Saturday, 21 September 2013

ശുദ്ധജലം തയ്യാറാക്കാം.

ക്കഴിഞ്ഞ (കഴിഞ്ഞിട്ടൊന്നുമില്ലെന്ന് തോന്നുന്നു) റെക്കോഡ് മഴക്കാലത്ത് പോലും കൊച്ചിയിൽ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. മഴ പെയ്തപ്പോൾ റോഡ് തകരുകയും, റോഡിനടിയിലുള്ള ശുദ്ധജലവിതരണ കുഴലുകൾ പൊട്ടുകയും ചെയ്തതാണ് കാരണം. പക്ഷെ, എന്താണ് ഇങ്ങനെയൊരു ജലക്ഷാമത്തിനുള്ള അടിസ്ഥാന കാരണം ?

കൊച്ചി മാത്രമല്ല കൊച്ചീക്കാരായ നമ്മൾ ഓരോ ബിലാലുമാരും പഴയപോലൊന്നുമല്ല എന്നത് തന്നെയാണ് മൂലകാരണം. കൊച്ചി, ഒരു ഉദാഹരണമായി മാത്രം പറഞ്ഞതാണ്. നല്ല മഴ കിട്ടുന്ന കേരള സംസ്ഥാനത്തെ മുഴുവൻ ഇടങ്ങളിലേയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. നമ്മളിപ്പോൾ വാട്ടർ അതോറിറ്റിയുടെ ക്ലോറിൻ കലക്കി വരുന്ന പൈപ്പ് വെള്ളമല്ലാതെ വേറൊരു വെള്ളവും ഉപയോഗിക്കാറില്ല. അതിൽ ക്ലോറിൻ മാത്രമല്ല അനുവദനീയമായ തോതിനേക്കാൾ ഒരുപാട് മടങ്ങ് കോളീഫോം (അമേദ്യം) കൂടെ കലർന്നിട്ടുണ്ടെന്നുള്ള പത്രവാർത്തകൾ നമ്മെ അസ്വസ്തരാക്കുന്നു പോലുമില്ല. എന്നിട്ട് ഈ പറഞ്ഞ വെള്ളം കിട്ടുന്നത് ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം മാത്രം.

പണ്ടുകാലത്ത്, മഴ പെയ്യുമ്പോൾ മുറ്റത്ത് നാല് കാല് നാട്ടി അതിനിടയിലൊരു വെള്ളത്തുണി വലിച്ചുകെട്ടി, അതിന്റെ മദ്ധ്യഭാഗത്തൂടെ ഊറി വരുന്ന മഴവെള്ളം പിടിക്കുന്ന രീതിയുണ്ടായിരുന്നു. അത്യാവശ്യം അടുപ്പിൽ തീ പുകയ്ക്കാനും കുടിക്കാനുമൊക്കെയുള്ള ശുദ്ധജലം അങ്ങനെ കിട്ടുമായിരുന്നു. ഇന്ന് ആ സമ്പ്രദായത്തിന്റെ ഒരു ഫോട്ടോ പോലും കിട്ടാൻ പ്രയാസമാണ്. നമ്മൾ സമ്പൂർണ്ണ നാഗരികരായിക്കഴിഞ്ഞിരിക്കുന്നു. പണം കൊടുത്താൽ ഗ്യാസ്, വെള്ളം എന്നിങ്ങ്നെ എല്ലാം കുഴലുകളിലൂടെ വീട്ടിലെത്തണം. ബാക്കിയുള്ളത് തമിഴനും തെലുങ്കനും കന്നടികരുമൊക്കെ ലോറിയിൽ എത്തിച്ച് തരണം. പ്രകൃതി കനിഞ്ഞുനൽകുന്നത് പലതും പ്രയോജനപ്പെടുത്താനുള്ള സമയവും സന്മനസ്സും നമുക്ക് കൈമോശം വന്നിരിക്കുന്നു.

ഇനി വരുന്ന കാലങ്ങൾ ജലക്ഷാമത്തിന്റേതാണ്. ശുദ്ധജലത്തിന് വേണ്ടി യുദ്ധങ്ങൾ വരെ ഉണ്ടാകുമെന്ന് അതിശയോക്തി കലർത്തി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, അതിലെ അതിശയോക്തി നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് കാലം.

മഴക്കാലത്ത് കിട്ടുന്ന വെള്ളവും കുഴൽക്കിണറുകളിൽ നിന്ന് കിട്ടുന്ന വെള്ളവും ശുദ്ധീകരിച്ചെടുത്താൽ ഏതൊരു വീട്ടിലേക്കും ആവശ്യമായ ജലം അവനവന്റെ പുരയിടത്തിൽ നിന്നുതന്നെ ശേഖരിക്കാമെന്നത് പുതിയ അറിവൊന്നുമല്ല.

കാരണവന്മാർ തന്നിട്ട് പോയ ഒരു കെട്ടിടം പുതുക്കിപ്പണിയുന്ന കൂട്ടത്തിൽ അവിടേക്ക് ആവശ്യമായ വെള്ളത്തിന്റെ കാര്യത്തിൽ സ്വയം പരാപ്തത നേടുക എന്നതിന്റെ ഭാഗമായി ഒരു മഴവെള്ള സംഭരണിയാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. കെട്ടിടം നിൽക്കുന്നത് കടലിനോട് അടുത്തുള്ള പ്രദേശത്തായതുകൊണ്ടും, ആ ഭാഗങ്ങളിലെ കിണർ വെള്ളത്തിന് അൽ‌പ്പം ഉപ്പ് രസവും ഇരുമ്പിന്റെ അംശവും ഉള്ളതുകൊണ്ടും, മഴവെള്ളം ശേഖരിക്കുക എന്നത് മാത്രമാണ് ഏക പോംവഴി എന്നാണ് കരുതിയിരുന്നത്. പക്ഷെ പ്ലംബിങ്ങ് ജോലികൾ ചെയ്യാൻ വന്ന ശ്രീ.പ്രദീപ് മാല്യങ്കര, ഈ വിഷയത്തിൽ ഒരു സാക്ഷരൻ ആയിരുന്നതുകൊണ്ട് കൂടുതൽ ഫലപ്രദമായ ഒരു സംഭരണി നിർമ്മിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം തന്നു. അങ്ങനെ 5000 ലിറ്റർ വെള്ളം ശുദ്ധീകരിച്ചെടുക്കാൻ പോന്ന ഒരു സംവിധാനത്തെപ്പറ്റി ചർച്ചകൾ പുരോഗമിച്ചു. മഴവെള്ളം മാത്രമല്ല, മഴയില്ലാത്ത സമയത്ത് കുഴൽക്കിണറിലെ വെള്ളവും ശുദ്ധീകരിച്ചെടുക്കാനുള്ള സംവിധാനം പണിയാൻ തീരുമാനമാകുകയും നടപ്പിലാക്കുകയും ചെയ്തു.

ആ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ചിത്രങ്ങളും ചിലവും സഹിതം ഇവിടെ പങ്കുവെക്കുന്നു. ആർക്കെങ്കിലും പ്രയോജനമുണ്ടായാൽ അൽ‌പ്പമെങ്കിലും മഴവെള്ളം പാഴായിപ്പോകാതെ പ്രയോജനപ്പെടുത്താൻ ഈ ലേഖനം വഴിയൊരുക്കിയാൽ, നിർമ്മാണച്ചിലവ് നേർപകുതിയായി കുറഞ്ഞതായി ഈയുള്ളവൻ കണക്കാക്കും. ഇതെന്റെ സാങ്കേതിക വിദ്യയല്ല. ഗുരുകാരണവന്മാർ നടപ്പിലാക്കിക്കൊണ്ടിരുന്നതാണ്. നമ്മളത് മറന്ന് പോയിട്ടുണ്ടെങ്കിൽ ഒന്ന് ഓർമ്മിപ്പിക്കുന്നെന്ന് മാത്രം.

