സുഹൃത്തേ...
രാവിലെ 10 മുതൽ വൈകീട്ട് 6 വരെ ബിയനാലെയ്ക്ക് വേണ്ടി ചിലവഴിക്കാമെങ്കിൽ താങ്കൾ കരുതിവെച്ചിട്ടുള്ള രണ്ട് ദിവസം കൊണ്ട് ഒരുവിധം എല്ലാം ഭംഗിയായി കണ്ടു തീർക്കാം. പക്ഷെ, ഇനിയുള്ള ദിവസങ്ങളിൽ നല്ല തിരക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ കാണാത്തവർ തള്ളിക്കയറി വന്നുകൊണ്ടിരിക്കുകയാണ്, ഈ അവസാന നാളുകളിൽ. മാർച്ച് 13ന് കൊച്ചി ബിയനാലെ 2012 അവസാനിക്കുകയാണെന്ന് അറിയാമല്ലോ? അതുകാരണമുള്ള തിരക്ക് എങ്ങനെ താങ്കളെ ബാധിക്കും എന്ന് പറയാൻ പറ്റില്ല. സത്യം പറഞ്ഞാൽ പല പ്രാവശ്യം പോയെങ്കിലും ഇനിയും പലതും എനിക്കവിടെ കാണാൻ ബാക്കി കിടക്കുന്നുണ്ട്.
ആസ്പിൻ വാൾ - കായലിൽ നിന്നുള്ള ദൃശ്യം. |
ആസ്പിൻ വാളിലെ എല്ലാ ഇസ്റ്റലേഷൻസും പെയിന്റിങ്ങുകളുമൊക്കെ ആദ്യം കാണുക. ടിക്കറ്റ് ഏടുക്കേണ്ടതും അവിടന്ന് തന്നെയാണ്. വീഡിയോ ഇൻസ്റ്റലേഷൻ കാണാൻ ആദ്യം തന്നെ സമയം നീക്കിവെക്കരുത്. പിന്നീട് സമയം കിട്ടുന്നതനുസരിച്ച് മാത്രം വീഡിയോകളിലേക്ക് കടക്കുക. പക്ഷെ, രണ്ടുദിവസമുണ്ടെങ്കിൽ വീഡിയോകളും കാണാൻ സമയം കിട്ടും. എന്നിരുന്നാലും വിവാൻ സുന്ദരത്തിന്റെ മുസരീസ് വർക്കും അതുപയോഗിച്ച് ഷൂട്ട് ചെയ്ത്, നിലത്ത് പ്രദർശിപ്പിക്കുന്ന വീഡിയോയും ഒരിക്കലും കാണാതെ പോകരുത്. മണ്ണടിഞ്ഞുപോയ മുസരീസിന്റെ കഥയാണത് പറയുന്നത്. വിവേക് വിലാസിനിയുടേയും, രഘുനാഥന്റേയും, സാങ്ങ് എൻലിയുടേയും, സുമേധ് രാജേന്ദ്രന്റേയും, സിജി കൃഷ്ണന്റേയും, പ്രസാദ് രാഘവന്റേയും, പി.എസ്.ജലജയുടേയും, ജ്യോതി ബാസുവിന്റേയും, സുബോധ് ഗുപ്തയുടേയും, ആൽഫ്രഡോ ജാറിന്റേയും, ടി.വെങ്കണ്ണയുടേയും, അമർ കൻവറിന്റേയും, എൽ.എൻ.തല്ലൂരിന്റേയും, ഡൈലൻ മാർട്ടോലസ്സിന്റേയും, ശ്രീനിവാസ പ്രസാദിന്റേയും, ജസ്റ്റിൻ പൊൻമണിയുടേയും, ഷീല ഗൌഡയുടേയും, സുബോധ് ഗുപ്തയുടെയും, പി.എസ്.ജലജയുടേയും, അതുൽ ധോദിയയുടേയും, വത്സൻ കൊല്ലേരിയുടേയുമൊക്കെ അടക്കം ആസ്‌പിൻ വാളിലുള്ള വർക്കുകൾ ഓരോന്നും എടുത്ത് പറയാൻ ഞാനുദ്ദേശിക്കുന്നില്ല. നേരിൽ കാണുക. ആസ്വദിക്കുക. എല്ലാ ഇൻസ്റ്റലേഷനെപ്പറ്റിയും വിശദമായി എഴുതി വെച്ചിട്ടുണ്ട് അവിടെ. അതുകൂടെ വായിച്ച് മനസ്സിലാക്കാൻ സന്മനസ്സും താൽപ്പര്യവും കാണിച്ചാൽ വർക്കുകൾ ഓരോന്നും കൂടുതൽ ആസ്വാദ്യകരമാകും.
