ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില വാർത്തകളുടെ തലക്കെട്ടുകൾ ഇപ്രകാരം.
1. ഇടുക്കിയിൽ 6 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടായേക്കാം.
2. ഒൻപത് മാസത്തിനിടെ ഇടുക്കി കുലുങ്ങിയത് 22 തവണ.
3. ഭൂചലനം. - മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളൽ.
4. ഇടുക്കിയിൽ വീണ്ടും ഭൂചലനം. - മുല്ലപ്പെരിയാർ ഡാമിൽ വിള്ളൽ കൂടി.
5. ഭൂചലനം - മുല്ലപ്പെരിയാറിലെ വിള്ളൽ വലുതായി.
മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് അതേ നാണയത്തിൽ പ്രതികാരമൊന്നും പ്രകൃതി തിരിച്ച് ചെയ്തിട്ടില്ല. ആവശ്യത്തിന് മുന്നറിയിപ്പ് തന്നിട്ടുമുണ്ട്. മുകളിൽ പറഞ്ഞ വാർത്തകളെല്ലാം അത്തരം മുന്നറിയിപ്പുകളും സൂചനകളുമാണ്. അത് മനസ്സിലാക്കിയാൽ, രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ കണ്ടുവെച്ചാൽ അകാലത്തിൽ ജീവൻ വെടിയാതെ നോക്കാം. ഒരു നോഹ പെട്ടകമൊന്നും പണിതുണ്ടാക്കാനുള്ള സമയം ഇനിയില്ല. കച്ചിത്തുരുമ്പുകൾ പെറുക്കിക്കൂട്ടി ഒരു അവസാന ശ്രമം നടത്താനുള്ള ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ.
പറഞ്ഞുവന്നത് എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ ? സംശയം വേണ്ട. മഴപെയ്ത് വെള്ളം നിറയുമ്പോളും, ഭൂമി കുലുക്കം ഉണ്ടായി വിള്ളൽ കൂടുമ്പോളും മാത്രം ചർച്ചാവിഷയമാകുന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യം തന്നെ. ഈ വിഷയത്തിൽ മുൻപൊരിക്കൽ എഴുതിയ ‘മുല്ലപ്പെരിയാർ പൊട്ടിയാൽ‘ എന്ന ലേഖനം ഇവിടെയുണ്ട്. ഡാമുകൾ തകർന്നതിന്റെ ലോക ചരിത്രങ്ങൾ, അതിന്റെ ഭീകരാവസ്ഥ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയൊക്കെ മനസ്സിലാക്കാൻ ഈ രണ്ട് വീഡിയോകൾ (വീഡിയോ 1, വീഡിയോ 2.) കൂടെ കണ്ടിരിക്കുന്നത് നല്ലതാണ്.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം സുപ്രീം കോടതിയുടെ ചുവപ്പുനാടകളിൽ കുടുങ്ങി ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്. ഉന്നതാധികാര സമിതിയെ നിയമിച്ചപ്പോൾ നടപടികൾ ഒച്ചിന്റെ വേഗതയിൽ ആവുകയും കുറേക്കൂടെ വഷളാകുകയും ചെയ്തെന്നല്ലാതെ പ്രത്യേകിച്ച് വിശേഷം ഒന്നും ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്നും തോന്നുന്നില്ല.
“കേസെല്ലാം ഞങ്ങൾ പിൻവലിക്കുന്നു. 999 കൊല്ലത്തെ പാട്ടക്കരാറും വലിച്ച് കീറിക്കളയുന്നു. നിങ്ങൾ മലയാളികൾ പുതിയ അണക്കെട്ട് പണിതോളൂ. എന്നിട്ട് പുതിയ പാട്ടക്കരാർ ഉണ്ടാക്കി വെള്ളം തരുന്നത് വരെ ഞങ്ങൾ എങ്ങനെയെങ്കിലും തട്ടിമുട്ടി ജീവിച്ചോളാം, നിങ്ങൾക്കുള്ള പച്ചക്കറികൾ സമയാസമയം ചുരം കടത്തി എത്തിക്കുകയും ചെയ്യാം.”............... എന്നുപറഞ്ഞ് തമിഴന്മാർ ഇങ്ങോട്ട് വന്നാൽപ്പോലും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. പ്രകൃതി തന്നിരിക്കുന്ന കാലയളവ് കഴിഞ്ഞിരിക്കുന്നു. പുതിയൊരു ഡാം ഉണ്ടാക്കിയെടുക്കാൻ വർഷങ്ങളെടുക്കും. അതുവരെ അണക്കെട്ട് പൊട്ടാതെ നിൽക്കുമെന്ന്, പ്രകൃതിയിൽ ഇപ്പോൾ ഉണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ കണ്ടിട്ട് തോന്നുന്നില്ല.
ഭാഗ്യമുണ്ടെങ്കിൽ ഒരു അവസാന മുന്നറിയിപ്പ് കൂടെ കിട്ടിയെന്ന് വരും. മുല്ലപ്പെരിയാർ ഡാം പൊട്ടി, വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ എത്തിച്ചേർന്ന്, കുറെ സമയമെങ്കിലും ഇടുക്കി ഡാം അത്രയും വെള്ളം താങ്ങി നിർത്തുന്ന ആ ഒരു ഇടവേളയായിരിക്കും അത്. അത്രയും സമയത്തിനുള്ളിൽ എത്രപേർക്ക് വെള്ളപ്പാച്ചിലിന്റെ മാർഗ്ഗത്തിൽ നിന്ന് ഓടിയൊളിക്കാൻ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. മുല്ലപ്പെരിയാറിലെ വെള്ളം വന്ന് കയറുന്ന മാത്രയിൽത്തന്നെ ഇടുക്കി അണക്കെട്ട് പൊട്ടിയാൽ, അങ്ങനെയൊരു മുന്നറിയിപ്പിന് പോലും സാദ്ധ്യതയില്ല. ഇടുക്കി ഡാമിനും മുല്ലപ്പെരിയാർ ഡാമിനും ഇടയ്ക്ക് ജീവിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും ഇപ്പറഞ്ഞ മുന്നറിയിപ്പിന്റെ ഔദാര്യം കിട്ടുകയുമില്ല.
