Tuesday 21 December 2010

പുൽക്കൂട്ടിലെ പ്രതിമകൾ

യൽ‌‌വാസിയായ പത്രോസ് മാപ്പിളയ്ക്ക് മക്കൾ ഏഴ് പേരാണ്. രണ്ട് ആണും അഞ്ച് പെണ്ണും. അതിൽ മൂന്ന് പേർ എന്നേക്കാൾ മുതിർന്നവർ‍. സമപ്രായക്കാരൻ തോമസ് പഠിക്കുന്നത് എന്റെ സ്കൂളിൽ‌ത്തന്നെയാണ്. ഞങ്ങളുടെ വീട്ടിൽ ഞാനും മുതിർന്നവർ രണ്ട് ചേച്ചിമാരും. എനിക്കന്ന് പ്രായം 8 വയസ്സ്.

സ്കൂള്‍ വിട്ടുവന്നാൽ കുറേ നേരം വടക്കേപ്പറമ്പിലെ അവരുടെ വീട്ടിലോ ഞങ്ങളുടെ വീട്ടിലോ ഞങ്ങളെല്ലാ‍വരും ചേർന്നുള്ള കളിയും ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ്സ് വരാനാകുമ്പോഴേക്കും അവരെയാരേയും കളിക്കാൻ കൂട്ട് കിട്ടാതാകും. അവരപ്പോൾ പുൽക്കൂട് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അതിനാവശ്യമുള്ള വൈക്കോല് കൊണ്ടുപോകുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നായതുകൊണ്ട് അവര് പുൽ‌ക്കൂടിന്റെ പണി തുടങ്ങുമ്പോഴേ ഞങ്ങൾക്ക് കാര്യം പിടികിട്ടും. ഇനിയുള്ള രണ്ടാഴ്ച്ച അവരെ ആരേയും ഒന്നിനും കൂട്ടുകിട്ടില്ല.

അവർ ഏഴുപേർക്കിടയിൽ അന്യരെപ്പോലെ കുറേ നേരം പുൽക്കൂട് ഉണ്ടാക്കുന്നതൊക്കെ നോക്കിനിന്ന് നെടുവീർപ്പിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങും. വൈക്കോൽ വെട്ടിയൊതുക്കി തെങ്ങോല വെട്ടുമ്പോൾ ബാക്കിവരുന്ന നേർത്ത ചീളുകളിൽ (ഞങ്ങളതിനെ അളി എന്ന് പറയും) ചേർത്തുവെച്ച് പുൽക്കൂടിന്റെ മേൽക്കൂരയും, ചുമരുകളുമൊക്കെയുണ്ടാക്കി, തറയിൽ മണ്ണ് വിരിച്ച്, നെല്ല് വെള്ളത്തിലിട്ട് മുളപ്പിച്ച് പുൽക്കൂട്ടിൽ അവിടവിടെയായി പറിച്ചുനടാൻ പാകത്തിന് തയ്യാറാക്കി, അലങ്കാര ബൾബുകളും തോരണങ്ങളുമൊക്കെ തൂക്കി, പുൽക്കൂട് വളരെ നേരത്തേ തന്നെ തയ്യാറായിട്ടുണ്ടാകും.

കൃസ്തുമസ്സിന്റെ തൊട്ടടുത്ത ദിവസങ്ങളാകുമ്പോഴേക്കും പുൽക്കൂട്ടിൽ കന്യാമാതാവിന്റേയും, ജോസപ്പിന്റേയും, ആട്, പശു എന്നിങ്ങനെയുള്ള ചില കൊച്ചു കൊച്ചു പ്രതിമകൾ സ്ഥാനം പിടിച്ചുതുടങ്ങും. ഡിസംബര്‍ 24ന് രാത്രിയാകുമ്പോഴേക്കും ഉണ്ണിയേശുവിന്റെ പ്രതിമയും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുടേയും, അവരുടെ ഒട്ടകങ്ങളുടേയും പ്രതിമകൾക്ക് പുറമേ പുൽക്കൂടിന്റെ മുകളിൽ നിന്ന് ഒരു മാലാഖയുടെ പ്രതിമയും തൂങ്ങിയാടാൻ തുടങ്ങും. കുട്ടികൾക്ക് രാത്രി നേരത്തേ കിടന്നുറങ്ങാനുള്ളതുകൊണ്ട് വൈകീട്ട് 7 മണിയോടെ തന്നെ ആ പുൽക്കൂട്ടിൽ തിരുപ്പിറവി കഴിഞ്ഞിരിക്കും.

