Sunday, 24 March 2013

കള്ളനോട്ടും ബാങ്കുകളും.

ള്ളനോട്ടുകൾ മറ്റ് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നെനിക്കറിയില്ല. പക്ഷെ എനിക്കീ സാധനം ഒരുപാട് പ്രാവശ്യം സ്വര്യക്കേട് ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് കണ്ടൈനർ വഴി കൊച്ചിയിൽ ഇറങ്ങിയ കള്ളനോട്ടുകൾ ഇപ്പോളും വിതരണം ചെയ്ത് തീർന്നിട്ടില്ലെന്നാണ് വാർത്തകൾ. അതിന് ശേഷം പല പല വഴികളിലൂടെ വന്നിറങ്ങിയ കള്ളനോട്ടുകൾ വേറെയും. ബാങ്കുകളുടെ ATM വഴി പോലും കള്ളനോട്ടുകൾ ഇടപാടുകാരന്റെ കൈയ്യിലെത്തുന്നത് സർവ്വസാധാരണമായ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇതൊക്കെത്തന്നെ ധാരാളമല്ലേ ?

അഞ്ചെട്ട് മാസങ്ങൾക്ക് മുൻപാണ് കള്ളനോട്ടുകൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ എനിക്കനുഭപ്പെടാൻ തുടങ്ങിയത്. ഒരു MRI സ്ക്കാനിങ്ങ് കേന്ദ്രത്തിൽ കൊടുത്ത പണത്തിൽ നിന്ന് 1000 രൂപയുടെ ഒരു നോട്ട് മാറ്റിക്കൊടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കള്ളനോട്ടാണെന്നൊന്നും സൂചിപ്പിക്കാതെ വളരെ മാന്യമായാണ് അവരത് അവതരിപ്പിച്ചത്.

"മാറ്റിത്തരുന്നത് എന്തിനാണ്, കീറിയിട്ടൊന്നും ഇല്ലല്ലോ, കള്ളനോട്ടും അല്ലല്ലോ" എന്നായി ഞാൻ.

“മാനേജ്മെന്റിന്റെ നിർദ്ദേശമാണ്, ഞങ്ങളത് അനുസരിക്കുന്നെന്ന് മാത്രം” 

“എങ്കിൽ‌പ്പിന്നെ ഇപ്പറഞ്ഞ ആവശ്യം കടലാസിൽ എഴുതിത്തരൂ, ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം“ 

അവരാകെ ധർമ്മസങ്കടത്തിലായി.

“ഇത് കള്ളനോട്ട് തന്നെയാണ്. പക്ഷെ ബാങ്കുകൾ അടക്കം പലയിടത്തും യാതൊരു പ്രശ്നവും ഇല്ലാതെ ഇത് വിനിമയം ചെയ്യപ്പെടുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് എടുക്കാൻ നിവൃത്തിയില്ല. കടലാസിൽ എഴുതിത്തരണമെന്ന് പറഞ്ഞ് ഞങ്ങളെ കുഴയ്ക്കരുത്. ഞങ്ങൾ വെറും ശമ്പളക്കാർ മാത്രമാണ്“ 

നോട്ട് മാറിക്കൊടുത്ത് ഞാൻ സ്ഥലം വിട്ടു. എനിക്ക് ആ നോട്ട് തന്നയാളെ സമീപിച്ച് അയാളുടെ പക്കൽ നിന്ന് നോട്ടുകൾ മാറിയെടുക്കാനായി അൽ‌പ്പം നടക്കേണ്ടി വന്നെങ്കിലും ഞാനതിൽ നിന്നും തല ഊരിയെടുത്തു. 

അതിനുശേഷം രണ്ട് പ്രാവശ്യം കൂടെ ഇത്തരം നോട്ടുകളുടെ പ്രശ്നം അനുഭവിക്കേണ്ടി വന്നു. പഴയ കാറ് വിട്ട് കിട്ടിയ പണം പുതിയ കാറിന് അഡ്വാൻസായിട്ട് കൊടുത്തപ്പോളും, പിന്നൊരിക്കൽ ICICI ബാങ്കിൽ കുറച്ച് പണം നിക്ഷേപിക്കാനായി ചെന്നപ്പോളുമാണത്. അശ്രദ്ധ കാരണം അത്തരം നോട്ടുകൾ വീണ്ടും കൈയ്യിൽ എത്തിച്ചേർന്നതിൽ എനിക്ക് വല്ലാത്ത കുറ്റബോധമുണ്ടായി. ICICI ബാങ്കിൽ ‘KNOW YOUR BANKNOTE‘ എന്നുള്ള ഒരു ലഘുലേഖ ചുമരിൽ പതിപ്പിച്ചിട്ടുണ്ട്.

ചിത്രം 1:- ബാങ്കുകൾ പ്രദർശിപ്പിക്കുന്ന നോട്ടീസ്.

അതിലുള്ളത് പ്രകാരം താഴെക്കാണുന്ന ചിത്രത്തിലുള്ള നോട്ട് കള്ളനോട്ടാണ്. എന്റെ കൈയ്യിൽ കയറി വന്ന് പ്രശ്നമുണ്ടാക്കിയ അത്തരം ഒരു നോട്ടാണ് ചിത്രം 2ൽ.

ചിത്രം 2. (റിസർവ്വ് ബാങ്ക് പരസ്യപ്രകാരം ഇത് കള്ളനോട്ടാണ്. )

വെളുത്ത വൃത്തത്തിന് സമീപം 1000 എന്ന് കാണിക്കേണ്ടയിടത്ത് ഒരു താമരയുടെ പടമാണ് ഈ നോട്ടിൽ കാണിക്കുക. നോട്ട് മറിച്ചുപിടിച്ച് നോക്കിയാൽ അക്കങ്ങൾ ഉള്ള ഭാഗത്തൊക്കെ കൂടുതലായി ഒരു ചുവപ്പ് നിറം കാണാനുമാകും. ഈ കള്ളനോട്ടിലുള്ള മറ്റ് കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിലും മേൽ‌പ്പറഞ്ഞ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. നോട്ടുകൾ അകം‌പുറം തിരിച്ച് പിടിച്ച് എണ്ണിയാലോ പരിശോധിച്ചാലോ നിറവ്യത്യാസത്തിലൂടെ എളുപ്പം ഈ നോട്ടുകളെ തിരിച്ചറിയാനുമാകും.

ശരിക്കുള്ള 1000 ൂപനോട്ടിന്റെ അടയാളങ്ങൾ.

ഇന്നലെ (2013 മാർച്ച് 23)യുണ്ടായ ഒരു സംഭവമാണ് സത്യത്തിൽ ഈ കുറിപ്പെഴുതാൻ കാരണം. പറവൂരുള്ള SBT യുടെ ഒരു ശാഖയിൽ ചെന്ന്, ട്രഷറിയിൽ നിന്ന് കിട്ടിയ ഒരു ചെക്ക് മാറിയപ്പോൾ കിട്ടിയ പണത്തിൽ 1000 രൂപയുടെ ഒരു പ്രശ്നക്കാരൻ നോട്ട് !!! ഉടനെ തന്നെ കാര്യം കൌണ്ടറിൽ ബോധിപ്പിച്ചു. ദാ ആ സാറിനോട് പറയൂ എന്നായിരുന്നു മറുപടി. ആ സാറ് മറ്റൊരു സാറിനെ കാണിച്ചുതന്നു.

“ഇത് പഴയ സീരീസ് നോട്ടാണ് കുഴപ്പമൊന്നും ഇല്ല.“
സാറിന്റെ മറുപടി.

