Monday 1 September 2008

ഓണപ്പട്ടിണി

തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സെപ്റ്റംബര്‍ 6. പതിവുപോലെ രാവിലെ 9 മണിക്ക്, ബോംബെയില്‍ വിലെ-പാര്‍ലെ ഈസ്റ്റിലുള്ള എല്‍ബി കുറിയേഴ്‌സിന്റെ ഹെഡ്ഡാപ്പീസില്‍(ഞാനവിടെ അന്ന് റെസിഡന്റ് എഞ്ചിനീയര്‍) ചെന്ന്, ഫോണെടുത്ത് ഗോവാക്കാരനായ ബോസ്സ് ദത്താറാം കൊസംമ്പയെ വിളിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വക രസികന്‍ ഒരു ചോദ്യം.

“ന്യൂ ഇയറൊക്കെ ആയിട്ട് നീയിന്നെന്തിന് ജോലിക്ക് വന്നു ? ”

ഞാനാദ്യമൊന്ന് പകച്ചുപോയി. ന്യൂയര്‍ എന്നുപറഞ്ഞാന്‍ ജനുവരി ഒന്നല്ലേ ? അതെന്നാണ് സെപ്റ്റംബര്‍ മാസത്തിലേക്ക് മാറ്റിയത് ?!! ഞാന്‍ വെടികൊണ്ടതുപോലെ നില്‍ക്കുകയാണെന്ന് മനസ്സിലായിട്ടായിരിക്കണം, പൊട്ടിച്ചിരിച്ചുകൊണ്ട് ദത്താറാമിന്റെ ശബ്ദം വീണ്ടും.

“മനോജ്, ഇന്ന് ഓണമല്ലേ ? നിങ്ങള്‍ മലയാളികളുടെ ന്യൂ ഇയര്‍. അതുകൊണ്ട് ഒരു മലയാളിയായ നിനക്ക് ഇന്ന് എന്റെ വക അവധി. വേഗം വീട്ടില്‍ പോയ്ക്കോളൂ ”

ഓണമാണ് മലയാളിയുടെ ന്യൂ ഇയര്‍ എന്ന് ആരാണ് ഇയാളോട് പറഞ്ഞുകൊടുത്തത് ? നമ്മുടെ പുതുവര്‍ഷം വിഷുവല്ലേ ? അതോ ചക്രാന്തിയോ ? എനിക്കാകെ കണ്‍ഫ്യൂഷനായി. അങ്ങിനെയാണെങ്കില്‍ത്തന്നെ കഴിഞ്ഞ ഓണത്തിന് അവധിയൊന്നും തന്നില്ലല്ലോ ? പിന്നെന്താ ഇക്കൊല്ലം ഒരു പ്രത്യേകത ? എന്തായാലും അതെല്ലാം പറഞ്ഞ് തര്‍ക്കിച്ച്, ചുമ്മാ കിട്ടിയ ഒരു അവധി നഷ്ടപ്പെടുത്തേണ്ട കാര്യമെന്തിരിക്കുന്നു? ഉള്ള നേരത്തേ സ്ഥലം കാലിയാക്കുക തന്നെ.

മറുനാട്ടില്‍ വന്ന് ബാച്ചിലര്‍ സുഹൃത്തുക്കളുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയതിനുശേഷം ഓണവും, വിഷുവുമൊക്കെ വന്നുപോകുന്നത് അറിയുന്നേയില്ലെന്നുള്ളത് ഒരു നീറുന്ന സത്യമായി മാറിയിരിക്കുന്നു.

താമസിക്കുന്ന സ്ഥലത്തേക്ക് അരമണിക്കൂര്‍ ബസ്സ് യാത്രയുണ്ട്. തൊട്ടടുത്തുള്ള വെജിറ്റേറിയന്‍ റസ്റ്റോറന്റീന്ന് നല്ലൊരു ഓണ-ശാപ്പാടും അടിച്ച്, വേഗം കൂടണയാന്‍ നോക്കാമെന്ന് കരുതി വെളിയിലിറങ്ങിയപ്പോള്‍, പുറത്താകെ ഒരു മ്ലാനത. വെളിയിലൊന്നും വലിയ തിരക്കില്ല. വാഹനങ്ങളധികമൊന്നും റോട്ടിലില്ല. റെയില്‍‌വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡില്‍പ്പോലും കാര്യമായി ജനങ്ങളെയൊന്നും കാണാനില്ല. ഇതിനി ബോംബെ തന്നെയല്ലേ ? എനിക്കാകെ ഒരു ചിന്താക്കുഴപ്പം.

വഴിയിലിറങ്ങി ബസ്സ് സ്റ്റോപ്പില്‍ കുറച്ചുനേരം നിന്നു. ബസ്സ് പോയിട്ട് ഒരു കൈവണ്ടി പോലും ആ വഴിക്കൊന്നും കാണുന്നില്ല. 5 മിനിറ്റോളം നിന്നപ്പോള്‍ ഒന്നോ രണ്ടോ ബൈക്കും, സ്കൂട്ടറുമൊക്കെ കടന്നുപോയി. അതിനിടയില്‍ വേറൊരു കക്ഷി കൂടെ ബസ്സ് സ്റ്റോപ്പിലെത്തി. ഇഷ്ടനോട് റോഡെല്ലാം കാലിയായതിന്റെ വിവരം തിരക്കിയപ്പോളല്ലേ ദത്താറാം ഓണാവധി തന്നതിന്റെ പൊരുള്‍ ശരിക്കും മന‍സ്സിലായത്.

ശിവസേനാ നേതാവ് ബാല്‍ താക്കറേയുടെ ഭാര്യ മീനാ താക്കറെ‍ മരിച്ചു. ശിവസേന ബന്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള ബന്ത് പ്രഖ്യാപനമായതുകൊണ്ട് നിരത്ത് മൊത്തം കാലിയാകാന്‍ കുറച്ചുകൂടെ സമയം എടുക്കും.

കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്ന് മനസ്സിലായി. ഭക്ഷണം കഴിക്കാമെന്ന് കരുതിയിരുന്ന ഹോട്ടലിന് മുന്‍പിലെത്തിയപ്പോള്‍ അവരതാ ഷട്ടര്‍ ഇട്ടുകൊണ്ടിരിക്കുന്നു. നേരേ ‘വിലേ പാര്‍ലേ‘ സ്റ്റേഷനിലേക്ക് നടന്നു. അവിടന്ന് ഒരു ഓട്ടോ കിട്ടാതിരിക്കില്ല. ഇനി ബസ്സൊന്നും കാത്തുനിന്നിട്ട് കാര്യമില്ല. എങ്ങനെയെങ്കിലും താമസസ്ഥലത്ത്‍ ചെന്നിട്ട് ഭക്ഷണം വല്ലതും ഉണ്ടാക്കിക്കഴിക്കാം.

സ്റ്റേഷന്‍ റോഡിലൂടെ കുറച്ച് നടന്നപ്പോള്‍ പുറകില്‍ നിന്ന് ഒരു കാലി ഓട്ടോ വരുന്നതുകണ്ടു. കൈകാണിച്ച് നിറുത്തി, പവായിയിലേക്കാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ ഓട്ടോക്കാരന് സന്തോഷം. അയാള്‍ ചാന്തിവിലിയിലാണ് താമസം. ഓട്ടോ അരകിലോമീറ്റര്‍ മുന്നോട്ട് നീങ്ങിക്കാണും. പെട്ടെന്നതാ വെളുത്ത ഷര്‍ട്ടും പാന്റുമിട്ട് ഓറഞ്ച് തിലകമൊക്കെ ചാര്‍ത്തിയ ഒരു ആജാനബാഹു (ശിവസേനക്കാരന്‍ തന്നെ)ഓട്ടോയുടെ മുന്‍സീറ്റിലേക്ക് ചാടിക്കയറുന്നു, ഓട്ടോക്കാരനെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നു. ഓട്ടോ നിറുത്താന്‍ പോലും പറ്റാതെ അടികൊണ്ട് അട്ട ചുരുളുന്നതുപോലെ ചുരുളുകയാണ് ഡ്രൈവര്‍. അടിക്ക് പുറമെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ഹിന്ദിക്കാരെ കൊണ്ടുവന്നാല്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ള പൂരപ്പാട്ട് മുഴുവന്‍ അകമ്പടിയുണ്ട്. ബന്ത് പ്രഖ്യാപിച്ചിട്ടും യാത്രക്കാരനെ കയറ്റി സവാരി നടത്തിയതിനാണ് അടി എണ്ണിവാങ്ങുന്നതെന്ന് ഭരണിപ്പാട്ടില്‍ നിന്നും ഊഹിച്ചെടുക്കാന്‍ എനിക്കായി.

അടിവാങ്ങിക്കൂട്ടുന്നതിനിടയില്‍ തൊട്ടടുത്ത ബസ്സ് സ്റ്റോപ്പില്‍ ഡ്രൈവര്‍ എങ്ങിനെയോ ഒരുവിധം ഓട്ടോ ചവിട്ടി നിര്‍ത്തി. ഞാന്‍ ചാടി പുറത്തിറങ്ങി. അടി അപ്പോഴും കഴിഞ്ഞിട്ടില്ല. അടി കഴിഞ്ഞിട്ട് വേണം എനിക്ക് ഓട്ടോക്കാരന് പൈസകൊടുക്കാന്‍. ഞാന്‍ കാത്ത് നിന്നു. അതിനിടയില്‍ ശിവസേനക്കാരന്‍ എന്നെ ശ്രദ്ധിച്ചു.

“ ക്യാ രേ ? “ (എന്താണ് ഊവ്വേ ?)

“ കുച്ച് നഹി “ (ഒന്നൂല്ല.)

“ ഫിര്‍ ഇധര്‍ ക്യോം ഘടാ ഹൈ” (പിന്നെന്തര് ഇവിടെ നി‍ക്കണത് ?)

“ ഓട്ടോ വാലേക്കോ പൈസാ ദേനാ ഹെ “ (ഓട്ടോക്കാരന് പൈസകൊടുക്കാന്‍ നില്‍ക്കുവാ.)

“ യേ ഹറാം സാദേ കോ പൈസാ ദേഗാ തോ, തും ഭി മാര്‍ ഖായേഗാ സാലേ “ (ഈ ഹറാം പെറന്നോന് കാശ് കൊടുത്താല്‍‍ നീയും തല്ല് മേടിച്ച് കൂട്ടും ഹമുക്കെ.)

അത് പറഞ്ഞ് തീരലും, അടിയും ഹിന്ദി-ഭരണിപ്പാട്ടും തുടരുകയായി. പിന്നവിടെ നിന്നില്ല. വലിച്ച് വെച്ച് നടന്നു റെയില്‍വേ സ്റ്റേഷനിലേക്ക്. ട്രെയിന്‍ പണിമുടക്കില്ലെങ്കില്‍ അതില്‍ക്കയറി അന്ധേരിയിലെത്താം, പിന്നങ്ങോട്ട് പവായി വരെ നടക്കുക തന്നെ. വേറേ വഴിയൊന്നും അപ്പോള്‍ മനസ്സിലുദിച്ചില്ല.

