Wednesday, 29 February 2012

മറുപിറവി


പ്പൽക്കമ്പനിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് മുംബൈയിൽ വിസരജീവിതം നയിക്കുന്ന അരവിന്ദൻ നാട്ടിലേക്കൊരു യാത്രപുറപ്പെടുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. പെരുമാൾ എന്ന മഹാരാജാസ് കോളേജ് സീനിയറും, ടൂറിസം വ്യവസായവുമായി ഈജിപ്റ്റിൽ പ്രവാസമനുഷ്ഠിക്കുന്ന ആസാദും, വ്യവസ്ഥാപിത വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത രാമഭദ്രനുമൊക്കെയായി കുറേ ദിവസങ്ങൾ നാട്ടിൽ തങ്ങി, നാടിന്റെ ചരിത്രത്തിലൂടെ പിന്നോട്ട് നടക്കുക, പ്രവാസജീവിതത്തിന്റെ മടുപ്പിൽ നിന്ന് കുറച്ച് കാലത്തേക്കെങ്കിലും രക്ഷപ്പെടുക എന്നതൊക്കെയാണ് ഉദ്ദേശങ്ങൾ. അരവിന്ദൻ എന്ന നായക കഥാപാത്രത്തിലൂടെ ഒരു നാടിന്റെ കഥ പറയുകയും ചരിത്രത്തിന്റെ ഉറുക്കഴിക്കുകയും ചെയ്യുമ്പോൾ, അത് സേതുവിന്റെ മറുപിറവി എന്ന നോവലായി മാറുന്നു.

കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടിഞ്ഞുപോയ, മുചരി, മുചരിപ്പട്ടണം, മുസരീസ്, എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു പുരാതന തുറമുഖത്തിന്റെ ചരിത്രം, സാങ്കൽ‌പ്പിക കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിരുന്ന കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി അതീവ ഭംഗിയോടെ സന്നിവേശിപ്പിച്ചിരിക്കുന്നു മറുപിറവിയിൽ. മുസരീസ് തുറമുഖത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊക്കെ കഥാകാരനടക്കം നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള പല പ്രമുഖരും നോവലിലെ കഥാപാത്രങ്ങളാണ്. സഹോദരൻ അയ്യപ്പനേയും, മഹാരാജാസ് കോളേജ് പ്രിൻസിപ്പാളായിരുന്ന ഭരതൻ മാഷിനേയും അഡ്വ:തോമസ് ഐസക്കിനേയും ശിവൻപിള്ളയേയും പോലുള്ള ചിലരെ മാത്രമേ വായനക്കാരനായ എനിക്ക് കേട്ടറിവുള്ളൂ. നോവലിസ്റ്റ് പക്ഷെ മുചരിയുടെ മക്കളെ ആരേയും വിട്ടുപോയിട്ടില്ല. സ്ക്കൂളിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും നാട്ടിൽ അദ്ദേഹത്തിന്റെ ശ്രദ്ധിയാകർഷിച്ചിട്ടുള്ള അപ്രശസ്തരായവരും, പ്രശസ്തരെപ്പോലെ തന്നെ അവിടവിടെയായി കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പാലിയം കൊട്ടാരത്തിന്റെ ചരിത്രവും പാലിയം സമരവുമൊക്കെ എന്താണെന്ന് ഊഹം പോലും ഇല്ലാത്തവർക്ക് മറുപിറവി ഒരു റഫറൻസ് ഗ്രന്ഥമായിത്തന്നെ പ്രയോജനപ്പെടും. മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ, രാജാവിനേക്കാൾ കാര്യശേഷിയുള്ള പ്രവർത്തനങ്ങളും വേലുത്തമ്പി ദളവയുമായി ചേർന്നുള്ള നീക്കങ്ങളുമൊക്കെ ബഹുഭൂരിപക്ഷം വായനക്കാരും ഇതുവരെ കേൾക്കാത്ത ചരിത്രമായിരിക്കും. നമുക്കെല്ലാം കുറച്ചെങ്കിലും അറിയുന്ന, കൊച്ചിരാജാവും ഡച്ചുകാരും പറങ്കികളും ബ്രിട്ടീഷുകാരും സാമൂതിരിയുമൊക്കെ അടങ്ങുന്ന അത്രയേറെ പഴക്കമില്ലാത്ത കാലഘട്ടത്തിൽ നിന്നൊക്കെ ഒരുപാട് പിന്നോക്കം പോയി, കുരുമുളകിനായി യവനരും ഈജിപ്ഷ്യന്മാരും കേരളത്തിലെത്തിയിരുന്ന ഇരുളടഞ്ഞ ഒരു കാലത്തിന്റെ കഥയിലേക്ക് കൂടെയാണ് നോവൽ വെളിച്ചം വീശുന്നത്. ഇസ്രായേലിൽ നിന്ന് പാലായനം ചെയ്ത് കുടിയേറ്റക്കാരായി മുചരിയിൽ എത്തിയ യഹൂദന്മാർ, അവരുടെ അതിജീവനത്തിന്റെ കഥ, പൊന്നുവിളയുന്ന കേരളത്തിൽ നിന്ന് ഇസ്രായേൽ എന്ന തരിശുഭൂമിയിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥ, ചിതറിപ്പോയവർ തലമുറകൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരികെച്ചെന്നപ്പോൾ നേരിടേണ്ടി വന്ന ജീവിത യാഥാർത്ഥ്യങ്ങൾ, എന്നിങ്ങനെ മുചരിയുമായി ബന്ധപ്പെട്ടത് ചരിത്രമായാലും ഐതിഹ്യമായാലും ഒന്നും തന്നെ ലേഖകൻ ഒഴിവാക്കിയിട്ടില്ല. പാലിയത്തച്ചന്റെ വല്ലാർപാടം പള്ളിയുമായുള്ള മതമൈത്രി ബന്ധത്തിനൊപ്പം വല്ലാർപാടത്തെ അടിമ കിടത്തൽ ചടങ്ങിന്റെ ഐതിഹ്യവും നോവലിൽ സ്മരിക്കപ്പെടുന്നുണ്ട്.