പുൽക്കൂടൊരുക്കി കൃസ്തുമസ്സ് ആഘോഷിക്കുന്ന ആ അവസരത്തിൽ വേണ്ടവണ്ണം പങ്കുചേരാൻ പറ്റാത്തതിന്റെ വിഷമവുമായി ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളവിടെ ചുറ്റിപ്പറ്റി നിൽക്കും.  ഓണത്തിനും വിഷുവിനുമൊക്കെ കളമിടുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചാണെങ്കിലും പുൽക്കൂട് ഉണ്ടാക്കുന്ന കാര്യം വരുമ്പോൾ ഞങ്ങൾക്ക് വലിയ പങ്കാളിത്തമൊന്നും കിട്ടാത്തതിൽ എന്റെ കൊച്ചുമനസ്സ് എന്നും വേദനിച്ചിട്ടുണ്ട്.

അവരുടെ വീട്ടിലെ 7 പേർക്കുതന്നെ കയ്യിട്ട് പോഷിപ്പിക്കാനുള്ള സംഭവം ആ പുൽക്കൂട് ഉണ്ടാക്കുന്നിടത്തില്ല, പിന്നല്ലേ അയൽക്കാരായ ഞങ്ങൾക്ക്. അതിന്റെ വിഷമം തീർക്കാൻ ഞങ്ങളൊരു വിദ്യകണ്ടുപിടിച്ചു.

ഞങ്ങളുടെ വീട്ടിലും ഒരു പുൽക്കൂടുണ്ടാക്കുക. പത്രോസ് മാപ്പിളയുടെ വീട്ടിലെ പുൽക്കൂടിനേക്കാൾ കേമമായതുതന്നെ ഒരെണ്ണം. നെല്ല് മുളപ്പിക്കാനിട്ടു. വൈക്കോലിനും, അളിക്കുമൊന്നും ഒരു പഞ്ഞവുമില്ല. അത്യാവശ്യം കളർ പേപ്പറുകളൊക്കെ വെട്ടിയെടുത്ത് തോരണങ്ങളുമുണ്ടാക്കി. ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കുന്ന ഏർപ്പാട് വീട്ടിൽ പണ്ടുമുതലേയുള്ളതാണ്. ആ നക്ഷത്രത്തിനെ പുൽക്കൂടിനരുകിലേക്ക് മാറ്റി സ്ഥാപിച്ചു.

വീട്ടിൽ പുൽക്കൂട് ഉണ്ടാകുന്നുണ്ടെന്നറിഞ്ഞ് പത്രോസ് മാപ്പിളയുടെ മക്കളെല്ലാം വന്ന് നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമൊക്കെ തന്നപ്പോൾ ഞങ്ങൾക്കെല്ലാം വല്ല്യ സന്തോഷമായി. പക്ഷെ അതിനോടൊപ്പം ഒരു വലിയ സങ്കടം കൂടെ ബാക്കിനിന്നു. ഇതിപ്പോൾ ഒരു പുൽക്കൂട് മാത്രമല്ലേ ആയിട്ടുള്ളൂ. അതില് വെക്കാന്നുള്ള പ്രതിമകൾ ഞങ്ങൾക്കില്ലല്ലോ ? അതിനി എങ്ങനെ ഒപ്പിക്കും ? കടകളിൽ ഒരിടത്തും ഈ പ്രതിമകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കിൽ ഒരു ഉണ്ണിയേശുവിന്റെ പ്രതിമ മാത്രം എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പുൽക്കൂട് പൂർണ്ണമാക്കാമായിരുന്നു.

അടുത്ത ദിവസം പതിവുപോലെ സൈക്കിളുമെടുത്ത് കറങ്ങുന്നതിനിടയിൽ ഞാനതുകണ്ടു. അങ്ങാടിയിൽ കോയാസ്സന്റെ കടയിൽ ഒരു പുൽക്കൂടിന്റെ മുഴുവൻ സെറ്റ് പ്രതിമകളും ഇരിപ്പുണ്ട്. അല്‍പ്പം സങ്കോചത്തോടെ ചെന്ന് വില ചോദിച്ചു.

