Monday, 29 August 2011

കള്ളന്റെ പുസ്തകങ്ങൾ

ജി.ആർ.ഇന്ദുഗോപൻ തയ്യാറാക്കിയ ‘തസ്‌ക്കരൻ - മണിയൻപിള്ളയുടെ ആത്മകഥ‘ കുറേ നാളുകൾക്ക് മുന്നേ വായിക്കാനായിട്ടുണ്ട്. അന്നതിനെപ്പറ്റി ഒരു കുറിപ്പെഴുതി ഇടണമെന്ന ആഗ്രഹം നടക്കാതെ പോയി. അപ്പോളതാ വരുന്നു ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന പേരിൽ മണിയൻപിള്ളയുടെ ബാക്കി കഥ. ആദ്യപുസ്തകത്തിന് 503 പേജും രണ്ടാമത്തെ പുസ്തകത്തിന് 96 പേജുമാണുള്ളത്. ഇനിയൊരു ഭാഗം ഉണ്ടാകില്ലെന്ന് ഇന്ദുഗോപൻ ഉറപ്പ് തരുന്നു. *കള്ളന്റെ കഥയുടെ ഉറവ വറ്റിയതുകൊണ്ടല്ല അത്. എന്തൊക്കെ പറയണമെന്ന് കള്ളന് കൃത്യമായ ധാരണ ഉള്ളതുകൊണ്ടാണ്. കള്ളന്റെ മനസ്സ് മോഷ്ടിക്കാൻ ഒരുത്തനുമാകില്ലെന്ന് ഇന്ദുഗോപൻ തറപ്പിച്ച് പറയുന്നു. “എടുത്തുകൊണ്ട് പോയ്ക്കോ ” എന്നുപറഞ്ഞ് വെളിയിൽ വെക്കുന്നത് മാത്രമേ കഥയാക്കാൻ പറ്റൂ.  ഡി.സി. ബുക്സ് ആണ് രണ്ടുപുസ്തകങ്ങളും പുറത്തിറക്കിയിരിക്കുന്നത്.


ആദ്യപുസ്തകത്തിൽ, മോഷണം തൊഴിലാക്കി കൊണ്ടുനടക്കുകയും, അൽ‌പ്പം വൈകിയാണെങ്കിലും പല കേസുകളിലും പിടിക്കപ്പെടുകയും ചെയ്യുന്ന മണിയൻപിള്ള എന്ന കള്ളന്റെ ജീവിതാനുഭവങ്ങളാണ്. ഒരു തുറന്ന് പറച്ചിൽ തന്നെയാണത്. തുറന്ന് പറച്ചിൽ എന്ന് പറയുമ്പോൾ, സ്വന്തം തോന്ന്യാസങ്ങളും പൊലീസ്, കോടതി എന്നീ തലങ്ങളിലെ തോന്ന്യാസങ്ങളുമെല്ലാം അതിന് പാത്രീഭവിക്കുന്നു. പിടിക്കപ്പെടുന്ന കേസുകൾ പലതും കോടതിയിലെത്തുമ്പോൾ കേസ് വാദിക്കുന്നത് മണിയൻപിള്ള തന്നെയാണ്. വർഷങ്ങളുടെ പരിചയസമ്പത്തുകൊണ്ട് നിയമവശങ്ങളൊക്കെ കഥാനായകൻ സ്വായത്തമാക്കിയിട്ടുണ്ട്. പലപ്പോഴും കേസുമായി കോടതിയിലെത്തുന്ന പൊലീസുകാർ കോടതിയിൽ നിന്ന് വിയർക്കുന്ന തരത്തിലായിരിക്കും കള്ളന്റെ കേസ് വിസ്താരം. അതുകൊണ്ടുതന്നെ കോടതിയിലേക്ക് പോകുന്ന പൊലീസുകാർ “ ഡാ മണിയാ കോടതിയിലിട്ട് മാനം കെടുത്തരുതേ “ എന്ന രീതിയിൽ അഭ്യർത്ഥിക്കുന്നതുമൊക്കെ പതിവാണ്.

കള്ളനെ പിടിച്ചാൽ സത്യം തെളിയിക്കാൻ പൊലീസിന്റെ മൂന്നാം മുറകൾ, ജീവിതകാലം മുഴുവൻ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, പൊലീസിന്റെ പിടിപ്പുകേടുകൾ, ത്രസിപ്പിച്ച ചില മോഷണങ്ങൾ, സത്യസന്ധമായി സമ്പാദിച്ച പണം പൊള്ളുമെന്ന സത്യം, എരണം കെട്ടപണം എന്താണ്, വീടുണ്ടാക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോഷണം കുറേയൊക്കെ തടയാനാവും എന്നതൊക്കെ രസകരമായി പ്രതിപാദിക്കുന്നുണ്ട് ഗ്രന്ഥത്തിൽ. നല്ല പോലീസുകാരെ പേരെടുത്ത് തന്നെ പറയുമ്പോൾ കാക്കിക്കുള്ളിലെ ക്രൂരന്മാരെ പേര് മാറ്റിയാണ് പറഞ്ഞിരിക്കുന്നത്. താൻ കാരണം അതിലൊരു പൊലീസുകാരന്റെ അനന്തര തലമുറയിലൊരാൾക്ക് പോലും ഒരു വ്യസനം ഉണ്ടാകരുതെന്ന് കള്ളന് നിർബന്ധമുള്ളതുകൊണ്ടാണിത്. കോടതിയുടെ കാര്യത്തിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ പുസ്തകത്തിലുണ്ട്.

