Saturday, 20 September 2008

പരിശീലനം

ണ്ണപ്പാടത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം തികയാന്‍ പോകുന്നു. വിവരസാങ്കേതികവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഈയുള്ളവന്‍ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ആ മേഖലയുടെ കുത്തൊഴുക്കില്‍ മനംനൊന്ത് നില്‍ക്കുമ്പോഴാണ്, ശ്രീ.അബ്‌ദുള്‍ ജബ്ബാര്‍ എന്നൊരു വ്യത്യസ്തനായ നല്ല മനുഷ്യന്‍ (എന്റെ പഴയ‍ ബോസ്സ് )എണ്ണപ്പാടത്തൊരു ജോലി വാഗ്ദാനം ചെയ്യുന്നത്.

2 മാസം‍ ജോലി ചെയ്താന്‍ ഒരു മാ‍സം ശംബളത്തോടുകൂടിയുള്ള അവധി. അതായിരുന്നു ഈ ജോലിയുടെ ഒരു പ്രധാന ആകര്‍ഷണം. വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ അവധിക്ക് പോകുന്ന പ്രവാസി‍ എന്ന ലേബല്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നില്ല.(മറ്റ് പ്രവാസി സുഹൃത്തുക്കള്‍ ക്ഷമിക്കണം)

അങ്ങനെ നോക്കുമ്പോള്‍ കൊല്ലത്തില്‍ നാലുപ്രാവശ്യം കമ്പനിച്ചിലവില്‍ നാട്ടില്‍ പോകാമെന്നുള്ളത് ഒരു വലിയ കാര്യമായതുകൊണ്ട് മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ 'ഡൌണ്‍‌ഹോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍' എന്ന ഈ ജോലി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോലിസ്വഭാവം 'മെമ്മറി പ്രൊഡക്ഷന്‍ ലോഗിങ്ങ് എഞ്ചിനീയര്‍' എന്നാകുകയും, ഒരു മാസം ജോലി ചെയ്താല്‍ ഒരു മാസം അവധി കിട്ടുമെന്ന മെച്ചപ്പെട്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്തു.

ഒരുമാസം ജോലി ചെയ്താല്‍ ഒരുമാസം ശംബളത്തോടുകൂടിയുള്ള അവധി, എന്നൊക്കെ കേള്‍ക്കുമ്പോള്‍ പലര്‍ക്കും അസൂയ തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷെ, എണ്ണപ്പാടത്തെ വളരെ കഠിനമായ ജീവിതസാഹചര്യങ്ങള്‍ നേരിടുന്നതിന് പകരമായി എണ്ണപ്പാടത്ത് ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്ന ചെറിയ ചെറിയ സുഖങ്ങളാണിതൊക്കെ. അത്തരം കഠിനമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കാന്‍ പലതരം പരിശീലനങ്ങളിലൂടെയും ഞങ്ങള്‍ കടന്നുപോകാറുണ്ട്.

ഈ പരിശീലനങ്ങലില്‍ ചിലത് കൊല്ലാകൊല്ലം ചെയ്തുകൊണ്ടിരിക്കണം. ചില പരിശീലനങ്ങള്‍ മൂന്നു കൊല്ലത്തിലൊരിക്കല്‍‍ നടത്തിയാലും മതി. അബുദാബിയിലുള്ള ഞങ്ങളുടെ കമ്പനിയുടെതന്നെ ഒരു സഹോദര സ്ഥാപനമായ ജി.ട്ടി.എസ്സ്.സി.(Gulf Technical & Safety Training Centre) ആണ് ഗള്‍ഫില്‍ ഇത്തരം എല്ലാ പരിശീലനവും നല്‍കുന്ന ഒരു പ്രമുഖ സ്ക്കൂള്‍.

1.ഫസ്റ്റ് എയ്‌ഡ് (First Aid)
2.ഫയര്‍ ഫൈറ്റിങ്ങ് (Fire Fighting)
3.ഹൈഡ്രജന്‍ സള്‍ഫൈഡ് (H2S)
4.ബ്രീത്തിങ്ങ് അപ്പാരട്ടസ് (Breathing Apparatus)
5.സീ സര്‍വൈവല്‍ (Sea Survival)
6.ഓഫ്‌ഷോര്‍‍ സര്‍വൈവല്‍ (Offshore Survival)
7.ഹെലിക്കോപ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ്‌ (Helicopter Underwater Escape)......

തുടങ്ങിയ പരിശീലനങ്ങള്‍ ഓഫ്‌ഷോറിലെ എണ്ണപ്പാടങ്ങളില്‍ ജോലിക്ക് പോകുന്ന മിക്കവാറും എല്ലാവരും ചെയ്തിരിക്കേണ്ടതാണ്.ഇതില്‍ അവസാനം പറഞ്ഞ ഹെലിക്കോപ്പ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ പരിശീലനമാണ് (HUET) മിക്കവാറും ഞങ്ങളെല്ലാവരുടേയും ഉറക്കം കെടുത്താറുള്ളത്.

നടുക്കടലിലെ എണ്ണപ്പാടത്ത് ജോലിക്കാരേയും മറ്റും എത്തിക്കാന്‍ പ്രധാനമായും എല്ലാ സ്ഥലങ്ങളിലും ഹെലിക്കോപ്‌റ്ററുകളെയാണ് ഒരുവിധം എല്ലാ എണ്ണക്കമ്പനിക്കാരും ആശ്രയിക്കുന്നത്. ഇത്തരം ഹെലിക്കോപ്പ്‌റ്ററുകള്‍ ഏന്തെങ്കിലും കുഴപ്പം കാരണം കടലില്‍ തകര്‍ന്ന് വീണാല്‍, കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണാല്‍, എങ്ങനെ അതില്‍നിന്ന് ജീവനോടെയോ അല്ലെങ്കില്‍ മൃതപ്രായനായിട്ടെങ്കിലും രക്ഷപ്പെടാം എന്നുള്ളതാണ് ഹെലിക്കോപ്പ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ പരിശീലനത്തിന്റെ ഉള്ളടക്കം.

മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും ഈ പരിശീലനം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ നടുക്കടലിലെ ഒട്ടുമിക്ക എണ്ണപ്പാടത്തേക്കും പോകുക അസാദ്ധ്യമാണ്. ഞാനീ പരിശീലനം ഇതിനകം 3 പ്രാവശ്യം ചെയ്തിട്ടുണ്ട്. കുറെയൊക്കെ രസകരവും അതോടൊപ്പം അല്‍പ്പം ഭീതി ജനിപ്പിക്കുന്നതുമാണ് ഈ സംഭവം. മലയാളിയും ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച് വെളിയില്‍ വന്ന രാജന്‍ എന്ന് പേരുള്ള കോട്ടയത്തുകാരനായിരുന്നു കഴിഞ്ഞപ്രാവശ്യങ്ങളിലെല്ലാം എന്റെ പരിശീലകന്‍. ഇപ്പോള്‍ അദ്ദേഹം മെച്ചപ്പെട്ട ജോലികിട്ടി G.T.S.C.യില്‍ നിന്ന് മാറിപ്പോയിരിക്കുന്നു.

നാലാള്‍ക്ക് ഇരിക്കാന്‍ പാകത്തിനുള്ള ഒരു ഹെലിക്കോപ്പ്‌റ്ററിന്റെ മാതൃകയാണ് ഈ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഹെലിക്കോപ്പ്‌റ്ററില്‍ കയറുമ്പോള്‍ ഇടുന്ന തരത്തിലുള്ള ലൈഫ് ജാക്കറ്റൊക്കെ കഴുത്തിലൂടെ കയറ്റി നെഞ്ചത്ത് വലിച്ചുമുറുക്കി കെട്ടി എല്ലാവരും ഈ ഡമ്മി ഹെലിക്കോപ്പ്‌റ്ററിനകത്ത് ഇരുപ്പുറപ്പിക്കുന്നു. നാലാളെ കൂടാതെ പരിശീലകനും ഇതിനകത്ത് ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഈ പരിശീലനത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.

ഒന്നാം ഘട്ടം:- ചില സാങ്കേതിക തകരാറുകള്‍ മൂലം ഹെലിക്കോപ്പ്‌റ്ററിന് വെള്ളത്തിന് മുകളില്‍ ഇറങ്ങേണ്ടി വരുന്നു. അപ്പോള്‍ എന്ത് ചെയ്യണമെന്നുള്ളതാണ് ആദ്യഘട്ടം. ഈ അവസരത്തില്‍ വെള്ളത്തില്‍ ചോപ്പര്‍ (ഹെലിക്കോപ്പ്‌റ്ററിനെ അങ്ങിനേയും വിളിക്കാറുണ്ട്. വായുവിനെ 'ചോപ്പ് ' ചെയ്ത് നീങ്ങുന്നതുകൊണ്ടാണ് ആ പേര് കിട്ടിയതെന്നാണ് എന്റെ അറിവ്) തൊടുന്നതിനോടൊപ്പം ചോപ്പറിന്റെ അടിഭാഗത്തുള്ള ഫ്ലോട്ടിങ്ങ് ഡിവൈസ് ബലൂണ്‍ പോലെ‍ വീര്‍ത്തുവരികയും വലിയ കുഴപ്പമൊന്നുമില്ലാതെ ചോപ്പര്‍ വെള്ളത്തിന് മുകളില്‍ പൊങ്ങി നില്‍ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ചിലപ്പോള്‍ മണിക്കൂറുകളോളം അല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ എല്ലാവരും വെള്ളത്തിനുമുകളില്‍ ഹെലിക്കോപ്പ്‌റ്ററിനകത്ത് കഴിച്ചുകൂട്ടേണ്ടിവരും. ഇങ്ങനെയുള്ള ഈ ആദ്യഘട്ടത്തില്‍ ചിലപ്പോള്‍, ചോപ്പറിനകത്ത് കണങ്കാലിനൊപ്പം വെള്ളമുണ്ടായിരിക്കും. രക്ഷാപ്രവര്‍ത്തകര്‍ വന്നുകഴിയുമ്പോള്‍ ചോപ്പറിലുള്ളവര്‍ എന്തായാലും വെള്ളത്തിലേക്ക് ചാടണം. ഫ്ലോട്ടേഷന്‍ ഡിവൈസ് വീര്‍ത്തുകഴിഞ്ഞാല്‍ ഒരിക്കലും ചോപ്പറിന്റെ വാതിലുകള്‍ തുറക്കാന്‍ പാടില്ല. ഈ വാതില്‍ ഫ്ലോട്ടേഷന്‍ ഡിവൈസില്‍ തട്ടി ദ്വാരമുണ്ടാക്കി അതിലെ കാറ്റ് പോകാതിരിക്കാനാണ് ഇങ്ങനെയൊരു നടപടി. പിന്നെങ്ങിനെ പുറത്ത് കടക്കും?

ചോപ്പറിന്റെ ചില്ലുജനാലകളില്‍ ഒരു വശത്ത് ശക്തമായി തള്ളിയാല്‍ അത് അടര്‍ന്ന് വെളിയില്‍ വീഴും. ഈ ജാലകത്തിലൂടെയാണ് എല്ലാവരും പുറത്ത് അഥവാ വെള്ളത്തിലേക്ക് കടക്കേണ്ടത്. സീറ്റ് ബെല്‍റ്റ് തുറന്ന് ജനാലയിലൂടെ വെള്ളത്തിലേക്ക് വീണയുടനെ നീന്തലറിയാത്തവരും അറിയുന്നവരുമെല്ലാം ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്യിപ്പിക്കണം. ഇത് മിക്കവാറും നമ്മുടെ സാധാരണ പാസഞ്ചര്‍ വിമാനത്തില്‍ കാണുന്നതരത്തിലുള്ള ലൈഫ് ജാക്കറ്റ് തന്നെയായിരിക്കും. അല്ലറചില്ലറ വ്യത്യാസമുള്ള ലൈഫ് ജാ‍ക്കറ്റുകള്‍ നിലവിലുണ്ടെങ്കിലും എല്ലാത്തിന്റേയും പ്രവര്‍ത്തന രീതി ഒന്നുതന്നെയാണ്. ജാക്കറ്റിന്റെ താഴെയുള്ള ചരടില്‍ പിടിച്ച് വലിച്ചാല്‍ ജാക്കറ്റ് വീര്‍ത്തുവരും.

