Thursday, 25 July 2013

നല്ല റോഡുകൾ ഉണ്ടാകണമെങ്കിൽ !!


കേരളത്തിലെ റോഡുകളുടെ ദുരവസ്ഥയെപ്പെറ്റി പ്രത്യേകിച്ച് വിശദീകരിച്ച് ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ലല്ലോ ? എല്ലാവരും അനുഭവിച്ച് അറിയുന്നതല്ലേ? അഥവാ ആരെങ്കിലും അറിയാത്തവരുണ്ടെങ്കിൽ അവർക്കായി, ദിനപ്പത്രങ്ങളിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും കുറേയധികം കോളങ്ങൾ റോഡുകളുടെ ദയനീയ സ്ഥിതി കാണിച്ചുകൊണ്ടുള്ള വാർത്തകളും ചിത്രങ്ങളും വരുന്നുണ്ട്. ചില പത്രങ്ങൾ ഈ വിഷയത്തിൽ സപ്ലിമെന്റ് ഇറക്കുകയും ചെയ്തിട്ടുണ്ട്. റോഡുകൾ തകർന്നതുകൊണ്ട് കേരളത്തിനുണ്ടായിരിക്കുന്നത് 300 കോടിയിലധികം രൂപയുടെ നഷ്ടമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ചിത്രത്തിന് കടപ്പാട്:- Sree Sreeju
പൊതുവെ വാഹനപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടുകയാണ് കേരളത്തിലെ റോഡുകൾ. പരിതാപകരമായ അവസ്ഥയിലെത്തിയ റോഡുകൾ കാരണം ഗതാഗതക്കുരുക്കുകൾ കൂടുതൽ മുറുകയാണ് ചെയ്തിരിക്കുന്നത്. ഒരു വാഹനം യാത്രയ്ക്കെടുക്കുന്ന ഓരോ അധിക മിനിറ്റും 85 മില്ലീ ലിറ്റർ അധിക ഇന്ധനം ചിലവാക്കുന്നുണ്ടെന്നാണ് കണക്ക്. അങ്ങനെ കണക്കുകൂട്ടിയാൽ, റോഡുകളിലെ കുഴികൾ കാരണം, ഒരു കോടി രൂപയാണ് കേരളത്തിലെ വാഹനങ്ങൾക്കൊട്ടാകെ അധിക ഇന്ധനച്ചിലവ് വരുന്നതെന്ന് ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾക്കായി വാഹനങ്ങൾക്കുണ്ടാകുന്ന ചിലവ് വേറെയും ഒരുപാട് കോടികൾ വരും. ഈ ചിലവ് താങ്ങാൻ വയ്യാതായതുകൊണ്ട് കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ (2013 ജൂലായ് 26) മുതൽ നഗരത്തിലെ ബസ്സുകൾ പണിമുടക്കുകയാണ്. അങ്ങനെ നോക്കിയാൽ, കേരളത്തിലെ എല്ലാ നഗരങ്ങളിലും, ബസ്സ് പണിമുടക്കിനും ഹർത്താലിനുമുള്ള സാദ്ധ്യത ഇന്ന് നിലവിലുണ്ട്.


റോഡുകളിൽ കൊച്ചുകൊച്ച് കുഴികൾ ഉണ്ടാകുന്നതും കാലക്രമേണ അത് വളർന്ന് വലിയ ഗർത്തങ്ങൾ ആകുന്നതും മുൻപും പതിവാണ്. പക്ഷെ ഈയിടെയായി കാര്യങ്ങൾ അങ്ങനെയൊന്നുമല്ല. എറണാകുളം ജില്ലയിൽ, ടാർ ചെയ്ത് രണ്ടാഴ്ച്ചയ്ക്കകം തകർന്നുപോയ ഒരു റോഡെങ്കിലും തെളിവടക്കം കാണിച്ചുതരാൻ എനിക്ക് സാധിക്കും. എല്ലാ ജില്ലക്കാർക്കും ഉണ്ടാകും അത്തരത്തിൽ ഒന്നിലധികം റോഡുകൾ ചൂണ്ടിക്കാണിക്കാൻ.

കോട്ടപ്പുറം - മൂത്തകുന്നം പാലത്തിലെ ചുങ്കം പിരിവ് തീർന്നപ്പോളേക്കും ആ പാലം മൃതപ്രായമായി. അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടി മാസങ്ങളോളം പാലത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. പാലത്തിലെ അറ്റകുറ്റപ്പണികൾക്കായി 2.31 കോടി രൂപയാണ് ചിലവാക്കിയത്. ആധുനികമായ BM & BC സാങ്കേതിക വിദ്യ പ്രകാരമാണ് റോഡ് നന്നാക്കിയതെന്ന് അവകാശവാദങ്ങൾ ഉണ്ടായെങ്കിലും രണ്ട് മാ‍സങ്ങൾക്കകം പാലത്തിലെ ടാറ് പൊളിഞ്ഞ് കമ്പികൾ പുറത്തുവന്നു. (താഴെയുള്ള ചിത്രമടക്കമുള്ള ലേഖനം കാണുക.)


