എന്തിനും തയ്യാറായി നിൽക്കുന്ന ഒരു കാട്ടാനയുടെ തൊട്ടുമുന്നിൽ ചെന്നുനിന്ന് പടമെടുക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ ചിത്രം ഞങ്ങൾ കുറച്ച് സുഹൃത്തുക്കളെ സംശയാലുക്കളാക്കി. ഫോട്ടോ ഷോപ്പ് എന്ന സോഫ്റ്റ് വെയറിൽ എന്തും ചെയ്തെടുക്കുന്ന കാലമല്ലേ ? ആനയ്ക്ക് മുന്നിൽ ചെന്നുനിന്ന് പടമെടുക്കാനുള്ള സന്ദർഭം ഉണ്ടായാൽത്തന്നെ അത് ഫോട്ടോ എടുക്കാൻ മറ്റൊരാൾ ക്യാമറയുമായി അയാൾക്ക് പിന്നിൽ വേണം. അപ്പോൾപ്പിന്നെ അത് വ്യാജഫോട്ടോ ആകാനുള്ള സാദ്ധ്യതയല്ലേ കൂടുതൽ ?
സംശയം ജനിപ്പിച്ച ചിത്രം - (കടപ്പാട് :- നാലാമിടം) |
സാഹിത്യ അക്കാഡമി പുറത്തിറക്കിയ നസീറിന്റെ ‘കാടും ഫോട്ടോഗ്രാഫറും’ എന്ന പുസ്തകത്തിൽ ഈ വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്ന് തോന്നിയതുകൊണ്ട് പെട്ടെന്ന് തന്നെ പുസ്തകം സംഘടിപ്പിച്ച് വായിച്ചു. 136 ഗ്ലോസി കടലാസ്സുകളിൽ അച്ചടിച്ചിറക്കിയ 400 രൂപ വിലയുള്ള പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിൽ അവസാനത്തേത് ആനകളുടെ ഗതികേടിനെപ്പറ്റിയുള്ള വിലാപമാണ്. ‘ആനകളുടെ നൊമ്പരം‘ എന്ന ആ അദ്ധ്യായത്തിൽ തുടക്കത്തിൽ പറഞ്ഞ ചിത്രത്തിന്റെ സാഹചര്യം കൃത്യമായി വിവരിക്കുന്നുണ്ട്. ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിക്കാം.
‘കരടിയുടെ കൂടെ’ എന്ന അദ്ധ്യായത്തിൽ കരടിക്ക് മുന്നിൽ കുനിഞ്ഞിരിന്ന് പടമെടുക്കുന്ന നസീറിന്റെ ചിത്രത്തിനൊപ്പം അതിന്റെ സന്ദർഭവും വിശദമാക്കുന്നുണ്ട്. ‘കിങ്ങ് കോമ്പ്ര‘ എന്ന അദ്ധ്യായത്തിലാകട്ടെ, ഷോപ്പിങ്ങ് മാളിനകത്ത് വെച്ച് കണ്ടാൽപ്പോലും പൊതുജനം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഉരഗമായ, രാജവെമ്പാലയെ പിന്തുടർന്ന് കാട്ടിനകത്തേക്ക് കയറി അതിന്റെ കൂടെ മൂന്ന് മണിക്കൂറിലധികം സമയം ചിലവഴിച്ചതിനെപ്പറ്റിയുള്ള വിവരണമാണ്.