“പക്ഷേ, സാറേ ഞാൻ ഈ നോട്ട് എറണാകുളത്ത് പല ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൊടുത്തപ്പോൾ പ്രശ്നം ഉണ്ടായിട്ടുണ്ട്”

“ഏതൊക്കെ ബാങ്കിലാണ് കൊടുത്തിട്ടുള്ളത്? ”

“ICICI ബാങ്കിൽ കൊടുത്തിട്ടുണ്ട്.”

“ICICI ബാങ്ക് പെട്ടിക്കടയല്ലേ. അക്കാര്യം ഇവിടെ പറയണ്ട.”

“എങ്കിൽ‌പ്പിന്നെ എനിക്ക് കൂടുതലൊന്നും പറയാനില്ല. നിങ്ങൾ ബാങ്കുകാർ പറയുന്ന ഈ ‘പഴയ സീരീസ്‘ ന്യായീകരണം, ഞങ്ങൾ ഇടപാടുകാർ ബാങ്കിനോട് പറഞ്ഞാൽ ഏൽക്കില്ല സാറേ. അപ്പോഴേക്കും കള്ളനോട്ടാണെന്ന് പറഞ്ഞ് നിങ്ങളത് കണ്ടുകെട്ടിയിരിക്കും.”

ഞാൻ ബാങ്കിൽ നിന്ന് വെളിയിലേക്ക് കടന്നു. പടികൾ ഇറങ്ങുമ്പോളാണ് ശ്രദ്ധിച്ചത്, ICICI ബാങ്കിൽ മുൻപ് കണ്ട അതേ നോട്ടീസ് (ചിത്രം:-1) ഇവിടെയും പതിപ്പിച്ചിരിക്കുന്നു. അത്തരം നോട്ടീസ് പ്രദർശിപ്പിച്ചിട്ട് ജനങ്ങളെ ബോധവാന്മാരാക്കിയ ശേഷമാണ് അതേ നോട്ട് ബാങ്കിൽ നിന്ന് ഇവർ വിതരണം ചെയ്യുന്നത്. എങ്കിൽ‌പ്പിന്നെ അത്ര എളുപ്പം സ്ഥലം വിട്ടാൽ ശരിയാകില്ല. മാനേജരെ വിവരം അറിയിച്ചിട്ട് മടങ്ങിയേക്കാം എന്ന് തീരുമാനിച്ചു. മാനേജരുടെ ക്യാബിന് മുന്നിൽ നിൽക്കുമ്പോൾ പഴയൊരു പരിചയക്കാരൻ അടുത്തേക്ക് വന്ന് കാര്യം തിരക്കി. കള്ളനോട്ട് എടുത്ത് കാണിച്ചപ്പോൾ, അപ്പോൾ ബാങ്കിൽ നിന്ന് കിട്ടിയ നോട്ടുകൾ അദ്ദേഹവും പരിശോധിച്ചു. അക്കൂട്ടത്തിലുമുണ്ട് പ്രശ്നക്കാരൻ നോട്ട് നാലെണ്ണം. മാനേജരെ കാണാനൊന്നും നിൽക്കണ്ട. ആ നോട്ട് എനിക്ക് തന്നേക്കൂ. ഞാനിവിടത്തെ സ്ഥിരം കസ്റ്റമറാണ്. ഞാൻ മാറിയെടുത്തോളാമെന്നായി കക്ഷി.

ഒരു നോട്ട് മാറി വാങ്ങുന്നതല്ല ഇപ്പോൾ വിഷയം. അത്തരം നോട്ടുകൾ കള്ളനോട്ടുകളാണെന്ന് നോട്ടീസ് പതിപ്പിച്ച് വെച്ചിട്ട് അതേ നോട്ടുകൾ ബാങ്കിൽ നിന്നുതന്നെ വിതരണം ചെയ്യുന്നത് എന്തൊരു ഉത്തരവാദിത്വമില്ലായ്മയാണ്. അത് ചോദ്യം ചെയ്തപ്പോൾ മറ്റ് ബാങ്കുകളെ തരം താഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്നത് എത്ര മോശം സമീപനമാണ്. സുഹൃത്തിനെ ബാങ്കിന്റെ പടികൾക്ക് സമീപമുള്ള ചുമരിലെ നോട്ടീസ് ഞാൻ കാണിച്ചുകൊടുത്തു. അതോടെ സുഹൃത്തും ഉഷാറായി, എന്നോടൊപ്പം മാനേജരുടെ ക്യാബിനിലേക്ക് കയറി. ഇതിനകം ആദ്യം ഞാൻ സംസാരിച്ച സാറ് അവിചാരിതമായി മാനേജറുടെ ക്യാബിനിൽ എത്തിയിരുന്നു.

മാനേജറോട് കാര്യം അവതരിപ്പിച്ചപ്പോൾ, ആദ്യത്തെ സാറ് കയറി ഇടപെട്ടു.

“ഇയാൾക്ക് ആ നോട്ടൊരെണ്ണം മാറിത്തന്നാൽ പ്രശ്നം തീർന്നില്ലേ ? ”

“രണ്ട് മിനിറ്റ് മുൻപ് ഞാൻ സാറിനെ സമീപിച്ചപ്പോൾ നോട്ട് മാറിത്തന്നാൽ പ്രശ്നം തീരുമായിരുന്നു. അപ്പോൾ സാറ് മറ്റ് ബാങ്കുകളെ അധിക്ഷേപിക്കാനാണല്ലോ താൽ‌പ്പര്യം കാണിച്ചത്. ഇത് പഴയ സീരീസിലുള്ള നോട്ടാണെന്ന് പറയുകയും ചെയ്തു. അതിനുശേഷമാണ് ബാങ്കിന് വെളിയിൽ ഒട്ടിച്ചിരിക്കുന്ന നോട്ടീസ് ഞാൻ കണ്ടത്. അങ്ങനൊരു നോട്ടീസ് ഒട്ടിച്ചുവെച്ചിട്ട്, കള്ളനോട്ട് തന്നെ ഇവിടന്ന് വിതരണം ചെയ്യുന്നതാണ് ഇപ്പോളത്തെ പ്രശ്നം. അതിനൊക്കെ ഉപരി ഇടപാടുകാരോടുള്ള നിങ്ങളുടെയൊക്കെ സമീപനമാണ് പ്രശ്നം.”


“നോട്ടീസോ ? ഏത് നോട്ടീസ് ? എവിടെ ഒട്ടിച്ചിരിക്കുന്നു. ?” എന്നായി മാനേജർ.

“ഓഹോ, അപ്പോൾ സാറിന് അങ്ങനൊരു നോട്ടീസിനെപ്പറ്റി അറിയില്ലല്ലേ? അപ്പോൾപ്പിന്നെ കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല.”

“ആ നോട്ടീസങ്ങ് കീറിക്കളഞ്ഞേക്ക്.“ മാനേജരുടെ വക ഉത്തരവ് ഉദ്യോഗസ്ഥനോട്.

കാര്യങ്ങൾക്കൊക്കെ എളുപ്പം തീരുമാനമായിക്കഴിഞ്ഞു. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ വെളിയിലേക്ക് നടന്നു.

സത്യത്തിൽ ഈ കുറിപ്പ് ഒരു സംശയ നിവാരണത്തിന് കൂടെ വേണ്ടിയാണ് ഇട്ടിരിക്കുന്നത്. ചിത്രം 2ൽ കാണിക്കുന്ന നോട്ട് ശരിക്കും കള്ളനോട്ട് അല്ലേ ? ആണെങ്കിൽ, ബാങ്കുകളടക്കം പലയിടത്തും ഇപ്പോഴും അത് സുലഭമായി വിനിമയം നടത്തപ്പെടുന്നത് എന്തുകൊണ്ട് ? അതിനി ശരിക്കും ‘പഴയ സീരീസ്‘ നോട്ടുകൾ ആണെങ്കിൽ എന്തുകൊണ്ട് അത് കള്ളനോട്ടാണെന്ന് കാണിച്ച് ബാങ്കുകളിൽ നോട്ടീസ് പതിച്ചിരിക്കുന്നു ? മറ്റ് പല സ്ഥാപനങ്ങളും ബാങ്കുകളും എന്തുകൊണ്ട് ആ നോട്ട് സ്വീകരിക്കുന്നില്ല ?

