Sunday, 12 October 2008

അച്ചടിമഷി പുരണ്ടു

ബ്ലോഗില്‍ ഇതുവരെ പോസ്റ്റ് ചെയ്യാത്ത എന്റെയൊരു കഥയില്ലാക്കഥയിലിതാ ആദ്യമായിട്ട് അച്ചടിമഷി പുരണ്ടിരിക്കുന്നു. വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെന്നാണ് എന്റെ സ്വയം വിലയിരുത്തല്‍. ചില പ്രത്യേക പരിഗണനയോ മറ്റോ കാരണമായിരിക്കും ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. പക്ഷെ, കാക്കയ്ക്ക് എന്നും തന്‍ കുഞ്ഞ് പൊന്‍‌കുഞ്ഞല്ലേ ? ‘എലിക്ക് തന്‍ പോസ്റ്റ് പുലിപ്പോസ്റ്റ് ‘ എന്ന് ബൂലോക ഭാഷ്യം. അതുകൊണ്ടിവിടെ പോസ്റ്റുന്നു. സഹിക്കുക. പൊറുക്കുക.
ടല്‍ക്കരയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. ഒന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയും അയാള്‍ക്കപ്പോഴുണ്ടായിരുന്നില്ല. എന്നിട്ടും ചിന്തകള്‍ കടിഞ്ഞാണില്ലാതെ കാടുകയറി.

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോയത് ?
യൌവ്വനകാലത്ത് താനെന്നും വന്നിരിക്കുമായിരുന്ന കടല്‍ക്കരയാണോ ഇത് ?

ഇവിടമാകെ മാറിയിരിക്കുന്നു. ആകെ തിരക്കായിരിക്കുന്നു. മറ്റേതോ രാജ്യത്തെ ഒരു ബീച്ചില്‍ ചെന്ന‌തു പോലെ. ഒരുപാട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഭൂരിഭാഗവും വിദേശനിര്‍മ്മിതം തന്നെ. അതില്‍ വന്നിരിക്കുന്ന ജനങ്ങളും കുറേയൊക്കെ വിദേശികള്‍ തന്നെ. വിരലിലെണ്ണാവുന്ന നാട്ടുകാര്‍ മാത്രം വന്നുപോയിരുന്ന ആ പഴയ കടല്‍ക്കരയാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

കടല്‍ഭിത്തിക്കുവേണ്ടി കൊണ്ടിട്ടിരുന്ന പാറക്കല്ലുകളില്‍, താനെന്നും വന്നിരിക്കുമായിരുന്നു ആ വലിയ ഉരുണ്ട കല്ലിന്റെ സ്ഥാനം എവിടെയായിരുന്നു ? കടല്‍ക്കരയുടെ മാറിപ്പോയ മുഖച്ഛായയ്ക്കിടയില്‍ അത് കണ്ടുപിടിക്കാനയാള്‍ക്കായില്ല.

സ്ഥിരമായി കടപ്പുറത്ത് വന്ന് കടലിലേക്കും നോക്കി ഒരുപാട് സമയം ഇരിക്കുമായിരുന്ന തന്നെ കണ്ടിട്ട് “ അവന് എന്തോ കുഴപ്പമുണ്ട്, ഒന്ന് ശ്രദ്ധിച്ചോണേ “ എന്ന് അടക്കം പറഞ്ഞിരുന്ന നാട്ടുകാരുടെ ആരുടെയെങ്കിലും പരിചിതമുഖത്തിനുവേണ്ടി ആള്‍ക്കൂട്ടം മുഴുവന്‍ തിരഞ്ഞു. ആ ഭാഗത്തെങ്ങും നാട്ടുകാരാരും ഇപ്പോള്‍ താമസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഭൂമിയുടെ വില വല്ലാതെ കുതിച്ചുയര്‍ന്നപ്പോള്‍ , സ്വന്തമായുള്ള കൊച്ചുകൊച്ച് പുരയിടവും വീടുമെല്ലാം വിറ്റ് കിട്ടിയ പണവുമായി എല്ലാവരും പണ്ടേ തന്നെ ഉള്‍നാടുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഇന്നിപ്പോള്‍ അവിടെ മുഴുവനും ഹോട്ടലുകളും, കടകളും, മദ്യശാലകളും, ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളും, ഉല്ലാസകേന്ദ്രങ്ങളും, മണിമാളികകളും മാത്രം.

ആരെ തിരഞ്ഞാണ്, എന്തന്വേഷിച്ചാണ് താനിപ്പോള്‍ ഇവിടെ വന്നിരിക്കുന്നത് ? നഷ്ടപ്പെട്ടുപോയ സ്വന്തം യൌവനം തിരഞ്ഞോ ? കാണാമെന്നും കാത്തിരിക്കാമെന്നും പറഞ്ഞ് ഇതേ കടപ്പുറത്ത് വെച്ച് വേര്‍പിരിഞ്ഞ, ഈ കടലിന്റെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത് കണ്ണുകളില്‍ ഒളിപ്പിച്ചിരുന്ന ആ സുന്ദരിയെ തിരഞ്ഞോ ?