കൊടുങ്ങല്ലൂർ കോവിലകത്തെ അന്തർജ്ജനങ്ങളുടെ ജീവിതത്തിലേക്ക് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്ന് കയറുന്നത്, ഒളിച്ചും പാത്തും വായിച്ചിരുന്ന പാർട്ടി പുസ്തകങ്ങളിൽ നിന്ന് ആവേശഭരിതരായി തമ്പുരാട്ടിമാരിൽ ചിലർ സമരമുഖങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, എന്നിങ്ങനെ അക്കാലത്തെ വിപ്ലവകരമായ എല്ലാ സംഭവങ്ങളും കഥയുടെ ഭാഗമാണ്. ജലീലിനെപ്പോലുള്ള സഖാക്കളുടെ നിസ്സീമമായ പ്രവർത്തനങ്ങൾ, ടി.സി.എൻ. മേനോൻ (തെക്കേച്ചാലിൽ നാരായൺകുട്ടി മേനോൻ) എന്ന പ്രഗത്ഭ പാർലിമെന്റേറിയന്റെ അതിലേറേ പ്രാഗത്ഭ്യമുള്ള അഭിഭാഷണവൃത്തിയുടെ കഥകൾ, എന്നതൊക്കെ ചരിത്രം താൽ‌പ്പര്യമില്ലാത്തവർക്ക് പോലും അതീവ താൽ‌പ്പര്യത്തോടെ വായിച്ച് പോകാനാവും.

സ്പൈസ് റൂട്ടിലൂടെ കൊല്ലാകൊല്ലം സ്ഥിരമായി മുചരിത്തുറമുഖത്ത് എത്തിയിരുന്ന യവനരിൽ പ്രമുഖനായ ആഡ്രിയന് കിടക്ക വിരിച്ചിരുന്ന വടക്കോത്ത് തങ്കയും മകൾ പൊന്നുവും കാലചക്രം തിരിയുമ്പോൾ കഥാവശേഷരാകുന്നുണ്ടെങ്കിലും, പൊന്നുവിന്റെ മകൾ കുങ്കമ്മയെ ആധുനിക തുറമുഖമായ കൊച്ചഴി എന്ന കൊച്ചിയിലെ പ്രമുഖ വ്യവസായിയാക്കി മാറ്റുന്നുണ്ട് കഥാകാരൻ. മാണിക്കൻ, കിച്ചൻ എന്നീ ശക്തരായ കഥാപാത്രങ്ങളിലൂടെ മുചരിയുടെ കാർഷിക ഭൂപടത്തിലേക്കും, ആർക്കും വേണ്ടാത്ത കാട്ടുവള്ളിയിൽ പടർന്നിരുന്ന കുരുമുളക്, മുചരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സംഭവങ്ങളിലേക്കുമൊക്കെ കഥ കടന്നുചെല്ലുന്നു. ഇത്രയൊക്കെ പറഞ്ഞുപോകുന്ന ഒരു ഗ്രന്ഥത്തിൽ ചേന്ദമംഗലം കൈത്തറിയുടെ ചരിത്രവും വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ ?

