സർവ്വോദയം കുര്യൻ |
അദ്ദേഹം വലിയ പ്രാസംഗികനൊന്നുമല്ല. പക്ഷെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തെ വെല്ലാൻ പോന്ന ഒരാൾ അദ്ദേഹത്തിന് മുന്നും പിന്നും വൈപ്പിൻ കരയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മറ്റൊരു വൈപ്പിൻ കരക്കാരനായ സഹോദരൻ അയ്യപ്പൻ സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടിയപ്പോൾ, കുര്യൻ ചേട്ടൻ തന്റെ ചുറ്റുമുള്ള അശരണരുടെ കണ്ണീരൊപ്പുന്നതിലാണ് ശ്രദ്ധ കേന്ദീകരിച്ചത്. വൈപ്പിൻകരയെന്നാൽ വിഷമദ്യദുരന്തത്തിന്റെ നാടെന്നുള്ള മാനക്കേടിനിടയിൽ, അൽപ്പമെങ്കിലും ആശ്വസിക്കാൻ ദ്വീപ് വാസികളായ ഞങ്ങൾക്കുള്ള അത്താണികൾ മേൽപ്പറഞ്ഞ ചുരുക്കം ചില വ്യക്തിത്വങ്ങൾ മാത്രം.
രോഗഗ്രസ്ഥരായവരുടെ ആശ്രയമായിരുന്നു സർവ്വോദയം കുര്യൻ. വസൂരി പിടിപെട്ടാൽ ബന്ധുജനങ്ങൾ പോലും തിരിഞ്ഞ് നോക്കാത്ത ഒരു കാലമുണ്ടായിരുന്നു. മദ്യമൊക്കെ സേവിച്ച് ധൈര്യം സംഭരിച്ച കുറച്ചുപേരാണ് രോഗിയെ ശുശ്രൂഷിക്കുക പതിവ്. അവരുടെ ശുശ്രൂഷയുടെ ഗുണം കൊണ്ട് രോഗി എളുപ്പം പരലോകത്തെത്തും, അല്ലെങ്കിൽ മരിക്കാതെ തന്നെ രോഗിയെ കുഴിച്ചിട്ടെന്നും വരും. കുര്യൻ ചേട്ടന് പക്ഷേ വസൂരി രോഗികളെ ശുശ്രൂഷിക്കാനും മറവ് ചെയ്യാനും മദ്യത്തിന്റെ സഹായം ആവശ്യമില്ല. അദ്ദേഹത്തിന്റെ മനസ്സിനേയോ ശരീരത്തേയോ സ്പർശിക്കാൻ പോലും വസൂരിക്ക് കഴിഞ്ഞിട്ടുമില്ല.
അനാഥരായ അറുനൂറിൽപ്പരം കുട്ടികളെയാണ് അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുള്ളത്. അമ്മത്തൊട്ടിലുകൾ ഇല്ലാതിരുന്ന ആ കാലത്ത് ഉപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമൊക്കെയായ അനാഥശിശുക്കളെ ആൾക്കാർ കൊണ്ടുപോയി ഏൽപ്പിച്ചിരുന്നത് സർവ്വോദയം കുര്യന്റെ പക്കലായിരുന്നു. തന്റെ വാഹനമായ സൈക്കിളിൽ ഒരു കൈയ്യിൽ കൈക്കുഞ്ഞിനേയും ചേർത്തുപിടിച്ചാകും പിന്നീടദ്ദേഹത്തിന്റെ സവാരി. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക്, അവരുടെ വിവരങ്ങളൊക്കെ വിശദമായി അന്വേഷിച്ചറിഞ്ഞ് ആ കുഞ്ഞുങ്ങളെ അദ്ദേഹം കൈമാറിയിരുന്നു. ഇന്നത്തെ കാലത്താണെങ്കിൽ, നിയമത്തിന്റെ നൂലാമാലകൾ ഒരുപാട് ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടായിരുന്ന പ്രവർത്തനങ്ങളാണ് അതൊക്കെ.
