Monday, 14 November 2011

എന്നേം സ്ക്കൂളിൽ ചേർക്ക്വോ ?

മയം വൈകീട്ട് ആറര മണി കഴിഞ്ഞിരുന്നു. ഇരുട്ട് വീഴുന്നതിന് മുന്നേ ചുരം ഇറങ്ങണമെന്നായിരുന്നു പദ്ധതി. എന്നിരുന്നാലും, ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോകാമെന്ന് സാമുവൽ മാഷ് നിർബന്ധിച്ചപ്പോൾ നിരസിക്കാനായില്ല. തൊട്ടടുത്തുള്ള കോഫി ഹൌസിനകത്തേക്ക് കയറി ഓരോ കാപ്പി മാത്രം ഓർഡർ ചെയ്ത് ലോകകാര്യങ്ങൾ സംസാരിച്ചങ്ങനെ ഇരുന്നപ്പോൾ, ഇരുട്ട് പടർന്ന് തുടങ്ങിയിരുന്നു.

നാലഞ്ച് മാസങ്ങൾക്ക് മുന്നുള്ള സംഭവമാണ്, സ്ഥലം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി. മുൻപൊരിക്കൽ മാനന്തവാടിയിൽ വെച്ചാണ് സാമുവൽ മാഷിനെ ആദ്യമായി കാണുന്നത്. ഇത് രണ്ടാമത്തെ കൂടിക്കാഴ്ച്ച. അദ്ധ്യാപകൻ എന്നതിലുപരി കുട്ടികളുടെ കാര്യങ്ങൾക്കായി സ്കൂളിനകത്തും പുറത്തും പ്രവർത്തിക്കുന്ന സഹൃദയനായ ഒരു സമൂഹജീവി. അതാണ് എനിക്കറിയുന്ന സാമുവൽ മാഷ്.

2011 ജൂൺ മാസം ബൂലോകരുടെ കാരുണ്യ കൂട്ടായ്മയായ ‘ബൂലോക കാരുണ്യ‘ത്തിന്റെ അംഗങ്ങൾ യൂണിഫോം വിതരണം ചെയ്തത് സാമുവൽ മാഷിന്റെ സ്കൂളിലാണ്. ‘പാവപ്പെട്ട ആദിവാസി കുട്ടികൾക്ക് ഓരോ യൂണിഫോം നൽകാനാവില്ലേ?’ എന്ന ചോദ്യം കുഞ്ഞഹമ്മദിക്ക വഴി ബൂലോകരോട് തൊടുത്തത് സാമുവൽ മാഷായിരുന്നു. ആ ചോദ്യത്തിന് ഫലമുണ്ടായി. ഇന്ന് സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ കുട്ടികൾ എല്ലാവരും പുതിയ യൂണിഫോം കിട്ടിയതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടേയും വ്യക്തിപരമായ അളവെടുത്ത് തുന്നിയതുകൊണ്ട് യൂണിഫോമിന് മുറുക്കമെന്നോ അയവെന്നോ ഉള്ള പരാതികൾ ഒന്നുമില്ല.

ഒരു കാപ്പി കുടിക്കാനുള്ള സമയത്തിനപ്പുറത്തേക്ക് സംസാരം നീണ്ടുനീണ്ട് പോയി. ഹൃദയസ്പർശിയായ ഒരു സംഭവം ഈയിടയ്ക്ക് സ്ക്കൂളിൽ ഉണ്ടായെന്ന് മാഷ് പറഞ്ഞപ്പോൾ, അൽ‌പ്പം കൂടെ വൈകിയാലും കുഴപ്പമില്ല അതുകൂടെ കേട്ടിട്ട് പിരിഞ്ഞാൽ മതിയെന്നായി എനിക്ക്.

സ്കൂൾ തുറക്കുന്ന വാരത്തിൽ എന്നെങ്കിലുമൊരു ദിവസം കുട്ടികൾക്കൊക്കെ മധുരം കൊടുത്ത് ഒരു സ്വീകരണച്ചടങ്ങ് പതിവുണ്ടത്രേ! ചടങ്ങൊക്കെ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് കുറേ കഴിഞ്ഞാണ് സ്കൂൾ വരാന്തയിൽ എല്ലാവരും ആ കുട്ടിയെ ശ്രദ്ധിച്ചത്. നാലഞ്ച് വയസ്സ് പ്രായമുള്ള ഒരു ആദിവാസി പെൺകുട്ടി. ആ സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ല. കാര്യമെന്തെന്നറിയാനായി മാഷും സഹപ്രവർത്തകരും കുട്ടിയുടെ അരികിലേക്ക് ചെന്നു.

