Wednesday 1 April 2009

എപ്പോ ഇറങ്ങീ ?

ഘൂ

ഞാന്‍ നാട്ടിലേക്ക് വരുന്നു, നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം. കഴിഞ്ഞതെല്ലാം നീ മറക്കണം. ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട് നിന്നെ. നാട്ടില്‍ നീയല്ലാതെ എനിക്ക് മറ്റ് കൂട്ടുകാരാരുമില്ലെന്ന് അറിയാമല്ലോ ? ഈ മാസം 15ന് പത്തര മണിയുടെ ജെറ്റ് എയര്‍ വേയ്‌സില്‍ നെടുംബാശ്ശേരിയില്‍ ഞാനിറങ്ങും. നീ വരുമെന്ന വിശ്വാസത്തോടെ.....

സ്വന്തം


ഫിലിപ്പ് ജോര്‍ജ്ജ്
------------------------------------------------

വീട്ടഡ്രസ്സിലേക്ക് വന്ന കത്തുവായിച്ചുകഴിഞ്ഞപ്പോള്‍ രഘുവിന്റെ ഉള്ളിലൊരു പേമാരിപെയ്തുതോര്‍ന്ന ആശ്വാസമായിരുന്നു. ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയിരുന്ന പ്രിയ കൂട്ടുകാരനിതാ മടങ്ങിവരാന്‍ പോകുന്നു. പ്രായശ്ചിത്തമെന്തായാലും ചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് കരുതി നടന്നിരുന്ന, ഇക്കാലമത്രയും ഒരു നൊമ്പരമായി കൊണ്ടുനടന്നിരുന്ന പഴയ സംഭവങ്ങളിലേക്ക് ഒരിക്കല്‍ക്കൂടെ രഘു മടങ്ങിപ്പോയി.

കോളേജ് അഡ്‌മിഷനുവേണ്ടി അച്ഛന്റെ കൂടെ നഗരത്തില്‍ എത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ട സഹപാഠി, ഫിലിപ്പാണ്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്. കോളേജിലേയും ഹോസ്റ്റലിലേയും അഡ്‌മിഷനും മറ്റ് ഫോര്‍മാലിറ്റികളുമൊക്കെ കഴിഞ്ഞപ്പോള്‍ വൈകുന്നേരമായി. തലേന്നാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തി ഒന്നു ഫ്രെഷായിക്കഴിഞ്ഞപ്പോഴേക്കും അച്ഛന് വൈകുന്നേരത്തെ ഡ്രിങ്കിന്റെ സമയമായിരുന്നു. ഹോട്ടലിലെ ബാറിന്റെ ശീതളിമയിലേക്ക് കടന്നപ്പോള്‍ അകത്തെ ടേബിളുകളില്‍ ഒന്നില്‍ മാത്രമേ ആളുണ്ടായിരുന്നുള്ളൂ. മേശക്കപ്പുറമിപ്പുറം ഇരിക്കുന്ന രണ്ടുപേരെ രാവിലെ കോളേജ് കാമ്പസിലും പരിസരത്തുമൊക്കെ കണ്ടിരുന്നതുപോലെ. സംശയം തീര്‍ത്തേക്കാമെന്ന് പറഞ്ഞ് കേറിമുട്ടിയത് അച്ഛനാണ്.

വൈകീട്ടത്തെ ക്വാട്ടാ ഡ്രിങ്ക് ലക്ഷ്യമാക്കിയാണ് ജോര്‍ജ്ജങ്കിളും വന്നിരിക്കുന്നത്. രണ്ട് മക്കളും അച്ഛന്മാരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അന്നത്തെ ദിവസം ഒരു പുതിയ സൌഹൃദത്തിന്റെ തുടക്കം ആഘോഷിച്ചു. മക്കള്‍ക്ക് രണ്ടുപേര്‍ക്കും കൂടെ ഒരു ബിയര്‍ ആഘോഷത്തിന്റെ ഭാഗമായി കിട്ടിയപ്പോള്‍ പിതാക്കന്മാര്‍ ഓരോ എക്ട്രാ ഡ്രിങ്ക് അകത്താക്കി. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച. പിന്നീട് നാള്‍ക്കുനാള്‍ ആ സൌ‍ഹൃദം വളര്‍ന്നുകൊണ്ടേയിരുന്നു.

ട്രീസ, കൊല്ലത്തുകാരി പെണ്ണ് , പൂച്ചക്കണ്ണി, ജൂനിയര്‍ ബാച്ചിലെ മിസ് വേള്‍ഡ്, കോളേജിലെ തന്നെ സൌന്ദര്യറാണി.അവളുടെ വരവോടെയാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്. ഫിലിപ്പിനവളോട് പ്രേമം കേറിയിട്ടുണ്ടെന്ന് അവന്‍ പറയാതെ തന്നെ മനസ്സിലാക്കാനായി. അവനങ്ങനെയാണ്, മനസ്സിലുള്ളത് മുഖത്ത് വ്യക്തമായി കാണിക്കും. എത്ര മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നോ അത്രയ്ക്ക് തന്നെ അത് മറനീക്കി മുഖത്ത് തെളിഞ്ഞുവരും.

