Monday, 2 March 2009

തുളച്ചുകയറിയത്

ജോലി സ്ഥലത്ത് പലപ്പോഴും ഹരികൃഷ്ണൻ സഹപ്രവർത്തകരുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ടു.

ഈയിടെയായി എന്തുവിഷയം സംസാരിച്ചാലും അവസാനം അതൊക്കെ ചെന്നെത്തുന്നത് മതപരമായ കാര്യങ്ങളിലാണ്. ഹരിക്കെന്തോ അതത്ര ദഹിക്കാത്ത കാര്യമാണ്. മതങ്ങളെപ്പറ്റി ചർച്ച ചെയ്യാതിരുന്നാല്‍ത്തന്നെ കുറേ പ്രശ്നങ്ങൾ ഒഴിവാക്കാൻ പറ്റുമല്ലോ എന്നായിരുന്നു അയാളുടെ വാദം.

കുറേ വർഷങ്ങളായി ജനങ്ങൾക്ക് മതത്തിനോടുള്ള താല്‍പ്പര്യം ആരോഗ്യപരമല്ലാത്ത രീതിയില്‍ അധികരിച്ചിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളുടേയും ശരീരത്തിൽപ്പോലും അതിന്റെ ചിഹ്നങ്ങൾ കാണാൻ സാധിക്കും. ഞാൻ ഇന്ന മത വിശ്വാസിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ച് നടന്നാലേ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുകയുള്ളോ ? ഓരോരുത്തരുടേയും വിശ്വാസം അവരവരെ രക്ഷിക്കുന്നില്ലെന്നുണ്ടോ ?!

ജോലിസ്ഥലത്തെ കാര്യങ്ങളൊക്കെ വിടാം. വീട്ടിൽച്ചെന്നാൽപ്പോലും ഹരിക്ക് സ്വസ്ഥതയില്ലാതായിത്തീർന്നിരിക്കുന്നു. തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കുറേ വർഷങ്ങൾക്ക് മുൻപ് ഇത്രയധികം സമയം മൈക്ക് വെച്ച് പുരാണഗ്രന്ഥപാരായണമൊന്നും കേൾക്കാറില്ലായിരുന്നല്ലോ ?! വാതിലും, ജനാലകളുമൊക്കെ കൊട്ടിയടച്ചിട്ടും അക്ഷരസ്ഫുടതയും ഉച്ചാരശുദ്ധിയുമില്ലാത്ത വായനാവൈകല്യം വാതില്‍പ്പഴുതിലൂടേയും ജനല്‍‌വിടവിലൂടെയുമെല്ലാം മുറിയിലേക്ക് തിക്കിക്കയറിക്കൊണ്ടേയിരുന്നു.

ആർക്ക് വേണ്ടിയാണ് ഇവരൊക്കെയിങ്ങനെ അലറിവിളിക്കുന്നത് ? മതമെന്തെന്നും, മനുഷ്യനെന്തെന്നുമറിയാത്ത ഭക്തർക്കുവേണ്ടിയോ? അതോ കാതടപ്പിക്കുന്ന കതിനാവെടിയുടേയും, ഉച്ചഭാഷിണിയുടേയും ശബ്ദം കേട്ടുകേട്ട് ചെകിടരായിപ്പോയ ദൈവങ്ങൾക്ക് വേണ്ടിയോ ?

ഒരു പുസ്തകത്തിലോ, സംഗീതത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ അയാൾക്ക് പറ്റാതായിരിക്കുന്നു. കോളാമ്പി മൈക്ക് ഉപയോഗിച്ച് ശബ്ദം മലിനീകരിക്കുന്നത് മതത്തിന്റെ പേരിലാകുമ്പോൾ ഒരു കുറ്റമല്ലല്ലോ ?! വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ഏത് ഭരണകൂടത്തിനാണ് ചങ്കുറപ്പുള്ളത് ? വോട്ടുബാങ്കിൽ വെടിമരുന്ന് നിറയ്ക്കാൻ ആരെങ്കിലും ശ്രമിച്ച ചരിത്രമുണ്ടായിട്ടുണ്ടോ ?

