Wednesday, 28 December 2011

ദേശീയ ഗാനത്തിന് 100 വയസ്സ്


1911 ഡിസംബർ 27ന് ഒരു പ്രാർത്ഥനാ ഗാനമായി ആരംഭിച്ച് പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായി മാറിയ രബീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന...’ എന്നു തുടങ്ങുന്ന വരികൾക്ക് 100 വയസ്സ് തികഞ്ഞിരിക്കുന്നു. അഭിമാനിക്കാൻ പോന്ന മുഹൂർത്തം തന്നെ അല്ലേ ?

പക്ഷെ, അത്രയ്ക്കങ്ങ് അഭിമാനിക്കാൻ തക്കവണ്ണം ദേശീയഗാനം ആലപിക്കപ്പെടുന്നുണ്ടോ ? ദേശീയഗാനം വല്ലാതെ അവഗണിക്കപ്പെടുന്നു, എന്ന് കരുതാൻ പോന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെ ചോദിക്കേണ്ടി വന്നത്. സിനിമാ തീയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുന്നേ ദേശീയഗാനം ആലപിക്കേണ്ടതല്ലേ? വടക്കേ ഇന്ത്യയിലെ പല തീയറ്ററുകളിലും അത് ചെയ്യുന്നുണ്ടല്ലോ, എന്നൊക്കെ പറഞ്ഞുകൊണ്ട് കുറച്ച് നാൾ മുൻപ് ഗൂഗിൾ ബസ്സിൽ ഞാനൊരു അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ദേശീയഗാനം തീയറ്ററിൽ മുഴങ്ങുന്ന സമയമത്രയും, പറഞ്ഞറിയിക്കാനാവാത്ത ദേശസ്നേഹത്തോടെ എഴുന്നേറ്റ് നിൽക്കുന്നതിന്റെ ഒരു അനുഭൂതിയുടെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞത്. ബസ്സിലെ ചർച്ചയിൽ പങ്കെടുത്ത പലരും കേരളത്തിലെ തീയറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെപ്പറ്റിയും മറ്റ് പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വാദപ്രതിവാദങ്ങൾ നടത്തുകയും വാചാലരാവുകയും ചെയ്തു. വടക്കേ ഇന്ത്യയിൽ ചെയ്യാമെങ്കിൽ എന്തുകൊണ്ട് തെക്കേ ഇന്ത്യയിലോ കേരളത്തിലോ ചെയ്യാനാകുന്നില്ല എന്ന് മാത്രമേ എനിക്ക് വാദിക്കാനുള്ളൂ. തീയറ്ററുകളിലോ അതുപോലുള്ള വ്യക്തിഗത സ്ഥാപനങ്ങളിലോ ചെയ്യുന്നില്ലെങ്കിൽ വേണ്ട, വിട്ടുപിടിക്കാം. പക്ഷെ പൊതുസ്ഥലങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിലെങ്കിലും ദേശീയഗാനാലാപനം നിർബന്ധമാക്കേണ്ടതല്ലേ ?

ദേശീയഗാനം നമ്മളെ പഠിപ്പിക്കുകയും, ദിവസം ഒരു പ്രാവശ്യമെങ്കിലും ആലപിക്കുകയും ചെയ്യുന്ന സ്ക്കൂളുകളിൽ ഒന്നിൽ ഈയിടെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ, പരിപാടിയുടെ അവസാനം ദേശീയ ഗാനം ഉണ്ടായിരുന്നില്ല. പ്രസ്തുത ചടങ്ങ് ആരംഭിച്ചത് പ്രാർത്ഥനാഗാനത്തോടെ ആണെന്നത് ശ്രദ്ധേയവുമാണ്. ദേശീയഗാനം തന്നെ ഒരു പ്രാർത്ഥനാ ഗാനമായി ആലപിക്കാനുള്ള സന്മനസ്സ് പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