ലേഖകനെപ്പോലെ തന്നെ, വായനക്കാരനായ ഞാനും ഒരു മുചരിക്കാരനാണ്. മണ്ണിൽ‌പ്പുതഞ്ഞ് കിടക്കുന്ന മുചരിക്കഥകൾ വെളിയിൽ വരുന്നമ്പോഴൊക്കെ സാകൂതം വീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക്, വലിയൊരു അദ്ധ്വാനമാണ് മറുപിറവി എനിക്കൊഴിവാക്കിത്തന്നത്. ചിതറിക്കിടക്കുന്ന ചരിത്രമെല്ലാം ഒരിടത്തുനിന്ന് തന്നെ വായിക്കാം എന്ന സൌകര്യമാണത്. മുസരീസിന്റെ ചരിത്രം കിളച്ചെടുക്കാനായി സംഘകാല കൃതികൾ അടക്കം ലഭ്യമായ എല്ലാ ചരിത്രരേഖകളിലേക്കും, വ്യക്തികളിലേക്കും കൂന്താലിയുമായി ശ്രീ. സേതു ചെന്നുകയറിയിട്ടുണ്ട്.

ചരിത്രം എഴുതാൻ ബുദ്ധിമുട്ടാണ്, നോവലാകുമ്പോൾ അൽ‌പ്പം സ്വാതന്ത്ര്യമൊക്കെ എടുക്കാമല്ലോ എന്ന് രാമഭദ്രൻ എന്ന കഥാപാത്രം തന്നെ പറയുന്നുണ്ട്. എനിക്കതിനോട് യോജിക്കാനാവുന്നില്ല. ചരിത്രമാണെങ്കിൽ തലക്കെട്ടും ഇടക്കെട്ടുമൊക്കെയിട്ട് അദ്ധ്യായം തിരിച്ച് തിരിച്ച് പറഞ്ഞങ്ങ് പോയാൽ മതി. പക്ഷെ, ചരിത്രം ചികഞ്ഞെടുത്ത് 372 പേജുകളായി നീളുന്ന നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ കാലയളവുകൾ തെറ്റാതെ അതിനെ സന്നിവേശിപ്പിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്. അതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

ഗോതുരുത്തിലെ മണ്ണിൽ വീണ തട്ടുങ്കൽ സാറ എന്ന ജ്യൂതപ്പെണ്ണിന്റെ ചോരയെപ്പറ്റിയുള്ള പൊട്ടും പൊടിയുമൊക്കെ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും, അതേപ്പറ്റി വിശദമായിട്ട് മനസ്സിലാക്കാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരുപാടൊരുപാട് സംഭവങ്ങൾ വള്ളിപുള്ളി വിടാതെ നോവലിൽ പിറവി കൊണ്ടിരിക്കുന്നു. നോവലിസ്റ്റിനോട് ഞാനടക്കമുള്ള എല്ലാ മുസരീസുകാരും, ചരിത്രത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തും ഒന്നിടവിട്ടുള്ള തലമുറയിലെങ്കിലും ഒരു ചരിത്രകാരൻ ജനിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മറുപിറവിയുടെ കഥാകാരൻ എന്നതിനേക്കാൾ ഉപരി, ചേന്ദമംഗലത്തിന്റേയും വടക്കൻ പറവൂരിന്റേയും ഗോതുരുത്തിന്റേയും കോട്ടപ്പുറത്തിന്റേയും കൊടുങ്ങല്ലൂരിന്റേയും പാലിയത്തിന്റേയുമൊക്കെ കഥകളും ചരിത്രവുമൊക്കെ രേഖപ്പെടുത്താൻ, ഈ തലമുറയിൽ പിറവിയെടുത്ത ചരിത്രകാരന്റെ സ്ഥാനമാണ് സേതുവിന് മുസരീസുകാർ കൊടുക്കേണ്ടത്. മറുപിറവിക്ക് ഒരു ചരിത്രനോവൽ എന്ന സ്ഥാനവും.
.

Monday, 13 February 2012

വിളപ്പിൽശാലകൾ ഒഴിവാക്കാൻ

റ്റുള്ളവന്റെ മാലിന്യം മൂലമുണ്ടാകുന്ന ദുരിതങ്ങൾ സഹിച്ച് ജീവിക്കാനാവില്ലെന്ന് പൊലീസിനോടും ഭരണാധികാരികളോടും തീർത്തുപറഞ്ഞുകൊണ്ട് വിളപ്പിൽശാല ഗ്രാമം ഒറ്റക്കെട്ടായി നടത്തിയ ഒരു ചെറുത്തുനിൽ‌പ്പ് ഇന്ന് കേരളം കണ്ടു. നീതിപീഠത്തിന്റെ ആജ്ഞയ്ക്ക് പുല്ലുവില കൽ‌പ്പിച്ചുകൊണ്ട് ഈ ഒരു ദിവസത്തേക്കെങ്കിലും വിജയം നേടാൻ വിളപ്പിൽശാലയിലെ ജനങ്ങൾക്കായി. പക്ഷെ, നാളെ മാലിന്യക്കൂമ്പാരവുമായി ലോറികൾ വീണ്ടും വിളപ്പിൽശാലയിൽ എത്തിയെന്ന് വരും. നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. ചെറുത്ത് നിൽ‌പ്പ് എവിടെ വരെ പോകുമെന്നും ആർക്കായിരിക്കും അന്തിമ വിജയമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

