Sunday, 11 March 2012

ജീവിതമെന്ന അത്ഭുതം


“അനുഷ്ക്കയ്ക്ക് ഇപ്പോൾ എത്ര വയസ്സായി ? “ ആശുപത്രിയിൽ വെച്ച് കണ്ടുപരിചയമുള്ള താടിക്കാരനെ,  പിന്നീടൊരിക്കൽ തീവണ്ടിയിൽ വെച്ച് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ ഡോൿടർക്കായില്ല. ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള അർബുദമായിരുന്നു രണ്ടുവയസ്സുകാരി അനുഷ്ക്കയ്ക്ക്. പക്ഷെ ചികിത്സ നൽകാൻ ബാദ്ധ്യസ്ഥരായവർ തിടുക്കത്തിൽ ഡിസ്‌ചാർജ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു അവളെ. “ ആ കുട്ടി രണ്ട് മാസം കൂടെ കഴിഞ്ഞപ്പോൾ മരിച്ചൂപോയി”.... താടിക്കാരന്റെ മറുപടി. കുട്ടിക്ക് പിന്നീട് ചികിത്സയൊന്നും കൊടുത്തിട്ടില്ലെന്ന് തുടർന്നുള്ള സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയേക്കാൾ പ്രാധാന്യം ആശുപത്രിയിൽ കൂട്ടിന് നിൽക്കുന്ന കുട്ടിയുടെ അമ്മൂമ്മയ്ക്ക് നല്ല ഭക്ഷണം സംഘടിപ്പിക്കുക എന്നതായിരുന്നല്ലോ! കുട്ടിയുടെ മാതാപിതാക്കളാകട്ടെ, ഗൾഫിൽ എണ്ണപ്പണം വാരിക്കൂട്ടുന്നതിന്റെ തിരക്കിലും.

‘നീ മാത്രമല്ല, എനിക്ക് വേറെയും മക്കളുണ്ട്. നിന്റെ ചികിത്സയ്ക്ക് മാത്രം പണം ചിലവഴിച്ചുകൊണ്ടിരുന്നാൽ പറ്റില്ലല്ലോ‘ എന്നുപറഞ്ഞ് സ്വന്തം മകനെ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന അമ്മ. അവിടന്ന് അയാളെ രക്ഷിച്ചെടുക്കുന്നത് ഓട്ടോറിക്ഷക്കാരായ സുഹൃത്തുക്കൾ! വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; അതിൽത്തന്നെ ഒരുമിച്ച് കഴിഞ്ഞത് രണ്ട് ദിവസം മാത്രം. അപ്പോഴേക്കും ഭാര്യയെ അർബുദം പിടികൂടുന്നു. ഒഴിവാക്കി പോകാനാണ് എല്ലാവരും ആ ചെറുപ്പക്കാരനെ ഉപദേശിച്ചത്. പക്ഷെ ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് അയാൾ ഭാര്യയെ രക്ഷിച്ചെടുക്കുന്നു. അമ്മയുടെ ചികിത്സയേക്കാൾ വലുത് കോളേജിൽ പോകാൻ ബൈക്ക് ഇല്ലെന്നുള്ള മകന്റെ വ്യഥ. ക്യാൻസർ ബാധിച്ച് ചികിത്സയിൽക്കഴിയുന്ന മകന്, മയക്കുമരുന്നും സിഗരറ്റുമൊക്കെ ആശുപത്രിക്കിടക്കയിൽ എത്തിച്ചുകൊടുക്കുന്നത് ഡോൿടർ കൂടെയായ അമ്മ! എന്നിങ്ങനെ ഇതുവരെയുള്ള ജീവിതത്തിൽ നാം കേൾക്കാത്തതും കാണാത്തതുമായ ഒരുപാട് മുഖങ്ങൾ കടന്നുവരുന്നുണ്ട് ഡോ:വി.പി.ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’എന്ന അനുഭവക്കുറിപ്പുകളിലൂടെ. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിലെ അനുഭവകഥകളെല്ലാം മലയാളം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതാണ്. ക്യാൻസർ ചികിത്സാരംഗത്തെ അനുഭവങ്ങളും, ആതുരസേവനത്തിന്റെ ലോകത്ത് ഡോ:വി.പി.ഗംഗാധരൻ കണ്ടിട്ടുള്ള രോഗികളും അവരുടെ ബന്ധുക്കളുമൊക്കെ 31 അദ്ധ്യായങ്ങളിലൂടെ നമുക്ക് മുന്നിലെത്തുന്നു. അനുഭവകഥകൾ, വായനക്കാർക്കായി വരികളാക്കി മാറ്റിയിരിക്കുന്നത് കഥാകൃത്തായ കെ.എസ്.അനിയനാണ്. മുക്കിയും മൂളിയും പറഞ്ഞാൽ‌പ്പോലും ഉള്ള് പിടയ്ക്കാൻ പോന്ന തീക്ഷ്ണമായ അനുഭവങ്ങളൊക്കെയും, അനിയന്റെ ആഖ്യാനത്തിന്റെ മാന്ത്രികസ്പർശം കൂടെയാകുമ്പോൾ നോവിന്റെ പര്യായങ്ങളായി മാറുന്നു.