അച്ഛന്റെ മരണശേഷം, അദ്ദേഹത്തിന്റെ നോമിനി എന്ന നിലയിൽ ഞാൻ അംഗമായിത്തീർന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടികൾ എല്ലാം ആരംഭിക്കുന്നത് പ്രാർത്ഥനാ ഗാനത്തോടെയാണ്. പക്ഷെ, ട്രസ്റ്റിന്റെ മീറ്റിങ്ങുകൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കുന്നതേയില്ല. രണ്ടാമത്തെ മീറ്റിങ്ങിന് മുന്നേ തന്നെ ഇക്കാര്യം ട്രസ്റ്റിന്റെ ഉന്നത ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. കോളേജ് അദ്ധ്യാപകൻ ആയി വിരമിച്ച ട്രസ്റ്റ് ചെയർമാർ നിർദ്ദേശം സശ്രദ്ധം കേട്ടിരുന്നെങ്കിലും ഇക്കാര്യം നടപ്പിലാക്കാൻ വേണ്ട നടപടികൾ എടുക്കുകയുണ്ടായില്ല.

“ദേശീയഗാനം പാടിക്കാമെന്ന് വെച്ചാൽത്തന്നെ ആർക്കെങ്കിലും ഇപ്പോൾ അങ്ങനൊരു ഗാനം അറിയുമോ ? ” എന്നായിരുന്നു ട്രസ്റ്റിലെ അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരു റിട്ടയേഡ് കോളേജ് അദ്ധ്യാപികയുടെ ചോദ്യം. ഒരു അദ്ധ്യാപികയുടെ ചോദ്യമായതുകൊണ്ടാവണം ഞാൻ ശരിക്കും ഞെട്ടി.

എല്ലാം വെറും തട്ട്മുട്ട് ന്യായങ്ങൾ മാത്രം. എനിക്കറിയാം ദേശീയഗാനം പാടാൻ, കൂടെ പാടാൻ ആരുമില്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് പാടിക്കോളാം. ദേശീയഗാനം പാടാൻ ആർക്കും  അറിയില്ലെങ്കിൽ അതുതന്നെ വലിയൊരു അവഗണനയോ അപരാധമോ ആയി കാണേണ്ടിയിരിക്കുന്നു. ആർക്കും പാടാൻ അറിയില്ലെങ്കിൽ കൈയ്യിലുള്ള മൊബൈൽ ഫോണിലോ മറ്റോ റെക്കോഡ് ചെയ്തുകൊണ്ടുവന്ന് റീപ്ലേ ചെയ്യാനുള്ള സൌകര്യമെങ്കിലും ഏർപ്പാടാക്കാമല്ലോ ?

ഈയിടെയായി, മാസത്തിലൊരിക്കൽ പങ്കെടുക്കുന്ന മറ്റൊരു സ്ഥാപനത്തിന്റെ ബോർഡ് മീറ്റിങ്ങിലും ഇതുതന്നെയാണ് അവസ്ഥ. പ്രാർത്ഥനാ ഗാനത്തോടെയാണ് തുടക്കം. പക്ഷെ, കാര്യപരിപാടികൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കപ്പെടുന്നില്ല. നിർദ്ദേശം വെച്ചിട്ടുണ്ട്, പരിഗണിക്കപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം, ഒരു പൊതുപരിപാടി ദേശീയഗാനം ആലപിച്ചുകൊണ്ട് അവസാനിക്കുന്നത് കണ്ടത് എറണാകുളത്ത് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ്. പുസ്തകോത്സവത്തിന്റെ സംഘാടകൻ ശ്രീ. നന്ദകുമാറിന് ദേശസ്നേഹത്തോടെ ഒരു സല്യൂട്ട്.

