Tuesday, 10 April 2012

ഈ നാടെന്താ ഇങ്ങനെ ?

സ്ഥലം, ഒരു പ്രമുഖ പഞ്ചായത്ത് ആപ്പീസിന്റെ അന്വേഷണവിഭാഗം കൌണ്ടർ.

‘ഒരു സ്ഥാപനം തുടങ്ങാൻ ലൈസൻസിന് അപേക്ഷ തരേണ്ടത് എങ്ങനാ ?‘

‘ഒരു അപേക്ഷാ ഫോം ഉണ്ട്. അത് പൂരിപ്പിച്ച് താ.‘

‘ഫോം ഒരെണ്ണം തരാമോ’

‘സ്ഥാപനം തുടങ്ങിയോ ?‘

‘ലൈസൻസ് കിട്ടാതെങ്ങനാ സ്ഥാപനം തുടങ്ങുന്നത് ?‘

‘നിങ്ങൾ സ്ഥാപനം നടത്തുന്നുണ്ടോന്ന് അറിയാതെ ഞങ്ങളെങ്ങനെ ലൈസൻസ് തരും, എന്തിന് തരണം ?‘

‘ലൈസൻസ് എന്നു പറഞ്ഞാൽ ഒരു സ്ഥാപനം തുടങ്ങാനുള്ള അനുവാദമല്ലേ ? അനുവാദം കിട്ടാതെ സ്ഥാപനം തുടങ്ങാൻ പറ്റുമോ ? അത് നിയമപരമാണോ ? ഡ്രൈവിങ്ങ് ലൈസൻസിന് അപേക്ഷിക്കുന്നവരോട്, നിങ്ങളങ്ങ് വാഹനം ഓടിക്ക്. നന്നായിട്ട് ഓടിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ ലൈസൻസ് തരാം. എന്നാണോ പറയാറ് ? എന്തിന് ലൈസൻസ് തരണമെന്ന് ചോദിച്ചാൽ.... ലൈസൻസ് തന്നാൽ, വർഷാവർഷം അതിന്റെ ഫീസ് പഞ്ചായത്തിന് കിട്ടുമല്ലോ ? ’

‘ആർ.ടി.ഓഫീസിലെ കാര്യം വിട്. നമുക്കിവിടത്തെ കാര്യം സംസാരിക്കാം. സ്ഥാപനം നിങ്ങളങ്ങ് തുടങ്ങണം. എന്നിട്ട് ഞങ്ങൾ വന്ന് നോക്കും. ഒക്കെ ഭംഗിയായിട്ട് നടക്കുന്നുണ്ടെന്ന് കണ്ടാൽ ലൈസൻസ് തരും. അല്ലെങ്കിൽ തരില്ല. അതാണിവിടത്തെ നടപടിക്രമം.‘

‘ശരി അങ്ങനായിക്കോട്ടെ. പക്ഷെ, ഈ അപേക്ഷയിൽ ഒരു ദിവസം എത്ര വിറ്റ് വരവ് ഉണ്ടാകും എന്നൊരു ചോദ്യം ഉണ്ടല്ലോ ? തുടങ്ങാത്ത സ്ഥാപനത്തിന്റെ വിറ്റുവരവ് ഞാനെങ്ങനെ പറയും ?’

‘ഒരു സ്ഥാപനം തുടങ്ങുമ്പോൾ എത്ര വിറ്റുവരവ് ഉണ്ടാകുമെന്ന് നിങ്ങൾക്കൊരു കണക്കുകൂട്ടലൊക്കെ ഉണ്ടാകില്ലേ? അതെഴുതണം.‘

‘എന്റെ കണക്കുകൂട്ടൽ അംബാനിയെപ്പോലെ ദിവസവും കോടികളുടെ ഇടപാട് നടത്തണമെന്നാണ്. പക്ഷെ, നമ്മളാഗ്രഹിക്കുന്നത് പോലെയൊക്കെ നടക്കണമെന്നില്ലല്ലോ ?’

‘നിങ്ങളൊരു തുകയങ്ങ് എഴുത്, ബാക്കിയൊക്കെ നമുക്ക് പിന്നെ നോക്കാം.’

‘എന്നാലും, തുകയെത്ര എഴുതണമെന്ന് എനിക്കൊരു പിടിയുമില്ല.’

‘നിങ്ങളൊരു 1000 രൂപയങ്ങ് എഴുത്.’

‘ശരി, അങ്ങനായിക്കോട്ടെ.’

അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കപ്പെട്ടു. രേഖകൾ പ്രാഥമിക പരിശോധനയ്ക്ക് വിധേയമായി. എതിർഭാഗത്തിന്റെ നെറ്റി ചുളിയുന്നു.

