Sunday, 25 August 2013
മെമ്മറീസ്
നാസർ വില്ലനായും മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായ നായകനായും അഭിനയിച്ച്, മോഹൻ സംവിധാനം ചെയ്ത ഒരു പഴയ സിനിമയുണ്ട്. പേര് ‘മുഖം‘. ഭർത്താക്കന്മാർ വഴിപിഴച്ച് നടന്നതിന് ശിക്ഷയായി അവരുടെ നല്ലവരായ ഭാര്യമാരെ കൊല ചെയ്യുന്ന വില്ലൻ. അതാണ് ആ സിനിമയുടെ ത്രെഡ്.
ആ ത്രെഡ് പൊക്കി, ഭാര്യമാർക്ക് പകരം ഭർത്താക്കന്മാരെ കൊല്ലുന്നതാക്കി മാറ്റി, വേറേ കുപ്പിയിൽ ഇറക്കിയിരിക്കുന്നതാണ് മെമ്മറീസ് എന്ന സിനിമ. ‘മുഖം’ ഇറങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്തവർക്കും ആ സിനിമ കാണാത്തവർക്കും ‘മെമ്മറീസ്’ നന്നായി ആസ്വദിക്കാൻ പറ്റിയിട്ടുണ്ടാകാം. എനിക്ക് പക്ഷേ കുപ്പി മാറിയ വീഞ്ഞ് തിരിച്ചറിഞ്ഞവന്റെ അവസ്ഥയായിരുന്നു.
മലയാളം സിനിമയുടെ ഏറ്റവും വലിയ ഒരു പ്രത്യേകത, തെലുങ്ക് തമിഴ് സിനിമകളേക്കാൾ റിയലിസ്റ്റിക്ക് ആയിരിക്കും എന്നതാണ്. റോഡിലും സീനിയർ ഓഫീസർമാരുടെ മുന്നിലുമൊക്കെ ഔദ്യോഗിക സമയത്ത് പോലും നടന്ന് കള്ളുകുടിക്കുന്ന നായക കഥാപാത്രം എന്തുകൊണ്ടോ അൽപ്പം പോലും റിയലിസ്റ്റിക്കാണെന്ന് തോന്നിയില്ല. അങ്ങനൊന്ന് കേരള പോലീസിലെന്നല്ല ഒരു പോലീസിലും നടക്കാത്ത കാര്യമാണ്. വ്യത്യസ്ത വേഷങ്ങൾ ഉണ്ടാക്കി പൃഥ്വിരാജിനെക്കൊണ്ട് അഭിനയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി പടച്ചിറക്കിയതുപോലെ ഒരു സിനിമ. ക്യാമറയിലും സ്റ്റണ്ടിലും ഗ്രാഫിക്സ്റിലുമൊക്കെ പുതുമ കാണിക്കുന്നത് ഇക്കാലത്തെ രീതികളും സാദ്ധ്യതകളുമാണ്. അതിനെയൊന്നും തള്ളിപ്പറയുന്നില്ല. പക്ഷെ, മൊത്തത്തിൽ ‘മെമ്മറീസ്‘ എനിക്കിഷ്ടമായില്ല. 10 ൽ 3.5 മാർക്ക് മാത്രം.
‘പാലിയം ചരിത്രം’ - പുസ്തകപ്രകാശനം
ഇന്നലെ (24 ആഗസ്റ്റ് 2013) വൈകീട്ടുള്ള, വ്യക്തിപരമായി ക്ഷണമൊന്നുമില്ലാത്ത ഒരു പരിപാടിയിൽ ഇടിച്ച് കയറി പങ്കെടുക്കണമെന്ന് അതേപ്പറ്റിയുള്ള പത്രവാർത്ത കണ്ടപ്പോൾത്തന്നെ തീരുമാനിച്ചിരുന്നതാണ്. വൈകീട്ട് 5 മണിക്ക്, അതായത് പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലെത്തി. ഓ... ക്ഷമിക്കണം, പരിപാടി എന്തെന്നും പ്രധാനമന്ത്രി ആരെന്നും കൊട്ടാരം എവിടെയാണെന്നും വിശദമാക്കിയില്ലല്ലോ അല്ലേ ?
പരിപാടി: - പുസ്തകപ്രകാശനം.
പ്രധാനമന്ത്രി: - പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായ പാലിയത്തച്ചൻ.
സ്ഥലം : - ചേന്ദമംഗലത്തുള്ള പാലിയം കൊട്ടാര സമുച്ചയം.
മുസരീസിന്റെ കഥയറിയാനുള്ള നടപ്പാണ് കുറേ നാളുകളായിട്ട്. പാലിയം കൊട്ടാരം ആ കഥയിൽ പ്രധാനപ്പെട്ട ഒരു റോൾ വഹിക്കുന്ന ഇടമാണ്. പാലിയത്തിന്റെ ചരിത്രം, അവിടത്തെ ഒരു മരുമകളും മഹാരാജാസ് കോളേജിലെ അദ്ധ്യാപികയുമായിരുന്ന പ്രൊഫ:എം.രാധാദേവി എഴുതി പ്രകാശിപ്പിക്കുമ്പോൾ അതിൽ പങ്കെടുക്കാനായാൽ, അവിടെ പ്രസംഗിക്കാൻ വരുന്നവരിൽ നിന്ന് കിട്ടാവുന്ന അറിവുകൾ പെറുക്കിയെടുത്ത് കൊണ്ടുപോരാനായാൽ, ഈയൊരു ദിവസം ധന്യമാക്കാൻ അതിനേക്കാൾ വലുതെന്തുണ്ട് ?
പാലിയം നാലുകെട്ടിനകത്തുവെച്ചാണ് പുസ്തകപ്രകാശനച്ചടങ്ങ്. ചെന്നുകയറിയപ്പോൾത്തന്നെ കസേരകൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നെങ്കിലും ഇടയിലെവിടെയോ ഒരു ഇരിപ്പിടം ഒപ്പിച്ചെടുത്തു. 450ൽപ്പരം വരുന്ന പാലിയത്തച്ചന്മാർക്കും കുഞ്ഞമ്മമാർക്കും ഇരിക്കാനുള്ള സ്ഥലമേ സത്യത്തിൽ അവിടെയുള്ളൂ.
പ്രൌഢഗംഭീരമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് ആയിരുന്നു അത്. അദ്ധ്യക്ഷൻ ശ്രീ.വി.ഡി.സതീശൻ എം.എൽ.എ. പ്രമുഖ പ്രഭാഷണം സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മേധാവിയും പ്രസിദ്ധ ചരിത്രകാരനുമായ ശ്രീ.എം.ജി.എസ്.നാരായണൻ. മഹനീയ സാന്നിദ്ധമായി ജസ്റ്റീസ് കൃഷ്ണയ്യർ. മറ്റ് പ്രഭാഷകരായി പാലിയം രവിയച്ചൻ, കവി എസ്.രമേശൻ നായർ, സാഹിത്യകാരനായ ശ്രീ.സേതു ഗ്രന്ഥകർത്താവ് പ്രൊഫസർ രാധാദേവി, ഗ്രന്ഥം മലയാളത്തിലേക്ക് പുനരാഖ്യാനം നടത്തിയിരിക്കുന്ന ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ വേദിയിൽ.
എല്ലാവരേയും നല്ല ഒന്നാന്തരം പൊന്നാട അണിയിച്ചാണ് പാലിയം ട്രസ്റ്റ് സ്വാഗതം ചെയ്തത്. Paliam History എന്ന ഇംഗ്ലീഷ് പുസ്തകവും അതിന്റെ മലയാളം വിവർത്തനമായ പാലിയം ചരിത്രവും ഒരേ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു.
പ്രസാധകർ - പാലിയം ഈശ്വര സേവാ ട്രസ്റ്റ്.
വില - 200 രൂപ.
ഫോൺ - 0484-2518578
ഈ-മെയിൽ - pet_chm@hotmail.com
![]() |
സദസ്സിന്റേയും വേദിയുടേയും ഒരു ഭാഗികദൃശ്യം. |
ഉത്ഘാടനത്തിന്റെ നിലവിളക്ക് ശ്രീ.എം.ജി.എസ്. കൊളുത്തിയത് വേദിയിൽ നിന്ന് മാറിയുള്ള പൂജാമുറിക്ക് മുന്നിൽ. അതിനൊപ്പം മൂന്ന് വട്ടം കുരവ അകത്തളത്തിൽ ഉയർന്നു. ഇത് ആ പുസ്തകപ്രകാശന ചടങ്ങിന്റെ റിപ്പോർട്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും ചരിത്രവസ്തുതകൾ ഒരുപാട് നിറഞ്ഞുനിന്ന ആ ചടങ്ങിൽ എല്ലാ പ്രാസംഗികരും നടത്തിയ പരാമർശങ്ങൾ അൽപ്പമെങ്കിലും വിശദീകരിക്കണമെന്നുണ്ട്.