ശാസ്ത്രം പുരോഗമിച്ചതുകൊണ്ട് രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ! ഐ-പോഡിന്റെ ഹെഡ് സെറ്റ് ചെവിയിലേക്ക് തിരുകി തലേന്നാൾ കിട്ടിയ പനച്ചൂരാന്റെ കവിതാലാപനത്തിലേക്കയാൾ മുഴുകി.


അച്ചുതണ്ടിൽ ഉറങ്ങുന്ന ഭൂമിയിൽ
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു.
ഒച്ചയില്ലിവർക്കാർക്കും കരയുവാൻ
പച്ചവെള്ളത്തിനും വിലപേശണം.

കൊച്ചിനെന്തിന് പുസ്തകം,വിറ്റിട്ട്
പിച്ചതെണ്ടുവാൻ അച്ഛൻ പറയുന്നു.
കൊച്ചുകുഞ്ഞിനെ പെറ്റവൾ ചൊല്ലുന്നു,
വിറ്റുതിന്നാം വിശക്കുമീ കുഞ്ഞിനെ.

അസുരതീർത്ഥം കുടിക്കുവാൻ അന്യന്റെ
അവയവം വിറ്റ കാശുമായ് പോകുവോർ,

രോഗബീജങ്ങള്‍ സൌഹൃദം പങ്കിടും
ആതുരാലയ വാതിലിറങ്ങുന്നു.
.......
....
..

കവിയുടെ വരികളും, ശബ്ദവും ചെവിയിലൂടെ ഹൃദയത്തിലേക്കും, തലച്ചോറിലേക്കും, വൈദ്യശാസ്ത്രം ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത മറ്റുപല അവയവങ്ങളിലേക്കും, ആന്തരാവയവങ്ങളിലേക്കുമെല്ലാം ഒരു മതപ്രഭാഷണത്തിനും ചെന്നുകയറാൻ പറ്റാത്ത ആഴങ്ങളിലേക്ക് തുളച്ചുകയറിക്കൊണ്ടേയിരുന്നു.

വാഴുവോര്‍ തന്നെ വായ്പ്പ വാങ്ങിയീ
യാജകരുടെ രാജ്യം ഭരിക്കവേ,
കാലത്തിന്റെ ചെതുമ്പിച്ച കാലടി-
പ്പാടു പിന്തുടരുന്നു നാം ബന്ധിതര്‍
........
....
..

32 comments:

 1. ആത്മരോക്ഷം ആണല്ലോ :)

  ReplyDelete
 2. അങ്ങനെ വഴിക്കുവാ... :)

  ReplyDelete
 3. നിരക്ഷരനില്‍ തുളച്ചു കയറിയ ഈ വരികള്‍ ചിലരുടെയൊക്കെ കര്‍ണ്ണങ്ങളില്‍ പതിക്കില്ല എന്നതാണ് സത്യം.

  മതങ്ങളുടെ കാര്യം ഒന്നും മിണ്ടാന്‍ പാടില്ല എന്നറിയില്ലേ :). "മതമില്ലെങ്കില്‍ ജീവിതം തന്നെയില്ല" എന്ന് കരുതുന്ന സമൂഹമാണ് ചുറ്റുമുള്ളത് എന്നോര്‍ത്താല്‍ നിരക്ഷരാ, തനിക്കു കൊള്ളാം.. മതമാണ് ജീവന്‍, ജാതിയാണ് ശ്വാസം, മതമില്ലെങ്കില്‍ മനുഷ്യന്‍ വെറും പിണം.. അതാണ് ഇന്നത്തെ അവസ്ഥ.

  ReplyDelete
 4. നിരക്ഷരൻ ചേട്ടാ എന്തിനാ മതം.ഇവിടെ ഇന്ന് ഒരു മഹാവ്യാധി പോലെ മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് മതം.അതിന്റെ ചങ്ങല പൊട്ടിച്ച് മനുഷ്യൻ പുറത്തുവരട്ടെ

  ReplyDelete
 5. ഇനിയും പോരട്ടെ..സ്വകാര്യ ചിന്തകള്‍.....

