Sunday, 3 April 2011

കുറേ ക്രിക്കറ്റ് ഓർമ്മകൾ.

2011 ഏപ്രിൽ 2, മുംബൈ. രാവേറെ ആയിട്ടും ഇവിടെ ആഘോഷങ്ങൾ നീണ്ടുനിന്നു. കാന്തിവിലിയിൽ ഞാൻ താമസിക്കുന്ന കെട്ടിടത്തിലെ എട്ടാം നിലയിലുള്ള ഫ്ലാറ്റിൽ നിന്ന് നോക്കിയാൽ ആകാശത്ത് അമിട്ടുകൾ പൊട്ടിവിടർന്ന് നിറങ്ങൾ വാരിവിതറുന്നത് കാണാമായിരുന്നു. നിനച്ചിരിക്കാതെ ഒരു തൃശൂർ പൂരമോ ദീപാവലിയോ വന്നുകയറിയതുപോലെ. അരമണിക്കൂറിലധികം ഞാനത് നോക്കി ബാൽക്കണിയിൽത്തന്നെ നിന്നു. മാർച്ച് 30ന്, ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനെതിരെ വിജയിച്ച് ഫൈനലിലേക്ക് കടന്നപ്പോഴും ഇതുപോലെ തന്നെ കേമമായ ആഘോഷം തന്നെയായിരുന്നു ഈ മഹാനഗരത്തിൽ.

ചിത്രത്തിന് കടപ്പാട് ഇന്റർനെറ്റ്.

വെടിക്കെട്ട് കണ്ട് നിന്നപ്പോൾ ഓർമ്മകൾ ഒരുപാട് പിന്നോട്ട് പാഞ്ഞു. ക്രിക്കറ്റ് പ്രേമിയായ ഏതൊരു ചെറുപ്പക്കാരനേയും പോലെ കളിയോട് ആവേശമുണ്ടായിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ് പ്രീഡിഗ്രിക്കും പഠനവും എൻ‌ട്രൻസ് പരീക്ഷയ്ക്കുമൊക്കെ നടന്നിരുന്ന കാലഘട്ടമാണത്.

അക്കാലത്ത് ചെറായിക്കും മുനമ്പത്തിനും ഇടയിലുള്ള കോൺ‌വെന്റ് എന്ന സ്ഥലത്തെ കടപ്പുറം മേഖലയിൽ, പുല്ലുപിടിച്ച് കിടക്കുന്ന ഒരു പറമ്പായിരുന്നു ഞങ്ങളുടെ ഗ്രൗണ്ട്. പൊളിഞ്ഞുവീഴാൻ തയ്യാറെടുത്ത് മരപ്പലകകളൊക്കെ അല്‍പ്പം ചരിഞ്ഞ് നിൽക്കുന്ന ‘രവീന്ദ്ര‘പ്പാലത്തിലൂടെ ഇപ്പറഞ്ഞ ഗ്രൗണ്ടിലേത്താൻ അരമണിക്കൂറെങ്കിലുമെടുക്കും. ടീം അംഗങ്ങളൊക്കെ “ഒരിടം വരെ പോയിട്ട് ദിപ്പ വരാം.” എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് സ്കൂട്ടായി ഗ്രൗണ്ടിലെത്തുന്നത്. വീട്ടിൽ ചോദിച്ച് അനുവാദം വാങ്ങിയിട്ട് കളിയൊന്നും നടക്കില്ലെന്ന് മാത്രമല്ല നല്ല ചീത്തയും കേട്ടെന്നും വരും. പലരും ആദ്യ ഇന്നിങ്ങ്സ് തീർത്ത് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങിപ്പോകില്ല. പോയാൽ, കോപ്പർ ഔട്ടാകുമെന്നും രണ്ടാമത്തെ ഇന്നിങ്ങ്‌സ് കളിക്കാൻ വേറെ ആളെ കൂലിക്കെടുത്ത് ഇറക്കേണ്ടി വരുമെന്നും അവർക്കറിയാം. എനിക്ക് അത്രയുംനേരം വീട്ടിൽ നിന്ന് മാറി നിന്നാൽ, അതിൽക്കൂടുതൽ പ്രശ്നമാകുമെന്നുള്ളതുകൊണ്ട് വിയർത്തൊലിച്ച് അഴുക്കായ വസ്ത്രവുമായി ഭക്ഷണം കഴിക്കാൻ ചെല്ലുമായിരുന്നു. ആ കാഴ്ച്ച കാണുമ്പോൾത്തന്നെ വീട്ടിലുള്ളവർക്ക് കാര്യം പിടികിട്ടും. അമ്മ ഫിസിക്കൽ ഏഡ്യൂക്കേഷൻ അദ്ധ്യാപിക ആയതുകൊണ്ട് കാര്യമായ പ്രശ്നമൊന്നും ഉണ്ടാകാറില്ല. ‘കളിമാത്രമേയുള്ളൂ പഠിപ്പൊന്നും ഇല്ല‘ എന്നൊരു സ്ഥിരം പരാതി കേൾക്കാത്തപോലെ നിൽക്കാൻ സ്വയം പരിശീലിച്ചിട്ടുള്ളത് രക്ഷയായിട്ടുണ്ട്. എങ്ങനായാലും രണ്ടാമത്തെ ഇന്നിങ്ങ്സിന് ഓടിക്കിതച്ച് ഗ്രൗണ്ടിൽ എത്തിയിരുന്നു. പ്രീഡിഗ്രിക്ക് ഞാൻ പഠിച്ചിരുന്ന, മാല്യങ്കര എസ്.എൻ.എം. കോളേജ് ഗ്രൗണ്ടിലും വല്ലപ്പോഴുമൊക്കെ കളിക്കുമായിരുന്നു. ഇന്നാ ഗ്രൗണ്ടിരിക്കുന്ന സ്ഥലത്ത് എഞ്ചിനീയറിങ്ങ് കോളേജിന്റെ കൂറ്റൻ കെട്ടിടങ്ങളാണ്.

എടുത്തുപറയാനും വേണ്ടും വലിയ കളികളൊന്നും കളിച്ചിട്ടില്ല, ഭയങ്കര കളിക്കാരനും ആയിരുന്നില്ല. കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ ബിരുദപഠനത്തിന് എത്തിയപ്പോൾ ക്ലാസ്സ് ടീമിൽ ഉണ്ടായിരുന്നു. അവിടേയും വലിയ കളിക്കാരനൊന്നും ആയിരുന്നില്ല. ക്ലാസ്സിന്റെ ക്യാപ്റ്റനായിരുന്ന ശേഷഗിരി ഡി.ഷേണായ്, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണിയെപ്പോലെ വിക്കറ്റ് കീപ്പറും, ബാറ്റ്സ്മാനും എന്നതിന് പുറമേ നല്ലൊരു ബൗളറുമായിരുന്നു. ശേഷഗിരി വിക്കറ്റിന്റെ പിന്നിൽ നിന്ന് മാറുമ്പോൾ വിക്കറ്റ് കാത്തിരുന്നത് ഞാനാണ്. പയ്യാമ്പലത്തെ ഹോസ്റ്റലിന് തൊട്ടടുത്തുള്ള ക്ലിഫ് ഹൗസ് ഗ്രൗണ്ടിലും, കോളേജ് എന്ന് പറയുന്ന എം.ടി.എം. ഹൈസ്ക്കൂൾ ഗ്രൗണ്ടിലുമൊക്കെയായി മിക്കവാറും ദിവസങ്ങളിൽ കളിയും പരിക്കുമൊക്കെ പതിവായിരുന്നു.

ജോലിയൊക്കെ കിട്ടിയതിനുശേഷം മുംബൈയിലും അബുദാബിയിലും രാജസ്ഥാനിലുമൊക്കെ വെച്ച് ഒരു രസത്തിന് വല്ലപ്പോഴും കളിയിൽ കൂടാറുണ്ടെന്നതൊഴിച്ചാൽ ക്രിക്കറ്റ് കളി അത്ര സീരിയസ്സായി എടുക്കാനുള്ള പ്രായമല്ല അതെന്ന് അറിയുന്നതുകൊണ്ട് തന്നെ, കളിയോട് അല്‍പ്പം അകലമിട്ടാണ് നിന്നിരുന്നത്.