എങ്ങനെയൊക്കെയോ വീട്ടിലെത്തിയപ്പോള്‍ സമയം 2 മണി. കുറേദൂരം നടന്ന്, ക്ഷീണിച്ചവശനായതുകൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കാനുള്ള മാനസ്സികാവസ്ഥയൊന്നും ഇല്ലായിരുന്നു. സഹമുറിയന്മാര്‍ വന്നതിനുശേഷം, എല്ലാവര്‍ക്കും കൂടെ എന്തെങ്കിലും ഉണ്ടാക്കിക്കഴിക്കാമെന്ന് കരുതി തളര്‍ന്ന് കിടന്നുറങ്ങി. ബന്ദും കുലുമാലുമൊക്കെ ആയതുകൊണ്ടും എനിക്കുള്ളതുപോലെ വിശാലമനസ്ക്കനായ ഒരു ബോസ്സ് അവര്‍ക്കില്ലാത്തതുകൊണ്ടും സഹമുറിയന്മാര്‍ കയറി വന്നത് പതിവിലും വൈകിയാണ്. ഓണമാണ്, കാണം വിറ്റും ഓണം ഉണ്ണണമെന്നുമൊക്കെ അതിനിടയില്‍ ഞാനങ്ങ് മറന്നു. ഓണമായിട്ട് ഉച്ചപ്പട്ടിണി കിടക്കേണ്ടിവന്നല്ലോ എന്നാലോചിച്ചപ്പോള്‍ വല്ലാത്ത സങ്കടവും വന്നു. പിന്നൊന്നുകൂടെ ആലോചിച്ചപ്പോള്‍ ആ സങ്കടമൊക്കെ മാറി.

എത്രയോ മനുഷ്യജന്മങ്ങള്‍ ഓണമായാലും, വിഷുവായാലും, ക്രിസ്തുമസ്സാലുമൊക്കെ പട്ടിണി കിടക്കുന്നു ഈ ലോകത്ത് ?! അവരുടെ വേദനയിലും പട്ടിണിയിലും ഒരു നേരമെങ്കിലും, ജന്മത്തില്‍ ഒരിക്കലെങ്കിലും പങ്കുചേര്‍ന്ന്, ഓണപ്പട്ടിണി കിടന്നുകൊണ്ട് സന്തോഷത്തോടെ തന്നെ ഞാനാ ഓണം ആഘോഷിച്ചു.

മലയാളിയല്ലെങ്കിലും, നിര്‍ലോഭം ഓണത്തല്ല് വാങ്ങിക്കൂട്ടി എന്റെ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്ന ആ പാവപ്പെട്ട ഓട്ടോക്കാരനെ തുടര്‍ന്നിങ്ങോട്ടുള്ള എല്ലാ ഓണത്തിനും ഞാന്‍‍ സ്മരിച്ചുകൊണ്ടേയിരിക്കുന്നു. അന്നയാള്‍ക്ക് കൊടുക്കാന്‍ പറ്റാതെ പോയ ഓട്ടോക്കാശ്, പലിശയും കൂട്ടുപലിശയുമൊക്കെച്ചേര്‍ന്ന് പെരുകിപ്പെരുകി ഒരു വലിയ ‘ഓണക്കട‘മായി നിലനില്‍ക്കുമ്പോള്‍ അയാളെ എങ്ങിനെ മറക്കാനാകും ?

58 comments:

  1. മനോജേ,
    ഇതുപോലെ പ്രത്യേക ദിനങ്ങളില്‍ പ്രത്യേക അനുഭവങ്ങള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇവരെയെല്ലാം ഒരു പ്രത്യേക ഗ്രൂപ് ആക്കിയാലോ.

    എന്തായാലും രണ്ടുമൂന്ന് പുതിയ വാക്കുകള്‍ പഠിച്ചു. “ഓണപ്പട്ടിണി” , “ഓണബന്ദ്”, “ഓണക്കടം”

    ഇവിടെ ഒരു “ഓണത്തേങ്ങ” (ഒണക്കത്തേങ്ങയല്ല) യടിച്ച് “ഓണക്കമെന്റി“ടട്ടെ.

    -സുല്‍

    ReplyDelete
  2. ഇതു പോലൊരു ബന്ദിനു കണ്ണില്‍ ഗ്ലാസു തറച്ചു കാഴ്ച പോയ ഒരു കാര്‍ ഡ്രൈവറെ എനിക്കറിയാം..:(

    ഓടോ: ശിവസേനക്കാരന്‍ ഒന്നും തന്നില്ലെ..!? സത്യമായിട്ടും..!?

    ReplyDelete
  3. അങ്ങനെ ശിവസേനക്കാരുടെ വക ഓണത്തെറി കേട്ടു... ഓണത്തല്ലൊന്നും കിട്ടീല്ലേ?

    ReplyDelete
  4. നിരക്ഷരന്‍ ചേട്ടാ...
    വല്ലാത്തൊരു ഓണ അനുഭവം തന്നെ. അങ്ങനെ ഓണത്തിനും പട്ടിണി കിടക്കേണ്ടി വന്നൂല്ലേ?

    ഒരിയ്ക്കല്‍ അധികം പ്രശസ്തനാകും മുന്‍പ് തിരുവോണത്തിന്റെ അന്ന് വിശന്ന് വലഞ്ഞ് വഴിയരികില്‍ കണ്ട ഒരു വീട്ടില്‍ നിന്ന് ഭിക്ഷക്കാരനേപ്പോലെ ഭക്ഷണം കഴിയ്ക്കേണ്ടി വന്ന ചുള്ളിക്കാടിനെ ഓര്‍ത്തു.

    ReplyDelete
  5. ഓണപ്പട്ടിണി...കൊള്ളാം; നല്ല കണ്ടുപിടുത്തം :)

    ReplyDelete
  6. "അത് പറഞ്ഞ് തീരലും, അടിയും ഹിന്ദി-ഭരണിപ്പാട്ടും തുടരുകയായി. പിന്നവിടെ നിന്നില്ല. " നിന്നിരുന്നേല്‍ ഇപ്പം ബ്ലോഗ് എഴുതാന്‍ കൈയും കാലും ഉണ്ടാകുമായിരുന്നോ? കൊള്ളാം ഓണ അനുഭവം!

    ReplyDelete
  7. ഓണപ്പട്ടിണിയുടെ അനുഭവങ്ങള്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.എന്റെ കണവന്റേതടക്കം.ഇപ്പോ ഒരെണ്ണം കൂടിയായി.

