദയര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഒരു സല്യൂട്ട്.

ചിത്രത്തിന് കടപ്പാട്:- ഗൂഗിള്‍

Friday 15 October 2010

ഇതോ പുത്തന്‍ ബ്ലോഗ് സംസ്ക്കാരം ?!

ന്നലെ ഫേസ്ബുക്കില്‍ കാണാനായ ഒരു ലിങ്ക് വഴി കയറി ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചു. കൊള്ളാം, നല്ല ലേഖനമെന്ന് തോന്നിയപ്പോള്‍ ഒരു അഭിപ്രായം പറയുകയും ചെയ്തു. താഴെ കാണുന്നതാണ് ആ അഭിപ്രായം. ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.


അല്‍പ്പസമയത്തിനുള്ളില്‍ ഒരു സുഹൃത്ത് ചാറ്റില്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നു......

‘പ്രസ്തുത ബ്ലോഗറെ ചേട്ടന്‍ അറിയുമോ‘
‘ഇല്ല’
‘ചേട്ടന്‍ കമന്റിട്ട് പോന്നിരിക്കുന്ന ലേഖനം മോഷ്ടിക്കപ്പെട്ടതാണ് ‘
‘ആണോ ? ഒന്നൂടെ കയറി നോക്കട്ടെ’

ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ സഹായിക്കുന്ന ലിങ്കുകള്‍ അപ്പോഴേക്കും പ്രസ്തുത ബ്ലോഗില്‍ കോപ്പിയടി-പ്രതിഷേധ കമന്റുകളായി പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു.

ഒറിജിനല്‍ പോസ്റ്റ് എഴുതിയ ആള്‍ ബൂലോകത്ത് എനിക്കറിയുന്ന സുഹൃത്ത് ഷിബു മാത്യു ഈശോ തെക്കേടത്ത് ആണ്. ഒറിജിനല്‍ പോസ്റ്റിന്റെ പേര് ക്യാമറ ദുരന്തങ്ങള്‍. പ്രസ്തുത പോസ്റ്റ് കോപ്പിയടിച്ച വനിതാരത്നം, ആ പോസ്റ്റിന്റെ പേര് മാറ്റിയിട്ടുണ്ട്. പുതിയ പേര് ‘പെട്രോമാക്സ് + ചാക്ക് =തവള (ഒളിക്യാമറ + ബ്ലൂടൂത്ത് = പെണ്‍കുട്ടികള്‍)‘. കോപ്പിയടിക്കാരിക്ക് തലക്കെട്ട് മാറ്റല്‍ മാത്രമേയുള്ളൂ ആദ്ധ്വാനം. എന്തൊരെളുപ്പം അല്ലേ ?

കോപ്പിയടിക്കപ്പെട്ട പോസ്റ്റിനാണ് കമന്റിട്ടതെന്ന അബദ്ധം മനസ്സിലാക്കിയപ്പോള്‍ അതേ പോസ്റ്റില്‍ ചെന്ന് വീണ്ടും ഞാനൊരു കമന്റിട്ടു. അത് ദാ താഴെയുണ്ട്.


അപ്പോഴേക്കും പോസ്റ്റില്‍ കോപ്പിയടിക്കെതിരേ പ്രതിഷേധസ്വരവുമായി കമന്റുകള്‍ പലതും വീണു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കോപ്പിയടിക്കാരിയുടെ മറുപടി വന്നു. അത് ദാ താഴെയുണ്ട്.


അവര്‍ പറയുന്നത് പ്രകാരം.... അവര്‍ ബ്ലോഗ് തുടങ്ങിയെന്നൊക്കെ പറഞ്ഞിട്ട് ശ്രീക്കുട്ടന്‍ അല്ലാതെ മാറ്റാരും ആ വഴിക്ക് ചെന്നില്ലത്രേ!

ഷിബുവിനോട് ആയിരം പ്രാവശ്യം പറഞ്ഞു.... ‘ഒന്ന് വാടാ എന്ന് ’.
അവന്‍ പറഞ്ഞു ‘നീ തുടങ്ങൂ, ഞാന്‍ പിന്നാലെ വരാമെന്ന് ’
അവനാ പറഞ്ഞത് ‘വിവാദം ഉണ്ടാക്കടീ എന്ന് ’

കോപ്പിയടിക്കെതിരേ കമന്റിട്ടവരെയൊക്കെ കുരങ്ങന്മാരേ, വട്ടന്മാരേ എന്നൊക്കെയുള്ള സാമാന്യം 'നല്ല' പാര്‍ലമെന്ററി പദങ്ങള്‍ ഉപയോഗിച്ച് തന്നെ സംബോധന ചെയ്യുകയും ചെയ്തു ബ്ലോഗുടമ.

അത് കേട്ടപ്പോള്‍ സ്വല്‍പ്പം ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് മൂന്നാമതൊരു കമന്റ് കൂടെ എനിക്ക് ആ പോസ്റ്റില്‍ ഇടേണ്ടി വന്നു. അത് ദാ താഴെയുണ്ട്.


പിന്നീടുണ്ടായത് രസകരമായ സംഭവങ്ങളാണ്. അഭിനന്ദിച്ചുകൊണ്ട് ഞാനിട്ട ആദ്യ കമന്റ് ഒഴികെ എന്റെ ബാക്കിയുള്ള 2 പ്രതിഷേധ കമന്റുകളും ഡിലീറ്റ് ചെയ്യപ്പെട്ടു. കോപ്പിയടിക്കെതിരെ വന്ന മറ്റുള്ളവരുടേയും കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ബ്ലോഗ് പോസ്റ്റില്‍ ഇപ്പോള്‍ കാണപ്പെടുന്നത് അഭിനന്ദന കമന്റുകള്‍ മാത്രം. എന്തായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് അഭിനന്ദിച്ചുകൊണ്ട് ഞാനിട്ട ആദ്യ കമന്റ് ഞാനും ഡിലീറ്റ് ചെയ്തു. അഭിനന്ദന കമന്റിട്ട മറ്റ് ഒന്നുരണ്ടുപേരും അവരുടെ കമന്റുകള്‍ ഇതിനകം ഡിലീറ്റ് ചെയ്തു. ഈ അവസ്ഥയിലാണ് പ്രസ്തുത ബ്ലോഗിലെ കമന്റുറ ഇപ്പോള്‍ കാണപ്പെടുന്നത്. 27 കമന്റുകള്‍ ഉണ്ടായിരുന്നത് കമന്റുറയില്‍ ഇപ്പോള്‍ 6 കമന്റുകള്‍ മാത്രം. തെളിവ് ദാ താഴെയുണ്ട്.


എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ്. ഇതൊക്കെയാണോ പുതിയ ബ്ലോഗ് സംസ്ക്കാരം ? ബ്ലോഗ് തുടങ്ങിയ ഉടനെ എല്ലാവരും ചെന്ന് അഭിപ്രായങ്ങള്‍ അറിയിച്ചില്ലെങ്കില്‍ ഉടനെ വിവാദത്തിരി കൊളുത്തി ശ്രദ്ധ പിടിച്ച് പറ്റുന്ന ഈ എളുപ്പ വഴി ‘വലം പിരി ശംഖിന്റെ‍’  ബ്ലോഗുടമയ്ക്ക് മാത്രം അറിയാവുന്ന വിദ്യയാണോ, അതോ ഇനി മറ്റിടങ്ങളില്‍ നിന്നും സഹിക്കേണ്ടി വരുമോ ഇത്തരം മൂന്നാം കിട വേലകള്‍ ?

ഫേസ് ബുക്കില്‍ നിന്നും, ഒരു സ്ത്രീ തന്നെയാണ് ബ്ലോഗുടമ എന്ന് ഉറപ്പാക്കിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. (ഫേസ് ബുക്കിലെ തെളിവ് തല്‍ക്കാലം ഇവിടെ പ്രദര്‍ശിപ്പിക്കുന്നില്ല.)

ഇങ്ങനെയൊക്കെ പെരുമാറുമോ ഒരു സ്ത്രീ ? കുറേക്കൂടെ മാന്യത ഭാഷയിലും പ്രവര്‍ത്തിയിലും പ്രതീക്ഷിക്കുന്നുണ്ട്  എഴുത്തും വായനയുമുള്ള ഓരോ സ്ത്രീയുടെ അടുക്കല്‍ നിന്നും. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടേ പറ്റൂ എന്ന് തീരുമാനിച്ചത്.

എന്തായാലും ബ്ലോഗുടമ കമന്റില്‍ പറയുന്ന ഷിബുവല്ല, ഷിബു മാത്യു ഈശോ തെക്കേടത്ത് എന്നുതന്നെ ഞാന്‍ മനസ്സിലാക്കുന്നു. ഷിബു മാത്യുവിന്റെ ഈ ഗൂഗിള്‍ ബസ്സ് അത് സാക്ഷ്യപ്പെടുത്തുന്നു. ഷിബുവിന്റെ ഇതേ പോസ്റ്റ് പലയിടത്തും കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് വലം പിരി ശംഖിന്റെ യാത്രകള്‍ എന്ന ബ്ലോഗിലെ കോപ്പിയടി.

ഒരു കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് എതിരേ പോരാടേണ്ടത് പുതുതായി ബ്ലോഗെഴുതാന്‍ തുടങ്ങുന്നവര്‍ തന്നെയാണ്. അല്ലെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടേയും ബ്ലോഗില്‍ വന്ന് പോസ്റ്റുകള്‍ വായിച്ചാലും, അഭിപ്രായം പറയാന്‍ ആളെ കിട്ടിയെന്ന് വരില്ല. കാരണം നിങ്ങളുടെ ബ്ലോഗിലുള്ളത് നിങ്ങളുടെ സൃഷ്ടിയാണോ അതോ കോപ്പിയടിക്കപ്പെട്ട സൃഷ്ടികളാണോ എന്ന് വായനക്കാര്‍ അറിയണമെന്നില്ലല്ലോ!

വാല്‍ക്കഷണം:- ബ്ലോഗില്‍ കമന്റിടുന്നവര്‍, കമന്റ് ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്നും, പുറകെ വരുന്ന കമന്റുകള്‍ ഇ-മെയില്‍ വഴി അവര്‍ക്ക് കിട്ടുന്നുണ്ടെന്നും മനസ്സിലാക്കാതെ, അല്‍പ്പസ്വല്‍പ്പം സൂത്രപ്പണികള്‍ കാണിച്ച്,  കണ്ണടച്ച് പാല് കുടിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതൊടെ അതൊക്കെ കൃത്യമായി പിടികിട്ടിക്കോളും. ഇനിയും സമയമുണ്ട്. കുതന്ത്രങ്ങളൊക്കെ മാറ്റിവെച്ച് നേരെ ചെവ്വേ സ്വന്തം സൃഷ്ടികള്‍ തന്നെ നന്നായി എഴുതിയിട്ടാല്‍  കൈയ്യടിക്കാനും കമന്റിടാനും ഇനിയും വായനക്കാര്‍ ആ വഴി വന്നെന്ന് വരും. എല്ലാ ആശംസകളും നേരുന്നു. ഹാപ്പി ബ്ലോഗിങ്ങ്.
-----------------------------------------------------------------------------------
പ്രിന്റ് എടുത്ത് കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് തമ്പാനൂര്‍ , എന്നീ സ്ഥലങ്ങളില്‍ വെച്ചാല്‍ , ബ്ലോഗ് എന്താണെന്ന് അറിയാത്ത സാധാരണ വായനക്കാരനുപോലും മനസ്സിലാക്കാനാവുന്ന വിഷയങ്ങളേ എഴുതാവൂ എന്നുള്ള എന്റെ ഒരു നിര്‍ബന്ധത്തിന് ഘടകവിരുദ്ധമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷയം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നവര്‍ ക്ഷമിക്കണം. -----------------------------------------------------------------------------------

Friday 1 October 2010

റൂബിക്‍സ് ക്യൂബ്

ത്തിരുപത്തഞ്ച് വര്‍ഷം മുന്‍പ് വിദേശത്തുള്ള ആരോ സമ്മാനമായിട്ട് കൊണ്ടുത്തന്നപ്പോഴാണ് ഒരു റൂബിക്‍സ് ക്യൂബ് ആദ്യമായിട്ട് കാണുന്നത്. പിന്നിടങ്ങോട്ട് കുറേക്കാലം എവിടെച്ചെന്നാലും ഒരു റൂബിക്‍സ് ക്യൂബ് കാണാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ക്യൂബിന്റെ എല്ലാ വശങ്ങളിലും ഒരേ നിറം കൊണ്ടുവരിക എന്നതായിരുന്നു ബുദ്ധിമുട്ട്. ഇത്തരം പസിലുകളൊക്കെ ശരിപ്പെടുത്തിയെടുക്കുന്നതില്‍ മിടുക്കനായ ഒരു കസിന്റെ സഹായത്തോടെ ക്യൂബിനെ ‘നേരേയാക്കിയെടുക്കാന്‍ ‍’ ഞാന്‍ പഠിച്ചതായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ‍, ക്യൂബ് ശരിയാക്കാന്‍ ഉപയോഗിച്ചിരുന്ന സൂത്രവാക്യങ്ങള്‍ പലതും മറന്നുപോയി.


