Sunday 18 August 2013

നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി.


രാജസ്ഥാനിലെ ബാട്മർ ജില്ലയിൽ എണ്ണപ്പാട ജോലികളുമായി വിഹരിച്ചിരുന്ന കാലത്ത്, ആ ഗ്രാമത്തിലെ റോഡരുകിൽ ടയർ റീ ത്രെഡിങ്ങ്, പഞ്ചറൊട്ടിക്കൽ എന്നീ പരിപാടികളുയായി ജീവിച്ചിരുന്ന ഒരു അച്ചായൻ ഇന്ന് വീണ്ടും ഓർമ്മയിലേക്ക് കയറി വന്നു. (പേര് അറിയില്ല, എല്ലാവരും അച്ചായൻ എന്നാണ് വിളിച്ചിരുന്നത്.)

അച്ചായൻ നാട്ടിൽ നിന്ന് പോന്നിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വീട്, കുടുംബം എന്നതിനെപ്പറ്റിയൊന്നും ആർക്കും വലിയ പിടിപാടൊന്നുമില്ല. കോട്ടയം ജില്ലക്കാരനാണെന്ന് മാത്രം അറിയാം. ബാട്മറിൽ ആ ഭാഗത്തൊന്നും അങ്ങനൊരു ടയറ് കട ഇല്ലാതിരുന്നതുകൊണ്ടാവണം അച്ചായന് ധാരാളം ജോലിയും നല്ല വരുമാനവും ഉണ്ടായിരുന്നു. പക്ഷെ കിട്ടുന്നതൊന്നും കൂട്ടിവെക്കുന്ന ശീലം അച്ചായനുണ്ടായിരുന്നില്ല. വൈകുന്നേരം നന്നായി മിനുങ്ങും. നാട്ടുകാരിൽ ചിലരും ഒപ്പം കൂടും. എല്ലാവർക്കും സേവ അച്ചായന്റെ ചിലവിൽത്തന്നെ. കടയ്ക്ക് മുന്നിൽത്തന്നെയുള്ള കയറ് കട്ടിലിലാണ് അച്ചായന്റെ ഉറക്കം. ആ ഇട്ടാവട്ടത്ത് തന്നെ കിടന്ന് കറങ്ങിയിരുന്ന ഒരു പ്രവാസ ജീവിതം. അച്ചായൻ മൂന്നാല് കൊല്ലം മുൻപ് മരണമടഞ്ഞതായി രാജസ്ഥാനിൽ നിന്ന് റിപ്പോർട്ടുണ്ടായിരുന്നു.

‘നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി‘ എന്ന സിനിമയിൽ പഞ്ചറൊട്ടിക്കൽ പരിപാടിയുമായി ഇന്ത്യയുടെ മറ്റൊരറ്റത്ത് ജീവിതം തള്ളിനീക്കുന്ന മലയാളി കഥാപാത്രത്തെക്കണ്ടപ്പോൾ അച്ചായനെ ഓർക്കാതിരിക്കുന്നതെങ്ങനെ ?

‘നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി‘ ഒരു ട്രാവൽ സിനിമയാണ്. അങ്ങനെയൊരു മാനസ്സിക തയ്യാറെടുപ്പോടെ കണ്ടാൽ ഇഷ്ടമാകാതിരിക്കില്ല. എന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?

സിനിമയിൽക്കാണുന്നത് പോലെ, ബൈക്കിൽ ഇന്ത്യയുടെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് പോകാനുള്ള ബാല്യമൊന്നും ഇനിയവശേഷിക്കുന്നില്ല. ഒരു ഫോർ വീൽ ഡ്രൈവ് ജീപ്പിലോ ഒരു കാരവാനിലോ അങ്ങനൊരു ഇന്ത്യാ യാത്രയെപ്പറ്റി വർഷങ്ങൾക്ക് മുന്നേയുള്ള ചിന്തയാണ്. ആ ചിന്തയാണ്, ലുലു മാളിലെ PVR-ൽ വെച്ച് ഇന്ന് വീണ്ടും സടകുടഞ്ഞെഴുന്നേറ്റത്. നടക്കും... നടക്കാതെവിടെപ്പോകാൻ ?!!

പെട്ടെന്ന് നടക്കണമെങ്കിൽ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കപ്പെടണം. അല്ലെങ്കിൽ അൽ‌പ്പം കൂടെ വൈകുമെന്ന് മാത്രം.

5 comments:

  1. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്, കുറേ മാസങ്ങൾക്ക് ശേഷം ബ്ലോഗിലും പബ്ലിഷ് ചെയ്യുന്നു.

    ReplyDelete
  2. ഞാൻ ഒരു യാത്രയേക്കുറിച്ച് ആലോചിയ്ക്കുന്നുണ്ട്.... ഡൽഹി - കേരള... എൻഫീൽഡ് ബുള്ളറ്റിൽ ഓരു യാത്ര..റൂട്ട് മാപ്പൊക്കെ പണ്ടേ തയ്യാറാക്കിവച്ചതാണ്..... അടുത്ത വർഷം മിയ്ക്കവാറും കാണും.... കൂടുന്നോ....???? :)

    ReplyDelete
    Replies
    1. @Shibu Thovala - ക്ഷണത്തിന് നന്ദി. പക്ഷേ, ബൈക്കിൽ ഒരു ദീർഘദൂര യാത്രയ്ക്കുള്ള ബാല്യം അവശേഷിക്കുന്നില്ല. ഞാനൊരു 4x4 SUV യിൽ പോകാനുള്ള പദ്ധതി കുറെ മുന്നേ തയ്യാറാക്കിയിട്ടുണ്ട്. 5 കൊല്ലത്തിനുള്ളിൽ അത് നടത്തിയിരിക്കും.

      Delete
    2. ആ റൂട്ട് മാപ് ഒന്ന് വേണമല്ലോ, സാമ്പത്തിക സ്ഥിതി മോശമായത് കൊണ്ട് തല്‍കാലം ആലോചിക്കുന്നില്ല എന്നാലും സംഗതി ഉണ്ടാകും ,

      Delete
  3. മനോജേട്ടാ എന്നേം കൊണ്ട് പോകുവൊ?? പാതി വഴിയില്‍ നിന്നതല്ലെ.. എനിക്കും മുഴുവന്‍ ഒന്നു കറങ്ങണം

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.