കൂടുതൽ ഇടങ്ങളിലും അവസരങ്ങളിലും ദേശീയഗാനം ആലപിക്കപ്പെടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, വരും കാലങ്ങളിൽ അറ്റൻഷനിൽ എഴുന്നേറ്റ് നിന്ന് ആദരിക്കാൻ പോലും പുതിയ തലമുറ മറന്നു പോയെന്ന് വരും. റിട്ടയേഡ് കോളേജ് അദ്ധ്യാപിക പറഞ്ഞതുപോലെ ദേശീയഗാനം ആലപിക്കാൻ അറിയാത്തവർ ആരും തന്നെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉച്ഛാരണത്തിൽ എന്തെങ്കിലും പിശകുകൾ വന്നാലും, വരികളും ട്യൂണുമൊക്കെ അറിയാവുന്നവർ തന്നെയാണ് 10 ൽ ഒരാളെങ്കിലും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അറിയാത്തവർക്കും അറിയുന്നവർക്കുമെല്ലാമായി, ഇതാ ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ ചേർന്ന് വാദ്യോപകരണങ്ങളിലൂടെയും ഗാനമായും ആലപിച്ച ദേശീയഗാനത്തിന്റെ ഒരു വീഡിയോ. പിറന്നിട്ട് 100 വർഷത്തിലധികമായ സ്വന്തം ദേശത്തിന്റെ ഗാനം അഭിമാനത്തോടെയും അതിലേറെ ദേശഭക്തിയോടെയും എഴുന്നേറ്റ് നിന്ന് തന്നെ കേൾക്കാം.

ജന ഗണ മന അധി നായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ
പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാഠാ
ദ്രാവിഡ ഉത്ക്കല ബംഗാ

വിന്ധ്യ ഹിമാചല യമുനാ ഗംഗാ
ഉച്ഛല ജലധി തരംഗാ

തവ ശുഭ നാമേ ജാഗേ
തവ ശുഭ ആശിഷ് മാഗേ
ഗാഹേ തവ ജയ ഗാഥാ.

ജന ഗണ മംഗളദായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ

ജയ ഹേ ജയ ഹേ ജയ ഹേ
ജയ ജയ ജയ ജയ ഹേ

Tuesday, 20 December 2011

ചിത്രത്തെരുവുകൾ

ഗൾഫ് മലയാളി യിൽ ആണ് ഈ ലേഖനം ആദ്യം പബ്ലിഷ് ചെയ്തത്.
കുറേയേറെ ദിവസങ്ങൾക്ക് ശേഷം ഇവിടെയും പകർത്തിയിടുന്നു.
-----------------------------------------------------

രു വടക്കൻ വീരഗാഥ, വൈശാലി എന്നിങ്ങനെ നാലഞ്ച് തിരക്കഥകൾ രചിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ എം.ടി.ക്ക്  സിനിമയുമായി കാര്യമായി എന്ത് ബന്ധമാണുള്ളത് ? “ ചോദ്യം ഒരു സുഹൃത്തിന്റേതാണ്, സന്ദർഭം ഓർമ്മയില്ല.

എം.ടി.വാസുദേവൻ നായർ ആരാണെന്ന് ചോദിച്ചിട്ടുള്ള ചില മലയാളി സഹപ്രവർത്തകരും എനിക്കുണ്ടായിരുന്നതുകൊണ്ട് വലുതായിട്ടൊന്നും ഞെട്ടിയില്ല. ഞാനപ്പോൾത്തന്നെ തിരക്കഥകളുടെ വലിയൊരു ലിസ്റ്റ് ചൊരിഞ്ഞിട്ടു. പ്രസിഡന്റിന്റെ സുവർണ്ണകമലം നേടിയ നിർമ്മാല്യം എന്ന സിനിമ എം.ടി.യുടെ തിരക്കഥ ആണെന്നും അത് സംവിധാനം ചെയ്തിരിക്കുന്നത് സാക്ഷാൽ എം.ടി. തന്നെ ആണെന്നും സുഹൃത്തിനറിയില്ല. എം.ടി.യുടെ കുറേക്കൂടെ പുതിയൊരു സിനിമയായ കടവിനെപ്പറ്റി അദ്ദേഹം കേട്ടിട്ടുപോലുമില്ല. എന്തിനധികം, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഢം, ഓപ്പോൾ, പരിണയം, എന്നിങ്ങനെ ഗംഭീരമായ ഒരുപിടി എം.ടി. തിരക്കഥകളെപ്പറ്റി തികച്ചും അജ്ഞനാണ് അദ്ദേഹം.