കഥയുടെ അവസാനത്തോടടുക്കുന്ന ഭാഗത്ത്, വായനക്കാർ കള്ളനെ കാണുന്നത് കർണ്ണാടകത്തിൽ പേരുകേട്ട ഒരു വ്യവസായി ആയിട്ടാണ്. കൈ നിറയെ പണം, ആവശ്യത്തിലധികം ജോലിക്കാർ, സുഖ സൌകര്യങ്ങൾ എന്നുവേണ്ട, ഇലൿഷന് മത്സരിക്കാനായി പ്രമുഖ പാർട്ടിക്കാർ, സലിം ബാഷ എന്ന പുതിയ പേരിൽ ഇസ്ലാം മതം സ്വീകരിച്ച് മാന്യനായി ജീവിക്കുന്ന മണിയൻ പിള്ളയെ സമീപിക്കുന്നതുവരെ കാര്യങ്ങൾ ചെന്നെത്തുന്നു. അപ്പോളാണ് വിധി കേരളാ പൊലീസിന്റെ രൂപത്തിൽ അവിടെയെത്തുന്നത്. തെളിയിക്കപ്പെടാത്ത ചില കേസുകളിൽ കള്ളൻ വീണ്ടും അകത്താകുന്നു. എല്ലാ സ്വത്തുക്കളും കണ്ടുകെട്ടപ്പെടുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വർഷങ്ങളോളം നല്ല നടപ്പുമായി ഒരു പൊലീസ് സ്റ്റേഷനിലെ ജോലിക്കാരനായി നിന്നിട്ട് പോലും അവസാനം ചില നിയമപരമായ പ്രശ്നങ്ങളുടെ പേരിൽ കർണ്ണാടകത്തിലെ സ്വത്ത് മുഴുവൻ അയാൾക്ക് നഷ്ടപ്പെടുന്നു.

പ്രമുഖ കള്ളന്മാരുടെ മോഷണരീതികൾ, മോഷണത്തിനിടയിൽ അവർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ, (കയറിച്ചെല്ലുന്ന വീടുകളിലെ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടുന്ന തലത്തിലേക്ക് വരെ അത് നീളുന്നു.) നായ്ക്കളെ വളർത്തുന്ന വീടുകളിലെ മോഷണങ്ങൾ, അവറ്റകളെ വരുതിയിലാക്കുന്ന രീതികൾ എന്നിങ്ങനെ പിടിച്ചിരുത്തി വായിപ്പിക്കാൻ പോന്ന രംഗങ്ങൾ നിറഞ്ഞ ഒരു പുസ്തകമാണ് തസ്‌ക്കരൻ. പുസ്തകത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പക്ഷെ എല്ലാവരും വായിച്ചിരിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കള്ളന്റെ മനഃശ്ശാത്രം ഇതിൽ വരച്ചിട്ടിട്ടുണ്ട്. കള്ളന്റെ പ്രവൃത്തിമേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളും വ്യക്തികളും നമുക്കന്യമായ ലോകമാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ നാം കാണാത്തതും കേൾക്കാത്തതുമായ ഒരു പരിഛേദമുണ്ടിതിൽ. അത് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്. നല്ലവനായ ഒരാൾക്ക് ഈ പുസ്തകം ഉപകാരപ്പെടുന്നത്, എങ്ങനെ സ്വന്തം വീട്ടിൽ കളവ് നടക്കാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാം എന്ന നിലയ്ക്കാണ്. അതേ സമയം ദുഷ്ടബുദ്ധിയായ ഒരാൾക്ക് ഒരു മോഷ്ടാവാകാൻ പോന്ന എല്ലാ വിദ്യകളും ഇതിൽ പറയുന്നുമുണ്ട്. പുസ്തകം എന്തായാലും മാർക്കറ്റിൽ ലഭ്യമാണ്. ഒരു ചെറുകിട കള്ളനോ അല്ലെങ്കിൽ ഇതുവരെ കള്ളനാകാത്ത ഒരു മോശം വ്യക്തിയോ പുസ്തകത്തിനകത്തുള്ള വിദ്യകൾ നമുക്കെതിരെ പ്രയോഗിക്കില്ലെന്ന് എന്താണുറപ്പ് ? അതുകൊണ്ടാണ് ഇതെല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാകുന്നത്.

ഒരാൾ ജീതകാലം മുഴുവൻ കള്ളനായി കഴിയണമെന്നില്ലല്ലോ ? കള്ളനും കൊലപാതകിക്കും വരെ മാനസാന്തരം ഉണ്ടാകാം. കരിക്കൻ വില്ല കൊലക്കേസിലെ പ്രധാന പ്രതി ശിക്ഷ കഴിഞ്ഞിറങ്ങിയതിനുശേഷം ജീവകാരുണ്യപ്രവർത്തനങ്ങളുമായി ഇന്നെങ്ങിനെയാണ് നല്ല ജീവിതം നയിക്കുന്നതെന്ന് നമുക്കെല്ലാമറിയാം. മണിയൻ പിള്ള ജയിലിൽ വെച്ച് കണ്ടുമുട്ടുന്ന അത്തരം പല പ്രമുഖ കുറ്റവാളികളും, കള്ളന്മാരും പുസ്തകത്തിൽ വന്നുപോകുന്നുണ്ട്. പക്ഷെ മണിയൻപിള്ളയുടെ കാര്യത്തിൽ മാത്രം ഒരു മാനസാന്തരം കൊണ്ട് ജീവിതം രക്ഷിച്ചെടുക്കാൻ പറ്റുന്നില്ല. പൊലീസുകാർ അതിനയാളെ സമ്മതിക്കുന്നില്ല. ആ കഥയാണ് ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന രണ്ടാം ഭാഗത്തിൽ.

