ഈ സംഭവത്തിന്റെ അനന്തരഫലമെന്നോണം ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തിക്കരുതെന്ന് പറഞ്ഞ് പ്ലാന്റിരിക്കുന്ന പുത്തൻകുരിശ് പഞ്ചായത്ത്, കൊച്ചിൻ നഗരസഭയ്ക്ക് സ്റ്റോപ്പ് നോട്ടീസ് നൽകി. അത് കാര്യമാക്കാതെ മാലിന്യവുമായി പ്ലാന്റിലേക്കെത്തിയ ലോറികൾ നാട്ടുകാർ ഇടപെട്ട് തിരിച്ചയച്ചു. കൂടുതൽ ലോറികൾ പ്ലാന്റിലേക്കെത്തിയാൽ തടയാനായി സ്ഥലം എം.എൽ.എ. വി.പി.സജീന്ദ്രൻ അടക്കമുള്ളവർ പ്ലാന്റിന്റെ പരിസരത്ത് സംഘടിച്ചു. പിന്നേയും മാലിന്യവുമായി വണ്ടികൾ എത്തിക്കൊണ്ടിരുന്നു. ഫെബ്രുവരി 18ന്, സഹികെട്ട നാട്ടുകാർ മാലിന്യവുമായി വീണ്ടുമെത്തിയ വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു.
ദീപിക ഓൺലൈൻ വാർത്ത ഫെബ്രുവരി 18. |
കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായിക്കാണുമല്ലോ ? നഗരവാസികളുടെ മാലിന്യത്തിന്റെ ദുർഗ്ഗന്ധവും അതിന് കത്തുപിടിച്ചാൽ ഉണ്ടാകുന്ന തീയും പുകയുമൊക്കെ സഹിച്ച് ജീവിക്കാൻ പുത്തങ്കുരിശ് പഞ്ചായത്ത് നിവാസികൾ തയ്യാറല്ല. വിളപ്പിൽശാലയിൽ, ഭൂമിയും വായുവും ജലസ്രോതസ്സുകളുമൊക്കെ മലിനീകരിക്കപ്പെട്ട് പ്രശ്നം അതിരൂക്ഷമായതിന് ശേഷമാണ് നാട്ടുകാർ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതെങ്കിൽ ബ്രഹ്മപുരത്ത് അത് അൽപ്പം കൂടെ നേരത്തേ ആയിരിക്കുന്നെന്ന് മാത്രം.
ഈ വിഷയത്തിൽ എന്തെങ്കിലും ഒരു തീർപ്പുണ്ടാകുന്നത് വരെ കൊച്ചിയിലെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതേണ്ട. അനന്തരഫലമെന്തായിരിക്കും ? തിരുവനന്തപുരത്തേത് പോലെ കൊച്ചിയിലെ റോഡരുകിലും ആളൊഴിഞ്ഞ പറമ്പുകളിലുമെല്ലാം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുകെട്ടിയ മാലിന്യം ചീഞ്ഞുനാറിക്കിടക്കും. ജനജീവിതം ദുസ്സഹമാവും. കളമശ്ശേരിയിലെ മാലിന്യക്കൂമ്പാരത്തിന്റെ പരിസരത്തുകൂടെ മൂക്കുപൊത്തി പോകുന്നതുപോലെ തന്നെയായി മാറും നഗരത്തിലെ ഏത് മുക്കിലും മൂലയിലുമുള്ള അവസ്ഥ. ഇവിടെ മാലിന്യം ഇടരുത് - ഇട്ടാൽ ഓടിച്ചിട്ട് തല്ലും - നാട്ടുകാർ കൈകാര്യം ചെയ്യും. എന്നൊക്കെയുള്ള കോർപ്പറേഷന്റേയും നാട്ടുകാരുടേയുമൊക്കെ ബോർഡുകൾക്ക് കീഴെ അതെഴുതി സ്ഥാപിച്ചവർ നോക്കിനിൽക്കെ ജനങ്ങൾ മാലിന്യം കൊണ്ടുവന്ന് തള്ളാൻ തുടങ്ങും.