    പിന്നെ മലയാളിയുടെ പുതുവര്‍ഷം ചിങ്ങം ഒന്നിന് ആണ് കേട്ടോ.

    ReplyDelete
  8. ഓണം എന്നു കേള്‍ക്കുമ്പോള്‍ ഓണസദ്യ,ഓണക്കോടി എന്നൊക്കെ മാത്രം ഓര്‍ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു.ഇപ്പോള്‍ ഓണം എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഓണത്തല്ല് ആണ്.ഓണപട്ടിണി അനുഭവിച്ചവരുടെയും ഓണത്തല്ലു കൊണ്ടവരുടെയും ഓര്‍മ്മകള്‍ അയവിറക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു.

    എന്നാലും സത്യം പറയൂ..ഓണത്തല്ല് ഓട്ടോക്കാരന്‍ മാത്രമല്ലല്ലോ മേടിച്ചു കെട്ടിയതു ??

    ReplyDelete
  9. ഇഷ്ടമായി..ഒപ്പം ഓണാശംസകളും

    ReplyDelete
  10. വിത്യസ്തമാം ഒരു ഒണം കൊണ്ടാ നീരുവിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.....

    നല്ല ഓണസ്മൃതി !!

    ഓണാശംസകളോടെ

    ReplyDelete
  11. നല്ല വിവരണം, ട്രാന്‍സ്ലേഷന്‍ കൂടുതല്‍ കലക്കി.
    പിന്നെ മലബാറില്‍ പലയിടത്തും മേടം ഒന്നാണ് വര്‍ഷാരംഭം എന്നാ‍ണ് അറിവു.മറ്റിടങ്ങളില്‍ ചിങ്ങം ഒന്ന് .നമ്മുടെ ചിത്രകാരനൊടു ചോദിച്ചാല്‍ പറഞ്ഞുതരും. :)

    ReplyDelete
  12. ഓണം എത്തുന്നതെ ഉള്ളല്ലോ..
    അപ്പഴേക്കും പേടിപ്പിക്കുവാണോ??

    ReplyDelete
  13. ഇഷ്ടായി..പക്ഷെ, എനിക്ക് സങ്കടായി..പാവം ഓട്ടോക്കാരന്‍!!
    ആ ഓണക്കടം എന്നെങ്കിലും വീട്ടണ്ടേ?

    ReplyDelete
  14. കൊള്ളാം പുതുമയുള്ളൊരു ഐറ്റം! ഓണപട്ടിണി! :)

    ReplyDelete
  15. അമ്മ മരിച്ച്‌ കുറെ വര്‍ഷങ്ങള്‍
    ഞങ്ങള്‍ക്ക്‌ ഓണമില്ലായിരുന്നു..
    .ഉണ്ടാക്കിത്തരാന്‍
    ആരെങ്കിലും വെണ്ടേ!!!

    ReplyDelete
  16. എല്ലാവരുടെയും ഓണത്തില്‍ നിന്നും വിത്യസ്തമായ ഒരോണം!!!

    ReplyDelete
  17. “അടിക്ക് പുറമെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ഹിന്ദിക്കാരെ കൊണ്ടുവന്നാല്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ള പൂരപ്പാട്ട് മുഴുവന്‍ ....”

    അത് കൊള്ളാം നിരൻ.. വ്യത്യസ്തമായ ഓണം.. :)

    ReplyDelete
  18. സത്യം പറയു നിരക്ഷരാ. ആ ഹിന്ദിക്കാരന്‍ തല്ലിയതു നിരക്ഷരനെയല്ലെ, എന്നിട്ടു പാവം ഓട്ടോക്കാരന്റെ തലയില്‍ അതു വെച്ചു കെട്ടി. ഓണമുണ്ടില്ലേലെന്തു ഓണത്തല്ലു കിട്ടിയില്ലെ. അതു പോരെ..;)

    ReplyDelete
  19. ഇത്തവണയും പൂര്‍വ്വാധികം ഭംഗിയായി .... :)

    ReplyDelete
  20. ഉഷാര്‍. :)
    ഇത്ര കരുണാമയനായ
    ബോസോ എന്നുവിചാരിച്ചു ആദ്യം.
    നല്ല എഴുത്ത്‌.

    ReplyDelete
  21. मनोज भाई , हम को भी थोडा थोडा हिंदी जनता हे .में बीस साल पहले बॉम्बे गया .उसी वक्त मुचे भी हिंदी नहीं आता था .अभी थोडा थोडा मालुम हे ,हो ,हम हां .

    kaappilaan

    ReplyDelete
  22. മനോജേ,
    ഏതായാലും ഓണത്തല്ല് ജോറായല്ലോ.നന്നായിരിക്കുന്നു.
    ആശംസകള്‍...
    വെള്ളായണി

    ReplyDelete
  23. ഓട്ടോക്കാരനെ മര്‍ദ്ദിച്ചപ്പോള്‍, യാത്രക്കാരനു് പങ്കൊന്നും കിട്ടിയില്ലേ?

    ReplyDelete
  24. അമ്പാടീ,
    ഓണപ്പട്ടിണി സാരമില്ല,
    പക്ഷേ, ആ ഓണക്കടം! കഷ്ടമായി അല്ലേ!
    ചക്രാന്തി? സംക്രാന്തി അല്ലേ?

    ReplyDelete
  25. Nice theme...'rasikan' expressions..brings a smile to your face when u read..:-)..somehow i felt like there is a "VKN" touch in translations..superb....hope u keep posting such lovely stuff for a long time to come till all of those long hairs are greyed and fallen off:-)..keep it up

    ReplyDelete
  26. എഴുത്ത്‌ നന്നായിട്ടുണ്ട്‌. ആശംസകൾ...

    ഓണം വന്നാലും, ഉണ്ണിപിറന്നാലും
    ചിലപ്പോൾ കോരന്‌ ഒരു കുമ്പിൾ കഞ്ഞി പോലും കിട്ടത്തില്ല.

