Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, 21 August 2013

ഓർമ്മക്കുറവ്


പൊലീസ് സ്റ്റേഷന്റെ വടക്കേ അതിരിലൂടെ കിഴക്കോട്ട് പോകുന്ന ഇടുങ്ങിയ മാർഗ്ഗേ നടന്നത് ‘ഇലവഞ്ചിക്കുളം‘ കാണാൻ വേണ്ടിയായിരുന്നു. വഴിപിരിയുന്ന ഒന്നുരണ്ടിടങ്ങളിൽ സംശയം തീർക്കാൻ ചിലരോട് ചോദിച്ചപ്പോൾ, ഇലവഞ്ചിക്കുളം എല്ലാവർക്കും അറിയാം.

പേര് സൂചിപ്പിക്കുന്നതുപോലെ കുളവാഴയുടെ ഇലകൾ കൊണ്ട്, കുളം മൂടി നിൽക്കുന്നു. ഒരു വഞ്ചിയുടെ കുറവ് മാത്രമേയുള്ളൂ.

പരിസരത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾക്കിടയിൽ നിന്ന് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആൺകുട്ടികൾ എനിക്കൊപ്പം കുളത്തിനരികിലേക്ക് നടന്നു. മെല്ലെ മെല്ലെ അവരെന്നോട് ലോഹ്യം കൂടി.

“എന്തിനാ കുളത്തിലേക്ക് പോകുന്നത് ? “

“കുളിക്കാൻ.“

“ഈ കുളത്തിൽ കുളിക്കുന്നതിനേക്കാൾ നല്ലത്, അപ്രത്ത് വേറേ നല്ല കുളമുണ്ട്. ഞാൻ കാണിച്ചുതരാം”

“എനിക്കീ കുളത്തിൽ കുളിച്ചാമ്മതി”

“എന്നാപ്പിന്നെ മറ്റേ വശത്ത് പായലില്ലാത്ത പടവുണ്ട്.”

ഒരു മുൻപരിചയവുമില്ലാത്ത ഞാൻ നല്ല പടവിൽ, നല്ലവെള്ളത്തിൽ  കുളിക്കണമെന്ന് അവന് നിർബന്ധം. അവഗണിക്കപ്പെട്ട് കിടക്കുന്ന ഈ കുളത്തിന്റെ ചരിത്രവും പ്രാധാന്യവുമൊക്കെ അവന് എന്തെങ്കിലും അറിയുമോ ആവോ ?!

കുളക്കടവിലുള്ള മരങ്ങളിൽ സാരികൾ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.

“ഇതാരാണ് ഈ സാരികൾ മരത്തിൽ തൂക്കിയിട്ടിരിക്കുന്നത്?”

“അത് ആ ദേവൂട്ടിയുടെ പണിയാണ്.”

“ആരാണ് ദേവൂട്ടി ?”

“അത് ഓർമ്മക്കുറവുള്ള ഒരു പെണ്ണാണ്.”


എനിക്കാ ഏഴ് വയസ്സുകാരന്റെ ഉത്തരം നന്നെ ബോധിച്ചു. ‘അത് ആ ഭ്രാന്തിപ്പെണ്ണാണ്, അത് ആ ബുദ്ധിസ്ഥിരതയില്ലാത്ത പെണ്ണാണ്‘ എന്നൊന്നും അവൻ പറഞ്ഞില്ലല്ലോ. ദേവൂട്ടിക്ക് ഭ്രാന്താണെന്നോ ബുദ്ധിസ്ഥിരതയില്ലെന്നോ പറഞ്ഞുകൊടുക്കുന്നതിന് പകരം, എത്ര നന്നായിട്ടാണ് അവന്റെ അമ്മയോ അച്ഛനോ വീട്ടിലുള്ളവരോ അക്കാര്യം അവനിലേക്ക് പകർന്നിരിക്കുന്നത്.

ഓർമ്മക്കുറവ് !!! അത്രേയുള്ളൂ.

അകലെ കളിക്കളത്തിൽ ഒരു വിക്കറ്റ് വീണതിന്റെ ആർപ്പ്.

“ഇവിടെ കുളിച്ചോ. എന്റെ ബാറ്റിങ്ങായി. ഞങ്ങള് പോണൂ....”

പടവ് കാണിച്ചുതന്ന്, അവർ രണ്ടുപേരും പിച്ച് ലക്ഷ്യമാക്കി ഓടിയകന്നു.

ചരിത്രമുറങ്ങുന്ന ഇലവഞ്ചിക്കുളത്തിന്റെ കുളവാഴ മൂടാത്ത വരമ്പിൽ നിന്ന് വെള്ളത്തിലേക്ക് കാലിട്ട് കുറേ നേരം ഞാനിരുന്നു. ചുറ്റും പൊന്തക്കാടുകളാണ്. ഏതൊക്കെയിനം ഇഴജന്തുക്കൾ വേണമെങ്കിലും ഉണ്ടാകാം. പക്ഷെ എന്റെ ചിന്ത മുഴുവൻ പൊന്തക്കാടുകൾക്കും കുളത്തിനടിയിലുമൊക്കെ മറഞ്ഞിരിക്കുന്ന ചരിത്ര രഹസ്യങ്ങളെപ്പറ്റിയായിരുന്നു. സ്വർണ്ണനിറമുള്ള ആന പൊന്തിവരും എന്നൊക്കെ പറഞ്ഞ് അച്ഛനമ്മമാർ കുഞ്ഞിക്കുട്ടികളെ ഭയപ്പെടുത്തിയിരുന്ന ഈ കുളത്തിന്റെ കഥകളറിയാൻ സാദ്ധ്യതയുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം എവിടെ നിന്ന് തുടങ്ങണം എന്നായിരുന്നു.

ദേവൂട്ടിക്ക് ഓർമ്മക്കുറവ് ഉണ്ടെന്നല്ലേ പയ്യൻ പറഞ്ഞത്. ദേവൂട്ടിക്ക് ഏത് വരെ ഓർമ്മ കാണുമായിരിക്കും ? കുറവ് കഴിഞ്ഞുള്ള ദേവൂട്ടിയുടെ ഓർമ്മയിൽ കുളത്തെപ്പറ്റി എന്തെങ്കിലും കാണുമോ ? കുളക്കടവിലെ മരത്തിൽ ദേവൂട്ടിയെന്തിനാണ് സാരികൾ കെട്ടിത്തൂക്കുന്നത് ? സന്യാസിമാരുടെ കുളമാണെന്നും കഥകളുണ്ടല്ലോ ? അമരന്മാരായ സന്യാസിമാർ ആരെങ്കിലും നിലാവുള്ള രാത്രികളിൽ കുളക്കടവിൽ ധ്യാനനിരതരാകാറുണ്ടോ ? അവർക്ക് ആർക്കെങ്കിലും ‘ദ ഗ്രേറ്റ് ഇന്ത്യൻ റോപ്പ് ട്രിക്ക്’ ചെയ്യാൻ വേണ്ടിയാണോ ദേവൂട്ടിയുടെ വക സാരികൾ ?!!

മടക്കവഴിക്ക് എവിടെ വെച്ചെങ്കിലും ദേവൂട്ടിയെ കണ്ടിരുന്നെങ്കിൽ എല്ലാം വിശദമായി ചോദിക്കാമായിരുന്നു. നല്ല ഓർമ്മയും സ്വബോധവുമൊക്കെ ഉള്ളവരോട് ചോദിക്കുന്നതിലും ഭേദം ദേവൂട്ടിയോട് തന്നെ ചോദിക്കുന്നതാവും. അടുത്ത പ്രാവശ്യം കുളക്കടവിലേക്ക് പോകുമ്പോൾ അൽ‌പ്പം ‘ഓർമ്മക്കുറവ്’ ബാധിച്ചുതുടങ്ങിയിരിക്കുന്ന ഈയുള്ളവന് കുറുകേ ദേവൂട്ടി വന്ന് ചാടിയിരുന്നെങ്കിൽ !!!!
..
.

Tuesday, 21 December 2010

പുൽക്കൂട്ടിലെ പ്രതിമകൾ

യൽ‌‌വാസിയായ പത്രോസ് മാപ്പിളയ്ക്ക് മക്കൾ ഏഴ് പേരാണ്. രണ്ട് ആണും അഞ്ച് പെണ്ണും. അതിൽ മൂന്ന് പേർ എന്നേക്കാൾ മുതിർന്നവർ‍. സമപ്രായക്കാരൻ തോമസ് പഠിക്കുന്നത് എന്റെ സ്കൂളിൽ‌ത്തന്നെയാണ്. ഞങ്ങളുടെ വീട്ടിൽ ഞാനും മുതിർന്നവർ രണ്ട് ചേച്ചിമാരും. എനിക്കന്ന് പ്രായം 8 വയസ്സ്.

സ്കൂള്‍ വിട്ടുവന്നാൽ കുറേ നേരം വടക്കേപ്പറമ്പിലെ അവരുടെ വീട്ടിലോ ഞങ്ങളുടെ വീട്ടിലോ ഞങ്ങളെല്ലാ‍വരും ചേർന്നുള്ള കളിയും ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ്സ് വരാനാകുമ്പോഴേക്കും അവരെയാരേയും കളിക്കാൻ കൂട്ട് കിട്ടാതാകും. അവരപ്പോൾ പുൽക്കൂട് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അതിനാവശ്യമുള്ള വൈക്കോല് കൊണ്ടുപോകുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നായതുകൊണ്ട് അവര് പുൽ‌ക്കൂടിന്റെ പണി തുടങ്ങുമ്പോഴേ ഞങ്ങൾക്ക് കാര്യം പിടികിട്ടും. ഇനിയുള്ള രണ്ടാഴ്ച്ച അവരെ ആരേയും ഒന്നിനും കൂട്ടുകിട്ടില്ല.

അവർ ഏഴുപേർക്കിടയിൽ അന്യരെപ്പോലെ കുറേ നേരം പുൽക്കൂട് ഉണ്ടാക്കുന്നതൊക്കെ നോക്കിനിന്ന് നെടുവീർപ്പിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങും. വൈക്കോൽ വെട്ടിയൊതുക്കി തെങ്ങോല വെട്ടുമ്പോൾ ബാക്കിവരുന്ന നേർത്ത ചീളുകളിൽ (ഞങ്ങളതിനെ അളി എന്ന് പറയും) ചേർത്തുവെച്ച് പുൽക്കൂടിന്റെ മേൽക്കൂരയും, ചുമരുകളുമൊക്കെയുണ്ടാക്കി, തറയിൽ മണ്ണ് വിരിച്ച്, നെല്ല് വെള്ളത്തിലിട്ട് മുളപ്പിച്ച് പുൽക്കൂട്ടിൽ അവിടവിടെയായി പറിച്ചുനടാൻ പാകത്തിന് തയ്യാറാക്കി, അലങ്കാര ബൾബുകളും തോരണങ്ങളുമൊക്കെ തൂക്കി, പുൽക്കൂട് വളരെ നേരത്തേ തന്നെ തയ്യാറായിട്ടുണ്ടാകും.

കൃസ്തുമസ്സിന്റെ തൊട്ടടുത്ത ദിവസങ്ങളാകുമ്പോഴേക്കും പുൽക്കൂട്ടിൽ കന്യാമാതാവിന്റേയും, ജോസപ്പിന്റേയും, ആട്, പശു എന്നിങ്ങനെയുള്ള ചില കൊച്ചു കൊച്ചു പ്രതിമകൾ സ്ഥാനം പിടിച്ചുതുടങ്ങും. ഡിസംബര്‍ 24ന് രാത്രിയാകുമ്പോഴേക്കും ഉണ്ണിയേശുവിന്റെ പ്രതിമയും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുടേയും, അവരുടെ ഒട്ടകങ്ങളുടേയും പ്രതിമകൾക്ക് പുറമേ പുൽക്കൂടിന്റെ മുകളിൽ നിന്ന് ഒരു മാലാഖയുടെ പ്രതിമയും തൂങ്ങിയാടാൻ തുടങ്ങും. കുട്ടികൾക്ക് രാത്രി നേരത്തേ കിടന്നുറങ്ങാനുള്ളതുകൊണ്ട് വൈകീട്ട് 7 മണിയോടെ തന്നെ ആ പുൽക്കൂട്ടിൽ തിരുപ്പിറവി കഴിഞ്ഞിരിക്കും.

പുൽക്കൂടൊരുക്കി കൃസ്തുമസ്സ് ആഘോഷിക്കുന്ന ആ അവസരത്തിൽ വേണ്ടവണ്ണം പങ്കുചേരാൻ പറ്റാത്തതിന്റെ വിഷമവുമായി ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളവിടെ ചുറ്റിപ്പറ്റി നിൽക്കും.  ഓണത്തിനും വിഷുവിനുമൊക്കെ കളമിടുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചാണെങ്കിലും പുൽക്കൂട് ഉണ്ടാക്കുന്ന കാര്യം വരുമ്പോൾ ഞങ്ങൾക്ക് വലിയ പങ്കാളിത്തമൊന്നും കിട്ടാത്തതിൽ എന്റെ കൊച്ചുമനസ്സ് എന്നും വേദനിച്ചിട്ടുണ്ട്.

അവരുടെ വീട്ടിലെ 7 പേർക്കുതന്നെ കയ്യിട്ട് പോഷിപ്പിക്കാനുള്ള സംഭവം ആ പുൽക്കൂട് ഉണ്ടാക്കുന്നിടത്തില്ല, പിന്നല്ലേ അയൽക്കാരായ ഞങ്ങൾക്ക്. അതിന്റെ വിഷമം തീർക്കാൻ ഞങ്ങളൊരു വിദ്യകണ്ടുപിടിച്ചു.

ഞങ്ങളുടെ വീട്ടിലും ഒരു പുൽക്കൂടുണ്ടാക്കുക. പത്രോസ് മാപ്പിളയുടെ വീട്ടിലെ പുൽക്കൂടിനേക്കാൾ കേമമായതുതന്നെ ഒരെണ്ണം. നെല്ല് മുളപ്പിക്കാനിട്ടു. വൈക്കോലിനും, അളിക്കുമൊന്നും ഒരു പഞ്ഞവുമില്ല. അത്യാവശ്യം കളർ പേപ്പറുകളൊക്കെ വെട്ടിയെടുത്ത് തോരണങ്ങളുമുണ്ടാക്കി. ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കുന്ന ഏർപ്പാട് വീട്ടിൽ പണ്ടുമുതലേയുള്ളതാണ്. ആ നക്ഷത്രത്തിനെ പുൽക്കൂടിനരുകിലേക്ക് മാറ്റി സ്ഥാപിച്ചു.

