Friday 25 January 2008

ഒരു പേരിലെന്തിരിക്കുന്നു ?!!

രു പേരിലെന്തിരിക്കുന്നു എന്ന വിഷയത്തെപ്പറ്റി മിക്കവാറും എല്ലാവരും ആവശ്യത്തിലും അതിലധികവും, എഴുതുകയും തര്‍ക്കിക്കുകയുമെല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. എന്നാലും, ഒരു ബ്ലോഗറായ സ്ഥിതിക്ക് ഈ വിഷയത്തെപ്പറ്റി ഈയുള്ളവന്റെ വഹ ഒരു കുറിപ്പെങ്കിലും എഴുതിയില്ലെങ്കില്‍ കുറച്ചിലല്ലേ ?

ബ്ലോഗാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ ഒരു ബ്ലോഗപ്പേര് ഇടണമെന്ന് കരുതിയിരുന്നു. വളരെയധികം ആലോചിച്ചിട്ടാണങ്കിലും നിരക്ഷരന്‍ എന്ന പേര് മന‍സ്സിലോടിയെത്തിയപ്പോള്‍ത്തന്നെ അതങ്ങ് ഉറപ്പിക്കുകയായിരുന്നു. കാര്യകാരണസഹിതം അന്നുതന്നെ ‍ ആ പേരിനുപിന്നിലെ രഹസ്യം വിശദീകരിച്ചിട്ടുണ്ട്.

രണ്ട്മൂന്ന് പോസ്റ്റുകള്‍ ചെയ്തപ്പോളേക്കും പല ബ്ലോഗന്മാരും, ബ്ലോഗിണിമാരും ആ പേരിനെ വളരെ സ്നേഹത്തോടെ നീട്ടിയും, കുറുക്കിയുമൊക്കെ വിളിക്കാന്‍ തുടങ്ങി. സാജന്‍ നിര്‍ എന്ന് വിളിച്ചപ്പോള്‍, ജിഹേഷ് നിരു എന്നാണ് വിളിച്ചത്.
നിരക്ഷു എന്നോ നിരക്ഷ് എന്നോ വിളിച്ചോട്ടേ എന്നാണ് ആഷ ചോദിക്കുന്നത്.
നിരക്ഷരന്‍ ചേട്ടാ എന്നല്ലാതെ മറ്റൊന്നും വിളിക്കുന്ന പ്രശ്നമില്ല എന്നാണ് ശ്രീ പറയുന്നത്. ‘നീ-രാക്ഷസന്‍’ എന്നുവരെ വിളിച്ചവരുണ്ട്.

നിരക്ഷരന്‍ എന്ന പേര്, എനിക്കുവേണ്ടി, എന്നാല്‍, എന്നിലൂടെ, ഞാന്‍ തന്നെ സ്വീകരിച്ച പേരാണ്. അതെങ്ങിനെ വേണമെങ്കിലും മാറ്റിയോ മറിച്ചോ, നീട്ടിയോ കുറുക്കിയോ വിളിച്ചോളൂ. സസന്തോഷം വിളി കേട്ടോളാം.

മനോജ് എന്ന ‘മനോഹരമായ’ എന്റെ സ്വന്തം പേരിനേയും ഇതുപോലെതന്നെ പലരും, പലവട്ടം, നീട്ടുകയും കുറുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

പഠിക്കുന്ന കാലത്ത്, ഹോസ്റ്റല്‍ വാര്‍ഡന്‍ ജിമ്മി സാര്‍ അതിനെ ‘മഞ്ചു‘ എന്ന് സ്ത്രൈണീകരിപ്പിച്ചത്, അങ്ങോര് കെട്ടാ‍ന്‍ പോകുന്ന പെണ്ണിന്റെ പേര് മഞ്ചു എന്നായതുകൊണ്ടാണെന്ന് കരുതി ഞാനങ്ങ് ക്ഷമിച്ചു.
(ക്ഷമിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താകാനും മതി.)
സ്ഥിരം കാണാറുള്ള സ്കോട്ട്‌ലാന്‍‌ഡുകാരനായ ഇവാന്‍ ക്രോംബി ‘മാഞ്ചോ’ എന്നല്ലാതെ വിളിക്കാറില്ല. അറബികളായ സഹപ്രവര്‍ത്തകര്‍ പലരും വിളിക്കുന്നത് കേട്ടാല്‍ വല്ല തെറിയോ മറ്റോ ആണെന്ന് കരുതി ചെവിപൊത്തിപ്പിടിക്കാനാണ് ആദ്യം തോന്നുക. ഒരിക്കല്‍, ഔദ്യോഗിക ആവശ്യത്തിനുവേണ്ടി പുറത്തെവിടെയോ പോയപ്പോള്‍ ഹോട്ടലില്‍ താമസിച്ചതിന്റെ ബില്ലില്‍ അവന്മാര് ‘മാങ്കോ’ എന്നടിച്ച് വെച്ചിരിക്കുന്നു. ആ ‘മാങ്കോ’ ഞാന്‍ തന്നെയാണെന്ന് എന്റെ അക്കൌണ്ട്സ് സഹപ്രവര്‍ത്തകരെ പറഞ്ഞ് മനന്നിലാക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ.
മനൂഷ്, മനാഷ്, മനോഗ് എന്നൊക്കെയുള്ള വിളികളും ഇഷ്ടം‌പോലെ കേട്ടിരിക്കുന്നു.

