Sunday, 3 November 2013

ശ്രീ.ഋഷിരാജ് സിംഗിന് ഒരു പരാതി

ഹുമാനപ്പെട്ട ഋഷിരാജ് സിംഗ്

താങ്കളാണ്, താങ്കൾ തന്നെയാണ് സൂപ്പർ താരമെന്ന് വെള്ളിത്തിരയിലെ താരമായ ശ്രീ.മോഹൻലാൽ പറഞ്ഞതിനോട് യോജിക്കുന്നവർ തന്നെയാണ് എല്ലാ മലയാളികളും. കുറ്റവാളികൾക്ക് യോജിക്കാൻ പറ്റില്ലായിരിക്കാം. പോലീസുകാരുടെ ഉത്തരവാദിത്വപരമായ പ്രവർത്തികളോട് കുറ്റവാളികൾ യോജിക്കണമെന്ന് ആർക്കാണ് നിർബന്ധം ?!

ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ നിന്ന്...
ഏത് പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാലത്തിനിടയ്ക്ക് ആരാധകവൃന്ദം ഉണ്ടായിട്ടുള്ളത് ? ആർക്കുമില്ല. സ്വന്തം ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തി, പരാതികൾ അതിൽ നേരിട്ട് വിളിച്ചറിയിക്കാൻ പൊതുജനത്തിന് സമ്മതം നൽകിയിട്ടുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ മലയാളി സമൂഹം ഇതിന് മുൻപ് കണ്ടിട്ടുണ്ടോ ? ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. എല്ലാ അർത്ഥത്തിലും താങ്കൾ തന്നെയാണ് സൂപ്പർതാരം. ഒരു തർക്കവുമില്ല.

ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ നിർബന്ധമാക്കൽ, വേഗപ്പൂട്ട് ഘടിപ്പിക്കൽ എന്നുതുടങ്ങി, ഗതാഗത വകുപ്പിൽ താങ്കൾ നടത്തി വരുന്ന ‘നിയമസംരക്ഷണ‘ നീക്കങ്ങളെല്ലാം എന്തുകൊണ്ടും പ്രശംസയർഹിക്കുന്നവ തന്നെയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകീട്ട് പരിക്കൊന്നുമില്ലാതെ വീട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ നടത്തുന്ന ശ്രമങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്.

ഇതൊക്കെയാണെങ്കിലും താങ്കൾ മറന്നുകിടക്കുന്നതോ അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയതോ ആയ ഒന്നുരണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ‌പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

1. രാത്രികാലങ്ങളിൽ നിരത്തിലുള്ള വാഹനങ്ങൾ ദയവായി ശ്രദ്ധിക്കുക. നല്ലൊരു പങ്ക് വാഹനങ്ങൾക്കും ഹെഡ് ലൈറ്റ് ഉണ്ടാകാറില്ല. മിക്കവാറും ഒരു ലൈറ്റ് കാണില്ല. ചിലപ്പോൾ രണ്ടും കാണില്ല. ചെറിയ വാഹനങ്ങളേക്കാൾ അധികമായി ഹെവി ലൈസൻസ് ഉള്ള വാഹനങ്ങൾ, പ്രത്യേകിച്ച് ബസ്സുകളും നാഷണൽ പെർമിറ്റ് ഉള്ള ലോറികളും മറ്റുമാണ് ഇക്കാര്യത്തിൽ മുൻ‌പന്തിയിൽ നിൽക്കുന്നത്. എറണാകുളത്തെ കണ്ടൈനർ ടെർമിനൽ റോഡിൽ മാത്രം ഒരു മിന്നൽ പരിശോധന നടത്തിയാൽ ഇത്തരത്തിൽ ഡസൺ കണക്കിന് വാഹനങ്ങളെ ഒരു ദിവസം പിടികൂടാനാവും. 40 അടി നീളമുള്ള കണ്ടൈനറുകളുമായി നീങ്ങുന്ന ഇത്തരം വാഹനങ്ങൾക്ക് നേരാംവണ്ണം ഹെഡ് ലൈറ്റ് ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ താങ്കൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇരുട്ടുവീണശേഷം എല്ലാ ദിവസവും അതുവഴി ഈ പ്രശ്നം അനുഭവിച്ച് വാഹനം ഓടിക്കുന്ന ഒരാളെന്ന നിലയ്ക്ക് കൂടെയാണ് ഇതൊരു പരാതി രൂപത്തിലോ, അപേക്ഷ രൂപത്തിലോ അവതരിപ്പിക്കുന്നത്.