വീട്ടിൽ പുൽക്കൂട് ഉണ്ടാകുന്നുണ്ടെന്നറിഞ്ഞ് പത്രോസ് മാപ്പിളയുടെ മക്കളെല്ലാം വന്ന് നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമൊക്കെ തന്നപ്പോൾ ഞങ്ങൾക്കെല്ലാം വല്ല്യ സന്തോഷമായി. പക്ഷെ അതിനോടൊപ്പം ഒരു വലിയ സങ്കടം കൂടെ ബാക്കിനിന്നു. ഇതിപ്പോൾ ഒരു പുൽക്കൂട് മാത്രമല്ലേ ആയിട്ടുള്ളൂ. അതില് വെക്കാന്നുള്ള പ്രതിമകൾ ഞങ്ങൾക്കില്ലല്ലോ ? അതിനി എങ്ങനെ ഒപ്പിക്കും ? കടകളിൽ ഒരിടത്തും ഈ പ്രതിമകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കിൽ ഒരു ഉണ്ണിയേശുവിന്റെ പ്രതിമ മാത്രം എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പുൽക്കൂട് പൂർണ്ണമാക്കാമായിരുന്നു.

അടുത്ത ദിവസം പതിവുപോലെ സൈക്കിളുമെടുത്ത് കറങ്ങുന്നതിനിടയിൽ ഞാനതുകണ്ടു. അങ്ങാടിയിൽ കോയാസ്സന്റെ കടയിൽ ഒരു പുൽക്കൂടിന്റെ മുഴുവൻ സെറ്റ് പ്രതിമകളും ഇരിപ്പുണ്ട്. അല്‍പ്പം സങ്കോചത്തോടെ ചെന്ന് വില ചോദിച്ചു.

മെസിഡീസിന്റേയോ, ബി.എം.ഡ‌ബ്ല്യൂവിന്റേയോ ഷോ‍റൂമിൽ കൈലിയുടുത്ത് ഒരുത്തൻ ചെന്ന് കാറിന്റെ വില ചോദിച്ചാലുള്ളതുപോലായിരുന്നു അനുഭവം. കോയാസ്സൻ കേട്ട ഭാവം കാണിക്കുന്നില്ല. മകനെ നിന്നെക്കൊണ്ട് താങ്ങാനാവില്ല എന്ന് കിറിക്കോണിൽ എഴുതിവെച്ചിട്ടുള്ള ഒരു ചിരിമാത്രമായിരുന്നു മറുപടി.

ഒരിക്കൽക്കൂടെ ആ പ്രതിമകളിൽ സൂക്ഷിച്ച് നോക്കി അവയൊക്കെ ഞങ്ങളുടെ പുൽക്കൂട്ടിൽ വന്ന് കയറിയാലുള്ള ചിത്രം മനസ്സിൽ സങ്കൽപ്പിച്ച് വളരെ വിഷമത്തോടെ വീട്ടിലെത്തി. ഇനിയാ പ്രതിമകൾ കിട്ടാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. അച്ഛനോട് പറഞ്ഞ് നോക്കുക.

വലിയ വിലയുള്ള പ്രതിമകളായിരിക്കും. അച്ഛന്റെ സർക്കാർ ശമ്പളത്തിൽ ഒതുങ്ങാൻ സാദ്ധ്യതയില്ല. എന്നാലും പറഞ്ഞ് നോക്കുക തന്നെ. അച്ഛൻ നല്ല മൂഡിലിരിക്കുമ്പോൾ പതുക്കെ ചെന്ന് കാര്യം തന്ത്രപൂർവ്വം അവതരിപ്പിച്ചു. ഞങ്ങൾ ഓണക്കളമിടുന്നതും , വിഷൂന് പടക്കം പൊട്ടിക്കുന്നതുമൊക്കെ വടക്കേക്കാരുടെ ഒപ്പമല്ലേ ? പിന്നിപ്പോ കൃസ്തുമസ്സ് വന്നപ്പോൾ മാത്രം ഞങ്ങൾക്ക് അവരെപ്പോലെ ആഘോഷിക്കാൻ പറ്റാത്തത് കഷ്ടമല്ലേ ? ആ ലൈനിലൊന്ന് പിടിച്ച് നോക്കി. എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും‍ അച്ഛന് കോയാസ്സന്റെ അത്രയും പോലും മൈൻഡില്ല. കേട്ടഭാവം ഇല്ലെന്ന് മാത്രമല്ല, കോയാസ്സന്റെ കിറിക്കോണിൽ ഉണ്ടായിരുന്ന ചിരിയുടെ നൂറിലൊന്ന് പോലും അച്ഛന്റെ മുഖത്തില്ല. സംഗതി ചീറ്റിപ്പോയെന്ന് മൂന്നരത്തരം.

നാളെ കൃസ്തുമസ്സാണ്. ഇന്ന് വൈകീട്ടെങ്കിലും പ്രതിമകൾ കിട്ടിയില്ലെങ്കിൽ  പുൽക്കൂടുണ്ടാക്കാൻ പാടുപെട്ടതെല്ലാം വെറുതെയാകും. കരച്ചിലിന്റെ വക്കത്തെത്തിയ നിമിഷങ്ങൾ‍.

രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ഉണ്ണിയേശു പിറക്കാതെ അനാഥമാകാൻ പോകുന്ന ആ പുൽക്കൂ‍ട് ഒരിക്കൽക്കൂടെ ഞാനൊന്ന് പോയി നോക്കി. തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന കടലാസ് നക്ഷത്രത്തിന്റെ മടക്കുകളിലും അരുകുകളിലുമുള്ള ചെറിയ ദ്വാരങ്ങളിലൂടെ അരിച്ചരിച്ച് മുഖത്തുവീണ മങ്ങിയ വെളിച്ചത്തിൽ‍, എന്റെ കവിളിലൂടൊലിച്ചിറങ്ങിയ കണ്ണുനീർ ആരും കണ്ടുകാണാ‍ൻ വഴിയില്ല.

വലിയ സന്തോഷമൊന്നുമില്ലാതെ കൃസ്തുമസ്സ് ദിനം പുലർന്നു. രാവിലെ ഉമ്മറത്തെ പടിയിൽ  വന്നിരുന്ന് വൈക്കോൽക്കൂനയിൽ കോഴികൾ ചികയുന്നത് നോക്കിയിരുന്നപ്പോൾ പുൽക്കൂടിന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

എത്ര ശ്രമിച്ചിട്ടും എന്റെ കൊച്ചുമനസ്സിനെ നിയന്ത്രിക്കാ‍നെനിക്കായില്ല. ഇടങ്കണ്ണിട്ട് ഒരുപ്രാവശ്യമേ ഞാനാ ഭാഗത്തേക്ക് നോക്കിയുള്ളൂ.

ഞെട്ടിപ്പോയി !!

ഇന്നലെ രാത്രി കണ്ടതുപോലെയല്ല പുൽക്കൂടിപ്പോൾ‍. ആകെ മാറിമറിഞ്ഞിരിക്കുന്നു! കോയാസ്സന്റെ കടയിൽ ഞാൻ കണ്ട പ്രതിമകളിപ്പോൾ ഞങ്ങളുടെ പുൽക്കൂട്ടിലുണ്ട്. ഉണ്ണിയേശുവും, കന്യാമറിയവും, മാലാഖമാരും, ആടുകളും, പശുക്കളും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുമെല്ലാം ഞാൻ മനസ്സിൽക്കണ്ട അതേ സ്ഥാനത്തു തന്നെ.

അതിനൊക്കെ പുറമെ കുറെ ബലൂണുകളും, അലങ്കാരദീപത്തിന്റെ ഒരു മാലയും പുൽക്കൂടിനെ മോടി പിടിപ്പിച്ച് നിൽക്കുന്നു. ദൈവപുത്രൻ അങ്ങനെ ഞങ്ങളുടെ പുൽക്കൂട്ടിലും പിറന്നിരിക്കുന്നു.
ആർത്തുവിളിക്കണമെന്ന് തോന്നി. എങ്ങനിത് സംഭവിച്ചു ? എനിക്കൊരു പിടിയും കിട്ടിയില്ല.

ചേച്ചിമാരെ വിവരമറിയിക്കാൻ അകത്തേക്കോടാൻ ഒരുങ്ങിയപ്പോഴാണ് വരാന്തയുടെ വടക്കേ അറ്റത്ത് അച്ഛനിരിക്കുന്നത് ഞാൻ കണ്ടത്. വളരെ ഗൌരവത്തോടെ പത്രത്തിൽ കണ്ണും നട്ടിരിക്കുന്ന അച്ഛന്റെ ചുണ്ടിന്റെ കോണിൽ ഞാനപ്പോൾ വ്യക്തമായി തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി.

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.

Sunday, 21 June 2009

മണല്‍ത്തരി

ണ്ണുതുറക്കാന്‍ പറ്റാത്തവിധം മണല്‍ക്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. മണല്‍ക്കൂമ്പാരത്തില്‍ പുതഞ്ഞുപോയ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിന്റെ ടയറുകള്‍ ചുട്ടുപഴുത്ത മണലില്‍ മുട്ടുകുത്തിയിരുന്ന് മാന്തിവെളിയിലെടുക്കുമ്പോള്‍ സെയിദിനെക്കുറിച്ചുള്ള ചിന്തകള്‍ എന്റെയുള്ളില്‍ കത്തുകയായിരുന്നു.

സെയിദ്, ആരായിരുന്നു നിനക്കു ഞാന്‍ ? നീയെനിക്ക് ആ‍രായിരുന്നു ? വെറും സഹപ്രവര്‍ത്തരായിരുന്നോ നമ്മള്‍ ? അല്ല. നീയെനിക്ക് മേലുദ്യോഗസ്ഥനായിരുന്നോ ? അതെ. പക്ഷെ വെറുമൊരു മേലുദ്യോഗസ്ഥനായിരുന്നില്ലല്ലോ ? ഉവ്വോ ? അതിനപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ ? ഒരു സുഹൃത്തായിരുന്നു നീ. പക്ഷെ വെറുമൊരു സുഹൃത്തായിരുന്നില്ലല്ലോ ? അതിനപ്പുറമെന്തൊക്കെയോ ആയിരുന്നില്ലേ ?

കള്ളലോഞ്ച് കയറി ഈ മണലാരണ്യത്തിലേക്കെത്തിയ നൂ‍റുകണക്കിന് ഭാഗ്യാന്വേഷികളില്‍ ഒരാള്‍ മാത്രമായിരുന്നില്ലല്ലോ നിനക്ക് ഞാന്‍? സദാ മറവിക്കാരനായിരുന്ന നിനക്ക് എന്റെ കാര്യങ്ങളൊക്കെ നല്ല ഓര്‍മ്മയായിരുന്നല്ലോ ? അതെന്തുകൊണ്ടാണെന്ന് എനിക്കൊരിക്കലും ഒരു പിടിയും കിട്ടിയിട്ടില്ല. ഞാന്‍ നിനക്ക് ആരായിരുന്നു ?

കള്ളുകുടിയാണോ നമ്മെ തമ്മില്‍ അടുപ്പിച്ചത് ? അല്ലെന്നും ആണെന്നും പറയാം. എത്രപേരുടെ കൂടെ നീയിരുന്ന് കള്ളുകുടിക്കാറുണ്ട് ? പിന്നെ എനിക്ക് മാത്രമെന്താണ് പ്രത്യേകത ?

ഔദ്യോഗിക കാര്യങ്ങള്‍ക്കായി അഞ്ചോ പത്തോ മിനിറ്റ് വൈകിവന്നാല്‍പ്പോലും മുഖം കറുപ്പിക്കാത്ത നീ, ‘ഹാപ്പി അവര്‍ ‘ കഴിയുന്നതിന് മുന്നേ ബാറില്‍ ഹാജരാകാത്തതിന് എത്ര പ്രാവശ്യം എന്നെ ചീത്തവിളിച്ചിരിക്കുന്നു? എന്നിട്ടാ വിഷമം തീര്‍ക്കാനെന്നും പറഞ്ഞ് എത്ര ബിയര്‍ അധികം കുടിച്ചിരിക്കുന്നു? ബിയര്‍ മാത്രമല്ലേ നീ കുടിക്കൂ. വിലകൂടിയ മറ്റെല്ലാത്തരം മദ്യങ്ങളും ഞാന്‍ കുടിക്കണം. അതുണ്ടാക്കുന്നതുമുതല്‍ കപ്പലുകയറി ബാറുകളില്‍ എത്തുന്നതുവരെയുള്ള ചരിത്രമൊക്കെ പറഞ്ഞുതന്ന് എന്നെ നീയതൊക്കെ കുടിപ്പിച്ചിരുന്നതെന്തിനായിരുന്നു സെയിദ് ? ഒരിക്കല്‍പ്പോലും അതിന്റെ പണം കൊടുക്കാന്‍ എന്നെ അനുവദിക്കാതെ എന്തിനായിരുന്നു നീ അത്രയും മദ്യം എനിക്ക് വാങ്ങിത്തന്നിരുന്നത് ?

‘ഹാപ്പി അവറി‘ല്‍ത്തന്നെ മൊത്തത്തില്‍ കുടിക്കാനുള്ള മദ്യമത്രയും ഓര്‍ഡര്‍ കൊടുക്കുന്ന നിന്നെ കണ്ണുതള്ളി നോക്കുന്ന ബാര്‍ ജീവനക്കാരെ കാണുമ്പോള്‍ എനിക്ക് വലിയ പുതുമയൊന്നും തോന്നാറില്ല. നീയെന്നും അങ്ങനെതന്നെ ആയിരുന്നല്ലോ ? കുടിക്കാനുള്ളത് മുഴുവന്‍ ഒറ്റയടിക്ക് ‘ഹാപ്പി അവറി‘ല്‍ത്തന്നെ ഓര്‍ഡര്‍ ചെയ്താല്‍ ‍, അതുകൊണ്ടുണ്ടാകുന്ന ലാഭം കൊണ്ട് 2 ബിയര്‍ അധികം കുടിക്കാമെന്ന് എന്നെപ്പഠിപ്പിച്ചത് നീയല്ലേ ? ആദ്യത്തെ സിപ്പ് എടുക്കുന്ന മദ്യം കവിളിനകത്തുതന്നെ പിടിച്ചുവെച്ച് മോണയിലും പല്ലുകള്‍ക്കിടയിലും നാക്കിലെ രസമുകുളങ്ങള്‍ക്കിടയിലേക്കുമൊക്കെ കടത്തിവിട്ട് ആ മദ്യത്തുള്ളികളുടെ രുചി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും, ആദ്യത്തെ പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കി, അടുത്തതൊഴിപ്പിച്ച് അതും വലിച്ച് കുടിച്ച് നിലം‌പരിശാകുന്ന മലയാളിയെപ്പോലെ നീയുമാകരുതെന്ന് എന്നോട് മാത്രം പറയാന്‍ ഞാന്‍ നിനക്കാരായിരുന്നു ?

എത്രകുടിച്ചാലും ലക്കുകെട്ട് നിന്നെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. നിന്റെ ഒരു നോട്ടം പിഴച്ചിട്ടില്ല. ഒരു കാല് തെന്നിയിട്ടില്ല, നാക്കൊന്ന് കുഴഞ്ഞിട്ടില്ല.