കൊച്ചിയിലെ ഒരു തെരുവിൽ നിന്ന്. |
ഇനിയിപ്പോൾ ഈ വിഷയത്തിൽ എന്താണ് തീർപ്പുണ്ടാകാനുള്ളത്. ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് ഇനിയൊരിക്കലും തീ പിടിക്കില്ലെന്ന് ഉറപ്പുനൽകാൻ സർക്കാറിനാകുമോ ? (അധികാരികൾ തന്നെ പ്ലാസ്റ്റിക്കിന് തീയിട്ടതാണെന്ന് മറ്റൊരു വാർത്തയും പ്രചരിക്കുന്നുണ്ട്.) അങ്ങനൊരു ഉറപ്പ് നൽകിയാൽത്തന്നെ അതിന് വല്ല സാധുതയും ഉണ്ടോ ? പിന്നെന്താണ് തീർപ്പ്. ഒരു കൊല്ലത്തിനകം കേരളത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് അധികാരത്തിൽ കയറിയ വകുപ്പ് മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ അടിയന്തിര ചർച്ച നടക്കുമെന്നാണ് കേൾക്കുന്നത്. ചർച്ച നടന്നാൽത്തന്നെ അതുകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകണമെന്നില്ല. കോടതി വിധിയെപ്പോലും നടുറോഡിൽ തീയിട്ട് തോൽപ്പിച്ച വിളപ്പിൽശാല സമരം ആരും മറന്നിട്ടില്ലല്ലോ !
വലിയൊരു വിപത്താണ് കേരളം നേരിടാൻ പോകുന്നത്, അല്ലെങ്കിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴുത്തോളമേ ആയിട്ടുള്ളൂ എങ്കിലും മൂക്കറ്റം മുങ്ങാൻ ഇനിയധികം താമസമൊന്നുമില്ല. പക്ഷെ, ഇതിനേക്കാൾ വലിയ വിഷയങ്ങൾ എന്തൊക്കെയോ ഉണ്ടെന്ന മട്ടിലാണ് ഭരണകൂടവും നീതിന്യാന കോടതികളും മാദ്ധ്യമങ്ങളുമൊക്കെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഈ പ്രശ്നം കടന്നുകയറി കൂടുതൽ തെരുവുയുദ്ധങ്ങൾ ഉണ്ടാകാൻ പോകുന്നതേയുള്ളൂ. മാലിന്യവിഷയമാണ് കേരളത്തിൽ അല്ലെങ്കിൽ രാജ്യത്തുതന്നെ ഇന്ന് നില നിൽക്കുന്ന ഏറ്റവും വലിയ പൊതുപ്രശ്നം. അത് പരിഹരിക്കാതെ, വികസനം വികസനം എന്ന് നാഴികയ്ക്ക് നാല് വട്ടം ഉരുവിട്ടിട്ടോ ജില്ലകൾ തോറും വിമാനത്താവളങ്ങളും സ്കൈ സിറ്റികളും പണിതുയർത്തിയിട്ടോ ഒരു കാര്യവുമില്ല.
മാലിന്യപ്രശ്നം പരിഹരിക്കാൻ ഒരുവശത്തുകൂടെ കോടികൾ ചിലവാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ആ വകയിൽ കുറേ കോടികൾ പല കീശകളിലേക്കും ചെന്ന് കയറുന്നുമുണ്ട്. ഇതുവരെയുള്ള മിക്കവാറും മാലിന്യപ്ലാന്റുകൾ പരിസ്ഥിതിയെ ക്ഷീണിപ്പിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ പ്ലാന്റുകൾ തന്നെയാണ്. അതേ സമയം കുറഞ്ഞ ചിലവിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ചെയ്യാവുന്ന മാലിന്യസംസ്ക്കരണ മാർഗ്ഗങ്ങൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്നത് പൊറുക്കാനാവാത്ത അപരാധമാണ്.