എടുത്ത് പറയാനാണെങ്കിൽ, ഇങ്ങനെ പുതിയതും പഴയതുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുണ്ടാക്കിയിട്ടും തകർന്നടിഞ്ഞ റോഡുകളുടെ ഒട്ടനവധി ഉദാഹരണങ്ങൾ മുന്നിലുണ്ട്. അതൊക്കെ ഒരു ഭാഗത്ത് മാറ്റി നിർത്തി റോഡുകൾക്ക് ഈ ഗതി വരാനുള്ള കാരണം എന്താണെന്ന് ഒന്ന് വിശകലനം ചെയ്യാം.

മഴ കാരണമെന്നാണ് ഉത്തരവാദപ്പെട്ടവർ പ്രധാന കാരണമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മരങ്ങളുടെ ചോലയുള്ള ഭാഗത്തും റോഡുകൾ തകർന്നുകൊണ്ടിരിക്കും എന്ന് പറയുന്നു. മുഴുവൻ കുറ്റവും മഴയ്ക്കും വെള്ളക്കെട്ടിനും മേലെ വെച്ചുകെട്ടുന്നത് ശുദ്ധ അസംബന്ധമാണ്.

കേരളത്തിലെ പോലെ അതിശക്തമായ കാലവർഷമൊന്നും ഉണ്ടാകാറില്ലെങ്കിലും വർഷത്തിൽ ഒരുപാട് മഴ ലഭിക്കുന്ന സിംഗപ്പൂർ, മലേഷ്യ പോലുള്ള രാജ്യങ്ങളിലും റോഡുകളുണ്ട്. അതൊന്നും കേരളത്തിലെ പോലെ പൊട്ടിപ്പൊളിയുന്നില്ല. കേരളത്തിൽ പെയ്യുന്നത് പോലെതന്നെ ശക്തമായി മഴ പെയ്യുന്ന ഒരിടമാണ് തൊട്ടടുത്ത് കിടക്കുന്ന ശ്രീലങ്ക എന്ന രാജ്യം. അവിടത്തെ റോഡുകൾക്കൊന്നും കേരളത്തിലെ റോഡുകളുടെ ഗതികേടില്ലെന്ന് മാത്രമല്ല, ഏത് ലോകരാഷ്ട്രങ്ങളോടും കിടപിടിക്കുന്ന റോഡുകളാണ് അവിടെയുള്ളതെന്ന് അന്നാട്ടിൽ പോയിട്ടുള്ളവർക്ക് ആർക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ്.

നമ്മളെന്തിന് റോഡുകളുടെ കാര്യം മറ്റ് രാജ്യങ്ങളുമായി താരത‌മ്യം ചെയ്യണം. ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന ഒരു റൂട്ടുകളിൽ ഒന്നാണ് വൈപ്പിൻ മുനമ്പം റോഡ്. ഏകദേശം പത്ത് വർഷത്തിന് മുൻപ് വളരെ നല്ല രീതിയിൽ ആ റോഡ് പണിയുകയുണ്ടായി. അതിന് ശേഷം ഇക്കഴിഞ്ഞ കൊല്ലം വരെയുള്ള കാലയളവിൽ, അവിടവിടെയായി ചിതലരിച്ചതുപോലെ മേൽഭാഗത്തു നിന്ന് അൽ‌പ്പം ടാർ ഇളകിപ്പോയെന്നല്ലാതെ എടുത്ത് പറയത്തക്ക വലിയ കുഴികളൊന്നും ഈ റൂട്ടിൽ ഉണ്ടായിരുന്നില്ല. ഇതേ റൂട്ടിലെ മാണിബസാർ എന്ന സ്റ്റോപ്പിന്റെ പരിസരത്തുള്ള വളവുള്ള ഭാഗം, മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോകുക പതിവാണ്. ഒരിക്കൽ മാത്രം അൽ‌പ്പം അറ്റകുറ്റപ്പണി നടത്തേണ്ടി വന്നിട്ടുണ്ടെന്നത് ഒഴിച്ചാൽ, വെള്ളത്തിനടിയിലാകുന്ന ഈ റോഡ് ഇതുവരെ പൂർണ്ണമായും തകർന്നിട്ടില്ല. കഴിഞ്ഞ കൊല്ലം വരെ ഇങ്ങനെ നന്നായി കിടന്നിരുന്ന ഈ റോഡ് വാട്ടർ അതോറിറിയുടെ വലിയ പൈപ്പുകൾ കുഴിച്ചിടാനായി പൊളിക്കുകയും, പടുകുഴികൾ റോഡിൽ അവശേഷിക്കുകയും ചെയ്തു. എന്നിരുന്നാലും കുത്തിപ്പൊളിക്കാത്ത ചില ഭാഗങ്ങളിൽ നിലവാരമുള്ള റോഡിന്റെ ഭാഗങ്ങൾ ഇപ്പോളും കാണാൻ സാധിക്കും. ഈ സീസണിൽ ഇപോൾ പെയ്തുകൊണ്ടിരിക്കുന്ന മഴയിലും 10 കൊല്ലത്തിലധികം മുൻപ് ഉണ്ടാക്കിയ ആ റോഡിന്റെ പൊളിക്കാത്ത ബാക്കിയുള്ള ഭാഗങ്ങൾക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല.