ഹെഡ് ലൈറ്റ് മാത്രമല്ല, ബ്രേക്ക് ലൈറ്റും നിരത്തിലുള്ള വാഹനങ്ങളിൽ പലതിലും അപൂർവ്വ കാഴ്ച്ചയാണ്. ബ്രേക്ക് ലൈറ്റുകൾ ഇല്ലെങ്കിൽ അപകട സാദ്ധ്യത പകൽ സമയത്തും രാത്രി സമയത്തും ഒരുപോലെയാണ്. പബ്ലിക്ക് ക്യാരിയർ ലൈസൻസുള്ള വാഹനങ്ങൾ, ടെസ്റ്റ് കഴിഞ്ഞ് വന്നാൽ ഉടനെ ബ്രേക്ക് ലൈറ്റുകൾ വേർപെടുത്തി ബാറ്ററി കാലാവധി നീട്ടാൻ ശ്രമിക്കുന്നത് ഇന്നാട്ടിലെല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇക്കഴിഞ്ഞ ദിവസം ടെസ്റ്റ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം വേഗപ്പൂട്ട് മുറിച്ചുമാറ്റിയ ബസ്സുകളിൽ ഒരെണ്ണത്തിനെ കലൂർ ബസ്സ് സ്റ്റാന്റിൽ നിന്ന് താങ്കൾ പിടികൂടിയ വാർത്ത, ചിത്രസഹിതം പത്രങ്ങളിലൂടെ പൊതുജനം വായിച്ചറിഞ്ഞതാണ്. രണ്ടാം ദിവസം വേഗപൂട്ട് വിടീക്കാൻ പറ്റുന്നവർക്ക് ബ്രേക്ക് ലൈറ്റ് മുറിച്ച് മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ?

വേഗപ്പൂട്ട് പരിശോധന നേരിട്ട് നടത്തിയതിന്റെ വാർത്ത.

രാത്രികാലങ്ങളിൽ പക്ഷേ, നിരത്തുകളിലൊന്നും പൊലീസ് ചെക്കിങ്ങ് കാണാറില്ല എന്നതാണ് സത്യം. 8 മണി ആകുന്നതോടെ സിഗ്നലുകൾ മിക്കവാറും എല്ലാം ഓട്ടോമാറ്റിക്ക് ആക്കി ഡ്യൂട്ടിയിലുള്ള പൊലീസ് ഓഫീസർ‌മാർ സ്ഥലം കാലിയാക്കുന്നു. ഹൈവേകളിൽ മാത്രം ചുരുക്കം ചില ഹൈവേ പട്രോൾ പൊലീസ് വാഹനങ്ങൾ കാണപ്പെടാറുണ്ടെങ്കിലും ഹൈഡ് ലൈറ്റും ബ്രേക്ക് ലൈറ്റും ഇല്ലാത്തവരെ പിടികൂടി നടപടി എടുക്കുന്നതായി കണ്ടിട്ടില്ല. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇടാതെ വാഹനം ഓടിക്കുന്ന ഒരാൾ സ്വന്തം ജീവൻ മാത്രമാണ് അപകടത്തിൽ പെടുത്തുന്നതെങ്കിൽ, ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നവർ നിരത്തിലുള്ള ഓരോ വാഹനങ്ങളിലെ യാത്രക്കാരുടേയും കാൽനടയാത്രക്കാരുടെ പോലും ജീവനുകൾക്കാണ് വിലപറയുന്നത്. എന്നിട്ടും ഇക്കാര്യം എന്തുകൊണ്ട് ഒരു വലിയ കുറ്റമായി കണ്ട് നടപടിയെടുക്കുന്നില്ല എന്ന് മനസ്സിലാക്കാനാവുന്നില്ല. ലൈസൻസ് റദ്ദാക്കലും പെർമിറ്റ് ക്യാൻസൽ ചെയ്യലുമടക്കമുള്ള നടപടികൾ ഈ വിഷയത്തിലും ഉണ്ടാകണമെന്നാണ് അപേക്ഷ.

2. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ് എന്നിരിക്കെ, പലപ്പോഴും നിയമം പാലിക്കേണ്ടവർ തന്നെയാണ് അത് ആദ്യം ലംഘിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന് കേരള ഹൈക്കോടതിയുടെ പരിസരത്ത് താമസിക്കുന്ന ഒരാളെന്ന നിലയ്ക്ക് സ്ഥിരമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു നിയമലംഘനം ചൂണ്ടിക്കാണിക്കാൻ ആഹ്രഹിക്കുന്നു.