സമരസമിതി ജയിച്ചാലും ഭരണകൂടം ജയിച്ചാലും ഒരു വശത്ത് തോൽക്കപ്പെടുന്നത് ജനങ്ങൾ തന്നെയാണ്. ഒന്നുകിൽ വിളപ്പിൽശാലയിലെ ജനങ്ങൾ, അല്ലെങ്കിൽ തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ. തലസ്ഥാനത്തെ ഈ പ്രശ്നം ഒരു സൂചന മാത്രമാണ്. മാലിന്യത്തെച്ചൊല്ലിയുള്ള ഇത്തരം ശക്തമായ പ്രക്ഷോഭങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഇനിയും ഉയർന്നുവരാൻ പോകുന്നതേയുള്ളൂ.

കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കിയേ തീരൂ. അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ആകാശ നഗരം, മെട്രോ റെയിൽ, അതിവേഗ റെയിൽ എന്നിങ്ങനെയുള്ള പദ്ധതികളെ വികസനമായി കണക്കാക്കി മുന്നോട്ട് പോകുന്നതിന് പകരം മാലിന്യനിർമ്മാർജ്ജനത്തിനായുള്ള പഴുതുകളില്ലാത്ത പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് ചെയ്യേണ്ടത്. ശുചിത്വമുള്ള അന്തരീക്ഷവും, കുണ്ടും കുഴിയും ഇല്ലാത്ത റോഡുകളും, രോഗബാധിതരല്ലാത്ത ജനങ്ങളുമൊക്കെയാണ് യഥാർത്ഥ വികസനത്തിന്റെ മുഖമുദ്രകൾ.

ഈ വിഷയത്തിൽ ‘മാലിന്യ വിമുക്ത കേരളം‘ എന്ന പേരിൽ ഒരു ലേഖനം മുൻപൊരിക്കൽ എഴുതിയിരുന്നു. അതിനനുബന്ധമായും അതിനോട് ചേർത്തും വായിക്കാനായി, അനുഭവത്തിന്റെ വെളിച്ചത്തിൽ കുറച്ച് കാര്യങ്ങൾ കൂടെ എഴുതിയിടുന്നു.

കുറച്ച് നാളുകളായി ഞങ്ങളുടെ വീട്ടിൽ(ഫ്ലാറ്റ്) നിന്ന് ഭക്ഷ്യമാലിന്യങ്ങൾ കൊച്ചിൻ കോർപ്പറേഷന് നൽകാറില്ല. മാലിന്യമായി നൽകുന്നത് പ്ലാസ്റ്റിക്കും പേപ്പറും മാത്രം. ഭക്ഷ്യ മാലിന്യങ്ങൾ മുഴുവൻ വീട്ടിൽത്തന്നെ വളമാക്കി മാറ്റപ്പെടുന്നു. ഫ്ലാറ്റിലോ പരിസരത്തോ മാലിന്യം മൂലമുള്ള നാറ്റം പോലും ഉണ്ടാക്കാതെയാണ് ഇത് സാധിക്കുന്നത്. Credai Clean City Movement എന്ന സംരംഭത്തിന്റെ ഭാഗമായി 1500 രൂപ ചിലവഴിച്ചാണ് ഇത് സാദ്ധ്യമാക്കിയത്. ഇതിന്റെ കൃത്യമായി രീതികൾ മനസ്സിലാക്കാൻ പ്രസ്തുത ഏജൻസി തയ്യാറാക്കിയ ലഘുലേഖ താഴെച്ചേർക്കുന്നു. ചിത്രത്തിൽ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.