വാൽക്കഷണം:- ബാങ്ക് ഉദ്യോഗസ്ഥന്മാരുടെ ഉത്തരവാദിത്വം ഇല്ലാത്ത പെരുമാറ്റങ്ങളും പ്രവർത്തികളും ഇതാദ്യമായിട്ടല്ല കാണുന്നത്. കറൻസി നോട്ടുകൾക്ക് മുകളിൽ എഴുതാൻ പാടില്ലെന്ന് നിയമം നിലവിലുള്ളപ്പോൾത്തന്നെ, നോട്ടുകളിൽ ഏറ്റവും കൂടുതൽ എഴുതുന്നത് ബാങ്ക് ഉദ്യോഗസ്ഥർ തന്നെയാണ്. വേലി തന്നെ വിളവു തിന്നുന്ന ഇന്നാട്ടിൽ, ഇങ്ങനെ കിടന്ന് ബഹളമുണ്ടാക്കിയിട്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും പലപ്പോഴും കൈയ്യും കെട്ടി കണ്ടുനിൽക്കാനാവുന്നില്ല.

52 comments:

 1. സത്യത്തിൽ ഈ കുറിപ്പ് ഒരു സംശയ നിവാരണത്തിന് കൂടെ വേണ്ടിയാണ് ഇട്ടിരിക്കുന്നത്. ചിത്രം 2ൽ കാണിച്ചിരിക്കുന്ന നോട്ട് ശരിക്കും കള്ളനോട്ട് അല്ലേ ? ആണെങ്കിൽ, ബാങ്കുകൾ അടക്കം പലയിടത്തും ഇപ്പോഴും അത് സുലഭമായി വിനിമയം നടത്തപ്പെടുന്നത് എന്തുകൊണ്ട് ? അതിന് ശരിക്കും ‘പഴയ സീരീസ്‘ നോട്ടുകൾ ആണെങ്കിൽ എന്തുകൊണ്ട് അത് കള്ളനോട്ടാണെന്ന് കാണിച്ച് ബാങ്കുകളിൽ നോട്ടീസ് പതിച്ചിരിക്കുന്നു ? മറ്റ് പല സ്ഥാപനങ്ങളും ബാങ്കുകളും എന്തുകൊണ്ട് ആ നോട്ട് സ്വീകരിക്കുന്നില്ല ?

  ReplyDelete
  Replies
  1. http://www.mathrubhumi.com/bigstory.php?id=285922

   Delete
  2. @ shinoj - ഷിനോജ് അയച്ചു തന്ന മാതൃഭൂമി ആർട്ടിക്കിളിന്റെ ലിങ്ക് പ്രകാരം. എനിക്ക് ഇന്നലേയും ഇതിന് മുൻപുമൊക്കെ കിട്ടിയത് കള്ളനോട്ടുകളാണ്. അത് കണ്ടമാനം ജനങ്ങളുടെ കൈയ്യിലും ബാങ്കുകളിലും കറങ്ങി നടക്കുന്നുമുണ്ട്.

   Delete
 2. ദിസ്‌ ഈസ്‌ കാള്‍ട് വേലി ഈസ്‌ ഈറ്റിങ്ങ് വെള ആന്‍ഡ്‌ ഇറ്റ്‌ വില്‍ കണ്ടിന്യൂ ആസ് ലോങ്ങ്‌ ആസ് പീപ്പിള്‍ ലൈക്‌ യൂ ബികെയിം എ മൈനോറിട്ടി

  ReplyDelete
 3. വളരെ ഗൌരവമായി പരിഹരിക്കേണ്ട ഒരു പരാതിയാണ് നിരക്ഷരൻ ഉന്നയിച്ചിരിക്കുന്നത്.

  നമ്മൾ കൊടുമ്പോൾ കള്ളനോട്ടെന്നു പറയുന്ന നോട്ടുകൾ, ഇങ്ങോട്ടു തരുമ്പോൾ ‘പഴയ സീരീസാണ് കുഴപ്പമില്ല!’ എന്നു ബാങ്കുകാർ പറയുന്നത് എന്തടിസ്ഥാനത്തിലാണ്!?

  നെല്ലും പതിരും വേർതിരിഞ്ഞേ പറ്റൂ.

  ഇത് രാജ്യ സുരക്ഷയുടെ കൂറ്റി പ്രശ്നമാണ്!

  ReplyDelete
 4. തീര്‍ച്ചയായും പ്രതികരിക്കേണ്ട വിഷയം തന്നെ, RBI യുടെ റിജണല്‍ ഓഫീസുമായി ബന്ധപ്പെടുന്നത് ഉചിതമാകും. ഇതില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം, ഇതുപോലെ കാര്യ പ്രസക്തമായ വിവരങ്ങള്‍ക്ക് പങ്കു വെന്ച്ചതിനു നന്ദി...

  ReplyDelete
 5. ഇതേ തരം ഒരു അനുഭവം ഏതാണ്ട് ഒരു കൊല്ലം മുൻപ് പന്തളം എസ്.ബി.ഐ-യുടെ ബ്രാഞ്ചിൽ നിന്നും എനിക്കും ഉണ്ടായിരുന്നു. കുറേ കാഷ് ഫെഡറൽ ബാങ്കിൽ ഫിക്സ്ഡ് ഡിപ്പോസിറ്റ് ഇടാനായി എസ്.ബി.ഐ-യിൽ നിന്നും പിൻ_വലിച്ചു ഫെഡറൽ ബാങ്കിൽ നൽകിയപ്പോൾ, പൊട്ടിക്കാത്ത ഒരു കെട്ടിൽ 100-ത്തിന്റെ ഒരണ്ണം കള്ളനോട്ടാണ്. ഫെഡറൽ ബാങ്കിലെ മാനേജറെ അടുത്ത് അറിയാവുന്നതിനാൽ അദ്ദേഹം അത് തിരികെ തന്നിട്ട് എസ്.ബി.ഐ-യിൽ തന്നെ കൊടുക്കാൻ പറഞ്ഞു. ദിവസവും കാഷ് കൈകാര്യം ചെയ്യുന്ന എന്റെ സഹോദരനും നോക്കിയിട്ട് അത് കള്ളനോട്ടാണന്നു തന്നെ പറഞ്ഞു. ഇത് ഇനി എസ്.ബി.ഐ-യിൽ കൊണ്ടുചെന്നാൽ അവർ ഏൽക്കില്ല, അത് അവിടെ വാങ്ങി വെയ്ക്കുകയേയുള്ളൂ, നമ്മുടെ 1000-പോയികിട്ടും എന്നു പറഞ്ഞു. ഏതായാലും ഇത് പോക്കല്ലെ, എസ്.ബി.ഐ-യിൽ കൊടുക്കുമ്പോൾ അവർ എന്താണ് പറയുന്നതന്നറിയണമല്ലോ. അവർ സമ്മതിച്ചില്ലങ്കിൽ, സീൽ ചെയ്ത നോട്ടിന്റെ കെട്ടിൽ ഉണ്ടായിരുന്നതാണന്ന് വിളിച്ചു പറയാമന്ന ഫെഡറൽ ബാങ്കിൽന്റെ ഉറപ്പിൽ എസ്.ബി.ഐ-യിൽ എത്തി. നോട്ട് കൗണ്ടറിൽ തിരികെ നൽകിയപ്പോൾ അത് വാങ്ങി ഒന്നും നോക്കാതെ ഫെഡറൽ ബാങ്കുകാർക്ക് അറിയാഞ്ഞിട്ടാണ് ഇത് പുതിയ സീരീസ് നോട്ടാണന്ന് പറഞ്ഞ് മാറ്റിനൽകി. തിരികെ ഫെഡറൽ ബാങ്കിലെത്തിയപ്പോൾ അവർ തീർത്തു പറഞ്ഞു അത് കള്ളനോട്ടായിരുന്നു. ഇതിൽ ഏതു വിശ്വസിക്കണം എന്നറിയില്ല.