എം.ടി.ക്ക് സിനിമയുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവർ കറന്റ് ബുക്സിന്റെ ചിത്രത്തെരുവുകൾ (190 രൂപ) സംഘടിപ്പിച്ച് വായിച്ചാൽ മതിയാകും. ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായിരുന്ന മദ്രാസടക്കം ദേശീയവും അന്തർദേശീയവുമായി എം.ടി. കടന്നുപോയിട്ടുള്ള സിനിമാത്തെരുവുകൾ, അദ്ദേഹം ഇടപഴകിയിട്ടുള്ള പ്രഗത്ഭരായ സിനിമാക്കാർ, അത്രയ്ക്കങ്ങ് പ്രഗത്ഭരല്ലെങ്കിലും സിനിമയുമായി ചുറ്റിപ്പറ്റി പരിചയമുള്ള സഹൃദയർ, അങ്ങനെ ഒരുപാട് വഴിത്താരകളും വ്യക്തികളും 14 അദ്ധ്യായങ്ങളുള്ള ചിത്രത്തെരുവിൽ കടന്നുവരുന്നു.

പ്രേംനസീർ എന്ന നടന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെപ്പറ്റിയും പരസഹായ മനസ്ഥിതിയെപ്പറ്റിയുമൊക്കെ മുൻപും കേട്ടിട്ടുള്ളതാണ്. എന്നിരുന്നാലും, ഇടതുകൈ അറിയാതെ വലതുകൈ കൊണ്ട് അദ്ദേഹം നടത്തുന്ന സഹായങ്ങളെപ്പറ്റി എം.ടി. തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ നിത്യഹരിതനായകനോടുള്ള ആദരവിനും ആരാധനയ്ക്കും മാറ്റുകൂടുന്നു. ശങ്കരാടിയുടേയും അടൂർ ഭാസിയുടേയും രസികൻ സ്വഭാവവിശേഷങ്ങൾ, കൃഷ്ണാഭായ് തെരുവിലെ വാസു അണ്ണൻ, സത്യൻ, ശോഭനാ പരമേശ്വരൻ, രാഘവൻ മാസ്റ്റർ, എം.ബി.എസ്, എസ്.കെ.പൊറ്റക്കാട്,  ബാലൻ കെ.നായർ, അനിയൻ, ശാരദ, ഐ.വി.ശശി, മണിയൻ, വേണു, എന്നിങ്ങനെ  പ്രശസ്തരും അപ്രശസ്തരുമായ സിനിമാക്കാരെ ഏറ്റക്കുറച്ചിലില്ലാതെ എഴുത്തുകാരൻ സ്മരിക്കുന്നു. സിനിമയിൽക്കയറി രക്ഷപ്പെടാനായി കോടാമ്പാക്കത്തെ ലോഡ്ജുകളിൽ ചേക്കേറിയ കലാകാരന്മാരെപ്പറ്റിയും, കുറഞ്ഞ സൌകര്യങ്ങളിൽ സൌഹാർദ്ദപരമായ കഴിഞ്ഞ് കൂടിയ സിനിമാക്കാരെപ്പറ്റിയുമൊക്കെ എത്രയോ വായിച്ചിരിക്കുന്നു. എന്നിരുന്നാലും, അത്തരം സിനിമാക്കഥകൾ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ വരികളിലൂടെ വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.

