Showing posts with label പുസ്തകം. Show all posts
Showing posts with label പുസ്തകം. Show all posts
Sunday, 13 April 2014
ഭയങ്കരാമുടി
പത്രപ്രവർത്തകനായ ആസാദ് മോഹന്റെ മരണത്തോടെയാണ് നോവൽ തുടങ്ങുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം അധികം നീളുന്നില്ല. കൊലപാതകം എന്ന നിലയ്ക്ക് തന്നെ അന്വേഷണം മുന്നോട്ട് നീങ്ങുന്നു.
അന്വേഷണത്തിന്റെ ചുരുളഴിയുമ്പോൾ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മറ്റ് കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കേരള ചരിത്രത്തിലെ ഒട്ടനവധി പ്രമുഖ സംഭവങ്ങളിലേക്കാണ്, അന്താരാഷ്ട്രപരമായ നിരവധി ആനുകാലിക വിഷയങ്ങളിലേക്കാണ്. രാജ്യത്തും ലോകത്തും നടന്നിട്ടുള്ള ഒരുപാട് വിദ്ധ്വംസന പ്രവർത്തനങ്ങളേയും തീവ്രവാദപ്രവർത്തനങ്ങളേയും വിലയിരുത്തിക്കൊണ്ടാണ്.
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അധികാരമേൽക്കൽ, പിന്നീട് വിമോചനസമരം പൊട്ടിപ്പുറപ്പെടുന്നത്, അതിന് പിന്നിൽ അണിനിരന്ന പ്രമുഖ വ്യക്തികൾ, അത്തരം ഒട്ടുമിക്ക സംഭവങ്ങളുടെ പിന്നിലുള്ള മതപരമായ ചേരിതിരിവുകൾ, മതസൌഹാർദ്ദത്തോടെ നീങ്ങിയിരുന്ന കേരളത്തിൽ എവിടെയൊക്കെ എങ്ങനെയൊക്കെ മതസ്പർദ്ധയുടെ വിത്തുകൾ വീണു, അതിട്ട് മുളപ്പിച്ചെടുത്തവർ ആരൊക്കെ എങ്ങിനെയൊക്കെ ? മാറാട് പോലെ എന്തുകൊണ്ട് നിലയ്ക്കലും ആളിക്കത്തിയില്ല ? മൈസൂരിൽ മതസൌഹാർദ്ദം കൊണ്ടുനടന്നിരുന്ന ടിപ്പുസുൽത്താൻ കേരളത്തിൽ വന്നപ്പോൾ എന്തുകൊണ്ട് അന്യമതസ്ഥർക്കെതിരെ തിരിഞ്ഞു ? സദാചാര പൊലീസുകാരുടെ നീക്കങ്ങൾ എങ്ങിനെയൊക്കെ ? എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന വ്യക്തമായ ഒരു ചിത്രമാണ് തമ്പുരാൻ വരച്ച് കാണിക്കുന്നത്. ഇതിൽ മിക്കവാറും ചെയ്തികളുടേയും കാരണം ഭയമാണെന്ന് ആശങ്കയ്ക്കിടയില്ലാത്ത വണ്ണം പറഞ്ഞ് പോകാനും നോവലിസ്റ്റിന് ആകുന്നുണ്ട്. സ്വപ്നം കാണാൻ ആകാത്തതിന് പോലും കാരണം ഭയമാണെന്ന് വളരെ എളുപ്പം സമർത്ഥിക്കാൻ അദ്ദേഹത്തിനാകുന്നുണ്ട്.
വായനക്കാരൻ, ചുറ്റുമുള്ള കാര്യങ്ങളിൽ ഇതെല്ലാം ശ്രദ്ധിക്കുന്ന ആളാണെണെങ്കിൽപ്പോലും എഴുത്തുകാരൻ അത് ചിട്ടയോടെ അവതരിപ്പിച്ച് പോകുന്നതോടെ വായനക്കാരനും ഭയത്തിന്റെ പിടിയിലകപ്പെടുന്നു. പത്രപ്രവർത്തകൻ എന്ന നിലയിലുള്ള ഗാഢമായ അറിവും കാഴ്ച്ചപ്പാടുമെല്ലാം, ചരിത്രസംഭവങ്ങൾക്കൊപ്പം യുക്തിക്ക് നിരക്കുന്ന ഭാവനയുമായി, അടയാളമൊന്നും അവശേഷിപ്പിക്കാതെ ഒട്ടിച്ച് ചേർക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
എന്താണ് മതമൌലികവാദം ? എന്താണ് തീവ്രവാദം ? എന്താണ് ഭീകരവാദം ? ഏത് ഘട്ടത്തിൽ വെച്ച് ഒരു തിരിച്ചുവിളിയിലൂടെ ഈ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നവരെ രക്ഷിച്ചെടുക്കാം, കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏത് നിലയ്ക്കൊക്കെ മുന്നോട്ട് പോകുന്നുണ്ട്, മുംബൈയിൽ അജ്‌മൽ കസബും കൂട്ടരും നടത്തിയ ആക്രമണത്തെ കേരളത്തിലെ ഇപ്പോഴത്തെ മതപരവും സാമൂഹികവുമായ അന്തരീക്ഷവുമായി എങ്ങനെ കൂട്ടിവായിക്കാം എന്നൊക്കെ നോവൽ ഗഹനമായി ചർച്ച ചെയുന്നു.
നോവലും അതിനുള്ളിലെ കുറ്റാന്വേഷണവും അന്ത്യഭാഗത്തിലേക്ക് കടക്കുന്നതോടെ പൊടുന്നനെ സീനുകൾ മാറിമറിയുന്നു. പുതിയ വഴിത്തിരിവുകളും വഴിമാറ്റങ്ങളുമൊക്കെ നിനച്ചിരിക്കാതെ സംഭവിക്കുന്നു. ഒരു കുറ്റാന്വേഷണ കഥയുടെ എല്ലാ പിരിമുറുക്കങ്ങൾക്കുമൊപ്പം സ്വന്തം നാടിന്റെ ഗതി ഇങ്ങനല്ലേ, ഇങ്ങനെ തന്നെയല്ലേ ആകാൻ പോകുന്നതെന്ന ചിന്ത ഓരോ വായനക്കാരനും സ്വയം ചോദിച്ച് തുടങ്ങിക്കഴിഞ്ഞിരിക്കും. കാശ്മീരിന്റേയും കേരളത്തിന്റേയും ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകൾ എടുത്ത് പറഞ്ഞ്, സ്വതന്ത്രഭാരതത്തിന് മുൻപ് എന്തായിരുന്നു കാശ്മീർ എന്നും, എപ്പോൾ മുതൽ അവിടെ അശാന്തിയുടെ വേരോട്ടമുണ്ടായെന്നും പറയുന്നതിനൊപ്പം, കേരളത്തെ എത്തരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കാം, കേരളത്തിൽകൂടെ ആ ശ്രമം വിജയിച്ചാൽപ്പിന്നെ രാജ്യത്തിന്റെ സ്ഥിതി എന്താകും എന്ന ഭീതിജനകമായ ചിന്തകൾ മുന്നിലേക്ക് ഇട്ടുതന്ന് ഗംഭീരമായ പരിണാമഗുപ്തിയോടെയാണ് നോവൽ അവസാനിക്കുന്നത്.
ഈ നോവൽ അവശ്യം വായിച്ചിരിക്കേണ്ടത് രാജ്യസുരക്ഷയുടെ ചുമതലയുള്ളവരാണ്. ഒരു ജേർണലിസ്റ്റിന്റെ ഏറെ നാളായിട്ടുള്ള പഠനത്തിന്റെ ഫലം നോവലായാണ് പുറത്ത് വന്നിരിക്കുന്നതെങ്കിലും ഇതിൽപ്പറയുന്ന കാര്യങ്ങളിൽ അതിഭാവുകത്വമൊന്നും ദർശിക്കാനാവില്ല. യാഥാർത്ഥ്യം ഇതുതന്നെ ആണെങ്കിൽ, രക്ഷപ്പെടുത്തിയെടുക്കാൻ ഒരു അവസാന മാർഗ്ഗം കൂടെ ഉണ്ടെങ്കിൽ, ഒന്ന് ശ്രമിച്ചു നോക്കിക്കോളൂ എന്നൊരു മുന്നറിയിപ്പ് കൂടെയാണ് ഭയങ്കരാമുടി.
“ഈ നോവൽ അൽപ്പം പോലും എന്നെ സന്തോഷിപ്പിക്കുന്നില്ല“ എന്നാണ് എറണാകുളം പ്രസ്സ് ക്ളബ്ബിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രശസ്ത എഴുത്തുകാരൻ ശ്രീ.ബെന്യാമിൻ പറഞ്ഞത്. ദുഃഖം സന്തോഷം ഹാസ്യം എന്നിങ്ങനെ പലപല വികാരങ്ങൾക്ക് മേൽ ഭയത്തിന്റെ മേൽക്കോയ്മ നോവലിൽ ഉടനീളം ഉള്ളതുകൊണ്ടുള്ള കൃത്യമായ വിധിയെഴുത്തായിരുന്നു അത്.
ചരിത്രത്തോട് ഈയിടെയായി കാണിക്കുന്ന താൽപ്പര്യക്കൂടുതൽ കൊണ്ടാകാം ഫിക്ഷനും ചരിത്രവും കോർത്തെടുക്കുന്ന രചനകൾ എന്നെയേറെ ആകർഷിക്കുന്നത്. പക്ഷെ ചരിത്രത്തോട് താൽപ്പര്യമില്ലെങ്കിലും ജനിച്ച നാടിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും നല്ലൊരു വായനയാണ് ഭയങ്കരാമുടി സമ്മാനിക്കുന്നത്.
വാൽക്കഷണം :- ടിപ്പുസുൽത്താൻ ഉണ്ണിയാർച്ചയെ അടിച്ചോണ്ട് പോയെന്ന്, ചരിത്രത്തിൽ എവിടെയാണ് പറയുന്നതെന്ന് കൂടുതൽ വിശദമായി അറിയണമെന്ന് ആർക്കും തോന്നാതിരിക്കില്ല. എവിടെയോ ഒരു പരാമർശമുണ്ടെന്നും, അത് തമ്പുരാന്റെ ഭാവനയല്ലെന്നും ഞാൻ വിശ്വസിക്കുന്നു. ഭയങ്കരാമുടി എന്നൊരു സ്ഥലം കേരളത്തിൽ ഉണ്ടെന്നുള്ളതും പുതിയ അറിവ്.
Wednesday, 9 October 2013
ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ
ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ വായിച്ച് കഴിഞ്ഞപ്പോൾ മനസ്സുകൊണ്ട് അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതിന് മുന്നേ അതേയളവിൽ വലിയൊരു നന്ദി ശ്രീ.പെരുമ്പടവം ശ്രീധരനോട് പറയണമെന്നാണ് തോന്നിയത്. ‘അത്രയ്ക്കൊക്കെ ഉണ്ടോ ഈ ജീവിതം‘ എന്ന് സംശയിച്ച് നിന്നിരുന്ന ഐരൂരിനെ, പെരുമ്പടവം നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും സംഭവബഹുലമായ ജീവിതാനുഭവങ്ങൾ വായനക്കാരിലേക്ക് എത്തുമായിരുന്നില്ല. ‘ആത്മകഥ എഴുതണമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിൽ ജീവിതം കുറേക്കൂടെ സംഭവബഹുലമാക്കുമായിരുന്നു ഞാൻ‘ എന്ന് നടൻ ശ്രീനിവാസൻ നർമ്മരൂപേണ പറഞ്ഞിട്ടുണ്ട്. അക്കണക്കിന് നോക്കിയാൽ, ഒന്നിനുപുറകെ ഒന്നായി പത്ത് വാല്യങ്ങളായി എഴുതാൻ പോന്ന അനുഭവങ്ങളുള്ള ഒരാളാണ് മടിച്ചുനിന്നിരുന്നത്.
സ്വന്തം വസ്തുവകകൾ പോലും വിറ്റുപെറുക്കി പെന്തക്കോസ്ത് സഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു പാസ്റ്ററുടെ മകൻ യുക്തിവാദിയും നിരീശ്വരവാദിയുമായത്, ജനിച്ചുവളർന്ന ചട്ടക്കൂടുകൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ആർജ്ജവം കാണിച്ചതുകൊണ്ടുമാത്രമാണ്. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുകയും സ്വയം പര്യാപ്തത കൈവരിക്കാത്തതുമായ ഒരു കാലത്ത് ചെയ്ത കാര്യമാണെന്നുള്ളതാണ് ആ കർമ്മത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. അതേ സമയം, നിരീശ്വരവാദിയുടെ മകനായിപ്പിറന്നിട്ടും പെന്തക്കോസ്തുകാരനായി മാറിയ മറ്റൊരു വ്യക്തിയെപ്പറ്റിയും പുസ്തകത്തിൽ പരാമർശമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യമനസ്സിന്റെ പിടികിട്ടാത്ത പല ഇടവഴികളിലൂടെയും ജോൺസൺ ഐരൂരിന്റെ അനുഭവക്കുറിപ്പുകൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.
ജ്ഞാനസ്നാനം ഏൽക്കാത്തവന് നരകത്തിലാണ് സ്ഥാനം എന്ന മിഷണറി പ്രചരണവും വിശ്വാസവും, ഗാന്ധിജിയെപ്പറ്റി പഠിക്കാൻ തുടങ്ങിയതോടെ വഴിമാറുന്നു. ക്രിസ്ത്യാനിയല്ലാത്ത ഗാന്ധിജി നരകത്തിൽ പോകുമെന്നോ ? അദ്ദേഹത്തെപ്പോലൊരാൾക്ക് കിട്ടാത്ത സ്വർഗ്ഗം തന്നെപ്പോലുള്ളവർക്ക് കിട്ടാൻ സാദ്ധ്യതയുണ്ടോ ? അങ്ങനെ പോകുന്ന ബാല്യകാലത്തെ സ്വതന്ത്രചിന്തകൾ തന്നെയാകാം എഴുത്തുകാരന്റെ ജീവിതത്തെ മാറിമറിച്ചത്.
പതിനഞ്ച് വയസ്സിലാണ് യുക്തിവാദി പ്രവർത്തനങ്ങൾ തുടങ്ങുന്നത്. പിന്നങ്ങോട്ട് പ്രശസ്ത വ്യക്തികളുമായി ഉണ്ടാക്കിയ സൌഹൃദങ്ങൾ, ബുക്ക് സ്റ്റാളിലെ ജോലി, പുസ്തകങ്ങളുമായും പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ അടുപ്പം, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കൽ, അങ്ങനെയങ്ങനെ കഥാനായകന്റെ ജീവിതത്തിലുണ്ടാകുന്ന ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നത് യൌവ്വനാരംഭത്തിലാണ്. സി.കെ.സെബാസ്റ്റ്യൻ, പി.ജെ.ആന്റണി, എം.പ്രഭ, കുറ്റിപ്പുഴ കൃഷ്ണപിള്ള, എന്നീ പ്രമുഖരുമായി ബന്ധങ്ങളുണ്ടാക്കിയ ആ കാലഘട്ടം, അവരെയൊക്കെ അടുത്ത് പരിചയപ്പെടുന്ന അനുഭവം കൂടെയാണ് വായനക്കാരന് പ്രദാനം ചെയ്യുന്നത്.
അർ.എം.എസ്.ലെ കേന്ദ്രസർക്കാർ ജോലി നഷ്ടപ്പെടാനുണ്ടായ കാരണം ഇക്കാലത്താണെങ്കിൽ ഒരു കാരണമേയല്ല. സമൂഹത്തിലും ജോലിസ്ഥലത്തുമെല്ലാം ഒരുപാട് ബുദ്ധിമുട്ടുകൾ സാധാരണവ്യക്തികൾക്ക് പോലും ഉണ്ടാകുന്ന ഒരു കാലഘട്ടത്തിൽ നീതിക്കും ന്യായത്തിനും വേണ്ടി ഏത് കടുത്ത നിലപാടും സ്വീകരിക്കുന്ന ഐരൂരിനെപ്പോലുള്ളവർക്ക് പ്രതിസന്ധികൾ ഏറെയുണ്ടാകുന്നതിൽ അതിശയമൊന്നുമില്ല.
വിവാഹ ശേഷം ചാത്തന്റെ ഉപദ്രവമുള്ളതും ഒരാൾ ആത്മഹത്യ ചെയ്തതുമായ വീട്ടിൽ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുകയും ‘ചാത്തനെ‘ പിടികൂടുകയുമൊക്കെ ചെയ്യുന്നത് വായിച്ചപ്പോൾ, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആവേശത്തോടെ വായിച്ചുതീർത്ത, ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത‘ യാണ് ഓർത്തുപോയത്. യുക്തിവാദികൾ അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കിയതല്ലാതെ മറിച്ചൊരനുഭവം ഉണ്ടായതായി കേട്ടറിവോ വായിച്ചറിവോ ഇതുവരെയില്ല. എന്നിട്ടും അന്ധവിശ്വാസികളേക്കാൾ എണ്ണത്തിൽ കുറവായിപ്പോകുന്നത് എതിർപക്ഷത്തുള്ളവരാണെന്നുള്ളത് ഇപ്പോഴും അത്ഭുതമായി അവശേഷിക്കുന്നു.
കേരളത്തിലെ ഇന്നത്തെ സാമൂഹികസാഹചര്യത്തിൽ വല്ലാതെ ആവശ്യമാണെന്ന് തോന്നുന്ന മിശ്രവിവാഹം പോലുള്ള കാര്യങ്ങൾ നാൽപ്പതുകളുടെ അവസാനം തൊട്ടിങ്ങോട്ട് ഒരുപാടുകാലം വാർത്താപ്രാധാന്യമില്ലാത്ത ഒരു വിഷയമാക്കിയിട്ടുള്ളവരാണ് ഐരൂരും വി.കെ.പവിത്രനും ചൊവ്വര പരമേശ്വരനും ടി.കെ.സി. വടുതലയുമൊക്കെ. സ്വന്തം വിവാഹവും മക്കളുടെ വിവാഹങ്ങളുമൊക്കെ ഇപ്രകാരം നടത്തി മാതൃക കാണിച്ചിട്ടുള്ള ഐരൂനെപ്പോലുള്ളവരുടെ മഹനീയ മാതൃക പിന്തുടരുന്നതിൽ ഇന്നത്തെ കേരളസമൂഹം സത്യത്തിൽ പരാജയപ്പെട്ടിരിക്കുകയല്ലേ ? ലേഖകനും സുഹൃത്തുക്കളുമൊക്കെ ചേർന്ന് പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവന്ന മൂല്യങ്ങൾ, അതിന്റെ പകുതി പകിട്ടോടെയെങ്കിലും ഉയർത്തിപ്പിടിക്കാൻ നമുക്കാകുന്നുണ്ടോ എന്ന ചിന്തയും അസ്വസ്തതയും പുസ്തകം ബാക്കിവെച്ചിട്ടുപോകുന്നു.
മാദ്ധ്യമങ്ങൾ ഇക്കാലത്ത് വളരെയധികമായി കാണപ്പെടുന്ന ശിശുപീഡനം അടക്കമുള്ള ലൈംഗിക അരാജകത്വങ്ങൾ മുൻപും ഉണ്ടായിട്ടുള്ളത് തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഹിപ്നോട്ടിസം അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അത്തരം സംഭവങ്ങൾക്ക് അന്നും കുറവൊന്നുമില്ല. പക്ഷെ അത്തരക്കാരെ ചികിത്സിക്കാൻ പ്രാപ്തരായ ജോൺസൺ ഐരൂരിനെപ്പോലെയുള്ളവർക്കാണ് അന്നും ഇന്നും സമൂഹത്തിൽ ക്ഷാമം.
മാന്ത്രികൻ മലയത്തിനൊപ്പം ജോൺസൺ ഐരൂർ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിപ്പോന്ന മെന്റാരമ എന്ന സ്റ്റേജ് ഹിപ്നോട്ടിസം പരിപാടിക്ക് അക്കാലത്തേക്കാൾ സാദ്ധ്യതയുണ്ടാവുക ഇക്കാലത്തല്ലേ ? കേസന്വേഷണങ്ങളിൽ ഹിപ്നോട്ടിസത്തിനുള്ള സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പറ്റുന്നതും ഇക്കാലത്തല്ലേ ? ചേകന്നൂർ മൌലവി കേസിൽ ഹിപ്നോട്ടിസം വിജയകരമായിട്ട് പ്രയോജനപ്പെടുത്താമെങ്കിൽ, സംസ്ഥാനത്തെ പിടിച്ചുലച്ചുകളയുന്ന മറ്റ് കേസുകളിലും എന്തുകൊണ്ടായിക്കൂടാ? മദ്യപാനം പുകവലി എന്നീ ദുശ്ശീലങ്ങൾക്കെതിരെ എന്തുകൊണ്ട് ഹിപ്നോട്ടിസം വ്യാപകമായി പ്രയോജനപ്പെടുത്തുന്നില്ല? എന്നിങ്ങനെ ഒരുപാട് ചിന്തകൾക്കാണ് ഹിപ്നോട്ടിസിന്റെ അനുഭവ സാക്ഷ്യങ്ങൾ തിരികൊളുത്തുന്നത്.
ഒരു നാസ്തികന്റെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ ഉണ്ടാകുക സ്വാഭാവികമാണല്ലോ ? പക്ഷെ മറ്റൊരാളുടെ വിശ്വാസങ്ങളെ ഹനിക്കാൻ അദ്ദേഹം ശ്രമിക്കുന്നതേയില്ല. അങ്ങനെ ചെയ്യണമെങ്കിൽ അത് വിശ്വാസികളായ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് തന്നെ മാത്രമേ അദ്ദേഹത്തിന് കഴിയൂ. വിശ്വാസങ്ങളും വിശ്വാസമില്ലായ്മയുമൊക്കെ ഉണ്ടെങ്കിലും അദ്ദേഹത്തിനും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പരസ്പരമുള്ള കരുതലും സ്നേഹവും കൈമോശം വരുന്നില്ല. തുടക്കകാലത്ത് വീട് വിട്ട് പോകേണ്ടി വന്നെങ്കിലും എല്ലാവരും വീണ്ടും ഒരുമിക്കാൻ ഇടയായതും അതുകൊണ്ടുതന്നെയാണ്. ഈ കരുതൽ സമൂഹത്തോടും എതിരഭിപ്രായമുള്ളവരോടും ജീവിതത്തിൽ ഉടനീളം കാണിക്കുന്നുണ്ട് ഗ്രന്ഥകർത്താവ്.
നാസ്തികൻ സണ്ണി, ജമാൽ കടവത്ത്, എം.ടി. കാമ്പിശ്ശേരി, സിദ്ധാർത്ഥൻ മാങ്കുഴി, എം.എ.ജോൺ, ഡോ:എ.ടി.കോവൂർ, വർഗ്ഗീസ് കൊരട്ടി, കൃഷ്ണസ്വാമി റെഡ്ഡ്യാർ, കാക്കനാടൻ ബ്രദേർസ്, രാമദാസ് വൈദ്യർ, സഖി കുര്യാക്കോസ്, നാലകത്ത് ബീരാൻ ഹാജി, എം.സി.വർഗ്ഗീസ്, സിവിൿ ചന്ദ്രൻ, പി.ആർ.നാഥൻ, മുണ്ടൂർ കൃഷ്ണൻകുട്ടി എന്നിങ്ങനെ പുതുതലമുറയ്ക്ക് അറിയാൻ സാദ്ധ്യതയില്ലാത്തതും സാദ്ധ്യതയുള്ളതുമായ ഒട്ടനവധി പ്രമുഖരുമായിട്ടുള്ള ഇടപഴകലുകളുടെ നേർച്ചിത്രങ്ങൾ ഇതിലുണ്ട്. എന്നിരുന്നാലും കെ.ടി.മുഹമ്മദ്, ബഷീർ, മലയത്ത്, കാക്കനാടൻ സഹോദരങ്ങൾ എന്നിവരുമായുള്ള സൌഹൃദത്തിന്റെ ഇഴയടുപ്പം വരികളിൽ കൂടുതലായി കാണാനാവും. ബഷീറ് എന്ന മഹാനായ എഴുത്തുകാരന്റെ അധികം ആരും കാണാത്ത മാന്ത്രികന്റെ മുഖവും മതവിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും നാസ്തികനായ ഐരൂരിനോട് കാണിക്കുന്ന താൽപ്പര്യവുമെല്ലാം ബേപ്പൂർ സുൽത്താനെ കൂടുതൽ അടുത്തറിയാൻ പ്രാപ്തമായ കാര്യങ്ങളാണ്.