കാടെന്നാൽ നസീറിന് നാടിനേക്കാൾ പരിചിതമായ ഇടമാണ്. കാൽനൂറ്റാണ്ടായി കാട്ടിലൂടെ അലയുകയാണ് ഈ പ്രകൃതിസ്നേഹി. വന്യജീവി ഫോട്ടോഗ്രാഫറായതൊക്കെ അൽപ്പം കൂടെ കഴിഞ്ഞാണ്. നാളിതുവരെ നമ്മളാരും കേൾക്കാത്ത കാട്ടുവഴികളെപ്പറ്റിയും ഇടങ്ങളെപ്പറ്റിയുമൊക്കെ പുസ്തകത്തിൽ പറയുന്നുണ്ട്. ആഴ്ച്ചകളോളം കാട്ടിനകത്ത് തന്നെ കഴിച്ചുകൂട്ടി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ പതുങ്ങിയിരുന്ന് അവറ്റകളുടെ ജീവിതരീതികൾ പഠിക്കുക, ഉള്ള് നിറയെ കാണുക, പിന്നെ അവറ്റകൾ പോസ് ചെയ്ത് കൊടുക്കുന്ന പടങ്ങൾ മതിയാവോളം എടുക്കുക, അങ്ങനെ പോകുന്നു നസീറിന്റെ വനവാസം. കാട്ടിൽ നിന്ന് കിട്ടുന്നത് കാടിനുതന്നെ മടക്കിക്കൊടുക്കണമെന്ന് വെറുതെ പറയുക മാത്രമല്ല അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. കാടിനകത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്, എങ്ങനെ പെരുമാറണം എന്നതൊക്കെ ലളിതവായും നിർബന്ധമായും മനസ്സിലാക്കാൻ പുസ്തകം സഹായിക്കുന്നു. നിറമുള്ള കുപ്പായങ്ങളിട്ട് അത്തറും പൂശി കാട്ടിലേക്കിറങ്ങുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഇന്ന് ഏതെങ്കിലും ഒരു പുതുമയുള്ള വന്യജീവിയുടെ പടവുമായേ മടങ്ങിവരൂ എന്നൊരു ഉൾവിളി കാടിനകത്തേക്ക് കയറുമ്പോൾത്തന്നെ നസീറിന് ഉണ്ടാകുന്നുണ്ട്. അത് അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യുന്നു. തവളവായൻ പക്ഷി, മഴമുഴക്കി വേഴാമ്പൽ, തീക്കാക്ക, പുള്ളിപ്പുലി, കലമാൻ, കടുവ, ആന, കുറിക്കണ്ണൻ പുള്ള്, മൂങ്ങ, ചാമ്പൽ മലയണ്ണാൻ, മൂക്കൻ അണ്ണാൻ, സിംഹവാലൻ കുരങ്ങ്, പുള്ളിമാൻ, കാട്ടുനായ(ചെന്നായ), കാട്ടുപോത്ത്, വെള്ളക്കാട്ടുപോത്ത്, നീലഗിരി മാർട്ടെൻ എന്നിങ്ങനെ നസീറിന്റെ ക്യാമറയ്ക്ക് പോസുചെയ്യാത്ത വന്യജീവികൾ വിരളം. വെറുതെ പടമെടുത്ത് കൊണ്ടുവരുക മാത്രമല്ല നസീർ ചെയ്യുന്നത്. ഓരോ വന്യജീവികളുടേയും കൂടെ മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ തന്നെ ചിലവഴിച്ച് അതിന്റെയൊക്കെ ആവാസവ്യവസ്ഥിതിയെപ്പറ്റി ആഴത്തിൽ മനസ്സിലാക്കിയാണ് അദ്ദേഹം കാടിറങ്ങുന്നത്. നസീറിന്റെ കാര്യത്തിലാകുമ്പോൾ കാടിറങ്ങുന്നു, കാട്ടിലേക്ക് കയറുന്നു എന്ന പ്രയോഗമൊക്കെ അൽപ്പം വ്യത്യാസപ്പെടുത്തി, വീടിറങ്ങുന്നു, വീട്ടിലേക്ക് കയറുന്നു എന്നൊക്കെ പറയണമെന്ന പക്ഷക്കാരനാണ് ഞാൻ. കാട് അദ്ദേഹത്തിന് വീട് തന്നെ. ഗൾഫ് രാജ്യങ്ങളിൽ ആയോധനകലകൾ പഠിപ്പിച്ച് കുറച്ച് നാൾ കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് മടങ്ങി വന്നാൽ, നസീർ തന്റെ ബാഗുമെടുത്ത് ‘വീട്ടി’ലേക്ക് കയറുകയായി. പലപ്പോഴും വിമാനത്താവളത്തിൽ നിന്ന് നേരെ പോകുന്നത് ‘വീട്ടി’ലേക്കായിരിക്കും.