അവളുടെ സ്വഭാവം വെച്ച് ഫിലിപ്പിനെ അവള്‍ ശരിക്ക് കളിപ്പിക്കുമെന്നാണ് തനിക്ക് തോന്നിയത്. അവളുടെ പിന്നാലെ നടക്കുന്ന കോളേജിലെ കൊടികെട്ടിയ മറ്റ് പൂവാലന്മാരെയൊക്കെ മാറ്റിനിര്‍ത്തി ഫിലിപ്പിനെ അവള്‍ പ്രേമിക്കാന്‍ ഒരു ന്യായവും താന്‍ കണ്ടില്ല. ഒരു ചതി പതിയിരിക്കുന്നതുപോലെ. ആ തോന്നല്‍ ശരിവെക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും പലപ്പോഴും ഉണ്ടാകുകയും ചെയ്തു. അതൊക്കെ പറഞ്ഞാല്‍ ഫിലിപ്പിനുണ്ടോ മനസ്സിലാകുന്നു ! അവന് പ്രേമം അസ്ഥിയില്‍ പിടിച്ചിരിക്കുകയല്ലേ ?

അവരുടെ പ്രേമത്തിന് തന്റെ പിന്തുണ ഇല്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ അവന്‍ അകന്നുതുടങ്ങി. ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും ക്ലാസ്സില്‍ വരുമ്പോള്‍ മാത്രമേ കാണാന്‍ പറ്റൂ എന്നതായി അവസ്ഥ. ക്ലാസ്സ് കഴിഞ്ഞാല്‍പ്പിന്നെ അവനെ കാണില്ല. ഹോസ്റ്റലിലും കാണാറില്ല. എവിടേയ്ക്കാണിവന്‍ പോകുന്നത് ?

അല്‍പ്പം ജാസൂസി പരിപാടികളൊക്കെ നടത്തിയപ്പോള്‍ കുറേ കാര്യങ്ങള്‍ മനസ്സിലാക്കാനായി. മിക്കവാറും ദിവസങ്ങളില്‍ പാര്‍ക്ക് ബെഞ്ചിലും നഗരത്തിലെ മുന്തിയ ഹോട്ടലുകളിലൊന്നിലെ ഐസ് ക്രീം പാര്‍ലറിലും കമിതാക്കള്‍ ഹാജരാണത്രേ ! കോളേജ് പഠനകാലത്ത് ആണ്‍പിള്ളേരുടെ കയ്യീന്ന് ഐസ് ക്രീം വാങ്ങിത്തിന്ന് അവന്മാരെ ബോഡീ ഗാര്‍ഡിനെപ്പോലെ പിന്നാലെ കൊണ്ടുനടക്കുന്ന ചില തലതെറിച്ച അവളുമാരുടെ ലിസ്റ്റിലെ ഒന്നാമത്തെ പേര് ഇവളുടെ തന്നെയായിരിക്കണം. അതൊക്കെപ്പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാമെന്ന് വെച്ചാല്‍ അവനൊന്ന് നിന്നു തരണ്ടേ ?

25 രൂപയുടെ രണ്ട് ഐസ് ക്രീം കഴിച്ചിട്ട് 100 രൂപാ നോട്ട് വെച്ച് ബാക്കിയുള്ള 50 രൂപാ അവളെ ഇമ്പ്രസ് ചെയ്യാന്‍ വേണ്ടി ടിപ്പ് കൊടുത്ത് പോരാറുണ്ടെന്ന് ഐസ് ക്രീം പാര്‍ലറിലെ ജോലിക്കാരന്‍ വഴി മനസ്സിലാക്കാന്‍ സാധിച്ചപ്പോള്‍ ശരിക്കും ദേഷ്യം വന്നു. രണ്ടാള്‍ക്ക് ബാല്‍ക്കണിയിലിരുന്ന് സിനിമ കാണാന്‍‍ 50 രൂപ മതി. അത്രയും കാശ് രണ്ട് ഐസ്‌ക്രീം കഴിച്ചതിന് ടിപ്പ് കൊടുക്കാന്‍ ഇവന്‍ ഹൈദരാബാദ് നിസ്സാമിന്റെ മകനോ മറ്റോ ആണോ ?

പിന്നീടങ്ങോട്, അവളോടുള്ള പ്രേമത്തിന് വിപരീതാനുപാതത്തിലായിത്തീര്‍ന്നു തന്നോടുള്ള അവന്റെ സൌഹൃദം.