വയ്യാ‍.. മടുത്തൂ...

ഇനിയാരെങ്കിലും മങ്കീന്നോ, മാങ്ങാത്തൊലീന്നോ,മനോരോഗീന്നോ വിളിക്കാന്‍ തുടങ്ങും മുന്‍പ് ഞാനൊരു അവസാനവാക്ക് പറയുകയാണ്.

മനോജ് എന്ന എന്റെ ഔദ്യോഗിക നാമത്തില്‍ തൊട്ടുകളിച്ചാല്‍ എല്ലാവരും വിവരമറിയും!!

അതിനൊരുകാരണംകൂടെയുണ്ട്. ഈ പേര് എനിക്ക് ഞാനിട്ട പേരല്ല. അച്ഛനോ, അമ്മയോ, അപ്പൂപ്പനോ, അമ്മൂമ്മയോ, സഹോദരീസഹോദരന്മാരോ, മറ്റേതെങ്കിലും ബന്ധുക്കളോ, കുടുംബസുഹൃത്തുക്കളോ ഇട്ട പേരല്ല.

ഈ പേരിട്ട ആളെ ഞാന്‍ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. പക്ഷെ ഒന്നെനിക്കറിയാം. ലോകത്തൊരു മനുഷ്യക്കുഞ്ഞിനും ഇത്തരം ഒരു പേരിടീല്‍ സംഭവം അനുഭവത്തിലുണ്ടായിക്കാണില്ല. അവിടെയാണ് ഈ പേരിന്റെ മഹത്വം കുടിയിരിക്കുന്നത്.

അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ പല്ലും, നഖവും, പിന്നെ കയ്യില്‍ക്കിട്ടിയതെന്തും എടുത്ത് നേരിടുമെന്ന്, എനിക്കീപ്പേരിട്ട , ഞാന്‍ ഭൂജാതനായ വിവരമറിഞ്ഞ് ഓടി വീട്ടില്‍ വന്ന്, എന്റെ പേരില്‍ പോളിസിയെടുപ്പിക്കാന്‍ ശുഷ്ക്കാന്തി കാണിച്ച, എനിക്ക് പേരില്ലാത്തതിന്റെ പേരില്‍ പോളിസി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി, അന്നാട്ടിലുള്ളതില്‍ വെച്ചേറ്റവും ബെസ്റ്റ് പേരെനിക്കിട്ട, ഞങ്ങളുടെ L.I.C.ഏജന്റിന്റെ പേരില്‍ ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തുകൊള്ളുന്നു.

ഗുണപാഠം:- ഒരു പേരില്‍ ഒന്നും ഇരിക്കുന്നില്ല. പക്ഷെ ആ പേര് ആരാണിട്ടത് എന്നതിലാണ് എല്ലാമിരിക്കുന്നത്.

29 comments:

  1. ഒത്തിരി പേരെ മരണത്തോടെ ധനികനാക്കിയ ആ മഹാന്‌ നന്ദി പറയാം... ആ പോളിസി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ.... പിന്നെ ഈ മുടി ഇപ്പോഴും നീട്ടിത്തന്നെയാണോ ഇരിക്കുന്നത്‌. ഇവിടെ മരുഭൂമിയില്‍ എത്തി ഏഴ്‌ വര്‍ഷം പിന്നിടുന്ന എന്റെ മുടി മുക്കാല്‍ ഭാഗവും പോയി. ബാക്കിയുള്ളത്‌ വെളുത്തു. അല്‍പം മുടി കടം തരുമോ.....
    സ്‌നേഹത്തോടെ
    അഷ്‌റഫ്‌

    ReplyDelete
  2. ഇതിനായിരിക്കുമല്ലെ പോസ്റ്റാന്‍ വേണ്ടി പോസ്റ്റെന്നൊക്കെ പറയുന്നത്?