15 കൊല്ലത്തിനുശേഷം ചെയ്യാത്ത കുറ്റത്തിന് കേസ് ചാർജ്ജ് ചെയ്ത് ഐ.പി.സി. 401 -)ം വകുപ്പും ചുമത്തി അയാളെ വീണ്ടും ജയിലിൽ അടക്കുന്നു പൊലീസുകാർ. പുഷ്ക്കരകാലത്ത് മൂന്നാം മുറയൊക്കെ പുല്ലുപോലെ നേരിട്ടിരുന്ന കള്ളൻ, മാനസാന്തരപ്പെട്ടതിനുശേഷം പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ഭയചകിതനാകുന്നു. തുറുങ്കിനകത്തെ ഓരോ ദിവസവും ഓരോ യുഗമായി അയാൾക്കനുഭവപ്പെടുന്നു. കള്ളന്റെ നോട്ടപ്രകാരം ‘രാശിയുള്ള‘ ഒരു വീട് കണ്ടാൽ അയാൾക്കിന്ന് ഭയമാണ്. അത്തരത്തിൽ നോക്കാനയാൾക്കാവുന്നില്ല. ആദ്യകാലത്ത് അനുഭവിച്ച മൂന്നാം മുറകൾ, കാര്യമായി തടിയനങ്ങി ജോലിയൊന്നും ചെയ്യാനാകാത്ത പാകത്തിലാക്കിയിരിക്കുന്നു മണിയൻപിള്ളയെ. സീരിയലുകളിലും സിനിമകളിലും എൿട്രാ ആർട്ടിസ്റ്റ് ആയി ജോലി ചെയ്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ആദ്യപുസ്തകത്തിന്റെ റോയൽറ്റിയായി കിട്ടിയ പണവും കുറേയൊക്കെ സഹായിക്കുന്നുണ്ട്. റോയൽറ്റി തുകയുടെ മൂന്നിൽ രണ്ട് ഭാഗം കള്ളനും, മൂന്നിൽ ഒരുഭാഗം കള്ളന് കഞ്ഞിവെച്ചവനും ആണെന്ന് ശ്രീ.ഇന്ദുഗോപൻ ആദ്യപുസ്തകത്തിന്റെ ആമുഖത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മദ്യപാനമാണ് മണിയൻ‌പിള്ളയ്ക്ക് പലപ്പോഴും സ്വയം പാരയാകുന്നത്. കളവ് ഉപേക്ഷിച്ചതുപോലെ മദ്യപാനവും ഉപേക്ഷിക്കാനായെങ്കിൽ രണ്ടാമത്തെ പുസ്തകം എഴുതാനുള്ള സാദ്ധ്യത തന്നെ വിളരമാകുമായിരുന്നെന്ന് തോന്നി. കൂട്ടത്തിൽ പൊലീസിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആരുടെയോ ശുഷ്ക്കാന്തിയും കൂടെ ആയപ്പോൾ അറുപതാം വയസ്സിലും മണിയൻപിള്ള ഒരു ‘കള്ളനായി‘ തുടരേണ്ടി വരുന്നതിനെപ്പറ്റിയാണ് ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന രണ്ടാം ഭാഗത്തിൽ. ആത്മകഥ എഴുതിയത് മണിയൻ‌പിള്ളയ്ക്ക് പ്രശ്നമാകുന്നുണ്ട്. ‘നിനക്കിപ്പോഴും മോഷണമൊക്കെ ഉണ്ടോടേയ് ‘ എന്ന് ചോദിക്കുന്നതിന് പകരം ‘നിനക്കിപ്പോഴും പുസ്തകമെഴുത്തൊക്കെ ഉണ്ടോടേയ് ‘ എന്ന് ചോദിച്ചാണ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് എന്നതുതന്നെ കള്ളന്റെ ആത്മകഥ പല മാന്യദേഹങ്ങൾക്കും ഇരിക്കപ്പൊറുതി ഇല്ലാതാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. “എന്നോടീച്ചതി വേണ്ടായിരുന്നു സാറന്മാറേ“ എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ചപ്പോൾ, “എന്തുചെയ്യാം മണിയൻപിള്ളേ മുകളീന്നുള്ള ഉത്തരവല്ലേ ?” എന്നാണ് മറുപടി. ആരാണ് മുകളിൽ നിന്ന് ആ ഉത്തരവിറക്കിയത് ? കള്ളന്റെ കഥയിൽ അങ്ങനെ പല മാന്യന്മാരേയും പേരെടുത്ത് പറയാതെ പരാമർശിച്ചിട്ടുണ്ടല്ലോ ? ഒരു മന്ത്രിക്ക് പെണ്ണ് കൂട്ടി കൊടുത്ത കഥയും, 76-77 കാലഘട്ടത്തിൽ മറ്റൊരു മന്ത്രിക്ക് വേണ്ടി ഒരാളുടെ വീട്ടിൽ കയറി പാസ്പ്പോർട്ട് മോഷ്ടിച്ചു കൊടുത്ത കഥയുമൊക്കെ അച്ചടിച്ച് വരുമ്പോൾ മുഖം‌മൂടി അണിഞ്ഞ പെരുങ്കള്ളന്മാർ വിറളിപിടിക്കുന്നത് സ്വാഭാവികം മാത്രം. ഒരിക്കലെങ്കിലും മോഷണം നടത്തിയിട്ടുള്ള ഒരുത്തന്നെ പിന്നീടവൻ എത്ര നല്ലവനായാൽ‌പ്പോലും, വീണ്ടും കള്ളന്റെ കുപ്പായമിടീക്കാൻ പ്രസ്തുത മാന്യന്മാർക്ക് ഒരു തുള്ളിപോലും വിയർപ്പ് പൊടിക്കേണ്ടി വരുന്നില്ല. രാഷ്ട്രീയക്കാരെ നമ്പരുതെന്ന് കള്ളൻ* പറയുമ്പോൾ, കള്ളനെ നമ്പിയാലും കുള്ളനെ നമ്പിയാലും, രാഷ്ട്രീയക്കാരെ നമ്പരുതെന്ന് പുസ്തകം വായിച്ചിട്ട് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല.