വഴിയരുകിൽ ചത്തുമലച്ച് കിടന്ന് ചീയുന്ന തെരുവുനായയെ കുഴിച്ചുമൂടാനും ജന്മികുടിയാൻ പ്രശ്നത്തിൽ കുടിയാന്മാരുടെ പക്ഷത്തുനിന്ന് പൊരുതാനും വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും വൈദ്യസഹായം ആവശ്യമുള്ളവർക്ക് അത്യാവശ്യത്തിനുള്ള മരുന്നെത്തിക്കാനുമൊക്കെ, കൈമെയ്യ് മറന്നും പോക്കറ്റിന്റെ കനം കുറയുന്നതോർത്ത് വ്യാകുലപ്പെടാതെയും കുര്യൻ ചേട്ടൻ ഇടപെട്ടുപോന്നിരുന്നു. ഞാറയ്ക്കൽ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ടായിരിക്കണം കുര്യൻ ചേട്ടന്റെ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടന്നിട്ടുണ്ടാകുക. ഷെറിൽസ് വാർഡ് എന്ന പേരിൽ അവിടെയുള്ള ചിൽഡ്രൻസ് വാർഡ് പണിതീർത്തുകൊടുത്തത് അദ്ദേഹത്തിന്റെ മകൻ ഗൾഫിൽ നിന്നയച്ചുകൊടുത്ത നാലുലക്ഷം രൂപകൊണ്ടാണ്. മദ്യദുരന്ത കാലത്ത് കുര്യൻ ചേട്ടന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ ഭീകരാവസ്ഥ കുറേക്കൂടെ വലുതാകുമായിരുന്നു. ഒരു ഓട്ടോറിക്ഷയിൽ മൈക്ക് വെച്ചുകെട്ടി, ‘കഴിഞ്ഞ ദിവസം മദ്യം കഴിച്ചവരൊക്കെ ഉടൻ ആശുപത്രിയിൽ എത്തുക, അത് വിഷമദ്യമാണ് ‘ എന്ന് വിളിച്ചറിയിച്ച് നടന്നത് സർവ്വോദയം കുര്യനാണ്. അനൌൺസ്‌മെന്റ് കേട്ട്, സമയത്തിന് ആശുപത്രിയിൽ എത്താനായതുകൊണ്ട് ഒരുപാട് പേർക്ക് ജീവൻ രക്ഷിക്കാനായി.
വൈപ്പിൻ കരയിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല കുര്യൻ ചേട്ടന്റെ പ്രവർത്തനങ്ങൾ. പാക്കിസ്ഥാൻ പ്രസിഡന്റ് യാഹ്യാഖാൻ ബംഗ്ലാദേശിൽ പട്ടാളഭരണം അഴിച്ചുവിട്ട 1971 കാലഘട്ടത്തിൽ ദുരിതത്തിലായിത്തീർന്ന ബംഗ്ലാദേശികൾക്കുള്ള മരുന്നും വസ്ത്രങ്ങളുമായി കുര്യൻ ചേട്ടൻ കേരളത്തിൽ നിന്ന് തീവണ്ടികയറി. അഭ്യാർത്ഥി ക്യാമ്പുകളിൽ ക്ലീനിങ്ങ് ജോലികൾ ചെയ്തും രോഗികളെ ശുശ്രൂഷിച്ചും സേവനമനുഷ്ഠിച്ചു. 1983ൽ ആന്ധ്രയിലുണ്ടായ ചുഴലിക്കാറ്റിൽ വീടും കുടിയും നഷ്ടപ്പെട്ട് പെരുവഴിയിലായവരെ സഹായിക്കാൻ മദർ തേരേസയോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ബീഹാറിലെ വരൾച്ച കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ, മഹാരാഷ്ട്രയിലെ കൊയ്‌നാ ഭൂകമ്പബാധിത പ്രദേശത്ത്, കർണ്ണാടകയിലെ ഷിമോഗയിൽ കുടിയിറക്കപ്പെട്ടവർക്ക് സ്വാന്തനമായി, വർഗ്ഗീയ ലഹള കത്തിപ്പടർന്ന ഗുജറാത്തിൽ, എന്നുവേണ്ട ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ പറ്റുന്നതിലധികം ജീവകാരുണ്യപ്രവർത്തനങ്ങളാണ് അദ്ദേഹം ചെയ്തുകൂട്ടിയിട്ടുള്ളത്. ലത്തൂരിലെ ഭൂകമ്പപ്രദേശത്ത് സഹായവുമായി എത്തുമ്പോൾ അദ്ദേഹത്തിന് പ്രായം എഴുപത്തിനാലായിരുന്നു.