ഹൈക്കോടതിയുടെ തെക്ക് പടിഞ്ഞാറേ ഗേറ്റിന് എതിർവശത്ത് നോ പാർക്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോർഡിനടിയിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ച്ചയും അനുഭവവുമാണ്. വക്കീലന്മാരുടെ വാഹനങ്ങളാണ് അതിൽ ഭൂരിഭാഗവും എന്നതും ശ്രദ്ധേയമാണ്. എറണാകുളം നഗരത്തിൽ എവിടെയെങ്കിലും നോ പാർക്കിങ്ങ് ബോർഡിനടിയിൽ വാഹനം പാർക്ക് ചെയ്താൽ അധികം താമസിയാതെ അതിൽ മഞ്ഞ സ്റ്റിക്കറൊട്ടിച്ച് പിഴയൊടുപ്പിക്കാൻ ശുഷ്ക്കാന്തി കാണിക്കുന്ന പൊലീസ് ഓഫീസർ‌മാർ പക്ഷേ ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. കിഴക്ക് വടക്കേ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന കോടതിയും ഇത് കാണുന്നില്ല. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ഹൈക്കോടതിയുടെ നേരെ കിഴക്കുവശത്തുള്ള ക്യാമ്പസിലാണ്. എന്നിട്ടും അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാർ ആരും ഈ നിയമലംഘനം കണ്ടതായി നടിക്കുന്നു പോലുമില്ല. വക്കീലന്മാരെ പേടിച്ചിട്ടാണോ അതോ തെളിവൊന്നും ഹാജരാക്കാൻ ആരും തയ്യാറാക്കാത്തതുകൊണ്ടാണോ ഇങ്ങനെയൊരു അനാസ്ഥ ? തെളിവുകളാണ് വേണ്ടതെങ്കിൽ ഞാനെടുത്ത് വെച്ചിട്ടുള്ള ചില ചിത്രങ്ങൾ ഇതോടൊപ്പം താഴെ ഹാജരാക്കുന്നു. കോടതി കൂടിയതിന് ശേഷമുള്ള സമയത്ത് നാല് ദിവസം അതുവഴി പോയി നോക്കിയാൽ താങ്കൾക്ക് നേരിട്ട് ബോദ്ധ്യപ്പെടാവുന്ന കാര്യം മാത്രമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ പീഠത്തിന്റെ മൂക്കിന് കീഴെ ഒരു ദിവസം പോലും ഒഴിയാതെ നടക്കുന്ന ഈ നിയമലംഘനവും അതിന്റെ പേരിൽ ഉണ്ടാകുന്ന ട്രാഫിക്ക് തടസ്സങ്ങളും സമ്പൂർണ്ണ സാക്ഷരരായ മലയാളികൾക്ക് അപമാനമാണ്. ഈ വിഷയത്തിലും മുഖം നോക്കാതെ നടപടിയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 1)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 2)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 3)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 4)
നമ്മുടെ നാട്ടിലെ നോ പാർക്കിങ്ങ് ബോർഡുകൾക്ക് ഒരു സാങ്കേതിക പിശക് കൂടെ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കട്ടെ. നോ പാർക്കിങ്ങ് ബോർഡ് കണ്ടാൽ, അതിനടിയിൽ വാഹനം ഇടാൻ പാടില്ലെന്ന് മാത്രമാണ് ജനം മുഖവിലയ്ക്കെടുക്കുന്നത്. അതുകൊണ്ട് ബോർഡുകളിൽ എത്ര ദൂരത്തേക്കാണ് പാർക്കിങ്ങ് വിലക്കിയിരിക്കുന്നതെന്ന് കൂടെ വിശദമാക്കേണ്ടതല്ലേ ?

ഇങ്ങനെ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത് താങ്കളിൽ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ഒരിക്കലും ധരിക്കരുത്. മറിച്ച്, താങ്കളോട് പറഞ്ഞാൽ ഇതിനൊക്കെ പരിഹാരം ഉണ്ടാകും, താങ്കൾക്ക് പരിഹാരം ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ഇനി മറ്റാർക്കും പരിഹരിക്കാനാവില്ല എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനൊരു കാര്യം അപേക്ഷിക്കുന്നത്. ഇത് താങ്കളിലേക്കെത്തുമോ ഇല്ലയോ എന്നൊന്നും വലിയ നിശ്ചയമില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഒരു പ്രാവശ്യം താങ്കൾക്ക് മൊബൈൽ സന്ദേശം അയച്ചിരുന്നു. അത് താങ്കൾ കണ്ടോ വായിച്ചോ എന്നൊന്നും ഒരുറപ്പുമില്ല. അതുകൊണ്ട് എനിക്കറിയുന്ന മറ്റൊരു മാർഗ്ഗം കൂടെ അവലംബിക്കുന്നു എന്ന് മാത്രം. നടപടിയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടുകൂടെ.

താങ്കളാണ് സൂപ്പർ താരമെന്ന് ശ്രീ. മോഹൻലാൽ പറഞ്ഞത് ഒന്നുകൂടെ അടിവരയിട്ട് പറഞ്ഞുകൊണ്ട് നിറുത്തുന്നു.

എന്ന് വിനീത വിധേയൻ

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ ഇട്ട കമന്റ്...

34 comments:

  1. താങ്കൾ വിചാരിച്ചാൽ നടക്കും. താങ്കളല്ലാതെ മറ്റാരെങ്കിലും ശ്രമിക്കുമോ എന്ന് പോലും നിശ്ചയമില്ല. അതുകൊണ്ട് മുന്നോട്ട് വെക്കുന്ന അപേക്ഷയാണ്. തള്ളരുത്.

    ReplyDelete
  2. ഋഷിരാജ് സിംഗ് സാര്‍ എത്രയും പെട്ടെന്ന് നിരക്ഷരന്‍ ഈ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ കേരളം മുഴുവന്‍ നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete
  3. നല്ലൊരു പരാതിയാണ് ഇത് . അല്ലെങ്കില്‍ അപേക്ഷ ! മനോജേട്ടാ !

    ReplyDelete
  4. മനോജേട്ടാ, ഋഷിരാജ്‌ സിംഗ്ജിക്ക് മലയാളം വായിക്കാന്‍ അറിയുമോ? ഇതിന്റെ ഒരു ചെറിയ ആംഗലേയ പരിഭാഷ കൂടി ഇടാമായിരുന്നു.