5000 ലിറ്റർ വെള്ളമെങ്കിലും ശുദ്ധീകരിച്ചെടുക്കാനുള്ള ഫിൽറ്റർ ആണ് പദ്ധതിയിട്ടിരുന്നത്. അതിനായി പണിത ടാങ്ക് ചിത്രം 1ൽ കാണാം. ടാങ്കിന്റെ പകുതി ഭാഗം ഭൂമിക്കടിയിലാണ്. അതിനെ 2500 ലിറ്റർ വീതം ശേഷിയുള്ള രണ്ട് അറകളായി തിരിച്ചിരിക്കുന്നു. ഭൂനിരപ്പിന് മുകളിലുള്ള ഭാഗത്താണ് ഫിൽറ്റർ സംവിധാനം ഒരുക്കുന്നത്. അതിന് 5000 ലിറ്ററിൽ അധികം സംഭരണശേഷിയുണ്ട്.

ചിത്രം 1 :- ടാങ്കിന്റെ പാർശ്വവീക്ഷണം.
ഭൂഗർഭത്തിലുള്ള രണ്ട് ടാങ്കുകളിലേക്കും ഇറങ്ങാനായി ഒരാൾക്ക് കടക്കാൻ പാകത്തിനുള്ള ദ്വാരങ്ങൾ (Man Hole) ഉണ്ടാക്കിയിട്ടുണ്ട്. ടാങ്ക് വൃത്തിയാക്കാനും ജലനിരപ്പ് പരിശോധിക്കാനും മറ്റുമൊക്കെ ഈ ദ്വാരം ഉപകരിക്കും. വലത് വശത്ത് കാണുന്ന  ടാങ്ക് (ദ്വാരം) വാട്ടർ അതോറിറ്റിയുടെ ജലം ശേഖരിക്കാനും, ഇടത് വശത്ത് കാണുന്ന ടാങ്ക് (ദ്വാരം) ഫിൽറ്റർ ചെയ്ത വെള്ളം ശേഖരിക്കാനുമുള്ളതാണ്. രണ്ടിനും 2500 ലിറ്റർ വീതം സംഭരണ ശേഷിയുണ്ടെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ.

ചിത്രം 2 :- എതിർവശത്തുള്ള ദ്വാരങ്ങൾ (Man Holes)
ടാങ്കുകൾ തയ്യാറായിക്കഴിഞ്ഞാൽ മുകൾ ഭാഗത്തുള്ള ടാങ്കിൽ ഫിൽറ്റർ സജ്ജീകരിക്കേണ്ടതുണ്ട്. ഇതിനായി 4 ഇഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പുകളിൽ ചിത്രം 3ൽ കാണുന്നതുപോലെ ദ്വാരമുണ്ടാക്കിയെടുക്കുന്നു. ടാങ്കിന്റെ വലിപ്പത്തിനനുസരിച്ച് ഫിൽറ്റർ പൈപ്പുകൾ നിജപ്പെടുത്തേണ്ടത് ആവശ്യമാണ്. കൂടുതൽ പൈപ്പുകൾ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ വെള്ളം ഫിൽറ്റർ ചെയ്ത് കിട്ടും.

ചിത്രം 3 :- പൈപ്പിൽ ദ്വാരം ഇടുന്നതിന് മുൻപും ശേഷവും

ദ്വാരമിട്ട പൈപ്പുകളെ, ചിത്രം 4ൽ കാണുന്നത് പോലെ, നേർത്ത ഇഴകളുള്ള നെറ്റ് ഉപയോഗിച്ച് പൊതിയുന്നു. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ പൈപ്പുകളെ നെറ്റുകൊണ്ട് ചുറ്റുന്നത് നല്ലതാണ്.

ചിത്രം 4 :- ദ്വാരമിട്ട പൈപ്പിൽ നെറ്റ് ചുറ്റുന്നു.
നെറ്റ് പൈപ്പിൽ ചുറ്റിയ ശേഷം, ചിത്രം 5ൽ കാണുന്നത് പോലെ, പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് നെറ്റിനെ പൈപ്പുമായി നല്ലവണ്ണം ബന്ധിപ്പിച്ച് നിറുത്തുന്നു.

ചിത്രം 5:‌-  പ്ലാസ്റ്റിക്ക് കയറുകൊണ്ട് കെട്ടിയ പൈപ്പ്.
എന്റെ ഫിൽറ്ററിൽ സമാന്തരമായുള്ള മൂന്ന് പൈപ്പുകളും അതിനെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വിലങ്ങനെ നാലാമതൊരു പൈപ്പുമാണ് ഉള്ളത്. എല്ലാ പൈപ്പുകളിലൂടെയും അരിച്ചെത്തുന്ന വെള്ളം ഭൂഗർഭത്തിലുള്ള 2500 ലിറ്റർ ടാങ്കിലേക്ക് ഒഴുക്കാനായി, വിലങ്ങനെയുള്ള പൈപ്പിന്റെ ഒരറ്റം ചിതം 6ൽ കാണുന്നത് പോലെ വളഞ്ഞ പൈപ്പ് ഘടിപ്പിച്ച് സജ്ജമാക്കിയിരിക്കുന്നു.

ചിത്രം 6:- ഫിൽറ്റർ പൈപ്പുകൾ പരസ്പരം ഘടിപ്പിച്ച നിലയിൽ.
അടുത്തതായി പരസ്പരം ബന്ധിപ്പിച്ച ഈ പൈപ്പുകളെയെല്ലാം ചിത്രം 7ൽ കാണുന്നത് പോലെ ഫിൽറ്റർ ടാങ്കിന്റെ അടിത്തട്ടിൽ വെറുതെ കിടത്തിയിടുന്നു. ടാങ്കിന്റെ ഒരു മൂലയിൽ നേരത്തെ തന്നെ തയ്യാറാക്കിയ 4 ഇഞ്ച് വ്യാസമുള്ള ദ്വാരത്തിലൂടെ പൈപ്പിന്റെ വളഞ്ഞ ഭാഗം താഴേക്ക് ഇറക്കിവെച്ചശേഷം ആ ഭാഗം സിമന്റിട്ട് പഴുതുകളില്ലാതെ ഉറപ്പിക്കുന്നു. ഭാവിയിൽ അൽ‌പ്പസ്വൽ‌പ്പം ലീക്ക് ഉണ്ടായാലും കുഴപ്പമില്ല. കാരണം ഫിൽറ്റർ ചെയ്ത വെള്ളം തന്നെയാണ് താഴേക്ക് ലീക്ക് ചെയ്യുന്നത്.

ചിത്രം 7:- ടാങ്കിൽ ഫിൽറ്റർ പൈപ്പുകൾ കിടത്തിയിരിക്കുന്നു.
അടുത്തതായി മരക്കരി കൊണ്ട് ഈ പൈപ്പുകളെ മൂടുന്നു. 5000 ലിറ്റർ സംഭരണശേഷിയുള്ള ഫിൽറ്റർ ഉണ്ടാക്കാൻ ഏകദേശം 10 ചാക്ക് മരക്കരി ആവശ്യമാണ്. ചാക്ക് ഒന്നിന് 800 രൂപയാണ് മരക്കരിയുടെ വില. (വിലയിലെ ഏറ്റക്കുറച്ചിലുകൾ ബാധകം.) 

ചിത്രം 8:- ഒരു ചാക്ക് മരക്കരി
ചിത്രം 9:- ഫിൽറ്റർ പൈപ്പുകളെ മരക്കരി കൊണ്ട് മൂടുന്നു.
തമിഴ്‌നാട്ടിൽ നിന്ന് വരുന്നതാണ് ഈ മരക്കരി. അവിടെയുള്ള നേർത്ത ശാഖകളുള്ള പ്രത്യേകതരം മരത്തിന്റെ ചില്ലകൾ തീയിട്ടശേഷം പൂർണ്ണമായി കത്തി ചാരമാകുന്നതിന് മുന്നേ അണച്ചെടുത്താണ് ഇത്തരം മരക്കരി ഉണ്ടാക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരക്കരിക്ക് പകരം ചിരട്ടക്കരിയെപ്പറ്റിയും ആലോചിക്കാവുന്നതാണ്. പക്ഷെ കമ്പോളത്തിൽ ഇത്രയധികം ചിരട്ടക്കരി കിട്ടാനുണ്ടോ എന്നെനിക്ക് നിശ്ചയമില്ല. സ്വന്തമായി ചിരട്ടക്കരി ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടും പരിഗണിക്കേണ്ടതാണ്. 