‘സ്ഥാപനം നടത്തുന്ന കെട്ടിടത്തിന്റെ വാടകക്കരാർ 11 മാസത്തേക്ക് മാത്രമേ ഉള്ളല്ലോ ?’

‘അത് പിന്നെ അങ്ങനല്ലേ ? വാടകക്കരാർ 11 മാസത്തേക്കല്ലേ എല്ലാവരും എഴുതാറ് ?’

‘അതുപറ്റില്ല, ഞങ്ങൾ ലൈസൻസ് തരുന്നത് 12 മാസത്തേക്കാണ്. 11 മാസത്തെ വാടകക്കരാർ വെച്ച് 12 മാസത്തെ ലൈസൻസ് തരാനാകില്ല’

‘എന്നാൽ 11 മാസത്തെ ലൈസൻസ് തന്നാൽ മതി’

‘അതുപറ്റില്ല, ലൈസൻസൊക്കെ 12 മാസത്തേക്കാണ് നൽകാറ് ‘

‘11 മാസത്തേക്ക് വാടകക്കരാർ എഴുതുന്നത് ഞാനായിട്ട് കൊണ്ടുവന്ന നാട്ടുനടപ്പല്ല. എല്ലാവരും ചെയ്യുന്നതേ ഞാനും ചെയ്തിട്ടുള്ളൂ. കെട്ടിടത്തിന്റെ ഉടമസ്ഥനും 11 മാസത്തെ വാടകക്കരാർ എന്നാണല്ലോ പറഞ്ഞത്. ’

‘അങ്ങനെ പറഞ്ഞാൽ എങ്ങനാ ശരിയാകുക? നിങ്ങൾ പോയി 12 മാസത്തെ വാടകക്കരാറുമായി വരൂ.’
.................
.........
....
ഏതെങ്കിലും പഞ്ചായത്ത് മെമ്പർമാരെയോ, അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റിനെത്തന്നെയോ അതുമല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയക്കാരെയോ കണ്ട് സങ്കടം ബോധിപ്പിച്ചാൽ, കൈക്കൂലി വല്ലതും കൊടുത്താൽ, കാര്യം നടക്കുമോ ? എന്നൊക്കെയുള്ള ചിന്തയുമായി മ്ലാനമുഖത്തോടെ അപേക്ഷകൻ തൽക്കാലത്തേക്ക് പഞ്ചായത്താപ്പീസിന്റെ പടിയിറങ്ങുന്നു.

ഇതുപോലെ പല അപേക്ഷകരുടേയും മനസ്സ് ഒരു നിമിഷത്തേക്കെങ്കിലും വാളയാർ ചെക്ക് പോസ്റ്റിനപ്പുറത്തേക്ക് പാഞ്ഞുപോയിട്ടുണ്ടെങ്കിൽ കുറ്റം പറയാനാവില്ല. ചുവപ്പുനാടകളിൽ കുടുങ്ങിക്കഴിഞ്ഞിരിക്കുന്ന സ്ഥാപനത്തിന്റെ ഭാവി എന്താകുമോ എന്തോ ? ഈ നാടെന്താ ഇങ്ങനെ ? അപേക്ഷകന്റെ ചിന്തകൾ ഇപ്പോഴും കാടിറങ്ങിയിട്ടില്ല.

39 comments:

 1. ഈ നാടെന്താ ഇങ്ങനെ ?

  ReplyDelete
 2. നടപടിക്രമങ്ങളും,സാങ്കേതികതയും മറക്കാം.ഒരാവശ്യവുമായി ചെല്ലുന്നവരോടുള്ള പെരുമാറ്റമാണ് ഏറെ ദുസ്സഹം.കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഓഫീസുകളും,സെക്ഷനുകളും കയറ്റി ഇറക്കുന്നവരും ഏറെ.നന്നായി പെരുമാറാനെങ്കിലും പഠിച്ചിരുന്നെങ്കില്‍.

  ReplyDelete
 3. hmm.. chettan edukkan pokunna veettinte oru aavasyathinayittu abadhathil panchayathu officil onnu poyarunnu, annu theerumanichitha enikku swanthamayittu puthiya veedu venda.... njan roadil kidannolam ennu.. :))

  ReplyDelete
 4. മറ്റുള്ളവരോടുള്ള അവരുടെ സമീപനം ആണ് ഏറ്റവും അസഹ്യം ... ഏതാണ്ട് അവരുടെ വീട്ടില്‍ നിന്ന് കൊണ്ട് വന്നു തരും പോലെ ...