ഇനി എറണാകുളം ജില്ലയിൽ ഒരു ദ്വീപായ വില്ലിങ്ങ്ടൺ ഐലന്റിന്റെ കാര്യമെടുക്കാം. സായിപ്പ് മരങ്ങൾ വെള്ളത്തിൽ ഇട്ട് നിരത്തി ഉണ്ടാക്കിയ കൃത്രിമ ദ്വീപാണത്. അവിടത്തെ ആദ്യകാല റോഡുകൾ ഉണ്ടാക്കിയതും സായിപ്പ് തന്നെ. ഇക്കാലത്തും കാര്യമായ നാശമൊന്നും ആ റോഡുകൾക്ക് ഉണ്ടായിട്ടില്ല.

മൂന്നാമത് ഒരു ഉദാഹരണം കൂടെ ഈ വിഷയത്തിൽ എടുത്തുപറയേണ്ടത് അത്യാവശ്യമാണ്. മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി എറണാകുളം നഗരത്തിൽ DMRC പണിത റോഡുകൾ ശ്രദ്ധിക്കുക. മറ്റെല്ലാ റോഡുകളും തകർന്നിട്ടും ഈ റോഡുകൾക്ക് കുഴപ്പമൊന്നുമില്ല. ഏറ്റവും നല്ല ഉദാഹരണം എറണാകുളം നോർത്തിൽ കസ്‌ബാ പൊലീസ് സ്റ്റേഷനുമുന്നിലുള്ള ഭാഗമാണ്. DMRC പണിത റോഡ് കേടുപാടൊന്നും കൂടാതെ നിൽക്കുമ്പോൾ, അവിടെ നിന്ന് പൊതുമരാമത്ത് പണിത ഓൾഡ് റെയിൽ വേ സ്റ്റേഷൻ റോഡിലേക്കിറങ്ങുമ്പോൾ സ്വാഗതം ചെയ്യുന്നത് അതിവിശാലമായ ഒരു ഗർത്തമാണ്. 

മേൽ‌പ്പറഞ്ഞ മൂന്ന് റോഡുകൾ എങ്ങനെയാണ് നിർമ്മിച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ, അപ്രകാരം റോഡുകൾ ഉണ്ടാക്കാൻ പറ്റിയാൽ, കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥ തീർച്ചയായും ഇല്ലാതാക്കാനാവും.

ഇതിനൊപ്പം തന്നെ കരാറുകാനും ഉദ്യോഗസ്ഥന്മാരും ഒത്തുചേർന്നുള്ള അഴിമതി ഇല്ലാതാക്കുകയും വേണം. കരാറുകാരൻ എത്ര നന്നായി പണിതാലും ബില്ല് പാസ്സാക്കേണ്ട ഉദ്യോഗസ്ഥൻ അയാൾക്ക് കിട്ടാനുള്ള വിഹിതം കിട്ടാതെ ബില്ല് പാസ്സാക്കില്ലെന്ന സ്ഥിതിക്ക് മാറ്റം വരണം. അല്ലെങ്കിൽ, കിമ്പളം കൊടുക്കാനുള്ള പണം ഉണ്ടാക്കാനായി കരാറുകാരൻ കള്ളപ്പണി ചെയ്യാൻ തുടങ്ങും. അത് കണ്ടില്ലെന്ന് കിമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്മാർ കണ്ണടയ്ക്കും. നിലവിൽ സംഭവിച്ച് പോരുന്ന കാര്യങ്ങൾ ഇതാണ്. ഏതൊരു റോഡിനും മിനിമം കാലാവധി ഉറപ്പ് നൽകാൻ കരാറുകാരന് കഴിയണം. അതിനുള്ളിൽ റോഡ് തകർന്നാൽ, കരാറുകാരൻ സ്വന്തം ചിലവിൽ റോഡ് രണ്ടാമതും മൂന്നാമതുമൊക്കെ പണിതുകൊടുക്കാനുള്ള വകുപ്പ് നിയമനിർമ്മാണത്തിലൂടെ കൊണ്ടുവരണം.

കുറച്ച് കാലം മുൻപ് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമാണ്. ‘ഗുണനിലവാരമുള്ള റോഡുകൾ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല, പക്ഷെ അങ്ങനെ നല്ല റോഡുകൾ ഉണ്ടാക്കിയാൽ ജയിലിൽ പോകേണ്ടിവരും‘ എന്നായിരുന്നു ആ പരാമർശം. (ബാലകൃഷ്ണപ്പിള്ള ജയിലിൽ പോയ സമയത്തായിരുന്നു ഈ പ്രസ്താവന. അ കേസിന്റെ രാഷ്ട്രീയം നമ്മൾ ഒരുപാട് ചർച്ച ചെയ്തതാണല്ലോ ?) നിലവാരമുള്ള റോഡുകളല്ല ഇപ്പോൾ ഉണ്ടാക്കുന്നത് എന്ന് വകുപ്പ് മന്ത്രി തന്നെ തുറന്ന് സമ്മതിക്കുന്ന ഒരു പ്രസ്താവനയായിരുന്നു അത്. നല്ല റോഡുകൾ ഉണ്ടാക്കുകയും, അതിന്റെ പേരിൽ തിരിമറികളും തട്ടിപ്പുകളും നടത്താതിരിക്കുകയും ചെയ്താൽ ആർക്കും ജയിലിൽ പോകേണ്ടി വരില്ല. ജയിലിൽ പോകും എന്ന് പേടിച്ച് ഗുണനിലവാരമുള്ള നിർമ്മിതികൾ ഭരണാധികാരികൾ ആരും ഉണ്ടാക്കില്ലെന്നായാൽ, പൊതുജനത്തിന്റെ ശവപ്പറമ്പായി മാറും കേരളത്തിലെ റോഡുകൾ.