നല്ല ഒന്നാന്തരം തെറിക്കഥകള്‍ നീ പറയാറുള്ളത് കള്ളുകുടിക്കുമ്പോള്‍ മാത്രമല്ലല്ലോ. ഔദ്യോഗികാവശ്യത്തിനായി ഫോണ്‍ ചെയ്യുമ്പോഴും ‘ഹൌ ആര്‍ യു ?’ എന്നു ചോദിക്കുന്ന ലാഘവത്തോടെ “ ഹൌ ഈസ് യുവര്‍ സെക്സ് ലൈഫ് ? ” എന്നു ചോദിക്കുന്ന എത്ര മേലുദ്യോഗസ്ഥന്മാരുണ്ടാകും ഈ ഭൂലോകത്ത് ? എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം മുതല്‍ക്കേ പെണ്ണിന്റെ ചൂടും ചൂരുമറിഞ്ഞിട്ടുള്ളവനാണ് നീയെന്ന് ഏത് സദസ്സിലും ഉറക്കെ വിളിച്ചുപറയാറുള്ള നിന്നെ ഞാനെന്നും ഒരു അത്ഭുതജീവിയായിട്ടാണ് നോക്കിക്കണ്ടിരുന്നത്. നിന്റെ ഈ തെറിക്കഥകളൊക്കെ ഞാനൊരിക്കല്‍ അച്ചടിച്ചിറക്കുമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ ആദ്യപ്രതി നിനക്കുതന്നെ തരണമെന്ന് പറയാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കാവും ?

നീയെന്നും വ്യത്യസ്ഥനായ ഒരു ബോസ്സായിരുന്നു, സഹപ്രവര്‍ത്തകനായിരുന്നു, സഹമദ്യപാനിയായിരുന്നു, സഹജീവിയായിരുന്നു. എന്നാണ് നിന്നെ ഞാന്‍ അവസാനമായിക്കണ്ടത് ?
എനിക്കോര്‍മ്മയില്ല. എന്റെ കാര്യമായതുകൊണ്ട് നിനക്കോര്‍മ്മ കണ്ടേക്കും.

പക്ഷെ എന്റെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടിപറയാന്‍ നിനക്കിനിയാവില്ലല്ലോ ?

മണല്‍ക്കാറ്റ് ആഞ്ഞുവീശിയ ഇതുപോലൊരു ദിവസം,റോഡ് മുറിച്ച് കടക്കുമ്പോള്‍ നീയെന്തേ ശ്രദ്ധിച്ചില്ല സെയിദ് ? വാരിയെല്ലുകള്‍ നുറുങ്ങി, വലതുകാല്‍ തുടയ്ക്ക് മുകളില്‍ വെച്ച് മുറിച്ചുകളഞ്ഞ നിന്നെ 48 മണിക്കൂറോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ ആടിയുലയാന്‍ വിട്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞത് ഞരമ്പുകളില്‍ ചോര കട്ടപിടിക്കാന്‍ പോന്നത്രയും തണുപ്പുള്ള ഒരു രാത്രിയിലായിരുന്നു.

നീ പഠിപ്പിച്ചുതന്ന മദ്യപാനരീതികളൊക്കെ അന്ന് ഞാന്‍ കാറ്റില്‍പ്പറത്തി. പല കുപ്പികളുടെ അടിത്തട്ടുകള്‍ ഞാനാ കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടു. മദ്യലഹരി നാക്കിലും, മോണയിലുമൊക്കെ തങ്ങിനില്‍ക്കാനനുവദിക്കാതെ നേരിട്ട് ഞാനെന്റെ മസ്തിഷ്ക്കത്തിലേക്കെത്തിച്ചു. 48 മണിക്കൂര്‍ സമയം നിന്നെപ്പോലെ ഞാനും ബോധം കെട്ടുകിടക്കുകയായിരുന്നു, നിന്റടുത്തുനിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം.

രാവിലെ എന്റെ കെട്ടിടമാകെ ആടിയുലഞ്ഞു. അമിതമായി മദ്യപിച്ച് കാലുകള്‍ നിലത്തുറയ്ക്കാത്തതുകൊണ്ടോ, സ്വബോധം നഷ്ടപ്പെട്ടതുകൊണ്ടുള്ള തോന്നലോ ആണെന്നാണ് ആദ്യം കരുതിയത്. റിക്‍ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തുന്ന വിധം ഭൂമികുലുങ്ങിയതാണെന്ന് മനസ്സിലാക്കിയത് പത്രവാര്‍ത്തകളിലൂടെയാണ്.

നിന്റെ വാര്‍ത്തകള്‍ പ്രത്യേകിച്ച് ഒന്നും എനിക്കറിയണമെന്നില്ലായിരുന്നു. മരണത്തിനൊന്നും നിന്നെ തോല്‍പ്പിക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ നിന്റെ ആശുപത്രി വിവരമൊന്നും തിരക്കണമെന്ന് എനിക്ക് തോന്നിയതുമില്ല. ഒരുകാലില്ലാതെ ഊന്നുവടിയുടെ സഹായത്താല്‍ നടന്നുവരുന്ന നിന്നെ കാണാതിരിക്കാനായി ഭൂമിയുടെ ഏതെങ്കിലും ആളില്ലാത്ത കോണിലേക്ക് ഓടിപ്പോയി ഒളിവില്‍ ജീവിച്ചാലോ എന്നുമാത്രമാണ് ഞാനാലോചിച്ചിരുന്നത്.

അപ്പോഴാണ് വെള്ളിടി വെട്ടിയത്. ഓഫീസില്‍ നിന്ന് ഫോണ്‍ ‍. നീ പോയെന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും.......

ഞാനിനി എന്താണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് സെയിദ് ? ശൂന്യതയുടെ ഈ തുരുത്തില്‍ മണല്‍ക്കാറ്റടിച്ച് ദിക്കറിയാതെ നില്‍ക്കുന്ന ഞാന്‍ ഏത് ശക്തിയോട് ഏത് ദിശയിലേക്ക് നോക്കിയാണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ?

രാവിലെ ഭൂമികുലുക്കി നീയങ്ങ് കടന്നുപോയി. അതോ നീയെന്നെ മദ്യലഹരിയില്‍ മുങ്ങിയ ഉറക്കത്തില്‍ നിന്ന് കുലുക്കി വിളിക്കുകയായിരുന്നോ ?

“യൂ ബ്ലഡി ടര്‍ക്കി, കം ടു ദ ബാര്‍ ബിഫോര്‍ ദ എന്‍ഡ് ഓഫ് ഹാപ്പി അവര്‍ “ എന്നാണോ നീയപ്പോള്‍ പറഞ്ഞത് ?

എത്ര ശ്രമിച്ചിട്ടും മണലില്‍ പുതഞ്ഞ വാഹനത്തിന്റെ ചക്രങ്ങള്‍ വെളിയിലെടുക്കാനെനിക്കായില്ല. വാഹനവും ചാരി തളര്‍ന്നവശനായി മണലില്‍ ഇരുന്നപ്പോള്‍ ‍, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വലതുകൈയ്യാല്‍ ചൂടുള്ള പൊടിമണല്‍ വാരി കാറ്റിലേക്ക് പറത്തിവിട്ടു.

“കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍. ഒരുപിടി മണലുവാരിയെടുത്തതിനുശേഷം വിരലുകള്‍‍ വിടര്‍ത്തിയാല്‍ ‍, ബാക്കി എത്ര മണല്‍ കൈയ്യിലുണ്ടാകും ? ഊര്‍ന്ന് താഴേക്ക് വീണതൊന്നും നിന്റെ സുഹൃത്തുക്കളല്ല. കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ ? അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍”

സെയിദ്, വീശിയടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദത്തിനിടയിലൂടെ അശരീരി പോലെ നിന്റെ സ്വരം ഞാന്‍ വീണ്ടും കേള്‍ക്കുന്നു, കൈയ്യില്‍ പറ്റിയിരിക്കുന്ന ഈ മണല്‍ത്തരികളിലൊന്നില്‍ നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു. എനിക്കറിയാം ഒരു മണല്‍ത്തരിയായി നീ എന്റടുത്തുതന്നെ ഉണ്ടെന്ന്.

Wednesday, 1 April 2009

എപ്പോ ഇറങ്ങീ ?

ഘൂ

ഞാന്‍ നാട്ടിലേക്ക് വരുന്നു, നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം. കഴിഞ്ഞതെല്ലാം നീ മറക്കണം. ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട് നിന്നെ. നാട്ടില്‍ നീയല്ലാതെ എനിക്ക് മറ്റ് കൂട്ടുകാരാരുമില്ലെന്ന് അറിയാമല്ലോ ? ഈ മാസം 15ന് പത്തര മണിയുടെ ജെറ്റ് എയര്‍ വേയ്‌സില്‍ നെടുംബാശ്ശേരിയില്‍ ഞാനിറങ്ങും. നീ വരുമെന്ന വിശ്വാസത്തോടെ.....

സ്വന്തം


ഫിലിപ്പ് ജോര്‍ജ്ജ്
------------------------------------------------

വീട്ടഡ്രസ്സിലേക്ക് വന്ന കത്തുവായിച്ചുകഴിഞ്ഞപ്പോള്‍ രഘുവിന്റെ ഉള്ളിലൊരു പേമാരിപെയ്തുതോര്‍ന്ന ആശ്വാസമായിരുന്നു. ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയിരുന്ന പ്രിയ കൂട്ടുകാരനിതാ മടങ്ങിവരാന്‍ പോകുന്നു. പ്രായശ്ചിത്തമെന്തായാലും ചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് കരുതി നടന്നിരുന്ന, ഇക്കാലമത്രയും ഒരു നൊമ്പരമായി കൊണ്ടുനടന്നിരുന്ന പഴയ സംഭവങ്ങളിലേക്ക് ഒരിക്കല്‍ക്കൂടെ രഘു മടങ്ങിപ്പോയി.

കോളേജ് അഡ്‌മിഷനുവേണ്ടി അച്ഛന്റെ കൂടെ നഗരത്തില്‍ എത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ട സഹപാഠി, ഫിലിപ്പാണ്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്. കോളേജിലേയും ഹോസ്റ്റലിലേയും അഡ്‌മിഷനും മറ്റ് ഫോര്‍മാലിറ്റികളുമൊക്കെ കഴിഞ്ഞപ്പോള്‍ വൈകുന്നേരമായി. തലേന്നാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തി ഒന്നു ഫ്രെഷായിക്കഴിഞ്ഞപ്പോഴേക്കും അച്ഛന് വൈകുന്നേരത്തെ ഡ്രിങ്കിന്റെ സമയമായിരുന്നു. ഹോട്ടലിലെ ബാറിന്റെ ശീതളിമയിലേക്ക് കടന്നപ്പോള്‍ അകത്തെ ടേബിളുകളില്‍ ഒന്നില്‍ മാത്രമേ ആളുണ്ടായിരുന്നുള്ളൂ. മേശക്കപ്പുറമിപ്പുറം ഇരിക്കുന്ന രണ്ടുപേരെ രാവിലെ കോളേജ് കാമ്പസിലും പരിസരത്തുമൊക്കെ കണ്ടിരുന്നതുപോലെ. സംശയം തീര്‍ത്തേക്കാമെന്ന് പറഞ്ഞ് കേറിമുട്ടിയത് അച്ഛനാണ്.

വൈകീട്ടത്തെ ക്വാട്ടാ ഡ്രിങ്ക് ലക്ഷ്യമാക്കിയാണ് ജോര്‍ജ്ജങ്കിളും വന്നിരിക്കുന്നത്. രണ്ട് മക്കളും അച്ഛന്മാരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അന്നത്തെ ദിവസം ഒരു പുതിയ സൌഹൃദത്തിന്റെ തുടക്കം ആഘോഷിച്ചു. മക്കള്‍ക്ക് രണ്ടുപേര്‍ക്കും കൂടെ ഒരു ബിയര്‍ ആഘോഷത്തിന്റെ ഭാഗമായി കിട്ടിയപ്പോള്‍ പിതാക്കന്മാര്‍ ഓരോ എക്ട്രാ ഡ്രിങ്ക് അകത്താക്കി. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച. പിന്നീട് നാള്‍ക്കുനാള്‍ ആ സൌ‍ഹൃദം വളര്‍ന്നുകൊണ്ടേയിരുന്നു.

ട്രീസ, കൊല്ലത്തുകാരി പെണ്ണ് , പൂച്ചക്കണ്ണി, ജൂനിയര്‍ ബാച്ചിലെ മിസ് വേള്‍ഡ്, കോളേജിലെ തന്നെ സൌന്ദര്യറാണി.അവളുടെ വരവോടെയാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്. ഫിലിപ്പിനവളോട് പ്രേമം കേറിയിട്ടുണ്ടെന്ന് അവന്‍ പറയാതെ തന്നെ മനസ്സിലാക്കാനായി. അവനങ്ങനെയാണ്, മനസ്സിലുള്ളത് മുഖത്ത് വ്യക്തമായി കാണിക്കും. എത്ര മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നോ അത്രയ്ക്ക് തന്നെ അത് മറനീക്കി മുഖത്ത് തെളിഞ്ഞുവരും.

അവളുടെ സ്വഭാവം വെച്ച് ഫിലിപ്പിനെ അവള്‍ ശരിക്ക് കളിപ്പിക്കുമെന്നാണ് തനിക്ക് തോന്നിയത്. അവളുടെ പിന്നാലെ നടക്കുന്ന കോളേജിലെ കൊടികെട്ടിയ മറ്റ് പൂവാലന്മാരെയൊക്കെ മാറ്റിനിര്‍ത്തി ഫിലിപ്പിനെ അവള്‍ പ്രേമിക്കാന്‍ ഒരു ന്യായവും താന്‍ കണ്ടില്ല. ഒരു ചതി പതിയിരിക്കുന്നതുപോലെ. ആ തോന്നല്‍ ശരിവെക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും പലപ്പോഴും ഉണ്ടാകുകയും ചെയ്തു. അതൊക്കെ പറഞ്ഞാല്‍ ഫിലിപ്പിനുണ്ടോ മനസ്സിലാകുന്നു ! അവന് പ്രേമം അസ്ഥിയില്‍ പിടിച്ചിരിക്കുകയല്ലേ ?

അവരുടെ പ്രേമത്തിന് തന്റെ പിന്തുണ ഇല്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ അവന്‍ അകന്നുതുടങ്ങി. ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും ക്ലാസ്സില്‍ വരുമ്പോള്‍ മാത്രമേ കാണാന്‍ പറ്റൂ എന്നതായി അവസ്ഥ. ക്ലാസ്സ് കഴിഞ്ഞാല്‍പ്പിന്നെ അവനെ കാണില്ല. ഹോസ്റ്റലിലും കാണാറില്ല. എവിടേയ്ക്കാണിവന്‍ പോകുന്നത് ?