‘ഇരക്കേണ്ടിവരുന്ന വെളിച്ചപ്പാട് ‘ എന്ന അദ്ധ്യായം ‘നിർമ്മാല്യ‘ത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ളതാണ്. അതിൽ സഹകരിച്ചവർ പലരും മൺ‌മറഞ്ഞുകഴിഞ്ഞിരിക്കുന്നു. എം.ടി.കൂടെ അതിന്റെ അണിയറക്കഥകൾ എഴുതാതിരുന്നെങ്കിൽ, മഹത്തായ ഒരു സിനിമയുടെ പിന്നിൽ, താമസ സൌകര്യമടക്കമുള്ള സുഖസൌകര്യങ്ങളുമൊക്കെ ത്യജിച്ച് സഹകരിച്ച നായികാ നായകന്മാരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും മറ്റ് കലാകാരന്മാരുടേയും അർപ്പണമനോഭാവം, മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയേനെ. കനത്ത പ്രതിഫലവും പറ്റി സ്വന്തം വേഷങ്ങൾ കാട്ടിക്കൂട്ടി സെറ്റ് വിടുന്ന ഇന്നത്തെ സിനിമാക്കാർ അവശ്യം വായിച്ചിരിക്കേണ്ട അത്തരം മറ്റൊരു അദ്ധ്യായമാണ് ‘സ്നേഹത്തിന്റെ കടവുകൾ‘. നിർമ്മാല്യത്തിന്റെ അന്ത്യരംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? പി.ജെ. ആന്റണി ക്ഷേത്രത്തിന്റെ നാലുകെട്ടിനകത്ത് കയറിയോ ? ദേവിയുടെ മുഖത്ത് അദ്ദേഹം ശരിക്കും കാറിത്തുപ്പിയോ ? എന്നൊക്കെയുള്ള സംശയങ്ങളുടെ ഉത്തരങ്ങൾ അനാവരണം ചെയ്യപ്പെടുന്നുണ്ട് ‘ഇരക്കേണ്ടി വരുന്ന വെളിച്ചപ്പാടി‘ൽ.

ദേശീയവും അന്തർദേശീയവുമായ നിരവധി സിനികൾ കാണാൻ വഴിയൊരുങ്ങിയ അനുഭവങ്ങൾ, ജ്യൂറി അംഗം അടക്കം കൈയ്യാളിയിട്ടുള്ള വിവിധ പദവികൾ, അതിൽനിന്നൊക്കെ കിട്ടിയിട്ടുള്ള പരിചയസമ്പന്നത, സൌഹൃദവലയങ്ങൾ, നേട്ടങ്ങൾ, പണം നോക്കാതെ സിനിമയ്ക്കായി ചെയ്തിട്ടുള്ള ത്യാഗങ്ങൾ, എന്നിങ്ങനെ എം.ടി.യുടെ അധികം അറിയപ്പെടാത്ത ഒരുപാട് സിനിമാ മുഖങ്ങളാണ് ചിത്രത്തെരുവിൽ ഉടനീളം കാണാനാകുന്നത്.