മെസിഡീസിന്റേയോ, ബി.എം.ഡ‌ബ്ല്യൂവിന്റേയോ ഷോ‍റൂമിൽ കൈലിയുടുത്ത് ഒരുത്തൻ ചെന്ന് കാറിന്റെ വില ചോദിച്ചാലുള്ളതുപോലായിരുന്നു അനുഭവം. കോയാസ്സൻ കേട്ട ഭാവം കാണിക്കുന്നില്ല. മകനെ നിന്നെക്കൊണ്ട് താങ്ങാനാവില്ല എന്ന് കിറിക്കോണിൽ എഴുതിവെച്ചിട്ടുള്ള ഒരു ചിരിമാത്രമായിരുന്നു മറുപടി.

ഒരിക്കൽക്കൂടെ ആ പ്രതിമകളിൽ സൂക്ഷിച്ച് നോക്കി അവയൊക്കെ ഞങ്ങളുടെ പുൽക്കൂട്ടിൽ വന്ന് കയറിയാലുള്ള ചിത്രം മനസ്സിൽ സങ്കൽപ്പിച്ച് വളരെ വിഷമത്തോടെ വീട്ടിലെത്തി. ഇനിയാ പ്രതിമകൾ കിട്ടാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. അച്ഛനോട് പറഞ്ഞ് നോക്കുക.

വലിയ വിലയുള്ള പ്രതിമകളായിരിക്കും. അച്ഛന്റെ സർക്കാർ ശമ്പളത്തിൽ ഒതുങ്ങാൻ സാദ്ധ്യതയില്ല. എന്നാലും പറഞ്ഞ് നോക്കുക തന്നെ. അച്ഛൻ നല്ല മൂഡിലിരിക്കുമ്പോൾ പതുക്കെ ചെന്ന് കാര്യം തന്ത്രപൂർവ്വം അവതരിപ്പിച്ചു. ഞങ്ങൾ ഓണക്കളമിടുന്നതും , വിഷൂന് പടക്കം പൊട്ടിക്കുന്നതുമൊക്കെ വടക്കേക്കാരുടെ ഒപ്പമല്ലേ ? പിന്നിപ്പോ കൃസ്തുമസ്സ് വന്നപ്പോൾ മാത്രം ഞങ്ങൾക്ക് അവരെപ്പോലെ ആഘോഷിക്കാൻ പറ്റാത്തത് കഷ്ടമല്ലേ ? ആ ലൈനിലൊന്ന് പിടിച്ച് നോക്കി. എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും‍ അച്ഛന് കോയാസ്സന്റെ അത്രയും പോലും മൈൻഡില്ല. കേട്ടഭാവം ഇല്ലെന്ന് മാത്രമല്ല, കോയാസ്സന്റെ കിറിക്കോണിൽ ഉണ്ടായിരുന്ന ചിരിയുടെ നൂറിലൊന്ന് പോലും അച്ഛന്റെ മുഖത്തില്ല. സംഗതി ചീറ്റിപ്പോയെന്ന് മൂന്നരത്തരം.

നാളെ കൃസ്തുമസ്സാണ്. ഇന്ന് വൈകീട്ടെങ്കിലും പ്രതിമകൾ കിട്ടിയില്ലെങ്കിൽ  പുൽക്കൂടുണ്ടാക്കാൻ പാടുപെട്ടതെല്ലാം വെറുതെയാകും. കരച്ചിലിന്റെ വക്കത്തെത്തിയ നിമിഷങ്ങൾ‍.

രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ഉണ്ണിയേശു പിറക്കാതെ അനാഥമാകാൻ പോകുന്ന ആ പുൽക്കൂ‍ട് ഒരിക്കൽക്കൂടെ ഞാനൊന്ന് പോയി നോക്കി. തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന കടലാസ് നക്ഷത്രത്തിന്റെ മടക്കുകളിലും അരുകുകളിലുമുള്ള ചെറിയ ദ്വാരങ്ങളിലൂടെ അരിച്ചരിച്ച് മുഖത്തുവീണ മങ്ങിയ വെളിച്ചത്തിൽ‍, എന്റെ കവിളിലൂടൊലിച്ചിറങ്ങിയ കണ്ണുനീർ ആരും കണ്ടുകാണാ‍ൻ വഴിയില്ല.