ചോപ്പറില്‍ നിന്ന് വെളിയില്‍ച്ചാടാതെ നെഞ്ചത്ത് കെട്ടി വെച്ചിരിക്കുന്ന ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം. അതിന്റെ കാരണം പുറകെ വിശദീകരിക്കാം. ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി രക്ഷാപ്രവര്‍ത്തകരുടെ കൂടെ ബോട്ടിലോ അതെല്ലെങ്കില്‍ മറ്റൊരു ചോപ്പറിലോ കയറി പാട്ടും പാടി കരയിലേക്ക് യാത്രയാകാം.

രണ്ടാം ഘട്ടം:- ഈ ഘട്ടത്തില്‍, വെള്ളത്തില്‍ ഇടിച്ചിറക്കപ്പെട്ട ചോപ്പറില്‍ കണങ്കാലിനും മുകളിലേക്ക് വെള്ളം കയറി വരും. അതങ്ങനെ പൊങ്ങിപ്പൊങ്ങി കഴുത്തൊപ്പം വന്നുനില്‍ക്കും. ഈ അവസ്ഥയിലും സീറ്റ് ബെല്‍റ്റ് തുറന്ന്, ചില്ലുജനാല തകര്‍ത്ത് വെള്ളത്തില്‍ ചാടി, ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്ത്, രക്ഷിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരുടെ കൂടെ യുഗ്മഗാനവും പാടി കരയിലേക്ക് മടങ്ങാം. ലൈഫ് ജാക്കറ്റ് ഒരിക്കലും ചോപ്പറിനകത്തുവെച്ച് ഇന്‍ഫ്ലേറ്റ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കാം. ചോപ്പറിനകത്ത് കഴുത്തൊപ്പം വെള്ളം നിറഞ്ഞ അവസ്ഥയില്‍ ആരെങ്കിലും ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്താല്‍ അവര്‍ പെട്ടെന്ന് ചോപ്പറിന്റെ മുകള്‍ഭാഗത്തേക്ക് പൊങ്ങിപ്പോകും. പിന്നെയവര്‍ക്ക്‍ ചില്ലുജനാല വഴി പുറത്തേക്ക് വരാന്‍ പറ്റിയെന്ന് വരില്ല. ലൈഫ് ജാക്കറ്റ് അവരുടെ ശരീരത്തെ ബലമായി മുകളില്‍ ഉയര്‍ത്തിനിര്‍ത്തും. അതിനെ ബലം പ്രയോഗിച്ച് താഴേക്കാക്കാന്‍ പറ്റുന്ന കാര്യം സംശയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പുറത്തിറങ്ങാന്‍ പറ്റാതെ ചോപ്പറിന്റെ മച്ചില്‍ക്കുടുങ്ങി ജീവിതം പാഴാകും എന്നുതന്നെ. എന്തായാലും ആ വക കുഴപ്പങ്ങളിലൊന്നും ചെന്ന് ചാടിയില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ നിന്നും വളരെ സമര്‍ത്ഥമായി രക്ഷപ്പെടാം.

മൂന്നാം ഘട്ടം:- ഇതാണ് ഈ പരിശീലനത്തിലെ ഏറ്റവും കഠിനമായ ഘട്ടം. ഈ സമയമാകുമ്പോഴേക്കും മിക്കവാറും എല്ലാ‍വരും ഇതുവരെ പരിചയം പോലുമില്ലാത്ത ദൈവങ്ങളെയൊക്കെ വിളിച്ചുതുടങ്ങും. ഈ ഘട്ടത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ചോപ്പര്‍ വെള്ളത്തിലേക്ക് പതിക്കുകയും, വെള്ളത്തിലേക്ക് മുങ്ങുകയും, വെള്ളത്തിനടിയില്‍ ഒന്നുരണ്ടുവട്ടം കറങ്ങി, ആകാശമേത് ഭൂമിയേത് എന്നറിയാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യുന്നതുമൊക്കെ നിമിഷനേരംകൊണ്ട് കഴിയും.

മുങ്ങിക്കിടക്കുന്ന ഈ ചോപ്പറില്‍ നിന്നാണ് സീറ്റ് ബല്‍റ്റ് തുറന്ന്, ചില്ലുജനാല തകര്‍ത്ത് വെളിയില്‍ കടന്ന്, ജലപ്പരപ്പിലേക്ക് പൊങ്ങി വരേണ്ടത്. ചോപ്പര്‍ വെള്ളത്തില്‍ മുങ്ങി വട്ടം കറങ്ങാന്‍ തുടങ്ങുന്നതോടെ നീന്തലറിയുന്നവരും നീന്തലറിയാത്തവരുമൊക്കെ കുറച്ചെങ്കിലും വെള്ളം മൂക്കിലൂടെയും വായിലൂടെയുമൊക്കെ അകത്താക്കിയിട്ടുണ്ടാകും. തിരക്കും വെപ്രാളവും പ്രാണഭയവുമൊക്കെ കാരണം ആ സമയത്ത് സീറ്റ് ബെല്‍റ്റ് തുറക്കാന്‍ പറ്റില്ല, പുറത്ത് കടക്കേണ്ട ജനാല നോക്കിയാല്‍ കാണില്ല.... അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങള്‍ തലപൊക്കും.

വെള്ളത്തിനടിയില്‍ നല്ല ഇരുട്ടില്‍ ചില്ലുജനാലയൊന്നും കാണാന്‍ പറ്റാത്തതുകൊണ്ട് ചോപ്പര്‍ മുങ്ങുന്നതിന് മുന്‍പുതന്നെ ഏതെങ്കിലും ഒരു കൈ എല്ലാവരും തൊട്ടടുത്ത ജനാലയ്ക്ക് അടയാളം(റെഫറന്‍സ്)ആയി വരുന്ന വിധത്തില്‍ മുറുക്കിപ്പിടിക്കണമെന്നും പിന്നീട് ആ ദിശയില്‍ നീന്തി പുറത്ത് കടക്കണമെന്നുമാണ് ചട്ടം. മരണവെപ്രാളത്തിനിടയില്‍ അങ്ങിനെ പിടിച്ചിരിക്കുന്ന കൈയ്യെല്ലാം വിട്ടുപോകുകയും, ചങ്കരന്‍ തെങ്ങില്‍ത്തന്നെ എന്ന അവസ്ഥയിലാകുകയും ചെയ്യും.

ഈയവസ്ഥയില്‍ ഒരാള്‍ മുങ്ങി വെള്ളം കുടിച്ച് ചാകാനുള്ള പരമാവധി സമയത്തിന്റെ ആനുകൂല്യമൊക്കെ തന്ന് പരിശീലകന്‍ ഞങ്ങളുടെ ഈ പരാക്രമമൊക്കെ നോക്കി ചോപ്പറിനകത്തുണ്ടാകുമെന്നതാണ് രസകരമായ ഒരു കാര്യം. ചത്തുപോകും എന്ന ഒരു അവസ്ഥ സംജാതമാകുമ്പോള്‍ പരിശീലകന്‍ തന്നെ സീറ്റ് ബെല്‍റ്റൊക്കെ തുറന്ന് ജീവച്ഛവമായ ഓരോന്നിനെയായി വലിച്ച് വെളിയിലിടും.

രണ്ടാമത്തെ പ്രാവശ്യം ഞാന്‍ ഈ പരിശീലനത്തിന്‍ പോയപ്പോള്‍ എന്റെ കൂടെ ചോപ്പറില്‍ ഉണ്ടായിരുന്നത് സഹപ്രവര്‍ത്തകനായ നിഷാദും, ഞങ്ങളുടെ പാലസ്തീനിയായ ഓപ്പറേഷന്‍സ് മാനേജരും, ഒരു പാലസ്തീനി സൂപ്രണ്ടന്റുമായിരുന്നു. ഓപ്പറേഷന്‍സ് മാനേജര്‍, കുറച്ചുനാള്‍മുന്‍പുവരെ ഞങ്ങളുടെ കമ്പനിയിലെ സേഫ്റ്റി വിഭാഗത്തിന്റെ ഉത്തരവാദിത്ത്വം കൂടെ കൈകാര്യം ചെയ്തിരുന്ന കക്ഷിയായതുകൊണ്ട് 'ഇതൊന്നും എനിക്കൊരു പ്രശ്നമല്ല' എന്ന മട്ടിലാണ് പുള്ളിയുടെ ശരീരഭാഷ.

വെള്ളത്തിലെ ഈ പ്രാക്‍ടിക്കല്‍ ക്ലാസ്സിന് മുന്‍പ്, ക്ലാസ്സ് റൂമില്‍ ഈവക കാര്യങ്ങളുടെയൊക്കെ തിയറി പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ഒരു ചടങ്ങുണ്ട്. ആ സമയത്തൊക്കെ 'പാലാക്കാരന്‍' മാനേജര്‍ 'ഇതൊക്കെ എനിക്കറിയാമെടേയ് ചെറുക്കാ' എന്ന സ്റ്റൈലില്‍ ഭയങ്കര പ്രകടനമായിരുന്നു. ലോകത്താരും ചോദിക്കാത്ത തരത്തിലുള്ള 'ബുദ്ധി'യുള്ള ചോദ്യങ്ങള്‍, സംശയങ്ങള്‍, എന്നിങ്ങനെ കക്ഷി ക്ലാസ്സ് റൂമില്‍ ആകെ ഷൈന്‍ ചെയ്യുകയാണ്. പരിശീലകനായ രാജനാകട്ടെ മാനേജരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് രാജന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാം.

മാനേജരുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം, 'ഞാന്‍ പ്രാക്‍ടിക്കല്‍ ക്ലാസ്സില്‍ തരാ'മെന്ന് പറഞ്ഞ് രാജന്‍ ക്ലാസ്സ് റൂമില്‍ നിന്ന് അണ്ടര്‍ വാട്ടര്‍ കലാപരിപാടി നടക്കുന്ന സ്വിമ്മിങ്ങ് പൂളിലെത്തി. ഞങ്ങളുടെ പരിശീലനം ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ഞാനും നിഷാദും ചോപ്പറിനകത്ത് ഒരേവശത്തിരിക്കുന്നു. എതിര്‍വശത്തായി ഞങ്ങളുടെ മുഖത്തോട് മുഖം നോക്കി പാലാക്കാര്‍ മാനേജരും സൂപ്രണ്ടും ഇരിപ്പുറപ്പിച്ചു. നടുവിലായി രാജന്‍ സീറ്റൊന്നുമില്ലാത്ത നിലത്തുതന്നെ ഇരിക്കുന്നുണ്ട്.

