Sunday, 13 April 2014

ഭയങ്കരാമുടി



ത്രപ്രവർത്തകനായ ആസാദ് മോഹന്റെ മരണത്തോടെയാണ് നോവൽ തുടങ്ങുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം അധികം നീളുന്നില്ല. കൊലപാതകം എന്ന നിലയ്ക്ക് തന്നെ അന്വേഷണം മുന്നോട്ട് നീങ്ങുന്നു.

അന്വേഷണത്തിന്റെ ചുരുളഴിയുമ്പോൾ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മറ്റ് കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കേരള ചരിത്രത്തിലെ ഒട്ടനവധി പ്രമുഖ സംഭവങ്ങളിലേക്കാണ്, അന്താരാഷ്ട്രപരമായ നിരവധി ആ‍നുകാലിക വിഷയങ്ങളിലേക്കാണ്. രാജ്യത്തും ലോകത്തും നടന്നിട്ടുള്ള ഒരുപാട് വിദ്ധ്വംസന പ്രവർത്തനങ്ങളേയും തീവ്രവാദപ്രവർത്തനങ്ങളേയും വിലയിരുത്തിക്കൊണ്ടാണ്.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അധികാരമേൽക്കൽ, പിന്നീട് വിമോചനസമരം പൊട്ടിപ്പുറപ്പെടുന്നത്, അതിന് പിന്നിൽ അണിനിരന്ന പ്രമുഖ വ്യക്തികൾ, അത്തരം ഒട്ടുമിക്ക സംഭവങ്ങളുടെ പിന്നിലുള്ള മതപരമായ ചേരിതിരിവുകൾ, മതസൌഹാർദ്ദത്തോടെ നീങ്ങിയിരുന്ന കേരളത്തിൽ എവിടെയൊക്കെ എങ്ങനെയൊക്കെ മതസ്പർദ്ധയുടെ വിത്തുകൾ വീണു, അതിട്ട് മുളപ്പിച്ചെടുത്തവർ ആരൊക്കെ എങ്ങിനെയൊക്കെ ? മാറാട് പോലെ എന്തുകൊണ്ട് നിലയ്ക്കലും ആളിക്കത്തിയില്ല ? മൈസൂരിൽ മതസൌഹാർദ്ദം കൊണ്ടുനടന്നിരുന്ന ടിപ്പുസുൽത്താൻ കേരളത്തിൽ വന്നപ്പോൾ എന്തുകൊണ്ട് അന്യമതസ്ഥർക്കെതിരെ തിരിഞ്ഞു  ? സദാചാര പൊലീസുകാരുടെ നീക്കങ്ങൾ എങ്ങിനെയൊക്കെ ? എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന വ്യക്തമായ ഒരു ചിത്രമാണ് തമ്പുരാൻ വരച്ച് കാണിക്കുന്നത്. ഇതിൽ മിക്കവാറും ചെയ്തികളുടേയും കാരണം ഭയമാണെന്ന് ആശങ്കയ്ക്കിടയില്ലാത്ത വണ്ണം പറഞ്ഞ് പോകാനും നോവലിസ്റ്റിന് ആകുന്നുണ്ട്. സ്വപ്നം കാണാൻ ആകാത്തതിന് പോലും കാരണം ഭയമാണെന്ന് വളരെ എളുപ്പം സമർത്ഥിക്കാൻ അദ്ദേഹത്തിനാകുന്നുണ്ട്.

വായനക്കാരൻ, ചുറ്റുമുള്ള കാര്യങ്ങളിൽ ഇതെല്ലാം ശ്രദ്ധിക്കുന്ന ആളാണെണെങ്കിൽ‌പ്പോലും എഴുത്തുകാരൻ അത് ചിട്ടയോടെ അവതരിപ്പിച്ച് പോകുന്നതോടെ വായനക്കാരനും ഭയത്തിന്റെ പിടിയിലകപ്പെടുന്നു. പത്രപ്രവർത്തകൻ എന്ന നിലയിലുള്ള ഗാഢമായ അറിവും കാഴ്ച്ചപ്പാടുമെല്ലാം, ചരിത്രസംഭവങ്ങൾക്കൊപ്പം യുക്തിക്ക് നിരക്കുന്ന ഭാവനയുമായി, അടയാളമൊന്നും അവശേഷിപ്പിക്കാതെ ഒട്ടിച്ച് ചേർക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.