മുല്ലപ്പെരിയാർ പാട്ടക്കരാർ എന്താണ്, എന്ത് ദുരന്തമാണ് ഡാം പൊട്ടിയാൽ ഉണ്ടാകാൻ പോകുന്നത്, എന്നതൊന്നും ലവലേശം അറിയാത്ത അഭ്യസ്തവിദ്യരായ മലയാളി സമൂഹം ചില കാര്യങ്ങളെങ്കിലും ഗ്രഹിച്ചിരിക്കുന്നത് നല്ലതാണ്. നിനച്ചിരിക്കാതെ വീട്ടുമുറ്റത്ത് വെള്ളം പൊങ്ങിവന്നാൽ, നോക്കി നിൽക്കേ അത് സംഹാരതാണ്ഢവം ആടിയാൽ, ചുറ്റുപാടും ഒന്ന് വീക്ഷിക്കുക. കണ്ണെത്തുന്ന ദൂരത്തെല്ലാം അതുതന്നെയാണ് അവസ്ഥയെങ്കിൽ ഇത്ര മാത്രം മനസ്സിലാക്കുക. കേരളത്തിൽ ഇടുക്കി എന്നൊരു ജില്ലയുണ്ട്, അവിടെ കണക്കാക്കപ്പെട്ട ആയുസ്സിനേക്കാൾ 64 കൊല്ലം അധികം പിടിച്ചുനിന്ന മുല്ലപ്പെരിയാർ എന്നൊരു അണക്കെട്ടുണ്ട്. അത് തകർന്ന വെള്ളമാണ് വന്നുകൊണ്ടിരിക്കുന്നത് ; രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. തൂക്കിക്കൊല്ലാൻ വിധിക്കപ്പെടുന്നവന് പോലും അതിന്റെ കാരണം അറിയാനുള്ള അവകാശമുണ്ടെന്നിരിക്കേ സമ്പൂർണ്ണ സാക്ഷരരായ ഒരു ജനത കാരണമറിയാതെ കൊല്ലപ്പെടുന്നത് മോശമല്ലേ ?!
എമർജൻസി ആൿഷൻ പ്ലാൻ(E.A.P.), ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ (D.M.P.) എന്നീ അറ്റ കൈ പ്രയോഗങ്ങളൊക്കെയാണ് സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയൊക്കെ ഫലം ദുരന്തബാധിത പ്രദേശമാകാൻ സാദ്ധ്യതയുള്ളയിടത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുഴുവൻ കിട്ടണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോ ? അതുകൊണ്ട് സ്വയരക്ഷയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കി വെച്ചാൽ അവനവന് നല്ലത്. രക്ഷപ്പെടാനുള്ള സാദ്ധ്യത അപ്പോഴും, തുലോം തുഛമാണ്. രക്ഷപ്പെട്ടിട്ടും വലിയ കാര്യമൊന്നും ഉണ്ടാകില്ല. പട്ടിണിയും പരിവട്ടവും രോഗങ്ങളും, ഇനിയെന്ത് ചെയ്യും എന്നുള്ള വ്യാകുലതകളും ഒക്കെയായി ചത്തതിനൊക്കിലേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ ജീവിതം തള്ളിനീക്കാനേ പറ്റു.
ഹൈക്കോടതിയുടെ നാലാമത്തെ നിലവരെ വെള്ളം പൊങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. അതിശയോക്തി ഉണ്ടാകാം അപ്പറഞ്ഞതിൽ. എന്നാലും അത് തന്നെ മുഖവിലയ്ക്കെടുക്കുന്നു. ഹൈക്കോർട്ട് പരിസരത്ത് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എന്റെ ജീവിതം. ഇനി ഒരു നില കൂടെ മുകളിലേക്ക് കയറാനാകും. പിന്നെ വാട്ടർ ടാങ്കിന്റെ മുകളിലേക്ക് കയറണം. ടാങ്കിനടുത്തായി ചില രക്ഷാമാർഗ്ഗങ്ങൾ ചെയ്ത് വെക്കാൻ തന്നെയാണ് പദ്ധതിയിടുന്നത്. കാണുന്നവർക്കും കേൾക്കുന്നവർക്കും തമാശയാണെന്നോ, മാനസ്സിക വിഭ്രാന്തിയാണെന്നോ തോന്നാം. ജീവൻ നഷ്ടപ്പെടാൻ പോകുന്നെന്ന് കരുതുന്ന ഒരുത്തന്റെ പ്രവർത്തികളാണ്. ഏത് തരത്തിൽ വിലയിരുത്തിയാലും വിരോധമില്ല.
മുല്ലപ്പെരിയാർ വിഷയത്തിൽ, സർക്കാരുകളിലും കോടതിയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. ‘ഒരു ഭീരു ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്നു, ധീരന് ഒറ്റ മരണമേയുള്ളൂ’ എന്ന ചൊല്ലിന്റെ ചുവട് പിടിച്ചാണെങ്കിൽ സധൈര്യം റോഡിൽ ഇറങ്ങി നടക്കാം. എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ എന്നും, ആരാണ് ഡാമിന്റെ ഉടമസ്ഥർ എന്നും, അണക്കെട്ട് പൊട്ടിയാൽ എത്രലക്ഷം ജനങ്ങൾ ചത്ത് മലക്കുമെന്നും, ഊഹം പോലും ഇല്ലാത്ത ലക്ഷക്കണക്കിന് വരുന്ന സാക്ഷര മലയാളികളുടെ കൂട്ടത്തിൽ ഇതൊക്കെ അറിഞ്ഞിട്ടും വകവെക്കാത്ത ഒരാളായി ജീവിക്കാം. ഐശ്വരാ റായിക്ക് പിറന്ന കുട്ടിക്ക് പറ്റിയ നല്ലൊരു പേര് കണ്ടുപിടിച്ച് ബച്ചൻ കുടുംബത്തിന് അയച്ചുകൊടുക്കുന്ന ജോലിയിൽ വ്യാപൃതരാകാം. സച്ചിൻ ടെൻഡുൽക്കർ തന്റെ നൂറാമത്തെ സെഞ്ച്വറി അടിക്കാൻ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാം.