‘ചെറിയ വേഷങ്ങളിലെ വലിയ മനുഷ്യൻ‘ എന്ന അദ്ധ്യായത്തിലെ ചന്ദ്രേട്ടന്റേയും കുടുംബത്തിന്റേയും സൌഹൃദവങ്ങൾ ആരും കൊതിക്കുന്നതാണ്. ഫിലിംസ് ഡിവിഷനിൽ ചെറിയ ഉദ്യോഗസ്ഥനായി തുടങ്ങി, NFDC യുടെ റീജിയണൽ മാനേജർ വരെ എത്തിയ ചന്ദ്രേട്ടനെപ്പറ്റിയുള്ള ഓർമ്മകൾ അവസാനിക്കുന്നത് വ്യസനിപ്പിച്ചുകൊണ്ടാണ്. ‘ചെറിയ റോളായിരുന്നു, തരക്കേടില്ലാതെ ചെയ്തു അല്ലേ ?‘ എന്ന് എം.ടിയുടെ കരം കവർന്നുകൊണ്ട് ചോദിക്കുമ്പോൾ ചന്ദ്രേട്ടൻ മരണക്കിടക്കയിലാണ്. ‘നീണ്ട നടപ്പാതയിൽ തണലും കുളിരും സ്നേഹവും വിരിച്ചുതന്ന ഒരു ചോലമരം കൂടി അങ്ങനെ നഷ്ടപ്പെട്ടു.  എനിക്ക് മാത്രമല്ല, പലർക്കും.’ എന്ന് ചന്ദ്രേട്ടന്റെ മരണത്തെപ്പറ്റിയുള്ള വരികൾ ചന്ദ്രേട്ടന്റെ സൌഹൃദത്തിന്റെ ആഴവും പരപ്പുമാണ് എടുത്തുകാണിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ജനശക്തി ഫിലിംസിനെപ്പറ്റി കേൾക്കാത്തവർക്ക് അതേപ്പറ്റി വായിക്കാം. ദേവലോകം എന്ന സിനിമയിലൂടെ എം.ടി.കൊണ്ടുവന്ന ‘ജൂനിയർ വക്കീലി‘നെപ്പറ്റിയും അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില സിനിമാക്കഥകളും വായിക്കാം. നിഷ എന്ന് വിളിച്ച് മകളോടെന്നപോലെ സ്നേഹം കാണിച്ചിരുന്ന മോനിഷയെപ്പറ്റി ഒരു ചെറു നൊമ്പരത്തോടെ വായിക്കാം. എഴുതാനിരിക്കുന്ന ഹോട്ടൽ മുറിയിൽ കൊണ്ടുവന്നിട്ട മേശയ്ക്കും കസേരയ്ക്കും 50 രൂപ വാടക കൊടുക്കേണ്ടി വന്ന കഥ വായിക്കാം. അടൂർ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് എടങ്ങേറായ എം.ടി.യെപ്പറ്റി വായിക്കാം.  സിനിമാക്കഥ എഴുതിക്കാനായി അമേരിക്കയ്ക്ക് കൊണ്ടുപോയപ്പോൾ, അവിടെ പഠിക്കുന്ന സ്വന്തം മകളെ കാണാനുള്ള സൌകര്യം പോലും ഉണ്ടാക്കിക്കൊടുക്കാതെ വിഷമിപ്പിച്ച കാശുകാരായ കുറേ അമേരിക്കൻ മലയാളികളുടെ സമീപനത്തെപ്പറ്റി വായിക്കാം. സിനിമയെന്ന മഴവില്ലിന്റെ കീഴെയുള്ള നിധി തേടി വന്ന് പരാജയപ്പെടുകയും വിജയിക്കുകയും ചെയ്ത മനുഷ്യരുടെ കഥകൾ വായിക്കാം.

മലയാള സാഹിത്യത്തിന് എത്രമാത്രം സംഭാവനകൾ നൽകിയിട്ടുണ്ടോ അതിനടുക്കെത്തന്നെ സംഭാവനകൾ സിനിമയ്ക്കും നൽകിയിട്ടുള്ള എം.ടി.യെ ആണ് ചിത്രത്തെരുവുകളിൽ കാണാനാകുന്നത്. തെരുവിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ആദ്യ അദ്ധ്യായം മുതൽ അവസാനം വരെ, തട്ടും തടവും ഒന്നുമില്ലാതെ അനായാസമായ വായന സമ്മാനിച്ച, വിലപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ച, എണ്ണമറ്റ സംഭാവനകൾ സിനിമയ്ക്ക് നൽകിയ അനുഗൃഹീതനായ ആ ബഹുമുഖപ്രതിഭയ്ക്ക് സാദര പ്രണാമം.

വാൽക്കഷണം:‌- വായിച്ച് വായിച്ച് അവസാനമെത്തിയപ്പോൾ എനിക്കേറെ പരിചയമുള്ള ഒരു മുഖം  ചിത്രത്തെരുവിൽ എം.ടി.ക്കൊപ്പം നിൽക്കുന്നത് കണ്ടപ്പോൾ ഒരുപാട്  അഭിമാനിക്കാനായി. എം.ടി.കൃതികളെല്ലാം മനോരമയ്ക്ക് വേണ്ടി സീഡിയിലാക്കാൻ അഞ്ച് വർഷത്തോളം വിയർപ്പൊഴുക്കിയ, എഴുത്തും വരയും സിനിമയുമൊക്കെ എന്നും ആവേശമായി കൊണ്ടുനടന്നിട്ടുള്ള, എം.ടി.യുടെ സകലമാന സാഹിത്യസൃഷ്ടികളിലൂടെയും കടന്നുപോകാനായ, അതിൽ‌ പലതിന്റേയും കൈയ്യെഴുത്ത് കോപ്പികൾ കാണാനും കൈവശം വെക്കാനും ഭാഗ്യമുണ്ടായ എന്റെയൊരു സഹപാഠി അനൂപ് ആർ. ആയിരുന്നു അത്.