  ReplyDelete
 6. കള്ള നോട്ട് ഒരു വലിയ പ്രശ്നം തന്നെയാണ്.പഴയതുപോലെ നാടന്‍ കള്ളനോട്ടടിക്കാരല്ല ഇപ്പോഴത്തെ പ്രശ്നം. പാക്കിസ്ഥാന്‍ നമ്മുടെ സമ്പദ്വ്യവസ്ഥിതിയെ തകര്‍ക്കാന്‍ വിതരണം ചെയ്യുന്ന നോട്ടുകള്‍ കണ്ടുപിടിക്കാന്‍ തന്നെ വലിയ വിഷമമാണത്രേ. ബാങ്കുകാരെപ്പറ്റി ഒന്നും പറയേണ്ട.കൊള്ളാവുന്നവര്‍ വി.ആര്‍.എസ് എടുത്തുപോയശേഷം വന്ന നിര്‍ഗ്ഗുണരാണ് പലയിടത്തും ഉള്ളത്. പെരുമാറ്റം മാറുമെന്ന് ആശിക്കാം.

  ReplyDelete
 7. നമ്മൾ ഒറിജിനൽ ആണെന്ന് കരുതുന്നതും ചിലപ്പോള കള്ളനോട്ടാവാം. പടച്ചോൻ കാക്കട്ടെ!...ബാങ്കുകാരുടെ സമീപനം ഒരുതരം അഹങ്കാരത്തിൽ നിന്നും ഉണ്ടാവുന്നതാണ്. നമ്മൾ ന്യായമായ സംശയം ചോദിച്ചാല ഒരുമാതിരി ആക്കിയ മറുപടി! വീണ്ടും ചോദിച്ചാലോ അല്ലെങ്കിൽ അവരുടെ സമീപനത്തെ ചോദ്യം ചെയ്താലോ എല്ലാവരും കൂടി നമ്മളെ വളഞ്ഞിട്ട് ആക്രമിക്കും. സംഘടിത ശക്തി വാഴ്കൈ!!

  ReplyDelete
 8. തീര്‍ച്ചയായും പ്രതികരിക്കേണ്ട വിഷയം,അടുത്തുള്ള RBI റിജണല്‍ ഓഫീസുമായി ബന്ധപ്പെടുന്നതു ഉചിതമാകും, ഇതില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കേണ്ടതാണ്, പൊതു കാര്യ പ്രസക്തമായ വിവരങ്ങള്‍ കൈമാറിയതിന് നന്ദി..ഇനിയും എഴുതുക ...

  ReplyDelete
 9. ഇതേ പ്രശ്നം എനിക്കും ഉണ്ടായി.
  പമ്പില്‍ എണ്ണയടിച്ച ശേഷം കാശുകൊടുത്തപ്പോള്‍ കുറ്റവാളിയെപ്പോലെ ഒരു നോട്ടം അവരുടെ വക - അവിടെ എടുക്കാന്‍ പറ്റില്ലെന്ന മറുപടി.

  ആ നോട്ട് എനിക്ക് കിട്ടിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദിന്റെ എ.ടി.എമ്മില്‍ നിന്ന്.

  അവസാനം പ്രശ്നം സോള്‍വ് ചെയ്യാന്‍ പമ്പിലെ ആളെക്കൂട്ടി എച്.ഡി.എഫ്.സി ബാങ്കില്‍ പോയി. അവര്‍ പറഞ്ഞത് കള്ളനോട്ടാണോ എന്ന് ഉറപ്പില്ല എന്നാണ്. അവസാനം എ.ടി.എമ്മില്‍ നിന്ന് വേറെ കാശെടുത്ത്കൊടുക്കേണ്ടി വന്നു തടിയൂരാന്‍.

  പിന്നെ എസ്.ബി.ഐയില്‍ കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു പഴയസീരീസാണ്. ആര്‍.ബി.ഐ പിന്‍‌വലിച്ചതാണ്. ഇപ്പോള്‍ എ.ടി.എമ്മിലേക്ക് കൊടുത്തുവിടുന്ന നോട്ടിന്റെ കെട്ടില്‍ നിന്ന് ഇവ ഒഴിവാക്കാറുണ്ട് എന്ന്.

  എന്തായാലും, പത്തുമിനിറ്റെങ്കില്‍ പത്തുമിനിറ്റ് - കുറ്റവാളിയെപ്പോലെ ആ നില്‍ക്കല്‍ - മറക്കില്ല ജീവിതത്തില്‍.

  ReplyDelete
 10. എന്റെ സഹോദരൻ രണ്ടാഴ്ച മുൻപ് എസ്.ബി.ഐ-യുടെ ഡെബിറ്റ് കാർഡ് (മാസ്റ്റർ കാർഡ്) ഉപയോഗിച്ച് എസ്.ബി.ടി-പന്തളം ബ്രാഞ്ചിനോട് ചേർന്നുള്ള എ.ടി.എം-ൽ നിന്നും രാത്രി 10 മണിക്ക് നാല്പതിനായിരം രൂപ വിത്ഡ്രോ ചെയ്തു. പക്ഷേ ടെല്ലർ മെഷീനിൽ നിന്നും കിട്ടിയത് ഇരുത്തി എണ്ണായിരം രൂപ മാത്രം. പ്രിന്റ്ഡ് റസീപ്റ്റിൽ നാല്പതിനായിരം രൂപ വിത്ഡ്രോ ചെയ്തതായി പ്രിന്റ് ചെയ്തിട്ടുണ്ട്. പിറ്റേദിവസം രാവിലെ തന്നെ എസ്.ബി.ടി-യിൽ കപ്ലയിന്റ് നൽകാൻ ചെന്നപ്പോൾ, അകൗണ്ട് എസ്.ബി.ഐ-യിൽ ആയതിനാൽ അവിടെയാണ് കപ്ലയിന്റ് നൽകേണ്ടതന്നു പറഞ്ഞു. അങ്ങനെ എസ്.ബി.ഐ പന്തളം ബ്രാഞ്ചിൽ കംപ്ലയിന്റ് നൽകി രണ്ടാഴ്ച കഴിഞ്ഞ് ഒരു മറുപടി തന്നു നാല്പതിനായിരവും വിത്ഡ്രോ ചെയ്തിട്ടുണ്ടന്ന്.