ചോപ്പര്‍ വെള്ളത്തില്‍ ഇടിച്ചിറങ്ങി, മുങ്ങി, ഒന്നുരണ്ടുവട്ടം കറങ്ങിനിന്നു. ഇങ്ങനൊക്കെത്തയാണോ സംഭവിച്ചതെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത തിരിച്ചിലും മറിച്ചിലുമൊക്കെയായിരിക്കും വെള്ളത്തിനടിയില്‍ ആ സമയത്ത്. ആകപ്പാടെ അകംപൊറം മറിഞ്ഞ് പോകുന്ന ധന്യമുഹൂര്‍ത്തങ്ങളാണതൊക്കെ. മുജ്ജന്മസുകൃതം കൊണ്ടായിരിക്കണം, റഫറന്‍സായി പിടിച്ചിരിക്കുന്ന കൈ ഇളകിപ്പോകാതിരുന്നതുകൊണ്ട് ഞാന്‍ പെട്ടെന്ന് തന്നെ ജനാല വഴി നീന്തി വെളിയിലിറങ്ങി, വെള്ളത്തിനുമുകളിലേക്ക് പൊന്തി. (എനിക്കത്യാവശ്യം നീന്തലറിയാമെന്നുള്ള അഹങ്കാരം ഞാനീ അവസരത്തിലിവിടെ വെളിപ്പെടുത്തിക്കൊള്ളുന്നു.)

ഞാന്‍ ജലപ്പരപ്പില്‍ എത്തിയപ്പോള്‍ സൂപ്രണ്ടും മിടുക്കനായി നീന്തിക്കയറി വന്നിരിക്കുന്നത് കണ്ടു. പത്ത് സെക്കന്റിനകം നിഷാദും മുകളിലെത്തി. നീയെന്താ വൈകിയത് എന്ന് നിഷാദിനോട് ചോദിച്ചപ്പോള്‍ നിഷാദിന് റെഫറന്‍സ് കൈ വിട്ടുപോയെന്നും, ജനാലയ്ക്ക് പകരം സീറ്റിന് പിന്നിലുള്ള താരതമ്യേന വലിപ്പം കുറഞ്ഞ മറ്റേതോ തുളയിലൂടെയാണ് പുറത്ത് വന്നതെന്ന് അവന്റെ മറുപടി കിട്ടി. അതിന്റെ ഫലമായി കക്ഷിയുടെ പുറമൊക്കെ ഉരഞ്ഞ് ചോരപ്പാടുകളൊക്കെ വീണിട്ടുണ്ട്. എന്തായാലും അധികം വെള്ളം കുടിക്കാതെ മുകളിലെത്തിയല്ലോ എന്നതാണ് അപ്പോള്‍ എല്ലാവരുടേയും ആശ്വാസം.

നമ്മുടെ പാലാക്കാരന്‍ ഓപ്പറേഷന്‍സ് മാനേജരേയും രാജനും അപ്പോഴും വെള്ളത്തിനടിയില്‍ത്തന്നെയാണ്. പരിശീലകനായതുകൊണ്ടും, ഒരു ഉഭയജീവിയായതുകൊണ്ടും രാജന്റെ കാര്യത്തില്‍ വേവലാതിപ്പെടാനില്ല. അങ്ങനന്നല്ലോ മാനേജരുടെ കാര്യം! ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് മുകളില്‍ കാത്തുനിന്നു.

എന്തൊക്കെയായാലും അധികം താമസിയാതെ‍‍ രണ്ടുപേരും വെള്ളത്തിന് മുകളിലെത്തി. രാജന്റെ മുഖത്ത് ഒരു വിജയിയുടെ ഭാവം കാണുന്നുണ്ട്. മാനേജര്‍ വെള്ളം കുടിച്ച് ഇത്തിരി മോശം അവസ്ഥയിലാണ് പൊങ്ങി വന്നിരിക്കുന്നത്. വെള്ളത്തിന് മുകളില്‍ കിടന്ന് രാജന്‍ ബാക്കിയുള്ള തിയറികൂടെ അയാളെ പഠിപ്പിക്കുന്നുണ്ട്. 'ഇപ്പോള്‍ മനസ്സിലായില്ലേ തിയറിയും, പ്രാക്ടിക്കലും തമ്മിലുള്ള വ്യത്യാസം' എന്നൊക്കെ ജേതാവിന്റെ ഭാഷയില്‍ത്തന്നെയാണ് രാ‍ജന്‍ ചോദിക്കുന്നത്.

വെള്ളത്തിനടിയില്‍ ഉണ്ടായ സംഭവം ഇതാണ്. വെപ്രാളത്തിനിടയില്‍ മാനേജര്‍ക്ക് സീറ്റ് ബെല്‍റ്റ് തുറക്കാനായില്ല. അയാളത് തുറക്കുന്നതുവരെ, അല്ലെങ്കില്‍ അയാളുടെ അപകടഘട്ടം തുടങ്ങുന്നതുവരെ രാജനത് നോക്കി നിന്നു. സാധാരണഗതിയില്‍ സീറ്റ് ബെല്‍റ്റ് തുറക്കാന്‍ പറ്റാത്തവരെ ഉടനെ തന്നെ തുറന്നുവിടാറുള്ള രാജന്‍, മാനേജരുടെ 'ബുദ്ധി'പരമായ സംശയമൊക്കെ തീര്‍ത്തുകൊടുക്കാനായി കുറച്ചുകൂടെ സാവകാശം അദ്ദേഹത്തിന് കൊടുക്കുകയാണുണ്ടായത്.

വെള്ളത്തില്‍ നിന്ന് കരയില്‍‍ വന്നയുടനെ രണ്ട് പാലാക്കാരും ചേര്‍ന്ന് രാജനെ അറബിയില്‍ നല്ല ചീത്തവിളിച്ചുകാണുമായിരിക്കും. മനസ്സിലെങ്കിലും അവരത് ചെയ്തുകാണുമെന്ന് എനിക്കുറപ്പാണ്.

അടുത്തത് ചോപ്പറില്‍ നിന്നും വെളിയില്‍ വന്നതിനുശേഷമുള്ള സീ-സര്‍വൈവല്‍ പരിശീലനമാണ്. നിഷാദും ഞാനും അതിനായി മാനസ്സികമായി തയ്യാറെടുപ്പ് തുടങ്ങി. ഓരോരുത്തരെയായി രാജന്‍ വീണ്ടും വെള്ളത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. അപ്പോളാണ് രസകരമായ ആ കാഴ്ച്ച ഞങ്ങള്‍ കണ്ടത്.

വെള്ളം കുടിച്ച മാനേജരും, വെള്ളം കുടിക്കാത്ത സൂപ്രണ്ടും പരിശീലനമൊക്കെ മതിയാക്കി കുപ്പായമൊക്കെ മാറ്റി പൂളിന്റെ മറുവശത്തുകൂടെയതാ സ്ഥലം കാലിയാക്കുന്നു.

കാച്ചിയ വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും‍.........
അതുതന്നെ സംഭവം.
------------------------------------------------------------------------
പല സാങ്കേതികപദങ്ങളും ഇംഗ്ലീഷില്‍ അഥവാ മംഗ്ലീഷില്‍ത്തന്നെ എഴുതേണ്ടി വന്നതിന് മാപ്പിരക്കുന്നു.

67 comments:

 1. ചേട്ടാ;
  ഇങ്ങനെയുള്ള സാഹസികഘട്ടങ്ങള്‍ തരണം ചെയ്തിട്ടുവേണമല്ലേ....വീട്ടുകാര്‍ക്ക് അറിയാമോ ഇതൊക്കെ? ചേച്ചിയും, കുട്ട്യോളുമൊക്കെ സമ്മതിക്കുമോ ഇതൊക്കെ? എന്റെ ഈശ്വരാ!!!
  പുതിയ ഇത്തരം അറിവുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
  നന്ദിയോടെ...

  ReplyDelete
 2. ഇത്രയ്ക്കും ബുദ്ധിമുട്ടേറിയ ജോലിയാണിതെന്ന് അറിയില്ലായിരുന്നു. പുറംലോകര്‍ക്കറിയാത്ത ഈ വിവരങ്ങള്‍ക്ക് പറഞ്ഞതിന് നന്ദി. ഇതുപോലെയുള്ള ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. ഒരു മാസം ജോലി ചെയ്യുമ്പോള്‍ ഒരു മാസം അവധി എന്ന അറിവില്‍ അസൂയ പൂണ്ടിരിക്കുകയായിരുന്നു ഞാന്‍.പക്ഷേ ഈ പോസ്റ്റ് കണ്ടപ്പോള്‍ എല്ലാ ധാരണയും തെറ്റാ എന്നു മനസ്സിലായി..ശമ്പളം കൂടുതല്‍ കിട്ടുന്തോറും റിസ്ക് ഫാക്റ്ററും കൂടുതല്‍ ആയിരിക്കുമല്ലോ..

  ഓ ടോ :പ്രേതവും സെമിത്തേരിയും എപ്പോളാ വരുക ?

  ReplyDelete
 4. വര്‍‌ക്‍ ഷോപ്പും
  ട്രെയിനിങ്ങും എല്ലാ ജോലീടെയും
  ഭാഗമാണല്ലോ അതില്‍ പറയാനെന്തുവാ ഇത്രയ്ക്കുള്ളത് എന്ന് വിചാരിച്ചാ ഞാന്‍ വായിയ്ക്കാനിരുന്നത് ....

  മാപ്പ് മാപ്പ് മാപ്പ് !!

  എന്റീശോയേ എയര്‍ ക്രാഫില്‍ വച്ച് എല്ലതവണയും ആ പെങ്കോച്ച് വന്ന് നിന്ന് ലൈഫ് ജാക്കറ്റ് ഇടുന്നതു കാണിയ്ക്കുമ്പോള്‍ ഞാന്‍
  “കാരുണ്യ വാനായ കര്‍ത്താവേ ജിവന്റെയും മരണത്തിന്റെയും നാഥാ..” എന്നുള്ള പ്രാര്‍ത്ഥന ചൊല്ലി തുടങ്ങും കാരണം എനിയ്ക്കറിയാം ഞാന്‍ ഇതാല്‍ ഒന്നും ചെയ്യൂല്ലന്ന് ..

  ഇത് ഒരു പരിശീലനം തന്നാ ..
  നീരൂ ഈ പരിശീലനം കഴിയുമ്പോഴും
  ഒന്നര മാസത്തെ അവധി തരാന്‍ പറ...

  എന്തായാലും നല്ല പോസ്റ്റ് !
  സത്യമായും ഓയില്‍ ഫീല്‍ഡില്‍ ഇത്ര
  ഗുലുമാത്സ് ഉണ്ടെന്ന് അറിഞ്ഞതിപ്പോഴാ

  എന്നും എപ്പൊഴും എല്ലാ ആപത്തുകളിലും അപകടങ്ങളില്‍ നിന്നും ഈശ്വരന്‍ കാത്തു രക്ഷിക്കട്ടേ.. നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു
  നന്മകള്‍ നേരുന്നു...

  ReplyDelete
 5. അമ്പാടീ, എന്തൊക്കെയാ ഈ കേള്‍ക്കുന്നത്.
  ത്രില്ലുള്ള പരിശീലനം!!
  എന്തായാലും തിയറിയും പ്രാക്ടിക്കലും തമ്മിലുള്ള വ്യത്യാസം നന്നായി മനസ്സിലായി.
  വിജ്ഞാനപ്രദം.
  അഭിനന്ദനങ്ങള്‍!

  ReplyDelete
 6. നിരൻ, വളരെ നല്ല വിവരണം. ഇത്രയും അപകടം നിറഞ്ഞ പരിശീലനക്കുറിപ്പായിട്ടുകൂടി, രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. എന്റെ പഴയ ചില അനുഭവങ്ങൾ ഓർത്ത് പോയി. നന്ദി..

  ...ബോട്ടിലോ അതെല്ലെങ്കില്‍ മറ്റൊരു ചോപ്പറിലോ കയറി പാട്ടും പാടി കരയിലേക്ക് യാത്രയാകാം..