വാൽക്കഷണം:- കേരളത്തെ രണ്ടായി പകുത്തുകളയാൻ പ്രാപ്തിയുള്ള ദുരന്തം സംഭവിച്ചതിനുശേഷം ജീവനോടെ ഉണ്ടായില്ലെങ്കിൽ, ഒരു അന്ത്യാഭിലാഷം കൂടെ അറിയിക്കട്ടെ. നെടുകെ മുറിക്കപ്പെടുന്ന കേരളത്തിന്റെ ഒരു പകുതി ഇടതുപക്ഷത്തിനും മറ്റേ പകുതി വലതുപക്ഷത്തിനും, വിട്ടുകൊടുക്കാനുള്ള ഏർപ്പാടിനായി ബാക്കിയുള്ള ജനങ്ങൾ പരിശ്രമിക്കണം. അഞ്ച് കൊല്ലം കൂടുമ്പോൾ മാറി മാറി സേവിച്ച് ഇതുപോലെ എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളരുതാത്ത അവസ്ഥയിൽ ഒരു സംസ്ഥാനത്തെ എത്തിക്കുന്നതിലും ഭേദമായിരിക്കില്ലേ അത് ?!
Monday, 21 November 2011
Wednesday, 16 November 2011
മഞ്ഞവെയിൽ കഥാപാത്രങ്ങളുമായി ഒരു സല്ലാപം
ബന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവൽ ‘മഞ്ഞവെയിൽ മരണങ്ങൾ‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീർത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകൾ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി ‘മഞ്ഞവെയിൽ മരണങ്ങൾ‘ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് നാട്ടുപച്ചയിലേക്ക് പോകേണ്ടിവരും. അഭിപ്രായങ്ങൾ ഇവിടെയോ നാട്ടുപച്ചയിലോ അറിയിക്കുമല്ലോ ?
Monday, 14 November 2011
എന്നേം സ്ക്കൂളിൽ ചേർക്ക്വോ ?
സമയം വൈകീട്ട് ആറര മണി കഴിഞ്ഞിരുന്നു. ഇരുട്ട് വീഴുന്നതിന് മുന്നേ ചുരം ഇറങ്ങണമെന്നായിരുന്നു പദ്ധതി. എന്നിരുന്നാലും, ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോകാമെന്ന് സാമുവൽ മാഷ് നിർബന്ധിച്ചപ്പോൾ നിരസിക്കാനായില്ല. തൊട്ടടുത്തുള്ള കോഫി ഹൌസിനകത്തേക്ക് കയറി ഓരോ കാപ്പി മാത്രം ഓർഡർ ചെയ്ത് ലോകകാര്യങ്ങൾ സംസാരിച്ചങ്ങനെ ഇരുന്നപ്പോൾ, ഇരുട്ട് പടർന്ന് തുടങ്ങിയിരുന്നു.
നാലഞ്ച് മാസങ്ങൾക്ക് മുന്നുള്ള സംഭവമാണ്, സ്ഥലം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി. മുൻപൊരിക്കൽ മാനന്തവാടിയിൽ വെച്ചാണ് സാമുവൽ മാഷിനെ ആദ്യമായി കാണുന്നത്. ഇത് രണ്ടാമത്തെ കൂടിക്കാഴ്ച്ച. അദ്ധ്യാപകൻ എന്നതിലുപരി കുട്ടികളുടെ കാര്യങ്ങൾക്കായി സ്കൂളിനകത്തും പുറത്തും പ്രവർത്തിക്കുന്ന സഹൃദയനായ ഒരു സമൂഹജീവി. അതാണ് എനിക്കറിയുന്ന സാമുവൽ മാഷ്.
2011 ജൂൺ മാസം ബൂലോകരുടെ കാരുണ്യ കൂട്ടായ്മയായ ‘ബൂലോക കാരുണ്യ‘ത്തിന്റെ അംഗങ്ങൾ യൂണിഫോം വിതരണം ചെയ്തത് സാമുവൽ മാഷിന്റെ സ്കൂളിലാണ്. ‘പാവപ്പെട്ട ആദിവാസി കുട്ടികൾക്ക് ഓരോ യൂണിഫോം നൽകാനാവില്ലേ?’ എന്ന ചോദ്യം കുഞ്ഞഹമ്മദിക്ക വഴി ബൂലോകരോട് തൊടുത്തത് സാമുവൽ മാഷായിരുന്നു. ആ ചോദ്യത്തിന് ഫലമുണ്ടായി. ഇന്ന് സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ കുട്ടികൾ എല്ലാവരും പുതിയ യൂണിഫോം കിട്ടിയതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടേയും വ്യക്തിപരമായ അളവെടുത്ത് തുന്നിയതുകൊണ്ട് യൂണിഫോമിന് മുറുക്കമെന്നോ അയവെന്നോ ഉള്ള പരാതികൾ ഒന്നുമില്ല.
ഒരു കാപ്പി കുടിക്കാനുള്ള സമയത്തിനപ്പുറത്തേക്ക് സംസാരം നീണ്ടുനീണ്ട് പോയി. ഹൃദയസ്പർശിയായ ഒരു സംഭവം ഈയിടയ്ക്ക് സ്ക്കൂളിൽ ഉണ്ടായെന്ന് മാഷ് പറഞ്ഞപ്പോൾ, അൽപ്പം കൂടെ വൈകിയാലും കുഴപ്പമില്ല അതുകൂടെ കേട്ടിട്ട് പിരിഞ്ഞാൽ മതിയെന്നായി എനിക്ക്.
സ്കൂൾ തുറക്കുന്ന വാരത്തിൽ എന്നെങ്കിലുമൊരു ദിവസം കുട്ടികൾക്കൊക്കെ മധുരം കൊടുത്ത് ഒരു സ്വീകരണച്ചടങ്ങ് പതിവുണ്ടത്രേ! ചടങ്ങൊക്കെ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് കുറേ കഴിഞ്ഞാണ് സ്കൂൾ വരാന്തയിൽ എല്ലാവരും ആ കുട്ടിയെ ശ്രദ്ധിച്ചത്. നാലഞ്ച് വയസ്സ് പ്രായമുള്ള ഒരു ആദിവാസി പെൺകുട്ടി. ആ സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ല. കാര്യമെന്തെന്നറിയാനായി മാഷും സഹപ്രവർത്തകരും കുട്ടിയുടെ അരികിലേക്ക് ചെന്നു.