ശ്രീനിവാസ പ്രസാദിന്റെ ഇൻസ്റ്റലേഷൻ |
പിന്നീട് ആസ്‌പിൻ വാൾ-2 ലേക്ക് പോകുക. അവിടെ അധികം സമയമെടുക്കില്ല. ഓരോ വ്യക്തിയുടേയും താൽപ്പര്യമനുസരിച്ച് 10 മുതൽ 20 മിനിറ്റ് വരെ മതിയാകും. അതിന്റെ വശത്തുള്ള മതിലുകളിൽ ചെയ്തിരിക്കുന്ന ഗ്രാഫിറ്റി പെയിന്റിങ്ങുകൾ മനോഹരമാണ്. പിന്നെ പെപ്പർ ഹൌസിലേക്ക് നടക്കുക. റൂട്ട് മാപ്പ് ടിക്കറ്റിനൊപ്പം കിട്ടുന്നതാണ്. പെപ്പർ ഹൌസിൽ ഒന്നോ രണ്ടോ മണിക്കൂർ ചിലവായെന്ന് വരും. അനിതാ ദുബേയുടേയും, കെ.പി.രജിയുടേയും, ഒക്കെ വർക്കുകൾ അവിടെയാണുള്ളത്. പെപ്പർ ഹൌസിന്റെ പിന്നാമ്പുറത്ത്, കായലിനോട് ചേർന്ന ചുവരിലുമുണ്ട് ഒരു ഗ്രാഫിറ്റി.
പെപ്പർ ഹൌസിന്റെ പിന്നിലെ ഗ്രാഫിറ്റി. |
മൊയ്തു ഹെറിറ്റേജിലെ വീഡയോ ഇൻസ്റ്റലേഷൻ. |
അവിടന്ന് കാൽവത്തി ജെട്ടിയിലേക്ക് നടന്നാൽ മൂന്ന് ഇൻസ്റ്റലേഷൻ കൂടെ കണ്ട് മടങ്ങാം. പിന്നീടുള്ളത് കൊച്ചിൻ ക്ലബ്ബിന്റെ മതിലിന് മുകളിൾ പിടിപ്പിച്ചിട്ടുള്ള അർജന്റീനിയക്കാരനായ ഏരിയർ ഹസ്സന്റെ വർക്കുകളാണ്. അത് പകൽ സമയത്ത് ഒരു പ്രാവശ്യം കാണണം. പിന്നീട് ഇരുട്ടാകുമ്പോൾ ലൈറ്റ് അപ്പ് ചെയ്തതിന് ശേഷം ഒന്നൂടെ ആ വഴിക്ക് പോയി നോക്കണം. അപ്പോളാണ് അതിന്റെ ഭംഗി കൂടുതലായി മനസ്സിലാക്കാൻ പറ്റുക. ഫോർട്ട് കൊച്ചി ജെട്ടിക്കരികിൽ കൊച്ചി-കാർണിവലിന്റെ ഓഫീസിന്റെ മതിലിൽ കരി കൊണ്ട് വരച്ചിരിക്കുന്ന തട്ടുകടക്കാരൻ അച്ചുവിന്റെ മുഖം കാണാൻ മറക്കരുത്. അതോടൊപ്പം മറ്റൊരു മുഖം കൂടെ വന്നിട്ടുണ്ട് ഇപ്പോൾ. കൂടാത അപ്പുറത്തുള്ള മതിലിൽ കുറേയധികം മുഖങ്ങൾ വേറേയും വന്നിട്ടുണ്ട്. അച്ചുവിന്റെ ചിത്രം ചില ആന്റി-ബിയനാലെക്കാർ മോശമാക്കിയതിന്റെ വാശിയിൽ കലാകാരൻ ഡാനിയൽ കോണൽ കൂടുതൽ മുഖങ്ങൾ വരയ്ക്കുകയായിരുന്നു.
വികൃതമാക്കപ്പെട്ട സൃഷ്ടിയെ പുനഃർജ്ജീവിപ്പിക്കുന്ന കലാകാരൻ. |
ഇനി ബാക്കിയുള്ളത് ഡേവിഡ് ഹാളിലെ പ്രദർശനങ്ങളും കാശിയിലെ പ്രദർശനങ്ങളുമാണ്. അത്രയധികം സമയമെടുക്കില്ലെങ്കിലും അവിടേയും പോകേണ്ടത് തന്നെയാണ്. അക്കൂട്ടത്തിൽ ബീച്ചിൽ ഈയടുത്ത ദിവസം കണ്ണൂരിലെ ബ്രഷ്‌മാൻ ഇൻസ്റ്റിട്ട്യൂട്ടിലെ കലാകാരന്മാർ വരച്ച് ത്രീഡി ചിത്രം കാണാൻ മറക്കരുത്. അതിനുമുകളിലൂടെ ജനങ്ങൾ നടന്നുനടന്ന് അത് മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇതിനിടയ്ക്ക് കമ്പ്രൽ യാർഡിലെ ഇസ്റ്റലേഷൻ കൂടെ കാണാൻ വിട്ടുപോകരുത്.