  ReplyDelete
 5. വെള്ളരിക്കാപ്പട്ടണം.....
  അതു ഭരിക്കുന്ന ആമാശയവാദികൾ....!

  ReplyDelete
 6. എന്തു പറയാനാ മനോജേ!

  ഒരു വിദേശ പൌരനായതോടെ 'ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല' എന്നൊരു നിലപാടായിരുന്നു എന്റേത്. അങ്ങനെയിരിക്കുമ്പോഴാണ് (കഴിഞ്ഞ ഡിസംബറില്‍) അമ്മ മരിച്ചത്. പെട്ടന്നായിരുന്നു, പാവം ഒന്നും എഴുതിവെച്ചിരുന്നില്ല.

  സത്യം പറയാമല്ലോ, സായിപ്പിന്റെ നാട്ടിലെ വെല്യ ഉദ്യോഗസ്ഥനാണ് എന്നുള്ള അഹങ്കാരമെല്ലാം ഒരൊറ്റ മാസം കൊണ്ട് നാട്ടിലെ ബ്യൂറോക്രസി പൊളിച്ചടുക്കിത്തന്നു.

  ReplyDelete
 7. പൂരം കാണാനും തെയ്യം കാണാനും ഒക്കെ പോകാന്‍ മാത്രമേ നമ്മളുടെ നാട് കൊള്ളൂ എന്ന് മനസ്സിലായില്ലേ...ജീവിക്കാന്‍ കൊള്ളില്ല..."ഗാന്ധിത്തല" വീശാതെ ഒരു കാര്യവും നടക്കില്ല...
  ആരുടെയൊക്കെയോ ഭാഗ്യത്തിനോ, നമ്മുടെയൊക്കെ നിര്ഭാഗ്യത്തിനോ ജോലിയില്‍ കേറിപറ്റുന്ന ഇവര്‍ക്ക്‌ പിന്നെ ഒന്നും പേടിക്കേണ്ട കാര്യമില്ലല്ലോ.....ഇപ്പോഴാണെങ്കില്‍ ഒരു വര്ഷം കൂട്ടി കൊടുക്കുകയും ചെയ്തു...ഇനി റിട്ടയര്‍ ചെയ്യുന്നത് വരെ പാവപ്പെട്ടവന്റെ നെഞ്ചത്ത് കുതിര കേറിയും, ജീവിതം ചുവപ്പ്നാടയില്‍ കുരുക്കിയും കളിക്കാമല്ലോ..." ക്വട്ടേഷന്‍ കൊടുക്കേണ്ടത്‌ ഇവന്മാര്‍ക്കൊക്കെയാണ്..ഇന്നലെ പഠിക്കൂ..
  നല്ലൊരു രാഷ്ട്രീയക്കാരെക്കൊണ്ട് പറയിപ്പിച്ചാല്‍ 12 മാസമല്ല 15 മാസത്തേക്ക്‌ വരെ ലൈസെന്‍സ് തന്നെന്ന് വരും..പക്ഷെ അതിനു നല്ല എം.എല്‍ .എ മാരെയോ എം.പി മാരെയോ തന്നെ കയ്യിലാക്കണം..അതുമല്ലെങ്കില്‍ ഏതെന്കിലും സര്‍വീസ് സംഘടനകളുടെ നേതാക്കാളെയോ..

  ReplyDelete
 8. ഒരു കാര്യം എങ്ങനെ നടത്തി തരാതെ ഇരിക്കാം എന്നതില്‍ ഡോക്ടറേറ്റ്‌ എടുതവരാ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന് തോന്നും കണ്ടാല്‍

  ReplyDelete
 9. മനോജേട്ട, സ്വന്തമായിട്ടൊരു ബിസിനസ്‌ എന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമാണ്. എന്തായാലും ഇത് വായിച്ചപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു തുടങ്ങാന്‍ ആലോചിച്ചിരുന്ന ബിസ്സിനെസ്സിനു വേണ്ടി നാളെ തന്നെ പോയി അപേക്ഷ കൊടുത്താലോ എന്നാലോചിക്യുകയാണ്. ഇനി അതിനായി ആദ്യം എന്ത് ബിസ്സിനെസ്സ് ചെയ്യണം എന്നാലോചിക്യണം. ഈ വെളിപെടുതലിനു നന്ദി.