Wednesday, 7 December 2011

സമരത്തിന്റെ കൂമ്പടച്ച് കളഞ്ഞതിന് അഭിവാദ്യങ്ങൾ!!

മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന പൊതുജന പ്രക്ഷോഭങ്ങൾ കണ്ട് വിരണ്ടിട്ടാണോ, അതോ ഈ നിലയ്ക്ക് പോയാൽ കേരളത്തിലെ പല നേതാക്കന്മാർക്കും തമിഴ്‌നാട്ടിൽ ഉള്ള തോട്ടങ്ങളുടെ കണക്ക് വെളിയിൽ വരുമെന്ന് ഭയന്നിട്ടാണോ അതുമല്ലെങ്കിൽ ഈ വിഷയത്തിൽ ജനങ്ങൾ ഇത്രയ്ക്ക് ശക്തമായി നീങ്ങിയാൽ കേന്ദ്രത്തിൽ തമിഴന്റെ പിന്തുണ നഷ്ടപ്പെടും എന്ന് കണ്ടിട്ടാണോ അതൊന്നുമല്ലെങ്കിൽ ഞങ്ങൾ പൊതുജനം എന്ന കഴുതകൾക്ക് മനസ്സിലാകാത്ത മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ..... ‘ഇടുക്കി താങ്ങിക്കോളും‘ എന്ന ഒരു ഒറ്റ ന്യായീകരണത്തിലൂടെ ഇക്കണ്ട സമരങ്ങളുടെയൊക്കെ കൂമ്പടച്ച് കളഞ്ഞത് ?

സർവ്വകക്ഷി യോഗം വിളിച്ച് പ്രമേയം പാസ്സാക്കി മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേ സ്വരത്തിൽ പറയുമ്പോൾ, സത്യത്തിൽ ഒറ്റക്കെട്ടായി വളർന്നുവന്നുകൊണ്ടിരുന്ന ഒരു ജനതയെ ചവിട്ടി അരയ്ക്കുകയല്ലേ എല്ലാ കക്ഷികളും കൂടെ ചെയ്തത് ? ചപ്പാത്തിലേയോ, കുമളിയിലേയോ, വണ്ടിപ്പെരിയാറിലേയോ കുറേപ്പേരുടെ സമരം മാത്രമാക്കി മാറ്റിയില്ലേ ഈ ബഹുജനപ്രക്ഷോഭത്തെ ? 5 ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ ജീവന് ആപത്ത് എന്ന വാദത്തിന് ഇനി എന്തെങ്കിലും പ്രസക്തിയുണ്ടോ ?

കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കകം 7ൽ അധികം പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തിയ ഞങ്ങൾ ഓൺലൈൻ കൂട്ടായ്മക്കാർ ഇനിയെന്ത് ചെയ്യണം എന്നാണ് പറയുന്നത് ? എ.ജി.യുടെ വാക്കുകൾ നിരത്തി തമിഴൻ കളിയാക്കുമ്പോൾ അവർക്കെന്ത് മറുപടി കൊടുക്കണമെന്ന് പറഞ്ഞ് തരൂ. കോടതിയിൽ പുതിയ സത്യവാങ്ങ്‌മൂലം കൊടുത്താൽ തീരുന്ന മാനക്കേടാണോ അത് ? മുല്ലപ്പെരിയാർ പൊട്ടിയാൽ ഇടുക്കിയിലേക്ക് വെള്ളം മാത്രമാണ് വന്ന് നിറയാൻ പോകുന്നത് എന്ന് കരുതുകയും അതിന്റെ കണക്ക് ഹൈക്കോടതിയിൽ വരെ നിരത്തുകയും ചെയ്ത വിദഗ്ദ്ധർക്കൊക്കെ ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഒരു ഉരുൾപൊട്ടലെങ്കിലും നേരിട്ട് കാണുകയോ ഉരുൾപൊട്ടിയ ശേഷം ആ ഭൂമി കാണുകയോ ചെയ്തിട്ടുണ്ടോ ഇപ്പറഞ്ഞ വിദഗ്ദ്ധർ ?