ഈയിടയ്ക്ക് റൂബിക്‍സ് ക്യൂബ് വീണ്ടും കമ്പോളത്തിലിറങ്ങി. അതൊരെണ്ണം വാങ്ങി പഴയ ഓര്‍മ്മയൊക്കെ വെച്ച് നിറങ്ങള്‍ ശരിപ്പെടുത്താനുള്ള ശ്രമം അമ്പേ പരാജയപ്പെട്ടു. പക്ഷെ, ഒറിജിനല്‍ റൂബിക്‍സ് ക്യൂബ് വാങ്ങുമ്പോള്‍ അവര്‍ തന്നെ പഠിപ്പിക്കുന്ന പുതിയൊരു മാര്‍ഗ്ഗത്തിലൂടെ വീണ്ടും ക്യൂബിനെ ‘നേര്‍വഴിക്ക് ’കൊണ്ടുവരാമെന്ന് ഞാന്‍ മനസ്സിലാക്കി. വല്ലപ്പോഴുമൊക്കെ ക്യൂബുമായി ഇടപഴകിയില്ലെങ്കില്‍ പുതിയ മാര്‍ഗ്ഗവും ഞാന്‍ മറന്ന് പോയെന്ന് വരും. അതുകൊണ്ട് ക്യൂബിനെ മെരുക്കാന്‍ ക്യൂബ് കമ്പനി പഠിപ്പിക്കുന്ന വിദ്യ മൊത്തത്തില്‍ ഇവിടെ കുറിച്ചിടുന്നു. രജ്ഞിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദ സെയിന്റ് എന്ന സിനിമയിലെ പോളി എന്ന കുട്ടിക്കഥാപാത്രം നിമിഷനേരം കൊണ്ട് ക്യൂബിനെ ശരിപ്പെടുത്തുന്നത് കണ്ട് ആര്‍ക്കെങ്കിലുമൊക്കെ ആവേശം കയറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും ഈ മാര്‍ഗ്ഗം ഉപകാരപ്പെടട്ടെ.

അതിനുമുന്‍പ് അല്‍പ്പം റൂബിക്‍സ് ക്യൂബ് ചരിത്രം.

ഹംഗറിക്കാരനായ ഏര്‍ണോ റൂബിക്ക് എന്ന ആര്‍ക്കിടെക്‍ച്ചര്‍ & ഡിസൈന്‍ പ്രൊഫസറാണ് റൂബിക്‍സ് ക്യൂബ് കണ്ടുപിടിച്ചത്. 1980 ല്‍ ഇത് കമ്പോളത്തിലിറങ്ങിയപ്പോള്‍‍, ഒരു കൊല്ലം കൊണ്ടുതന്നെ ഏറ്റവും പെട്ടെന്ന് വിറ്റഴിഞ്ഞ പസില്‍ എന്ന ഖ്യാതി റൂബിക്‍സ് ക്യൂബ് നേടുകയുണ്ടായി. 250 മില്യണില്‍ അധികം റൂബിക്‍സ് ക്യൂബുകളാണ് ഇതിനകം ലോകമൊട്ടാകെ വിറ്റഴിഞ്ഞിരിക്കുന്നത്.

ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ വെറും 17 നീക്കങ്ങളിലൂടെ ഒരു റൂബിക്‍സ് ക്യൂബ് ശരിയാക്കാന്‍ പറ്റുമത്രേ ? കമ്പ്യൂട്ടറൊന്നുമില്ലെങ്കിലും 20 നീക്കത്തിനകം എത്ര വിഷമം പിടിച്ച റൂബിക്‍സ് ക്യൂബും ശരിയാക്കാന്‍ പറ്റുമെന്നാണ് കരുതപ്പെടുന്നത്. അതിലൊക്കെ എത്ര സത്യമുണ്ടെന്ന് അറിയില്ലെങ്കിലും വെറും 45 നീക്കങ്ങളില്‍ ഈ ക്യൂബ് ശരിയാക്കുന്നവര്‍ മുതല്‍‍, 50 സെക്കന്റില്‍ ശരിയാക്കുന്നവരും, കണ്ണുകെട്ടി ഇത് നേരേയാക്കുന്നവരുമൊക്കെ ഉണ്ടത്രേ ?

നന്നായി പരിശീലിച്ചാല്‍ 3 മിനിറ്റില്‍ താ‍ഴെ സമയം കൊണ്ട് റൂബിക്‍സ് ക്യൂബ് ശരിയാക്കാമെന്ന് എനിക്കും അനുഭവമുണ്ട്. അതെങ്ങിനെയാണെന്ന് നോക്കാം.

ആദ്യമായി താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ.......



R - Right Face
L - Left Face
B - Back Face
D - Down Face
F - Front Face
U - Upper Face

എന്നിങ്ങനെ ക്യൂബിന്റെ 6 മുഖങ്ങള്‍ക്ക് പേരിടാം.

ഇനി വെറും7 ഘട്ടങ്ങളിലൂടെ ക്യൂബിന്റെ എല്ലാ വശങ്ങളിലും ഒരേ നിറം വരുത്താന്‍ സാധിക്കുന്നതാണ്. ആ സൂത്രവിദ്യ എന്താണെന്ന് നോക്കുന്നതിന് മുന്‍പായി ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

1. നമ്മുടെ മുഖത്തിന് നേരേ പിടിക്കുന്ന ഭാഗം എപ്പോഴും Front Face ആയി കരുതി  അതിനനുസരിച്ച് മറ്റ് മുഖങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സില്‍ തീര്‍ച്ചപ്പെടുത്തുക.

2. ക്യൂബിന്റെ ഏതെങ്കിലും ഒരു മുഖം കാല്‍ ഭാഗം(1/4) മാത്രം തിരിക്കുന്നതിനെ ഒരു കറക്കം എന്ന് തിട്ടപ്പെടുത്താം.

3. സൂത്രവാക്യങ്ങളില്‍ R എന്ന് കണ്ടാല്‍ ക്യൂബിന്റെ Right Face ഒരു പ്രാവശ്യം ക്ലോക്കിന്റെ ദിശയില്‍(Clockwise)തിരിക്കണം.

4. സൂത്രവാക്യങ്ങളില്‍ Ri എന്നുകണ്ടാല്‍ Right Face ഒരു പ്രാവശ്യം ക്ലോക്കിന്റെ എതിര്‍ ദിശയില്‍(Anti Clockwise) തിരിക്കണം.

5. ക്യൂബിന്റെ ഓരോ വശങ്ങളിലും നടുക്ക് കാണുന്ന മാറിക്കളിക്കുന്നില്ല. അതിന്റെ ചുറ്റുമുള്ള മറ്റ് നിറങ്ങളുള്ള കട്ടകളാണ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വശത്തിന്റെ നടുക്ക് കാണുന്ന നിറം ആ വശത്തിന്റെ നിറമായി കണക്കാക്കണം.

6. ഏതെങ്കിലും ഒരു മുഖം ക്ലോക്കിന്റെ ദിശയിലോ ക്ലോക്കിന്റെ എതിര്‍ ദിശയിലോ തിരിക്കുന്ന കാര്യത്തില്‍ സംശയം വരുമ്പോള്‍, നാം ആ മുഖത്തിന് നോക്കി നില്‍ക്കുന്നതായി സങ്കല്‍പ്പിച്ച് നോക്കിയാല്‍ മതി. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ഇനി നമുക്ക് ക്യൂബിന്റെ നിറങ്ങള്‍ ശരിയാക്കിയെടുക്കുന്ന 7 സ്റ്റെപ്പുകളിലേക്ക് കടക്കാം.

സ്റ്റെപ്പ് 1.

പച്ച നിറത്തില്‍ നിന്ന് തുടങ്ങാം. ആദ്യമായി പച്ചനിറം വരുന്ന ഭാഗത്ത് പ്ലസ് (+) ആകൃതിയില്‍ നിറങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കണം. ഇത് സ്വന്തം മനോധര്‍മ്മമനുസരിച്ച് ഏത് തുടക്കക്കാരനും സ്വയം ചെയ്യാവുന്നതാണ്. ഈ സ്റ്റെപ്പ് ചെയ്യുമ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ പച്ചയുമായി ചേര്‍ന്ന് വരുന്ന 4 മുഖങ്ങളിലെ നിറങ്ങള്‍ കൂടെ യഥാസ്ഥാനത്ത് വരുന്ന വിധത്തിലാണ് ചെയ്യേണ്ടത്.  ഇതിന് പ്രത്യേകിച്ച് സൂത്രപ്പണികളുടേയോ സൂത്രവാക്യങ്ങളുടേയോ ആവശ്യമില്ല. ചിലപ്പോള്‍ + ആക്കാനുള്ള ശ്രമത്തിനിടയില്‍ ക്യൂബിലെ കട്ടകള്‍ താഴെ കാണുന്ന പോലെ തിരിഞ്ഞ് വന്നെന്ന് വരാം.


ഈ അവസരത്തില്‍ അങ്ങനെ തിരിഞ്ഞിരിക്കുന്ന കട്ട ചിത്രത്തില്‍ കാണുന്ന സ്ഥാനത്ത് വരുന്ന രീതിയില്‍ ക്യൂബിനെ പിടിക്കുക.

അതിനുശേഷം Ri U Fi Ui എന്ന ആദ്യത്തെ സൂത്രവാക്യം ഉപയോഗിക്കുക.

ഉദാഹരണത്തിന്.....മുകളിലെ ചിത്രത്തില്‍ പച്ചനിറം Upper Face ഉം, മഞ്ഞനിറം Right Face ഉം, ഓറഞ്ച് നിറം Front Face ഉം വരുന്ന രീതിയിലാണ് ക്യൂബ് പിടിച്ചിരിക്കുന്നത്. ഒന്നിലധികം കട്ടകള്‍ ഇതുപോലെ നിറം മാറിമറിഞ്ഞ് വന്നിട്ടുണ്ടെങ്കില്‍ ഇതേ സൂത്രവാക്യം ഉപയോഗിക്കാം. ഇതോടെ + ആകൃതിയില്‍ പച്ചനിറം ശരിയാകുന്നു, സ്റ്റെപ്പ് 1 കഴിയുന്നു.

സ്റ്റെപ്പ് 2.

അടുത്തതായി + ആകൃതിക്ക് ശേഷമുള്ള മൂലകളിലെ കട്ടകളാണ് ശരിയാക്കേണ്ടത്. താഴെയുള്ള ചിത്രം ഉദാഹരണമായെടുത്താല്‍ പച്ച, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളുള്ള കട്ട ചിത്രത്തില്‍ കാണുന്ന പോലെ Front Face ന്റെ കീഴെ കൊണ്ടുവന്ന് നിര്‍ത്തുക.


അതിനുശേഷം Ri Di R D എന്ന സൂത്രവാക്യം 1 പ്രാവശ്യം അല്ലെങ്കില്‍ 3 അതുമല്ലെങ്കില്‍ 5 പ്രാവശ്യം ചെയ്യുന്നതോടെ ഒരു മൂല ശരിയാകുന്നു. ഇതുപോലെ പച്ചനിറത്തിന്റെ 4 മൂലകളിലെ കട്ടകളും ശരിയായ നിറമാകുന്നതുവരെ ഇതേ സൂത്രവാക്യം പ്രയോഗിക്കുക. ഇതോടെ പച്ചനിറം മുകളിലെ ചിത്രത്തിലേത് പോലെ പൂര്‍ണ്ണമാകുകയും ചെയ്യുന്നു.