ഫോർട്ട് കൊച്ചി ബീച്ചിലെ ത്രീ ഡീ ചിത്രം. |
ദർബാർ ഹാൾ മാത്രമാണ് ഫോർട്ടുകൊച്ചിയിൽ നിന്ന് വിട്ടുമാറിയുള്ള ഏക പ്രദർശനയിടം. അത് എറണാകുളം സൌത്തിലാണ്. അവിടെ കൂടുതലും പെയിന്റുങ്ങുകളും ഫോട്ടോഗ്രാഫുകളുമാണ്. തറയിൽ ഇട്ടിരിക്കുന്ന മുഷിഞ്ഞതാണെന്ന് തോന്നിക്കുന്ന കാർപ്പറ്റുകൾ ഓരോരോ ഇസ്റ്റലേഷനുകളാണ്. മുസരീസിലെ ജ്യൂതമതസ്ഥരുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ എനിക്ക് വളരെ പ്രാധാന്യമുള്ളതായിരുന്നു.
മരിച്ചുപോയ മത്സ്യത്തൊഴിലാളികളുടെ ഓർമ്മയ്ക്ക്... |
ഇസ്റ്റലേഷനുകൾ ദിനം പ്രതി കൂടിക്കൂടി വന്നുകൊണ്ടിരുന്നു ബിയനാലെയിൽ. ഇന്ന് ഫോർട്ട് കൊച്ചിയിലെ മരിച്ചുപോയ മത്സ്യത്തൊഴിലാളികളുടെ സ്മരണയ്ക്കായി കാറ്റിലിളകുകയും മണിമുഴക്കുകയും ചെയ്യുന്ന ഒരു വാട്ടൻ ഇൻസ്റ്റലേഷൻ കൂടെ പുതുതായി വന്നിണ്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. സ്കൂൾ കുട്ടികൾ പോലും ബിയനാലെയുടെ ഭാഗമായി. എന്റെ മകൾ നേഹ പഠിക്കുന്ന സ്കൂളിലെ കുട്ടികൾ ചെയ്ത ബിയനാലെ വർക്കുകൾ അവർ കൊണ്ടുപോയി ബിയനാലെ ക്യൂറേറ്റർമാരായ ശ്രീ. റിയാസ് കോമുവിനും, ശ്രീ. ബോസ് കൃഷ്ണമാചാരിക്കും സമ്മാനിച്ചു. നേഹയും പോയിരുന്നു അത് നൽകാനായി. അത് ആസ്പിൻ വാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കുട്ടികളുടെ പങ്കാളിത്തം ബിയനാലെയിൽ... |
സത്യത്തിൽ കലയെ സ്നേഹിക്കുന്നവർ എല്ലാവരും, ഇങ്ങനൊരു മാമാങ്കം കേരളത്തിലേക്ക് കൊണ്ടുവന്നതിന് ഈ രണ്ട് കലാകാരന്മാരേയും മനസ്സുകൊണ്ടെങ്കിലും ഒന്ന് വണങ്ങേണ്ടതാണ്.
റിയാസ് കോമു, ആഷാ സേത്, ബോസ് കൃഷ്ണമാചാരി. |
ബിയനാലെ മുഴുവനായി മനസ്സിരുത്തി കാണണമെങ്കിൽ 23 ദിവസമെങ്കിലും വേണമെന്നാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. അതിൽ കുറേയൊക്കെ സത്യമുണ്ട്. സാധാരണ ഗതിയിൽ, ഒറ്റയടിക്ക് എല്ലാം കണ്ടുതീർത്ത് മടങ്ങാനാവില്ല. കൊച്ചി മുസരീസ് ബിയനാലെ എന്നാൽ ഈ പറയുന്ന ഇൻസ്റ്റലേഷനുകളും പെയിന്റിങ്ങുകളും ശബ്ദവും മണവും കേൾവിയുമൊക്കെ ചേർന്നുള്ള പ്രദർശനങ്ങൾ മാത്രമല്ല. ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടത്തപ്പെട്ട തീയറ്റർ സ്കെച്ചസ്, തിറ, കളമെഴുത്തും പാട്ടും, മെഹബൂബ് സന്ധ്യ, വിപ്ലവ വീര്യമുള്ളതും മറക്കാൻ തുടങ്ങിക്കഴിഞ്ഞതുമായ പഴയ ഗാനങ്ങളുടെ ആലാപനം, വാദ്യോപകരണ സംഗീത സന്ധ്യകൾ, പോളണ്ടിൽ നിന്നുള്ള നാടകം, മ്യൂസിക് കൺസെർട്ടുകൾ, ആർട്ടും യോഗയും, ചവിട്ടുനാടകം, ചലച്ചിത്രോത്സവം, എന്നിങ്ങനെ എണ്ണിപ്പറഞ്ഞാൽ തീരാത്ത ഒട്ടനവധി കലാപരിപാടികളും കലാകാരന്മാരുമായുള്ള സംവാദവും ഒക്കെ ചേർന്ന കലയുടെ ഒരു ഉത്സവം തന്നെയായിരുന്നു ബിയനാലെ. സമയം കിട്ടിയതിനനുസരിച്ച് ഇതിൽ പല പരിപാടികളിലും ഞാനും പങ്കുകൊണ്ടിരുന്നു. കാണാനാകാതെ പോയതെല്ലാം വലിയ നഷ്ടമായിരുന്നെന്നും എനിക്കറിയാം.