  ReplyDelete
 10. ബാക്കി നടപടിക്രമങ്ങള്‍ അറിയാന്‍ മനോരമ ചാനലില്‍ മറിമാ‍യം കണ്ടാല്‍ മതി :)

  ReplyDelete
 11. നിയമപരമായി വിവാഹം കഴിച്ചു സമൂഹത്തിനു മുന്‍പില്‍ മാന്യമായി ഒന്നിച്ചു ജീവിയ്ക്കാം എന്ന് കരുതുന്ന കമിതാക്കളോടെ ചിലപ്പോള്‍ ഇവര്‍ പറഞ്ഞു കളയും, 'നിങ്ങള്‍ ഒരു കൊല്ലം ഭാര്യാ-ഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു കാണിയ്ക്ക്, എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് ബോധ്യപെട്ടാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു തരാമെന്ന്'......
  ഈ നാടെന്താ ഇങ്ങനെ മനോജേട്ടാ....???

  ReplyDelete
  Replies
  1. പേര് പിന്നെ പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് മനുഷ്യനെ. വയറ്റില് നീര് വീണു. :):)

   Delete
 12. ഇങ്ങനെ നടന്ന് മടുത്തിട്ട് കൈക്കൂലിയുമായി വന്നോളും എന്നവർക്കറിയാം!

  ReplyDelete
 13. Bribe'em...thy will be done

  ReplyDelete
 14. നമ്മുടെ നാടിന്റെ ഒരു ശാപമാണിത്,ലോകത്തെങ്ങുമില്ലാത്ത നടപടിക്രമങ്ങള്‍.നടപടിക്രമത്തിന്റെ ഭാഗമായി പണ്ടൊരു പ്രമാണത്തിന്റെ മൂന്നുകോപ്പി സമര്‍പ്പികേണ്ടിവന്നു ഒരാള്‍ക്ക്.ഫോട്ടോസ്റ്റാറ്റും ടൈപ്പ് റൈറ്ററും ഇല്ലാത്തകാലം.ഒരക്ഷരം തെറ്റാതെ പകര്‍ത്തെഴുതിയ കൂട്ടത്തില്‍ ഒരു പേജില്‍ ചത്ത് ഉണങ്ങിയിരുന്ന ഈച്ചയെ പകര്‍ത്താന്‍ രണ്ടുമൂന്നുപേറ് കഷ്ടപ്പെട്ട് ഈച്ചകളെ കൊന്ന് ഒട്ടിച്ചു ചേര്‍ത്തു സമര്‍പ്പിച്ചപ്പോഴാണ് ഈച്ചക്കോപ്പി എന്ന പ്രയോഗം വന്നത്.

  ReplyDelete
 15. ഇവിടെ എല്ലാവരും പറഞ്ഞതിലും രസകരമായ അനുഭവം ഞാന്‍ പറയാം.

  1999 മുതല്‍ 2010 വരെ എനിക്കു നാട്ടില്‍ ഒരു കമ്പ്യുട്ടര്‍ ഷോപ്പില്‍ പാര്‍ട്ണര്‍ഷിപ് ഉണ്ടാ​യിരുന്നു. ആദ്യം അറിയപ്പെടുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മേല്‍ നോട്ടത്തില്‍ സുഹൃത്തായ വക്കീല്‍ തയ്യാറാക്കി തന്ന പാര്‍ട്ണര്‍ഷിപ് ഡീഡുമായി അത് രജിസ്റ്റര്‍ ചെയ്ത് കിട്ടുവാനായി രെജിസ്ട്രാര്‍ ഓഫ് ഫേംസില്‍ അപേക്ഷ കൊടുക്കന്‍ ചെന്നു,

  അവര്‍ പറയുന്നു അപേക്ഷ നേരിട്ട് സ്വീകരിക്കില്ല രജിസ്ട്രേഡ് തപാലില്‍ അയക്കണം. അങ്ങനെ അക്നോളജ് കാര്‍ഡ് അടക്കം അപേക്ഷ അയച്ചു അക്നോളജ് കാര്‍ഡ് കിട്ടി അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ചെന്നു, അവിടത്തെ ജൂനിയര്‍ സൂപ്രണ്ട് കുറേ കളിയാക്കിയിട്ട് സര്‍ട്ടിഫിക്കറ്റിനു പകരം അവിടത്തെ ഫോണ്‍ നമ്പര്‍ തന്നു, മൂന്നു മാസം കഴിഞ്ഞ് വിളിച്ചിട്ട് വരാന്‍ പറഞ്ഞു.

