Friday, 10 December 2010

ഫോർട്ട് കൊച്ചിൻ

കാര്യമായിട്ട് ഒന്നും ചെയ്യാനില്ലാത്ത ഒരു സായാഹ്നമായിരുന്നു അത്. വെറുതെയിരുന്ന് മടുത്തു. അടുത്തെവിടെയെങ്കിലുമൊക്കെ ഒന്ന് ചുറ്റിയടിച്ച് വരാമെന്ന് കരുതിയാണ് മുഴങ്ങോടിക്കാരിയുമായി വെളിയിലിറങ്ങിയത്. ചുറ്റിത്തിരിഞ്ഞ് ചെന്നെത്തിയത് ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി ഭാഗത്താണ്. ജ്യൂതത്തെരുവിലും ഡച്ച് പാലസിലുമൊക്കെ നിരങ്ങിയ ശേഷം സെയ്‌ന്റ് ഫ്രാന്‍സീസ് ചര്‍ച്ചില്‍ കയറിയപ്പോളാണ് ഞങ്ങളാ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.

ഒരു വിദേശി കുടുംബത്തിന്, പള്ളിക്കകത്തെ കാര്യങ്ങളൊക്കെ വളരെ വിശദമായും ആധികാരികമായും, മികച്ച ആംഗലേയത്തില്‍ പറഞ്ഞുകൊടുക്കുന്നുണ്ട് അയാള്‍. ഒരു ഗൈഡാണ് അയാളെന്ന് എനിക്ക് തോന്നിയില്ല. അത്രയ്ക്കും മനോഹരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഗൈഡുകളെ ഇന്ത്യയിലെങ്ങും ഞാനിതുവരെ കണ്ടിട്ടില്ല.

പള്ളിയില്‍ നിന്നിറങ്ങി ഫോര്‍ട്ട് കൊച്ചി കടപ്പുറത്തൊക്കെ ഒന്ന് കറങ്ങി ഒരു കാപ്പി കുടിക്കാനായി ‘കാശി’യിലേക്ക് കയറി. വളരെ താല്‍പ്പര്യം ജനിപ്പിക്കുന്ന ഒരു കൊച്ചു ആര്‍ട്ട് ഗാലറി അടക്കമുള്ള റസ്റ്റോറന്റ് ആണ് കാശി. ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടനാഴികളും, കൃത്യമായ ആകൃതിയൊന്നും ഇല്ലാത്ത മുറികളുമൊക്കെ ലാഭത്തില്‍ ഓടുന്ന പ്രശസ്തിയുള്ള ഒരു സ്ഥാപനമായി മാറ്റിയെടുക്കാന്‍ എങ്ങനെ കഴിയും എന്നതിന്റെ മകുടോദാഹരണം. വിദേശികളാണ് കാശിയിലെ സന്ദര്‍ശകരില്‍ ഭൂരിഭാഗവും.

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത ടേബിളില്‍, പള്ളിയില്‍ വെച്ച് കണ്ട ചെറുപ്പക്കാരനും വിദേശി കുടുംബവും വന്നിരുന്നു. വിദേശികള്‍ കൈകഴുകാനോ മറ്റോ നീങ്ങിയ തക്കത്തില്‍ ഞാനയാളെ കേറി മുട്ടി. രാജേഷ്, അതാണയാളുടെ പേര്. ബിസിനസ്സ് കാര്‍ഡ് എടുത്ത് തന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

A guide is the cultural ambassador of the country എന്നെഴുതിയ കാര്‍ഡില്‍, രാജേഷിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ബിരുദാനന്തര ബിരുദങ്ങളും കടന്ന് ഗവേഷണം വരെ നീളുന്നു. വിദ്യാഭ്യാസമുള്ള ഗൈഡുകള്‍ക്ക് അനന്ത സാദ്ധ്യത രാജ്യത്തുണ്ടെന്ന് രാജേഷിനെ പരിചയപ്പെട്ടപ്പോള്‍ എനിക്ക് തോന്നി. ചെയ്യുന്ന ജോലിയുടെ മാന്യത മനസ്സിലാക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മാത്രം മതി ചെറുപ്പക്കാര്‍ക്ക്.