ടീവിൽ കാണിക്കുന്ന എല്ലാ കളികളും കാണുകയും ഓരോ ഓവറിലും പിറക്കുന്ന റണ്ണുകൾ പോലും എഴുതിവെച്ച് കളി കാണുകയും ചെയ്യുമായിരുന്നു ആദ്യം പറഞ്ഞ പ്രീഡിഗ്രി കാലങ്ങളിൽ. അന്നൊക്കെ വീടുകളിൽ ടീവി വരുകയും, കളി കാണിക്കുകയും ഒക്കെ ചെയ്യുമായിരുന്നതിന്റെ ഒരു ആവേശത്തിൽ ചെയ്തിരുന്നതാകാം. വാതുവെപ്പിനെപ്പയിയുള്ള കാര്യങ്ങളൊക്കെ കേൾക്കാൻ തുടങ്ങിയതോടെ, അസറുദ്ദീനും ജഡേജയുമൊക്കെ പുറത്തായതോടെ, ക്രിക്കറ്റിനോടുള്ള അഭിനിവേശം കുറഞ്ഞു. വല്ലപ്പോഴും ടീവിയിൽ ഏതെങ്കിലും ഒരു കളിയുടെ കലാശക്കൊട്ട് ഭാഗങ്ങൾ കണ്ടാലായി. കളി കാണാനായി മറ്റ് കാര്യങ്ങൾ മാറ്റിവെക്കുന്ന പതിവൊക്കെ ഇല്ലാതായി. സത്യം പറഞ്ഞാൽ, ഇന്ന് എല്ലാ ടീമുകളിലേയും 3 കളിക്കാരുടെ വീതം പേര് പോലും അറിയില്ല. ഇന്ത്യൻ ടീമായതുകൊണ്ട് അതിലെ കളിക്കാരുടെ പേരുവിവരങ്ങളൊക്കെ അറിയാം. വിവാദങ്ങളും വാതുവെപ്പും രാഷ്ട്രീയവുമൊക്കെ ക്രിക്കറ്റിലും കലർന്നതോടെ, കളിയോടുള്ള താല്‍പ്പര്യം വല്ലാതെ നശിച്ചെന്നുതന്നെ പറയാം.

ക്രിക്കറ്റ് കൊണ്ട് കിട്ടിയ നേട്ടങ്ങൾ, കുറേക്കൂടെ കൃത്യമായി പറഞ്ഞാൽ കോട്ടങ്ങൾ ചിലതുണ്ട്.

ഒന്നാമത്തെ കോട്ടം, മുൻ‌നിരയിലെ മുകളിലെ പലകപ്പല്ലൊന്നിന്റെ നിറം മാറിപ്പോയതാണ്. ഒരു എഞ്ചിൻ ഓയലിന്റെ പരസ്യത്തിൽ, സച്ചിന്റെ മുന്നിൽ പന്ത് വന്ന് നിൽക്കുമ്പോൾ, പുള്ളി പറയുന്നില്ലേ ? ‘ഇമ്മാതിരി പന്തുകൾ അടിക്കണമെങ്കിൽ ഹിമ്മത്ത് (ധൈര്യം) വേണം‘ എന്ന്. ധൈര്യം വേണമെങ്കിൽ പ്രൊട്ടൿഷൻ വേണമത്രേ! പ്രൊട്ടൿഷൻ അതായിരുന്നു അന്ന് എനിക്കില്ലാതിരുന്നതും. (നാട്ടിലെ ക്രിക്കറ്റ് കളിക്ക് പന്ത് വാങ്ങാനുള്ള കാശ് പിരിവിട്ട് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ. അങ്ങനുള്ളവർക്ക് എവിടുന്നാണ് ഹെൽമറ്റ് പോലുള്ള പ്രൊട്ടൿഷനൊക്കെ ? ഏതെങ്കിലും ഒരു കാലിൽ കീറിപ്പൊളിഞ്ഞ ഒരു പാഡ് ഉണ്ടാകും. അബ്‌ഡമാൻ പാഡിനെപ്പറ്റിയൊന്നും കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല.) എതിർ ടീമിലെ ഒരു ബൗളറുടെ ഫുൾ ടോസ് പന്തൊരെണ്ണം എനിക്ക് കണൿറ്റ് ചെയ്യാൻ പറ്റിയില്ല. നക്ഷത്രം എണ്ണലൊക്കെ കഴിഞ്ഞിട്ടും, കുറേ നേരത്തേക്ക് മുഖത്തൊരു മരവിപ്പായിരുന്നു. മൂക്കും പല്ലുമൊക്കെ അവിടത്തന്നെ ഉണ്ടോ എന്ന് മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കേണ്ടി വന്നു. ആകെ വീർത്ത് പൊന്തിയിരിക്കുന്ന പോലെ. വായിൽ നിന്ന് കുറേ ബി നെഗറ്റീവ് ചോരയും ഒഴുകിപ്പോയി. പല്ല് ഒരണ്ണം നന്നായി ഇളകുന്നുണ്ടെന്ന് മറ്റുള്ളവർ പറഞ്ഞാണ് മനസ്സിലാക്കിയത്. മുഖം വീർത്തുപൊങ്ങിയതൊക്കെ ഒന്ന് ചുരുങ്ങി, ചോര പോക്കൊക്കെ അവസാനിച്ചതിനുശേഷമാണ് വീട്ടിൽ മടങ്ങിച്ചെന്നത്. ഫുൾ ടോസ് പന്തൊക്കെ ഞാൻ പല്ലുവെച്ച് തടുക്കാൻ തുടങ്ങിയെന്ന് വീട്ടിലറിഞ്ഞാൽ, നാടൻ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്ന് അന്നുതന്നെ വിരമിക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു.

കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നപ്പോളാണ് പല്ലിന്റെ ഗുരുതരാവസ്ഥയെപ്പറ്റി ബോദ്ധ്യമായത്. പള്ളിമണി പോലെ ഞാണ്ട് ആടി കിടക്കുകയാണ് കക്ഷി. കപ്യാര് വലിക്കുന്നത് പോലെ ഒന്നാഞ്ഞ് വലിച്ചാൽ സംഭവം കൈയ്യിലിരിക്കും. ചോര ചത്ത് പല്ലിന്റെ നിറം വെളുപ്പോ മഞ്ഞയോ ഒന്നുമല്ലാത്ത ഒരുതരം നീലനിറമായിട്ടുമുണ്ട്. ഇളകി നിൽക്കുന്ന പല്ലിനെ നാക്കുകൊണ്ട് താങ്ങിപ്പിടിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരാഴ്ച്ചയോളം വേദനയും സഹിച്ച് നടന്നു. മര്യാദയ്ക്ക് ഒന്നും കഴിക്കാൻ പറ്റുന്നില്ല, പല്ല് തേക്കാൻ പറ്റുന്നില്ല, നേരേ ചൊവ്വേ വായതുറന്ന് ആരോടും ഒന്നും സംസാരിക്കാനോ ഒന്ന് ചിരിക്കാൻ പോലുമോ പറ്റുന്നില്ല. ഒരാഴ്ച്ച പല്ല് തേക്കാതെ അഡ്ജസ്റ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പല്ല് ഇളകിപ്പോകാതെ സംരക്ഷിക്കാനായി അങ്ങനെ പല ത്യാഗങ്ങൾ നമ്മളും, നമ്മുടെ മുന്നിൽ വന്ന് നിൽക്കുന്നവരുമൊക്കെ സഹിക്കേണ്ടി വരും. എന്തായാലും ആ പല്ല് മാത്രം ഇന്നും അല്‍പ്പം താഴേക്ക് ഇറങ്ങിയാണ് നിൽക്കുന്നത്. അന്ന് ചോര ചത്തതുകാരണമായിരിക്കും മറ്റേ പല്ലുകൾക്കുള്ള കോൾഗേറ്റ് വെണ്മയും ഈ പല്ലിനില്ല. പുഷ്ക്കര കാലത്തുതന്നെ വെപ്പ് പല്ല് വായിൽ കയറ്റാതെ രക്ഷപ്പെടുത്തിയത് ഒരു നേട്ടമല്ലെന്ന് പറയാനാവില്ലല്ലോ..