ഈ കഴിഞ്ഞ ആഴ്ച്ചകളിൽ കുറേ ഓൺലൈൻ സുഹൃത്തുക്കൾക്കൊപ്പം എറണാകുളം ബോട്ട് ജെട്ടി വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തപ്പോൾ അറിയാൻ കഴിഞ്ഞ ചില കാര്യങ്ങൾ രസാവഹവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. KRSTC ബോട്ട് ജെട്ടി പരിസരത്തുള്ള മാലിന്യം ശേഖരിച്ച് ചാക്കിൽക്കെട്ടി കൂട്ടിയിട്ടാൽപ്പോലും അത് നീക്കം ചെയ്യാൻ കൊച്ചിൻ കോർപ്പറേഷൻ തയ്യാറല്ല. കാരണം അത് KSRTC യുടേയും KTDC യുടേയും അധികാര പരിധിയിൽ വരുന്ന സ്ഥലമാണ്. അവിടത്തെ മാലിന്യം അവരാരെങ്കിലും നീക്കം ചെയ്യണമെന്നതാണ് കൊച്ചിൻ കോർപ്പറേഷന്റെ നിലപാട്. KSRTC യും KTDC യുമൊക്കെ ചുരുക്കം ചില ഇടങ്ങളിൽ മാത്രമായി ഒതുങ്ങുന്ന കോർപ്പറേഷനുകളാണ്. വളരെ കുറച്ച് മാത്രം വരുന്ന ആ സ്ഥലങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യാനായി മാലിന്യസംസ്ക്കരണ പ്ലാന്റുകളോ മറ്റ് സംവിധാനങ്ങളോ പ്രവർത്തിപ്പിക്കാൻ അവർക്കാവില്ല. നഗരത്തിൽ എവിടെയുള്ള മാലിന്യമായാലും അത് ശേഖരിച്ച് സംസ്ക്കരിക്കേണ്ടത് കൊച്ചിൻ കോർപ്പറേഷന്റെ മാത്രം ചുമതലയാണ്.
ബോട്ട് ജെട്ടി പരിസരം വൃത്തിയാക്കുന്ന സന്നദ്ധസംഘം. |
മൂന്ന് കോർപ്പറേഷനുകളുടെ കീഴിലായിട്ടും ഒരു തീരുമാനവും ആകാതെ മാലിന്യക്കൂമ്പാരം കൊണ്ട് ശ്വാസം മുട്ടുകയാണ് ബോട്ട് ജട്ടിയും പരിസരവും. വൃത്തിയാക്കാൻ പൊതുജനം മുൻകൈ എടുക്കുന്നുണ്ടെന്ന് കണ്ടപ്പോൾ മാലിന്യം കൃത്യമായി വേസ്റ്റ് ബാഗിൽ കൊണ്ടുവന്നിടാൻ ജനങ്ങൾ തയ്യാറാകുന്നുണ്ട്. അൽപ്പസ്വൽപ്പം ബോധവൽക്കരണം നടത്തി കുറെയേറെ കച്ചറപ്പെട്ടികൾ സ്ഥാപിക്കാനായാൽ പൊതുസ്ഥലങ്ങളൊക്കെ വൃത്തിയാക്കി വെക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. തറയൊക്കെ വൃത്തിയായി കിടക്കുന്നത് കണ്ടപ്പോൾ അത് വൃത്തികേടാക്കാൻ മനസ്സുവരാത്തതുകൊണ്ട് മാലിന്യം മുഴുവൻ വെള്ളത്തിലേക്ക് കളയുന്ന ജനങ്ങളേയും കാണാൻ സാധിക്കും ബോട്ട് ജെട്ടി പരിസരത്ത്. കായലിന്റെ ഭാഗത്തേക്ക് നോക്കാൻ പോലും പറ്റില്ല. അത്രയ്ക്ക് വൃത്തിഹീനമാണവിടം.