    ഈ അനുഭവത്തിൽ നിന്നും പഴചൊല്ലിനെ ഒന്നു നവീകരിച്ചതാണ്‌.

    ReplyDelete
  27. ഓണപ്പട്ടിണി നന്നായി.
    ഹഹാ ..പട്ടിണി നന്നായെന്നല്ലേ.
    ഓണാശംസകള്‍.:)

    ReplyDelete
  28. പട്ടിണിക്കഥ ആവര്‍ത്തിക്കാതിരിക്കട്ടെ...ഓണാശംസകള്‍..........

    ReplyDelete
  29. മി നിര്‍, പോസ്റ്റ് വായിച്ചപ്പോ കമന്റെഴുതാന്‍ കഴിഞ്ഞില്ല. എന്തായാലും സുല്ല് ഓണത്തല്ല് അതില്‍ നിന്നൊഴിവാക്കിയത് നന്നായില്ല, അന്ന് ആ ഓട്ടോക്കാരന്കിട്ടിയ തല്ലല്ലെ ഓണത്തല്ല്?

    ReplyDelete
  30. ഈ ഓണാനുഭവം കൂടെവായിച്ചുകഴിഞ്ഞപ്പോള്‍ സത്യത്തില്‍ എന്റെ നീരൂ ഞാനൊരു കാര്യം പറഞ്ഞുകൊള്ളട്ടെ, താങ്കള്‍ പല അപകടഘട്ടങ്ങളും പ്രതിസന്ധികളും തരണം ചെയ്തുകൊണ്ട് അജയ്യനായികൊണ്ടിരിക്കുന്നു!! ദൈവം എപ്പോഴും കൂടെത്തന്നെയുണ്ട്. നല്ലൊരു ഓണം നീരുവിനും കുടുംബത്തിനും നേര്‍ന്നുകൊണ്ട്...

    ReplyDelete
  31. ബാല്‍താക്കറെ കാരണം പട്ടിണികിടന്നത് കൊള്ളാം .. എന്തെങ്കിലും ഉണ്ടാക്കികിട്ടുവാന്‍ കൂട്ടുകാരെ പ്രതീക്ഷിച്ചുകിടന്ന് അവിചാരിതമായി പട്ടിണിയായിപ്പോയതിനു പട്ടിണിപ്പാവങ്ങള്‍ക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ആ മഹാമനസ്ക്കത ചിരിവരുത്തുന്നു.

    ReplyDelete
  32. നിരക്ഷരന്‍ ചേട്ടോ...ചുമ്മാ പുളുവടിക്കുന്നതിന്‌ ഒരതിര്‌ വേണ്ടെ
    ഉം....പിന്നേ...ശിവസേനക്കാരന്റ അടുത്തുന്ന്‌ വലിച്ച്‌ വച്ച്‌ നടന്നെന്ന്‌ പിന്നേ ഇയാളാര്‌ കൊച്ചീരാജാവിന്റെ കുതിരക്കാരന്റെ വകേലെ അളിയനൊ..വാണം വിട്ട പോലെ ഓടീന്നങ്ങ്‌ തുറന്ന്‌ പറ
    നന്നായിട്ടോ.....

    ReplyDelete
  33. ദത്താറാമിന്‌ തെറ്റിയില്ല. മലയാളിയുടെ പുതുവര്‍ഷം ചിങ്ങത്തിലാണ്‌ തുടങ്ങുന്നത്‌. ഞങ്ങള്‍ മലബാറുകാര്‍ വിഷുവിന്‌ പുതുവര്‍ഷം തുടങ്ങുന്നതായി കരുതുകയും ചെയ്യുന്നു

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. “ ഓട്ടോ വാലേക്കോ പൈസാ ദേനാ ഹെ “ (ഓട്ടോക്കാരന് പൈസകൊടുക്കാന്‍ നില്‍ക്കുവാ.)

    “ യേ ഹറാം സാദേ കോ പൈസാ ദേഗാ തോ, തും ഭി മാര്‍ ഖായേഗാ സാലേ “ (ഈ ഹറാം പെറന്നോന് കാശ് കൊടുത്താല്‍‍ നീയും തല്ല് മേടിച്ച് കൂട്ടും ഹമുക്കെ.)


    വളരെ നന്നായിട്ടുണ്ട്.........ഓണാശംസകള്‍

    ReplyDelete
  36. നിരു ഭായി..

    ഭായിക്ക് വേദനജനകമായ ഓര്‍മ്മക്കുറിപ്പ് എനിക്ക് ചിരിക്കാനുള്ള വകയായി മാറി.

    ശിവസേനക്കാരായതുകൊണ്ട് ഡ്രൈവറെ മാത്രമെ ഉപദ്രവിച്ചത്, എന്നാല്‍ ഇത് കേരളത്തിലായിരുന്നെങ്കിലൊ ആദ്യം യാത്രക്കാരനു പൊതിരെക്കിട്ടും പിന്നീടെ ഡ്രൈവറുടെ നേരെ തിരിയൂ അതും അയാളുടെ യൂണിയന്‍ ശക്തിയുടെ അടിസ്ഥാനം നോക്കിയതിനു ശേഷം.

    ഓണാശംസകള്‍ നീരുഭായിക്കും കുടുംബത്തിനും

    ReplyDelete
  37. അന്നയാള്‍ക്ക് കൊടുക്കാന്‍ പറ്റാതെ പോയ ഓട്ടോക്കാശ്, പലിശയും കൂട്ടുപലിശയുമൊക്കെച്ചേര്‍ന്ന് പെരുകിപ്പെരുകി ഒരു വലിയ ‘ഓണക്കട‘മായി നിലനില്‍ക്കുമ്പോള്‍ അയാളെ എങ്ങിനെ മറക്കാനാകും ?