ചികിത്സിച്ച് ഭേദമാക്കിയ രോഗികളെപ്പറ്റിയുള്ള കഥകൾ മാത്രമല്ല 212 പേജുള്ള പുസ്തകത്തിലുള്ളത്. കൈവിട്ട് പോയവരെപ്പറ്റിയുള്ള വേദനകളും മറ്റ് അനുഭവങ്ങളുമൊക്കെ ഡോൿടർ പങ്കുവെക്കുന്നുണ്ട്. ഓരോ കഥകളും വായിച്ച് തീരുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞെന്ന് വരും. ഏതെങ്കിലും ഒരു കഥയ്ക്ക് ശേഷം പോലും അങ്ങനെയൊരു വികാരം വായനക്കാരനുണ്ടായില്ലെങ്കിൽ അയാൾക്ക് സാരമായെന്തോ കുഴപ്പമുണ്ട് ; നല്ലൊരു ചികിത്സയ്ക്ക് സമയമായിരിക്കുന്നു. രോഗവും രോഗിയുമൊന്നും ഇല്ലാത്ത ഒരൊറ്റ അദ്ധ്യായം മാത്രമേ പുസ്തകത്തിലുള്ളൂ. ‘ആദ്യകാറിന്റെ കന്നിയാത്ര’ എന്ന ആ ലേഖനത്തിനാസ്പദമായ സംഭവദിവസം ഡോൿടർക്കുണ്ടായ മനോവ്യഥ ചെറുതൊന്നുമായിരിക്കില്ല. എന്നിരുന്നാലും ഇന്നത് ആലോചിക്കുമ്പോൾ ഡോൿടർക്കും വായിക്കുന്നവർക്കും ചിരിപൊട്ടിയെന്ന് വരും.

പലതരം അർബുദങ്ങൾ, രക്ഷപ്പെടാനുള്ള സാദ്ധ്യതകൾ ചുരുക്കമായിരുന്നിട്ടും അതിൽനിന്നൊക്കെ പിടിച്ചുകയറിയവർ, എല്ലാ മാസവും പ്രിയപ്പെട്ടവൾ വേർപിരിഞ്ഞുപോയ ആശുപത്രിയിലെത്തി അവളുടെ ആത്മാവിനോട് സംസാരിക്കുന്ന ഭർത്താവ്, ഒരു മകളെ അർബുദരോഗത്തിൽ നിന്നും ഡോ:ഗംഗാധരൻ രക്ഷിച്ചെടുക്കുമ്പോൾ അതേ ആശുപത്രിയിലെ മറ്റൊരു മുറിയിൽ ആ മകളുടെ അമ്മയെ കാമവെറി തീർക്കാൻ ഉപയോഗിച്ച് നിത്യശയ്യയിലേക്ക് തള്ളിവിടുന്ന മറ്റൊരു ഡോൿടർ, അങ്ങനെയങ്ങനെ ഇന്നുവരെ കഥകളിലോ സിനിമകളിലോ പോലും വായിക്കാത്തതും കാണാത്തതുമായ മുഖങ്ങളുടെ നീണ്ടനിരയാണ് ഗ്രന്ഥത്തിൽ.