എന്തൊരു വിഡ്ഡിയാണ് താന്‍ ? വരേണ്ട സമയത്ത് വരാതെ, മനസ്സിനെ ചെറുപ്പമാക്കിയിട്ട് നഷ്ടപ്പെട്ടുപോയ വസന്തം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നു പമ്പരവിഡ്ഡി.

കാത്തിരുന്ന് കാണില്ലേ ഒരുപാട് കാലം അവള്‍ ? താനിരിപ്പുണ്ടോ ആ പാറയിലെന്ന് എല്ലാ ദിവസവും വന്ന് തിരക്കിക്കാണില്ലേ അവള്‍ ? മറ്റാരെങ്കിലും അവിടെ വന്നിരുന്ന ദിവസങ്ങളില്‍, താനാണെന്ന് കരുതി ഓടിവന്ന് നോക്കിക്കാണില്ലേ അവള്‍? എത്ര വിഷമിച്ച് കാണും ആ സന്ധ്യകളില്‍ അവള്‍ ?

ലോകസഞ്ചാരം മുഴുവന്‍ കഴിഞ്ഞ് സുഖഭോഗങ്ങളെല്ലാം അനുഭവിച്ച് , 40 വര്‍ഷത്തിന് ശേഷം, ഒരു കണ്ണിന് കാഴ്ച്ചയും, ഒരു കാലിന് ആരോഗ്യവും നഷ്ടപ്പെട്ടപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെ ഇങ്ങോട്ട് മടങ്ങിവരാന്‍ തന്നെ പ്രേരിപ്പിച്ച ശക്തിയെന്താണ് ? അവളിപ്പോഴും തന്നെയും തിരഞ്ഞ് ഇവിടെ വരാനുള്ള സാദ്ധ്യതയില്ലെന്ന് അറിയാമായിരുന്നിട്ടും വിമാനമിറങ്ങിയ ഉടനെ നേരേ ഈ തീരത്തേക്ക് വന്നതിന്റെ കാരണമെന്താണ് ?

അറിയില്ല. തനിക്കൊന്നുമറിയില്ല. ഇങ്ങോട്ട് വരണമെന്ന് തോന്നി, വന്നു. അത്രതന്നെ.

ഈ മണല്‍ത്തരികളില്‍ തനിക്ക് നഷ്ടപ്പെട്ടുപോയ വിലപിടിച്ച വേറേയും ഒരുപാട് കാര്യങ്ങളില്ലേ ? അച്ഛനമ്മമാരുടെ ശേഷക്രിയകള്‍ നടത്താനും താനുണ്ടായിരുന്നില്ലല്ലോ ? ഈ കടലില്‍ അവരുടെ പിണ്ഡം ഒഴുക്കി മുങ്ങിക്കുളിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യേണ്ട സമയത്തൊക്കെ ഏതൊക്കെ ഉല്ലാസനൌകകളിലായിരുന്നു, ഏതൊക്കെ രമ്യഹര്‍മ്മങ്ങളിലായിരുന്നു, ഏതൊക്കെ വിനോദയാത്രകളിലായിരുന്നു താന്‍ സമയം ചിലവഴിച്ചിരുന്നത്?

എവിടെയാണ് തെറ്റ് പറ്റിയത് ? ആര്‍ക്കാണ് തെറ്റ് പറ്റിയത് ?

എന്താണ് തെറ്റ് ? എന്താണ് ശരി ? ഈ നഗരത്തില്‍ തെറ്റിനും ശരിക്കും പ്രത്യേകിച്ച് ഒരു നിര്‍വ്വചനമുണ്ടോ ? ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റല്ല. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയല്ല. എല്ലാവര്‍ക്കും അവരവരുടേതായ ശരികളും, തെറ്റുകളും, അതിന്റെ ന്യായീകരണങ്ങളും. അതിനിടയില്‍ ആര്‍ക്കെല്ലാമോ എന്തെല്ലാ‍മോ നഷ്ടപ്പെടുന്നു. അക്കൂട്ടത്തിലൊരാള്‍ താനും. തനിക്ക് മാത്രമാണോ നഷ്ടമായത്? മറ്റ് പലര്‍ക്കും നഷ്ടമായില്ലേ ? അതിന്റെ ഏറ്റക്കുറച്ചിലുകളുടെ കണക്കെടുത്തിട്ട് ഇനിയെന്തുകാര്യം ?

വീട്ടിലേക്ക് അവളുമായി ചെന്നുകയറാന്‍ താനെന്തിന് മടിച്ചു ? സ്വജാതിക്കാരിയല്ലാത്തൊരുത്തിയെ ഈ പടിചവിട്ടാന്‍ അനുവദിക്കില്ലെന്ന് ആരും വിലക്കിയിരുന്നില്ലല്ലോ ? ഒരു സ്ഥിരവരുമാനമില്ലാത്തവനായി അങ്ങനെയൊരു സാഹസത്തിന് മുതിരാന്‍ അന്നെന്തുകൊണ്ടോ തന്റെ ദുരഭിമാനം അനുവദിച്ചില്ല. അന്നെടുത്ത നിലപാട് ശരിയായിരുന്നെന്നുതന്നെ ഇന്നും വിശ്വസിക്കുന്നു. പിന്നെങ്ങിനെ ഇന്നതൊരു തെറ്റായി മാറി ?