ഇതൊക്കെ പോട്ടെ. മുല്ലപ്പെറിയാറിനും ഇടുക്കിക്കും ഇടയിൽ ഉള്ള ജനങ്ങളുടെ കാര്യത്തിലെങ്കിലും എന്തെങ്കിലും അവസാന വാക്ക് പറഞ്ഞ് തരാമോ ? ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ എങ്ങുമെത്താതെ പോയാൽ, ചപ്പാത്തിലേയും വണ്ടിപ്പെരിയാറിലേയും കുറേ ആയിരങ്ങളുടെ ഞരക്കം മാത്രമായി ഈ സമരമൊക്കെയും പിന്നേയും ഒതുങ്ങും. അതുകൊണ്ടൊന്നും ഇനിയങ്ങോട്ടുള്ള ഓരോ തിരഞ്ഞെടുപ്പുകളിലും ഞങ്ങൾ കഴുതകൾ നിങ്ങൾക്കെല്ലാം വോട്ട് ചെയ്യാതെ മാറിനിൽക്കുകയൊന്നും ഇല്ല. ഇനിയും വോട്ട് ചെയ്ത് വിജയിപ്പിച്ചുകൊണ്ടേയിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം ചങ്കിലേക്ക് ഇടിച്ച് കയറുമ്പോഴും വിരലിൽ മഷി പതിപ്പിക്കാൻ കൈകൾ ഞങ്ങൾ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കും. അക്കാര്യത്തിൽ ആശങ്ക വേണ്ട.

പക്ഷെ ഒരു ദുരന്തം ഉണ്ടായാൽ....... പിന്നീട് എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ? ഇപ്പോൾ രാഷ്ട്രീയം കളിക്കുന്നവരും, മുല്ലപ്പെരിയാറിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവരും കമ്പത്തും തേനിയിലും മേഘമലയിലുമൊക്കെ ഏക്കറുകണക്കിന് തോട്ടമുള്ളവരുമൊക്കെ, സുകുമാരക്കുറുപ്പ് മുങ്ങിയത് പോലെ കൂട്ടത്തോടെ മുങ്ങിയാൽ മാത്രം മതിയാകും. ജനത്തിന്റെ വികാരത്തിന് വിലപറയുന്നതിനും ഒരു അതിരൊക്കെ വെക്കുന്നത് നല്ലതാണ്.

Thursday, 1 December 2011

ഇനി അൽ‌പ്പം രക്ഷാനടപടികൾ.

മുല്ലപ്പെരിയാറിന്റെ ചരിത്രവുമായി കൂട്ടിക്കെട്ടി ഒരു ദുരന്തം (അത് തീരെ ആഗ്രഹിക്കുന്നില്ല) ഉണ്ടാകുന്നതിന് മുൻപും പിൻപും സ്വീകരിക്കേണ്ട നടപടികളെപ്പറ്റി എനിക്കറിയാവുന്നത് പോലെ തയ്യാറാക്കിയ ഒരു ലേഖനം നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. വായിക്കുക, കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. അതെല്ലാം ചേർത്ത് ലഘുലേഖകൾ അച്ചടിച്ച് നമ്മൾ വിതരണം ചെയ്യുന്നതായിരിക്കും. ലേഖനം വായിക്കാൻ ഈ ലിങ്ക് വഴി പോകുക.