രുചി, മണം, നിറം, ജൈവ ഘടകങ്ങൾ എന്നിവ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യാനാണ് കരി (കാർബൺ) ഉപയോഗിക്കുന്നത്.

ചിത്രം 10:- മരക്കരിയിട്ട് മൂടിയ പൈപ്പുകൾ
ഏകദേശം 6 ഇഞ്ച് കനത്തിൽ ഇങ്ങനെ മരക്കരി പൈപ്പിന് മുകളിലൂടെ ഇട്ട് അതിനെ പൂർണ്ണമായും മൂടുന്നു. അടുത്തതായി മരക്കരിക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ മുഴുത്ത ചരലോ മണലോ വിരിക്കുന്നു. നന്നായി അരിച്ചെടുത്ത മണലാണ് അഭികാമ്യം. ലഭ്യതയനുസരിച്ച് ഇതിൽ ഏതായാലും ഉപയോഗിക്കാവുന്നതാണ്.

ചിത്രം 11:- മരക്കരിക്ക് മുകളിൽ മണൽ വിരിക്കുന്നു.
ഇങ്ങനെ മണലും കരിയും മാറിമാറി 8 തട്ടുകളായി ടാങ്കിൽ വിരിക്കുന്നു. ഏറ്റവും മുകളിൽ മണലായിരിക്കും ഉണ്ടാകുക. ഏറ്റവും മുകൾ ഭാഗത്ത് വരുന്ന മണലിന് മുകളിൽ ഒരടിയോളം ഭാഗം ഒന്നും നിറയ്ക്കാതെ വിടുക. ഈ ഭാഗം വെള്ളം വന്ന് നിറയാനുള്ള സ്ഥലമായി കണക്കാക്കണം. 

ചിത്രം 12:- മണലിന് മുകളിൽ വീണ്ടും മരക്കരി
ആദ്യകാലങ്ങളിൽ വെള്ളം ഫിൽറ്ററിലേക്ക് ഒഴിക്കുന്ന മാത്രയിൽത്തന്നെ താഴേക്ക് പോകുകയും ഭൂഗർഭ ടാങ്കിൽ എത്തുകയും ചെയ്യും. കാലക്രമേണ വെള്ളത്തിലുള്ള അഴുക്കുകളും കുഴൽക്കിണറിലെ ജലത്തിലെ ഇരുമ്പിന്റെ അംശവുമെല്ലാം മുകൾത്തട്ടിലെ മണ്ണിൽ കെട്ടി നിൽക്കുകയും താഴേക്കുള്ള ജലത്തിന്റെ ഒഴുക്ക് മന്ദീഭവിക്കുകയും ചെയ്യും. ആ സമയത്ത് മുകൾ ഭാഗത്ത് ഒഴിവാക്കി ഇട്ടിരിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനിന്ന് സമയമെടുത്ത് അരിച്ച് പോകാനുള്ള സൌകര്യം ഉണ്ടാകേണ്ടതാണ്.

ചിത്രം 13:- അവസാനത്തെ തട്ട് മണൽ
മണലും മരക്കരിയും ഇടവിട്ട് വിരിച്ചുകഴിഞ്ഞാൽ ഫിൽറ്റർ തയ്യാറായിക്കഴിഞ്ഞു. ഇനി ചെയ്യേണ്ടത് മഴവെള്ളം ശേഖരിക്കാനുള്ള പാത്തികൾ കെട്ടിടത്തിൽ പിടിപ്പിക്കുകയാണ്. പാത്തികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഫിൽറ്റർ ടാങ്കിലേക്ക് വീഴുന്ന പൈപ്പ് ചിത്രം 14ൽ കാണാം.

ചിത്രം 14:- മഴവെള്ളം ബൈപ്പാസ് സംവിധാനത്തിലൂടെ ടാങ്കിലേക്ക്.
മഴവെള്ളം ടാങ്കിലേക്കെത്തിക്കുന്ന 4 ഇഞ്ച് വ്യാസമുള്ള പൈപ്പിൽ ഭൂനിരപ്പിൽ നിന്ന് ഒരടി ഉയരത്തിൽ ചിത്രം 14ൽ കാണുന്നത് പോലെ ശുചീകരണത്തിനായി ഒരു ബൈപ്പാസ് സംവിധാനം ഉണ്ടായിരിക്കണം. ആദ്യമഴയിലെ അഴുക്കുവെള്ളം ഫിൽറ്ററിലേക്ക് എടുക്കാതെ ഒഴുക്കിക്കളയാൻ വേണ്ടിയാണ് ഈ ബൈപ്പാസ് സംവിധാനം. പൈപ്പിന്റെ അറ്റത്തുള്ള മൂടി തുറക്കാൻ പറ്റുന്ന തരത്തിൽ പശവെച്ച് ഒട്ടിക്കാതെ നിലനിർത്തണം.

ഫിൽറ്റർ സജ്ജീകരിക്കുന്ന രീതിയാണ് ഇതുവരെ വിവരിച്ചത്. ഈ ഫിൽറ്ററിലൂടെ മഴവെള്ളമോ കുഴൽക്കിണറിലെ വെള്ളമോ അരിച്ചെടുക്കാം. മഴവെള്ളത്തിന് കാര്യമായ അരിക്കൽ ഒന്നും ആവശ്യമായി വരുന്നില്ല എങ്കിലും കെട്ടിടത്തിന് മുകളിൽ നിന്ന് വീഴാൻ സാദ്ധ്യതയുള്ള കരടുകളും ഇലകളുമൊക്കെ അരിച്ചെടുക്കാൻ കെട്ടിടത്തിലെ പാത്തികളിൽ നിന്നും ഫിൽറ്ററിലേക്ക് കടക്കുന്ന വലിയ പൈപ്പുകളിൽ ഒരു ചെറിയ നെറ്റ് പിടിപ്പിക്കാവുന്നതാണ്. ചിത്രം 15ഉം ചിത്രം 16ഉം ശ്രദ്ധിക്കുക. 

ചിത്രം 15:- അരിപ്പ പിടിപ്പിക്കാനുള്ള ഭാഗം.
ചിത്രം 16:- അരിപ്പ പിടിപ്പിച്ചതിന് ശേഷം
കുഴൽക്കിണറിലെ വെള്ളം ഫിൽറ്ററിലൂടെ കടത്തിവിടുമ്പോൾ കുറേക്കൂടെ സജ്ജീകരണങ്ങൾ ആവശ്യമാണ്. കുഴൽക്കിണറിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം, ചെളി മണം, ഇരുമ്പിന്റെ അയിര് തുടങ്ങിയതെല്ലാം ഉണ്ടാകാം. ഇതെല്ലാം വേർതിരിച്ചെടുക്കേണ്ടത് ആവശ്യമാണ്. ചെളി മണവും ഉപ്പിന്റെ അംശവുമെല്ലാം ഫിൽറ്ററിലൂടെ കടക്കുന്നതോടെ ഇല്ലാതാകും. ഇരുമ്പ് അയിരിന്റെ നല്ലൊരു ഭാഗവും ഫിൽറ്റർ തടഞ്ഞുനിർത്തുന്നു. എന്നിരുന്നാലും വെള്ളത്തിലുള്ള ഇരുമ്പ് അയിർ വേർ‌തിരിച്ചെടുക്കാനായി വെള്ളത്തിനെ വായുവുമായി കൂടുതൽ സമ്പർക്കത്തിലാക്കി വേണം ഫിൽറ്ററിലേക്ക് പതിപ്പിക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ ഇരുമ്പിന്റെ നല്ലൊരംശം വായുവിൽ വെച്ചുതന്നെ വിഘടിക്കപ്പെടുന്നു. ബാക്കിയുള്ളതിനെ ഫിൽറ്റർ അരിച്ചെടുക്കുന്നു.