നിലംബൂരിലെ ആറാം വാർഡിന്റെ പ്രത്യേകതയെന്തായിരുന്നു ? ‘മോഡി വെപ്പും എടുപ്പും‘ എന്നാൽ എന്തായിരുന്നു ? എന്നുതുടങ്ങി ഈ കാലഘട്ടത്തിൽ ജീവിച്ചിട്ടുപോലും പലരും കേട്ടിട്ടില്ലാത്ത ഒട്ടേറെ കാര്യങ്ങൾ ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ അനാവരണം ചെയ്യുന്നു. എട്ട് പേജുകളിലായി അപൂർവ്വമായ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. അതിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്, ഗ്രന്ഥകർത്താവിന്റെ പുത്രനായ ശ്രീ.നിഖിൽ ഐരൂർ തന്റെ ബാല്യകാലത്ത്, മാങ്കോസ്റ്റിന്റെ ചുവട്ടിലിരിക്കുന്ന ബഷീറിന്റെ കഷണ്ടിത്തല തലോടുന്ന ചിത്രം തന്നെയാണ്.
നാസ്തികൻ, യുക്തിപ്രഭ, യുക്തിവിചാരം, എന്നീ പ്രസിദ്ധീകരണങ്ങളും കെ.ടി.മുഹമ്മദിന്റെ മാംസപുഷപ്പങ്ങൾ, ‘ഭക്തിയും കാമവും‘ എന്ന ഐരൂരിന്റെ വിഖ്യാതമായ പുസ്തകവുമൊക്കെ വായിക്കാത്തവർക്ക് സംഘടിപ്പിച്ച് വായിക്കണമെന്നോ മുൻപ് വായിച്ചിട്ടുള്ളവർക്ക് ഒന്നുകൂടെ വായിക്കണമെന്നോ തോന്നലുണ്ടാക്കിയായിരിക്കും ഈ ഗ്രന്ഥവായന അവസാനിക്കുക. പുസ്തകത്തിന്റെ പേര് വായിച്ചാൽ തോന്നുന്നത് പോലെയുള്ള ഹിപ്നോട്ടിസം അനുഭവങ്ങൾ മാത്രമല്ല, മറിച്ച് ഓർമ്മ വെച്ച കാലം മുതൽക്കുള്ള ചിന്തകളും പ്രവർത്തനങ്ങളും അനുഭവങ്ങളുമാണ് ഇതിലുള്ളത്. ചെയ്ത് പോന്ന ജോലികൾ, കുടുംബം, കൂടപ്പിറപ്പുകൾ, സുഹൃത്തുക്കൾ, ചികിത്സിച്ച് ഭേദമാക്കിയ കേസുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലൂടെയും കടന്ന് പോകുന്ന ഒരു ആത്മകഥതന്നെയാണിത്. പല സംഭവങ്ങളും അക്കാലത്ത് വന്ന പത്രവാർത്തകളുടെ അകമ്പടിയോടെയാണ് വിവരിച്ചിരിക്കുന്നത്.
ഇനിയെത്ര നാളുണ്ടാകും എന്നറിയില്ല അതുകൊണ്ട് എഴുതിക്കളഞ്ഞേക്കാം എന്ന് ആമുഖത്തിൽ വിനീത വിധേയനായി പറയുന്നത് പോലെയല്ല കാര്യങ്ങളെന്നും, ഈ പുസ്തകം പിശുക്കിപ്പിശുക്കിയാണ് എഴുതിയിരിക്കുന്നതെന്നും ആത്മകഥാപരമായ ഒരുപാട് അനുഭവസ്മരണകളുമായി ഇനിയും പുസ്തകങ്ങൾ അദ്ദേഹത്തിന് എഴുതാനുണ്ടാകുമെന്നും തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
Sunday, 25 August 2013
‘പാലിയം ചരിത്രം’ - പുസ്തകപ്രകാശനം
ഇന്നലെ (24 ആഗസ്റ്റ് 2013) വൈകീട്ടുള്ള, വ്യക്തിപരമായി ക്ഷണമൊന്നുമില്ലാത്ത ഒരു പരിപാടിയിൽ ഇടിച്ച് കയറി പങ്കെടുക്കണമെന്ന് അതേപ്പറ്റിയുള്ള പത്രവാർത്ത കണ്ടപ്പോൾത്തന്നെ തീരുമാനിച്ചിരുന്നതാണ്. വൈകീട്ട് 5 മണിക്ക്, അതായത് പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലെത്തി. ഓ... ക്ഷമിക്കണം, പരിപാടി എന്തെന്നും പ്രധാനമന്ത്രി ആരെന്നും കൊട്ടാരം എവിടെയാണെന്നും വിശദമാക്കിയില്ലല്ലോ അല്ലേ ?
പരിപാടി: - പുസ്തകപ്രകാശനം.
പ്രധാനമന്ത്രി: - പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായ പാലിയത്തച്ചൻ.
സ്ഥലം : - ചേന്ദമംഗലത്തുള്ള പാലിയം കൊട്ടാര സമുച്ചയം.
മുസരീസിന്റെ കഥയറിയാനുള്ള നടപ്പാണ് കുറേ നാളുകളായിട്ട്. പാലിയം കൊട്ടാരം ആ കഥയിൽ പ്രധാനപ്പെട്ട ഒരു റോൾ വഹിക്കുന്ന ഇടമാണ്. പാലിയത്തിന്റെ ചരിത്രം, അവിടത്തെ ഒരു മരുമകളും മഹാരാജാസ് കോളേജിലെ അദ്ധ്യാപികയുമായിരുന്ന പ്രൊഫ:എം.രാധാദേവി എഴുതി പ്രകാശിപ്പിക്കുമ്പോൾ അതിൽ പങ്കെടുക്കാനായാൽ, അവിടെ പ്രസംഗിക്കാൻ വരുന്നവരിൽ നിന്ന് കിട്ടാവുന്ന അറിവുകൾ പെറുക്കിയെടുത്ത് കൊണ്ടുപോരാനായാൽ, ഈയൊരു ദിവസം ധന്യമാക്കാൻ അതിനേക്കാൾ വലുതെന്തുണ്ട് ?
പാലിയം നാലുകെട്ടിനകത്തുവെച്ചാണ് പുസ്തകപ്രകാശനച്ചടങ്ങ്. ചെന്നുകയറിയപ്പോൾത്തന്നെ കസേരകൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നെങ്കിലും ഇടയിലെവിടെയോ ഒരു ഇരിപ്പിടം ഒപ്പിച്ചെടുത്തു. 450ൽപ്പരം വരുന്ന പാലിയത്തച്ചന്മാർക്കും കുഞ്ഞമ്മമാർക്കും ഇരിക്കാനുള്ള സ്ഥലമേ സത്യത്തിൽ അവിടെയുള്ളൂ.
പ്രൌഢഗംഭീരമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് ആയിരുന്നു അത്. അദ്ധ്യക്ഷൻ ശ്രീ.വി.ഡി.സതീശൻ എം.എൽ.എ. പ്രമുഖ പ്രഭാഷണം സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മേധാവിയും പ്രസിദ്ധ ചരിത്രകാരനുമായ ശ്രീ.എം.ജി.എസ്.നാരായണൻ. മഹനീയ സാന്നിദ്ധമായി ജസ്റ്റീസ് കൃഷ്ണയ്യർ. മറ്റ് പ്രഭാഷകരായി പാലിയം രവിയച്ചൻ, കവി എസ്.രമേശൻ നായർ, സാഹിത്യകാരനായ ശ്രീ.സേതു ഗ്രന്ഥകർത്താവ് പ്രൊഫസർ രാധാദേവി, ഗ്രന്ഥം മലയാളത്തിലേക്ക് പുനരാഖ്യാനം നടത്തിയിരിക്കുന്ന ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ വേദിയിൽ.
എല്ലാവരേയും നല്ല ഒന്നാന്തരം പൊന്നാട അണിയിച്ചാണ് പാലിയം ട്രസ്റ്റ് സ്വാഗതം ചെയ്തത്. Paliam History എന്ന ഇംഗ്ലീഷ് പുസ്തകവും അതിന്റെ മലയാളം വിവർത്തനമായ പാലിയം ചരിത്രവും ഒരേ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു.
പ്രസാധകർ - പാലിയം ഈശ്വര സേവാ ട്രസ്റ്റ്.
വില - 200 രൂപ.
ഫോൺ - 0484-2518578
ഈ-മെയിൽ - pet_chm@hotmail.com
![]() |
| സദസ്സിന്റേയും വേദിയുടേയും ഒരു ഭാഗികദൃശ്യം. |
ഉത്ഘാടനത്തിന്റെ നിലവിളക്ക് ശ്രീ.എം.ജി.എസ്. കൊളുത്തിയത് വേദിയിൽ നിന്ന് മാറിയുള്ള പൂജാമുറിക്ക് മുന്നിൽ. അതിനൊപ്പം മൂന്ന് വട്ടം കുരവ അകത്തളത്തിൽ ഉയർന്നു. ഇത് ആ പുസ്തകപ്രകാശന ചടങ്ങിന്റെ റിപ്പോർട്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും ചരിത്രവസ്തുതകൾ ഒരുപാട് നിറഞ്ഞുനിന്ന ആ ചടങ്ങിൽ എല്ലാ പ്രാസംഗികരും നടത്തിയ പരാമർശങ്ങൾ അൽപ്പമെങ്കിലും വിശദീകരിക്കണമെന്നുണ്ട്.
![]() |
| മുഖ്യപ്രാസംഗികൻ നിലവിളക്ക് കൊളുത്തുന്നു. - ദൃശ്യം ഭാഗികം. |
അദ്ധ്യക്ഷൻ - ശ്രീ.വി.ഡി സതീശൻ (എം.എൽ.എ)
സ്ക്കൂൾ വിദ്യാഭ്യാസ കാലത്ത് എന്തിനാണ് ഈ ചരിത്രമൊക്കെ പഠിക്കുന്നത് എന്ന് ഓർത്തിട്ടുണ്ട്. പ്ലാസി യുദ്ധവും പാനിപ്പട്ട് യുദ്ധവുമൊക്കെ കൊല്ലം തെറ്റാതെ പഠിച്ചിട്ടെന്തിനാണ് എന്നായിരുന്നു ചിന്ത. മുതിർന്നപ്പോളാണ് ചരിത്രത്തിൽ നിന്നുള്ള അന്തസത്ത ഉൾക്കൊണ്ടുകൊണ്ടല്ലാതെ മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടാനെന്ന് മനസ്സിലാക്കിയത്.
ശ്രീ:എം.ജി.എസ്.നാരായണൻ
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന കാലത്ത് ശത്രുവിന്റെ കുറ്റങ്ങളും കുറവുകളും നിരത്തുകയും പ്രചരിപ്പിക്കുകയുമൊക്കെ പതിവാണ്. അത് തന്നെയാണ് ശരി. പക്ഷെ യുദ്ധാനന്തരം ശത്രുവാണെങ്കിൽ അവർ നമുക്ക് ചെയ്ത് തന്ന നല്ല കാര്യങ്ങൾ ചികഞ്ഞെടുത്ത് പ്രശംസിക്കണം. അത് ചരിത്രനിയോഗമാണ്. ശത്രുക്കളായിരുന്നെങ്കിലും ബ്രിട്ടീഷുകാർ നമുക്ക് ചെയ്ത് തന്ന ഉപകാരങ്ങൾ നാം മറക്കരുത്. ആധുനിക സംസ്ക്കാരത്തോട് അവർ നമ്മെ അടുപ്പിച്ചു. പല നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ഇന്ത്യ ഇത്രയെങ്കിലും ഏകീകരിക്കപ്പെട്ടതിൽ നിഷേധിക്കാനാവത്ത പങ്ക് അവർക്കുണ്ട്. പഴശ്ശിരാജയെ വധിച്ച ബാബറിന്റെ പേരമകനെ നേരിൽ കാണാനുള്ള അവസരമുണ്ടായിട്ടുണ്ട്. മുത്തച്ഛന്റെ കുറിപ്പുകൾ ഒരുപാട് അദ്ദേഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. പഴശ്ശിരാജ എന്ന വീരയോദ്ധാവിനെപ്പറ്റി, ശത്രുവായിരുന്നെങ്കിലും ബാബറിന്റെ വരികളിൽ നിറയെ ആദരവും ബഹുമാനവുമാണ്.
അദ്ദേഹത്തിന്റെ പ്രസംഗം പാലിയം ചരിത്രമടക്കം ഇന്ത്യാചരിത്രത്തിന്റേയും ലോകചരിത്രത്തിന്റേയും പല വശങ്ങളേയും പരാമർശിച്ചും എടുത്തുകാണിച്ചും അനർഗ്ഗളനിർഗ്ഗളം പ്രവഹിച്ചു. ജസ്റ്റിസ് കൃഷ്ണയ്യർക്ക് അധികം സമയം ഇരിക്കാൻ സാധിക്കില്ലെന്നതുകൊണ്ട് അദ്ദേഹം പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചതിൽ ഞാൻ കുണ്ഠിതനായിരുന്നു.
ജസ്റ്റിസ് കൃഷ്ണയ്യർ
പ്രായാധിക്യമൊന്നും കണക്കിലെടുക്കാതെ വിളിക്കുന്ന ചടങ്ങുകളിൽ എല്ലാം പങ്കെടുക്കുന്ന ശ്രീ.കൃഷ്ണയ്യർക്ക് വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പാലിയത്ത് നടക്കുന്ന ഈ ചടങ്ങ് ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. പ്രസംഗമൊന്നും ചെയ്യാതെയാണെങ്കിലും അദ്ദേഹം വേദിയിൽ ചടങ്ങുകൾക്ക് എല്ലാത്തിനും സാക്ഷിയായി ഇരുപ്പുറപ്പിച്ചു.
ശ്രീ.സേതു
ചേന്ദമംഗലത്തുകാരനായ ഞാൻ മറുപിറവി എന്ന നോവലിന്റെ ഭാഗമായി പാലിയത്തിന്റെ ചരിത്രം കുറേയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. കേരള ചരിത്രത്തിൽ വേലുത്തമ്പിക്കും പഴശ്ശിരാജയ്ക്കും മങ്ങാട്ടച്ചനുമൊക്കെ വലിയ പ്രാധാന്യം കൊടുക്കുമ്പോൾ സത്യത്തിൽ പാലിയത്തച്ചന്മാരെ കാര്യമായി ഗൌനിച്ചിട്ടില്ല. അതിന് ഏറ്റവും വലിയ തെളിവാണ് പാലിയം കുടുംബത്തിൽ നിന്നുതന്നെയുള്ള ഒരു വ്യക്തിക്ക് പാലിയം ചരിത്രം എഴുതേണ്ടി വന്നത്. മറ്റാരെങ്കിലും ഇതിന് മുന്നേ തന്നെ എഴുതേണ്ടതായിരുന്നു പാലിയത്തിന്റെ ചരിത്രം.
ശ്രീ.എസ്.രമേശൻ നായർ
ചരിത്രം മതത്തിന്റേതാകുമ്പോളും മതം ചരിത്രമാകുമ്പോളും അസത്യങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്നു. ഇന്ത്യയിൽ കാലുകുത്താത്ത ഒരാൾ ഇവിടെ വന്നെന്നും ഒരുപാട് പ്രവർത്തനങ്ങൾ നടത്തിയെന്നും ചരിത്രം പറയുന്നത് അതുകൊണ്ടാണ്.
ശ്രീ.രവിയച്ചൻ
ശ്രീമതി.ശ്രീകുമാരി പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത് ഒരു കഥയെഴുതുന്ന മനോഹാരിതയോട് കൂടെയാണ്. സത്യത്തിൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയതാണെന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അതിശയിക്കെണ്ടതില്ല. പാലിയം എന്ന വലിയ കൂട്ടുകുടുംബത്തിന്റെ നന്മകളും കുറവുകളും അനുഭവിക്കാനായിട്ടുണ്ട്. താമസം തൃപ്പൂണിത്തുറയിൽ ആയതുകൊണ്ട് വെളിയിൽ നിന്ന് ഒരാൾ നോക്കിക്കാണുന്നത് പോലെ അത്ഭുതംകൂറി നോക്കിനിൽക്കാനായിട്ടുണ്ട്. നൂറ്റാണ്ടുകളോളം കൊച്ചിയുടെ പ്രധാനമന്ത്രിപദവിയിൽ ഇരുന്നിട്ടും പാലിയത്തച്ചന്മാർ ഇന്നത്തെ മന്ത്രിമാരെപ്പോലെ ഒന്നും കട്ടുമുടിച്ചിട്ടില്ല.
പാലിയത്ത് വന്ന് എന്ത് ചോദിച്ചാലും കൊടുക്കണം. വെറും കൈയ്യോടെ മടക്കി അയക്കരുതെന്നാണ്. ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല പാലിയത്ത്. മുണ്ടിന് മുണ്ട് പുസ്തകത്തിന് പുസ്തകം, പെൻസിലിന് പെൻസിൽ എല്ലാം കിട്ടും. പിറന്നാളാണോ ചെന്നിരുന്നാൽ മാത്രം മതി. പായസമടക്കം സദ്യ കഴിക്കാം. പക്ഷെ പണം മാത്രം ഇല്ല. കാലണ കിട്ടിയാൽ മൂന്ന് പഴം വാങ്ങാം. 50 കപ്പലണ്ടി വാങ്ങാം. കാലണയുള്ളവൻ ധനികനാണ്. ഇന്ന് കാൽ രൂപ പോലും ഇല്ലാതായിരിക്കുന്നു. 20,000 രൂപയുള്ളവൻ പോലും ദരിദ്രനാണ്. തോക്ക് പിടിച്ച് പൊലീസ് കാവലുണ്ടായിരുന്നു പാലിയത്തിന്റെ വാതിലുകളിൽ. രാത്രി ഭക്ഷണം കഴിഞ്ഞാൽപ്പിന്നെ 15 വയസ്സിന് മേൽ പ്രായമുള്ളവർക്ക് നാലുകെട്ടിനകത്തേക്ക് പ്രവേശനമില്ല. അക്കാലത്ത് നമ്പൂരി ജനിച്ചു എന്നാണ് പറയുക. കുട്ടി ആണോ പെണ്ണോ എന്ന് പിന്നെ ചോദ്യമില്ലല്ലോ ? എല്ലാവരേയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിയെത്ര നാൾ ഇങ്ങനെ കാണാനാകുമെന്ന് അറിയില്ലല്ലോ ? ഞാൻ ഒരു അൻപത് കൊല്ലം കൂടിയല്ലേ ഇനി ജീവനോടെയുണ്ടാകൂ.
സ്വതസിദ്ധമായ നർമ്മം കലർത്തിയാണ് രവിയച്ചൻ പാലിയത്തിന്റെ ചരിത്രം അവതരിപ്പിച്ചത്.
പ്രൊഫ:രാധാദേവി
പറഞ്ഞ കഥകളേക്കാൾ അധികം പറയാത്ത കഥകളാണുള്ളത്. പോർച്ചുഗീസുകാരും ടിപ്പുവുമൊക്കെ ഈ നാലുകെട്ട് വളഞ്ഞിട്ടുണ്ട്. ഇതിന് തീയിട്ടിട്ടുണ്ട് അവർ. വൈസ്രോയി അടക്കമുള്ളവർ ഈ മുറ്റത്ത് മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്. രാജ്യതാൽപ്പര്യം സംരക്ഷിക്കാനായി പിടികൊടുക്കുകയും ജയിലിൽ ആകുകയും ചെയ്തിട്ടുണ്ട് തന്റെ പടനായകനാകാൻ താൽപ്പര്യമുണോ എന്ന് തിരുവിതാംകൂർ മാർത്തണ്ഡവർമ്മ മഹാരാജാവ് പാലിയത്തച്ചനോട് ചോദിച്ചിട്ടുണ്ടെങ്കിലും, കൂറ് എന്നും കൊച്ചിയോട് മാത്രമായിരിക്കും എന്നായിരുന്നു പാലിയത്തച്ചന്റെ മറുപടി.
ശ്രീമതി.ശ്രീകുമാരി രാമചന്ദ്രൻ
മൊഴിമാറ്റങ്ങൾ മുൻപും നടത്തിയിട്ടുണ്ട്. പക്ഷെ ചിലർക്ക് മൊഴിമാറ്റം നടത്തിയ ഗ്രന്ഥങ്ങളോട് വലിയ പ്രതിപത്തിയില്ല. മൊഴിമാറ്റം നടത്തിയില്ലായിരുന്നെങ്കിൽ വേദങ്ങളും ഉപനിഷത്തുകളും അടക്കം എത്രയോ കൃതികൾ നമുക്ക് അന്യമായിപ്പോകുമായിരുന്നു. തർജ്ജിമ എന്നതിനേക്കാൾ ട്രാൻസ് ക്രിയേഷൻ എന്ന് പറയാനാണ് താൽപ്പര്യപ്പെടുന്നത്. പാലിയത്തിന്റെ ചരിത്രത്തെ കൊച്ചിയുടെ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്താനാവില്ല.
പാലിയം വെബ് സൈറ്റ്
ഞാൻ സ്ഥിരമായി ഓൺലൈനിൽ നിരങ്ങുന്ന ആളാണെന്ന് അറിഞ്ഞിട്ടെന്ന പോലെ പാലിയത്തിന്റെ വെബ് സൈറ്റ് ഉത്ഘാടനം ചെയ്യാനുള്ള മേശ തയ്യാറാക്കിയിരുന്നത് എന്റെ ഇരിപ്പിടത്തിന് മുന്നിൽത്തന്നെ. രവിയച്ചൻ പാലിയം വെബ് സൈറ്റ് (www.paliam.in) ഉത്ഘാടനം ചെയ്തു.
![]() |
| രവിയച്ചൻ പാലിയം സൈറ്റ് ഉത്ഘാടനം ചെയ്യുന്നു. |
മുഖ്യാതിഥികൾക്ക് എല്ലാവർക്കും ഉപഹാരം സമർപ്പിച്ചുകൊണ്ടും പങ്കെടുത്തവർക്ക് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടും ചടങ്ങ് അവസാനിച്ചു.
സമയം ഏഴര മണി. മൂന്നൂറോളം പേർ വരുന്ന അതിഥികൾക്ക് ഭക്ഷണം കരുതിയിട്ടുണ്ട്, പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ. എല്ലാം കൊണ്ടും രാജകീയമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് തന്നെയായിരുന്നു അത്. ഇങ്ങനൊന്ന് ഇതുവരെ ഞാൻ കണ്ടിട്ടില്ല, ഇനി കാണുമോന്നും നിശ്ചയമില്ല.
വ്യക്തിപരമായി ഉണ്ടായത് ഒരുപാട് വലിയ സന്തോഷങ്ങളാണ്. രണ്ട് ദിവസം മുന്നേ വാങ്ങി തോൾസഞ്ചിയിൽ കരുതിയിരുന്ന Perumal of Kerala എന്ന ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവായ ശ്രീ.എം.ജി.എസ്.നാരായണന്റെ കൈയ്യൊപ്പ് ചാർത്തി വാങ്ങാൻ കഴിഞ്ഞു. അദ്ദേഹത്തോടും സേതു മാഷിനോടുമൊക്കെ അൽപ്പനേരം സംസാരിക്കാൻ കഴിഞ്ഞു. പ്രകാശനം ചെയ്യപ്പെട്ട രണ്ട് ഗ്രന്ഥങ്ങളിലും ഗ്രന്ഥകർത്താക്കളുടെ ഒപ്പിട്ട് വാങ്ങി കുശലം പറയാനായി. ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കാനായെന്നതും ചരിത്രത്തിന്റെ ഒരുപാട് ഏടുകളിലൂടെ കടന്നുപോയ നിരവധി പ്രസംഗങ്ങൾ കേൾക്കാൻ കഴിഞ്ഞെന്നതുമുള്ളത് ഇതിനേക്കാളൊക്കെ വലിയ അനുഗ്രഹം.
![]() | |
| പാലിയം ചരിത്രം - മലയാളം പുസ്തകച്ചട്ട. |
![]() |
| Perumals of Kerala - ഗ്രന്ഥകർത്താവിന്റെ ഒപ്പോട് കൂടിയത്. |
ഭക്ഷണം കഴിക്കാൻ നിന്നില്ല. ഉദരവും മനസ്സും അത്രയ്ക്ക് നിറഞ്ഞിരുന്നു. ഇനി ഈ ഗ്രന്ഥങ്ങളെല്ലാം വായിച്ച് മനസ്സിൽ കുടിയിരുത്തണം. മുസരീസിലൂടെയുള്ള യാത്രമാർഗ്ഗങ്ങൾ സുഗമമാക്കാൻ പോന്ന കാര്യങ്ങൾ ചോദിക്കാതെ തന്നെ മുന്നിൽ കൊണ്ടുവന്നുതരുന്ന അദൃശ്യ ശക്തിക്ക് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് മാത്രം അറിയില്ല.