“എന്നേം സ്ക്കൂളിൽ ചേർക്ക്വോ ? “

അവളുടെ ചോദ്യം അദ്ധ്യാപകരുടെ ഉള്ളിലെവിടെയോ ചെന്ന് തറച്ചെന്ന് മാഷിന്റെ പതറിയ ശബ്ദത്തിൽ നിന്ന് വ്യക്തം. നെഞ്ച് പിടഞ്ഞത് മറച്ചുവെക്കാൻ എനിക്കുമായില്ല.

അടുത്ത പരിസരത്തുള്ള ഒരുവിധം ആദിവാസി കുട്ടികളെയൊക്കെ അദ്ധ്യാപകർക്ക് അറിയാം. എല്ലാവരേയും സ്ക്കൂളിൽ ചേർത്തിട്ടുമുണ്ട്. പക്ഷെ, ഇങ്ങനൊരു കുട്ടിയെ കണ്ടതായി ആർക്കും ഓർമ്മയില്ല. സ്ക്കൂളിൽ ഒരു കുട്ടിയെ ചേർക്കുന്നതിന് ചില നടപടിക്രമങ്ങളൊക്കെ ഉണ്ട്. രക്ഷകർത്താക്കൾ ആരെങ്കിലും വരാതെ പറ്റില്ല. അദ്ധ്യാപകർ ധർമ്മസങ്കടത്തിലായി. പരിസരപ്രദേശത്തൊക്കെ കൂടുതൽ അന്വേഷിച്ചപ്പോളാണ് കാര്യങ്ങളെല്ലാം വ്യക്തമായത്.

ജ്യോത്സന, അതാണവളുടെ പേര്. അച്ഛനും അമ്മയും ഇല്ല. വയനാട്ടിലെ ആദിവാസികൾ പലരും ഒരു നേരത്തെ അന്നത്തിനായി കൂലിപ്പണിക്ക് ചെന്നടിയുന്ന കുടകിലെ കൃഷിയിടങ്ങളിൽ എവിടെയോ ആയിരുന്നു ജോത്സനയും അവളുടെ അച്ഛനമ്മമാരും. അവിടെ വെച്ച് അവൾ അനാഥയായി. അതെങ്ങനെ എന്ന് ആർക്കുമറിയില്ല, ആരും അന്വേഷിച്ചിട്ടുമില്ല. പിന്നെ, കുടകിലുള്ള മറ്റാരോ അവളെ വയനാട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഇവിടെ മുത്തശ്ശിയുടെ കൂടെയാണ് താമസം.

എല്ലാവരും സ്കൂളിൽ പോകുന്നത് കണ്ട് കൊതിയോടെ വന്നതാണവൾ. പഠനം മാത്രമല്ല മുന്നോട്ടുള്ള ജീവിതവും അവൾക്ക് മുന്നിൽ ചോദ്യചിഹ്നമാണ്. അദ്ധ്യാപകർ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ വഴി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു. സബ് ഇൻസ്‌പെൿടർ നാ‍ട്ടുകാര്യങ്ങളിൽ നന്നായിട്ട് സഹകരിക്കുന്ന വ്യക്തിയാണ്. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഇന്നിപ്പോൾ, ജ്യോത്സന സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ ഒരു വിദ്യാർത്ഥിനിയാണ്.

Picture Courtesy :- Click Here
സ്ക്കൂൾ ബസ്സും, സ്ക്കൂൾ ബാഗും, വാട്ടർ ബോട്ടിലും, പെൻസിൽ ബോക്സും, ടിഫിൻ ബോക്സും, ഒന്നും ഇല്ലാത്ത കുട്ടികൾ. സ്ക്കൂളിന്റെ പടിക്കകത്തേക്ക് കയറാൻ കൊതിക്കുന്ന, അതിനായി കെഞ്ചുന്ന കുരുന്നുകൾ. എല്ലാ സുഖസൌകര്യങ്ങളോടും കൂടെ സ്ക്കൂളിൽ പോകുന്ന, ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പുതിയ പെൻസിലും പേനയും സ്കൂൾ ബാഗുമൊക്കെ കൈയ്യിൽക്കിട്ടുന്ന, നമ്മളിൽ പലരുടെയും വീട്ടിലെ കുട്ടികൾ അറിയുന്നുണ്ടോ  ഇങ്ങനേയും ബാല്യങ്ങൾ ഉണ്ടെന്ന് ?!!