പ്രസിഡന്റ് സെയിൽസിംങ്ങിൽ നിന്ന് രത്നശിരോമണി അവാർഡ് അടക്കം ഒരുപാട് അംഗീകാരങ്ങൾ കുര്യൻ ചേട്ടനെ തേടി വന്നിട്ടുണ്ട്. അതിന്റെയൊക്കെ കൂടെ കിട്ടുന്ന പണമെല്ലാം അദ്ദേഹം ചിലവഴിച്ചിരുന്നത് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടിത്തന്നെ. 1975 ൽ റെഡ് ക്രോസിൽ നിന്നുള്ള അവാർഡ്, 1993ൽ കാനഡയിലെ കെയർ & ഷെയർ സംഘടനയുടെ അവാർഡ്, ആൾ ഇന്ത്യാ കാത്തലിക്ക് യൂണിയൻ അവാർഡ്, അബുദാബി പ്രിയദർശിനി അവാർഡ് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങൾ.
‘സർവ്വോദയം കുര്യൻ - സാമൂഹ്യസേവനത്തിന്റെ ധ്രുവദീപ്തി‘ എന്ന പേരിൽ ശ്രീ ജോയ് നായരമ്പലം എഴുതി സ്വരാജ് പബ്ലിക്കേഷൻസ് കൊല്ലം പ്രസിദ്ധീകരിച്ച കുര്യൻ ചേട്ടന്റെ ജീവചരിത്രം വായിക്കുന്നതുവരെ അദ്ദേഹത്തെപ്പറ്റിയുള്ള വളരെ കുറച്ച് വിവരങ്ങൾ മാത്രമേ എനിക്കറിമായിരുന്നുള്ളൂ; കേട്ടറിഞ്ഞിരുന്ന വളരെ ചുരുക്കം കഥകൾ മാത്രം.
ശ്രീ ജോയ് നായരമ്പലം ചെയ്തിരിക്കുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. കുര്യൻ ചേട്ടനുമായി നിരന്തര സമ്പർക്കം പുലർത്തി അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയെപ്പറ്റിയും ചെയ്തുകൂട്ടിയ മഹത്തായ കർമ്മങ്ങളെപ്പറ്റിയുമൊക്കെ പറയിപ്പിച്ചെടുക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. താൻ ചെയ്ത കാര്യങ്ങൾ പറഞ്ഞുനടക്കാൻ കുര്യൻ ചേട്ടൻ തയ്യാറായിരുന്നില്ല എന്നതായിരുന്നു പ്രധാന പ്രതിബന്ധം. ജോയ് നായരമ്പലം ഇങ്ങനൊരു ജീവചരിത്രത്തിനായി ബുദ്ധിമുട്ടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, സ്വജീവിതം പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവർക്കായി ഉഴിഞ്ഞുവെച്ച ഒരു മഹാത്മാവിന്റെ സൽക്കർമ്മങ്ങൾ വിസ്‌മൃതിയിൽ ആഴ്‌ന്നുപോകുമായിരുന്നു.
ഇങ്ങിനെയുള്ള നന്മനിറഞ്ഞ മനുഷ്യരെപ്പറ്റി എഴുതുന്നത് തന്നെ ഒരു പുണ്യവൃത്തിയാണ്. അത് ബ്ലോഗില്‍ ഷെയര്‍ ചെയ്യാന്‍ തോന്നിയ നല്ല മനസ്സിന് നന്ദി. വായിക്കുമ്പോള്‍ ഒരു ഇന്‍സ്പിറേഷന്‍ തോന്നുന്ന ജീവകഥ.