Wednesday, 19 June 2013
വായനയിലേക്ക് വലിച്ചടുപ്പിച്ച ‘യന്ത്രം‘
കണ്ണൂര് പഠിക്കുന്ന കാലം. അവധിക്ക് വീട്ടിലേക്ക് വരുന്നതും പോകുന്നതുമൊക്കെ പരശുറാം എക്സ്പ്രസ്സിലാണ്. മൂന്നാം സെമസ്റ്ററിന് പഠിക്കുമ്പോൾ അങ്ങനെയൊരു അവധിക്കാലത്ത് ആലുവയിൽ നിന്നും വണ്ടി കയറി കണ്ണൂരേക്കുള്ള യാത്ര. ആറ് മണിക്കൂറിൽ അധികമെടുക്കുന്ന ആ യാത്രകൾ പലപ്പോഴും വിരസമായിരുന്നു. വായനയൊന്നും അക്കാലത്ത് കാര്യമായിട്ട് ഉണ്ടായിരുന്നില്ല. അച്ഛന്റെ പഴേ കുറേ പുസ്തകങ്ങൾ അലമാരയിൽ ഉള്ളത് അത്രയ്ക്കൊന്നും ദഹിച്ചിരുന്നില്ല. പിന്നെ ഉണ്ടായിരുന്നത് ഡി.സി.യുടെ മെമ്പർഷിപ്പ് വഴി എല്ലാ മാസവും കിട്ടുന്ന 3 പുസ്തകങ്ങളായിരുന്നു. അതിലുമുണ്ട് എനിക്ക് മനസ്സിലാകാത്തതും പിടിക്കാത്തതുമായ കുറേ പുസ്തകങ്ങൾ. ബാക്കിയുള്ളത് ചിലതൊക്കെ വായിക്കുമെന്നല്ലാതെ വലിയ വായനാശീലമൊന്നും (ഇന്നുമില്ല)ഇല്ലായിരുന്നു.
തീവണ്ടിയാത്രയിലേക്ക് തിരിച്ചുവരാം. പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ശ്രദ്ധിച്ച, കൈയ്യിലൊരു തടിയൻ പുസ്തകവും പിടിച്ച് നിൽക്കുന്ന മദ്ധ്യവയസ്ക്കൻ, വണ്ടിക്കകത്ത് എന്റെ തൊട്ടടുത്ത് തന്നെ വന്നിരുന്നു, പുസ്തകം സീറ്റിൽ വെച്ചു.
‘യന്ത്രം - മലയാറ്റൂർ‘
ആലുവ-കണ്ണൂർ യാത്രകൾ വിരസമായിരുന്നെന്ന് പറഞ്ഞല്ലോ ? ‘ഒന്ന് നോക്കട്ടേ?‘ എന്ന് അനുവാദം ചോദിച്ച് ‘യന്ത്രം’ ഞാൻ കൈയ്യിലെടുത്തു. അതിന് മുൻപ് മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകൾ ചിലത് മാത്രമാണ് വായിച്ചിട്ടുള്ളത്. വണ്ടി ആലുവ സ്റ്റേഷൻ വിട്ടു. വെറുതെ നോക്കാൻ വാങ്ങിയ പുസ്തകത്തിന്റെ ആദ്യപേജ് മുതൽ ഞാൻ വായന തുടങ്ങി.
ഷൊർണൂരെത്തുമ്പോൾ സ്റ്റേഷനിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷെ ഷൊർണൂര് കഴിഞ്ഞത് അറിഞ്ഞതേയില്ല.. അതിന് മുന്നുള്ള സ്റ്റേഷനുകളും ഞാനറിഞ്ഞില്ല. ഇതിനിടയ്ക്ക് എപ്പോഴോ ‘യന്ത്ര‘ത്തിന്റെ ഉടമസ്ഥൻ ഇറങ്ങുന്നത് എവിടെയാണെന്ന് ഞാൻ തിരക്കി. തലശ്ശേരിയിൽ അദ്ദേഹമിറങ്ങും. അടുത്ത സ്റ്റേഷനിൽ എനിക്കും ഇറങ്ങേണ്ടതാണ്. എന്തായാലും തലശ്ശേരി വരെ സമയം കിട്ടും. അത്രയും നേരം വായിക്കാമല്ലോ ? കോഴിക്കോട് കഴിഞ്ഞാൽപ്പിന്നെ അപ്പുറത്ത് നിന്ന് വരുന്ന വണ്ടികൾ കാത്തുകിടന്നും നിരങ്ങിനീങ്ങിയുമൊക്കെ പോകുന്ന വണ്ടിയാണ്. ഏറ്റവും ഇഴഞ്ഞ് നീങ്ങിയിരുന്ന ആ നിമിഷങ്ങൾ ശരവേഗത്തിൽ പായുന്നതായി എനിക്ക് തോന്നി. ആ വായന അത്രയ്ക്ക് ഹരം പിടിപ്പിച്ചിരുന്നു. തലശ്ശേരി എത്തുന്നതിന് മുന്നേ പുസ്തകം തീർക്കണം. വണ്ടി പക്ഷേ, കുതിച്ച് പായുന്നത് പോലെ.
ഇതിനിടയ്ക്ക് ഞാനൊരു കാര്യം മറന്നു, അല്ലെങ്കിൽ മനഃപ്പൂർവ്വം ഓർക്കണ്ട എന്നുവെച്ചു. ദീർഘദൂരയാത്രയിൽ ബോറടി മാറ്റാൻ ഉടമസ്ഥൻ കൈയ്യിൽ കൊണ്ടുവന്ന പുസ്തകമാണ്, വിട്ടുകൊടുക്കാതെ ഞാൻ കരണ്ടുതിന്നുന്നത്. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച്, സ്റ്റേഷനുകളിൽ വണ്ടി നിർത്തിയോ ഇല്ലയോ, ആരൊക്കെ കയറി കയറിയില്ല, എന്നതൊന്നും നോക്കാതെ, തലയുയർത്താതെ വായനയിൽ മുഴുകിയിരിക്കുന്ന എന്നെക്കണ്ടപ്പോൾ ‘ചെക്കൻ വായിച്ചോട്ടെ എനിക്കിനിയും വായിക്കാമല്ലോ‘ എന്ന് അദ്ദേഹം കരുതിക്കാണാതെ തരമില്ല.
വണ്ടി തലശ്ശേരി എത്താറായി. എന്റെ ആക്രാന്തം കണ്ടിട്ട് അദ്ദേഹം ചിലപ്പോൾ എനിക്ക് പുസ്തകം തന്നിട്ട് പോയ്ക്കളയാനും സാദ്ധ്യതയുണ്ട്. അതുമോശമല്ലേ ? വണ്ടി നിർത്തുന്നതിന് മുന്നേ, നന്ദി പറഞ്ഞ് പുസ്തകം ഞാൻ തിരിച്ചുകൊടുത്തു.
“തീർന്നോ ?”
“ഇല്ല. 99 അദ്ധ്യായമേ തീർന്നുള്ളൂ. ഇനീം പത്തിരുപത് പേജുകൂടെ ഉണ്ടെന്ന് തോന്നുന്നു.”
“എന്നാപ്പിന്നെ വെച്ചോളൂ. തീർത്തിട്ട് തന്നാമ്മതി.”
“അയ്യോ... അത് വേണ്ട, നമ്മളിനി എവിടന്ന് കാണാനാ?”
“അതൊക്കെ ഞാൻ കണ്ടുപിടിച്ചോളാം. എന്റെ വീട് എടവനക്കാടാണ്. മുനമ്പത്ത് നിന്റെ വീട്ടിൽ ഞാൻ വന്നിട്ടുള്ളതാ.”
ഇദ്ദേഹത്തിന് എന്നെ അറിയാമെന്നോ ?!!!! ഞാൻ കണ്ണുതള്ളി നിന്നു.
“അച്ഛനേം അമ്മയേം ഞാനറിയും. എടവനക്കാട്ടെ വിശ്വനാഥൻ എന്ന് പറഞ്ഞാൽ മതി.”
“പക്ഷെ, എന്നെ എങ്ങനെ മനസ്സിലായി ?”
“അതൊക്കെ മനസ്സിലായി. എന്നാലും, ഭക്ഷണം പോലും കഴിക്കാത ഇങ്ങനുണ്ടോ ഒരു വായന. ഞാൻ ശരിക്കും നോക്കിയിരുന്നുപോയി. കൊള്ളാം, ഇങ്ങനെ തന്നെ വായിക്കൂ. ഞാനിറങ്ങുന്നു. പിന്നെപ്പോഴെങ്കിലും കാണാം.”
വണ്ടി തലശ്ശേരി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു. യന്ത്രത്തിന്റെ പല്ലുകൾക്കിടയിൽ കിടന്ന് ഉരുണ്ടുപിരുണ്ടതിന്റെ ത്രില്ല് ഒട്ടും വിട്ടുമാറുന്നതിന് മുൻപ് വേറൊരു ത്രില്ല് കൂടെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി.
“.....ഇല്ല... എനിക്കുടൻ പോകണം. എനിക്ക് ആനിയെ കാണണം. ബൈ ദി വേ... എന്നെ ഇമ്മട്ടിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ അവരുദ്ദേശിക്കുന്നുവെന്ന് ഏത് സോർസിൽ നിന്നാണറിഞ്ഞത് ?”
“ബാലചന്ദ്രനാണ് പറഞ്ഞത്. രണ്ടുദിവസം മുൻപ് ജയശങ്കർ ഇവിടെ വന്നിരുന്നു. അവൻ പറഞ്ഞാവണം ബാലചന്ദ്രനറിഞ്ഞത്...“ ജെയിംസ് കാറിൽ കയറി.
ജവഹർനഗറിലേക്കുള്ള തിരിവ് കടന്നപ്പോൾ ഒരു വലിയ ചോദ്യമുയർന്നു. ആനിയോടെല്ലാം പറയണോ? ഇപ്പോൾ കേട്ടതെല്ലാം അവളെ അറിയിച്ചിട്ട് വല്ല കാര്യവുമുണ്ടോ ?
തൊണ്ണൂറ്റി ഒൻപതാം അദ്ധ്യായം അങ്ങനെയാണ് അവസാനിക്കുന്നത്. വലിയ സസ്പെൻസോ വഴിത്തിരിവോ ഒന്നും നോവലിൽ ഇനിയുണ്ടെന്ന് തോന്നുന്നില്ല. എന്നാലും, കഥാപാത്രങ്ങളെല്ലാം ചുറ്റും വട്ടമിട്ട് നിൽക്കുന്നു. അവസാനത്തെ ചാപ്റ്റർ അടക്കം വായിച്ചുതീർക്കാതെ ഉറക്കം വരുമെന്ന് തോന്നുന്നില്ല. കണ്ണൂര് എവിടെയൊക്കെയാണ് ലൈബ്രറിയുള്ളതെന്ന് മനസ്സ് തിരഞ്ഞു. പൊലീസ് ഗ്രൌണ്ടിന്റെ മൂലയ്ക്ക് കക്കാട് ഭാഗത്തേക്ക് തിരിയുന്ന വഴിയുടെ ഓരത്താണ് പബ്ലിക്ക് ലൈബ്രറി. പക്ഷെ അംഗത്വമില്ല. ഉണ്ടെങ്കിലും പുസ്തകം അവിടെ റാക്കിലുണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. പിന്നെന്ത് ചെയ്യും ? എന്തുചെയ്യണമെങ്കിലും വണ്ടിയൊന്ന് കണ്ണൂരെത്തണമല്ലോ.
നാശം പിടിച്ച വണ്ടി തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക്, മണിക്കൂറുകൾ എടുക്കുന്നത് പോലെ ! ‘യന്ത്രം‘ കൈയ്യിലുണ്ടായിരുന്ന സമയമത്രയും ഇതേ വണ്ടി, കുതിച്ചുപായുന്നതുപോലെയാണല്ലോ തോന്നിയിരുന്നത്.
ഞാനാകെ പരവശനായിരുന്നു. വണ്ടി കണ്ണൂരെത്തിയപ്പോൾ ചാടിയിറങ്ങി, ധൃതിയിൽ നടന്ന് പ്ലാറ്റ്ഫോമിന് വെളിയിൽ കടന്നു. ഫോർട്ട് റോഡ് തുടങ്ങുന്ന കവലയിൽ NBS ന്റെ ബുക്ക് സ്റ്റാൾ ഒരെണ്ണം എപ്പോഴോ കണ്ടിട്ടുണ്ട്. ഇപ്പോൾ ഉണ്ടോന്നറിയില്ല. നേരെ അങ്ങോട്ട് വിട്ടു. ഭാഗ്യം ആ സ്റ്റാൾ അവിടെത്തന്നെയുണ്ട്, യന്ത്രവും സ്റ്റോക്കുണ്ട്. പക്ഷെ 55 രൂപ കൊടുത്ത് വാങ്ങണമെന്ന് വെച്ചാൽ, ഹോസ്റ്റൽ ഫീസടക്കം ഒരുമാസത്തെ ചിലവിനായി എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയിരിക്കുന്ന നാലഞ്ച് നോട്ടുകളിൽ ഒരെണ്ണം തീർന്നുകിട്ടും. നിന്നനിൽപ്പിൽ അവിടെ വെച്ച് തന്നെ വായിക്കാമെന്ന് വെച്ചാൽ, ചിലപ്പോൾ കടക്കാരന്റെ വായിൽ നിന്ന് വല്ലതും കേൾക്കേണ്ടി വരും.
വരുന്നിടത്ത് വെച്ച് കാണാം. 55 രൂപ കൊടുത്ത് പുസ്തകം വാങ്ങി. ഇനിയെന്ത് ?! ഹോസ്റ്റലിലേക്ക് ചെന്നാൽ തുടർവായന നടക്കില്ല. അത് വേറൊരു ലോകമാണ്. 25 ദിവസം കഴിഞ്ഞാലും 25 പേജ് വായിച്ച് തീർക്കാൻ പറ്റിയെന്ന് വരില്ല. (അവിടെ വെച്ച് വല്ലതും വായിച്ചിരുന്നെങ്കിൽ ഇന്നെവിടെ എത്തേണ്ടതാണ്.) ഇന്ന് വായിച്ച് തീർത്തില്ലെങ്കിൽ 55 രൂപ ചിലവാക്കിയതിന് ഒരർത്ഥവുമില്ല.
നേരെ തൊട്ടടുത്തുള്ള കോഫി ഹൌസിലേക്ക് നടന്നു. ഓർഡർ എടുക്കാൻ വിശറിത്തൊപ്പിവെച്ച വെയ്റ്റർ വന്നപ്പോഴേക്കും പേജുകൾ പിന്നേയും മറിഞ്ഞിരുന്നു. കാപ്പി കുടിച്ച് കഴിഞ്ഞപ്പോഴേക്കും ‘യന്ത്രം‘ അവസാനിച്ചു. എന്തോ ഒന്ന് വെട്ടിപ്പിടിച്ച പോലെ ഞാനൊന്ന് നിവർന്നിരുന്നു.
അതുപോലൊരു വായനാദിനം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്നെങ്കിലുമൊക്കെ ഉണ്ടാകണേ എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്.
വായനയിലേക്ക് പിടിച്ചടുപ്പിച്ചത്, മികച്ച മൌലിക കൃതിക്കുള്ള 1979ലെ വയലാർ അവാർഡ് നേടിയ യന്ത്രവും, മലയാറ്റൂരുമാണെന്ന് നിസംശയം പറയാൻ എനിക്കാവും. പിന്നീടങ്ങോട്ട് മലയാറ്റൂരിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും തപ്പിപ്പിടിച്ച് വായിച്ചിട്ടുണ്ട്. യന്ത്രം വായിച്ചതിനുശേഷം നോവലിന്റിന്റെ ‘എന്റെ IAS ദിനങ്ങൾ‘ വായിക്കുന്നത് വളരെ നല്ല ഒരു അനുഭവം തന്നെയാണ്. ‘യന്ത്ര‘ത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും, ‘എന്റെ IAS ദിനങ്ങളിൽ‘, വ്യക്തികളും കഥാകൃത്തിന്റെ അനുഭവങ്ങളുമായി മുന്നിൽ വരുമ്പോൾ പറഞ്ഞറിയിക്കാനാകാത്തൊരു വായനാനുഭവമാണ് ഉണ്ടാകുന്നത്.
ഇന്ന് വായനാദിനം. മലയാറ്റൂർ എന്ന വലിയ എഴുത്തുകാരനേയും പി.എൻ.പണിക്കര് സാറിനേയും മനസ്സിൽ വണങ്ങിക്കൊണ്ട് എന്റെ പുസ്തശേഖരത്തിലെ 391-)ം നമ്പറുള്ള കണ്ണൂര് നിന്ന് വാങ്ങിയ ആ ‘യന്ത്രം‘ ഒരിക്കൽക്കൂടെ കൈയ്യിലെടുക്കുന്നു. ഒപ്പം, ആദ്യമായിട്ട് ‘യന്ത്രം‘ മുന്നിലേക്കിട്ടുതന്ന കുടുംബസുഹൃത്തും ആയുർവ്വേദ ഡോൿടറുമായ എടവനക്കാട്ടുകാരൻ ശ്രീ.വിശ്വനാഥനേയും സ്മരിക്കുന്നു.
തീവണ്ടിയാത്രയിലേക്ക് തിരിച്ചുവരാം. പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ശ്രദ്ധിച്ച, കൈയ്യിലൊരു തടിയൻ പുസ്തകവും പിടിച്ച് നിൽക്കുന്ന മദ്ധ്യവയസ്ക്കൻ, വണ്ടിക്കകത്ത് എന്റെ തൊട്ടടുത്ത് തന്നെ വന്നിരുന്നു, പുസ്തകം സീറ്റിൽ വെച്ചു.
‘യന്ത്രം - മലയാറ്റൂർ‘
ആലുവ-കണ്ണൂർ യാത്രകൾ വിരസമായിരുന്നെന്ന് പറഞ്ഞല്ലോ ? ‘ഒന്ന് നോക്കട്ടേ?‘ എന്ന് അനുവാദം ചോദിച്ച് ‘യന്ത്രം’ ഞാൻ കൈയ്യിലെടുത്തു. അതിന് മുൻപ് മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകൾ ചിലത് മാത്രമാണ് വായിച്ചിട്ടുള്ളത്. വണ്ടി ആലുവ സ്റ്റേഷൻ വിട്ടു. വെറുതെ നോക്കാൻ വാങ്ങിയ പുസ്തകത്തിന്റെ ആദ്യപേജ് മുതൽ ഞാൻ വായന തുടങ്ങി.
ഷൊർണൂരെത്തുമ്പോൾ സ്റ്റേഷനിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷെ ഷൊർണൂര് കഴിഞ്ഞത് അറിഞ്ഞതേയില്ല.. അതിന് മുന്നുള്ള സ്റ്റേഷനുകളും ഞാനറിഞ്ഞില്ല. ഇതിനിടയ്ക്ക് എപ്പോഴോ ‘യന്ത്ര‘ത്തിന്റെ ഉടമസ്ഥൻ ഇറങ്ങുന്നത് എവിടെയാണെന്ന് ഞാൻ തിരക്കി. തലശ്ശേരിയിൽ അദ്ദേഹമിറങ്ങും. അടുത്ത സ്റ്റേഷനിൽ എനിക്കും ഇറങ്ങേണ്ടതാണ്. എന്തായാലും തലശ്ശേരി വരെ സമയം കിട്ടും. അത്രയും നേരം വായിക്കാമല്ലോ ? കോഴിക്കോട് കഴിഞ്ഞാൽപ്പിന്നെ അപ്പുറത്ത് നിന്ന് വരുന്ന വണ്ടികൾ കാത്തുകിടന്നും നിരങ്ങിനീങ്ങിയുമൊക്കെ പോകുന്ന വണ്ടിയാണ്. ഏറ്റവും ഇഴഞ്ഞ് നീങ്ങിയിരുന്ന ആ നിമിഷങ്ങൾ ശരവേഗത്തിൽ പായുന്നതായി എനിക്ക് തോന്നി. ആ വായന അത്രയ്ക്ക് ഹരം പിടിപ്പിച്ചിരുന്നു. തലശ്ശേരി എത്തുന്നതിന് മുന്നേ പുസ്തകം തീർക്കണം. വണ്ടി പക്ഷേ, കുതിച്ച് പായുന്നത് പോലെ.
ഇതിനിടയ്ക്ക് ഞാനൊരു കാര്യം മറന്നു, അല്ലെങ്കിൽ മനഃപ്പൂർവ്വം ഓർക്കണ്ട എന്നുവെച്ചു. ദീർഘദൂരയാത്രയിൽ ബോറടി മാറ്റാൻ ഉടമസ്ഥൻ കൈയ്യിൽ കൊണ്ടുവന്ന പുസ്തകമാണ്, വിട്ടുകൊടുക്കാതെ ഞാൻ കരണ്ടുതിന്നുന്നത്. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച്, സ്റ്റേഷനുകളിൽ വണ്ടി നിർത്തിയോ ഇല്ലയോ, ആരൊക്കെ കയറി കയറിയില്ല, എന്നതൊന്നും നോക്കാതെ, തലയുയർത്താതെ വായനയിൽ മുഴുകിയിരിക്കുന്ന എന്നെക്കണ്ടപ്പോൾ ‘ചെക്കൻ വായിച്ചോട്ടെ എനിക്കിനിയും വായിക്കാമല്ലോ‘ എന്ന് അദ്ദേഹം കരുതിക്കാണാതെ തരമില്ല.
വണ്ടി തലശ്ശേരി എത്താറായി. എന്റെ ആക്രാന്തം കണ്ടിട്ട് അദ്ദേഹം ചിലപ്പോൾ എനിക്ക് പുസ്തകം തന്നിട്ട് പോയ്ക്കളയാനും സാദ്ധ്യതയുണ്ട്. അതുമോശമല്ലേ ? വണ്ടി നിർത്തുന്നതിന് മുന്നേ, നന്ദി പറഞ്ഞ് പുസ്തകം ഞാൻ തിരിച്ചുകൊടുത്തു.
“തീർന്നോ ?”
“ഇല്ല. 99 അദ്ധ്യായമേ തീർന്നുള്ളൂ. ഇനീം പത്തിരുപത് പേജുകൂടെ ഉണ്ടെന്ന് തോന്നുന്നു.”
“എന്നാപ്പിന്നെ വെച്ചോളൂ. തീർത്തിട്ട് തന്നാമ്മതി.”
“അയ്യോ... അത് വേണ്ട, നമ്മളിനി എവിടന്ന് കാണാനാ?”
“അതൊക്കെ ഞാൻ കണ്ടുപിടിച്ചോളാം. എന്റെ വീട് എടവനക്കാടാണ്. മുനമ്പത്ത് നിന്റെ വീട്ടിൽ ഞാൻ വന്നിട്ടുള്ളതാ.”
ഇദ്ദേഹത്തിന് എന്നെ അറിയാമെന്നോ ?!!!! ഞാൻ കണ്ണുതള്ളി നിന്നു.
“അച്ഛനേം അമ്മയേം ഞാനറിയും. എടവനക്കാട്ടെ വിശ്വനാഥൻ എന്ന് പറഞ്ഞാൽ മതി.”
“പക്ഷെ, എന്നെ എങ്ങനെ മനസ്സിലായി ?”
“അതൊക്കെ മനസ്സിലായി. എന്നാലും, ഭക്ഷണം പോലും കഴിക്കാത ഇങ്ങനുണ്ടോ ഒരു വായന. ഞാൻ ശരിക്കും നോക്കിയിരുന്നുപോയി. കൊള്ളാം, ഇങ്ങനെ തന്നെ വായിക്കൂ. ഞാനിറങ്ങുന്നു. പിന്നെപ്പോഴെങ്കിലും കാണാം.”
വണ്ടി തലശ്ശേരി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു. യന്ത്രത്തിന്റെ പല്ലുകൾക്കിടയിൽ കിടന്ന് ഉരുണ്ടുപിരുണ്ടതിന്റെ ത്രില്ല് ഒട്ടും വിട്ടുമാറുന്നതിന് മുൻപ് വേറൊരു ത്രില്ല് കൂടെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി.
“.....ഇല്ല... എനിക്കുടൻ പോകണം. എനിക്ക് ആനിയെ കാണണം. ബൈ ദി വേ... എന്നെ ഇമ്മട്ടിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ അവരുദ്ദേശിക്കുന്നുവെന്ന് ഏത് സോർസിൽ നിന്നാണറിഞ്ഞത് ?”
“ബാലചന്ദ്രനാണ് പറഞ്ഞത്. രണ്ടുദിവസം മുൻപ് ജയശങ്കർ ഇവിടെ വന്നിരുന്നു. അവൻ പറഞ്ഞാവണം ബാലചന്ദ്രനറിഞ്ഞത്...“ ജെയിംസ് കാറിൽ കയറി.
ജവഹർനഗറിലേക്കുള്ള തിരിവ് കടന്നപ്പോൾ ഒരു വലിയ ചോദ്യമുയർന്നു. ആനിയോടെല്ലാം പറയണോ? ഇപ്പോൾ കേട്ടതെല്ലാം അവളെ അറിയിച്ചിട്ട് വല്ല കാര്യവുമുണ്ടോ ?