3 തട്ടുകളുള്ള മൺചട്ടികൾ
ഈ സജ്ജീകരണത്തിലൂടെ ജൈവ വളമാക്കി മാറ്റപ്പെടുന്ന മാലിന്യം, ചെറിയ ചാക്ക് ഒന്നിന് 35 രൂപ നിരക്കിൽ വിറ്റ് വരുമാനം ഉണ്ടാക്കാൻ പറ്റും എന്നതാണ് മറ്റൊരു പ്രധാന നേട്ടം. മൺ‌ചട്ടികൾക്കും, ഉപകരണങ്ങൾക്കും, സ്റ്റാർട്ടർ ആയി ഉപയോഗിക്കുന്ന വളത്തിനും, ബയോകൾച്ചർ മിശ്രിതത്തിനുമൊക്കെ ചേർത്താണ് 1500 രൂപ ചിലവ് വരുന്നത്. അത് സാധാരണക്കാർക്ക് എല്ലാവർക്കും താങ്ങാൻ പറ്റുന്ന ഒരു തുകയല്ല. പക്ഷെ, ഒരു ദിവസം 2 കിലോ വരെ അടുക്കള മാലിന്യം സംസ്ക്കരിക്കാൻ പറ്റുന്ന ഈ സംവിധാനം രണ്ട് വീട്ടുകാർക്ക് ചേർന്ന് സ്വന്തമാക്കാൻ പറ്റിയെന്ന് വരും. അതുമല്ലെങ്കിൽ കുറച്ച് തുക സബ്‌സിഡി നൽകി സർക്കാർ തന്നെ ഓരോ വീടുകളിലും ഈ സംരംഭം നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. കൈയ്യിൽ നിന്ന് പണം മുടക്കി ഇത് വാങ്ങാൻ യാതൊരു നിവൃത്തിയും ഇല്ലാത്ത മൂന്നോ നാലോ വീട്ടുകാർക്ക് വേണ്ടി ഒരു യൂണിറ്റ്, സർക്കാർ സൌജന്യമായി നൽകണം. എറണാകുളത്തെ ഒരു നക്ഷത്രഹോട്ടലിൽ ഇതേ സംവിധാനത്തിന്റെ വലിയ പതിപ്പ് ഉപയോഗിച്ച് 100 കിലോ മാലിന്യമാണ് ഒരു ദിവസം സംസ്ക്കരിക്കപ്പെടുന്നത്. ഹോട്ടലുകളിലും മറ്റും അടുക്കള മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്ന രീതിയോ അല്ലെങ്കിൽ മേൽ‌പ്പറഞ്ഞ പദ്ധതിയോ നിർബന്ധമാക്കണം.

തുടക്കക്കാർക്ക് കിട്ടുന്ന കിറ്റ്, കറുത്ത നിറത്തിൽ ഫൈനൽ പ്രോഡൿറ്റ്.
ചട്ടിയുടെ ഉൾവശം.
ഇതുപയോഗിക്കേണ്ട രീതി ജനങ്ങളെ പഠിപ്പിക്കാനും ബോധവൽക്കരിക്കാനും ഉദ്യോഗസ്ഥ തലത്തിൽ സാദ്ധ്യമായ എല്ലാ ഏർപ്പാടുകളും ചെയ്യണം. പഞ്ചായത്ത് മെമ്പർ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ ഇതിനായി സന്നദ്ധപ്രവർത്തകരായി മുന്നിട്ടിറങ്ങണം. മാലിന്യം അലക്ഷ്യമായി അവിടവിടെ നിക്ഷേപിക്കുന്നതുകൊണ്ടുള്ള ദൂഷ്യഫലങ്ങൾ കൃത്യമായി അറിയാത്തതുകൊണ്ടും, മാലിന്യസംസ്ക്കരണ മാർഗ്ഗങ്ങൾ ഒന്നും കൈവശമില്ലാത്തതുകൊണ്ടുമാണ്, നല്ലൊരു വിഭാഗം ജനങ്ങൾ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കവറിൽക്കെട്ടി അന്യന്റെ പറമ്പിലേക്കോ കായലിലേക്കോ കടലിലേക്കോ കൊണ്ടുതള്ളുന്നത്. ചിക്കൻ ഗുനിയ, തക്കാളിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങളുടേയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടേയുമൊക്കെ കാരണം ഇതൊക്കെയാണെന്ന് പറഞ്ഞാൽ ജനം മനസ്സിലാക്കാതിരിക്കില്ല.

മാലിന്യം സൃഷ്ടിക്കപ്പെടുന്നിടത്ത് തന്നെ സംസ്ക്കരിക്കപ്പെടാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഗ്രാമങ്ങളിൽ സ്വന്തമായി പുരയിടമുള്ള എല്ലാ വീട്ടുകാർക്കും അടുക്കള മാലിന്യം പറമ്പിൽത്തന്നെ നിർമ്മാജ്ജനം ചെയ്യുകയെന്നത് അത്രയ്ക്കധികം അദ്ധ്വാനമോ ചിലവോ ഇല്ലാത്ത കാര്യമാണ്.