സംസാരം ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കടന്ന് ശങ്കരാചാര്യര്‍ വരെ ചെന്നു നിന്നു. ഫോര്‍ട്ടുകൊച്ചിയുടെ ചരിത്രത്തില്‍ എനിക്കുള്ള താല്‍പ്പര്യം കണ്ടപ്പോള്‍ Fort Cochin - History and untold stories എന്ന പുസ്തകം രാജേഷ് പരിചയപ്പെടുത്തി.

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ടാന്യ എബ്രഹാം എന്ന ജേര്‍ണലിസ്റ്റാണ് എഴുത്തുകാരി. ഒരുപാട് അന്വേഷിച്ച് നടന്നതിന് ശേഷമാണ് ‘ഫോര്‍ട്ട് കൊച്ചിന്‍‘ ഒരു കോപ്പി സ്വന്തമാക്കാനായത്. 108 പേജുകള്‍ മാത്രമുള്ള ഒരു ചെറിയ പുസ്തകം. ലേ ഔട്ട് മാറ്റിമറിച്ച് പേജുകള്‍ ലാഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ 60 പേജില്‍ ഒതുക്കാനാകുമായിരുന്ന ആ ഗ്രന്ഥം പകര്‍ന്നുതന്നതാകട്ടെ 250 പേജുള്ള ഒരു പുസ്തകത്തില്‍ നിന്ന് കിട്ടിയേക്കാവുന്നതിനേക്കാള്‍ അധികം ചരിത്ര സത്യങ്ങള്‍.

നല്ല ഭാഷ. ഒരുപാട് പഠനങ്ങളും അന്വേഷണങ്ങളും അലച്ചിലുകളും നടത്തി ശേഖരിച്ച ആധികാരികമായ വിവരങ്ങള്‍. എല്ലാ റെഫറന്‍സ് പുസ്തകങ്ങളുടേയും പേരുകള്‍ അതാത് വാക്കുകള്‍ക്കിടയില്‍ നമ്പറിട്ട് ഇന്‍ഡക്സ് ചെയ്തിരിക്കുന്നു. പഴയ കൊച്ചിയുടെ ബ്ലാക്ക് & വൈറ്റില്‍ ഉള്ള ഒരുപാട് ചിത്രങ്ങള്‍. ഇതിനൊക്കെ പുറമേ untold stories എന്ന തലക്കെട്ടിനോട് നീതിപുലര്‍ത്തിക്കൊണ്ട് കൊതുകകരമായ ഒട്ടനവധി വസ്തുതകള്‍ പുസ്തകം അനാവരണം ചെയ്യുന്നു.

അതില്‍ ചിലത് മാത്രം എടുത്തുപറഞ്ഞ് ബാക്കിയുള്ളത് നേരിട്ടുള്ള വായനയ്ക്കായി വിടുന്നു.

1. പേര് കേട്ടാല്‍ തോന്നും മട്ടാഞ്ചേരി ഡച്ച് പാലസ് ഉണ്ടാക്കിയത് ഡച്ചുകാരാണെന്ന്. പക്ഷെ പാലസുണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണ്. 1555ല്‍ പറങ്കികള്‍ പാലസുണ്ടാക്കി കൊച്ചി രാജകുടുംബത്തിന് സമ്മാനിക്കുകയായിരുന്നു.

2. പേന എന്ന മലയാള പദം വന്നത് അതേ അര്‍ത്ഥമുള്ള പെന്ന (penna) എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്ന്. ഇതുപോലെ മലയാളത്തിലുള്ള മറ്റ് പല പദങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട് പുസ്തകത്തില്‍.

3. 1950 കളില്‍ Pierce Leslie & Co Ltd എന്ന കമ്പനിയിലെ ജോലിയുമായി ഫോര്‍ട്ടുകൊച്ചിയില്‍ ജീവിച്ചിരുന്ന Diarmuid McCormick എന്ന വിദേശിയെ, 2007ല്‍ ലേഖിക ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നുണ്ട്. പഴയ കാലത്ത് തെരുവുകള്‍ ഇതിലും വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭൃത്യന്‍ ഒഴിഞ്ഞ ഒരു മരുന്നുകുപ്പി ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞതിന് 52 രൂപയാണ് അദ്ദേഹത്തിന് പിഴയൊടുക്കേണ്ടി വന്നത്. 1950കളില്‍ 52 രൂപയുടെ മൂല്യം വെച്ച് നോക്കിയാല്‍, ഇന്ന് നമ്മള്‍ നാട്ടുകാര്‍ തെരുവുകളില്‍ തള്ളുന്ന മാലിന്യങ്ങള്‍ക്ക് കോടികള്‍ പിഴയൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ്.