  സാധാരണ മെഷിയനിൽ ആവശ്യത്തിന് കാഷില്ലങ്കിൽ അത് മിഷീൻ കാണിക്കുകയും കുറഞ്ഞ എമൗണ്ട് എന്റെർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത് അങ്ങിനെ ഒന്നും കാണിച്ചുമില്ല, നാല്പതിനായിരത്തിനു പകരം ഇരുപത്തെണ്ണായിരം രൂപ മാത്രമേ കിട്ടിയുള്ളൂ. ഉപഭോക്യത കോടതിയിൽ ഇതിനു പരിഹാരം കിട്ടുമോ? എ.ടി.എം കൗണ്ടറിലെ സി.സി ടിവി പരിശോധിച്ചാൽ അറിയില്ലേ മെഷീനിൽ നിന്നും വന്ന കാഷ് എണ്ണുന്നതും എത്ര ഉണ്ടന്നുള്ളതും? കാഷ് മെഷീനിൽ കുടുങ്ങിയിട്ടൂണ്ടങ്കിൽ അത് ബാങ്കിൽ രേഖപ്പെടുത്തില്ലേ?. ഇതിനു മുൻപ് ആർക്കങ്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ? ICICI, HDFC ബാങ്കുകളുടെ എ.ടി.എം-ൽ ഇത്തരം അനുഭവമുണ്ടായവർക്ക് ബ്രാഞ്ചിൽ കംപ്ലയിന്റ് നൽകി കാഷ് തിരികെ കിട്ടിയിട്ടുണ്ട്. നഷ്ടമായ ഈ പന്ത്രണ്ടായിരം രൂപ തിരികെ കിട്ടാൻ എന്താണ് ഇനി ചെയ്യാൻ കഴിയുക? ആർക്കങ്കിലും അറിവുണ്ടങ്കിൽ സഹായിക്കുക.

  ReplyDelete
  Replies
  1. Please give a written complaint to your bank, where account is kept. Get acknowledgement in one copy. (with in one month of the incidence). you can also complain up to the chairman level, simultaneously. Ask them to verify the video footage also. If the matter is not resolved in one month, send a complaint to banking ombudsman.

   There may not be much cost involved, only time.

   Jabbar

   Delete
 11. നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന രീതികളാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കുന്നത്. ബാങ്കുകള്‍ മാത്രം വിചാരിച്ചാല്‍ ഒരുപരിധിവരെ കള്ളനോട്ടുകള്‍ നിയന്ത്രിക്കാന്‍ കഴിയും.
  നമ്മുടെ നാട്ടിലെ ബാങ്കുകള്‍ മിക്കവാറും നോട്ടുകള്‍ എണ്ണുവാന്‍ മാത്രം സൗകര്യമുള്ള കൌണ്ടിംഗ് മെഷിനുകളാണ് ഉപയോഗിക്കുന്നത്. അവയില്‍ കള്ളനോട്ടുകള്‍ എന്നല്ല വെറും വെള്ള കടലാസു കഷണമോ പകുതി നോട്ടു മാത്രമോ വെച്ചാലും കൃത്യമായി എണ്ണും. കള്ളനോട്ടുകള്‍ പിടിക്കുന്ന ആധുനിക മെഷിന്‍ ഉണ്ടെങ്കില്‍ തന്നെ അതിലെ മുഴുവന്‍ ഫങ്ഷനുകളും ഓഫ്‌ ചെയ്തു വെച്ചായിരിക്കും ഉപയോഗിക്കുന്നത്.
  നമ്മുടെ നാട്ടില്‍ ബാങ്കുകളിലൂടെ കള്ളനോട്ടുകള്‍ പ്രചരിക്കുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ കള്ളനോട്ടുകള്‍ എപ്പോള്‍ ഒരു ബാങ്കില്‍ എത്തുന്നുവോ ആ നോട്ട് വിപണിയില്‍ നിന്നും അപ്രത്യക്ഷമാകും. ഒരു കള്ളനോട്ട് ആര് ബാങ്കില്‍ കൊണ്ട് വരുന്നുവോ, അത് എത്ര പണക്കാരനായാലും പാവപ്പെട്ടവനായാലും അതിനു പകരം തുക കൊടുക്കുന്നില്ല. മറിച്ചു ആ കൊണ്ട് വന്ന ആള്‍ കുറ്റവാളിയാവുകയാണ്. അവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മറ്റും വാങ്ങിച്ച് വെക്കും. തുടര്‍ന്ന് ആ നോട്ടു 'സെന്‍ട്രല്‍ ബാങ്ക്'ലേക്ക് അയക്കും. ആ നോട്ട് എവിടുന്നു കിട്ടി മുതലായ കാര്യങ്ങള്‍ അന്വേഷണഉദ്യോഗസ്ഥരെ ആ വ്യക്തി ബോധിപ്പിക്കേണ്ടിയും വരും.

  ReplyDelete
 12. നിരക്ഷരനെ പോലെ ഒരാൾക്ക് ഇത്രയും പറ്റിയപ്പോൽ സാധാരണക്കാരായ എന്നെ പോലെ ഒരുത്തനായിരുന്നെങ്കിലൊ

  ചിലപ്പോൽ ബാങ്കുകാർ പോലിസിനെ വിളിച്ച് എന്നെ അകത്താക്കുമായിരിക്കും അല്ലെ

  ലോകം പോയ പോക്കെ :(

  ReplyDelete
 13. എറണാകുളം സൌത്ത് റയില്‍വേ സ്റ്റേഷനില്‍ പണ്ട് സര്‍ട്ടിഫിക്കറ്റ് അറ്റെസ്റ്റ് ചെയ്യാന്‍ ഡല്‍ഹിക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപ്പോള്‍ കൊടുത്തതില്‍ ഒരെണ്ണം കള്ളനോട്ട് ആരുന്നു ,ഞാന്‍ പൈസ കൊടുത്തപ്പോള്‍ ,കൌണ്ടറില്‍ ഇരുന്ന ലേഡി ,സോറി ഇത് ഫേക്ക് നോട്ട് ആണെന്ന് പറഞ്ഞു എന്‍റെ മുന്‍പില്‍ വെച്ച് തന്നെ കീറി കയ്യിലേക്ക് തന്നു ,ആദ്യം ഒന്ന് പകച്ചു എങ്കിലും ,നൂറു രൂപയ്ക്ക് വേണ്ടി പുലിവാല് പിടിക്കേണ്ടി വരും എന്ന് പെട്ടെന്ന് ചിന്തിച്ചകൊണ്ട് ഒന്നും മിണ്ടാതെ ,ഒരു സോറി പറഞ്ഞു ബസ് കാശിനു ബാക്കി ഉള്ള നൂറു രൂപ നല്‍കി പ്രശ്നം തീര്‍ത്ത്‌ :)

  ReplyDelete
 14. ഈ പോസ്റ്റില്‍ ഇട്ടിരിക്കുന്ന RBI Circular, (റിസര്‍വ് ബാങ്ക് ഗവര്‍ണര്‍) Dr. Y. V. Reddyയുടെ ഒപ്പുള്ള സീരീസിലെ നോട്ടുകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇങ്ങനെയൊരു സര്‍ക്കുലര്‍ ബാങ്കില്‍ ഒട്ടിച്ചിട്ടുണ്ടെന്നതുകൊണ്ടുമാത്രം മറ്റു സീരീസുകളിലെ നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് അര്‍ഥമില്ല. (പല വര്‍ഷങ്ങളില്‍ ഇറക്കുന്ന പല സീരീസുകളിലുള്ള നോട്ടുകളില്‍ ചിലപ്പോഴൊക്കെ സുരക്ഷാ സംവിധാനങ്ങളില്‍ വ്യത്യാസമുണ്ടാകാറുണ്ട്.) ‘ഗാന്ധി സീരീസ്’ 1000 രൂപ നോട്ടുകള്‍ ഇറങ്ങിത്തുടങ്ങിയ കാലത്തെ നോട്ടുകളില്‍ അല്ലെങ്കില്‍ മേല്പറഞ്ഞ സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരിക്കുന്ന സീരീസിനു മുന്‍പുള്ള നോട്ടുകളില്‍ ഈ പറഞ്ഞ താമരയുടെ ചിത്രമായിരുന്നോ എന്ന് എനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ അതുമാത്രം വെച്ചു നോക്കിയാല്‍ രണ്ടാം ചിത്രത്തിലെ നോട്ട് ‘പഴയ സീരീസ്’ ആണെന്ന വാദം ശരിയായിരിക്കാം. അപ്പോഴും പിന്‍‌വശത്തെ ‘നിറവ്യത്യാസം‘ എന്ന ഘടകം അല്പം ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ശരിയായ വിവരം അറിയണമെങ്കില്‍ ഇവിടെ മുന്‍പും പലരും പറഞ്ഞതു പോലെ RBI തന്നെ ശരണം...!