കൃത്യസമയത്ത് കണ്ടുപിടിക്കാനായാൽ ഒരുവിധപ്പെട്ട അർബുദരോഗമൊക്കെ പരിചരിച്ച് ഭേദമാക്കാൻ പറ്റുമെന്ന ആത്മവിശ്വാസം ഡോൿടർക്കുണ്ട്. പക്ഷെ, സമൂഹത്തെ ബാധിച്ചിരിക്കുന്ന തെറ്റിദ്ധാരണയെന്ന അർബുദത്തെ ചികിത്സിച്ച് തുരത്താൻ തനിക്കാവില്ല എന്നാണ് വ്യസനത്തോടെ അദ്ദേഹം പറയുന്നത്. പകരുന്ന രോഗമാണ് ക്യാൻസറെന്ന് കരുതുന്ന ജനങ്ങൾ, ചികിത്സയിലൂടെ രോഗവിമുക്തനായ ഒരാൾക്ക് റോഡിൽ ഇറങ്ങി നടക്കാനാവാത്ത വിധം ‘ക്യാൻസർ രോഗി’ എന്ന് പരിഹസിക്കുന്നവർ, രോഗം ബാധിച്ച പെൺകുട്ടിയെ മുറിയിൽ പൂട്ടിയിടുകയും മൂന്ന് നേരം ആഹാരം കൊടുക്കാൻ മാത്രമായി കതക് തുറക്കുകയും ചെയ്യുന്ന അമ്മ. ഇത്തരത്തിലുള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമൂഹത്തിന് എന്തുതരം ചികിത്സയാണ് നൽകേണ്ടത് ? തനിക്കാവുന്നവിധം ബോധവൽക്കരണപ്രവർത്തനങ്ങൾ ഡോൿടർ നടത്തുന്നുണ്ട്. കീമോത്തെറാപ്പിയും സർജറിയുമൊക്കെ നടത്തി അർബുദ കോശങ്ങളേയും രോഗാണുക്കളേയും രോഗിയുടെ ശരീരത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞാൽ‌പ്പിന്നെ ഇടവിട്ടുള്ള ചില പരിശോധനകൾ മാത്രമേ ആവശ്യമുള്ളൂ. അതുകൂടെ കഴിഞ്ഞാൽ ഈ രോഗത്തിന്റേതായ യാതൊരുവിധ മരുന്നുകളും ചികിത്സകളും കൂടാതെ മുന്നോട്ട് പോകാൻ ഒരാൾക്കാകും. നേരെ മറിച്ചാണ് ഒരു ഹൃദ്‌രോഗിയുടേയോ വൃക്കരോഗിയുടേയോ അവസ്ഥ. എന്നിട്ടും ക്യാൻസറിനെ മാത്രം എന്തുകൊണ്ട് സമൂഹം ഒരു തീരാവ്യാധിയായും തീണ്ടാവ്യാധിയുമായി കാണുന്നു ?!

ആതുരസേവനരംഗത്ത് ചികിത്സയായും സ്വാന്തനമായും സ്നേഹമായും സൌഹൃദമായുമൊക്കെ ഡോ:വി.പി.ഗംഗാധരൻ ചൊരിയുന്ന കനിവിന്റെ ഉറവ് ഈ ഗ്രന്ഥത്തിൽ കാണാമെങ്കിലും കൈയ്യയച്ച് അദ്ദേഹം ചെയ്യുന്ന സാമ്പത്തിക സഹായങ്ങൾ മനഃപൂർവ്വം പരാമർശിക്കപ്പെടാതെ പോകുകയാണ്. ഇടം കൈ ചെയ്യുന്നത് വലംകൈ അറിയരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഡോൿടറെ നേരിട്ടറിയുന്നവർക്കൊക്കെ ബോദ്ധ്യമുണ്ടാകും. സ്വന്തം കൈയൊപ്പിട്ട സത്യവാങ്ങ്മൂലം നൽകാത്തതുകൊണ്ട് പത്മ പുരസ്ക്കാരങ്ങൾ അടക്കമൂള്ള ബഹുമതികളൊന്നും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടില്ല. അംഗീകാരങ്ങളും ആദരവുകളുമൊക്കെ കരിങ്കല്ലിലെന്നപോലെ കൊത്തിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ രോഗികളുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ഹൃദയത്തിലാണ്. അതിന്റെ തിളക്കം എല്ലാക്കാലം നിലനിൽക്കുകയും ചെയ്യും.

പൂജാമുറിയിലാണ് ഒരു ടീച്ചർ ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ ഒരു പേജെങ്കിലും വായിക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ലെന്നാണ് അവർ പറയുന്നത്. കേരളത്തിലോ വെളിയിലോ, ഏതെങ്കിലുമൊരു കുടുംബത്തിന്റെ പൂജാമുറിയിൽ, ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഡോ:ഗംഗാധരന്റെ ഒരു ഫോട്ടോ കാണാനിടയായാൽ അതിനെയാരും നിസ്സാരമായിട്ട് കാണുകയോ പുച്ഛിച്ച് തള്ളുകയോ ചെയ്യരുത്. കാരണം, മറ്റനേകം അർബുദ രോഗികളെപ്പോലെ, ആ വീട്ടുകാർക്ക് അദ്ദേഹം കൺകണ്ട ദൈവം തന്നെയാണ്.