എന്താണ് മതമൌലികവാദം ? എന്താണ് തീവ്രവാദം ? എന്താണ് ഭീകരവാദം ? ഏത് ഘട്ടത്തിൽ വെച്ച് ഒരു തിരിച്ചുവിളിയിലൂടെ ഈ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നവരെ രക്ഷിച്ചെടുക്കാം, കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏത് നിലയ്ക്കൊക്കെ മുന്നോട്ട് പോകുന്നുണ്ട്, മുംബൈയിൽ അജ്‌മൽ കസബും കൂട്ടരും നടത്തിയ ആക്രമണത്തെ കേരളത്തിലെ ഇപ്പോഴത്തെ മതപരവും സാമൂഹികവുമായ അന്തരീക്ഷവുമായി എങ്ങനെ കൂട്ടിവായിക്കാം എന്നൊക്കെ നോവൽ ഗഹനമായി ചർച്ച ചെയുന്നു.

നോവലും അതിനുള്ളിലെ കുറ്റാന്വേഷണവും അന്ത്യഭാഗത്തിലേക്ക് കടക്കുന്നതോടെ പൊടുന്നനെ സീനുകൾ മാറിമറിയുന്നു. പുതിയ വഴിത്തിരിവുകളും വഴിമാറ്റങ്ങളുമൊക്കെ നിനച്ചിരിക്കാതെ സംഭവിക്കുന്നു. ഒരു കുറ്റാന്വേഷണ കഥയുടെ എല്ലാ പിരിമുറുക്കങ്ങൾക്കുമൊപ്പം സ്വന്തം നാടിന്റെ ഗതി ഇങ്ങനല്ലേ, ഇങ്ങനെ തന്നെയല്ലേ ആകാൻ പോകുന്നതെന്ന ചിന്ത ഓരോ വായനക്കാരനും സ്വയം ചോദിച്ച് തുടങ്ങിക്കഴിഞ്ഞിരിക്കും. കാശ്മീരിന്റേയും കേരളത്തിന്റേയും ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകൾ എടുത്ത് പറഞ്ഞ്, സ്വതന്ത്രഭാരതത്തിന് മുൻപ് എന്തായിരുന്നു കാശ്മീർ എന്നും, എപ്പോൾ മുതൽ അവിടെ അശാന്തിയുടെ വേരോട്ടമുണ്ടായെന്നും പറയുന്നതിനൊപ്പം, കേരളത്തെ എത്തരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കാം, കേരളത്തിൽകൂടെ ആ ശ്രമം വിജയിച്ചാൽപ്പിന്നെ രാജ്യത്തിന്റെ സ്ഥിതി എന്താകും എന്ന ഭീതിജനകമായ ചിന്തകൾ മുന്നിലേക്ക് ഇട്ടുതന്ന് ഗംഭീരമായ പരിണാമഗുപ്തിയോടെയാണ് നോവൽ അവസാനിക്കുന്നത്.

ഈ നോവൽ അവശ്യം വായിച്ചിരിക്കേണ്ടത് രാജ്യസുരക്ഷയുടെ ചുമതലയുള്ളവരാണ്. ഒരു ജേർണലിസ്റ്റിന്റെ ഏറെ നാളായിട്ടുള്ള പഠനത്തിന്റെ ഫലം നോവലായാണ് പുറത്ത് വന്നിരിക്കുന്നതെങ്കിലും ഇതിൽപ്പറയുന്ന കാര്യങ്ങളിൽ അതിഭാവുകത്വമൊന്നും ദർശിക്കാനാവില്ല. യാഥാർത്ഥ്യം ഇതുതന്നെ ആണെങ്കിൽ, രക്ഷപ്പെടുത്തിയെടുക്കാൻ ഒരു അവസാന മാർഗ്ഗം കൂടെ ഉണ്ടെങ്കിൽ, ഒന്ന് ശ്രമിച്ചു നോക്കിക്കോളൂ എന്നൊരു മുന്നറിയിപ്പ് കൂടെയാണ് ഭയങ്കരാമുടി.

“ഈ നോവൽ അൽ‌പ്പം പോലും എന്നെ സന്തോഷിപ്പിക്കുന്നില്ല“ എന്നാണ് എറണാകുളം പ്രസ്സ് ക്ളബ്ബിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രശസ്ത എഴുത്തുകാരൻ ശ്രീ.ബെന്യാമിൻ പറഞ്ഞത്. ദുഃഖം സന്തോഷം ഹാസ്യം എന്നിങ്ങനെ പലപല വികാരങ്ങൾക്ക് മേൽ ഭയത്തിന്റെ മേൽക്കോയ്മ നോവലിൽ ഉടനീളം ഉള്ളതുകൊണ്ടുള്ള കൃത്യമായ വിധിയെഴുത്തായിരുന്നു അത്.