അതിനിടയ്ക്ക് തസ്‌ക്കരൻ എന്ന ആത്മകഥ കേരള സർവ്വകലാശാലയുടെ മലയാളം ബിരുദ കോഴ്‌സിന്റെ അധികവായനയ്ക്ക് ശുപാർശ ചെയ്യപ്പെടുന്നു. വിഷയം നിയമസഭ വരെ എത്തുന്നു. ഇതിനേക്കാൽ നല്ല ആത്മകഥകളില്ലേ പഠിപ്പിക്കാൻ എന്ന് എതിർപ്പുകളും വരുന്നു. എന്തായാലും അവിടെ വരെ കാര്യങ്ങൾ എത്തിയതിൽ മണിയൻപിള്ളയ്ക്കും ഇന്ദുഗോപനും അഭിമാനിക്കാം. തന്റെ പുസ്തകത്തെ അംഗീകരിക്കാൻ ഒരു ശ്രമമെങ്കിലും നടത്തിയ സർക്കാരിനോട് ഒരു അഭ്യർത്ഥനയുണ്ട് കള്ളന്റെ വക. “ശിഷ്ടകാലം എന്നെ എങ്ങനെയെങ്കിലും ജീവിച്ച് പോകാൻ അനുവദിച്ചാൽ മതി. കാരണമില്ലാതെ എന്നെ വേട്ടയായി പിടിക്കാതിരുന്നാൽ മതി ”

പുസ്തകത്തിന്റെ തുടക്കത്തിലുള്ള ‘അവരുടെ രാവുകൾ‘ എന്ന ലേഖനത്തിലൂടെ ശ്രീ.അഷ്ടമൂർത്തി ചോദിക്കുന്ന ചോദ്യം അതേപടി പകർത്തി എഴുതണമെന്ന് തോന്നുന്നു.

“അല്ലെങ്കിൽ ആരാണ് കള്ളൻ ? ആരാണ് കള്ളനല്ലാത്തത് ? മനസ്സുകൊണ്ടെങ്കിലും കറപുരളാത്തവർ ആരുണ്ട് ? ഒരൊളിഞ്ഞ് നോട്ടം പോലും നടത്താത്ത എത്രപേരുണ്ട് നമുക്കിടയിൽ ? പൊരിഞ്ഞ അടികിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ നമ്മളിൽ അധികം പേരും ഇന്ന് മാന്യന്മാരായി ജീവിക്കുന്നത് ? “

---------------------------------------------------------------------------------
*കള്ളൻ എന്ന് ലേഖനത്തിൽ പലയിടത്തും പരാമർശിച്ചിരിക്കുന്നത് മണിയൻപിള്ളയെ മോശക്കാരനാക്കി കാണിക്കാനല്ല. രണ്ട് പുസ്തകങ്ങളിലും പലയിടത്തും സന്ദർഭാനുസരണം ഉപയോഗിച്ചിരിക്കുന്ന ആ പദം അതേ സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

30 comments:

 1. ആഴ്ച്ചപതിപ്പിലൂടെ ഈ സംഗതി വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ പുതിയ മോഷണ കുറ്റത്തിന് കഥാനായകനെ തോണ്ടിയോടുകൂടി ആറ്റിങ്ങല്‍ വെച്ച് അറസ്റ്റ് ചെയ്യുക ഉണ്ടായിട്ടുണ്ട്.

  ReplyDelete
 2. രണ്ടു വട്ടം കയ്യിലെടുത്ത് വാങ്ങിക്കാതെ വന്ന പുസ്തകം. വാങ്ങാമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.........സസ്നേഹം

  ReplyDelete
 3. എന്റെ പുസ്തകശേഖരത്തില്‍ ഇടം പിടിച്ച ഒരു പുസ്തകമാണ് മണിയന്‍ പിള്ളയുടെ ആത്മകഥ. കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ഇന്ദുഗോപനുമായ് ഒരു കോഫീ ഷോപ്പില്‍ വെച്ച് പരിചയപ്പെടുകയും, സംസാരിച്ചിരിക്കുകയും ഉണ്ടായി. ‘തന്ത്ര’ എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ കെ ജെ ബോസാണ് ഇന്ദുഗോപനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. പിന്നീട് ഇന്ദുഗോപന്റെ ഒരു നോവല്‍ =ഭൂമിശ്മശാനം= ബോസ് വഴി എനിക്ക് കിട്ടി. തരക്കേടില്ലാത്ത ഒരു നോവലായിരുന്നു അത്. എന്തായാലും നിരക്ഷരന്റെ ഈ ശ്രമം മൂലം കുറച്ച് പുതിയ വായനക്കാരെ സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല

  ReplyDelete
 4. വി ജെ ജെയിംസ്‌ എഴുതിയ ചോരശാസ്ത്രം കൂടി വായിക്കുക ഡി സി ബുക്ക്‌ തന്നെ ആണെന്നാണു ഓ ര്‍ മ്മ

  ReplyDelete
 5. പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നതില്‍ ഒരു അക്ഷര പിശാച്....