സ്റ്റെപ്പ് 3.

രണ്ടാമത്തെ സ്റ്റെപ്പ് കഴിയുന്നതോടെ പച്ചവശത്തിനൊപ്പം അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് 4 വശങ്ങളുടെ ആദ്യത്തെ നിരകൂടെ ഒരേ നിറമായിയിട്ടുണ്ടാകുമെന്നത് ശ്രദ്ധിക്കുക. രണ്ടാമത്തെ നിര കട്ടകളാണ് ഇനി നേരെയാക്കേണ്ടത്. ഇതിനായി പച്ച നിറത്തെ Down Face ആക്കി പിടിച്ചുകൊണ്ടാണ് മറ്റുള്ള 5 സ്റ്റെപ്പുകള്‍ ചെയ്യേണ്ടത്.


മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ തമ്മില്‍ ചേരുന്ന കട്ടകള്‍ Front Face ന്റെ മുകള്‍ ഭാഗത്ത് കൊണ്ടുവരുക. അതിന്റെ രണ്ടാമത്തെ നിരയിലേക്ക് കൊണ്ടുവരാന്‍

U R Ui Ri Ui Fi U F എന്ന സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മതിയാകും.


മുകളിലുള്ള ചിത്രത്തില്‍ കാണുന്ന സ്ഥാനത്തുനിന്നും ഒരു കട്ടയെ രണ്ടാമത്തെ നിരയിലേക്ക് കൊണ്ടുവരാന്‍.....

Ui Fi U F U R Ui Ri എന്ന സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മതി.

പക്ഷെ ചില അവസരങ്ങളില്‍ ഇങ്ങനെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കട്ടകള്‍ ചിലത് രണ്ടാമത്തെ നിരയില്‍ത്തന്നെ തെറ്റായ സ്ഥാനത്ത് ഇരുപ്പുറപ്പിച്ചിട്ടുണ്ടാകാം. അങ്ങനെയുള്ള അവസരത്തില്‍ സ്ഥാനം തെറ്റിയ ആ കട്ടയെ Front Face ല്‍ വലതുവശത്ത് വരുന്ന വിധം ക്യൂബിനെ പിടിച്ചതിനുശേഷം മുകളില്‍പ്പറഞ്ഞ ഏതെങ്കിലും ഒരു സൂത്രവാക്യം ഒരുപ്രാവശ്യം ഉപയോഗിച്ച് തിരിച്ചാല്‍ സ്ഥാനം തെറ്റിയ കട്ട മുകളിലെ നിരയിലേക്ക് നീങ്ങിക്കിട്ടും. പിന്നീട് സ്റ്റെപ്പ് 3 ലെ രണ്ട് സൂത്രവാക്യങ്ങളില്‍ അനുയോജ്യമായത് ഉപയോഗിച്ച് വീണ്ടും കൃത്യസ്ഥാനത്ത് എത്തിക്കാനാവും.

സ്റ്റെപ്പ് 3ലെ രണ്ട് സൂത്രവാക്യങ്ങളും, യഥാര്‍ത്ഥത്തില്‍ ഒരു സൂത്രവാക്യം തന്നെ പകുതിക്ക് വെച്ച് തിരിച്ചും മറിച്ചും ഇട്ടതാണെന്നല്ലാതെ യാതൊരു വ്യത്യാസവുമില്ല. സ്റ്റെപ്പ് 3 കഴിയുന്നതോടെ ക്യൂബിന്റെ പച്ചനിറത്തിനോട് ചേര്‍ന്നുള്ള 4 വശങ്ങളുടെ രണ്ടാം നിരയും ഒരേ നിറമായിക്കഴിഞ്ഞിരിക്കും.

സ്റ്റെപ്പ് 4.

നാലാമത്തെ സ്റ്റെപ്പില്‍ Upper Face ലെ നിറമാണ് ശരിയാക്കാന്‍ ശ്രമിക്കുന്നത്.


മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ Upper Face ലെ നിറം(ഇവിടെ നീല) നടുവിലെ കട്ടയില്‍ മാത്രം എന്ന അവസ്ഥയില്‍ നിന്ന്, L തിരിച്ചിട്ട രീതിയില്‍ 3 കട്ടകളിലേക്കും‍, അവിടന്ന് 3 കട്ടകളിലായി നേര്‍വരയിലും‍,  പിന്നീട് + ആകൃതിയിലും വരുത്താനുമുള്ള സൂത്രവാക്യമാണ് നാം പ്രയോഗിക്കുന്നത്. ചിത്രത്തില്‍ കാണുന്നതുപോലെ ഓറഞ്ച് നിറം Front Face വരുന്നവിധത്തില്‍ ക്യൂബിനെ പിടിച്ച്

F R U Ri Ui Fi എന്ന സൂത്രവാക്യം അനുസരിച്ച് തിരിക്കുക.

ഇങ്ങനെ ഈ സൂത്രവാക്യപ്രകാരം ഒരു പ്രാവശ്യം തിരിച്ചാല്‍ നടുക്കുള്ള കട്ട മാത്രമാണ് ശരിയായ രീതിയില്‍ ഉണ്ടായിരുന്നതെങ്കില്‍, അത് L തിരിച്ചിട്ട രീതിയില്‍ ആയി മാറും. വീണ്ടും ഒരിക്കല്‍ക്കൂടെ സൂത്രവാക്യത്തിനനുസരിച്ച് തിരിച്ചാല്‍ നേര്‍വരയില്‍ നിറങ്ങള്‍ വരും. വീണ്ടും ഒരിക്കല്‍ക്കൂടെ സൂത്രവാക്യം പ്രയോഗിച്ചാല്‍ + ആകൃതിയില്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകും. പരമാവധി 3 പ്രാവശ്യമാണ് ഈ സൂത്രവാക്യം പ്രയോഗിക്കേണ്ടി വരുക എന്ന് സാരം.

സ്റ്റെപ്പ് 5.

+ ആകൃതിയില്‍ Upper Faceല്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകുമെങ്കിലും പച്ചനിറത്തിന്റെ 4 പാര്‍ശ്വവശങ്ങളിലെ മൂന്നാമത്തെ നിരയില്‍ നിറങ്ങള്‍ കൃത്യമായി വന്നിട്ടുണ്ടാകണമെന്നില്ല. ഈ സമയത്ത് Upper Face ലെ നിറവുമായി മൂന്നാമത്തെ നിരയിലെ ഏതെങ്കിലും ഒരു നിറം മാത്രം യോജിച്ച് വരുന്ന വിധത്തില്‍ ക്യൂബിന്റെ Upper Face തിരിച്ച് വെക്കുക*. വശങ്ങളിലെ മറ്റ് മൂന്ന് നിറങ്ങളും ഈ സമയത്ത് തെറ്റിയാണ് ഇരിക്കുക / ഇരിക്കേണ്ടത്.


ഇനി മുകളിലെ ചിത്രത്തിലേത് പോലെ തെറ്റിയിരിക്കുന്ന 3 കട്ടകളും ശരിയാക്കാന്‍
R U Ri U R U U Ri എന്ന സൂത്രവാക്യം ഉപയോഗിക്കാം. പരമാവധി 2 പ്രാവശ്യം ഈ സൂത്രവാക്യം ഉപയോഗിക്കുന്നതോടെ വശങ്ങളിലെ നിറങ്ങളും  Upper Face ലെ നിറം + ആകൃതിയിലും ശരിയായി വന്നിരിക്കും.
*ചിലപ്പോള്‍ 2 വശങ്ങളിലെ കട്ടകള്‍ തെറ്റിയും 2 വശങ്ങളിലെ കട്ടകള്‍ ശരിയായും ഇരിക്കുന്ന അവസ്ഥ ഉണ്ടാകാം. ആ സമയത്ത് ഇതേ സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ച് ഒരു വശം മാത്രംശരിയായി ഇരിക്കുന്ന അവസ്ഥയിലേക്ക് കട്ടകളെ കൊണ്ടുവരാനാകും.

സ്റ്റെപ്പ് 6.

ഇനിയിപ്പോള്‍ നിറം ശരിയാകാന്‍ ബാക്കിയുള്ളത് Upper Face ന്റെ മൂലയിലെ കട്ടകളുടേത് മാത്രമാണ്. ചിലപ്പോള്‍ നാല് മൂലകളും തെറ്റായ സ്ഥാനത്തായിരിക്കും ഇരിക്കുന്നത്. അല്ലെങ്കില്‍ ഒരു മൂല കൃത്യസ്ഥാനത്തും മറ്റുള്ളവ തെറ്റായിട്ടും ആകാം ഇരിക്കുന്നത്. ഇതിനെയെല്ലാം യഥാസ്ഥാനത്ത് കൊണ്ടുവരുകയാണ് സ്റ്റെപ്പ് 6 വഴി ചെയ്യുന്നത്.


U R Ui Li  U Ri Ui L എന്ന സൂത്രവാക്യം പ്രയോഗിച്ചാല്‍....

Upper Face ലെ വലതുവശത്തെ കട്ട ഒഴികെയുള്ള 3 കട്ടകള്‍ക്കും ക്ലോക്കിന്റെ ദിശയില്‍ (Clockwise) ഒന്നിരിക്കുന്ന ഇടത്തുനിന്ന് മറ്റേതിരിക്കുന്ന ഇടത്തേക്ക് സ്ഥാനഭ്രംശം സംഭവിക്കും. പരമാവധി 2 പ്രാവശ്യം ഈ സൂത്രവാക്യം ഉപയോഗിക്കുന്നതോടെ മൂലയിലെ കട്ടകളെ എല്ലാം യഥാസ്ഥാനത്ത് എത്തിക്കാനാവും. പക്ഷെ ഇപ്പോഴും കട്ടകളുടെ നിറങ്ങള്‍ മാറിമറിഞ്ഞായിരിക്കാം കിടക്കുന്നത്.

സ്റ്റെപ്പ് 7.


മൂലകളിലെ മാറിമറിഞ്ഞ് കിടക്കുന്ന നിറങ്ങളെ നേരെയാക്കാന്‍ സ്റ്റെപ്പ് 7 ഉപയോഗിക്കാം. ആദ്യമായി നിറം മാറിക്കിടക്കുന്ന കട്ടയെ, മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ Front Face ന്റെ വലത്തുവശത്ത് മുകളിലെ മൂലയില്‍ വരുന്ന വിധം ക്യൂബിനെ പിടിക്കുക.

എന്നിട്ട് Ri Di R D എന്ന സൂത്രവാക്യം പ്രയോഗിക്കുക. ഇത് 2 അല്ലെങ്കില്‍ 4 പ്രാവശ്യം ചെയ്യുന്നതോടെ ആ മൂലയില്‍ നിറം യഥാസ്ഥാനത്ത് വരും. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ സമയത്ത് Upper Face ലെ നിറം (ഇവിടെ നീല) ശരിയായി വരുന്നുണ്ടോന്ന് മാത്രമേ നോക്കാന്‍ പാടുള്ളൂ. ക്യൂബിന്റെ മറ്റ് വശങ്ങളില്‍ ഇതുവരെ ശരിയായി വന്ന നിറങ്ങളൊക്കെ ഇപ്പോള്‍ മാറിമറിയുന്നുണ്ടാകാം.

Front Face ന്റെ വലത്തുവശത്ത് മുകളിലെ മൂലയില്‍, നിറം ശരിയാകാതെ കിടക്കുന്ന ഓരോ കട്ടകളും കറക്കി കൊണ്ടുവന്ന് വെച്ചതിനുശേഷം
Ri Di R D എന്ന സൂത്രവാക്യം പ്രയോഗിക്കുക. Upper Face ലെ നിറം(നീല) പൂര്‍ണ്ണമായും ഒന്നായി വരുന്നതോടെ ക്യൂബിന്റെ എല്ലാവശങ്ങളിലും ഒരേ നിറം ആയിത്തീര്‍ന്നിരിക്കും.