“എന്നേം സ്ക്കൂളിൽ ചേർക്ക്വോ ? “
അവളുടെ ചോദ്യം അദ്ധ്യാപകരുടെ ഉള്ളിലെവിടെയോ ചെന്ന് തറച്ചെന്ന് മാഷിന്റെ പതറിയ ശബ്ദത്തിൽ നിന്ന് വ്യക്തം. നെഞ്ച് പിടഞ്ഞത് മറച്ചുവെക്കാൻ എനിക്കുമായില്ല.
അടുത്ത പരിസരത്തുള്ള ഒരുവിധം ആദിവാസി കുട്ടികളെയൊക്കെ അദ്ധ്യാപകർക്ക് അറിയാം. എല്ലാവരേയും സ്ക്കൂളിൽ ചേർത്തിട്ടുമുണ്ട്. പക്ഷെ, ഇങ്ങനൊരു കുട്ടിയെ കണ്ടതായി ആർക്കും ഓർമ്മയില്ല. സ്ക്കൂളിൽ ഒരു കുട്ടിയെ ചേർക്കുന്നതിന് ചില നടപടിക്രമങ്ങളൊക്കെ ഉണ്ട്. രക്ഷകർത്താക്കൾ ആരെങ്കിലും വരാതെ പറ്റില്ല. അദ്ധ്യാപകർ ധർമ്മസങ്കടത്തിലായി. പരിസരപ്രദേശത്തൊക്കെ കൂടുതൽ അന്വേഷിച്ചപ്പോളാണ് കാര്യങ്ങളെല്ലാം വ്യക്തമായത്.
ജ്യോത്സന, അതാണവളുടെ പേര്. അച്ഛനും അമ്മയും ഇല്ല. വയനാട്ടിലെ ആദിവാസികൾ പലരും ഒരു നേരത്തെ അന്നത്തിനായി കൂലിപ്പണിക്ക് ചെന്നടിയുന്ന കുടകിലെ കൃഷിയിടങ്ങളിൽ എവിടെയോ ആയിരുന്നു ജോത്സനയും അവളുടെ അച്ഛനമ്മമാരും. അവിടെ വെച്ച് അവൾ അനാഥയായി. അതെങ്ങനെ എന്ന് ആർക്കുമറിയില്ല, ആരും അന്വേഷിച്ചിട്ടുമില്ല. പിന്നെ, കുടകിലുള്ള മറ്റാരോ അവളെ വയനാട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഇവിടെ മുത്തശ്ശിയുടെ കൂടെയാണ് താമസം.
എല്ലാവരും സ്കൂളിൽ പോകുന്നത് കണ്ട് കൊതിയോടെ വന്നതാണവൾ. പഠനം മാത്രമല്ല മുന്നോട്ടുള്ള ജീവിതവും അവൾക്ക് മുന്നിൽ ചോദ്യചിഹ്നമാണ്. അദ്ധ്യാപകർ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ വഴി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു. സബ് ഇൻസ്‌പെൿടർ നാട്ടുകാര്യങ്ങളിൽ നന്നായിട്ട് സഹകരിക്കുന്ന വ്യക്തിയാണ്. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഇന്നിപ്പോൾ, ജ്യോത്സന സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ ഒരു വിദ്യാർത്ഥിനിയാണ്.
സ്ക്കൂൾ ബസ്സും, സ്ക്കൂൾ ബാഗും, വാട്ടർ ബോട്ടിലും, പെൻസിൽ ബോക്സും, ടിഫിൻ ബോക്സും, ഒന്നും ഇല്ലാത്ത കുട്ടികൾ. സ്ക്കൂളിന്റെ പടിക്കകത്തേക്ക് കയറാൻ കൊതിക്കുന്ന, അതിനായി കെഞ്ചുന്ന കുരുന്നുകൾ. എല്ലാ സുഖസൌകര്യങ്ങളോടും കൂടെ സ്ക്കൂളിൽ പോകുന്ന, ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പുതിയ പെൻസിലും പേനയും സ്കൂൾ ബാഗുമൊക്കെ കൈയ്യിൽക്കിട്ടുന്ന, നമ്മളിൽ പലരുടെയും വീട്ടിലെ കുട്ടികൾ അറിയുന്നുണ്ടോ ഇങ്ങനേയും ബാല്യങ്ങൾ ഉണ്ടെന്ന് ?!!
ഇന്ന് ശിശുദിനം. “എന്നേം സ്ക്കൂളിൽ ചേർക്ക്വോ“ എന്നു ചോദിച്ച് അലയേണ്ട അവസ്ഥ, സാക്ഷര കേരളത്തിലെ ഒരു കുഞ്ഞിനും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ, എല്ലാം കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ.
നാലഞ്ച് മാസങ്ങൾക്ക് മുന്നുള്ള സംഭവമാണ്, സ്ഥലം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി. മുൻപൊരിക്കൽ മാനന്തവാടിയിൽ വെച്ചാണ് സാമുവൽ മാഷിനെ ആദ്യമായി കാണുന്നത്. ഇത് രണ്ടാമത്തെ കൂടിക്കാഴ്ച്ച. അദ്ധ്യാപകൻ എന്നതിലുപരി കുട്ടികളുടെ കാര്യങ്ങൾക്കായി സ്കൂളിനകത്തും പുറത്തും പ്രവർത്തിക്കുന്ന സഹൃദയനായ ഒരു സമൂഹജീവി. അതാണ് എനിക്കറിയുന്ന സാമുവൽ മാഷ്.