അവനുമൊരുമിച്ച് ഒരു ബിയറടിക്കാന്‍ പോയ കാലം തന്നെ മറന്നു. അവരുടെ പ്രേമത്തിന് ചുക്കാന്‍ പിടിക്കുന്ന മഹേഷുമായിട്ടാണ് ഈയിടെ അവന്റെ കമ്പനി. മഹേഷ് ഇത്തിരി മുറ്റാണ്. ബിയറിലൊന്നും അവന് ലഹരി കിട്ടില്ല. അരക്കുപ്പി വിസ്‌ക്കി അകത്താക്കി, കാല് തെന്നാതെ, നാക്ക് കുഴയാതെ, അടുത്തതൊഴിക്ക് എന്ന ഭാവത്തിലുള്ള അവന്റെ നില്‍പ്പ് പല കമ്പനികളിലും കാണാനിടയായിട്ടുണ്ട്. ഫിലിപ്പിനെ മഹേഷ് ശരിക്കും കുടുക്കുമെന്ന് ഒരു ഉള്‍വിളി തനിക്കുണ്ടായിട്ടുണ്ട്. അതുതന്നെയാണ് സംഭവിച്ചതും.

രാത്രി 10 മണി കഴിഞ്ഞ സമയത്ത് നന്നായി മിനുങ്ങി റോഡിലൂടെ ഉച്ചത്തില്‍ പാട്ടും പാടിവരുകയായിരുന്ന ഫിലിപ്പിനേം , മഹേഷിനേം പൊലീസുകാര്‍ പൊക്കി. പിടിക്കപ്പെടുമ്പോള്‍ മഹേഷിന്റെ ഇടുപ്പില്‍ അരക്കുപ്പി റം ഉണ്ടായിരുന്നു.

കള്ളുകുടിച്ചാല്‍പ്പിന്നെ ഫിലിപ്പിന് ഇംഗ്ലീഷേ വരൂ.

“വാട്ടീസ് ദ ചാര്‍ജ്ജ് എഗൈന്‍‌സ്റ്റ് അസ് ?” എന്ന് എസ്.ഐ. യോട് ചോദിച്ച ഫിലിപ്പിനെ “ഫ പന്നക്കഴുവേറീടെ മോനേ, ഏമ്മാനോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നോടാ ?” എന്ന് ചോദിച്ചോണ്ടാണ് പൊലീസുകാരനൊരാള്‍ ചുരുട്ടിക്കൂട്ടി ജീപ്പിന്റെ പിന്നിലേക്ക് എടുത്തിട്ടത്.

എസ്.ഐ.ക്ക് മഹേഷിന്റെ അച്ഛനെ പരിചയമുണ്ട്. ശ്രീധരന്‍ വക്കീലിനെ അറിയാത്തവര്‍ നഗരത്തില്‍ ആരുമില്ല. അച്ഛന്റെ പേരുപറഞ്ഞ് മഹേഷ് പതുക്കെ ഊരി. അരക്കുപ്പി റമ്മും മദ്യലഹരിവിട്ടൊഴിഞ്ഞ തലച്ചോറുമായി രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നു ഫിലിപ്പിന്. അടുത്ത ദിവസം പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്ത് കോടതില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ ഫൈനെല്ലാം അടിച്ചാണ് പുറത്തിറങ്ങാന്‍ പറ്റിയത്. സ്റ്റേഷനിലെ കൊതുകുകള്‍ സംഭാവന ചെയ്ത ചോരപ്പാടുകള്‍ വീണ് വൃത്തികേടായ വേഷവുമായി ഉറക്കച്ചടവോടെ ഹോസ്റ്റലില്‍ വന്നുകയറിയ അവനെക്കണ്ടപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ ഒരുമിച്ചാണ് വന്നത്.

മഹേഷ് പറഞ്ഞ് ഇതിനകം തന്നെ വിവരങ്ങളൊക്കെ ഹോസ്റ്റലില്‍ എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. എന്തായാലും അങ്ങനെയൊരു സംഭവം ഉണ്ടായത് നന്നായി. അതോടെ മഹേഷുമായുള്ള ഫിലിപ്പിന്റെ കൂട്ടുകെട്ട് അവസാനിച്ചുകിട്ടി.

അടുത്ത ദിവസം പക്ഷെ എല്ലാം കുഴഞ്ഞു. പാര്‍ക്ക് ബെഞ്ചിലെ സൊള്ളലൊക്കെ കഴിഞ്ഞ് റെയില്‍ മുറിച്ചുകടന്ന് മെയിന്‍ റോഡിലേക്ക് ട്രീസയ്ക്കൊപ്പം നടക്കുമ്പോള്‍ പാളത്തിനപ്പുറത്തുള്ള ചേരിക്കുടിലുകളിലൊന്നില്‍ നിന്ന് ഒരാള്‍ ഫിലിപ്പിനെ നോക്കി കൈ പോക്കി. അയാ‍ളെ എവിടെയോ കണ്ടുപരിചയം ഫിലിപ്പിനും തോന്നി. അപ്പോളേക്കും അയാള്‍ ഒരുപടി കൂടെ കടന്ന് ഒരു ചോദ്യം എറിഞ്ഞു.

“എപ്പോ ഇറങ്ങീ ?”