4. സ്വാതന്ത്ര്യത്തിന് മുന്നുള്ള ഒരു കാലത്ത്, കൊച്ചിയില്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം വാങ്ങണമെങ്കില്‍ ലൈസന്‍സ് വേണമായിരുന്നു. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഉള്ളതുപോലുള്ള പെര്‍മിറ്റുകളായിരുന്നു അത്. നിശ്ചിത തോതിലുള്ള മദ്യമേ ആ പെര്‍മിറ്റുകള്‍ ഉപയോഗിച്ച് വാങ്ങാനാകുമായിരുന്നുള്ളൂ. ഇന്നെന്താണ് ഇവിടുത്തെ അവസ്ഥ ? ചിന്തിക്കേണ്ട വിഷയമാണ്.

മട്ടാഞ്ചേരിക്ക് ആ പേര് വന്നത് എങ്ങനെ ? എന്താണ് കൂനന്‍ കുരിശ് ? മാപ്പിള എന്ന പദം ആവിര്‍ഭവിച്ചതിന്റെ, ഞാനിതുവരെ കേള്‍ക്കാത്തതും മനസ്സിലാക്കാത്തതുമായ ഒരു പുതിയ അറിവ് ! കൊച്ചിയില്‍ വന്നിരുന്ന വിദേശിപ്പട്ടാളക്കാരുടെ ഭാര്യമാര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ എന്തായിരുന്നു സ്റ്റാറ്റസ് ? പോര്‍ച്ചുഗീസുകാര്‍ മലയാളികളുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെ നിയമപരിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു?

കൌതുകകരവും ജിജ്ഞാസാജനകവുമാണ് ‘ഫോര്‍ട്ട് കൊച്ചി’ വായന. സ്വന്തം നാടിനോടുള്ള സ്നേഹം, ഒരു നല്ല ചരിത്ര പുസ്തകത്തിന്റെ രൂപത്തില്‍ പ്രകടിപ്പിച്ച ടാന്യ എബ്രഹാമിന് നന്ദി.

കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സായാഹ്നങ്ങള്‍ ഇപ്പോളെന്ന ബോറടിപ്പിക്കാറില്ല. മനസ്സിലാക്കാനും കാണാനുമൊക്കെ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി എന്ന കൊച്ചുപ്രദേശം തൊട്ടടുത്ത് തന്നെയുള്ളപ്പോള്‍ എന്തിന് വിരസമായ സായാഹ്നങ്ങള്‍ പിറക്കാന്‍ ഇടനല്‍കണം ?

40 comments:

  1. കൌതുകകരവും ജിജ്ഞാസാജനകവുമാണ് ‘ഫോര്‍ട്ട് കൊച്ചി’ വായന. സ്വന്തം നാടിനോടുള്ള സ്നേഹം, ഒരു നല്ല ചരിത്ര പുസ്തകരൂപത്തിന്റെ രൂപത്തില്‍ പ്രകടിപ്പിച്ച ടാന്യ എബ്രഹാമിന് നന്ദി.

    ReplyDelete
  2. രണ്ടു കാര്യങ്ങള്‍ ഒറ്റയടിക്ക് പരിചയപ്പെടുത്തി, കാശിയും പിന്നെ പുസ്തകവും. പുസ്തകം വായിക്കാന്‍ പ്രചോദിപ്പിക്കുന്ന എഴുത്തും.. :)

    ആശംസകള്‍!!

    ReplyDelete
  3. എറണാകുളത്ത് കാണാൻ കൊള്ളാവുന്ന ഒരൊറ്റ സ്ഥലമേയുള്ളൂ അത് ഫോർട്ട് കൊച്ചിയാണ്...ഒരൊറ്റത്തവണയേ പോയിട്ടുള്ളൂ എന്നാലും ഇഷ്ടമായി എന്നാ ആംബിയൻസാ അവിടെ...