ReplyDeleteഈ മഹദ് വ്യക്തിത്വത്തെ കുറിച്ച് പത്രത്തില്‍ വായിച്ചിട്ടുണ്ട്..
ReplyDeleteചിലപ്പോള്‍ ദൈവത്തിന്റെ കരങ്ങള്‍ തന്നെ ആകാം അദ്ദേഹത്തിലൂടെ ആശരണരെ കൈപിടിച്ചുയര്തിയത്..ഇതുപോലുള്ള വ്യക്തിത്വങ്ങള്‍ അപൂര്‍വമായിരിക്കുന്ന ഈ കാലത്ത്, ചിലര്‍ക്കെങ്കിലും ഒരു പ്രചോദനം നല്‍കാന്‍ ഈ പോസ്റ്റിനു കഴിയും..
നന്മകള്‍ നിറഞ്ഞ ആ ജീവിതം ബ്ലോഗിലൂടെ വരച്ചു കാട്ടിയതിനു നന്ദി ..
നമ്മുടെ നാട്ടില്‍ നിന്നുമുള്ള ഏറ്റവും പ്രശസ്തരായ വ്യക്തികളില്‍ ഒരാളാണ് സര്‍വ്വോദയം കുര്യന്‍. എന്റെ ചെറുപ്പകാലത്ത് ശിശുദിനറാലിയോടനുബന്ധിച്ചുള്ള കുട്ടികളുടെ ചാച്ചാജിക്കായി പ്രസംഗമത്സരത്തില്‍ പങ്കെടുക്കെ ആണ് ആദ്യം അദ്ദേഹത്തെ കാണുന്നത്. പിന്നീട് ഒന്നുരണ്ട് വട്ടം സഹകരണബാങ്കിന്റെയും സാമൂഹ്യസേവാസംഘത്തിന്റെയുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ചില സമ്മാനദാന പരിപാടികളില്‍ വെച്ച് അദ്ദേഹത്തില്‍ നിന്നും സമ്മാനം സ്വീകരിക്കുവാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. രസകരമായ ഒരു കാര്യം ചെറുപ്പകാലത്ത് എന്റെ മനസ്സില്‍ സര്‍വ്വോദയം കുര്യന്‍ സഹോദരന്‍ അയ്യപ്പന്റെ ആരോ ആണെന്നുള്ള ഒരു ധാരണയുണ്ടായിരുന്നു എന്നതാണ്. ഈ പുസ്തകം വായിച്ചിട്ടില്ല. ഇത് എഴുതിയ ജോയി നായരമ്പലത്തെ അറിയാം. ഈ പുസ്തകത്തിന് പിന്നില്‍ അദ്ദേഹമെടുത്ത എഫര്‍ട്ട് പോസ്റ്റില്‍ പറഞ്ഞത് പ്രകാരം ശരിയാവാനേ വഴിയുള്ളൂ. പുസ്തകം വായിക്കുവാന്‍ ശ്രമിക്കണം. ഒരു പക്ഷെ ഭാവിയില്‍ എപ്പോഴെങ്കിലും ഉപയോഗപ്പെട്ടാലോ :)
ReplyDeleteസര്‍വ്വോദയം കുര്യന്‍ എന്നു ധാരാളം കേട്ടിട്ടുണ്ട്.ഈ പരിചയപ്പെടുത്തല്‍ തികച്ചും ഉചിതമായി.
ReplyDeleteമനോജേട്ടാ ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ശ്രീ സർവ്വോദയം കുര്യനെക്കുറിച്ചുള്ള ചില മങ്ങിയ ചിത്രങ്ങളും, അദ്ദേഹത്തെപ്പറ്റി സ്കൂൾ വിദ്യാഭ്യാസകാലത്ത പറഞ്ഞു കേട്ട നല്ല വാക്കുകളും ഇപ്പോൾ ഓർമ്മയിൽ ഉണ്ട്. അതുകൊണ്ടുതന്നെ നല്ല ഓർമ്മപ്പെടുത്തൽ കൂടിയായി ഈ ലേഖനം. നന്ദി.