  ReplyDelete
 15. please check this site
  http://www.paisaboltahai.rbi.org.in/

  ReplyDelete
 16. ആ നോട്ടീസങ്ങു കീറിക്കളയാന്‍ പറഞ്ഞ് പ്രശ്നങ്ങളില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്ന മാനേജറെ എനിക്കിഷ്ടമായി. തല്‍ക്കാലത്തേയ്ക്ക് 'വാലു മുറിച്ച്' രക്ഷപെടാന്‍ ശ്രമിക്കുന്ന മലയാളി ബുദ്ധി. 'ഇവിടെ ഈ സേവനമൊക്കെയേ പറ്റൂ. സാറിനു വേണമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് വേറെ വല്ല ബാങ്കിലേയ്ക്കും പോകാം' എന്നുവരെ ആ പാവം മാനേജറെക്കൊണ്ട് പറയിപ്പിച്ചാലേ നിനക്കു സമാധാനമാകൂ.. നിരക്ഷരാ...!

  ReplyDelete
 17. ആ നോട്ടീസങ്ങു കീറിക്കളയാന്‍ പറഞ്ഞ് പ്രശ്നങ്ങളില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്ന മാനേജറെ എനിക്കിഷ്ടമായി. തല്‍ക്കാലത്തേയ്ക്ക് 'വാലു മുറിച്ച്' രക്ഷപെടാന്‍ ശ്രമിക്കുന്ന മലയാളി ബുദ്ധി. 'ഇവിടെ ഈ സേവനമൊക്കെയേ പറ്റൂ. സാറിനു വേണമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് വേറെ വല്ല ബാങ്കിലേയ്ക്കും പോകാം' എന്നുവരെ ആ പാവം മാനേജറെക്കൊണ്ട് പറയിപ്പിച്ചാലേ നിനക്കു സമാധാനമാകൂ.. നിരക്ഷരാ...!

  ReplyDelete
  Replies
  1. @ Suresh Nellikode - സുരേഷ് ഭായ്....എനിക്ക് ആ ബാങ്കിൽ അക്കൌണ്ട് ഉണ്ടായിരുന്നെങ്കിൽ മാനേജറും മറ്റ് സാറന്മാരും വിവരമറിഞ്ഞേനെ. ഇതിപ്പോൾ ട്രഷറിയിൽ നിന്ന് കിട്ടിയ ഒരു ചെക്ക് മാറുന്ന ആവശ്യത്തിന് വേണ്ടി മാത്രമാണ് അവിടെ പോയത്. ട്രഷറി ചെക്കുകൾ അവിടന്നാണ് മാറിക്കിട്ടുന്നത്. എന്റെ അക്കൌണ്ട് കൊണ്ടുനടക്കുന്ന ICICI, HDFC, South Indian Bank, എന്നിവരൊക്കെ വിവരം അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. നിരക്ഷരൻ ആയതുകൊണ്ട് നല്ലോണം പണി കൊടുക്കുന്നുണ്ട് ഓരോരുത്തർക്കും :)

   Delete
 18. അവസാനം ഇനി നല്ല നോട്ട് കാണാന്‍ കിട്ടാതെ വരുമോ എന്തോ?

  ReplyDelete
 19. എനിക്കും കള്ളനോട്ടുകൾ കിട്ടാറുണ്ട്. ICICI ബാങ്കിന്റെ എ റ്റി എമ്മിൽ നിന്നും തന്നെ. സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാൻ പോകുമ്പോഴാണ് കള്ളനാണെന്നറിയുന്നത്. പിന്നെ അത് വൈൻ ഷോപ്പിൽ കൊടുത്ത് മാറും..അവർക്ക് അങ്ങിനെ വേർ തിരിവൊന്നുമില്ല...അല്ലാതെന്ത് ചെയ്യാനാ?

  ReplyDelete
  Replies
  1. @ ജയേഷ് - ATM ൽ നിന്ന് കള്ളനോട്ട് കിട്ടുന്നതിന്റെ കാരണം ബാങ്കുകാർ പലരും പറയുന്നത്, ATM ൽ പൈസ ലോഡ് ചെയ്യുന്നത് സ്വകാര്യ ഏജൻസികൾ ആയതുകൊണ്ടാണ് എന്നാണ്. എത്രത്തോളം ശരിയാണ് ഈ ന്യായീകരണം എന്നറിയില്ല. പക്ഷെ, ബാങ്കിന്റെ കൌണ്ടറിൽ നിന്ന് തന്നെ ഇപ്രകാരം അനുഭവം ഉണ്ടാകുമ്പോൾ ശരിക്കും വശക്കേടായിപ്പോകും.

   Delete
  2. load cheyyunnath agency anu. pakshe load cheyyanulla cash bank counteril ninnanu kodukkunnath

   Delete
 20. ഒര്‍ജിനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റ്. എന്നാല്‍ പിന്നെ റി.ബാങ്കിന് അതൊക്കെ അക്സ്പ്റ്റ് ചെയ്ത് ഒറിജിനല്‍ ആക്കിക്കൂടേ? അച്ചടിച്ചെലെവെങ്കിലും പാകിസ്ഥാന്റെ ചെലവില്‍ നടക്കുമായിരുന്നു!!

  ReplyDelete
 21. കള്ളന്‍ കപ്പലില്‍ തന്നെ. അവരറിയാതെ എങ്ങിനെ കൌണ്ടറില്‍ /എ. ടി. എം. ല്‍ എത്തപ്പെടും?

  ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുള്ളപ്പോൾ അതൊക്കെ എടുത്ത് ഒറിജിനൽ ആക്കിയാൽ പണി തീർന്നില്ലേ> നോട്ടടിച്ചെലവ് പാകിസ്ഥാന്റെ അക്കൌണ്ടിലാകുകേം ചെയ്യും. ;)

  ReplyDelete
 22. നോട്ടപ്പിശക് ഉണ്ടായാൽ നോട്ട് പണിതരും ല്ലേ ...

  ReplyDelete
 23. ഒരിക്കൽ എനിക്കും ഉണ്ടായിട്ടുണ്ട് കള്ളനോട്ട് അനുഭവം.ഒരു വലിയ എമൗണ്ട് ട്രാൻസാക്ഷനു ബാങ്കിൽ ചെന്നപ്പോൾ അതിൽ നിന്നും ഒരു ആയിരത്തിന്റെ നോട്ട് എടുത്ത് കൗണ്ടറിൽ ഇരുന്ന ആൾ തിരിച്ചും മറിച്ചും നോക്കിയിട്ട് നോട്ടിലെ നമ്പറിന്റെ ഭാഗം സ്കെയിൽ വെച്ച് കീറി എടുത്തിട്ട് ബാക്കി ഭാഗം തിരിച്ച് തന്നു. എന്താ സംഭവം എന്ന് അമ്പരന്നപ്പോൾ ഇത് കള്ളനോട്ടാ സാറേന്ന്. സ്ഥിരം ഡീലിങ്ങ്സ് നടത്തുന്നതായതോണ്ട് ചോദ്യോം പറച്ചിലുമൊന്നുമുണ്ടായില്ല. ആയിരം അങ്ങനെ ഗോവിന്ദ ആയി. ആ കീറിയതിന്റെ ബാക്കി നോട്ട് വീട്ടിൽ എവിടെയോ എടുത്ത് വെച്ചിട്ടുണ്ട്, പോയ ആയിരത്തിന്റെ പാവന സ്മരണക്ക് :)