പുസ്തകത്തിന് അനുബന്ധം എഴുതിയിരിക്കുന്നത് ഗിരീഷ് ജനാർദ്ദനനാണ്. ചെറായിക്കാരനായ റിട്ടയേർഡ് അദ്ധ്യാപകൻ പി.ജെ.സെബാസ്റ്റ്യൻ മാഷ് നസീറിനെപ്പറ്റി പറയുന്ന മൂന്ന് വാചകങ്ങളുണ്ട് ആ അനുബന്ധക്കുറിപ്പിൽ. “നേച്ചർ എൻതൂസിയാസം അയാളുടെ ജീനിലുള്ളതാണ്. ഒരു ശക്തിക്കും അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ല. തന്റെ വനസഞ്ചാരങ്ങൾക്ക് വിഘാതം നിൽക്കുന്നത് സ്വന്തം ഉമ്മയാണെങ്കിൽ അയാൾ അവരേയും ഉപേക്ഷിച്ചുകളയും”
അപ്പറഞ്ഞത് വളരെ ശരിയാണെന്ന് പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ വായനക്കാർക്കും ബോദ്ധ്യപ്പെടും. അല്ലെങ്കിൽപ്പിന്നെ ദിവസങ്ങളോളം ഒരാളെങ്ങനെയാണ് ഒരു മരത്തിൽ കയറി താൻ കാണാൻ ആഗ്രഹിക്കുന്ന പക്ഷികളേയോ മൃഗങ്ങളേയോ കാത്ത് അനങ്ങാതെ ഇരിക്കുക ?! കൂടെക്കൊണ്ടുവന്ന മറ്റ് ഭക്ഷണമൊക്കെ തീർന്നിട്ടും, കൈയ്യിൽ അവശേഷിക്കുന്ന ബിസ്സ്‌ക്കറ്റുകൾ കാട്ടുചോലയിൽ മുക്കി കുതിർത്ത് തിന്ന് ആഴ്ച്ചകളോളം ഒരാളെങ്ങനെയാണ് വനത്തിനകത്ത് ഒറ്റയ്ക്ക് കഴിച്ചുകൂട്ടുക ?! നസീർ കാടിന്റെ ഭാഗമായി മാറുമ്പോൾ, അതേ കാടിന്റെ ഭാഗമായ മറ്റ് ജീവികൾ നിർഭയം നസീറിന്റെ മുന്നിൽ ഇറങ്ങി വരുന്നതാണ് അദ്ദേഹത്തിന്റെ വന്യജീവി ഫോട്ടോഗ്രാഫിയുടെ രഹസ്യമെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. മഴവേഴാമ്പൽ തൊട്ടടുത്ത് വന്നിരുന്ന് ചിറകുകളും തൂവലുകളും ചീകിയൊതുക്കുന്നതും, കരടി അത്തിപ്പഴം കഴിച്ചശേഷം മരത്തിൽ നിന്നിറങ്ങി ചെന്ന് പടത്തിനു പോസുചെയ്യുന്നതും, ഉദരഭാഗത്തെ ചുവപ്പ് നിറം ആർക്കും കാണിച്ചുകൊടുക്കാത്ത തീക്കാക്ക, നസീറിനോട് ഒരു കാമുകനോടെന്ന പോലെ പെരുമാറുന്നതുമൊക്കെ ഇത്തരത്തിൽ സംഭവിക്കുന്നതാണ്.
കരാട്ടേയും തായ്ച്ചിയും അടക്കമുള്ള പല ആയോധന കലകളിലുമുള്ള പ്രാവീണ്യം വനജീവിതത്തിൽ അദ്ദേഹത്തിന് പ്രയോജനപ്പെടുന്നുണ്ട്. ശരീരത്തിന്റെ ഓരോ ചലനങ്ങളും അളന്നുകുറിച്ചുള്ളതായതുകൊണ്ട്, തങ്ങളെ അപായപ്പെടുത്താൻ ഒരാൾ വന്നിരിക്കുന്നു എന്ന തോന്നൽ വന്യജീവികൾക്ക് ഇല്ലാതാകുന്നു. പേടിയില്ലാതെ കറങ്ങിനടക്കാൻ തുടങ്ങുന്ന അവറ്റകളെ, മനസ്സ് നിറച്ച് കണ്ട് ക്യാമറ നിറച്ച് പടവുമെടുത്ത് മടങ്ങാൻ നസീറിനുമാകുന്നു.
കാടിന്റെ നിയമങ്ങൾ തെറ്റിക്കാതെ, കാടിനെ സ്നേഹിച്ച്, പഠിച്ച്, മനസ്സിലാക്കി എങ്ങനെ കാട്ടിലൂടെ നീങ്ങണമെന്ന് ഓരോ അദ്ധ്യായത്തിലും നസീർ പഠിപ്പിക്കുന്നു. അതിനായി വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, വന്യജീവികളുടെ ശാസ്ത്രീയനാമങ്ങൾ, അവയുടെ മനോഹരമായ ചിത്രങ്ങൾ എന്നതൊക്കെ പുസ്തകത്തെ സമ്പന്നമാക്കുന്നു. വഴിമുടക്കി നിൽക്കുന്ന ഒരു മരത്തിന്റേയോ ചെടിയുടേയോ ഇലകൾ പോലും ആരും പറിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. കൂടെയുള്ളവരോട് ചില നമ്പറുകൾ ഇറക്കിയിട്ടാണെങ്കിലും നസീർ അക്കാര്യം സാധിച്ചെടുക്കുകയും ചെയ്യുന്നു. വന്യജീവി ഫോട്ടോഗ്രാഫി മേഖലയിൽ ഇന്ന് നിലവിലുള്ള പല അനാശാസ്യ നടപടികളും പുസ്തകത്തിലൂടെ നസീർ തുറന്നുകാട്ടുന്നു; അതിനൊക്കെ എതിരായി ശബ്ദം ഉയർത്തുകയും ചെയ്യുന്നു.