ഇന്ന് ശിശുദിനം. “എന്നേം സ്ക്കൂളിൽ ചേർക്ക്വോ“ എന്നു ചോദിച്ച് അലയേണ്ട അവസ്ഥ, സാക്ഷര കേരളത്തിലെ ഒരു കുഞ്ഞിനും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ, എല്ലാം കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ.

30 comments:

 1. “എന്നേം സ്ക്കൂളിൽ ചേർക്ക്വോ ? “

  അവളുടെ ചോദ്യം അദ്ധ്യാപകരുടെ ഉള്ളിലെവിടെയോ ചെന്ന് തറച്ചെന്ന് മാഷിന്റെ പതറിയ ശബ്ദത്തിൽ നിന്ന് വ്യക്തം.

  ReplyDelete
 2. "എന്നെം സ്കൂളിൽ ചെർക്കുവൊ?". ചൊദ്യം മനസിൽ തട്ടുന്നു.
  ...എല്ലാ കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ !

  ReplyDelete
 3. വളരെ അവസരോചിതം,പ്രിയ മനോജ്...

  ReplyDelete
 4. ആ ചോദ്യം ഉള്ളില്‍ തറയ്ക്കുന്നു... ഈയൊരവസ്ഥ ഒരു കുഞ്ഞിനും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ...
  (ശിശു ദിനത്തിലെ ഈ പോസ്റ്റ്‌ നന്നായി.)

  ReplyDelete
 5. ഈശ്വരാ... നെഞ്ച് പിടഞ്ഞു ഇത് വായിച്ചപ്പോള്‍...സൌകര്യകൂടുതല്‍ കൊണ്ട് ശ്വാസം മുട്ടുന്ന കുഞ്ഞുങ്ങളെ അല്ലെ നമ്മുക്കറിയൂ...ഇങ്ങനെ ഉള്ള പാവം കുട്ടികളെ.... എന്നാലും അവളും സ്കൂളില്‍ ചെര്ന്നല്ലോ... അത്രയും ആശ്വാസം..

  ReplyDelete
 6. ചോദ്യം ഉള്ളില്‍ തറയ്ക്കുന്നു. വളരെ അവസരോചിതമായ പോസ്റ്റ്‌

  ReplyDelete
 7. എന്‍റെ കുട്ടികളെ ഇവിടെ ചേര്‍ക്കുമോ എന്ന ചോദ്യം കേട്ടിട്ടുണ്ട് ..പക്ഷെ ആദ്യമായാണ്‌ എന്നെ സ്കൂളില്‍ ചേര്‍ക്കുമോ എന്ന ചോദ്യം .....!

  ശിശുദിന ആശംസകള്‍ ..

  ReplyDelete
 8. സത്യം വല്ലാതെ വിങ്ങി..നിരൂജി എന്തുസഹായത്തിനും കൂടെ ഉണ്ടാവും എന്നുറപ്പുതരുന്നു......സസ്നേഹം

  ReplyDelete
 9. കണ്ണു നിറഞ്ഞു.. ഇത് എന്റെ മക്കളോട് വായിക്കാന്‍ പറയുന്നു.. അവരുടെ കണ്ണുനിറയണേ എന്ന് പ്രാര്‍ത്ഥനയോടെ..........

  ReplyDelete
 10. 'ഈ ശിശുദിനത്തില്‍ നമ്മള്‍ ഇവളെയും ഓര്‍ക്കുന്നു' എന്ന കാപ്ഷനോടെ സൂര്യ ടീ.വിയില്‍ സുഗതകുമാരി ടീച്ചറുടെ 'പെണ്‍കുഞ്ഞ്' എന്ന കവിതയുടെ ദ്രിശ്യാവിഷ്ക്കാരം ഇതാ രണ്ടു തവണ കണ്ടതെ ഉള്ളൂ....ഈ പോസ്റ്റ്‌ കൂടി ആയപ്പോള്‍ -- എത്ര നിരര്തകമായിട്ടാണ് നമ്മള്‍ ശിശു ദിനങ്ങള്‍ കൊണ്ടാടുന്നത്...???

  ReplyDelete
 11. നമ്മളിൽ പലരുടെയും വീട്ടിലെ കുട്ടികൾ അറിയുന്നുണ്ടോ ഇങ്ങനേയും ബാല്യങ്ങൾ ഉണ്ടെന്ന് ?!!
  നല്ല പോസ്റ്റ്‌ .