  ...രക്ഷിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരുടെ കൂടെ യുഗ്മഗാനവും പാടി കരയിലേക്ക് മടങ്ങാം


  അപ്പോ, ഈ എണ്ണപ്പാടത്ത് പണിയെടുക്കണമെങ്കിൽ അത്യാവശ്യം പാട്ടൊക്കെ പാടാൻ അറിയണമല്ലെ..?!! :) ::)

  മാനേജര്‍ വെള്ളം ഇത്തിരി മോശം അവസ്ഥയിലാണ് പൊങ്ങി വന്നിരിക്കുന്നത്..
  ഇവിടെ വെള്ളം അറിയാതെ വന്നതാണോ..??

  ReplyDelete
 7. മി, നിര്‍ കേട്ടിടത്തോളം നമ്മുടെ രജനീകാന്തണ്ണന്റെ ഒരു സിലിമേലേ പോലെയുണ്ട് പരിശീലനം, ഉം എന്തായാലും ഫ്യൂച്ചര്‍ ഉണ്ട് തമിള്‍ സിലിമെല്‍ ഡ്യൂപ്പ് ആയി പെര്‍ഫോം ചെയ്യാന്‍ ഈ പരിശീലനം ധാരാളം:)

  ReplyDelete
 8. നിരക്ഷരന്‍ കലക്കി....
  വളരെ ത്രില്ലടിച്ചാ‍ാണ് വായിച്ച് തീര്‍ത്തത്. ഇത്രയും കഷ്ട്പ്പാടുകള്‍ സഹിച്ചാണ് ഓരോരുത്തരും അവിടെ നില്‍ക്കുന്നത് അല്ലേ.പിന്നെ പാലാക്കാരന്‍ സാറ്, ഇതുപോലെയുള്ള ആള്‍ക്കാര്‍ എല്ലാ മേഖലകളിലൂം ഉണ്ട് മനോജ്ചേട്ടാ.

  ReplyDelete
 9. സാഹസിക ജോലി തന്നാണല്ലേ. സൂക്ഷിക്കണം ട്ടാ

  ReplyDelete
 10. :) കപ്പലില്‍ ജോലിചെയ്യുന്ന ഒരു കൂട്ടുകാരനും ഇങ്ങനെ ചിലത് പറഞ്ഞിട്ടുണ്ട്. കപ്പലിന്റെ മോളീന്ന് വെള്ളത്തിലോട്ട് എടുത്തു ചാടിക്കോണം എന്ന്. നല്ല എഴുത്ത്.

  ReplyDelete
 11. ഹരീഷ് തൊടുപുഴ - ചേച്ചിക്ക് ഇതൊക്കെ അറിയാമേ..പക്ഷെ ഈ വക കഥകളൊക്കെ പറയാന്‍ തുടങ്ങിയാല്‍ പുള്ളിക്കാരത്തി കേട്ടിരിക്കില്ല. വിഷയം മാറ്റി രക്ഷപ്പടും.

  അനൂപ് തിരുവല്ല - ഇനിയും ഉണ്ട് ഇത്തരം കഥകള്‍ ഒരുപാടുണ്ട്. വഴിയേ എഴുതാം.

  മാണിക്യേച്ചീ - മാപ്പാക്കിയിരിക്കുന്നു :) :)

  ലതികച്ചേച്ചീ - ത്രില്ലടിച്ചിരിക്കുകയാണല്ലേ ? :)

  കാന്താരിക്കുട്ടീ - ശംബളം കൂടുതല്‍ കിട്ടുമെന്ന് ആരാ പറഞ്ഞത് ? :) :)

  പൊറാടത്ത് - ‘വെള്ളം കുടിച്ച് ‘ എന്നായിരുന്നു അവിടെ. തെറ്റ് തിരുത്തിയിട്ടുണ്ട്. കാണിച്ച് തന്നതിന് നന്ദി.

  സാജന്‍ - ഡ്യൂപ്പായിട്ട് വേറേ ആളെ നോക്കണം. നായകനില്‍ കുറഞ്ഞ ഒരു പരിപാടിക്കും എന്നെ കിട്ടില്ല :)

  ഷിജു - എല്ലാത്തരക്കാലും എല്ലാക്കൂട്ടത്തിലുമുണ്ട്.

  പ്രിയാ ഉണ്ണികൃഷ്ണന്‍ - ഇത്തിരി സാഹസികം തന്നാണേ... :)

  സിമി - ആ കപ്പലിന്റെ മോ‍ളീന്നുള്ള ചാട്ടം ഞങ്ങള്‍ക്കും ചെയ്യണം. അത് സീ-സര്‍വൈവല്‍ പരിശീലനത്തിനിടയിലാണ് വരുന്നത്. അത് പിന്നീടൊരിക്കല്‍ എഴുതാം.

  ഇതുവരെ പരിശീലനത്തില്‍ പങ്കെടുത്ത എല്ലാ സാഹസികര്‍ക്കും നന്ദി.

  ReplyDelete
 12. kollam. let me tell this to khair azzam. ninte increment njhan vazimuttikkum.... :)

  ReplyDelete
 13. എത്ര മനോഹരമായ പരിശീലനങ്ങള്‍!

  ഇനിയും... ഇത്തരം മനോഹരമായ പരിശീലനങ്ങള്‍ ഉണ്ടാവുമോ എന്തോ..

  -/കൊല്ലത്തിലൊരിക്കലെങ്കിലും വിമാനത്തില്‍ പോവുന്ന ഈയുള്ളവനോട് ഇതിന്റെ മറുപടി അപ്പോള്‍ പറഞ്ഞുതരല്ലേ ദൈവമേ.../-

  ReplyDelete
 14. പറയാന്‍ വിട്ടു, നൈസ് പോസ്റ്റ്!

  ReplyDelete
 15. നിരൂ...
  മനസ്സില്‍ തോന്നിയതൊക്കെ ആദ്യം വന്നവര്‍ ചോദിച്ചും,പറഞ്ഞും തിരിച്ചു പോയി....എന്‍റെ ഭര്‍ത്താവിനു Q.Pയില്‍
  (ഖത്തര്‍ പെട്രോളിയം) കിട്ടാതെ പോയ ആ ജോലി...ഇനി പുളിക്കില്ല...സത്യം..
  """""ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി രക്ഷാപ്രവര്‍ത്തകരുടെ കൂടെ ബോട്ടിലോ അതെല്ലെങ്കില്‍ മറ്റൊരു ചോപ്പറിലോ കയറി പാട്ടും പാടി കരയിലേക്ക് യാത്രയാകാം""""
  അപ്പൊ,പാട്ടു പാടാന്‍ അറിയാത്തവര്‍ എന്ത് ചെയ്യും? ഡാന്‍സ് ആയാലും പോരെ നിരക്ഷരന്‍ ചേട്ടാ..?
  ഞാന്‍ ബോട്ടില്‍ കയറി വിട്ടു..

  4gt 2 say that post is supreb!!
  really superb!!

  ReplyDelete
 16. എണ്ണപ്പാടത്ത് ജോലിയ്ക്ക് ഇത്രയും പരിശീലനങ്ങളൊക്കെ ആVശ്യമാണേന്നു ഇപ്പോള്‍ മനസ്സിലായി. ഖനികള്‍ക്കുള്ളിലെ ജോലികളെക്കുറിച്ച് പറഞ്ഞ സുഹൃത്തിനേയ്യും ഓര്‍ത്തു പോയി.
  ഒരപകടത്തില്‍ പെട്ടാല്‍, ജീവന്‍ നില നിര്‍ത്താനും രക്ഷപ്പെടാനുമുള്ള പരിശീലനം, ആ ജോലിയേക്കാള്‍ പ്രധാനമായിരിക്കുംപോള്‍, ചെയ്യുന്ന ജോലിയുടെ സ്വഭാവവും മഹത്വവും മനസ്സിലാകുന്നു.
  എണ്ണപ്പാടങ്ങളിലെ പരിശീലനം വിജ്ഞാനപ്രദം.!
  ‍ ‍

  ReplyDelete
 17. നിരന്‍ ഭായി..

  പരിശീലനം വായിച്ചിട്ട് അന്തം വിട്ടിരിക്കുകയാണ് ഞാന്‍. പിന്നെ എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുകളും സുഖങ്ങളും ഉണ്ടാകും..!

  ഇതും കൂടി ഒന്നു പറഞ്ഞു തരണേ..

  ശരിക്കും പറന്നു വന്നിട്ടാണൊ ഹെലിക്കോപ്റ്റര്‍ വെള്ളത്തില്‍ വീഴുന്നത്..? (അല്ല,മാതൃക എന്നു പറയുമ്പോള്‍ ക്രെയിനില്‍ പൊക്കി നിര്‍ത്തിയിട്ട് വെള്ളത്തിലേക്ക് ഇടാമല്ലൊ)

  ഈ ഡെമൊ ചെയ്യുന്നത് പ്രത്യേകം ഉണ്ടാക്കിയ പൂളിലാണൊ..?

  ഇങ്ങനെ ഡെമൊ ചെയ്യുമ്പോള്‍ ഓക്സിജന്‍ മാസ്ക് ധരിക്കുമൊ..?(കാരണം വെള്ളത്തില്‍ വീഴാന്‍ പോകുകയാണെന്ന് ധാരണയുള്ളതിനാലാണ്)

  പത്തിരുപത് അടി വെള്ളമെങ്കിലും വേണ്ടെ ചോപ്പ് മുങ്ങാന്‍, ചോപ്പ് വെള്ളത്തില്‍ വീണാല്‍ ഉടന്‍ താണു പോകില്ലല്ലൊ..പോകുമൊ? ആ സമയംകൊണ്ട് സീറ്റ് ബെല്‍റ്റ് റിമൂവ് ചെയ്യാനും വാതില്‍ കണ്ടെത്താനും പറ്റില്ലെ..?

  എങ്ങിനെയാണ് പരിശീലകന് മറ്റുള്ളവരെ കാണാന്‍ പറ്റുന്നത് ( അതായിത് വെളിച്ചക്കുറവുണ്ടാകില്ലെ ) അദ്ദേഹം ഓക്സിജന്‍ മാസ്ക് ധരിച്ചിട്ടുണ്ടാകുമൊ..?

  ഇനിയും ഒത്തിരി സംശയങ്ങള്‍ ഉണ്ട്.. ഈ പരിശിലനം എല്ലാവര്‍ക്കും വേണമൊ..? (പ്രത്യേക കാറ്റഗറിയിലുള്ളവര്‍ക്കു മാത്രം ചെയ്താല്‍പ്പോരെ)

  ReplyDelete
 18. നിഷാദേ - മോനേ എനിക്കിട്ട് പണി തരാന്‍ നോക്കണ്ട. ഖെയര്‍ ആസ്സാമിനെ ഞാന്‍ ഈ പോസ്റ്റിലൂടെ മലയാളി ബ്ലോഗേഴ്സിനിയില്‍ സുപരിചിതനാക്കിയിരിക്കുകയാണ്. അതുകൊണ്ട് അടുത്ത പ്രാവശ്യം എനിക്ക് ഇന്‍‌ക്രിമെന്റ് കൂടുതല്‍ കിട്ടുമെന്നുറപ്പാ... :)

  കുറ്റ്യാടിക്കാരാ - ഇനിയുമുണ്ട് മനോഹരമായ പരിശീലനങ്ങള്‍. ഉടനെ വരും കാത്തിരിക്കൂ.