![]() |
മുഖ്യപ്രാസംഗികൻ നിലവിളക്ക് കൊളുത്തുന്നു. - ദൃശ്യം ഭാഗികം. |
അദ്ധ്യക്ഷൻ - ശ്രീ.വി.ഡി സതീശൻ (എം.എൽ.എ)
സ്ക്കൂൾ വിദ്യാഭ്യാസ കാലത്ത് എന്തിനാണ് ഈ ചരിത്രമൊക്കെ പഠിക്കുന്നത് എന്ന് ഓർത്തിട്ടുണ്ട്. പ്ലാസി യുദ്ധവും പാനിപ്പട്ട് യുദ്ധവുമൊക്കെ കൊല്ലം തെറ്റാതെ പഠിച്ചിട്ടെന്തിനാണ് എന്നായിരുന്നു ചിന്ത. മുതിർന്നപ്പോളാണ് ചരിത്രത്തിൽ നിന്നുള്ള അന്തസത്ത ഉൾക്കൊണ്ടുകൊണ്ടല്ലാതെ മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടാനെന്ന് മനസ്സിലാക്കിയത്.
ശ്രീ:എം.ജി.എസ്.നാരായണൻ
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന കാലത്ത് ശത്രുവിന്റെ കുറ്റങ്ങളും കുറവുകളും നിരത്തുകയും പ്രചരിപ്പിക്കുകയുമൊക്കെ പതിവാണ്. അത് തന്നെയാണ് ശരി. പക്ഷെ യുദ്ധാനന്തരം ശത്രുവാണെങ്കിൽ അവർ നമുക്ക് ചെയ്ത് തന്ന നല്ല കാര്യങ്ങൾ ചികഞ്ഞെടുത്ത് പ്രശംസിക്കണം. അത് ചരിത്രനിയോഗമാണ്. ശത്രുക്കളായിരുന്നെങ്കിലും ബ്രിട്ടീഷുകാർ നമുക്ക് ചെയ്ത് തന്ന ഉപകാരങ്ങൾ നാം മറക്കരുത്. ആധുനിക സംസ്ക്കാരത്തോട് അവർ നമ്മെ അടുപ്പിച്ചു. പല നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ഇന്ത്യ ഇത്രയെങ്കിലും ഏകീകരിക്കപ്പെട്ടതിൽ നിഷേധിക്കാനാവത്ത പങ്ക് അവർക്കുണ്ട്. പഴശ്ശിരാജയെ വധിച്ച ബാബറിന്റെ പേരമകനെ നേരിൽ കാണാനുള്ള അവസരമുണ്ടായിട്ടുണ്ട്. മുത്തച്ഛന്റെ കുറിപ്പുകൾ ഒരുപാട് അദ്ദേഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. പഴശ്ശിരാജ എന്ന വീരയോദ്ധാവിനെപ്പറ്റി, ശത്രുവായിരുന്നെങ്കിലും ബാബറിന്റെ വരികളിൽ നിറയെ ആദരവും ബഹുമാനവുമാണ്.
അദ്ദേഹത്തിന്റെ പ്രസംഗം പാലിയം ചരിത്രമടക്കം ഇന്ത്യാചരിത്രത്തിന്റേയും ലോകചരിത്രത്തിന്റേയും പല വശങ്ങളേയും പരാമർശിച്ചും എടുത്തുകാണിച്ചും അനർഗ്ഗളനിർഗ്ഗളം പ്രവഹിച്ചു. ജസ്റ്റിസ് കൃഷ്ണയ്യർക്ക് അധികം സമയം ഇരിക്കാൻ സാധിക്കില്ലെന്നതുകൊണ്ട് അദ്ദേഹം പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചതിൽ ഞാൻ കുണ്ഠിതനായിരുന്നു.
ജസ്റ്റിസ് കൃഷ്ണയ്യർ
പ്രായാധിക്യമൊന്നും കണക്കിലെടുക്കാതെ വിളിക്കുന്ന ചടങ്ങുകളിൽ എല്ലാം പങ്കെടുക്കുന്ന ശ്രീ.കൃഷ്ണയ്യർക്ക് വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പാലിയത്ത് നടക്കുന്ന ഈ ചടങ്ങ് ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. പ്രസംഗമൊന്നും ചെയ്യാതെയാണെങ്കിലും അദ്ദേഹം വേദിയിൽ ചടങ്ങുകൾക്ക് എല്ലാത്തിനും സാക്ഷിയായി ഇരുപ്പുറപ്പിച്ചു.
ശ്രീ.സേതു
ചേന്ദമംഗലത്തുകാരനായ ഞാൻ മറുപിറവി എന്ന നോവലിന്റെ ഭാഗമായി പാലിയത്തിന്റെ ചരിത്രം കുറേയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. കേരള ചരിത്രത്തിൽ വേലുത്തമ്പിക്കും പഴശ്ശിരാജയ്ക്കും മങ്ങാട്ടച്ചനുമൊക്കെ വലിയ പ്രാധാന്യം കൊടുക്കുമ്പോൾ സത്യത്തിൽ പാലിയത്തച്ചന്മാരെ കാര്യമായി ഗൌനിച്ചിട്ടില്ല. അതിന് ഏറ്റവും വലിയ തെളിവാണ് പാലിയം കുടുംബത്തിൽ നിന്നുതന്നെയുള്ള ഒരു വ്യക്തിക്ക് പാലിയം ചരിത്രം എഴുതേണ്ടി വന്നത്. മറ്റാരെങ്കിലും ഇതിന് മുന്നേ തന്നെ എഴുതേണ്ടതായിരുന്നു പാലിയത്തിന്റെ ചരിത്രം.
ശ്രീ.എസ്.രമേശൻ നായർ
ചരിത്രം മതത്തിന്റേതാകുമ്പോളും മതം ചരിത്രമാകുമ്പോളും അസത്യങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്നു. ഇന്ത്യയിൽ കാലുകുത്താത്ത ഒരാൾ ഇവിടെ വന്നെന്നും ഒരുപാട് പ്രവർത്തനങ്ങൾ നടത്തിയെന്നും ചരിത്രം പറയുന്നത് അതുകൊണ്ടാണ്.
ശ്രീ.രവിയച്ചൻ
ശ്രീമതി.ശ്രീകുമാരി പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത് ഒരു കഥയെഴുതുന്ന മനോഹാരിതയോട് കൂടെയാണ്. സത്യത്തിൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയതാണെന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അതിശയിക്കെണ്ടതില്ല. പാലിയം എന്ന വലിയ കൂട്ടുകുടുംബത്തിന്റെ നന്മകളും കുറവുകളും അനുഭവിക്കാനായിട്ടുണ്ട്. താമസം തൃപ്പൂണിത്തുറയിൽ ആയതുകൊണ്ട് വെളിയിൽ നിന്ന് ഒരാൾ നോക്കിക്കാണുന്നത് പോലെ അത്ഭുതംകൂറി നോക്കിനിൽക്കാനായിട്ടുണ്ട്. നൂറ്റാണ്ടുകളോളം കൊച്ചിയുടെ പ്രധാനമന്ത്രിപദവിയിൽ ഇരുന്നിട്ടും പാലിയത്തച്ചന്മാർ ഇന്നത്തെ മന്ത്രിമാരെപ്പോലെ ഒന്നും കട്ടുമുടിച്ചിട്ടില്ല.
പാലിയത്ത് വന്ന് എന്ത് ചോദിച്ചാലും കൊടുക്കണം. വെറും കൈയ്യോടെ മടക്കി അയക്കരുതെന്നാണ്. ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല പാലിയത്ത്. മുണ്ടിന് മുണ്ട് പുസ്തകത്തിന് പുസ്തകം, പെൻസിലിന് പെൻസിൽ എല്ലാം കിട്ടും. പിറന്നാളാണോ ചെന്നിരുന്നാൽ മാത്രം മതി. പായസമടക്കം സദ്യ കഴിക്കാം. പക്ഷെ പണം മാത്രം ഇല്ല. കാലണ കിട്ടിയാൽ മൂന്ന് പഴം വാങ്ങാം. 50 കപ്പലണ്ടി വാങ്ങാം. കാലണയുള്ളവൻ ധനികനാണ്. ഇന്ന് കാൽ രൂപ പോലും ഇല്ലാതായിരിക്കുന്നു. 20,000 രൂപയുള്ളവൻ പോലും ദരിദ്രനാണ്. തോക്ക് പിടിച്ച് പൊലീസ് കാവലുണ്ടായിരുന്നു പാലിയത്തിന്റെ വാതിലുകളിൽ. രാത്രി ഭക്ഷണം കഴിഞ്ഞാൽപ്പിന്നെ 15 വയസ്സിന് മേൽ പ്രായമുള്ളവർക്ക് നാലുകെട്ടിനകത്തേക്ക് പ്രവേശനമില്ല. അക്കാലത്ത് നമ്പൂരി ജനിച്ചു എന്നാണ് പറയുക. കുട്ടി ആണോ പെണ്ണോ എന്ന് പിന്നെ ചോദ്യമില്ലല്ലോ ? എല്ലാവരേയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിയെത്ര നാൾ ഇങ്ങനെ കാണാനാകുമെന്ന് അറിയില്ലല്ലോ ? ഞാൻ ഒരു അൻപത് കൊല്ലം കൂടിയല്ലേ ഇനി ജീവനോടെയുണ്ടാകൂ.