മിഴിച്ച് നിന്നുപോയ ഫിലിപ്പിനെ നോക്കി അയാളുടെ അടുത്ത പ്രയോഗം ഇങ്ങനെയായിരുന്നു.

“ഞാനിന്ന് വൈകീട്ടാ ഇറങ്ങിയത് . മിക്കവാറും മറ്റന്നാള്‍ ഒന്നൂടെ പോകേണ്ടി വരും. മാഷ് ഇനി എന്നാ അങ്ങോട്ട് ? ”

പെട്ടെന്ന് ഫിലിപ്പിനെല്ലാം മിന്നായം പോലെ തെളിഞ്ഞു.
ചാട്ടുളി പാപ്പച്ചന്‍, സ്ഥലത്തെ പ്രധാന മോഷ്ടാവ്. ചിന്ന ചിന്ന മോഷണക്കേസുകള്‍ക്കും, പെറ്റിക്കേസുകള്‍ക്കും പ്രതിയെക്കിട്ടാതാകുമ്പോള്‍ പോലീസുകാര്‍ പൊക്കിയെടുത്ത് അകത്തുകൊണ്ടുപോയിടുന്ന ഒരു വാടക കുറ്റവാളികൂടെയാണു്‌ പാപ്പച്ചന്‍ . റെയിലിനപ്പുറത്തെ ചെറ്റക്കുടിലുകളിലൊന്നിലാന്നായിരിക്കണം പാപ്പച്ചന്റെ വീട്.

ഇന്നലെ സ്റ്റേഷനില്‍ പാപ്പച്ചനുമുണ്ടാ‍യിരുന്നു. ഉറക്കമിളച്ച് കൊതുകുകടിയും കൊണ്ടിരിക്കുന്ന സമയത്ത് പാപ്പച്ചനുമായി പരിചയപ്പെടുകയും ലോഹ്യം പറയുകയുമൊക്കെ ചെയ്തതാണ് ഫിലിപ്പിന് വിനയായത്. പിന്നീട് പല ദിവസങ്ങളിലും ട്രീസയുമായി പോകുമ്പോള്‍ പാപ്പച്ചനെ കാണാന്‍ തുടങ്ങി. കാണാത്തപോലെ നടന്നും , കേള്‍ക്കാത്തപോലെ അഭിനയിച്ചുമൊക്കെ പലപ്രാവശ്യം പാപ്പച്ചനില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഒരു ദിവസം പാപ്പച്ചന്‍ ശരിക്കും പിടിച്ചുനിര്‍ത്തിക്കളഞ്ഞു.

“ എന്താ മാഷേ ഒരു പരിചയവുമില്ലാത്ത പോലെ? നമ്മള്‍ ഇടയ്ക്കിടയ്ക്ക് കാണാനുള്ളവരല്ലേ ? “
ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പാപ്പച്ചന്റെ സംസാരം.

ഊരിപ്പോകാന്‍ അന്നും ശരിക്ക് ബുദ്ധിമുട്ടിക്കാണണം. ട്രീസയ്ക്ക് എന്തൊക്കെയോ മനസ്സിലായെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ അവള്‍ സത്യാവസ്ഥ അറിയാന്‍ തന്റടുത്തെത്തിയത്. പ്രേമം പൊളിക്കാന്‍ ഒരു കാരണം അന്വേഷിച്ച് നടന്നിരുന്ന താന്‍, അവളോട് ഉണ്ടായ കാര്യമെല്ലാം തുറന്നുപറഞ്ഞു.

വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും കാര്യം നടന്നു. ട്രീസ ഫിലിപ്പുമായി തെറ്റി. അതിനും മാത്രമുള്ള കാര്യമൊന്നുമുണ്ടായിരുന്നില്ല ഒരു കള്ളുകുടിയിലും പെറ്റിക്കേസിലും, പിന്നെ ചാട്ടുളി പാപ്പച്ചനെ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ടതിലുമൊക്കെ. പക്ഷെ അവള്‍ ഒരു കാരണം തിരക്കി നടക്കുകയായിരുന്നു എല്ലാം വെച്ചവസാനിപ്പിക്കാന്‍. കോളേജ് കഴിയാറായിരിക്കുന്നു. ഇനി ഫിലിപ്പിനെ അവള്‍ക്കാവശ്യമില്ല, ഒഴിവാക്കണം. അതിനൊരുകാരണം. അത്രേയുള്ളൂ ഇത് എന്നാണ് തനിക്ക് തോന്നിയത്.

വൈകീട്ട് കൊടുങ്കാറ്റ് പോലെ ഹോസ്റ്റലില്‍ വന്നുകയറിയ ഫിലിപ്പിനെ കണ്ട് എല്ലാവരും ശരിക്കും ഞെട്ടി.