  ReplyDelete
 24. ഒരിക്കൽ എനിക്കും ഉണ്ടായിട്ടുണ്ട് കള്ളനോട്ട് അനുഭവം.ഒരു വലിയ എമൗണ്ട് ട്രാൻസാക്ഷനു ബാങ്കിൽ ചെന്നപ്പോൾ അതിൽ നിന്നും ഒരു ആയിരത്തിന്റെ നോട്ട് എടുത്ത് കൗണ്ടറിൽ ഇരുന്ന ആൾ തിരിച്ചും മറിച്ചും നോക്കിയിട്ട് നോട്ടിലെ നമ്പറിന്റെ ഭാഗം സ്കെയിൽ വെച്ച് കീറി എടുത്തിട്ട് ബാക്കി ഭാഗം തിരിച്ച് തന്നു. എന്താ സംഭവം എന്ന് അമ്പരന്നപ്പോൾ ഇത് കള്ളനോട്ടാ സാറേന്ന്. സ്ഥിരം ഡീലിങ്ങ്സ് നടത്തുന്നതായതോണ്ട് ചോദ്യോം പറച്ചിലുമൊന്നുമുണ്ടായില്ല. ആയിരം അങ്ങനെ ഗോവിന്ദ ആയി. ആ കീറിയതിന്റെ ബാക്കി നോട്ട് വീട്ടിൽ എവിടെയോ എടുത്ത് വെച്ചിട്ടുണ്ട്, പോയ ആയിരത്തിന്റെ പാവന സ്മരണക്ക് :)

  ReplyDelete
 25. ഒരിക്കൽ എനിക്കും ഉണ്ടായിട്ടുണ്ട് ഇതു പോലെ ഒരനുഭവം. വലിയ ഒരെമൗണ്ടിന്റെ ട്രാൻസാക്ഷനു ചെന്നപ്പോൾ അതിൽ നിന്നും ഒരു ആയിരത്തിന്റെ നോട്ട് മാത്രം കൗണ്ടറിൽ ഇരുന്ന ആൾ തിരിച്ചും മറിച്ചും നോക്കിയിട്ട് നമ്പറിന്റെ ഭാഗം മാത്രം സ്കെയിൽ വെച്ച് കീറി എടുത്തിട്ട് ബാക്കിഭാഗം തിരിച്ച് തന്നു. എന്താ സംഭവം എന്ന് അമ്പരന്നപ്പോൾ അത് കള്ളനോട്ടാ സാറേന്ന്...!! സ്ഥിരം ഡീലിങ്ങ്സ് ചെയ്തിരുന്നതോണ്ട് അധികം ചോദ്യോം പറച്ചിലും ഒന്നും ഉണ്ടായില്ല. എന്നാലും എന്റെ ആയിരം ഗുദാ ഗവ :)

  അന്നത്തെ സംഭവത്തിന്റെ പാവന സ്മരണക്ക് ആ പാതികീറിയ നോട്ട് എവിടെയോ എടുത്ത് വെച്ചിട്ടുണ്ടാരുന്നു...

  ReplyDelete
 26. സത്യം ഏതു ,മിത്യം ഏതു എന്ന് കണ്ടു പിടിക്കലാണ് ഏറ്റവും വലിയ പാട് .
  ഒരു പാഡ് വ്യാജന്മാർ ഇത്തരത്തിൽ നമ്മുടെ കൈകളിൽ വന്നു പോയിട്ടട്ടുണ്ടാകും. പിടിക്കപ്പെടുന്നത് ആരുടെ കയ്യില വെച്ചാണോ , അവന്റെ കാര്യം സ്വാഹ ...

  ReplyDelete
 27. കള്ളനോട്ട് കിട്ടിയാൽ പ്രശ്നം രണ്ടാണ്, പരിചയമില്ലാത്ത് സ്ഥലത്താണ് ചെല്ലുന്നതെങ്കിൽ നമ്മൾ കള്ളനാകും. രണ്ടാമത് ബാങ്കിലും മറ്റുമാണെങ്കിൽ ആ പൈസ പോയതുതന്നെ. പിന്നെ എങ്ങനെ കള്ളനോട്ട് കിട്ടിയാൽ അത് എങ്ങനെയെങ്കിലും ഒഴിവാക്കാനല്ലാതെ രാഷ്ട്രപുനർനിർമ്മാണത്തിൽ പങ്കാളിയാകാൻ അത് പോലീസിനേയോ മറ്റ് അന്വേഷണ ഏജൻസിയേയോ ഏൽപ്പിക്കും.

  ReplyDelete
 28. http://www.mathrubhumi.com/bigstory.php?id=285922

  ReplyDelete
 29. http://www.mathrubhumi.com/bigstory.php?id=285922

  ReplyDelete
 30. കയ്യില്‍ കിട്ടുന്ന നോട്ടുകള്‍ എല്ലായ്പ്പോഴും ശ്രദ്ധിച്ചു നോക്കി കള്ളനാണോ ഒറിജിനലാണോ എന്ന് മനസ്സിലാക്കുന്നത് തന്നെ ആണ് നല്ലത്. പക്ഷേ, ഒറ്റ നോട്ടത്തില്‍ കുഴപ്പം തോന്നാത്തവയും പഴയതും പുതിയതുമായ സീരീസിലുള്ളവയും എല്ലാം സാധാരണക്കാരന് പ്രശ്നം സൃഷ്ടിയ്ക്കും. [എന്നും ആയിരത്തിന്റെ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ കുറവാണല്ലോ]

  ബാങ്കില്‍ നിന്നും ATM ല്‍ നിന്നും കിട്ടുന്നവയെ എങ്കിലും കണ്ണടച്ചു വിശ്വസിയ്ക്കാം എന്നായിരുന്നു ഈ അടുത്ത കാലം വരെ എന്റെയും ചിന്ത. ATM പ്രശ്നക്കാരനാണെന്ന് അടുത്തിടെ മനസ്സിലാക്കിയിരുന്നെങ്കിലും ബാങ്കും അവിടുത്തെ ജീവനക്കാരും തന്നെ ഈ വിധം പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

  ReplyDelete
 31. അതെ, ശരിയാണ്, നമ്മൾ കൊടുക്കുന്ന നോട്ട് നു എന്തെകിലും കുഴപ്പം ഉണ്ടങ്കിൽ ബാങ്ക് പ്രശ്നം ഉണ്ടാക്കും, അവര് തരുന്ന നോട്ട് നമ്മള് വാങ്ങിക്കോണം അതാണ് അവരുടെ രീതി. ഇതൊക്കെ മാറേണ്ട സമയം കഴിഞ്ഞു.

  ReplyDelete
 32. അതെ, ശരിയാണ്, നമ്മൾ കൊടുക്കുന്ന നോട്ട് നു എന്തെകിലും കുഴപ്പം ഉണ്ടങ്കിൽ ബാങ്ക് പ്രശ്നം ഉണ്ടാക്കും, അവര് തരുന്ന നോട്ട് നമ്മള് വാങ്ങിക്കോണം അതാണ് അവരുടെ രീതി. ഇതൊക്കെ മാറേണ്ട സമയം കഴിഞ്ഞു.