ബിയനാലെ വേദികളിലെ ‘ചക്ക‘ എന്ന നാടകത്തിൽ നിന്ന്... |
ബിയനാലെയെ എതിർക്കുകയും അതിന്റെ പേരിൽ വാഗ്വാദങ്ങൾ നടത്തുകയും ചെയ്തിരുന്ന ഒരാൾ ഈയടുത്ത ദിവസം വിളിച്ചിരുന്നു. ബിയനാലെ തീരുന്നതിന് മുൻപ് മനോജിനൊപ്പം ഒരു ദിവസം പോകണമെന്നാണ് കരുതിയിരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, എതിർക്കുന്നവർ പോലും കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിന്റെ സന്തോഷമാണ് ഉള്ളിൽ നിറഞ്ഞത്.
പോകപ്പോകെ, ഞാൻ ബിയനാലെയുടെ സംഘാടകനോ അതുമായി ബന്ധപ്പെട്ട ആരെങ്കിലും ആണോ എന്നുവരെ ജനം സംശയിച്ചിട്ടുണ്ടെന്ന് തോന്നുന്നു. “എങ്ങനെ പോകുന്നു ബിയനാലെ ? “ എന്ന് പലരും ചോദിക്കുന്നത് ഫേസ്ബുക്കിൽ ഞാൻ ഇടുന്ന ബിയനാലെ അപ്‌ഡേറ്റുകൾ കണ്ടിട്ടാകാം. അല്ലെങ്കിൽ ചിലപ്പോൾ കളിയാക്കാനാവാം. കളിയാക്കൽ പോലും ഒരു അംഗീകാരമായിട്ടെടുക്കുന്നു ഞാൻ. കലാകാരന്മാരോട് എനിക്കെന്നും മുഴുത്ത അസൂയയാണ്. ഇക്കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് സുഹൃത്ത് ചോദിച്ചു, താങ്കളുടെ എന്തെങ്കിലും വർക്ക് ബിയനാലെയിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന്. വല്ലാത്ത സന്തോഷം തോന്നി അത് കേട്ടപ്പോൾ. ഒരു കലാകാരനാണെന്ന് എന്നെ ആരെങ്കിലുമൊക്കെ തെറ്റിദ്ധരിക്കുകയെങ്കിലും ചെയ്തല്ലോ ? കൂടുതലെന്ത് വേണം !
കൊച്ചിൻ ക്ലബ്ബിലെ, ഏരിയൽ ഹസ്സൻ സൃഷ്ടിയ്ക്ക് മുന്നിൽ. (ചിത്രം:- വേണു ഗോപാലകൃഷ്ണൻ) |
താങ്കളടക്കം ഒരുപാട് പേർ ബിയനാലെയിൽ എന്തൊക്കെ കാണാനുണ്ട്, മിസ്സാക്കാൻ പാടില്ലാത്ത വർക്കുകൾ എന്തൊക്കെയാണ്, ഏത് ഓർഡറിൽ കാണണം എന്നൊക്കെ ചോദിച്ച് വിളിക്കുകയും മെയിൽ അയക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാലാവുന്ന വിധം എല്ലാവർക്കും പറഞ്ഞുകൊടുത്തിട്ടുമുണ്ട്. ഇതുവരെ നേരിൽപ്പോലും കാണാത്തവരും മെയിലൂടെയോ ഫോണിലൂടെയോ സംവദിക്കാത്തവർ പോലും ബിയനാലെയുടെ കാര്യത്തിനായി ബന്ധപ്പെട്ടത് വളരെയധികം സന്തോഷം തന്നു. അതിൽ എടുത്ത് പറയേണ്ടതൊന്ന്, യു.എ.ഇ.യിലുള്ള ഇതുവരെ പരസ്പരം കാണാത്ത അടുത്ത സുഹൃത്തും യാത്രികനുമായ വിനീത് എടത്തിൽ ഈ മാസം രണ്ടു ദിവസം ബിയനാലെ കാണാനായി സ്വന്തം ചിലവിൽ കൊച്ചിയിലേക്ക് വരുന്നു. ഒരാൾക്ക് ബിയനാലെ കാണണമെന്നുള്ള അടക്കാനാവാത്ത ആഗ്രഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്. വിനീതിനൊപ്പം ആ ദിവസം മുഴുവൻ ബിയനാലെയിൽ ചിലവഴിക്കാനാണ് ഞാനുദ്ദേശിക്കുന്നത്.