  മൂന്നു മാസം കഴിഞ്ഞ് വിളിച്ചപ്പോഴും അതേ പല്ലവി, ഇനിയും കാത്തിരിക്കനാവാത്തതിനാല്‍ ഞങ്ങള്‍ സ്ഥാപനം തുടങ്ങി കുറച്ചു ഗാന്ധി തല, കുറച്ച് "തീ തൈലം" ഒക്കെ ചിലവായതോടെ ഫേം രെജിസ്ട്രേഷന്‍ ഇല്ലാതെ തന്നെ മനോജേട്ടന്‍ ആദ്യം പറഞ്ഞ കടമ്പകള്‍ ഒക്കെ ഒരു വിധം കടന്നു,

  ഇടക്കൊക്കെ അന്വേഷിക്കുമ്പഴെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെക്കും 2006 -ല്‍ ഞാന്‍ പ്രവാസം സ്വീകരിക്കുന്നത് വരെ ഇത് തുടര്‍ന്നു, 2010 ഡിസംബറില്‍ അവസാന പാര്‍ട്ണറും പ്രവാസം സ്വീകരിച്ചതോടെ പ്രസ്തുത ഡീഡ് തയ്യാറാക്കിയ വക്കീല്‍ തന്നെ ഞങ്ങളുടെ ഉഭയ സമ്മതപ്രകാരം ഡീഡ് ഡിസോള്വ് ചെയ്തു. സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തു.

  എന്നിട്ടും ഇന്നു വരെ ആ 1999 ലെ ഡീഡിന്റെ രെജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല.

  ReplyDelete
 16. ഇതേതാ സ്ഥലം നിരക്ഷർ ജി? രജിസ്റ്റ്രാർ ഓഫീസിൽ സ്ഥലത്തിന്റെ പോക്കുവരവ് കാര്യത്തിനു ചെന്നപ്പോൾ എനിക്ക് തൃപ്തികരമായ സമീപനം ആയിരുന്നു. അതുകൊണ്ട് തന്നെ ചുമപ്പ് നാടയില്ലാത്ത ചിലസർക്കാർ ഓഫീസുകൾ എങ്കിലും ഉണ്ടെന്ന് ഒരു അഭിപ്രായം എനിക്കുണ്ടായിട്ടുണ്ട്.

  ReplyDelete
 17. പ്രവാസം മനുഷ്യനെ ഒന്നിനും കൊള്ളാണ്ടാക്കും.. മിസ്റ്റര്‍ മനോജ് രവീന്ദ്രന്‍.. നിങ്ങള്‍ക്ക് എന്താ നാട്ടുനടപ്പ് അറിയില്ലേ.. ഒരോ കാര്യങ്ങള്‍ക്കുമുള്ള ‘പോക്കുവരവ്” അറിയില്ലേ.. അതിനാവശ്യമുള്ള ചെലവ് അറിയില്ലേ? അതെങ്ങിനെ.. അതറിയണമെങ്കില്‍ ഇന്ത്യയെന്നാണെന്ന് അറിയണം.. അറ്റ് ലീസ്റ്റ് കേരളമെന്താണെന്നെങ്കിലും അറിയണം.. അതുമില്ലെങ്കില്‍ കേരളത്തിലെ ഗവ: ഓഫീസുകളിലെ ജീവനക്കാരുടെ കഷ്ടപ്പാടെന്താണെന്നെങ്കിലും അറിയണം. ടൂറാറ് മാസം പണിയാറുമാസം എന്ന് പറഞ്ഞ് നിങ്ങള്‍ കറങ്ങിനടന്ന് കണ്ടതല്ല സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്ത്യയും കേരളവുമൊന്നും.. കോടിക്കണക്കായ സര്‍ക്കാരാസീപ്പിലെ ഫയലുകള്‍ക്ക് പിന്നില്‍ “കര്‍മ്മനിരതരാകുന്ന”ഞങ്ങളെപ്പോലുള്ളവരുടെ ഇന്ത്യ / കേരളം. അതിന് വെറുതെ നിരക്ഷരനായി നടന്നാല്‍ പോര.. ഞങ്ങളുടെ ആവശ്യങ്ങള്‍ അറിയുവാനുള്ള സെന്‍സ് ഉണ്ടാവണം.. സെന്‍സിറ്റിവിറ്റി ഉണ്ടാവണം.. സെന്‍സിബിലിറ്റി ഉണ്ടാവണം..
  :):)

  ReplyDelete
 18. ഒരു പ്രമുഖ സര്‍വ്വകലാശാലയില്‍ എന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ കിട്ടുവാന്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഒരു പോസ്റ്റായി ഞാനിടുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ്‌ ഇതുവരെ കിട്ടിയിട്ടില്ല. കിട്ടുന്നതിനു മുന്നേ പോസ്ടിയാല്‍ ലവന്മാര്‍ എനിക്കിട്ട് പനിയുമോന്നു ഒരു പേടി.