  സ്മിതാ ആദര്‍ശ് - അത് കഷ്ടായിപ്പോയല്ലോ ? ക്യൂ.പി.യില്‍ ഭയങ്കര ശംബളമാണ് കൊടുക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ അവിടെ ജോലിക്ക് ശ്രമിക്കുന്നുമുണ്ട്. ചോപ്പറില്‍ ഇരുന്ന് ഡാന്‍സ് കളിക്കാനൊന്നും പറ്റില്ല. ഓണ്‍ലി സോങ്ങ്‌സ്. സോളോ, അല്ലെങ്കില്‍ ഡ്യൂയറ്റ്. സംഘഗാനവും പറ്റില്ല :)

  വേണുജീ - ഖനികളിളെ ജോലിക്കാരുടെ കാര്യം ഇതിലുമൊക്കെ കഷ്ടമാ...

  കുഞ്ഞന്‍ - താങ്കള്‍ക്കുള്ള ഉത്തരങ്ങള്‍
  ---------------------------
  ഉത്തരം 1:- കരയില്‍ ക്രെയിന്‍ പോലെ ഉള്ള സംവിധാനത്തില്‍ നിന്നുമാണ് ചോപ്പറിന്റെ മാതൃക പൂളിലേക്ക് പതിക്കുന്നത്. പക്ഷെ ചോപ്പറിനെ കറക്കാനും തിരിക്കാനും ഈ സംവിധാനത്തിലൂടെ പറ്റും.

  ഉത്തരം 2:- ഈ ഡെമോ നടത്തുന്നത് പ്രത്യേകം ഉണ്ടാക്കിയ പൂളില്‍ത്തന്നെയാണ്. ഉപ്പുവെള്ളം, കടലിലെ പോലെ ഓളങ്ങള്‍, മുകളില്‍ നിന്ന് മഴ, ഇരുട്ട്, അതിനിടയില്‍ ഇടയ്ക്കിടയ്ക്ക് മിന്നല്‍, ഇതൊക്കെ വീഗാലാന്റിലെന്ന പോലെ ആ പൂളിലുണ്ട്.

  ഉത്തരം 3:- വെള്ളത്തില്‍ വീഴാന്‍ പോകുന്നു എന്ന് അറിയാമെങ്കിലും ഓക്സിജന്‍ മാസ്‌ക് ധരിക്കില്ല. നമ്മള്‍ ശരിക്കുമുള്ള ഒരു അപകടമാണ് അവിടെ സിമുലേറ്റ് ചെയ്യുന്നത്. ശരിക്കും ചോപ്പറില്‍ യാത്ര ചെയ്യുമ്പോള്‍ ഓക്സിജന്‍ മാസ്‌ക്ക് ആരും ധരിക്കാറില്ല. ലൈഫ് ജാക്കറ്റ് മാത്രമാണ് ധരിക്കുന്നത്.

  ഉത്തരം 4:- 8-10 അടി മുകളില്‍ നിന്ന് തന്നെയാണ് ഈ ഡമ്മി ചോപ്പര്‍ വെള്ളത്തില്‍ വീഴുന്നത്. മൂന്നാമത്തെ ഘട്ടത്തില്‍ ചോപ്പര്‍ പെട്ടെന്ന് തന്നെ വെള്ളത്തില്‍ മുങ്ങുന്നുണ്ട്. വെള്ളത്തില്‍ മുങ്ങി അതിനടിയിലെ കറക്കമൊക്ക കഴിഞ്ഞ് ചോപ്പര്‍ നിന്നതിന് ശേഷം മാത്രമേ രക്ഷപ്പെടല്‍ നടത്താന്‍ പാടൂ എന്നുള്ളതാണ് പരിശീലനത്തിന്റെ നിബന്ധന.അതിന് മൂന്നേ സീറ്റ് ബല്‍റ്റ് അഴിക്കാന്‍ പാടില്ല. ശരിക്കുള്ള അപകടസമയത്ത് എങ്ങനൊക്കെയാണ് ചോപ്പര്‍ വെള്ളത്തില്‍ പതിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. ശരിക്കുള്ള അപകടസമയത്ത് ഇതിലും കൂടുതലാണ് നിബന്ധനകള്‍. ചോപ്പറില്‍ നിന്ന് പുറത്ത് വന്നാലും ഉടനെതന്നെ ജലപ്പരപ്പിലേക്ക് പൊങ്ങിവരാന്‍ പാടില്ല. മുകളില്‍ ചോപ്പറിന്റെ ബ്ലേഡ് കറങ്ങുന്നുണ്ടെങ്കില്‍ അതില്‍ത്തട്ടി പൊങ്ങിവരുന്നവന്റെ തലയായിരിക്കും ആദ്യം തന്നെ മുറിച്ച് മാറ്റപ്പെടുക. അതുകൊണ്ട് 20 അടിയെങ്കിലും വെള്ളത്തിനടിയിലൂടെ നീന്തിമാറിയതിന് ശേഷമേ മുകളിലേക്ക് ഉയരാന്‍ പാടുള്ളൂ എന്നാണ് ചട്ടം. ഇതൊന്നും ആ സമയത്ത് ആരും ഓര്‍ക്കില്ല. ശ്വാസം കിട്ടാന്‍ വേണ്ടി പെട്ടെന്ന് എല്ലാവരും മുകളിലേക്ക് പൊങ്ങിവരുകയാണ് പതിവ്.ചോപ്പറില്‍ നിന്ന് രക്ഷപ്പെട്ടാലും പലരും മരിക്കുന്നത് ഇങ്ങനൊക്കെയാണ്.

  ഉത്തരം 5:- പരിശീലകന്‍ ഗോഗിള്‍സ് ഇട്ടാണ് ഇരിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് മങ്ങിയ വെളിച്ചത്തിലാണെങ്കിലും കുറച്ചൊക്കെ കാണാന്‍ സാധിക്കുന്നുണ്ടാകുമായിരിക്കും. നമ്മുടെ കണ്ണില്‍ ഉപ്പുവെള്ളമൊക്കെ കയറി ആകെ അന്ധകാരത്തിലായിരിക്കും. ഓക്സിജന്‍ മാസ്ക്ക് എന്ന ഒരു സംഭവം പരിശീലകന്‍ അടക്കം ആരും ധരിക്കില്ല. നമ്മള്‍ നീന്താനല്ലല്ലോ പോകുന്നത് ? പറക്കാനല്ലേ ? അത് തകരാറിലായി കഷ്ടകാലത്തിന് വെള്ളത്തില്‍ വീഴുന്നതല്ലേ ? പക്ഷെ കൂടുതല്‍ എന്തെങ്കിലും കുഴപ്പം പരിശീലകന്‍ അടക്കം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ രക്ഷപ്പെടുത്താന്‍ ഒരു ഡൈവര്‍ ഓക്സിജന്‍ സിലിണ്ടറും സ്വിമ്മ്‌ സ്യൂട്ടുമൊക്കെ ഇട്ട് കുറച്ച് മാറി വെള്ളത്തിനടിയില്‍ നിലയുറപ്പിച്ചിട്ടുണ്ടാകും. പക്ഷെ അയാള്‍ക്ക് ഇടപെടേണ്ട അവസരം ഉണ്ടായതായി കേട്ടിട്ടില്ല.

  ഉത്തരം 6 :- വെള്ളത്തിന് നടുവിലേക്ക് ജോലിക്ക് ചോപ്പറില്‍ പോകുന്ന എല്ലാവരും ഈ ഹെലിക്കോപ്പ്‌റ്റര്‍ പരിശീലനം ചെയ്യണം. ഇത് കേറ്ററിങ്ങ് ജോലിക്കാരടക്കം എല്ലാവര്‍ക്കും ബാധകമാണ്. ചോപ്പറില്‍ ആരൊക്കെ കയറുന്നുവോ അവരൊക്കെ ഇത് ചെയ്യണമെന്ന് സാരം.

  ഇനിയും സംശയങ്ങള്‍ ഉള്ളത് ചോദിച്ചോളൂ. സസന്തോഷം പറഞ്ഞ് തരാം. ഇതെല്ലാം പോസ്റ്റില്‍ എഴുതിയാല്‍ പോസ്റ്റിന്റെ നീളം വല്ലാതായിപ്പോകും. എന്തായാലും കുഞ്ഞന്‍ ചോദിച്ചതുകൊണ്ട് എനിക്കിതൊക്കെ ഇവിടെയെങ്കിലും പറയാനായി. അതുകൊണ്ടുതന്നെ കുഞ്ഞന്റെ ഈ സംശയ-കമന്റ് ഈ പോസ്റ്റിനൊരു മുതല്‍ക്കൂട്ടായി. പെരുത്ത് നന്ദി മാഷേ.

  ReplyDelete
 19. നന്ദി മാഷെ...ഇത്ര വിശദമായി പറഞ്ഞതിന്.

  ഓ.ടൊ..കണ്ണുകടി കൂടിയാലെന്തുചെയ്യും, എന്തായാലും നിരുഭായ്, ചൊക്ലിപ്പട്ടിയുടെ കുരപോലെ അവഗണിക്കുക.

  ReplyDelete
 20. ഇതൊരു ത്രില്ലിങ് അനുഭവമാണല്ലോ മാഷെ,

  പണ്ട എ.കെ 47, ഇപ്പോള്‍ വെള്ളത്തില്‍ കളി, എനിക്കു അസൂയ തോന്നുന്നു.

  നല്ല കുറിപ്പ്, ശരിക്കും ഇഷ്ടപ്പെട്ടു.

  ReplyDelete
 21. ഹോ! ഇത്രയ്ക്ക് ത്രില്ലുള്ളതാണോ അവിടം...എനിക്കും അതിലൊക്കെ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്....എന്നെയും കൂട്ടാമോ...

  ReplyDelete
 22. പ്രിയപ്പെട്ട നിരക്ഷരാ.....സുഖമല്ലേ...സുഖത്തിനായ്‌ പ്രാര്‍ത്ഥിക്കുന്നു

  ശരിയാണ്‌...പുറമേ നിന്ന്‌ നോക്കുന്നേരം എല്ലാമൊരു സ്വര്‍ഗ്ഗം പോലെ തോന്നും

  ഇക്കരെ നിക്കുബോല്‍ അക്കരെ പച്ച എന്നൊക്കെ പറയുന്ന പോലെ

  ഇത്തരം അപകടം നിറഞ്ഞ ജോലിക്കിടയിലും ജീവിതാനുഭവങ്ങള്‍ ഞങ്ങള്‍ക്കായ്‌ പങ്ക്‌ വെക്കുന്നല്ലേ..സന്തോഷം....മനസ്സിനൊരല്‍പ്പം സുഖം..ആശ്വാസം

  എന്നും പ്രാര്‍ത്ഥനകളില്‍ ഞങ്ങളിലൊരുവനായി നീയും കൂടെയുണ്ടാവുമെന്നും

  നന്‍മകള്‍ നേരുന്നു
  മന്‍സൂര്‍,നിലബൂര്‍

  ReplyDelete
 23. ഇത്രയും വലിയ സാഹസികതകളൊക്കെ പ്രവര്‍ത്തിച്ചിട്ടാണോ ചൂടാറും മുമ്പ് എന്റെ ബ്ലോഗിലും ഓട്ടപ്രദക്ഷിണം നടത്തിയത്!
  ഇനിയെങ്കിലും ഇങ്ങിനെയുള്ള ആപത്തിലൊന്നും പെടുത്തരുതേ എന്നു പ്രാര്‍ത്ഥിക്കാം.

  ReplyDelete
 24. മനോജേട്ടാ ശരിക്കും ത്രസിപ്പിക്കുന്ന വിവരണം തന്നെ. എന്റെ ഒരു സുഹൃത്തു കുറച്ചുനാൾ ബോംബെ ഹൈയിൽ ഉണ്ടാ‍യിരുന്നു. അവൻ പറഞ്ഞു മറ്റുചില ട്രേയിനിങുകൾ അറിയാം. എന്നാലും ഇതു പുതിയ അറിവാണ്. ഇനിയും ഇത്തരം വിഞ്ജാനപ്രദമായ ലേഖനങ്ങൾ പോരട്ടെ.