രണ്ടാമത്തെ ക്രിക്കറ്റ് നേട്ടമെന്ന് പറയുന്നത് വലത്തേ കൈ മുട്ടിന് പറ്റിയ പരുക്കാണ്. ബൗണ്ടറിയിലേക്ക് ഒരു പന്തിന്റെ പിന്നാലെ ഓടി അന്താരാഷ്ട്ര ഫീൽഡർമാർ കാണിക്കുന്നത് പോലെ നാല് റൺസ് തടയാനുള്ള ഒരു ശ്രമം അവസാനിച്ചത് പിന്നോട്ട് തെന്നി മൂട് ഇടിച്ചുള്ള ഒരു വീഴ്ച്ചയിലായിരുന്നു. വീണപ്പോൾ വലത്തേ കൈയാണ് ആദ്യം നിലത്ത് കുത്തിയത്. പന്ത് പിടിച്ചുനിർത്തി കൈയ്യിലെടുത്ത് എറിയാൻ നോക്കിയപ്പോൾ കൈമുട്ട് ആകെ വശപ്പിശകായിട്ട് ഇരിക്കുന്നു. പന്ത് എറിഞ്ഞിട്ട് സ്റ്റംമ്പ് വരെ എത്തിയില്ലെന്ന് മാത്രമല്ല 2 മീറ്റർ ദൂരം വരെ പോലും പോയില്ല. കഠിനമായ വേദന. അന്നത്തെ കളി അതോടെ തീർന്നു. വൈകുന്നേരങ്ങളിൽ കോളേജ് വിട്ട് വരുന്ന വഴി, പള്ളിപ്പുറം അങ്ങാടിയിലുള്ള ശിവദാസന്റെ പലചരക്ക് കടയിൽ ചെല്ലും. അദ്ദേഹത്തിന് അല്‍പ്പം തിരുമ്മൽ വൈദ്യമൊക്കെ അറിയാം. ബസ്സ് കൂലിയിൽ നിന്ന് മിച്ചം പിടിച്ചുണ്ടാക്കി ക്രിക്കറ്റ് ബോൾ വാങ്ങാൻ വെച്ചിരിക്കുന്ന കാശിൽ നിന്ന് അഞ്ച് രൂപ വീതം ശിവദാസന് കൊടുത്ത് കൈ ഒരുവിധം നേരെയാക്കി എടുത്തു. എന്നാലും, കുറേക്കാലത്തേക്ക് ക്രിക്കറ്റ് ബോൾ അടക്കം ഏത് സാധനവും നീട്ടി എറിയുമ്പോൾ കൈ ഊരിപ്പോകുമെന്ന് തോന്നുന്ന തരത്തിൽ നല്ല വേദനയായിരുന്നു. ‘നോ പെയ്‌ൻ നോ ഗെയ്‌ൻ‘ എന്നാണല്ലോ! വേദന സഹിച്ച് പന്ത് നീട്ടി എറിഞ്ഞെറിഞ്ഞ് തന്നെ ആ കുഴപ്പം പൂർണ്ണമായും പരിഹരിച്ചെടുക്കാനായി എന്നത് ഒരു നേട്ടം തന്നെയാണ്.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു. ഇനി മുംബൈ ഫ്ലാറ്റിലെ ബാൽക്കണിയിലേക്ക് മടങ്ങാം. കഴിഞ്ഞ ഒരു മാസമായി മുംബൈ ഓഫീസിലാണ് എണ്ണപ്പാട സേവനമനുഷ്ഠിക്കുന്നത്. മിനിയാന്ന് അതായത് മാർച്ച് 31ന് പെട്ടെന്നൊരു ഒരു ചിന്ത തലപൊക്കി. മുംബൈയിൽ വാങ്കഡേ സ്റ്റേഡിയത്തിൽ വെച്ചാണല്ലോ 2011 വേൾഡ് കപ്പ് ക്രിക്കറ്റ് ഫൈനൽ! മുംബൈയിൽ ജോലി ചെയ്യുന്ന കാലത്ത് എത്ര പ്രാവശ്യം സ്റ്റേഡിയത്തിന്റെ പിന്നിലെ പാളത്തിലൂടെ കടന്നുപോയിരിക്കുന്നു. അന്നൊന്നും അതിനകത്ത് കേറണമെന്ന് തോന്നിയിട്ടില്ല, പറ്റിയിട്ടുമില്ല. ജീവിതത്തിൽ ഇതുവരെ ഒരു അന്താരാഷ്ട്ര ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് കളിയോ ഒരു രഞ്ജി ട്രോഫി കളിയോ, എന്തിന് തൃപ്പൂണിത്തുറക്കാരുടെ പൂജാ ടൂർണമെന്റ് പോലുമോ കണ്ടിട്ടില്ല. എങ്കില്‍പ്പിന്നെ ആദ്യത്തെ മാച്ച് എന്തുകൊണ്ട് 2011 വേൾഡ് കപ്പ് ഫൈനൽ ആക്കിക്കൂട ?

ടിക്കറ്റ് കിട്ടാൻ വല്ല മാർഗ്ഗമുണ്ടോ എന്ന് പല വഴിക്ക് അന്വേഷിച്ചു. മുംബൈയിൽ രംഗീല സിനിമയുടെ 150 രൂപാ ടിക്കറ്റ് 500 രൂപയ്ക്കൊക്കെ ബ്ലാക്കിൽ വിൽക്കുന്നതും വാങ്ങുന്നതും കണ്ടുനിന്നിട്ടുണ്ട്. അന്യായ മാർജിൻ കൊടുത്താലേ ക്രിക്കറ്റ് ഫൈനലിന്റെ ടിക്കറ്റ് കിട്ടുകയുള്ളൂ എന്ന് അറിയാഞ്ഞിട്ടല്ല. ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് പോകാവുന്ന മാർജിൻ ഒക്കെ ആണെങ്കിൽ വാങ്ങി കാണുക തന്നെ. ജീവിതത്തിൽ ഇനിയൊരു വേൾഡ് കപ്പ് ഫൈനൽ കാണാൻ ഒത്തില്ലെങ്കിലോ ? ഒത്തുവന്നാലും അതിൽ ഇന്ത്യ ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലല്ലോ ? അതുകൊണ്ട് ഒന്ന് ആഞ്ഞുപിടിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ, ആഗ്രഹം വളരെപ്പെട്ടെന്ന് പിൻ‌വലിക്കുകയും ടീവിയുടെ മുന്നിൽ ഇരുന്നുള്ള കളികാണൽ മതിയെന്നും തീരുമാനിച്ചു. കാരണം മറ്റൊന്നുമല്ല, ഒരു ലക്ഷം രൂപയാണത്രേ കരിഞ്ചന്തയിൽ ടിക്കറ്റ് വില !!! സാധനം ഒപ്പിച്ച് തരാമെന്ന് ഒരാൾ ഏറ്റു. ആലോചിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ കക്ഷി 10 മിനിറ്റിനകം വിളിച്ചിട്ട് പറയുന്നു, ‘ആ റേറ്റൊക്കെ പോയി, ഇപ്പോൾ 1,25,000 രൂപയാണ് റേറ്റ് ‘ എന്ന്. അത്രേം കാശുണ്ടെങ്കിൽ രാമേട്ടന്റെ ചായക്കടേന്ന് എത്ര കുറ്റി പുട്ടും കടലേം അടിക്കാം?! അഞ്ച് ദിവസം കുടുംബത്തോടൊപ്പം മലേഷ്യയിലോ സിംഗപ്പൂരോ പോയി കറങ്ങി വരാനും ആ പണം മതിയാകും. അങ്ങനിപ്പോ ഒന്നേകാൽ ലക്ഷം രൂപ ചിലവാക്കി ലൈവ് ക്രിക്കറ്റ് കളിയൊന്നും കാണണ്ട.