ചിത്രം 17:- വായുസഞ്ചാരത്തിനായുള്ള സജ്ജീകരണം.
ഇത് സംഭവിക്കണമെങ്കിൽ ഫിൽറ്റർ ടാങ്കിന്റെ മുകളിൽ വായു സഞ്ചാരം ഉണ്ടാകാൻ പാകത്തിനുള്ള വിടവ് ഇട്ടിട്ട് മാത്രമേ ടാങ്കിന്റെ മൂടി സജ്ജമാക്കാനും ഉറപ്പിക്കാനും പാടുള്ളൂ. ചിത്രം 17ൽ കാണുന്ന ലോഹ വല കൊണ്ടുള്ള സജ്ജീകരണം ശ്രദ്ധിക്കുക. 

ചിത്രം 18:- ടാങ്കിന്റെ മൂടി
അതിന് മേലെയാണ് ടാങ്കിന്റെ മൂടി വരുന്നത്. ഫിൽറ്റർ ടാങ്കിൽ എല്ലായ്പ്പോഴും വായു സഞ്ചാരം ഉണ്ടാകാൻ ഇത് സഹായിക്കുന്നു. വെള്ളത്തിന് കൂടുതൽ വായുസമ്പർക്കം കിട്ടാൻ വേണ്ടി ചിത്രം 19ൽ കാണുന്നത് പോലെ ഷവറുകളിലൂടെ വേണം ഫിൽറ്ററിലേക്ക് വെള്ളം വീഴ്ത്താൻ.

ചിത്രം 19:- ഷവറിലൂടെ കുഴൽക്കിണർ വെള്ളം ഫിൽറ്ററിലേക്ക്
കുഴൽക്കിണർ വെള്ളത്തിൽ നിന്ന് ഫിൽറ്ററിൽ എത്തി അവിടെ അരിച്ചെടുക്കപ്പെടുന്ന ഇരുമ്പിന്റെ അയിരെല്ലാം കാലക്രമേണ മുകളിലെ തട്ടിലുള്ള മണലിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മണലിന്റെ നിറം ഇരുമ്പയിരിന്റെ തോതനുസരിച്ച് ഓറഞ്ച് നിറത്തിലേക്കോ ചുവപ്പും നിറത്തിലേക്കോ മാറുന്നു.

മൂന്നോ നാലോ മാസം കൂടുമ്പോൾ മണലിന്റെ മുകൾ ഭാഗത്തുനിന്ന് നിറവ്യത്യാസം വന്ന ഭാഗം മാത്രം വടിച്ചെടുത്ത് നീക്കം ചെയ്ത് പുതിയ മണൽ നിറച്ചാൽ ഫിൽറ്ററിന് വേണ്ടുന്ന അത്യാവശ്യം അറ്റകുറ്റപ്പണികളായി. ആദ്യത്തെ തട്ടിൽ നിന്ന് കാര്യമായ അഴുക്കുകളൊന്നും താഴെത്തെ തട്ടിലേക്ക് കടക്കില്ല എന്ന് ഇത് സജ്ജീകരിക്കുന്നതിൽ വിദഗ്ദ്ധനായ ശ്രീ.പ്രദീപ് മാല്യങ്കര സാക്ഷ്യപ്പെടുത്തുന്നു. 

ഇരുമ്പ് അയിരിന്റേയും മറ്റ് അഴുക്കുകളുടേയും തോത് അനുസരിച്ച് കൊല്ലത്തിൽ ഒരിക്കലോ രണ്ട് കൊല്ലം കൂടുമ്പോളോ മുഴുവൻ മണലും മരക്കരിയും പുറത്തെടുത്ത് ശുദ്ധജലത്തിൽ കഴുകി വീണ്ടും ഫിൽറ്ററിൽ സ്ഥാപിച്ചാൽ ദീർഘകാലത്തേക്കുള്ള അറ്റകുറ്റപ്പണിയും ആയി. ഈ ജോലിയെല്ലാം പുറത്തുനിന്ന് ഒരാളുടെ സഹായം ഇല്ലെങ്കിലും വീട്ടിലുള്ളവർക്ക് സ്വയം ചെയ്യാൻ സാധിക്കുന്നതാണ്. 

ചിത്രം 20:- ഫിൽറ്ററും ടാങ്കും പണിപൂർത്തിയായപ്പോൾ.

ടാങ്ക് തയ്യാറായിക്കഴിഞ്ഞപ്പോൾ കുഴൽക്കിണറിലെ വെള്ളം ഫിൽറ്റർ വഴി കടത്തിവിട്ട് അരിച്ചെടുത്ത് രുചിച്ചുനോക്കി. ഫിൽറ്ററിൽ കടക്കുന്നതിന് മുൻപ് അൽ‌പ്പം കടുപ്പവും ചെളിമണവുമൊക്കെ ഉണ്ടായിരുന്ന വെള്ളത്തിന്റെ മണവും രുചിയും എല്ലം മാറിയിരിക്കുന്നു. നിമിഷങ്ങൾക്കകമാണ് ഇത് സാദ്ധ്യമായിരിക്കുന്നത്. കുഴൽക്കിണർ വെള്ളം ഫിൽറ്ററിലേക്ക് പമ്പ് ചെയ്യുന്നത് 1 ഇഞ്ച് പൈപ്പിലൂടെയും അത് അരിച്ച് താഴേക്ക് വരുന്നത് 4 ഇഞ്ച് പൈപ്പുകളിലൂടെയുമാണെന്ന് ശ്രദ്ധിക്കുമല്ലോ ? അതുകൊണ്ടുതന്നെ മുകളിൽ വെള്ളം വീഴുന്ന മാത്രയിൽത്തന്നെ താഴെ വെള്ളം കിട്ടാൻ തുടങ്ങുന്നു. 5 സെക്കന്റിന്റെ കാലതാമസം പോലും ഉണ്ടാകുന്നില്ല.

ശാസ്ത്രീയമായ വിലയിരുത്തലിനായി കുഴൽക്കിണറിലെ വെള്ളം, അത് ഫിൽറ്റർ ചെയ്തതിന് ശേഷമുള്ള വെള്ളം, വാട്ടർ അതോറിറ്റിയുടെ വെള്ളം എന്നത് മൂന്നും ലാബിൽ കൊടുത്ത് ടെസ്റ്റ് ചെയ്ത് റിസൽട്ട് എടുക്കാൻ ബാക്കിയുണ്ട്. ലാബ് ഫലം കിട്ടിയാൽ ഉടനെ പോസ്റ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. നിറവ്യത്യാസം മനസ്സിലാക്കാൻ ഈ രണ്ട് വെള്ളവും കുപ്പികളിൽ ശേഖരിച്ച് വെച്ച് ഊറിയശേഷവും ഊറുന്നതിന് മുൻപുമൊക്കെയുള്ള പടങ്ങളും അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഇനി 5000 ലിറ്റർ ശേഷിയുള്ള ഈ ടാങ്ക് സജ്ജീകരിക്കാൻ വേണ്ടി വന്ന ഏകദേശ ചിലവ്.

1. പത്ത് ചാക്ക് മരക്കരി = 8000 രൂപ
2. മണൽ - 3000 രൂപ
3. * ഫിൽറ്റർ ടാങ്ക് നിർമ്മിക്കാനുള്ള ചിലവ് = 15000 രൂപ
4. ടാങ്കിന്റെ മൂടിയും മറ്റും = 12000 രൂപ
5. പൈപ്പ്, ഷവർ, വാൽ‌വ് മുതലായവ = 3000 രൂപ
6. പണിക്കൂലി = 5000 രൂപ

മൊത്തം ചിലവ് - 46,000 രൂപ. 