സ്വതസിദ്ധമായ നർമ്മം കലർത്തിയാണ് രവിയച്ചൻ പാലിയത്തിന്റെ ചരിത്രം അവതരിപ്പിച്ചത്.
പ്രൊഫ:രാധാദേവി
പറഞ്ഞ കഥകളേക്കാൾ അധികം പറയാത്ത കഥകളാണുള്ളത്. പോർച്ചുഗീസുകാരും ടിപ്പുവുമൊക്കെ ഈ നാലുകെട്ട് വളഞ്ഞിട്ടുണ്ട്. ഇതിന് തീയിട്ടിട്ടുണ്ട് അവർ. വൈസ്രോയി അടക്കമുള്ളവർ ഈ മുറ്റത്ത് മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്. രാജ്യതാൽപ്പര്യം സംരക്ഷിക്കാനായി പിടികൊടുക്കുകയും ജയിലിൽ ആകുകയും ചെയ്തിട്ടുണ്ട് തന്റെ പടനായകനാകാൻ താൽപ്പര്യമുണോ എന്ന് തിരുവിതാംകൂർ മാർത്തണ്ഡവർമ്മ മഹാരാജാവ് പാലിയത്തച്ചനോട് ചോദിച്ചിട്ടുണ്ടെങ്കിലും, കൂറ് എന്നും കൊച്ചിയോട് മാത്രമായിരിക്കും എന്നായിരുന്നു പാലിയത്തച്ചന്റെ മറുപടി.
ശ്രീമതി.ശ്രീകുമാരി രാമചന്ദ്രൻ
മൊഴിമാറ്റങ്ങൾ മുൻപും നടത്തിയിട്ടുണ്ട്. പക്ഷെ ചിലർക്ക് മൊഴിമാറ്റം നടത്തിയ ഗ്രന്ഥങ്ങളോട് വലിയ പ്രതിപത്തിയില്ല. മൊഴിമാറ്റം നടത്തിയില്ലായിരുന്നെങ്കിൽ വേദങ്ങളും ഉപനിഷത്തുകളും അടക്കം എത്രയോ കൃതികൾ നമുക്ക് അന്യമായിപ്പോകുമായിരുന്നു. തർജ്ജിമ എന്നതിനേക്കാൾ ട്രാൻസ് ക്രിയേഷൻ എന്ന് പറയാനാണ് താൽപ്പര്യപ്പെടുന്നത്. പാലിയത്തിന്റെ ചരിത്രത്തെ കൊച്ചിയുടെ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്താനാവില്ല.
പാലിയം വെബ് സൈറ്റ്
ഞാൻ സ്ഥിരമായി ഓൺലൈനിൽ നിരങ്ങുന്ന ആളാണെന്ന് അറിഞ്ഞിട്ടെന്ന പോലെ പാലിയത്തിന്റെ വെബ് സൈറ്റ് ഉത്ഘാടനം ചെയ്യാനുള്ള മേശ തയ്യാറാക്കിയിരുന്നത് എന്റെ ഇരിപ്പിടത്തിന് മുന്നിൽത്തന്നെ. രവിയച്ചൻ പാലിയം വെബ് സൈറ്റ് (www.paliam.in) ഉത്ഘാടനം ചെയ്തു.
![]() |
രവിയച്ചൻ പാലിയം സൈറ്റ് ഉത്ഘാടനം ചെയ്യുന്നു. |
മുഖ്യാതിഥികൾക്ക് എല്ലാവർക്കും ഉപഹാരം സമർപ്പിച്ചുകൊണ്ടും പങ്കെടുത്തവർക്ക് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടും ചടങ്ങ് അവസാനിച്ചു.
സമയം ഏഴര മണി. മൂന്നൂറോളം പേർ വരുന്ന അതിഥികൾക്ക് ഭക്ഷണം കരുതിയിട്ടുണ്ട്, പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ. എല്ലാം കൊണ്ടും രാജകീയമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് തന്നെയായിരുന്നു അത്. ഇങ്ങനൊന്ന് ഇതുവരെ ഞാൻ കണ്ടിട്ടില്ല, ഇനി കാണുമോന്നും നിശ്ചയമില്ല.
വ്യക്തിപരമായി ഉണ്ടായത് ഒരുപാട് വലിയ സന്തോഷങ്ങളാണ്. രണ്ട് ദിവസം മുന്നേ വാങ്ങി തോൾസഞ്ചിയിൽ കരുതിയിരുന്ന Perumal of Kerala എന്ന ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവായ ശ്രീ.എം.ജി.എസ്.നാരായണന്റെ കൈയ്യൊപ്പ് ചാർത്തി വാങ്ങാൻ കഴിഞ്ഞു. അദ്ദേഹത്തോടും സേതു മാഷിനോടുമൊക്കെ അൽപ്പനേരം സംസാരിക്കാൻ കഴിഞ്ഞു. പ്രകാശനം ചെയ്യപ്പെട്ട രണ്ട് ഗ്രന്ഥങ്ങളിലും ഗ്രന്ഥകർത്താക്കളുടെ ഒപ്പിട്ട് വാങ്ങി കുശലം പറയാനായി. ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കാനായെന്നതും ചരിത്രത്തിന്റെ ഒരുപാട് ഏടുകളിലൂടെ കടന്നുപോയ നിരവധി പ്രസംഗങ്ങൾ കേൾക്കാൻ കഴിഞ്ഞെന്നതുമുള്ളത് ഇതിനേക്കാളൊക്കെ വലിയ അനുഗ്രഹം.
![]() | |
പാലിയം ചരിത്രം - മലയാളം പുസ്തകച്ചട്ട. |
![]() |
Perumals of Kerala - ഗ്രന്ഥകർത്താവിന്റെ ഒപ്പോട് കൂടിയത്. |
ഭക്ഷണം കഴിക്കാൻ നിന്നില്ല. ഉദരവും മനസ്സും അത്രയ്ക്ക് നിറഞ്ഞിരുന്നു. ഇനി ഈ ഗ്രന്ഥങ്ങളെല്ലാം വായിച്ച് മനസ്സിൽ കുടിയിരുത്തണം. മുസരീസിലൂടെയുള്ള യാത്രമാർഗ്ഗങ്ങൾ സുഗമമാക്കാൻ പോന്ന കാര്യങ്ങൾ ചോദിക്കാതെ തന്നെ മുന്നിൽ കൊണ്ടുവന്നുതരുന്ന അദൃശ്യ ശക്തിക്ക് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് മാത്രം അറിയില്ല.
Wednesday, 21 August 2013
ഓർമ്മക്കുറവ്
പൊലീസ് സ്റ്റേഷന്റെ വടക്കേ അതിരിലൂടെ കിഴക്കോട്ട് പോകുന്ന ഇടുങ്ങിയ മാർഗ്ഗേ നടന്നത് ‘ഇലവഞ്ചിക്കുളം‘ കാണാൻ വേണ്ടിയായിരുന്നു. വഴിപിരിയുന്ന ഒന്നുരണ്ടിടങ്ങളിൽ സംശയം തീർക്കാൻ ചിലരോട് ചോദിച്ചപ്പോൾ, ഇലവഞ്ചിക്കുളം എല്ലാവർക്കും അറിയാം.
പേര് സൂചിപ്പിക്കുന്നതുപോലെ കുളവാഴയുടെ ഇലകൾ കൊണ്ട്, കുളം മൂടി നിൽക്കുന്നു. ഒരു വഞ്ചിയുടെ കുറവ് മാത്രമേയുള്ളൂ.
പരിസരത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾക്കിടയിൽ നിന്ന് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആൺകുട്ടികൾ എനിക്കൊപ്പം കുളത്തിനരികിലേക്ക് നടന്നു. മെല്ലെ മെല്ലെ അവരെന്നോട് ലോഹ്യം കൂടി.