“എവിടെ ആ നാറി രഘു ? ഇന്നവനെ കൊന്നിട്ട് ഞാന്‍ ജയില്‍ പോകും”
മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി വന്ന തന്നെ എതിരേറ്റത് മുഖമടച്ചുള്ള ഒരടിയാണ്. കണ്ണില്‍നിന്ന് പൊന്നീച്ച പറന്നു, കാര്യം പെട്ടെന്നു തന്നെ മനസ്സിലാകുകയും ചെയ്തു. പക്ഷെ, തിരിച്ചടിക്കാന്‍ നിന്നില്ല. അവന് വിഷമമുണ്ടാകും. അടിച്ചോട്ടെ, അടിച്ച് തീര്‍ക്കട്ടെ. എന്നാലും അവനെ ഒരു കുടുക്കില്‍നിന്ന് രക്ഷിക്കാനായെന്ന സന്തോഷം ബാക്കിയുണ്ടാകുമല്ലോ ?

ഫൈനല്‍ സെമസ്റ്ററിലെ അവസാനത്തെ പരീക്ഷയുടെ അന്നാണ് അവസാനമായി കണ്ടത്. പിന്നെ എങ്ങോട്ട് പോയെന്നോ എവിടെയാണെന്നോ കോളേജില്‍ ആര്‍ക്കെങ്കിലുമോ, അവന്റെ വീട്ടുകാര്‍ക്ക് പോലുമോ അറിയില്ലായിരുന്നു.

എല്ലാവരും പ്രതിക്കൂട്ടില്‍ നിറുത്തിയത് തന്നെത്തന്നെയായിരുന്നു. ട്രീസയുടെ മനസ്സമ്മതം കോളേജില്‍ വന്ന് ചേര്‍ന്നകാലത്ത് തന്നെ കഴിഞ്ഞിരുന്നെന്നും, അവസാന സെമസ്റ്റര്‍ കഴിഞ്ഞ ഉടനെ അവളുടെ കല്യാണമാണെന്നും എല്ലാവരും മനസ്സിലാക്കുന്നതുവരെ താന്‍ തന്നെയായിരുന്നു കുറ്റവാളിയുടെ സ്ഥാനത്ത്. ആള്‍ക്കാരുടെ പഴിചാരലും നല്ലൊരു കൂട്ടുകാരനെ നഷ്ടപ്പെട്ടതിലുള്ള വേദനയുമായി നീണ്ട പത്തുവര്‍ഷം. എന്തായാലും ഇന്ന് അതിനൊക്കെ ഒരറുതിയായല്ലോ ? അതുമതി.

ഫിലിപ്പ് ഈ വിവരമൊക്കെ അറിഞ്ഞതിപ്പോഴായിരിക്കും. സംഭവിച്ച് പോയതിലൊക്കെ അവന് നല്ല വിഷമം കാണും. ഒന്നോ രണ്ടോ വരികളേ ഉള്ളെങ്കിലും ഈ കത്തിലവന്റെ മനസ്സുണ്ട്, വിഷമം മുഴുവനുമുണ്ട്. തനിക്കത് കാണാനാകുന്നുണ്ട്.

രഘു കത്ത് നാലായി മടക്കി ഭദ്രമായി വാലറ്റിനകത്തേക്ക് വെച്ചു.

എന്തൊക്കെ തിരക്കുണ്ടെങ്കിലും 15ന് എയര്‍പ്പോര്‍ട്ടില്‍ പോകണം, കാണണം അവനെ. കത്തുകിട്ടിയപ്പോള്‍ത്തന്നെ തന്റെ എല്ലാ നൊമ്പരവും തീര്‍ന്നിരിക്കുന്നു. പക്ഷേ അവനിപ്പോഴും വിഷമം ബാക്കി കാണും. തന്റെ കരണക്കുറ്റി അടിച്ച് പുകച്ചതല്ലേ ?

എന്തായാലും അവിടെവരെ പോകണം, തനിക്കൊരു വിഷമവുമില്ലെന്ന് അവനോട് പറയണം, എല്ലാം നല്ലതിനായിരുന്നെന്ന് ആശ്വസിപ്പിക്കണം, വൈകീട്ട് ഒരുമിച്ചിരുന്നൊരു ബിയറടിക്കണം. അതിനൊക്കെ മുന്‍പ്, അറൈവല്‍ ഗേറ്റിലൂടെ ട്രോളിയും ഉന്തി കടന്നുവരുന്ന അവനോട് ദൂരെ നിന്നുതന്നെ വിളിച്ച് ചോദിക്കണം...........

എപ്പോ ഇറങ്ങീന്ന് ?

37 comments:

  1. ഉദ്വേഗജനകമായി വായിച്ചുവന്നതായിരുന്നു.... ഇതിനു രണ്ടാംഭാഗമുണ്ടോ മാഷേ? :)

    ReplyDelete
  2. എന്തായാലും അവിടെവരെ പോകണം, തനിക്കൊരു വിഷമവുമില്ലെന്ന് അവനോട് പറയണം, എല്ലാം നല്ലതിനായിരുന്നെന്ന് ആശ്വസിപ്പിക്കണം, വൈകീട്ട് ഒരുമിച്ചിരുന്നൊരു ബിയറടിക്കണം. അതിനൊക്കെ മുന്‍പ്, അറൈവല്‍ ഗേറ്റിലൂടെ ട്രോളിയും ഉന്തി കടന്നുവരുന്ന അവനോട് ദൂരെ നിന്നുതന്നെ വിളിച്ച് ചോദിക്കണം...........