( * ഫിൽറ്റർ ടാങ്കിന്റെ മാത്രം ചിലവാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭൂഗർഭ ടാങ്ക് എല്ലാ പുതിയ കെട്ടിടങ്ങളിലും ഇപ്പോൾ ചെയ്യുന്നുണ്ട്. ആ ചിലവ് ഇതുമായി ചേർക്കുന്നില്ല.)

മോട്ടർ, മഴവെള്ളത്തിന്റെ പാത്തി, ടാങ്ക് നിർമ്മാണ ചിലവ് എന്നതൊക്കെ പുതുതായി വീടുണ്ടാക്കുന്നതിന്റെ ചിലവിന്റെ കൂട്ടത്തിലാണ് ചേർക്കേണ്ടത്. മഴവെള്ളസംഭരണി ഇല്ലെങ്കിലും മോട്ടറും ടാങ്കുമൊക്കെ എന്തായാലും ഒരു വീട്ടിലേക്ക് ആവശ്യമുള്ളത് തന്നെയാണ്. മുകളിൽ കാണുന്നത് ഒരു അധികച്ചിലവായി പലർക്കും തോന്നിയേക്കാം. പക്ഷെ, 2500 ലിറ്ററിന്റെ ഫിൽറ്റർ സംവിധാനം ഉണ്ടാക്കിയാലും ഇതേ കാര്യങ്ങൾ നടപ്പിലാക്കാനാവും. നിർമ്മാണച്ചിലവ് 23000 രൂപയാക്കി കുറക്കണമെങ്കിൽ പകുതി സംഭരണശേഷിയുള്ള ടാങ്ക് ഉണ്ടാക്കിയാൽ മതി. 15 ലക്ഷം രൂപയെങ്കിലും മുടക്കി വീട് പണിയുന്ന ഒരാൾ, 23,000 രൂപ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി നീക്കിവെക്കുന്നത് ഒരിക്കലും അധികച്ചിലവല്ല. പ്രകൃതിയിൽ നിന്ന് കൂടുതൽ അകലം പ്രാപിക്കാനായി മുറ്റത്ത് ടൈൽ വിരിക്കാൻ ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുമ്പോൾ ശുദ്ധജലത്തിനായി 1000 രൂപ പോലും പലരും ചിലവഴിക്കുന്നില്ല.

മഴവെള്ള സംഭരണി കൂടെ ഉണ്ടെങ്കിൽ മാത്രമേ പുതിയ വീടുകളുടെ പ്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പാസ്സാക്കൂ എന്ന് കുറേ നാൾ മുൻപ് കേട്ടിരുന്നു. പക്ഷെ അങ്ങനൊന്ന് പുതിയ വീടുകളിൽ നടപ്പാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. സർക്കാർ അങ്ങനൊരു നിയമം കർശനമായി നടപ്പിലാക്കുകയാണ് വേണ്ടത്.  

ഒരിക്കൽക്കൂടെ ഓർമ്മിപ്പിക്കട്ടെ, വരാൻ പോകുന്നത് ജലക്ഷാമത്തിന്റെ നാളുകളാണ്. സൂക്ഷിച്ചാൽ, ചില മുൻ‌കരുതലുകളും നടപടികളും എടുത്താൽ, ദുഃഖിക്കേണ്ടി വരില്ല.

53 comments:

  1. മഴവെള്ളം മാത്രമല്ല കുഴൽക്കിണറിലെ വെള്ളവും ശുദ്ധീകരിച്ചെടുത്ത് ജലക്ഷാമം ഒഴിവാക്കാം.

    ReplyDelete
  2. ഇത്തരം സംവിധാനങ്ങള്‍ നിയമ൦ വഴി നിര്‍ബന്ധമാക്കും എന്ന് നമുക്ക് പ്രതീഷിക്കാം

    ReplyDelete
  3. ഇതെനിയ്ക്ക് വളരെ പ്രയോജനകരമാകും
    എന്റെ ചെറിയ വീട് പണി പൂര്‍ത്തിയായിവരുന്നു
    ഈ ലേഖനം ഞാന്‍ സൂക്ഷിച്ച് വയ്ക്കുന്നു

    വളരെ നന്ദി. ചില സംശയങ്ങളുണ്ട്.

    ReplyDelete
  4. വളരെയതികം ഉപകാരപ്രദമായ ഒരു ലേഖനം; മഴവെള്ള സംഭരിണിയുടെ ചിലവ്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുകൊണ്ട് ഉണ്ടായേക്കാവുന്ന ഗുണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ തുച്ചമാണെന്ന് തന്നെ പറയാം.

    ReplyDelete
  5. സ്വയം പര്യാപ്തരാവുക എന്നതും നല്ലൊരു സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണ്. ഇന്നു സൂക്ഷിച്ചാല്‍ നാളെ ദുഃഖിക്കേണ്ടതില്ല എന്നാണല്ലോ ... എല്ലാവര്‍ക്കും ഇതൊരു മാതൃകയാവട്ടെ ...

    ReplyDelete
  6. മഴവെള്ള സംഭരണി ശുദ്ധജല സംഭരണി എന്നോകെ കേട്ട് മാത്രമേ പരിചയം ഉണ്ടായിരുന്നുള്ളൂ . ഇപ്പൊ സംഭവം പിടി കിട്ടി . ലാബ്‌ രിസൽറ്റും ഉടനെ പ്രതീക്ഷിക്കുന്നു ..അഭിനന്ദനങ്ങൾ .

    ReplyDelete
  7. ഈ ലേഖനം വരും തലമുറയ്ക്ക് വളരെയധികം പ്രയോജനപ്പെടും എന്ന് ഉറപ്പുള്ളത് കൊണ്ട് അതിനു ആദ്യമേ നന്ദി. ഇത് വരെ വീട് എന്ന സംരംഭത്തിലേക്ക് എത്തിയിട്ടില്ല -പക്ഷെ എത്തിയാല്‍ ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന കാര്യമാണ് മഴക്കുഴിയും, മഴവെള്ള സംഭരണിയും . ഇത് അതിനു നല്ലൊരു റെഫെറന്‍സ് ആണ് :). ശരിയാണ് - 10 ലക്ഷത്തിനു മുകളില്‍ ചിലവാക്കി വീട് വെക്കാന്‍ ഉദ്ടെഹ്സിക്കുന്ന ആള്‍ക്കാര്‍ തീര്‍ച്ചയായും ഇതിനൊരു 50000 നീക്കി വെക്കണം, അല്ലെങ്കില്‍ വീടുണ്ടാകും, വെള്ളമുണ്ടാകില്ല!!

    ReplyDelete
  8. കലക്കി. അഭിനന്ദനങ്ങള്‍, അതില്‍പരം ഇതിവിടെ ഇട്ടതിന് നന്ദി..

    ReplyDelete
  9. പലര്‍ക്കും പ്രയോജനപ്പെടുന്ന പോസ്റ്റ്‌. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതും നന്നായി. വേണ്ടിവന്നാല്‍ ഒരു കണ്‍സള്‍ട്ടന്റ്‌ ആകാനും തയ്യാറായിക്കൊള്ളുക ( പരിമിത നിരക്കില്‍ ഫീസു .... മടിയ്ക്കേണ്ട!)

    ReplyDelete
  10. പലര്‍ക്കും പ്രയോജനപ്പെടുന്ന പോസ്റ്റ്‌. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതും നന്നായി. വേണ്ടിവന്നാല്‍ ഒരു കണ്‍സള്‍ട്ടന്റ്‌ ആകാനും തയ്യാറായിക്കൊള്ളുക ( പരിമിത നിരക്കില്‍ ഫീസു .... മടിയ്ക്കേണ്ട!)

    ReplyDelete
  11. തീര്‍ച്ചയായും പ്രയോജനപ്രദമായ പോസ്റ്റ്.ഇങ്ങനെയുള്ള
    ലേഖനങ്ങള്‍ വായിക്കുമ്പോഴാണ് ചിന്തിക്കുക.....
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  12. വളെരെ പ്രയോജന പ്രതം. ബഷീര്‍ ദോഹ

    ReplyDelete
  13. വളരെ പ്രയോജനകരമായ ലേഖനം....ആശംസകള്‍....