പല പല താൽപ്പര്യങ്ങളുള്ള സുഹൃത്തുക്കൾക്കൊപ്പം പത്ത് പതിനഞ്ച് പ്രാവശ്യമെങ്കിലും ഞാൻ ബിയനാലെ നഗരികളിലൊക്കെ കറങ്ങിക്കഴിഞ്ഞു ഇതിനകം. ബിയനാലെ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് ഞങ്ങൾ കുറേ ബ്ലോഗേർസിന് ആസ്‌പിൻ വാളിനകത്ത് കയറി തയ്യാറെടുപ്പുകൾ കാണാൻ സംഘാടകർ അവസരം ഒരുക്കിത്തന്നിരുന്നു. അന്ന് ഞങ്ങൾ കണ്ട ബിയനാലെ നഗരികളല്ല ഇന്നുള്ളത്. പല വ്യക്തികളുമായി ഈ വേദികളിൽ പോകുമ്പോൾ ഉള്ള ഗുണമെന്താണെന്ന് വെച്ചാൽ, നമുക്ക് പൂർണ്ണമായും മനസ്സിലാകാത്ത പല വർക്കുകളും അവർക്ക് വളരെ നന്നായി മനസ്സിലാക്കാനും പറഞ്ഞ് തരാനും പറ്റുന്നുണ്ട് എന്നതാണ്. മോഹന വീണ കലാകാരനായ പോളി വർഗ്ഗീസിനൊപ്പം പോയപ്പോൾ പോളിയുടെ ആസ്വാദനത്തിലെ പ്രത്യേകതകൾ അടുത്തറിയാനായി. ഒരു ഫോട്ടോഗ്രാഫറായ വേണുവിനൊപ്പം പോയപ്പോൾ മറ്റൊരനുഭവമാണ് ബിയനാലെ നൽകിയത്. നല്ലൊരു ചിത്രകാരനായ വിനീതിനൊപ്പം പോകുമ്പോൾ ഇനിയും വ്യത്യസ്തമായ വേറൊരു അനുഭവമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
പോളിക്കും ഈവിനുമൊപ്പം മൊയ്തു ഹെറിറ്റേജിൽ. (ക്ലിക്ക്:എഡ്‌വിൻ) |
കൊച്ചി-മുസരീസ് ബിയനാലെയിൽ എന്നല്ല, മറ്റേതൊരു കലാപ്രദർശനത്തിന് പോയാലും എല്ലാം മനസ്സിലാക്കി മടങ്ങാമെന്ന് ആരും കരുതരുത്. നമുക്ക് മനസ്സിലാകാത്തതെല്ലാം മോശമാണെന്ന് കൊട്ടിഘോഷിച്ച് സ്വയം വിഡ്ഢികളാകുകയും ചെയ്യരുത്. ഉന്നത നിലവാരത്തിലാണ് കലാകാരന്റെ ചിന്തകൾ പറന്നുനടക്കുന്നതും പരന്നുകിടക്കുന്നതും. അതിപ്പോൾ കൊച്ചി ബിയനാലെയുടെ കാര്യം മാത്രമല്ല. ജെനീവയിയോ പാരീസിലോ ലോകത്തിന്റെ മറ്റേത് കോണിലോ പോയി കലാസൃഷ്ടികൾ കണ്ടാലും എല്ലാം നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. പലപ്രാവശ്യമായി കാണാൻ ശ്രമിക്കുക, പല മൂഡിൽ കാണാൻ ശ്രമിക്കുക, പലരുമായി കാണാൻ ശ്രമിക്കുക. മെല്ലെ മെല്ലെ ഇത്തരം കലകൾ ആസ്വദിക്കാനുള്ള ഒരു നിലവാരത്തിലേക്ക് സാധാരണക്കാരനും സ്വയം ഉയർത്തപ്പെടും. നമ്മുടെ വീട്ടുമുറ്റത്ത് ഇങ്ങനൊന്ന് കാണാൻ അവസരം ഒത്തുവന്നപ്പോൾ എത്രപേർ അത് ഉപയോഗപ്പെടുത്തി എന്നത് ഓരോരുത്തരും സ്വയം ചോദിക്കേണ്ടത്.