    ReplyDelete
  4. രാജേഷിനെ പോലെ ഉള്ള ഒരാളിനെ പരിചയപ്പെടുത്തിയത് നന്നായി..കാശിയില്‍ അടുത്ത തവണ എന്തായാലും പോയിരിക്കും!

    വാസ്കോ ഹൌസ് എന്തെ കടന്നു വന്നില്ല എന്നോര്‍ത്തു..ഒരുപാട് പേര്‍ എഴുതിയത് കൊണ്ടാവാം അല്ലെ !
    ടാന്യയെ പറ്റി കൂടുതല്‍ ഒന്നും എഴുതിയില്ലല്ലോ ?

    അഭിനന്ദനങ്ങള്‍ മനോജ്‌..

    ReplyDelete
  5. @ Villagemaan - ഇത് ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു യാത്രാവിവരണമല്ല. ഇതൊരു പുസ്തക പരിചയം മാത്രമാണ്. അതുകൊണ്ടാണ് വാസ്കോ ഹൌസ് അടക്കമുള്ള പല കാര്യങ്ങളും ഇതില്‍ കടന്ന് വരാതിരുന്നതും, ‘ചില യാത്രകള്‍‘ എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതിന് പകരം ‘നിരക്ഷരന്‍‘ എന്ന ബ്ലോഗില്‍ ഇത് പോസ്റ്റ് ചെയ്തതും.

    അന്തര്‍ ദേശീയവും, ദേശീയവുമായ പ്രസിദ്ധീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റ്റ് എന്നല്ലാതെ കൂടുതലൊന്നും, ടാന്യയെപ്പറ്റി ഈ പുസ്തകത്തിലും പറയുന്നില്ല.

    ReplyDelete
  6. ഫോര്‍ട്ട്‌ കൊച്ചി എന്നെ എക്കാലത്തും വലിച്ചടുപ്പിക്കുന്ന
    ഒരാകര്ഷണ കേന്ദ്രമാണ് .എത്രയോ തവണ അവിടങ്ങളില്‍ അലഞ്ഞു നടന്നിടുണ്ട് .കാശിയും എന്റെ സന്ദര്‍ശന കേന്ദ്രം ..കൂനന്‍ കുരിശിനെ പറ്റി അഞ്ഞൂറാം വാര്ഷികത്തിലോ മറ്റോ ഒരു ലേഖനം ഞാന്‍ വീക്ഷണത്തില്‍ എഴുതിയിട്ടുണ്ട് .ചരിത്രവും മറ്റും . സത്യത്തില്‍ ലോകത്തിലെ എല്ലാ സംസ്കാരവും വേഷവും ഭാഷകളും എല്ലാം ഇന്നും സജീവമായി കാണാന്‍ കഴിയുന്ന ഒരു പ്രദേശമാണ് ഫോര്‍ട്ട്‌ കൊച്ചി ..:)

    ReplyDelete
  7. ടാന്യയെ പറ്റി ഞാനും ഒന്ന് സെര്‍ച്ചി. ഒന്ന് രണ്ടെണ്ണം കണ്ടു. പക്ഷെ ഉറപ്പില്ലാത്തത് കൊണ്ട് ലിങ്കുന്നില്ല.

    ReplyDelete
  8. valare - istamaya kurippukal, manojetta.

    ellarkkum aa boook vayikkan prachodanamakatte..!

    bookile karyangal puthiya vivarangalanennu thonnunnu- kurachu koote post cheythirunnengil...!!!

    cheers - sunish eramala

    ReplyDelete
  9. ഫോര്‍ട്ട്‌ കൊച്ചിയില്‍ പോവാറുണ്ട്(എന്‍റെ പെങ്ങളുടെ വീട് അവിടെ ചിരട്ടപ്പാലത്താണ്)എന്നാലും അത്ര വിശദമായി ഒന്നും അറിയില്ല.ഈ പരിചയപെടുത്തല്‍ ഇഷ്ടപ്പെട്ടു. താങ്ക്സ്.