വാല്‍ക്കഷണം :- സുഡോക്കു പസിലുകള്‍ ഒരു ഹരമായി പടര്‍ന്ന് പിടിച്ചുതുടങ്ങിയ കാലത്ത്, മുംബൈ നഗരവാസികളെ സുഡോക്കു ശാസ്ത്രീയമായി സോള്‍വ് ചെയ്യാന്‍ സഹായിക്കുന്നതിനുവേണ്ടി കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ വരെ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. അങ്ങനൊരു സാദ്ധ്യത റൂബിക്‍സ് ക്യൂബിന്റെ കാര്യത്തില്‍ ഉണ്ടെങ്കില്‍, കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കാന്‍ ഞാന്‍ എപ്പോഴേ തയ്യാര്‍. ട്യൂഷന്‍ ഫീസ്, എണ്ണപ്പാടത്തുനിന്ന് ഈയുള്ളവന് കിട്ടുന്ന പച്ചരിക്കാശിനേക്കാള്‍ അല്‍പ്പം കൂടുമെന്ന് മാത്രം.

Wednesday 1 September 2010

ഒറ്റയാള്‍പ്പട്ടാളം കുഞ്ഞഹമ്മദിക്ക

വർത്തമാനം ആഴ്ച്ചപ്പതിപ്പിൽ ഈ ലേഖനം വന്നപ്പോൾ...
കോളേജ് കാലം മുതല്‍ക്കേ എന്റെയൊരു ഇഷ്ടസങ്കേതമാണ് വയനാട്. 1986 മുതല്‍ കുറേയധികം പ്രാവശ്യം വയനാട്ടില്‍ ചുറ്റിത്തിരിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നിട്ടും കുഞ്ഞഹമ്മദിക്കയെ കാണുന്നതും അറിയുന്നതും ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് മാത്രമാണ്. എങ്ങനാണിപ്പോള്‍ ഈ മനുഷ്യനെ ഒന്ന് അവതരിപ്പിക്കുക എന്ന് പോലും നിശ്ചയമില്ല. വാക്കുകള്‍ തികയാതെ വരും, അക്ഷരങ്ങള്‍ക്കായി ഞാന്‍ വീണ്ടും തപ്പിത്തടയും, നിരക്ഷരത്വത്തിന് ആക്കം കൂടും. എന്നാലും ഒന്ന് ശ്രമിക്കുന്നു; അത്രതന്നെ.

കുഞ്ഞഹമ്മദിക്ക

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെതലയം എന്ന സ്ഥലത്താണ് കുഞ്ഞഹമ്മദിക്കയുടെ വീട്. ഭാര്യയും രണ്ട് പെണ്‍മക്കളും വിവാഹമോചിതയായി നില്‍ക്കുന്ന മൂത്തമകളുടെ കുട്ടിയും അടങ്ങുന്ന 5 അംഗ കുടുംബമാണ് അദ്ദേഹത്തിന്റേതെന്ന് വേണമെങ്കില്‍ ഒറ്റവാചകത്തില്‍ പറഞ്ഞൊതുക്കാം. പക്ഷെ അങ്ങനല്ല കാര്യങ്ങളുടെ കിടപ്പ്; അതല്ല സത്യാവസ്ഥ. ആ ഭാഗത്ത് ചെന്നെത്താന്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളൊക്കെയും കുഞ്ഞഹമ്മദിക്കയുടെ കുടുംബം തന്നെ. അവര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ പ്രയത്നിക്കുന്ന ഒരാളെ, കൈയ്യില്‍ കിട്ടുന്ന റേഷനരിയടക്കം എല്ലാം അവര്‍ക്ക് വേണ്ടി ചിലവാക്കുന്ന ഒരാളെ പിന്നെങ്ങനാണ് പരിചയപ്പെടുത്തേണ്ടത് !?

റേഷനരിയുടെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍ത്തത്. റേഷന്‍ കാര്‍ഡ് അദ്ദേഹത്തിന്റെ ഭാര്യ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. കുഞ്ഞഹമ്മദിക്ക കാര്‍ഡില്ലാതെ, റേഷന്‍ കടയില്‍ ചെന്നാല്‍ സാധനങ്ങള്‍ കൊടുക്കരുതെന്നും അവര്‍ ശട്ടം കെട്ടിയിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല; ഇങ്ങനൊക്കെ ചെയ്തില്ലെങ്കില്‍ അവരുടെ അടുപ്പില്‍ തീ പുകയില്ല. വീട്ടിലെത്തുന്നതിന് മുന്നേ ഏതെങ്കിലും ആദിവാസി കൂരയിലെ ഒട്ടിയ വയറിന്റെ വിശപ്പടക്കാന്‍ ആ റേഷന്‍ കൊണ്ടുപോയിക്കൊടുത്തെന്ന് വരും കഥാനായകന്‍. പട്ടിണിയായിപ്പോകാതിരിക്കാന്‍ മാത്രം കുഞ്ഞഹമ്മദിക്കയുടെ ബീവിക്ക് റേഷന്‍ കാര്‍ഡ് ഒളിപ്പിച്ച് വെക്കേണ്ടിവരുന്നു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാം പൂര്‍ണ്ണപിന്തുണയാണവര്‍ നല്‍കുന്നത്. ഏയ്ഡ്‌സിനെപ്പറ്റിയുള്ള അജ്ഞത കാരണം, ഏയ്‌ഡ് ബാധിച്ച് മരിച്ച ഒരു ആദിവാസിയുടെ ശരീരം മറവുചെയ്ത് കുഞ്ഞഹമ്മദിക്ക മടങ്ങിവന്നപ്പോള്‍, അപ്പോള്‍ മാത്രമാണ്, അവര്‍ കുഞ്ഞഹമ്മദിക്കയുമായി കുറച്ച് ദിവസത്തേക്ക് ഇടഞ്ഞത്. ആദിവാസികള്‍ക്ക് എങ്ങിനെ ഏയ്‌ഡ്സ് വന്നു എന്ന വിഷയം മറ്റൊരിക്കല്‍ പ്രതിപാദിക്കുന്നതാവും അഭികാമ്യം. അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഇവിടം കൊണ്ടൊന്നും തീരില്ല.

ആഴ്ച്ചയില്‍ 9 കിലോ അരി റേഷന്‍ കിട്ടും. അതുവാങ്ങാന്‍ 2 ദിവസം മാത്രമേ കുഞ്ഞഹമ്മദിക്ക ജോലി ചെയ്യാറുള്ളൂ. ബാക്കി ദിവസങ്ങളെല്ലാം ആദിവാസികുടുംബങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ്. അക്കമിട്ട് നിരത്തിപ്പറഞ്ഞാല്‍ തീരാത്ത അത്രയുമുണ്ട് ആ പ്രവര്‍ത്തനങ്ങള്‍. ഞാന്‍ മനസ്സിലാക്കിയത് അതില്‍ ചിലത് മാത്രം. സുനില്‍ കോടതി ഫൈസല്‍ എന്ന ബ്ലോഗ് സുഹൃത്ത് കാണിച്ചുതന്ന കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ള വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുകള്‍ വായിച്ച് തീര്‍ക്കാന്‍ മാത്രം അരദിവസമെങ്കിലും വേണം.

റേഷന്‍ കാര്‍ഡ് കൈയ്യിലുണ്ടെങ്കിലേ ആദിവാസികള്‍ക്കായാലും അല്ലാത്തവര്‍ക്കായാലും സൌജന്യ അരിയും ഓണം കിറ്റുമൊക്കെ കിട്ടൂ. റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനുള്ള എഴുത്തുകുത്തുകളും കടലാസ് ജോലികളും ചെയ്യാന്‍ ആദിവാസികളില്‍ പലര്‍ക്കും അറിയില്ല; അവര്‍ മെനക്കെടാറുമില്ല. കാര്‍ഡുണ്ടാക്കാന്‍ സഹായിക്കുന്നത് കുഞ്ഞഹമ്മദിക്കതന്നെയാണെന്ന് മനസ്സിലാക്കിയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ നേതാക്കന്മാരും രാഷ്ട്രീയക്കാരുമൊക്കെ എവിടാണെന്ന് അത്ഭുതപ്പെടാതെ വയ്യ.

നമ്മളൊക്കെ പറയാറില്ലേ ഇലക്ഷനാകുമ്പോള്‍ വോട്ട് ചോദിക്കാന്‍ ഇപ്പറഞ്ഞവര്‍ ഒക്കെ എല്ലായിടത്തും കയറിയിറങ്ങുമെന്ന് ? പക്ഷെ ഇവിടെ അങ്ങനൊരു കീഴ്‌വഴക്കവും ഇല്ലത്രേ! പഞ്ചായത്ത് ഇലക്ഷന്, അതായത് 4 അല്ലെങ്കില്‍ 5 വോട്ടുകള്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മറിയാന്‍ സാദ്ധ്യതയുള്ള സീറ്റുകള്‍ വരുമ്പോള്‍ മാത്രമേ ഈ ആദിവാസി കുടികളില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും പോകാറുള്ളൂ. ബാക്കിയുള്ള തിരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷത്തില്‍ ആണല്ലോ ജയിച്ച് കയറിപ്പോകുന്നത്. അങ്ങനാകുമ്പോള്‍ അട്ടകടിയും കൊണ്ട്, ആനയും കടുവയുമൊക്കെ ഇറങ്ങുന്ന കാട്ടിലൂടെ ഇവരുടെ കുടീലൊക്കെ കയറി ഇറങ്ങാന്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്കുണ്ടോ സമയം ?! ആ സ്ഥാനത്താണ് കുഞ്ഞഹമ്മദിക്ക പ്രവര്‍ത്തകനാകുന്നത്, രക്ഷകനാകുന്നത്, ഒറ്റയാള്‍ പട്ടാളമാകുന്നത്. ഇക്കഴിഞ്ഞ ഓണത്തിനും റേഷന്‍‌ കാര്‍ഡില്ലാത്തതുകൊണ്ട് ഓണക്കിറ്റ് കിട്ടാതെ പോയവര്‍ക്ക് ഓണക്കിറ്റ് എത്തിച്ചത് കുഞ്ഞഹമ്മദ് എന്ന വയനാടന്‍ മാവേലിതന്നെയാണ്.

തന്റെ പേരക്കുട്ടിയുടെ പഴയ ഒരു ഉടുപ്പ് ഒരു ആദിവാസി കുട്ടിക്ക് കൊണ്ടുക്കൊടുത്തിട്ട് പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് ചെല്ലുമ്പോഴും ആ കുട്ടിക്ക് അതല്ലാതെ മറ്റ് കുപ്പായം ഒന്നുമില്ല എന്ന് കുഞ്ഞഹമ്മദിക്ക വഴി മനസ്സിലാക്കിയതുകൊണ്ടുകൂടെയാണ് മൈന ഉമൈബാനും ഭര്‍ത്താവ് സുനില്‍ കോടതി ഫൈസലും, ആഷ്‌ലിയും(ക്യാപ്റ്റന്‍ ഹാഡോക്ക്) മറ്റ് ബൂലോകരുമൊക്കെ ചേര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് വയനാട്ടില്‍ കുറച്ച് വസ്ത്രങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ബത്തേരിയിലെ ആദിവാസി കോളനികളിലെ ആള്‍ക്കാരുടെ പേരും വയസ്സും മറ്റ് വിവരവും കൃത്യവും വ്യക്തവുമായി കുഞ്ഞഹമ്മദിക്കയുടെ ഇടുപ്പിലെ ഡയറിയില്‍ ഉള്ളതുപോലെ മറ്റേതെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ പോലും ഉണ്ടോയെന്ന് കണ്ടുതന്നെ അറിയണം.

ആദിവാസികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അത്തരം യാത്രകള്‍ക്കിടയില്‍ ചമ്പല്‍ക്കാടില്‍ നിന്ന് എടുത്ത ഒരു ഫോട്ടോ 2 മുറിമാത്രമുള്ള അദ്ദേഹത്തിന്റെ കൊച്ചുവീടിന്റെ ചുമരില്‍ തൂങ്ങുന്നു. ആദിവാസികള്‍ക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തീരുന്നില്ല കുഞ്ഞഹമ്മദിക്കയുടെ ജീവിതം.