    ReplyDelete
  5. നല്ല ലേഖനം മനോജേട്ടാ.. ആ സാങ്കേതിക പ്രശ്നം വളരെ പ്രാധാന്യമർഹിക്കുന്നു... വിദേശ രാജ്യങ്ങളിൽ പാർക്കിംഗ് സൈനുകളിൽ ഒരു "ആരോ" ഉണ്ടായിരിക്കും, അത് റോഡിനു സമാന്തമാരമായിരിക്കും.. തന്മൂലം ഇതു ദിശയിലാണ് നിയന്ത്രണം ഉള്ളത് എന്ന് നമുക്ക് സിമ്പിൾ ആയി മനസിലാക്കാൻ പറ്റും.. ഇവിടുത്തെ സൈനുകൾ റോഡിലേക്ക് ചൂണ്ടുന്നു, ഏതു ദിശയാനെന്നു ഒരു വ്യക്തതയുമില്ല.. അത് മാറ്റിയിരുന്ണേൽ നന്നായിരുന്നു..

    ReplyDelete
  6. Nannaayi, Ithu adheham sradhichaal nannu :)

    ReplyDelete
  7. ഒരു ഹെഡ്‌ലൈറ്റ് മാത്രം വളരെ 'ബുദ്ധിമുട്ടി' പ്രകാശിപ്പിച്ചു കൊണ്ട് രാത്രിയിൽ വേഗത്തിലോടുന്ന ലോറികളെ ഞങ്ങളുടെ നാട്ടിലും കണ്ടിട്ടുണ്ട്. പലതും അനുവദിക്കപ്പെട്ടതിനേക്കാൾ അളവിൽ തടികയറ്റിയ ലോറികളും. താങ്കൾ പറഞ്ഞതു പോലെ പൊതുജനത്തിന്റെ സുരക്ഷയ്ക്കായി ഉണ്ടാക്കിയിട്ടുള്ളതായ നിയമങ്ങൾക്ക് പുല്ലുവില പോലും കൽപ്പിക്കതെയുള്ള ലംഘനം ഏതുരീതിയിൽ അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല.
    പാർക്കിംഗിന്റെ കാര്യത്തിലും അതെ. 'നോ പാർക്കിംഗ്' ബോർഡിനു കീഴിൽ ഒരു വാഹനം പോലും കാണില്ല. പക്ഷേ അതിനു തൊട്ടടുത്തു തന്നെ പാർക്കു ചെയ്തിരിക്കുന്ന വഹനങ്ങളുടെ നീണ്ട നിരതന്നെ കാണാം. 'നോ പാർക്കിംഗി'ലെ 'നോ' ആരും കാണുന്നില്ല എന്നു തോന്നുന്നു. ഞങ്ങളുടെ നാട്ടിൽ 'സീഡ് ഫാം' ജംക്‌ഷനിലെ വളവിൽ മുമ്പ് 'അപകട മേഖല പതുക്കെ പോവുക' എന്ന ബോർഡ് വച്ചിരുന്നു. ആ ബോർഡിൽ ഒരു കാർ ഇടിച്ചുകയറിയതിന്റെ വാർത്ത (ഫോട്ടോയടക്കം) ആയിടെ - ഏതാനും വർഷങ്ങൾക്ക് മുമ്പ് - പത്രത്തിൽ വന്നിരുന്നു. 'സീഡ് ഫാം ജംക്‌ഷനും' ആ വളവും ഇപ്പോഴുമുണ്ട്. പക്ഷേ അപകടമേഖല സൂചിപ്പിക്കുന്ന ബോർഡ് ഇല്ല!
    (മേൽപ്പറഞ്ഞ അപകടവും മനോജേട്ടന്റെ നിർദ്ദേശങ്ങളും തമ്മിൽ നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും പറഞ്ഞുവെന്നേയുള്ളൂ)
    മനോജേട്ടൻ പറഞ്ഞതുപോലെ 'നോ പാർക്കിംഗ്' ബോർഡിൽ ഭേദഗതി വന്നാൽ നന്നായിരുന്നു.

    ReplyDelete
  8. പ്രിയപ്പെട്ട മനോജ്‌ ഭായ്......

    നന്നായിട്ടുണ്ട്.....ഇഷ്ടപ്പെട്ടു....

    ഞാൻ നേരത്തെ ഋഷിരാജ് സാറിന്റെ ഫോണിലേക്കും, കേരള മോട്ടോർ വെഹികിൽസ് ഡിപ്പാർട്ട്മെന്റിന്റെ ഈമെയിലിൽ ഉം അയച്ച പരാതി താഴെ. ഇതുവരെയും ഒരു മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് ഖേദപൂർവ്വം അറിയിക്കട്ടെ...