തൊണ്ണൂറ്റി ഒൻപതാം അദ്ധ്യായം അങ്ങനെയാണ് അവസാനിക്കുന്നത്. വലിയ സസ്പെൻസോ വഴിത്തിരിവോ ഒന്നും നോവലിൽ ഇനിയുണ്ടെന്ന് തോന്നുന്നില്ല. എന്നാലും, കഥാപാത്രങ്ങളെല്ലാം ചുറ്റും വട്ടമിട്ട് നിൽക്കുന്നു. അവസാനത്തെ ചാപ്റ്റർ അടക്കം വായിച്ചുതീർക്കാതെ ഉറക്കം വരുമെന്ന് തോന്നുന്നില്ല. കണ്ണൂര് എവിടെയൊക്കെയാണ് ലൈബ്രറിയുള്ളതെന്ന് മനസ്സ് തിരഞ്ഞു. പൊലീസ് ഗ്രൌണ്ടിന്റെ മൂലയ്ക്ക് കക്കാട് ഭാഗത്തേക്ക് തിരിയുന്ന വഴിയുടെ ഓരത്താണ് പബ്ലിക്ക് ലൈബ്രറി. പക്ഷെ അംഗത്വമില്ല. ഉണ്ടെങ്കിലും പുസ്തകം അവിടെ റാക്കിലുണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. പിന്നെന്ത് ചെയ്യും ? എന്തുചെയ്യണമെങ്കിലും വണ്ടിയൊന്ന് കണ്ണൂരെത്തണമല്ലോ.
നാശം പിടിച്ച വണ്ടി തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക്, മണിക്കൂറുകൾ എടുക്കുന്നത് പോലെ ! ‘യന്ത്രം‘ കൈയ്യിലുണ്ടായിരുന്ന സമയമത്രയും ഇതേ വണ്ടി, കുതിച്ചുപായുന്നതുപോലെയാണല്ലോ തോന്നിയിരുന്നത്.
ഞാനാകെ പരവശനായിരുന്നു. വണ്ടി കണ്ണൂരെത്തിയപ്പോൾ ചാടിയിറങ്ങി, ധൃതിയിൽ നടന്ന് പ്ലാറ്റ്ഫോമിന് വെളിയിൽ കടന്നു. ഫോർട്ട് റോഡ് തുടങ്ങുന്ന കവലയിൽ NBS ന്റെ ബുക്ക് സ്റ്റാൾ ഒരെണ്ണം എപ്പോഴോ കണ്ടിട്ടുണ്ട്. ഇപ്പോൾ ഉണ്ടോന്നറിയില്ല. നേരെ അങ്ങോട്ട് വിട്ടു. ഭാഗ്യം ആ സ്റ്റാൾ അവിടെത്തന്നെയുണ്ട്, യന്ത്രവും സ്റ്റോക്കുണ്ട്. പക്ഷെ 55 രൂപ കൊടുത്ത് വാങ്ങണമെന്ന് വെച്ചാൽ, ഹോസ്റ്റൽ ഫീസടക്കം ഒരുമാസത്തെ ചിലവിനായി എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയിരിക്കുന്ന നാലഞ്ച് നോട്ടുകളിൽ ഒരെണ്ണം തീർന്നുകിട്ടും. നിന്നനിൽപ്പിൽ അവിടെ വെച്ച് തന്നെ വായിക്കാമെന്ന് വെച്ചാൽ, ചിലപ്പോൾ കടക്കാരന്റെ വായിൽ നിന്ന് വല്ലതും കേൾക്കേണ്ടി വരും.
വരുന്നിടത്ത് വെച്ച് കാണാം. 55 രൂപ കൊടുത്ത് പുസ്തകം വാങ്ങി. ഇനിയെന്ത് ?! ഹോസ്റ്റലിലേക്ക് ചെന്നാൽ തുടർവായന നടക്കില്ല. അത് വേറൊരു ലോകമാണ്. 25 ദിവസം കഴിഞ്ഞാലും 25 പേജ് വായിച്ച് തീർക്കാൻ പറ്റിയെന്ന് വരില്ല. (അവിടെ വെച്ച് വല്ലതും വായിച്ചിരുന്നെങ്കിൽ ഇന്നെവിടെ എത്തേണ്ടതാണ്.) ഇന്ന് വായിച്ച് തീർത്തില്ലെങ്കിൽ 55 രൂപ ചിലവാക്കിയതിന് ഒരർത്ഥവുമില്ല.
നേരെ തൊട്ടടുത്തുള്ള കോഫി ഹൌസിലേക്ക് നടന്നു. ഓർഡർ എടുക്കാൻ വിശറിത്തൊപ്പിവെച്ച വെയ്റ്റർ വന്നപ്പോഴേക്കും പേജുകൾ പിന്നേയും മറിഞ്ഞിരുന്നു. കാപ്പി കുടിച്ച് കഴിഞ്ഞപ്പോഴേക്കും ‘യന്ത്രം‘ അവസാനിച്ചു. എന്തോ ഒന്ന് വെട്ടിപ്പിടിച്ച പോലെ ഞാനൊന്ന് നിവർന്നിരുന്നു.
അതുപോലൊരു വായനാദിനം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്നെങ്കിലുമൊക്കെ ഉണ്ടാകണേ എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്.
വായനയിലേക്ക് പിടിച്ചടുപ്പിച്ചത്, മികച്ച മൌലിക കൃതിക്കുള്ള 1979ലെ വയലാർ അവാർഡ് നേടിയ യന്ത്രവും, മലയാറ്റൂരുമാണെന്ന് നിസംശയം പറയാൻ എനിക്കാവും. പിന്നീടങ്ങോട്ട് മലയാറ്റൂരിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും തപ്പിപ്പിടിച്ച് വായിച്ചിട്ടുണ്ട്. യന്ത്രം വായിച്ചതിനുശേഷം നോവലിന്റിന്റെ ‘എന്റെ IAS ദിനങ്ങൾ‘ വായിക്കുന്നത് വളരെ നല്ല ഒരു അനുഭവം തന്നെയാണ്. ‘യന്ത്ര‘ത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും, ‘എന്റെ IAS ദിനങ്ങളിൽ‘, വ്യക്തികളും കഥാകൃത്തിന്റെ അനുഭവങ്ങളുമായി മുന്നിൽ വരുമ്പോൾ പറഞ്ഞറിയിക്കാനാകാത്തൊരു വായനാനുഭവമാണ് ഉണ്ടാകുന്നത്.
ഇന്ന് വായനാദിനം. മലയാറ്റൂർ എന്ന വലിയ എഴുത്തുകാരനേയും പി.എൻ.പണിക്കര് സാറിനേയും മനസ്സിൽ വണങ്ങിക്കൊണ്ട് എന്റെ പുസ്തശേഖരത്തിലെ 391-)ം നമ്പറുള്ള കണ്ണൂര് നിന്ന് വാങ്ങിയ ആ ‘യന്ത്രം‘ ഒരിക്കൽക്കൂടെ കൈയ്യിലെടുക്കുന്നു. ഒപ്പം, ആദ്യമായിട്ട് ‘യന്ത്രം‘ മുന്നിലേക്കിട്ടുതന്ന കുടുംബസുഹൃത്തും ആയുർവ്വേദ ഡോൿടറുമായ എടവനക്കാട്ടുകാരൻ ശ്രീ.വിശ്വനാഥനേയും സ്മരിക്കുന്നു.
Monday, 22 April 2013
നരകക്കോഴി
ജന്മനാട്ടിലെ ജീവിതകാലത്ത്, ഉള്ളിലെവിടെയോ ചെറുതായി മാത്രം കോറിയിടപ്പെട്ട ദൃശ്യങ്ങളും സംഭവങ്ങളുമൊക്കെ നല്ല തിളക്കത്തോടെ ഒരാളുടെയുള്ളിൽ നിന്ന് പുറത്തുചാടണമെങ്കിൽ പ്രവാസത്തിന്റെ ചൂടൊന്ന് തട്ടിയാൽ മതി. എഴുതി ഫലിപ്പിക്കാൻ ആയില്ലെങ്കിലും, എല്ലാ പ്രവാസികൾക്കും പറയാനുണ്ടാകും ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത ഗൃഹാതുരത്വത്തിന്റെ പച്ച പുതപ്പിച്ച കഥകളും, മണൽക്കാറ്റേറ്റ് വിണ്ടുകീറിയ മനസ്സിന്റെ വിങ്ങലുകളുമൊക്കെ. പ്രവാസി നല്ലൊരു എഴുത്തുകാരൻ കൂടെയാണെങ്കിൽ കഥകൾക്ക് മിഴിവേറുന്നു. ഇസ്മായിൽ കുറുമ്പടിയുടെ കഥകളുടെ കാര്യത്തിലും അതുതന്നെയാണ് സത്യം.
നാല് തരം കഥകളാണ് ഇസ്മയിലിന്റെ ‘നരകക്കോഴി‘ എന്ന കഥാസമാഹാരത്തിലുള്ളത്. ഒരു കൂട്ടം കഥകൾ ഗൃഹാതുരത്വത്തിന്റേതാണ്. വായനയ്ക്കൊപ്പം നല്ല ചിന്തകൾക്ക് വഴിതെളിക്കുന്നതാണ് മറ്റൊരു കൂട്ടം കഥകൾ. വോട്ട്, തിളങ്ങുന്ന ഇന്ത്യ, ഹർത്താൽ എന്നിങ്ങനെയുള്ള കഥകൾ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് വിരൽ ചൂണ്ടുന്നു. സ്വാഭാവിക നർമ്മം വിതറുന്ന കഥകൾ കൂടെയാകുമ്പോൾ നരകക്കോഴി പല മാനസ്സികാവസ്ഥയിലേക്കും ചേരുന്ന വായനാനുഭവമാകുന്നു.
പ്രവാസം, അൽപ്പസ്വൽപ്പം എഴുത്തും വായനയുമുള്ള ഏതൊരാളെയും വേദാന്തികൂടെ ആക്കുന്നുണ്ടെന്ന് വേണം കരുതാൻ. രണ്ടാമത് പറഞ്ഞ വിഭാഗത്തിലെ കഥകൾ പലതിനേയും അത്തരത്തിൽ വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ‘കാത്തിരുപ്പ്‘ എന്ന കഥയാണ് ഒന്നാന്തരം ഉദാഹരണം. ജീവിച്ചിരിക്കുമ്പോൾ ഓരോരോ കാര്യങ്ങൾക്കായുള്ള കാത്തിരുപ്പ്, മരിച്ചുകഴിഞ്ഞാലും അവസാനിക്കണമെന്നില്ല. അമേരിക്കയിൽ നിന്ന് വരാനുള്ള മക്കൾക്കായി ദിവസങ്ങളോളം ഫ്രീസറിനുള്ളിലേക്ക് പോലും ആ കാത്തിരുപ്പ് നീണ്ടെന്ന് വരാം.
ചുറ്റുമുള്ള മനുഷ്യരേയും പ്രകൃതിയേയുമൊക്കെ സൂക്ഷ്മ നീരീക്ഷണത്തിന് വിധേയനാക്കിയാണ് കഥാകാരൻ അവതരിപ്പിക്കുന്നത്. നല്ല ഈർപ്പമുള്ള മണ്ണിൽ, പണ്ട് മണ്ണിര വളർന്നിരുന്ന ഇടങ്ങളിൽ ഇപ്പോളെന്തുകൊണ്ടാണ് മണ്ണിരകൾ വളരാത്തതെന്ന് വിശദീകരിക്കണമെങ്കിൽ അന്നുമിന്നും പ്രകൃതിയോട് അടുപ്പമുണ്ടായേ പറ്റൂ. കൈതോലപ്പായയുടെ പുതുമണം ഇഷ്ടപ്പെടുന്ന, കുടയുണ്ടായാലും മഴ നനയാനും, ചൂണ്ടയിടാനും കൊതിക്കുന്ന ഒരു ഗ്രാമീണൻ നാടുവിടുന്നതോടെ നഷ്ടബോധത്തിന്റെ നിരാശച്ചുഴിയിൽ കിടന്നാണ് കൈകാലിട്ടടിക്കുന്നത്. ആ അവസ്ഥ വായനക്കാരിലേക്ക് നിഷ്പ്രയാസം എത്തിക്കാൻ എഴുത്തുകാരനാവുന്നുണ്ട്. ബ്ലോഗുകളിൽ എന്നതുപോലെ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ളവയാണ് ഇസ്മായിലിന്റെ രചനകളിൽ ഏറെയും. രണ്ട് മാദ്ധ്യമങ്ങളിലും വായനക്കാരുള്ള അദ്ദേഹത്തിന്റെ കഥകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുമ്പോൾ, ബ്ലോഗ് രചനകളുടെ അഥവാ ബ്ലോഗ് രചയിതാക്കളുടെ കൂട്ടത്തിൽ നിന്ന് എണ്ണം പറയാവുന്ന ഒരു കഥാസമാഹാരം കൂടെയാണ് വായനക്കാരിലേക്കെത്തുന്നത്.
പരീക്ഷണം എന്ന കഥ, ഇന്നാട്ടിൽ നടക്കുന്ന കാര്യം തന്നെയാണ്. അത് എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. എല്ലാ കാര്യങ്ങളും പരീക്ഷിച്ച് മനസ്സിലാക്കുന്ന ഒരാൾ, പ്രവാസം എന്താണെന്ന് മനസ്സിലാക്കാൻ ഗൾഫിലേക്ക് പോയപ്പോൾ, അയാളുടെ ഭാര്യ നടത്തുന്ന ചില പരീക്ഷണങ്ങൾ ചുരുങ്ങിയ വരികളിൽ പറയാതെ പറയുകയാണ് കഥാകൃത്ത്. തെളിച്ച് പറയാതിരിക്കുമ്പോൾ കിട്ടുന്ന വായനാസുഖത്തിന് ഉദാഹരണം കൂടെയാണ് ഈ കഥ.
വിമാനയാത്രകളേയും സെക്യൂരിറ്റി പരിശോധനകളേയും വെറുക്കുന്ന പ്രവാസിയുടെ മനസ്സും, യാതൊരു നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും അതിർവരമ്പുകളുമില്ലാതെ പാറി നടക്കുന്ന മേഘങ്ങളോടുള്ള അസൂയയും, കാക്ക പോലും വിരുന്നുകാരനായി കണ്ട് വിരുന്ന് വിളിക്കുന്നതിന്റെ പരിഭവവുമൊക്കെ അടുത്തറിയാൻ ‘മാക്സിക്കാരൻ‘ എന്ന കഥ വായിച്ചാൽ മതി. ‘വർഷങ്ങളോളം വൈധവ്യം‘ എന്നാണ് ആണ്ടിലൊരിക്കലോ രണ്ടാണ്ട് കൂടുമ്പോളോ നാട്ടിലെത്തുന്ന പ്രവാസിയുടെ ഭാര്യയുടെ അവസ്ഥയെ, കഥാകാരൻ പരാമർശിക്കുന്നത്. വിരുന്ന് വന്നവനായി ഭാര്യ കാണുമ്പോൾ, പരോളിൽ വന്നവനായി നാട്ടുകാർ കാണുന്നു. എന്നാണ് മടങ്ങിപ്പോകുന്നതെന്ന് അവർ ചോദിക്കുന്നത് നാക്കിൽ വിഷം പുരട്ടിയാണ്. കുടുംബം ഇക്കരയിലുള്ള, എല്ലാ പ്രവാസിയും ഉള്ളിലൊതുക്കി വിങ്ങുന്നതും, ഉള്ളിൽത്തന്നെ കുഴിച്ചുമൂടുന്നതുമായ, നീറ്റലുകളുടെ കഥയാണ് ‘മാക്സിക്കാരൻ‘.
അക്കരെ എന്നും പച്ചയാണ്. അക്കരെ ചെന്നാൽ ഇക്കരപ്പച്ച. ഹോട്ടലിന്റെ പുറത്ത് ചില്ലലമാരയിൽ തീനാളങ്ങൾ നക്കിത്തോർത്തുമ്പോൾ നെഞ്ചിലൂടെ കോർത്ത കമ്പിയിൽക്കിടന്ന് കറങ്ങിക്കൊണ്ടിരിക്കുന്ന കോഴികളാണ്, നരകക്കോഴികൾ. ഹോട്ടലിന് അകത്തേക്ക് കടന്നാൽ സ്വർഗ്ഗമാണ്, ഹോട്ടലിന്റെ പേരും പാരഡൈസ് എന്നുതന്നെ. പക്ഷേ, അതിന്റെ പിന്നാമ്പുറത്ത്, കോഴികൾക്ക് പകരം മനുഷ്യന്മാരെ കോർത്ത് കറക്കുന്ന മറ്റൊരു നരകം കൂടെയുണ്ട്. നാട്ടിലുള്ളവർ എന്നും സ്വർഗ്ഗത്തിലാണ്. പ്രവാസി, നരകത്തിലെ കോഴിയും. എല്ലാവർക്കും കാണാനാകും, ഏതെങ്കിലും ഒരു ബന്ധുവിനേയോ സുഹൃത്തിനേയോ ആ നരകത്തീയിൽ. അവിടെ വിയർപ്പും കണ്ണുനീരും ഒരുപോലെ ഒഴുക്കി നിൽക്കുന്നവനെ തൊട്ടടുത്ത് നിന്നെന്ന പോലെ നിരീക്ഷിച്ച്, വായനക്കാരുടേയും പ്രവാസ വേദന അനുഭവിക്കാത്തവരുടേയും മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് കഥാകൃത്ത്. വെന്ത മനസ്സോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല.
‘എപ്പിസോഡ് 40‘ ടെലിവിഷൻ സീരിയലുകൾക്ക് അടിമപ്പെട്ടവരുടെ നേർക്കുള്ള പരിഹാസമാണ്. ഓട്ടം, തലയിണ എന്നിങ്ങനെയുള്ള ചെറുകഥകൾ ചിന്തോദ്ദീപകമായ സൃഷ്ടികളാണ്. ഹർത്താൽ, അന്ധവിശ്വാസങ്ങൾ, ബന്ധങ്ങൾ ആഘോഷങ്ങൾ, നേർവഴി, തുടക്കം ഒടുക്കം, അതും പോയി, എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളേയും സ്പർശിച്ചുകൊണ്ടുള്ളതാണ് 35ൽപ്പരം കഥകളും.
പ്രവാസവേദന എന്തെന്നറിഞ്ഞിട്ടുള്ളവർക്ക് ‘നരകക്കോഴി’ യെ എളുപ്പത്തിൽ ഉൾക്കൊള്ളാനാവും. പതിമൂന്ന് വർഷത്തോളം പ്രവാസഭൂമികളിലെ മണലാരണ്യങ്ങളിൽ അലഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കീ കഥകൾ പലതും അനുഭവങ്ങളോട് ചേർന്നാണ് നിൽക്കുന്നത്. ഇസ്മായിലിന്റേതായ ആഖ്യാനരീതി കൂടെ ആകുമ്പോൾ കഥകൾ മികച്ച തലത്തിലേക്കത് ഉയരുകയും ചെയ്യുന്നു. നെഞ്ചോട് ചേർത്ത് വായിച്ചാൽ നാടുവിടേണ്ടി വന്നവന്റെ വേദനയറിയാതെ, അല്ലലില്ലാതെ ഇക്കരയിൽ കഴിയുന്നവർക്കും ഇതിലെ നൊമ്പരങ്ങൾ എളുപ്പം മനസ്സിലാക്കാനാവും.
മികച്ചൊരു നേർവായന ഒന്നോ രണ്ടോ പേജുകൾക്കപ്പുറം കാത്തിരിക്കുമ്പോൾ, നിരക്ഷരനായ ഞാൻ അവതാരികയിലൂടെ ഇതിലധികം പറയുന്നത് വായനക്കാരോടുള്ള നെറികേടാണ്. ഇനി കഥകൾ വായിക്കുക, നരകക്കോഴിയുടെ കഥകൾ.
Saturday, 9 February 2013
പന്തിരുകുലത്തിന്റെ പിൻഗാമികൾ
‘വായില്ലാക്കുന്നിലപ്പന്റെ ജനനവും പറച്ചിയായ ഭാര്യയുടെ അസത്യപ്രസ്താവനയെത്തുടർന്ന് ആ മകനെ ജീവനോടെ പ്രതിഷ്ഠിക്കേണ്ടി വന്ന ദുഃഖവും ഭാര്യയുടെ ആത്മത്യാഗവും എല്ലാം കൂടെ വരരുചിയെ ജീവിതവിരക്തനാക്കി. പിന്നീട് അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയില്ല. ഇതിനകം വിക്രമാതിദ്യന്റെ രാജ്യം അന്യാധീനപ്പെട്ടിരുന്നു. രാജസദസ്സിലെ നവരത്നങ്ങളിലൊരാളും വരരുചിയുടെ ആത്മസുഹൃത്തുമായിരുന്ന വരാഹമിഹിരൻ അന്തരിച്ചു. മഹാകവി കാളിദാസനെ ഒരു വേശ്യ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. അമരസിംഹൻ സന്യാസം സ്വീകരിച്ച് നാടുവിട്ടു. ഒരുകാലത്ത് വിക്രമാദിത്യ രാജധാനിയിൽ ജ്വലിച്ചുനിന്നിരുന്ന നവരത്നങ്ങൾ ശോഭയറ്റതറിഞ്ഞ വരരുചി സ്വച്ഛന്ദമൃത്യു വരിക്കാൻ നിശ്ചയിച്ച് പാക്കനാരോടൊപ്പം ഗോകർണ്ണത്തെത്തി. പിതാവിന്റെ സമാധിസമയം തന്റെ ദിവ്യദൃഷ്ടിയാൽ മുൻകൂട്ടിയറിഞ്ഞ് വള്ളുവനും ഗോകർണ്ണത്ത് എത്തിയിരുന്നു. ഒരു ഭീഷ്മാഷ്ടമി നാളിൽ ഈ രണ്ട് മക്കളേയും സാക്ഷിയാക്കി വരരുചി സമാധിയായി.‘
ഡോ: രാജൻ ചുങ്കത്തിന്റെ ‘പന്തിരുകുലത്തിന്റെ പിൻഗാമികൾ‘ എന്ന ‘പഠനം‘ വായിച്ചിട്ടില്ലെങ്കിൽ ഇതുവരെ നിങ്ങൾ കേട്ടുപോന്ന പന്തിരുകുലത്തിന്റെ കഥകൾക്ക് പൂർണ്ണത കൈവന്നിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. ഓരോ പാരഗ്രാഫിലും ഐതിഹ്യങ്ങൾ, ഓരോ അദ്ധ്യായത്തിലും പുതിയ അറിവുകൾ, ഇപ്പോൾ നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന പന്തിരുകുലത്തിന്റെ പുതിയ തലമുറകളെപ്പറ്റി വിശദമാക്കുന്നതിനോടൊപ്പം പന്തിരുകുലത്തിന്റെ കൂടുതൽ രഹസ്യങ്ങളും രസകരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും വെളിപ്പെടുത്തുന്നു 80 പേജുകൾ മാത്രമുള്ള ഈ ഗ്രന്ഥം.
ഉപ്പുകൂറ്റൻ ആദ്യം കൃസ്ത്യാനിയും പിന്നീട് മുസ്ലീമായുമാണ് വളർന്നതെന്ന് എത്രപേർക്കറിയാം ? തിരുക്കുറൽ എഴുതിയ തിരുവള്ളുവർ ആണ് പന്തിരുകുലത്തിലെ വള്ളോനെന്നും ഭാഷ്യമുണ്ടെന്ന് ആർക്കൊക്കെ അറിയാം ? കോഴിപ്പരൽ എന്ന വസ്തുവിനെപ്പറ്റി നിങ്ങൾക്കുള്ള അറിവെത്രത്തോളമാണ് ? പറച്ചിയുടെ പേര് ‘ആദി‘ എന്നാണെന്ന് നമ്മൾക്കറിവില്ലാത്തതാണോ അതോ പറയി, പറച്ചി എന്നൊക്കെയുള്ള വിളികൾ നമ്മൾ ആസ്വദിക്കുന്നതാണോ ? കാരയ്ക്കൽമാത തമിഴകത്ത് കാൽക്കലമ്മ ആണെന്നും ഈ ശിവഭക്തയ്ക്ക് കാവേരീതീരത്തെ കാരയ്ക്കലിൽ ഒരു ക്ഷേത്രം തന്നെയുണ്ടെന്നും കാരയ്ക്കലമ്മയെക്കുറിച്ച് പഠനം നടത്തി തഞ്ചാവൂർ സർവ്വകലാശാലയിൽ നിന്ന് ഡോൿടറേറ്റ് എടുത്ത ഒരു വ്യക്തിതന്നെയുണ്ട് തമിഴ്‌നാട്ടിലെന്നും ആർക്കൊക്കെ അറിയാം ? ഡോൿടർ രാജന്റെ പഠനം വളരെ ആഴത്തിൽത്തന്നെയാണ് നടന്നിരിക്കുന്നതെന്ന് ഓരോ അദ്ധ്യായവും സാക്ഷ്യപ്പെടുത്തുന്നു.