വിവാൻ സുന്ദരത്തിന്റെ മുസരീസ് സൃഷ്ടി. |
മേൽപ്പറഞ്ഞ കാര്യങ്ങൾക്കുമൊക്കെ അപ്പുറം വെറേയും പലതുണ്ട് ബിയനാലെയുമായി എന്നെ കൂട്ടിയിണക്കുന്നത്. ചെറുപ്പം മുതൽ ഫെറിയിൽ ഇരുന്ന് കാണുന്ന കെട്ടിടമാണ് ആസ്‌പിൻ വാൾ. അതൊരു പഴയ കമ്പനിയുടെ പേരാണ് എന്നൊന്നും അക്കാലത്ത് അറിയില്ലായിരുന്നു. എത്രയോ നാളായി അടച്ചുപൂട്ടി കിടക്കുന്ന ഒരുപാട് ചരിത്രമുറങ്ങുന്ന ആ കെട്ടിടത്തിനകത്തേക്ക് ഇപ്പോഴെങ്കിലും കാലെടുത്ത് കുത്താനായത് ബിയനാലെ വന്നതുകൊണ്ട് മാത്രമാണ്. പെപ്പർ ഹൌസും, മൊയ്തു ഹെറിറ്റേജുമൊക്കെ അതേ ശ്രേണിയിൽപ്പടുന്ന കെട്ടിടങ്ങൾ തന്നെ. പഴഞ്ചൻ കാര്യങ്ങൾ എവിടെ കണ്ടാലും കണ്ണുമിഴിച്ച് നിൽക്കുന്ന എനിക്ക് ആ കെട്ടിടങ്ങളിലൊക്കെ കയറാൻ പറ്റിയത് തന്നെ മഹാഭാഗ്യം.
ഗാനഗന്ധർവ്വൻ ശ്രീ.കെ.ജെ.യേശുദാസ് ബിയനാലെ സന്ദർശിച്ചപ്പോൾ പറഞ്ഞതും സമാനമായ കാര്യമാണ്. അദ്ദേഹത്തിന്റെ പിതാവ് ആസ്‌പിൻ വാളിനകത്ത് ജോലി ചെയ്തിരുന്നെങ്കിലും ഒരിക്കലും അതിനകം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ബിയനാലെ കാരണം ആസ്‌പിൻ വാളിനകത്ത് കയറിയപ്പോൾ രോമാഞ്ചമുണ്ടായി എന്നാണദ്ദേഹം പറഞ്ഞത്.
ഗാനഗന്ധർവ്വൻ ബിയനാലെയിൽ ലയിച്ച്.... |
കേരളത്തിന്റെ ടൂറിസം മാപ്പിൽ ബിയനാലെ വളരെ വലിയ മാറ്റമാണ് വരുത്തിയതെന്ന് കഴിഞ്ഞ മാസങ്ങളിൽ ഫോർട്ട് കൊച്ചി ഭാഗത്ത് പോയവരോടോ ഫോർട്ടുകൊച്ചിക്കാരാടോ ചോദിച്ചാൽ മനസ്സിലാക്കാനാവും. ഔദ്യോഗികമായി ടൂറിസം ഡിപ്പാർട്ട്‌മെന്റ് അതിന്റെ കണക്കുകൾ പുറത്തുവിടുമ്പോൾ ആ വിലയിരുത്തൽ ആധികാരികമായിത്തന്നെ നമുക്ക് ഉൾക്കൊള്ളാനാവും.
ഈ കലാസ്വാദകന് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും. |
ഇതെന്റെ ബിയനാലെ ആയിരുന്നു. ഒരു കലാപ്രകടനവുമായി ബന്ധപ്പെട്ട് ഇത്രയേറെ പ്രാവശ്യം, ഇത്രയേറെ സമയം, ഇതുവരെയുള്ള ജീവിതത്തിൽ ഞാനെങ്ങും ചിലവഴിച്ചിട്ടില്ല. ഈ മാസം 13ന് ബിയനാലെ തീരാൻ പോകുകയാണെന്നത്, എന്തോ നഷ്ടപ്പെടാൻ പോകുകയാണല്ലോ എന്ന നിലയ്ക്കുള്ള വികാരമാണ് എന്നിലുളവാക്കുന്നത്. ഇനിയൊരു ബിയനാലെ കാണാൻ രണ്ട് കൊല്ലം കൂടെ കാത്തിരിക്കേണ്ടി വരുമെന്നറിയാം. പക്ഷെ, വിവാദങ്ങളൊക്കെ അവസാനിപ്പിച്ച് അടുത്ത ബിയനാലെ ഇതിനേക്കാൾ കേമമാക്കാൻ മലയാളികൾക്ക് കഴിയും എന്നുള്ള പ്രതീക്ഷയും എനിക്കുണ്ട്. നല്ലൊരു ബിയനാലെ അനുഭവം നേർന്നുകൊണ്ട്.....
സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)
ചിത്രങ്ങൾക്ക് കടപ്പാട്:- കൊച്ചി ബിയനാലെ ഫൌണ്ടേഷനോട്.
എന്റെ മറ്റ് ബിയനാലെ ലേഖനങ്ങൾ....