ഇതൊക്കെയാണെങ്കിലും പുസ്തകത്തോട് ചില വിയോജിപ്പുകൾ ഉണ്ടെന്ന് പറയാതെ വയ്യ. നല്ല ഒഴുക്കുള്ള കാട്ടരുവിയിൽ ഇറങ്ങിക്കിടക്കുന്നതുപോലുള്ള വായനാസുഖം എല്ലാ അദ്ധ്യായങ്ങളും തരുന്നില്ല. ചിലതെല്ലാം ഒന്നുകൂടെ അടുക്കും ചിട്ടയും ആക്കാമായിരുന്നു. ഒരു ആൽബം പോലെ സൂക്ഷിക്കാനാവുന്ന വന്യമൃഗങ്ങളുടെ പടങ്ങളിൽ പലതും, സന്നിവേശിപ്പിച്ചിരിക്കുന്നത് മറ്റാരും എടുത്തുകൊണ്ടുപോയി കോപ്പിറൈറ്റ് ലംഘനം നടത്തരുത് എന്ന ലക്ഷ്യത്തോടെ ആണോ എന്നൊരു സംശയം. അവസാനമായി പുസ്തകത്തിന്റെ പേരിന്റെ കാര്യത്തിലാണ് ഭിന്നാഭിപ്രായം. നസീർ വെറുമൊരു വന്യജീവി ഫോട്ടോഗ്രാഫർ അല്ലെന്ന് രണ്ട് അദ്ധ്യായങ്ങൾ വായിക്കുന്നതോടെ ആർക്കും മനസ്സിലാകും. ഒന്നാന്തരം ഒരു പ്രകൃതിസ്നേഹിയും വനസംരക്ഷകനും കൂടെയാണ് അദ്ദേഹം. പിന്നെന്തിന് ഫോട്ടോഗ്രാഫർ എന്ന തലക്കെട്ടിൽ മാത്രം നസീറിനെ ഒതുക്കി ?
അയൽവാസിയായ നസീറിന്റെ പുസ്തകം വായിച്ചതുകൊണ്ട് വ്യക്തിപരമായി എനിക്കുണ്ടായിരിക്കുന്ന ഒരു ഗുണം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ആനയോ പുലിയോ കടുവയോ ഇറങ്ങാൻ സാദ്ധ്യതയുള്ള ചില കാടുകളിലൂടെ ഈയുള്ളവനും ചിലപ്പോഴൊക്കെ കടന്നുപോയിട്ടുണ്ട്. വന്യജീവികളൊന്നും മുന്നിൽ വന്ന് ചാടി കുഴപ്പമുണ്ടാക്കരുതേ എന്ന പ്രാർത്ഥനയായിരിക്കും അപ്പോഴെല്ലാം. ‘കാടും ഫോട്ടോഗ്രാഫറും‘ വായിച്ച് കഴിഞ്ഞതോടെ ആ പ്രാർത്ഥനയ്ക്ക് ഉള്ളിലിടമില്ലാതായിരിക്കുന്നു. വന്യജീവികളെയൊക്കെ കണ്ണ് നിറച്ച് കാണാനാകണേ എന്ന പ്രാർത്ഥനയാകും ഇനിയങ്ങോട്ട്.
Photo maynot be a fake ,but it looks staged.ചിത്രത്തിലെ ആനയ്ക്ക് ഒരു കാട്ടാനയുടെ 'ലുക്ക്' ഇല്ല.മിക്കവാറും അത് ആ വന്യജീവി സങ്കേതത്തിലെ ആനയാകാനാണ് സാധ്യത.കാട്ടാനക്ക് സാധാരണ
ReplyDeleteനാട്ടാനകളേപ്പോലെ തുമ്പികൈയിലും ചെവികളിലും മറ്റും വെളുത്ത അടയാളങ്ങള്‍ (depigmentation) കാണാറില്ല.(ഈ depigmentation ന്റെ കാരണമറിയില്ലെങ്കിലും വല്ല പോഷകകുറവായിരിക്കാം
എന്ന് ഞാന്‍ അനുമാനിക്കുന്നു.നാട്ടാനയുടെ ഭക്ഷണത്തിന് വെറൈറ്റി ഇല്ലല്ലോ.പനമ്പട്ട അല്ലെങ്കില്‍ തെങ്ങോല അതുമല്ലെങ്കില്‍ വല്ല ഉണങ്ങിയ വൈക്കോലും മാത്രം.Some nutients might be
missing from it's diet.)
ഫോട്ടൊ സൂഷ്മ നിരീക്ഷണം നടത്തിയാൽ വ്യാജമാണെന്ന സംശയം പ്രബലം!