    ReplyDelete
  10. മനോജ്‌....കാശിയെ കുറിച്ച് പറഞ്ഞത് വളരെ നന്നായി.....എന്റെ മനസ്സിലും അങ്ങനെ ഒരു ഐഡിയ ഉണ്ട്.നാട്ടില്‍ സെറ്റില്‍ ചെയ്യുകയാണെങ്കില്‍ ഒരു ചെറിയ കഫെ തുടങ്ങണം എന്ന്... അതില്‍ ഒരു ഭാഗം എന്റെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കണം എന്നൊക്കെ....അത് അതേപടി കാണാന്‍ പറ്റി കാശിയില്‍....നമ്മുടെ നാട്ടിലും രാജേഷിനെ പോലെ ആളുകള്‍ ഉണ്ടെന്നു അറിഞ്ഞു സന്തോഷം.... മനോജ്‌ പറഞ്ഞപോലെ ചെയ്യുന്ന ജോലി സ്വന്തം അഭിമാനം ആയി കൊണ്ട് നടക്കുന്നവര്‍ കുറവല്ലേ ഇന്ന്.....ഫോര്‍ട്ട്‌ കൊച്ചിയെ കുറിച്ച് ഞാന്‍ അധികം വായിച്ചിട്ടില്ല.... ഈ ബുക്ക്‌ പരിചയപെടുതിയതില്‍ നന്ദി..

    ReplyDelete
  11. @ ആളവന്‍താന്‍ - ഈ പുസ്തകത്തിനകത്തുള്ള ടാന്യയുടെ ഒരു ചിത്രം ചേര്‍ത്ത് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തതുകൊണ്ട് ഇനി പുലിവാലൊന്നും ഉണ്ടാകില്ല എന്ന് കരുതുന്നു. കാച്ചിയ വെള്ളത്തില്‍ വീണാല്‍, പിന്നെ പൂച്ചയ്ക്ക് അങ്ങനാ.. :)

    ടാന്യയുടേതെന്ന് കാണിക്കുന്ന കൃത്യമായ ഒരു പ്രൊഫൈല്‍ ഇന്റര്‍നെറ്റില്‍ നിന്ന് എനിക്കും കിട്ടിയില്ല.

    ReplyDelete
  12. Thanks for the introduction of a new book and author

    ReplyDelete
  13. കൊള്ളാം.... :)

    ഊരു ചുറ്റലൊക്കെ കഴിഞ്ഞ് ഉരു കൊച്ചിയിലാണോ നങ്കൂരമിട്ടിരിക്കുന്നത്?

    ReplyDelete
  14. നല്ല പോസ്റ്റ് മനോജേട്ടാ. കാശിയെ പരിചയപ്പെടുത്തിയതിന് സ്പെഷൽ താങ്ക്സ്. (തീറ്റക്കാര്യമാകുമ്പോൾ ഇന്ററസ്റ്റ് കൂടുമല്ലോ.. :)

    ReplyDelete
  15. കൊച്ചിയിൽ 7 കൊല്ലം തെണ്ടിയ ഞാൻ ഒരിക്കലും ഫോർട്ട് കൊച്ചിയിൽ പോയിട്ടില്ല!

    (സംഗതി മറ്റൊന്നുമല്ല, പേടിയായിരുന്നു!)

    ഇപ്പോൾ പതിനഞ്ചുവർഷത്തിനുശേഷം രണ്ടാമൂഴത്തിനെത്തി. ഇനി ഒന്നു പോകണം.

    ReplyDelete
  16. ഫോർട്ടു കൊച്ചി മൂന്നു പ്രാവശ്യം കണ്ടു.. നല്ല സ്ഥലം. (കൊച്ചിയിൽ 7 കൊല്ലം ഉണ്ടായിരുന്നിട്ടും ഇതുവരെ അവിടെ പോകാഞ്ഞ ജയനെ ചെരവയ്ക്ക് അടിയ്ക്കാൻ വിധിച്ചിരിക്കുന്നു - ഏറ്റവും കുറഞ്ഞ ശിക്ഷ)

    ReplyDelete
  17. പരിചയപ്പെടുത്തൽ നന്നായി.
    ഫോർട്ടുകൊച്ചിയെയും, പുസ്തകത്തെയും പിന്നെ കൊച്ചിയിലെ കാശിയെയും.

    ReplyDelete
  18. വളരെ ഇന്‍ഫര്‍മേറ്റിവ്‌ ആയ വിവരണം മനോജ്‌... നന്ദി... ആശംസകള്‍...

