Wednesday, 26 September 2012

നിധി


റങ്കികൾക്കും ഇംഗ്ലീഷുകാർക്കും ലന്തക്കാർക്കുമൊക്കെ മുന്നേ യവനരും മിസിറികളും, കപ്പലോടിച്ച് കയറിവന്ന തുറമുഖത്തിന്റെ കവാടത്തിലുള്ള ഒരു തുണ്ട് ഭൂമി. കാലചക്രം ഉരുണ്ടുരുണ്ട് ഒരുവഴിക്കായപ്പോൾ അതയാളുടെ പൂർവ്വികരുടെ കൈവശം ചെന്നുചേർന്നു; പിന്നീട് അയാളിലേക്കും. മുസരീസ് തുറമുഖമെന്നാണ് ആ സമുദ്ര കവാടത്തിന്റെ പഴയ പേര്. ഇപ്പോൾ മുനമ്പം ഹാർബർ എന്നറിയപ്പെടുന്നു.

അയാൾ ആർക്കിയോളജിക്കാരനൊന്നുമല്ല, പക്ഷെ, ചില കിളച്ചുമറിക്കൽ ഏതൊരാളുടെ ജീവിതത്തിലും എന്നെങ്കിലും ആവശ്യമായി വരുമല്ലോ ? ആർക്കിയോളജിക്കാർ അല്ലാത്തവർക്ക്, കിളക്കാൻ ബെസ്റ്റ് JCB തന്നെ.

കിളക്കാൻ തുടങ്ങുന്നതിന് മുന്നേ, എന്തെങ്കിലും നിധി കിട്ടിയാലോ എന്നൊരു ചിന്ത മനസ്സിലുണ്ടായെന്നത് സത്യം. മേൽ‌പ്പറഞ്ഞ വിദേശികളുടെ പായ്‌ക്കപ്പലുകളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് അബദ്ധത്തിൽ ഒഴുകിപ്പോയത്, അല്ലെങ്കിൽ പിടിച്ചടക്കാൻ വന്നവർ തമ്മിലോ നാട്ടുകാരുമായോ ഉണ്ടായ ഏറ്റുമുട്ടലുകൾക്കിടയിൽ കടലേറ്റ് വാങ്ങിയത് കരയ്ക്കടിഞ്ഞ് മണ്ണിലൊളിച്ചത്. അതുമല്ലെങ്കിൽ കടൽക്ഷോഭത്തിൽ തകർന്നുപോയ കപ്പലുകളിലൊന്നിൽ നിന്ന് മണ്ണിലടിഞ്ഞത്. നിധി എന്തായാലും നിധി തന്നെ. പോയവൻ നിർഭാഗ്യവാൻ, കിട്ടുന്നവൻ ഭാഗ്യവാൻ.

പക്ഷെ, ഇക്കാലത്ത് നിധി കിട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല. സർക്കാരിനെ ഏൽ‌പ്പിക്കാതെ പറ്റില്ല. ചെറിയൊരു ശതമാനം സ്ഥലമുടമയ്ക്കും കിട്ടും. ഒരു കുടം നിറയെ സ്വർണ്ണനാണയങ്ങളാണെങ്കിൽ രക്ഷപ്പെട്ടു.  സ്വർണ്ണത്തിന്റെ വില അമ്മാതിരി പോക്കല്ലേ പൊയ്ക്കൊണ്ടിരിക്കുന്നത്. സർക്കാരിനെ അറിയിക്കാതെ മുഴുവനുമായി മുക്കിയാലോ ? യവനന്റേയോ മിസിറിയുടേയോ പരന്ത്രീസുകാരന്റേയോ ഒക്കെ അക്കാലത്തെ മുദ്രകളുള്ള സ്വർണ്ണനാണയങ്ങളാണെങ്കിൽ, കളവ് സ്വർണ്ണം വാങ്ങുന്നവൻ പോലും വിലയ്ക്കെടുക്കില്ല. തലപോകുന്ന കേസാണ്. അല്ലെങ്കിൽ‌പ്പിന്നെ അടയാളമെല്ലാം നശിപ്പിക്കാൻ പാകത്തിന് ഉരുക്കിയെടുക്കണം. ഉരുക്കാനുള്ള ശ്രമത്തിനിടയിലും പിടിക്കപ്പെടാം.

ശതമാനമെങ്കിൽ ശതമാനം. കിട്ടുന്നത് കൊണ്ട് സന്തോഷിക്കുക തന്നെ. വിവരം സർക്കാരിൽ അറിയിക്കാം. കിട്ടാത്ത നിധിയ്ക്ക് വേണ്ടിയുള്ള മനോവ്യാപാരത്തോടൊപ്പം കിളച്ചുമറിക്കലും പുരോഗമിച്ചുകൊണ്ടിരുന്നു. കണ്ണിമവെട്ടാതെ, വെള്ളം കുടിക്കാൻ പോലും പോകാതെ പരിസരത്ത് തന്നെ ചുറ്റിപ്പറ്റി നിന്നു. കണ്ണ് തെറ്റുന്ന നേരത്താണ് JCBയുടെ യന്ത്രക്കൈയ്യിൽ സ്വർണ്ണക്കുടം തടയുന്നതെങ്കിലോ ? JCB പ്രവർത്തിപ്പിക്കുന്നയാൾ അത് അടിച്ച് മാറ്റിയാൽ, പോയില്ലേ എല്ലാം ?