ഫിനിഷിങ്ങ് ഷോട്ട് (ചിത്രത്തിന് കടപ്പാട് ഇന്റർനെറ്റ്)

ടീവിക്ക് മുന്നിലിരുന്ന് ഫ്രീ ആയിട്ട് കളി കണ്ടു.‘ഇന്ത്യ വേൾഡ് കപ്പ് നേടാനുള്ള സാദ്ധ്യതയില്ല‘ എന്ന് പറഞ്ഞവരുടെയൊക്കെ വായടപ്പിച്ചുകളഞ്ഞു ധോണിയും കൂട്ടരും. ധോണി ഒരു ക്യാപ്റ്റന്റെ കളി തന്നെ സന്നിഗ്ദ്ധഘട്ടത്തിൽ കളിച്ചു. 20-20 വേൾഡ് ചാമ്പ്യൻഷിപ്പിലെ ആദ്യത്തെ വിജയിയായും, 28 കൊല്ലത്തിനുശേഷം വേൾഡ് കപ്പ് ഇന്ത്യയിലെത്തിക്കുന്ന ക്യാപ്റ്റനായുമൊക്കെ ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളിൽ ധോണി തന്റെ പേരെഴുതി ചേർത്തു. ഞാനടക്കമുള്ള മലയാളികൾ എന്തൊക്കെ വിമർശിച്ചാലും ശ്രീശാന്ത് എന്ന മലയാളി താരവും ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഫൈനൽ മത്സരത്തിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്തെങ്കിലും, വിക്കറ്റൊന്നും എടുത്തില്ലെങ്കിലും, ലോകകപ്പ് നേടിയ ഈ രണ്ട് മത്സരങ്ങളിലും കളിച്ച താരമെന്ന് പറയാൻ ശ്രീശാന്തല്ലാതെ മറ്റൊരു ക്രിക്കറ്റർ കേരളത്തിൽ നിന്നില്ല.
ചിത്രത്തിന് കടപ്പാട് ഇന്റർനെറ്റ്.

ടോസ് കിട്ടി ആദ്യം ബാറ്റ് ചെയ്തതൊന്നും ശ്രീലങ്കയെ തുണച്ചില്ല. ഭാഗ്യം, വിശ്വാസം, അന്ധവിശ്വാസം എന്നൊക്കെപ്പറയുന്നത് എത്രത്തോളം ക്രിക്കറ്റ് കളിയിലോ ജീവിതത്തിലോ, ഉണ്ടെന്നോ ഇല്ലെന്നോ എനിക്കറിയില്ല. കളിക്കാരിൽ പലരും പല പല ബാബാമാർക്കും നന്ദി പറയുന്നുണ്ടായിരുന്നു. ശ്രീശാന്തിന്റെ കഴുത്തിലും കൈയ്യിലുമൊക്കെ കിടക്കുന്ന ചരടുകൾക്കും പറയാനുണ്ടാകും കുറേയേറെ വിശ്വാസങ്ങളുടെ കഥകൾ. സിനിമാതാരം അമീർ ഖാൻ വന്നത് സെമി ഫൈനൽ കളികാണാൻ വന്നപ്പോൾ അണിഞ്ഞിരുന്ന അതേ ജീൻസും ടീഷർട്ടും അടിവസ്ത്രങ്ങൾ പോലും അണിഞ്ഞാണെന്ന് കേട്ടു. ആ വസ്ത്രങ്ങൾ ഭാഗ്യമുള്ളതാണെന്നും അതുകൊണ്ടാണ് സെമിയിൽ പാക്കിസ്ഥാനോട് ഇന്ത്യ ജയിച്ചതെന്നും അദ്ദേഹം കരുതുന്നുണ്ടാകണം. എത്രയോ ദേവായലങ്ങളിൽ പ്രാർത്ഥനകളും വഴിപാടുകളും നടന്നിരിക്കുന്നു. അതൊക്കെ എന്തായാലും, ഇന്നലെ ഇന്ത്യയുടെ ദിവസമായിരുന്നു. 121 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ്, വാങ്കഡേ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ സാക്ഷാൽക്കരിച്ചത്.

ഞാനുണ്ടായിരുന്ന സ്ഥലത്തുനിന്ന് അത്രയധികം ദൂരെയല്ലാതെ നടന്ന ഒരു കളിയെന്ന നിലയിലും, ഇന്ത്യ വിജയിച്ച ഒരു വേൾഡ് കപ്പ് കളിയെന്ന നിലയിലും, ഒരു മത്സരവും അതിന്റെ വിജയവുമൊക്കെ ഇത്രയധികം അഘോഷിക്കപ്പെടുന്ന മുംബൈ പോലുള്ള ഒരു സ്ഥലത്തുവെച്ച് ആ ആഘോഷങ്ങളെല്ലാം കണ്ടാസ്വദിക്കാനെങ്കിലും പറ്റിയ നിലയിലുമൊക്കെ, ഈ വിജയം ഹൃദയത്തോട് കൂടുതൽ ചേർന്നു നിൽക്കുന്നു. ധോണിക്കും കൂട്ടർക്കും ഒരായിരം നന്ദി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും.

അസൂയ നിറഞ്ഞ ഒരു വാൽക്കഷ്ണം :‌- ഇംഗ്ലണ്ടിലെ ജീവിതകാലത്ത്, ഞാൻ എണ്ണപ്പാടം കുഴിക്കാൻ പോയ സമയം നോക്കി, നല്ലപാതി മുഴങ്ങോടിക്കാരി ക്രിക്കറ്റിന്റെ മെക്ക എന്ന് വിളിക്കുന്ന ലോർഡ്സ് സ്റ്റേഡിയത്തിൽ പോകുകയും, പടമൊക്കെ എടുത്ത് അവിടൊക്കെ ചുറ്റിയടിച്ച്, സോവനീയറായി ഒരു ബിയർ മഗ്ഗ് വാങ്ങി വെച്ചിട്ടുമുണ്ട്. വിഷ്ണു എന്ന ബ്ലോഗറുടെ ഫൈനൽ @ ലോർഡ്സ് എന്ന വിവരണം വായിച്ച് ഒരുപാട് അസൂയപ്പെട്ടിട്ടുമുണ്ട്. ഇന്നുപോകാം നാളെപ്പോകാം എന്ന് കരുതി നഷ്ടപ്പെടുത്തിക്കളഞ്ഞ ആ അവസരത്തെയോർത്ത് ഇന്നൊരുപാട് ദുഃഖിക്കുന്നു.

49 comments:

 1. ഓർമ്മക്കുറിപ്പുകൾ എഴുതിയിട്ട് കുറേ നാളായി. അതിനിപ്പോൾ ബൂലോകത്ത് വലിയ ഡിമാന്റും ഇലല്ലോ. എന്നിരുന്നാലും ഇന്നലത്തെ വിജയത്തിനുശേഷം ഇങ്ങനൊന്ന് എഴുതാതിരിക്കാൻ ആയില്ല.

  ഈ വിജയം ഹൃദയത്തോട് കൂടുതൽ ചേർന്നു നിൽക്കുന്നു. ധോണിക്കും കൂട്ടർക്കും ഒരായിരം നന്ദി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും.

  ReplyDelete
 2. ക്രിക്കറ്റിനെ വിമര്‍ശിക്കാനുള്ള പരിപാടിയാണോ എന്ന പേടിയിലാണ് വന്നത്. പക്ഷേ ഇപ്പോള്‍ സന്തോഷമായി... ക്രിക്കറ്റിനെ വിമര്‍ശിക്കുന്നവരാണ് ഭൂലോകത്ത് കൂടുതല്‍... ഇന്നലെ കപ്പ് അടിച്ചപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വളരേ ചെറുപ്പം മുതല്‍ കൊതിക്കുന്നതായിരുന്നു ഈ ഒരു നിമിഷത്തിന് വേണ്ടി. ധോണിക്കും കൂട്ടർക്കും അഭിനന്ദനങ്ങള്‍...

  ReplyDelete
 3. കൊച്ചിയിലെ ആദ്യ ഓസ്ട്രേലിയ ഇന്ത്യ മത്സരം (1998 ) കാണാന്‍ പാട് പെട്ട് പോയതും പിന്നീട് ആ കളി കോഴ വിവാദത്തില്‍ പെട്ടതും പിന്നീട് കുറെ കാലം ക്രിക്കെറ്റ് ഫോള്ലോ ചെയ്യാതിരുന്നതും എല്ലാം എന്റെയും ഓര്‍മകളാണ്.പിന്നെ രജനികാന്ത് കളി കാണാന്‍ വന്നത് കൊണ്ടല്ലേ നമ്മള് ജയിച്ചത്‌ . (പല്ല് ഒരണ്ണം നന്നായി ഇളകുന്നുടെന്നല്ലേ) തെറ്റ് ചൂണ്ടിക്കാട്ടാന്‍ പറഞ്ഞത് കൊണ്ട്.... :-)

  ReplyDelete
 4. വായിച്ച് വന്നപ്പോ നിരക്ഷർജി 1.50 ലക്ഷത്തിന് ടിക്കറ്റ് വാങ്ങിയേക്കുമോ എന്ന് ഭയപ്പെട്ടു!
  -കോമൻ സെൻസ് പ്രിവൈൽഡ്, ല്ലേ?