    ReplyDelete
  14. ഞാന്‍ കിണറിലെ ജലമാണ് ഉപയോഗിക്കുന്നത്. 16000 രൂപ വിലയും ഏകദേശം 1500 രൂപ വര്‍ഷം ചെലവു വരുന്ന RO ഫില്‍റ്റര്‍ ഉപയോഗിക്കുന്നു (കുടിക്കാനും പാചകത്തിനും മാത്രം) ഇവിടെ വെള്ളത്തില്‍ ഉപ്പ് ഇല്ല, കുറച്ചു ഹാര്‍ഡ് നെസ്സ് ഉണ്ട്. മേല്‍ക്കുരയില്‍ നിന്നും ജലം ഒരു ടാങ്കില്‍ ശേഖരിച്ചിട്ടു പൈപ്പ് വഴി ഭൂമിയിലേക്ക്‌ വിടാന്‍ ഉധേഷിക്കുന്നുണ്ട്. കോര്‍പറേഷന്‍ ജലം ഉപയോഗിക്കുന്നില്ല. ഈ സാഹചര്യത്തില്‍ താങ്കളുടെ അഭിപ്രായത്തില്‍ ഇതുപോലുള്ള ഒരു ഫില്‍റ്റര്‍ ആവശ്യമാണോ

    ReplyDelete
    Replies
    1. @ Anonymous - താങ്കൾക്ക് ഇപ്പോൾ പറയുന്നത് പോലെയുള്ള ഒരു സജ്ജീകരണം ഉണ്ടെങ്കിൽപ്പിന്നെ, ഞാൻ ഈ എഴുതിയിരിക്കുന്ന പദ്ധതിക്കായി പണം ചിലവഴിക്കേണ്ടതില്ല. മഴവെള്ളം ടാങ്കിൽ ശേഖരിച്ച് പൈപ്പ് വഴി ഭൂമിയിലേക്ക് വിടുന്നതിന് പകരം നേരിട്ട് കിണറ്റിലേക്ക് നിറച്ചുനോക്കൂ. കാലം ചെല്ലുന്നതോടെ കിണർ വെള്ളത്തിന്റെ ഹാർഡ്നെസ്സ് കുറയുകയും ചെയ്യും. അപ്പോൾപ്പിന്നെ RO ഫിൽറ്ററിന്റെ പരിപാലനത്തിന് ഇപ്പോൾ ഉള്ളതിനേക്കാൽ ചിലവ് കുറഞ്ഞെന്നും വരും. എന്തായാലും കോർപ്പറേഷൻ വെള്ളം ഉപയോഗിക്കുന്നില്ല എന്നത് തന്നെ വലിയൊരു നേട്ടമാണ്.

      Delete
  15. ഈ ജോലി ആരുടേലും മേൽ നോട്ടത്തിലാണോ അതോ സർ നേരിട്ടാണോ നടത്തിയത് .......പുതിയ വീടു വെക്കുന്നു ....മഴവെള്ള സംഭരണി ചെയ്യാൻ ഉദ്ദേശിക്കുന്നു ..........പിന്നെ എന്നെ താങ്കളുടെ എഫ് ബി ഫ്രന്റ് ലിസ്റ്റിൽ നിന്നു എന്നെ ഒഴിവാക്കിയിരിക്കുന്നു .....നമ്മൾ തമ്മിൽ പഴയ ബ്ലോഗ് കാലം മുതൽ ബന്ധം ഉണ്ടായിരുന്നു 2008 മുതൽ

    ReplyDelete
  16. ഇത് താങ്കൾ ആരുടെയെങ്കിലും മേൽ നോട്ടതിലാണോ ചെയ്തത് അതോ സ്വന്തമായോ ആരുടെയെങ്കിലും വർക്സ് ആണെങ്കിൽ ഒന്നു ബന്ധപെടാനുള്ള ഉപാധി പറഞ്ഞു തരാമോ?.......പിന്നെ താങ്കളുടെ ഫ്രന്റ് ലിസ്റ്റിൽ നിന്നും എന്നെ ഒഴിവാക്കിയിരിക്കുന്നു നമ്മൽ പഴയ ബ്ലോഗ്ഗ് കാലത്തെ സുഹുർത്തുക്കളായിരുന്നു...2008 മുതൽ എഫ് ബിയിലൂടെ സന്ദേശങ്ങളും കൈമാറുമായിരുന്നു bijesh kumar kj

    ReplyDelete
    Replies
    1. @ മാഹിഷ്‌മതി - മേൽനോട്ടം മാത്രമല്ല ഇതിന്റെ എല്ലാ കാര്യങ്ങളും ചെയ്തത് ലേഖനത്തിൽ ഞാൻ പറയുന്ന കെട്ടിടത്തിന്റെ പ്ലംബിങ്ങ് ജോലി ചെയ്ത ശ്രീ. പ്രദീപ് മാല്യങ്കരയാണ്. എനിക്കിതേപ്പറ്റിയുള്ള വായിച്ചറിവുകൾ അല്ലാതെ എങ്ങനെ ചെയ്യണം എന്ന പ്രാൿറ്റിക്കൽ വിജ്ഞാനം അൽ‌പ്പം പോലും ഇല്ലായിരുന്നു.

      താങ്കൾ ഫേസ്‌ബുക്കിൽ നിന്ന് അബദ്ധവശാൽ പുറത്താക്കപ്പെട്ടതായിരിക്കണം. കൃത്യമായ പ്രൊഫൈൽ ഇല്ലാത്തവരെ തിരഞ്ഞ് പിടിച്ച് അൺഫ്രണ്ട് ചെയ്യാൻ ഞാനൊരാളെ ഏർപ്പെടുത്തിയിരുന്നു. എനിക്ക് തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ വന്നിരുന്നു. ആ ജോലി ചെയ്ത കക്ഷിക്ക് എന്തെങ്കിലും അബദ്ധം പറ്റിയാൽ, പരാതി വരുമ്പോൾ ശരിയാക്കാം എന്നാണ് കരുതിയത്. താങ്കൾ ഇപ്പോൾ ഒരു റിക്വസ്റ്റ് അയച്ചാൽ ആ പ്രശ്നം പരിഹരിക്കാം :)

      Delete
  17. ഇത് എഫ് ബി യില്‍ ഷെയര്‍ ചെയ്യുന്നതില്‍ വിരോധമുണ്ടാവില്ലെന്ന് കരുതുന്നു...

    ReplyDelete
    Replies
    1. @ പ്രയാൺ - എഫ്.ബിൽ. യിൽ എന്നല്ല എവിടേയും ഷെയർ ചെയ്യാൻ അനുവാദം ചോദിക്കേണ്ട കാര്യമില്ല പ്രയാൺ.

      Delete
  18. (ബൂക്മാര്‍ക്ക് ചെയ്തു വച്ചു )
    ഞങ്ങള്‍ പൈപ്പുവെള്ളം അല്ല കിണര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. പക്ഷെ ഫില്‍റ്റര്‍ ചെയ്യാതെയുമാണ്.
    കിണര്‍വെള്ള ഈ ഫില്ട്ടരിലേക്ക് നേരിട്ട് പമ്പ് ചെയ്യുകയും ഒപ്പം മഴവെള്ളം മേല്‍ക്കൂരയില്‍ നിന്ന് ശേഖരിക്കുകയും ചെയ്തുകൂടെ. പക്ഷെശേഷം ഫില്‍ട്ടര്‍ ചെയ്തു ശേഖരിക്കുന്ന ടാങ്കില്‍ നിന്ന രണ്ടാമതും മോട്ടോര്‍ പമ്പ് ചെയ്തു വീടിനു മുകളില്‍ ഉള്ള ടാങ്കിലേക്ക് കൊണ്ടുപോകേണ്ടി വരില്ലേ?