ബോട്ട് ജെട്ടിയുടെ കരയിൽ നിന്നുള്ള കായൽ ദൃശ്യം. |
ബോട്ട് ജെട്ടി ഇരിക്കുന്ന ഈ സ്ഥലത്തിന്റെ അധികാര പരിധി ആരുടേതാണെന്ന് നിർവ്വചിക്കാൻ പോലും സർക്കാരിനാവുന്നില്ല. കൃത്യം കൃത്യമായി ശമ്പളവും അലവൻസുമൊക്കെ കൈപ്പറ്റുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും, മാലിന്യം എവിടെ കളഞ്ഞാലും ഞങ്ങൾക്കൊന്നുമില്ല എന്ന മട്ടിൽ പെരുമാറുന്ന ഈ രാജ്യത്ത് ആരോടാണ് പരാതി പറയേണ്ടത് ? ഈ മാലിന്യമൊക്കെ ശേഖരിച്ചാലും അത് കൊണ്ടുപോയി ഇടുന്ന പ്ലാന്റിന് തീ പിടിച്ചാൽ പിന്നെന്തുകാര്യം. അന്നന്നത്തെ മാലിന്യം അവനവൻ തന്നെ അന്നന്ന് സംസ്ക്കരിക്കുന്ന ഒരു സംവിധാനം ഉണ്ടാകാതെ ഈ പ്രശ്നം ഒരു കാലത്തും തീരാൻ പോകുന്നില്ല. മാലിന്യത്തിന്റെ പേരിൽ തെരുവുയുദ്ധങ്ങൾ ഇനിയും വരാൻ കിടക്കുന്നതേയുള്ളൂ. ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടിയുള്ള യുദ്ധങ്ങൾക്ക് മുന്നേ തന്നെ അത് നടന്നിട്ടുണ്ടാകും.
ഒരു കാര്യം ഉറപ്പാണ്. മൂന്ന് കൊല്ലത്തിനുള്ളിൽ മെട്രോ റെയിൽ വരുന്നതിന് മുന്നേ മാലിന്യവിഷയത്തിൽ ഒരു തീരുമാനം ആയില്ലെങ്കിൽ ആകാശത്തുനിന്ന് കൂടെ മാലിന്യം താഴേക്ക് വീഴുന്ന കേരളത്തിലെ ആദ്യത്തെ നഗരമായി മാറും കൊച്ചി. അടച്ചുപൂട്ടിയ മെട്രോ തീവണ്ടിയിൽ നിന്ന് എങ്ങനെയാണ് മാലിന്യം താഴേക്ക് എറിയാനാവുക എന്ന് മറുചോദ്യം ഉന്നയിക്കുന്നവരോട് ‘കാത്തിരുന്ന് കാണുക’ എന്ന് മാത്രമേ പറയാനുള്ളൂ.
---------------------------------------------------------------------------------------------
ഈ വിഷയത്തിൽ ഇതുവരെ എഴുതിയ മറ്റ് ലേഖനങ്ങൾ താഴെയുണ്ട്.
1. കൊടുങ്ങലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് ഒരു മാതൃക.
2. മാലിന്യസംസ്ക്കരണം കീറാമുട്ടിയല്ല.
3. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
4. മാലിന്യ വിമുക്ത കേരളം
എന്റെ മാലിന്യം സംസ്ക്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വം എന്ന് എന്ന് മനസ്സിലാക്കുന്നുവോ അന്നേ ഈ നാട് നന്നാവൂ.
ReplyDeleteനിജില്‍ ജോര്‍ജ്ജ്.
valare sheri anu...allade edellam eviduthe sarkarum sambalam pattunna mara madiyanmarum cheyyum ennu vechal nadu nashikkum.
DeleteRe-use all carry bags, take ur own bags along while shopping. Reduce-Reuse-Recycle.
Well no re-cycling facilities in Kerala. Our ministers and bureaucrats only go for money fetching plants which are absolute rubbish and proven wrong. GOD SAVE US>
വന്‍കിട മാലിന്യ പ്ലാന്‍റുകള്‍ കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടില്ല.പ്ലാസ്റ്റിക് ഒഴിച്ചുള്ള മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കപ്പെടണം. പൌരന്‍ ഒരു ഉത്തരവാദിത്വവുമില്ലാതെ തെരുവിലേക്ക് മാലിന്യം വലിച്ചെറിയുന്ന നാട്ടില്‍ ഒരു തദ്ദേശ ഭരണ സംവിധാനത്തിനും അത് വേണ്ട വിധത്തില്‍ സംസ്കരിക്കാന്‍ സാദ്ധ്യമല്ല. അത് വീട്ടില്‍ നിന്നു തുടങ്ങണം.സ്ഥാപനത്തില്‍ നിന്നു തുടങ്ങണം.