  ReplyDelete
 5. 1983 ല്‍ ലോക കപ്പില്‍ മുത്തമിട്ട ഇന്ത്യ ഇരുപത്തിയെട്ടാം വയസ്സില്‍ വീണ്ടും ആ ചുടുചുംബനം നല്‍കി.83 ല്‍ കപില്‍ദേവും 2011 ല്‍ ധോണിയും (കപ്പില്‍)ചുംബനമര്‍പ്പിച്ചെങ്കില്‍ ഇനി ആര് എവിടെ വെച്ച് എപ്പോള്‍ നല്‍കും അടുത്ത ചുംബനം....ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചതിനു അഭിനന്ദനങ്ങള്‍ നിരക്ഷരന്‍ ജീ.

  ReplyDelete
 6. ഷബീര്‍ പറഞ്ഞത് പോലെയാണ് ഞാനും ആദ്യം വിചാരിച്ചത്.... പങ്കു വെച്ച ഓര്‍മ്മകള്‍ 'മാട്ടേല്‍ ക്രിക്കെറ്റ് ' കളിക്കാന്‍ പോയിരുന്ന കുട്ടിക്കാലവും പിന്നെ സ്കൂളിലെയും കോളേജിലെയും ഒക്കെ ടീമില്‍ കയറികൂടുവാനുള്ള പങ്കപ്പാടുകളും ഓര്‍മിപ്പിക്കുന്നു.....ഒന്നേകാല്‍ ലക്ഷത്തിന്റെ ടിക്കട്ട്....ഹോ...ഭയാനകം.....അവസാന നിമിഷം അത് രണ്ടു വരെ ഒക്കെ ആയെന്നു കേട്ടു....

  ReplyDelete
 7. "വാതുവെപ്പിനെപ്പയിയുള്ള കാര്യങ്ങളൊക്കെ കേൾക്കാൻ തുടങ്ങിയതോടെ, അസറുദ്ദീനും ജഡേജയുമൊക്കെ പുറത്തായതോടെ, ക്രിക്കറ്റിനോടുള്ള അഭിനിവേശം കുറഞ്ഞു."

  ക്രിക്കറ്റിന്റെ എ ബി സി ഡി എന്താണെന്ന് അറിഞ്ഞുകൂടാതിരുന്ന എനിക്ക് ക്രിക്കറ്റ് രക്തത്തിലലിഞ്ഞ് ചേര്‍ന്ന തലശേരിക്കാരന്‍ ഭര്‍ത്താവ് കാരണമാണ് ആ കളിയോട് താല്പര്യം വന്നത്.
  പിന്നീട് മേല്‍ എഴുതിയ കാരണത്താല്‍ കളി കാണാതായി.
  ഇന്നലത്തെ മാച്ച് അവിസ്മരണീയമായി..
  എട്ടാം ക്ലാസുകാരി മകള്‍ പറയുന്നുണ്ടായിരുന്നു ആമിര്‍ഖാന്റെ ഷര്‍ട്ട്‌ ന്റെ കാര്യം..അവളുടെ സംശയം അവരൊക്കെ ഒരിക്കലുപയോഗിച്ച ഡ്രസ്സ്‌ പിന്നീടുപയോഗിക്കുമോ എന്നതായിരുന്നു !

  ReplyDelete
 8. നിരക്ഷരന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു ശങ്ക തോന്നി,പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ വളരെ സന്തോഷം.ഓര്‍മ്മക്കുറിപ്പുകള്‍ ഇനിയും എഴുതണം.കാരണം അതിനുള്ള പോലെ ജീവന്റെ ചൂടും ചൂരും വേറെ എന്തിനാണ് ഉണ്ടാവുക?ഭാവുകങ്ങള്‍ .

  ReplyDelete
 9. ഹോ മനോജേട്ടാ,, പണ്ട് മനോജേട്ടന്‍ ക്രിക്കറ്റ് കളിച്ചിരുന്ന മൈതാനം പോലും ഇന്നിപ്പോള്‍ ഇല്ല എന്ന് തോന്നുന്നു. രവീന്ദ്രപാലം മാത്രമുണ്ട് :) മാല്യങ്കരയിലെ മൈതാനം അവര്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കണ്ടിട്ടുണ്ടാകുമെന്നറിയാം.

  ReplyDelete
 10. @ AFRICAN MALLU - തെറ്റുകളൊക്കെ ധൈര്യായിട്ട് ചൂണ്ടിക്കാണിക്കൂ. ഇപ്പോൾ തിരുത്തിയിട്ടുണ്ട്.നന്ദി :)

  ReplyDelete
 11. വളരേ പക്വതയോടെ എഴുതിയ കുറിപ്പ്. മുംബൈയില്‍ പൊട്ടിയ കതിനാവെടികളുടെ പകിട്ടും ശബ്ദഘോഷങ്ങളുമില്ലാത്ത, ഇളക്കമില്ലാതെ കത്തുന്ന ഒറ്റത്തിരി പോലെ. എനിക്കു വളരേ ഇഷ്ടപ്പെട്ടു.

  (ബൂലോകത്തിന്റെ ഡിമാന്റ് നോക്കി ഒരിക്കലും എഴുതരുത്, മാഷേ. എന്നെപ്പോലുള്ളവര്‍ മേക്കപ്പില്ലാത്ത എഴുത്ത് വല്ലപ്പോഴെങ്കിലും ആസ്വദിക്കട്ടെ)

  ReplyDelete
 12. ഇത് വായിച്ചപോള്‍ പണ്ട് ക്ലാസ്സില്‍ നിന്നും ബ്രേക്ക്‌ സമയത്ത് ഇറങ്ങി കോട്ടയത്തുള്ള സ്വാമി എജെന്സിയുടെ പുറത്തു നിന്നും കളി കണ്ട കാര്യം ഒക്കെ ഓര്‍ത്തു പോയി..! അന്നൊക്കെ ടി വി ഒരു അപൂര്‍വ വസ്തു ആയിരുന്നല്ലോ !

  ReplyDelete
 13. @ Manoraj - മാല്യങ്കരയിലെ പുതിയ മൈതാനം കണ്ടിട്ടുണ്ട്. പക്ഷെ ഞാൻ കളിച്ചിരുന്ന മൈതാനത്തിന്റെ ഓർമ്മ മാത്രമല്ലേ ഇനിയുള്ളൂ :( പുതിയ മൈതാനം എനിക്ക് അപരിചിതമല്ലേ ? കോൺ‌വെന്റ് കടപ്പുറത്തെ മൈതാനവും അതിന്റെ പരിസരത്തുണ്ടായിരുന്ന കണ്ടൽക്കാടുകളും എന്നേ അപ്രത്യക്ഷമായി :(

  ReplyDelete
 14. സ്കൂളില്‍ പഠിക്കുമ്പോള്‍ കപില്‍ ആയിരുന്നു ആരാധ്യപുരുഷന്‍.... പിന്നെ പതുക്കെ സച്ചിന്‍ ആയി... പിന്നെ ഭര്‍ത്താവിന്റെ ക്രിക്കറ്റ്‌ പ്രേമം കാരണം എന്റെ ക്രിക്കറ്റ്‌ പ്രേമം ഇല്ലാതായി....(രാവിലെ മുതല്‍ കളി കഴിയും വരെ ഒരക്ഷരവും മിണ്ടാതെ ടി വി ടെ മുന്നില്‍ കുത്തിയിരുന്നാല്‍ പിന്നെ എന്ത് ചെയ്യും?) പക്ഷെ സെമിഫൈനലും ഇന്നലത്തെ ഫൈനലും വീണ്ടും ക്രിക്കറ്റിനെ പ്രേമിക്കാന്‍ കാരണമായി.... നല്ല ഓര്‍മ്മകള്‍ മനോജ്‌.... മനു പറഞ്ഞും ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട് ഇതേ പോലുള്ള ഓര്‍മ്മകള്‍...