2011 ജൂൺ മാസം ബൂലോകരുടെ കാരുണ്യ കൂട്ടായ്മയായ ‘ബൂലോക കാരുണ്യ‘ത്തിന്റെ അംഗങ്ങൾ യൂണിഫോം വിതരണം ചെയ്തത് സാമുവൽ മാഷിന്റെ സ്കൂളിലാണ്. ‘പാവപ്പെട്ട ആദിവാസി കുട്ടികൾക്ക് ഓരോ യൂണിഫോം നൽകാനാവില്ലേ?’ എന്ന ചോദ്യം കുഞ്ഞഹമ്മദിക്ക വഴി ബൂലോകരോട് തൊടുത്തത് സാമുവൽ മാഷായിരുന്നു. ആ ചോദ്യത്തിന് ഫലമുണ്ടായി. ഇന്ന് സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ കുട്ടികൾ എല്ലാവരും പുതിയ യൂണിഫോം കിട്ടിയതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടേയും വ്യക്തിപരമായ അളവെടുത്ത് തുന്നിയതുകൊണ്ട് യൂണിഫോമിന് മുറുക്കമെന്നോ അയവെന്നോ ഉള്ള പരാതികൾ ഒന്നുമില്ല.
ഒരു കാപ്പി കുടിക്കാനുള്ള സമയത്തിനപ്പുറത്തേക്ക് സംസാരം നീണ്ടുനീണ്ട് പോയി. ഹൃദയസ്പർശിയായ ഒരു സംഭവം ഈയിടയ്ക്ക് സ്ക്കൂളിൽ ഉണ്ടായെന്ന് മാഷ് പറഞ്ഞപ്പോൾ, അൽപ്പം കൂടെ വൈകിയാലും കുഴപ്പമില്ല അതുകൂടെ കേട്ടിട്ട് പിരിഞ്ഞാൽ മതിയെന്നായി എനിക്ക്.
സ്കൂൾ തുറക്കുന്ന വാരത്തിൽ എന്നെങ്കിലുമൊരു ദിവസം കുട്ടികൾക്കൊക്കെ മധുരം കൊടുത്ത് ഒരു സ്വീകരണച്ചടങ്ങ് പതിവുണ്ടത്രേ! ചടങ്ങൊക്കെ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് കുറേ കഴിഞ്ഞാണ് സ്കൂൾ വരാന്തയിൽ എല്ലാവരും ആ കുട്ടിയെ ശ്രദ്ധിച്ചത്. നാലഞ്ച് വയസ്സ് പ്രായമുള്ള ഒരു ആദിവാസി പെൺകുട്ടി. ആ സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ല. കാര്യമെന്തെന്നറിയാനായി മാഷും സഹപ്രവർത്തകരും കുട്ടിയുടെ അരികിലേക്ക് ചെന്നു.
“എന്നേം സ്ക്കൂളിൽ ചേർക്ക്വോ ? “
അവളുടെ ചോദ്യം അദ്ധ്യാപകരുടെ ഉള്ളിലെവിടെയോ ചെന്ന് തറച്ചെന്ന് മാഷിന്റെ പതറിയ ശബ്ദത്തിൽ നിന്ന് വ്യക്തം. നെഞ്ച് പിടഞ്ഞത് മറച്ചുവെക്കാൻ എനിക്കുമായില്ല.
അടുത്ത പരിസരത്തുള്ള ഒരുവിധം ആദിവാസി കുട്ടികളെയൊക്കെ അദ്ധ്യാപകർക്ക് അറിയാം. എല്ലാവരേയും സ്ക്കൂളിൽ ചേർത്തിട്ടുമുണ്ട്. പക്ഷെ, ഇങ്ങനൊരു കുട്ടിയെ കണ്ടതായി ആർക്കും ഓർമ്മയില്ല. സ്ക്കൂളിൽ ഒരു കുട്ടിയെ ചേർക്കുന്നതിന് ചില നടപടിക്രമങ്ങളൊക്കെ ഉണ്ട്. രക്ഷകർത്താക്കൾ ആരെങ്കിലും വരാതെ പറ്റില്ല. അദ്ധ്യാപകർ ധർമ്മസങ്കടത്തിലായി. പരിസരപ്രദേശത്തൊക്കെ കൂടുതൽ അന്വേഷിച്ചപ്പോളാണ് കാര്യങ്ങളെല്ലാം വ്യക്തമായത്.
ജ്യോത്സന, അതാണവളുടെ പേര്. അച്ഛനും അമ്മയും ഇല്ല. വയനാട്ടിലെ ആദിവാസികൾ പലരും ഒരു നേരത്തെ അന്നത്തിനായി കൂലിപ്പണിക്ക് ചെന്നടിയുന്ന കുടകിലെ കൃഷിയിടങ്ങളിൽ എവിടെയോ ആയിരുന്നു ജോത്സനയും അവളുടെ അച്ഛനമ്മമാരും. അവിടെ വെച്ച് അവൾ അനാഥയായി. അതെങ്ങനെ എന്ന് ആർക്കുമറിയില്ല, ആരും അന്വേഷിച്ചിട്ടുമില്ല. പിന്നെ, കുടകിലുള്ള മറ്റാരോ അവളെ വയനാട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഇവിടെ മുത്തശ്ശിയുടെ കൂടെയാണ് താമസം.
എല്ലാവരും സ്കൂളിൽ പോകുന്നത് കണ്ട് കൊതിയോടെ വന്നതാണവൾ. പഠനം മാത്രമല്ല മുന്നോട്ടുള്ള ജീവിതവും അവൾക്ക് മുന്നിൽ ചോദ്യചിഹ്നമാണ്. അദ്ധ്യാപകർ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ വഴി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു. സബ് ഇൻസ്‌പെൿടർ നാട്ടുകാര്യങ്ങളിൽ നന്നായിട്ട് സഹകരിക്കുന്ന വ്യക്തിയാണ്. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഇന്നിപ്പോൾ, ജ്യോത്സന സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ ഒരു വിദ്യാർത്ഥിനിയാണ്.
![]() |
Picture Courtesy :- Click Here |
ഇന്ന് ശിശുദിനം. “എന്നേം സ്ക്കൂളിൽ ചേർക്ക്വോ“ എന്നു ചോദിച്ച് അലയേണ്ട അവസ്ഥ, സാക്ഷര കേരളത്തിലെ ഒരു കുഞ്ഞിനും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ, എല്ലാം കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ.