കേരളത്തിലെ റോഡുകളിലൂടെ സാധാരണ ബസ്സുകളും വാനുകളും കാറുകളും മാത്രമല്ല ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഏതൊരു റോഡിലൂടെയും ഭാരം കയറ്റിയ ടിപ്പർ ലോറികളും കണ്ടൈനർ ലോറികളും സഞ്ചരിക്കുന്ന കാലമാണ്. ഓരോ റോഡുകളും ഇത്രയും ഭാരം താങ്ങാൻ തക്ക അടിത്തറയോട് കൂടെയാണോ ഉണ്ടാക്കുന്നത് ? മേൽഭാഗത്ത് അൽ‌പ്പം ടാറും മെറ്റലും നിരത്തുമെന്നല്ലാതെ അതിന്റെ കീഴേക്ക് ഒന്നും തന്നെ ഉണ്ടായെന്ന് വരില്ല. ‘ടാറും മെറ്റലും കൂട്ടിക്കുഴച്ച് അറബിക്കടലിലേക്ക് ഒഴുക്കുന്ന പ്രക്രിയ‘ എന്നാണ് റോഡ് നിർമ്മാണത്തെ ഒരു ഓൺലൈൻ സുഹൃത്ത് കുറച്ചുനാൾ മുൻപ് പരിഹസിച്ചത്.

കേരളം മുഴുവൻ കോൺക്രീറ്റ് റോഡുകൾ വരാൻ പോകുന്നെന്നും അതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ 25 കിലോമീറ്റർ നീളത്തിൽ റോഡ് കോൺക്രീറ്റ് ചെയ്ത് നോക്കാൻ പോകുന്നെന്നും വാർത്തകളുണ്ടായിരുന്നു. ഇതിപ്പോൾ പ്രത്യേകിച്ച് പരീക്ഷണം നടത്തി നോക്കാനുള്ള കാര്യമൊന്നും ഇല്ല. മുംബൈ പോലുള്ള നഗരങ്ങളിൽ കോൺക്രീറ്റ് റോഡുകൾ വന്നിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ ഇത് പരീക്ഷിച്ച് വിജയിച്ചാലും സിമന്റും മറ്റും കൃത്യമായ അനുപാതത്തിൽ ഇടാതെ കോൺക്രീറ്റ് റോഡ് ഉണ്ടാക്കിയാൽ അതിനും ടാറിട്ട റോഡിന്റെ അതേ ഗതിതന്നെ ആയിരിക്കും. (കണ്ടൈനർ ടെർമിനൽ റോഡിൽ കോതാട് ഭാഗത്തെ പാലം ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ഇടിഞ്ഞ് വീണത് ഉദാഹരണം.) ഏത് തരത്തിൽ റോഡുണ്ടാക്കിയാലും അതിലുണ്ടാകാൻ സാദ്ധ്യതയുള്ള അഴിമതി തടയപ്പെടുക എന്നതിനായിരിക്കണം പ്രാധാന്യം.

നല്ല റോഡുകൾ ഉണ്ടാകണമെങ്കിൽ....
------------------------------------------------------

1. റോഡുകൾ ഉണ്ടാകുമ്പോൾ അതിലൂടെ സഞ്ചരിക്കാൻ സാദ്ധ്യതയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ കാര്യം കൂടെ കണക്കിലെടുത്ത് ശക്തമായ അടിത്തറ നിർമ്മിക്കുക. 80 സെന്റീമീറ്റർ കനം വേണ്ടയിടത്ത് ഇപ്പോൾ ചെയ്യുന്നത് 20 സെന്റീമീറ്റർ മാത്രം കനമുള്ള റോഡുകളാണ്.
 
2. കൃത്യമായ അളവിൽ ടാർ, മെറ്റൽ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പൊട്ടിപ്പൊളിഞ്ഞ മുകൾഭാഗത്ത് അൽ‌പ്പം ടാറ് ഒഴിച്ച് അതിൽ മെറ്റൽ ‘ഒട്ടിക്കുന്ന‘ സമ്പ്രദായം അവസാനിപ്പിക്കുക.

3. സർക്കാർ വകുപ്പുകളായാലും സ്വകാര്യവ്യക്തി ആയാലും, റോഡ് വെട്ടിമുറിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നുള്ളത് പരിഗണിച്ച് ശിക്ഷാനടപടികൾ കൈക്കൊള്ളുക. ആർക്കും എപ്പോഴും എവിടെയും റോഡ് കുഴിക്കാമെന്നുള്ള അവസ്ഥയ്ക്ക് മാറ്റം വരണം. (താഴെയുള്ള ചിത്രത്തിലെ ലേഖനം കാണുക.)