  ReplyDelete
 15. ലോക കപ്പ് ക്രികറ്റിൽ രണ്ടാമതും ഇന്ത്യ മുത്തമിട്ടു. നല്ലത്. അതിന്റെ പേരിൽ എത്ര കോടികളാണ് കളിക്കാർക്ക് എറിഞു കൊടുക്കുന്നത്! കേന്ദ്രവും സംസ്ഥാനങ്ങളും സംഘടനകളും വ്യക്തികളും എല്ലാം ചേർന്ന് കോടികളുടെ കൂമ്പാരമണിയിച്ചുകൊണ്ടിരിക്കുന്നു. ഇതിനേക്കാൾ എത്ര സുന്ദരമായ ചോരത്തിളപ്പിന്റെ കളികൾ എന്നും അവഗണനയിൽ മുങ്ങി ചക്രശാസം വിടുന്നു.

  ഒരു പക്ഷെ ക്രികറ്റാവാം മറ്റു സ്പോർട്സിന്റെ മുളകൾ പൊട്ടിച്ചു കളഞ്ഞത്. :(

  ReplyDelete
 16. ശ്രീശാന്തിനു 10 ഓവര്‍ തികച്ച് എറിയാന്‍ ധോണി കൊടുത്തിരുന്നുവെങ്കില്‍ ലോകകപ്പ് ഇതിനകം ലങ്കയിലേക്ക് എത്തിയിട്ടുണ്ടാവുമായിരുന്നു.

  ReplyDelete
 17. Nostalgic memories.......once again........

  ReplyDelete
 18. നിരക്ഷരനാണെങ്കിലും നല്ല എഴുത്ത്‌ :) ഇത്ര ടച്ചിംഗ്‌ ആയ ഒന്ന്‌ അടുത്തൊന്നും വായിച്ചിട്ടില്ല (എന്റെ കുഴപ്പമാണ്‌). ക്രിക്കറ്റിനേക്കാള്‍ പതിന്‍മടങ്ങ്‌ ഫുട്‌ബോളിനെ ഇഷ്ടപ്പെടുകയും ബ്രസീലിലോ അര്‍ജന്റീനയിലോ അറ്റ്‌ലീസ്‌റ്റ്‌ സെനഗലിലെങ്കിലുമോ ജനിക്കാന്‍ കഴിയാത്തതില്‍ ഏറെ കുണ്‌ഠിതപ്പെടുകയും ചെയ്യുന്ന ഒരു മലപ്പുറത്തുകാരനാണ്‌ ഞാന്‍. രക്തത്തിലല്ലെങ്കിലും ക്രിക്കറ്റ്‌ ഒര്‌ പത്ത്‌ പതിനൊന്നാം വയസ്സുമുതല്‍ കൂടെയുണ്ടായിരുന്നു. ഫാസ്റ്റ്‌ എറിയാന്‍ ആവതില്ലാത്തതിനാല്‍ ഓഫ്‌ സ്‌പിന്നും ലെഗ്‌ സ്‌പിന്നും തരാതരം പ്രയോഗിച്ചും, പൊക്കിയാല്‍ സിക്‌സറിനു പൊങ്ങാത്തതിനാല്‍ വിക്കറ്റിനു ചുറ്റും സിംഗിളുകള്‍ എടുക്കുന്നതാണ്‌ മികച്ച കളി എന്നു വിശ്വസിച്ചും, മാച്ച്‌ കളിക്കാന്‍ മാത്രമൊക്കെ "വളര്‍ന്ന"പ്പോള്‍ വിക്കറ്റ്‌ കീപ്പറായി നിന്നും അങ്ങനെ പോണ ക്രിക്കറ്റ്‌ ഓര്‍മകള്‍. അസ്‌ഹറുദ്ദീന്റെ വീട്‌ കോഴിക്കോട്ടാണെന്നും സചിന്റെ ബാറ്റിനകത്ത്‌ ഒരു സ്‌പ്രിംഗ്‌ ഉണ്ടെന്നും കളിക്കിടയില്‍ ദേഷ്യം പിടിച്ച്‌ സിദ്ദു ഒരു അംപയറെ ബാറ്റിന്‌ അടിച്ചു കൊന്നിട്ടുണ്ടെന്നുമൊക്കെയായിരുന്നു ചെറുപ്പത്തിലെ വിശ്വാസങ്ങള്‍. ഒരു താരമാകാന്‍ ഏറെയൊന്നും വൈകിയിട്ടില്ലെങ്കിലും വേണ്ടെന്നു വെക്കുകയാണ്‌ നല്ലതെന്ന്‌ സ്വയം സമാധാനപ്പെടുന്നു.
  2003 ഫൈനലില്‍ പോണ്ടിംഗിന്റെ അടികൊണ്ട്‌ പൊന്നീച്ച പാറി ഇന്ത്യ തോറ്റ്‌ പണ്ടാരമടങ്ങിയപ്പോള്‍ "ഇന്ത്യ ഇനിയൊരിക്കലും കപ്പെടുക്കില്ല" എന്ന്‌ ഡയറിയില്‍ കുറിച്ചതോര്‍ക്കുന്നു. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ധോണിയും കൂട്ടരും കപ്പെടുക്കുമ്പോള്‍ ഉള്ളിലൊരു കുത്ത്‌ അനുഭവപ്പെടുന്നു.
  എനിഹൗ, നല്ല എഴുത്ത്‌. നല്ല അനുഭവം, വളരെ നല്ല വായനാനുഭവം. കണ്‍ഗ്രാറ്റ്‌സ്‌...

  ReplyDelete
 19. ഭായ്, ഓര്‍മകളും ഇന്നലെ കഴിഞ്ഞ കളിയും എല്ലാം ചേര്‍ത്ത നല്ലൊരു കുറിപ്പ് .

  ReplyDelete
 20. അനുഭവങ്ങളും ഓർമക്കുറിപ്പുകളും നന്നായി എഴുതുമ്പോൾ അറിയാതെ മുഴുവൻ വായിച്ചു പോകും...

  ReplyDelete
 21. എന്റെ പഴയ കുറച്ച് ക്രിക്കറ്റ് ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു ഇത് വായിച്ചപ്പോ..വളരെ നന്നായി..ആശംസകള്‍

  ReplyDelete
 22. പണ്ട്, കനിത്കര്‍ അവസാനപന്തില്‍ ഫോറടിക്കും വരെ മുള്ളിന്‍ മുകളില്‍ നിന്നു കളി കണ്ട ഓര്‍മ്മകളുണ്ട്. പിന്നീട് പുറത്ത് വന്ന ചതിയുടെ കഥകള്‍ എന്നെ ക്രിക്കറ്റില്‍ നിന്നകറ്റി. ആരെങ്കിലും സ്കോറെത്രയെന്നറിഞ്ഞോ എന്നു ചോദിക്കുമ്പോള്‍ "ഓ, ഇന്നു കളിയുണ്ടോ..?" എന്നു തിരിച്ചു ചോദിക്കുന്ന അവസ്ഥയിലായിരുന്നു കുറച്ചു നാളായിട്ട്. എങ്കിലും ഇന്നലത്തെ കളിയുടെ അവസാന ഓവറുകളില്‍ ഞാനുമുണ്ടായിരുന്നു ടിവിയുടെ മുന്നില്‍ . സുനിലേട്ടന്‍ പറഞ്ഞ പോലെ ചീത്ത പ്രവണതകളെ തല്‍ക്കാലത്തേക്ക് ഞാനും മറക്കുന്നു. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍ ...!!!

  ReplyDelete
 23. ഓര്‍മ്മക്കുറിപ്പ് അസലായി..ഇന്നലെ കളി കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കും എഴുതാതിരിക്കാന്‍ പറ്റിയില്ല..അത് ഇവിടെ ഉണ്ട്.