1. ബിയനാലെ (Biennale)
2. ബിയനാലെ ഇന്ന് തുടങ്ങുന്നു.
കാണാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ട്... പക്ഷെ ഇത് എഴുതിയതു വായിക്കാന്‍ സാധിച്ചല്ലോ.. നമ്മുടെ നാട്ടിലും ഇത്തരം നല്ല കാര്യങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ...
ReplyDeleteകാണാന്‍ കഴിഞ്ഞില്ല. എങ്കിലും വിശദമായ ഈ കുറിപ്പിന് നന്ദി... ഒരുപാട്....
ReplyDeleteബിയനാലെ എന്ത് എന്ന് ഒരു ഐഡിയ തന്നത് താങ്കളുടെ ആ പഴയ പോസ്റ്റ് ആണ് ,പിന്നീടു പലയിടത്ത് നിന്നും വായിച്ചറിഞ്ഞു ...പലരുടെയും സൃഷ്ടികളുടെ ഫോട്ടോസ് മറ്റും ഫെസ് ബൂകിലൂടെയും മറ്റും കാണാനും സാധിച്ചു ..എങ്കിലും നമ്മുടെ നാട്ടില്‍ വന്ന ഈ കലാ സങ്കമം കാണാന്‍ സാധിക്കാത്തത് ഒരു നഷ്ടം തന്നെ എന്ന് എനിക്കറിയാം ..താങ്കള്‍ പറഞ്ഞപോലെ അടുത്ത ബിയനാലെ ഇതിലുംകേമം ആകാനും അതില്‍ ഈ തവണ സന്ദര്ശിക്കാന് സാധിക്കാത്തവര്‍ക്ക് ,എത്തിപ്പെടാനും പറ്റട്ടെ എന്നും ആശംസിക്കുന്നു ..
ReplyDeleteബിനാലെ ഇത്ര വലിയ സംഭവമാണെന്ന് അറിഞ്ഞിരുന്നില്ല.
ReplyDeleteനമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരവസരം വന്നിട്ടും കാണാന്‍ സാധിക്കാഞ്ഞതില്‍ അതിയായ ദുഃഖം :(
എന്തൊക്കെ കാണാന്‍ പറ്റിയില്ല എന്ന് മനസ്സിലായി. നഷ്ടബോധം! :)
ReplyDeleteഎന്തൊക്കെ കാണാന്‍ പറ്റിയില്ല എന്ന് മനസ്സിലായി. നഷ്ടബോധം! :)
ReplyDeleteഈ ലേഖനം ഒരാഴ്ച മുൻപ് വായിച്ചിരുന്നെങ്കിൽ.....എറണാകുളത്ത് വെറുതെ തങ്ങിയ രണ്ടു ദിവസങ്ങൾ ഈ കാഴ്ചകൾക്കായി മാറ്റി വച്ചേനെ...ശ്ശ്യേ...നീരു...വല്ലാത്ത ഒരു നഷ്ട ബോധം എന്നെ പിടികൂടിയിരിക്കുന്നു....ബിനാലെ...ബിനാലെ...എന്നു ഒരു പാടു കേട്ടിരുന്നു എങ്കിലും അതെന്താണെന്ന് ഒരു വിവരവും ഇല്ലായിരുന്നു....ഒരു സാദാ എക്സിബിഷൻ എന്നതിനപ്പുറം ഇത്ര വലിയ സംഭവമാണെന്നു കരുതിയതേയില്ല....
ReplyDeleteഈശ്വരാ.....പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടുമൊ...?
ഇത് വായിച്ചപ്പോൾ ബിയനാലേ കാണാൻ കമ്പംകേറി. ഈ മാസം 12-ന് ഇത്തവണത്തേത് അവസാനിക്കുകയാണെന്ന് വായിച്ചതോടെ വാടിപ്പോയി. 20-നാണ് എന്റെ അടുത്ത ലീവിന്റെ ആരംഭം പ്രസാദാത്മകമായ ഈ കുറിപ്പിന് നന്ദി മനോജ്.
ReplyDeleteഈ ഗൈഡ് ലൈന്‍ ഏറെ ഉപയൊഗപ്രദം. ബിനാലെയോടൊപ്പം ഏറെ പ്രീയപ്പെട്ട നിരക്ഷരനെ ആദ്യമായി കാണും എന്നതും ഒരു പാട് സന്തോഷിപ്പിക്കുന്നു ........ സസ്നേഹം
ReplyDeletebiennaleye ithra nannayi thiricharinj aadyam muthal parichayappeduthi thannathinu manojettanodu orupaad nandiyund....dooreyirunnanenkilum thankalude vaakkukaliloodeyenkilum ithaswadikkan kazhiyunna oru cheriya santhosham...oppam oru paadu nashtabodhavum....Muziris installationte video link kittumo???