തന്റെ നാടിന്റെ സദ്‌ഗതി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇക്കഴിഞ്ഞ ഓണത്തിന് തൊട്ടടുത്തുള്ള സ്കൂളിന്റെ പരിസരത്തുനിന്ന് മാത്രം കിട്ടിയ പ്ലാസ്റ്റിക്ക് മദ്യക്കുപ്പികളും വെള്ളക്കുപ്പികളും തൂത്ത് പെറുക്കി കൂട്ടിക്കെട്ടി ഒരു കൂമ്പാരമാക്കി സ്കൂളിന്റെ മുന്നില്‍ത്തന്നെ ഇട്ടിട്ടുണ്ട് അദ്ദേഹം. പ്ലാസ്റ്റിക്കിനെതിരേയും മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവത്വത്തിനെതിരേയുമാണ് ഈ പ്രവൃത്തിയിലൂടെ കുഞ്ഞഹമ്മദിക്കയുടെ ശബ്ദം ഉയരുന്നത്.

ഇക്കഴിഞ്ഞ ഓണാഘോഷത്തിന്റെ ബാക്കിപത്രവുമായി കുഞ്ഞഹമ്മദിക്ക

മുന്‍പ് ഒരിക്കല്‍ ഇതുപോലെ ഹാന്‍സ് അല്ലെങ്കില്‍ മറ്റ് പുകയില ലഹരിവസ്തുക്കള്‍ വരുന്ന പാക്കറ്റുക്കള്‍ പെറുക്കിക്കൂട്ടി, അതെല്ലാം ചേര്‍ത്ത് കുത്തിക്കെട്ടി കുപ്പായമുണ്ടാക്കി അതുമണിഞ്ഞ് കളക്‍ടറേറ്റിന് മുന്നില്‍ ചെന്ന് തന്റെ പ്രതിഷേധ സമരം നടത്തിയിട്ടുണ്ട്. സ്വന്തം വീടിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പ് അടിച്ച് വൃത്തിയാക്കിയിടുന്നത് കുഞ്ഞഹമ്മദിക്ക തന്നെ ആയതുകൊണ്ട് ഹാന്‍സ് പാക്കറ്റുകള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും കാണില്ലല്ലോ !

പരിസരപ്രദേശത്താകെ പ്രാണിശല്യം. നാട്ടുകാര്‍ക്ക് ആര്‍ക്കും കിടക്കപ്പൊറുതിയില്ല. സര്‍ക്കാറില്‍ നിന്ന് ഒരു നടപടി, ഒരു മരുന്നടി; അതില്‍ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷെ യാതൊരു നീക്കങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. കുഞ്ഞഹമ്മദിക്ക കുറേയധികം ചാകാത്ത പ്രാണികളെ ഒരു പ്ലാസ്റ്റിക്ക് കൂടയില്‍ ശേഖരിച്ച് കളക്‍ടറേറ്റിലേക്ക് കയറിച്ചെന്നു. കളക്‍ടറെ കാണാനുള്ള അപ്പോയന്റ്മെന്റ് ഇല്ലാത്തതുകൊണ്ട് കയറ്റിവിടില്ലെന്ന് കളക്‍ടറേറ്റുകാര്‍. ഏമ്മാനെ കാണാതെ പോകില്ലെന്ന് കുഞ്ഞഹമ്മദിക്ക. അവസാനം കണ്ടു. ഇപ്പോ ഈ നിമിഷം നടപടിയെടുത്തില്ലെങ്കില്‍ ജീവനുള്ള ഈ പ്രാണികളെയൊക്കെ കളക്‍ടറുടെ ചേമ്പറില്‍ തുറന്ന് വിടുമെന്ന ഭീഷണിക്ക് മുന്നില്‍ കളക്‍ടര്‍ വിരണ്ടു. ഉടന്‍ മരുന്നടിക്കാനുള്ള നിര്‍ദ്ദേശം വന്നു. പ്രാണിശല്യം അവസാനിച്ചു. ഇങ്ങനൊക്കെയുള്ള കാര്യങ്ങള്‍ കക്ഷിരാഷ്ട്രീയ-ഉദ്യോഗസ്ഥ ഭേദമെന്യേ നടപ്പിലാക്കുന്നതുകൊണ്ട് കണ്ടമാനം ശത്രുക്കളേയും കുഞ്ഞഹമ്മദിക്ക സമ്പാദിച്ചുവെച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ അദ്ദേഹമുണ്ടോ കാര്യമാക്കുന്നു. ഇടം വലം നോക്കാതെ പോക്കറ്റിന്റെ കനം കുറയുന്നത് നോക്കി ബേജാറാവാതെ കുഞ്ഞഹമ്മദിക്ക തന്റെ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കളക്‍ടറേറ്റിന് മുന്നില്‍ എന്തെങ്കിലുമൊക്കെ സമരമുറകളുമായി ഒറ്റയാന്‍ കുഞ്ഞഹമ്മദിക്ക പലവട്ടം നിറഞ്ഞുനിന്നിട്ടുണ്ട്. അതിന്റെയൊക്കെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിട്ടുമുണ്ട്. വാര്‍ത്തകള്‍ പലതും ലോക്കല്‍ എഡിഷനിലായി ഒതുങ്ങിയതുകൊണ്ട്, കുഞ്ഞഹമ്മദിക്ക എന്ന നിര്‍ദ്ധനനായ സാമൂഹ്യപ്രവര്‍ത്തകന്റെ വിവരം വയനാടന്‍ ചുരത്തിനപ്പുറമുള്ള മറ്റ് മലയാളികളിലേക്കെത്താതെ പോകുന്നു. തദ്ദേശത്തെ പല മാദ്ധ്യമങ്ങളും കുഞ്ഞഹമ്മദിക്കയെ ഒരു ആയുധമായി അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ എന്ന രീതിയില്‍ ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഉണ്ടായ ഒരു കൊച്ചുസംഭവത്തെ വിരോധാഭാസം എന്നേ പറയാന്‍ പറ്റൂ. ടീവി ചാനലുകള്‍ പലതും പേ ചാനലാക്കി മാറ്റിയതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പ്രതികരിക്കാനാണ് കുഞ്ഞഹമ്മദിക്കയോട് പ്രസ്തുത മാദ്ധ്യമം ആവശ്യപ്പെട്ടത്. സ്വന്തമായിട്ട് ടീവി ഇല്ലാത്ത, ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും കാണാന്‍ പോലും മിനക്കെടാതെ മുഴുവന്‍ സമയം നാടിനുവേണ്ടി അലയുന്ന കുഞ്ഞഹമ്മദിക്കയെ അല്‍പ്പമെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ആ മാദ്ധ്യമക്കാര്‍ അങ്ങനെ പറയില്ലായിരുന്നു.

കിട്ടുന്ന സമ്പാദ്യത്തില്‍ നിന്ന് റേഷന്‍ അരിക്കുള്ളതൊഴിച്ച് ബാക്കിയെല്ലാം മറ്റുള്ളവര്‍ക്കായി വീതിച്ച് നല്‍കുന്നതിനിടയില്‍ സ്വന്തം കുടുംബത്തിന്റെ ഉന്നതി അദ്ദേഹം സൌകര്യാര്‍ത്ഥം വിസ്മരിക്കുന്നു. ഭാര്യയും രണ്ടാമത്തെ മകളും ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നുണ്ട്. തുന്നല്‍ ജോലിക്ക് പോകുന്ന മകള്‍ക്ക് സ്വന്തമായി, 3000 രൂപയ്ക്ക് കിട്ടുന്ന ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അത്രയും പണവും കൈയ്യില്‍ വെച്ച് അദ്ദേഹം തുന്നല്‍ മെഷീന്‍ വില്‍ക്കുന്ന കട വരെ എത്തീട്ട് വേണ്ടേ ? അതിനുമുന്നേ ആ പണമൊക്കെയും ഏതെങ്കിലും ആദിവാസി കുടിയിലെ കഞ്ഞിയായി വേവും. അതൊക്കെ വിസ്മരിക്കാം... രണ്ടാമത്തെ മകളുടെ വിവാഹാവശ്യത്തിനായി, ഇപ്പോള്‍ അന്തിയുറങ്ങുന്ന കൊച്ചുവീടും 3 സെന്റ് സ്ഥലവും വില്‍ക്കേണ്ട അവസ്ഥയിലാണ് ഈ മനുഷ്യസ്നേഹി.

ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞഹമ്മദിക്കയുടെ മുന്നില്‍ ചെന്ന് നിന്നപ്പോളും അങ്ങനെ തന്നെയാണ് തോന്നിയത്. അതൊരു മഹാമേരു തന്നെ. അതിന്റെ അടിയിലെവിടെയോ വളരുന്ന പാഴ്ച്ചെടികള്‍ മാത്രമാണ് നമ്മളൊക്കെ. മുകളിലേക്ക് നോക്കി രണ്ട് കൈയ്യും കൂപ്പി നമിക്കാതെ വയ്യ.

Tuesday 31 August 2010

ബ്ലോഗേഴ്സ് വയനാടൻ കാട്ടിലേക്ക്

ള്‍ക്കാടുകളിലെ ചില ആദിവാസി കോളനികളിലേക്ക് സാധാരണ വാഹനങ്ങള്‍ പോകില്ലെന്നുള്ളതുകൊണ്ട് ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പ് ഒരെണ്ണം വാടകയ്ക്ക് എടുത്ത് അതില്‍ക്കയറി സ്ത്രീജനങ്ങളും കുറച്ച് പുരുഷപ്രജകളും കാട്ടിലേക്ക് കടന്നു. ജീപ്പിലെ സ്ഥലപരിമിതികാരണം കൂടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രീ. സദാനന്ദന്‍, ശ്രീ. സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കുറച്ചുപേര്‍ മുഴുവന്‍ ദൂരവും കാട്ടിലേക്ക് നടന്ന് കയറി.

കാട്ടിനകത്തുള്ള കൊമ്മഞ്ചേരി കോളനിയിലേക്ക്

നമ്മുടെ ബൂലോകത്തിൽ വന്ന ഈ ലേഖനം തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

Saturday 21 August 2010

പിന്നാമ്പുറ ജീവിതങ്ങള്‍

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ബ്ലോഗിലൊക്കെ വരുന്നതിനും ഒരുപാട് മുന്‍പ്....മലയാളത്തില്‍ ഒരു ലേഖനം വായിക്കാനിടയായിട്ടുണ്ട്. കൃഷ്ണ പൂജപ്പുര എന്ന വ്യക്തി ദീപിക ഓണ്‍ലൈനില്‍ എഴുതിയ ആ ലേഖനത്തിന്റെ തലക്കെട്ട് ‘മാവേലി അകലെയാണ് ‘ എന്നായിരുന്നു.

ഒരു ഇടത്തരം ഹോട്ടലില്‍ ഓണസദ്യ കഴിക്കാന്‍ പോയ ലേഖകന്റെ മനസ്സലിയിക്കുന്ന അനുഭവമായിരുന്നു അതില്‍. ഓണസദ്യയൊക്കെ കഴിച്ച് കൈ കഴുകാന്‍ പോയപ്പോള്‍ ആ ഭാഗത്തെവിടെയോ ക്ഷീണിച്ച് അവശനായി നിന്നിരുന്ന അടുക്ക പിന്നാമ്പുറത്തുള്ള ഒരു പാവപ്പെട്ട ജോലിക്കാരന്റെ ആത്മരോദനമായിരുന്നു ആ ലേഖനത്തിന്റെ കാതല്‍.

“ ഓണമായാലും പെരുന്നാളായാലും എന്ത് നാശം പിടിച്ച ആഘോഷമായാലും നടുവൊടിയുന്നത് ഞങ്ങളെപ്പോലുള്ളവരുടേതാണ് സാറേ. നേരെ ചൊവ്വേ ഒന്നുറങ്ങിയിട്ട് ദിവസമെത്രയായെന്ന് അറിയോ? ഈ പാത്രങ്ങളൊക്കെ മോറിവെച്ച് ഒന്ന് നടുനിവര്‍ത്താമെന്ന് കരുതുമ്പോഴേക്കും നേരം വെളുക്കും. പിന്നെ അടുത്ത ദിവസത്തെ കഷ്ടപ്പാടുകള്‍ തുടങ്ങുകയായി. അതിനിടയില്‍ ഒന്ന് ശ്വാസം വിടാന്‍ ഇതുപോലെ എങ്ങോട്ടെങ്കിലും ഒന്ന് മാറി നിന്നാല്‍ ഉടന്‍ മുതലാളിയുടേയോ മാനേജറുടേയോ തെറി അഭിഷേകമായി. ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതിയായിരുന്നു ഈ പണ്ടാറം ആഘോഷമൊക്കെ. ”

മദ്രാസില്‍ ജീവിക്കുന്ന കാലത്ത് ഒരിക്കല്‍ ഹോട്ടലില്‍ ഓണസദ്യ കഴിക്കാന്‍ ഞാനും പോയിട്ടുണ്ട്. അന്ന് ഈ പിന്നാമ്പുറ ജീവിതങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ല. പിന്നീടാണ് മേല്‍പ്പറഞ്ഞ ലേഖനം വായിക്കുന്നത്. അതിനുശേഷം ആഘോഷ ദിവങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ പോയിട്ടില്ല. ഇനി അഥവാ പോകേണ്ടതായി വന്നാല്‍.... ആ പിന്നാമ്പുറത്തുക്കാരെ കാണാതെ ‘ഗൌനിക്കാതെ’ മടങ്ങുകയുമില്ല.