  ഒരിയ്ക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍

  ReplyDelete
 24. നല്ല ഒരു കായികപ്രേമി അല്ലാത്തതിനാൽ അധികമായ ആവേശം ഒരിക്കലും കളികളോട് കാണിച്ചിട്ടില്ല. എന്നാൽ ഈ ഓർമ്മക്കുറിപ്പും വിശകലനവും ഇഷ്ടമായി. ഒപ്പം നമ്മുടെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന സംഘം ഒരു കായികമത്സരത്തിൽ ലോകചാമ്പ്യന്മാർ ആയി എന്നത് അഭിമാനമുള്ള കാര്യം തന്നെ. ഇന്ത്യൻ ടീമിന് എന്റേയും അനുമോദനങ്ങൾ.

  ReplyDelete
 25. സന്നിഗ്ദ്ധഘട്ടം അതുമാത്രമേ കണ്ടുള്ളു തിരുത്തപ്പെടാൻ :)

  ReplyDelete
 26. പഴയകാലത്തെക്ക് കൊണ്ടു പോയി താങ്കളുടെ ഓര്‍മ്മക്കുറിപ്പ്.....!!നോസ്ടാല്ജിക് ...!!

  ReplyDelete
 27. @ MANIKANDAN - മണീ. പിശക് കണ്ടുപിടിച്ചതിന് നന്ദി:) തിരുത്തിയിട്ടുണ്ട്. ഇതിൽ ഇനിയും പിശകുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഒറ്റരാത്രികൊണ്ട് എഴുതി പോസ്റ്റിയതാണ്. അങ്ങനൊരു പതിവ് എനിക്കില്ല. എഴുത്ത് കഴിഞ്ഞാൽ പലവുരു വായിച്ച് നാലഞ്ച് ദിവസമെങ്കിലും കഴിഞ്ഞേ പോസ്റ്റാറുള്ളൂ. ഇതങ്ങനെ ചെയ്തിട്ട് കാര്യമില്ലല്ലോ. ചൂടാറിപ്പോകില്ലേ:) ദാ സുനിൽ കൃഷ്ണനും രാത്രി തന്നെ കുത്തിയിരുന്ന് ഒരെണ്ണം പൂശിയത് കണ്ടില്ലേ ?

  ReplyDelete
 28. Sreeshanthinu oru over koodi eriyan koduthirunnenkil dhonikk century adikkamayirunnu:)

  ReplyDelete
 29. കാന്തിവിലിയിൽ ഞാൻ താമസിക്കുന്ന കെട്ടിടത്തിലെ എട്ടാം നിലയിലുള്ള ഫ്ലാറ്റിൽ നിന്ന് നോക്കിയാൽ ആകാശത്ത് കതിനകൾ പൊട്ടിവിടർന്ന് നിറങ്ങൾ വാരിവിതറുന്നത് കാണാമായിരുന്നു.

  -കതിനയല്ല കുട്ട്യേ! ലത്, അമിട്ടാ പൊട്ടീത്.. കതിന മേലോട്ട് പോവ്‌ല്ല്യാന്നങ്ങട് കൂട്ടിക്കോളൂ... ഏത്?
  -വിശ്രുതൻ

  ReplyDelete
 30. അസറുദ്ദീനും ജഡേജയുമൊക്കെ ടീമില്‍ ഉണ്ടായിരുന്ന കാലത്ത് ടി വി യില്‍ നിന്നും കണ്ണെടുക്കാതെ കളിനോക്കിയിരിക്കുന്നതിനിടെ
  ഉണ്ടായിട്ടുള്ള മണ്ടത്തരങ്ങളും കേട്ടിട്ടുള്ള വഴക്കുകളും കുറച്ചൊന്നും
  അല്ല. എത്രയൊക്കെ അമ്മയുടെ വഴക്ക് കേട്ടാലും,പെണ്‍കുട്ടികള്‍
  ഈ കളികണ്ടിട്ടു ഒരു ഗുണവും ഇല്ലാന്ന് ആരൊക്കെ പറഞ്ഞാലും,
  കളി കാണുന്നത് ഉപേക്ഷിക്കാന്‍ ആവുമായിരുന്നില്ല.
  വാതുവെപ്പിനെപ്പറ്റിയോക്കെ കേൾക്കാൻ തുടങ്ങിയതോടെയാണ് ഞാനും ആ ഭ്രാന്ത് കളഞ്ഞത്. ഈ പോസ്റ്റ്‌ വീണ്ടും ഒരുപാടു പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു... ഒത്തിരി നന്ദി...

  ReplyDelete
 31. @ വിശ്രുതൻ - ആ വ്യത്യാസം അറിയില്ലായിരുന്നു. പിശക് കാണിച്ച് തന്നതിന് നന്ദി. തിരുത്തി എഴുതുന്നു.

  ReplyDelete
 32. ഓര്‍മ്മക്കുറിപ്പ്‌ ഒരുപാട് ഇഷ്ടായി !..
  ---
  എല്‍ പീ സ്കൂളിലെ സ്കോളര്‍ഷിപ്പ് പരീക്ഷക്ക്‌ "ഒരു ക്രിക്കറ്റ്‌ താരത്തിന്റെ പേര് തെരഞ്ഞെടുക്കുക" എന്നാ ചോദ്യത്തിന് നേരെ അന്തം വിട്ടിരുന്നപ്പോ തൊട്ടടുത്തിരുന്ന അപ്പര്‍ പ്രൈമറി സ്കോളര്‍ഷിപ്പിന് എഴുതിക്കൊണ്ടിരുന്ന ചേച്ചി പറഞ്ഞു തന്നു "ഗവാസ്കര്‍ ! .."
  അങ്ങനെ ആദ്യമായി അറിഞ്ഞ ക്രിക്കറ്റ് ആവേശം അസരുദ്ദിന്‍ / ജടെജ / ഹാന്‍സെ ക്രോനിയ വിവാദങ്ങളോടെ ഒരു മാതിരി തണുത്തു പോയതാ. പിന്നെ ഇക്കഴിഞ്ഞ ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും ... അത് പിന്നെ ആപ്പീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ടീവീ ട്യൂണര്‍ (പീ സീ) വഴി പ്രോജെക്ടര്‍ ഒക്കെ വച്ച് തകര്‍ത്തു !...
  കപ്പു കിട്ടിയതോ അതിലേറെ സന്തോഷം !...

  ReplyDelete
 33. ഓര്‍മ്മകുറിപ്പ് നന്നായി...

  ReplyDelete
 34. ഓര്‍മ്മ കുറിപ്പ് ഒരു പാടിഷ്ട്ടമായി..എന്നാലും ആ പൊട്ടിയ പല്ലും പിടിച്ചു മൂന്നാല് ദിവസം...ക്രിക്കറ്റ് സന്തോഷത്തിലും പങ്കുചേരുന്നു...

  ReplyDelete
 35. jayadev ellath4 April 2011 at 08:41

  Just read your yesterdays post. Really good. I think this is one of the best I have read :)
  In mumbai for a month now? Why u didnt call me?? I was there till 17th of March. Now in Kuwait.
  How long will u b there?

  ReplyDelete
 36. ഓഫിസില്‍ തിരക്കിട്ട പണിയിലായിരുന്നതിനാല്‍ ഫൈനല്‍ ഫ്രീ ആയിട്ട് കാണാന്‍ കൂടി സാധിച്ചില്ല. പക്ഷേ അവസാന ഓവറുകള്‍ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു. കൂടികൂടി വന്ന ടെന്‍ഷനൊടുവില്‍ വിജയത്തിലേക്ക് കപ്പിത്താന്‍ ധോണി പറത്തിയ വിജയ സിക്‌സര്‍, ആഹ്ലാദകൊടുങ്കാറ്റുയര്‍ത്തി സചിനെയും വഹിച്ച് മൈതാനം വലംവയ്ക്കുന്ന മെന്‍ ഇന്‍ ബ്ലൂ. ഒന്നും മറക്കാനേ ആവുന്നില്ല.
  വെയിലും മഴയും വിശപ്പും അവഗണിച്ച് മണിക്കൂറുകളോളം നാട്ടിലെ ചെറുമൈതാനത്ത് കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിച്ചിരുന്ന പഴയകാലത്തിന്റെ ഓര്‍മകളുണര്‍ത്തി മനോജേട്ടന്റെ പുതിയ പോസ്റ്റ്.
  നന്ദി ഈ കളിയാസ്വാദന, ഓര്‍മക്കുറിപ്പിന്.