    1. ഇടതുപക്ഷം ഉമ്മൻചാണ്ടി രാജി വയ്ക്കണം എന്ന് പറഞ്ഞു തലസ്ഥാനത്ത് ഉപരോധം നടത്തിയ ദിവസം മന്ത്രിമാരെല്ലാം കണ്ടോന്മേന്റ്റ് ഗേറ്റ് വഴി സെക്രടരിയെട്ടിനു അകത്തേക്ക് പോയി. പക്ഷെ ഒരൊറ്റ മന്ത്രിമാരുടെയും ഡ്രൈവർമാർ സീറ്റ് ബെൽറ്റ്‌ ധരിച്ചിട്ടില്ലായിരുന്നു

    2. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ ദിവസത്തെ വിഷ്വൽസ് കാണിക്കുന്നത് മുഖ്യമന്ത്രിയുടെ ഡ്രൈവർക്കും സീറ്റ് ബെൽറ്റ്‌ ഇല്ല എന്നാണു.

    കൂടാതെ.... ഹൈവേ പട്രോൾ, മറ്റു പോലീസ് വാഹനങ്ങൾ, എന്നിവയിൽ എണ്‍പത് ശതമാനത്തോളവും സീറ്റ് ബെൽറ്റ്‌ ഉപയോഗിക്കില്ല. (വെറുതെ ഒരു രണ്ടു മണിക്കൂർ ടൌണിൽ നിന്നാൽ കാണാം)

    കോട്ടയത്ത്‌ നടന്ന ബൈക്ക് റാലി (കൊണ്ഗ്രെസ്സിന്റെ) ൽ ഒരൊറ്റ നേതാക്കളും പ്രവർത്തകരും ഹെൽമെറ്റ്‌ ധരിചിട്ടില്ലായിരുന്നു.

    ഒരുപാട് പേര് ഫെയിസ്ബൂക്കിൽ ഇതെപ്പറ്റി എഴുതിയിട്ടുണ്ടായിരുന്നു.. പക്ഷെ നിയമം സാധാരണക്കാർക്ക് മാത്രം എന്നാ സമ്പ്രദായം ഇദ്ദേഹത്തിനുമുണ്ടോ? അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്. എല്ലാവര്ക്കും ഒരേ രീതിയിൽ നിയമം ബാധകമാക്കാനുള്ള ആർജവം / ആമ്പിയർ അദ്ദേഹം കാനിക്കുമാരാകട്ടെ.

    ReplyDelete
  9. ഷബീര്‍ തിരിച്ചിലാന്‍... ഒപ്പ്... (എല്ലാരും വന്ന് ഒപ്പ് വച്ച് പോകൂ...)

    ReplyDelete
  10. ഇതും നടക്കും.

    ReplyDelete
  11. വളരെ നല്ല കാര്യം. തീര്ച്ചയായും പരിഹാരം ഉണ്ടേയേക്കും.

    ReplyDelete
  12. വളരെ നന്നായി,ചില കാര്യങ്ങളില്‍ ശ്രദ്ധ കുറച്ചുകൂടി മെച്ചപ്പെടുത്തിയാല്‍ ഒരുപാടു മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

    ReplyDelete
  13. ഈ പരാതിക്കൊപ്പം വയ്ക്കാവുന്നതെന്ന് തോന്നുന്ന ഒന്നുകൂടിയുണ്ട്.രാത്രിയിൽ ഓടിച്ചുപോകുന്ന ഹെഡ്‌ലൈറ്റ് പ്രവർത്തിക്കുന്ന വാഹനങ്ങളിൽ പലതിലും ലൈറ്റ് ഡിം ചെയ്യാനുള്ള സൗകര്യം ഇല്ലാഞ്ഞിട്ടോ, അതോ അതിനുള്ള ബോധം ഇല്ലാഞ്ഞിട്ടോ എതിരെ വരുന്നവന്റെ കണ്ണ് ഫ്യൂസാകുന്ന തരത്തിൽ ഓടിച്ചുപോകുന്നവർക്കെതിരെയും വേണം നടപടി.

    ReplyDelete
  14. Niren ji, good article / letter. Let us hope Our Singh saab will see this and will take action on this.

    ReplyDelete
  15. Niren Ji, good writing, let us hope our Singh Saab will see this and take action on these points.

    ReplyDelete
  16. എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്നത് വെറുതെ ആണ് ....അക്ഷരങ്ങളിലൂടെ പലര്‍ക്കും പലതും ചെയ്യാന്‍ കഴിയും ..ഈ കത്തും അദ്ദേഹം വായിക്കുമെന്ന് കരുതാം

    ReplyDelete
  17. നല്ല പോസ്റ്റ്. നിരക്ഷരന്‍.
    ഇതിന് ഫല പ്രാപ്തിയുണ്ടാകട്ടെ

    ReplyDelete
  18. സിംഗം ഇതിനും ഒരു പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നു !!