“എന്തിനാ കുളത്തിലേക്ക് പോകുന്നത് ? “
“കുളിക്കാൻ.“
“ഈ കുളത്തിൽ കുളിക്കുന്നതിനേക്കാൾ നല്ലത്, അപ്രത്ത് വേറേ നല്ല കുളമുണ്ട്. ഞാൻ കാണിച്ചുതരാം”
“എനിക്കീ കുളത്തിൽ കുളിച്ചാമ്മതി”
“എന്നാപ്പിന്നെ മറ്റേ വശത്ത് പായലില്ലാത്ത പടവുണ്ട്.”
ഒരു മുൻപരിചയവുമില്ലാത്ത ഞാൻ നല്ല പടവിൽ, നല്ലവെള്ളത്തിൽ കുളിക്കണമെന്ന് അവന് നിർബന്ധം. അവഗണിക്കപ്പെട്ട് കിടക്കുന്ന ഈ കുളത്തിന്റെ ചരിത്രവും പ്രാധാന്യവുമൊക്കെ അവന് എന്തെങ്കിലും അറിയുമോ ആവോ ?!
കുളക്കടവിലുള്ള മരങ്ങളിൽ സാരികൾ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.
“ഇതാരാണ് ഈ സാരികൾ മരത്തിൽ തൂക്കിയിട്ടിരിക്കുന്നത്?”
“അത് ആ ദേവൂട്ടിയുടെ പണിയാണ്.”
“ആരാണ് ദേവൂട്ടി ?”
“അത് ഓർമ്മക്കുറവുള്ള ഒരു പെണ്ണാണ്.”
എനിക്കാ ഏഴ് വയസ്സുകാരന്റെ ഉത്തരം നന്നെ ബോധിച്ചു. ‘അത് ആ ഭ്രാന്തിപ്പെണ്ണാണ്, അത് ആ ബുദ്ധിസ്ഥിരതയില്ലാത്ത പെണ്ണാണ്‘ എന്നൊന്നും അവൻ പറഞ്ഞില്ലല്ലോ. ദേവൂട്ടിക്ക് ഭ്രാന്താണെന്നോ ബുദ്ധിസ്ഥിരതയില്ലെന്നോ പറഞ്ഞുകൊടുക്കുന്നതിന് പകരം, എത്ര നന്നായിട്ടാണ് അവന്റെ അമ്മയോ അച്ഛനോ വീട്ടിലുള്ളവരോ അക്കാര്യം അവനിലേക്ക് പകർന്നിരിക്കുന്നത്.
ഓർമ്മക്കുറവ് !!! അത്രേയുള്ളൂ.
അകലെ കളിക്കളത്തിൽ ഒരു വിക്കറ്റ് വീണതിന്റെ ആർപ്പ്.
“ഇവിടെ കുളിച്ചോ. എന്റെ ബാറ്റിങ്ങായി. ഞങ്ങള് പോണൂ....”
പടവ് കാണിച്ചുതന്ന്, അവർ രണ്ടുപേരും പിച്ച് ലക്ഷ്യമാക്കി ഓടിയകന്നു.
ചരിത്രമുറങ്ങുന്ന ഇലവഞ്ചിക്കുളത്തിന്റെ കുളവാഴ മൂടാത്ത വരമ്പിൽ നിന്ന് വെള്ളത്തിലേക്ക് കാലിട്ട് കുറേ നേരം ഞാനിരുന്നു. ചുറ്റും പൊന്തക്കാടുകളാണ്. ഏതൊക്കെയിനം ഇഴജന്തുക്കൾ വേണമെങ്കിലും ഉണ്ടാകാം. പക്ഷെ എന്റെ ചിന്ത മുഴുവൻ പൊന്തക്കാടുകൾക്കും കുളത്തിനടിയിലുമൊക്കെ മറഞ്ഞിരിക്കുന്ന ചരിത്ര രഹസ്യങ്ങളെപ്പറ്റിയായിരുന്നു. സ്വർണ്ണനിറമുള്ള ആന പൊന്തിവരും എന്നൊക്കെ പറഞ്ഞ് അച്ഛനമ്മമാർ കുഞ്ഞിക്കുട്ടികളെ ഭയപ്പെടുത്തിയിരുന്ന ഈ കുളത്തിന്റെ കഥകളറിയാൻ സാദ്ധ്യതയുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം എവിടെ നിന്ന് തുടങ്ങണം എന്നായിരുന്നു.
ദേവൂട്ടിക്ക് ഓർമ്മക്കുറവ് ഉണ്ടെന്നല്ലേ പയ്യൻ പറഞ്ഞത്. ദേവൂട്ടിക്ക് ഏത് വരെ ഓർമ്മ കാണുമായിരിക്കും ? കുറവ് കഴിഞ്ഞുള്ള ദേവൂട്ടിയുടെ ഓർമ്മയിൽ കുളത്തെപ്പറ്റി എന്തെങ്കിലും കാണുമോ ? കുളക്കടവിലെ മരത്തിൽ ദേവൂട്ടിയെന്തിനാണ് സാരികൾ കെട്ടിത്തൂക്കുന്നത് ? സന്യാസിമാരുടെ കുളമാണെന്നും കഥകളുണ്ടല്ലോ ? അമരന്മാരായ സന്യാസിമാർ ആരെങ്കിലും നിലാവുള്ള രാത്രികളിൽ കുളക്കടവിൽ ധ്യാനനിരതരാകാറുണ്ടോ ? അവർക്ക് ആർക്കെങ്കിലും ‘ദ ഗ്രേറ്റ് ഇന്ത്യൻ റോപ്പ് ട്രിക്ക്’ ചെയ്യാൻ വേണ്ടിയാണോ ദേവൂട്ടിയുടെ വക സാരികൾ ?!!
മടക്കവഴിക്ക് എവിടെ വെച്ചെങ്കിലും ദേവൂട്ടിയെ കണ്ടിരുന്നെങ്കിൽ എല്ലാം വിശദമായി ചോദിക്കാമായിരുന്നു. നല്ല ഓർമ്മയും സ്വബോധവുമൊക്കെ ഉള്ളവരോട് ചോദിക്കുന്നതിലും ഭേദം ദേവൂട്ടിയോട് തന്നെ ചോദിക്കുന്നതാവും. അടുത്ത പ്രാവശ്യം കുളക്കടവിലേക്ക് പോകുമ്പോൾ അൽപ്പം ‘ഓർമ്മക്കുറവ്’ ബാധിച്ചുതുടങ്ങിയിരിക്കുന്ന ഈയുള്ളവന് കുറുകേ ദേവൂട്ടി വന്ന് ചാടിയിരുന്നെങ്കിൽ !!!!
..
.
Sunday, 18 August 2013
നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി.
രാജസ്ഥാനിലെ ബാട്മർ ജില്ലയിൽ എണ്ണപ്പാട ജോലികളുമായി വിഹരിച്ചിരുന്ന കാലത്ത്, ആ ഗ്രാമത്തിലെ റോഡരുകിൽ ടയർ റീ ത്രെഡിങ്ങ്, പഞ്ചറൊട്ടിക്കൽ എന്നീ പരിപാടികളുയായി ജീവിച്ചിരുന്ന ഒരു അച്ചായൻ ഇന്ന് വീണ്ടും ഓർമ്മയിലേക്ക് കയറി വന്നു. (പേര് അറിയില്ല, എല്ലാവരും അച്ചായൻ എന്നാണ് വിളിച്ചിരുന്നത്.)
അച്ചായൻ നാട്ടിൽ നിന്ന് പോന്നിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വീട്, കുടുംബം എന്നതിനെപ്പറ്റിയൊന്നും ആർക്കും വലിയ പിടിപാടൊന്നുമില്ല. കോട്ടയം ജില്ലക്കാരനാണെന്ന് മാത്രം അറിയാം. ബാട്മറിൽ ആ ഭാഗത്തൊന്നും അങ്ങനൊരു ടയറ് കട ഇല്ലാതിരുന്നതുകൊണ്ടാവണം അച്ചായന് ധാരാളം ജോലിയും നല്ല വരുമാനവും ഉണ്ടായിരുന്നു. പക്ഷെ കിട്ടുന്നതൊന്നും കൂട്ടിവെക്കുന്ന ശീലം അച്ചായനുണ്ടായിരുന്നില്ല. വൈകുന്നേരം നന്നായി മിനുങ്ങും. നാട്ടുകാരിൽ ചിലരും ഒപ്പം കൂടും. എല്ലാവർക്കും സേവ അച്ചായന്റെ ചിലവിൽത്തന്നെ. കടയ്ക്ക് മുന്നിൽത്തന്നെയുള്ള കയറ് കട്ടിലിലാണ് അച്ചായന്റെ ഉറക്കം. ആ ഇട്ടാവട്ടത്ത് തന്നെ കിടന്ന് കറങ്ങിയിരുന്ന ഒരു പ്രവാസ ജീവിതം. അച്ചായൻ മൂന്നാല് കൊല്ലം മുൻപ് മരണമടഞ്ഞതായി രാജസ്ഥാനിൽ നിന്ന് റിപ്പോർട്ടുണ്ടായിരുന്നു.