4. റോഡ് നിർമ്മാണത്തിലുള്ള കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും അഴിമതി അവസാനിപ്പിക്കാനുള്ള നടപടിയെടുക്കുക. വർഷാവർഷം കോടികളാണ് റോഡ് നിർമ്മാണത്തിനായി തുലയ്ക്കുന്നത്. ഇതിന് അവസാനമുണ്ടാകണം. പൊതുമരാമത്ത് കരാരുകാർക്ക് സ്ഥിരമായി ജോലിയുണ്ടാകാനും ഉദ്യോഗസ്ഥന്മാർക്ക് കിമ്പളം ഉണ്ടാക്കാനും വേണ്ടി മാത്രമുള്ള വകുപ്പായി മാറരുത് PWD. ഈ മഴയിൽ തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ മാത്രമായി 149 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത്രയും പണം ചിലവാക്കി നിലവിലുള്ള നടപടി ക്രമങ്ങൾ തന്നെയാണ് തുടരാൻ പോകുന്നതെങ്കിൽ 2 മാസമേ 149 കോടിക്ക് ആയുസ്സുള്ളൂ. 5. റോഡ് നിർമ്മാണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് ഫലപ്രദമായ പ്രക്രിയയാണെന്ന് കുറേ നാളുകളായി കേൾക്കുന്നുണ്ട്. അങ്ങനെ റോഡ് പണിക്ക് ഉപയോഗിക്കാൻ പറ്റിയ നുറുക്കിയ പ്ലാസ്റ്റിക്ക്, ടൺ കണക്കിന് എറണാകുളത്ത് കെട്ടിക്കിടക്കുന്നതായും വാർത്തകളിൽ കണ്ടിട്ടുണ്ടെങ്കിലും, അത്തരത്തിൽ റോഡ് നിർമ്മാണം നടക്കുന്നില്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. 20 % പ്ലാസ്റ്റിക്ക് ഉപയോഗിച്ച് മാത്രമേ റോഡ് ഉണ്ടാക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം നൽകിയിട്ടും ഉദ്യോഗസ്ഥർ അത് ഗൌനിക്കുന്നില്ലെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ പരാതി. ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടി എന്തെങ്കിലും എടുത്തതായി ഇതുവരെ കേട്ടറിവില്ല. പ്ലാസ്റ്റിക്ക് ഉപയോഗിച്ച് റോഡ് നിർമ്മാണം പുരോഗമിച്ചാൽ ഒരു വെടിക്ക് രണ്ട് പക്ഷികളാണ് ചാകുന്നത്. പക്ഷെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും കരാരുകാർക്കും പ്ലാസ്റ്റിക്ക് ഉപയോഗിക്കാൻ താൽ‌പ്പര്യം ഉണ്ടാകില്ലെന്നത് പകൽ പോലെ വ്യക്തമാണ്. റോഡുകൾ തകർന്നുകൊണ്ടിരുന്നാലല്ലേ അവർക്ക് വീണ്ടും വീണ്ടും പണി കിട്ടൂ. പിന്നേം പിന്നേം കൈയ്യിട്ട് വാരാനാകൂ.


6. മഴയും വെള്ളവുമൊക്കെയാണ് റോഡുകൾ നശിക്കുന്നതിന് കാരണം എന്ന കഴമ്പില്ലാത്ത സ്ഥിരം പല്ലവി അവസാനിപ്പിക്കുക. വേണമെങ്കിൽ, മഴയും മഞ്ഞുമൊക്കെയുള്ള രാജ്യങ്ങളിൽ എങ്ങനെയാണ് റോഡ് നിർമ്മിക്കുന്നതെന്ന് പഠിക്കാനായി വകുപ്പ് മന്ത്രിയും പരിവാരങ്ങളും കുറേ വിദേശയാത്രകൾ നടത്തട്ടെ. പക്ഷെ, വല്ല ഗുണവും ആ യാത്രകൾ കൊണ്ട് ഉണ്ടാകണമെന്ന് മാത്രം.കാശ്മീരിൽ നിന്ന് തുടങ്ങി കേരളം വരെ നീളുന്ന ദേശീയപാതകളിൽ ഏറ്റവും അപകടസാദ്ധ്യതയുള്ള റോഡുകൾ കേരളത്തിലേതാണെന്ന് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്. അതിന് കാരണങ്ങൾ പലതാകാം. പക്ഷെ അക്കാരണങ്ങളിൽ ഏറ്റവും പ്രധാന ഘടകം കുണ്ടും കുഴിയും നിറഞ്ഞ മോശം റോഡുകൾ തന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ട. (മുകളിലെ ചിത്രം കാണുക.)

ഒരു വൈപ്പിൻകരക്കാരനായ ഞാൻ ഇപ്പോൾ വൈപ്പിൻ-മുനമ്പം റൂട്ടിൽ സഞ്ചരിക്കാറില്ല. അൽ‌പ്പമധികം സമയമെടുത്താലും ലക്ഷ്യസ്ഥാനത്ത് ജീവനോടെ എത്തുമോ എന്ന് യാതൊരു ഉറപ്പും ഇല്ലാത്തതുകൊണ്ടാണത്. പൈപ്പിടാൻ റോഡ് കുഴിച്ച് നാശമാക്കിയതിനുശേഷം ഈ റോഡിൽ അപകടങ്ങൾ നിരവധിയാണ്. ഒരിക്കൽ സൈക്കിൾ യാത്രക്കാരൻ ബസ്സ് തട്ടി മരണമടയുകയും അതിന്റെ പേരിൽ മിന്നൽ ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, പാതിവഴി വരെ ചെന്നതിനുശേഷം മടങ്ങിപ്പോകേണ്ടതായും വന്നിട്ടുണ്ട്. 

പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ നാട്ടുകാർ വാഴ വെക്കുന്നതും കപ്പ നടുന്നതുമൊക്കെ കേരളത്തിൽ സ്ഥിരം കാഴ്ച്ചകളാണ്. ഇപ്പോൾ വാഴ വെക്കലിലൊന്നും ഒതുങ്ങുന്നില്ല കാര്യങ്ങൾ. ഈയടുത്ത് ചിലർ റോഡിൽ മുഴുനീള കൃഷി ഇറക്കി പ്രതിഷേധിക്കുക പോലുമുണ്ടായി. നാഴികയ്ക്ക് നാലുവട്ടം വികസനം വികസനം എന്ന് ഓക്കാനിക്കുന്ന പാർട്ടിക്കാരേയും ഭരണാധികാരികളേയും തടഞ്ഞിട്ട് നടക്കാൻ പറ്റാത്ത ഒരു സംസ്ഥാനത്തിന് മാനക്കേടാണ് ഇത്തരം കാഴ്ച്ചകൾ.

ഒന്നോ രണ്ടോ കൊല്ലത്തിനകം, ഏറ്റവും കുറഞ്ഞത് 15 വർഷത്തെ ഗ്യാരണ്ടിയോടെ കേരളത്തിലെ റോഡുകൾ നന്നാക്കിപ്പണിയുമെന്നും, റോഡുകളേക്കാൾ മോശം അവസ്ഥ നേരിടുന്ന മാലിന്യസംസ്ക്കരണ വിഷയത്തിന് ഫലപ്രദമായ പരിഹാരം ഉണ്ടാക്കുമെന്നും, പ്രകടന പത്രികയിലൂടെ ഉറപ്പ് തരുന്ന പാർട്ടിക്കാരുടെ സ്ഥാനാർത്ഥികൾക്കേ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യൂ എന്നാണെന്റെ തീരുമാനം. ( പ്രകടന പത്രികയിൽ അച്ചടിച്ചിറക്കിയ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ തിരഞ്ഞെടുപ്പുകൾ ഇനിയും വരുമല്ലോ ? അപ്പോൾ കാണാം.) ഇപ്പറഞ്ഞ രണ്ട് കാര്യങ്ങളും ഈ ഭൂലോകത്ത് മറ്റൊരിടത്തും ആരും ചെയ്യാത്ത സംഭവങ്ങളൊന്നുമല്ല. അൽ‌പ്പം മനസ്സ് വെക്കണം. പിന്നെ, പൊതുഖജനാവിൽ കൈയ്യിട്ട് വാരിയാലും കട്ടുമുടിച്ചാലും സ്വന്തം രാജ്യത്തോട് പത്ത് ശതമാനമെങ്കിലും കൂറ് കാണിക്കണം. അങ്ങനെയായാൽ നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണിത്.

പ്രത്യേകിച്ചൊരു ഗുണവും ഉണ്ടാകുമെന്ന് അൽ‌പ്പം പോലും പ്രതീക്ഷയുള്ളതുകൊണ്ടല്ല ഇത്രയുമൊക്കെ കുറിച്ചിട്ടത്. ‘വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോളും വെറുതെ മോഹിക്കുവാൻ മോഹം‘ എന്നാണല്ലോ കവിവാക്യം. അങ്ങനെയൊരു മോഹം മാത്രമാണിതും.

വാൽക്കഷണം:‌- കിലോമീറ്റർ കണക്കിന് ദേശീയപാത, രാജ്യാന്തര നിലവാരത്തിൽ കേരളത്തിന് ഉണ്ടാക്കിക്കൊടുത്തിട്ടും, 12.5 കോടിയുടെ ബില്ല് മാറിക്കിട്ടാതായപ്പോൾ, ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന ലിസി ബീൻ എന്ന മലേഷ്യക്കാരന്റെ ആത്മാവുണ്ട് കേരളത്തിലെ റോഡുകളിലെ ഓരോ കുഴികളിലും. സൂക്ഷിക്കുക.

23 comments:

 1. നല്ല ലേഖനം. പലപ്പോഴും റോഡ് പണിയും വെട്ടിപ്പൊളിക്കലും തമ്മിൽ വലിയ കാലതാമസം ഉണ്ടാകാറില്ല, ആദ്യം റോഡ് നന്നാക്കും അതിനുപിന്നാലെ വാട്ടർ അഥോറിറ്റി, ടെലിഫോൺ, വൈദ്യുതി ഇവയിൽ ഏതെങ്കിലും ഒരു വിഭാഗം റോഡ് വെട്ടിപ്പൊളിക്കാൻ ആരംഭിക്കും. സത്യത്തിൽ പൊന്മുട്ടയിടുന്ന താറാവാണ് കേരളത്തിലെ റോഡുകൾ. അതിനാൽ ഇതിനെ അങ്ങനെ ദീർഘകാലാടിസ്ഥാനത്തിൽ നിലനില്ക്കുന്ന ഒന്നാക്കാൻ ആരും മുൻകൈ എടുക്കും എന്ന് തോന്നുന്നില്ല. വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയുടെ നിർമ്മാണത്തിൽ ഉണ്ടായതുപോലെ കോടതിയുടെ മേൽനോട്ടം ഉണ്ടെങ്കിൽ ഇനിയും സംസ്ഥാനത്തെ റോഡുകൾ നല്ല നിലവാരത്തിൽ ഉണ്ടാക്കാൻ സാധിക്കും എന്ന് കരുതുന്നു. ഇന്ന് കേരളഹൈക്കോടതി ഈ വിഷയത്തിൽ ചില കാര്യങ്ങൾ അറിയിക്കാൻ കേന്ദ്ര-സംസ്ഥാനസർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഇടപെടൽ അല്പം ആശാവഹം ആണ്.