വലിയ സന്തോഷമൊന്നുമില്ലാതെ കൃസ്തുമസ്സ് ദിനം പുലർന്നു. രാവിലെ ഉമ്മറത്തെ പടിയിൽ  വന്നിരുന്ന് വൈക്കോൽക്കൂനയിൽ കോഴികൾ ചികയുന്നത് നോക്കിയിരുന്നപ്പോൾ പുൽക്കൂടിന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

എത്ര ശ്രമിച്ചിട്ടും എന്റെ കൊച്ചുമനസ്സിനെ നിയന്ത്രിക്കാ‍നെനിക്കായില്ല. ഇടങ്കണ്ണിട്ട് ഒരുപ്രാവശ്യമേ ഞാനാ ഭാഗത്തേക്ക് നോക്കിയുള്ളൂ.

ഞെട്ടിപ്പോയി !!

ഇന്നലെ രാത്രി കണ്ടതുപോലെയല്ല പുൽക്കൂടിപ്പോൾ‍. ആകെ മാറിമറിഞ്ഞിരിക്കുന്നു! കോയാസ്സന്റെ കടയിൽ ഞാൻ കണ്ട പ്രതിമകളിപ്പോൾ ഞങ്ങളുടെ പുൽക്കൂട്ടിലുണ്ട്. ഉണ്ണിയേശുവും, കന്യാമറിയവും, മാലാഖമാരും, ആടുകളും, പശുക്കളും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുമെല്ലാം ഞാൻ മനസ്സിൽക്കണ്ട അതേ സ്ഥാനത്തു തന്നെ.

അതിനൊക്കെ പുറമെ കുറെ ബലൂണുകളും, അലങ്കാരദീപത്തിന്റെ ഒരു മാലയും പുൽക്കൂടിനെ മോടി പിടിപ്പിച്ച് നിൽക്കുന്നു. ദൈവപുത്രൻ അങ്ങനെ ഞങ്ങളുടെ പുൽക്കൂട്ടിലും പിറന്നിരിക്കുന്നു.
ആർത്തുവിളിക്കണമെന്ന് തോന്നി. എങ്ങനിത് സംഭവിച്ചു ? എനിക്കൊരു പിടിയും കിട്ടിയില്ല.

ചേച്ചിമാരെ വിവരമറിയിക്കാൻ അകത്തേക്കോടാൻ ഒരുങ്ങിയപ്പോഴാണ് വരാന്തയുടെ വടക്കേ അറ്റത്ത് അച്ഛനിരിക്കുന്നത് ഞാൻ കണ്ടത്. വളരെ ഗൌരവത്തോടെ പത്രത്തിൽ കണ്ണും നട്ടിരിക്കുന്ന അച്ഛന്റെ ചുണ്ടിന്റെ കോണിൽ ഞാനപ്പോൾ വ്യക്തമായി തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി.

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.

46 comments:

  1. 2 കൊല്ലം മുൻപ് ആൽത്തറയിൽ പ്രസിദ്ധീകരിച്ച ഈ ‘കഥ‘ ഇക്കൊല്ലം എന്റെ സ്വന്തം ബ്ലോഗിൽ എടുത്തിടുന്നു. മുഴുവൻ കഥയല്ല, മുഴുവൻ അനുഭവങ്ങളുമല്ല.

    കൃസ്തുമസ്സ് തന്നെയാണ് എനിക്കേറ്റവും ഇഷ്ടമുള്ള ഫെസ്റ്റിവലും കാലഘട്ടവും. അതുകൊണ്ടുതന്നെ ഡിസംബർ മാസത്തിൽ നാട്ടിലെത്താൻ കിണഞ്ഞ് ശ്രമിക്കാറുമുണ്ട്. ഇപ്രാവശ്യം തിരുപ്പിറവിക്ക് മുന്നേ നാട്ടിൽ നിന്ന് സ്ഥലം വിടേണ്ടി വന്നു. ഇക്കൊല്ലം അച്ഛനില്ലാത്ത ആദ്യത്തെ കൃസ്തുമസ്സുമാണ്.

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകൾ.

    ReplyDelete
  2. ക്രിസ്തുമസ് സ്പെഷ്യല്‍ മനസ്സിനെ തൊട്ട ഒന്നായി .മാഷേ, അച്ഛന്‍റെ ആ ചിരി മനകണ്ണ് കൊണ്ട് കാണാനാവുന്നു .

    ReplyDelete
  3. നല്ല ഓര്‍മകള്‍ . നന്നായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  4. ഹൃദ്യമായി പറഞ്ഞിരിക്കുന്നു. ക്രിസ്തുമസ് ആശംസകള്‍

    ReplyDelete
  5. സമാധാനം സമാധാനം ...