ReplyDeleteമനോജ്, ഭൂലോകം ഓൺലൈനിൽ എത്തിച്ചേരുവാൻ സാധിക്കുന്നില്ല'The website you were trying to reach is temporarily unavailable' എന്ന മെസേജാണ് കിട്ടുന്നത്..അതു കൊണ്ട് തന്നെ മനോജ് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല..മുകളിലെ ഫോട്ടോയും വിവരണവും വായിച്ചപ്പോൾ ഫോട്ടോ വ്യാജമാണെന്ന ഒരു വിശ്വാസം മനോജിന് ഉണ്ടെന്ന് എനിക്ക് തോന്നുന്നു. പക്ഷെ അത് N.A. നസീർ എന്ന വന്യജീവി ഫോട്ടോഗ്രാഫറെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം.
ReplyDelete(ഭൂലോകം ഓൺലൈനിൽ താങ്കളൂടെ അഭിപ്രായം മറിച്ചാണെങ്കിൽ എന്നോട് ക്ഷമിക്കുക.കുറെ പ്രാവശ്യം ശ്രമിച്ചിട്ടും അവിടെ പ്രവേശിച്ച്,ഈ ലേഖനം വായിക്കുവാൻ കഴിയുന്നില്ല.പറ്റുമെങ്കിൽ അത് പൂർണ്ണമായും ഇവിടെ പ്രസിദ്ധീകരിക്കുക)
കാടിനെയും,കാട്ടുമൃഗങ്ങളെയും നന്നായി മനസ്സിലാക്കിയ ഒരു പ്രകൃതിസ്നേഹിയാണ് അദ്ദേഹം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്..അദ്ദേഹത്തിന്റെ അടുത്തകാലത്ത് ഇറങ്ങിയ കാടിനെക്കുറിച്ചുള്ള ബുക്ക് തന്നെ അതിന്റെ തെളിവാണ്.കൂടാതെ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും അല്പം സാഹസികമായിത്തന്നെ പകർത്തിയവയാണ്.
ഫോട്ടോയുടെ അല്പം വലിയ സൈസ് കിട്ടിയാൽ വ്യാജമാണോ എന്ന് തിരിച്ചറിയുവാൻ സാധിക്കും.
@ ഷിബു തോവാള - സംശയം ഉന്നയിക്കപ്പെട്ടപ്പോൾ എന്റെ ആദ്യാഭിപ്രായം ‘അത് നസീറിന്റെ ഫോട്ടോ ആണ്, അതുകൊണ്ട് വ്യാജമാകാനുള്ള സാദ്ധ്യത ഇല്ല‘ എന്നായിരുന്നു. കാരണം എനിക്ക് എന്റെ അയൽവാസിയായ നസീറിനേയും അദ്ദേഹത്തിന്റെ പടങ്ങളേയും പറ്റി നന്നായിട്ട് അറിയാം. എന്തായാലും പിന്നെയും ചർച്ചകൾ നീണ്ടുപോയി. അവസാനം പുസ്തകം വാങ്ങി വായിച്ചു. ഇത് ആ പുസ്തകത്തെപ്പറ്റിയുള്ള അവലോകനമാണ്. ബൂലോകം ഓൺലൈൻ രാവിലെ മുതൽ എനിക്കും വായിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞാൻ ഈ ലേഖനം പൂർണ്ണരൂപത്തിൽ ഇവിടെത്തന്നെ പബ്ലിഷ് ചെയ്യുന്നു.
ReplyDeleteനസീറാണ് ഹീറോ!
ReplyDeleteഇനീപ്പോ നിരക്ഷരനും ഹീറൊ ആവും...
പോയി കലക്ക്!
എന്നിട്ടു പോസ്റ്റ്!
പുസ്തകപരിചയത്തിനു നന്ദി, ഫോട്ടോയോക്കാളുപരി അദ്ദേഹത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞതിലാണ് സന്തോഷം.
ReplyDeleteആദ്യ ഭാഗം വായിച്ചപ്പോള്‍ താങ്കള്‍ നസീറിനെയും ചിത്രത്തെയും സംശയിക്കുന്നതായി തോന്നി .ഉള്ളില്‍ വിഷമവും തോന്നി...... തുടര്‍ന്നു വായിച്ചപ്പോള്‍ താങ്കള്‍ക്കു ചിത്ര സാഹചര്യം ബോധ്യപ്പെട്ടതായി മനസ്സിലായി...അപ്പോള്‍ ആ ആദ്യ ഭാഗം ഒഴിവാക്കേണ്ടതല്ലായിരുന്നോ? കാടിനെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ നസീറിനെ ഇഷ്ടപ്പെടുന്നതു കൊണ്ട് ചോദിച്ചു പോവുകയാണ്. എന്തായാലും നസീറിനെയും അദ്ദേഹത്തിന്റെ പുസ്തകത്തെയും ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയതിന് നന്ദി.
ReplyDelete@ venpal - ആ ചിത്രം കാണുന്നവരിൽ പലർക്കും അങ്ങനെയൊരു സംശയം ഉണ്ടാകുന്നുണ്ട് എന്നത് പരമമായ സത്യമാണ്. (ആദ്യത്തെ 2 കമന്റുകളിൽ നിന്ന് അത് വ്യക്തമാണ്.) അക്കൂട്ടത്തിൽ നസീറിനെ അറിയുന്നവർ ഉണ്ടാകാം, അറിയാത്തവരും ഉണ്ടാകാം.