  ReplyDelete
 19. എന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് അഡ്രസ്‌ മാറ്റാന്‍ വേണ്ടി മേഖലാ R.T. ഓഫീസില്‍ ഞാന്‍ കയറിയിറങ്ങിയത് തുടര്‍ച്ചയായ അഞ്ചു ദിവസങ്ങള്‍ . അവിടത്തെ "ഫാസ്റ്റ് ട്രാക്ക്‌" കൌണ്ടറില്‍ എന്ത് പരിപാടിയും സാധിക്കാന്‍ "അര മണിക്കൂര്‍" മാത്രം മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അവിടത്തെ ഓഫീസിലെ ആളുകള്‍ അതിനെ മാറ്റി "ഒരാള്‍ക്ക്‌ അര മണിക്കൂര്‍" എന്നാക്കി. ചുരുക്കിപറഞ്ഞാല്‍ മറ്റുള്ള ഓഫീസുകളില്‍ ഒരു ദിവസം മുപ്പതു അപേക്ഷകള്‍ വരെ തീര്‍പ്പാക്കുമ്പോള്‍ ഇവിടെ കൂടിപ്പോയാല്‍ അഞ്ചെണ്ണം മാത്രം തീര്‍പ്പാക്കും. ആരോട് പരാതി പറയാന്‍ ..!!

  അതോടെ ഞാന്‍ ഒന്ന് തീരുമാനിച്ചു -- ഞാന്‍ എന്നെങ്കിലും മന്ത്രി ആയാല്‍ -- സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതു ജനങ്ങള്‍ക്ക ക്യാമറ ഉപയോഗിക്കാന്‍ അനുവാദം നല്‍കും. എന്തെങ്ങിലും ഒരു കാര്യത്തിനു അപേക്ഷ കൊടുക്കുന്നത് മുതല്‍ അത് തീര്‍പ്പാകുന്നത് വരെ ഉള്ള എന്തും റെക്കോര്‍ഡ്‌ ചെയ്യാം. അത് ഉദ്യോഗസ്ഥരുടെ പ്രവര്ത്തനങ്ങള്, അപേക്ഷകന്റെ ചോദ്യങ്ങള്‍ക്ക് അവരുടെ മറുപടികള്‍ അങ്ങനെ എന്തും.

  ഓഫീസില്‍ ആ അപേക്ഷകന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പ്രസ്തുത വീഡിയോ പൊതു ജനങ്ങള്‍ക്ക്‌ കാണാന്‍ കഴിയുന്ന വിധം സോഷ്യല്‍ മീഡിയ വഴിയോ ചാനലുകള്‍ വഴിയോ പ്രദര്‍ശിപ്പിക്കുകയും, ആ ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍ ആണെന്ന് കാണുകയും ചെയ്‌താല്‍ അയാളുടെ ജോലി തെറിപ്പിക്കും. ഇതാണ് ഞാന്‍ ഉദ്ദേശിക്കുന്ന നിയമം.

  (എന്‍റെ മനസിലുള്ള കൂടുതല്‍ നിയമങ്ങളെക്കുറിച്ച് വിഷ്ണുലോകത്തു ഉടനെ ഒരു പോസ്റ്റ്‌ തന്നെ പ്രതീക്ഷിക്കാം!)

  ReplyDelete
 20. ശരിയാ... ഈ നാടെന്താ ഇങ്ങനെ...

  ReplyDelete
 21. സ്വന്തം സ്ഥാനത്തിന്റെ വില സ്വയം വര്‍ദ്ധിപ്പിക്കാന്‍ പിന്തിരിപ്പന്‍ നയങ്ങളോടെ നടക്കുന്ന കുറേയാളുകളുണ്ട്..അവര്‍ക്ക് അവരുടെ വാക്കുകളും അവരുടെ ഇട്ടാവട്ട ലോകത്തെ പദവിയിലും വിരാജിക്കുക എന്നല്ലാതെ സേവനം ചെയ്യുക,പോസിറ്റീവായി പ്രതികരിക്കുക എന്നതിനോടൊന്നും താല്പര്യമില്ല.കൈക്കൂലിയും മറ്റുമായി കാശുള്ളവര്‍ കാര്യം നടത്തുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നിരാശനാകാനാണ് സാധാരണജനങ്ങളുടെ വിധി!