    ബോംബെ ജഗ്ഷനിൽ വെച്ചല്ലായിരുന്നോ.. അത് ഞാൻ തന്നെയായിരുന്നു. ആ കാശ് ഇങ്ങയച്ചേക്കൂ....

    ഓണപ്പട്ടിണി കലക്കി കെട്ടോ..

    ReplyDelete
  38. എന്നെങ്കിലും ആഓട്ടോക്കാരനെ കണ്ടുപിടിച്ച് കടം തീര്‍ക്കാനാവട്ടെ. ഇനി അയാളെ കണ്ടാല്‍ മനസ്സിലാകുമോ നീരൂ?

    പട്ടിണിക്കാര്‍ക്കൊപ്പം ഓണപ്പട്ടിണി ആഘോഷിച്ച ആ മനസ്സിന്റെ നന്മയും കാണുന്നു.

    ReplyDelete
  39. മനോജേട്ടാ, വ്യത്യസ്തമായ ഒരു ഓണവിശേഷം തന്നെ.

    ReplyDelete
  40. ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
    അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..

    ReplyDelete
  41. kollaam manojettaa nannaayirikkunnu

    ReplyDelete
  42. വിവരണം അടിപൊളി ! ഇന്നു ഓണം കുടുതലും ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികളുടെ ഇടയിലാണ്. പിന്നെ ഓണത്തല്ല് അത് ബീവറേജിന്റെ പരിസരത്ത് ആണ്ടു തോറും നടക്കുന്നത് കൊണ്ടു അതിന് കേരളത്തിനപ്പുറം ഒരു മാര്‍ക്കറ്റില്ല എന്ന് തോന്നുന്നു. എല്ലാവര്ക്കും ഓണാശംസകള്‍ ..............

    ReplyDelete
  43. പ്രിയ മനോജ്, വഴിതെറ്റി വന്നു കയറിയതാണു താങ്കളുടെ പോസ്റ്റില്‍, എന്തെങ്കിലും പറയാതെ പോയാല്‍ പടച്ച തമ്പുരാന്‍ സഹിക്കില്ലാ. താങ്കളുടെ പോസ്റ്റുകള്‍ മുഴുവന്‍ ഞാന്‍ വായിച്ചു. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു. പൂക്കളെക്കുറിച്ചും സ്വാതന്ത്യസമരത്തെക്കുറിച്ചും, ഒളിച്ചോടിയ വിഗ്രഹങ്ങളെക്കുറിച്ചും അസലായ് എഴുതിയിരിക്കുന്നു.
    'മാഷ് ജാതി' എന്ന പോസ്റ്റ് വാക്കുകള്‍ക്കുപ്പുറത്തേക്ക് നമ്മേ എടുത്തെറിയാന്‍ കെല്പ്പുള്ള എഴുത്തും ചിന്തയുമാണൂ.
    താങ്കളുടെ ബ്ലോഗിലൂടെ ഇനി ഇടക്കിടക്ക് വന്ന് പോസ്റ്റും എന്ന ഭീക്ഷണിയോടേ
    തല്‍ക്കാലം വിട.

    ReplyDelete
  44. ഇതിനു കമന്റ് ചോദിച്ചില്ലെങ്കിലും തന്നല്ലെ പറ്റൂ....
    ഒണപട്ടിണി ഉഷാറായി ആസ്വതിച്ചു അല്ലേ????????

    ReplyDelete
  45. ചേട്ടനാ മുടിയൊന്ന് വെട്ട്വോ?

    ReplyDelete
  46. ഓണ സദ്യയില്ലായിരുന്നെങ്കിലും ഓണതല്ല് കാണാന്‍ കഴിഞ്ഞല്ലോ..ഭാഗ്യവാന്‍.നിരക്ഷരന് കിട്ടിയ്യില്ല എന്നത് സത്യം തന്നെ അല്ലെ?..:)

    ReplyDelete
  47. മഡിവാളയിലെ എതെങിലും മലയാളി ഹോട്ടലില്‍ നിന്നുള്ള ഒരു സദ്യയില്‍ ഒതുങുന്നു ഇപ്പൊ ഓണം... ഓണപ്പട്ടിണി - നിഘന്‍ഡുവിലേക്കു ഒരു വാക്കു കിട്ടി :)
    കുറച്ചധികം വൈകിയണെങിലും ഓണം ആശോസകള്‍.

    ReplyDelete
  48. ഈ ഓണം എങ്ങിനെ ഉണ്ടായിരുന്നു....

    ReplyDelete
  49. സൂപ്പര്‍ ......ഡബിള്‍ സൂപ്പര്‍..

    ReplyDelete
  50. ആര്‍ദ്രമായ ആ മനസ്സ് അഭിനന്ദനമര്‍ഹിക്കുന്നു.
    രസിച്ചു താങ്കളുടെ എഴുത്ത്.

    ReplyDelete
  51. സുല്‍ - ആ ഓണത്തേങ്ങയ്ക്ക് നന്ദി. അത് കഴിച്ചിട്ടെങ്കിലും പട്ടിണി മാറ്റട്ടെ :)

    പ്രയാസീ - ഇല്ല മാഷേ ഒന്നും കിട്ടീല :)

    കുറ്റ്യാറ്റിക്കാരാ - ഇല്ല മാഷേ കിട്ടീല :)

    ശ്രീ - ചുള്ളിക്കാടിന്റെ ആ കഥ ചിദംബരസ്മരണകളില്‍ വായിച്ചിട്ടുണ്ട് :)

    ഷാരൂ - പട്ടിണി ഒരു കണ്ടുപിടുത്തം അല്ല കുട്ടീ :)

    ശ്രീവല്ലഭന്‍ - അത് സത്യം തന്നെ.

    ബിന്ദു കെ.പി. - ഓ..അപ്പോള്‍ വേറേയും പട്ടിണിക്കോലങ്ങള്‍ ഉണ്ട് അല്ലേ ?

    കാന്താരിക്കുട്ടീ - സത്യം.എനിക്കൊന്നും കിട്ടീല തല്ല്.