  ReplyDelete
 12. ശിശുദിന കുറിപ്പ് നന്നായി.
  വിദ്യാഭ്യാസം ജന്മാവകാശം .....
  എല്ലാ കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ പറ്റുന്ന സാഹചര്യം
  നമ്മുടെ നാട്ടില്‍ എന്നെങ്കിലും വരുമോ?

  ReplyDelete
 13. മനോജ്‌,

  വായനക്കാരുമായി സംവദിക്കാന്‍ കഴിയുന്ന വിധം എഴുതാന്‍ കഴിയുന്നത്‌ ഒരു കലയാണ്‌. നിത്യജീവിതത്തില്‍ നിന്നുതന്നെ വിഷയ ദാരിദ്ര്യം ഇല്ലാതെ, അവസരോചിതമായി, ഹൃദയ സ്പര്‍ശിയായി, എല്ലാത്തിനുമുപരി ചിന്തോദ്ദീപകമായി എഴുതുന്നതിനു നന്ദി.

  ഒരു തിരക്കഥ എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ ചില മറു ഭാഷാ ചിത്രങ്ങളോട്, പ്രതേകിച്ചും ചില തമിഴ് സിനിമകളോട് (ഉദാ: അങ്ങടിത്തേര്, എങ്കെയും എപ്പോതും) കിടപിടിക്കണമെങ്കില്‍ മനോജിനെപ്പോലുള്ളവരുടെ എഴുത്ത് പ്രോത്സാഹിക്കപ്പെടണം.

  എല്ലാവിധ ആശംസകളും
  ശൈലേഷ്

  ReplyDelete
 14. അവസരോചിതമായ കുറിപ്പ്.
  ആ കൊച്ചുമിടുക്കിക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.

  ReplyDelete
 15. @ ശൈലേഷ് - വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  ഇതുപോലെ കുറിപ്പുകൾ എഴുതിയാണ് ശീലം. അതിനപ്പുറത്തേക്ക് ഒന്നിനെപ്പറ്റിയും ഗൌരവത്തോടെ ആലോചിച്ചിട്ടില്ല. തിരക്കഥ എഴുതില്ല എന്ന് ശാഠ്യമൊന്നും ഇല്ല. സാക്ഷാൽ എം.ടി.വാസുദേവൻ നായർ തിരക്കഥ എഴുതുന്ന രീതി, അതിന്റെ കൈയ്യെഴുത്ത് പ്രതികൾ തന്നെ കണ്ട് മനസ്സിലാക്കി പഠിക്കാൻ ഒരു അവസരം വന്നുചേർന്നിട്ട് നാളുകൾ ഒരുപാടായി. പക്ഷെ അൽ‌പ്പം കൂടെ ആത്മാർത്ഥമായ ശ്രമം ഇതുവരെ എന്റെ ഭാഗത്തുനിന്നുണ്ടായില്ല. തികച്ചും യാദൃശ്ചികമാകാം, ഇന്നലെ അക്കാര്യം, കൈയ്യെഴുത്തുപ്രതികൾ കൈവശം വെച്ചിരിക്കുന്ന ആളുമായി സംസാരിക്കുകയുണ്ടായി. എഴുതാനായില്ലെങ്കിലും കണ്ട് മനസ്സിലാക്കാൻ ഒരു ശ്രമം താമസിയാതെ ഉണ്ടാകുന്നതാണ്.

  വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.

  ReplyDelete
 16. എന്റെയൊക്കെ ചെറുപ്പം ഇതുപോലൊക്കെത്തന്നെയായിരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.എന്നാൽ ഉള്ളുലക്കുന്ന ചില ഷോട്ഫിലുമുകൾ എടുക്കാൻ മനോജിനു കഴിയും.അതിനുള്ള ദൃശ്യബോധവും ഭാഷാബോധവും ,സർവ്വോപരി മനുഷ്യസ്നേഹവും കൈമുതലായുള്ളപ്പോൾ.

  ReplyDelete
 17. മനോജ്, വളരെ ഹൃദയസ്പർശിയായ വിവരണം. നമ്മുടെ നാടിന്റെ യഥാർത്ഥ മുഖം ഇതാണെന്ന് ഇനി എന്നാണ് നമ്മൾ തിരിച്ചറിയുക.