  ReplyDelete
 25. പട്ടാളക്കാരെപ്പോലെയാണല്ലോ പരിശീലനം. ഈ ടെക്നിക്കൊക്കെ പറഞ്ഞു തന്നത് നന്നായി. ഇനി എന്നെന്കിലും ഹെലിക്കോപ്റ്ററില്‍ കയറുകയും അത് 10 അടി പൊക്കത്തില്‍ നിന്ന് വെള്ളത്തില്‍ വീഴുകയും ചെയ്യുകയാണെന്കില്‍ രക്ഷപ്പെടാമല്ലോ :-)

  ReplyDelete
 26. സമ്മതിച്ചിരിക്കുന്നു മാഷേ... ഇതൊക്കെ വളരെ ത്രില്ലിംഗ് ആയി തോന്നുന്നു. വായിച്ച് തുടങ്ങിയപ്പോൾ എന്താപ്പോ ഈ ജൂലിയെക്കുറിച്ചിത്ര പറയാൻ എന്ന് എനിക്കും തോന്നി. പക്ഷേ ഇറങ്ങിക്കഴിഞ്ഞപ്പോഴല്ലേ മനസ്സിലായത്. നിരക്ഷരൻ എന്തേ ഇതൊക്കെ എഴുതാൻ ഇത്ര സമയമെടുത്തു എന്ന്. അഭിനന്ദനങ്ങൾ മാഷേ...

  എങ്കിലും സൂക്ഷിക്കുക.

  ReplyDelete
 27. ഹോ, എത്ര ത്രില്ലിംഗ്‌ ആയ അനുഭവങ്ങള്‍!! (വെള്ളത്തില്‍ മുങ്ങിയത്‌ ഞാനല്ലല്ലോ?)

  മാഷേ, അതി മനോഹരമായ പോസ്റ്റ്‌. പരിശീലന അഭ്യാസങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആവര്‍ത്തിക്കാന്‍ ഇടവരാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 28. നിരക്ഷരാ,
  എണ്ണപ്പാടത്തെ റിസ്ക്കുകളെ കുറിച്ച് കണവനില്‍ നിന്ന് കിട്ടിയ എകദേശ രൂപരേഖയുണ്ട്. എല്ലാം ഞാന്‍ കുത്തികുത്തി ചോദിച്ച് മനസ്സിലാക്കുന്നതാണ്. ഇത്രയും വിശദമായ
  ഒരു പോസ്റ്റ് ഇട്ടതിന് നന്ദി. സരസമായ വിവരണം.വായിക്കുന്ന കാര്യങ്ങള്‍ ഭാവനയില്‍ അപ്പപ്പോള്‍ കാണുന്ന ശീലമുള്ളതുകൊണ്ട് ഒരുപാട് സമയമെടുത്തു വായിച്ച് തീര്‍ക്കാന്‍.
  ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു

  ReplyDelete
 29. എണ്ണപ്പാടത്തെ റിസ്കുള്ള ജീവിതപരിച്ഛേദം വിവരിച്ചുതന്നതിനു എന്റെ കൃതക്ഞത നേരുന്നു നിരക്ഷരാ..
  അന്നത്തെ സംഭവമൊക്കെ നല്ലരീതിയില്‍ സോള്വായല്ലൊ, അല്ലേ..

  ReplyDelete
 30. കുഞ്ഞന്‍ - ആ ഓഫ് ടോപ്പിക്ക് എന്താണെന്ന് മനസ്സിലായില്ലല്ലോ‍ ?

  അനില്‍@ബ്ലോഗ് - ശ്രീനിവാസന്‍ ‘ചിന്താവിഷ്ടയായ ശ്യാമളയില്‍‘ പറഞ്ഞതുപോലെ...ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ എന്റെ കൈയ്യില്‍ ഉണ്ട്. ഞാനതൊന്നും പറയണ്ടാ പറയണ്ടാന്ന് കരുതി ഇരിക്കുവായിരുന്നു... :) :)

  ശിവാ - ഏത് ഇടത്തേപ്പറ്റിയാണ് ശിവ പറയുന്നത്. ഈ പരിശീലനം ഇന്ത്യയില്‍ ഗോവയില്‍ നടക്കുന്നുണ്ടെന്നാണ് എന്റെ അറിവ്. അത്രയ്ക്ക് താല്‍പ്പര്യമാണെങ്കില്‍ ഗോവ വരെ ഒന്ന് പോയി ആഗ്രഹം സഫലീകരിക്കാം കേട്ടോ ? :)

  മന്‍സൂര്‍ - എനിക്കറിയാം മന്‍സൂറടക്കമുള്ള ഒരുപാട് ബൂലോകസുഹൃത്തുക്കളുടെ പ്രാര്‍ത്ഥന എന്നും എന്റെ കൂടെ ഉണ്ടെന്ന്. ഇനിയൊരു ജന്മംകൂടെ കിട്ടിയാലും തീര്‍ക്കാന്‍ പറ്റാത്ത കടപ്പാടുണ്ട് എല്ലാവരോടും. നന്ദി മാഷേ പെരുത്ത് നന്ദി.

  ആത്മ - ഞാനിപ്പോള്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ആ ഒരുമാസം അവധി ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ആത്മയുടെ ബ്ലോഗിലൊക്കെ കയറി ഇറങ്ങാന്‍ സന്തോഷമല്ലേയുള്ളൂ...:) :)

  മണികണ്ഠന്‍ - പലയിടത്തുനിന്നായി എണ്ണപ്പാടത്തെ കഥകള്‍ കുറേ അറിയാമല്ലോ ഇപ്പോള്‍ ? നന്നായി :)

  കുതിരവട്ടന്‍ - ഞാന്‍ ഒരു കാര്യം പറയാന്‍ മറന്നു ഈ പോസ്റ്റില്‍. ഈ വഹ പരിശീലനമൊക്കെ കിട്ടിയാലും, മനപ്പാഠമാക്കിയാലും, ശരിക്കുമുള്ളൊരു അത്യാഹിതം സംഭവിക്കുമ്പോള്‍ ആരും ഇപ്രകാരമൊന്നുമല്ല പ്രവര്‍ത്തിക്കുക. മറ്റൊരു മാനസികാവസ്ഥയിലായിരിക്കും അപ്പോള്‍ എല്ലാവരും. അത്തരത്തില്‍ ഒരനുഭവം ഈയിടെ എനിക്കുണ്ടായി. അതിനെപ്പറ്റി പിന്നൊരിക്കല്‍ ഞാനെഴുതാം.

  നരിക്കുന്നന്‍ - അനില്‍@ബ്ലോഗിന് ഞാന്‍ കൊടുത്ത മറുപടി തന്നെ ആവര്‍ത്തിക്കുന്നു :)

  ബാബുരാജ് - “പരിശീലന അഭ്യാസങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആവര്‍ത്തിക്കാന്‍ ഇടവരാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.“
  ഒരു പാട് നന്ദിയുണ്ട് ഈ പ്രാര്‍ത്ഥനയ്ക്ക്.

  ബിന്ദു കെ.പി. - കണവനും ഇത്തരം ഒരുപാട് കഷ്ടപ്പാട് അനുഭവിക്കുന്നുണ്ടെന്നുള്ളന്ന് മനസ്സിലാക്കിയെടുത്തത് നന്നായി. എന്റെ പൊണ്ടാട്ടിക്ക് പേടിയായതുകൊണ്ടാകണം ഞാന്‍ പറയാന്‍ തുടങ്ങിയാലും അവര് വിഷയം മാറ്റി രക്ഷപ്പെട്ടുകളയും :)

  ഏറനാടന്‍ - താങ്കളെപ്പോലുള്ളവരുടെ പ്രാര്‍ത്ഥനയും നല്ല മനസ്സുംകൊണ്ട് എല്ലാ നല്ലരീതിയില്‍ അവസാനിച്ചു. വിട്ടുപിരിഞ്ഞ 7 പേരുടെ കാര്യം ഓര്‍ക്കുമ്പോളുള്ള മനസ്സിന്റെ പിടച്ചിലിപ്പോഴും മാറിയിട്ടില്ലെന്ന് മാത്രം.‘അരിമുട്ടിയാല്‍’ പിന്നെ ആര്‍ക്കും പിടിച്ച് നിര്‍ത്താനാവില്ല എന്ന് സമാധാനിക്കാന്‍ ശ്രമിക്കുന്നു.

  പരിശീലനത്തില്‍ പങ്കെടുത്ത രണ്ടാം ബാച്ച് സാഹസികര്‍ക്കെല്ലാവര്‍ക്കും നന്ദി :)

  ReplyDelete
 31. ഒരു മാസം ജോലി, ഒരു മാസം വെറുതെ വീട്ടിലിരുന്നു ശമ്പളം, എന്തു സുഖാ, എന്നാ കരുതിയിരുന്നതു്. ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടല്ലേ?

  ReplyDelete
 32. എന്തെല്ലാം പരിശീലനങ്ങള്‍ ആണല്ലേ? വെറുതേയല്ല ഒരു മാസം ജോലിയ്ക്കൊപ്പം ഒരു മാസം അവധി തരുന്നത്.

  :)

  ReplyDelete
 33. സാഹസികമായ കാ‍ര്യങ്ങള്‍ ,നന്നായി എഴുതിയിരിക്കുന്നു.'If you sweat more in peace , you bleed less in war' എന്ന് ഞാന്‍ പണിയെടുത്ത പല എയര്‍ഫോഴ്സ് സ്റ്റേഷനിലും എഴുതി വച്ചിരുന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു.

  ReplyDelete
 34. കിടിലന്‍ പോസ്റ്റ് ചേട്ടാ...
  ഇത്തരം കാര്യങ്ങള്‍ ഇങ്ങനെയും എഴുതാമെന്നിപ്പോള്‍ മനസ്സിലായി. ;)
  -സുല്‍

  ReplyDelete
 35. എണ്ണപ്പാടത്തെ ഈ പരീശീലനരീതികള് തന്നെയാണ് ഈ ജീവിതവിജയത്തിന് കാരണമായത് എന്ന് തോന്നുന്നു.
  എന്തായാലും ഈ ജീവിതത്തില് ഒരുപ്പാട് കാര്യങ്ങള് പഠിക്കാന് ഈ ജോലി സഹായിച്ചു എന്നതില് സംശയമില്ലാല്ലോ
  സസ്നേഹം
  അനൂപ് കോതനല്ലൂറ്

  ReplyDelete
 36. Nice and informative post
  ആ പാലാക്കാരൻ ചിരിപ്പിച്ചു കെട്ടൊ

  ReplyDelete
 37. നിരക്ഷരന്‍, ആദ്യമായി എന്‍റെ എളിയ ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റ് ചെയ്തതിനും ഒരുപാടു നന്ദി. ഇതു പറയാന്‍ താങ്കളുടെ ബ്ലോഗ് പോസ്റ്റിന്റെ കമന്റ് കോളം തിരഞ്ഞെടുത്തതിനു ക്ഷമചോദിക്കുന്നു. ഇതും വായിച്ചു ട്ടോ.. നന്നായിട്ടുണ്ട് വിവരണം.. സമയക്കുറവു കൊണ്ടു ഒരെണ്ണമേ വായിച്ചുള്ളൂ. പക്ഷെ തുടര്‍ന്നും സന്ദര്‍ശിക്കും എന്ന് ഉറപ്പു തരുന്നു.
  സസ്നേഹം
  ശിവകാമി

  ReplyDelete
 38. സത്യമായിട്ടും കൊതിയായിപ്പോയി :-)
  ഈ പരിശീലനത്തിനിടക്ക് ആരെങ്കിലും തട്ടിപ്പോയിട്ടുണ്ടോ..