‘നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി‘ എന്ന സിനിമയിൽ പഞ്ചറൊട്ടിക്കൽ പരിപാടിയുമായി ഇന്ത്യയുടെ മറ്റൊരറ്റത്ത് ജീവിതം തള്ളിനീക്കുന്ന മലയാളി കഥാപാത്രത്തെക്കണ്ടപ്പോൾ അച്ചായനെ ഓർക്കാതിരിക്കുന്നതെങ്ങനെ ?
‘നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി‘ ഒരു ട്രാവൽ സിനിമയാണ്. അങ്ങനെയൊരു മാനസ്സിക തയ്യാറെടുപ്പോടെ കണ്ടാൽ ഇഷ്ടമാകാതിരിക്കില്ല. എന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?
സിനിമയിൽക്കാണുന്നത് പോലെ, ബൈക്കിൽ ഇന്ത്യയുടെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് പോകാനുള്ള ബാല്യമൊന്നും ഇനിയവശേഷിക്കുന്നില്ല. ഒരു ഫോർ വീൽ ഡ്രൈവ് ജീപ്പിലോ ഒരു കാരവാനിലോ അങ്ങനൊരു ഇന്ത്യാ യാത്രയെപ്പറ്റി വർഷങ്ങൾക്ക് മുന്നേയുള്ള ചിന്തയാണ്. ആ ചിന്തയാണ്, ലുലു മാളിലെ PVR-ൽ വെച്ച് ഇന്ന് വീണ്ടും സടകുടഞ്ഞെഴുന്നേറ്റത്. നടക്കും... നടക്കാതെവിടെപ്പോകാൻ ?!!
പെട്ടെന്ന് നടക്കണമെങ്കിൽ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കപ്പെടണം. അല്ലെങ്കിൽ അൽപ്പം കൂടെ വൈകുമെന്ന് മാത്രം.
Saturday, 17 August 2013
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുമായി കുഞ്ഞഹമ്മദിക്ക.
വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടി ഒറ്റയാൾ പടനയിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനാണ് കുഞ്ഞഹമ്മദിക്ക. അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ ‘ഒറ്റയാൾപ്പട്ടാളം കുഞ്ഞഹമ്മദിക്ക’ എന്ന ഈ ലേഖനം വായിക്കാം.
കൊടും വനത്തിലുള്ളിലെ കൊമ്മഞ്ചേരി ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം ദുരിതപൂർണ്ണമാണ്. പറ്റുന്നത്ര സഹായം പരിചയക്കാരിൽ നിന്നൊക്കെ സംഘടിപ്പിച്ച് എത്തിച്ചു കൊടുക്കാൻ കുഞ്ഞഹമ്മദിക്ക എപ്പോളും മുന്നിലുണ്ട്. ഓൺലൈനിൽ ഒരുപാട് സമയം ചിലവഴിക്കുന്ന ഞങ്ങൾ കുറേ സുഹൃത്തുക്കളേയും കുഞ്ഞഹമ്മദിക്ക ഈ ആവശ്യങ്ങളിലേക്കായി സഹകരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കൊമ്മഞ്ചേരി കോളനി സന്ദർശിക്കാൻ എനിക്കും കുടുംബത്തിനും കുറച്ച് ബ്ലോഗ് സുഹൃത്തുക്കൾക്കും അവസരമുണ്ടായിട്ടുണ്ട്. അതേപ്പറ്റി ഇവിടെ വായിക്കാം. അതുകൊണ്ടൊന്നും തീരുന്നില്ല കൊമ്മഞ്ചേരി ആദിവാസി കോളനിക്കാർക്ക് വേണ്ടിയുള്ള കുഞ്ഞഹമ്മദിക്കയുടെ പ്രവർത്തനങ്ങൾ.
എന്തൊക്കെ ചെയ്താലും കൊമ്മഞ്ചേരിയിലെ കാര്യങ്ങൾക്കൊന്നും വലിയ പുരോഗതിയില്ലെന്ന് കണ്ടപ്പോൾ കുഞ്ഞഹമ്മദിക്ക മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കമ്മീഷൻ കൊമ്മഞ്ചേരി കോളനി ചെന്നുകണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂൺ 20ന് ഉത്തരവും ഇറക്കി. (അതിന്റെ പകർപ്പ് ദാ താഴെ ചേർക്കുന്നു. അത് വലുതാക്കി വായിക്കാൻ പറ്റാത്തവർക്കായി ആ ഉത്തരവ് ഇവിടെ പകർത്തി ഇടുകയും ചെയ്യുന്നു.) നമോവാകം കുഞ്ഞഹമ്മദിക്കാ, നമോവാകം.
ഉത്തരവ് 20 ജൂൺ 2013
--------------------------------
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിൽ കൊമ്മഞ്ചേരി എന്ന സ്ഥലത്ത് കൊടും വനത്തിന്റെ നടുവിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതമാണ് ഈ പരാതിക്ക് ആധാരമായ വിഷയം. കമ്മീഷൻ ഈ സ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.
ഇപ്പോൾ 6 കുടുംബങ്ങളാണ് തലമുറകളായി ഇവിടെ താമസിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, കാർഷിക വിളവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ചാർത്തിക്കൊടുത്ത സ്ഥലത്ത് കൃഷി ചെയ്യാൻ നിയോഗിക്കപ്പെട്ട ആദിവാസികളുടെ കുടുംബങ്ങളാണ് അവിടെ താമസിച്ച് വരുന്നതെന്ന് കണക്കാക്കപ്പെടുന്നു. വന്യമൃഗങ്ങൾ കൂട്ടമായുള്ള ഈ കൊടുംവനത്തിൽ യാതൊരു ജീവിത സൌകര്യങ്ങളുമില്ലാതെ ഈ കുടുംബങ്ങൾ കഴിയുന്നു. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങൾ ലഭിച്ചാൽ ഇവർ കാട്ടിൽ നിന്ന് പുറത്തുവന്ന് പൊതുസമൂഹത്തോടൊപ്പം കഴിയും. യാതൊരു ജീവിത സുരക്ഷിതത്വവും ഇല്ലാതെയാണ് അവർ ജീവിക്കുന്നത്. ഇപ്പോൾ ഏതാനും കുട്ടികളെ ഹോസ്റ്റലിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകാനുള്ള ശ്രമം തുടങ്ങിയതായി അറിയാൻ കഴിഞ്ഞു. ഇവരെ പുനഃരധിവസിപ്പിക്കുന്നതിനായി സുൽത്താൻ ബത്തേരി തഹസീൽദാർ നടപടിയെടുക്കുന്നനായി അതിനടുത്തുള്ള പ്രദേശവാസികൾ പറയുന്നു.
ഇവർക്ക് കൃഷി ചെയ്ത് ജീവിക്കാൻ ആവശ്യമായ ഭൂമി കൊടുത്തുകൊണ്ട് തൊഴിൽ സുരക്ഷയും മറ്റ് ജീവിതസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ടും ഈ പാവങ്ങളെ പുനഃരധിവസിപ്പിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ടതാണെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.
കെ.ഇ.ഗംഗാധരൻ
(കമ്മീഷൻ അംഗം)
ഇനി നമുക്കറിയേണ്ടത് ഈ ഉത്തരവിന്റെ പകർപ്പ് കൈപ്പറ്റിയതിന് ശേഷം ജില്ലാ ഭരണകൂടം എന്തൊക്കെ നടപടികൾ എടുത്തു എന്നാണ്.
ഇതേ സമൂഹത്തിന്റെ ഭാഗവും, അവരുടെ ക്ഷേമതാൽപ്പര്യങ്ങൾക്ക് വേണ്ടിയും നിയമിതയായിട്ടുള്ള ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ജയലക്ഷ്മി എന്ത് നടപടി സ്വീകരിച്ചു എന്നാണ്.
ഈ ഉത്തരവ് വന്നതിന് ശേഷം കൊമ്മഞ്ചേരി കോളനിയിലെ മനുഷ്യജീവിതങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായോ എന്നാണ്.