    എപ്പോ ഇറങ്ങീന്ന് ?

    നല്ല വിവരണം....*

    ReplyDelete
  3. ഓർമ്മകളുടെ വഴിത്താരയിലൂടെ വർഷങ്ങൾ പിന്നിലേയ്ക് ഇക്കഥ എന്നെ നയിച്ചു.എന്റെ പ്രവാസ ജീവിതം തുടങ്ങിയതു തന്നെ ഇത്തരമൊരു ഹോസ്റ്റൽ ജീവിതത്തോടെയാണു.ഇന്നേയ്ക്കു പതിനെട്ടു വർഷങ്ങൾക്കു മുന്നിലുള്ള ഒരു ഓഗസ്റ്റ് മാസത്തിലെ പ്രഭാതത്തിൽ മുംബൈയിലെ ദാദർ സ്റ്റേഷനിൽ ട്രയിനിറങ്ങിയതും, ടാക്സി പിടിച്ച് മുംബൈ യൂണിവേർസിറ്റിയുടെ മാട്ടുംഗ ക്യാമ്പസിൽ പോയതും, അന്നു വൈകിട്ട് അവിടെ തന്നെയുള്ള ഹോസ്റ്റലിൽ താമസിയ്ക്കാൻ ചെന്നതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ ഓർത്തു പോയി.ഇക്കഥയിൽ പറയുന്ന പോലെ തന്നെ ഒരു സുഹൃത്തിനെ ഞാനും ഹോട്ടലിലെ റൂമിൽ വച്ച് പരിചയെപ്പെട്ടിരുന്നു.അവനും പിന്നീടു ഒരു ജൂനിയർ പെൺകുട്ടിയെ പ്രണയിച്ചു.ആ കഥ ഞാൻ എന്റെ ബ്ലോഗിലെ ഈ പോസ്റ്റിൽ എഴുതുകയും ചെയ്തു.

    കോളേജ് ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും.ഇപ്പോളും അതിന്റെ ഒക്കെ മാധുര്യം മനസ്സിലെല്ലാം നിറഞ്ഞു തുളുമ്പുന്നു.

    ഒരു നിമിഷം, ഞാൻ ആ പഴയ വിദ്യാർത്ഥി ആയി മാറി.വരാൻ പോകുന്ന ജീവിതത്തിനെക്കുറിച്ചുള്ള ആകുലതകൾ ഒന്നുമില്ലാതെ ഉല്ലസിച്ച് നടന്ന്, എങ്ങോ പോയി മറഞ്ഞ ആ നല്ല കാലങ്ങൾ!

    നിരക്ഷരനു ആയിരം നന്ദി...നന്നായി എഴുതി.തനിമ ഒട്ടും ചോർന്നു പോകാതെ !

    ReplyDelete
  4. ഞാനിപ്പൊ ബ്ലോഗ്ഗില്‍ കഥകള്‍ വായിക്കാറില്ല...
    ഇതു തുടങ്ങിയപ്പൊ പിന്നെ നിര്‍ത്താന്‍ തോന്നിയില്ല..

    :) ഗുഡ്.

    ReplyDelete
  5. ഒത്തിരി ഇഷ്ടമായി മനോജ് .... ആശംസകള്‍...

    ReplyDelete
  6. വായിക്കാൻ രസമുണ്ടായിരുന്നു.

    ReplyDelete
  7. ഇത്രയും കാലം അകന്നു നിന്നുവെന്നോ?

    ReplyDelete
  8. 'പിന്നീടങ്ങോട്, അവളോടുള്ള പ്രേമത്തിന് വിപരീതാനുപാതത്തിലായിത്തീര്‍ന്നു തന്നോടുള്ള അവന്റെ സൌഹൃദം..'
    അവതരണം വളരെ നന്നായിട്ടുണ്ട്

    ഓ.ടോ:
    എപ്പോ ഇറങ്ങീ...

    ReplyDelete
  9. നിരച്ചരോ,
    കലക്കി കേട്ടാ...!
    :)

    ReplyDelete
  10. നിരക്ഷരാ

    നിഷാന്ത് പറഞ്ഞതുപോലെ വളരെ ഉദ്വേഗജനകമായി വായിച്ചു തുടങ്ങിയതായിരുന്നു. കാമ്പസ് ജീവിതത്തിന്റെ ഒരു നൊസ്റ്റാള്‍ജിയ ഉണര്‍ത്താര്‍ സാധിച്ചു എന്നതിനപ്പുറം ഈ കഥ നിരാശപ്പെടുത്തി. അതിന്റെ കാരണം കഥയില്‍ പറഞ്ഞതുപോലെ “ അതിനും മാത്രമുള്ള കാര്യമൊന്നുമുണ്ടായിരുന്നില്ല.... “, ഇതാണോ കാര്യം?