നിളയുടെ തീരത്ത് മാത്രമല്ല കാവേരിയുടെ തീരത്തുമുണ്ട് പന്തിരുകുലത്തിനോട് സമാനമായ സമ്പന്നമായ ഐതിഹ്യ കഥകൾ. അഗ്നിഹോത്രി, പാക്കനാർ, പാണനാർ, വള്ളോൻ, കാരയ്ക്കൽ മാതാ, ഉപ്പുകൂറ്റൻ, എന്നിവർക്കെല്ലാം കാവേരീതീരത്തും വേരുകൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. എല്ലാം വളരെ ചുരുക്കി ഒതുക്കി പിശുക്കി പറഞ്ഞിരിക്കുന്നതിനോട് മാത്രമാണ് ഡോ:രാജനോട് എനിക്ക് വിയോജിപ്പ്. 500 പേജിലെങ്കിലും വിശദമായി എഴുതാൻ വകുപ്പുണ്ടായിരുന്ന കാര്യങ്ങൾ ഇങ്ങനെ ചുരുക്കിപ്പറഞ്ഞിരിക്കുന്നതിന് അദ്ദേഹത്തിന് മറ്റെന്തെങ്കിലും കാരണം കാണാതെ തരമില്ല. ഗ്രന്ഥത്തെപ്പറ്റി ഇതിൽക്കൂടുതൽ പറയുന്നത് വായനക്കാരോട് കാണിക്കുന്ന അനീതിയായിപ്പോകും. വായിച്ച് മനസ്സേറ്റേണ്ട കാര്യങ്ങളാണ് 16 അദ്ധ്യായങ്ങളിലായി മാതൃഭൂമി പബ്ലിഷ് ചെയ്തിരിക്കുന്ന 55 രൂപ വിലയുള്ള ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.
സത്യത്തിൽ 80 പേജുള്ള പുസ്തകം വായിച്ച് തീർക്കാൻ 800 പേജുള്ള പുസ്തകം വായിക്കുന്ന സമയം ഞാനെടുത്തു. ഇനിയും പലവട്ടം വായിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. പന്തിരുകുലത്തിന്റെ ഓർമ്മകൾ ഏറ്റവും കൂടുതലായി പേറുന്ന തൃത്താല ഗ്രാമത്തിൽ പാക്കനാരുടേയും അഗ്നിഹോത്രിയുടേയും നാറാണത്തിന്റേയുമൊക്കെ പരിസരത്തൂടെയും ഇടവഴികളിലൂടെയുമൊക്കെ രണ്ടുകൊല്ലം മുന്നേ നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ അയവിറക്കാൻ വ്യക്തിപരമായി ഈ ഗ്രന്ഥം എന്നെ സഹായിച്ചു. ആ യാത്രയിൽ വിട്ടുപോയ ഒട്ടേറെ സ്ഥലങ്ങൾ ഉണ്ടെന്നുകൂടെ ‘പന്തിരുകുലത്തിന്റെ പിൻഗാമികൾ’ ബോദ്ധ്യപ്പെടുത്തിത്തന്നു. പന്തിരുകുലത്തിന്റെ കഥകൾ കേട്ടിട്ടുള്ള ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണിത്.
Sunday, 7 October 2012
വോൾഗാ തരംഗങ്ങൾ
ടി.എൻ.ഗോപകുമാറിന്റെ ‘വോൾഗാ തരംഗങ്ങൾ‘ എന്ന പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പ്. ഇത് ആദ്യം പബ്ലിഷ് ചെയ്തത് നമ്മുടെ ബൂലോകം ബ്ലോഗിലാണ്. ഇപ്പോൾ ഇവിടെയും പകർത്തിയിടുന്നു. അഭിപ്രായങ്ങൾ ഇവിടെയോ നമ്മുടെ ബൂലോകത്തിലോ അറിയിക്കുമല്ലോ ?
--------------------------------------------------------------------
“എന്റെ കുട്ടിക്കാലത്ത് ഏറ്റെടുത്ത റഷ്യൻ അനുഭൂതികളുണ്ട്. ഈ സഞ്ചാരകൃതിയിൽ അതിന്റെ പരാമർശങ്ങൾ എനിക്കൊഴിവാക്കാനാവില്ല.“ എന്നു പറഞ്ഞാണ് ലേഖകൻ തന്റെ റഷ്യൻ യാത്രാവിവരണം ആരംഭിക്കുന്നത്. അദ്ദേഹത്തിന് മാത്രമല്ല, വായനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഉണ്ടാകും ഇപ്പറഞ്ഞ കുട്ടിക്കാലത്തെ റഷ്യൻ അനുഭൂതികൾ. ടി.എൻ.ഗോപകുമാറിന്റെ വോൾഗാ തരംഗങ്ങൾ എന്ന റഷ്യൻ യാത്രാവിവരണത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.
സോവിയറ്റ് യൂണിയൻ തകരാനുള്ള കാരണമെന്താണ് ? സഞ്ചാരത്തിനിടയിലെ പ്രധാന അന്വേഷണമതാണ്. റഷ്യയിൽ കമ്മ്യൂണിസം അവസാനിച്ചെന്ന് പറയുന്നവർക്ക് തെറ്റുപറ്റി എന്നാണ് ഗോപകുമാർ അഭിപ്രായപ്പെടുന്നത്. അതിന് അദ്ദേഹത്തിന്റേതായ വിശദീകരണവും ഉണ്ട്. റഷ്യയിൽ ഇംഗ്ലീഷ് അറിയുന്നവർ വളരെക്കുറവാണ്, അറിയാമെങ്കിൽത്തന്നെ സംസാരിക്കുന്നവർ വിരളം. ക്രിയാപദം ഒഴിവാക്കി തട്ടിയും മുട്ടിയുമൊക്കെ സംസാരിക്കാൻ മനസ്സുകാണിക്കുന്ന ഓരോരുത്തരോടും സോവിയറ്റ് യൂണിയന്റെ തകർച്ചയെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയും ലേഖകൻ തിരക്കുന്നുണ്ട്. പാർട്ടിയോ, കമ്മ്യൂണിസ്റ്റ് ആശയമോ അല്ല പ്രശ്നമുണ്ടാക്കിയത്, ലെനിൻ അടക്കമുള്ള ചില മനുഷ്യരാണ് കാരണമെന്നാണ് പുതിയ റഷ്യൻ നേതൃത്വം പറയാതെ പറയുന്നത്. ഭാഷയടക്കം പലതും അടിച്ചേൽപ്പിച്ചത് കാരണമായിട്ടില്ലേ ? പലതും തുറന്ന് പറയാൻ ജനങ്ങൾ മടിക്കുന്നു. അവർ ഭരണകൂടത്തിന്റെ ആൾക്കാരെ അക്ഷരാർത്ഥത്തിൽ പേടിക്കുന്നുണ്ട്. ആട്ടവും പാട്ടുമൊക്കെയായി ഒരു ഒത്തുചേരൽ വീണ്ടും ഉണ്ടാകുമെന്നും ‘ചരിത്രപരമായ തെറ്റ് ‘ തിരുത്തപ്പെടുമെന്നും കാത്തിരിക്കുന്നു അവർ. Why Russia ? നിങ്ങളെന്തിനാണ് റഷ്യപോലുള്ള ഒരു രാജ്യത്ത് വന്നതെന്ന് ചോദ്യം ലേഖകൻ നേരിടുന്നുണ്ട് ഒരിടത്ത്. Why not Russia ? I love Russia എന്ന് പറഞ്ഞാണ് രക്ഷപ്പെടുന്നത്.
ലെനിന്റെ ഇനിയും സംസ്ക്കരിക്കാത്ത ഭൌതികശരീരം കാണാൻ മുസോളിയത്തിൽ പോകുമ്പോൾ, എന്തിനീ ശരീരമിങ്ങനെ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന ചിന്ത, അങ്ങനൊരു കാര്യം അറിയുന്ന ഒരുപാട് പേരെപ്പോലെ തന്നെ അദ്ദേഹത്തിനുമുണ്ട്. ഉത്തരം പുസ്തകം തരുന്നുമുണ്ട്.
നമ്മൾ വിഡ്ഢികൾ, ഗാന്ധിജിയുടെ ശരീരം ലെനിന്റേത് പോലെ സൂക്ഷിച്ചിരുന്നെങ്കിൽ ടാജ് മഹാളിനേക്കാൾ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാമായിരുന്നെന്ന് പറയുന്നത് പരിഹാസത്തോടെ തന്നെയാണ്. ‘ലെനിനെ കാണാൻ മുസോളിയത്തിൽ എത്തുന്നവരേക്കാൾ കൂടുതൽ ആൾക്കാരുണ്ട് റെഡ് സ്ക്വയറിലെ ബസിലിക്കയിൽ. റെഡ് സ്ക്വയറിൽ കൃസ്‌തു വാഴുന്നു. കമ്മ്യൂണിസവും ക്രൈസ്തവതയും ഒന്നാണെന്ന് പറഞ്ഞവർക്ക് സ്തുതി.‘ നർമ്മബോധത്തോടെയാണ് പരുക്കനായ നേർക്കാഴ്ച്ചകളെ വരച്ചുകാട്ടിയിരിക്കുന്നതെന്ന് അവതാരികയിൽ പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നത് എത്രയോ ശരി.
തകർന്ന സോവിയറ്റ് യൂണിയനിൽ നിന്ന്, വയറ്റിപ്പിഴപ്പിനായി മറ്റ് രാജ്യങ്ങളിലേക്ക് മാംസവിൽക്കാൻ ചേക്കേറേണ്ട ഗതികേടുണ്ടായിട്ടുണ്ട് അന്നാട്ടിലെ പെൺകൊടികൾക്ക്. പക്ഷെ റഷ്യയിൽ എല്ലാ നൈറ്റ് ക്ലബ്ബുകളിലും കാണുന്ന നർത്തകികൾ അഭിസാരികൾ ആണെന്ന് ധരിക്കരുത്. മോസ്ക്കോ പോലുള്ള പ്രധാന നഗരങ്ങളിലെ ബാലെ സംഘങ്ങളിലെ നർത്തകികൾ പലരും ഒരു എക്സ്ട്രാ വരുമാനത്തിനായി നൈറ്റ് ക്ലബ്ബുകളിൽ ജോലി ചെയ്യുന്നെന്ന് മാത്രം. ബാലെ സംഘത്തിലെ നർത്തകികൾ ഭൂരിപക്ഷവും ബാലെയിൽത്തന്നെ നല്ലൊരു ഭാവിയ്ക്കായി കൊതിക്കുന്നു, കാത്തിരിക്കുന്നു. അവർക്ക് അതാണ് പ്രധാനം. അതിനായി അവർ ഹോളിവുഡ്ഡിൽ നിന്നുള്ള ക്ഷണങ്ങൾ പോലും നിരസിക്കുന്നു. തകർച്ചയുടെ അടിത്തട്ടിലെത്തി നിൽക്കുമ്പോളും സ്വന്തം നാടിന്റെ സംസ്ക്കാരം അടിയറവ് പറയാത്ത നല്ലൊരു കൂട്ടം ജനങ്ങളെ ഇന്നും കാണാനാകും റഷ്യയിൽ.
ഭാഷകൊണ്ട് അകന്നുനിൽക്കുന്നെങ്കിലും അമേരിക്കയേക്കാൾ ഭേദം റഷ്യതന്നെയാണെന്ന് വേണം മനസ്സിലാക്കാൻ. ഭൂപടത്തിൽ ഇന്ത്യ എവിടെയെന്ന് കാണിച്ചുതരാൻ റഷ്യക്കാർക്ക് പറ്റിയെന്ന് വരും. അമേരിക്കക്കാർക്ക് അതിനാകുമെന്ന് ഉറപ്പൊന്നുമില്ല.
റഷ്യൻ വിവാഹത്തിന്റെ ചില രസകരമായ മുഹൂർത്തങ്ങൾ, അത് കണ്ടിട്ട് അത്തരത്തിലാണെങ്കിൽ കല്യാണം തന്നെ കഴിക്കാതിരിക്കുന്നതാണ് ഭേദമെന്ന് അഭിപ്രായപ്പെടുന്ന സഹസഞ്ചാരികളായ നികേഷും(റിപ്പോർട്ടർ-നികേഷ് കുമാർ തന്നെയാകണം) സന്തോഷ് ജോർജ്ജും(കുളങ്ങര തന്നെ), സംഗീതത്തേയും കലാരൂപങ്ങളേയും ചെസ്സ് കളിയേയും സ്നേഹിക്കുന്ന ജനങ്ങൾ, എപ്പോഴും ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന റഷ്യൻ പെണ്ണുങ്ങൾ, മദ്യപിക്കുന്ന സമയത്തല്ലാതെ ഒരാവശ്യം ഉണ്ടെങ്കിൽ കൂടെ മന്ദഹസിക്കാത്ത പുരുഷന്മാർ, പീറ്റർ ചക്രവർത്തിയുടെ ദീർഘവീക്ഷണം ഇന്നത്തെ റഷ്യയ്ക്ക് നൽകിയിരിക്കുന്ന ഗുണഗണങ്ങൾ, പെട്രോഗ്രാഡ് ലെനിൻഗ്രാഡ് എന്നിങ്ങനെയൊക്കെ പലവട്ടം പേര് മാറ്റപ്പെട്ട സെന്റ് പീറ്റേർസ്‌ബർഗ്ഗിനെപ്പറ്റി നാട്ടുകാർ പറയുന്ന തമാശകൾ, എന്നിങ്ങനെ ഒരുപാട് വ്യത്യസ്തമായ വിശേഷങ്ങളുണ്ട് 14 അദ്ധ്യായങ്ങളിലായി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 95 പേജുള്ള ഈ സഞ്ചാര സാഹിത്യകൃതി 2011ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്.
റഷ്യയിൽ ജനസംഖ്യ വല്ലാതെ കുറഞ്ഞുവരുന്നതുകൊണ്ട് രണ്ടിലധികം കുട്ടികളുള്ളവർക്ക് ഭരണകൂടത്തിന്റെ വക ഒരുപാട് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. റോഡിലൂടെ മൂന്ന് കുട്ടികളുമായി പോകുന്ന ദമ്പതികളെ അസൂയയോടെയാണ് മറ്റുള്ളവർ നോക്കുന്നത്. അച്ഛനമ്മമാർ പാർട്ടിക്കാരാണെങ്കിൽ ആനുകൂല്യങ്ങളുടെ കാര്യം കുറേക്കൂടെ കേമമാണത്രേ! പോളണ്ടിലാകട്ടെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിക്കഴിഞ്ഞാൽ പിന്നെ അച്ഛനമ്മമാർ രണ്ട് കൊല്ലം ജോലി ചെയ്യണ്ട. ചിലവെല്ലാം സർക്കാരിന്റെ വക !!
ഗ്ലാസ്‌നോസ്റ്റ് എന്നാൽ 30 എം.എൽ, പെരിസ്‌ട്രോയിക്ക എന്നാൽ 60 എം.എൽ. എന്നിങ്ങനെയുള്ള ചില മദ്യപാന തമാശകളും, റഷ്യക്കാർ ഭയങ്കര മദ്യപാനികളാണെന്ന കിംവദന്തി പൊളിച്ചടുക്കുന്ന കണക്കുകളും യാഥാർത്ഥ്യങ്ങളുമൊക്കെ പുസ്തകം പങ്കുവെക്കുന്നുണ്ട്. റഷ്യക്കാർ എല്ലായ്പ്പോഴും വോഡ്‌ക്ക വാങ്ങാനായി ക്യൂ നിൽക്കുകയാണെന്നതാണ് കിംവദന്തി. കേരളത്തിലെ ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് മുന്നിലുള്ള നീണ്ടനിരകളും, ഓരോ പ്രാദേശീയ ആഘോഷങ്ങൾ കഴിയുമ്പോളും പുറത്തുവരുന്ന കോടികളുടെ കണക്കുകളും, ലോകമെമ്പാടും എത്തരത്തിലാണാവോ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ?!
യാത്രാന്ത്യത്തിൽ അധികം സഞ്ചാരികൾക്കൊന്നും ഉണ്ടാകാത്ത ഒരു ചിന്ത ഉത്ഭവിക്കുന്നുണ്ട് ലേഖകനിൽ. “ഈ യാത്രയിൽ എന്തുനൽകി ? എന്തുനേടി ?“ എസ്‌ക്കലേറ്ററിൽ സഞ്ചരിക്കുമ്പോൾ തൊട്ടടുത്ത് നിന്ന യുവതിക്ക് പരുക്കുപറ്റാൻ കാരണക്കാരനായതിൽ വീണ്ടും വീണ്ടും ദുഃഖിക്കുന്നു യാത്രികൻ. പരസ്പരം സ്നേഹം കൈമാറാനുള്ള അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി എന്നത് തന്നെയാണ് നേട്ടം. ഏതൊരു സഞ്ചാരിയും അനുകരിക്കേണ്ട കാര്യമാണത്.
റഷ്യയെപ്പറ്റി കുറേനാൾ മുൻപ് വായിച്ച ബോബി അലോഷ്യസിന്റെ ‘സ്വപ്നം നിലച്ച റഷ്യയിൽ‘എന്ന പുസ്തകത്തിലെ പല രംഗങ്ങളും വോൾഗാ തരംഗങ്ങൾ വായിച്ചപ്പോൾ മുന്നിലോടിയെത്തി. ബോബിയുടേത് ഒരു അത്‌ലറ്റ് എന്ന നിലയ്ക്കുള്ള അനുഭവങ്ങൾ കൂടെ പങ്കുവെക്കുന്ന പുസ്തകമായിരുന്നു. ഇനിയൊരു റഷ്യൻ സഞ്ചാരസാഹിത്യം വായിക്കുന്നുണ്ടെങ്കിൽ അത് ‘ഫിനിക്സ് പക്ഷിയായി സോവിയറ്റ് യൂണിയൻ‘ എന്ന തലക്കെട്ടുള്ള ഒന്നാകണമെന്ന് ഞാനാഗ്രഹിക്കുന്നു. കാരണം, ശ്രീ.ഗോപകുമാറിന് കിട്ടിയിരുന്നത് പോലെതന്നെ സൌജന്യമായി വായിക്കാൻ കിട്ടിയിരുന്ന സോവിയറ്റ് യൂണിയൻ, സ്പുട്ട്‌നിക്ക് എന്നീ പുസ്തകങ്ങളോടുള്ള മമതയും അത് എത്തിച്ചുതന്നിരുന്ന ആ രാഷ്ട്രത്തോളുള്ള സ്നേഹവും തന്നെ.
വാൽക്കഷണം:- റഷ്യൻ നാടോടിക്കഥകൾ എന്ന തടിയൻ ബൈന്റുള്ള പുസ്തകം കൈമോശം വന്നിട്ട് നാളേറെയായി. പക്ഷെ, അതിൽ നിറഞ്ഞുനിന്നിരുന്ന ഇവാൻ എന്ന യുവാവിന്റെ കഥകൾ നിറം മങ്ങാതെ മനസ്സിലിപ്പോഴുമുണ്ട്. എന്നാലും അതൊന്നുകൂടെ വായിക്കണമെന്ന് തോന്നുന്നു ഇപ്പോൾ.
.
.
Thursday, 7 June 2012
നമ്പാടന്റെ നമ്പറുകൾ
അരിച്ചാക്കിന് കൈയ്യും കാലും വെച്ചതുപോലെയാണ് ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ.
മുൻഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫയുടെ വാക്കും പഴയ ചാക്കും ഒരുപോലെയല്ല. ചാക്കിന് വിലയുണ്ട്.
മന്ത്രി മുസ്തഫയെ കണ്ടാൽ കേരളത്തിൽ ദാരിദ്യമുണ്ടെന്ന് ആരെങ്കിലും പറയുമോ ? ടീവിയിൽ നിറഞ്ഞ് നിൽക്കുകയാണ്. ചെറിയ ടീവിയാണെങ്കിൽ പൊളിഞ്ഞുപോകും. എല്ലാവർക്കുമുള്ളത് അങ്ങേര് തന്നയല്ലേ കഴിക്കുന്നത് ?
ഭക്ഷ്യമന്ത്രി മുസ്തഫ ചാറ്റൽ മഴയത്ത് മഴക്കോട്ടിട്ട് നടന്നുപോകുമ്പോൾ ട്രാഫിക്ക് പൊലീസ് കൈ കാണിച്ച് തടഞ്ഞുനിർത്തി. ചോദ്യം ചെയ്തു. അബദ്ധം മനസ്സിലാക്കി വിട്ടയച്ചു. ഓട്ടോറിക്ഷ ലൈറ്റിടാതെ പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണത്രേ പൊലീസ് തടഞ്ഞുനിർത്തിയത്.
വരികൾ ശ്രീ.ലോനപ്പൻ നമ്പാടന്റേതാണ്. ഇതൊക്കെയും വായിക്കുമ്പോൾ തോന്നും ലോനപ്പൻ നമ്പാടൻ ഏറ്റവും കൂടുതൽ ആക്രമിച്ചിരിക്കുന്നത് ടി.ഏച്ച്. മുസ്തഫയെ ആണെന്ന്. അങ്ങനൊന്നുമില്ല. നമ്പാടൻ മാഷ് ആരേയും വെറുതെ വിട്ടിട്ടില്ല. നായനാർ മുതൽ കരുണാകരൻ വരെ. പള്ളിക്കാർ മുതൽ പള്ളിക്കൂടത്തിലുള്ളവർ വരെ. എല്ലാവരും ഈ നിയമസഭാ സാമാജികന്റെ ഹാസ്യരസം നിറഞ്ഞ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന ‘നമ്പാടന്റെ നമ്പറുകൾ‘, ലോനപ്പൻ നമ്പാടൻ എന്ന സരസനായ രാഷ്ട്രീയക്കാരന്റെ ചിന്തിപ്പിക്കുന്ന നിരീക്ഷണങ്ങളും ചിരിപ്പിക്കുന്ന നമ്പറുകളും കുറിക്ക് കൊള്ളുന്ന വിമർശനങ്ങളും കൊണ്ട് നിറഞ്ഞതാണ്. പുട്ടിന് പീരയെന്ന പോലെ കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ വരകളുമുണ്ട്.
‘ഗ്രൌണ്ട് ‘ എന്നാൽ ഭൂമി. ‘വാട്ടർ‘ എന്നാൽ ജലം. ഗ്രൌണ്ട് വാട്ടർ എന്നാലോ ഭൂഗർഭജലം. ഈ ഗർഭം എവിടന്ന് വന്നു ? ഭൂജലം എന്ന് പോരേ ? നേർച്ചപ്പെട്ടിക്ക് ഇംഗ്ലീഷില്ലേ ? ചില സരസ ചിന്തകൾ അങ്ങനെ പോകുന്നു.
കൊതിക്കല്ലുകൾ എന്താണെന്നും ചേരമൂർഖന്റെ പ്രത്യേകതയെന്താണെന്നും അറിയാത്തവർക്ക് അത് നർമ്മത്തിലൂടെ മനസ്സിലാക്കാനുള്ള അവസരവും മാഷ് തരുന്നുണ്ട്.
വെഡ്ഡിങ്ങും വെൽഡിങ്ങും ഒന്നുതന്നെ. പുരുഷനും സ്ത്രീയും തമ്മിലുള്ള വെൽഡിങ്ങാണ് വെഡ്ഡിങ്ങ്.
‘ഡാ’ യെന്ന് മകനേയും ‘ഡീ’ യെന്ന് മകളേയും വിളിക്കുന്ന അച്ഛനെ മക്കൾ തിരിച്ചടിയെന്നോണം ‘ഡാഡീ’ എന്ന് വിളിക്കും എന്നത് അദ്ദേഹം മാത്രം ശ്രദ്ധിച്ചുവെച്ചിരിക്കുന്ന ഒരു കാര്യമാകാനും മതി.
സീതിഹാജി എറണാകുളം ലൈൻ ബസ്സിൽ ടിക്കറ്റെടുത്ത കഥയുടെ മറ്റ് വേർഷനുകൾ മുൻപ് പലയിടത്തും കേട്ടിട്ടുണ്ട്. മേനക, പത്മ, ഷേണായീസ്, ശ്രീധർ, ദീപ, കവിത, സരിത, ലിസി, എന്നീ പേരുകൾ പറഞ്ഞ് യാത്രക്കാർ ഓരോരുത്തർ ടിക്കറ്റെടുക്കുമ്പോൾ ‘ഒരു സീതിഹാജി‘ എന്നുപറഞ്ഞ് ടിക്കറ്റെടുക്കുന്ന ആ കഥ സീതിഹാജിയുടെ വക തന്നെ ആയിരുന്നോ ? അതിലെ സത്യാവസ്ഥ എന്തായാലും കൊള്ളാം, നമ്പാടന്റെ പോലെ തന്നെ ഒന്നൊന്നര പുസ്തകമാക്കാനുള്ള ഫലിതങ്ങൾ സീതിഹാജിയും ഇറക്കിയിട്ടുണ്ട്.
പൂച്ചയെ കണ്ടുപഠിക്കാം, കുറുക്കനും കുടുബവും, എന്ന നമ്പറുകളൊക്കെ പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവിടന്ന് കിട്ടിയത് ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സഹൃദയന്റേതാണ്.
കല്യാണക്കാർഡ് ഇംഗ്ലീഷിൽ അച്ചടിക്കുന്ന മലയാളി മരണക്കാർഡ് മലയാളത്തിലേ അടിക്കൂ എന്നത് എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാകുമോ ആവോ ?