    ReplyDelete
  6. സ്നേഹമോള്ള അച്ചന്മാര്‍ക്ക് ഒരിക്കലും മക്കളുടെ വാക്ക് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല ,,,അടിപൊളി ആയിട്ടൊണ്ട് എഴുത്ത് ---
    അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.
    ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
    ഞാനും നേരുന്നു നല്ലൊരു ക്രിസ്മസ് ആശംസകള്‍ -----

    ReplyDelete
  7. മഞ്ഞു പെയ്യുന്ന ക്രിസ്മസ് തന്നെയാണ് എന്റേയും പ്രിയപ്പെട്ട സീസൺ....ഹ്രിദ്യമായ കഥ..ഹാപ്പി ക്രിസ്മസ്...

    ReplyDelete
  8. ക്രിസ്തുമസ്സ് ആശംസകള്‍

    ReplyDelete
  9. ഞാൻ ഇതുവരെ വായിച്ചതിൽ ഏറ്റവും നല്ല ക്രിസ്തുമസ് ലേഖനം. ആ നല്ല അച്ഛന്റെ മനസ്സിനുമുൻപിൽ പ്രണാമം. വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതിരുന്ന, അതിരുകളും മതിലുകളുമില്ലാതിരുന്ന ആ പഴയ നല്ലദിനങ്ങൾ വീണ്ടും വന്നിരുന്നെങ്കിൽ...! ഓണത്തിന് ഞങ്ങൾക്ക് സദ്യയും, പിന്നെ വിഷുവിന് കൈനീട്ടവും തന്നിരുന്ന അയല്പക്കത്തെ ചേച്ചിമാരെ ഏറ്റം സ്നേഹത്തോടെ ഓർക്കുന്നു. ഞങ്ങളോടൊപ്പം ക്രിസ്തുമസ്സിനും ഈസ്റ്ററിനും അവരും കൂടുമായിരുന്നു..

    ReplyDelete
  10. പരസ്പരം ആഘോഷങ്ങളും സ്നേഹവും കൈമാറുന്ന കേരളീയ സമൂഹത്തിന്‍റെ ഒരു നേര്‍ചിത്രം ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷം..നന്നായി എഴുതി...പ്രത്യേകിച്ചും ക്ലൈമാക്സ്‌ ഗംഭീരം...!

    ReplyDelete
  11. നിരക്ഷരേട്ടാ ...നല്ല 'കഥ'ഇത്ര നല്ല ഒരു ലേഖനം ക്രിസ്മസിന്റെതായി ഞാന്‍ വായിച്ചിട്ടില്ല ...അച്ഛനില്ലാത്ത ആദ്യ ക്രിസ്മസ് ആണ് അല്ലെ .....സാരമില്ല ..ആ വലിയ അച്ഛന്റെ ആത്മാവ് നിങ്ങളുടെ കൂടെ ഉണ്ടാവും ...


    മനോജേട്ടനും കുടുംബത്തിനും എന്റെ എല്ലാ ക്രിസ്മസ് ആശംസകളും .....

    ReplyDelete
  12. വീട്ടിലെ സദ്യ പകുതി കഴിച്ചിട്ട്, അയൽവക്കത്തെ കൂട്ടുകാരുടെ വീട്ടിലെ സദ്യയും കുറച്ചെങ്കിലും കഴിക്കാതെ ഓണം പൂർണ്ണമാകില്ലാ‍തെയും, വിഷുവിന് അതിരാവിലെ എണീറ്റ് അടുത്ത വീട്ടിലെ കണി കാണുന്നതും, മാഷ് 10 രൂപ തന്നാലല്ലാതെ ആ വിഷു പൂർണ്ണമാകില്ലാത്തതും, ക്രിസ്മസിന്, ബീഫ് ഫ്രൈയും,അപ്പവും കഴിക്കാൻ അവരെല്ലാം വീട്ടിലെത്തുന്നതും.. എല്ലാം ഓർത്ത് പോയി, ഈ പോസ്റ്റ് വായിച്ചപ്പോൾ.. മനോജേട്ടനും കുടുംബത്തിനും ക്രിസ്മസ്-പുതുവത്സ്താരാശംസകൾ..

    ReplyDelete
  13. മനോജേട്ടാ,

    അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി! ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!! എണ്ണപ്പാടത്താണെങ്കിലും ഒരു നല്ല ക്രിസ്മസ് കാലം ആശംസിക്കട്ടെ.