  ReplyDelete
 2. അലപം വലിപ്പം കൂടിപ്പോയോ...? നന്നായിട്ടുണ്ട്

  ReplyDelete
 3. Road nannakanamenkil athinte perilulla kollayadi nilkkanam

  ReplyDelete
 4. ഓരോ തവണ പാലക്കാട് ഒറ്റപ്പാലം വഴി പോകുമ്പോഴും ആ മലേഷ്യക്കാരനെ ഒർക്കാതിരിക്കാൻ ആവില്ല
  ഇത്ര കൊല്ലങ്ങളായിട്ടും അദ്ദേഹം നിർമ്മിച്ച പാത അങ്ങിനെ തന്നെ ഉണ്ട്
  പാലക്കാട് തൃശൂർ ദേശീയ പാത(കം) ഒഴിവാക്കി ഈ വഴി പോകുന്നവർ ആ അത്മാവിനു മനസ്സറിയാതെ നമോവാകം പറയാറുണ്ട്

  ReplyDelete
 5. ആദ്യത്തെ ഫോട്ടം കലക്കി.... (ചന്ദ്രനും കേരളവും ഹ ഹ)
  ആദ്യം ലാഭം , പണം എന്ന മനോഭാവം മാറണം ; എല്ലാവരുടെയും . ഒരു കോണ്ട്രാക്റ്റ് കിട്ടിയാൽ കൈക്കൂലി, ലാഭം എന്നിവയാണ് എല്ലാവരുടെയും ലക്ഷ്യം, അപ്പോൾ ബാക്കി ഉള്ളത് കൊണ്ട് റോഡുകൾ ഉണ്ടാക്കേണ്ടി വരുന്നു. റോഡുകളുടെ നിർമ്മാണത്തിന് വ്യക്തികൾക്കോ , സ്വകാര്യ കമ്പനികള്ക്കോ കരാർ കൊടുക്കാതെ സർക്കാർ മേൽനോട്ടത്തിൽ നിർമ്മിക്കാൻ എന്തെങ്കിലും വകുപ്പുണ്ടെങ്കിൽ ചിലപ്പോൾ...........

  ReplyDelete
 6. Choondal-kuttipuram road nokoo.malaysian company undaakiya bhaagam ippolum kuzappamillathe nilanilkunnu.bhaki baagam complete cheythathu kerala based company aanu, athu niraye kuzhikalum

  ReplyDelete
 7. Sreekanth Champath26 July 2013 at 07:39

  Great article with super supporting elements ...!!!

  ReplyDelete
 8. വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും..... അങ്ങനെ വെറുതേ മോഹങ്ങൾ ഉപേക്ഷിയ്ക്കണോ മനോജേ... വാഴവെയ്ക്കുവാനും, ഞാറുനടുവാനും കാണിയ്ക്കുന്ന ഉത്സാഹം ഒരു റോഡിന്റെ നിർമ്മാണസമയത്ത് ആ സ്ഥലവാസികൾ കാണിച്ചാൽ ഇത്രയും അഴിമതി നടക്കുമോ.. ???? സ്ഥലവാസികൾ ഒന്നുചേർന്ന് വിദഗ്ദനായ ഒരു എഞ്ചിനീയറെ, സ്വന്തം ചിലവിൽ മേൽനോട്ടത്തിനു നിറുത്തി റോഡുപണിത സംഭവങ്ങളുണ്ട്... അല്പം ചിലവുള്ള കാര്യമാണെങ്കിലും ഒന്നുരണ്ട് തവണ ഇത് സംഭവിച്ചാൽ ഒന്നുകിൽ ആ റോഡുപണിയേ നിന്നുപോകും, അല്ലെങ്കിൽ നാട്ടിൽ നല്ല റോഡ് ഉണ്ടാകും...

  അതിന്റെ ആവശ്യമുണ്ടോ, ഇതൊക്കെ സർക്കാർ ചെയ്തുതരേണ്ട കാര്യമാണെന്ന് പറഞ്ഞിരുന്നാൽ ഒന്നും നടക്കില്ല...കൊടിപിടിയ്ക്കലും, സമരവും, വഴിതടയലുമില്ലാതെയും പൊതുജനത്തിന് തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിയ്ക്കും...

  നാട്ടിലായിരുന്നപ്പോൾ മഴക്കാലത്തിനുമുൻപ് വഴിയോരങ്ങളിലെ ഓടതെളിയ്ക്കുക, വഴിമറഞ്ഞുകിടക്കുന്ന കാടുകൾ വെട്ടുക, വലിയ കുഴികൾ കല്ലുകളിട്ട് അടയ്ക്കുക.. ഇലക്ട്രീക് ലൈനിലേയ്ക്ക് വീണുകിടക്കുന്ന മരകമ്പുകൾ വെട്ടുക എന്നതൊക്കെ ഞങ്ങൾ ചെറുപ്പക്കാരുടെ ജോലിയായിരുന്നു..അന്ന് ഒരു പൗരന്റെ കടമായായിട്ടാണ് ഞങ്ങൾ ഇത് കണ്ടിരുന്നത്. പക്ഷേ ഇന്ന് പത്രത്തിൽ ഒരു വാർത്ത കൊടുക്കുന്നതോടെ നാട്ടുകാരുടെ കടമ തീർന്നു എന്നായിരിയ്ക്കുന്നു ചിന്താഗതി....