    ReplyDelete
  3. കൊള്ളാം നിരക്ഷ‌ര്‍ പേരു വന്ന വഴി. പക്ഷേ കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നു.

    ReplyDelete
  4. അഷറഫേ, ആ പോളിസി ഈയിടെ പ്രായപൂര്‍ത്തിയായി.
    “ഉറക്കത്തില്‍ മുറിച്ചുകളയും“ എന്നൊക്കെയുള്ള പൊണ്ടാട്ടിയുടെ ഭീഷണിയൊന്നും വകവയ്ക്കാതെ മുടി ഇപ്പോഴും നീട്ടിത്തന്നെ കൊണ്ടുനടക്കുന്നു. മുറിക്കുന്ന കാലത്ത് മൊത്തമായി അങ്ങോട്ട് കൊടുത്തയക്കാം. പോരേ ?

    മൂര്‍ത്തി :-)

    തറവാടീ, കമന്റുകണ്ടപ്പോള്‍ ഞാനീ ബ്ലോഗിലെ മറ്റ് പോസ്റ്റുകള്‍കൂടെ സ്വയം ഒന്നു വായിച്ചുനോക്കി. മൊത്തത്തില്‍ ‘അഹം’എന്ന ഒരു സംഭവം നിറഞ്ഞുനില്‍ക്കുന്നു. സാഹിത്യമോ, നര്‍മ്മമോ, വിജ്ഞാനമോ ഒന്നും സംഭാവന ചെയ്തിട്ടുമില്ല. അക്കൂട്ടത്തില്‍ ഇതും ഒരു പോസ്റ്റ്. അങ്ങിനെ കരുതി വിട്ടുകളഞ്ഞേക്ക്. :) :)

    വാല്‍മീകീ, ഇനിയെന്ത് തെളിച്ചുപറയാന്‍? അക്ഷരമറിയാതെ ഇത്രയും തന്നെ പറഞ്ഞതിന്റെ ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ.

    ReplyDelete
  5. ഇരിക്കുന്നല്ലോ അച്ഛാ പേരില്‍ ഒരു പാട് കാര്യങ്ങള്‍
    വിളമ്പിയ കാര്യങ്ങള്‍ തന്നെ ഒരു പേരില്‍ നിന്നുണ്ടായതല്ലേ അതാണ് പേരിലിരിക്കുന്ന കാര്യം.
    ഇപ്പം മനസ്സിലായല്ലോ ഒരുപെരില്‍ എന്തൊക്കെയോ ഇരിക്കുന്നൂ എന്ന്‌ ...

    പിന്നെ സ്വന്തം പേര് മനോജ്‌ എന്ന് എഴുതിക്കണ്ടു അത്‌ ശരിയല്ല മനോജ്‌ രവീന്ദ്രന്‍ എന്നല്ലേ പൂര്‍ണനാമം

    ഈ പെര് കൊണ്ട്‌ കളിച്ചാല്‍ സുനാമി വരും എന്നൊക്കെയാണല്ലോ ഭീഷണി ആ ഭീഷണി വെല്ലു വിളിയോടെ നേരിടാന്‍ തയ്യാറാണ് ഈ കൊസ്രാക്കൊള്ളീ
    ഒരു പുതിയ പേര്‍് പറയാം മനോജില്‍ നിന്ന്‌ മ രവീന്ദ്രനില്‍ നിന്ന്‌ ര നിരക്ഷരനില്‍ നിന്ന്‌ നിര

    അഹാ എന്താ പേര് മരനിര അതേ മരനിര ഒരുപത്തു പ്രാവശ്യം പറഞ്ഞു നോക്കൂ ശര്യാവും മരനിരമരനിര
    ബൂലോക ഫോറാസ്റ്റിലെ മരനിരയായതില്‍ അഭിമനിക്കൂ

    അതാണ്‍് കാര്യം പേരിലെ കാര്യം ഒരുപേരില്‍ എന്തെല്ലാം ഇരിക്കുന്നൂ

    ReplyDelete
  6. ഹഹാ..പേരില്‍‍ പലതും ഇരിക്കുന്നു.:)
    ഇവിടെ

    ReplyDelete
  7. പേരിലൊന്നും ഇരിക്കുന്നില്ലേ?

    http://arkjagged.blogspot.com/2006/01/blog-post_17.html

    ആശംസകള്‍

    ഇടിവാള്‍

    ReplyDelete
  8. നീ ഭാഗ്യവാനാണ് . LICക്കാരന്‍ വല്ല പരമുന്നൊ തങ്കപ്പന്‍ ന്നൊ ഇഡാത്തതില്‍

    ReplyDelete
  9. :-)
    ഗുണപാഠം നന്നായി..