    ReplyDelete
  14. അവസരത്തിനനുയോജ്യമായ മനോഹരമായ കഥ.
    പുല്‍ക്കൂട്ടിലേക്ക് പ്രതിമകള്‍ കിട്ടാഞ്ഞ് മനസ്സ് നൊന്ത ഒരു കുഞ്ഞു ബാലന്റെ ചിത്രം അസ്സലായി കോറിയിട്ടു.
    ഡിസംബര്‍ എന്റെയും പ്രിയപ്പെട്ട മാസമാണ്.
    വിശേഷപ്പെട്ട രണ്ടു പിറന്നാളുകള്‍ ഈ മാസത്തിലുണ്ട് എന്നത് തന്നെ.
    എന്റെയും ഭര്‍ത്താവിന്റെയും!
    എല്ലാവര്‍ക്കും christmas ആശംസകള്‍..

    ReplyDelete
  15. മനോജേട്ടാ നന്നായി ..ക്രിസ്തുമസ്സ് ആശംസകള്‍

    ReplyDelete
  16. ക്രിസ്തുമസ്സ് ആശംസകള്‍ ..........

    ReplyDelete
  17. aadyamaayittanivite. veendum varam. word verification eduthu kalayu

    ReplyDelete
  18. നല്ല എഴുത്ത് . മാഷെ .പോസ്റ്റ്‌ ഒരുപാട് ഇഷ്ടം ആയി ..... മുഴുവന്‍ ഒരു ചിത്രം പോലെ മനസ്സില്‍ തെളിഞ്ഞു വന്നു ...
    എന്റെയും ഡാഡി ഇല്ലാത്ത ആദ്യത്തെ ക്രിസ്തുമസ് ആണു .. അച്ചാച്ചന്‍ ( അമ്മായിഅച്ചന്‍ ഇല്ലാത്ത രണ്ടാമത്തെ ക്രിസ്മസും ...)

    ReplyDelete
  19. പുൽക്കൂട്ടിലെ പ്രതിമ കാണാനെത്തിയ എല്ലാവർക്കും നന്ദി. ഒരിക്കൽക്കൂടെ കൃസ്തുമസ്സ് ആശംസകൾ.

    @ അഞ്ജു അനീഷ് - ഈയിടെയായി സ്പാം ശല്യം വളരെക്കൂടുതലാണ് കമന്റ് ബോക്സിൽ. അതുകൊണ്ടാണ് വേഡ് വേരിഫിക്കേഷൻ ഇട്ടിരിക്കുന്നത്. ശല്യം ഒന്ന് കുറയുമ്പോൾ വേരിഫിക്കേഷൻ നീക്കം ചെയ്യുന്നതാണ്. ഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  20. മനോജേട്ടാ, ക്രിസ്തുമസ് ആശംസകള്‍

    ReplyDelete
  21. മഹാഭാരത കഥയിൽ ഒരു ചോദ്യമുണ്ട്; ആരോ യുധിഷ്ഠിരനോട് ചോദിച്ചതാണ്. "ആകാശത്തേക്കാൾ ഉയരമുള്ളതാർക്കാണ് " ? മറുപടി "പിതാവ്" എന്നായിരുന്നു... ആ മറുപടിയിലുണ്ട് അച്ഛന്റെ മനസ്സിന്റെ വിശാലത.

    എനിക്കു ഒരു മകൻ പിറന്നതിനു ശേഷമാണ് ഞാൻ ശരിക്കും മനസ്സിലാക്കിയത്; എന്റെ അച്ഛൻ എന്നെ എന്തു മാത്രം സ്നേഹിക്കുന്നു എന്ന് - കാരണം ഞാൻ എന്റെ മകനെ അത്രത്തോളം സ്നേഹിക്കുന്നുണ്ടല്ലോ?

    അക്ഷരങ്ങളിലൂടെ ജാലവിദ്യ കാട്ടുന്ന നിരക്ഷരാ... ഈ കൃസ്തുമസ്സ് വേളയിൽ .. മാതാ പിതാക്കളുടെ സ്നേഹം നിറച്ച ഓർമ്മ ചെപ്പു ഒരിക്കൽ കൂടി തുറക്കാൻ അവസരമൊരുക്കിയ തങ്കളുടെ അവസരോചിതമായ പോസ്റ്റിനു നന്ദി.