മുന്തിയ ഹോട്ടലുകളില്‍ ഓണസദ്യ കഴിക്കാന്‍ പോകുന്ന മലയാളി സുഹൃത്തുക്കളേ...

ഉരുട്ടി ഉരുട്ടി അകത്താക്കുന്ന ഓണസദ്യയ്ക്കിടയില്‍ ഈ രോദനം കേള്‍ക്കാതെ പോകരുതേ. പറ്റുമെങ്കില്‍ .... വെയ്‌റ്റര്‍ക്ക് കൊടുക്കുന്നതിനൊപ്പം മോശമല്ലാത്ത ഒരു ടിപ്പ് ആ അടുക്കള പിന്നാമ്പുറത്തെ ഒന്നോ രണ്ടോ പാത്രം കഴുകലുകാര്‍ക്കും കൊടുത്തിട്ടേ മടങ്ങാവൂ. എന്നാലേ ഓരോ ഓണസദ്യയും പൂര്‍ണ്ണമാകൂ. ഓണാഘോഷങ്ങള്‍ പൂര്‍ത്തിയാകൂ, ഓണം നന്നാകൂ.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Wednesday 11 August 2010

ബി.സി.സി. (Bcc)

ഫോര്‍വ്വേഡഡ് മെയിലുകളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ അതിനെപ്പറ്റി ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ എഴുതി ഇട്ടിരുന്നു. അത് എത്രത്തോളം ഗുണം ചെയ്തെന്ന് നിശ്ചയമൊന്നുമില്ല. ഒരാളെയെങ്കിലും ബോധവല്‍ക്കരിക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതൊരു നേട്ടമായി കാണുന്നു.

ബ്ലോഗുലകത്തിലേക്ക് വന്നതിനുശേഷം ഇ-മെയില്‍ ഐഡി കുറേയധികം പരസ്യമാകപ്പെടുകയും യാതൊരുവിധ പരിചയവും ഇല്ലാത്തവരുടെ മെയിലുകള്‍ വരുകയുമുണ്ടായിട്ടുണ്ട്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എന്നീ സൌഹൃദ സൈറ്റുകളും മറ്റും, ഇ-മെയില്‍ അഡ്രസ്സ് പരസ്യമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടുമുണ്ട്.

ഈയിടെയായി അനുഭവിച്ചുണ്ടിരിക്കുന്ന മറ്റൊരു വിഷയം, ബ്ലോഗുകളില്‍ ഓരോ ബ്ലോഗറും എഴുതിയിടുന്ന ലേഖനങ്ങളുടെ പരസ്യങ്ങള്‍ അവര്‍ ഇ-മെയില്‍ വഴി അയച്ചുതരുന്നതാണ്. ഈ പ്രവൃത്തി ഞാന്‍ സ്വയം ചെയ്യാറില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരോട് എനിക്ക് എതിര്‍പ്പൊന്നും ഇല്ല. അയക്കുന്നവര്‍ അയച്ചോളൂ. എനിക്ക് താല്‍പ്പര്യവും സമയവും ഉണ്ടെങ്കില്‍ ഞാന്‍ വായിക്കും. എന്തെങ്കിലും അഭിപ്രായം പറയണമെന്ന് തോന്നിയാല്‍ പറയും. വായിക്കണമെന്ന് തോന്നിയില്ലെങ്കില്‍ അത്തരം മെയിലുകല്‍ ഡിലീറ്റ് ചെയ്ത് കളയും. ഒന്ന് തുറന്ന് നോക്കി ഒറ്റനോട്ടത്തില്‍ നല്ല ലേഖനമാണെന്നും വായിക്കണമെന്നും തോന്നിയാല്‍ അത് മാര്‍ക്ക് ചെയ്ത് ഒരു ഫോള്‍ഡറില്‍ ഇടും. സമയം കിട്ടുന്നതുപോലെ വായിക്കും. ഇതൊക്കെയാണ് പതിവ്.

പക്ഷെ ഈയിടെയായി കിട്ടുന്ന ഇത്തരം പരസ്യ മെയിലുകളില്‍ ഭൂരിഭാഗത്തിലും ഒരു കുഴപ്പമുണ്ട്. ഓരോരുത്തരും അവരവരുടെ അഡ്രസ്സ് ബുക്കിലെ മുഴുവനും ഐഡികളും To എന്ന ഫീല്‍ഡില്‍ അടിച്ചാണ് മെയില്‍ അയക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, മെയില്‍ അയക്കുന്ന ഓരോരുത്തരുടേയും അഡ്രസ്സ് ബുക്കില്‍ ആരൊക്കെയുണ്ടെന്ന് മെയില്‍ കിട്ടുന്ന എല്ലാവര്‍ക്കും മനസ്സിലാക്കാനാകുന്നു. ഓരോ മെയില്‍ അഡ്രസ്സിന്റേയും പ്രൈവസി നഷ്ടപ്പെടുന്നു. മെയില്‍ അയക്കുന്ന ആളുടെ സുഹൃത്ത് വലയത്തില്‍ ആരെല്ലാമുണ്ടെന്നുള്ളത് പരസ്യമാകുന്നു.

ഇതിന് പുറമേ, ഇത്തരം മെയിലുകള്‍ കിട്ടുന്നവരില്‍ ആരെങ്കിലും അറിഞ്ഞോ അറിയാതെയോ Reply All ക്ലിക്ക് ചെയ്ത് മറുപടി അയച്ചാല്‍, ആ മറുപടി ഇപ്പറഞ്ഞ അഡ്രസ്സ് ലിസ്റ്റിലുള്ള അത്രയും പേര്‍ക്ക് കിട്ടുന്നു. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെന്ന് നോക്കൂ. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ ? ഈ പ്രശ്നത്തിനും പരിഹാരമുണ്ട്.

100 മെയില്‍ ഐഡികളിലേക്ക് നിങ്ങള്‍ക്ക് ഒരേ വിഷയം അറിയിക്കാനുണ്ടെങ്കില്‍ ആ അഡ്രസ്സുകള്‍ എല്ലാം Bcc (Blind Carbon Copy)എന്ന ഫീല്‍ഡില്‍ അടിച്ച് കയറ്റി മെയില്‍ വിടുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മെയില്‍ കിട്ടുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും ബാക്കിയുള്ള 99 പേരുടെ അഡ്രസ്സുകള്‍ കാണാനാവില്ല. ഓരോരുത്തരുടേയും മെയില്‍ അഡ്രസ്സിന്റെ പ്രൈവസി നിലനില്‍ക്കുകയും ചെയ്യും.

ഈ വിഷയത്തില്‍ ഉണ്ടാകാവുന്ന ചില ന്യായമായ സംശയങ്ങള്‍ ഉണ്ട്. Bcc വഴി മെയില്‍ അയച്ചതിനുശേഷം അതിലെ അഡ്രസ്സുകള്‍ ഒന്നുകൂടെ നോക്കിയാല്‍ അയക്കുന്ന ആള്‍ക്ക് എല്ലാ അഡ്രസ്സുകളും കാണാനാകും. അപ്പോള്‍ മറ്റുള്ളവരും ഇതെല്ലാം കാണുന്നുണ്ടെന്ന് അയാള്‍ തെറ്റായി ധരിക്കുന്നു. പക്ഷെ മെയില്‍ കിട്ടുന്നവര്‍ പരസ്പരം മെയില്‍ ഐഡികള്‍ ഒന്നും കാണുന്നില്ല. ഇക്കാര്യം ഒരു സുഹൃത്തുമായി പരസ്പരം Bcc മെയില്‍ അയച്ച് ആര്‍ക്കും ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. അതുമല്ലെങ്കില്‍ Bcc യില്‍ മറ്റ് അഡ്രസ്സുകള്‍ക്കൊപ്പം സ്വന്തം അഡ്രസ്സുതന്നെ സ്വയം വെച്ച് ഒന്ന്‍ അയച്ച് നോക്കൂ. വ്യത്യാസം മനസ്സിലാക്കാം.

ആദ്യാക്ഷരി, ഇന്ദ്രധനുസ്സ് എന്നീ ബ്ലോഗ് പാഠശാലകളില്‍ പറയേണ്ടതും പഠിപ്പിക്കേണ്ടതുമായ ഇത്തരം കാര്യങ്ങള്‍ നിരക്ഷരനായ താനെന്തിനാണ് വിളിച്ച് പറയുന്നത് എന്നതാകാം അടുത്ത സംശയം.

എന്റെ പൊന്ന് ചങ്ങാതിമാരേ...സഹികെട്ടതുകൊണ്ടാണ്. അതുകൊണ്ട് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്റെ ഭാഷയില്‍ പറയുന്നത്. ഈ വിഷയത്തില്‍ ഒരു ഗൂഗിള്‍ ബസ്സ് ഇറക്കി നോക്കി ഈ അടുത്ത കാലത്ത്. നാലഞ്ച് പേര്‍ക്ക് അത് വായിച്ച് നിരക്ഷരത്ത്വം മാറിക്കിട്ടി എന്നാണ് അറിവായത്. അത്രയും സന്തോഷം. ആ ബസ്സ് കണ്ടിട്ട് കെ.പി.സുകുമാരന്‍ ചേട്ടന്‍ ഒരു പോസ്റ്റും ഇറക്കി. ഇതൊക്കെ ആയിട്ടും പരസ്യ മെയിലുകള്‍ ഇപ്പോഴും Bcc വഴിയല്ലാതെ വന്നുകൊണ്ടേയിരിക്കുന്നു.

ഇനിയും ആരെങ്കിലും ആദ്യം പറഞ്ഞതുപോലെ മെയിലുകള്‍ അയച്ചാല്‍ അവര്‍ക്ക് എല്ലാവര്‍ക്കും ഈ പോസ്റ്റിന്റെ ലിങ്ക് ഫ്രീ ആയിട്ട് അയച്ച് തരുന്നതാണ്. ഇത് വായിച്ചിട്ട് വല്ല സംശയവും ഉണ്ടെങ്കില്‍ ആദ്യാക്ഷരി മുതലാളി അപ്പൂനോടോ ഇന്ദ്രധനുസ് അര്‍ബാബ് മുള്ളൂക്കാരനോടോ ചോദിച്ച് സംശയം തീര്‍ക്കേണ്ടതാണ്. നിരക്ഷരന്മാര്‍ക്ക് കാര്യങ്ങളൊക്കെ പറഞ്ഞുമനസ്സിലാക്കിത്തരുന്നതിന് ഒരു പരിധിയൊക്കെയുണ്ട്. അല്ലപിന്നെ.

വാല്‍ക്കഷണം :- ഒരാളുടെ ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് അയാള്‍ തന്നെ അയച്ച് തരുന്നതിനും എനിക്കിഷ്ടം “ ദാ നല്ലൊരു പോസ്റ്റ്, വായിച്ചില്ലെങ്കില്‍ നഷ്ടമാകും“ എന്ന് പറഞ്ഞ് മറ്റൊരാള്‍ അയച്ച് തരുന്നതാണ്. അങ്ങനെ കിട്ടുന്ന ലിങ്കിലൂടെ പോയി ആ പോസ്റ്റ് വായിച്ചിരിക്കും, അഭിപ്രായം പറഞ്ഞിരിക്കും.