  വിമർശനത്തിനും, സമരങ്ങൾക്കും മാത്രം സമയം ചിലവഴിയ്ക്കാതെ, ഒരു ചെറിയ സമൂഹമെങ്കിലും ഇത്തരം കാര്യങ്ങൾക്ക് ഉത്തരവാദിത്യത്തോടെ മുൻപിട്ടിറങ്ങിയാൽ നമ്മുടെ നാട്ടിലും മാറ്റമുണ്ടാകുമെന്നുറപ്പ്... .

  ReplyDelete
 9. റോഡ് നന്നാക്കലിനായി ഓരോ വര്‍ഷവും കോടതി ഇടപെടണമോ എന്ന് സഹികെട്ട് കോടതി വരെ ചോദിച്ചു. റോഡിന്റെ (ഏത് പ്രോജക്റ്റിന്റെയും) അടങ്കല്‍ തുകയില്‍ 60% വരെ കാണിക്കയായി പോകുന്നു എന്നാണ് സുഹൃത്തായ ഒരു കോണ്‍ട്രാക്റ്റര്‍ പറഞ്ഞത്. അല്ലെങ്കില്‍ എല്ലാ നിര്‍മിതികളും ഗുണനിലവാരമുള്ളതായേനെ എന്നും പറഞ്ഞു. അതിനെന്തുചെയ്യാന്‍ പറ്റും?

  ReplyDelete
 10. Gujarat is now using asphalt road as it is having very long life compared to our conventional road.

  ReplyDelete
 11. നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോള്‍ ഈ
  റോഡുകളില്‍ വാഹനമോടിക്കുന്ന സാരഥികളെ സ്തുതിക്കാന്‍
  തോന്നാറുണ്ട്....
  നല്ല ലേഖനം
  ആശംസകള്‍

  ReplyDelete
 12. വളരെ നല്ല ലേഖനം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 13. ഇവിടെ ആരേലും എന്നേലും നന്നാവുമോ...?

  ചങ്ങനാശേരി മുതൽ തെക്കോട്ടുള്ള എം.സി റോഡ് ആ പാവം മലേഷ്യക്കാരൻ നിർമ്മിച്ചതല്ലേ? കഴിഞ്ഞ അവധിക്കാലത്ത് ആ വഴി യാത്ര ചെയ്തപ്പോൾ അദ്ദേഹത്തെയോർത്ത് അറിയാതെ മനസ്സ് വിങ്ങിപ്പോയി...

  ReplyDelete
 14. അഴി മതിയെന്നു മാത്രം ഉച്ചരിക്കുന്നവർക്കു അതുകൊടുക്കാൻ നാം മടിച്ചുകൂടാ.

  ReplyDelete
 15. റോഡു നന്നാക്കാന്‍ കോടികള്‍ അനുവധിക്കുന്ന സര്‍ക്കാര്‍ പണം കൊണ്ട്,റോഡിനെ കോടി മുണ്ട് വാങ്ങി പുതപ്പിക്കുന്നു ഉദ്യോഗസ്ഥര്‍ ,വകുപ്പുകള്‍.... തുടങി എല്ലാവരും. കേരളത്തിലെ റോഡുകള്‍ക്ക് വേണ്ടി അവലംബിക്കുന്ന രീതിയോ ? എല്ലാം മാറണം. നല്ലൊരു ലേഖനം .

  ReplyDelete
 16. ഭരിക്കുന്നവര്‍ക്ക്‌ റോഡ്‌ നന്നാക്കാന്‍ അറിയില്ല. നാട്ടുകാര്‍ കുറച്ച്പേര്‍ ചേര്‍ന്ന് റോഡിലെ കുഴിനികത്തിയത്തിനു ഇപ്പോള്‍ ജയസൂര്യയുടെ പേരില്‍ കേസും... വിത്തിന് വെക്കാന്‍ പറ്റിയ നല്ല ബെസ്റ്റ്‌ ഭരണകൂടങ്ങള്‍

  ReplyDelete
 17. ലിസി ബീൻ ഉണ്ടാക്കിയ റോഡ്‌ ഇന്നും അദ്ദേഹത്തോടുള്ള ആദരവായി , ഇവിടുത്തെ പരിഷ്കാരി കണ്ട്രാക്ക് മാരുടെ മുഖത്തേക്ക് പരിഹസിച്ചു ചിരിച്ചു നിൽക്കുന്നുണ്ട് .. ഒരൊറ്റ കുഴിയും ഇല്ലാതെ !

  ReplyDelete
 18. ഗ്യാരന്റി സഹിതം അറ്റകുറ്റപണികൾ ഇത്രകാലം വരെ ഏറ്റെടുക്കാൻ കഴിവുള്ള പ്രൈവറ്റ് കമ്പനികൾക്ക് റോഡുകളുടെ കരാർ കൊടുക്കണം.
  പാശ്ചാത്യനാടുകളിലൊക്കെ അങ്ങിനെയാണല്ലോ...

  ReplyDelete
 19. ആരുടെയൊക്കെയോ ചങ്കില്‍ ത്തറയ്ക്കുന്ന ലേഖനം .

  ReplyDelete
 20. pwd thappanakalude kayyil ninnum nammude roadkal free akkanam.

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.