  ReplyDelete
 6. ആർക്ക് വേണ്ടിയാണ് ഇവരൊക്കെയിങ്ങനെ അലറിവിളിക്കുന്നത് ? മതമെന്തെന്നും, മനുഷ്യനെന്തെന്നുമറിയാത്ത ഭക്തർക്കുവേണ്ടിയോ? അതോ കാതടപ്പിക്കുന്ന കതിനാവെടിയുടേയും, ഉച്ചഭാഷിണിയുടേയും ശബ്ദം കേട്ടുകേട്ട് ചെകിടരായിപ്പോയ ദൈവങ്ങൾക്ക് വേണ്ടിയോ ?
  ---
  നിരച്ചരാ....പൂയ്.....

  ReplyDelete
 7. വികാരം മനസ്സിലാക്കുന്നു...
  സമാന ചിന്താഗതിക്കാരുണ്ടെന്നറിയുന്നതിലെ കുഞ്ഞു സന്തോഷം ഉണ്ട്... :)

  കൂടുതലൊന്നും പറയുന്നില്ല...

  ReplyDelete
 8. ഹരിയുടെ ചിന്താവിഷയങ്ങള്‍ വളരെ വളരെ കറക്റ്റ്...

  ReplyDelete
 9. മത്തിക്കച്ചവടവും,മാംസക്കച്ചവടവും പോലെ ഒരു തൊഴിലല്ലേ അതും നിരക്ഷരാ ?

  ReplyDelete
 10. എവിടെയാണ് തുളച്ചു കയറിയത് ? എന്നറിയാന്‍ വന്നതാണ് . പക്ഷേ ഇതങ്ങനെ തുളച്ചിട്ടില്ല. ഇനിയും പോരട്ടെ ഈ സ്വകാര്യ തുള ചിന്തകള്‍ .ആമേന്‍

  ReplyDelete
 11. മതവും, വിശ്വാസവും ഒരാളുടെ സ്വകാര്യതയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

  ReplyDelete
 12. നല്ലൊരു കവിത കേള്‍ക്കുമ്പോള്‍ കിട്ടുന്ന സുഖം മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോളും, മതപ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോളും, ആര്‍ക്കോ വേണ്ടിയെന്നപോലെ വായിക്കപ്പെടുന്ന പുരാണപാരായണം കേള്‍ക്കുമ്പോളും ലഭിക്കുന്നില്ല്ല. അതൊന്ന് എഴുതിയിട്ടെന്ന് മാത്രം. ഒരു സൂപ്പര്‍ പവര്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാനും. അതിനെ ദൈവമെന്നോ, പ്രകൃതിയെന്നോ, അള്ളായെന്നോ, കൃസ്തുവെന്നോ, കൃഷ്ണനെന്നോ വിളിക്കാനും സന്തോഷം തന്നെ.

  എന്റെ ദൈവമാണ് വലുത്, നിന്റെ ദൈവത്തെവിട്ട് എന്റെ ദൈവത്തില്‍ വിശ്വസിക്കൂ, എന്ന് പറയുന്നവരില്‍ നിന്ന് ഒരുപാട് ദൂ‍രെയാണ് ദൈവം എന്നും ഞാന്‍ വിശ്വസിക്കുന്നു. വിളിപ്പുറത്ത് നില്‍ക്കുന്ന ദൈവത്തിങ്കലേക്ക്, മനസ്സിലെ ആരാധനാലയത്തിലെ ഒരു മൌനപ്രാര്‍ത്ഥന വഴി എത്തിച്ചേരാമെന്നിരിക്കെ അലറിവിളിച്ച് ദൈവസാമീപ്യം ഇല്ലാതാക്കുന്നവരോട് സഹതാപം മാത്രം.

  എല്ലാവര്‍ക്കും നന്മവരട്ടെ. ദൈവത്തെ നമ്മള്‍ വെറുപ്പിച്ചാലും ദൈവം നമ്മളെ ആരേയും വെറുപ്പിക്കാനിടയാകാതിരിക്കട്ടെ. ലോകത്ത് ശാന്തിയും സമാധാനവും നിറയട്ടെ.

  തുളഞ്ഞുകയറിയത് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  സസ്നേഹം
  -നിരക്ഷരന്‍
  (അന്നും, ഇന്നും, എപ്പോഴും)

  ReplyDelete
 13. “ഐ-പോഡിന്റെ ഹെഡ് സെറ്റ് ചെവിയിലേക്ക് തിരുകി...”