  വികൃതമായ യാഥാർത്ഥ്യത്തിന്റെ ഈ മുഖം, മറ്റു പല പൊങ്ങച്ചങ്ങളുടെയും മറവിൽ ഒളിപ്പിച്ചു വയ്ക്കുവാൻ സമൂഹം പരിശ്രമിക്കുമ്പോൾ, നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു..എന്തിനും കൂടെയുണ്ടാകും എന്ന ഉറപ്പ് നൽകുന്നു.
  സ്നേഹപൂർവ്വം.

  ReplyDelete
 18. ആ കുട്ടി അത് ചോദിച്ചല്ലോ.. അത് പോസിറ്റീവ് ആയി എടുക്കണം. പലര്‍ക്കും ഇന്നും ഭയമാണെന്ന് തോന്നുന്നു. എന്നെ പക്ഷെ ഏറെ അത്ഭുതപ്പെടുത്തിയത് ആ കുട്ടിയുടെ പേരാണ്. ജ്യോത്സ്ന.. ആദിവാസികള്‍ക്കിടയിലും ഇത്തരം പേരുകള്‍ ഒക്കെ എത്തി എന്നതും സന്തോഷം അല്ലേ. മുന്‍പായിരുന്നെങ്കില്‍ ജാനുവിനും നീലിക്കും കാളിക്കും മറ്റും അപ്പുറത്തേക്ക് പോകുവാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു. അപ്പോള്‍ അവരും മാറി തുടങ്ങി. അത് നല്ല ഒരു കാര്യമായി തോന്നുന്നു.

  ReplyDelete
 19. ആ നല്ല മാഷിനു് സ്നേഹ വന്ദനം.

  ReplyDelete
 20. വീഡിയോ ഗെയിമും മൊബൈലും കൊണ്ട് സ്കൂളില്‍ പോകുന്ന നമ്മുടെ നാട്ടിലെ കുട്ടികള്‍ വേണം ഈ ചോദ്യം കേള്‍ക്കാന്‍..
  ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഒരു സാമുവല്‍ മാഷുണ്ടായത് ആ കുഞ്ഞിന്റെ ഭാഗ്യം.

  ReplyDelete
 21. Jaleel Areepurath17 November 2011 at 05:14

  മലയാളിയുടെ കപട സാമൂഹ്യപ്രതിബദ്ധതയ്ക്കും,സമ്പൂർണ്ണ സാക്ഷരതയ്കുമെതിരെയുള്ള കനലാകേണ്ടതാണീ ചോദ്യം.

  ReplyDelete
 22. എന്നേം സ്‌കൂളില്‍ ചേര്‍ക്ക്വോ? സാക്ഷരരെന്നും പ്രബുദ്ധരെന്നും നടിക്കുന്ന നടിക്കുന്ന മൊത്തം മലയാളികളോടുള്ള ചോദ്യമല്ലേ എന്ന് ചിന്തിച്ചുപോയി. അവളുടെ അച്ഛനുമമ്മയും കുടകിലായിരുന്നെന്ന് സമാധാനിക്കാം...എന്നാല്‍ വയനാട്ടില്‍ ഇതുപോലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ചരിത്രം എവിടെ നില്ക്കുന്നുവെന്ന് നിരക്ഷരനറിയുമെന്ന് അറിയാം. അവര്‍ ഏതു സ്‌കൂളിലന്റെ മുന്നിലാണ് പോയി നില്‍ക്കേണ്ടതെന്നും...

  സാമുവല്‍ മാഷേയും സഹാധ്യാപകരെയും നന്ദിയോടെ ഓര്‍ക്കുന്നു. കുഞ്ഞമ്മദിക്കയെയും

  ReplyDelete
 23. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പരിപാടിയില്‍ 2001- ഇല്‍ അവര്‍ ചെയ്ത ഒരു പ്രോഗ്രാമിന്റെ റിവ്യൂ ഉണ്ടായിരുന്നു. അമ്മ മരിച്ച 3 കുട്ടികള്‍.. 7 വയസ്സ് കാരിയായ മൂത്ത പെണ്‍കുട്ടി മറ്റു രണ്ടുപേര്‍ക്കും അമ്മയായി മാറുന്ന കഥ ( അല്ല ജീവിതം ).അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്.. ആദിവാസികള്‍ ആണ് .കഥ ചാനലിലൂടെ പുറത്ത് വന്നപ്പോള്‍ അവരെ സഹായിക്കാന്‍ ധാരാളം ആള്‍ക്കാര്‍ മുന്നോട്ടു വന്നു. അവര്‍ക്ക് വീടായി.. സ്കൂളില്‍ പഠിക്കാനുള്ള സൌകര്യമായി.. 2008 ആയപ്പോഴേക്കും കഥ മാറി.. അച്ഛന്‍ രണ്ടാമത് കല്യാണം കഴിച്ചു.. അവരോടു ജോജിക്കാനാകാതെ ഈ പെണ്‍കുട്ടി വീട് വിട്ടിറങ്ങി.. ഒരു ചെറുപ്പക്കാരനോടൊപ്പം..പഠിത്തമൊക്കെ വഴിയിലായി .. ഇപ്പോള്‍ 2012 -ഇല്‍ അവള്‍ക്ക് 19 വയസ്സ്.. 3 മക്കള്‍.. സ്വന്തമായി ഒരു ഭര്‍ത്താവ്....