    ReplyDelete
  10. നിരക്ഷരന്‍...

    പേരിലൊരു പോസ്റ്റുമായി
    പേരിലൊരു സംഗതിയുമായി
    പേരില്ലാത്തവരെ..വരൂ വരൂ
    ഒരു പേരിലെന്തിരികുന്നു

    ഈ പേരിലുമുണ്ടൊരു കൌതുകം

    നല്ല കുറിപ്പ്‌...അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  11. ഒരു പോളിസി മറിക്കാനുള്ള തത്രപ്പാടേ... കൊള്ളാം!

    ഓ.ടോ: പപ്പൂസ്... എത്ര സുന്ദരമായ പദം! ആരാണാവോ ആ പേരിന്റെ ഉടമ!!

    ReplyDelete
  12. പേരിനും ഒരു കഥ...ഇതെന്താ കഥ!!! :)

    ReplyDelete
  13. yes. i also agree with nishad's comments.

    ReplyDelete
  14. സ്വന്തം പേരിന്റെ കഥ സരസമായി അവതരിപ്പിച്ചു. :) നിരക്ഷരന്‍ എന്ന പേരു ചുരുക്കി നിരന്‍ ആക്കിയാലോ? കേള്‍ക്കാനൊരു സുഖമുണ്ട്. ഓ.. അപ്പോ, അതാണ് കാര്യം ! പേരില്‍ കാര്യമുണ്ട് ! ചുമ്മാ കമന്റ് എഴുതിവന്നപ്പോഴല്ലേ കാര്യം മനസ്സിലായത് :)

    ReplyDelete
  15. from റീനി - reenit@gmail.com Jan 26 (13 hours ago)
    to manojravindran@gmail.com
    date Jan 26, 2008 10:46 PM
    subject Chat with റീനി
    mailed-by gmail.com

    10:46 PM റീനി: oru perilenthirikkunnu? kure mudiyil enthirikkunnu, alle?

    ReplyDelete
  16. ഒരു പേരിലും ഇത്ര കാര്യങ്ങള്‍, അല്ലേ നിരക്ഷരന്‍‌ ചേട്ടാ...
    :)

    ReplyDelete
  17. ഇത്തിരി നേരം
    ഒത്തിരി കാര്യം

    ഒരു പേരില്‍ എന്തിരിക്കുന്നു
    എന്ന് ഷെക്സ്പീര്‍ ചോദിച്ചതാണ്
    ഇപ്പോള്‍ മനസിലായി പുള്ളിക്കാരന്‍ ചോദിച്ചതിന്റെ അര്‍ഥം

    ഞാന്‍ അക്ഷര നീ എന്ന് വിളിക്കാം

    ReplyDelete
  18. നന്നായി ഈ ഗുണപാഠം ....

    My Phone No: 9447842699.

    ReplyDelete
  19. പേരിലെന്തിരിക്കുന്നു, നമ്മള്‍ മനുഷ്യരായാല്‍.. ;-)

    ഏതായാലും നല്ല പേരാ :)

    ReplyDelete
  20. ആളെക്കണ്ടാല്‍ ഒരു നിരക്ഷരനാണെന്ന് തോന്നത്തേയില്ല. എഴുതിയത് വായിച്ചപ്പോളല്ലേ കാര്യങളുടെ കിടപ്പ് മനസ്സിലായത്..
    ഇത് നിരക്ഷരനൊന്നുമല്ല ‘ഒരൊന്നൊന്നര‘ അക്ഷരനാണേയ്...

    ReplyDelete
  21. എന്നാ പേരു മാറ്റി നമുക്ക്‌ നംബര് ആക്കിയാലോ മാഷേ
    എന്തു പറയുന്നു...
    പോലീസിനെ പോലെ

    ReplyDelete
  22. ഇതു എങ്ങനെ സാധിക്കുന്നു!!!!!!!!!!!!!