    ReplyDelete
    Replies
    1. @ ഇസ്‌മായിൽ കുറുമ്പടി - ഇസ്‌മായിലിന്റെ ചോദ്യം എനിക്ക് കൃത്യമായി മനസ്സിലായില്ല. ഈ സിസ്റ്റത്തിൽ മഴവെള്ളവും കുഴൽക്കിണർ വെള്ളവും ഒരേ ഫിൽറ്ററിലൂടെയാണ് ശുദ്ധീകരിക്കപ്പെടുന്നത്. മഴക്കാലത്ത് കിണർ വെള്ളം ആശ്രയിക്കേണ്ടി വരില്ല. അത്രയ്ക്ക് മഴവെള്ളം കിട്ടും. മഴവെള്ളം കാര്യമായിട്ട് ഫിൽറ്റർ ചെയ്യനൊന്നും ഉണ്ടാകില്ല. അതുകൊണ്ട് മേൽക്കൂരയിലെ പാത്തിയിൽ അരിപ്പ വെച്ച് അവിടന്ന് നേരിട്ട് മുകളിലെ ടാങ്കിലേക്ക് കൊടുക്കണമെങ്കിൽ അങ്ങനേയും ആകാം. മേൽക്കൂരയ്ക്ക് താഴെയാകണം ടാങ്ക് എന്ന് മാത്രം. എന്തായാലും ഫിൽറ്ററിങ്ങിന് ഉണ്ടെങ്കിൽ അതിനുശേഷം മുകളിലേക്ക് വെള്ളം പമ്പ് ചെയ്യേണ്ടി വരും. ഒരേ പമ്പ് ഉപയോഗിച്ച് തന്നെ കിണറിൽ നിന്ന് ഫിൽറ്ററിലേക്ക് പമ്പ് ചെയ്യാനും മുകളിലെ ടാങ്കിലേക്ക് പമ്പ് ചെയ്യാനും സാധിക്കും. ഒന്നുരണ്ട് വാൽ‌വുകൾ മാത്രം അധികം പിടിപ്പിച്ചാൽ മതി.

      Delete
  19. വളരെ ഉപകാരപ്രദമായ പോസ്റ്റ്.

    ReplyDelete
  20. മരിക്കാന്‍ പോണു എന്ന് കരുതി ശ്മശാനത്തില്‍ പോയി കിടകണോ

    ReplyDelete
    Replies
    1. @ Sadananda Naik - വേണ്ട സുഹൃത്തേ ശരീരം അനങ്ങാതെ പട്ടുമെത്തയിൽത്തന്നെ കിടന്ന് വെള്ളമിറങ്ങാതെ മരിച്ചോളൂ. കഷ്ടം :(

      Delete
  21. ചില സംശയങ്ങളുണ്ട്

    1) ഇങ്ങിനെ ഫിൽറ്റർ ചെയ്ത ജലം എത്രസമയം സൂക്ഷിക്കാനാവും, മഴക്കാലത്ത് കിണർ വെള്ളമുണ്ട്, സൂക്ഷിച്ചുവെച്ച മഴവെള്ളം വേനലിൽ ഉപയോഗിക്കാനാവുമോ, പറ്റുമെങ്കിൽ എത്ര സമയത്തേക്ക്

    2) വെള്ളം സംഭരിക്കാനുപയോഗിക്കുന്ന ടാങ്കിന്റെ നിർമ്മാണത്തിൽ പ്രത്യേകിച്ചെന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ?

    ReplyDelete
    Replies
    1. @ Abdu VPZ -

      1. മഴവെള്ളം എത്രനാൾ സൂക്ഷിച്ച് വെക്കാനാവുമെന്ന് എനിക്കറിയില്ല. ഞാൻ ഈ സിസ്റ്റത്തിൽ സൂക്ഷിച്ച് വെക്കുന്ന ഏർപ്പാട് ചെയ്യുന്നില്ല. അരിച്ചെടുത്ത് അന്നന്നത്തെ ആവശ്യത്തിനുള്ളത് ഓവർഹെഡ് ടാങ്കിലേക്ക് കയറ്റുന്നു. ഉപയോഗിച്ച് തീർക്കുന്നു. ശേഖരിച്ച് വെക്കുന്നില്ല. പക്ഷെ ഇങ്ങനെയുള്ള സംവിധാനത്തെ മലയാളത്തിൽ ‘ശുദ്ധജലസംഭരണി‘ എന്ന് തന്നെയാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. സത്യത്തിൽ ആ തലക്കെട്ട് ചിന്താക്കുഴപ്പം ഉണ്ടാക്കിയിരിക്കാം. ശുദ്ധജല അരിപ്പ അല്ലെങ്കിൽ ശുദ്ധജല ഫിൽറ്റർ എന്നാണ് കൊടുക്കേണ്ടിയിരുന്നത്.

      2. വെള്ളം സംഭരിക്കൽ ഞാൻ ഈ പറഞ്ഞ സിസ്റ്റത്തിൽ ഇല്ലെന്ന് സൂചിപ്പിച്ചല്ലോ ? സാധാരണ വീടുകളിലേത് പോലെ മുകളിൽ ഒരു ടാങ്ക് മാത്രം കൊടുത്താൽ മതി. പക്ഷെ അരിച്ചെടുക്കുന്ന വെള്ളം ആദ്യ എവിടെയെങ്കിലും ശേഖരിച്ച ശേഷമല്ലേ മുകളിലേക്ക് പമ്പ് ചെയ്യാൻ സാധിക്കൂ. അതിനായി മാത്രമാണ് 2500 ലിറ്ററിന്റെ ടാങ്ക് ഭൂഗർഭത്തിൽ പണിതിരിക്കുന്നത്.

      Delete
  22. നിലവിൽ വീട്ടിൽ ഉപയോഗിക്കുന്നത് കിണർ വെള്ളവും വാട്ടർ അഥോറിറ്റിയുടെ വെള്ളവും ആണ്. അത്യാവശ്യത്തിന് കുളവും ഉണ്ട്. എന്നാലും സമീപഭാവിയിൽ വേനൽ കടുക്കുന്ന അവസരങ്ങളിലെങ്കിലും ഇത്തരം ഒർഉ സംവിധാനം ആവശ്യമായി വന്നേക്കാം. വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  23. സംഗതി ഉപകാരപ്രഥം!
    പക്ഷെ, എന്നെപോലുള്ളവർക്ക് കിക് ആവണമെങ്കിൽ
    സമയം പിന്നെയുമെടുക്കും.

    ReplyDelete
  24. ഈ മരക്കരിയുടെ ഉപയോഗം...???? വെള്ളം തടസം കൂടാതെ കടന്നുപോകാൻ മാത്രമാണോ അതോ????

    ReplyDelete
    Replies
    1. @ Rijo Jose Pedikkattu - രുചി, മണം, നിറം, ജൈവ ഘടകങ്ങൾ എന്നിവ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യാനാണ് കരി (കാർബൺ) ഉപയോഗിക്കുന്നത്. മരക്കരി തന്നെ വേണമെന്നില്ല, ചിരട്ടക്കരി ആയാലും മതി.