Saturday 3 July 2010

‘എന്റെ മഴ‘ - അഭിമുഖം

ഫേസ്ബുക്കിലെ ‘എന്റെ മഴ‘ ഗ്രൂപ്പ് മഴയെപ്പറ്റി നടത്തിയ അഭിമുഖം വെബ് ദുനിയയിൽ വന്നപ്പോൾ. വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.


Tuesday 13 April 2010

കണിക്കൊന്ന പൂത്തില്ല

ക്കൊല്ലം വിഷുനാളില്‍
സ്വന്തം പിറന്നാളാഘോഷിക്കാന്‍
വീട്ടുടമ ഉണ്ടാകില്ലെന്ന്
മുന്‍‌കൂട്ടി മനസ്സിലാക്കിയിട്ടാവണം,
വടക്കേത്തൊടിയിലെ
കൊന്നമരം പൂത്തതേയില്ല.

Wednesday 24 February 2010

ഫോര്‍വ്വേഡഡ് മെയിലുകള്‍

-മെയില്‍ ഉപയോഗിക്കുന്നവര്‍ക്കൊക്കെ, ഏറ്റവും കുറഞ്ഞത് ദിവസം ഒരെണ്ണമെന്ന തോതില്‍ ഫോര്‍വ്വേഡഡ് മെയിലുകള്‍ കിട്ടുന്നുണ്ടാകണം. ഫോര്‍വ്വേഡ് മെയിലുകള്‍ക്ക് ഇന്ന വിഷയം എന്നൊന്നും ഇല്ല. വടക്കേ ഇന്ത്യക്കാരി സിനിമാ നടികളുടെ അരമന രഹസ്യങ്ങളോ, ശാസ്ത്രസാങ്കേതിക വിദ്യകളെപ്പറ്റിയോ, ആരാധനാമൂര്‍ത്തികളെപ്പറ്റിയോ, സര്‍ദാര്‍ജിക്കഥകളോ, സെക്സ് ജോക്കുകളോ, ടിന്റുമോന്‍ കഥകളോ, ആരോഗ്യവിഷയങ്ങളെപ്പറ്റിയോ, ഡ്രഗ്ഗ് ട്രാഫിക്കിനെപ്പറ്റിയോ, ഒക്കെയാകാം ഈ ഫോര്‍വ്വേഡ് മെയിലുകള്‍ .അങ്ങനെ കിട്ടുന്ന മെയിലുകളുടെ ആധികാരികതെയെപ്പറ്റി ഇടം വലം ചിന്തിക്കാതെ തങ്ങളുടെ അഡ്രസ്സ് ബുക്കിലുള്ളവര്‍ക്കൊക്കെ അത് വീണ്ടും ഫോര്‍വ്വേഡ് ചെയ്തുകൊടുത്ത് ഏടാകൂടങ്ങളില്‍ ചെന്നുചാടിയിട്ടുള്ളവരും നിരവധിയായിരിക്കും.

ഈയടുത്ത കാലത്ത് സഖാവ് പിണറായി വിജയന്റെ വീടാണെന്നും പറഞ്ഞ് ഒരു പ്രവാസി മലയാളിയുടെ വീടിന്റെ പടങ്ങള്‍ തലങ്ങും വിലങ്ങും അയച്ചുകൊടുത്ത് കേസിലും കൂട്ടത്തിലുമൊക്കെ ചിലര്‍ ചെന്നുചാടിയ സംഭവമായിരിക്കണം ഫോര്‍വ്വേഡഡ് മെയിലുകളുടെ കാര്യത്തില്‍ മലയാളികള്‍ക്കുണ്ടായിട്ടുള്ള ഏറ്റവും വലിയ അക്കിടി. പിണറായി സഖാവിന്റെ 'വീടിന്റെ' ഫോട്ടോ ഫോര്‍വ്വേഡ് മെയിലായി കിട്ടിയ ഉടനെ തന്നെ ആ വീടിന്റെ പരിസരത്ത് ജീവിക്കുന്ന എന്റെ 2 സഹപ്രവര്‍ത്തകര്‍ ആ വീടും അതിന്റെ മുന്നിലെ കിടക്കുന്ന ചുവന്ന് കാറും വരെ തിരിച്ചറിഞ്ഞു. എന്തെങ്കിലും പൊല്ലാപ്പ് ആ മെയിലുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഞങ്ങളപ്പോള്‍ത്തന്നെ ഊഹിക്കുകയും ചെയ്തിരുന്നു.

ഇ-മെയിലുകള്‍ ഫോര്‍വ്വേഡ് ചെയ്ത് കിട്ടുന്നതിന് വളരേ മുന്‍പുതന്നെ, അതായത് ഇന്റര്‍നെറ്റ് എന്നൊന്നും നമ്മള്‍ മലയാളികള്‍ കേള്‍ക്കാത്ത കാലത്തുതന്നെ പ്രചരിച്ചിരുന്ന ചില കത്തുകള്‍ക്കും ഫോര്‍വ്വേഡഡ് മെയിലിന്റെ സ്വഭാവം തന്നെയായിരുന്നു. തിരുപ്പതി വെങ്കിടാചലപതിയുടെ മാഹാത്മ്യം അല്ലെങ്കില്‍ വേളാങ്കണ്ണി മാതാവിനെയോ മറ്റേതെങ്കിലും ദൈവങ്ങളേയോ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അത്തരം കത്തുകള്‍ , അന്ന് വന്നിരുന്നത് ഇന്‍ലന്റുകളിലായിരുന്നു. ഈ കത്തിന്റെ 100 കോപ്പിയെങ്കിലും എഴുതിയുണ്ടാക്കി വിതരണം ചെയ്താല്‍ ജോലിക്കയറ്റം , പ്രേമസാഫല്യം , രണ്ടാം വിവാഹം , വീട് , കാറ് എന്നിങ്ങനെയുള്ള സൌഭാഗ്യങ്ങള്‍ കിട്ടുമെന്നും അങ്ങനെ ചെയ്യാതെ കത്ത് കീറിക്കളഞ്ഞാല്‍ ജോലിനഷ്ടം, മാനഹാനി, വാഹനാപകടം, വരാന്തയില്‍ തെന്നിവീണ് നടുവൊടിയല്‍ , മുതലായ കഷ്ടകാലങ്ങള്‍ ഉണ്ടാകുമെന്നും, ഇപ്രകാരം സംഭവിച്ചവരുടെ പേരുവിവരമടക്കമായിരിക്കും ഇന്‍ലന്റില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുക. ചിലപ്പോള്‍ പേടിച്ചിട്ടായിരിക്കാം അല്ലെങ്കില്‍ ഉള്ളില്‍ത്തട്ടിയുള്ള ഭക്തികാരണമായിരിക്കാം, കത്ത് കൈപ്പറ്റുന്നവന്‍ പോസ്റ്റോഫീസിലേക്കോടുന്നു. 25 ഇന്‍ലന്റെങ്കിലും വാങ്ങുന്നു കത്തിന്റെ ഈച്ചക്കോപ്പി ഉണ്ടാക്കി തനിക്ക് പരിചയമുള്ളവര്‍ക്കൊക്കെ അയച്ചുകൊടുക്കുന്നു.

ഇതേ സ്വഭാവത്തോടുകൂടെയുള്ള ഫോര്‍വ്വേഡഡ് മെസ്സേജുകള്‍ ഇന്റര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നു ആദ്യകാലത്തെങ്കിലും ഇപ്പോള്‍ അത്തരം ഭക്തിസ്വഭാവമുള്ള ഫോര്‍വ്വേഡഡ് മെയിലുകളുടെ പ്രചരണം താരതമ്യേനെ കുറവാണെന്നോ ഇല്ലെന്ന് തന്നെയോ പറയാം .

എനിക്ക് പരിചയമുള്ള വേറെ മൂന്നുനാലു്‌ ഫോര്‍വ്വേഡഡ് മെയിലുകളും അതിലെ കുറേ മണ്ടത്തരങ്ങളും , അതിന്റെ പേരില്‍ ഉണ്ടായിട്ടുള്ള തമാശകളും ഇപ്രകാരം പോകുന്നു.

1. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന് വാര്‍ത്തകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ദുബായിലെ ബുര്‍ജ് ഖലീഫയെ സംബന്ധിക്കുന്ന ഒരു ഫോര്‍വ്വേഡഡ് മെയില്‍ ശുദ്ധ മണ്ടത്തരമായിരുന്നെന്ന് പറയാതെ വയ്യ.
‘ലോകത്തിലെ ഏറ്റവും ഉയരമുള്ള പോസ്റ്റില്‍ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ ? ‘ എന്ന ചോദ്യത്തോടെ തുടങ്ങുന്ന മെയിലില്‍ , പണി നടക്കുന്ന ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങള്‍ ഒരുപാടുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന മലയാളിയായ ബാബുവാണ് ഏറ്റവും ഉയരമുള്ള പോസ്റ്റില്‍ ഇരിക്കുന്ന ആളെന്ന് പറയുന്നത് ഒരു ചെറുപുഞ്ചിരിക്ക് വക നല്‍കുന്നുണ്ടെങ്കിലും മെയിലിലെ അവസാനത്തെ ചിത്രത്തിന് അടിക്കുറിപ്പായി പറയുന്ന കാര്യം ശുദ്ധ മണ്ടത്തരം തന്നെയായിരുന്നു. ആ ചിത്രം ദാ താഴെയുണ്ട്.

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നല്ലൊരു വൈഡ് ആങ്കിള്‍ ലെന്‍സ് ഉപയോഗിച്ച് എടുത്തിരിക്കുന്ന ചിത്രത്തിന്റെ നാല് മൂലകളും ഉരുണ്ടിരിരിക്കുന്നതുകൊണ്ട്, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ ഭൂമി ഉരുളുന്നത് കാണാമെന്നാണ് ഫോര്‍വ്വേഡ് മെയിലില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഇതൊക്കെ കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ വിവരദോഷിയൊക്കെ ദുബായിലേക്ക് വന്നത് KSRTC ബസ്സിലൊന്നുമല്ലല്ലോ ? 30,000 അടിയ്ക്കും മേലെയൊക്കെ പറക്കുന്ന വിമാനത്തില്‍ കയറി വരുമ്പോള്‍ ആരെങ്കിലും ഭൂമി ഉരുളുന്നത് കാണുന്നുണ്ടോ ? ഇല്ലല്ലോ ? പിന്നെന്തുകൊണ്ട് ഇത്തരം മണ്ടത്തരങ്ങള്‍ ഫോര്‍വ്വേഡ് ചെയ്ത് വിടുമ്പോള്‍ അല്‍പ്പം പോലും ആലോചിക്കുന്നില്ല.

2. ദാണ്ടേ ബില്‍ ഗേസ്റ്റ് അങ്ങേരുടെ സമ്പാദ്യമൊക്കെ കരക്കാര്‍ക്ക് വീതിച്ച് കൊടുക്കാന്‍ പോകുന്നു. ഈ മെയില് എല്ലാവര്‍ക്കും അയച്ച് കൊടുക്ക് എന്ന് പറഞ്ഞ് വന്ന മെയിലില്‍ ആ വകയില്‍ ചില വങ്കന്മാര്‍ക്ക് കിട്ടിയ ഡോളറിന്റെ കണക്ക് വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ എന്താ പറയ്യാ. ഞാന്‍ തോറ്റു.

3. നിങ്ങള്‍ക്ക് ഈ കിട്ടുന്ന മെയില്‍ 8 പേര്‍ക്കെങ്കിലും അയച്ച് കൊടുത്താല്‍ ഒരു ലാപ്പ്ടോപ്പ് കിട്ടുമെന്നും , ഒരു മൊബൈല്‍ ഫോണ്‍ കിട്ടുമെന്നുമൊക്കെ പറഞ്ഞ് വരുന്ന മെയിലുകളും ഉണ്ടായിരുന്നു. ആധികാരികത ഉറപ്പ് വരുത്താന്‍ ലാപ്പ്ടോപ്പ്/മൊബൈല്‍ തരുന്ന കമ്പനിയുടെ പ്രതിനിധിക്ക് കൂടെ മെയിലിന്റെ ഒരു കോപ്പി വിടണമെന്ന് പറഞ്ഞിട്ടുണ്ട്. മെയില്‍ അഡ്രസ്സ് ബുക്കിലുള്ളവര്‍ക്കൊക്കെ ഫോര്‍വ്വേഡ് ചെയ്ത് കൊടുത്ത് കിട്ടാന്‍ പോകുന്ന സമ്മാനത്തെപ്പറ്റിയുള്ള ദിവാസ്വപ്നത്തിന്റെ ആദ്യറീല്‌ തുടങ്ങുന്നതിനുമുന്‍പേ കമ്പനി പ്രതിനിധിയ്ക്ക് അയച്ച മെയില്‍ ടെന്നീസ് ബോളുപോലെ തിരിച്ചുവന്നിരിക്കുമെന്നതാണു്‌ സത്യം .