    ReplyDelete
  23. ഇപ്പഴാ നിരക്ഷരന്‍ എന്ന പേരിന്റെ ഗുട്ടന്‍സ്‌ മനസ്സിലായത്‌! എങ്കിലും നാശമില്ലാത്ത ഒന്നിനെ അറിയാത്തവന്‍ എന്നൊക്കെ പറയുന്നത്‌ (ക്ഷരം=നാശം, അക്ഷരം= നാശമില്ലാത്തത്‌) കുറച്ചുകടന്നുപോയില്ലേ എന്നൊരു സംശയംകൊണ്ടാണ്‌ ഞാന്‍ അവിടെ അങ്ങനെ ചോദിച്ചത്‌. എങ്കിലും കഥ കേട്ടപ്പോള്‍ അതും ശരിയാണെന്നു തോന്നുന്നു. നമുക്കെന്തറിയാം , യതാര്‍ഥത്തില്‍ അറിയേണ്ടതു പലതും അറിയാതെ പോകുന്ന നിരക്ഷര കുക്ഷികള്‍! അപ്പോള്‍ ഞാന്‍ പറഞ്ഞത്‌ പിന്‍ വലിച്ച്‌ നിരക്ഷന്‍ എന്ന് നീട്ടിവിളിക്കാതെ നിരൂ എന്ന് വിളിക്കുന്നു, ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ മറക്കേണ്ട!

    ReplyDelete
  24. കൊസ്രക്കൊള്ളീ - ‘മരനിര’ ഒന്നൊന്നര പേരായിപ്പോയല്ലോ മാഷേ അത്. ഇജ്ജാതി കിടുക്കന്‍ പേരൊക്കെ സമ്മാനിക്കുന്നവരോട് എന്തോന്ന് ഭീഷണി, എന്തോന്ന് സുനാമി. എല്ലാം മായ്ച്ചു കളഞ്ഞു. നാന്‍ അങ്ങനെയൊരു സംഭവം പറഞ്ഞിട്ടുമില്ല, ഓര്‍ക്കുന്നുമില്ല. :) :)

    വേണൂ - പിന്നില്ലേ പേരില്‍ പലതുമിരിക്കുന്നുണ്ട്.

    പേര് പേരക്ക - മൌനം എന്തിനാണ് മാഷേ. ഇപ്പേര് വന്നതെങ്ങിനെയെന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്.

    ഇടിവാളേ - പേരില്‍ പലതുമുണെന്നറിയാം. ഒരു പേരിലെന്തിരിക്കുന്നു, എന്ന് പലരും എഴുതിക്കണ്ടു. എങ്കില്‍ അതങ്ങിനെ തന്നെ ഇരിക്കട്ടെ, പേരിട്ട ആളിലാണ് എല്ലാമിരിക്കുന്നത് എന്നൊരു നമ്പര്‍ ഇട്ടുനോക്കിയാലോ എന്ന് കരുതി. അതാണ് ഈ പോസ്റ്റിനാധാരം. പക്ഷെ അത് എഴുത്തിലൂടെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍‍ ഞാന്‍ അമ്പേ പരാജയപ്പെട്ടു, എല്ലാത്തരത്തിലും.

    എന്തായാലും അരവിന്ദിന്റെ ബ്ലോഗ് ലിങ്ക് അയച്ചുതന്നതിന് ഒരുപാട് നന്ദി. ഞാനതാദ്യമായിട്ട് കാണുകയായിരുന്നു. ഇന്നിപ്പോ കൊച്ചുത്രേസ്യയുടെ ഗുരുകൂടെയാണ് അരവിന്ദ് എന്നറിഞ്ഞപ്പോളാണ് ഈ ബൂലോകത്ത് ഞാനെന്ന എലി ഒന്നും മനസ്സിലാക്കിയിട്ടില്ല ഇതുവരെ എന്ന് വെളിവായത്.
    നന്ദി, നന്ദി, നന്ദി.

    നിഷാദേ - എങ്കി ഞാനയാളെ കൊന്നേനേ, ങ്ങാ...

    ഗോപന്‍ - നന്ദി.

    മന്‍സൂറേ - അപ്പേരും പറഞ്ഞ് കവിതയും എഴുതിയോ ? ഹോ..ഇതാ ഞാനൊന്നും എഴുതാത്തത്. :) :)

    പപ്പൂസേ - ആ പേരിന്റെ ഉടമയാണ് പുപ്പുലി, ഓ.സി.ആര്‍. :)

    ഷാരൂ - ഒരു കഥയില്ലാത്തവന്‍ എന്നിനി ആരും പറയില്ലല്ലോ !!