അല്ല, തെറ്റവിടെയെങ്ങുമല്ല പറ്റിയത്. സ്ഥിരവരുമാനവും ജോലിയുമൊക്കെ ആയപ്പോള്‍, അതിന്റെ ആര്‍ഭാടത്തിലും സുഖസുഷുപ്തിയിലും പലതും മറന്നു. വഴിക്കണ്ണുമായി ചിലരെല്ലാം കാത്തിരിക്കുന്നുണ്ടെന്ന് തിരിച്ചറിവായപ്പോഴേക്കും മടങ്ങിവരാന്‍ പറ്റാത്ത തരത്തിലുള്ള ഊരാക്കുടുക്കുകളില്‍പ്പെട്ടുപോയി. മടങ്ങിവന്നപ്പോഴിതാ കരിന്തിരി കത്തിത്തുടങ്ങിയിരിക്കുന്നു.

നഷ്ടസ്വപ്നങ്ങളുടെ മരുപ്പറമ്പായി മാറിയിരിക്കുന്ന ഈ കടല്‍ക്കരയില്‍ തനിക്കിനി ഒന്നും ചെയ്യാനില്ല. മടങ്ങിപ്പോകാമെന്നുവെച്ചാല്‍ അതിനും വയ്യ. ഇനിയെങ്ങോട്ട് പോകാനാണ് ? എവിടെപ്പോയാലും അവസാനം ഇവിടെത്തന്നെ മടങ്ങിയെത്തിയെത്തും. ഇനിയൊരു യാത്രയില്ല. ഈ മണല്‍ത്തരികളില്‍ അലിഞ്ഞ് ചേരണം. അതുവരെ, പണ്ട് ചെയ്തിരുന്ന പോലെ ദിവസവും ഈ കടല്‍ക്കരയില്‍ വന്നിരിക്കാം. തികച്ചും അന്യരായ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു മണ്‍പ്രതിമ കണക്കെ, തീരത്തലച്ച് തകരുന്ന തിരകളുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍ക്കാരനാകാം. അതേയുള്ളൂ ഇനി ചെയ്യാന്‍. അതേയുള്ളൂ പ്രായശ്ചിത്തം.

അണയാന്‍ തുടങ്ങുന്ന സൂര്യന്റെ വിലാപം പടിഞ്ഞാറുനിന്ന് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. പണ്ട് താനിരിക്കുമായിരുന്ന ആ വലിയ ഉരുളന്‍ കല്ലിന്റെ സ്ഥാനം തിരയുകയായിരുന്നു അപ്പോളയാള്‍.

52 comments:

 1. നിരക്ഷരാ, കഥ നന്നായി. ഇഷ്ടപ്പെട്ടു. മാറുന്ന കാലത്തിന്റെ ആവിഷ്ക്കാരം. കൊള്ളാം.

  ReplyDelete
 2. ((((((((((((ഠേ))))))))))))))
  നിരക്ഷര തേങ്ങ.
  ഉരുളന്‍ കല്ല് നന്നായിട്ടുണ്ട് നിരു. ജീവിതം പഠിച്ച് ഒരു പരുവമായപ്പോഴേക്കും, ഉരുണ്ടു വന്നപ്പോഴേക്കും ആര്‍ക്കും വേണ്ടാതായ പാവം കല്ല്.

  -സുല്‍

  ReplyDelete
 3. അയ്യോ.. വേഗം കഴുകിക്കള..ല്യാച്ചാല്‍ എല്ലാടോം വൃത്തികേടാവില്യേ?.

  ഞാനൊരു കഥേല്യാത്തോളാന്നാ അമ്മ പറയാ. അതോണ്ട് ഇയ്ക്കീ കഥേം മണ്ണാങ്കട്ടേം മനസ്സിലാവില്യാ.

  ReplyDelete
 4. നിരക്ഷരാ,
  കഥ നന്നായി,
  അനുമോദനങ്ങള്‍...

  ReplyDelete
 5. ചേട്ടാ;
  നന്നായിരിക്കുന്നു; ഇനിയും എഴുതൂ....
  ആശംസകളോടെ........

  ReplyDelete
 6. മടക്കയാത്രക്ക് മനസ്സ് കൊണ്ട് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും നിരക്ഷരന്റെ ഈ കഥ.

  ഒരു കണക്കെടുപ്പ് നടത്താതിരിക്കയാണ് നല്ലത് എന്ന് ബുദ്ധി ഉപ്ദേശിക്കുമ്പോഴും നേടിയതിനേക്കാളേറെ
  നഷ്ടപ്പെട്ടതിനെപ്പറ്റി മനസ്സ് വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നു.
  ---
  അഭിനന്ദനങ്ങള്‍!

  ReplyDelete
 7. മിര്‍ നിര്‍, കഥ നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു.
  അച്ചടിമഷി പുരണ്ടതിന്റെ ആശംസകള്‍!!