    ReplyDelete
  19. മനോജേട്ടാ നല്ല ലേഖനം, ഹൈക്കോടതി പരിസരത്തെ പാർക്കിങും, കൃത്യമായ സൈൻ ബോർഡുകളും പ്രത്യേകപരിഗണന അർഹിക്കുന്ന വിഷയം തന്നെ. ഹൈക്കോടതി പരിസരിസരത്തെ പാർക്കിങ് പോലീസ് ക്ലബ്ബിന്റെ മുൻപിൽ ആണെന്ന കാര്യവും പ്രത്യേകപരാമർശം അർഹിക്കുന്നു. വൈകുന്നേരം ഈ വളവ് തട്ടുകടക്കാരും ഓട്ടോറിക്ഷകളും കൈയ്യടക്കും. അതുപോലെ വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു സംവിധാനം ആണ് പഴയ ഹൈക്കോടതിയുടെ (മൻമോഹൻ ബംഗ്ലാവ്) മുൻപിലെ ഈ റോഡ്. അത് ഒരു ട്രാഫിക് ഐലന്റ് ആണോ? അറിയില്ല. വാഹനങ്ങൾ ഏതിലേയാണ് പോകേണ്ടതെന്ന് വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ല. അത് ഇവിടെ മാത്രമല്ല എറണാകുളം നഗരത്തിൽ പലയിടത്തും അങ്ങനെ തന്നെ. ഏതൊക്കെയാണ് വൺവേ എന്ന് എറണാകുളത്ത് സ്ഥിരതാമസക്കാരായവർക്ക് പോലും ഒരു പക്ഷെ പറയാൻ സാധിക്കില്ല. പല സ്ഥലത്തും ഇത് അടയാളപ്പെടുത്തിയിട്ടില്ല. അതിനും നടപടി ഉണ്ടാകണം. അതിനെല്ലാം റോഡ് സേഫ്റ്റി അഥോറിറ്റി മുൻകൈ എടുക്കും എന്ന് കരുതാം.

    ReplyDelete
  20. സ്വകര്യബസ്സ് സംവിധാനം നേരെയാക്കാൻ ശ്രീ ഋഷിരാജ് സിങ് നടത്തുന്ന പരിശ്രമങ്ങൾ തീർച്ചയായും ശ്ലാഘനീയം തന്നെ. പക്ഷെ ഇതേ കാർക്കശ്യം അദ്ദേഹം സംസ്ഥാനസർക്കാർ ഉടമസ്ഥതയിലുള്ള ആനവണ്ടികളുടെ (കെ എസ് ആർ ടി സി) കാര്യത്തിലും കാണിക്കണം. സ്പീഡ് ഗവർണർ (വേഗപ്പൂട്ട്) പരിശോധനകൾ പൊതുജനത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് അദ്ദേഹം നടത്തുന്നതെങ്കിൽ അത് സ്വകാര്യബസ്സുകളിലും, ടിപ്പർ ലോറികളിലും മാത്രമായി ഒതുക്കാതെ ആനവണ്ടികളുടെ കാര്യത്തിലും പ്രാവർത്തികമാക്കണം. കാരണം കേരളത്തിൽ ആകെ സർവ്വീസ് നടത്തുന്ന സ്റ്റേജ്ക്യാരേജ് വാഹനങ്ങളിൽ 25% മാത്രം വരുന്ന ആനവണ്ടികൾ മൂലമുണ്ടാകുന്ന അപകടങ്ങളും കുറവല്ല. ബ്രേക്ക് ലൈറ്റ്, വേഗപ്പൂട്ട്, ഹെഡ് ലൈറ്റുകൾ, എയർ ഹോൺ എന്നിവയുടെ കാര്യത്തിൽ ആനവണ്ടികളും കർശനനിരീക്ഷണത്തിനും പരിശോധനകൾക്കും വിധേയമാക്കണം. സർക്കാർ നിയമങ്ങൾ ഒന്നും ആനവണ്ടികൾക്ക് ബാധകമല്ല എന്ന അവസ്ഥമാറണം.

    ReplyDelete
  21. ഒരുകാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് തൽക്കാലം നിറുത്തുന്നു. സ്വകര്യബസ്സുകളും ആനവണ്ടികളും മാത്രം ആശ്രമുള്ള സാധാരണജനങ്ങൾ അഭിമുഖീകരിക്കുന്ന മറ്റൊരുവിഷയം രാത്രികാലങ്ങളിൽ സർവ്വീസ് മുടക്കുന്ന ബസ്സുകളാണ്. ഇതുമൂലം നമ്മുടെ വൈപ്പിനിൽ തന്നെ നിരവധി ആളുകളാണ് രാത്രി ബസ്സില്ലാതെ വിഷമിക്കുന്നത്. പലപ്പോഴും എട്ടുമണികഴിഞ്ഞാൽ ഹൈക്കോടതി ജംങ്ഷനിൽ നിന്നും ബസ്സുകൾ നന്നേ കുറവാണ്. ഈ വിഷയത്തിൽ അധികാരികൾക്ക് മുന്നിൽ നിരന്തരമായി പരാതി ഉന്നയിച്ച ആളാണ് ഞാൻ. കഴിഞ്ഞ ആർ ടി എ യോഗത്തിൽ വരെ ഈ വിഷയവുമായി ഞാൻ പോയി. ആർ ടി എ എന്തു നടപടിയാണ് തീരുമാനിക്കുക എന്നറിയില്ല. അത് കാത്തിരിക്കുന്നു. മോട്ടോർ വാഹനവകുപ്പ ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. സ്ഥിരമായി സർവ്വീസ് റദ്ദാക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് ക്യാൻസൽ ചെയ്യാനും നടപടി ഉണ്ടാകണം. ഇത് പരിശോധിക്കുന്നതിന് ജി പി എസ്സ് സംവിധാനങ്ങൾ ആനവണ്ടിയിലും സ്വകാര്യവണ്ടിയിലും ഘടിപ്പിക്കണം. അത് നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം.