  ReplyDelete
 22. ആദ്യം മുല്ലപ്പെരിയാർ പൊട്ടട്ടെ, എന്നിട്ട് പുതിയ ഡാം കെട്ടുന്നകാര്യം ആലോചിക്കാം എന്നു പറയുന്നപോലെയാ എല്ലാ കാര്യങ്ങളും. അല്ല, നിരക്ഷരന് ബോധിക്കുന്ന ഒരു ഉദാഹരണം പറഞ്ഞെന്നേ ഉള്ളൂ.. :]

  ReplyDelete
  Replies
  1. @ പള്ളിക്കുളം - അങ്ങനെ പറയേണ്ടത് പോലെ പറയൂ. എനിക്കിപ്പോൾ എല്ലാം കൃത്യമായി മനസ്സിലായി :) :)

   Delete
 23. mashe ingalodu oru karyam parayatte...thanu kenu, kalupidichu kaikooli koduthokkeya ii nadu neengunne...athinte bhagamayal ithonnum oru prasnamallenne

  ReplyDelete
 24. ഈ നാട് ഇങ്ങനെ തന്നെ മനോജേട്ടാ. ജീവിതത്തിൽ ഒരിക്കലും കയറേണ്ടി വരരുത് എന്ന് പ്രാർത്ഥിക്കുന്ന മൂന്നു സ്ഥലങ്ങൾ പോലീസ് സ്റ്റേഷൻ, ആശുപത്രി പിന്നെ സർക്കാർ ആഫീസ്. ഇതിൽ ഏറ്റവും ഗുരുതരം സർക്കാർ ഓഫീസ് തന്നെ. ഒരു അപേക്ഷയ്ക്കും അല്ലാതെ രണ്ടുതവണ സർക്കാർ ആഫീസ് കയറിയ അനുഭവം പറയാം. രണ്ടും ട്രഷറിയിൽ. ആവശ്യം അമ്മയുടെ പേരിലുള്ള രണ്ട് സ്ഥിരനിക്ഷേപങ്ങൾ പുതുക്കുക. ഒന്നാമത്തെ ട്രഷറിയിൽ ചെന്ന് കാത്തിരുന്നു സ്ഥിരനിക്ഷേപത്തിന്റെ രസീതും, പുതുക്കാനുള്ള ഫോമും കൊടുത്തു. അപ്പോൾ മറ്റൊരു ഫോം കൂടെ കൊടുക്കണം എന്നാലേ പുതുക്കാൻ പറ്റൂ. പ്രസ്തുത ഫോം അവിടെയില്ല. പുറത്തുള്ള കടയിൽ നിന്നും വാങ്ങണം. വങ്ങി പൂരിപ്പിച്ച് കൊടുത്തു. അല്പ നേരം കഴിഞ്ഞപ്പോൾ ആരെയും കാണാനില്ല. ഉച്ചയൂണിന്റെ സമയം പിന്നാലെ ട്രഷറി ആഫീസർ പുറത്തേയ്ക്കും പോയി എപ്പോൾ വരുമെന്ന് ആർക്കും അറിയില്ല. അതോടെ അന്നത്തെ ശ്രമം വിഫലം വീണ്ടും അടുത്ത ദിവസം വന്നു പുതുക്കി.
  രണ്ടാമത് മറ്റൊരു ട്രഷറി. അച്ഛന്റെ പേരിൽ ഉള്ള നിക്ഷേപം. അമ്മയെ നോമിനി ആക്കി വെച്ചിട്ടും ഉണ്ട്. അത് കാലാവധി തികച്ചു. അമ്മയുടെ പേരിൽ അതേ നിക്ഷേപം പുതുക്കണം. മൂന്നു തവണ നടന്നു ഓരോ തൊടുന്യായങ്ങൾ. ഇപ്പോഴും നടന്നിട്ടില്ല. വർഷം രണ്ടാവുന്നു.

  ഈ നിക്ഷേപങ്ങൾ ഏതെങ്കിലും ബാങ്കുകളിൽ ആയിരുന്നെങ്കിൽ ഒന്നും അറിയേണ്ട. അരമണിക്കൂർ കൊണ്ട് സംഭവം നടക്കും. എന്തായാലും ഒന്ന് തീരുമാനിച്ചു ഇനി ട്രഷറിയിൽ നിക്ഷേപിക്കില്ല.

  ReplyDelete
 25. പോസ്റ്റ് വായിച്ചു ഈ സര്‍ക്കാരുദ്യോഗസ്തനോട് ലേശം അമര്‍ഷം ഒക്കെ തോന്നി
  പുറകേ കമന്റുകള്‍ വായിച്ച് ചിരിച്ചു പോയി!
  :):) :)
  നീരൂ ഒക്കെ ശീലമായിക്കൊള്ളും!!