  ReplyDelete
 8. പണ്ടെങ്ങോ മറന്ന് വെച്ച ഓർമ്മകൾ തേടി ഈ കടപ്പുറത്ത് നിരക്ഷരനെ കണ്ടതിൽ വളരെ സന്തോഷം. മനോഹരമായിരിക്കുന്നു. ഇനി എന്നും ഇവിടെ വരിക ആളുകൾ എന്തോ കുഴപ്പമുണ്ടെന്ന് പിറുപിറുക്കുമായിരിക്കും. സാരല്യ.

  നല്ല ഒഴുക്കോടെ വായിക്കാൻ പറ്റി. ആശംസകൾ.

  ReplyDelete
 9. അഭിനന്ദനങ്ങള്‍ മനോജ്..ഇനിയും കൂടുതല്‍ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടട്ടെ.എഴുത്തിന്‍റെ ശൈലി വളരെ നന്നായിരിക്കുന്നു... റോളിങ്ങ് സ്ടോണ്‍സ് മനസ്സില്‍ എവിടെയോ ഉടക്കി. ഇനിയും എഴുതൂ..

  ReplyDelete
 10. സതീഷ് മാക്കോത്ത് - കാല്‍ക്കുലേറ്ററിന്റെ കഥാകാരനില്‍ നിന്ന്, ഇക്കഥ ഇഷ്ടമായെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം.

  സുല്‍ - ആ തേങ്ങാ ഉരുണ്ടുരുണ്ട് പോയി. സാരില്യ. ഞാന്‍ ഓടിച്ചിട്ട് പിടിച്ചോളാം. നന്ദി :)

  സ്മിജ - കഴുകിക്കളയാന്‍ പറ്റില്ല ഈ അച്ചടിമഷി എന്ന സാധനം. അതൊന്ന് പുരണ്ട്കിട്ടാനല്ലേ ബുദ്ധിമുട്ട് :)

  ചാണക്യന്‍ - നന്ദി :)

  ഹരീഷ് തൊടുപുഴ - നന്ദി :)

  ശ്രീവല്ലഭന്‍ - നന്ദി :)

  കൈതമുള്ള് - ശശിയേട്ടാ...വളരെ സന്തോഷം ഈ വഴി വന്നതിനും വിലപ്പെട്ട കമന്റിനും.

  സാജന്‍ - നന്ദി :)

  നരിക്കുന്നന്‍ - ആളുകള്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടേ..പക്ഷെ അയാള്‍ ആ കടപ്പുറത്ത് ഇനി സ്ഥിരമായിട്ട് പോയിരിക്കും :)

  ഗോപന്‍ - റോളിങ്ങ് സ്റ്റോണ്‍ മനസ്സില്‍ ഉടക്കി നിര്‍ത്താതെ അതിനെ ഉരുളാന്‍ വിട് മാഷേ :) നന്ദീട്ടോ.

  തിരിച്ചുവരവ് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 11. വായിച്ചപ്പോൾ ഓർമ്മ വന്നത് ചേറായി ബീച്ച്. ഇപ്രാവശ്യം അങ്ങോട്ട് പോകാൻ തുടങ്ങിയപ്പോൾ അറിയുന്നു, അവിടെ ബീച്ച് ഇല്ലാ എന്ന്. സീവോൾ കെട്ടിയിരുന്ന കല്ലുകളൊക്കെ ഒലിച്ച് ചിതറിക്കിടക്കുവാത്രേ. അതിനൊപ്പം നീങ്ങിപ്പോയ, സഞ്ചാരികൾക്ക് തണലിനായി കെട്ടിയിരുന്ന കുടകളും മറ്റും ഇപ്പോൾ കടലിലേക്ക് നീങ്ങിയാണത്രേ. കഴിഞ്ഞ വർഷം കണ്ട ബീച്ചിൽ നിന്നാണ് ഈ മാറ്റം

  കഥ നന്നായിരിക്കുന്നു മനോജ്

  ReplyDelete
 12. puthiya thalathilekulla chuvadumaattam sradheyamayi. nannayrikunnu, aasamsakal.

  ReplyDelete
 13. ഓര്‍മ്മകളിലേയ്ക്കുള്ള മടക്കയാത്രയെ ഓര്‍മ്മിപ്പിക്കുന്ന ഈ കഥ നന്നായി....

  ReplyDelete
 14. കഥയിഷ്ടമായി...
  ആശംസകൾ...:)

  ReplyDelete
 15. ഇനി മേലാല്‍ അക്ഷരമറിയാത്തവന്‍ എന്നെങ്ങാന്‍ മിണ്ടിപ്പോയാലുണ്ടല്ലോ ഉരുളന്‍ കല്ലെടുത്തെറിയും ഞാന്‍...
  കഥ ഇഷ്ടായി നിരക്ഷൂ‍...........
  ഓ.ടോ...നമ്മുടെ സുല്ലു വല്ലോം പറഞ്ഞാരുന്നോ...

  ReplyDelete
 16. സ്കോര്‍ 3/10

  ആദ്യമായിട്ട് അച്ചടി മഷി പുരണ്ടതിന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു.