അല്‍പ്പം ജാസൂസി പരിപാടികളൊക്കെ നടത്തിയപ്പോള്‍ കുറേ കാര്യങ്ങള്‍ മനസ്സിലാക്കാനായി. മിക്കവാറും ദിവസങ്ങളില്‍ പാര്‍ക്ക് ബെഞ്ചിലും നഗരത്തിലെ മുന്തിയ ഹോട്ടലുകളിലൊന്നിലെ ഐസ് ക്രീം പാര്‍ലറിലും കമിതാക്കള്‍ ഹാജരാണത്രേ ! കോളേജ് പഠനകാലത്ത് ആണ്‍പിള്ളേരുടെ കയ്യീന്ന് ഐസ് ക്രീം വാങ്ങിത്തിന്ന് അവന്മാരെ ബോഡീ ഗാര്‍ഡിനെപ്പോലെ പിന്നാലെ കൊണ്ടുനടക്കുന്ന ചില തലതെറിച്ച അവളുമാരുടെ ലിസ്റ്റിലെ ഒന്നാമത്തെ പേര് ഇവളുടെ തന്നെയായിരിക്കണം. അതൊക്കെപ്പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാമെന്ന് വെച്ചാല്‍ അവനൊന്ന് നിന്നു തരണ്ടേ ?

25 രൂപയുടെ രണ്ട് ഐസ് ക്രീം കഴിച്ചിട്ട് 100 രൂപാ നോട്ട് വെച്ച് ബാക്കിയുള്ള 50 രൂപാ അവളെ ഇമ്പ്രസ് ചെയ്യാന്‍ വേണ്ടി ടിപ്പ് കൊടുത്ത് പോരാറുണ്ടെന്ന് ഐസ് ക്രീം പാര്‍ലറിലെ ജോലിക്കാരന്‍ വഴി മനസ്സിലാക്കാന്‍ സാധിച്ചപ്പോള്‍ ശരിക്കും ദേഷ്യം വന്നു. രണ്ടാള്‍ക്ക് ബാല്‍ക്കണിയിലിരുന്ന് സിനിമ കാണാന്‍‍ 50 രൂപ മതി. അത്രയും കാശ് രണ്ട് ഐസ്‌ക്രീം കഴിച്ചതിന് ടിപ്പ് കൊടുക്കാന്‍ ഇവന്‍ ഹൈദരാബാദ് നിസ്സാമിന്റെ മകനോ മറ്റോ ആണോ ?

പിന്നീടങ്ങോട്, അവളോടുള്ള പ്രേമത്തിന് വിപരീതാനുപാതത്തിലായിത്തീര്‍ന്നു തന്നോടുള്ള അവന്റെ സൌഹൃദം.

അവനുമൊരുമിച്ച് ഒരു ബിയറടിക്കാന്‍ പോയ കാലം തന്നെ മറന്നു. അവരുടെ പ്രേമത്തിന് ചുക്കാന്‍ പിടിക്കുന്ന മഹേഷുമായിട്ടാണ് ഈയിടെ അവന്റെ കമ്പനി. മഹേഷ് ഇത്തിരി മുറ്റാണ്. ബിയറിലൊന്നും അവന് ലഹരി കിട്ടില്ല. അരക്കുപ്പി വിസ്‌ക്കി അകത്താക്കി, കാല് തെന്നാതെ, നാക്ക് കുഴയാതെ, അടുത്തതൊഴിക്ക് എന്ന ഭാവത്തിലുള്ള അവന്റെ നില്‍പ്പ് പല കമ്പനികളിലും കാണാനിടയായിട്ടുണ്ട്. ഫിലിപ്പിനെ മഹേഷ് ശരിക്കും കുടുക്കുമെന്ന് ഒരു ഉള്‍വിളി തനിക്കുണ്ടായിട്ടുണ്ട്. അതുതന്നെയാണ് സംഭവിച്ചതും.

രാത്രി 10 മണി കഴിഞ്ഞ സമയത്ത് നന്നായി മിനുങ്ങി റോഡിലൂടെ ഉച്ചത്തില്‍ പാട്ടും പാടിവരുകയായിരുന്ന ഫിലിപ്പിനേം , മഹേഷിനേം പൊലീസുകാര്‍ പൊക്കി. പിടിക്കപ്പെടുമ്പോള്‍ മഹേഷിന്റെ ഇടുപ്പില്‍ അരക്കുപ്പി റം ഉണ്ടായിരുന്നു.

കള്ളുകുടിച്ചാല്‍പ്പിന്നെ ഫിലിപ്പിന് ഇംഗ്ലീഷേ വരൂ.

“വാട്ടീസ് ദ ചാര്‍ജ്ജ് എഗൈന്‍‌സ്റ്റ് അസ് ?” എന്ന് എസ്.ഐ. യോട് ചോദിച്ച ഫിലിപ്പിനെ “ഫ പന്നക്കഴുവേറീടെ മോനേ, ഏമ്മാനോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നോടാ ?” എന്ന് ചോദിച്ചോണ്ടാണ് പൊലീസുകാരനൊരാള്‍ ചുരുട്ടിക്കൂട്ടി ജീപ്പിന്റെ പിന്നിലേക്ക് എടുത്തിട്ടത്.

എസ്.ഐ.ക്ക് മഹേഷിന്റെ അച്ഛനെ പരിചയമുണ്ട്. ശ്രീധരന്‍ വക്കീലിനെ അറിയാത്തവര്‍ നഗരത്തില്‍ ആരുമില്ല. അച്ഛന്റെ പേരുപറഞ്ഞ് മഹേഷ് പതുക്കെ ഊരി. അരക്കുപ്പി റമ്മും മദ്യലഹരിവിട്ടൊഴിഞ്ഞ തലച്ചോറുമായി രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നു ഫിലിപ്പിന്. അടുത്ത ദിവസം പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്ത് കോടതില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ ഫൈനെല്ലാം അടിച്ചാണ് പുറത്തിറങ്ങാന്‍ പറ്റിയത്. സ്റ്റേഷനിലെ കൊതുകുകള്‍ സംഭാവന ചെയ്ത ചോരപ്പാടുകള്‍ വീണ് വൃത്തികേടായ വേഷവുമായി ഉറക്കച്ചടവോടെ ഹോസ്റ്റലില്‍ വന്നുകയറിയ അവനെക്കണ്ടപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ ഒരുമിച്ചാണ് വന്നത്.

മഹേഷ് പറഞ്ഞ് ഇതിനകം തന്നെ വിവരങ്ങളൊക്കെ ഹോസ്റ്റലില്‍ എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. എന്തായാലും അങ്ങനെയൊരു സംഭവം ഉണ്ടായത് നന്നായി. അതോടെ മഹേഷുമായുള്ള ഫിലിപ്പിന്റെ കൂട്ടുകെട്ട് അവസാനിച്ചുകിട്ടി.

അടുത്ത ദിവസം പക്ഷെ എല്ലാം കുഴഞ്ഞു. പാര്‍ക്ക് ബെഞ്ചിലെ സൊള്ളലൊക്കെ കഴിഞ്ഞ് റെയില്‍ മുറിച്ചുകടന്ന് മെയിന്‍ റോഡിലേക്ക് ട്രീസയ്ക്കൊപ്പം നടക്കുമ്പോള്‍ പാളത്തിനപ്പുറത്തുള്ള ചേരിക്കുടിലുകളിലൊന്നില്‍ നിന്ന് ഒരാള്‍ ഫിലിപ്പിനെ നോക്കി കൈ പോക്കി. അയാ‍ളെ എവിടെയോ കണ്ടുപരിചയം ഫിലിപ്പിനും തോന്നി. അപ്പോളേക്കും അയാള്‍ ഒരുപടി കൂടെ കടന്ന് ഒരു ചോദ്യം എറിഞ്ഞു.

“എപ്പോ ഇറങ്ങീ ?”

മിഴിച്ച് നിന്നുപോയ ഫിലിപ്പിനെ നോക്കി അയാളുടെ അടുത്ത പ്രയോഗം ഇങ്ങനെയായിരുന്നു.

“ഞാനിന്ന് വൈകീട്ടാ ഇറങ്ങിയത് . മിക്കവാറും മറ്റന്നാള്‍ ഒന്നൂടെ പോകേണ്ടി വരും. മാഷ് ഇനി എന്നാ അങ്ങോട്ട് ? ”

പെട്ടെന്ന് ഫിലിപ്പിനെല്ലാം മിന്നായം പോലെ തെളിഞ്ഞു.
ചാട്ടുളി പാപ്പച്ചന്‍, സ്ഥലത്തെ പ്രധാന മോഷ്ടാവ്. ചിന്ന ചിന്ന മോഷണക്കേസുകള്‍ക്കും, പെറ്റിക്കേസുകള്‍ക്കും പ്രതിയെക്കിട്ടാതാകുമ്പോള്‍ പോലീസുകാര്‍ പൊക്കിയെടുത്ത് അകത്തുകൊണ്ടുപോയിടുന്ന ഒരു വാടക കുറ്റവാളികൂടെയാണു്‌ പാപ്പച്ചന്‍ . റെയിലിനപ്പുറത്തെ ചെറ്റക്കുടിലുകളിലൊന്നിലാന്നായിരിക്കണം പാപ്പച്ചന്റെ വീട്.

ഇന്നലെ സ്റ്റേഷനില്‍ പാപ്പച്ചനുമുണ്ടാ‍യിരുന്നു. ഉറക്കമിളച്ച് കൊതുകുകടിയും കൊണ്ടിരിക്കുന്ന സമയത്ത് പാപ്പച്ചനുമായി പരിചയപ്പെടുകയും ലോഹ്യം പറയുകയുമൊക്കെ ചെയ്തതാണ് ഫിലിപ്പിന് വിനയായത്. പിന്നീട് പല ദിവസങ്ങളിലും ട്രീസയുമായി പോകുമ്പോള്‍ പാപ്പച്ചനെ കാണാന്‍ തുടങ്ങി. കാണാത്തപോലെ നടന്നും , കേള്‍ക്കാത്തപോലെ അഭിനയിച്ചുമൊക്കെ പലപ്രാവശ്യം പാപ്പച്ചനില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഒരു ദിവസം പാപ്പച്ചന്‍ ശരിക്കും പിടിച്ചുനിര്‍ത്തിക്കളഞ്ഞു.

“ എന്താ മാഷേ ഒരു പരിചയവുമില്ലാത്ത പോലെ? നമ്മള്‍ ഇടയ്ക്കിടയ്ക്ക് കാണാനുള്ളവരല്ലേ ? “
ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പാപ്പച്ചന്റെ സംസാരം.

ഊരിപ്പോകാന്‍ അന്നും ശരിക്ക് ബുദ്ധിമുട്ടിക്കാണണം. ട്രീസയ്ക്ക് എന്തൊക്കെയോ മനസ്സിലായെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ അവള്‍ സത്യാവസ്ഥ അറിയാന്‍ തന്റടുത്തെത്തിയത്. പ്രേമം പൊളിക്കാന്‍ ഒരു കാരണം അന്വേഷിച്ച് നടന്നിരുന്ന താന്‍, അവളോട് ഉണ്ടായ കാര്യമെല്ലാം തുറന്നുപറഞ്ഞു.

വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും കാര്യം നടന്നു. ട്രീസ ഫിലിപ്പുമായി തെറ്റി. അതിനും മാത്രമുള്ള കാര്യമൊന്നുമുണ്ടായിരുന്നില്ല ഒരു കള്ളുകുടിയിലും പെറ്റിക്കേസിലും, പിന്നെ ചാട്ടുളി പാപ്പച്ചനെ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ടതിലുമൊക്കെ. പക്ഷെ അവള്‍ ഒരു കാരണം തിരക്കി നടക്കുകയായിരുന്നു എല്ലാം വെച്ചവസാനിപ്പിക്കാന്‍. കോളേജ് കഴിയാറായിരിക്കുന്നു. ഇനി ഫിലിപ്പിനെ അവള്‍ക്കാവശ്യമില്ല, ഒഴിവാക്കണം. അതിനൊരുകാരണം. അത്രേയുള്ളൂ ഇത് എന്നാണ് തനിക്ക് തോന്നിയത്.

വൈകീട്ട് കൊടുങ്കാറ്റ് പോലെ ഹോസ്റ്റലില്‍ വന്നുകയറിയ ഫിലിപ്പിനെ കണ്ട് എല്ലാവരും ശരിക്കും ഞെട്ടി.

“എവിടെ ആ നാറി രഘു ? ഇന്നവനെ കൊന്നിട്ട് ഞാന്‍ ജയില്‍ പോകും”
മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി വന്ന തന്നെ എതിരേറ്റത് മുഖമടച്ചുള്ള ഒരടിയാണ്. കണ്ണില്‍നിന്ന് പൊന്നീച്ച പറന്നു, കാര്യം പെട്ടെന്നു തന്നെ മനസ്സിലാകുകയും ചെയ്തു. പക്ഷെ, തിരിച്ചടിക്കാന്‍ നിന്നില്ല. അവന് വിഷമമുണ്ടാകും. അടിച്ചോട്ടെ, അടിച്ച് തീര്‍ക്കട്ടെ. എന്നാലും അവനെ ഒരു കുടുക്കില്‍നിന്ന് രക്ഷിക്കാനായെന്ന സന്തോഷം ബാക്കിയുണ്ടാകുമല്ലോ ?

ഫൈനല്‍ സെമസ്റ്ററിലെ അവസാനത്തെ പരീക്ഷയുടെ അന്നാണ് അവസാനമായി കണ്ടത്. പിന്നെ എങ്ങോട്ട് പോയെന്നോ എവിടെയാണെന്നോ കോളേജില്‍ ആര്‍ക്കെങ്കിലുമോ, അവന്റെ വീട്ടുകാര്‍ക്ക് പോലുമോ അറിയില്ലായിരുന്നു.

എല്ലാവരും പ്രതിക്കൂട്ടില്‍ നിറുത്തിയത് തന്നെത്തന്നെയായിരുന്നു. ട്രീസയുടെ മനസ്സമ്മതം കോളേജില്‍ വന്ന് ചേര്‍ന്നകാലത്ത് തന്നെ കഴിഞ്ഞിരുന്നെന്നും, അവസാന സെമസ്റ്റര്‍ കഴിഞ്ഞ ഉടനെ അവളുടെ കല്യാണമാണെന്നും എല്ലാവരും മനസ്സിലാക്കുന്നതുവരെ താന്‍ തന്നെയായിരുന്നു കുറ്റവാളിയുടെ സ്ഥാനത്ത്. ആള്‍ക്കാരുടെ പഴിചാരലും നല്ലൊരു കൂട്ടുകാരനെ നഷ്ടപ്പെട്ടതിലുള്ള വേദനയുമായി നീണ്ട പത്തുവര്‍ഷം. എന്തായാലും ഇന്ന് അതിനൊക്കെ ഒരറുതിയായല്ലോ ? അതുമതി.