  അപ്പോ അതാണല്ലേ തുളച്ച് കയറിയത്..? :)

  ReplyDelete
 14. മതം എന്നത് ഒരു ദുരാചാരമാണു എന്നു മനുഷ്യൻ മനസ്സിലാക്കേണ്ട കാലം ആയിരിക്കുന്നു. കൂടുതൽ ഒന്നും പറയുന്നില്ല.മതം ഇല്ലാത്ത ഒരു കാലം ഉണ്ടാകുമോ ?ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു!

  ReplyDelete
 15. എന്റെ ദൈവമാണ് വലുത്,
  നിന്റെ ദൈവത്തെവിട്ട് എന്റെ ദൈവത്തില്‍ വിശ്വസിക്കൂ, എന്ന് പറയുന്നവരില്‍ നിന്ന് ഒരുപാട് ദൂ‍രെയാണ് ദൈവം .....
  ആമേന്‍!

  ഒരിക്കല്‍ മതത്തെ പറ്റിയുള്ള ചരച്ച ഇതേപോലെ ഒരു വാചകം .. അതിനു ഞങ്ങളുടെ സുഹൃത്ത് പറഞ്ഞ മറുപടി.. എന്റെ അമ്മ എന്തോക്കെ കുറവുണ്ടങ്കിലും അതു തന്നെയാണ് എന്റെ അമ്മ. “അതുപോലെ എന്റെ ദൈവവും”

  ഇവിടെ ഇപ്പൊള്‍ ധാരാളം പള്ളികള്‍ ഉണ്ട്. പലതിലും ആളില്ല. പള്ളിമണിയൊ വാങ്ക് വിളിയൊ അമ്പലത്തില്‍ ഉച്ചഭാഷിണിയൊ ഉപയോഗിക്കാനോ പാടില്ല...അതു കൊണ്ട് തന്നെ ആ പള്ളിപരിസരത്ത് കൂടി നടക്കുമ്പോള്‍ നല്ല ശാന്തത തോന്നും. ലോകത്തിലേ തന്നെ ഏറ്റവും വലിയ അമ്പലം ടൊറോന്റോയില്‍!

  ഈശ്വരന്‍ അവനനന്റെ മനസ്സിലാണ്,മറ്റുള്ളവരെ സ്നേഹിക്കുകയും കരുതുകയും സഹായിക്കുകയും ചെയ്യുന്നതാണ് മതവിശ്വാസി ചെയ്യണ്ടത് ഈശ്വരന്റെ ഇന്ന് പണമായി കണ്ടു തുടങ്ങി! അവിടെ ആണു പിശകിതുടങ്ങിയതും........

  **പനച്ചൂരാന്റെ കവിതാ ഊണിലും ഉറക്കത്തിലും മനസ്സില്‍ വരും ശക്തമാണാവരികള്‍..
  “..കൊച്ചുകുഞ്ഞിനെ പെറ്റവൾ ചൊല്ലുന്നു,
  വിറ്റുതിന്നാം വിശക്കുമീ കുഞ്ഞിനെ..”

  ശാന്തനായ നിരക്ഷരന്‍ ശക്തമായി ഗര്‍ജിച്ചിരിക്കുന്നു!!

  ReplyDelete
 16. ഇതെന്തു പറ്റി ചേട്ടാ, ഇങ്ങനെയൊക്കെ പ്പൊ തോന്നാന്‍!!!

  ReplyDelete
 17. ഇന്ന മതമെന്നൊന്നുമില്ല; ശാസ്ത്രം പുരോഗമിക്കുംതോറും പൊതുവെ ആളുകൾക്ക്‌ മതാഭിമുഖ്യം കൂടി വരുന്നുണ്ട്‌.
  ഇത്തരം സ്വയം പ്രതിരോധങ്ങൾ മാത്രമേ പറ്റൂ. ഇല്ലെങ്കിൽ കാണാം...

  ReplyDelete
 18. നീരൂ, നീയും പനച്ചൂരാന്റെ ആരാധകനായി...