വാൽക്കഷണം:‌- ജി.വി.ശ്രീകുമാർ ഡിസൈൻ ചെയ്ത പുസ്തകത്തിന്റെ മുഖചിത്രത്തിൽ ഡോൿടറുടെ ചിത്രത്തിന്റെ പുറകിലായി കാണുന്ന ചുവന്ന ട്രാഫിക് ലൈറ്റിന്റെ അർത്ഥമെന്താണ് ? പുസ്തകം വായിച്ചുതീർക്കുന്ന ഒരാൾക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വരില്ല. ‘സ്റ്റോപ്പ്....... അർബുദ രോഗാണുക്കൾക്ക് ഇതിനപ്പുറത്തേക്ക് പ്രവേശനമില്ല. ഇവിടെ ഡോ:ഗംഗാധരൻ തന്റെ രോഗികൾക്ക് താങ്ങും തണലും തുണയും സ്വാന്തനവുമൊക്കെയായി നിങ്ങളുടെ വഴിമുടക്കി നിൽക്കുന്നു.‘

29 comments:

 1. സത്യം, ഇതില്‍ ചില ഭാഗങ്ങള്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളു, ഇത്രത്തോളം ഹൃദയത്തെ തൊടുന്ന രീതിയില്‍ അധികം ഒരിടത്തും വേറെ വായിച്ചിട്ടില്ല. ഈ പുസ്തകപരിചയത്തിന് നന്ദി

  ReplyDelete
 2. വളരെ വളരെ നന്നായി ഈ ലേഖനം.ഈ പുസ്തകം പരിചയപ്പെടുത്തൽ അല്ലാതെ ആ ദൈവത്തെക്കുറിച്ച് ബൂലോകത്തിൽ ഗംഭീരമായ ഒരു ലേഖനം നിരക്ഷരനിൽ നിന്നും
  പ്രതീക്ഷിക്കുന്നു. എല്ലാ ആസംസകളും

  ReplyDelete
 3. താങ്കളുടെ പരിചയപ്പെടുത്തല്‍ ഒന്നാംതരമായി.ഇന്ന് തന്നെ പുസ്തകം വാങ്ങും.

  ReplyDelete
  Replies
  1. വാങ്ങി,വായന തുടങ്ങി.

   Delete
  2. ഗംഗാധരന്‍റെ അനുഭവങ്ങള്‍ക്ക് അനിയന്‍റെ അവതരണം ഒന്നാന്തരമായി.മനസ്സലിവുള്ള നല്ല ഡോക്റ്റര്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള സൃഷ്ടി തന്നെ.

   Delete
 4. ഒരു പ്രഭാഷണത്തിന്റെ സി ഡി കണ്ടപ്പോഴാണ് ഈ പുസ്തകത്തെപ്പറ്റി അറിഞ്ഞത്. അടുത്ത തവണ നാട്ടിലെത്തിയപ്പോള്‍ വാങ്ങുകയും ചെയ്തു. വളരെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍. ജീവിതം ഒരു അത്ഭുതം തന്നെ എന്ന് ഇത് വായിച്ചുകഴിയുമ്പോള്‍ മനസ്സിലാകും..ഞാന്‍ പലരോടും ഈ പുസ്തകം വായിക്കാനായി പറഞ്ഞിരുന്നു. എന്റെ ഒരു പോസ്റ്റില്‍ ഇതിനെ പറ്റി പറയുകയും ചെയ്തിട്ടുണ്ട്.

  ഈ പരിചയപ്പെടുത്തല്‍ നന്നായി... നിരക്ഷരനില്‍ കൂടി കുറെ ഏറെ പേരിലേക്കും കൂടി ഇത് എത്തട്ടെ..

  ReplyDelete
 5. വായിച്ചു ഈ പുസ്തകം. എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന്.