  ReplyDelete
 26. ഭായിക്ക് എല്ലാം പരിചയമാവും. കുറച്ചു നാള്‍ കഴിയട്ടെ. എല്ലാ ഓഫീസുകളും ഏതാണ്ടിങ്ങിനെയൊക്കെ തന്നെ. പിന്നെ, ഒരു NRI ആയിരുന്നതുകൊണ്ടും കയ്യില്‍ കാശുണ്ടാവും എന്ന് ചിന്തിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടും ബാങ്കില്‍ വല്യ പ്രശ്നമുണ്ടാവാന്‍ വഴിയില്ല. ഞാന്‍ ഒരു ലിങ്ക് ഇടാം സമയം കിട്ടിയാല്‍ വായിക്കുക. ഏകദേശം നടന്ന സംഭവമാണ്.
  http://www.animeshxavier.blogspot.in/2011/07/blog-post_27.html

  ReplyDelete
 27. ഇതാണ് ഞങ്ങ പറഞ്ഞ നാട്.....കേരള നാട് !!

  ReplyDelete
 28. "വെള്ളം"ഒരൽപം ഇറ്റിച്ചീടൂ
  കല്ലുകൾ പോലുമലിഞ്ഞീടാം
  കള്ളവുമില്ല ചതിയുമില്ലിവിടെ
  ഉദരനിമിത്തമീ ബഹുകൃതവേഷം

  ReplyDelete
 29. വേറെ നാട്ടിലെ കാര്യങ്ങള്‍ കണ്ടും അനുഭവിച്ചും കഴിയുമ്പോള്‍ ആണ് നമ്മുടെ നാടിന്റെ ശോചനീയാവസ്ഥ ശെരിക്കും മനസ്സിലാവുക.... എന്താ ചെയ്യാന്‍ സാധിക്കുക...:((( ഇന്ത്യക്കാരന്റെ തലവിധി എന്ന് സമാധാനിക്കാം.

  ReplyDelete
 30. നാട്ടില്‍ നിന്നും കുറെനാള്‍ അകന്നു നിന്നിട്ട് ഈ വക കാര്യങ്ങള്‍ ഒക്കെ ചെയ്യാന്‍ തന്നത്താന്‍ പോകുന്നവര്‍ക്കെ ഈ ബുദ്ധിമുട്ടൊക്കെ ഉള്ളു...


  പിന്നെ പിന്നെ അത് ശീലമായിക്കൊള്ളും ;)

  ReplyDelete
 31. വലിയൊരു സത്യത്തെ വരച്ചു കാട്ടി ഈ ചെറിയ ഒരു സംഭാഷണം. സത്യമാണ് കെട്ടോ ഈ ചുവപ്പുനാടകളിൽ കുരുങ്ങിക്കിടക്കുന്നതാ എല്ലാ നല്ല കാര്യങ്ങളും. നമ്മെളെന്താ ഇങ്ങനെ അല്ലെങ്കിൽ നമ്മുടെ നാടെന്താ ഇങ്ങനെ ! നല്ല കുറിപ്പ്. ആശംസകൾ.

  ReplyDelete
 32. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ദുബൈയിലെ ഓഫിസിലോക്കെ ഒരാവശ്യത്തിന് പോയാല്‍ അത് അന്ന് തന്നെ നടക്കും എന്ന് നൂറു ശതമാനം ഉറപ്പാണ്.

  സത്യത്തില്‍ ഈ പ്രാസത്തിനു ശേഷം നാട്ടിലെ ഓഫീസുകളില്‍ കയറിയിറങ്ങുമ്പോള്‍ മാനസികാവസ്ഥ വിവരിക്കാന്‍ തന്നെ പ്രയാസമാണ്. വെറുപ്പ്‌, രോക്ഷം, ലജ്ജ, നിരാശ, പ്രതികാര ചിന്ത, എന്നുവേണ്ട ആളുകളെക്കൊണ്ട് "ഇവനെവിടുന്നു വന്നടായ്‌" അല്ലെങ്കില്‍ "കാശിന്റെ ഹുങ്ക്" എന്ന് പറയിപ്പിച്ചേ പലരും അടങ്ങാരുള്ളൂ............
  സത്യം മറ്റൊന്നല്ലേ?

  ReplyDelete
 33. പുതു തലമുറ വന്നതിനു ശേഷം, സർക്കാരാപ്പിസുകളുടെ, നടപടിക്രമങ്ങളിൽ ഒരുപാട് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നാണ് എന്റെ അനുഭവം!!!!

  ReplyDelete
  Replies
  1. റിജോ പറഞ്ഞത് ശരിയാണ്. ദാ എനിക്കുണ്ടായ മറ്റൊരു അനുഭവം.
   ഇങ്ങനേയും ചിലർ

   Delete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.