  “കഥയെഴുതണം , കവിതയെഴുതണം എന്നൊക്കെയാണ്‌ ആഗ്രഹം. പക്ഷെ ഭാവനയ്ക്ക് പഞ്ഞം ..........സാമൂഷ്യവിഷയങ്ങൾ‍......


  സാമൂഹ്യ വിഷയങ്ങള്‍ എന്നായിരിക്കുമല്ലോ മനോജ് ഉദ്ദേശിച്ചത്!

  ReplyDelete
 6. വിവരണം കൊള്ളാം...ഇത്തരം അനുഭവങ്ങൾ വിരളമല്ലേ.......ഒരിയ്ക്കൽ കള്ളക്കുറിശ്ശി എന്നൊരു തമിഴ്നാട്ടിലെ കള്ളന്മാരുടെ ഗ്രാമത്തിൽ നിന്ന് വന്ന ഒരു എഞ്ചിനീയറെ ഞാൻ പരിചയപെട്ടിട്ടുണ്ട്.മോഷണം അഭിമനാമായി കൊണ്ട് നടക്കുന്ന വിചിത്രമായ ഗ്രാമം..

  ReplyDelete
  Replies
  1. ഈ ഗ്രാമത്തെ കുറിച്ച് കൂടുതൽ വല്ല വിവരവും തരാൻ സാധിക്കുമോ?

   Delete
 7. @ മുരളി മേനോന്‍ (Murali K Menon) - സമ്മതിച്ചു മാഷേ... :) 2007 മുതൽ ആ അക്ഷരപ്പിശക് അവിടെ കിടന്നിട്ട് ആരും കണ്ടുപിടിച്ചില്ല എന്നത് അതിശയം തന്നെ. ഇപ്പോൾ തിരുത്തിയിട്ടുണ്ട്. അത് കണ്ട് പിടിച്ച് തന്നതിന് പ്രത്യേകം നന്ദി :)

  ReplyDelete
 8. ഇടക്കിടെ തറവാട്ടിലെ നാലിറയത്തുകൂടെ ഇറങ്ങിവന്ന് ഒന്നും കക്കാതെ വെറുതെ വാതില്‍തുറന്ന് ഇറങ്ങിപ്പോയിരുന്ന സ്ഥലത്തെ ഒരു പേരുകേട്ടൊരു കള്ളനുണ്ടായിരുന്നു.ഞങ്ങള്‍ കുട്ടികളെ ഉറക്കാന്‍ ഉപയോഗിച്ച കള്ളക്കഥയാണോന്നറിയില്ല കുട്ടിക്കാലത്ത് അയാളെ പേടിച്ച് ഒരുപാടുറക്കം പോയിട്ടുണ്ട്.പിന്നീട് അയാളുടെ കുസൃതിയാലോചിച്ച് കുറെ ചിരിച്ചിട്ടുമുണ്ട്. അതോര്‍മ്മവന്നു..:)

  ReplyDelete
 9. @ അനാഗതശ്മശ്രു - ചോരശാസ്ത്രം തപ്പിയെടുത്തു. അടുത്ത വായന അതുതന്നെ ആയിക്കളയാം.

  @ പ്രയാൺ - അൿബർ കക്കട്ടിലിന്റെ ലേഖനങ്ങളിലെവിടെയോ ആണെന്ന് തോന്നുന്നു, ഒരു കള്ളനെപ്പറ്റി വായിച്ചത് ഓർക്കുന്നു. അദ്ദേഹത്തിന്റെ മാതാവ് അടുക്കള ഇറയത്ത് വന്നിരിക്കുന്ന കള്ളനോട് പറയുമായിരുന്നു.

  “ എടാ *നാരായണാ നീ അവിടിരിക്കുന്ന പാത്രമൊന്നും എടുത്തോണ്ട് പോകരുത് കേട്ടോ ? ഒക്കെ എനിക്കാവശ്യമുള്ളതാ”

  “ അത് പിന്നെ എനിക്കറിയരുതോ. ഞാനതൊന്നും എടുക്കില്ലെന്ന് അറിയില്ലേ? “ എന്ന് കള്ളന്റെ മറുപടി.

  നമുക്കിടയിൽ ജീവിക്കുന്ന, മറ്റ് നിവൃത്തി ഇല്ലാത്തതുകൊണ്ടും അൽ‌പ്പസ്വൽ‌പ്പം തെമ്മാടിത്തരം കൈയ്യിലുള്ളതുകൊണ്ടും മോഷ്ടിക്കാനിറങ്ങുന്ന, അതേ സമയം നമുക്ക് പേടിയില്ലാത്തതുമായ ഒരുപാട് അയ്യോപാവം കള്ളന്മാരുണ്ടായിരുന്നു ഗ്രാമങ്ങളിൽ. ഇന്നിപ്പോൾ ഗ്രാമങ്ങൾ ഇല്ലല്ലോ പിന്നെങ്ങനാ അത്തരം കള്ളന്മാർ ഉണ്ടാകുന്നത് ? ഇന്ന് മാന്യതയുടെ മുഖം മൂടി അണിഞ്ഞ പെരുങ്കള്ളന്മാരുടെ കാലമാണ്.