    ReplyDelete
  19. പരിചയപെടുത്തിയതിനു നന്ദി. മനോജ്.. ആഗ്രയിലേ ഗൈഡുകളേയും കടകളില്‍ നില്‍ക്കുന്ന 10 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെയും ഒന്ന് പരിചയപ്പെട്ടാല്‍... ഒട്ടും ഒട്ടും ബേസിക്ക് വിദ്യഭാസം ഇല്ലാതെ, നല്ല വേസ്റ്റേണ്‍ ആക്സന്റില്‍ ഒട്ടും പിഴകളില്ലാത്ത ഇംഗ്ലീഷ് പറയുന്ന കൂട്ടത്തേ കാണാം. ഞാന്‍ അന്ധാളിച്ച് പോയിട്ടുണ്ട് അവരുടേ ആക്സന്റും മാനറിസവും കണ്ടിട്ട്. ചോദിച്ചറിഞപ്പോള്‍ അവര്‍ പറഞത്.. ജനിച്ചതു മുതല്‍ ഇത് പോലെത്തേ വെസ്റ്റേണ്‍ ഇംഗ്ലീഷാണു മാഡം കേള്‍ക്കുന്നത്, അത് കൊണ്ട് ഹിന്ദി പോലും ഇപ്പോ വഴങ്ങുന്നില്ലാന്ന് :)

    ReplyDelete
  20. കൊച്ചി കണ്ടവനു അച്ചി വേണ്ട എന്നൊരു ചൊല്ലുണ്ട്. അതെവിടുന്നു വന്നു.പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.
    മുഴുങ്ങോടിക്കാ‍രിയെന്നു വിളിച്ച് വിളിച്ച് പളക്കമായില്ലെ...
    ആശംസകളോടെ
    yasmin@nattupacha

    ReplyDelete
  21. ടാന്യയെയും,പുസ്തകത്തെയും പരിചയപ്പെടുത്തിയ നിരക്ഷരന്,നന്ദി..

    ReplyDelete
  22. മനോജേട്ടാ, ഈ കാശി എന്നത് നമ്മുടെ ബോട്ടുജെട്ടിക്കും താലൂക്ക് ഓഫീസിനും ലൈബ്രറിക്കും അരികില്‍ തന്നെയുള്ള ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഉള്ള റെസ്റ്റോറണ്ടാണോ? അവിടെയും ഞാന്‍ ഇതില്‍ പറഞ്ഞ പ്രകാരം ഒരു കൊച്ചു ആര്‍ട്ട് ഗാലറിയും മറ്റും കണ്ടിട്ടുണ്ട്. പിന്നെ ഈ ടാന്യയെ നല്ല പരിചയം. പേരാണോ അതോ ആളെയാണോ എന്ന് മനസ്സിലാവുന്നില്ല.

    ReplyDelete
  23. ഈയൊരു പരിചയപ്പെടുത്തല്‍ നന്നായി..

    ReplyDelete
  24. ഫോര്ട് കൊച്ചിയില്‍ ഞാന്‍ വന്നിട്ടില്ല...അല്ലെങ്കിലും സ്വന്തം നാട് ഞാന്‍ വൃത്തിയായി കണ്ടിട്ടേ ഇല്ലേ..ഒരവസരം കാത്തു നില്കുന്നു.........സസ്നേഹം

    ReplyDelete
  25. താങ്ക്സ് മനോജേട്ടാ ...

    ReplyDelete
  26. ടാന്യയുടെ പുസ്തകത്തിനേക്കാളേറെ എന്നെ impress ചെയ്യിച്ചത് രാജേഷാണ്.ദുരഭിമാനം ഒന്ന് കൊണ്ട് മാത്രമല്ലേ, നമ്മുടെ നാട്ടിലെ ഭൂരിഭാഗം ചെറുപ്പക്കാരും തൊഴില്‍ രഹിതരായിരിക്കുന്നത്?
    വ്യതസ്തമായ പോസ്റ്റുകള്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന നിരക്ഷരന് അഭിനന്ദനങ്ങള്‍

    ReplyDelete
  27. മനോഹരമായ പരിചയപ്പെടുത്തൽ.. താങ്കളുടെ എഴുത്തുകൾ എല്ലാം മികച്ചവയാണ്‌.. അഭിനന്ദനങ്ങൾ

    ReplyDelete
  28. വിവരണം നന്നായി.
    പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.