  ReplyDelete
 17. കഴിഞ്ഞുപോയ കാലത്തിന്‍റെ കണക്കെടുപ്പ് നടത്തുമ്പോള്‍ നഷ്ടത്തിന്‍റെ നെടുവീര്‍പ്പുയരാത്തവരുണ്ടോ? പിന്നിട്ട വഴികളിലേക്ക് ഒരെത്തി നോട്ടത്തിന് ഈ കഥ കാരണമാകുന്നു.

  ReplyDelete
 18. വികടശിരോമണീ - നന്ദി :)

  ലക്ഷ്മീ - കഥയിലെ ബീച്ച് ചെറായി ബീച്ച് തന്നെ. ആ ഉരുളന്‍ കല്ല് ഇന്നും അവിടെ കിടക്കുന്നുണ്ടാകും. തിരക്കും കൂട്ടവുമൊക്കെ ആകുന്നതിന് മുന്‍പ് ഈയുള്ളവന്‍ സ്ഥിരമായി അവിടെ പോയിരിക്കുന്നത് കണ്ടിട്ട് നാട്ടുകാര്‍ പറയുന്ന ആ കമന്റ് ഓര്‍മ്മ വന്നതില്‍ നിന്നാണ് ഈ കഥ പിറക്കുന്നത്. നന്ദി :)

  അലമേലു - നന്ദി :)

  ശിവാ - നന്ദി :)

  മയൂര - നന്ദി :)

  ആഗ്നേയാ - ഇനി പറയില്ലേ, ജീവനോടെ വിടണേ :)

  അനില്‍@ബ്ലോഗ് - നന്ദി :)

  കുറുക്കന്‍ - സ്കോര്‍ 3/10 എന്താണെന്ന് വ്യക്തമായില്ല. കഥയ്ക്ക് തന്ന മാര്‍ക്കാണെങ്കില്‍ ഇത് പോലും അര്‍ഹിക്കുന്നില്ലെന്നാണ് എന്റെ അഭിപ്രായം. ഒരു 2 മാര്‍ക്ക് കൊടുക്കാം. അത്ര തന്നെ :)

  അനൂപ് തിരുവല്ല - നന്ദി :)

  സരിജ എന്‍.എസ്സ് - നന്ദീ :)

  തിരിച്ച് വരവ് കാണാന്‍ കടപ്പുറത്തെത്തിയ എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 19. അപ്പൊ,ഈ സംഭവത്തിനു വേണ്ടിയാണ് അന്ന് എന്റെ പോസ്റ്റ് വായിച്ചു "മുന്‍‌കൂര്‍ ജാമ്യം" എടുത്തത്‌ അല്ലെ?
  ഞാനും സന്തോഷത്തില്‍ പങ്കു ചേരുന്നു..അച്ചടി മഷി പുരണ്ടതിന്റെ....
  കഥ ഇഷ്ടപ്പെട്ടു കേട്ടോ..

  ReplyDelete
 20. അപ്പോള്‍ ഊരു ചുറ്റല്‍ മാത്രമല്ല, അടങ്ങിയിരുന്ന്
  കഥയെഴുത്തും ഉണ്ട് അല്ലെ!
  ഇങ്ങിനെ എഴുതാന്‍ തുടങ്ങിയാല്‍ ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍, പിടിച്ചാല്‍ കിട്ടില്ലാ...

  “എല്ലാവിധ ആശംസകളും”

  ReplyDelete
 21. ഞാന്‍ എഴുതാന്‍ വന്നത് മീര എഴുതിക്കഴിഞ്ഞു!
  എങ്കിലും,

  നല്ല കഥ,
  ‘എല്ലാവിധ ആശംസകളും’.

  ReplyDelete
 22. നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു.
  (ഇതേതാ പ്രസിദ്ധീകരണം?)

  ReplyDelete
 23. സ്മിതാ ആദര്‍ശ് - മുന്‍‌കൂര്‍ ജാമ്യം മനസ്സിലായല്ലോ ? അതുമതി :) നന്ദി.

  മീരാ - അടങ്ങിയിരുന്ന് എഴുതിയതൊന്നുമല്ല. ഓടിനടന്ന് എഴുതിയതാ. സിരകളില്‍ ‘യുവ’രക്തം തിളക്കുകയല്ലേ :)

  ആത്മ - നന്ദി :)

  നന്ദകുമാര്‍ - ഇഷ്ടപ്പെട്ടെന്ന് നേരായിട്ടും പറഞ്ഞതാണോ ഗഡ്യേ ? ഇത് വേള്‍ഡ് മലയാളി കോണ്‍ഫറന്‍സ് സിംഗപ്പൂരിന്റെ സോവനീയറായ ‘റിഫ്ലെക്ഷന്‍സ് 2008’ എന്ന മാഗസീനാ. വേറെ ആരും ഇതുവരെ ഇത്രയ്ക്ക് ധൈര്യം കാണിച്ചിട്ടില്ല :) നന്ദീട്ടോ :)