    സിന്ധൂ - നന്ദി.

    സ്നേഹതീരം - ഹ...അതുകലക്കി. എന്താ പേരത്,..... നിരന്‍.
    സിനിമാനടന്‍ നരേന്‍ എന്നൊക്കെ പറയുന്നപോലെ. മലയാളം അക്ഷരം ഒക്കെ പഠിച്ച് കഴിഞ്ഞ് ഞാനെന്റെ പേരൊക്കെ ഒന്ന് പരിഷ്ക്കരിക്കും.(രാജപ്പന്‍ വിദേശത്ത് പോയി നാല് പുത്തനൊക്കെ ഉണ്ടാക്കിയപ്പോള്‍ ആര്‍.എ.ജപ്പാന്‍ എന്ന് പേര് മാറ്റിയതുപോലെ) അന്ന് ഞാനീ പേര് എടുക്കും. നിരന്‍, നിരന്‍, നിരന്‍.
    കൊസ്രക്കൊള്ളി ക്ഷമിക്കണം, ഞാന്‍ ആദ്യം പറഞ്ഞതൊക്കെ മായ്ച്ചുകളഞ്ഞു. :) :)

    റീനി - ങ്ങാ‍.. മുടിയില്‍ തൊട്ടുള്ള കളിയൊന്നും വേണ്ട. അമേരിക്കയില്‍ പെങ്കൊച്ചുങ്ങള്‍ക്ക് എത്രത്തോളം മുടി ഉണ്ടാകുമെന്ന് എനിക്കറിയാം.
    അസൂയ, അസൂയ....:) :)

    വീണേ - ചിരിച്ചോ ചിരിച്ചോ, L.I.C.ക്കാരന്‍ ഇട്ട പേരുമായി ജീവിക്കുന്ന ഒരു മണ്ടച്ചാര് എന്നല്ലേ ആ ചിരിയുടെ അര്‍ത്ഥം.

    ശ്രീ - പിന്നില്ലേ. നന്ദീട്ടോ.

    കാപ്പിലാനേ - അങ്ങനെയൊരു കാലമാകുമ്പോള്‍ ഞാന്‍ അറിയിക്കാം. യഥേഷ്ടം വിളിച്ചോളൂ.

    അരീക്കോടന്‍ മാഷേ - നന്ദീട്ടോ. ഞാന്‍ വിളിക്കും. അടുത്ത മാനന്തവാടി സന്തര്‍ശനത്തിന്റെ സമയത്ത്. അപ്പോ കാണാം.

    റഫീക്കേ - നല്ല പേരാണെന്ന് പറഞ്ഞതിന് നന്ദി.

    കുട്ടന്‍ ഗോപുരത്തിങ്കല്‍ - സമ്മതിച്ചു. ഒന്നൊന്നര അക്ഷരം മാത്രമേ അറിയൂ. :) :) നന്ദീട്ടോ.

    ക്ലിന്റ് അച്ചായോ - നമ്പറാണിടുന്നതെങ്കില്‍ എനിക്ക് 786 തന്നെ വേണം.

    ബബ്‌ലൂ - ഞാനല്ലല്ലോ , L.I.C. ഏജന്റല്ലേ സാധിച്ചത്. :) :)

    ഷാനവാസേ - എന്തൊക്കെയാ പറഞ്ഞത്?
    ക്ഷരം=നാശം,
    അക്ഷരം=നാശമില്ലാത്തത്,
    മാഷ് മലയാളം വാദ്ധ്യാരോ മറ്റോ ആണോ ?
    സമ്മതിച്ച് തന്നിരിക്കുന്നു.

    നിരൂന്ന് വിളിച്ചോ. ഞാന്‍ വിളി കേട്ടോളാം.

    എന്റെ പേരിടീല്‍ ചടങ്ങിന് പങ്കെടുത്ത എല്ലാ ഭൂലോകര്‍ക്കും നന്ദി.

    ReplyDelete
  25. ഒരു പേരില്‍ എന്തിരിക്കുന്നു ..

    ReplyDelete
  26. അപ്പൊ ഒരു പേരില്‍ എന്താണ്ടൊക്കെ ഇരിപ്പൊണ്ട്:)

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.