ReplyDeleteചിത്രത്തിന്റെ സത്യാവസ്ഥയും, അതേ സമയത്ത് ചിത്രത്തെ സംബന്ധിച്ച് ഉണ്ടാകുന്ന സംശയവും വിഷയീഭവിക്കണമെങ്കിൽ ആദ്യപാരഗ്രാഫ് ഇല്ലാതെ എങ്ങനെ സാദ്ധ്യമാകും ? (നടന്ന ഒരു കാര്യം മാത്രമാണ് ആ പാരഗ്രാഫിൽ എഴുതിയിരിക്കുന്നത്.) ആ പടത്തിന്റെ സത്യാവസ്ഥ തെളിയിക്കാനായി എഴുതുമ്പോൾ അതേപ്പറ്റി നിലനിൽക്കുന്ന തെറ്റിദ്ധാരണയെപ്പറ്റി പറയാതെ പറ്റില്ല.
നസീറിനെ ഒരു തരത്തിലും മോശക്കാരനാക്കി കാണിക്കാനല്ല അപ്രകാരം എഴുതിയതെന്ന് മനസ്സിലാക്കുമല്ലോ ? മറിച്ച് നിലവിലുള്ള തെറ്റിദ്ധാരണ തിരുത്തുക എന്ന ഉദ്ദേശം മാത്രമാണ് ഇതിന് പിന്നിലുള്ളത്. നസീറിനോടുള്ള എല്ലാ ആദരവോടും ബഹുമാനത്തോടും കൂടെ തന്നെയാണ് ഇത് എഴുതിയിരിക്കുന്നത്.
ലേഖനം നന്നായി.
ReplyDeleteനാട്ടുകാരനാണെങ്കിലും ഇദ്ദേഹത്തെ അറിയില്ലായിരുന്നു. പുസ്തകം പരിചയപ്പെട്ടതിനേക്കാള്‍ അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞതില്‍ നന്ദി.
ReplyDeleteഞാന്‍ ഇത് ഇന്നലെ രാവിലെ ബൂലോകം ഓണ്‍ലൈനില്‍ നിന്നുമാണ് വായിച്ചത്. ആദ്യ പാരഗ്രാഫ് മാത്രം വായിച്ച് ലേഖനത്തിന്റെ ഉള്ളറിയാതെ ബൂലോകം ഓണ്‍ലൈനിലേക്ക് പോകുമ്പോള്‍ ആ കാട്ടാനയുടെ വെളുവെളുത്ത കൊമ്പില്‍ അല്പം സംശയം തോന്നിയിരുന്നു. നസീര്‍ എന്ന വ്യക്തിയെക്കുറിച്ച് - കാടിനെ ഈ രീതിയില്‍ സമീപിക്കുന്ന ഒരു മലയാളിയെക്കുറിച്ചും- ആദ്യമായാണ് അറിയുന്നത്. ലേഖനം നന്നായി.
ReplyDeleteനസീറിനെയും പുസ്തകത്തിനെയും പരിചയപ്പെടുത്തിയതിന് നന്ദി. :)
ReplyDeleteനസീറിന്റെ ചിത്രങ്ങളേക്കുറിച്ചറിയാം. വ്യക്തിപരമായും, അദ്ദേഹത്തിന്റെ പുസ്തകത്തിനെയും പരിചയപ്പെടുത്തിയതിന് നന്ദി.
ReplyDeleteപുസ്തകത്തെ പറ്റി പരിചയപ്പെടുത്തിയത് നന്നായി. ഇദ്ദേഹത്തെ പറ്റി മുന്‍പ് വായിച്ചിട്ടുണ്ട്, വല്ലാത്തൊരു ഭ്രാന്ത് തന്നെ എന്ന് തോന്നുകേം ചെയ്തു. ഒരു ലൈഫ് മുഴുവന്‍ ഇങ്ങനെ ...എത്ര ക്ഷമ വേണം ഇങ്ങനത്തെ പടങ്ങള്‍ കിട്ടാന്‍,
ReplyDeleteതാങ്ക്സ്....ഈ ബുക്ക് വാങ്ങാന്‍ ഉള്ള വഴി പറഞ്ഞു തരാമോ ?
ReplyDelete@ Captain Haddock - ഈ പുസ്തകം കിട്ടുക എന്നത് അൽപ്പം ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
ReplyDeleteഎറണാകുളം KSRTC ബോട്ട് ജെട്ടിക്ക് അരുകിൽ മെയിൻ റോഡിനോട് ചേർന്ന് സാഹിത്യപ്രവർത്തക സംഘത്തിന്റെ ഒരു ബുക്ക് സ്റ്റാൾ ഉണ്ട്. അവിടെയാണ് സാഹിത്യ അക്കാഡമിയുടെ പുസ്തകങ്ങൾ കിട്ടുക പതിവ്.