വിദ്യാലയങ്ങളിൽ എല്ലാ ക്ലാസ്സുകളിലും മാലിന്യനിർമ്മാർജ്ജനത്തിന്റെ ആവശ്യകതയും പാഠ്യവിഷയമാക്കുക. കുട്ടികളെ കണ്ട് വീട്ടിലുള്ള വലിയവർ പഠിക്കും എന്നതോടൊപ്പം യഥാവിധിയുള്ള മാലിന്യനിർമ്മാർജ്ജനത്തിന്റെ ആവശ്യകത അറിയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാനും ഇതുമൂലം സാദ്ധ്യമാകും.

ഇങ്ങനെ ചില കാര്യങ്ങൾ ആത്മാർത്ഥമായി ചെയ്യാനായാൽ ചുരുങ്ങിയ കാലം കൊണ്ട് കാര്യങ്ങൾ നിയന്ത്രവിധേയമാക്കാൻ നമുക്കാകും. മാലിന്യസംസ്ക്കരണത്തിന് കേരള സംസ്ഥാനം ഒട്ടുക്ക്, അല്ലെങ്കിൽ രാജ്യം മുഴുവനും തന്നെ ഇത്തരത്തിലോ അല്ലെങ്കിൽ ഇതിനേക്കാൾ ഫലപ്രദമായ എന്തെങ്കിലും സംവിധാനമോ കൊണ്ടുവന്നേ പറ്റൂ. അല്ലെങ്കിൽ കേരളം മൊത്തമായി ചീഞ്ഞ് നാറി രോഗഗ്രസ്തമാകുന്ന ഒരു അവസ്ഥാ വിശേഷം സംജാതമാകാൻ അധികം താമസമില്ല.

വാൽക്കഷണം:‌- ഇലൿട്രോണിക് മാലിന്യം എന്ന മറ്റൊരു ഭീകരമായ സംഭവം കൂടെ രംഗപ്രവേശനം ചെയ്തു കഴിഞ്ഞിരിക്കുന്നു. നിലവിലുള്ള മാലിന്യ പ്രശ്നങ്ങളൊക്കെ ഫലപ്രദമായി പരിഹരിച്ചിട്ട് വേണം അതേപ്പറ്റി എന്തെങ്കിലുമൊക്കെ ചർച്ചകളെങ്കിലും തുടങ്ങാൻ.

ക്രെഡായി പദ്ധതി വൻ‌വിജയം - 29 ഫെബ്രുവരി 2012 ദീപിക വാർത്ത.

Thursday, 9 February 2012

മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ


ഗുരുവും അയൽ‌വാസിയും പങ്കുകാരനുമായ ഏണസ്റ്റ് സാറിന്റെ വീട്ടിൽ ചെന്നപ്പോൾ മേശപ്പുറത്ത് ‘മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ (കേസരി ബുക്സ്) കിടക്കുന്നു. ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞ കോപ്പി. ഞാനത് കടന്ന് പിടിച്ചു, കടമായി വാങ്ങിക്കൊണ്ടുപോയി രാത്രിക്ക് രാത്രി തന്നെ വായിച്ചുതീർത്ത് തിരിച്ച് കൊടുക്കുകയും ചെയ്തു. 

മുസരീസ് സംബന്ധിയായ എന്തുകണ്ടാലും ചാടി വീഴാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം നാട്ടിൽ നിന്ന് ക്രിസ്തുവിന് മുന്നേയുള്ള ശേഷിപ്പുകൾ കിളച്ചെടുക്കാൻ തുടങ്ങുമ്പോൾ, പറങ്കികൾക്കും ലന്തക്കാർക്കും ഇംഗ്ലീഷുകാർക്കുമൊക്കെ മുന്നേ, സങ്കൽ‌പ്പിക്കാൻ പോലുമാകാത്ത ഒരു കാലഘട്ടത്ത് യവനരും റോമാക്കാരുമൊക്കെ ഞങ്ങളുടെ ഇടവഴികളിലൊക്കെ വിലസി നടന്നിരുന്നെന്ന് തെളിവുകൾ നിരത്തപ്പെടുമ്പോൾ, ആ സംസ്ക്കാരത്തിന്റെയൊക്കെ ഭാഗമായിരുന്നല്ലോ എന്റെ പൂർവ്വികർ എന്ന ചിന്ത ആനന്ദദായകമാകുമ്പോൾ, മണ്ണടിഞ്ഞുപോയ മുസരീസിന്റെ പൊട്ടും പൊടിയും പെറുക്കാതിരിക്കാൻ എനിക്കുമാവുന്നില്ല.