  നല്ല കുറിപ്പ്, ആത്മാവിന്റെ ഭക്ഷണമാണ് കവിത എന്നല്ലേ...ആസ്വദിയ്ക്ക്...

  ReplyDelete
 19. Thanks for writing the truth... In my concept politics also doing same.

  ReplyDelete
 20. നിരക്ഷരാ ....
  തുളച്ചു കയറുന്ന ചിന്തകള്‍ക്ക് വെടിയുണ്ട പോലത്തെ അഭിവാദ്യങ്ങള്‍ ......
  മതമില്ലാത്ത മനുഷ്യര്‍ നല്ല ഒരു ചിന്ത മാത്രമായി അവശേഷിക്കുന്നു ......
  ഈശ്വരന്‍ ഓരോരുത്തരുടെയും മനസ്സില്‍ ജീവിക്കുന്നു എന്ന് വിചാരിക്കനാനെനിക്കിഷ്ടം

  ReplyDelete
 21. നല്ല ചിന്ത.. നല്ല ആവിഷ്ക്കാരം .
  നന്ദി

  ReplyDelete
 22. ഇവിടെയും ഞാന്‍ വൈകിപ്പോയി..
  നല്ല ചിന്ത

  ReplyDelete
 23. വേണം നമുക്കും ഓരോ ഐപോഡ് ....................

  ReplyDelete
 24. പറഞ്ഞതൊക്കെ സത്യം. :-)

  ReplyDelete
 25. ഐ-പോഡ് കൊണ്ട് ഇങ്ങനേയും ചില ഉപകാരം ഉണ്ടന്ന് മനസ്സിലായി,എന്റെ നിരക്ഷരാ ഇവിടെ രാവിലെ ഡ്യുട്ടിക്ക് പോകുന്നവർ ഐ-പോഡിന്റെ ഹെഡ് സെറ്റ് ചെവിയിലേക്ക് തിരുകി “കൌസല്ല്യ സുപ്രചാര രാമ..” കേട്ടു കൊണ്ടാണ് പോകുന്നത്..നിരക്ഷരന്റെ ചിന്തകൾ ഇനിയും പോരട്ടെ.

  ReplyDelete
 26. ഏട്ടായി ഭയങ്കര സീരിയസ് ആയി.....ആർക്കും നിഷേധിക്കാൻ പറ്റാത്ത കാര്യങ്ങൾ.

  ReplyDelete
 27. നിരക്ഷരാ‍ാ
  ഇക്കാര്യത്തില്‍ ഞാന്‍ 100% യോജിക്കുന്നു. താന്‍ പറഞ്ഞതാണ് ശരി.. “ആർക്ക് വേണ്ടിയാണ് ഇവരൊക്കെയിങ്ങനെ അലറിവിളിക്കുന്നത് ? മതമെന്തെന്നും, മനുഷ്യനെന്തെന്നുമറിയാത്ത ഭക്തർക്കുവേണ്ടിയോ?..”

  ഇവരൊക്കെ അലറിവിളിക്കുന്നത്, ആത്മീയതയറിയാത്ത, മനുഷ്യവര്‍ഗ്ഗത്തെ സ്നേഹിക്കാത്ത ഒരുപറ്റം ആള്‍ക്കാറ്ക്കുവേണ്ടീയാണ്. ഈ അലറിവിളിക്കുന്നവരും ഇങ്ങനെ തന്നെ!

  - ആശംസകളോടെ, ദുര്‍ഗ്ഗ!

  ReplyDelete
 28. ശരിക്കും തുളച്ചു കയറുന്നുണ്ട്.. യോജിക്കുന്നുന്ട്ടോ ഞാനും എഴുതിയതിനോട് .... അഭിനന്ദനങള്‍

  ReplyDelete
 29. 100% യോജിക്കുന്നു. വളരെ കുറച്ചു കാലം കൊണ്ട് വന്ന മാറ്റങ്ങളാണിതെന്നു തോന്നുന്നു. ഇനി "India was once upon secular" എന്ന് പറയുന്ന കാലം വരുമോ എന്ന് ഞാന്‍ ഭയക്കുന്നു. :(

  ReplyDelete
 30. Maybe God also think sameway.what to do,Cannot punish Arivilla paithangal........Karuthama

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.