Monday, 28 April 2008

ഒന്നുമാകാത്തവന്‍

ന്നാമനൊരു സംശയം
രണ്ടാമനും തന്നെപ്പോലെ,
അവളുടെ പ്രേമത്തിനായ്
കൊതിക്കുന്നില്ലേ എന്ന് ?

ഒന്നാമന്‍ മിടുമിടുക്കന്‍.
എഴുത്തും, വരയും, പാട്ടും,
നടനവുമെല്ലാം വഴങ്ങുന്ന വല്ലഭന്‍.
സുന്ദര‍ന്‍,സല്‍ഗുണസമ്പന്നന്‍.

രണ്ടാമന്‍ തെമ്മാടി.
ദുര്‍ന്നടപ്പുകാരന്‍.
ദുര്‍ഗ്ഗുണ കലവറയുടെ കാവല്‍ക്കാരന്‍.
തോക്കും, പിച്ചാത്തിയും,
തോന്ന്യാസങ്ങളും മാത്രം വഴങ്ങുന്നവന്‍.
കാഴ്ച്ചയില്‍ ഭീകരന്‍.

സംശയം ദുരീകരിക്കാന്‍,
ഒന്നാമന്‍ രണ്ടാമനെഴുതി.

“തിളങ്ങുന്ന നീ, നിറം കെട്ട ഞാന്‍.
ഇടയില്‍ മിന്നല്‍പ്പിണരിന്റെ
തിളക്കമുള്ള മൌനം.“

രണ്ടാമനൊന്നും മനസ്സിലായില്ല.
ഒന്നാമനെല്ലാം മനസ്സിലായി.
സംശയവും മാറിക്കിട്ടി.

ഒടുവിലെന്തായി ?

അനിവാര്യമായത് സംഭവിച്ചു.
ഒന്നാമനും അവളും ഒന്നായി.
രണ്ടാമന്‍ ഒന്നുമായില്ല.

Monday, 21 April 2008

അവക്കാഡോ ചിപ്പ്‌സ്

പൊട്ടാറ്റോ ചിപ്പ്‌സ് കൊറിച്ചുകൊണ്ടിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടം തന്നെയല്ലേ ? ഇത്തിരി ഡെക്കറേഷനും കൂടെ നടത്തി ചിപ്പ്‌സ് കഴിച്ച് നോക്കിയാലോ ? അവക്കാഡോ ചിപ്പ്‌സ് എന്നാണ് ഡെക്കറേറ്റഡ് ചിപ്പ്‌സിന്റെ പേര്.

ഇതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍.

1.അവക്കാഡോ നന്നായി പഴുത്തത് ഒരെണ്ണം.
2.ലാമിനേറ്റ് ചെയ്യാത്ത കുക്കുംബര്‍ ഒരെണ്ണം.
(എനിക്കിവിടെ കിട്ടുന്നത് ലാമിനേറ്റ് ചെയ്ത കുക്കുംബറാണ്.ഫോട്ടോയില്‍ കണ്ടില്ലേ?)
3.ചെറുനാരങ്ങ ഒരെണ്ണം.
4.പച്ചമുളക് മൂന്നെണ്ണം.
5.പൊട്ടാറ്റോ ചിപ്പ്‌സ് ഒരു പാക്കറ്റ്.
(വീട്ടില്‍ വറുത്തതായാലും വിരോധമില്ല.)
6.ഉപ്പ് ആവശ്യത്തിന്.


തൊലി ചെത്തി, കുരു മാറ്റിയതിനുശേഷം മുഴുവന്‍ അവക്കാഡോയും, അതിന്റെ നാലില്‍ മൂന്ന് ഭാഗത്തോളം അളവിന് കുക്കുമ്പറും, മൂന്ന് പച്ചമുളകും ചെറുതായി അരിഞ്ഞ് സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക. അതിലേക്ക് പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പിട്ട്, വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതത്തെ ചിപ്പ്‌സിന്റെ മുകളില്‍ സ്ഥാപിക്കുക. അവക്കാഡോ ചിപ്പ്‌സ് റെഡി.

മുളകൊന്നും എടുത്ത് കളയാതെ നല്ല എരിവോടെ തിന്നാനാണ് കൂടുതല്‍ രസം. എന്തിന്റെ കൂടെ കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നതൊക്കെ കഴിക്കുന്നവരുടെ സൌകര്യത്തിന് വിടുന്നു.

പീറ്റര്‍ബറോയിലെ തമിഴ്‌നാ‌ട്ടുകാരനായ സുഹൃത്ത്, റാമാണ് ഇതുണ്ടാക്കാന്‍ പഠിപ്പിച്ചുതന്നതെങ്കിലും, ഇതിന്റെ പേര് എന്റെ വകയാണ്. പേരിന് കോപ്പി റൈറ്റൊന്നും എടുത്തിട്ടില്ല. മറ്റെന്തെങ്കിലും പേര് നിര്‍ദ്ദേശിക്കാനുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു.

Thursday, 17 April 2008

ഫറൂക്ക് വാഫ

കാര്യമായ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ലാത്തെ ഒരു മിസിറിയാണ് ഫറൂക്ക് വാഫ. മിസിറി എന്നുവെച്ചാല്‍, ഈജിപ്‌ഷ്യന്‍.

എണ്ണപ്പാടത്ത് ജോലി ചെയ്യുന്ന‍ ഫറൂക്കിന്റെ സഹപ്രവര്‍ത്തകരില്‍‍ ഒരാള്‍‌ക്ക്, ഒരിയ്ക്കല്‍ ഫീര്‍ഡില്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് തലയ്ക്ക് പരുക്കേല്‍ക്കുന്നു. സഹപ്രവര്‍ത്തകനെ ഹോസ്പിറ്റലില്‍ എത്തിച്ച് വേണ്ട ശുശ്രൂഷകള്‍‌ നല്‍കിയതിനുശേഷം മടങ്ങിവന്ന ഫറൂക്കിനോട്, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍ ആശുപത്രി വിവരങ്ങള്‍‌ തിരക്കുമ്പോള്‍ ഫറൂക്കിന്റെ ഇംഗ്ലീഷിലുള്ള മറുപടി ഇപ്രകാരം.

" They took photocopy of his head in hospital. He is okay now."