    ReplyDelete
  29. രണ്ടു വര്‍ഷത്തെ കൊച്ചി ജീവിതത്തില്‍ മിക്ക ഞായറ്രാഴ്ചയും ഫോര്‍ട്ട്‌ കൊച്ചി ആയിരുന്നു താവളം. വര്‍ഷങ്ങള്‍ക്കു ശേഷവും ഫോര്‍ട്ട്‌ കൊച്ചി സുഖമുള്ള ഒരു ഓര്‍മയാണ് ..

    വളരെ നന്നയിട്ടുണ്ട്.

    A guide is the cultural ambassador of the country -- ഇഷ്ട്ടപ്പെട്ടു. ഇത് പോലുള്ള ഗൈഡുകള്‍ വളരെ കുറവാ .

    Fort Cochin - History and untold stories - ഇതൊരെണ്ണം കിട്ടാനെന്താ വഴി ?

    ReplyDelete
  30. നല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.

    ReplyDelete
  31. നാട് നേരാംവണ്ണം കനാത്തവനാണ് ഞാനും, എല്ലാം പുതിയ അറിവുകള്‍.
    നന്ദി ഈ പരിചയപ്പെടുത്തലുകള്‍ക്ക്.

    ReplyDelete
  32. നന്ദി. pls avoid word verification before posting comments.

    ReplyDelete
  33. @ ഞാന്‍ - നന്ദി :)
    @ പോണി ബോയ് - നന്ദി :)
    @ വില്ലേജ് മാന്‍ - നന്ദി :)

    @ രമേശ് അരൂര്‍ - കൂനന്‍ കുരിശിനെപ്പറ്റിയുള്ള ആ ലേഖനത്തിന്റെ സ്ക്കാന്‍ കോപ്പി വല്ലതും കൈയ്യില്‍ ഉണ്ടെങ്കില്‍ എനിക്കൊന്ന് അയച്ച് തരാമോ ? വായനയ്ക്ക് നന്ദി :)

    @ ആളവന്താന്‍ - നന്ദി :)
    @ സുനീഷ് എളമര - നന്ദി :)
    @ ഷാജി ഖത്തര്‍ - നന്ദി :)

    @ മഞ്ജു മനോജ് - ഒരു കോഫി ഷോപ്പ് / ആര്‍ട്ട് ഗാലറി തുടങ്ങണമെന്ന് എനിക്കുമുണ്ട് ആഗ്രഹം. കൊച്ചിയിലല്ല, മുസരീസില്‍. മജ്ഞുവിന്റെ വര്‍ക്കുകള്‍ അവിടെ പ്രദര്‍ശിപ്പിക്കാനും വിറ്റഴിക്കാനും അവസരമുണ്ടാക്കാം. സ്വന്തം കഫേ തുടങ്ങണമെങ്കില്‍ അതിനും സ്കോപ്പുണ്ട് കേരളത്തില്‍. നന്ദി :)

    @ ജയലക്ഷ്മി - നന്ദി :)

    @ കാവലാന്‍ - ഊരുചുറ്റല്‍ ഒരിക്കലും കഴിയുന്നില്ല. നങ്കൂരമൊക്കെ താല്‍ക്കാലികം മാത്രം. നന്ദി :)

    @ സിജോ ജോര്‍ജ്ജ് - നന്ദി :) തീറ്റ തീറ്റ എന്ന വിചാരമേ ഉള്ളൂ അല്ലേ ? :)

    @ ജയന്‍ ഏവൂര്‍ - കൊച്ചിയില്‍ എന്തിനാണ് തെണ്ടിയത് ? പേടിയോ ? അതെന്തിനായിരുന്നു ? നന്ദി :)

    @ കാര്‍ന്നോര്‍ - ഇവിടെ മാത്രം ഞാന്‍ നന്ദി എന്ന് എഴുതുന്നില്ല. എഴുതിയാല്‍ ജയന്‍ ഡോക്‍ടര്‍ കരുതും അദ്ദേഹത്തെ ചിലവയ്ക്ക് അടിക്കാന്‍ ശിക്ഷ വിധിച്ചതിന് നന്ദി പറയുന്നതാണെന്ന് :):)

    @ കലാവല്ലഭന്‍ - നന്ദി :)
    @ വിനുവേട്ടന്‍ - നന്ദി :)

    @ അതുല്യ - നന്ദി :) ഞാന്‍ ആഗ്രയില്‍ പോയ കാലത്ത് (1989ല്‍) എന്തുകൊണ്ടോ
    ഇക്കൂട്ടരെ കാണാനായില്ല.