    ReplyDelete
  22. വിചാരിച്ചാൽ നടക്കും.
    നല്ല ലേഖനം. ഇത് കാണേണ്ടവർ വേണ്ട നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  23. വളരെ പ്രസക്തമായ ഈ കാര്യങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് തന്നെ കരുതാം..

    ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടതുപോലെ, രാത്രികാലങ്ങളിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ വാഹനമോടിക്കുന്നവർക്കെതിരെയും കർശനമായ നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണ് - പ്രത്യേകിച്ച് വലിയ വാഹനങ്ങൾക്കെതിരെ..

    ReplyDelete
  24. manoj,

    very good and appreciable writting....


    sajeev

    ReplyDelete
  25. പൂർണ്ണമായും യോജിക്കുന്നു. അദ്ധെഹത്തിന്റെ ശ്രദ്ധയിൽ ഉണ്ടാവട്ടെ.. ആർജ്ജവമുള്ള ഇത്തരം ആളുകളാണ് നമ്മുടെ നാടിനു ആവശ്യം. അവരെ എത്രത്തോളം രാഷ്ടീയക്കാർ വളരാൻ അനുവദിക്കുമെന്ന് സംശയം ബാക്കി നിൽക്കുന്നു.

    ReplyDelete
  26. എതിരെ വരുന്ന വാഹനം 'ഡിം' അടിച്ചു തരാത്തതാണ് എനിക്ക് ഏറ്റവും വല്യ പ്രശ്നമായി തോന്നാറുള്ളത്.
    ഇതൊക്കെ ഓരോരുത്തർക്ക് തോന്നേണ്ട കാര്യമല്ലേ... ആരോട് പറയാൻ...

    ReplyDelete
  27. Rishi Raj King...Letz have more of this kind of officers..

    ReplyDelete
  28. നാട്ടിലെ ചെക്കിങ്ങിനിടയിൽ ഒരിക്കലും ലൈറ്റുകൾ ( മുന്നിലെതോ പിന്നിലേതോ ) ചെക്ക് ചെയ്യുന്നത് കണ്ടിട്ടില്ല. വിദേശ രാജ്യത്ത് ബ്രേക്ക്‌ ലൈറ്റ് കത്തിയില്ല എങ്കിൽ പിഴയാണ്.


    ഗൾഫിൽ ഞാൻ വസിക്കുന്ന സ്ഥലത്ത് കണ്ട മറ്റൊരു നല്ല കാര്യം, പുതിയ വണ്ടി വാങ്ങി ആദ്യ മൂന്നു വര്ഷം കഴിഞ്ഞാൽ എല്ലാ വര്ഷവും പാസ്സിംഗ് നടത്തണം എന്നുള്ളതാണ് . വണ്ടിയുടെ ഫിറ്റ്നസ്, പെയിന്റ്, ലൈറ്റുകൾ, എല്ലാം പരിശോധനാ വിധേയമാക്കി, പുതിയ രജി. ബുക്ക്‌ തരുന്ന നടപടി വളരെ നല്ലതാണ്. ഇൻഷുറൻസ് പണം കെട്ടുന്ന ഫോം തന്നെ പസിങ്ങിനു ഉപയോഗിക്കുന്നതിനാൽ, രജി. ബുക്ക്‌ വാലിഡ്‌ എങ്കിൽ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ട് എന്നും ഉറപ്പിക്കാം. ഈ രീതിയിൽ ആയതിനാൽ വണ്ടികല്ക്ക് ഇൻഷുറൻസ് ഇല്ലാത്ത ഒരു സ്ഥിതിയും വരുന്നില്ല. നമ്മുടെ നാട്ടില നോക്കു...എത്ര വണ്ടികല്ക്ക് ഇൻഷുറൻസ് ഉണ്ടാവും ? എത്ര വണ്ടികള അതിന്റെ യഥാര്ത ഉടമസ്തന്റെതാവും ?