  *ശരിയായ പേരല്ല.

  ReplyDelete
 10. ശോ നാട്ടില്‍ നിന്ന് മടങ്ങുന്നതിനു മുന്‍പ് ഇതുവായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ആ പുസ്തകം കൂടി വാങ്ങാരുന്നു. ഇനി പോകുമ്പോള്‍ വാങ്ങിയിരിയ്ക്കും. നല്ല കുറെ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഒരു പോസ്റ്റാക്കാമോ.. (അങ്ങനെ വല്ല പോസ്റ്റുമുണ്ടെങ്കില്‍ ലിങ്കിയായും മതി )

  ReplyDelete
 11. ഈ പരിചയ പെടുതലിനു നന്ദി

  ReplyDelete
 12. ഇനീപ്പോ നാട്ടീന്നു വരുത്തിക്കാം!

  വായിക്കാതെ തരമില്ലല്ലോ !

  ReplyDelete
 13. ഞാന്‍ വായിച്ചിരുന്നു ആദ്യ ഭാഗം... രണ്ടാമത്തെ പുസ്തകം ഉണ്ടെന്നു അറിഞ്ഞത് ഇപ്പോഴാണ്‌.... പരിചയപെടുത്തലിന് നന്ദി മനോജ്‌....

  ReplyDelete
 14. എനിക്കറിയാവുന്ന,ഒരിക്കല്‍ കള്ളനായിരുന്ന മണിയന്‍ പിള്ള ആത്മകഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ ഉയര്ന്ന പോലീസുദ്യൊഗസ്ഥന്മാരുടെ ചങ്കിടിച്ചു തുടങ്ങി.ഒരുനാളങ്ങു പൊക്കി.മാധ്യമത്തിലെ എഴുത്തും നിന്നു.
  അയാള്‍ മാന്യനായതിനാല്‍ ആരുടേയും പേര്‍ വ്യക്തമാക്കിയില്ല. അല്ലായിരുന്നെങ്കില്‍ ചിലര്ടെ തനിനിറം കാണാമായിരുന്നു.

  ReplyDelete
 15. അനാഗതശ്മശ്രു പറഞ്ഞ ചോരശാസ്ത്രം മനോഹരമായ ഒരു വായനതന്നെ. എന്തോ തസ്കരന്റെ ഈ ആത്മകഥ പുസ്തകത്തിന് ഡീസി കൊടുത്ത പ്രചുരപ്രചാരത്തോട് അത്ര മതിപ്പില്ല. മറ്റൊന്നുംകൊണ്ടല്ല, ഇതേ പ്രചാരം അവര്‍ മറ്റുള്ള എല്ലാ എഴുത്തുകാര്‍ക്കും കൊടുത്തിരുന്നെങ്കില്‍ ഇതോട് എനിക്ക് ഒരു ഇഷ്ടക്കേട് തോന്നില്ലായിരുന്നു.

  ReplyDelete
 16. "തസ്കരന്‍" രണ്ടു വര്ഷം മുന്‍പ് വായിച്ചിട്ടുണ്ട് ."കള്ളന്‍ ബാക്കി എഴുതുമ്പോള്‍" ഇറങ്ങി എന്ന് ഇപ്പോളാണ് അറിഞ്ഞത് .പരിചയപ്പെടുത്തിയതിന് നന്ദി. പുസ്തകത്തില്‍ കള്ളന്‍ പലയിടത്തും സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് .പിന്നെ സ്വയം ഒരു ഹീറോ ഇമേജിലേക്ക് തന്നെ കൊണ്ട് വരുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും കാണാം .പ്രത്യേകിച്ചും കര്‍ണാടകത്തിലെ സംഭവങ്ങളൊക്കെ വിശ്വസിക്കാന്‍ അല്പം പ്രയാസം തന്നെ .ഇതെല്ലം വ്യക്തിപരമായ അഭിപ്രയാണ്.എന്തൊക്കെയായാലും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് "തസ്കരന്‍" പ്രത്യേകിച്ചും കള്ളന്മാരുടെ മോടസ് ഒപ്പരന്ടെ മനസ്സിലാക്കുവാന്‍.പിന്നെ നിരക്ഷര്‍ ഭായിയോട് ഒരു സംശയം . ഈ സാങ്കേതിക കാരണങ്ങളാല്‍ എന്നത് ഇന്ന് മലയാളത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പദം ആയിരിക്കുന്നു .അതിനു തുടക്കം ഇട്ടതു ദൂരദര്ഷനാണെന്ന് തോന്നുന്നു ."ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു"എന്നവര് മണിക്കൂറുകളോളം എഴുതി കാണിക്കുമായിരുന്നു .അതിന്റെ യഥാര്‍ത്ഥ അര്‍ഥം "technical issues " എന്നല്ലേ .
  ഇപ്പൊ ഇദാ ഇവിടേം " അവസാനം ചില സങ്കേതികതകളുടെ പേരിൽ കർണ്ണാടകത്തിലെ സ്വത്ത് മുഴുവൻ അയാൾക്ക് നഷ്ടപ്പെടുന്നു." ചില നിയമപരതയല്ലേ ശരി. ഒരു സംശയം ചോദിച്ച എന്നെ കില്ലല്ലേ .....