  ReplyDelete
 37. ക്രിക്കറ്റ് കളിയിൽ നിരക്ഷരനായ ഒരുവനാണു ഞാൻ.ഇതുവരെ കൈമടക്കാതെ എറിയാൻ കഴിഞ്ഞിട്ടുമില്ല.പിറ്റേദിവസം രാവിലെ കേട്ട രണ്ടുഡയലോഗ്.മൂത്തമകൾ’‘അവസാനം ഒരു സിക്സർ അടിച്ചാണു ജയിച്ചത്’
  വീട്ടുകാരി’‘അതെന്തിനാ അവസനം വരെ കാത്തത്,അതങ്ങ് ആദ്യം തന്നെ അടിച്ചാൽ പോരാരുന്നോ’
  ഞാനോർക്കുകയാ,റ്റീവി വന്നതിന്റെ ഗുണം വീട്ടിലിരിക്കുന്ന പെണ്ണുങ്ങളും ക്രിക്കറ്റുകളി പടിച്ചു.പണ്ട് കോളെജിൽ തൂവാലയിൽ പൊതിഞ്ഞ കുഞ്ഞൻ റേഡിയോ ചെവിയിൽ ചേർത്ത് നടക്ക്കുന്നവനെയൊക്കെ’കൃക്കന്മാർ’എന്നുവിളിച്ചിരുന്നത്.

  ReplyDelete
 38. നല്ല വായനാനുഭവം. ...ഇന്ത്യ ജയിച്ചപ്പോഴും "ശ്രിശാന്ത്" ടീമില്‍ ഉണ്ടല്ലോ എന്ന സങ്കടമായിരുന്നു..ഈ വര്‍ഷത്തില്‍ "നോക്കുകൂലി" ക്കുള്ള ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ആളല്ലേ..എന്തായാലും "ഭരത് മാത കീ ജയ്‌ "

  ReplyDelete
 39. ദൈവം സഹായിച്ചിട്ടു നല്ല ബേറ്റൊന്നും പിടിച്ചിട്ടില്ല, തെങ്ങിന്റെ മടല് വെട്ടി കുറേ പിടിച്ചിട്ടുണ്ട്. നല്ല ഓര്‍മ്മകള്‍ .....സസ്നേഹം

  ReplyDelete
 40. ഞാനും ക്രിക്കറ്റ് കളി മനസ്സിലാക്കി തുടങ്ങിയ 91-92 മുതല്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിയ്ക്കുന്ന ദൃശ്യമാണ് ഏപ്രില്‍ 2 ന് രാത്രി കാണാന്‍ സാധിച്ചത്.

  കുട്ടിക്കാലത്തെ ക്രിക്കറ്റ് കളിയോര്‍മ്മകള്‍ എന്നിലും ഉണര്‍ത്തി, ഈ പോസ്റ്റ്. പരിക്കുകള്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും എത്രയൊക്കെ ത്യാഗം സഹിച്ചാണെങ്കിലും എത്രയോ കളികള്‍ കളിച്ചിരിയ്ക്കുന്നു...

  ReplyDelete
 41. നിരക്ഷരന്‍ ചേട്ടാ...
  ഞാന്‍ വളരെ യദ്രിസ്ചികമായാണ് താങ്കളുടെ ബ്ലോഗ്‌ കാണാന്‍ ഇടയായത്... ഒരിക്കല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന താങ്കളുടെ എ കെ 47 നെ കുറിച്ചുള്ള ലേഖനമാണ് താങ്കളുടെ ബ്ലോഗിലേക്കുള്ള വഴിതുറന്നത്.
  ഏതായാലും പിന്നെ ഇടയ്ക്കിടെ ഞാനും താങ്കളുടെ യാത്രയില്‍ ഒരു സഹയാത്രികനായി...
  സത്യം പറയട്ടെ, അസ്സൂയ്യ തോനുന്നു.... ഞാന്‍ പഠിച്ചത് പെട്രോളിയം എഞ്ചിനീയറിംഗ് ആണ്... യാത്രയും adventure എല്ലാം ഇഷ്ടമായിട്ടാണ് ഈ ഫീല്‍ഡ് എടുത്തത്.. പക്ഷെ, വിധി എനിക്കുതന്നതു ഒമാനില്‍ ഒരു ടെക്നിക്കല്‍ സൈല്‍സ് എഞ്ചിനീയര്‍ ഇന്റെ ജോലിയാണ്... പക്ഷെ, താങ്കളുടെ വാക്കുകളിലൂടെ കിട്ടാത്ത സ്വര്‍ഗത്തെകുറിച്ച് ഞാന്‍ സ്വപ്നം കാണുന്നു... എവിടെയോ ഒരു ചെറിയ നൊമ്പരവും..
  ആശംസകള്‍.....

  ReplyDelete
 42. നിരക്ഷരന്‍ ചേട്ടാ...
  ഞാന്‍ വളരെ യദ്രിസ്ചികമായാണ് താങ്കളുടെ ബ്ലോഗ്‌ കാണാന്‍ ഇടയായത്... ഒരിക്കല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന താങ്കളുടെ എ കെ 47 നെ കുറിച്ചുള്ള ലേഖനമാണ് താങ്കളുടെ ബ്ലോഗിലേക്കുള്ള വഴിതുറന്നത്.
  ഏതായാലും പിന്നെ ഇടയ്ക്കിടെ ഞാനും താങ്കളുടെ യാത്രയില്‍ ഒരു സഹയാത്രികനായി...
  സത്യം പറയട്ടെ, അസ്സൂയ്യ തോനുന്നു.... ഞാന്‍ പഠിച്ചത് പെട്രോളിയം എഞ്ചിനീയറിംഗ് ആണ്... യാത്രയും adventure എല്ലാം ഇഷ്ടമായിട്ടാണ് ഈ ഫീല്‍ഡ് എടുത്തത്.. പക്ഷെ, വിധി എനിക്കുതന്നതു ഒമാനില്‍ ഒരു ടെക്നിക്കല്‍ സൈല്‍സ് എഞ്ചിനീയര്‍ ഇന്റെ ജോലിയാണ്... പക്ഷെ, താങ്കളുടെ വാക്കുകളിലൂടെ കിട്ടാത്ത സ്വര്‍ഗത്തെകുറിച്ച് ഞാന്‍ സ്വപ്നം കാണുന്നു... എവിടെയോ ഒരു ചെറിയ നൊമ്പരവും..
  ആശംസകള്‍.....

  ReplyDelete
 43. നല്ല വായനാനുഭവം പഴയ ചില ഓര്‍മ്മകളെ തിരിച്ചു കൊണ്ടു വന്നു ഒപ്പം ഈ വിജയ നിമിഷങ്ങളുടെ ആഹ്ലാദങ്ങളും പങ്കുവക്കുന്നു.

  ReplyDelete
 44. കുറേ ക്രിക്കറ്റ്‌ ഓര്‍മ്മകള്‍ എന്ന് പറഞ്ഞ പോലെത്തന്നെ ഒരു പാട് നീണ്ടു പോയിട്ടുണ്ട്. അവതരണം ഭംഗിയായിട്ടുമുണ്ട്. കളി കാണാറോ കളിക്കാറോ ഇല്ലാത്ത എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ആവില്ല.

  ആശംസകള്‍.

  ReplyDelete
 45. നിരക്ഷര്‍ജി, എഴുത്ത് വളരെ നന്നാവുന്നുണ്ട്. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചതാനെന്നരിഞ്ഞതില്‍ അതിയായ സന്തോഷം.
  ഞാനും അവിടെന്നു തന്നെ ഇറങ്ങിയതാണ്, 2007 ബാച്ച്. അവിടെ ഏതു ബാച്ച് ആയിരുന്നു എന്ന് പറയാമോ?
  ഞാന്‍ ഇപ്പൊ ഡല്‍ഹിയില്‍ ആണ്.

  ReplyDelete
 46. @ Dev_namboodiri - ഞാൻ കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിലെ ഫസ്റ്റ് ബാച്ച് ആയിരുന്നു. (1986-1990)

  ReplyDelete
 47. Niraksharji..For the very first time I did a bookmark on a blog. I am from Azhikode, separated by the Periyar in kottappuram kayal which is the new controversy today which might overflow coz of our MPeriyar dam. Its very nice to read your blog. Keep going.
  -Sameer-

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.