    അനില്‍@ബ്ലോഗ് - മേടം,ചിങ്ങം..ഇനി വേറേതെങ്കിലും മാ‍സം ബാക്കിയുണ്ടോ ? :)

    സ്മിത ആദര്‍ശ് - അതിനി നടക്കുമെന്ന് തോന്നുന്നില്ല. അയാളെ ഇനി എങ്ങനെ തിരിച്ചറിയാനാണ് ?!

    ഗോപക് യു.ആര്‍ - വേര്‍പാടുകള്‍ എന്നും ദുഃഖമുള്ളതാണ്. അമ്മയ്ക്ക് ആദരാജ്ഞലികള്‍.

    യാരിദ് - സത്യം സത്യം എനിക്ക് തല്ലൊന്നും കിട്ടീല്ലാ...... :)

    തമനു - നന്ദി, ഈ വഴിവന്നതിനും അഭിപ്രായം അറിയിച്ചതിനും.

    കാപ്പിലാനേ - ഹിന്ദി വിദ്വാനേ..ആ ഹിന്ദി കലക്കി.

    എഴുത്തുകാരി - ഇല്ല, ഇല്ല, കിട്ടീല്ല.. :)

    ലതികച്ചേച്ചീ - ചക്രാന്തീന്ന് പറഞ്ഞ് ഞാനൊന്ന് തമാശിച്ചതല്ലേ ?ഏറ്റില്ല അല്ലേ ?

    നിര്‍വാക്യന്‍ അധവാ വല്യച്ഛന്‍ - വി.കെ.എന്‍.എന്നൊക്കെ കേള്‍ക്കുമ്പോള്‍ കുളിര് കോരിയിടുന്നു. നന്ദീട്ടാ‍...

    ഏറനാടന്‍ - ആ പ്രാര്‍ത്ഥനയ്ക്ക് ഒരുപാട് നന്ദി.

    mmrwrites - ഇതാണീ പോസ്റ്റില്‍ എനിക്ക് കിട്ടിയ ഏറ്റവും വിലമതിക്കുന്ന കമന്റ്. കണ്ണുതുറപ്പിക്കുന്ന ഒരു കമന്റായിരുന്നു ഇത്. അവിചാരിതമായി പട്ടിണി ആയിപ്പോണെന്ന് ഉറപ്പ്. അല്ലാതെ പെട്ടെന്നാരെങ്കിലും നാളെ ഓണമായിട്ട് നമുക്ക് കുറേ പട്ടിണിപ്പാവങ്ങളുടെ പട്ടിണി കിടന്നാലോ എന്ന് എന്നോട് ചോദിച്ചാല്‍ ‘പോയ് പണി നോക്ക് മാഷേ’ എന്നായിരിക്കും എന്റേയും മറുപടി. ഇങ്ങനെ വീണുകിട്ടിയ ഒരവസരത്തില്‍ പാവങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വലിയവനാകാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ എന്നെ തിരുത്താന്‍ നിങ്ങളിട്ട ഈ കമന്റിന് ഞാനൊരുപാട് വിലമതിക്കുന്നു. ഈ ഓണത്തിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണീ കമന്റ്. നന്ദി, ഒരുപാട് നന്ദി. ഇനിയും ഇതുപോലെ തുറന്ന് പറയാനുള്ള സന്മനസ്സ് കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    നരിക്കുന്നന്‍ - ഉടനെ അയച്ചേക്കാം. അന്ന് കിട്ടിയ അടി എങ്ങനുണ്ടായിരുന്നു ? :)

    ഗീതാഗീതികള്‍ - ഇനി അയാളെ കണ്ടാല്‍ എനിക്ക് മനസ്സിലാകില്ല ചേച്ചീ. അതൊരു ആയുഷ്ക്കാല കടമായി നിലനില്‍ക്കും. കുറച്ചെങ്കിലും ആ കടം വീട്ടാനായി ബോംബെയില്‍ പോകുമ്പോളെല്ലാം ഓട്ടോക്കാര്‍ക്ക് ചോദിച്ചതിലും അധികം രൂപാ കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പറ്റിക്കുന്നവരെ അതില്‍ നിന്ന് ഒഴിവാക്കും.

    മനോജ് - പോസ്റ്റുകള്‍ എല്ലാം വായിച്ചതിന് നന്ദി. എന്റെ യാത്രാവിവരണങ്ങള്‍ ഒന്നും വായിച്ചില്ലെന്ന് തോന്നുന്നു. ഞാനിത്തിരി ഗൌരവമായി എഴുതുന്നത് അത് മാത്രമാണ്. ഇതൊക്കെ ചുമ്മാ...അഭിപ്രായങ്ങള്‍ക്ക് നന്ദി.

    സ്മിജ - മുടിയൊക്കെ എന്നേ വെട്ടി മാഷേ ? ഇപ്പോള്‍ ആ പടത്തില്‍ മാത്രേ മുടിയുള്ളൂ.

    മാറുന്ന മലയാ‍ളി - ഇല്ല ഇല്ല എനിക്ക് കിട്ടീല്ല :) :)

    യാമിനി - ഈ ഓണവും ഇതുപോലൊരു സംഭവമായിരുന്നു. അതിനെപ്പറ്റി അടുത്ത കൊല്ലം എഴുതാം. എല്ലാക്കൊല്ലവും എന്തെങ്കിലും ഓണത്തിനെപ്പറ്റി എഴുതണ്ടേ ?