    @ മുല്ല - ആ ചൊല്ലിന്റെ പിന്നിലെ കഥ ശരിക്കും ഒന്ന് തപ്പിയെടുക്കുന്നുണ്ട് ഞാന്‍. മുഴങ്ങോടിക്കാരി പളക്കം താന്‍ :) നന്ദി :)

    @ ജാസ്മിക്കുട്ടി - നന്ദി :)

    @ മനോരാജ് - ഉദ്ദേശിക്കുന്നത് മറ്റേതോ കഫേ ആണ്. കാശി താഴെത്തെ നിലയില്‍ ആണ്. ജെട്ടിയില്‍ നിന്ന് അല്‍പ്പം വിട്ടുമാറി ഒരു ഇടവഴിയില്‍ ആണത് നിലകൊള്ളുന്നത്.

    @ ഷാ - നന്ദി :)
    @ ഒരു യാത്രികന്‍ - നന്ദി :)
    @ ഫൈസു മദീന - നന്ദി :)
    @ മെയ് ഫ്ലവേഴ്സ് - നന്ദി :)
    @ മാനവധ്വനി - നന്ദി :)
    @ ഇസ്മായില്‍ കുറുമ്പടി - നന്ദി :)

    @ 4 the people - ഡീസിയില്‍ അല്ലെങ്കില്‍ ശങ്കേഴ്‌സില്‍ കിട്ടേണ്ടതാണ്. നന്ദി :)

    @ സതീശ് മാക്കോത്ത് - നന്ദി :)
    @ തെച്ചിക്കോടന്‍ - നന്ദി :)

    @ കാഡ് ഉപയോക്താവ് - നന്ദി :) സ്പാമിന്റെ ശല്യം വളരെയധികം ആയതുകൊണ്ട് ഈയിടയ്ക്കാണ് വേഡ് വേരിഫിക്കേഷന്‍ ഇടാന്‍ തുടങ്ങിയത്. സ്പാം ശല്യം കുറഞ്ഞാലുടന്‍ വേഡ് വേരിഫിക്കേഷന്‍ നീക്കം ചെയ്യുന്നതാണ്.

    ഫോര്‍ട്ട് കൊച്ചിന്‍ വായിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

    ReplyDelete
  34. നിരക്ഷരന്‍ ജി,
    പുസ്തകവും കാശിയും പരിചയപ്പെടുത്തിയതിനു നന്ദി.
    ഇത് പോലെ പുസ്തക പരിചയപെടുത്തല്‍ കണ്ടിട്ടുള്ളത് മനുവേട്ടന്റെ (മനോരാജ്) ബ്ലോഗില്‍ ആണ്.

    ReplyDelete
  35. കൊച്ചിയെ പറ്റി ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുന്ന പോസ്റ്റ്........തങ്ക്സ്

    ReplyDelete
  36. പാവം ഫോര്‍ട്ട്‌ കൊച്ചിയേയും വെറുതെ വിടില്ല അല്ലെ ?

    ബുക്ക്‌ പരിചയപ്പെടുത്തിയതില്‍ നന്ദി.

    ReplyDelete
  37. മനോജേട്ടാ ഈ പുസ്തകപരിചയത്തിനു നന്ദി. ഇതൊരെണ്ണം സംഘടിപ്പിക്കാൻ പറ്റുമോ എന്നു നോക്കട്ടെ. നമ്മുടെ നാടിനെക്കുറിച്ച് കൂടുതൽ അറിയാൻ ഒരു ആകാംഷ,

    ReplyDelete
  38. "വൈകിട്ട് ബോര്‍ അടിച്ച" കാരണം ഞങ്ങള്‍ക്ക് കുറച്ചു പുതിയ അറിവുകള്‍ കിട്ടി ...... :)

    ReplyDelete
  39. ഈ പുസ്തക പരിചയത്തിന് ഞാനും നന്ദി പറയുന്നു...

    ReplyDelete
  40. ഞങളുടെ കൊച്ചികൂട്ടം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നു
    http://kochikoottam.blogspot.in

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.