ചരിത്രത്തോട് ഈയിടെയായി കാണിക്കുന്ന താൽ‌പ്പര്യക്കൂടുതൽ കൊണ്ടാകാം ഫിക്ഷനും ചരിത്രവും കോർത്തെടുക്കുന്ന രചനകൾ എന്നെയേറെ ആകർഷിക്കുന്നത്. പക്ഷെ ചരിത്രത്തോട് താൽ‌പ്പര്യമില്ലെങ്കിലും ജനിച്ച നാടിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും നല്ലൊരു വായനയാണ് ഭയങ്കരാമുടി സമ്മാനിക്കുന്നത്.

വാൽക്കഷണം :- ടിപ്പുസുൽത്താൻ ഉണ്ണിയാർച്ചയെ അടിച്ചോണ്ട് പോയെന്ന്, ചരിത്രത്തിൽ എവിടെയാണ് പറയുന്നതെന്ന് കൂടുതൽ വിശദമായി അറിയണമെന്ന് ആർക്കും തോന്നാതിരിക്കില്ല. എവിടെയോ ഒരു പരാമർശമുണ്ടെന്നും, അത് തമ്പുരാന്റെ ഭാവനയല്ലെന്നും ഞാൻ വിശ്വസിക്കുന്നു. ഭയങ്കരാ‍മുടി എന്നൊരു സ്ഥലം കേരളത്തിൽ ഉണ്ടെന്നുള്ളതും പുതിയ അറിവ്.

8 comments:

  1. രവിവർമ്മ തമ്പുരാന്റെ ഭയങ്കരാമുടി അവലോകനം ചെയ്യാനൊരു ശ്രമം.
    വി.കെ.എൻ. ഭാഷയിൽ പറഞ്ഞാൽ ‘പഠനവധം’ :)

    ReplyDelete
  2. Thank you Manoj.A well thought out well written analysis. Thanks alot.

    ReplyDelete
  3. മനോജ്ഭായ്... നാട്ടിൽ വരുമ്പോൾ വാങ്ങി വായിക്കുന്നുണ്ട്...

    ശരിയാണ്... ഒരു നാൽപ്പത് വർഷം മുമ്പ് ഒക്കെ കേരളത്തിൽ ഉണ്ടായിരുന്ന മതസൌഹാർദ്ദം ഇന്ന് പോയ് മറഞ്ഞിരിക്കുന്നു... ആൾദൈവങ്ങളും രാഷ്ട്രീയത്തൊഴിലാളികളും എല്ലാം ചേർന്ന് കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കി മാറ്റിയിരിക്കുന്നു...

    നന്മയുടെ ആ പഴയ കാലഘട്ടം ഇനി എന്നെങ്കിലും തിരിച്ചു വരുമോ...?

    ReplyDelete
  4. ഭയങ്കരാമുടി വായിയ്ക്കണം.
    താങ്ക്സ്!

    ReplyDelete
  5. ഭയങ്കരാമുടി വായിക്കാൻ ഭയങ്കരമായി തോന്നിപ്പിക്കുന്ന അവലോകനം...വായിച്ചു ഒന്ന് ഭയക്കണം...ഇവിടെ ജനിച്ചു പോയില്ലേ? ഭയക്കാതെ പറ്റുമോ? (അവലോകിക്കുമ്പോൾ പുസ്തകത്തിന്റെ പബ്ലിഷർ, വില, പേജുകൾ, ഓണ്‍ലൈനിൽ കിട്ടുമെങ്കിൽ ആ വിവരം ഇവ കൂടി പറയാൻ ശ്രദ്ധിക്കുക നിരക്ഷരാ)

    ReplyDelete
    Replies
    1. @Anwar Hussain - അഭിപ്രായത്തിന് വളരെ നന്ദി. ബ്രാക്കറ്റിൽ‌ പറഞ്ഞ നിർദ്ദേശത്തിൽ ഓൺലൈൻ സൌകര്യത്തെപ്പറ്റി മാത്രം എനിക്കറിയില്ല. ബാക്കിയെല്ലാം മുകളിലുള്ള ചിത്രത്തിലുണ്ട്. അത് അവലോകനത്തിന് ഇടയിൽ പറയുന്നത് ഓൾഡ് ജനറേഷൻ സമ്പ്രദായമാണെന്ന് അറിയില്ലേ ? :)

      Delete
  6. വായിക്കാം...വായിക്കും, വായിച്ചിരിക്കും! :-)

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.