നാട്ടിൽ കുടികിടപ്പുകാരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്നാണ് നമ്പാടൻ മാഷ് പറയുന്നത്. കുടിക്കുക, കിടക്കുക. അതാണ് മാഷുദ്ദേശിക്കുന്ന കുടികിടപ്പ്. നല്ല കുടിയന്മാർക്ക് രണ്ട് ഗുണങ്ങളുണ്ട്. 1)വീട്ടിൽ കള്ളൻ കേറുകയില്ല. 2)മുടിനരക്കുകയില്ല. ഒന്നൊന്നര വിശദീകരണമാണ് ഇതിന്റേതായി നൽകിയിട്ടുള്ളത്. കുടിയന്മാർക്ക് വേണ്ടി 3 കിടിലൻ പ്രമാണങ്ങളും തരുന്നുണ്ട് ലേഖകൻ. കൃസ്ത്യാനികൾ നല്ല ‘സ്പിരിറ്റു’ള്ളവരാണെന്ന് ഒരു താങ്ങലുമുണ്ട് ഇതിനിടയിൽ.
കുട്ടി അഹമ്മദ് കുട്ടി പുഷ്‌പുൾ എഞ്ചിൻ പോലെയാണെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേകത കൊണ്ടാണ്. മറ്റാരും ചിന്തിക്കാൻ പോലും സാദ്ധ്യതയില്ലാത്ത ഒരു ട്രാക്കാണത്. വീരേന്ദ്രകുമാർ ജനിച്ചത് തന്നെ എം.പി. ആയിട്ടാണെന്ന് പറയുന്നതും ആ പേരിലുള്ള പ്രത്യേകത കൊണ്ടുതന്നെ.
ഡി.ഡി.4 എന്ന് നമ്പാടൻ പരാമർശിക്കുന്നത് നിയമസഭയിലെ മുൻനിരയിലുള്ള നായനാർ, ബേബി ജോൺ, ഗൌരിയമ്മ, ടി.കെ.രാമകൃഷ്ണൻ എന്നീ പ്രായം ചെന്ന നാല് നേതാക്കളെയാണ്. ഡി.ഡി. എന്നാൽ ഡഫ് & ഡമ്പ്.
കോൺഗ്രസ്സ് (ഐ)യിൽ നാല് ഗ്രൂപ്പുകളാണുള്ളത്. തിരുത്തൽവാദികൾ, തിരുമ്മൽവാദികൾ, തുരത്തൽവാദികൾ, ഇരുത്തൽവാദികൾ. ഇവയ്ക്കെല്ലാം പുറമേ അലവലാതികൾ. കോൺഗ്രസ്സുകാരെ കൊന്ന് കൊലവിളിച്ചിരിക്കുകയാണിവിടെ.
കോലപ്പന്റെ ഓഫീസർ മലയാളത്തിന് എതിരാണ്. അതുകൊണ്ട്, ഭാര്യ പ്രസവിച്ചപ്പോൾ രണ്ടാഴ്ച്ച ലീവ് കിട്ടാൻ, കോലപ്പന് ഇംഗ്ലീഷിൽത്തന്നെ ലീവ് ലെറ്റർ എഴുതേണ്ടി വന്നു. അതിങ്ങനെ. My wife is born. The boy is girl. I am the only husband. So leave me two week. ഇതൊക്കെ വായിച്ചാൽ ചിരിക്കാതെ പിന്നെന്ത് ചെയ്യും ?
പൃഷ്ഠകുർബ്ബാന, ചെനയുള്ള കുതിര, പ്രെഗ്നന്റാക്കൽ എന്നിങ്ങനെയുള്ള നമ്പറുകളൊക്കെ ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുക. എടുത്തുപറയാൻ ഒരുപാടുണ്ട് ഇത്തരം നമ്പറുകൾ. എല്ലാം കൂടെ 181 എണ്ണം. വായനയുടെ രസച്ചരട് ഞാനായിട്ട് പൊട്ടിക്കുന്നില്ല.
വാൽക്കഷണം:- ബാപ്പോൾ സാർ ആരാണെന്ന് മനസ്സിലാക്കണമെങ്കിൽ നമ്പാടന്റെ നമ്പറുകൾ മാത്രം വായിച്ചാൽ പോര. ഡോ:ബാബുപോൾ എഴുതിയിരിക്കുന്ന ആമുഖം കൂടെ വായിക്കണം.
Sunday, 3 June 2012
സർവ്വോദയം കുര്യൻ
| സർവ്വോദയം കുര്യൻ |
അദ്ദേഹം വലിയ പ്രാസംഗികനൊന്നുമല്ല. പക്ഷെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തെ വെല്ലാൻ പോന്ന ഒരാൾ അദ്ദേഹത്തിന് മുന്നും പിന്നും വൈപ്പിൻ കരയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മറ്റൊരു വൈപ്പിൻ കരക്കാരനായ സഹോദരൻ അയ്യപ്പൻ സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടിയപ്പോൾ, കുര്യൻ ചേട്ടൻ തന്റെ ചുറ്റുമുള്ള അശരണരുടെ കണ്ണീരൊപ്പുന്നതിലാണ് ശ്രദ്ധ കേന്ദീകരിച്ചത്. വൈപ്പിൻകരയെന്നാൽ വിഷമദ്യദുരന്തത്തിന്റെ നാടെന്നുള്ള മാനക്കേടിനിടയിൽ, അൽപ്പമെങ്കിലും ആശ്വസിക്കാൻ ദ്വീപ് വാസികളായ ഞങ്ങൾക്കുള്ള അത്താണികൾ മേൽപ്പറഞ്ഞ ചുരുക്കം ചില വ്യക്തിത്വങ്ങൾ മാത്രം.
രോഗഗ്രസ്ഥരായവരുടെ ആശ്രയമായിരുന്നു സർവ്വോദയം കുര്യൻ. വസൂരി പിടിപെട്ടാൽ ബന്ധുജനങ്ങൾ പോലും തിരിഞ്ഞ് നോക്കാത്ത ഒരു കാലമുണ്ടായിരുന്നു. മദ്യമൊക്കെ സേവിച്ച് ധൈര്യം സംഭരിച്ച കുറച്ചുപേരാണ് രോഗിയെ ശുശ്രൂഷിക്കുക പതിവ്. അവരുടെ ശുശ്രൂഷയുടെ ഗുണം കൊണ്ട് രോഗി എളുപ്പം പരലോകത്തെത്തും, അല്ലെങ്കിൽ മരിക്കാതെ തന്നെ രോഗിയെ കുഴിച്ചിട്ടെന്നും വരും. കുര്യൻ ചേട്ടന് പക്ഷേ വസൂരി രോഗികളെ ശുശ്രൂഷിക്കാനും മറവ് ചെയ്യാനും മദ്യത്തിന്റെ സഹായം ആവശ്യമില്ല. അദ്ദേഹത്തിന്റെ മനസ്സിനേയോ ശരീരത്തേയോ സ്പർശിക്കാൻ പോലും വസൂരിക്ക് കഴിഞ്ഞിട്ടുമില്ല.
അനാഥരായ അറുനൂറിൽപ്പരം കുട്ടികളെയാണ് അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുള്ളത്. അമ്മത്തൊട്ടിലുകൾ ഇല്ലാതിരുന്ന ആ കാലത്ത് ഉപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമൊക്കെയായ അനാഥശിശുക്കളെ ആൾക്കാർ കൊണ്ടുപോയി ഏൽപ്പിച്ചിരുന്നത് സർവ്വോദയം കുര്യന്റെ പക്കലായിരുന്നു. തന്റെ വാഹനമായ സൈക്കിളിൽ ഒരു കൈയ്യിൽ കൈക്കുഞ്ഞിനേയും ചേർത്തുപിടിച്ചാകും പിന്നീടദ്ദേഹത്തിന്റെ സവാരി. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക്, അവരുടെ വിവരങ്ങളൊക്കെ വിശദമായി അന്വേഷിച്ചറിഞ്ഞ് ആ കുഞ്ഞുങ്ങളെ അദ്ദേഹം കൈമാറിയിരുന്നു. ഇന്നത്തെ കാലത്താണെങ്കിൽ, നിയമത്തിന്റെ നൂലാമാലകൾ ഒരുപാട് ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടായിരുന്ന പ്രവർത്തനങ്ങളാണ് അതൊക്കെ.
വഴിയരുകിൽ ചത്തുമലച്ച് കിടന്ന് ചീയുന്ന തെരുവുനായയെ കുഴിച്ചുമൂടാനും ജന്മികുടിയാൻ പ്രശ്നത്തിൽ കുടിയാന്മാരുടെ പക്ഷത്തുനിന്ന് പൊരുതാനും വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും വൈദ്യസഹായം ആവശ്യമുള്ളവർക്ക് അത്യാവശ്യത്തിനുള്ള മരുന്നെത്തിക്കാനുമൊക്കെ, കൈമെയ്യ് മറന്നും പോക്കറ്റിന്റെ കനം കുറയുന്നതോർത്ത് വ്യാകുലപ്പെടാതെയും കുര്യൻ ചേട്ടൻ ഇടപെട്ടുപോന്നിരുന്നു. ഞാറയ്ക്കൽ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ടായിരിക്കണം കുര്യൻ ചേട്ടന്റെ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടന്നിട്ടുണ്ടാകുക. ഷെറിൽസ് വാർഡ് എന്ന പേരിൽ അവിടെയുള്ള ചിൽഡ്രൻസ് വാർഡ് പണിതീർത്തുകൊടുത്തത് അദ്ദേഹത്തിന്റെ മകൻ ഗൾഫിൽ നിന്നയച്ചുകൊടുത്ത നാലുലക്ഷം രൂപകൊണ്ടാണ്. മദ്യദുരന്ത കാലത്ത് കുര്യൻ ചേട്ടന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ ഭീകരാവസ്ഥ കുറേക്കൂടെ വലുതാകുമായിരുന്നു. ഒരു ഓട്ടോറിക്ഷയിൽ മൈക്ക് വെച്ചുകെട്ടി, ‘കഴിഞ്ഞ ദിവസം മദ്യം കഴിച്ചവരൊക്കെ ഉടൻ ആശുപത്രിയിൽ എത്തുക, അത് വിഷമദ്യമാണ് ‘ എന്ന് വിളിച്ചറിയിച്ച് നടന്നത് സർവ്വോദയം കുര്യനാണ്. അനൌൺസ്‌മെന്റ് കേട്ട്, സമയത്തിന് ആശുപത്രിയിൽ എത്താനായതുകൊണ്ട് ഒരുപാട് പേർക്ക് ജീവൻ രക്ഷിക്കാനായി.
വൈപ്പിൻ കരയിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല കുര്യൻ ചേട്ടന്റെ പ്രവർത്തനങ്ങൾ. പാക്കിസ്ഥാൻ പ്രസിഡന്റ് യാഹ്യാഖാൻ ബംഗ്ലാദേശിൽ പട്ടാളഭരണം അഴിച്ചുവിട്ട 1971 കാലഘട്ടത്തിൽ ദുരിതത്തിലായിത്തീർന്ന ബംഗ്ലാദേശികൾക്കുള്ള മരുന്നും വസ്ത്രങ്ങളുമായി കുര്യൻ ചേട്ടൻ കേരളത്തിൽ നിന്ന് തീവണ്ടികയറി. അഭ്യാർത്ഥി ക്യാമ്പുകളിൽ ക്ലീനിങ്ങ് ജോലികൾ ചെയ്തും രോഗികളെ ശുശ്രൂഷിച്ചും സേവനമനുഷ്ഠിച്ചു. 1983ൽ ആന്ധ്രയിലുണ്ടായ ചുഴലിക്കാറ്റിൽ വീടും കുടിയും നഷ്ടപ്പെട്ട് പെരുവഴിയിലായവരെ സഹായിക്കാൻ മദർ തേരേസയോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ബീഹാറിലെ വരൾച്ച കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ, മഹാരാഷ്ട്രയിലെ കൊയ്‌നാ ഭൂകമ്പബാധിത പ്രദേശത്ത്, കർണ്ണാടകയിലെ ഷിമോഗയിൽ കുടിയിറക്കപ്പെട്ടവർക്ക് സ്വാന്തനമായി, വർഗ്ഗീയ ലഹള കത്തിപ്പടർന്ന ഗുജറാത്തിൽ, എന്നുവേണ്ട ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ പറ്റുന്നതിലധികം ജീവകാരുണ്യപ്രവർത്തനങ്ങളാണ് അദ്ദേഹം ചെയ്തുകൂട്ടിയിട്ടുള്ളത്. ലത്തൂരിലെ ഭൂകമ്പപ്രദേശത്ത് സഹായവുമായി എത്തുമ്പോൾ അദ്ദേഹത്തിന് പ്രായം എഴുപത്തിനാലായിരുന്നു.
പ്രസിഡന്റ് സെയിൽസിംങ്ങിൽ നിന്ന് രത്നശിരോമണി അവാർഡ് അടക്കം ഒരുപാട് അംഗീകാരങ്ങൾ കുര്യൻ ചേട്ടനെ തേടി വന്നിട്ടുണ്ട്. അതിന്റെയൊക്കെ കൂടെ കിട്ടുന്ന പണമെല്ലാം അദ്ദേഹം ചിലവഴിച്ചിരുന്നത് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടിത്തന്നെ. 1975 ൽ റെഡ് ക്രോസിൽ നിന്നുള്ള അവാർഡ്, 1993ൽ കാനഡയിലെ കെയർ & ഷെയർ സംഘടനയുടെ അവാർഡ്, ആൾ ഇന്ത്യാ കാത്തലിക്ക് യൂണിയൻ അവാർഡ്, അബുദാബി പ്രിയദർശിനി അവാർഡ് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങൾ.
‘സർവ്വോദയം കുര്യൻ - സാമൂഹ്യസേവനത്തിന്റെ ധ്രുവദീപ്തി‘ എന്ന പേരിൽ ശ്രീ ജോയ് നായരമ്പലം എഴുതി സ്വരാജ് പബ്ലിക്കേഷൻസ് കൊല്ലം പ്രസിദ്ധീകരിച്ച കുര്യൻ ചേട്ടന്റെ ജീവചരിത്രം വായിക്കുന്നതുവരെ അദ്ദേഹത്തെപ്പറ്റിയുള്ള വളരെ കുറച്ച് വിവരങ്ങൾ മാത്രമേ എനിക്കറിമായിരുന്നുള്ളൂ; കേട്ടറിഞ്ഞിരുന്ന വളരെ ചുരുക്കം കഥകൾ മാത്രം.
ശ്രീ ജോയ് നായരമ്പലം ചെയ്തിരിക്കുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. കുര്യൻ ചേട്ടനുമായി നിരന്തര സമ്പർക്കം പുലർത്തി അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയെപ്പറ്റിയും ചെയ്തുകൂട്ടിയ മഹത്തായ കർമ്മങ്ങളെപ്പറ്റിയുമൊക്കെ പറയിപ്പിച്ചെടുക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. താൻ ചെയ്ത കാര്യങ്ങൾ പറഞ്ഞുനടക്കാൻ കുര്യൻ ചേട്ടൻ തയ്യാറായിരുന്നില്ല എന്നതായിരുന്നു പ്രധാന പ്രതിബന്ധം. ജോയ് നായരമ്പലം ഇങ്ങനൊരു ജീവചരിത്രത്തിനായി ബുദ്ധിമുട്ടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, സ്വജീവിതം പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവർക്കായി ഉഴിഞ്ഞുവെച്ച ഒരു മഹാത്മാവിന്റെ സൽക്കർമ്മങ്ങൾ വിസ്‌മൃതിയിൽ ആഴ്‌ന്നുപോകുമായിരുന്നു.
Sunday, 11 March 2012
ജീവിതമെന്ന അത്ഭുതം
“അനുഷ്ക്കയ്ക്ക് ഇപ്പോൾ എത്ര വയസ്സായി ? “ ആശുപത്രിയിൽ വെച്ച് കണ്ടുപരിചയമുള്ള താടിക്കാരനെ, പിന്നീടൊരിക്കൽ തീവണ്ടിയിൽ വെച്ച് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ ഡോൿടർക്കായില്ല. ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള അർബുദമായിരുന്നു രണ്ടുവയസ്സുകാരി അനുഷ്ക്കയ്ക്ക്. പക്ഷെ ചികിത്സ നൽകാൻ ബാദ്ധ്യസ്ഥരായവർ തിടുക്കത്തിൽ ഡിസ്‌ചാർജ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു അവളെ. “ ആ കുട്ടി രണ്ട് മാസം കൂടെ കഴിഞ്ഞപ്പോൾ മരിച്ചൂപോയി”.... താടിക്കാരന്റെ മറുപടി. കുട്ടിക്ക് പിന്നീട് ചികിത്സയൊന്നും കൊടുത്തിട്ടില്ലെന്ന് തുടർന്നുള്ള സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയേക്കാൾ പ്രാധാന്യം ആശുപത്രിയിൽ കൂട്ടിന് നിൽക്കുന്ന കുട്ടിയുടെ അമ്മൂമ്മയ്ക്ക് നല്ല ഭക്ഷണം സംഘടിപ്പിക്കുക എന്നതായിരുന്നല്ലോ! കുട്ടിയുടെ മാതാപിതാക്കളാകട്ടെ, ഗൾഫിൽ എണ്ണപ്പണം വാരിക്കൂട്ടുന്നതിന്റെ തിരക്കിലും.
‘നീ മാത്രമല്ല, എനിക്ക് വേറെയും മക്കളുണ്ട്. നിന്റെ ചികിത്സയ്ക്ക് മാത്രം പണം ചിലവഴിച്ചുകൊണ്ടിരുന്നാൽ പറ്റില്ലല്ലോ‘ എന്നുപറഞ്ഞ് സ്വന്തം മകനെ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന അമ്മ. അവിടന്ന് അയാളെ രക്ഷിച്ചെടുക്കുന്നത് ഓട്ടോറിക്ഷക്കാരായ സുഹൃത്തുക്കൾ! വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; അതിൽത്തന്നെ ഒരുമിച്ച് കഴിഞ്ഞത് രണ്ട് ദിവസം മാത്രം. അപ്പോഴേക്കും ഭാര്യയെ അർബുദം പിടികൂടുന്നു. ഒഴിവാക്കി പോകാനാണ് എല്ലാവരും ആ ചെറുപ്പക്കാരനെ ഉപദേശിച്ചത്. പക്ഷെ ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് അയാൾ ഭാര്യയെ രക്ഷിച്ചെടുക്കുന്നു. അമ്മയുടെ ചികിത്സയേക്കാൾ വലുത് കോളേജിൽ പോകാൻ ബൈക്ക് ഇല്ലെന്നുള്ള മകന്റെ വ്യഥ. ക്യാൻസർ ബാധിച്ച് ചികിത്സയിൽക്കഴിയുന്ന മകന്, മയക്കുമരുന്നും സിഗരറ്റുമൊക്കെ ആശുപത്രിക്കിടക്കയിൽ എത്തിച്ചുകൊടുക്കുന്നത് ഡോൿടർ കൂടെയായ അമ്മ! എന്നിങ്ങനെ ഇതുവരെയുള്ള ജീവിതത്തിൽ നാം കേൾക്കാത്തതും കാണാത്തതുമായ ഒരുപാട് മുഖങ്ങൾ കടന്നുവരുന്നുണ്ട് ഡോ:വി.പി.ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’എന്ന അനുഭവക്കുറിപ്പുകളിലൂടെ. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിലെ അനുഭവകഥകളെല്ലാം മലയാളം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതാണ്. ക്യാൻസർ ചികിത്സാരംഗത്തെ അനുഭവങ്ങളും, ആതുരസേവനത്തിന്റെ ലോകത്ത് ഡോ:വി.പി.ഗംഗാധരൻ കണ്ടിട്ടുള്ള രോഗികളും അവരുടെ ബന്ധുക്കളുമൊക്കെ 31 അദ്ധ്യായങ്ങളിലൂടെ നമുക്ക് മുന്നിലെത്തുന്നു. അനുഭവകഥകൾ, വായനക്കാർക്കായി വരികളാക്കി മാറ്റിയിരിക്കുന്നത് കഥാകൃത്തായ കെ.എസ്.അനിയനാണ്. മുക്കിയും മൂളിയും പറഞ്ഞാൽപ്പോലും ഉള്ള് പിടയ്ക്കാൻ പോന്ന തീക്ഷ്ണമായ അനുഭവങ്ങളൊക്കെയും, അനിയന്റെ ആഖ്യാനത്തിന്റെ മാന്ത്രികസ്പർശം കൂടെയാകുമ്പോൾ നോവിന്റെ പര്യായങ്ങളായി മാറുന്നു.
ചികിത്സിച്ച് ഭേദമാക്കിയ രോഗികളെപ്പറ്റിയുള്ള കഥകൾ മാത്രമല്ല 212 പേജുള്ള പുസ്തകത്തിലുള്ളത്. കൈവിട്ട് പോയവരെപ്പറ്റിയുള്ള വേദനകളും മറ്റ് അനുഭവങ്ങളുമൊക്കെ ഡോൿടർ പങ്കുവെക്കുന്നുണ്ട്. ഓരോ കഥകളും വായിച്ച് തീരുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞെന്ന് വരും. ഏതെങ്കിലും ഒരു കഥയ്ക്ക് ശേഷം പോലും അങ്ങനെയൊരു വികാരം വായനക്കാരനുണ്ടായില്ലെങ്കിൽ അയാൾക്ക് സാരമായെന്തോ കുഴപ്പമുണ്ട് ; നല്ലൊരു ചികിത്സയ്ക്ക് സമയമായിരിക്കുന്നു. രോഗവും രോഗിയുമൊന്നും ഇല്ലാത്ത ഒരൊറ്റ അദ്ധ്യായം മാത്രമേ പുസ്തകത്തിലുള്ളൂ. ‘ആദ്യകാറിന്റെ കന്നിയാത്ര’ എന്ന ആ ലേഖനത്തിനാസ്പദമായ സംഭവദിവസം ഡോൿടർക്കുണ്ടായ മനോവ്യഥ ചെറുതൊന്നുമായിരിക്കില്ല. എന്നിരുന്നാലും ഇന്നത് ആലോചിക്കുമ്പോൾ ഡോൿടർക്കും വായിക്കുന്നവർക്കും ചിരിപൊട്ടിയെന്ന് വരും.
പലതരം അർബുദങ്ങൾ, രക്ഷപ്പെടാനുള്ള സാദ്ധ്യതകൾ ചുരുക്കമായിരുന്നിട്ടും അതിൽനിന്നൊക്കെ പിടിച്ചുകയറിയവർ, എല്ലാ മാസവും പ്രിയപ്പെട്ടവൾ വേർപിരിഞ്ഞുപോയ ആശുപത്രിയിലെത്തി അവളുടെ ആത്മാവിനോട് സംസാരിക്കുന്ന ഭർത്താവ്, ഒരു മകളെ അർബുദരോഗത്തിൽ നിന്നും ഡോ:ഗംഗാധരൻ രക്ഷിച്ചെടുക്കുമ്പോൾ അതേ ആശുപത്രിയിലെ മറ്റൊരു മുറിയിൽ ആ മകളുടെ അമ്മയെ കാമവെറി തീർക്കാൻ ഉപയോഗിച്ച് നിത്യശയ്യയിലേക്ക് തള്ളിവിടുന്ന മറ്റൊരു ഡോൿടർ, അങ്ങനെയങ്ങനെ ഇന്നുവരെ കഥകളിലോ സിനിമകളിലോ പോലും വായിക്കാത്തതും കാണാത്തതുമായ മുഖങ്ങളുടെ നീണ്ടനിരയാണ് ഗ്രന്ഥത്തിൽ.
കൃത്യസമയത്ത് കണ്ടുപിടിക്കാനായാൽ ഒരുവിധപ്പെട്ട അർബുദരോഗമൊക്കെ പരിചരിച്ച് ഭേദമാക്കാൻ പറ്റുമെന്ന ആത്മവിശ്വാസം ഡോൿടർക്കുണ്ട്. പക്ഷെ, സമൂഹത്തെ ബാധിച്ചിരിക്കുന്ന തെറ്റിദ്ധാരണയെന്ന അർബുദത്തെ ചികിത്സിച്ച് തുരത്താൻ തനിക്കാവില്ല എന്നാണ് വ്യസനത്തോടെ അദ്ദേഹം പറയുന്നത്. പകരുന്ന രോഗമാണ് ക്യാൻസറെന്ന് കരുതുന്ന ജനങ്ങൾ, ചികിത്സയിലൂടെ രോഗവിമുക്തനായ ഒരാൾക്ക് റോഡിൽ ഇറങ്ങി നടക്കാനാവാത്ത വിധം ‘ക്യാൻസർ രോഗി’ എന്ന് പരിഹസിക്കുന്നവർ, രോഗം ബാധിച്ച പെൺകുട്ടിയെ മുറിയിൽ പൂട്ടിയിടുകയും മൂന്ന് നേരം ആഹാരം കൊടുക്കാൻ മാത്രമായി കതക് തുറക്കുകയും ചെയ്യുന്ന അമ്മ. ഇത്തരത്തിലുള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമൂഹത്തിന് എന്തുതരം ചികിത്സയാണ് നൽകേണ്ടത് ? തനിക്കാവുന്നവിധം ബോധവൽക്കരണപ്രവർത്തനങ്ങൾ ഡോൿടർ നടത്തുന്നുണ്ട്. കീമോത്തെറാപ്പിയും സർജറിയുമൊക്കെ നടത്തി അർബുദ കോശങ്ങളേയും രോഗാണുക്കളേയും രോഗിയുടെ ശരീരത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞാൽപ്പിന്നെ ഇടവിട്ടുള്ള ചില പരിശോധനകൾ മാത്രമേ ആവശ്യമുള്ളൂ. അതുകൂടെ കഴിഞ്ഞാൽ ഈ രോഗത്തിന്റേതായ യാതൊരുവിധ മരുന്നുകളും ചികിത്സകളും കൂടാതെ മുന്നോട്ട് പോകാൻ ഒരാൾക്കാകും. നേരെ മറിച്ചാണ് ഒരു ഹൃദ്‌രോഗിയുടേയോ വൃക്കരോഗിയുടേയോ അവസ്ഥ. എന്നിട്ടും ക്യാൻസറിനെ മാത്രം എന്തുകൊണ്ട് സമൂഹം ഒരു തീരാവ്യാധിയായും തീണ്ടാവ്യാധിയുമായി കാണുന്നു ?!