ഈ ഉത്തരവ് ഏതെങ്കിലും ഒരു മാദ്ധ്യമത്തിൽ വാർത്തയായി വരാൻ ‘യോഗ്യത‘യുള്ളതാണോ എന്ന് വിലയിരുത്തേണ്ടത് അക്കൂട്ടർ തന്നെയാണ്. ബ്ലോഗിലിട്ടെങ്കിലും ജനത്തെ അറിയിക്കണമെന്ന് പറഞ്ഞ് കുഞ്ഞഹമ്മദിക്ക തന്നെ അയച്ചുതന്നതാണ് ഇത്. കുറേപ്പേർ അങ്ങനെയെങ്കിലും അറിയുകയും പുരോഗതിയൊന്നുമില്ലെങ്കിൽ ഏറ്റുപിടിക്കുകയും ചെയ്യുമെന്ന് കുഞ്ഞഹമ്മദിക്ക പ്രതീക്ഷിക്കുന്നു.
ഇതിനപ്പുറം പലതും ചെയ്യാൻ പോന്ന കഴിവും പഠിപ്പുമൊക്കെ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്തതിൽ ഞാനടക്കം നമ്മളോരോരുത്തരും ലജ്ജിക്കേണ്ടിയിരിക്കുന്നു. ഒന്നാം ക്ലാസ്സിൽ 7 മാസം മാത്രം പഠിച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ച കുഞ്ഞഹമ്മദിക്കയ്ക്ക് ഇത്രയുമൊക്കെ ചെയ്യാനാവുമെങ്കിൽ, നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് അതിരുകളില്ലെന്നാണ് എന്റെ വിശ്വാസം. മനസ്സുണ്ടാകണം. അത്രയേ വേണ്ടൂ.
വാൽക്കഷണം:- ഒന്നാം ക്ലാസ്സ് വിദ്യാഭ്യാസം പോലും തികച്ചില്ലാത്തവരെ, അവർ സമൂഹത്തിന് വേണ്ടി ചെയ്ത നന്മകൾ പരിഗണിച്ച്, പത്മ അവാർഡുകൾക്ക് പരിഗണിക്കുമോ ആവോ ?
കുഞ്ഞഹമ്മദിക്ക. |
കൊടും വനത്തിലുള്ളിലെ കൊമ്മഞ്ചേരി ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം ദുരിതപൂർണ്ണമാണ്. പറ്റുന്നത്ര സഹായം പരിചയക്കാരിൽ നിന്നൊക്കെ സംഘടിപ്പിച്ച് എത്തിച്ചു കൊടുക്കാൻ കുഞ്ഞഹമ്മദിക്ക എപ്പോളും മുന്നിലുണ്ട്. ഓൺലൈനിൽ ഒരുപാട് സമയം ചിലവഴിക്കുന്ന ഞങ്ങൾ കുറേ സുഹൃത്തുക്കളേയും കുഞ്ഞഹമ്മദിക്ക ഈ ആവശ്യങ്ങളിലേക്കായി സഹകരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കൊമ്മഞ്ചേരി കോളനി സന്ദർശിക്കാൻ എനിക്കും കുടുംബത്തിനും കുറച്ച് ബ്ലോഗ് സുഹൃത്തുക്കൾക്കും അവസരമുണ്ടായിട്ടുണ്ട്. അതേപ്പറ്റി ഇവിടെ വായിക്കാം. അതുകൊണ്ടൊന്നും തീരുന്നില്ല കൊമ്മഞ്ചേരി ആദിവാസി കോളനിക്കാർക്ക് വേണ്ടിയുള്ള കുഞ്ഞഹമ്മദിക്കയുടെ പ്രവർത്തനങ്ങൾ.
കൊമ്മഞ്ചേരി കോളനിയിലേക്കുള്ള കാട്ടുവഴിയിൽ ബൂലോകർ |
എന്തൊക്കെ ചെയ്താലും കൊമ്മഞ്ചേരിയിലെ കാര്യങ്ങൾക്കൊന്നും വലിയ പുരോഗതിയില്ലെന്ന് കണ്ടപ്പോൾ കുഞ്ഞഹമ്മദിക്ക മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കമ്മീഷൻ കൊമ്മഞ്ചേരി കോളനി ചെന്നുകണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂൺ 20ന് ഉത്തരവും ഇറക്കി. (അതിന്റെ പകർപ്പ് ദാ താഴെ ചേർക്കുന്നു. അത് വലുതാക്കി വായിക്കാൻ പറ്റാത്തവർക്കായി ആ ഉത്തരവ് ഇവിടെ പകർത്തി ഇടുകയും ചെയ്യുന്നു.) നമോവാകം കുഞ്ഞഹമ്മദിക്കാ, നമോവാകം.
ഉത്തരവ് 20 ജൂൺ 2013
--------------------------------
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിൽ കൊമ്മഞ്ചേരി എന്ന സ്ഥലത്ത് കൊടും വനത്തിന്റെ നടുവിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതമാണ് ഈ പരാതിക്ക് ആധാരമായ വിഷയം. കമ്മീഷൻ ഈ സ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.
ഇപ്പോൾ 6 കുടുംബങ്ങളാണ് തലമുറകളായി ഇവിടെ താമസിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, കാർഷിക വിളവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ചാർത്തിക്കൊടുത്ത സ്ഥലത്ത് കൃഷി ചെയ്യാൻ നിയോഗിക്കപ്പെട്ട ആദിവാസികളുടെ കുടുംബങ്ങളാണ് അവിടെ താമസിച്ച് വരുന്നതെന്ന് കണക്കാക്കപ്പെടുന്നു. വന്യമൃഗങ്ങൾ കൂട്ടമായുള്ള ഈ കൊടുംവനത്തിൽ യാതൊരു ജീവിത സൌകര്യങ്ങളുമില്ലാതെ ഈ കുടുംബങ്ങൾ കഴിയുന്നു. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങൾ ലഭിച്ചാൽ ഇവർ കാട്ടിൽ നിന്ന് പുറത്തുവന്ന് പൊതുസമൂഹത്തോടൊപ്പം കഴിയും. യാതൊരു ജീവിത സുരക്ഷിതത്വവും ഇല്ലാതെയാണ് അവർ ജീവിക്കുന്നത്. ഇപ്പോൾ ഏതാനും കുട്ടികളെ ഹോസ്റ്റലിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകാനുള്ള ശ്രമം തുടങ്ങിയതായി അറിയാൻ കഴിഞ്ഞു. ഇവരെ പുനഃരധിവസിപ്പിക്കുന്നതിനായി സുൽത്താൻ ബത്തേരി തഹസീൽദാർ നടപടിയെടുക്കുന്നനായി അതിനടുത്തുള്ള പ്രദേശവാസികൾ പറയുന്നു.
ഇവർക്ക് കൃഷി ചെയ്ത് ജീവിക്കാൻ ആവശ്യമായ ഭൂമി കൊടുത്തുകൊണ്ട് തൊഴിൽ സുരക്ഷയും മറ്റ് ജീവിതസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ടും ഈ പാവങ്ങളെ പുനഃരധിവസിപ്പിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ടതാണെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.
കെ.ഇ.ഗംഗാധരൻ
(കമ്മീഷൻ അംഗം)
ഇനി നമുക്കറിയേണ്ടത് ഈ ഉത്തരവിന്റെ പകർപ്പ് കൈപ്പറ്റിയതിന് ശേഷം ജില്ലാ ഭരണകൂടം എന്തൊക്കെ നടപടികൾ എടുത്തു എന്നാണ്.
ഇതേ സമൂഹത്തിന്റെ ഭാഗവും, അവരുടെ ക്ഷേമതാൽപ്പര്യങ്ങൾക്ക് വേണ്ടിയും നിയമിതയായിട്ടുള്ള ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ജയലക്ഷ്മി എന്ത് നടപടി സ്വീകരിച്ചു എന്നാണ്.
ഈ ഉത്തരവ് വന്നതിന് ശേഷം കൊമ്മഞ്ചേരി കോളനിയിലെ മനുഷ്യജീവിതങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായോ എന്നാണ്.
ഈ ഉത്തരവ് ഏതെങ്കിലും ഒരു മാദ്ധ്യമത്തിൽ വാർത്തയായി വരാൻ ‘യോഗ്യത‘യുള്ളതാണോ എന്ന് വിലയിരുത്തേണ്ടത് അക്കൂട്ടർ തന്നെയാണ്. ബ്ലോഗിലിട്ടെങ്കിലും ജനത്തെ അറിയിക്കണമെന്ന് പറഞ്ഞ് കുഞ്ഞഹമ്മദിക്ക തന്നെ അയച്ചുതന്നതാണ് ഇത്. കുറേപ്പേർ അങ്ങനെയെങ്കിലും അറിയുകയും പുരോഗതിയൊന്നുമില്ലെങ്കിൽ ഏറ്റുപിടിക്കുകയും ചെയ്യുമെന്ന് കുഞ്ഞഹമ്മദിക്ക പ്രതീക്ഷിക്കുന്നു.