    - ആശംസകളോടെ, ദുര്‍ഗ്ഗ !

    ReplyDelete
  11. ദുര്‍ഗ്ഗ - പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കഥയ്ക്ക് ഒരു പൂര്‍ണ്ണത കൈവന്നിട്ടില്ലെന്ന്‍ ഞാന്‍ സ്വയം മനസ്സിലാക്കുന്നു. എന്നാലും ദുര്‍ഗ്ഗ ആ അഭിപ്രായം തുറന്നുപറഞ്ഞതിന് 100 ല്‍ 100 മാര്‍ക്ക്. ഇനിയും അഭിപ്രായങ്ങള്‍ തുറന്നുപറയുമല്ലോ ? നന്ദി.

    നിഷാന്ത് - ഇതൊന്ന് പരിഷ്ക്കരിച്ച് ഒറ്റ പോസ്റ്റില്‍ തന്നെ എഴുതണമെന്നാണ് എന്റെ ആഗ്രഹം. എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാമോ ? നന്ദി.

    ശ്രീ‍ഇടമണ്‍, സുനില്‍ കൃഷ്ണന്‍, കരിങ്കല്ല്, പകല്‍ക്കിനാവന്‍, പാറുക്കുട്ടി, കുമാരന്‍, കുഞ്ഞായി, തണല്‍, കാപ്പിലാന്‍....

    കഥ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  12. നിരക്ഷരാ,

    ഇത്തിരി വൈകി ഇവിടെത്താന്‍. നല്ല പോസ്റ്റ്. ഇതൊക്കെ ആണ് കോളേജ് ജീവിതം, പ്രേമം, friendship ഇവയില്‍ എപ്പോഴും സംഭവിക്കാവുന്ന ചില കാര്യങ്ങള്‍. Nostalgic post.

    BTW, എപ്പോ ഇറങ്ങി?

    ReplyDelete
  13. കഥയോ കാര്യമോ?
    "എപ്പോ ഇറങ്ങീ ?"
    കൊള്ളാം!

    ReplyDelete
  14. ഏപ്രില്‍ ഒന്നിലേ പോസ്റ്റ്
    അതും ക്യാമ്പസ്...
    പക്ഷെ വായിച്ചു തീര്‍ന്നപ്പോള്‍ വേരുകളില്ലാത്ത ചില ബന്ധങ്ങളുടെ നിരര്‍ത്ഥത മനസ്സിലേക്ക് ഓടിയെത്തി. ചെറിയ കാരണങ്ങള്‍ മതി തെറ്റിദ്ധാരണക്കും അന്നുവരെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സൌഹൃതങ്ങള്‍ ഒന്നുമല്ല എന്ന് പറഞ്ഞ് കാ‍ണാപുറങ്ങളില്‍ ഒളിക്കാനും...
    പിന്നെ എന്നെങ്കിലും ഒരു നാലുവരി കത്തായി മുന്നിലെത്തുമ്പോള്‍ മനസ് തുടികൊട്ടുന്നത് വരച്ചു കാട്ടാന്‍ വാക്കുകള്‍ക്കാവില്ല.

    “എപ്പോ ഇറങ്ങീന്ന്” ഒന്ന് നേരില്‍ ചോദിക്കും വരെ മനസ്സിന്റെ പിടച്ചില്‍ പിടച്ചിലായ് തന്നെ നില്‍ക്കും!!

    ReplyDelete
  15. നല്ല ഒഴുക്കുള്ള ഭാഷയും അവതരണവും....
    ആശംസകള്‍..നീരൂ...

    ReplyDelete
  16. ഇഷ്ടമായി. തുടരുക..

    ആശംസകൾ

    ReplyDelete
  17. നല്ല കഥ.......ഇഷ്ടമായി....

    (ഓ.ടോ.മാതൃഭൂമി ബ്ലോഗനയില്‍ താങ്കള്‍ ചെയ്ത നല്ല കാര്യം വായിച്ചു..തികച്ചും വലിയ കാര്യം തന്നെ...അതിനു വഴിയൊരുക്കിയ മൈനയ്ക് അഭിനന്ദനങ്ങള്‍......)

    ReplyDelete
  18. ശ്ശേ നീരൂ, കഥ ഇവിടെ വച്ച് നിറുത്തരുതായിരുന്നു. ബാക്കി കൂടി എഴുതാമായിരുന്നു. തീര്‍ന്നപ്പോള്‍ നിരാശ തോന്നി.

    ReplyDelete
  19. ഇരുപത്ത്ഞ്ചു രൂപാ ബില്ലിന്, അന്പതു രൂപാടിപ്പു കൊടുക്കുന്നവനേ--
    അന്നേ ആ പെണ്കൊച്ച് മാര്‍ക്കുചെയ്തുകാണും .

    ReplyDelete
  20. നന്നായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. ബാക്കി കൂടി അറിയാൻ ശരിക്കും ആഗ്രഹം തോന്നുന്നുണ്ട്.