ReplyDeleteവീഡിയോ ലിങ്ക് ബിയനാലെ കഴിയാതെ പുറത്ത് വിടാൻ സാദ്ധ്യതയില്ല. മാത്രമല്ല പൊട്ടിയ ഓടുകൾ കൊണ്ടുള്ള വർക്ക് കണ്ടതിനുശേഷം വീഡിയോ കണ്ടാല്ലേ അതിന്റെ ആസ്വാദനം പൂർണ്ണതയിലെത്തൂ.
Deleteആഫ്രികയിലേക്ക് പോകാന്‍ റെഡിയായ ദിവസങ്ങളില്‍ ആണ് ബിനലെ തുടങ്ങിയത്. അതുകൊണ്ട് വലിയ ഒരു അവസരം നഷ്ടപ്പെട്ടു. ഉം, ഇനി അടുത്ത തവണ നോക്കാം, നടക്കാതെ പോയ ആഗ്രഹങ്ങളില്‍ ഇനി ഇതും കൂട്ടി വെയ്ക്കാം. :(
ReplyDeleteഇത്തരത്തിലൊരു "Biennale for Dummies" ആരുന്നു ഞാന്‍ ആഗ്രഹിച്ചത്. ധാരാളം ഫോട്ടോസ് കണ്ടു, പല പ്രോമോ വിദെഒസ് കണ്ടു, പല സ്റ്റുസുകളും വായിച്ചു. ഒഫീഷ്യല്‍ സൈറ്റില്‍ പോയി പരതി.
ReplyDeleteഎങ്കിലും എല്ലാം കൂടി ഒന്ന് കൂട്ടിവായിച്ചു, ഒരു പ്ലാന്‍ ഉണ്ടാക്കി, തൊട്ടടുത്ത് കിടക്കണ കോട്ടയതുന്നു വണ്ടി കേറി പോയി കാണാന്‍ സാധിച്ചില്ല.
ഉണ്ട്, നല്ല നഷ്ടബോധം ഉണ്ട്.
ഇങ്ങനെ ഒരെണ്ണം - ഒരു "real life account" - അത് വളരെ നേരത്തെ ആവശ്യമായിരുന്നു.
പരിപാടിയുടെ മേന്മയെപ്പറ്റി ഒരു സംശയവുനം ഉണ്ടായിരുന്നില്ല. പക്ഷെ എങ്ങനെ ഇത്ര വലിയ ഒന്നിനെ സമീപിക്കണം എന്ന പരിഭ്രാന്തി ആയിരുന്നു പ്രശ്നം.
ഇനിയും 6 ദിവസം ഉണ്ട്. ഇടിയും തിരക്കും സഹിച്ചാണെങ്കിലും, മിക്കവാറും ഞാന്‍ പോകും. പോകണമേ എന്നാണു എന്റെ പ്രാര്‍ത്ഥന.
ഇപ്പോഴെങ്കിലും ഇത് വായിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ക്രിതാര്തനാണ്.
നിങ്ങള്ക്ക് നല്ലത് മാത്രം വരട്ടെ.
This comment has been removed by the author.
ReplyDeleteഈ കത്തുകൂടി വായിച്ചതോടെ ബിനാലെയ്ക്ക് പോവാതിരിക്കാന്‍ വയ്യെന്ന അവസ്ഥയിലായി. ഇന്ന് നാല് മണികൂര്‍ അവിടെ കറങ്ങാന്‍ പറ്റി. ആസ്പിന്‍ വാള്‍ വേദികളും പെപ്പര്‍ ഹൗസും മൊയ്തു ഹെറിറ്റേജും മാത്രം കണ്ട് മടങ്ങേണ്ടിവന്നു. ഒട്ടും കാണാത്തതിലും ഭേദമാണല്ലോ അല്‍പമെങ്കിലും കാണുന്നത്.
ReplyDeleteഎല്ലാ കലാസൃഷ്ടികളും ഇഷ്ടമായെന്ന് പറയാനാവില്ലെങ്കിലും മിക്കവയും എന്നെ ആകര്‍ഷിക്കുക തന്നെ ചെയ്തു. ഗ്രാഫിറ്റികളും മനോഹരമായിരുന്നു. മൂന്നാല് ദിവസമെങ്കിലും ബിനാലെക്കായി മാറ്റിവെയ്ക്കേണ്ടതായിരുന്നെന്ന് ഇപ്പൊഴാണ് മനസ്സിലാവുന്നത്.
താങ്കളുടെ ബിയനാലെയെക്കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഞാനും വിചാരിച്ചിരുന്നത് ബിയനാലെ നടത്തിപ്പുുകാരനാണ് എന്നാണ്.അവിടെ സന്ദര്‍ശകനായ് വന്ന ഒരാളോട് മനോജ് രവീന്ദ്രനാണോ എന്ന് ചോദിക്കുക പോലുമുണ്ടായി
ReplyDelete