Saturday, 5 November 2011
ഒരു അഭിമുഖം, ലാഫിങ്ങ് വില്ലയിൽ
ദേശീയ പുരസ്ക്കാര ജേതാവും ബാച്ച് മേറ്റുമായ ശ്രീ.സലിം കമാറിനെ ഇന്റർവ്യൂ ചെയ്യാൻ ലാഫിങ്ങ് വില്ലയിലേക്ക് പോയത്, സാഗയ്ക്ക് വേണ്ടിയായിരുന്നു. സാഗയുടെ (SNMC Alumni Global Association) സോവനീറിൽ (ഓർമ്മത്താളുകൾ) അച്ചടിച്ചുവന്ന പേജുകൾ അതേപടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. വായിക്കണമെങ്കിൽ ഓരോ പേജുകളിലും റൈറ്റ് ക്ലിക്ക് ചെയ്ത് Open Link in New Window എന്നതിൽ ക്ലിക്കി, വലുതാക്കി വായിക്കാം. ആദ്യമായി ഒരു അഭിമുഖം നടത്തുന്നതിന്റെ എല്ലാ പോരായ്മകളും ഉണ്ടിതിൽ. വായനക്കാർ സദയം ക്ഷമിക്കുക, പൊറുക്കുക.
Wednesday, 2 November 2011
കാടും ഫോട്ടോഗ്രാഫറും
എന്തിനും തയ്യാറായി നിൽക്കുന്ന ഒരു കാട്ടാനയുടെ തൊട്ടുമുന്നിൽ ചെന്നുനിന്ന് പടമെടുക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ ചിത്രം ഞങ്ങൾ കുറച്ച് സുഹൃത്തുക്കളെ സംശയാലുക്കളാക്കി. ഫോട്ടോ ഷോപ്പ് എന്ന സോഫ്റ്റ് വെയറിൽ എന്തും ചെയ്തെടുക്കുന്ന കാലമല്ലേ ? ആനയ്ക്ക് മുന്നിൽ ചെന്നുനിന്ന് പടമെടുക്കാനുള്ള സന്ദർഭം ഉണ്ടായാൽത്തന്നെ അത് ഫോട്ടോ എടുക്കാൻ മറ്റൊരാൾ ക്യാമറയുമായി അയാൾക്ക് പിന്നിൽ വേണം. അപ്പോൾപ്പിന്നെ അത് വ്യാജഫോട്ടോ ആകാനുള്ള സാദ്ധ്യതയല്ലേ കൂടുതൽ ?
![]() |
സംശയം ജനിപ്പിച്ച ചിത്രം - (കടപ്പാട് :- നാലാമിടം) |
സാഹിത്യ അക്കാഡമി പുറത്തിറക്കിയ നസീറിന്റെ ‘കാടും ഫോട്ടോഗ്രാഫറും’ എന്ന പുസ്തകത്തിൽ ഈ വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്ന് തോന്നിയതുകൊണ്ട് പെട്ടെന്ന് തന്നെ പുസ്തകം സംഘടിപ്പിച്ച് വായിച്ചു. 136 ഗ്ലോസി കടലാസ്സുകളിൽ അച്ചടിച്ചിറക്കിയ 400 രൂപ വിലയുള്ള പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിൽ അവസാനത്തേത് ആനകളുടെ ഗതികേടിനെപ്പറ്റിയുള്ള വിലാപമാണ്. ‘ആനകളുടെ നൊമ്പരം‘ എന്ന ആ അദ്ധ്യായത്തിൽ തുടക്കത്തിൽ പറഞ്ഞ ചിത്രത്തിന്റെ സാഹചര്യം കൃത്യമായി വിവരിക്കുന്നുണ്ട്. ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിക്കാം.
‘കരടിയുടെ കൂടെ’ എന്ന അദ്ധ്യായത്തിൽ കരടിക്ക് മുന്നിൽ കുനിഞ്ഞിരിന്ന് പടമെടുക്കുന്ന നസീറിന്റെ ചിത്രത്തിനൊപ്പം അതിന്റെ സന്ദർഭവും വിശദമാക്കുന്നുണ്ട്. ‘കിങ്ങ് കോമ്പ്ര‘ എന്ന അദ്ധ്യായത്തിലാകട്ടെ, ഷോപ്പിങ്ങ് മാളിനകത്ത് വെച്ച് കണ്ടാൽപ്പോലും പൊതുജനം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഉരഗമായ, രാജവെമ്പാലയെ പിന്തുടർന്ന് കാട്ടിനകത്തേക്ക് കയറി അതിന്റെ കൂടെ മൂന്ന് മണിക്കൂറിലധികം സമയം ചിലവഴിച്ചതിനെപ്പറ്റിയുള്ള വിവരണമാണ്.