ഫിലിപ്പ് ഈ വിവരമൊക്കെ അറിഞ്ഞതിപ്പോഴായിരിക്കും. സംഭവിച്ച് പോയതിലൊക്കെ അവന് നല്ല വിഷമം കാണും. ഒന്നോ രണ്ടോ വരികളേ ഉള്ളെങ്കിലും ഈ കത്തിലവന്റെ മനസ്സുണ്ട്, വിഷമം മുഴുവനുമുണ്ട്. തനിക്കത് കാണാനാകുന്നുണ്ട്.

രഘു കത്ത് നാലായി മടക്കി ഭദ്രമായി വാലറ്റിനകത്തേക്ക് വെച്ചു.

എന്തൊക്കെ തിരക്കുണ്ടെങ്കിലും 15ന് എയര്‍പ്പോര്‍ട്ടില്‍ പോകണം, കാണണം അവനെ. കത്തുകിട്ടിയപ്പോള്‍ത്തന്നെ തന്റെ എല്ലാ നൊമ്പരവും തീര്‍ന്നിരിക്കുന്നു. പക്ഷേ അവനിപ്പോഴും വിഷമം ബാക്കി കാണും. തന്റെ കരണക്കുറ്റി അടിച്ച് പുകച്ചതല്ലേ ?

എന്തായാലും അവിടെവരെ പോകണം, തനിക്കൊരു വിഷമവുമില്ലെന്ന് അവനോട് പറയണം, എല്ലാം നല്ലതിനായിരുന്നെന്ന് ആശ്വസിപ്പിക്കണം, വൈകീട്ട് ഒരുമിച്ചിരുന്നൊരു ബിയറടിക്കണം. അതിനൊക്കെ മുന്‍പ്, അറൈവല്‍ ഗേറ്റിലൂടെ ട്രോളിയും ഉന്തി കടന്നുവരുന്ന അവനോട് ദൂരെ നിന്നുതന്നെ വിളിച്ച് ചോദിക്കണം...........

എപ്പോ ഇറങ്ങീന്ന് ?

Monday, 2 March 2009

തുളച്ചുകയറിയത്

ജോലി സ്ഥലത്ത് പലപ്പോഴും ഹരികൃഷ്ണൻ സഹപ്രവർത്തകരുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ടു.

ഈയിടെയായി എന്തുവിഷയം സംസാരിച്ചാലും അവസാനം അതൊക്കെ ചെന്നെത്തുന്നത് മതപരമായ കാര്യങ്ങളിലാണ്. ഹരിക്കെന്തോ അതത്ര ദഹിക്കാത്ത കാര്യമാണ്. മതങ്ങളെപ്പറ്റി ചർച്ച ചെയ്യാതിരുന്നാല്‍ത്തന്നെ കുറേ പ്രശ്നങ്ങൾ ഒഴിവാക്കാൻ പറ്റുമല്ലോ എന്നായിരുന്നു അയാളുടെ വാദം.

കുറേ വർഷങ്ങളായി ജനങ്ങൾക്ക് മതത്തിനോടുള്ള താല്‍പ്പര്യം ആരോഗ്യപരമല്ലാത്ത രീതിയില്‍ അധികരിച്ചിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളുടേയും ശരീരത്തിൽപ്പോലും അതിന്റെ ചിഹ്നങ്ങൾ കാണാൻ സാധിക്കും. ഞാൻ ഇന്ന മത വിശ്വാസിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ച് നടന്നാലേ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുകയുള്ളോ ? ഓരോരുത്തരുടേയും വിശ്വാസം അവരവരെ രക്ഷിക്കുന്നില്ലെന്നുണ്ടോ ?!

ജോലിസ്ഥലത്തെ കാര്യങ്ങളൊക്കെ വിടാം. വീട്ടിൽച്ചെന്നാൽപ്പോലും ഹരിക്ക് സ്വസ്ഥതയില്ലാതായിത്തീർന്നിരിക്കുന്നു. തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കുറേ വർഷങ്ങൾക്ക് മുൻപ് ഇത്രയധികം സമയം മൈക്ക് വെച്ച് പുരാണഗ്രന്ഥപാരായണമൊന്നും കേൾക്കാറില്ലായിരുന്നല്ലോ ?! വാതിലും, ജനാലകളുമൊക്കെ കൊട്ടിയടച്ചിട്ടും അക്ഷരസ്ഫുടതയും ഉച്ചാരശുദ്ധിയുമില്ലാത്ത വായനാവൈകല്യം വാതില്‍പ്പഴുതിലൂടേയും ജനല്‍‌വിടവിലൂടെയുമെല്ലാം മുറിയിലേക്ക് തിക്കിക്കയറിക്കൊണ്ടേയിരുന്നു.

ആർക്ക് വേണ്ടിയാണ് ഇവരൊക്കെയിങ്ങനെ അലറിവിളിക്കുന്നത് ? മതമെന്തെന്നും, മനുഷ്യനെന്തെന്നുമറിയാത്ത ഭക്തർക്കുവേണ്ടിയോ? അതോ കാതടപ്പിക്കുന്ന കതിനാവെടിയുടേയും, ഉച്ചഭാഷിണിയുടേയും ശബ്ദം കേട്ടുകേട്ട് ചെകിടരായിപ്പോയ ദൈവങ്ങൾക്ക് വേണ്ടിയോ ?

ഒരു പുസ്തകത്തിലോ, സംഗീതത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ അയാൾക്ക് പറ്റാതായിരിക്കുന്നു. കോളാമ്പി മൈക്ക് ഉപയോഗിച്ച് ശബ്ദം മലിനീകരിക്കുന്നത് മതത്തിന്റെ പേരിലാകുമ്പോൾ ഒരു കുറ്റമല്ലല്ലോ ?! വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ഏത് ഭരണകൂടത്തിനാണ് ചങ്കുറപ്പുള്ളത് ? വോട്ടുബാങ്കിൽ വെടിമരുന്ന് നിറയ്ക്കാൻ ആരെങ്കിലും ശ്രമിച്ച ചരിത്രമുണ്ടായിട്ടുണ്ടോ ?

ശാസ്ത്രം പുരോഗമിച്ചതുകൊണ്ട് രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ! ഐ-പോഡിന്റെ ഹെഡ് സെറ്റ് ചെവിയിലേക്ക് തിരുകി തലേന്നാൾ കിട്ടിയ പനച്ചൂരാന്റെ കവിതാലാപനത്തിലേക്കയാൾ മുഴുകി.


അച്ചുതണ്ടിൽ ഉറങ്ങുന്ന ഭൂമിയിൽ
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു.
ഒച്ചയില്ലിവർക്കാർക്കും കരയുവാൻ
പച്ചവെള്ളത്തിനും വിലപേശണം.

കൊച്ചിനെന്തിന് പുസ്തകം,വിറ്റിട്ട്
പിച്ചതെണ്ടുവാൻ അച്ഛൻ പറയുന്നു.
കൊച്ചുകുഞ്ഞിനെ പെറ്റവൾ ചൊല്ലുന്നു,
വിറ്റുതിന്നാം വിശക്കുമീ കുഞ്ഞിനെ.

അസുരതീർത്ഥം കുടിക്കുവാൻ അന്യന്റെ
അവയവം വിറ്റ കാശുമായ് പോകുവോർ,

രോഗബീജങ്ങള്‍ സൌഹൃദം പങ്കിടും
ആതുരാലയ വാതിലിറങ്ങുന്നു.
.......
....
..

കവിയുടെ വരികളും, ശബ്ദവും ചെവിയിലൂടെ ഹൃദയത്തിലേക്കും, തലച്ചോറിലേക്കും, വൈദ്യശാസ്ത്രം ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത മറ്റുപല അവയവങ്ങളിലേക്കും, ആന്തരാവയവങ്ങളിലേക്കുമെല്ലാം ഒരു മതപ്രഭാഷണത്തിനും ചെന്നുകയറാൻ പറ്റാത്ത ആഴങ്ങളിലേക്ക് തുളച്ചുകയറിക്കൊണ്ടേയിരുന്നു.

വാഴുവോര്‍ തന്നെ വായ്പ്പ വാങ്ങിയീ
യാജകരുടെ രാജ്യം ഭരിക്കവേ,
കാലത്തിന്റെ ചെതുമ്പിച്ച കാലടി-
പ്പാടു പിന്തുടരുന്നു നാം ബന്ധിതര്‍
........
....
..

Monday, 2 February 2009

സല്‍ക്കര്‍മ്മം

റച്ച കാല്‍‌വെപ്പുകളോടെയാണ് അയാള്‍ പൊലീസ് സ്റ്റേഷന്റെ പടികള്‍ കയറിയത്. ചോരയിറ്റുന്ന കത്തിയുമായി പാതിവാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കടന്ന അയാളെക്കണ്ട് വരാന്തയില്‍ നില്‍ക്കുകയായിരുന്ന ഹെഡ് കോണ്‍‌സ്റ്റബിള്‍ കുട്ടന്‍പിള്ള ശരിക്കൊന്ന് ഞെട്ടി.

ചോരക്കത്തി നീട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒരുത്തനെക്കണ്ട് എസ്.ഐ. ഗുണശേഖരനും ഒന്ന് നടുങ്ങിയെങ്കിലും ഏമാനത് പുറത്തുകാണിച്ചില്ല. കത്തി എസ്.ഐ.യുടെ മേശപ്പുറത്ത് വെച്ച് അനുവാദമൊന്നും ചോദിക്കാതെ അയാള്‍ മേശക്കിപ്പുറം കിടന്നിരുന്ന കസേരയിലിരുന്നു.

അന്‍പത് വയസ്സിനോടടുത്ത് പ്രായം, കൃശഗാത്രന്‍, നീട്ടി വളര്‍ത്തിയ മുടിയും താടിയും. മുട്ടോളമെത്തുന്ന ജുബ്ബയും നിലത്തിഴയുന്ന മുണ്ടുമാണ് വേഷം. മൂക്കില്‍ കണ്ണട, തോളില്‍ തൂങ്ങുന്ന സഞ്ചി. ഒറ്റനോട്ടത്തില്‍ ഒരു അവശസാഹിത്യകാരന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്ന ഒരു രൂപം. മുണ്ടിലും ജുബ്ബയിലും തോള്‍സഞ്ചിയിലുമൊക്കെ ചോരപുരണ്ടിട്ടുണ്ട്.

അപ്പോഴേക്കും സ്റ്റേഷനിലെ മറ്റ് പൊലീസുകാരൊക്കെ എസ്.ഐ.യുടെ മുറിയിലെത്തി.

അല്‍പ്പനേരം തികഞ്ഞ നിശബ്ദത.

അതിന് ഭംഗം വരുത്തിക്കൊണ്ട് അയാളുടെ ചുണ്ടനങ്ങി.

“ഞാനൊരാളെ കൊന്നു സാര്‍ ”

വീണ്ടും നിശബ്ദത.

“ഞാനത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. സഹിക്കാന്‍ പറ്റാതായപ്പോള്‍ കേറിയങ്ങ് ചെയ്തു. സാറെന്നെ അറസ്റ്റ് ചെയ്യണം ആദ്യം. അതിന് ശേഷം ബാക്കിയൊക്കെ ഞാന്‍ വിശദീകരിക്കാം.”

“കുട്ടന്‍പിള്ളേ, ആ റൈറ്ററ് വര്‍ഗ്ഗീസിനെ വിളിക്ക്. എഫ്.ഐ.ആര്. എഴുതിക്കോളാന്‍ പറയ്.” ഗുണശേഖരന്‍ സാറിന്റെ ഉത്തരവ് വന്നു.

റൈറ്ററ് പുസ്തകവും പേനയുമായി വന്നപ്പോഴേക്കും ഘാതകന്‍ മുടിയൊക്കെ പിന്നോട്ട് വകഞ്ഞ് വെച്ച് താടിയിലൊക്കെ ഒന്ന് വിരലോടിച്ച് ജുബ്ബായുടെ കൈയ്യെല്ലാം തെറുത്ത് കയറ്റിവെച്ച് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.

“എന്റെ ഒരു കൂട്ടുകാരന്റെ അനുജനെയാണ് സാറെ ഞാന്‍ കൊന്നത്. എനിക്കും അവന്‍ അനുജനപ്പോലെ തന്നെയായിരുന്നു. പ്രത്യേകിച്ച് ഒരു ദേഷ്യവും എനിക്കവനോട് ഇല്ലായിരുന്നു. ഫോര്‍മുലാ റേസും , ഇംഗ്ലീഷ് സിനിമകളും ഇംഗ്ലീഷ് പാട്ടുകളും, പിസ്സയും, പാസ്‌തയുമൊക്കെ ഇഷ്ടപ്പെടുന്ന ഇപ്പോഴത്തെ പുതു തലമുറയുടെ ഒരു പ്രതിനിധിയായിരുന്നു അവനും. അതൊന്നും ഇഷ്ടപ്പെടുന്നതില്‍ തെറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല പക്ഷെ മലയാളത്തോട് പുച്ഛം. മലയാളം പാട്ടുകള്‍ കേള്‍ക്കുന്നത് ചതുര്‍ത്ഥി. വിദ്യാധരന്‍ മാഷ് പാടിയ ‘കണ്ണുനട്ട് കാത്തിരുന്നിട്ടും എന്റെ കല്‍ക്കണ്ടക്കിനാവുപാടം കട്ടെടുത്തതാ‍രാണ് ‘ എന്ന ഗാനം കേട്ടുകൊണ്ടിരുന്ന എന്നോട് അവനൊരിക്കല്‍ പറയുകയാണ്.

‘ഇജ്ജാതി പന്ന പാട്ടുകളൊക്കെ കേള്‍ക്കുന്ന നിങ്ങളെയൊക്കെ സമ്മതിച്ച് തരണം‘ എന്ന്.

അന്നവനെ ശുണ്ഠിപിടിപ്പിക്കാന്‍ വേണ്ടി മാത്രം ഞാനാ പാട്ട് അവന്റെ മുന്നിലിരുന്ന് വൈകുന്നേരം വരെ പല ആവര്‍ത്തി കേട്ടു. ഇത്തരത്തിലുള്ള മലയാളത്തെ അവഹേളിക്കുന്ന അല്ലെങ്കില്‍ മലയാളത്തോട് പുച്ഛം പ്രകടിപ്പിക്കുന്ന പല സംഭവങ്ങളും അവന്റെ ഭാഗത്തുനിന്ന് പിന്നീടും ഉണ്ടായിട്ടുണ്ട്.

പക്ഷെ ഇന്നാണ് കാര്യങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയത്. അവനുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ എം.ടി.വാസുദേവന്‍നായരുടെ രണ്ടാമൂഴത്തെപ്പറ്റി ഞാനെന്തോ പരാമര്‍ശിക്കുകയുണ്ടായി. അപ്പോളവനെന്നോട് ചോദിക്കുകയാണ്,.....

‘ആരാണീ എം.ടി. വാസുദേവന്‍നായര്‍ ?‘ എന്ന്.