പുസ്തകം പക്ഷെ, പേര് സൂചിപ്പിക്കുന്നത് പോലെ മുസരീസിന്റെ ചരിത്രത്തിൽ ഊന്നിയുള്ളതല്ല. മുസരീസുകാരനായ ജോസ് മഴുവഞ്ചേരി എന്ന അദ്ധ്യാപകന്റെ അനുഭവക്കുറിപ്പുകളാണ് ഗ്രന്ഥത്തിൽ. ജോസ് മഴുവഞ്ചേരി എന്ന പേര് എനിക്കത്ര പരിചയമില്ല. പുറം ചട്ടയിലുള്ള, എന്നെപ്പോലെ അൽ‌പ്പസ്വൽ‌പ്പം നരകയറിയ മുടിയുള്ള ലേഖകന്റെ ഫോട്ടോയും വലിയ പരിചയമില്ല. ഉൾപ്പേജിൽ വിശദവിവരങ്ങൾ വായിച്ചതോടെ, പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്തോടെ ലേഖകനെ ഞാൻ തിരിച്ചറിഞ്ഞു. പറവൂർ ലക്ഷ്മി കോളേജിലെ പ്രിൻസിപ്പാളും, എന്റെ അദ്ധ്യാപകനുമായ ജോസ് സാർ !!

ട്യൂഷൻ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ അദ്ധ്യാപന രീതിയുടെ ഊഷ്മളത ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പാഠ്യവിഷയങ്ങളിൽ മാത്രം ഊന്നി നിൽക്കാതെ, വളരെ രസകരമായ കഥകളും ആനുകാലിക വിഷയങ്ങളിലുള്ള ചില പരാമർശങ്ങളുമൊക്കെയായി അതീവ താൽ‌പ്പര്യം ജനിപ്പിച്ചിട്ടുള്ള ക്ലാസ്സുകളായിരുന്നു അത്. അദ്ദേഹത്തിന്റെ മാത്രമല്ല സഹ അദ്ധ്യാപകരായ എൻ.എം. പീയേർസൺ സാറിന്റേയും ഡേവീസ് സാറിന്റേയുമൊക്കെ ക്ലാസ്സുകൾക്ക് ഇതേ പ്രത്യേകതകൾ ഉണ്ടായിരുന്നു. ചിട്ടയായുള്ള പഠിപ്പിക്കലും ഇടയ്ക്കിടയ്ക്കുള്ള പരീക്ഷകളുമൊക്കെ, പഠിക്കാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ഏത് മടിയനേയും കൊണ്ടെത്തിച്ചിരുന്നു എന്നതാണ് സത്യം. ലക്ഷ്മി കോളേജ് എന്ന പാരലൽ കോളേജ് വളരെ നല്ല നിലയിലേക്ക് ഉയർന്നതും ഇന്നും അതേ നിലയ്ക്ക് വർത്തിച്ച് പോകുന്നതും അനുകരണീയരായ ഈ അദ്ധ്യാപകരുടെ അദ്ധ്യയനരീതികൊണ്ടുതന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു.

പൂർവാഹ്നം, മദ്ധ്യാഹ്നം, സായാഹ്നം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി 30 അനുഭവസാക്ഷ്യങ്ങളാണ് പുസ്തകത്തിലുള്ളത്. പീയേർസൺ സാർ എഴുതിയിരിക്കുന്ന അവതാരിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കുറിപ്പിന്റെ അവസാനഭാഗത്തെ ചില വരികൾ തന്നെ എടുത്തു പറയട്ടെ. ‘കഥകൾക്ക് ഒരു കൌതുകം കരുതിവെച്ച് അവസാന ഖണ്ഡിക കാത്തുനിൽക്കുകയാണ്. ആത്മാവ് തുടിക്കുന്നത് അവസാനത്തെ പാരഗ്രാഫിലാണ്.’

മനസ്സിൽ‌പ്പതിഞ്ഞുപോയ ഉള്ളുലക്കാൻ പോന്ന ചില സംഭവങ്ങൾ, ഉപ്പുമാവിന് ശേഷം വിതരണം ചെയ്യുന്ന പാല് കുടിക്കാനുള്ള ശ്രമം നാറ്റക്കേസാകുന്നത്, ആ സംഭവത്തിന്റെ ചില ബാക്കിപത്രങ്ങൾ ഈയടുത്ത കാലത്ത് വെളിപ്പെടുത്തപ്പെടുന്നത്, പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകേണ്ടവൻ എന്നാണെന്നുള്ളത്, ഒരു മാർക്ക് കിട്ടിയ ആൾക്ക് ഒരടി; ഒൻപത് മാർക്കുകാരന് ഒൻപത് അടി; പത്ത് മാർക്കും പൂജ്യം മാർക്കും കിട്ടിയവർക്ക് അടിയില്ല എന്ന രീതിയിലുള്ള ഫ്രാൻസീസ് സാറിന്റെ വ്യത്യസ്തമായ ശിക്ഷണരീതി. ഇത്തരത്തിലുള്ള അനുഭവങ്ങൾ ചുരുളഴിയുന്ന പത്ത് അനുഭവങ്ങളാണ് പൂർവ്വാഹ്നത്തിലുള്ളത്. ‘പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ‘, ‘അണ്ണാ ഹസാരേ മാപ്പ് ‘ ‘മൈലാഞ്ചികൾ അരിക് പിടിപ്പിച്ച വഴി‘ എന്നിങ്ങനെ പല അദ്ധ്യായങ്ങളും വായിക്കുമ്പോൾ, ജോസ് സാറിന്റെ ക്ലാസ്സിൽ ഇരുന്നിരുന്ന ആ പഴയ ടീനേജുകാരൻ എന്റെയുള്ളിൽ തലപൊക്കി.