ReplyDeleteസയന്‍സും, കണക്കും, സോഷ്യല്‍ സയന്‍സും ഐ.ടിയും മറ്റും സ്കൂളില്‍ നിന്ന് ആദ്യം നിര്‍ത്തലാക്കി, മാലിന്യ സംസ്കരണം എന്ന വിഷയം ഒന്നാം ക്ലാസ് മുതല്‍ പഠിപ്പിക്കാന് സര്‍ക്കാര്‍ നടപടി എടുക്കണം. (അല്ല പിന്നെ....!!!)സഹികെട്ട് പറയുന്നതാ...
ReplyDelete@ ഫിയോനിക്സ് - ദേ ആ പറഞ്ഞതിനോട് 101 % യോജിക്കുന്നു. അത് തന്നെയാണ് വരും തലമുറയെ എങ്കിലും രക്ഷപ്പെടുത്താനുള്ള ഏക മാർഗ്ഗം.
Deleteനമ്മുടെ ജീവിതശൈലിയാണ് ഇത്രയധികം മാലിന്യം ഉല്പാദിപ്പിക്കപ്പെടാന്‍ കാരണം. ബോധവല്‍ക്കരണം എവിടെനിന്നാണ് തുടങ്ങേണ്ടുന്നത്?
ReplyDelete@ Ajith - ബോധവൽക്കരണം എവിടന്ന് തുടങ്ങണമെന്നും എങ്ങനെ വേണമെന്നും മുൻ ലേഖനങ്ങളിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഒറ്റ വാചകത്തിൽ അദ്ദേഹത്തിന്റേതായ രീതിയിൽ മുകളിൽ അത് ഫിയോനിക്സ് പറഞ്ഞിട്ടുണ്ട്.
Deleteഒന്നും സ്വയമേവ മാലിന്യമാകുന്നില്ല. വസ്തുക്കളെ നാം ഏതു നിലയിൽ ഉപയോഗിച്ചുതുടങ്ങി, ഉപയോഗം മൂലം അവ എത്തരത്തിൽ മാറിപ്പോയി, മാറിപ്പോയ അവസ്ഥയിൽ നാം അവയെ എങ്ങനെ മറ്റൊരുപയോഗത്തിനോ കൈമാറ്റത്തിനോ വേണ്ടി രൂപമാറ്റം വരുത്തുന്നു എന്നതാണു് എല്ലാ "മാലിന്യ"നിർമ്മാർജ്ജനത്തിന്റേയും കാതൽ.
ReplyDeleteഅതു മനസ്സിലാക്കാനാവണം നാം എല്ലാ തരം സയൻസും മാനവികതയും സ്കൂളുകളിൽ നിന്നും പഠിച്ചു പുറത്തിറങ്ങേണ്ടതു്.
അടുത്ത വർഷം മാർച്ചിൽ പുതിയ മാലിന്യസംസ്ക്കരണ പ്ലാന്റ് നിർമ്മിക്കുമെന്ന ഉറപ്പിന്മേൽ ബ്രഹ്മപുരം സമരം അവസാനിച്ചു. നാല് മാസത്തിനകം പ്ലാന്റിന് ചുറ്റും മതിൽ കെട്ടും. പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിച്ച് തമിഴ്‌നാട്ടിലേക്ക് അയക്കു. ഇതൊക്കെയാണ് ധാരണകൾ. ഇതുകൊണ്ട് കൊച്ചിയുടെ മാലിന്യപ്രശ്നങ്ങൾക്ക് പൂർണ്ണമായും പരിഹാരമാകുന്നില്ല. ഈ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന മറ്റ് പ്രശ്നങ്ങൾ അപ്പോഴും അതേപടി നിലനിൽക്കുന്നു.
ReplyDeleteThe residue from brahmapuram mixed with champakara canal killed thousands of fishes and other sea creatures
ReplyDelete