ഞാനാദ്യം കരുതി അവന്‍ എന്നെ ചൊടിപ്പിക്കാന്‍ വേണ്ടി തമാശപറയുന്നതാണെന്ന്. വീണ്ടും കുത്തിക്കുത്തി ചോദിച്ചപ്പോളാണ് അവന്‍ എം.ടി. എന്നൊരാളെപ്പറ്റി കേട്ടിട്ടില്ലെന്ന് എനിക്ക് ശരിക്കും മനസ്സിലായത്. എന്റെ സമനില തെറ്റിപ്പോയി സാറേ. ഒറ്റപ്പിടുത്തത്തിന് കഴുത്തുഞെരിച്ച് കൊല്ലാനാണ് ആദ്യം തോന്നിയത്. പിന്നീട് കുറെ നേരം വീണ്ടും ആലോചിച്ചു.

എന്നിട്ട് പതുക്കെ അടുക്കളയിലേക്ക് കടന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് ടീവിയില്‍ ഏതോ ഇംഗ്ലീഷ് സിനിമ കണ്ടുകൊണ്ടിരുന്ന അവന്റെ പിറകില്‍ച്ചെന്ന് കഴുത്തിലൂടെ കത്തിപായിച്ചു. ബോഡി ഇപ്പോഴും ചോര വാര്‍ന്നൊലിച്ച് എന്റെ വീടിന്റെ സ്വീകരണമുറിയില്‍ത്തന്നെ കിടക്കുന്നുണ്ട്. എന്തിനാണ് സാറെ ഇതുപോലുള്ള ഒരു പുതിയ തലമുറ നമുക്ക് ?“

“കുട്ടന്‍പിള്ളേ ഇയാളെ നാളെത്തന്നെ കോടതിയില്‍ ഹാജരാക്കാനുള്ള ഏര്‍പ്പാടൊക്കെ ചെയ്തേക്കൂ. ഇന്ന് ലോക്കപ്പില്‍ കിടക്കട്ടെ. ഞാനപ്പോഴേക്കും ഇയാളുടെ വീട് വരെ ചെന്ന് ബോഡി മാര്‍ക്ക് ചെയ്ത് പോസ്റ്റ്മാര്‍ട്ടത്തിനുള്ള ഏര്‍പ്പാട് നടത്തിയിട്ട് വരാം. രാത്രി താന്‍ തന്നെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുകയും വേണം. മനസ്സിലായോ ?” ഉത്തരവിറക്കി വെളിയിലേക്കിറങ്ങാന്‍ തുടങ്ങിയ ഗുണശേഖരനെ ഘാതകന്‍ തടഞ്ഞു.

“പോകാന്‍ വരട്ടെ സാറെ. എനിക്കൊരു കാര്യം കൂടെ പറയാനുണ്ട്. ”

“ങ്ങൂം... എന്താ ? തനിക്ക് വല്ല വക്കീലിനെയോ രാഷ്ടീയക്കാരെയോ ഏര്‍പ്പാടാക്കാനുണ്ടോ ?”

“ഹേയ് അതൊന്നുമല്ല സാറെ.”

“പിന്നെന്താ ?”

“കൊലപാതകം ഞാനിതാദ്യമായിട്ടൊന്നുമല്ല ചെയ്യുന്നത്. കുറച്ചുനാള്‍ മുന്‍പ് ഇതേ സ്വഭാവമുള്ള മറ്റൊരു സല്‍ക്കര്‍മ്മം ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് തോര്‍ത്ത് കഴുത്തില്‍ മുറുക്കിയാണ് ഞാ‍നെന്റെ ഇരയെ വീഴ്ത്തിയത്. അതിപ്പോഴും ഒരു തെളിവില്ലാത്ത കേസായി കിടക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ഈ കേസില്‍ ഞാന്‍ പിടിതന്ന സ്ഥിതിക്ക് ആ കൊലപാതകം കൂടെ ഏറ്റുപറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഒരു കൊലനടത്തിയാലും നൂറ് കൊലനടത്തിയാലും ഒരു പ്രാവശ്യമല്ലേ സാറെ തൂക്കാന്‍ പറ്റൂ.”

പുറത്തേക്കിറങ്ങാന്‍ തയ്യാറായ എസ്.ഐ. ഇരട്ടക്കൊലപാതകത്തിന്റെ തുമ്പുണ്ടാക്കിയതിന് തനിക്ക് കിട്ടാന്‍ പോകുന്ന സല്‍പ്പേരും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കിട്ടാന്‍ പോകുന്ന ബഹുമതികളുമൊക്കെ ഒരു മിന്നായം പോലെ മുന്നിലൂടെ പാഞ്ഞതിന്റെ സന്തോഷത്തില്‍ കസേരയിലേക്ക് തന്നെ ഇരുന്നു.

“അത് ഏത് കേസാണെടോ ? തെളിച്ച് പറ. വര്‍ഗ്ഗീസേ ഇത് വേറേ കുറിച്ചോളൂ ”

“അത് തിരൂര്‍ സ്റ്റേഷനിലുള്ള കേസാണ് സാറെ. കൊന്നത് എന്റെ അടുത്ത ഒരു സുഹൃത്തിനെത്തന്നെയാണ്. കൊലപ്പെടുത്തിയത് അവന്റെ വീട്ടില്‍‌വെച്ചുതന്നെ. ചോര ചിന്താതെയുള്ള കര്‍മ്മമായതുകാരണവും, ഞാനവിടെ പോയത് ആരും കണ്ടിട്ടില്ലായിരുന്നതുകൊണ്ടും അന്നാ കേസില്‍ ഒരു ചോദ്യം ചെയ്യല്‍ പോലും എനിക്ക് നേരിടേണ്ടി വന്നില്ല. എനിക്കാണെങ്കില്‍ ആ കൊല നടത്തിയതില്‍,അതൊരു സുഹൃത്തിനെയായിട്ട് പോലും തീരെ കുറ്റബോധം തോന്നിയതുമില്ല. പക്ഷെ ഇപ്പോള്‍ ഈ കൊലപാതകം നടന്നത് എന്റെ വീട്ടില്‍ വെച്ചുതന്നെയായതുകൊണ്ട് ഞാനെന്തായാലും പിടിക്കപ്പെടും. രക്ഷപ്പെടണമെന്ന് എനിക്ക് ആഗ്രഹവുമില്ല. ജയിലില്‍പ്പോകാനും തൂക്കുമരത്തില്‍ കയറാനും എനിക്കഭിമാനമേയുള്ളൂ. അപ്പോള്‍പ്പിന്നെ ആദ്യത്തെ സല്‍ക്കര്‍മ്മം കൂടെ ഏറ്റുപറയാമെന്ന് കരുതി. “

“എന്തിനായിരുന്നു താന്‍ ആദ്യത്തെ കൊല നടത്തിയത് ? അതും തന്റെ അടുത്ത സുഹൃത്തിനെ ? ഇപ്പോള്‍ ദാ മറ്റൊരു സുഹൃത്തിന്റെ അനുജനെ. തനിക്കെന്താ വല്ല മാനസികപ്രശ്നവുമുണ്ടോ ? “

“ഇല്ല സാറെ എനിക്കൊരു മാനസികപ്രശ്നവുമില്ല. ഞാന്‍ നോര്‍മലാ. ആദ്യത്തെ കൊല നടത്തിയതിനും വ്യക്തമായ കാരണമുണ്ട്. “

“ശരി ശരി…എങ്കില്‍ അതുകൂടെ പറഞ്ഞ് തൊലക്ക് “ എസ്.ഐ. ഗുണശേഖരന്റെ അതുവരെ അടക്കിവെച്ചിരുന്ന ശരിക്കുള്ള പൊലീസ് സ്വഭാവം പുറത്തുവരാന്‍ തുടങ്ങി.

“അവനെന്റെ അടുത്ത സുഹൃത്തായിരുന്നു. ഇന്ന് ഞാന്‍ കൊന്നവനെപ്പോലെ, മലയാളത്തിനോട് നീരസവും പുച്ഛവുമൊന്നും ഉള്ളവനൊന്നുമായിരുന്നില്ല അവന്‍. പക്ഷെ അന്ന് ആ കൃത്യം നടന്ന ദിവസം അവന്റെ വീട്ടില്‍ വെച്ച് ഓരോന്ന് സംസാ‍രിച്ചിരിക്കുമ്പോള്‍ പെട്ടെന്നവന്‍ എന്നോട് ചോദിച്ചു, ‘നിനക്കീ പി.ഭാസ്ക്കരന്‍ ആരാണെന്ന് അറിയാമോ‘ എന്ന് !

മലയാളികളായിട്ടുള്ളവരൊക്കെ പി.ഭാസ്ക്കരനെ അറിയാതിരിക്കാന്‍ വഴിയില്ലെന്ന് ഞാന്‍ മറുപടിയും കൊടുത്തു. പക്ഷെ അവന്‍ അങ്ങനൊരാളെപ്പറ്റി കേട്ടിട്ടില്ലത്രേ!! എന്റെ കണ്ട്രോള്‍ പോയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? പിന്നിലൂടെ ചെന്ന് അവന്റെ കഴുത്തില്‍ കിടന്നിരുന്ന തോര്‍ത്ത് തന്നെ മുറുക്കിയാണ് ഞാനവന്റെ കഥ അവസാനിപ്പിച്ചത്. പി.ഭാസ്ക്കരന്‍ ആ‍രാണെന്ന് അറിയാത്ത മലയാളിയും, എം.ടി.വാസുദേവന്‍‌നായര്‍ ആരാണെന്ന് അറിയാത്ത മലയാളിയും ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്നാണ് എന്റെ ഒരു വിലയിരുത്തല്‍. അങ്ങനുള്ളവരെ തൂക്കിക്കൊല്ലാനൊന്നും ഇന്നാട്ടില്‍ നിയമമില്ലല്ലോ സാറെ. അതുകൊണ്ട് യാതൊരു കുറ്റബോധവുമില്ലാതെ ഞാന്‍ തന്നെ ആ കര്‍മ്മം അങ്ങ് നടത്തി.

ഇനി നീതിപീഠത്തിന്റേയും കാക്കിയുടേയും കണ്ണിലൂടെ നോക്കാതെ, ഒരു പച്ചമലയാളിയുടെ കണ്ണിലൂടെ നോക്കി സാറ് തന്നെ പറയ്, ഞാന്‍ ചെയ്തത് തെറ്റാണോ ? അതൊരു സല്‍ക്കര്‍മ്മമല്ലേ ? എന്തിനാണ് സാറേ ഇങ്ങനെ കുറേയെണ്ണം ഈ ഭൂമിമലയാളത്തില്‍ ? “

Sunday, 12 October 2008

അച്ചടിമഷി പുരണ്ടു

ബ്ലോഗില്‍ ഇതുവരെ പോസ്റ്റ് ചെയ്യാത്ത എന്റെയൊരു കഥയില്ലാക്കഥയിലിതാ ആദ്യമായിട്ട് അച്ചടിമഷി പുരണ്ടിരിക്കുന്നു. വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെന്നാണ് എന്റെ സ്വയം വിലയിരുത്തല്‍. ചില പ്രത്യേക പരിഗണനയോ മറ്റോ കാരണമായിരിക്കും ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. പക്ഷെ, കാക്കയ്ക്ക് എന്നും തന്‍ കുഞ്ഞ് പൊന്‍‌കുഞ്ഞല്ലേ ? ‘എലിക്ക് തന്‍ പോസ്റ്റ് പുലിപ്പോസ്റ്റ് ‘ എന്ന് ബൂലോക ഭാഷ്യം. അതുകൊണ്ടിവിടെ പോസ്റ്റുന്നു. സഹിക്കുക. പൊറുക്കുക.




ടല്‍ക്കരയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. ഒന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയും അയാള്‍ക്കപ്പോഴുണ്ടായിരുന്നില്ല. എന്നിട്ടും ചിന്തകള്‍ കടിഞ്ഞാണില്ലാതെ കാടുകയറി.

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോയത് ?
യൌവ്വനകാലത്ത് താനെന്നും വന്നിരിക്കുമായിരുന്ന കടല്‍ക്കരയാണോ ഇത് ?

ഇവിടമാകെ മാറിയിരിക്കുന്നു. ആകെ തിരക്കായിരിക്കുന്നു. മറ്റേതോ രാജ്യത്തെ ഒരു ബീച്ചില്‍ ചെന്ന‌തു പോലെ. ഒരുപാട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഭൂരിഭാഗവും വിദേശനിര്‍മ്മിതം തന്നെ. അതില്‍ വന്നിരിക്കുന്ന ജനങ്ങളും കുറേയൊക്കെ വിദേശികള്‍ തന്നെ. വിരലിലെണ്ണാവുന്ന നാട്ടുകാര്‍ മാത്രം വന്നുപോയിരുന്ന ആ പഴയ കടല്‍ക്കരയാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

കടല്‍ഭിത്തിക്കുവേണ്ടി കൊണ്ടിട്ടിരുന്ന പാറക്കല്ലുകളില്‍, താനെന്നും വന്നിരിക്കുമായിരുന്നു ആ വലിയ ഉരുണ്ട കല്ലിന്റെ സ്ഥാനം എവിടെയായിരുന്നു ? കടല്‍ക്കരയുടെ മാറിപ്പോയ മുഖച്ഛായയ്ക്കിടയില്‍ അത് കണ്ടുപിടിക്കാനയാള്‍ക്കായില്ല.

സ്ഥിരമായി കടപ്പുറത്ത് വന്ന് കടലിലേക്കും നോക്കി ഒരുപാട് സമയം ഇരിക്കുമായിരുന്ന തന്നെ കണ്ടിട്ട് “ അവന് എന്തോ കുഴപ്പമുണ്ട്, ഒന്ന് ശ്രദ്ധിച്ചോണേ “ എന്ന് അടക്കം പറഞ്ഞിരുന്ന നാട്ടുകാരുടെ ആരുടെയെങ്കിലും പരിചിതമുഖത്തിനുവേണ്ടി ആള്‍ക്കൂട്ടം മുഴുവന്‍ തിരഞ്ഞു. ആ ഭാഗത്തെങ്ങും നാട്ടുകാരാരും ഇപ്പോള്‍ താമസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഭൂമിയുടെ വില വല്ലാതെ കുതിച്ചുയര്‍ന്നപ്പോള്‍ , സ്വന്തമായുള്ള കൊച്ചുകൊച്ച് പുരയിടവും വീടുമെല്ലാം വിറ്റ് കിട്ടിയ പണവുമായി എല്ലാവരും പണ്ടേ തന്നെ ഉള്‍നാടുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഇന്നിപ്പോള്‍ അവിടെ മുഴുവനും ഹോട്ടലുകളും, കടകളും, മദ്യശാലകളും, ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളും, ഉല്ലാസകേന്ദ്രങ്ങളും, മണിമാളികകളും മാത്രം.