  ReplyDelete
 6. പുസ്തകം വായിക്കും തീര്‍ച്ച. ക്യാന്‍സര്‍ ബാധിച്ച് പതുക്കെ പതുക്കെ ചിരിച്ചു കൊണ്ട് മരണത്തിന് കീഴൊതുങ്ങിയ എന്റെ ഇക്കാക്കയുടെ, അമ്മായിയുടെ മകന്‍)-, കൂട്ടായി മൂന്നു നാല് മാസം കഴിഞ്ഞു കൂടിയ അനുഭവമുണ്ടെനിക്ക്. പ്രതീക്ഷയുടെയും നിരാശയുടെയും നിമിഷങ്ങള്‍ മാറി മാറി വന്ന് രോഗിയെ പുണര്‍ന്ന നാളുകളില്‍ ഞാന്‍ മനസിലാക്കി, ഒരു ക്യാന്‍സര്‍ രോഗി എത്രമാത്രം ആത്മസംഘര്‍ഷമാണ് അനുഭവിക്കുന്നതെന്ന്. തൊട്ടടുത്ത മുറിയിലെ രോഗി മരണമടഞ്ഞ നേരം ആ കുട്ടി മരിച്ചുവല്ലേ എന്ന് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായ നിസ്സംഗതയോടെ എന്നോട് ചോദിച്ച ഇക്കാക്കയുടെ മുന്‍പില്‍ 'ഉം' എന്ന് മൂളി ദൂരെ പോയി ഞാന്‍ കണ്ണീര്‍ വാര്‍ത്തു. അതൊരനുഭവമാണ് നിരക്ഷരന്‍.; പറഞ്ഞറീക്കാനാകാത്ത അനുഭവം. ഡോക്ടര്‍മാര്‍ക്കിടയിലെ മനുഷ്യരെയും മനുഷക്കോലങ്ങളെയും നിങ്ങള്‍ നേരിട്ട് കാണുന്നു. വെറും ഒരു രോഗി എന്ന നിലയില്‍ രോഗിയോട് പെരുമാറുന്ന ഡോക്ടറെ നിങ്ങള്‍ വെറുക്കുന്നു. അടുത്ത് വന്ന് കുശലാന്വേഷണങ്ങള്‍ നടത്തി കുടുംബക്കാര്യങ്ങള്‍ പങ്കു വെച്ച് സുദീര്‍ഘം സംസാരിച്ച് തിരിച്ചു പോകുന്ന താടിക്കാരന്‍ ഡോക്ടറെയും അമ്മ ഭാവമുള്ള ലേഡി ഡോക്ടറെയും നിങ്ങള്‍ സ്നേഹിക്കുന്നു. ഇപ്പോഴും എഴുത്ത് കുത്തുകളിലൂടെ ബന്ധപ്പെടുന്നു. സാന്ത്വനവും ഒരു ചികില്സയാണെന്നു നിങ്ങള്‍ക്ക്‌ അന്നാണ് ബോധ്യമാകുന്നത്. നന്ദി നിരക്ഷന്‍ ഈ പുസ്തകത്തെ പരിചയപ്പെടുത്തിയതിന്.
  കയ്യില്‍ കിട്ടുന്ന ആ നിമിഷം ഈ പുസ്തകം ഞാന്‍ വായനക്കെടുക്കും.

  ReplyDelete
 7. വായിച്ചു ഈ പുസ്തകം.

  ReplyDelete
 8. ഡോ: ഗംഗാധരന്റെ ഈ പുസ്തകം ഞാന്‍ തേടി നടക്കുന്നത് കുറച്ചായി. ഇത് വരെ കണ്ട് കിട്ടിയില്ല. അദ്ദേഹത്തെ കുറിച്ച്കുറേയധികം കേട്ടിട്ടുണ്ട്. പുസ്തകം വായിക്കണമെന്ന് ആഗ്രഹമുണ്ട്. ഒന്ന് ട്രൈ ചെയ്യട്ടെ.

  ReplyDelete
 9. ഈ പുസ്തകം ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചിരുന്നു.എനിക്ക് നേരിട്ട് പരിചയമുള്ള ഒരു വ്യക്തികൂടിയാണ് ഡോക്ടര്‍ .ജോലി മരുന്ന്നു വില്പനയായത്‌ കൊണ്ട് പ്രത്യേകിച്ചും. ഒരു മനുഷ്യന്റെ സകല അഹങ്കാരങ്ങളും കരിച്ചു കളയാനുള്ള മരുന്നാണ് ഈ പുസ്തകം പല സുഹൃത്തുക്കളെയും നിര്‍ബന്ധിച്ചു വായിപ്പിച്ചിട്ടുണ്ട് . ഇവിടെ അതിനെ കുറിച്ച് എഴുതി കണ്ടതില്‍ ഒരു പാട് സന്തോഷം.