  ReplyDelete
 17. പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റി സൂചന കിട്ടിയ സ്ത്ഥിതിയ്ക്ക് എപ്പോഴെങ്കിലും ഒരു വായന തരപ്പെടുത്തണമെന്ന് വിചാരിക്കുന്നു!അഥവാ അങ്ങനെ ആഗ്രഹിക്കുന്നു.വിവരം നൽകിയതിനു നന്ദി!

  ReplyDelete
 18. @ AFRICAN MALLU - നിയമപരമായ പ്രശ്നങ്ങൾ എന്ന് തന്നെയാണ് പറയേണ്ടത്. അതാണ് ശരി. ഞാൻ നിരക്ഷരൻ ആണെന്ന് അറിയാമല്ലോ ? :) അതുകൊണ്ട് ഇങ്ങനെ ചില അബദ്ധങ്ങൾ എക്കാലത്തും പ്രതീക്ഷിക്കാം. ഞാനത് തിരുത്തി എഴുതുന്നു. ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി :)

  ReplyDelete
 19. @ Manoraj - ഡീസി ഈ പുസ്തകത്തിന് കൊടുത്ത പ്രചരണവും, പിന്നെ AFRICAN MALLU പറഞ്ഞതുപോലെ കള്ളൻ പലയിടത്തും സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നതും ഹീറോ ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നതുമൊക്കെയാണ് ഈ പുസ്തകത്തെപ്പറ്റി പ്രധാനമായും കേട്ടിട്ടുള്ള നെഗറ്റീവ് ആയ അഭിപ്രായങ്ങൾ. അതൊക്കെ ഏറെക്കുറെ ശരിയാണെന്ന് സമ്മതിക്കാതെ വയ്യ. ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ലേഖനത്തിൽ സൂചിപ്പിച്ചത് അതുകൊണ്ടുതന്നെയാണ്.

  ReplyDelete
 20. പുസ്തകത്തെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി ."തസ്ക്കരന്‍" വാങ്ങിച്ച് വായിച്ചു പഠിച്ചിട്ടുവേണം,'കള്ളന്‍ ബാക്കി എഴുതുമ്പോള്‍' എന്ന രണ്ടാമത്തേത് കോട്ടയത്ത്‌ DCബുക്സില്‍ നിന്നു അടിച്ചു മാറ്റാന്‍..

  ReplyDelete
 21. അടുത്തയാഴ്ച നാട്ടിൽ വരുന്നുണ്ട്.. അപ്പൊ വാങ്ങി വായിക്കാം.

  ഓഫ്: ഒടിയന്റെ കമന്റു കൊള്ളാം! :)

  ReplyDelete
 22. പണ്ടെങ്ങോ മാധ്യമതിന്റെയോ മനോരമയുടെയോ വാര്‍ഷിക പതിപ്പില്‍ പത്തുപതിനാറു പേജുള്ള വിവരണം (ഈ 'കള്ളന്റെ'ആത്മകഥ)വായിച്ചതോര്‍ക്കുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് അത് വായിക്കാനായത്!
  അവിശ്വസനീയതയും കൌതുകവും ജനിപ്പിക്കുന്നതായിരുന്നു അത് .
  ഉരുട്ടലിനു വിധേയനായി, കാലുകളിലെ എല്ലും മാംസവും തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടു മാസം തൂങ്ങിക്കിടക്കുന്നവിവരണമോക്കെ വല്ലാത്ത ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്

  ReplyDelete
 23. പരിചയപ്പെടുത്തലിനു വളരെ നന്ദി...

  ReplyDelete
 24. ഈ ഗൈഡ് ഒന്നുവാങ്ങി വീട്ടില്‍വെക്കണം....ചിലപ്പോള്‍ ഉപകരിച്ചേക്കും!!എല്ലാ തരത്തിലും!!:)) പരിചയപ്പെടുത്തിയതിനു നന്ദി നീരു.:))

  ReplyDelete
 25. ഞാനും വാങ്ങുന്നുണ്ട് ഒരെണ്ണം

  ReplyDelete
 26. കുറച്ചു നാള്‍ മുന്‍പ് ഞങ്ങളുടെ നാട്ടില്‍ ഒരു വീട്ടില്‍ ഒരു കള്ളന്‍ കേറി.വീട്ടു കാരെയൊക്കെ പിടിച്ചു കെട്ടിയിട്ടിട്ട് , സ്വര്‍ണ്ണവും കാശും ഒക്കെ എടുത്തു പോകുന്നതിനു മുന്‍പ് പാവം ഒരു കാര്യം കൂടി ചോദിച്ചു.എന്താണെന്നല്ലേ? കുറച്ചു ചോറ് തരുമോ എന്ന്.

  ഇത് പത്രത്തില്‍ വായിച്ചപ്പോ അടുത്ത വീട്ടിലെ അമ്മായി കമന്റ്‌ പാസാക്കി ."അതുങ്ങള്‍ ഈ രാത്രി മുഴുവന്‍ ഇങ്ങനെ നടക്കണതല്ലേ വെശപ്പുണ്ടാകാതിരിക്വോ?"

  കറിയില്ല എന്ന് വീട്ടുടമസ്ഥ പറഞ്ഞപ്പോ എന്തേലും മതി എന്ന് പറഞ്ഞു കള്ളന്‍ ചോറും ഉണ്ടു.പോകാന്‍ നേരം ആശുപത്രി ചെലവിനു , "ഇവിടെ കാശൊന്നും ഇരുപ്പില്ലല്ലോ ഇത് വെച്ചോ " എന്നും പറഞ്ഞു 300 രൂപേം കൊടുത്തു.