  ReplyDelete
 24. ഇത്തിരി ഓവറായിപ്പോയി അല്ലെ? ഇനി സൂക്ഷിക്കാം. ആത്മാക്കള്‍ക്ക് പ്രായമുള്ള കാര്യം മറന്നു. എഴുത്തില്‍ ആണും പെണ്ണുമാണെന്ന കാര്യവും മറന്നു. അവിവേകം അവിവേകം. ക്ഷമിക്കൂ ട്ടൊ :)

  ReplyDelete
 25. "ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റല്ല. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയല്ല. എല്ലാവര്‍ക്കും അവരവരുടേതായ ശരികളും, തെറ്റുകളും, അതിന്റെ ന്യായീകരണങ്ങളും. അതിനിടയില്‍ ആര്‍ക്കെല്ലാമോ എന്തെല്ലാ‍മോ നഷ്ടപ്പെടുന്നു"
  ശരിയാണ്.
  അമ്പാടീ,കഥയെഴുത്ത് തുടരണം.
  ഭാവിയുണ്ട്.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 26. കണ്‍ഗ്രാകുചേലന്‍സ്...
  ബ്ലോഗില്‍ കമ്പ്ലീറ്റ് അച്ചടി മഷി ആണല്ലോ...

  കഥ നന്നായി ഇഷ്ടപ്പെട്ടു...

  ReplyDelete
 27. കാപ്പിലാന്‍ - നന്ദി :)

  മീരാ - ഈ കമന്റും ക്ഷമാപണവും എന്തിനാണെന്ന് തന്നെ മനസ്സിലായില്ല. മറുപടിക്കമന്റില്‍ ഞാന്‍ എന്റെ വയസ്സായ‘യുവ’രക്തത്തെപ്പറ്റിയാണ് തമാശ് പറയാന്‍ ശ്രമിച്ചത്. അത് ചീറ്റിപ്പോയതുകൊണ്ടാണിങ്ങനെയൊക്കെ സംഭവിച്ചതെന്നെ തോന്നുന്നു. എന്തായാലും എഴുത്തിലെ ആണും പെണ്ണും , അത്മാവിന്റെ പ്രായം തുടങ്ങിയ കാര്യങ്ങളൊന്നും എനിക്ക് മനസ്സിലായില്ല കേട്ടോ ? എന്റെ മറുപടി ഏതെങ്കിലും തരത്തില്‍ വിഷമിപ്പിച്ചെങ്കില്‍ മാപ്പാക്കണം. ഞാന്‍ ഒരു സ്മൈലി ഇട്ടോണ്ടല്ലേ മറുകമന്റ് ഇട്ടത്. ഇവിടെയും സ്മൈലി ഇടുന്നു :) :) വീണ്ടും വന്നതിന് നന്ദി. :)

  ഒന്നും ഓവറായിട്ടില്ല. ഒരു വിഷമത്തിന്റേയും ആവശ്യമില്ല. ഇവിടെ എന്തും പറയാനുള്ള സ്വാതന്ത്രം അനോണികള്‍ക്ക് വരെ ഞാന്‍ കൊടുത്തിട്ടുണ്ട്.

  ലതികച്ചേച്ചീ - ചെറായി ബീച്ചിലെ പഴയ വിസിറ്റുകളെപ്പറ്റി ഓര്‍ത്തപ്പോള്‍ എഴുതിപ്പോയതാണ്. അല്ലാതെ ഈ കഥയില്ലാത്തവനെങ്ങിനെ കഥയെഴുതും ? :)

  വാല്‍മീകി - ഇതാദ്യത്തെ അച്ചടിമഷിയാണ് മാഷേ. ബ്ലോഗ് മുഴുവന്‍ ഈ മഷി പുരളണമെന്ന് അത്യാഗ്രഹം എനിക്കില്ലാതില്ല :)

  തിരിച്ച് വരവ് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 28. ഇപ്പഴാ ഇവിടെ എത്തിപ്പെട്ടതു്. ഇതുതന്നെയല്ലേ നാട്ടിലേക്കു തിരിച്ചെത്തുന്ന പലരുടേയും മനസ്സു്. ആശംസകള്‍.

  ReplyDelete
 29. ഞാനാണു തെറ്റിധരിച്ചത്. കമന്റ് എഴുതിക്കഴിഞ്ഞപ്പോഴേ തോന്നി സ്ത്രീകള്‍ അങ്ങിനെ
  എഴുതുന്നത് നന്നല്ലെന്ന്.അതില്‍ നിന്നും തോന്നിയതാണ്. അല്ലാതെ മി. നിര്‍ക്ഷരന്‍ ജി ഒന്നും പറഞ്ഞിട്ടല്ല.:)

  ReplyDelete
 30. കഥ വായിച്ചു. മഷി പുരണ്ട കഥയ്ക്ക്‌ അഭിനന്ദനങ്ങള്‍. നല്ല കഥകള്‍ ഇനിയും പിറക്കട്ടെ.. ആശംസകള്‍

  ReplyDelete
 31. നിരക്ഷരാ,
  അച്ചടിമഷി പുരണ്ട കഥയ്ക്കും കഥാകാരനും അനുമോദനങ്ങൾ..
  നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന മനസ്സിന്റെ വേവലാതികൾ നിറഞ്ഞ കഥയുടെ ഇതിവൃത്തം കഥാശൈലിയേക്കൾ ഇഷ്ടപ്പെട്ടു. എന്നുവച്ച് ശൈലി മോശമായെന്നല്ല കേട്ടോ പറഞ്ഞത്.(വിലയിരുത്താൻ ഞാനാര്? വെറുമൊരു “ബിന്ദു” മാത്രം)
  :):)

  ReplyDelete
 32. മനോജേട്ടാ കഥവളരെ ഇഷ്ടപ്പെട്ടു. അതോടൊപ്പം അമ്മ എന്നോടു പറയാറുള്ള ഒരു കവിതാശകലവും ഓർമ്മവന്നു.