      Delete
  25. മനോജേട്ടാ, നന്നായിരിക്കുന്നു... ഞാനിതുപോലെ ഒന്നിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം വേനലിൽ ആദ്യമായി കിണറ്റിലെ വെള്ളം വറ്റി. കഴിഞ്ഞ പ്രാവശ്യം സമീപസ്ഥർ തലങ്ങും വിലങ്ങും കുഴൽ കിണർ കുഴിച്ചതാവാം കാരണം എന്നു കരുതുന്നു... അപ്പോൾ മുതൽ ആലോചിക്കുന്നതാ മേൽകുരയിലെ വെള്ളം പിടിച്ചെടുത്ത് കിണറ്റിലേക്ക് വിട്ടാലോ എന്നത്. അതിന്റെ ഫിൽട്ടറിങ് നടത്താനുള്ള ബാലപാഠങ്ങൾ അന്വേഷിക്കുന്നു. ഇത്ര ഗ്രാന്റായിട്ടുള്ള ഒരു സംവിധാനം ഞങ്ങൾ കാസ്രോഡുകാർക്ക് തൽക്കാലം ആവശ്യമില്ല എന്നും തോന്നുന്നു; പക്ഷേ വേണ്ടിവരും :(

    ReplyDelete
  26. ചെന്നെയ്‌ നഗരത്തില്‍ പുതിയ വീടുകള്‍ക്ക് അനുവാദം കിട്ടനമെങ്കില്‍ മഴ വെള്ള സംഭരണം വേണം എന്ന് കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇത് കര്‍ശനമാകക്കേണ്ട സമയം അതി ക്രമിച്ചു. ഞാനും ഈ പേജ് ബുക്ക്‌ മാര്‍ക്ക് ചെയ്തു.
    നന്ദി

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. മനോജേട്ട ഈ പോസ്റ്റിന്റെ ലിങ്ക് പ്ലുസില്‍ നല്‍കാനായി ഒന്ന് ഉപയോഗിക്കുന്നു

    ReplyDelete
    Replies
    1. @ Mandan Ramu - സന്തോഷം. ഞാനും പ്ലസ്സിൽ ഇട്ടിരുന്നു. ലിങ്ക് ഇതാ - https://plus.google.com/u/0/104640004664435792598/posts

      Delete
  29. മനോജേട്ട, വളരെ നന്നായിട്ടുണ്ട്, എനിക്കും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം.

    ReplyDelete
  30. ആഹ....സംഭവം കൊള്ളാം....മൊത്തത്തിൽ ദേ, നോം കോപി അടിച്ചു കൊണ്ട് പോകുന്നു....

    ReplyDelete
  31. I think you should make an English version too

    ReplyDelete
    Replies
    1. @Captain Haddok - ഇംഗ്ലീഷാ ? മലയാളം തന്നെ ഒപ്പിച്ച പാട് ഞമ്മക്കേ അറിയൂ. ഞമ്മന്റെ പേര് മറന്നിട്ടില്ലാല്ലോ അല്ലേ :)

      Delete
  32. വീട്ടിൽ കിണർ വെള്ളം ആവോളമുണ്ട് . കിണറിന്റെ അടിഭാഗം കട്ടികുറഞ്ഞ പാറൈടീയുന്നതിനാൽ തൊടി ഇറക്കിയിട്ടുണ്ട്. എന്നാൽ വെള്ളത്തിന് അധികം കട്ടിയും പുളിപ്പും ഉണ്ട്. വിടീന് മുകളിൽ ഇപ്പോൾ ഉള്ള ടാങ്കിനും മുകളിലായി ഇതുപോലെ ഒരു ഫിൽടർ ഉണ്ടാക്കുന്നത് പ്രായോഗികമാണോ? എന്തെങ്കിലും സാങ്കേതിക സഹായം തരാനാകുമോ?

    ReplyDelete
  33. ടെക്നിക്ക് പുട്ത്തം കിട്ടിയ വഴിക്ക് വാർപ്പിൻ പുറത്തെ വെള്ളം കിണറ്റിലേക്ക്!
    അതാണ്‌ നാട്ടിൽ ചെന്നിട്ട് അടുത്ത പണി. അതും സ്വന്തമായി ചെയ്യും....പക്ഷേ മണൽ ....ങാ നോക്കാം.

    ReplyDelete
  34. വളരെ ഉപകാര പ്രദമായ പോസ്റ്റ്‌ . എല്ലാം വിശദമായി ലളിതമായി വിവരിച്ചിരിക്കുന്നു . കുറെ കാലം ആയി ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ പരതുന്നു . ഒരായിരം നന്ദി ..

    സ്നേഹപൂർവ്വം,
    ആഷിക് തിരൂർ

    ReplyDelete
  35. വളരെ സ്തുത്യർഹമായ ഒരു സാമൂഹ്യ സേവനം! ഇത്തരം ചില സേവനങ്ങള്ക്ക് പ്രതിഫലം ആഗ്രഹിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം ഉള്ള ആളാണ്‌.ഞാൻ. ഇതിന്റെ sectional detail കൂടി ഉള്പെടുത്തിയെങ്കിൽ നന്നായിരുന്നു എന്ന് കൂടി പറയട്ടെ.മറ്റൊന്ന് under ground ടാങ്കിനു പകരം ഇപ്പോഴത്തെ പ്ലാസ്റ്റിക്‌/ഫൈബർ ടാങ്ക് ഉപയോഗിച്ചാൽ ടാങ്കിന്റെ ചെലവ് കുറച്ചു കൂടി കുറയില്ലേ ?
    Naushad

    ReplyDelete
    Replies
    1. @ Naushad - സെക്ഷനണൽ ഡീറ്റേയിത്സ് ഉൾപ്പെടുത്താൻ ഒരു മാർഗ്ഗവും ഇല്ല. ടാങ്കിനെ നെടുകെ പിളർന്നാലല്ലാതെ അത് സാധിക്കില്ലല്ലോ ? അല്ലെങ്കിൽ പിന്നെ സുതാര്യമായ ചുമരുകൾ ഉള്ള ടാങ്ക് ആയിരിക്കണം. ഇത് രണ്ടും പ്രായോഗികമല്ല. വിവരണത്തിൽ നിന്ന് മനസ്സിലാക്കി എടുക്കാൻ ശ്രമിക്കുക മാത്രമേ നിവൃത്തിയുള്ളൂ. സാധാരണ നിലയ്ക്ക് ഇത്തരം ഫിൽറ്ററുകൾ ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ അതിനുള്ളിൽ ഉള്ളത് കാണാൻ തന്നെ പറ്റില്ല. ഇവിടെ അതിന്റെയൊക്കെ പടമെങ്കിലും ഓരോ ഘട്ടത്തിലും എടുത്തുവെച്ചതുകൊണ്ട് ഇത്രയെങ്കിലും കാണാൻ സാധിക്കുന്നു.

      അണ്ടർ ഗ്രൌണ്ട് ടാങ്കിന് പകരം മാത്രമല്ല. ഫിൽറ്റർ ടാങ്കും പ്ലാസ്റ്റിക്ക്/ഫൈബർ ടാങ്ക് ഉപയോഗിച്ച് തയ്യാറാക്കാം. ഫിൽറ്റർ പൈപ്പുകളും മറ്റും ടാങ്കിന്റെ അടിത്തട്ടിൽ പിടിപ്പിക്കാൻ അൽ‌പ്പം ബുദ്ധിമുട്ടുണ്ടാകും എന്ന് മാത്രമേയുള്ളൂ.

      Delete
  36. plan nannayirikkunnu thanks

    ReplyDelete
  37. കൂടുതൽ അറിയാനും നേരിട്ട് കാണാനും ആഗ്രഹം

    ReplyDelete
  38. വളരെ നല്ല പോസ്റ്റ്‌..അറിഞ്ഞിരിക്കേണ്ട..അറിവ്...നന്ദി.

    ReplyDelete
  39. വരും കാലങ്ങളില് രാജ്യങ്ങള് തമ്മില് യുദ്ധം ഉണ്ടാവുന്നത് വെള്ളത്തിനായിരിക്കും എന്ന് എവിടെയോ വായിച്ചത് ഓര്ക്കുന്നു.

    ശ്രി.പ്രദീപിനെ അദ്ദേഹത്തിന്റെ അനുവാദത്തോടെ ബന്ധപ്പെടാനുള്ള ടെലഫോണ് നന്പറോ മറ്റോ ഉള്പ്പെടുത്തിരുന്നുവെങ്കില് നന്നായിരുന്നു.അത്പോലെ തന്നെ മെറ്റീരിയല് ലിസ്റ്റും സാധാരണക്കാര്ക്ക് പണിക്കാരുടെ കള്ളക്കെണിയില് നിന്ന് രക്ഷപ്പെടാന് ഉപകരിക്കും.

    കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങ്ളെ പോലെയുള്ളവര്ക്ക് അനുഗ്രഹമാണ് ഈ പോസ്റ്റ്.ഒഴിവുസമയം സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില് എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണം.

    ReplyDelete
  40. This comment has been removed by the author.

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.