  പഠിക്കാനുള്ള സാഹചര്യങ്ങള്‍ മാത്രമല്ല വിദ്യാഭ്യാസം ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കൂടി ഇവരെ പഠിപ്പിക്കണം..എന്നാലെ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഫലം ഉണ്ടാകൂ എന്നല്ലേ ഈ ചാനല്‍ കഥ നമ്മെ മനസ്സിലാക്കിക്കുന്നത്...
  എല്ലാ കുഞ്ഞുങ്ങള്‍ക്കും ശിശുദിനാശംസകള്‍.

  ReplyDelete
 24. ആ പിഞ്ചു ബാലികയുടെ അങ്ങനെ ഒരു ചോദ്യം ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ വായിക്കുവാന്‍ സാധിക്കിലായിരുന്നു... ആ പോന്നു മോള്‍ക്ക്‌ ജീവിതത്തില്‍ എപ്പോല്ഴും നന്മകള്‍ ഉണ്ടാവട്ടെ.. അത് പോലെ പാവങ്ങള്‍ക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന നല്ല ഹൃദയങ്ങള്‍ക്കും...
  ഈ ശിശു ദിനത്തില്‍ എല്ലാ മക്കള്‍ക്കും എല്ലാ നന്മകളും നേരുന്നു...

  ഈ ബ്ലോഗ്‌ വായിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്...

  നിരീക്ഷകനും കുടുംബത്തിനും ഐശ്യര്യം നേര്‍ന്നു കൊണ്ട്..സസ്നേഹം...

  www.ettavattam.blogspot.com

  ReplyDelete
  Replies
  1. @ ഷൈജു എ.എച്ച്. - നിരീക്ഷകൻ അല്ല മാഷേ. നിരക്ഷരൻ... നിരക്ഷരൻ... :)

   Delete
 25. സാമുവല്‍ മാഷിനും കുഞ്ഞമ്മദിക്കയ്ക്കും നീരുവിനും ...
  ആശംസകള്‍. :)അഭിനന്ദനങ്ങള്‍...:)

  എല്ലാ ശിശുക്കള്‍ക്കും ശിശുദിനാശംസകള്‍.!!

  ReplyDelete
 26. മനോജ്..വളരെ വിഷമിപ്പിക്കുന്ന ഒരു അവസ്ഥയാണിവരുടേത്‌, കുടകിലേക്ക് ഇവരെ കൊണ്ടു പോകുന്ന ഇഞ്ചി കര്‍ഷകര്‍ പിന്നീട് ഈ ആദിവാസികളെ അടിമകളെ പോലെയാണ് പണി എടുപ്പിക്കുന്നതു..ഇതിനിടയില്‍ മരണമടയുന്നവരും, ചാടി പൊകുന്നതു വഴി അപകടത്തില്‍ പെടൂന്നതു, വഴി തെറ്റി അലയുന്നവരും ഉണ്ടെന്ന്‌ അറിഞ്ഞിട്ടുണ്ട്, ആദിവാസികളെ കൊണ്ടു പോകുന്നതിനു പ്രത്യേകിച്ചു തെളിവുകള്‍ ഇല്ല്യാത്തതു കൊണ്ട് ചോദ്യം ചെയ്യാനും പറ്റാറില്ല..എങ്കിലും എന്തെങ്കിലും ചെയ്യേണ്ടതില്ലേ??..വൈകാതെ വയനാട്ടിലേക്കു മാറും ഞാന്‍ ..അപ്പോള്‍ എന്തു ചെയ്യാനാകും എന്ന ചിന്തയിലേക്കു കുറച്ചു നിരദ്ദേശം ബ്ലോഗര്‍മ്മാര്‍ക്കു തരാനാകുമോ??

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.