പൊതുജന താൽപ്പര്യപ്രകാരം പ്രകാശം, മാതൃഭൂമിയുടെ കലൂർ പ്രസ്സിനോട് ചേന്നുള്ള ബുക്ക് സ്റ്റാളിൽ കുറച്ച് കോപ്പികൾ അവർ സംഘടിപ്പിച്ച് വെച്ചിരുന്നു. അത് തീർന്നിട്ടില്ലെങ്കിൽ അവിടന്ന് കിട്ടും. അല്ലെങ്കിൽപ്പിന്നെ അടുത്ത എഡിഷൻ പ്രിന്റ് ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും. കോപ്പികൾ തീരാനായി എന്നാണ് പലയിടത്തുനിന്നും മനസ്സിലാക്കാനായത്.
Thanks for introducing this book.
ReplyDeleteപ്രിയ മനോജ്,
ReplyDeleteഈ പുസ്തകം ഏതെങ്കിലും വിധത്തില്‍ ഒന്ന് സംഘടിപ്പിക്കാന്‍ പറ്റുമോ ?
പൈസ ഞാന്‍ താങ്കളുടെ ബാങ്കില്‍ ടെപോസിറ്റ് ചെയ്യാം. ബുദ്ധിമുട്ടാകുമോ?
സജീവ്
can u please..let me kno if u got that book..?
Deletethanks..
@ കാഴ്ചകളിലൂടെ - ആദ്യം പുസ്തകം ലഭ്യമാണോ എന്ന് നോക്കട്ടെ. ആണെങ്കിൽ ഞാൻ അറിയിക്കാം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ. ബുദ്ധിമുട്ടൊന്നും ഇല്ല.
ReplyDeleteഒന്നാന്തരം ഒരു പ്രകൃതിസ്നേഹിയും വനസംരക്ഷകനും കൂടെയായ ഈ അയൽവാസിയായ വന്യജീവി ഫോട്ടോഗ്രാഫർ എന്ന തലക്കെട്ടിൽ ഒതുങ്ങുന്ന നസീർ ഒരു തനി പുലിയാണ് കേട്ടൊ..
ReplyDeleteനസീര്‍ എന്ന വ്യക്തിയോടുള്ള പൂര്‍ണ ബഹുമാനത്തോടെ തന്നെ പറയട്ടെ ആ ചിത്രം ഫോടോഷോപില്‍ ഉണ്ടാക്കിയതാണ്. ആ ഫോടോ ഫോടോഷോപില്‍ ഓപ്പണ്‍ ചെയ്തു വലുതാക്കി അതിലെ pixels തമ്മിലുള്ള വ്യത്യാസം മാത്രം നോക്കിയാല്‍ മതിയാവും .
ReplyDelete(മനോജ്, താങ്കളുടെ എല്ലാ ലേഖനവും വായിക്കാറുണ്ട് . പലപ്പോഴും അസൂയയും തോന്നാറുണ്ട്. ഇത്രയും യാത്ര ചെയ്യുന്നതൊക്കെ കാണുമ്പോള്‍. ഞാന്‍ ആഫ്രിക്കയില്‍ tanzaniayil ആണ്. ഈ വഴി വരുകയാണെങ്കില്‍ ഒരു സഫാരി ഒക്കെ തരമാക്കാം )
@ anuroop - സാങ്കേതികത്വം കമ്മി ആയതുകൊണ്ട് ഈ കാര്യത്തിൽ ആധികാരികമായി എന്തെങ്കിലും പറയാൻ എനിക്കാവില്ല /ആയില്ല. ആ ഫോട്ടോയെ പലരും സംശയത്തോടെ വീക്ഷിച്ചതിന് തെറ്റ് പറയാനാവില്ല. ഞാനും സംശയത്തോടെ തന്നെയാണ് കണ്ടത്. പുസ്തകത്തിൽ ഒരു അദ്ധ്യായത്തിൽ ആനയുടെ ചിത്രം എടുത്ത ഒരു സന്ദർഭം വിവരിക്കുന്നതുകൊണ്ട് ആ സമയത്തെ ചിത്രമാകാം എന്ന് കരുതി സംശയങ്ങളെയൊക്കെ കുഴിച്ചുമൂടിയതാണ്. എന്തായാലും, ഈ പ്രശ്നം വീണ്ടും നിലനിൽക്കുന്നതുകൊണ്ട് സാക്ഷാൽ നസീറിനെത്തന്നെ നേരിട്ട് കണ്ട് ആധികാരികമായ പ്രശ്നപരിഹാരം ഉണ്ടാക്കുന്നതും അത് ഇവിടെ അറിയിക്കുന്നതുമാണ്. (എന്തായാലും ഈ പടം പുസ്തകത്തിൽ ഇല്ല. അതുകൊണ്ട് ഇതിന്റെ നല്ലപേര്/ചീത്തപ്പേര് നസീറിനുള്ളതല്ല.)