  ReplyDelete
 33. ഒരപൂർവ്വ സംഭവമായിട്ടാണ് ഈ പോസ്റ്റ് വായിച്ചത്. തുടർന്ന് കമന്റുകൾ വായിച്ചപ്പോഴാണ് ഇത് ഒരു സാധാരണ സംഭവമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം മനസ്സിലായത്. ബ്ലോഗ് വഴി കറങ്ങുന്നവർ മാത്രമാണിവിടെ പ്രതികരിച്ചത് എന്നോർക്കുമ്പോൾ സാധാരണക്കാരിൽ എത്ര പേർക്ക് ഈ ദുരനുഭവമുണ്ടായിക്കാണും? ഒന്നുമറിയാതെ ഈ വക നോട്ടുകൾ എത്രപേർ കൈമാറ്റം ചെയ്തു കാണും?
  എനിക്ക് തോന്നുന്നത്, ബാങ്കുകൾ വഴി ഇത്തരം നോട്ടുകൾ ജനങ്ങളിലെത്തിക്കുന്ന വളരേ ആസൂത്രിതമായ ഒരു കള്ളക്കളി തന്നെ ഇതിന്റെ പിന്നിലുണ്ടെന്നുള്ളതാണ്.
  ഉത്തരവാദിത്തപ്പെട്ട അധികാരികളിലേക്ക് ഈ വിവരങ്ങൾ എത്തിച്ചുവോ?

  ReplyDelete
 34. ഒരപൂർവ്വ സംഭവമായിട്ടാണ് ഈ പോസ്റ്റ് വായിച്ചത്. തുടർന്ന് കമന്റുകൾ വായിച്ചപ്പോഴാണ് ഇത് ഒരു സാധാരണ സംഭവമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം മനസ്സിലായത്. ബ്ലോഗ് വഴി കറങ്ങുന്നവർ മാത്രമാണിവിടെ പ്രതികരിച്ചത് എന്നോർക്കുമ്പോൾ സാധാരണക്കാരിൽ എത്ര പേർക്ക് ഈ ദുരനുഭവമുണ്ടായിക്കാണും? ഒന്നുമറിയാതെ ഈ വക നോട്ടുകൾ എത്രപേർ കൈമാറ്റം ചെയ്തു കാണും?
  എനിക്ക് തോന്നുന്നത്, ബാങ്കുകൾ വഴി ഇത്തരം നോട്ടുകൾ ജനങ്ങളിലെത്തിക്കുന്ന വളരേ ആസൂത്രിതമായ ഒരു കള്ളക്കളി തന്നെ ഇതിന്റെ പിന്നിലുണ്ടെന്നുള്ളതാണ്.
  ഉത്തരവാദിത്തപ്പെട്ട അധികാരികളിലേക്ക് ഈ വിവരങ്ങൾ എത്തിച്ചുവോ?

  ReplyDelete
 35. വളരെ ചില വസ്തുതകൾ കള്ള നോട്ട് കയ്യിൽ വന്നു പെട്ടാൽ എന്ത് ചെയ്യണമെന്നു പോലും പൊതു ജനത്തിനു ധാരണയില്ല അതിനു പുറമേ ബാങ്കുകാരുടെ ഇത്തരം തോന്ന്യാസം കൂടെയാകുമ്പോ ഭേഷായി ഈ ഒരു വിഷയത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടത് തന്നെയാണെന്ന കാര്യത്തിൽ യാതൊരു തര്ക്കവുമില്ല. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്തതിനു നിരക്ഷരന് അഭിനന്ദനങ്ങൾ.

  ReplyDelete
 36. ഇക്കണക്കിന് ആരെയാണ് വിശ്വസിക്കുക...?

  ReplyDelete
 37. ഇത്ര കഷ്ടപ്പെട്ടു ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ട് ഉണ്ടാക്കുന്നവർ എന്ത് കൊണ്ട് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഇത്തരം വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു ?! ഒരു നോട്ട് ഉണ്ടാക്കുക്ക എന്ന സങ്കീർണ്ണമായ പ്രക്രിയയിൽ, ഇതിൽ പറയുന്ന ഉദാഹരണം എടുത്താൽ , ആയിരം എന്ന് തന്നെ പ്രിന്റ്‌ ചെയ്തൂടെ ?! അതിനു ഉപയോഗിച്ച മെറ്റീരിയൽ വ്യത്യസ്തമായിരിക്കാം പക്ഷെ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല . അതിനു പകരം മറ്റൊരു ചിഹ്നം (താമര) അടിച്ചിറക്കിയത് എന്തിനാണ് ?!
  ISI - പാകിസ്ഥാൻ- ദാവൂദ് ഇബ്രാഹിം ഇന്ത്യുടെ സാമ്പത്തിക അടിത്തറ തകർക്കാൻ ഇത്തരം ലോഡുക് വിദ്യ പ്രയോഗിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ ഇന്ത്യുടെ ഉള്ളിൽ നിന്ന് തന്നെ പലരുടെയും മൗനാനുവാദത്തോടെ ഇറക്കുന്ന നോട്ടുകൾ ആയിരിക്കും ഇത്.

  ReplyDelete
 38. ഈ നിയമം രാജ്യം ഒന്ന് പുനർപരിശോധിക്കേണ്ടി ഇരിക്കുന്നു

  ReplyDelete
 39. ഈ സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശയങ്ങൾ ഒന്ന് പഠിച്ചുനോക്കൂ...

  http://arthakranti.org/

  ReplyDelete
 40. ഈ പരാതി ഈ ബ്ലോഗില്‍ കിടന്നു ചീഞ്ഞു അളിഞ്ഞു നാറി വൃത്തികെട് ആകുകയെ ഉള്ളു ...ഈ കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്ന് ഈ ഞാന്‍ ഒപ്പ്

  ReplyDelete
 41. നല്ല പോസ്റ്റ്

  പോസ്റ്റർ എല്ലാ ബേങ്കിലും കാണാം ബട്ട്‌ ആരും ശ്രദ്ധിക്കാരില്ലാന്നു മാത്രം. പലര്ക്കും കള്ള നോട്ട് കിട്ടുന്നുണ്ട്, എല്ലാവരും വേഗം തന്നെ എങ്ങനേങ്കിലും ഒഴിവാക്കുകയാണ് പതിവ് , പരാതി പെട്ടാൽ അതിനു പിന്നാലെ നടക്കണം. അത് തന്നെയാണ കള്ള നോട്ട് പ്രചരിക്കാനുള്ള കാരണവും ..

  പിന്നെ ബേങ്കുകാരുടെ സമീപനം. ബേങ്കും മനുഷ്യന്മാരും ഒരു പോലെയാ നിങ്ങളുടേ കൈയ്യിൽ/അക്കൌണ്ടിൽ പണമുണ്ടെങ്കിൽ ഭയങ്കര സ്നേഹം ആയിരിക്കും, അല്ലെങ്കിൽ മുഖത്ത് ഒരു പുച്ച്ചമായിരിക്കും.
  കള്ള നോട്ട് കൈയ്യിൽ പെടാതിരിക്കട്ടെന്ന് പ്രാർത്ഥിക്കാം

  ReplyDelete
 42. ബെന്ഗ്ലാടെശുകരെ ഇന്ത്യൻ citizen ആക്കിയ പോലെ ,ഈ കള്ളനോട്ട് എല്ലാം ഇന്ത്യൻ കര്രെന്സി അന്നെന്നു അങ്ങ് അന്ഗീകരിച്ചാൽ പോരെ. ഈ പോക്ക് പോയാല അതുതന്നെ ഗവണ്മെന്റ് ചെയ്യേണ്ടി വരും.

  ReplyDelete
 43. ഒരു സംശയം..! ഇടപാടുകൾ കൂടുതലായി online/ plastic money (credit /debit cards)ആക്കിയാൽ ഇതു കുറച്ചു നിയന്ത്രിച്ചൂടെ..?

  ReplyDelete
 44. http://www.paisaboltahai.rbi.org.in/index.htm

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.