  ReplyDelete
  Replies
  1. ഈ പുസ്തകം മൂന്ന് വര്‍ഷം മുമ്പ് വായിച്ചിട്ടുണ്ട്.
   വായിച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍ ഗംഗാധരന്‍ എന്ന മനുഷ്യത്വമുള്ള,കൈപ്പുണ്യമുള്ള ഡോക്ടറെ മനസ്സ് കൊണ്ട് നമിച്ചു പോയി.
   എത്രയെത്ര ദുരിതങ്ങള്‍ പേറി എവിടെയൊക്കെ ആരൊക്കെ ജീവിക്കുന്നുണ്ട്?എന്നിട്ടും ഒരു നിമിഷ നേരത്തേക്ക് പോലും ആരും അതൊന്നും ചിന്തിക്കാന്‍ പോലുമിഷ്ട്ടപ്പെടുന്നില്ല.സുഖലോലുപതയില്‍ നിന്നും സുഖലോലുപതയിലേക്ക്..അതായിരിക്കുന്നു ഭൂരിപക്ഷം പേരുടെയും ലക്‌ഷ്യം.
   എന്റെ മോള്‍ക്ക്‌ ഡിഗ്രിക്ക് ഒരു പേപ്പര്‍ translation ആയിരുന്നു.അവള്‍ ഈ പുസ്തകത്തിലെ പത്തോളം പേജ് ആണ്‌ അതിനുപയോഗിച്ചത്.
   ഇതിവിടെ പരിചയപ്പെടുത്തിയത് വളരെ നന്നായിരിക്കുന്നു.

   Delete
 10. Ouru pusthakaparichayappeduthaliloode bhahumanyanaya docotor gangadharan saarine kurichu ariyichathu ottere perkku gunam cheyyum. Thank u niraksharanji.

  ReplyDelete
 11. "ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഡോ:ഗംഗാധരന്റെ ഒരു ഫോട്ടോ കാണാനിടയായാൽ അതിനെയാരും നിസ്സാരമായിട്ട് കാണുകയോ പുച്ഛിച്ച് തള്ളുകയോ ചെയ്യരുത്. കാരണം, മറ്റനേകം അർബുദ രോഗികളെപ്പോലെ, ആ വീട്ടുകാർക്ക് അദ്ദേഹം കൺകണ്ട ദൈവം തന്നെയാണ്."
  ഡോൿടർ ഗംഗാധരനെ അറിയുന്ന ഏതൊരാൾക്കും അദ്ദേഹം ദൈവതുല്യൻ തന്നെ. ഈ പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി മനോജേട്ടാ.

  ReplyDelete
 12. http://ragetobe.blogspot.com/2008/12/my-encounter-with-death-1-dr-v-p.html

  ReplyDelete
 13. പുസ്തകത്തെ കുറിച്ച് പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 14. njaaum vaanghiyirunhu ee book..Vaayikukayum vedhanikukayum kaanukal eeranavukayum cheythirunnu....

  ReplyDelete
 15. sസമകാലിക മലയാളത്തിൽ ഒട്ടുമിക്കതും വായിച്ചിരുന്നു.ഒരു യാത്രയിൽ നേരിട്ട് സംസാരിക്കുകയുമുണ്ടായി.ഒരു മനുഷ്യൻ തന്റെ നിയോഗം തിരിച്ചറിഞ്ഞത് അനുഭവിക്കുകയായിരുന്നു.

  ReplyDelete
 16. തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകും വരെ ലേക് ഷോറിലെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ മനുഷ്യരൂപം പൂണ്ട മാലാഖയെന്ന് നാം വിശ്വസിക്കുന്ന ഡോ. വി.പി.ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരര്‍ മനസുകാണിക്കണം.
  http://www.nalamidam.com/archives/9543

  ReplyDelete
 17. തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകും വരെ ലേക് ഷോറിലെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ മനുഷ്യരൂപം പൂണ്ട മാലാഖയെന്ന് നാം വിശ്വസിക്കുന്ന ഡോ. വി.പി.ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരര്‍ മനസുകാണിക്കണം. ചൂഷണവും പണാര്‍ത്തിയുമാണല്ലോ ചികില്‍സയില്ലാത്ത അര്‍ബുദങ്ങള്‍.
  http://www.nalamidam.com/archives/9543

  ReplyDelete
 18. പരിചയപ്പെടുത്തലിനു നന്ദി...
  ഗംഗാധരന്‍ ഡോക്ടറെ അറിയാം.
  ഇനിയും കാലങ്ങളോളം കണ്ണീരൊപ്പാന്‍ അദ്ദേഹം നമ്മോടൊപ്പം ഉണ്ടാവട്ടെ.