ഇതിനപ്പുറം പലതും ചെയ്യാൻ പോന്ന കഴിവും പഠിപ്പുമൊക്കെ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്തതിൽ ഞാനടക്കം നമ്മളോരോരുത്തരും ലജ്ജിക്കേണ്ടിയിരിക്കുന്നു. ഒന്നാം ക്ലാസ്സിൽ 7 മാസം മാത്രം പഠിച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ച കുഞ്ഞഹമ്മദിക്കയ്ക്ക് ഇത്രയുമൊക്കെ ചെയ്യാനാവുമെങ്കിൽ, നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് അതിരുകളില്ലെന്നാണ് എന്റെ വിശ്വാസം. മനസ്സുണ്ടാകണം. അത്രയേ വേണ്ടൂ.
വാൽക്കഷണം:- ഒന്നാം ക്ലാസ്സ് വിദ്യാഭ്യാസം പോലും തികച്ചില്ലാത്തവരെ, അവർ സമൂഹത്തിന് വേണ്ടി ചെയ്ത നന്മകൾ പരിഗണിച്ച്, പത്മ അവാർഡുകൾക്ക് പരിഗണിക്കുമോ ആവോ ?
Tuesday, 13 August 2013
പെരുമാളേ പൊറുക്കുക.
നാട്ടുരാജാക്കന്മാർക്ക് രാജ്യം വിഭജിച്ച് നൽകി മക്കത്തേക്ക് പോയതോടെ ചേരമാൻ പെരുമാളിനെ പ്രജകളായ നമ്മൾ മറന്നോ ?
12 കൊല്ലത്തേക്കാണ് ഭരണം ഏൽപ്പിച്ച് കൊടുക്കുക പതിവെങ്കിലും മൂന്ന് വ്യാഴവട്ടക്കാലം ഭരണം കൈയ്യാളാൻ മാത്രം സമ്മതനായിരുന്ന ചേരമാൻ പെരുമാൾ നമുക്ക് അന്യനായി മാറിയോ ?
ചരിത്രത്തിന്റെ ഏടുകൾക്കിടയിൽ മറ്റെന്തെങ്കിലും കാര്യങ്ങൾക്കായി പരതുമ്പോൾ മാത്രം കാണുന്ന പരിചയമുള്ള ഏതൊക്കെയോ പേരുകൾ മാത്രമായി മാറിയോ നമുക്ക് പെരുമാളുമാർ ?
കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽ നമ്മുടെ ആ പഴയ ചേര രാജാവിന്റെ പ്രതിഷ്ഠയുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ സുന്ദരമൂർത്തി നായനാരുടേയും. (അതൊക്കെ പറയാനാണെങ്കിൽ ഒരുപാട് കഥകളും ഐതിഹ്യവുമുണ്ട്.) നമ്മളാരും ആ പ്രതിഷ്ഠകൾ ഒരിക്കൽപ്പോലും വണങ്ങാറില്ലെങ്കിലും എല്ലാക്കൊല്ലവും കർക്കിടകത്തിലെ ചോതി (ഇന്ന്-2013 ആഗസ്റ്റ് 13 അങ്ങനെയൊരു കർക്കിടക ചോതിയാണ്) നാളിൽ തമിഴ്‌നാട്ടിൽ നിന്ന് ആയിരക്കണക്കിന് മക്കൾ തിരുവഞ്ചിക്കുളത്ത് എത്തും. മൂന്ന് ദിവസം അവരവിടെ വെപ്പും തീറ്റയും പൂജകളും പുരാണപാരായണവും വേദാന്ത ചർച്ചകളുമായി കഴിച്ചുകൂട്ടും. പെരുമാളിനേയും നായനാരേയും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് വെള്ളക്കുതിരപ്പുറത്തും വെള്ളാനപ്പുറത്തുമായി എഴുന്നള്ളിച്ച് കൊണ്ടുവരും.
![]() |
സുന്ദരമൂർത്തി നായനാരും ചേരമാൻ പെരുമാളും. |
അവർ രണ്ടുപേരും സ്വർഗ്ഗാരോഹണം നടത്തിയതിന്റെ ചടങ്ങുകളുടെ ഭാഗമായി മാഹോദൈ കടപ്പുറത്ത് (നമ്മുടെ അഴീക്കോട് കടപ്പുറം തന്നെ) മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി കർമ്മങ്ങൾ ചെയ്യും. പഞ്ചാക്ഷരീമന്ത്രം മുഴക്കും. ദേഹമാകെ ഭസ്മം വാരിപ്പൂശും. താണ്ഡവ നൃത്തമാടും. പെരുമാളിനും നായനാർക്കും ആർപ്പ് വിളിക്കും.
ഇക്കൊല്ലം തൃശൂർ ജില്ലയിൽ ബസ്സ് പണിമുടക്കായതുകൊണ്ട് പത്തുപതിനഞ്ച് സ്വകാര്യ ബസ്സിലും ജീപ്പിലുമൊക്കെയായി 1500 തമിഴ് മക്കൾക്കേ എത്താനായുള്ളൂ. എന്നിട്ടും അവർക്ക് പരാതിയൊന്നുമില്ല. നമ്മുടെ രാജാവിന് അവർ കർമ്മങ്ങൾ ചെയ്തു. നാളെ രാവിലെ തൃക്കുലശേഖരപുരം(കൊടുങ്ങല്ലൂർ) ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കർമ്മങ്ങൾ കൂടെ ചെയ്ത് പെരുമാളിന്റെ അനുഗ്രഹവും വാങ്ങി അവർ മടങ്ങും. മൂന്ന് തമിഴ് തലമുറകൾ 79 കൊല്ലമായി ‘ചേരമാൻ പെരുമാൾ ഗുരുപൂജ ഉത്സവം‘ എന്ന പേരിൽ ഈ കർമ്മങ്ങൾ ചെയ്തുപോരുന്നു.
![]() |
‘മാഹോദൈ‘ കടലോരത്ത് കർമ്മങ്ങൾ ചെയ്യുന്ന തമിഴ് മക്കൾ. |
നമ്മൾ സ്വന്തം രാജാവിനെ ഓർക്കുന്നു പോലുമില്ല. പെരുമാളിന്റെ കാലത്ത് ഒട്ടും ഇല്ലാതിരുന്നതും, ഇക്കാലത്ത് ആവശ്യത്തിലധികമുള്ളതുമായ മാദ്ധ്യമപ്പടകൾ ഇതൊന്നുമറിഞ്ഞില്ലെന്ന് നടിച്ച്, മസാല സ്കൂപ്പുകൾക്കും ബ്രേക്കിങ്ങ് ന്യൂസിനും ചാനൽ ചർച്ചകൾക്കുമായി പരക്കം പായുന്നു. അഞ്ച് കൊല്ലത്തേക്ക് ഞങ്ങൾ ഭരണം ഏൽപ്പിച്ചുകൊടുക്കുന്ന ന്യൂ ജനറേഷൻ പെരുമാളുമാർ രണ്ട് കൊല്ലം തികയ്ക്കാൻ പെടാപ്പാട് പെടുകയാണ് പെരുമാളേ. കാലാവധി തികച്ചെങ്കിൽത്തന്നെ ഇടം വലം ചൂഷണം ചെയ്ത് നീരൂറ്റുകയാണ് പുതിയ പെരുമാളുമാർ. നല്ലൊരു റോഡുണ്ടാക്കാനറിയില്ല. പാലമുണ്ടാക്കാനറിയില്ല. ഉണ്ടാക്കിയിട്ടിരിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ മാത്രം. എല്ലാവർക്കും നോക്കുകൂലി മതി; എന്തിനും ഏതിനും ഹർത്താല് മാത്രം മതി; മതിയാകാത്തത് മദ്യം മാത്രം.
36 കൊല്ലം ഭരിക്കുന്നതിനിടയ്ക്ക് അറിഞ്ഞോ അറിയാതെയോ നിന്നോടെന്തെങ്കിലും നെറികേട് കാണിച്ചിട്ടുണ്ടോ ഞങ്ങളുടെ പൂർവ്വികർ ? അതിന് നീ ഞങ്ങൾക്ക് തന്ന ശാപമാണോ നാടിന്റെ ഇന്നത്തെ അവസ്ഥ ? താങ്ങാനാവാത്തതുകൊണ്ട് സാഷ്ടാഗം വീണ് കേഴുകയാണ് പെരുമാളേ.......പൊറുക്കുക, ക്ഷമിക്കുക.
Sunday, 4 August 2013
101 ചോദ്യങ്ങൾ
സിദ്ധാർത്ഥ് ശിവയുടെ ‘101 ചോദ്യങ്ങൾ‘ കാണാത്തവരുണ്ടെങ്കിൽ തപ്പിപ്പിടിച്ച് കാണാൻ ശ്രമിക്കുക. എല്ലാ കുട്ടികളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. പ്രത്യേകിച്ച് സമ്പന്ന കുടുംബങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും.