കാടെന്നാൽ നസീറിന് നാടിനേക്കാൾ പരിചിതമായ ഇടമാണ്. കാൽനൂറ്റാണ്ടായി കാട്ടിലൂടെ അലയുകയാണ് ഈ പ്രകൃതിസ്നേഹി. വന്യജീവി ഫോട്ടോഗ്രാഫറായതൊക്കെ അൽപ്പം കൂടെ കഴിഞ്ഞാണ്. നാളിതുവരെ നമ്മളാരും കേൾക്കാത്ത കാട്ടുവഴികളെപ്പറ്റിയും ഇടങ്ങളെപ്പറ്റിയുമൊക്കെ പുസ്തകത്തിൽ പറയുന്നുണ്ട്. ആഴ്ച്ചകളോളം കാട്ടിനകത്ത് തന്നെ കഴിച്ചുകൂട്ടി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ പതുങ്ങിയിരുന്ന് അവറ്റകളുടെ ജീവിതരീതികൾ പഠിക്കുക, ഉള്ള് നിറയെ കാണുക, പിന്നെ അവറ്റകൾ പോസ് ചെയ്ത് കൊടുക്കുന്ന പടങ്ങൾ മതിയാവോളം എടുക്കുക, അങ്ങനെ പോകുന്നു നസീറിന്റെ വനവാസം. കാട്ടിൽ നിന്ന് കിട്ടുന്നത് കാടിനുതന്നെ മടക്കിക്കൊടുക്കണമെന്ന് വെറുതെ പറയുക മാത്രമല്ല അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. കാടിനകത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്, എങ്ങനെ പെരുമാറണം എന്നതൊക്കെ ലളിതവായും നിർബന്ധമായും മനസ്സിലാക്കാൻ പുസ്തകം സഹായിക്കുന്നു. നിറമുള്ള കുപ്പായങ്ങളിട്ട് അത്തറും പൂശി കാട്ടിലേക്കിറങ്ങുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഇന്ന് ഏതെങ്കിലും ഒരു പുതുമയുള്ള വന്യജീവിയുടെ പടവുമായേ മടങ്ങിവരൂ എന്നൊരു ഉൾവിളി കാടിനകത്തേക്ക് കയറുമ്പോൾത്തന്നെ നസീറിന് ഉണ്ടാകുന്നുണ്ട്. അത് അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യുന്നു. തവളവായൻ പക്ഷി, മഴമുഴക്കി വേഴാമ്പൽ, തീക്കാക്ക, പുള്ളിപ്പുലി, കലമാൻ, കടുവ, ആന, കുറിക്കണ്ണൻ പുള്ള്, മൂങ്ങ, ചാമ്പൽ മലയണ്ണാൻ, മൂക്കൻ അണ്ണാൻ, സിംഹവാലൻ കുരങ്ങ്, പുള്ളിമാൻ, കാട്ടുനായ(ചെന്നായ), കാട്ടുപോത്ത്, വെള്ളക്കാട്ടുപോത്ത്, നീലഗിരി മാർട്ടെൻ എന്നിങ്ങനെ നസീറിന്റെ ക്യാമറയ്ക്ക് പോസുചെയ്യാത്ത വന്യജീവികൾ വിരളം. വെറുതെ പടമെടുത്ത് കൊണ്ടുവരുക മാത്രമല്ല നസീർ ചെയ്യുന്നത്. ഓരോ വന്യജീവികളുടേയും കൂടെ മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ തന്നെ ചിലവഴിച്ച് അതിന്റെയൊക്കെ ആവാസവ്യവസ്ഥിതിയെപ്പറ്റി ആഴത്തിൽ മനസ്സിലാക്കിയാണ് അദ്ദേഹം കാടിറങ്ങുന്നത്. നസീറിന്റെ കാര്യത്തിലാകുമ്പോൾ കാടിറങ്ങുന്നു, കാട്ടിലേക്ക് കയറുന്നു എന്ന പ്രയോഗമൊക്കെ അൽപ്പം വ്യത്യാസപ്പെടുത്തി, വീടിറങ്ങുന്നു, വീട്ടിലേക്ക് കയറുന്നു എന്നൊക്കെ പറയണമെന്ന പക്ഷക്കാരനാണ് ഞാൻ. കാട് അദ്ദേഹത്തിന് വീട് തന്നെ. ഗൾഫ് രാജ്യങ്ങളിൽ ആയോധനകലകൾ പഠിപ്പിച്ച് കുറച്ച് നാൾ കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് മടങ്ങി വന്നാൽ, നസീർ തന്റെ ബാഗുമെടുത്ത് ‘വീട്ടി’ലേക്ക് കയറുകയായി. പലപ്പോഴും വിമാനത്താവളത്തിൽ നിന്ന് നേരെ പോകുന്നത് ‘വീട്ടി’ലേക്കായിരിക്കും.
പുസ്തകത്തിന് അനുബന്ധം എഴുതിയിരിക്കുന്നത് ഗിരീഷ് ജനാർദ്ദനനാണ്. ചെറായിക്കാരനായ റിട്ടയേർഡ് അദ്ധ്യാപകൻ പി.ജെ.സെബാസ്റ്റ്യൻ മാഷ് നസീറിനെപ്പറ്റി പറയുന്ന മൂന്ന് വാചകങ്ങളുണ്ട് ആ അനുബന്ധക്കുറിപ്പിൽ. “നേച്ചർ എൻതൂസിയാസം അയാളുടെ ജീനിലുള്ളതാണ്. ഒരു ശക്തിക്കും അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ല. തന്റെ വനസഞ്ചാരങ്ങൾക്ക് വിഘാതം നിൽക്കുന്നത് സ്വന്തം ഉമ്മയാണെങ്കിൽ അയാൾ അവരേയും ഉപേക്ഷിച്ചുകളയും”
അപ്പറഞ്ഞത് വളരെ ശരിയാണെന്ന് പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ വായനക്കാർക്കും ബോദ്ധ്യപ്പെടും. അല്ലെങ്കിൽപ്പിന്നെ ദിവസങ്ങളോളം ഒരാളെങ്ങനെയാണ് ഒരു മരത്തിൽ കയറി താൻ കാണാൻ ആഗ്രഹിക്കുന്ന പക്ഷികളേയോ മൃഗങ്ങളേയോ കാത്ത് അനങ്ങാതെ ഇരിക്കുക ?! കൂടെക്കൊണ്ടുവന്ന മറ്റ് ഭക്ഷണമൊക്കെ തീർന്നിട്ടും, കൈയ്യിൽ അവശേഷിക്കുന്ന ബിസ്സ്‌ക്കറ്റുകൾ കാട്ടുചോലയിൽ മുക്കി കുതിർത്ത് തിന്ന് ആഴ്ച്ചകളോളം ഒരാളെങ്ങനെയാണ് വനത്തിനകത്ത് ഒറ്റയ്ക്ക് കഴിച്ചുകൂട്ടുക ?! നസീർ കാടിന്റെ ഭാഗമായി മാറുമ്പോൾ, അതേ കാടിന്റെ ഭാഗമായ മറ്റ് ജീവികൾ നിർഭയം നസീറിന്റെ മുന്നിൽ ഇറങ്ങി വരുന്നതാണ് അദ്ദേഹത്തിന്റെ വന്യജീവി ഫോട്ടോഗ്രാഫിയുടെ രഹസ്യമെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. മഴവേഴാമ്പൽ തൊട്ടടുത്ത് വന്നിരുന്ന് ചിറകുകളും തൂവലുകളും ചീകിയൊതുക്കുന്നതും, കരടി അത്തിപ്പഴം കഴിച്ചശേഷം മരത്തിൽ നിന്നിറങ്ങി ചെന്ന് പടത്തിനു പോസുചെയ്യുന്നതും, ഉദരഭാഗത്തെ ചുവപ്പ് നിറം ആർക്കും കാണിച്ചുകൊടുക്കാത്ത തീക്കാക്ക, നസീറിനോട് ഒരു കാമുകനോടെന്ന പോലെ പെരുമാറുന്നതുമൊക്കെ ഇത്തരത്തിൽ സംഭവിക്കുന്നതാണ്.