4. എന്റൊരു സഹപ്രവര്‍ത്തകന് പറ്റിയ ഒരബദ്ധം രസകരമായ സംഭവമായിരുന്നു. അബുദാബിയിലെ പാലസ് ഹോട്ടലിന്റെ ചില ഭാഗങ്ങളിലൊക്കെ പൊതുജനത്തിന് കയറിയിറങ്ങിക്കാണാന്‍ സൌകര്യമുണ്ട്. അവിടെപ്പോയി ഏതോ വിദ്വാന്‍ കുറേ പടങ്ങളൊക്കെ എടുത്ത് ഇത് അബുദാബി ഷേക്കിന്റെ പാലസാണെന്ന് പറഞ്ഞ് അയച്ച് കളിച്ചത് എന്റെ സഹപ്രവര്‍ത്തകനും കിട്ടി. കക്ഷിയത് ഇടം വലം നോക്കാതെ കുറേ കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. അതിലെ അബദ്ധം മനസ്സിലാക്കിയ കൂട്ടുകാര്‍ കുറേപ്പേര്‍ പാലസ് ഹോട്ടലില്‍ കയറി നന്നായി പോസുചെയ്ത് കുറെ പടങ്ങള്‍ എടുത്ത്,
" ദാ പിടിച്ചോ മോനേ നെന്റെ ഷെയ്ക്കിന്റെ പാലസില്‍ ഞങ്ങള്‍ വിരുന്നിന് പോയപ്പോള്‍ എടുത്ത പടങ്ങള്‍ " എന്ന് പറഞ്ഞ് കക്ഷിക്ക് തിരിച്ചയച്ചുകൊടുത്തു. ചമ്മാന്‍ ഇനി പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ ?

5. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാന്ദ്രയിലെ വീടാണെന്ന് പറഞ്ഞ് കറങ്ങി നടന്ന മെയിലിനെ ബെര്‍ളി തോമസ്സ് പൊളിച്ചടുക്കിയത് കണ്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കുമല്ലോ ? അങ്ങനൊരു വീട് പണിയാന്‍ സച്ചിന്‌ കെല്‍പ്പില്ലാന്നൊന്നും ആരും കരുതുന്നില്ല. എന്നാലും ഇതൊക്കെ ഫോര്‍വ്വേഡ് ചെയ്ത് വിടുന്നതിനു്‌ മുന്നേ ആരും രണ്ടാമതൊന്ന് ആലോചിക്കുന്നുപോലുമില്ല.

6. ബെര്‍ളി തോമസ്സിന്റെ കാര്യം പറഞ്ഞപ്പോളാണ്‌ ഈ വിഷയത്തില്‍ പോസ്റ്റ് എഴുതിയുണ്ടാക്കുന്ന എനിക്ക് പറ്റിയ ഒരു അമളിയെപ്പറ്റി ഓര്‍ത്തത്. കൊള്ളാവുന്ന ഒരു ഹാസ്യലേഖനം ഫോര്‍വ്വേഡായി കിട്ടി. ആരെഴുതിയതാണെന്നൊന്നും അതിലില്ല. എനിക്ക് ലേഖനം ഇഷ്ടപ്പെട്ടതുകൊണ്ട് വളരെ അടുത്ത ചിലര്‍ക്ക് അത് അയച്ച് കൊടുക്കുകയും ചെയ്തു.

“ഇത് നമ്മുടെ ബര്‍ളിയുടെ 'സതാംപ്റ്റണില്‍ നിന്ന് സണ്ണിക്കുട്ടി' എന്ന കത്തല്ലേ?”

എന്ന് ചോദിച്ച് ഒരു സുഹൃത്തു്‌ മറുപടി അയച്ചപ്പോഴാണ്‌ എന്റെ അല്‍പ്പത്തരം എനിക്ക് വെളിവായത്. എന്റെ കൂട്ടുകാരന്‍ കരുതിക്കാണണം ഞാന്‍ അത് എന്റെ സൃഷ്ടിയാണെന്ന ഭാവത്തില്‍ ജനത്തിന് മൊത്തം അയച്ച് കൊടുക്കുകയായിരുന്നു എന്ന്. തന്റെ ലേഖനങ്ങള്‍ പേര് വെക്കാതെ ഫോര്‍വ്വേഡ് ചെയ്ത് കളിക്കുന്നവരെ ‘ഫോര്‍വ്വേഡ് നാറികള്‍ ‘ എന്ന് ബെര്‍ളി വിളിച്ചാല്‍ അതിലെന്താണ് തെറ്റ് ? ഒരു പ്രാവശ്യത്തേക്കാണെങ്കിലും ഞാനും ആ വിളി കേട്ടിരിക്കുന്നു. തൃപ്പിതിയായി.

7. സര്‍ദാര്‍ജിക്കഥകള്‍ ഇ-മെയിലില്‍ കിട്ടിയാല്‍ ഞാനും ഒരുപാട് പേര്‍ക്ക് ഫോര്‍വ്വേഡ് ചെയ്ത് കൊടുക്കാറുണ്ടായിരുന്നു കുറേക്കാലം മുന്‍പ് വരെ. മറ്റൊരു ഫോര്‍വ്വേഡഡ് മെയിലാണ്‌ ആ സ്വഭാവം ഇല്ലാതാക്കിയത്. അതിങ്ങനെ പോകുന്നു. ഒരു സര്‍ദാര്‍ജിയുടെ ടാക്‌സിയില്‍ കയറി യാത്ര ചെയ്യുകയായിരുന്ന കുറേ ചെറുപ്പക്കാര്‍ അദ്ദേഹത്തെ കളിയാക്കാനായിത്തന്നെയായിരിക്കണം കുറേ സര്‍ദാര്‍ജിക്കഥകള്‍ പറഞ്ഞ് യാത്രാന്ത്യം വരെ ഉല്ലസിച്ച് നേരം കളയുകയായിരുന്നു. യാത്രയുടെ അവസാനം സര്‍ദാര്‍ജി ഓരോ ഒറ്റരൂപ നാണയങ്ങള്‍ എല്ലാവര്‍ക്കും എടുത്ത് കൊടുത്തിട്ട് പറഞ്ഞു .

"നിങ്ങള്‍ എവിടെയെങ്കിലും ഒരു സര്‍ദാര്‍ജി ഭിക്ഷക്കാരനെ കാണുകയാണെങ്കില്‍ ഈ നാണയം എനിക്കുവേണ്ടി അയാള്‍ക്ക് നല്‍കണം.“

സര്‍ദാര്‍ജികള്‍ അദ്ധ്വാനികളാണ്‌ , അഭിമാനികളാണ്. അവര്‍ ഭിക്ഷ യാജിക്കാന്‍ പോകാറില്ല. അതിന്റെ ആവശ്യം ഉണ്ടാകാറില്ല. അതുകൊണ്ട് ആ നാണയം ആ ചെറുപ്പക്കാരില്‍ ഒരാളുടെ കൈയ്യില്‍ ഇപ്പോളുമെണ്ടെന്നാണ് മെയിലില്‍ പറയുന്നത്. നിര്‍ത്തി, സര്‍ദാര്‍ജിക്കഥകള്‍ പ്രചരിപ്പിക്കുന്നത് അതോടെ ഞാന്‍ നിര്‍ത്തി. ഇനിയില്ല. സ്വന്തം ‘സൃഷ്ടി‘ പോലും ആര്‍ക്കും അയച്ച് കൊടുക്കുന്ന പ്രശ്നം ഇനിയില്ല.

സത്യസന്ധമല്ലാത്ത ഫോര്‍വ്വേഡഡ് ഇ-മെയിലുകളില്‍ പലതും ഹോക്സ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തെമ്പാടുമുള്ള ഇ-മെയില്‍ ഐഡികള്‍ ശേഖരിച്ച് ആ ഐഡികളിലേക്കൊക്കെ സ്പാം മെയിലുകള്‍ അയക്കാന്‍ സൌകര്യം ചെയ്ത് കൊടുക്കുന്ന ഒരു മാഫിയ തന്നെ ഇത്തരം മെയിലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ മെയില്‍ ബോക്സിലേക്ക്, നമ്മളയച്ച ഫോര്‍വ്വേഡഡ് മെയിലുകള്‍ , സ്പാം മെയിലുകള്‍ക്ക് വന്നുകേറാനുള്ള വഴിയൊരുക്കി എന്നത് മനസ്സിലാക്കാതെ സ്പാം മെയിലുകളെ നമ്മള്‍ മറുവശത്ത് ചീത്തവിളിച്ചുകൊണ്ടിരിക്കുന്നു. എന്തൊരു വിരോധാഭാസം.

കൈയ്യില്‍ക്കിട്ടുന്ന മെയിലുകളൊക്കെ ഫോര്‍വ്വേഡ് ചെയ്ത് കൊടുക്കുന്നതിനു്‌ മുന്‍പേ എല്ലാവരും ഒരുവട്ടമെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. ‘ഊഹാപോഹങ്ങള്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പോലും പ്രചരിപ്പിക്കുന്ന കാലമല്ലേ പിന്നെന്താ ഞാനിപ്പോള്‍ സത്യാവസ്ഥയെപ്പറ്റി വലിയ ഉറപ്പൊന്നുമില്ലാത്ത ഒരു മെയില്‍ അയച്ചുകൊടുത്താല്‍ ‘ എന്ന് മറുചോദ്യം ചോദിക്കുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!

ഇനിയിപ്പോള്‍ നാലഞ്ച് മെയില്‍ ഫോര്‍വ്വേഡ് ചെയ്താലേ ഉറക്കം വരൂ എന്നുള്ളവര്‍ക്ക് നിര്‍ദ്ദോഷകരമായ ഒരു ഉദാഹരണം ഞാന്‍ നിര്‍ദ്ദേശിക്കാം, കേട്ടോളൂ.

ഈയടുത്ത് കിട്ടിയ അത്തരമൊരു മെയില്‍ സഞ്ചാരിയായ കൊളംബസ്സിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അടിസ്ഥാനരഹിതമായ മെയിലുകള്‍ക്ക് പകരം, ഇമ്മാതിരിയുള്ള ഫോര്‍വ്വേഡ് മെയിലുകള്‍ അയച്ച് കളിച്ചാല്‍ വായിക്കാന്‍ അല്‍പ്പം രസമെങ്കിലും ഉണ്ട്. അവിവാഹിതനായിരുന്ന കൊളംബസ്സ് വിവാഹിതനായിരുന്നെങ്കില്‍ , കപ്പലില്‍ ചുറ്റിയടിച്ചുനടന്ന് വീട്ടില്‍ വന്ന് കയറുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ചോദ്യങ്ങളും പ്രതികരണങ്ങളുമായിരുന്നു ആ മെയിലില്‍ . അതിന്റെ നിരക്ഷര-വേര്‍ഷന്‍ താഴെ.

നിങ്ങളെവിടെപ്പോയിരുന്നു ?
ഓ...ഞാനൊന്ന് കറങ്ങാന്‍ പോയി.
എവിടെയാ പോയത് ?
ഒന്ന് വൈപ്പിന്‍ കര വരെ പോയി.
കൂടെ പെണ്ണുങ്ങള്‍ ആരെങ്കിലും ഉണ്ടായിരുന്നോ ?
ഹേയ് ..പെണ്ണുങ്ങളോ ? എന്റെ കൂടെ എന്റെ നാവികര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇനിയെങ്ങോട്ടാ അടുത്ത യാത്ര ?
ഒന്ന് പോഞ്ഞിക്കര വരെ പോകണം .
പെണ്ണുങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ കൂടെ ?

(കൊളംബസ്സിന്റെ നിയന്ത്രണം പോകുന്നു.)

പണ്ടാറെടങ്ങാന്‍ ഞാന്‍ ഒരിടത്തും പോകുന്നില്ല. പോരേ ?