    ReplyDelete
  22. എന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകൾ.

    ReplyDelete
  23. ഒരു ചെറു പുഞ്ചിരി വായിച്ചപ്പോഴേക്കും വിടര്‍ന്നു കേട്ടോ..
    വളരെ നന്നായി..

    പണ്ടത്തെ പോലെ ഓണവും ക്രിസ്തുമസും, ഈദും ഒന്നിച്ചഖോഷിക്കാന്‍ മടികാട്ടുന്ന ഇന്നത്തെ
    തലമുറയുടെ അകക്കണ്ണ് തുറന്നിരുന്നുവെങ്കില്‍ എന്ന് ഓര്‍ത്തു പോകുന്നു.

    ReplyDelete
  24. ക്രിസ്തുമസ് ആശംസകള്‍

    ReplyDelete
  25. കൃസ്തുമസ്സ് ആശംസകൾ.

    ReplyDelete
  26. ഹൃദയത്തില്‍ തൊട്ട വരികള്‍. ഒരായിരം ആശംസകള്‍.....സസ്നേഹം

    ReplyDelete
  27. ഒരച്ഛനു മാത്രമേ അങ്ങിനെ ചിരിക്കാന്‍ കഴിയൂ..മക്കള്‍ക്ക്‌ മാത്രമേ ആ ചിരി കാണാന്‍ കഴിയൂ..

    ReplyDelete
  28. നന്നായി... ഒരുപാട് ഓര്‍മ്മകള്‍ വന്നു വായിച്ചപ്പോള്‍. നന്ദി. ക്രിസ്തുമസിനെ കുറിച്ചുള്ള ഒരു അനുഭവം എന്റെ ബ്ലോഗിലും ഉണ്ട് ,(http://swanthamsyama.blogspot.com/2010/12/blog-post_13.html)സമയം കിട്ടുമ്പോള്‍ വായിക്കൂ... ആശംസകള്‍...

    ReplyDelete
  29. എന്തുകൊണ്ടോ,വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണ് നിറയുകയാണ് ചെയ്തത്...നിസ്സഹായനായ ഒരു കുഞ്ഞു കുട്ടിയുടെ സങ്കടം ശെരിക്കും മനസ്സില്‍ കൊണ്ടു.മിക്കവരെയും പോലെ എന്റെയും ഇഷ്ടമാസമാണ് ഡിസംബര്‍..ക്രിസ്തുമസ്സ് ഏറ്റവും ഇഷ്ടമുള്ള ആഘോഷവും...

    ReplyDelete
  30. അച്ഛന്റെ ആ കള്ളച്ചിരിയും അതിലെ സ്നേഹവും മനസ്സില്‍ കാണാന്‍ കഴിയുന്നുണ്ട് കേട്ടോ.

    അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.
    ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.

    ReplyDelete
  31. നന്നായി നിരൂ. എവിടെയാണ് ഇപ്പൊ? കാലം കുറെ ആയല്ലോ മിണ്ടീട്ടു. :)
    ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍

    ReplyDelete
  32. ക്രിസ്തുമസ് ഓര്‍മ്മകള്‍ ഹൃദ്യമായി.

    എന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകൾ.

    ReplyDelete
  33. നീരു ചേട്ടന്റെ ബ്ലോഗ്‌ മുടങ്ങാതെ വായിക്കാറുണ്ട്... കമന്റ്‌ ഇടാന്‍ പേടിയാ, കാരണം ചേട്ടന്റെ ശക്തമായ ഭാഷയിലുള്ള ലേഖനങ്ങള്‍ക്ക് എങ്ങനെയാ കമന്റ്‌ ഇടുക എന്ന് അറിയാന്‍ വയ്യ അതുകൊണ്ട് .. ആദ്യമായി ഞാന്‍ കമന്റ്‌ ഇടുന്നു ഇവിടെ, "ചേട്ടനും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ .."

    ReplyDelete
  34. എന്റെ കുട്ടിക്കാലത്തും ഞങ്ങള്‍ ഇതുപോലെ പുല്‍ക്കൂട് ഒരുക്കുന്നത് നോക്കി നിന്നിട്ടുണ്ട്...കണ്ണൂരിലെ എന്റെ കുടിയേറ്റഗ്രാമത്തില്‍ ഓണവും ക്രിസ്തുമസും എല്ലാം ഞങ്ങള്‍ ഒരുമിച്ചാണാഘോഷിക്കാറ്..പോസ്റ്റ് കുറേ ഓര്‍മ്മകളെ ഉണര്‍ത്തി..ക്രിസ്തുമസ് ആശംസകള്‍ .