  ReplyDelete
 19. ഇവിടെ വന്ന ഒരു കമന്റിനോടുള്ള വിയോജിപ്പുകൂടി രേഖപ്പെടുത്തുന്നു. ആതുരശുശ്രൂഷാരംഗത്ത് ഡോക്‌ടർമാർ ഒഴികെ മറ്റു പലർക്കും ഇന്ന് നമ്മുടെ രാജ്യത്ത് കിട്ടുന്ന പ്രതിഫലം തീരെ കുറവാണെന്നത് സമ്മതിക്കുന്നു. മെച്ചപ്പെട്ട വേതനത്തിനും ജീവിത സഹചര്യങ്ങൾക്കും വേണ്ടി നേഴ്സുമാർ നടത്തുന്ന പണിമുടക്കിനോട് അനുഭാവപൂർണ്ണമായ നിലപാടാണ് ഉള്ളത്. എന്നാൽ ഇതിന്റെ പേരിൽ ഡോക്‌ടർമാർ സേവനരംഗത്തുനിന്നും വിട്ടുനിൽക്കണം എന്ന അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുന്നില്ല. ഒരു മനുഷ്യജീവൻ വളരെ വിലപ്പെട്ടതാണ്. തക്കസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ അത് നഷ്ടപ്പെടും. പിന്നീട് അതേക്കുറിച്ച് പരിതപിക്കാൻ മാത്രമേ സാധിക്കൂ. അതുകൊണ്ട് സമരങ്ങളുടെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത്.

  ReplyDelete
 20. മൂന്നു നാലു വർഷമായി ഈ പുസ്തകം കൈയ്യിലിരിക്കുന്നു. എന്തുകൊണ്ടോ വായന പകുതിയ്ക്ക് അപ്പുറം പോയില്ല. ബാക്കി ഇനി വായിക്കുകയും ഇല്ല.

  തല്യ്ക്കു പുറകിൽ നിന്നും ഒരു അടി കിട്ടിയതു പോലെ ആയിരുന്നു വായിച്ച ദിവസം. ഇനി അത്തരമൊരു അനുഭവത്തിന് മനുപ്പൂർവ്വം നിന്നു കൊടുക്കുന്നില്ല, അത്ര തന്നെ.
  എന്നാൽ മറ്റു വായനക്കാർക്കു അങ്ങിനെയല്ല തോന്നിയതെന്നും അഭിപ്രായങ്ങളിൽ നിനും മനസിലായി. എന്തായാലും ക്യാൻസറിനേക്കുറിച്ച് ഉള്ള ഭയം വളരെയധികം കൂടി എന്നതും മറ്റൊരു സത്യം!

  ReplyDelete
 21. ഞാനും വായിച്ചു ഡോക്ടര്‍ ungle ന്റെ പുസ്തകം .....ഞാനും അതില്‍ ഒരംഗം.......ആ പറഞ്ഞെതെല്ലാം സത്യം.......കാരണം ഞാന്‍ സാക്ഷി....

  ReplyDelete
 22. ഇന്ന് കുര്യൻ ടവറിൽ ഉള്ള ഡി സി ബുക്സിൽ നിന്നും "ജീവിതം എന്ന അത്ഭുതം" വാങ്ങിച്ചു. പല യാഥാർത്ഥ്യങ്ങളും വളരെ വേദനിപ്പിക്കുന്നതു തന്നെ. മുഴുവനും വായിക്കാൻ സാധിക്കും എന്ന് കരുതുന്നു.

  ReplyDelete
 23. മനോജേട്ടാ ഇന്നത്തോടെ പുസ്തകം മുഴുവൻ വായിച്ചു. നന്ദി ഒരു നല്ല പുസ്തകം പരിചയപ്പെടുത്തിയതിന്. ക്യാൻസർ എന്ന വ്യാഥിയെപ്പറ്റിയുള്ള പല ധാരണകളും തെറ്റായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. പച്ചയായ പല ജീവിത യാഥാർത്ഥ്യങ്ങളും അറിഞ്ഞു. കഴിഞ്ഞ സെപ്തംബർ മാസത്തിൽ അമൃത ആസ്പത്രിയിലെ സർജിക്കൽ ഓൺകോളജി വിഭാഗത്തിൽ ഡോക്‌ടർ വിജയകുമാറിന്റെ മുറിയുടെ മുൻപിൽ ഇരുന്നതും അന്ന് കണ്ട പല മുഖങ്ങളും മുന്നിലൂടെ കടന്നു പോയി. ഇനിയും ഒരുപാടു രോഗികൾക്ക് ആശ്വാസമേകാൻ ഈ ഡോക്‌ടർമാർക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രം

  ReplyDelete
 24. പുസ്തകം പരിചയപ്പെടുത്തിയതിന് വളരേയധികം നന്ദി. ആശംസകൾ.