താൻ രചിച്ച ഭക്തിഗാനം നിനച്ചിരിക്കാതെ കെ.എസ്.ചിത്രയുടെ ശബ്ദത്തിൽ ചെട്ടിക്കാട് പള്ളിയിൽ നിന്ന് കേൾക്കാനിടയായും, അത് രചിച്ചതാരാണെന്ന് ഗായകസംഘത്തോട് അന്വേഷിക്കുന്നതുമായ സംഭവമാണ് ‘ആദ്യരാത്രിയിലെ ഉടമ്പടി എന്ന കുറിപ്പ് ‘. ഇതടക്കമുള്ള പല ലേഖനങ്ങളും തികഞ്ഞ ഒരു വിശ്വാസിയായ ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണ്.

പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കുമൊക്കെ തെറ്റ് പറ്റുമ്പോൾ, നിലപാടുകൾ പിഴക്കുമ്പോൾ, തിരുത്താൻ ശ്രമിച്ചതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന പിയേർസൺ സാറിന്റെ കഥയാണ് ‘സ്പന്ദനം നിലച്ച നാഴികമണി‘. പാർട്ടിയെ തെറ്റുകളിൽ നിന്ന് നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങളും വിമർശനങ്ങളും അദ്ദേഹത്തിന്റെ മകന്റെ തട്ടിക്കൊണ്ടുപോകലിലാണ് കലാശിക്കുന്നത്. ആ പ്രശ്നത്തിന് പിന്നാലെയുള്ള പാച്ചിലിനിടയിൽ പെരുമ്പാവൂർ പുല്ലുവഴിയിലെ അന്തോണീസ് പുണ്യാളന്റെ രൂപക്കൂടിന് മുന്നിൽ ഒരു പ്രാർത്ഥനയ്ക്കായി വാഹനം നിർത്താൻ ജോസ് സാർ ആവശ്യപ്പെടുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമുള്ള മടക്കയാത്രയിൽ നല്ല ഉറക്കത്തിലായിരുന്ന ലേഖകനെ പുല്ലുവഴി എത്തിയെന്ന് പറഞ്ഞ് വിളിച്ചുണർത്തുന്നത് പിയേർസൺ സാറാണ്. സ്വന്തം പ്രത്യയശാസ്ത്രങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും ഒപ്പമോ അതിനേക്കാൾ വലുതായിത്തന്നെയോ സഹജീവികളുടെ വിശ്വാസങ്ങൾക്കും വില കൽ‌പ്പിക്കുന്ന, എൻ.എം.പിയേർസൺ എന്ന വ്യക്തിപ്രഭാവത്തെയാണ് ആ അദ്ധ്യായം കാണിച്ചുതരുന്നത്.

സൂചന പോലുമില്ലാതെ നേരിട്ട് വായിച്ചിറങ്ങിച്ചെല്ലേണ്ടത് വായനക്കാരന്റെ അവകാശമായതുകൊണ്ട്, എടുത്തുപറഞ്ഞ കഥകളേക്കാൾ മേന്മയുള്ളത് പലതും ബോധപൂർവ്വം സ്മരിക്കാതെ പോകുന്നു. ജോസ് മഴുവഞ്ചേരി എന്ന ജോസ് സാറിനെ നേരിട്ടറിയുന്നതുകൊണ്ടായിരിക്കണം നല്ലൊരു വായനാനുഭവമാണ് ‘മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ എനിക്ക് സമ്മാനിച്ചത്. സാറിനെ നേരിട്ടറിയാത്തവർക്കും പുസ്തകം നല്ലൊരു വായന സമ്മാനിച്ചിരിക്കാതെ തരമില്ല. അല്ലെങ്കിൽ‌പ്പിന്നെ 2011 നവംബറിൽ ആദ്യ പതിപ്പിറക്കിയ ശേഷം 2012 ഫെബ്രുവരി ആയപ്പോഴേക്കും നാല് എഡിഷൻ കൂടെ വിറ്റുപോകാൻ സാദ്ധ്യതയില്ലല്ലോ ?