ആതുരസേവനരംഗത്ത് ചികിത്സയായും സ്വാന്തനമായും സ്നേഹമായും സൌഹൃദമായുമൊക്കെ ഡോ:വി.പി.ഗംഗാധരൻ ചൊരിയുന്ന കനിവിന്റെ ഉറവ് ഈ ഗ്രന്ഥത്തിൽ കാണാമെങ്കിലും കൈയ്യയച്ച് അദ്ദേഹം ചെയ്യുന്ന സാമ്പത്തിക സഹായങ്ങൾ മനഃപൂർവ്വം പരാമർശിക്കപ്പെടാതെ പോകുകയാണ്. ഇടം കൈ ചെയ്യുന്നത് വലംകൈ അറിയരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഡോൿടറെ നേരിട്ടറിയുന്നവർക്കൊക്കെ ബോദ്ധ്യമുണ്ടാകും. സ്വന്തം കൈയൊപ്പിട്ട സത്യവാങ്ങ്മൂലം നൽകാത്തതുകൊണ്ട് പത്മ പുരസ്ക്കാരങ്ങൾ അടക്കമൂള്ള ബഹുമതികളൊന്നും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടില്ല. അംഗീകാരങ്ങളും ആദരവുകളുമൊക്കെ കരിങ്കല്ലിലെന്നപോലെ കൊത്തിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ രോഗികളുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ഹൃദയത്തിലാണ്. അതിന്റെ തിളക്കം എല്ലാക്കാലം നിലനിൽക്കുകയും ചെയ്യും.
പൂജാമുറിയിലാണ് ഒരു ടീച്ചർ ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ ഒരു പേജെങ്കിലും വായിക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ലെന്നാണ് അവർ പറയുന്നത്. കേരളത്തിലോ വെളിയിലോ, ഏതെങ്കിലുമൊരു കുടുംബത്തിന്റെ പൂജാമുറിയിൽ, ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഡോ:ഗംഗാധരന്റെ ഒരു ഫോട്ടോ കാണാനിടയായാൽ അതിനെയാരും നിസ്സാരമായിട്ട് കാണുകയോ പുച്ഛിച്ച് തള്ളുകയോ ചെയ്യരുത്. കാരണം, മറ്റനേകം അർബുദ രോഗികളെപ്പോലെ, ആ വീട്ടുകാർക്ക് അദ്ദേഹം കൺകണ്ട ദൈവം തന്നെയാണ്.
വാൽക്കഷണം:- ജി.വി.ശ്രീകുമാർ ഡിസൈൻ ചെയ്ത പുസ്തകത്തിന്റെ മുഖചിത്രത്തിൽ ഡോൿടറുടെ ചിത്രത്തിന്റെ പുറകിലായി കാണുന്ന ചുവന്ന ട്രാഫിക് ലൈറ്റിന്റെ അർത്ഥമെന്താണ് ? പുസ്തകം വായിച്ചുതീർക്കുന്ന ഒരാൾക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വരില്ല. ‘സ്റ്റോപ്പ്....... അർബുദ രോഗാണുക്കൾക്ക് ഇതിനപ്പുറത്തേക്ക് പ്രവേശനമില്ല. ഇവിടെ ഡോ:ഗംഗാധരൻ തന്റെ രോഗികൾക്ക് താങ്ങും തണലും തുണയും സ്വാന്തനവുമൊക്കെയായി നിങ്ങളുടെ വഴിമുടക്കി നിൽക്കുന്നു.‘
Wednesday, 29 February 2012
മറുപിറവി
കപ്പൽക്കമ്പനിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് മുംബൈയിൽ വിസരജീവിതം നയിക്കുന്ന അരവിന്ദൻ നാട്ടിലേക്കൊരു യാത്രപുറപ്പെടുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. പെരുമാൾ എന്ന മഹാരാജാസ് കോളേജ് സീനിയറും, ടൂറിസം വ്യവസായവുമായി ഈജിപ്റ്റിൽ പ്രവാസമനുഷ്ഠിക്കുന്ന ആസാദും, വ്യവസ്ഥാപിത വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത രാമഭദ്രനുമൊക്കെയായി കുറേ ദിവസങ്ങൾ നാട്ടിൽ തങ്ങി, നാടിന്റെ ചരിത്രത്തിലൂടെ പിന്നോട്ട് നടക്കുക, പ്രവാസജീവിതത്തിന്റെ മടുപ്പിൽ നിന്ന് കുറച്ച് കാലത്തേക്കെങ്കിലും രക്ഷപ്പെടുക എന്നതൊക്കെയാണ് ഉദ്ദേശങ്ങൾ. അരവിന്ദൻ എന്ന നായക കഥാപാത്രത്തിലൂടെ ഒരു നാടിന്റെ കഥ പറയുകയും ചരിത്രത്തിന്റെ ഉറുക്കഴിക്കുകയും ചെയ്യുമ്പോൾ, അത് സേതുവിന്റെ മറുപിറവി എന്ന നോവലായി മാറുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടിഞ്ഞുപോയ, മുചരി, മുചരിപ്പട്ടണം, മുസരീസ്, എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു പുരാതന തുറമുഖത്തിന്റെ ചരിത്രം, സാങ്കൽപ്പിക കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിരുന്ന കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി അതീവ ഭംഗിയോടെ സന്നിവേശിപ്പിച്ചിരിക്കുന്നു മറുപിറവിയിൽ. മുസരീസ് തുറമുഖത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊക്കെ കഥാകാരനടക്കം നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള പല പ്രമുഖരും നോവലിലെ കഥാപാത്രങ്ങളാണ്. സഹോദരൻ അയ്യപ്പനേയും, മഹാരാജാസ് കോളേജ് പ്രിൻസിപ്പാളായിരുന്ന ഭരതൻ മാഷിനേയും അഡ്വ:തോമസ് ഐസക്കിനേയും ശിവൻപിള്ളയേയും പോലുള്ള ചിലരെ മാത്രമേ വായനക്കാരനായ എനിക്ക് കേട്ടറിവുള്ളൂ. നോവലിസ്റ്റ് പക്ഷെ മുചരിയുടെ മക്കളെ ആരേയും വിട്ടുപോയിട്ടില്ല. സ്ക്കൂളിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും നാട്ടിൽ അദ്ദേഹത്തിന്റെ ശ്രദ്ധിയാകർഷിച്ചിട്ടുള്ള അപ്രശസ്തരായവരും, പ്രശസ്തരെപ്പോലെ തന്നെ അവിടവിടെയായി കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പാലിയം കൊട്ടാരത്തിന്റെ ചരിത്രവും പാലിയം സമരവുമൊക്കെ എന്താണെന്ന് ഊഹം പോലും ഇല്ലാത്തവർക്ക് മറുപിറവി ഒരു റഫറൻസ് ഗ്രന്ഥമായിത്തന്നെ പ്രയോജനപ്പെടും. മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ, രാജാവിനേക്കാൾ കാര്യശേഷിയുള്ള പ്രവർത്തനങ്ങളും വേലുത്തമ്പി ദളവയുമായി ചേർന്നുള്ള നീക്കങ്ങളുമൊക്കെ ബഹുഭൂരിപക്ഷം വായനക്കാരും ഇതുവരെ കേൾക്കാത്ത ചരിത്രമായിരിക്കും. നമുക്കെല്ലാം കുറച്ചെങ്കിലും അറിയുന്ന, കൊച്ചിരാജാവും ഡച്ചുകാരും പറങ്കികളും ബ്രിട്ടീഷുകാരും സാമൂതിരിയുമൊക്കെ അടങ്ങുന്ന അത്രയേറെ പഴക്കമില്ലാത്ത കാലഘട്ടത്തിൽ നിന്നൊക്കെ ഒരുപാട് പിന്നോക്കം പോയി, കുരുമുളകിനായി യവനരും ഈജിപ്ഷ്യന്മാരും കേരളത്തിലെത്തിയിരുന്ന ഇരുളടഞ്ഞ ഒരു കാലത്തിന്റെ കഥയിലേക്ക് കൂടെയാണ് നോവൽ വെളിച്ചം വീശുന്നത്. ഇസ്രായേലിൽ നിന്ന് പാലായനം ചെയ്ത് കുടിയേറ്റക്കാരായി മുചരിയിൽ എത്തിയ യഹൂദന്മാർ, അവരുടെ അതിജീവനത്തിന്റെ കഥ, പൊന്നുവിളയുന്ന കേരളത്തിൽ നിന്ന് ഇസ്രായേൽ എന്ന തരിശുഭൂമിയിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥ, ചിതറിപ്പോയവർ തലമുറകൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരികെച്ചെന്നപ്പോൾ നേരിടേണ്ടി വന്ന ജീവിത യാഥാർത്ഥ്യങ്ങൾ, എന്നിങ്ങനെ മുചരിയുമായി ബന്ധപ്പെട്ടത് ചരിത്രമായാലും ഐതിഹ്യമായാലും ഒന്നും തന്നെ ലേഖകൻ ഒഴിവാക്കിയിട്ടില്ല. പാലിയത്തച്ചന്റെ വല്ലാർപാടം പള്ളിയുമായുള്ള മതമൈത്രി ബന്ധത്തിനൊപ്പം വല്ലാർപാടത്തെ അടിമ കിടത്തൽ ചടങ്ങിന്റെ ഐതിഹ്യവും നോവലിൽ സ്മരിക്കപ്പെടുന്നുണ്ട്.
കൊടുങ്ങല്ലൂർ കോവിലകത്തെ അന്തർജ്ജനങ്ങളുടെ ജീവിതത്തിലേക്ക് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്ന് കയറുന്നത്, ഒളിച്ചും പാത്തും വായിച്ചിരുന്ന പാർട്ടി പുസ്തകങ്ങളിൽ നിന്ന് ആവേശഭരിതരായി തമ്പുരാട്ടിമാരിൽ ചിലർ സമരമുഖങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, എന്നിങ്ങനെ അക്കാലത്തെ വിപ്ലവകരമായ എല്ലാ സംഭവങ്ങളും കഥയുടെ ഭാഗമാണ്. ജലീലിനെപ്പോലുള്ള സഖാക്കളുടെ നിസ്സീമമായ പ്രവർത്തനങ്ങൾ, ടി.സി.എൻ. മേനോൻ (തെക്കേച്ചാലിൽ നാരായൺകുട്ടി മേനോൻ) എന്ന പ്രഗത്ഭ പാർലിമെന്റേറിയന്റെ അതിലേറേ പ്രാഗത്ഭ്യമുള്ള അഭിഭാഷണവൃത്തിയുടെ കഥകൾ, എന്നതൊക്കെ ചരിത്രം താൽപ്പര്യമില്ലാത്തവർക്ക് പോലും അതീവ താൽപ്പര്യത്തോടെ വായിച്ച് പോകാനാവും.
സ്പൈസ് റൂട്ടിലൂടെ കൊല്ലാകൊല്ലം സ്ഥിരമായി മുചരിത്തുറമുഖത്ത് എത്തിയിരുന്ന യവനരിൽ പ്രമുഖനായ ആഡ്രിയന് കിടക്ക വിരിച്ചിരുന്ന വടക്കോത്ത് തങ്കയും മകൾ പൊന്നുവും കാലചക്രം തിരിയുമ്പോൾ കഥാവശേഷരാകുന്നുണ്ടെങ്കിലും, പൊന്നുവിന്റെ മകൾ കുങ്കമ്മയെ ആധുനിക തുറമുഖമായ കൊച്ചഴി എന്ന കൊച്ചിയിലെ പ്രമുഖ വ്യവസായിയാക്കി മാറ്റുന്നുണ്ട് കഥാകാരൻ. മാണിക്കൻ, കിച്ചൻ എന്നീ ശക്തരായ കഥാപാത്രങ്ങളിലൂടെ മുചരിയുടെ കാർഷിക ഭൂപടത്തിലേക്കും, ആർക്കും വേണ്ടാത്ത കാട്ടുവള്ളിയിൽ പടർന്നിരുന്ന കുരുമുളക്, മുചരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സംഭവങ്ങളിലേക്കുമൊക്കെ കഥ കടന്നുചെല്ലുന്നു. ഇത്രയൊക്കെ പറഞ്ഞുപോകുന്ന ഒരു ഗ്രന്ഥത്തിൽ ചേന്ദമംഗലം കൈത്തറിയുടെ ചരിത്രവും വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ ?
ലേഖകനെപ്പോലെ തന്നെ, വായനക്കാരനായ ഞാനും ഒരു മുചരിക്കാരനാണ്. മണ്ണിൽപ്പുതഞ്ഞ് കിടക്കുന്ന മുചരിക്കഥകൾ വെളിയിൽ വരുന്നമ്പോഴൊക്കെ സാകൂതം വീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക്, വലിയൊരു അദ്ധ്വാനമാണ് മറുപിറവി എനിക്കൊഴിവാക്കിത്തന്നത്. ചിതറിക്കിടക്കുന്ന ചരിത്രമെല്ലാം ഒരിടത്തുനിന്ന് തന്നെ വായിക്കാം എന്ന സൌകര്യമാണത്. മുസരീസിന്റെ ചരിത്രം കിളച്ചെടുക്കാനായി സംഘകാല കൃതികൾ അടക്കം ലഭ്യമായ എല്ലാ ചരിത്രരേഖകളിലേക്കും, വ്യക്തികളിലേക്കും കൂന്താലിയുമായി ശ്രീ. സേതു ചെന്നുകയറിയിട്ടുണ്ട്.
ചരിത്രം എഴുതാൻ ബുദ്ധിമുട്ടാണ്, നോവലാകുമ്പോൾ അൽപ്പം സ്വാതന്ത്ര്യമൊക്കെ എടുക്കാമല്ലോ എന്ന് രാമഭദ്രൻ എന്ന കഥാപാത്രം തന്നെ പറയുന്നുണ്ട്. എനിക്കതിനോട് യോജിക്കാനാവുന്നില്ല. ചരിത്രമാണെങ്കിൽ തലക്കെട്ടും ഇടക്കെട്ടുമൊക്കെയിട്ട് അദ്ധ്യായം തിരിച്ച് തിരിച്ച് പറഞ്ഞങ്ങ് പോയാൽ മതി. പക്ഷെ, ചരിത്രം ചികഞ്ഞെടുത്ത് 372 പേജുകളായി നീളുന്ന നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ കാലയളവുകൾ തെറ്റാതെ അതിനെ സന്നിവേശിപ്പിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്. അതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
ഗോതുരുത്തിലെ മണ്ണിൽ വീണ തട്ടുങ്കൽ സാറ എന്ന ജ്യൂതപ്പെണ്ണിന്റെ ചോരയെപ്പറ്റിയുള്ള പൊട്ടും പൊടിയുമൊക്കെ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും, അതേപ്പറ്റി വിശദമായിട്ട് മനസ്സിലാക്കാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരുപാടൊരുപാട് സംഭവങ്ങൾ വള്ളിപുള്ളി വിടാതെ നോവലിൽ പിറവി കൊണ്ടിരിക്കുന്നു. നോവലിസ്റ്റിനോട് ഞാനടക്കമുള്ള എല്ലാ മുസരീസുകാരും, ചരിത്രത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തും ഒന്നിടവിട്ടുള്ള തലമുറയിലെങ്കിലും ഒരു ചരിത്രകാരൻ ജനിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മറുപിറവിയുടെ കഥാകാരൻ എന്നതിനേക്കാൾ ഉപരി, ചേന്ദമംഗലത്തിന്റേയും വടക്കൻ പറവൂരിന്റേയും ഗോതുരുത്തിന്റേയും കോട്ടപ്പുറത്തിന്റേയും കൊടുങ്ങല്ലൂരിന്റേയും പാലിയത്തിന്റേയുമൊക്കെ കഥകളും ചരിത്രവുമൊക്കെ രേഖപ്പെടുത്താൻ, ഈ തലമുറയിൽ പിറവിയെടുത്ത ചരിത്രകാരന്റെ സ്ഥാനമാണ് സേതുവിന് മുസരീസുകാർ കൊടുക്കേണ്ടത്. മറുപിറവിക്ക് ഒരു ചരിത്രനോവൽ എന്ന സ്ഥാനവും.
.
Thursday, 9 February 2012
മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ
ഗുരുവും അയൽവാസിയും പങ്കുകാരനുമായ ഏണസ്റ്റ് സാറിന്റെ വീട്ടിൽ ചെന്നപ്പോൾ മേശപ്പുറത്ത് ‘മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ (കേസരി ബുക്സ്) കിടക്കുന്നു. ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞ കോപ്പി. ഞാനത് കടന്ന് പിടിച്ചു, കടമായി വാങ്ങിക്കൊണ്ടുപോയി രാത്രിക്ക് രാത്രി തന്നെ വായിച്ചുതീർത്ത് തിരിച്ച് കൊടുക്കുകയും ചെയ്തു.
മുസരീസ് സംബന്ധിയായ എന്തുകണ്ടാലും ചാടി വീഴാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം നാട്ടിൽ നിന്ന് ക്രിസ്തുവിന് മുന്നേയുള്ള ശേഷിപ്പുകൾ കിളച്ചെടുക്കാൻ തുടങ്ങുമ്പോൾ, പറങ്കികൾക്കും ലന്തക്കാർക്കും ഇംഗ്ലീഷുകാർക്കുമൊക്കെ മുന്നേ, സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു കാലഘട്ടത്ത് യവനരും റോമാക്കാരുമൊക്കെ ഞങ്ങളുടെ ഇടവഴികളിലൊക്കെ വിലസി നടന്നിരുന്നെന്ന് തെളിവുകൾ നിരത്തപ്പെടുമ്പോൾ, ആ സംസ്ക്കാരത്തിന്റെയൊക്കെ ഭാഗമായിരുന്നല്ലോ എന്റെ പൂർവ്വികർ എന്ന ചിന്ത ആനന്ദദായകമാകുമ്പോൾ, മണ്ണടിഞ്ഞുപോയ മുസരീസിന്റെ പൊട്ടും പൊടിയും പെറുക്കാതിരിക്കാൻ എനിക്കുമാവുന്നില്ല.
പുസ്തകം പക്ഷെ, പേര് സൂചിപ്പിക്കുന്നത് പോലെ മുസരീസിന്റെ ചരിത്രത്തിൽ ഊന്നിയുള്ളതല്ല. മുസരീസുകാരനായ ജോസ് മഴുവഞ്ചേരി എന്ന അദ്ധ്യാപകന്റെ അനുഭവക്കുറിപ്പുകളാണ് ഗ്രന്ഥത്തിൽ. ജോസ് മഴുവഞ്ചേരി എന്ന പേര് എനിക്കത്ര പരിചയമില്ല. പുറം ചട്ടയിലുള്ള, എന്നെപ്പോലെ അൽപ്പസ്വൽപ്പം നരകയറിയ മുടിയുള്ള ലേഖകന്റെ ഫോട്ടോയും വലിയ പരിചയമില്ല. ഉൾപ്പേജിൽ വിശദവിവരങ്ങൾ വായിച്ചതോടെ, പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്തോടെ ലേഖകനെ ഞാൻ തിരിച്ചറിഞ്ഞു. പറവൂർ ലക്ഷ്മി കോളേജിലെ പ്രിൻസിപ്പാളും, എന്റെ അദ്ധ്യാപകനുമായ ജോസ് സാർ !!
ട്യൂഷൻ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ അദ്ധ്യാപന രീതിയുടെ ഊഷ്മളത ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പാഠ്യവിഷയങ്ങളിൽ മാത്രം ഊന്നി നിൽക്കാതെ, വളരെ രസകരമായ കഥകളും ആനുകാലിക വിഷയങ്ങളിലുള്ള ചില പരാമർശങ്ങളുമൊക്കെയായി അതീവ താൽപ്പര്യം ജനിപ്പിച്ചിട്ടുള്ള ക്ലാസ്സുകളായിരുന്നു അത്. അദ്ദേഹത്തിന്റെ മാത്രമല്ല സഹ അദ്ധ്യാപകരായ എൻ.എം. പീയേർസൺ സാറിന്റേയും ഡേവീസ് സാറിന്റേയുമൊക്കെ ക്ലാസ്സുകൾക്ക് ഇതേ പ്രത്യേകതകൾ ഉണ്ടായിരുന്നു. ചിട്ടയായുള്ള പഠിപ്പിക്കലും ഇടയ്ക്കിടയ്ക്കുള്ള പരീക്ഷകളുമൊക്കെ, പഠിക്കാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ഏത് മടിയനേയും കൊണ്ടെത്തിച്ചിരുന്നു എന്നതാണ് സത്യം. ലക്ഷ്മി കോളേജ് എന്ന പാരലൽ കോളേജ് വളരെ നല്ല നിലയിലേക്ക് ഉയർന്നതും ഇന്നും അതേ നിലയ്ക്ക് വർത്തിച്ച് പോകുന്നതും അനുകരണീയരായ ഈ അദ്ധ്യാപകരുടെ അദ്ധ്യയനരീതികൊണ്ടുതന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു.
പൂർവാഹ്നം, മദ്ധ്യാഹ്നം, സായാഹ്നം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി 30 അനുഭവസാക്ഷ്യങ്ങളാണ് പുസ്തകത്തിലുള്ളത്. പീയേർസൺ സാർ എഴുതിയിരിക്കുന്ന അവതാരിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കുറിപ്പിന്റെ അവസാനഭാഗത്തെ ചില വരികൾ തന്നെ എടുത്തു പറയട്ടെ. ‘കഥകൾക്ക് ഒരു കൌതുകം കരുതിവെച്ച് അവസാന ഖണ്ഡിക കാത്തുനിൽക്കുകയാണ്. ആത്മാവ് തുടിക്കുന്നത് അവസാനത്തെ പാരഗ്രാഫിലാണ്.’
മനസ്സിൽപ്പതിഞ്ഞുപോയ ഉള്ളുലക്കാൻ പോന്ന ചില സംഭവങ്ങൾ, ഉപ്പുമാവിന് ശേഷം വിതരണം ചെയ്യുന്ന പാല് കുടിക്കാനുള്ള ശ്രമം നാറ്റക്കേസാകുന്നത്, ആ സംഭവത്തിന്റെ ചില ബാക്കിപത്രങ്ങൾ ഈയടുത്ത കാലത്ത് വെളിപ്പെടുത്തപ്പെടുന്നത്, പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകേണ്ടവൻ എന്നാണെന്നുള്ളത്, ഒരു മാർക്ക് കിട്ടിയ ആൾക്ക് ഒരടി; ഒൻപത് മാർക്കുകാരന് ഒൻപത് അടി; പത്ത് മാർക്കും പൂജ്യം മാർക്കും കിട്ടിയവർക്ക് അടിയില്ല എന്ന രീതിയിലുള്ള ഫ്രാൻസീസ് സാറിന്റെ വ്യത്യസ്തമായ ശിക്ഷണരീതി. ഇത്തരത്തിലുള്ള അനുഭവങ്ങൾ ചുരുളഴിയുന്ന പത്ത് അനുഭവങ്ങളാണ് പൂർവ്വാഹ്നത്തിലുള്ളത്. ‘പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ‘, ‘അണ്ണാ ഹസാരേ മാപ്പ് ‘ ‘മൈലാഞ്ചികൾ അരിക് പിടിപ്പിച്ച വഴി‘ എന്നിങ്ങനെ പല അദ്ധ്യായങ്ങളും വായിക്കുമ്പോൾ, ജോസ് സാറിന്റെ ക്ലാസ്സിൽ ഇരുന്നിരുന്ന ആ പഴയ ടീനേജുകാരൻ എന്റെയുള്ളിൽ തലപൊക്കി.
താൻ രചിച്ച ഭക്തിഗാനം നിനച്ചിരിക്കാതെ കെ.എസ്.ചിത്രയുടെ ശബ്ദത്തിൽ ചെട്ടിക്കാട് പള്ളിയിൽ നിന്ന് കേൾക്കാനിടയായും, അത് രചിച്ചതാരാണെന്ന് ഗായകസംഘത്തോട് അന്വേഷിക്കുന്നതുമായ സംഭവമാണ് ‘ആദ്യരാത്രിയിലെ ഉടമ്പടി എന്ന കുറിപ്പ് ‘. ഇതടക്കമുള്ള പല ലേഖനങ്ങളും തികഞ്ഞ ഒരു വിശ്വാസിയായ ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണ്.
പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കുമൊക്കെ തെറ്റ് പറ്റുമ്പോൾ, നിലപാടുകൾ പിഴക്കുമ്പോൾ, തിരുത്താൻ ശ്രമിച്ചതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന പിയേർസൺ സാറിന്റെ കഥയാണ് ‘സ്പന്ദനം നിലച്ച നാഴികമണി‘. പാർട്ടിയെ തെറ്റുകളിൽ നിന്ന് നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങളും വിമർശനങ്ങളും അദ്ദേഹത്തിന്റെ മകന്റെ തട്ടിക്കൊണ്ടുപോകലിലാണ് കലാശിക്കുന്നത്. ആ പ്രശ്നത്തിന് പിന്നാലെയുള്ള പാച്ചിലിനിടയിൽ പെരുമ്പാവൂർ പുല്ലുവഴിയിലെ അന്തോണീസ് പുണ്യാളന്റെ രൂപക്കൂടിന് മുന്നിൽ ഒരു പ്രാർത്ഥനയ്ക്കായി വാഹനം നിർത്താൻ ജോസ് സാർ ആവശ്യപ്പെടുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമുള്ള മടക്കയാത്രയിൽ നല്ല ഉറക്കത്തിലായിരുന്ന ലേഖകനെ പുല്ലുവഴി എത്തിയെന്ന് പറഞ്ഞ് വിളിച്ചുണർത്തുന്നത് പിയേർസൺ സാറാണ്. സ്വന്തം പ്രത്യയശാസ്ത്രങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും ഒപ്പമോ അതിനേക്കാൾ വലുതായിത്തന്നെയോ സഹജീവികളുടെ വിശ്വാസങ്ങൾക്കും വില കൽപ്പിക്കുന്ന, എൻ.എം.പിയേർസൺ എന്ന വ്യക്തിപ്രഭാവത്തെയാണ് ആ അദ്ധ്യായം കാണിച്ചുതരുന്നത്.
സൂചന പോലുമില്ലാതെ നേരിട്ട് വായിച്ചിറങ്ങിച്ചെല്ലേണ്ടത് വായനക്കാരന്റെ അവകാശമായതുകൊണ്ട്, എടുത്തുപറഞ്ഞ കഥകളേക്കാൾ മേന്മയുള്ളത് പലതും ബോധപൂർവ്വം സ്മരിക്കാതെ പോകുന്നു. ജോസ് മഴുവഞ്ചേരി എന്ന ജോസ് സാറിനെ നേരിട്ടറിയുന്നതുകൊണ്ടായിരിക്കണം നല്ലൊരു വായനാനുഭവമാണ് ‘മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ എനിക്ക് സമ്മാനിച്ചത്. സാറിനെ നേരിട്ടറിയാത്തവർക്കും പുസ്തകം നല്ലൊരു വായന സമ്മാനിച്ചിരിക്കാതെ തരമില്ല. അല്ലെങ്കിൽപ്പിന്നെ 2011 നവംബറിൽ ആദ്യ പതിപ്പിറക്കിയ ശേഷം 2012 ഫെബ്രുവരി ആയപ്പോഴേക്കും നാല് എഡിഷൻ കൂടെ വിറ്റുപോകാൻ സാദ്ധ്യതയില്ലല്ലോ ?
Sunday, 29 January 2012
ബംബം ഹരഹര ബംബം ബോൽ !
ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ജനകീയമേള. ശിവഭക്തിയിൽ മതിമറന്ന് വിശുദ്ധമുഹൂർത്തത്തിൽ ഗംഗയിലെ ബ്രഹ്മകുണ്ഢിൽ സ്നാനം ചെയ്യാൻ വേണ്ടി, ജീവൻ പോലും നഷ്ടമായേക്കാം എന്നതൊക്കെ വിസ്മരിച്ച് ഹരിദ്വാറിലും അലഹബാദിലും ഉജ്ജയിനിലും നാസിക്കിലുമൊക്കെ 12 കൊല്ലത്തിൽ ഒരിക്കൽ ഒത്തുചേരുന്ന മനുഷ്യസാഗരം. അതാണ് കുംഭമേള.
ശശികുമാറിനും, മാദ്ധ്യമപ്രവർത്തകയായ പ്രേമ ശ്രീദേവിക്കും, സ്വാമിനി വിഷ്ണുപ്രിയയ്ക്കും, ഒപ്പം സഞ്ചാരിയായ ലേഖകൻ (സക്കറിയ) നടത്തിയ കുംഭമേള യാത്രയുടെ വിവരണമാണ് ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന ബംബം ഹരഹര ബംബം ബോൽ. (പേജ് 72, വില 65 രൂപ.)
കോടിക്കണക്കിന് ജനങ്ങൾ വന്ന് മറിയുന്ന കുംഭമേളക്കാലം ഹരിദ്വാറിലെ ജനങ്ങളും ഭരണകൂടവും എങ്ങനെ കൈകാര്യം ചെയ്യുന്നു, അതുകൊണ്ട് അവർക്കുണ്ടാകുന്ന മെച്ചങ്ങൾ, വിവിധതരം സന്യാസ ജീവിതങ്ങൾ, ഗംഗാ സ്നാനത്തിനായി സന്യാസിമാരും ഭക്തരും സഹിക്കുന്ന ക്ലേശങ്ങൾ, എന്നതിനെയൊക്കെ ഒരേസമയം ഭക്തിയിലൂടെയും ഒരു സഞ്ചാരിയുടെ കൌതുകത്തോടെയും നോക്കിക്കാണുകയും താരതമ്യേന ചെറുതായ 16 അദ്ധ്യായങ്ങളിലൂടെ പറഞ്ഞുപോകുകയാണ് സക്കറിയ. മേമ്പൊടിക്ക് അദ്ദേഹം തന്നെ എടുത്ത ചിത്രങ്ങളും സുലഭമായി ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാവിവരണ പുസ്തകങ്ങളിൽ അതാത് പേജുകൾക്കും പാരഗ്രാഫിനും ഇടയിൽ എങ്ങനെ വർണ്ണ ചിത്രങ്ങൾ ഉൾപ്പെടുത്താം എന്നതിന്റെ ഉദാഹരണം കൂടെയാണ് ബംബം ഹരഹര ബംബം ബോൽ.
ഹരിദ്വാറിലെത്ര ആശ്രമങ്ങളുണ്ട് ? അതിലെല്ലാം കൂടെ എത്ര സ്വാമിമാരുണ്ട് ? മേലാകെ ചാരം വാരിപ്പൂശി നഗ്നരായി നടക്കുന്ന നാഗയോഗികൾക്ക് വിദേശരാജ്യങ്ങളിലെ നഗ്ന ബീച്ചുകളിൽ കാണുന്ന ശരീരങ്ങളിൽ നിന്ന് എന്ത് വ്യത്യാസമാണുള്ളത് ? ആത്മീയതയും നഗ്നതയും അതിനുമേൽ പൂശുന്ന ചാരത്തിനുമപ്പുറം മറ്റെന്തൊക്കെയാണ് അവരുടെ ജീവിതരീതികൾ. അവർക്കിടയിലെ വ്യാജന്മാർ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത് ? കഠിനവേദനയുള്ളതും ചിലപ്പോൾ അതിലേറെ അപകടകരവും ആയേക്കാവുന്ന ഒരു ‘ഉടയ്ക്കൽ‘ പ്രക്രിയയുടെ വേദന കടിച്ചമർത്താനും വേണ്ടി എന്താണ് നാഗസന്യാസിമാരുടെ ആത്മീയതയിൽ ഉള്ളത് ? ‘മോക്ഷം‘ കിട്ടി ഗംഗയിലെ ചില പാലങ്ങൾക്ക് കീഴെ അടിഞ്ഞുകിടക്കുന്ന രൂപങ്ങൾ ജീർണ്ണിക്കാത്തതിന്റെ രഹസ്യമെന്താണ് ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു യാത്രയാണ് ഗംഗാതീരത്തുകൂടെ സക്കറിയ നടത്തുന്നത്.
കുംഭമേളയുടെ സത്ത ഉൾക്കൊണ്ടുകൊണ്ട് ഗംഗാ സ്നാനത്തിനായി ലേഖകനും കൂട്ടരും സഹിക്കുന്ന ത്യാഗങ്ങൾ ആത്മഹത്യാപരമല്ലേ എന്ന് വായനക്കാർക്ക് തോന്നിയാൽ തെറ്റ് പറയാനാവില്ല. നരച്ച താടിയും മീശയും, കാവി വസ്ത്രങ്ങളും, തലയിൽ കാവിത്തുണി കൊണ്ടുള്ള ഒരു കെട്ടുമായി കുംഭമേളയ്ക്കിറങ്ങിയിരിക്കുന്ന സഹയാത്രികനായ ശശികുമാറിന് ഒരു സർവ്വസംഗപരിത്യാഗിയായ സ്വാമിയുടെ പരിവേഷം കൈവരുന്നതും ഭക്തർ അദ്ദേഹത്തിന് ദക്ഷിണ നൽകുന്നതുമൊക്കെ ഭക്തിയ്ക്കൊപ്പം അൽപ്പം നർമ്മം കൂടെ കലർന്ന ഭാഗങ്ങളാണ്.
ഭക്തി, ഭക്തിമയമാണ് കുംഭമേളക്കാലത്ത് ഗംഗയുടെ പരിസരമെല്ലാം. കുംഭമേളയിൽ പങ്കെടുത്ത് ഗംഗാസ്നാനവും കഴിഞ്ഞ് വന്നപ്പോൾ അദ്ധ്യായങ്ങൾ പലതും ഹര ഹര സ്തുതിയോടെ അവസാനിപ്പിക്കാനേ ലേഖകനും സാധിക്കുന്നുള്ളൂ. പാപങ്ങളെല്ലാം ഏറ്റുവാങ്ങി മലീമസമായിട്ടാണ് ഗംഗ ഒഴുകുന്നതെന്ന്, എല്ലാവരേയും പോലെ ലേഖകനും ബോദ്ധ്യമുള്ളതാണ്. എന്നിരുന്നാലും മടക്കയാത്രയിൽ ഡൽഹിയിലേക്ക് പ്രവേശിക്കുമ്പോൾ, തികഞ്ഞ ഒരു ഭക്തനെപ്പോലെ, ‘പാപനഗരം‘ എന്നാണ് അദ്ദേഹം തലസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്. വിശ്വാസം അതാണല്ലോ എല്ലാം ! അന്തമില്ലാത്ത ജീവിത യാത്രയ്ക്കിടയിൽ ആരുടേയും വിശ്വാസങ്ങളെ ഹനിക്കാൻ ലേഖകന് താൽപ്പര്യമില്ലെന്ന് സ്പഷ്ടം.
Tuesday, 20 December 2011
ചിത്രത്തെരുവുകൾ
ഗൾഫ് മലയാളി യിൽ ആണ് ഈ ലേഖനം ആദ്യം പബ്ലിഷ് ചെയ്തത്.
കുറേയേറെ ദിവസങ്ങൾക്ക് ശേഷം ഇവിടെയും പകർത്തിയിടുന്നു.
കുറേയേറെ ദിവസങ്ങൾക്ക് ശേഷം ഇവിടെയും പകർത്തിയിടുന്നു.
-----------------------------------------------------
“ഒരു വടക്കൻ വീരഗാഥ, വൈശാലി എന്നിങ്ങനെ നാലഞ്ച് തിരക്കഥകൾ രചിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ എം.ടി.ക്ക് സിനിമയുമായി കാര്യമായി എന്ത് ബന്ധമാണുള്ളത് ? “ ചോദ്യം ഒരു സുഹൃത്തിന്റേതാണ്, സന്ദർഭം ഓർമ്മയില്ല.
എം.ടി.വാസുദേവൻ നായർ ആരാണെന്ന് ചോദിച്ചിട്ടുള്ള ചില മലയാളി സഹപ്രവർത്തകരും എനിക്കുണ്ടായിരുന്നതുകൊണ്ട് വലുതായിട്ടൊന്നും ഞെട്ടിയില്ല. ഞാനപ്പോൾത്തന്നെ തിരക്കഥകളുടെ വലിയൊരു ലിസ്റ്റ് ചൊരിഞ്ഞിട്ടു. പ്രസിഡന്റിന്റെ സുവർണ്ണകമലം നേടിയ നിർമ്മാല്യം എന്ന സിനിമ എം.ടി.യുടെ തിരക്കഥ ആണെന്നും അത് സംവിധാനം ചെയ്തിരിക്കുന്നത് സാക്ഷാൽ എം.ടി. തന്നെ ആണെന്നും സുഹൃത്തിനറിയില്ല. എം.ടി.യുടെ കുറേക്കൂടെ പുതിയൊരു സിനിമയായ കടവിനെപ്പറ്റി അദ്ദേഹം കേട്ടിട്ടുപോലുമില്ല. എന്തിനധികം, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഢം, ഓപ്പോൾ, പരിണയം, എന്നിങ്ങനെ ഗംഭീരമായ ഒരുപിടി എം.ടി. തിരക്കഥകളെപ്പറ്റി തികച്ചും അജ്ഞനാണ് അദ്ദേഹം.
എം.ടി.ക്ക് സിനിമയുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവർ കറന്റ് ബുക്സിന്റെ ചിത്രത്തെരുവുകൾ (190 രൂപ) സംഘടിപ്പിച്ച് വായിച്ചാൽ മതിയാകും. ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായിരുന്ന മദ്രാസടക്കം ദേശീയവും അന്തർദേശീയവുമായി എം.ടി. കടന്നുപോയിട്ടുള്ള സിനിമാത്തെരുവുകൾ, അദ്ദേഹം ഇടപഴകിയിട്ടുള്ള പ്രഗത്ഭരായ സിനിമാക്കാർ, അത്രയ്ക്കങ്ങ് പ്രഗത്ഭരല്ലെങ്കിലും സിനിമയുമായി ചുറ്റിപ്പറ്റി പരിചയമുള്ള സഹൃദയർ, അങ്ങനെ ഒരുപാട് വഴിത്താരകളും വ്യക്തികളും 14 അദ്ധ്യായങ്ങളുള്ള ചിത്രത്തെരുവിൽ കടന്നുവരുന്നു.
പ്രേംനസീർ എന്ന നടന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെപ്പറ്റിയും പരസഹായ മനസ്ഥിതിയെപ്പറ്റിയുമൊക്കെ മുൻപും കേട്ടിട്ടുള്ളതാണ്. എന്നിരുന്നാലും, ഇടതുകൈ അറിയാതെ വലതുകൈ കൊണ്ട് അദ്ദേഹം നടത്തുന്ന സഹായങ്ങളെപ്പറ്റി എം.ടി. തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ നിത്യഹരിതനായകനോടുള്ള ആദരവിനും ആരാധനയ്ക്കും മാറ്റുകൂടുന്നു. ശങ്കരാടിയുടേയും അടൂർ ഭാസിയുടേയും രസികൻ സ്വഭാവവിശേഷങ്ങൾ, കൃഷ്ണാഭായ് തെരുവിലെ വാസു അണ്ണൻ, സത്യൻ, ശോഭനാ പരമേശ്വരൻ, രാഘവൻ മാസ്റ്റർ, എം.ബി.എസ്, എസ്.കെ.പൊറ്റക്കാട്, ബാലൻ കെ.നായർ, അനിയൻ, ശാരദ, ഐ.വി.ശശി, മണിയൻ, വേണു, എന്നിങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ സിനിമാക്കാരെ ഏറ്റക്കുറച്ചിലില്ലാതെ എഴുത്തുകാരൻ സ്മരിക്കുന്നു. സിനിമയിൽക്കയറി രക്ഷപ്പെടാനായി കോടാമ്പാക്കത്തെ ലോഡ്ജുകളിൽ ചേക്കേറിയ കലാകാരന്മാരെപ്പറ്റിയും, കുറഞ്ഞ സൌകര്യങ്ങളിൽ സൌഹാർദ്ദപരമായ കഴിഞ്ഞ് കൂടിയ സിനിമാക്കാരെപ്പറ്റിയുമൊക്കെ എത്രയോ വായിച്ചിരിക്കുന്നു. എന്നിരുന്നാലും, അത്തരം സിനിമാക്കഥകൾ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ വരികളിലൂടെ വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.
‘ഇരക്കേണ്ടിവരുന്ന വെളിച്ചപ്പാട് ‘ എന്ന അദ്ധ്യായം ‘നിർമ്മാല്യ‘ത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ളതാണ്. അതിൽ സഹകരിച്ചവർ പലരും മൺമറഞ്ഞുകഴിഞ്ഞിരിക്കുന്നു. എം.ടി.കൂടെ അതിന്റെ അണിയറക്കഥകൾ എഴുതാതിരുന്നെങ്കിൽ, മഹത്തായ ഒരു സിനിമയുടെ പിന്നിൽ, താമസ സൌകര്യമടക്കമുള്ള സുഖസൌകര്യങ്ങളുമൊക്കെ ത്യജിച്ച് സഹകരിച്ച നായികാ നായകന്മാരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും മറ്റ് കലാകാരന്മാരുടേയും അർപ്പണമനോഭാവം, മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയേനെ. കനത്ത പ്രതിഫലവും പറ്റി സ്വന്തം വേഷങ്ങൾ കാട്ടിക്കൂട്ടി സെറ്റ് വിടുന്ന ഇന്നത്തെ സിനിമാക്കാർ അവശ്യം വായിച്ചിരിക്കേണ്ട അത്തരം മറ്റൊരു അദ്ധ്യായമാണ് ‘സ്നേഹത്തിന്റെ കടവുകൾ‘. നിർമ്മാല്യത്തിന്റെ അന്ത്യരംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? പി.ജെ. ആന്റണി ക്ഷേത്രത്തിന്റെ നാലുകെട്ടിനകത്ത് കയറിയോ ? ദേവിയുടെ മുഖത്ത് അദ്ദേഹം ശരിക്കും കാറിത്തുപ്പിയോ ? എന്നൊക്കെയുള്ള സംശയങ്ങളുടെ ഉത്തരങ്ങൾ അനാവരണം ചെയ്യപ്പെടുന്നുണ്ട് ‘ഇരക്കേണ്ടി വരുന്ന വെളിച്ചപ്പാടി‘ൽ.
ദേശീയവും അന്തർദേശീയവുമായ നിരവധി സിനികൾ കാണാൻ വഴിയൊരുങ്ങിയ അനുഭവങ്ങൾ, ജ്യൂറി അംഗം അടക്കം കൈയ്യാളിയിട്ടുള്ള വിവിധ പദവികൾ, അതിൽനിന്നൊക്കെ കിട്ടിയിട്ടുള്ള പരിചയസമ്പന്നത, സൌഹൃദവലയങ്ങൾ, നേട്ടങ്ങൾ, പണം നോക്കാതെ സിനിമയ്ക്കായി ചെയ്തിട്ടുള്ള ത്യാഗങ്ങൾ, എന്നിങ്ങനെ എം.ടി.യുടെ അധികം അറിയപ്പെടാത്ത ഒരുപാട് സിനിമാ മുഖങ്ങളാണ് ചിത്രത്തെരുവിൽ ഉടനീളം കാണാനാകുന്നത്.
‘ചെറിയ വേഷങ്ങളിലെ വലിയ മനുഷ്യൻ‘ എന്ന അദ്ധ്യായത്തിലെ ചന്ദ്രേട്ടന്റേയും കുടുംബത്തിന്റേയും സൌഹൃദവങ്ങൾ ആരും കൊതിക്കുന്നതാണ്. ഫിലിംസ് ഡിവിഷനിൽ ചെറിയ ഉദ്യോഗസ്ഥനായി തുടങ്ങി, NFDC യുടെ റീജിയണൽ മാനേജർ വരെ എത്തിയ ചന്ദ്രേട്ടനെപ്പറ്റിയുള്ള ഓർമ്മകൾ അവസാനിക്കുന്നത് വ്യസനിപ്പിച്ചുകൊണ്ടാണ്. ‘ചെറിയ റോളായിരുന്നു, തരക്കേടില്ലാതെ ചെയ്തു അല്ലേ ?‘ എന്ന് എം.ടിയുടെ കരം കവർന്നുകൊണ്ട് ചോദിക്കുമ്പോൾ ചന്ദ്രേട്ടൻ മരണക്കിടക്കയിലാണ്. ‘നീണ്ട നടപ്പാതയിൽ തണലും കുളിരും സ്നേഹവും വിരിച്ചുതന്ന ഒരു ചോലമരം കൂടി അങ്ങനെ നഷ്ടപ്പെട്ടു. എനിക്ക് മാത്രമല്ല, പലർക്കും.’ എന്ന് ചന്ദ്രേട്ടന്റെ മരണത്തെപ്പറ്റിയുള്ള വരികൾ ചന്ദ്രേട്ടന്റെ സൌഹൃദത്തിന്റെ ആഴവും പരപ്പുമാണ് എടുത്തുകാണിക്കുന്നത്.
ഇടതുപക്ഷത്തിന്റെ ജനശക്തി ഫിലിംസിനെപ്പറ്റി കേൾക്കാത്തവർക്ക് അതേപ്പറ്റി വായിക്കാം. ദേവലോകം എന്ന സിനിമയിലൂടെ എം.ടി.കൊണ്ടുവന്ന ‘ജൂനിയർ വക്കീലി‘നെപ്പറ്റിയും അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില സിനിമാക്കഥകളും വായിക്കാം. നിഷ എന്ന് വിളിച്ച് മകളോടെന്നപോലെ സ്നേഹം കാണിച്ചിരുന്ന മോനിഷയെപ്പറ്റി ഒരു ചെറു നൊമ്പരത്തോടെ വായിക്കാം. എഴുതാനിരിക്കുന്ന ഹോട്ടൽ മുറിയിൽ കൊണ്ടുവന്നിട്ട മേശയ്ക്കും കസേരയ്ക്കും 50 രൂപ വാടക കൊടുക്കേണ്ടി വന്ന കഥ വായിക്കാം. അടൂർ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് എടങ്ങേറായ എം.ടി.യെപ്പറ്റി വായിക്കാം. സിനിമാക്കഥ എഴുതിക്കാനായി അമേരിക്കയ്ക്ക് കൊണ്ടുപോയപ്പോൾ, അവിടെ പഠിക്കുന്ന സ്വന്തം മകളെ കാണാനുള്ള സൌകര്യം പോലും ഉണ്ടാക്കിക്കൊടുക്കാതെ വിഷമിപ്പിച്ച കാശുകാരായ കുറേ അമേരിക്കൻ മലയാളികളുടെ സമീപനത്തെപ്പറ്റി വായിക്കാം. സിനിമയെന്ന മഴവില്ലിന്റെ കീഴെയുള്ള നിധി തേടി വന്ന് പരാജയപ്പെടുകയും വിജയിക്കുകയും ചെയ്ത മനുഷ്യരുടെ കഥകൾ വായിക്കാം.
മലയാള സാഹിത്യത്തിന് എത്രമാത്രം സംഭാവനകൾ നൽകിയിട്ടുണ്ടോ അതിനടുക്കെത്തന്നെ സംഭാവനകൾ സിനിമയ്ക്കും നൽകിയിട്ടുള്ള എം.ടി.യെ ആണ് ചിത്രത്തെരുവുകളിൽ കാണാനാകുന്നത്. തെരുവിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ആദ്യ അദ്ധ്യായം മുതൽ അവസാനം വരെ, തട്ടും തടവും ഒന്നുമില്ലാതെ അനായാസമായ വായന സമ്മാനിച്ച, വിലപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ച, എണ്ണമറ്റ സംഭാവനകൾ സിനിമയ്ക്ക് നൽകിയ അനുഗൃഹീതനായ ആ ബഹുമുഖപ്രതിഭയ്ക്ക് സാദര പ്രണാമം.
വാൽക്കഷണം:- വായിച്ച് വായിച്ച് അവസാനമെത്തിയപ്പോൾ എനിക്കേറെ പരിചയമുള്ള ഒരു മുഖം ചിത്രത്തെരുവിൽ എം.ടി.ക്കൊപ്പം നിൽക്കുന്നത് കണ്ടപ്പോൾ ഒരുപാട് അഭിമാനിക്കാനായി. എം.ടി.കൃതികളെല്ലാം മനോരമയ്ക്ക് വേണ്ടി സീഡിയിലാക്കാൻ അഞ്ച് വർഷത്തോളം വിയർപ്പൊഴുക്കിയ, എഴുത്തും വരയും സിനിമയുമൊക്കെ എന്നും ആവേശമായി കൊണ്ടുനടന്നിട്ടുള്ള, എം.ടി.യുടെ സകലമാന സാഹിത്യസൃഷ്ടികളിലൂടെയും കടന്നുപോകാനായ, അതിൽ പലതിന്റേയും കൈയ്യെഴുത്ത് കോപ്പികൾ കാണാനും കൈവശം വെക്കാനും ഭാഗ്യമുണ്ടായ എന്റെയൊരു സഹപാഠി അനൂപ് ആർ. ആയിരുന്നു അത്.
Subscribe to:
Posts (Atom)
