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും ആഫ്രിക്കയിലേക്കുള്ള ക്ഷണത്തിനും ഒക്കെ പ്രത്യേകം പ്രത്യേകം നന്ദി. ഒരിക്കൽ ആരോ ചോദിച്ചപ്പോൾ പോകാൻ താൽപ്പര്യമുള്ള സ്ഥലങ്ങളുടെ കൂട്ടത്തിൽ ആഫ്രിക്കൻ വനാന്തരങ്ങൾ ഉണ്ടായിരുന്നു. എന്നെങ്കിലും തരപ്പെടുമെന്ന് തന്നെയാണ് വിശ്വാസം. ആ വഴി വരുമ്പോൾ കാണാം.
പുസ്തകപരിചയത്തിനും നല്ല ഒരു ഫോട്ടോഗ്രാഫറെ കുറിച്ച് പറഞ്ഞതിനും നന്ദി. ഇത്രയും ബുദ്ധിമുട്ടുള്ള സംഭവമാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്.
ReplyDeleteനവംബറിൽ ഒരു നെല്ലിയാമ്പതിയിലെ വനയാത്രയ്ക്കിടയിൽ ഒരു കടുവയെ തൊട്ടടുത്ത് കാണാൻ എനിക്കു ഭാഗ്യമുണ്ടായി. പടമെടുക്കാനൊന്നും പറ്റിയില്ല.ആ യാത്രയിൽ സംസാരം പലപ്പോഴും നസീറിനെപ്പറ്റിയായിരുന്നു. വെടി വെയ്ക്കാനൊരുങ്ങുന്ന ജിം കോർബറ്റിനു നേരെ ചാടുന്ന ഒരു കടുവയുടെ ഫോട്ടോ (കോർബെറ്റിന്റെ സുഹൃത്തെടുത്തത്) കണ്ടതോർക്കുന്നു.
ReplyDeleteമാതൃഭൂമി യാത്രയുടെ പല ലിങ്കുകളിലും നസീറിനെക്കുറിച്ച് ഉണ്ട്.
ReplyDeleteചിത്രങ്ങളും. ഈ ലിങ്ക് നോക്കുക.
ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലും(2012 ജനുവരി 1) നസീറിനെക്കുറിച്ച് വിശദമായ ഫീച്ചര്‍ ഉണ്ട്.മുഴുവന്‍ വായിച്ചില്ല. എന്തായാലും 'ആ പുഴുക്കളെല്ലാം ഒരു നാള്‍ പറന്നുവരും' എന്ന മുഖച്ചിത്രമുള്ള ഈ ലക്കം ചിത്രങ്ങളാലും എഴുത്തിനാലും മികച്ചതാണെന്ന് തോന്നുന്നു.
ReplyDeleteമനോജേട്ടാ, ചിലയാത്രകളും, നിരക്ഷരന്‍ ബ്ലോഗും എല്ലാം മുടങ്ങാതെ വായികാറുണ്ട്.
ReplyDeleteഒരു അഭിപ്രായം പറയട്ടെ..
ഇതില്‍ കൊടുത്തിരിക്കുന്ന ആനയുടെ ചിത്രത്തില്‍ എന്തായാലും കാട്ടാന അല്ല.
ബ്രൈറ്റ് മനോജ് സൂചിപ്പിച്ചത് പോലെ കാട്ടനക് എന്തായാലും വെളുത്ത പാണ്ട് വരില്ല. കഴുത്തില്‍ വടം ഉരഞ്ഞത് പോലെ പാടും ഉണ്ടെന്നു തോന്നുന്നു. പിന്നെ ഇത് എഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് മറ്റാരെങ്കിലും ആയിരിക്കും. കാരണം നസീറിനെ കുറിച്ച് അറിഞ്ഞത് വച്ച് അദ്ദേഹത്തിന് ഇങ്ങനെ ഒരു ഫയ്കു പിക്ചര്‍ ഉണ്ടാകണ്ട ആവശ്യമില്ല എന്ന് തോന്നുന്നു . ..
ആനയുടെ മുന്നിൽ ഫോട്ടോഗ്രാഫർ നില്ക്കുന്ന ഫോട്ടോയുടെ സംശയം തീർന്നോ എന്നറിയില്ല. ഉത്തരം ഈ ലേഖനത്തിൽ ഉണ്ടെന്നു തോന്നുന്നു.
ReplyDeletehttp://www.mathrubhumi.com/yathra/column/shaheed/article/166630/index.html