  പറന്നുപോം പക്ഷിയെ വീണ്ടും പിടിച്ചിടാം
  കാലമോ പോവുകിൽ പോയി
  കരുതി ജോലി ചെയ്ക നീ

  തുടർന്നും എഴുതുക

  ReplyDelete
 33. നിരക്ഷരാ..

  ആദ്യം ആമുഖത്തില്‍ പറഞ്ഞതുപോലെ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത , പലരും എഴുതിപ്പഴകിയ പ്രമേയം, മനസില്‍ ഒട്ടും തട്ടാത്ത ഒരു കഥ. നിരക്ഷരന്റെ സാധാരണ എഴുത്തു വെച്ചു നോക്കുമ്പോള്‍ ഇതെനിക്കത്രക്ക് ഇഷ്ടമായില്ല.

  ഇപ്പോഴും ഈ രണ്ടൂ വരികള്‍ കൂട്ടിവായിക്കുമ്പോള്‍, അര്‍ത്ഥത്തിലാകെ ഒരു പൊരുത്തക്കേട് - ‘അന്നെടുത്ത നിലപാട് ശരിയായിരുന്നെന്നുതന്നെ “ഇന്നും“ വിശ്വസിക്കുന്നു. പിന്നെങ്ങിനെ “ഇന്നതൊരു“ തെറ്റായി മാറി ?‘

  അച്ചടിമഷിപുരണ്ട ആദ്യകഥക്കുള്ള ആശംസകള്‍!
  - ദുര്‍ഗ്ഗ !

  ReplyDelete
 34. രണ്ടുദിവസം മുന്നെ വായിച്ചു
  ഒരു കമന്റ് ഇടാന്‍ ആലോചിക്കണം എന്നു തോന്നി ഞാനും ആ പാറപ്പുറത്തിരുന്നു...:)
  കടല്‍ക്കരയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. നീരൂ എഴിതീയ ഈ വരികള്‍ യാഥാര്‍‌ത്യമാകുമ്പോള്‍ എത്ര ഭീബത്സമാണന്നോ? മനുഷ്യനും പ്രകൃതിയും മാറുകയാണ്, പുതുമയല്ല, ഈ കഥ സത്യമാവുമ്പോള്‍ ഉള്ള വിങ്ങലാണെന്നെന്നെ തൊട്ടു പൊള്ളിച്ചത്, കുറെ കൂടി പൊടിപ്പും തൊങ്ങലും ചാര്‍ത്താം ....
  മറ്റാരെങ്കിലും അവിടെ വന്നിരുന്ന ദിവസങ്ങളില്‍, താനാണെന്ന് കരുതി ഓടിവന്ന് നോക്കിക്കാണില്ലേ അവള്‍?.
  വൈകിയ വേളയില്‍ ആണെങ്കിലും ആ ചിന്തയില്‍ ഒരു നഷ്ട പ്രണയം സന്ധ്യയുടെ ചായകൂട്ടില്‍ ... ഇനിയും തുടരണം.ഈ പറഞ്ഞ കാലം എത്താന്‍ ഇനിയും എത്രയോ കാലം ബാക്കി നില്‍ക്കേ ഭാവനയില്‍ ഇത്രയും കുറിച്ചതിന് ആണെന്റെ വാഴ്തുകള്‍ .. ..
  യാത്രാവിവരണക്കാരന്റെ കീ ബോര്‍‌ഡില്‍ നിന്ന് വിത്യസ്തമായാ വിഭവം!! നന്നായി ആസ്വദിച്ചു.

  ReplyDelete
 35. കഥ മോശമായില്ല നിരക്ഷരന്‍ ചേട്ടാ...

  ReplyDelete
 36. എഴുത്തുകാരീ - ആയിരിക്കണം. നന്ദി :)


  മീരാ - സ്ത്രീകള്‍ അങ്ങിനെ എഴുതുന്നതിനെന്താ കുഴപ്പം ? ഒരു കുഴപ്പവുമില്ല. എഴുത്തില്‍ സ്ത്രീ-പുരുഷ എഴുത്ത് എന്ന് തരം തിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

  ബഷീര്‍ വെള്ളറക്കാട് - നന്ദി :)

  ബിന്ദു കെ.പി - കഥയില്ലാക്കഥയുടെ ഇതിവൃത്തം ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം :)


  മണികണ്ഠന്‍ - നന്ദി. ടീച്ചര്‍ പറഞ്ഞുതന്ന ആ കവിതാശകലത്തിന് ടീച്ചറിനോടും പ്രത്യേകം നന്ദി :)