  ReplyDelete
 39. നാല് ദിവസം കൊണ്ട് 38 കമന്‍റെ ശിവ..ശിവ
  ഫോട്ടോയൊക്കെ മാറ്റി എന്നാത്തിന്‍റെ പുറപ്പാടാ

  ReplyDelete
 40. ഇത് വ്യത്യസ്തമായൊരു പൊസ്റ്റ്.

  പരിശീലനത്തിന്റെ സമയത്തുള്ള ഓരോ തുള്ളി വിയര്‍പ്പും യുദ്ധത്തിന്റെ സമയത്ത് നമ്മുടെ ഓരോതുള്ളി ചോരയും രക്ഷിക്കും എന്ന് പട്ടാളക്കാരുടെ വാക്കുകള്‍!

  ഇതൊക്കെ എനിക്ക് പരിചയമില്ലാത്ത മേഖലയും പുതിയ അറിവുകളുമാണ്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഇനിയും എഴുതുമല്ലോ.

  - ആശംസകള്‍, സന്ധ്യ :)

  ReplyDelete
 41. ചേട്ടാ... കുറച്ചു late ആയിപോയി...ഇതു വായിച്ച shock ലാണു ഞാന്‍ ....കൈയ്യിലിരിപ്പ്‌ ശരിയല്ലാത്തവര്‍ക്കു നരകത്തില്‍ കിട്ടും എന്നു പറയുന്നത്തിന്റെ ഒരു version,അല്ലേ????

  God bless
  Tin2

  ReplyDelete
 42. എന്‍റെയൊക്കെ ജോലി എന്ത് സുഖമുള്ളതാണ്. ഹോ സമ്മതിക്കണം ജീ.

  ReplyDelete
 43. ചിലരുടെ ഞാന്‍ ഭാവം കൊണ്ട് കിട്ടുന്ന ഒരോ പണികളെ ...ഈ പരിശീലനം തിരാതെ മുങ്ങുന്നവര്‍ക്ക് പണിഷ്മെന്‍റൊന്നും ഇല്ലേ...

  ReplyDelete
 44. അണ്ടര്‍ വാട്ടര്‍ എസ്കേപ്പില്‍ ഞങ്ങള്‍ക്ക് രക്ഷപെടാനാകുമോ...
  ഇത്തരം അനുഭങ്ങള്‍ അറിയുന്നത് വിജ്ഞാന പ്രദമാണ്

  ReplyDelete
 45. എഴുത്തുകാരീ - ആദ്യമാദ്യം ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നും. പിന്നെ ശീലമാകും.അതാണല്ലോ പരിശീലനം കൊണ്ട് ഉദ്ദേശീക്കുന്നതും.


  ശ്രീ - ഈ കാരണം കൊണ്ടുമാത്രമല്ല അങ്ങനെ ലീവ് കിട്ടുന്നത്. വേറെയും പല കാരണങ്ങള്‍ ഉണ്ട്. അതൊക്കെ വഴിയേ മനസ്സിലാക്കിത്തരാം :)

  മുസാഫിര്‍ - 'If you sweat more in peace, you bleed less in war'
  അത് ആ‍ദ്യമായിട്ടാണ് കേള്‍ക്കുന്നത്.നല്ല പ്രയോഗം. അത് പറഞ്ഞ് തന്നതിന് പ്രത്യേകം നന്ദി.

  സുല്‍ - “ഇത്തരം കാര്യങ്ങള്‍ ഇങ്ങനെയും എഴുതാമന്ന് മനസ്സിലായി“

  എത്തരം കാര്യങ്ങള്‍ എങ്ങനെ എഴുതാമെന്ന്?

  ഇഷ്ടമില്ലാത്ത മാനേജരെപ്പറ്റി ഒരു പരിശീലനത്തെപ്പറ്റി എഴുതുന്നപോലെയും എഴുതാം എന്നണോ ഉദ്ദേശിച്ചത് ? അദ്ദേഹത്തോട് ദേഷ്യമൊന്നും ഇല്ല എന്നു മാത്രമല്ല,സ്നേഹവുമാണ്. കൊല്ലാകൊല്ലം നല്ല ഇന്‍‌ക്രിമെന്റ് തരുന്ന ആളെ എങ്ങനെ വെറുക്കാനാകും സുല്ലേ ? :)

  പിള്ളേച്ചന്‍ - ഈ ജീവിതം വിജയിച്ചു എന്നാരാണ് പറഞ്ഞത് മാഷേ ? :) :)

  ജെ.പി. - ഗള്‍ഫില്‍ മിക്കവാറുമൊക്കെ ആള്‍ക്കാര്‍ പാലസ്റ്റീനികളെ ‘പാലാക്കാരന്‍‘ എന്നാണ് പറയാറുള്ളത്.അവര്‍ അടുത്ത് നില്‍ക്കുമ്പോള്‍ അവരെപ്പറ്റി ദുഷിപ്പ് പറയണമെങ്കില്‍ ഉപയോഗിക്കുന്ന കോഡ് വാക്കാണത്.

  ശിവകാമി - പുതിയ ബ്ലോഗേസ്‌സിനെ കാണുമ്പോള്‍ പോയി നോക്കാറുണ്ട്. അങ്ങനെയാണ് അവിടെ എത്തിയത്. ഇനിയും കാണാമെന്ന് പറഞ്ഞതില്‍ സന്തോഷം :)

  സിജു - ഈ പരിശീലനത്തിനിടയില്‍ ആരും തട്ടിപ്പോയിട്ടൊന്നുമില്ല. ‘ഓഫീസര്‍ & എ ജെന്റില്‍ മാന്‍ ‘ എന്ന പഴയൊരു ഇംഗ്ലീഷ് സിനിമയില്‍ ഇത്തരം രംഗങ്ങള്‍ കാണിക്കുന്നുണ്ട്. പറ്റുമെങ്കില്‍ എടുത്ത് കാണാന്‍ നോക്ക്. പൂതി മാറട്ടെ :) :)

  കുഞ്ഞിപ്പെണ്ണേ - കമന്റ് എണ്ണാന്‍ കൊട്ടേഷന്‍ എടുത്തിട്ടുണ്ടോ ? ഇതിലേ വന്നതിന് നന്ദീട്ടോ :)

  സന്ധ്യ - കമന്റടിക്കാറില്ലെങ്കിലും ഇവിടെ വന്ന് പോസ്റ്റൊക്കെ നോക്കാറുണ്ടെന്ന് അറിയാം. നന്ദീട്ടോ :)

  ടിന്‍‌2 - ഷോക്ക് മാറിയെങ്കില്‍ റെഡിയായിക്കോ, അടുത്തപരിശീലനത്തിന് സമയമായി.

  സരിജ എന്‍.എസ്. - എല്ലാ ജോലിയും അത്ര സുഖമുള്ളതൊന്നുമല്ലാന്ന് മനസ്സിലായില്ല. ഇന്നിയിപ്പോ നന്നായി ആസ്വദിച്ച് ജോലി ചെയ്തോളൂ :)

  ഗുരു - പരിശീലനത്തീന്ന് മുങ്ങിയാല്‍ ശിക്ഷയൊന്നും ഇല്ല. പരിശീലനം കഴിഞ്ഞതായി സര്‍ട്ടിഫിക്കറ്റ് കിട്ടില്ല, ഓഫ് ഷോറില്‍ പോകാനും പറ്റില്ല. മാനേജറന്മാര്‍ വല്ലപ്പോഴും ഒരു നിവൃത്തിയില്ലെങ്കില്‍ മാത്രമേ ഓഫ്‌ഷോറില്‍ പോകാറുള്ളൂ. സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ അവരാ‍ പേരും പറഞ്ഞ് ആ വിസിറ്റ് ഒഴിവാക്കും. അത്ര തന്നെ. അതോണ്ടാണ് അവര് രണ്ടാളും മുങ്ങിയത്.

  മാജിക്ക് ബോസ് - നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി ചില മാറ്റങ്ങള്‍ പൂളിലും, ചോപ്പറിലും വരുത്തേണ്ടി വരും അതെന്താണെന്ന് അറിയാമല്ലോ ? ഞാന്‍ പറഞ്ഞ് തരണ്ടല്ലോ ? :) :)

  പരിശീലനത്തില്‍ പങ്കെടുത്ത മൂന്നാമത്തെ ബാച്ചിലുള്ളവര്‍ക്ക് നന്ദി. എല്ലാവരും സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 46. എത്ര casualities ഉണ്ടാകാറുണ്ട് സാധാരണ?

  ഈ ജോലി കിട്ടാന്‍ എന്തു ചെയ്യണം ? :)

  ReplyDelete
 47. സാഹസികനായ ചേട്ടാ,,,കുറേ നാളത്തെ casual leave നു ശേഷമാണെന്റെ ഈ വായന. കേട്ടോ

  ReplyDelete
 48. ഗള്‍ഫില്‍ എഞ്ചിനീയര്‍ എന്ന് കേള്‍ക്കുമ്പോള്‍ കോരിതരിക്കുന്ന നമ്മുടെ മലയാളികള്‍് ഈ പോസ്റ്റ് വായിക്കുന്നത് നന്നായിരിക്കും.

  ReplyDelete
 49. mone priselanathhinte, vivaranam vayichu thharichirunnupoi njan.yntha parauka.ethraykum saahasamaya joliyanu eannappadthullavarudethennu ,ariyillayirunnu.ithhraum kashttapettanu makan,
  (barthhavu)naattileku panamayakunnathennu aver ariyunnudavumo?ee postilude ariyanpadillathha orupadukariyangal manasilakan kazhinju.orammaynna nilayilorupadu manaprayasam thonni monte postvayichitu.nanmakalnerunnu.

  ReplyDelete
 50. നിരക്ഷരൻ നന്നായിരുന്നു പുറം ലോകത്തുനിന്നും നോക്കിക്കാണുന്നവർക്ക് മനസ്സിലാവാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. ആശംസകൾ

  ReplyDelete
 51. ഓഫ് ഷോറിലെ കളികള്‍ അറിയില്ലായിരുന്നു, പ്രയാസി ഓന്‍ഷോറല്ലെ, നന്നായി വിവരണം, ലോഗിങ് എഞിജ്നീയര്‍ ആണൊ?
  ഇവിടെ ഫ്ലോറില്‍ പണിയെടുക്കുന്ന 10പേരുണ്ടെങ്കില്‍ 4 പേര്‍ക്കും ഏതെങ്കിലും ഒരു കൈവിരല്‍ കുറവായിരിക്കും!!! നല്ല കാശും നല്ല സുഖവും..അല്ലെ!?
  കിടു പോസ്റ്റ്..

  ReplyDelete
 52. വെള്ളത്തിനടിയിലെ ഇത്തരം പരിശീലനത്തെക്കുറിച്ച് ചിലത് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി അറിയുന്നത് ഇപ്പഴാ. ജീവന്‍ പണയം വെച്ചുള്ള കളിയല്ലേ.