ReplyDelete"1975-ൽ റെഡ് ക്ലോസിൽ നിന്നുള്ള അവാർഡ്" റെഡ് ക്രോസ്സാണോ ഉദ്ദേശിച്ചത്.
റെഡ് ക്രോസ് തന്നെയാണ് മണീ. നിരക്ഷരത്വം തിരുത്തീട്ടുണ്ട് :)
Deleteജന്മനാടിനെ കുറിച്ച് അഭിമാനം തോന്നുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ സമ്മാനിച്ച നിരക്ഷരന് നന്ദി.
ReplyDeleteഇങ്ങനേയുള്ള ആളുകളെപ്പറ്റി പറയുക അവരെപ്പറ്റി ബ്ലോഗ്ഗിൽ എഴുതാൻ മനസ്സുണ്ടാവുക എന്നത് ഒരു വലിയ കാര്യമാണ്. ദൈവം ഇത്തരത്തിലുള്ള മനസ്സുള്ളവരെ സഹായിക്കട്ടെ,കൂടുതൽ ഉപകാരങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ. ആശംസകൾ.
ReplyDeleteസാമൂഹിക സേവനം വാകുകളില്‍ ഒതുക്കുന്നവര്‍ക്കുള്ള മറുപടിയാണ് ശ്രീ സര്‍വ്വോദയം കുര്യന്‍ ചേട്ടന്റെ നിശബ്ദ പ്രവര്‍ത്തനം...... ഈ അറിവ് പങ്കുവെച്ചതിന് നന്ദി.
ReplyDeleteസഫലമായ ജന്മങ്ങലെക്കുറിച്ചു കേള്‍ക്കുന്നത് തന്നെ ഒരാവേശമാണ്. പുസ്തകം തേടിപ്പിടിച്ച് വായിക്കുന്നതാണ്.വളരെ നന്ദി ഈ പരിചയപ്പെടുത്തലിന്..
ReplyDeleteകേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... കൂടുതല്‍ അറിഞ്ഞത് ഇപ്പോഴാണ്...നന്ദി മനോജ്...
ReplyDeleteധാരാളം കേട്ടിട്ടുണ്ട്.
ReplyDeleteഈ പരിചയപ്പെടുത്തല്‍ ഗംഭീരമായി ,ഇത് പോലെയും ചിലര്‍ ജീവിച്ചിരുന്നു എന്നറിയുമ്പോള്‍ അഹങ്കാരത്തിന് ലേശം ഉലച്ചില്‍ തട്ടുന്നു
ReplyDeleteഈ പരിചയപ്പെടുത്തലിന് നന്ദി മനോജേ... പുസ്തകം വായിക്കും.
ReplyDeleteദൈവത്തിന്റെ അംശാവതാരങ്ങൾ എന്നു പറയുന്നത് ഇവരൊക്കെതന്നെയല്ലേ
ഇത് വായിക്കെ, കുര്യന്‍ ചേട്ടന്‍ ഒരു പരിചയവുമില്ലാത്ത എന്നോട് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സൈക്കിളില്‍ റോഡിലൂടെ കടന്നുപോകുന്നു. ഇടക്ക് ഓര്‍ക്കാറുള്ള അദ്ദേഹത്തെ വിശാലമായി ഒന്നുകൂടി ഓര്‍മിപ്പിച്ചതിന് നന്ദി.
ReplyDeleteഇത് വായിക്കെ, കുര്യന്‍ ചേട്ടന്‍ ഒരു പരിചയവുമില്ലാത്ത എന്നോട് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സൈക്കിളില്‍ റോഡിലൂടെ കടന്നുപോകുന്നു. ഇടക്ക് ഓര്‍ക്കാറുള്ള അദ്ദേഹത്തെ വിശാലമായി ഒന്നുകൂടി ഓര്‍മിപ്പിച്ചതിന് നന്ദി.
ReplyDelete