ആരെ തിരഞ്ഞാണ്, എന്തന്വേഷിച്ചാണ് താനിപ്പോള്‍ ഇവിടെ വന്നിരിക്കുന്നത് ? നഷ്ടപ്പെട്ടുപോയ സ്വന്തം യൌവനം തിരഞ്ഞോ ? കാണാമെന്നും കാത്തിരിക്കാമെന്നും പറഞ്ഞ് ഇതേ കടപ്പുറത്ത് വെച്ച് വേര്‍പിരിഞ്ഞ, ഈ കടലിന്റെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത് കണ്ണുകളില്‍ ഒളിപ്പിച്ചിരുന്ന ആ സുന്ദരിയെ തിരഞ്ഞോ ?

എന്തൊരു വിഡ്ഡിയാണ് താന്‍ ? വരേണ്ട സമയത്ത് വരാതെ, മനസ്സിനെ ചെറുപ്പമാക്കിയിട്ട് നഷ്ടപ്പെട്ടുപോയ വസന്തം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നു പമ്പരവിഡ്ഡി.

കാത്തിരുന്ന് കാണില്ലേ ഒരുപാട് കാലം അവള്‍ ? താനിരിപ്പുണ്ടോ ആ പാറയിലെന്ന് എല്ലാ ദിവസവും വന്ന് തിരക്കിക്കാണില്ലേ അവള്‍ ? മറ്റാരെങ്കിലും അവിടെ വന്നിരുന്ന ദിവസങ്ങളില്‍, താനാണെന്ന് കരുതി ഓടിവന്ന് നോക്കിക്കാണില്ലേ അവള്‍? എത്ര വിഷമിച്ച് കാണും ആ സന്ധ്യകളില്‍ അവള്‍ ?

ലോകസഞ്ചാരം മുഴുവന്‍ കഴിഞ്ഞ് സുഖഭോഗങ്ങളെല്ലാം അനുഭവിച്ച് , 40 വര്‍ഷത്തിന് ശേഷം, ഒരു കണ്ണിന് കാഴ്ച്ചയും, ഒരു കാലിന് ആരോഗ്യവും നഷ്ടപ്പെട്ടപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെ ഇങ്ങോട്ട് മടങ്ങിവരാന്‍ തന്നെ പ്രേരിപ്പിച്ച ശക്തിയെന്താണ് ? അവളിപ്പോഴും തന്നെയും തിരഞ്ഞ് ഇവിടെ വരാനുള്ള സാദ്ധ്യതയില്ലെന്ന് അറിയാമായിരുന്നിട്ടും വിമാനമിറങ്ങിയ ഉടനെ നേരേ ഈ തീരത്തേക്ക് വന്നതിന്റെ കാരണമെന്താണ് ?

അറിയില്ല. തനിക്കൊന്നുമറിയില്ല. ഇങ്ങോട്ട് വരണമെന്ന് തോന്നി, വന്നു. അത്രതന്നെ.

ഈ മണല്‍ത്തരികളില്‍ തനിക്ക് നഷ്ടപ്പെട്ടുപോയ വിലപിടിച്ച വേറേയും ഒരുപാട് കാര്യങ്ങളില്ലേ ? അച്ഛനമ്മമാരുടെ ശേഷക്രിയകള്‍ നടത്താനും താനുണ്ടായിരുന്നില്ലല്ലോ ? ഈ കടലില്‍ അവരുടെ പിണ്ഡം ഒഴുക്കി മുങ്ങിക്കുളിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യേണ്ട സമയത്തൊക്കെ ഏതൊക്കെ ഉല്ലാസനൌകകളിലായിരുന്നു, ഏതൊക്കെ രമ്യഹര്‍മ്മങ്ങളിലായിരുന്നു, ഏതൊക്കെ വിനോദയാത്രകളിലായിരുന്നു താന്‍ സമയം ചിലവഴിച്ചിരുന്നത്?

എവിടെയാണ് തെറ്റ് പറ്റിയത് ? ആര്‍ക്കാണ് തെറ്റ് പറ്റിയത് ?

എന്താണ് തെറ്റ് ? എന്താണ് ശരി ? ഈ നഗരത്തില്‍ തെറ്റിനും ശരിക്കും പ്രത്യേകിച്ച് ഒരു നിര്‍വ്വചനമുണ്ടോ ? ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റല്ല. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയല്ല. എല്ലാവര്‍ക്കും അവരവരുടേതായ ശരികളും, തെറ്റുകളും, അതിന്റെ ന്യായീകരണങ്ങളും. അതിനിടയില്‍ ആര്‍ക്കെല്ലാമോ എന്തെല്ലാ‍മോ നഷ്ടപ്പെടുന്നു. അക്കൂട്ടത്തിലൊരാള്‍ താനും. തനിക്ക് മാത്രമാണോ നഷ്ടമായത്? മറ്റ് പലര്‍ക്കും നഷ്ടമായില്ലേ ? അതിന്റെ ഏറ്റക്കുറച്ചിലുകളുടെ കണക്കെടുത്തിട്ട് ഇനിയെന്തുകാര്യം ?

വീട്ടിലേക്ക് അവളുമായി ചെന്നുകയറാന്‍ താനെന്തിന് മടിച്ചു ? സ്വജാതിക്കാരിയല്ലാത്തൊരുത്തിയെ ഈ പടിചവിട്ടാന്‍ അനുവദിക്കില്ലെന്ന് ആരും വിലക്കിയിരുന്നില്ലല്ലോ ? ഒരു സ്ഥിരവരുമാനമില്ലാത്തവനായി അങ്ങനെയൊരു സാഹസത്തിന് മുതിരാന്‍ അന്നെന്തുകൊണ്ടോ തന്റെ ദുരഭിമാനം അനുവദിച്ചില്ല. അന്നെടുത്ത നിലപാട് ശരിയായിരുന്നെന്നുതന്നെ ഇന്നും വിശ്വസിക്കുന്നു. പിന്നെങ്ങിനെ ഇന്നതൊരു തെറ്റായി മാറി ?

അല്ല, തെറ്റവിടെയെങ്ങുമല്ല പറ്റിയത്. സ്ഥിരവരുമാനവും ജോലിയുമൊക്കെ ആയപ്പോള്‍, അതിന്റെ ആര്‍ഭാടത്തിലും സുഖസുഷുപ്തിയിലും പലതും മറന്നു. വഴിക്കണ്ണുമായി ചിലരെല്ലാം കാത്തിരിക്കുന്നുണ്ടെന്ന് തിരിച്ചറിവായപ്പോഴേക്കും മടങ്ങിവരാന്‍ പറ്റാത്ത തരത്തിലുള്ള ഊരാക്കുടുക്കുകളില്‍പ്പെട്ടുപോയി. മടങ്ങിവന്നപ്പോഴിതാ കരിന്തിരി കത്തിത്തുടങ്ങിയിരിക്കുന്നു.

നഷ്ടസ്വപ്നങ്ങളുടെ മരുപ്പറമ്പായി മാറിയിരിക്കുന്ന ഈ കടല്‍ക്കരയില്‍ തനിക്കിനി ഒന്നും ചെയ്യാനില്ല. മടങ്ങിപ്പോകാമെന്നുവെച്ചാല്‍ അതിനും വയ്യ. ഇനിയെങ്ങോട്ട് പോകാനാണ് ? എവിടെപ്പോയാലും അവസാനം ഇവിടെത്തന്നെ മടങ്ങിയെത്തിയെത്തും. ഇനിയൊരു യാത്രയില്ല. ഈ മണല്‍ത്തരികളില്‍ അലിഞ്ഞ് ചേരണം. അതുവരെ, പണ്ട് ചെയ്തിരുന്ന പോലെ ദിവസവും ഈ കടല്‍ക്കരയില്‍ വന്നിരിക്കാം. തികച്ചും അന്യരായ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു മണ്‍പ്രതിമ കണക്കെ, തീരത്തലച്ച് തകരുന്ന തിരകളുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍ക്കാരനാകാം. അതേയുള്ളൂ ഇനി ചെയ്യാന്‍. അതേയുള്ളൂ പ്രായശ്ചിത്തം.

അണയാന്‍ തുടങ്ങുന്ന സൂര്യന്റെ വിലാപം പടിഞ്ഞാറുനിന്ന് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. പണ്ട് താനിരിക്കുമായിരുന്ന ആ വലിയ ഉരുളന്‍ കല്ലിന്റെ സ്ഥാനം തിരയുകയായിരുന്നു അപ്പോളയാള്‍.

Monday, 21 July 2008

നീയേത് ജാതിയാ ?

ഗ്രേറ്റർ വാഷിങ്ങ്‌ടൺ കേരള അസോസിയേഷൻ സോവനീറിൽ (കേരള ഡൈജസ്റ്റ്) ഈ കഥ
ര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കഥയാണ്. ജാതിയും മതവുമൊക്കെ ഉറഞ്ഞുതുള്ളാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കഥ. കുട്ടികളുടെ നിഷ്ക്കളങ്കമായ മനസ്സുകളില്‍പ്പോലും ജാതിസ്പര്‍ദ്ധയുടെ വിത്തുകള്‍ പാകാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കഥ. ഒരു സ്ലേറ്റും രണ്ടേരണ്ട് പുസ്തകങ്ങളുമായി കുട്ടികള്‍‍ മൈലുകളോളം നടന്ന് പള്ളിക്കൂടത്തിലേക്ക് പോയിരുന്ന കാലത്ത് സംഭവിച്ച കഥ.

രാജു അന്ന് മൂന്നാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. തന്റെ ജാതിയെന്താണെന്നോ മതമെന്താണെന്നോ അവന് അതുവരെ അറിയില്ലായിരുന്നു. വീട്ടില്‍ അത്തരം കാര്യങ്ങളൊന്നും ആരും സംസാരിച്ച് അവന്‍ കേട്ടിട്ടില്ലായിരുന്നു. സ്കൂളിലെ ഫോമുകള്‍ പൂരിപ്പിച്ച് കൊടുത്തതൊക്കെ അദ്ധ്യാപകരായ അച്ഛനും അമ്മയും ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ ആ ഫോമില്‍ ജാതി, മതം എന്നീ കാര്യങ്ങള്‍ ഉണ്ടെന്നും അതിന്റെ പൊരുള്‍ എന്താണെന്നും അവനറിയില്ലായിരുന്നു.

അടുത്ത കൂട്ടുകാരനായ അലിക്കുഞ്ഞ് സ്ക്കൂളില്‍ പഠിക്കുന്നതുകൂടാതെ ഓത്തുപള്ളീലും പഠിക്കുന്നുണ്ടെന്ന് രാജുവിന് അറിയാമായിരുന്നെങ്കിലും അലിക്കുഞ്ഞ് ഇസ്ലാം മതസ്ഥനാണെന്ന് അവനറിയില്ലായിരുന്നു. ശോശാമ്മട്ടീച്ചറിന്റെ മകളും തന്റെ സഹപാഠിയുമായിരുന്ന കൊച്ചുത്രേസ്യ ക്രിസ്ത്യാനിയായിരുന്നെന്ന് അവനറിയില്ലായിരുന്നു. എല്ലാവരും പഠിക്കുന്നതൊരു ക്ലാസ്സില്‍, കളിക്കുന്നത് ഒരുമിച്ച്, സ്ക്കൂള്‍ വിട്ട് മടങ്ങുന്നത് ഒരുമിച്ച്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവധിദിവസങ്ങളില്‍ കണ്ടുമുട്ടില്ലെന്നതൊഴിച്ചാല്‍ ഒരു കുടുംബം പോലെ സ്നേഹം പങ്കുവെച്ച് തോളില്‍ക്കൈയിട്ട് നടക്കുന്നവര്‍.

അക്കൊല്ലം പട്ടണത്തില്‍ നിന്ന് ക്ലാസ്സില്‍ പുതുതായി വന്നുചേര്‍ന്ന പരിഷ്ക്കാരിയായ സന്തോഷാണ് രാജുവിന്റെ ഉറക്കം കെടുത്തിയ ആ ചോദ്യം ചോദിച്ചത്.

“നീയേത് ജാതിയാ ?“

രാജു കുഴഞ്ഞുപോയി. ഇതുവരെ ആരും ഇങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. പട്ടണപ്പരിഷ്ക്കാരിക്ക് ഇതിന്റെ മറുപടി കൊടുത്തില്ലെങ്കില്‍ കുറച്ചിലാകുമല്ലോ. അലിക്കുഞ്ഞിനോടോ കൊച്ചുത്രേസ്യായോടോ ചോദിക്കാമെന്ന് വെച്ചാല്‍ അതും മോശം തന്നെ. തന്റെ ജാതി താനല്ലേ അറിഞ്ഞിരിക്കേണ്ടത്? വീട്ടില്‍പ്പോയി ചോദിച്ചാലോ ? ഇത്രയും നാള്‍ സ്ക്കൂളില്‍ പഠിച്ചിട്ട് നിനക്ക് നിന്റെ ജാതി അറിയില്ലേ എന്ന് ചോദിച്ച് അച്ഛനും അമ്മയും വഴക്ക് പറഞ്ഞാലോ ? വേണ്ട വീട്ടില്‍ ചോദിക്കണ്ട. പിന്നെന്ത് ചെയ്യും?തന്റെ ജാതി എന്താണെന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായി രാജു.

തന്റെ വീട്ടിലുള്ളവരും ബന്ധുക്കളുമൊക്കെ തന്റെ തന്നെ ജാതിയാകാതെ തരമില്ല. അച്ഛനും അമ്മയും അദ്ധ്യാപകരാണ്. അമ്മായിയും അമ്മാവനും അദ്ധ്യാപകര്‍ തന്നെ. ഇളേച്ഛനും ഇളേമ്മയും അദ്ധ്യാപകര്‍. കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല രാജുവിന്.

അടുത്ത ദിവസം സ്ക്കൂളില്‍ ചെന്ന് അഭിമാനത്തോടെ ഞെളിഞ്ഞ് നിന്ന് രാജു സന്തോഷിനോട് പറഞ്ഞു.

“ഞാന്‍ മാഷ് ജാതിയാ”

Sunday, 17 February 2008

കൊച്ചു കൊച്ചു സ്വപ്നങ്ങള്‍

ലിക്കിതാ?“

ഇരുട്ടിന്റെ അഗാധതയില്‍നിന്നും ഉയര്‍ന്നുവന്ന ശബ്ദം ചെവിയില്‍ തുളച്ചുകയറിയെങ്കിലും വേദനയുടെ കാഠിന്യം നിമിത്തം കണ്ണുതുറക്കാനോ ചോദ്യത്തിന്റെ ഉറവിടം കാണാനോ പറ്റിയില്ല. ശബ്ദം അപ്പാവുടേതു തന്നെ. ശബ്ദത്തിലെ വിറയല്‍ തന്റെ വലത് കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ആ കൈകളിലുമുണ്ട്. ഇടത്തേ കൈയ്യിലും ആരോ മുറുക്കെപ്പിടിച്ചിട്ടുണ്ട്. മൃദുലമായ സ്പര്‍ശനം‍. അത് ശെല്‍‌വിയായിരിക്കാം, തന്റെ എല്ലാമെല്ലാമായ തങ്കച്ചി.