  ReplyDelete
 25. അവിടത്തെ താമസക്കാർ എല്ലാവരും ഷിബുവും ഷിബിയും തന്നെ. പക്ഷേ, അതിഥികൾ വരുമ്പോൾ കണ്ണുരുട്ടി അകത്തേയ്ക്കു ഓടിക്കാൻ ആരുമില്ല . അകത്തും പുറത്തും, വെളിയിലെ പൂന്തോട്ടത്തിലും യഥേഷ്ടം സഞ്ചരിക്കാം. അതു അവരുടെ മാത്രം ലോകം. ചിരിയും പാട്ടും വ്യായാമവും ആയി സമയം കഴിക്കുന്നു. രോഗികൾക്കു കൃത്യസമയത്ത് മരുന്നും. താല്പര്യമുള്ളവർക്കു പ്രാർത്ഥനും ആവാം. ഒരു മുറിയ്ക്കും മരുന്നിന്റേയും കുഴമ്പിന്റേയും മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധവും ഇല്ല. വൈദ്യ സഹായം വേണ്ടവർക്ക് കൃമീകരണങ്ങൾ എല്ലാം ചെയ്തിരിക്കുന്നു. എല്ലാവരുടെയും മുഖത്തു തൃപ്തിയും സന്തോഷവും.

  പുസ്തകം പരിചയപ്പെടുത്തിയതിന് വളരെയധികം നന്ദി. ആശംസകൾ.

  ReplyDelete
 26. സമ്പന്നതയുടെയും സുഖസൗകര്യങ്ങളുടെയും ദുര്‍മേദസ്സുമായി ജീവിതത്തിന്റെ പരമോന്നതിയില്‍ സുഖസുഷുപ്തിയില്‍ കഴിയുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യമെന്ന പടുകുഴിയിലേക്ക് പതിക്കാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഓങ്കോളജി വാര്‍ഡില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ മതി എന്ന് എവിടെയോ പറയുന്നത് കേട്ടിട്ടുണ്ട്. ഡോ.വി.പി.ഗംഗാധരന്‍റെ അനുഭവങ്ങള്‍ 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകം വായിച്ചാല്‍ മേല്‍പ്പറഞ്ഞത് സത്യമാകാനേ തരമുള്ളൂ എന്ന് മനസ്സിലാകും.

  മുഴുവന്‍ ജീവജാലങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ദൈവം തന്റെ ജോലിഭാരം കുറയ്ക്കാന്‍ ചിലപ്പോള്‍ ചിലരെ ചില നിയോഗങ്ങളുമായി സൃഷ്ടിക്കും. അങ്ങനെ ദൈവത്തിന്റെ ജോലി ഏറ്റെടുത്ത്‌ മനുഷ്യനായി മനുഷ്യാര്‍ക്കിടയില്‍ ജീവിക്കുന്ന ഒരു അപൂര്‍വ്വസൃഷ്ടിയായിരിക്കും ഡോ.വി.പി.ഗംഗാധരന്‍ . മുന്‍പ്‌ പലയിടത്തും കേട്ടിരുന്നു ഡോക്ടറെക്കുറിച്ച്. കഴിഞ്ഞ മാസങ്ങളിലെപ്പോഴോ അമൃത ടിവിയില്‍ 'കഥ ഇതുവരെ' എന്ന പരിപാടിയില്‍ അദ്ദേഹത്തെക്കുറിച്ച് കുറെയേറെ അറിയാന്‍ കഴിഞ്ഞു. അതിനു പിന്നാലെ തപ്പിപ്പിടിച്ച് കണ്ടെത്തിയ ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍ ആദരവ് കൂടിയിട്ടേയുള്ളൂ.

  ഒരു കാര്യം ഞാന്‍ വിശ്വസിക്കുന്നു. മരണത്തിന്റെ പടിവാതില്‍ക്കല്‍നിന്ന് അദ്ദേഹം ജീവിതത്തിലേക്ക്‌ വലിച്ചിറക്കികൊണ്ടുവന്ന അനേകായിരം ജീവിതങ്ങളുണ്ട്. അവരുടെയൊക്കെ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം ഡോ.ഗംഗാധരന്‍റെ ചിത്രവും പൂവിട്ടു പൂജിക്കുന്നുണ്ടാകും.

  ഡോക്ടര്‍ സ്വന്തം അനുഭവം നേരിട്ടെഴുതിയ രീതിയില്‍ വായനാനുഭവം സമ്മാനിച്ച കെ.എസ് അനിയനെയും അഭിനന്ദിക്കാതെ വയ്യ.

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.