ഈ സിനിമയിൽ സിദ്ധാർത്ഥ് ശിവ, ക്യാമറകൊണ്ടോ മറ്റ് സാങ്കേതിക മികവുകൾ കൊണ്ടോ ആരേയും വിസ്മയിപ്പിക്കുന്നില്ല. പക്ഷെ പച്ചയായ ജീവിതത്തിലേക്ക് പ്രേക്ഷകന്റെ കണ്ണ് തുറപ്പിക്കുന്നുണ്ട്, നനയിക്കുന്നുമുണ്ട്.
മുരുകൻ, ഇന്ദ്രജിത്ത്, ലെന, മണികണ്ഠൻ പട്ടാമ്പി, ബാലതാരം മിനോൺ എന്നിങ്ങനെ മിക്കവാറും എല്ലാ നടീനടന്മാരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. മിനോൺ എന്ന മിടുക്കന് മികച്ചബാലതാരത്തിനുള്ള കേന്ദ്ര-സംസ്ഥാന അവാർഡുകൾ കിട്ടിയത് എത്രപേർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല. മികച്ച നവാഗത സംവിധായകനുള്ള കേന്ദ്ര അവാർഡ് സിദ്ധാർത്ഥ് ശിവയ്ക്ക് കിട്ടിയത് ചിലരെങ്കിലും അറിയുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
സിനിമ തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ അതിപ്രശസ്തനായ ഒരു ഡോൿടർ മുൻസീറ്റിൽ വന്നിരുന്നു. അദ്ദേഹം ഈ സിനിമയിൽ ഡോൿടറായിട്ട് തന്നെ അഭിനയിക്കുന്നുണ്ട്. സംവിധായകൻ സിദ്ധാർത്ഥ് ശിവയുടെ അർബുദരോഗം ചികിത്സിച്ച് ഭേദമാക്കിയ സാക്ഷാൽ ഡോ:വി.പി.ഗംഗാധരനായിരുന്നു അത്.
ഇന്നലെ രാവിലെ നേഹയുടെ സ്ക്കൂളിൽ ഓപ്പൺ ഹൌസ് ആയിരുന്നു. അതോടനുബന്ധിച്ച് മാതാപിതാക്കൾക്ക് വേണ്ടി ഡോ:സുരേഷ് മണിമലയുടെ ഒരു പ്രസന്റേഷനും ചർച്ചയുമൊക്കെ സ്ക്കൂൾ അധികൃതർ സംഘടിപ്പിച്ചിരുന്നു. കുട്ടികളേക്കാൾ പ്രശ്നക്കാരായ മാതാപിതാക്കളെ നേരെയാക്കുക എന്നതായിരുന്നു ഒരർത്ഥത്തിൽ ആ പ്രസന്റേഷന്റെ ലക്ഷ്യം.
കഷ്ടത അനുഭവിക്കുന്ന മറ്റ് കുട്ടികളോട് അനുകമ്പയും അനുഭൂതിയുമൊക്കെ തങ്ങളുടെ മക്കളിൽ വളർത്തിയെടുക്കാൻ എന്തുചെയ്യാനാവും എന്നാണ് ഒരു രക്ഷകർത്താവ് ഡോ:മണിമലയോട് ചോദിച്ചത്. അദ്ദേഹം ആ ചോദ്യത്തിന് ശരിയായി ഉത്തരം കൊടുക്കുകയും ചെയ്തു. വൈകീട്ട് ‘101 ചോദ്യങ്ങൾ‘ കണ്ടിറങ്ങിയപ്പോൾ എനിക്ക് തോന്നി, ഡോ:മണിമല ‘101 ചോദ്യങ്ങൾ‘ കണ്ടിട്ടുണ്ടാകില്ലെന്ന്. അല്ലെങ്കിൽ അദ്ദേഹം തീർച്ചയായും പറയുമായിരുന്നു, സിദ്ധാർത്ഥ് ശിവയുടെ 101 ചോദ്യങ്ങൾ പോലുള്ള സിനിമകൾ കുട്ടികളെ കാണിക്കാൻ ശ്രമിക്കൂ എന്ന്.
ഞാൻ ചെകിടനാകും !!!!
പ്രശസ്തനായ ഒരു പഴയ രാജാവാകാൻ പറഞ്ഞാൽ,
ഞാൻ ചേരൻ ചെങ്കുട്ടവനാകും.
പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനാകാൻ പറഞ്ഞാൽ,
ഞാൻ പാമ്പൻ അടിയോടിയാകും.
പ്രശസ്തനായ ഒരു സാമൂഹ്യപ്രവർത്തകനാകാൻ പറഞ്ഞാൽ,
ഞാൻ സർവ്വോദയം കുര്യനാകും.
പ്രശസ്തനായ ഒരു സന്യാസിയാകാൻ പറഞ്ഞാൽ,
ഞാൻ യതിയാകും.
പ്രശസ്തനായ ഒരു എഴുത്തുകാരനാകാൻ പറഞ്ഞാൽ,
ഞാൻ മലയാറ്റൂരാകും.
പ്രശസ്തനായ ഒരു സഞ്ചാരിയാകാൻ പറഞ്ഞാൽ,
ഞാൻ ചിന്ത രവിയാകും.
പ്രശസ്തനായ ഒരു ചിത്രകാരനാകാൻ പറഞ്ഞാൽ,
ഞാൻ നമ്പൂതിരിയാകും.
പ്രശസ്തനായ ഒരു ഗായകനാകാൻ പറഞ്ഞാൽ,
ഞാൻ ഹരിഹരനാകും.
പ്രശസ്തനായ ഒരു സിനിമാക്കഥയിലെ നായകനാകാൻ പറഞ്ഞാൽ, ഞാൻ സോളമനാകും.
പ്രശസ്തനായ ഒരു കായികതാരമാകാൻ പറഞ്ഞാൽ,
ഞാൻ പാപ്പച്ചനാകും.
പ്രശസ്തനായ ഒരു രാഷ്ട്രീയക്കാരൻ* ആകാൻ പറഞ്ഞാൽ,
ഞാൻ നേതാജിയാകും.
പ്രശസ്തനായ ഒരു പാർട്ടിക്കാരൻ** ആകാൻ പറഞ്ഞാൽ,
ആ നിമിഷം ഞാൻ ചെകിടനാകും.
-----------------------------------------------------------------------
* രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവൻ.
** പാർട്ടിക്ക് വേണ്ടിയും അവനവന് വേണ്ടിയും പ്രവർത്തിക്കുന്നവൻ.
ഞാൻ ചേരൻ ചെങ്കുട്ടവനാകും.
പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനാകാൻ പറഞ്ഞാൽ,
ഞാൻ പാമ്പൻ അടിയോടിയാകും.
പ്രശസ്തനായ ഒരു സാമൂഹ്യപ്രവർത്തകനാകാൻ പറഞ്ഞാൽ,
ഞാൻ സർവ്വോദയം കുര്യനാകും.
പ്രശസ്തനായ ഒരു സന്യാസിയാകാൻ പറഞ്ഞാൽ,
ഞാൻ യതിയാകും.
പ്രശസ്തനായ ഒരു എഴുത്തുകാരനാകാൻ പറഞ്ഞാൽ,
ഞാൻ മലയാറ്റൂരാകും.
പ്രശസ്തനായ ഒരു സഞ്ചാരിയാകാൻ പറഞ്ഞാൽ,
ഞാൻ ചിന്ത രവിയാകും.
പ്രശസ്തനായ ഒരു ചിത്രകാരനാകാൻ പറഞ്ഞാൽ,
ഞാൻ നമ്പൂതിരിയാകും.
പ്രശസ്തനായ ഒരു ഗായകനാകാൻ പറഞ്ഞാൽ,
ഞാൻ ഹരിഹരനാകും.
പ്രശസ്തനായ ഒരു സിനിമാക്കഥയിലെ നായകനാകാൻ പറഞ്ഞാൽ, ഞാൻ സോളമനാകും.
പ്രശസ്തനായ ഒരു കായികതാരമാകാൻ പറഞ്ഞാൽ,
ഞാൻ പാപ്പച്ചനാകും.
പ്രശസ്തനായ ഒരു രാഷ്ട്രീയക്കാരൻ* ആകാൻ പറഞ്ഞാൽ,
ഞാൻ നേതാജിയാകും.
പ്രശസ്തനായ ഒരു പാർട്ടിക്കാരൻ** ആകാൻ പറഞ്ഞാൽ,
ആ നിമിഷം ഞാൻ ചെകിടനാകും.
-----------------------------------------------------------------------
* രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവൻ.
** പാർട്ടിക്ക് വേണ്ടിയും അവനവന് വേണ്ടിയും പ്രവർത്തിക്കുന്നവൻ.
Subscribe to:
Posts (Atom)