    ReplyDelete
  21. ഞാനും കരുതി, രണ്ടാം ഭാഗം കാണും എന്ന്!
    കഥ കൊള്ളാം..

    ReplyDelete
  22. ചില സൌഹൃദങ്ങള്‍... അതിന്റെ അഗാധതയെ കാലം തെളിയിക്കുന്നു.
    ആശംസകള്‍
    ഓ.ടോ: മാതൃഭൂമിയില്‍ A.k.47 വായിച്ചു
    രസകരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  23. ബാക്കി കഥ ഫിലിപ് വന്നിട്ട് എഴുതുമായിരിക്കും അല്ലെ ?
    സത്യത്തില്‍ രഘുവിന് അസൂയ ആയിരുന്നില്ലേ?
    എനിക്ക് മനസ്സിലായി ....
    ഹും നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
  24. മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
    ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

    ReplyDelete
  25. താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത്തില് വന്ന കുറിപ്പിലൂടെ ആണ് .താങ്കളുടെ കവിതയിലൂടെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. എന്‍റെ ജനനസ്ഥലം വയനാടും ഇപ്പോള്‍ കോഴിക്കാട്ടിലുമാണ് .പ്ലസ് ടു വിദ്യാര്‍ത്തിയാണ് .അല്പം നന്നായി കവിതയും എഴുതും.പറ്റുമെങ്കില്‍ എന്‍റെ ബ്ലോഗ് വായിച്ചു അഭിപ്രായം അറിയിക്കുക.കാരണം എന്‍റെ കവിതയിക്ക് അവയിക്കെ NPK വളമാണ്.

    ReplyDelete
  26. താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത്തില് വന്ന കുറിപ്പിലൂടെ ആണ് .താങ്കളുടെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. എന്‍റെ ജനനസ്ഥലം വയനാടും ഇപ്പോള്‍ കോഴിക്കാട്ടിലുമാണ് .പ്ലസ് ടു വിദ്യാര്‍ത്തിയാണ് .അല്പം നന്നായി കവിതയും എഴുതും.പറ്റുമെങ്കില്‍ എന്‍റെ ബ്ലോഗ് വായിച്ചു അഭിപ്രായം അറിയിക്കുക.കാരണം എന്‍റെ കവിതയിക്ക് അവയിക്കെ NPK വളമാണ്.

    ReplyDelete
  27. manojetta thakarthu :) thakarthu.. ithinte 2aam bhagam enthayalum venam :)

    ReplyDelete
  28. ചെറുകഥ നന്നായിട്ടുണ്ട്. വേണമെങ്കില്‍ ബാക്കി കൂടി ചേര്‍ത്ത് ഒരു നോവലെറ്റ് ആക്കാമല്ലോ. ഭാവന വിടരട്ടെ. അതോ അനുഭവകഥയാണോ? :-)

    ReplyDelete
  29. മാതൃഭൂമിയില്‍ A.k.47 വായിച്ചു..രസകരമായ വായന സമ്മാനിച്ചു...അഭിനന്ദനങ്ങള്‍....

    ReplyDelete
  30. മാതൃഭൂമിയില്‍ പേര് കണ്ടു തപ്പി പിടിച്ചു വായിച്ചതാണ്. ഞാന്‍ ഇനി അനുനയിക്കുന്നുണ്ടായിരിക്കും.

    ReplyDelete
  31. ലളിതവും സരസവുമായ ശൈലി.ജീവിതത്തില്‍ കണ്ടു മറന്നത് പോലെ തോന്നുന്ന കഥാപാത്രങ്ങള്‍. ഭംഗി ആയീട്ടോ

    ReplyDelete
  32. നീരൂ ഇത് ‘എപ്പോ ഇറങ്ങി?’ ഈ പോസ്റ്റേ? ;)

    ഞാനിപ്പോഴാ കണ്ടത്. ഒന്നു കുടി എഡിറ്റ് ചെയ്യാം എന്നു തോന്നുന്നു. വലിയ പ്രമേയമൊന്നുമല്ലെങ്കിലും സുഖമുള്ളതും ഉദ്വേഗജനകമായതുമായ വായന. കൊള്ളാം.

    ReplyDelete
  33. എപ്പോ ഇറങ്ങീന്ന്.... പക്ഷെ കഥയില്‍ നിന്നും എനിക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല... ആശംസകള്‍...

    ReplyDelete
  34. kollaaam nalla katha :)

    ReplyDelete
  35. ഈ "പ്രേമം പൊളിക്കുക" എന്നുള്ളതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്ന് എനിക്കും തോന്നാറുണ്ട് . പുറത്തു നിന്ന് നോക്കുമ്പോള്‍ വളരെ clear ആയിരിക്കും ആര് പറ്റിക്കപ്പെടാന്‍ പോകുന്നു എന്ന് . പക്ഷെ അത് പറഞ്ഞു മനസ്സിലാക്കാന്‍ ഒരിക്കലും പറ്റാറില്ല.

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.