  (ഹെലികോപ്റ്ററിന്റെ കാര്യം പറഞ്ഞപ്പോള്‍, പണ്ട് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ പഴയ ഹെലികോപ്റ്ററില്‍, മലനിരകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതിനു മുന്‍പായി, ഫോഴ്സിലല്ലാത്തവര്‍ ഇന്ഡെംനിറ്റി സര്‍ട്ടിഫിക്കറ്റില്‍ കണ്ണുമടച്ച് ഒപ്പിട്ട് കൊടുക്കേണ്ട കാര്യം ഓര്‍ത്തുപോയി. എന്തെങ്കിലും കാരണം കൊണ്ട് അപകടം പറ്റുകയോ പരിക്കോ, മരണമോ പറ്റിയാല്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വമില്ലെന്നും ചില്ലിക്കാശ് കിട്ടില്ലെന്നും അതിനു സമ്മതമാണെന്നും പറഞ്ഞ്. ലാന്‍ഡ് ചെയ്യുന്നതുവരെയും എല്ലാ ദൈവത്തിനെയും വിളിച്ചുപോകും നിരാ.. ഈ പേടകത്തില്‍ കുറെ ആകാശയാത്ര ചെയ്തെങ്കിലും ഇതുവരെ ദൈവം കാത്തു.)

  ReplyDelete
 53. അപ്പോ ആള്‌ കാണുന്നത്‌ പോലൊന്നും
  അല്ലല്ലോ മാഷേ...
  ഇത്രയ്ക്ക്‌ സാഹസികത വേണോ ആവോ..?
  എന്തായാലും പരിശീലനം കൊള്ളാം..
  വിവരണവും....

  ReplyDelete
 54. As u told me today, i will like this,i do admit i liked "PARISHEELANAM".Really interesting, now i realised why u people r given one month vacation after one month duty.chirichukondaanu vaayichathu.

  ReplyDelete
 55. കരിങ്കല്ല് - പരിശീലനത്തിനിടയില്‍ ക്യാഷ്വാലിറ്റി ഒന്നും ഉണ്ടായതായി കേട്ടിട്ടില്ല ഇതുവരെ. ഈ ജോലി തന്നെ വേണോ കരിങ്കല്ലേ ? :)

  സപ്നാ ജോര്‍ജ്ജ് - ഇടവേളയ്ക്ക് ശേഷമാണെങ്കിലും വന്നതിന് നന്ദി :)

  കൊള്ളിക്കണക്കന്‍ - അതന്നേ.. :)

  കല്യാണിച്ചേച്ചീ - ഇതൊക്കെ ചില പരിശീലനങ്ങള്‍ മാത്രമല്ലേ ? ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ലേ ഇതൊക്കെ പരിശീലിപ്പിക്കുന്നത് . ഞങ്ങള്‍ക്കൊക്കെ ഇതൊരു ശീലമാ ഇപ്പോള്‍. വിഷമിക്കേണ്ടന്നേ.എന്തായാലും എന്നെപ്പോരുള്ളവരുടെ സുഖദുഖങ്ങളില്‍ പങ്കുചേരാന്‍ ചേച്ചിയെപ്പോലെ ഇന്നുവരെ കാണാത്ത ഒരുപാട് പേരുണ്ടാകുമെന്നുള്ളത് ഒരു വലിയ സന്തോഷം തന്നെ.

  രസികന്‍ - നന്ദി :)

  പ്രയാസീ - എന്താ ഓഫ്‌ഷോര്‍ ജോലിയിലേക്ക് മാറുന്നോ ? കൈവിരലും കൈയ്യും ഇല്ലാത്തെ കുറേപ്പേര്‍ എന്റെ കൂടെയുമുണ്ട്.ദൈവം തുണച്ചതുകൊണ്ട് ഞാനിങ്ങനെ രക്ഷപ്പെട്ട് ഇവിടെവരെയൊക്കെയായി.

  കൃഷേട്ടാ - എയര്‍‌ഫോര്‍സിന്റെ ഹെലിക്കോപ്റ്റര്‍ കയറിയ കഥയൊക്കെ ഒന്ന് എഴുത് കൃഷേട്ടാ... :)

  മേരിക്കുട്ടീ - നന്ദി :)

  അമൃതാ വാര്യര്‍ - കാണുന്നപോലൊന്നും അല്ല, ഭയങ്കര ഗ്ലാമറാ... :)

  സിന്ധൂ - പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

  മൂന്നാംഘട്ട പരിശീലനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 56. പരിശീലനത്തിനിടയിലെ casualities അല്ല ചോദിച്ചതു്‌..
  ആകെ മൊത്തം ടോട്ടലായിട്ട് .. എത്ര അപകടങ്ങള്‍ ഉണ്ടാവാറുണ്ട്.... ? (ഉദാഹരണത്തിനു്‌ പ്രയാസി പറഞ്ഞ പോലെ 4/10 ... വിരല്‍ കുറവു്‌)

  പിന്നെ ഈ ജോലി തന്നെ വേണോ ... എന്നതു്‌...

  എനിക്കു്‌ താല്പര്യം ഇല്ലായ്കയില്ല ;)

  തീരുമാനം ആക്കാനല്ലേ ശതമാനക്കണക്കും കയറിക്കൂടുന്ന വഴിയും ഒക്കെ ചോദിച്ചു വെക്കുന്നതു്‌ :)

  ReplyDelete
 57. കരിങ്കല്ലേ - അങ്ങനത്തെ ക്യാഷ്വാലിറ്റികള്‍... 2000 പേരുള്ള എന്റെ കമ്പനിയില്‍ രണ്ടാളെ ഞാന്‍ കണ്ടിട്ടുണ്ട്.ഒരാള്‍ക്ക് ഇടത്ത് കൈ ഇല്ല. മറ്റൊരാള്‍ക്ക് വലത്ത് കൈയിലെ ചൂണ്ടുവിരലിനും ചെറുവിരലിനും ഇടയിലുള്ള 2 വിരലുകള്‍ ഇല്ല.

  എന്റെ കമ്പനി വിട്ട് പോയ ഒരു സുഹൃത്തിന് വലത്തു കൈയിലെ നടുവിരലിന്റെ നഖം വരുന്ന ഭാഗം ഇല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഈ ഫീല്‍ഡില്‍ കൂടപ്പിറപ്പിനെപ്പോലെയാ... :)

  ഇനിയും കയറിക്കൂടണമെന്ന് തോന്നുന്നുണ്ടോ ?

  ReplyDelete
 58. 2000-ല്‍ 2 ആണു നിരക്ഷരന്‍ജി കണ്ടിട്ടുള്ളതെങ്കില്‍ അതത്ര മോശമല്ലാ...

  നാട്ടിലും 2000 പേരെ എടുത്താല്‍ കുറച്ചുപേര്‍ക്കൊക്കെ എന്തെങ്കിലും കുഴപ്പം കാണാതിരിക്ക്യോ (തെങ്ങില്‍ നിന്നു വീണ ഒരാളെങ്കിലും മിനിമം കാണും .. ഇല്ലേ?)

  എന്നാല്‍ നിരക്ഷരന്‍ജി (തല്ലിപ്പൊളി പേരു്‌ - ടൈപ്പാന്‍ ബുദ്ധിമുട്ടു്‌ ;) )... എല്ലാരുടേയും കയ്യും കാലും ഒന്നും പരിശോദിച്ചിട്ടില്ലല്ലോ അല്ലേ!!

  കേട്ടിടത്തോളം .. എനിക്കു താല്പര്യം ഉണ്ട്‌... ഈ ഒരു മാസം അവധിയുടെ കാര്യം കേട്ടിട്ടാ ;)

  പിന്നെ..., റിസ്കൊന്നും എനിക്കു ഒരു പേടിയും ഇല്ല... ;)

  കയറിക്കൂടാന്‍ എന്തു പഠിച്ചിരിക്കണം .. ? ;)
  എന്നെ ഇക്കൂട്ടത്തില്‍ പെടുത്തില്ലാന്നു 110% ഉറപ്പാ ;)

  qwerty
  _qwerty_

  ReplyDelete
 59. രക്ഷിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരുടെ കൂടെ യുഗ്മഗാനവും പാടി കരയിലേക്ക് മടങ്ങാം.

  യുഗ്മഗാനം പാടാന്‍ അറിയില്ലെങ്കിലോ?

  ReplyDelete
 60. ഒരു ത്രില്ലര്‍ കാണുന്ന അനുഭവത്തോടെ വായിച്ചു. വരാന്‍ വൈകിയതിന് സ്വാറി....., ട്ടാ!

  ReplyDelete
 61. എന്റീശ്വരാ.. ആളെ കണ്ടപ്പൊ ഓർത്തില്ല കെട്ടോ ഇത്രയും കഠിനപരിശീലനമൊക്കെ കിട്ടിയിട്ടുള്ളതാണെന്ന്. ചിത്രങ്ങളില്ലെങ്കിലെന്ത്!! യാത്രാവിവരണങ്ങൾ പോലെ മനസ്സിൽ പതിഞ്ഞു ഇതിൽ വിവരിച്ച രംഗങ്ങളൊക്കെ.

  മാണിക്യം ചേച്ചി പറഞ്ഞ അഭിപ്രായം എനിക്കും തോന്നാറുള്ളതാണ്. ലൈഫ് ജാക്കറ്റ് ഇടുന്നതിന്റെ ഡെമോൻസ്ടേഷനൊക്കെ ഓരോ പ്രാവശ്യവും കാണുന്നുണ്ടെങ്കിലും ഒരാപത്ഘട്ടം വന്നാൽ വിറച്ചിട്ടു ഞാനത് പ്രോപ്പർ ആയി ഇട്ടേക്കുമോ എന്നു പോലും സംശയം. വെള്ളത്തിലെങ്ങാനും വീണുപോയാൽ പിന്നെ സംശയിക്കേണ്ട, വല്ല സ്രാവിന്റേയും ആഹാരമാകാതെ കിട്ടിയാൽ എല്ലാവർക്കും റീത്ത് വയ്ക്കാം

  ReplyDelete
 62. മാഷേ,
  സൂപ്പർ
  പരിശീലനം എണ്ണക്കമ്പനികൾക്കും ഉണ്ടെന്നത് പുതിയ അറിവായിരുന്നു..

  ReplyDelete
 63. HUET ട്രെയിനിങ്ങിനുള്ള എന്റെ ഊഴവും കാത്തു ഞൻ ഇരിക്കുകയാണു. ഇത് വായിചചപ്പോൾ ചിന്തിക്കുവ എങ്ങോട്ടെങ്കിലും ഓടിക്കളഞ്ഞാലോ എന്നു.:)

  ReplyDelete
 64. എന്താ പറയുക. വായിച്ചു അന്തിച്ചിരുന്നു പോയി.
  സിനിമയില്‍ ഒക്കെയേ ഇത്തരം പരിശീലന മുറ കണ്ടിട്ടുള്ളൂ. അത് പരിശീലിച്ച ഒരാളെ, അതും ഇത്ര നല്ല വിശദീകരണത്തോടെ കാണുക എന്ന് പറഞ്ഞാല്‍ അത് തന്നെ സുകൃതമല്ലെ. നന്ദി മാഷെ.
  ഇനിയും ഇത്തരം വിവരണങ്ങള്‍ നന്നാവും.
  ശരിക്കും ഇടക്കിടെ നാഥില്‍ പോവുമ്പോള്‍ അസൂയയും കുശുമ്പുമ് കാണിക്കുന്നവരോട് പറഞ്ഞു കൊടുക്കേണ്ട കഥയാണിത്.
  ഇത്രയൊക്കെ സാഹിചിറ്റാന് ഈ ലീവ് ആഘോഷിക്കാന്‍ എത്തുന്നതെന്ന്.
  നന്ദി ......

  ReplyDelete
 65. ഞങ്ങള്‍ ഇവിടെ പാക്കിസ്ഥാനികള്‍ക്ക് പച്ചകള്‍ എന്നും, പാലസ്തീനികല്‍ക്കു മഞ്ഞകള്‍ എന്നും സിന്ധികള്‍‍ക്ക് നക്കികള്‍ എന്നുമാണ് കോഡ് പറയുക

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.