  ദുര്‍ഗ്ഗാ - ഈ പോസ്റ്റില്‍ എനിക്ക് കിട്ടിയ ഏറ്റവും വിലപിടിച്ച അഭിപ്രായമാണ് ദുര്‍ഗ്ഗയുടേത്. തുറന്ന് പറഞ്ഞതിന് പ്രത്യേകം നന്ദി. എപ്പോഴും ഇത്തരത്തില്‍ മനസ്സുതുറന്നുള്ള അഭിപ്രായപ്രകടനം ഞാന്‍ പ്രതീക്ഷിക്കുന്നു. ഓരോ വരികളിലൂടെയും മനസ്സിരുത്തി കടന്ന് പോയതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് ? പൊരുത്തക്കേടിന്റെ ആ വരികള്‍ കണ്ടുപിടിക്കാന്‍ ശ്രദ്ധിച്ച് വായിക്കാതെ പറ്റില്ല. അതെന്റെ ഭാഗത്തുനിന്നുണ്ടായ പിശകാണ്. അതങ്ങിനെ തന്നെ അച്ചടിച്ച് വന്നതുകൊണ്ട് ഇവിടെ ടൈപ്പ് ചെയ്തപ്പോഴും ഞാനത് തിരുത്തിയില്ല.അച്ചടിച്ച് വന്നതിന്‍ ശേഷം ബ്ലോഗില്‍ തിരുത്തുന്നത് ശരിയല്ലല്ലോ ? വളരെ വളരെ നന്ദി സുഹൃത്തേ :)


  മാണിക്യേച്ചീ - ആ കമന്റിന് വളരെ വളരെ നന്ദി. യാത്രാവിവരണത്തിനിടയില്‍ ഇങ്ങനെ ചിലത് പയറ്റി നോക്കുന്നതിന്റെ കുറവുകള്‍ ഈ കഥയ്ക്ക് വന്നിട്ടുണ്ടെന്ന് എനിക്കറിയാം. ഇതൊക്കെ സഹിച്ചതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് ?

  ശ്രീ - നന്ദി :)

  ജിഹേഷ് - നന്ദി :)

  തിരിച്ചുവരവ് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 37. കഥ വളരെ വൈകിയാണ് വായിച്ചത്.ചേട്ടന്റെ ആഗ്രഹം പോലെ വലിയ ഒരു എഴുത്ത്കാരനാകും
  അതിനു വേണ്ടി ഞാനും പ്രാത്ഥിക്കുന്നു
  സസനേഹം
  പിള്ളേച്ചൻ

  ReplyDelete
 38. കഥ നന്നായിട്ടുണ്ട് നീരൂ.

  തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കി വരുമ്പോഴേയ്ക്കും അതു തിരുത്താന്‍ പറ്റാത്ത ഒരവസ്ഥയിലേക്ക് എത്തിക്കാണും അല്ലേ?

  ReplyDelete
 39. After many days, I read a story completely, avoiding other jobs and busy matters. May be because the background of the story resembles with my own village and seashore.. I remembered the days when I used to sit there... "ethra kandaalum kadalum sooryanumokke nithya sugandhangal thanne..."

  ReplyDelete
 40. നല്ല കഥ അതിലുപരി ഇതൊക്കെ അച്ചടി മഷി പുരളുന്നല്ലോന്നുള്ള ആശ്വാസവും ആശംസകള്

  ReplyDelete
 41. നല്ല കഥ അതിലുപരി ഇതൊക്കെ അച്ചടി മഷി പുരളുന്നല്ലോന്നുള്ള ആശ്വാസവും ആശംസകള്

  ReplyDelete
 42. Kure kaalam koodi nilavaaramulla oru katha vaaykkunnu...
  iniyum porattey...
  are avery talented and Quality writer.

  ReplyDelete
 43. ആദ്യമായി അഭിനന്ദനാസ്..

  ഇന്നും എഴുതിയെഴുതി ബല്യ ഒരു യമണ്ടന്‍ എഴുത്തുകാരനാകാന്‍ പ്രാര്‍ത്ഥിക്കുന്നു,

  ഓടോ: എന്നും ഓയിലും ഗ്യാസുമൊന്നും ഉണ്ടാകില്ലല്ലൊ..;)

  ReplyDelete
 44. നന്നായിട്ടുണ്ട്...
  നന്‍മകള്‍ നേരുന്നു..
  സസ്നേഹം,
  ജോയിസ്..!!

  ReplyDelete
 45. തികച്ചും അന്യരായ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു മണ്‍പ്രതിമ കണക്കെ, തീരത്തലച്ച് തകരുന്ന തിരകളുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍ക്കാരനാകാം. അതേയുള്ളൂ ഇനി ചെയ്യാന്‍. അതേയുള്ളൂ പ്രായശ്ചിത്തം.....വളരെ നന്നായിരിക്കുന്നു

  ReplyDelete
 46. vayikan vaiki poyi.. nannayirikunnu...
  eniyum nalla kathakalkayi kathirikunnu....

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.