കരാട്ടേയും തായ്ച്ചിയും അടക്കമുള്ള പല ആയോധന കലകളിലുമുള്ള പ്രാവീണ്യം വനജീവിതത്തിൽ അദ്ദേഹത്തിന് പ്രയോജനപ്പെടുന്നുണ്ട്. ശരീരത്തിന്റെ ഓരോ ചലനങ്ങളും അളന്നുകുറിച്ചുള്ളതായതുകൊണ്ട്, തങ്ങളെ അപായപ്പെടുത്താൻ ഒരാൾ വന്നിരിക്കുന്നു എന്ന തോന്നൽ വന്യജീവികൾക്ക് ഇല്ലാതാകുന്നു. പേടിയില്ലാതെ കറങ്ങിനടക്കാൻ തുടങ്ങുന്ന അവറ്റകളെ, മനസ്സ് നിറച്ച് കണ്ട് ക്യാമറ നിറച്ച് പടവുമെടുത്ത് മടങ്ങാൻ നസീറിനുമാകുന്നു.
കാടിന്റെ നിയമങ്ങൾ തെറ്റിക്കാതെ, കാടിനെ സ്നേഹിച്ച്, പഠിച്ച്, മനസ്സിലാക്കി എങ്ങനെ കാട്ടിലൂടെ നീങ്ങണമെന്ന് ഓരോ അദ്ധ്യായത്തിലും നസീർ പഠിപ്പിക്കുന്നു. അതിനായി വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, വന്യജീവികളുടെ ശാസ്ത്രീയനാമങ്ങൾ, അവയുടെ മനോഹരമായ ചിത്രങ്ങൾ എന്നതൊക്കെ പുസ്തകത്തെ സമ്പന്നമാക്കുന്നു. വഴിമുടക്കി നിൽക്കുന്ന ഒരു മരത്തിന്റേയോ ചെടിയുടേയോ ഇലകൾ പോലും ആരും പറിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. കൂടെയുള്ളവരോട് ചില നമ്പറുകൾ ഇറക്കിയിട്ടാണെങ്കിലും നസീർ അക്കാര്യം സാധിച്ചെടുക്കുകയും ചെയ്യുന്നു. വന്യജീവി ഫോട്ടോഗ്രാഫി മേഖലയിൽ ഇന്ന് നിലവിലുള്ള പല അനാശാസ്യ നടപടികളും പുസ്തകത്തിലൂടെ നസീർ തുറന്നുകാട്ടുന്നു; അതിനൊക്കെ എതിരായി ശബ്ദം ഉയർത്തുകയും ചെയ്യുന്നു.
ഇതൊക്കെയാണെങ്കിലും പുസ്തകത്തോട് ചില വിയോജിപ്പുകൾ ഉണ്ടെന്ന് പറയാതെ വയ്യ. നല്ല ഒഴുക്കുള്ള കാട്ടരുവിയിൽ ഇറങ്ങിക്കിടക്കുന്നതുപോലുള്ള വായനാസുഖം എല്ലാ അദ്ധ്യായങ്ങളും തരുന്നില്ല. ചിലതെല്ലാം ഒന്നുകൂടെ അടുക്കും ചിട്ടയും ആക്കാമായിരുന്നു. ഒരു ആൽബം പോലെ സൂക്ഷിക്കാനാവുന്ന വന്യമൃഗങ്ങളുടെ പടങ്ങളിൽ പലതും, സന്നിവേശിപ്പിച്ചിരിക്കുന്നത് മറ്റാരും എടുത്തുകൊണ്ടുപോയി കോപ്പിറൈറ്റ് ലംഘനം നടത്തരുത് എന്ന ലക്ഷ്യത്തോടെ ആണോ എന്നൊരു സംശയം. അവസാനമായി പുസ്തകത്തിന്റെ പേരിന്റെ കാര്യത്തിലാണ് ഭിന്നാഭിപ്രായം. നസീർ വെറുമൊരു വന്യജീവി ഫോട്ടോഗ്രാഫർ അല്ലെന്ന് രണ്ട് അദ്ധ്യായങ്ങൾ വായിക്കുന്നതോടെ ആർക്കും മനസ്സിലാകും. ഒന്നാന്തരം ഒരു പ്രകൃതിസ്നേഹിയും വനസംരക്ഷകനും കൂടെയാണ് അദ്ദേഹം. പിന്നെന്തിന് ഫോട്ടോഗ്രാഫർ എന്ന തലക്കെട്ടിൽ മാത്രം നസീറിനെ ഒതുക്കി ?
അയൽവാസിയായ നസീറിന്റെ പുസ്തകം വായിച്ചതുകൊണ്ട് വ്യക്തിപരമായി എനിക്കുണ്ടായിരിക്കുന്ന ഒരു ഗുണം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ആനയോ പുലിയോ കടുവയോ ഇറങ്ങാൻ സാദ്ധ്യതയുള്ള ചില കാടുകളിലൂടെ ഈയുള്ളവനും ചിലപ്പോഴൊക്കെ കടന്നുപോയിട്ടുണ്ട്. വന്യജീവികളൊന്നും മുന്നിൽ വന്ന് ചാടി കുഴപ്പമുണ്ടാക്കരുതേ എന്ന പ്രാർത്ഥനയായിരിക്കും അപ്പോഴെല്ലാം. ‘കാടും ഫോട്ടോഗ്രാഫറും‘ വായിച്ച് കഴിഞ്ഞതോടെ ആ പ്രാർത്ഥനയ്ക്ക് ഉള്ളിലിടമില്ലാതായിരിക്കുന്നു. വന്യജീവികളെയൊക്കെ കണ്ണ് നിറച്ച് കാണാനാകണേ എന്ന പ്രാർത്ഥനയാകും ഇനിയങ്ങോട്ട്.
Subscribe to:
Posts (Atom)