    ബൈജു സുല്‍ത്താന്‍, മാണിക്യേച്ചീ, മുരളിക, പാമരന്‍, സരിജ എന്‍.എസ്, പൊറാടത്ത്, കേരള ഇന്‍സൈഡ്, വി.ആര്‍.ഹരിപ്രസാദ്, വെള്ളായണി വിജയേട്ടാ, പിന്‍, വേണുജീ, ബൈജു, സാജന്‍,കുഞ്ഞിപ്പെണ്ണ്, ആള്‍‌രൂപന്‍, ജെ.പി.ജീവിച്ച് പോയ്യ്ക്കോട്ടേ, കുഞ്ഞന്‍ , മണികണ്ഠന്‍, മാജിക്ക് ബോസ്, അനൂപ് കോതനല്ലൂര്‍ , കൊള്ളിക്കണക്കന്‍, ഓമച്ചപ്പുഴ, അനൂപ് തിരുവല്ല,--xh--, അത്ക്കന്‍, സുമയ്യ.....

    എന്റെ ഓണപ്പട്ടിണി ആഷോഷത്തിലും, മറാഠിക്കാരനായ ആ ഓട്ടോ ഡ്രൈവറുടെ ഓണത്തല്ല് ആഘോഷത്തിലും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി നന്ദി.....
    ഓണാശംസകള്‍....

    ReplyDelete
  52. നന്നായിരിക്കുന്നു.കൂടാതെ എന്റെ ബ്ലോഗ്ഗില്‍ ആദ്യപോസ്റ്റിട്ടതിനു പ്രത്യേകം നന്ദി....വലിയ വലിയ ബ്ലോഗ്ഗേഴ്സിന്റെ ഇടയില്‍ എന്റെ കുറിപ്പും വായിക്കപ്പെടുന്നു എന്നതില്‍ നന്ദി.

    ReplyDelete
  53. ആ പട്ടിണികിടക്കല്‍ ശരിയ്ക്കും മുഴച്ചു നില്‍ക്കുന്നു, പിന്നീടാണ് മറുകമന്റ് മഹാമഹത്തില്‍ അതിനുള്ള റിപ്ലേയും കണ്ടത്. പോസ്റ്റു കൊള്ളാം മാഷെ. ഓണത്തിനുണ്ണുന്നതുമാത്രമല്ല, ജാതകം നോക്കി കല്യാണം കഴിയ്ക്കുന്നത്.. ബലിയിടുന്നത് അങനെ നമ്മുടേതു മാത്രമായ എത്രയെത്ര ആചാരങ്ങള്‍...

    ഒക്കെ അവനവന്റെ സംതൃപ്തിയുടെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രാമുഖ്യം നേടുന്നത്..
    :)

    ReplyDelete
  54. എനിക്കങ്ങട്‌ വിശ്വസിക്കാന്‍ പറ്റുന്നില്ല,
    ശിവസേനക്കാരന്റെ ഒരു കൈയെങ്കിലും നിരക്ഷരേട്ടന്റെ മേല്‍ പതിച്ചിട്ടുണ്ടാവും.. അതോണ്ടല്ലേ ഓണമൂണു പോയിട്ടും ഒരു ഗ്ലാസ്‌ വെള്ളം കൂടി കുടിക്കാതെ പട്ടിണികിടന്നത്‌..

    ReplyDelete
  55. ഓണത്തിന്റന്ന് ഏഷ്യാനെറ്റില്‍ കോഴിക്കോട്ടുള്ള ഒറെയൊരു സൈക്കിള്‍ റിക്ഷാക്കാരന്റെ ണത്തിന്റന്ന് ഏഷ്യാനെറ്റില്‍ കോഴിക്കോട്ടുള്ള ഒറെയൊരു സൈക്കിള്‍ റിക്ഷാക്കാരന്റെ ഓണംകാണിച്ചിരുന്നു(പലരും കണ്ട് കാണും) ആ മനുഷ്യന്‍ സാധാരണതന്നെ ദാരിദ്ര്യം കാരണംഒരു നേരത്തെഭക്ഷണമാണ്‌ കഴിക്കുന്നത്...ഓണത്തിനുമങ്ങനെതന്നെ അത്തരക്കാരെ സഹായിക്കാന്‍ പട്ടിണിയറിയാത്ത നമുക്കെന്തെങ്കിലും ചെയ്യാനാവുമോ, പണ്ട് കറിക്കരിഞ്ഞതും, ഊഞ്ഞാലാടിയതും പറയുന്നതല്ലാതെ....ഓണംകാണിച്ചിരുന്നു(പലരും കണ്ട് കാണും) ആ മനുഷ്യന്‍ സാധാരണതന്നെ ദാരിദ്ര്യം കാരണംഒരു നേരത്തെഭക്ഷണമാണ്‌ കഴിക്കുന്നത്...ഓണത്തിനുമങ്ങനെതന്നെ അത്തരക്കാരെ സഹായിക്കാന്‍ പട്ടിണിയറിയാത്ത നമുക്കെന്തെങ്കിലും ചെയ്യാനാവുമോ, പണ്ട് കറിക്കരിഞ്ഞതും, ഊഞ്ഞാലാടിയതും പറയുന്നതല്ലാതെ....

    ReplyDelete
  56. നിരക്ഷരാ,

    താങ്കളുടെ ഫാമിലി കാരിക്കേച്ചർ വരച്ചയാളിനു നമോവാകം. വന്നടിയന്റെ പോസ്റ്റ്‌ വായിച്ചതിൽ(?)പെരുത്തു സന്തോഷം. ബ്രോയിലർ മാത്രം ഫിക്‌ഷനും മറ്റതൊക്കെ ജീവിതവും ആകുന്നു.

    ReplyDelete
  57. ‘അടി അപ്പോഴും കഴിഞ്ഞിട്ടില്ല. അടി കഴിഞ്ഞിട്ട് വേണം എനിക്ക് ഓട്ടോക്കാരന് പൈസകൊടുക്കാന്‍. ഞാന്‍ കാത്ത് നിന്നു.‘

    മനോജിന്റെ ആ നിൽ‌പ്പ് ഓർത്തപ്പോൾ (ചിരിക്കാൻ പാടില്ലാത്തതാണ്, എങ്കിലും) സത്യമായിട്ടും എനിക്കു ചിരി വന്നു മനോജ്.

    ആസ്വദിച്ച് വായിച്ചു

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.