അടിവയറ്റിലെ വേദന കടിച്ചുപിടിച്ചുകൊണ്ട് കണ്ണുതുറന്നു. ആശുപത്രിക്കിടക്കയിലാണ്. കട്ടിലിനിരുവശവും അപ്പാവും, തങ്കച്ചിയും. ശെല്‍‌വിയുടെ കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരിക്കുന്നു. കുറ്റപ്പെടുത്തലിന്റേയും, പരിഭവത്തിന്റേയും കാര്‍മേഘങ്ങള്‍ ആ മുഖത്ത് കാണാം. അപ്പാവുടെ മുഖത്ത് ഞാന്‍ സമ്മതിച്ചതുകാരണമല്ലേ നിനക്കീ അവസ്ഥ വന്നത് എന്ന കുറ്റബോധം നിഴലിക്കുന്നു.
“ഏന്‍ അണ്ണാ,ഇപ്പടിയെല്ലാം എതുക്കാഹെ പണ്ണിയിറുക്ക് ?”
ശെല്‍‌വിയുടെ കണ്ണുകളില്‍നിന്നും കുടുകുടെ ഒഴുകാന്‍ തുടങ്ങുകയാണ്.

വര്‍ക്ക് ഷോപ്പിലെ തുച്ഛമായ വരുമാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടി തികയാറില്ല. ശെല്‍‌വിക്ക് കല്യാണപ്രായമായി വരികയാണ്. അപ്പാവുക്ക് നന്നെ വയസ്സായി. ഇനിയും അധികം കഷ്ടപ്പെടുന്നത് കാണാന്‍ വയ്യ. റോഡ് പണിക്ക് പോകണ്ട എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. അതില്‍നിന്ന് കിട്ടുന്ന എണ്ണിച്ചുട്ടതിന്റെ പകുതി മരുന്നിനു‌തന്നെ ചിലവാകും. വൈകുന്നേരമാകുമ്പോഴേക്കും കരിയും പുകയും ടാറും പിടിച്ച്, ചുമച്ച് കുരച്ച് മടങ്ങിയെത്തുന്ന മെലിഞ്ഞുണങ്ങിയ ആ ശരീരം കാണുമ്പോള്‍, ഇപ്പോളുള്ളതിനേക്കാള്‍ വലിയ വേദനയാണ്.

കിഡ്‌ണി വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരു ഓട്ടോറിക്ഷയ്ക്കുള്ള പണം വാങ്ങിത്തരാമെന്ന് പറഞ്ഞത് വടപളനിയിലെ പ്രമുഖ കിഡ്‌ണി ഏജന്റ് മാരിയപ്പനാണ്. നൂറുകണക്കിനാളുകളാണ് മാരിയപ്പന്‍ വഴി കിഡ്‌ണി വിറ്റ് രക്ഷപ്പെട്ടിരിക്കുന്നത്. ഒരു കിഡ്‌ണി വിറ്റാല്‍ സാധാരണ ഗതിയില്‍ ഒരു ഓട്ടോ വാ‍ങ്ങാനുള്ള പണമൊന്നും കിട്ടില്ല. കിഡ്‌ണി വാങ്ങുന്ന ആള്‍ ധനികനായതുകൊണ്ടും, നല്ല സഹായമനസ്ഥിതിയുള്ള ആളായതുകൊണ്ടും ഒത്തുവന്ന ഒരു അവസരമാണ്. പാഴാക്കിക്കളയുന്നത് വിഢിത്തമാകും.

സ്വന്തമായി ഒരു ഓട്ടോ കിട്ടിയാല്‍ ഒന്നുരണ്ടുവര്‍ഷത്തിനുള്ളില്‍ രാപ്പകല്‍ ഓടിയിട്ടാണെ‍ങ്കിലും ശെല്‍‌വിയുടെ കല്യാണത്തിനുള്ള പണം ഉണ്ടാക്കാം. അവള്‍ക്ക് വേണ്ടിയാണെങ്കില്‍ ഇതിലും വലിയ വേദന സഹിക്കാനും‍ സന്തോഷമല്ലേയുള്ളൂ.

ചിലവെല്ലാം കഴിച്ച് കയ്യില്‍ ബാക്കിവരുന്ന ചില്ലറ കൊണ്ടുക്കൊടുക്കുമ്പോള്‍, ചിറ്റമ്മയുടെ മുഖം ചുളിയുന്നതും ഇനി കാണേണ്ടിവരില്ലല്ലോ ? തന്നേയും അപ്പാവേയും എന്തൊക്കെ കുറ്റപ്പെടുത്തിയാലും, സ്വന്തം മകളല്ലാതിരുന്നിട്ടുകൂടി ശെല്‍‌വിയെ അവര്‍ക്ക് ജീവനാണല്ലോ. അല്ലെങ്കിലും അവളുടെ കാര്യം ഓര്‍മ്മിപ്പിക്കുമ്പോഴല്ലേ അവര്‍ കൂടുതല്‍ ദേഷ്യപ്പെടാറുള്ളൂ. അതുകൊണ്ടുതന്നെ ഒരിക്കല്‍പ്പോലും ഉള്ളിലവരോട് വെറുപ്പ് തോന്നിയിട്ടില്ല. എല്ലാം ശെല്‍‌വിക്ക് വേണ്ടിയല്ലേ ?

പക്ഷെ ഇക്കാര്യം ശെല്‍‌വി അറിയാതെ നടക്കണം. അറിഞ്ഞാലവള്‍ സമ്മതിക്കില്ല. തനിക്കുള്ളതിന്റെ പതിന്മടങ്ങ് സ്നേഹം അവള്‍ക്കുമില്ലേ തന്നോട്. അപ്പാവേയും അറിയിക്കാതെ കാര്യങ്ങള്‍ നടത്തണമെന്നാണ് കരുതിയിരുന്നത്. പക്ഷെ ഓപ്പറേഷനുമുന്‍പ് ആശുപത്രിയിലെ കടലാസുകളില്‍ ഒപ്പിടാന്‍ അടുത്ത ബന്ധുക്കളാരെങ്കിലും തന്നെ വേണം. അപ്പാവെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ഒന്നില്‍ക്കൂടുതല്‍ കിഡ്‌ണി പൂര്‍ണ്ണ ആരോഗ്യവാനായ ഒരാള്‍ക്ക് ആവശ്യമില്ലെന്നൊക്കെ താന്‍പോലും മനസ്സിലാക്കിയത് ഇപ്പോഴല്ലേ !! അപ്പോള്‍പ്പിന്നെ പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്ത ആ പാവത്തിന്റെ കാര്യം പറയണോ.

വിജയാ ആശുപത്രിയിലെ ഡോക്ടര്‍ മൂര്‍ത്തി, പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചുനോക്കി. നല്ല സ്നേഹമുള്ള മനുഷ്യനാണദ്ദേഹം. എന്തെങ്കിലും ചെറിയ ബിസ്സിനസ്സ് ചെയ്യുവാന്‍ പത്തുപതിനായിരം രൂപ അദ്ദേഹം തരാം, 24 വയസ്സില്‍ ഇത്തരം അവിവേകമൊന്നും കാണിക്കല്ലേ മുരുകാ, എന്നുവരെ പറഞ്ഞു. പതിനായിരം രൂപയ്ക്ക് ഒരു പഴയ ഓട്ടോപോലും കിട്ടില്ല. അതുമാത്രമല്ല, വെറുതെ ഒരാളുടെ കയ്യീന്ന് പണം വാങ്ങാന്‍ മനസ്സുനുവദിച്ചുമില്ല.

തനിക്ക് തരുന്ന പണത്തിന്റെ ഒരുപാട് മടങ്ങ് കിഡ്‌ണി വാങ്ങുന്ന ധനികനായ വ്യവസായിക്ക് ചിലവാകും. രക്തബന്ധത്തിലുള്ളവര്‍ക്കോ, വളരെ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ കിഡ്‌ണി ദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം. രാജ്യത്ത് വ്യാപകമായി നടക്കുന്ന കിഡ്‌ണി വ്യാപാരത്തിന് തടയിടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തുണയായത് ആശുപത്രിക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, മെഡിക്കല്‍ പാനലിലുള്ളവര്‍ക്കുമെല്ലാമാണ്. എല്ലാവരും ചേര്‍ന്ന്, കിഡ്‌ണി വാങ്ങുന്നയാളുടെ ബന്ധുവാണ് താനെന്ന് കാണിക്കാനുള്ള വ്യാജ രേഖകളെല്ലാം ഉണ്ടാക്കിയിയെടുത്തിട്ടുണ്ട്. അതിന് പ്രതിഫലമായി ഒരു ഭീമന്‍ തുക അവരെല്ലാവരും വ്യവസായിയുടെ കയ്യില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ മൂര്‍ത്തി മാത്രം തന്റെ വിഹിതമായി കിട്ടുന്ന പണം മുഴുവന്‍ പാവപ്പെട്ട ദാതാവിനുതന്നെ തിരിച്ചുകൊടുക്കും.

ശസ്ത്രകിയയ്ക്ക് മുന്‍പ് തന്റെ മനസ്സിളക്കാന്‍ ഒരു ശ്രമം കൂടെ ഡോക്ടര്‍ മൂര്‍ത്തി നടത്താതിരുന്നില്ല. അപ്പാവുടെ കൈയൊപ്പുകള്‍ ആവശ്യമുള്ള, ഇംഗ്ലീഷില്‍ തയ്യാറാക്കിയ കടലാസുകളെല്ലാം വായിച്ച് കേള്‍പ്പിച്ച് തമിഴില്‍ അര്‍ത്ഥം മനസ്സിലാക്കിത്തന്നു. ആ കടലാസുകളൊക്കെ ഒരിക്കല്‍ വായിച്ചാല്‍ ആരും ശസ്ത്രക്രിയയ്ക്ക് സമ്മതിക്കില്ല. കീറിമുറിക്കുന്നതിനിടയില്‍ ഒരു കൈയ്യബദ്ധം പറ്റി കിഡ്‌ണി ദാതാവിന്റെ ജീവനപകടത്തിലാകുകയോ, അവശേഷിക്കുന്ന കിഡ്‌ണിക്ക് ഭാവിയില്‍ എന്തെങ്കിലും തകരാറുവരികയോ, മറ്റേതെങ്കിലും തരത്തില്‍ ആരോഗ്യസ്ഥിതി വഷളാകുകയോ, അങ്ങിനെ എന്തൊക്കെ സംഭവിച്ചാലും തനിക്കല്ലാതെ മറ്റാര്‍ക്കും അതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ല എന്നൊക്കെയായിരുന്നു ആ രേഖകളില്‍.
ഇപ്പറഞ്ഞതിനൊന്നിനും തന്റെ മനസ്സിളക്കാനായില്ല. വരാന്‍ പോകുന്ന നല്ല നാളുകളെപ്പറ്റിയുള്ള സുന്ദരമായ സ്വപ്നങ്ങള്‍ കണ്ടുനടക്കുമ്പോള്‍ അതിനൊന്നും ഒരു വിലയും കല്‍പ്പിച്ചില്ല.

നാല് ദിവസത്തിനുള്ളില്‍ തുന്നലെല്ലാം ഉണങ്ങും. ഒരാഴ്ച്ചയ്ക്കകം ഓട്ടോ വീട്ടുപടിക്കലെത്തും. നല്ലൊരു തുക ദിവസവും ചിറ്റമ്മയെ ഏല്‍പ്പിക്കണം. വീടിന്റെ ചില അറ്റകുറ്റപ്പണികളൊക്കെ നടത്തണം,പെയിന്റടിക്കണം. രണ്ടുമൂന്ന് വര്‍ഷത്തിനകം ശെല്‍‌‌വിക്കൊരു മാപ്പിളയെ കണ്ടുപിടിക്കണം. കോളനിക്കാരെ എല്ലാവരേയും വിളിച്ച് സദ്യയൊക്കെ കൊടുത്ത് കെങ്കേമമായി അവളുടെ പുടമുറി നടത്തണം. അപ്പാവെ ഇനി കൂലിപ്പണിക്കൊന്നും വിടരുത്. നല്ല ചികിത്സ നല്‍കുകയും വേണം.

അനസ്തീഷ്യയുടെ മരവിപ്പ് മാറിത്തുടങ്ങുന്തോറും വേദന കൂടിക്കൂടി വരുന്നുണ്ടെങ്കിലും മുരുകന്റെ മുഖത്തിപ്പോള്‍ സന്തോഷമാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന തന്റെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ പൂവണിയുന്നതിന്റെ അടക്കാനാവാത്ത സന്തോഷം.

Friday, 11 January 2008

ഷേണായി

ഷേണായി ചെറുപ്പത്തിലേ മഹാ കുസൃ‌തിയും രസികനുമായിരുന്നു. പരീക്ഷക്കാലത്താണ് ഷേണായി തന്റെ പ്രകടനം മുഴുവന്‍ പുറത്തെടുക്കുക. പരീക്ഷാ ഹാളിലേക്ക് നടക്കുന്ന അദ്ധ്യാപകന്റെ കയ്യിലിരിക്കുന്ന ചോദ്യക്കടലാസില്‍ നിന്ന് എങ്ങിനെയെങ്കിലും ഒളിഞ്ഞുനോക്കി ഒരു 20 മാര്‍ക്കിന്റെയെങ്കിലും ചോദ്യം ചോര്‍ത്തിയെടുക്കുന്നതിന് ഷേണായി കഴിഞ്ഞിട്ടേ വേറാരെങ്കിലും ഉണ്ടായിരുന്നുള്ളൂ. അങ്ങിനെ കിട്ടുന്ന ചോദ്യങ്ങള്‍‌ കൂട്ടുകാര്‍ക്കെല്ലാം വളരെ സന്തോഷത്തോടെതന്നെ ഷേണായി പങ്കുവെയ്ക്കുമായിരുന്നു.

അങ്ങിനെയിരിക്കുമ്പോള്‍ ഒരിക്കല്‍, സാമൂഹ്യപാഠം പരീക്ഷാദിവസം, ചോദ്യക്കടലാസ് ചോര്‍ത്താന്‍ പോയ ഷേണായിക്ക് ചോദ്യങ്ങളൊന്നും കാണാന്‍ പറ്റിയില്ല. പക്ഷെ ഷേണായിയുണ്ടോ വിട്ടുകൊടുക്കുന്നു !

തന്നേയും കാത്ത് അക്ഷമരായിരിക്കുന്ന സുഹൃത്തുക്കളുടെ ഇടയിലേക്ക് വിജയശ്രീലാളിതനായെന്നപോലെ കടന്നുവന്ന ഷേണായി 10 മാര്‍ക്കിന്റെ ഒരു ചോദ്യം പുറത്തുവിടുന്നു.

അക്‍ബറിന്റെ ഛേദം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക !!!