    ReplyDelete
  29. നന്ദി...മനോജേട്ടാ

    ReplyDelete
  30. ഇതുപോലെയോ, ഇതിലേറെയോ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് രാത്രി കാലത്തെ ഹെഡ് ലൈറ്റ്. ഇപ്പോഴത്തെ വണ്ടികള്‍ക്കെല്ലാം ഹാലജന്‍ ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. രാത്രി യാത്ര നടത്തുന്നവര്‍ക്ക് അറിയാം, 100 ല്‍ 90 ശതമാനവും ഹൈബീമിലാണ് വണ്ടി ഓടിക്കുന്നത്. സ്റ്റേറ്റ് ഹൈവേകള്‍ പോലെയല്ലല്ലോ നമ്മുടെ സാധാരണ നിരത്തുകള്‍. എതിര്‍ വാഹനത്തിന്‍റെ ലൈറ്റ് കൊണ്ട് പലപ്പോഴും വണ്ടി ഒതുക്കി ഇടേണ്ടി വന്നിട്ടുണ്ട്. നമ്മള്‍ എത്ര പ്രാവശ്യം ഡിം അടിച്ചു കാണിച്ചാലും എതിരില്‍ നിന്നും ഒരു മൈന്‍ടും ഉണ്ടാകാറില്ല. ഗള്‍ഫിലെയും, മറ്റു വിദേശ രാജ്യങ്ങളിലെയും പോലെ അനാവശ്യമായി ഹൈ ബീം ഉപയോഗിക്കുന്നവരെ നിലയ്ക്ക് നിര്‍ത്തുവാനുള്ള സംവിധാനം വേണം.
    അതുപോലെ അനാവശ്യമായ ലൈറ്റുകളും, റിഫ്ലക്ഷന്‍ സ്റ്റിക്കറുകളും ഒഴിവാക്കാനും നടപടി സ്വീകരിക്കണം.. കാരണം NH 17 (ഇപ്പോള്‍ മാറി) ഇടപ്പള്ളിയില്‍ നിന്ന് തുടങ്ങി വടക്കോട്ട്‌ പോയിട്ടുള്ളവര്‍ക്ക് അറിയാം. ചില ബസ്സുകളും, ലോറികളും വരുന്നത് കണ്ടാല്‍ ദീപാലംകൃതമായ ഏതോ ഒരു കപ്പല്‍ ഒഴുകി വരുകയാണെന്ന് തോന്നും. ചിലതൊക്കെ ഒരുവിധപ്പെട്ട ചെറുവാഹനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ തന്നെയാണ്‌ ഇതെല്ലാം ചെയ്തിരിക്കുന്നതും.... ഇതും ഒന്ന് ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.....
    വളരെ ചെറിയ ഒരു ശതമാനത്തിന്‍റെ എതിര്‍പ്പിനെയോ, മുറുമുറുപ്പിനെയോ കണക്കാക്കാതെ അങ്ങ് ധൈര്യമായി മുന്നോട്ട് പോകണം..... കേരളത്തിലെ മുഴുവന്‍ ജനങ്ങളും താങ്കള്‍ക്കൊപ്പം ഒരു മനസ്സായി കൂടെയുണ്ട്.......

    ReplyDelete
  31. Please take care of editing the photos before putting into the blog. The numbers on the cars are visible and could lead to identification.

    You do not have rights to make ones identity public without explicit consent.

    ReplyDelete
    Replies
    1. @Anonymous - പൊതുസ്ഥലത്ത് നിയമം അനുശാസിക്കാതെ കിടക്കുന്ന ഒരു വാഹനത്തിന്റെ നമ്പർ അടക്കമുള്ള പടം പബ്ലിഷ് ചെയ്തിരിക്കുന്നത് അതിനെതിരെ എന്തെങ്കിലും നടപടി എടുക്കാൻ ഇത് കാണുന്ന അധികാരികൾ(കാണുമെന്ന് കാര്യമായ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും, ഒരു നേർത്ത സാദ്ധ്യതയുണ്ടല്ലോ) മുതിർന്നാലോ എന്ന ലക്ഷ്യത്തോടെയാണ്. അത് ഒരു കുറ്റമാണെന്ന് ഞാൻ കരുതുന്നില്ല. കുറ്റകൃത്യങ്ങൾ ചെയ്യുന്ന അത്തരം വാഹനങ്ങളുടെ ചിത്രങ്ങൾ എടുത്ത് ട്രാഫിൿ ഡിപ്പാർട്ട്മെന്റിന് അയച്ചുകൊടുക്കാനും ആ വാഹന ഉടമയ്ക്കെതിരെ നടപടി എടുക്കാനും ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ സംവിധാനങ്ങളുണ്ടെന്നുള്ളത് മനസ്സിലാക്കുക. ഇനിയിപ്പോൾ ഇതിന്റെ പേരിൽ വാദി പ്രതി ആയാൽ അതിന്റെ വരും‌വരായ്കകൾ ഞാൻ അനുഭവിക്കുന്നതായിരിക്കും. ഉപദേശത്തിന് നന്ദി. കുത്തിയിരുന്ന് വായിച്ച് എന്റെ നാല് ബ്ലോഗ് പോസ്റ്റുകളിലായി കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ച് നിരത്തിയ മുഖമില്ലാത്ത താങ്കളെപ്പോലുള്ള ഒരാൾക്ക് എന്റെ എല്ലാ ബ്ലോഗ് പോസ്റ്റുകളിലും ഇതിലുമധികം കുറ്റങ്ങൾ ഇനിയും കണ്ടുപിടിക്കാൻ സാധിച്ചെന്ന് വരും. മുഖമില്ലാത്ത ഭീരുവായ ഒരാളാണെങ്കിലും ഇത്രയും സമയം ഇവിടെ ചിലവഴിച്ചതിന് നന്ദി പറയാതിരിക്കാനാവില്ല. നന്ദി.

      Delete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.