  അപ്പോഴേക്കും വന്നു അമ്മായി യുടെ അടുത്ത കമന്റ്‌ "കള്ളനാണേലും മനസ്സാക്ഷി ഉണ്ട്.!"

  ReplyDelete
 27. He was arrested again yesterday from kazhakkoottom, TVM, while planning a temple robbery...

  ReplyDelete
 28. ഈ പുസ്തകം ഞാന്‍ കുറെ നാള്‍ മുന്‍പ് വായിച്ചിട്ടുണ്ട്, സത്യത്തില്‍ കള്ളന്റെ വീരഗാധയല്ല മറിച്ച് നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതത്തോടുള്ള മല്ലിടീലായി ആണ് തോന്നിയത്. സമാധാനമായി ഉറങ്ങാന്‍ പോലുമാവാത്ത ഒരു ജന്മം! അതില്‍ കണ്ണിനെ ഈറനണിയിച്ച നിരവധി സന്ദര്‍ഭങ്ങള്‍. ഈ പുസ്തകം അക്കാദമിക് നിലവാരത്തില്‍ നിന്ന് കൊണ്ടു ഒരു ജീവിതത്തെ മനസ്സിലാക്കാനും , സാഹിത്യം എന്ന നിലയിലോ, ആത്മകഥ എന്ന നിലയില്‍ പോലുമോ എങ്ങനെ നോക്കിയാലും ഉള്ളിന്റെയുള്ളില്‍ ചില സത്യങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട് ഈ കള്ളന്‍. അത് അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു മനസ്സില്ലെന്നെ പറയാന്‍ കഴിയൂ.

  കള്ളന്മാര്‍ ഓരോ ഗ്രാമ്യസംസ്കാരങ്ങളുടെയും ഭാഗമാവാരുണ്ട് കഥയിലും ജീവിതത്തിലും. ഒരു കള്ളന്‍ പവിത്രനോ, മീശമാധവനോ അല്ല ജീവിതത്തിലെ കള്ളന്‍. അവന്‍ സമൂഹത്താല്‍ കള്ളനെന്നു മുദ്ര ചെയ്യപ്പെട്ടവനാണ്, ഭയത്തിന്റെ പ്രതീകമാണ്, നീചനാണ്, എങ്കിലും പലപ്പോഴും അവന്‍ ആ നാടിന്റെ ഭാഗവും ആവാറുണ്ട്. നല്ല അര്‍ത്ഥത്തിലും, മോശം അര്‍ത്ഥത്തിലും 'കള്ളന്‍' എന്ന പേരില്‍ തന്നെ. മണിയന്‍ പിള്ളയുടെ ഓരോ പുറങ്ങളും മറിയുമ്പോള്‍ ഈ 'കള്ളനെ' നമുക്ക് സ്നേഹിക്കാനേ കഴിയൂ... ഉള്ളലിയുന്ന ഒരുഗദ്ഗദത്തോടെ

  ReplyDelete
 29. ഈ പുസ്തകം ഞാന്‍ കുറെ നാള്‍ മുന്‍പ് വായിച്ചിട്ടുണ്ട്, സത്യത്തില്‍ കള്ളന്റെ വീരഗാധയല്ല മറിച്ച് നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതത്തോടുള്ള മല്ലിടീലായി ആണ് തോന്നിയത്. സമാധാനമായി ഉറങ്ങാന്‍ പോലുമാവാത്ത ഒരു ജന്മം! അതില്‍ കണ്ണിനെ ഈറനണിയിച്ച നിരവധി സന്ദര്‍ഭങ്ങള്‍. ഈ പുസ്തകം അക്കാദമിക് നിലവാരത്തില്‍ നിന്ന് കൊണ്ടു ഒരു ജീവിതത്തെ മനസ്സിലാക്കാനും , സാഹിത്യം എന്ന നിലയിലോ, ആത്മകഥ എന്ന നിലയില്‍ പോലുമോ എങ്ങനെ നോക്കിയാലും ഉള്ളിന്റെയുള്ളില്‍ ചില സത്യങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട് ഈ കള്ളന്‍. അത് അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു മനസ്സില്ലെന്നെ പറയാന്‍ കഴിയൂ.

  കള്ളന്മാര്‍ ഓരോ ഗ്രാമ്യസംസ്കാരങ്ങളുടെയും ഭാഗമാവാരുണ്ട് കഥയിലും ജീവിതത്തിലും. ഒരു കള്ളന്‍ പവിത്രനോ, മീശമാധവനോ അല്ല ജീവിതത്തിലെ കള്ളന്‍. അവന്‍ സമൂഹത്താല്‍ കള്ളനെന്നു മുദ്ര ചെയ്യപ്പെട്ടവനാണ്, ഭയത്തിന്റെ പ്രതീകമാണ്, നീചനാണ്, എങ്കിലും പലപ്പോഴും അവന്‍ ആ നാടിന്റെ ഭാഗവും ആവാറുണ്ട്. നല്ല അര്‍ത്ഥത്തിലും, മോശം അര്‍ത്ഥത്തിലും 'കള്ളന്‍' എന്ന പേരില്‍ തന്നെ. മണിയന്‍ പിള്ളയുടെ ഓരോ പുറങ്ങളും മറിയുമ്പോള്‍ ഈ 'കള്ളനെ' നമുക്ക് സ്നേഹിക്കാനേ കഴിയൂ... ഉള്ളലിയുന്ന ഒരുഗദ്ഗദത്തോടെ

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.