    ReplyDelete
  35. @ കണ്ണന്‍ | Kannan | അരുണ്‍കുമാര്‍ പ്രഭാകരന്‍ പിള്ള - കണ്ണാ.... കമന്റൊന്നും ഇട്ടില്ലെങ്കിലും വായിക്കാറുണ്ടല്ലോ ? അതുമതി. വായിക്കപ്പെടാറുണ്ടെന്ന് അറിയുന്നതിൽ സന്തോഷം.

    പിന്നൊരു കാര്യം. ഏറ്റവും ധൈര്യസമേതം വന്ന് കമന്റ് (വിമർശനം, നിർദ്ദേശം, തെറ്റുതിരുത്തൽ)ഇട്ട് പോകാവുന്ന ഒരു സ്ഥലമാണിത്. അതുകൊണ്ടല്ലേ അനോനിമസ് ഓപ്‌ഷൻ പോലും തുറന്ന് വെച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ അറിയിക്കപ്പെടുന്നു എന്നതാണല്ലോ പ്രിന്റ് മീഡിയയും സൈബർ മീഡിയയും തമ്മിലുള്ള പ്രധാന അന്തരം.

    വായന തുടരൂ.

    ReplyDelete
  36. നന്നായിട്ടുണ്ട് കേട്ടോ.. തിരുപ്പിറവിയുടെ മംഗളാശംസകള്‍ താങ്കള്‍ക്കും കുടുംബത്തിനും

    ReplyDelete
  37. നീരൂ, ങ്ങള്‌ നന്നായ് എഴുതി,
    ക്രിസ്മസ്സ് ആശംസകൾ.

    ReplyDelete
  38. നിരക്ഷരന്‍ ജീ ,ക്രിസ്മസ് സ്പെഷ്യല്‍ നന്നായിട്ടുണ്ട്..അച്ഛന്റെ സസ്പെന്‍സ് ഇഷ്ടപ്പെട്ടു.ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

    ReplyDelete
  39. കൃസ്തുമസിന്റെ പശ്ചാത്തലത്തില്‍ ഈ കഥ മനോഹരമായി, കൂട്ടത്തില്‍ അല്‍പ്പം നൊമ്പരവും>>>>ഇക്കൊല്ലം അച്ഛനില്ലാത്ത ആദ്യത്തെ കൃസ്തുമസ്സുമാണ്.<<<< ഈ വാചകം ആണ് നൊമ്പരത്തിനു കാരണം
    അനുഭവത്തില്‍ നിന്നേ കഥ ഉണ്ടാകൂ.അഥവാ നല്ല കഥ ഉണ്ടാകണമെങ്കില്‍ അനുഭവങ്ങള്‍ ഉണ്ടായിരിക്കണം

    ReplyDelete
  40. അത്യുന്നതങ്ങളില്‍ ഇരിക്കുന്ന പിതാവേ, നീയുണ്ടോ കാണുന്നു അച്ഛണ്റ്റെ കള്ളച്ചിരിയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മക്കള്‍ സ്നേഹം.

    ReplyDelete
  41. വളരെ ഹൃദയസ്പർശിയായി വിവരിച്ചിരിക്കുന്നു.

    ReplyDelete
  42. കുറച്ച് നാളിനുശേഷമാണ് ഇതുവഴി വന്നത്.
    വളരെ ഹൃദ്യമായി തന്നെ പുല്‍ക്കുടിലൊരുക്കി

    ReplyDelete
  43. ഗീത മനോജ്30 December 2010 at 08:50

    beautiful narration. I miss achan too :(

    ReplyDelete
  44. അവസാനത്തെ വരികള്‍ ടച്ചിംഗ് ആയിരുന്നു. മുകളിലത്തെ "ഗീത മനോജിന്റെ" കമന്റും. :)

    ഞാന്‍ വിചാരിച്ചു പത്രോസേട്ടന്റെ മക്കളോ, കോയാസ്സനോ ആയിരിക്കും കൊണ്ട് വന്നു വച്ചതെന്ന്. :)

    നിരക്ഷരനും കുടുംബത്തിനും എന്റെ പുതുവത്സരാശംസകള്‍.

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.