ആകാംക്ഷയുടെ നെടുനീളൻ മണിക്കൂറുകൾ. അവസാനം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. JCB യുടെ യന്ത്രക്കൈകളിൽ നിന്ന് സ്വർണ്ണവർണ്ണത്തിൽ അതൂർന്നു വീണു. JCB പ്രവർത്തിപ്പിക്കുന്നയാൾ വെട്ടിത്തിരിഞ്ഞ് നോക്കി. ആരൊക്കെ കണ്ടു, ആരൊക്കെ കണ്ടില്ല എന്നതാകാം അയാളുടെ കണ്ണുകൾ പരതുന്നത്. രക്ഷയില്ല മകനേ; ഞാൻ, മനക്കോട്ടയും കെട്ടി ഇത്രയും നേരം കാത്തുനിന്നിരുന്ന ഈ കശ്‌മലൻ കണ്ടുകഴിഞ്ഞിരുന്നു. നിനക്കത് ഒറ്റയ്ക്ക് അനുഭവിക്കാൻ യോഗമില്ല.

JCB നിന്ന് കിതയ്ക്കുന്നു. ഓടിച്ചെന്ന് കുഴിയിലേക്ക് നോക്കി. മദ്ധ്യാഹ്ന സൂര്യന്റെ വെയിലേറ്റ് നിധിയതാ വെട്ടിത്തിളങ്ങുന്നു. കണ്ണുകളെ വിശ്വസിക്കാൻ പ്രസായപ്പെട്ട് കുറച്ചുനേരം നിന്നു. മാർക്കറ്റ് നിലവാരം വെച്ച് വില നിർണ്ണയിച്ചെടുക്കണമെങ്കിൽ, എത്രത്തോളമുണ്ട് അതെന്ന് ആദ്യം കണക്കെടുക്കണം. കുഴിച്ചുകൊണ്ടിരിക്കുന്ന ഭാഗം കൂടുതൽ വ്യാസത്തിലാക്കാൻ നിർദ്ദേശം നൽകി. അതങ്ങനെ പരന്ന് കിടക്കുകയാണ്. പണ്ടെങ്ങോ അവിടെയുണ്ടായിരുന്ന ഒരു പഴയ കെട്ടിടത്തിന്റെ അടിത്തറ മുഴുവനുമായിട്ടാണ് അതുറങ്ങിക്കിടക്കുന്നത്. അതുപക്ഷേ, തുറമുഖം കടന്നുവന്ന വിദേശികളുടേതല്ല എന്നുറപ്പ്. കാരണവന്മാരുടെ ആരുടേയോ സമ്പാദ്യമാകാനേ തരമുള്ളൂ. വരും തലമുറയ്ക്ക് അവരുടെ വക വിലപിടിച്ച ഒരു സമ്മാനം.

കൃത്യമായ കണക്കെടുക്കണം. അതിനായി സുരക്ഷിതമായി അതിനെയൊന്ന് തടുത്ത് കൂട്ടേണ്ടത് ആവശ്യമാണ്. പുരയിടത്തിന്റെ ഒരു ഭാഗം, കിതപ്പ് മാറാതെ നിൽക്കുന്ന JCB തന്നെ വൃത്തിയാക്കിയെടുത്തു. ഫോണിൽ വിളിച്ച് പറഞ്ഞപാടെ നിസ്സാന്റെ ടിപ്പർ ലോറിയൊരെണ്ണം സൈറ്റിലെത്തി. യന്ത്രക്കൈകൾക്ക് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു പിന്നീടങ്ങോട്ട്. ടിപ്പറിലേക്ക് JCB കോരിയിട്ടതൊക്കെയും സുരക്ഷിതമായി കൂന്നുകൂട്ടിയിടപ്പെട്ടു. വെയിലേറ്റ് അത് വീണ്ടും വെട്ടിത്തിളങ്ങി, കണ്ടുനിന്നവരുടെയൊക്കെ കണ്ണ് മഞ്ഞളിപ്പിക്കും വിധം.

കണക്കെടുപ്പ് പൂർത്തിയായി. 15 ടിപ്പർ ലോഡ് നിറയെയുണ്ട് നിധി. ഇനി മാർക്കറ്റ് നിലവാരം വെച്ച് ഗുണിച്ചെടുക്കണം. ലോഡ് ഒന്നുക്ക് 5000 രൂപ വെച്ച് കൂട്ടിയാൽ 75000 രൂപയോളം വരും നിധിയുടെ മാർക്കറ്റ് വില. സ്വർണ്ണത്തിന് മാത്രമല്ലല്ലോ മണലിനും ഇപ്പോൾ പൊന്നുവിലയല്ലേ ?

19 comments:

  1. മണ്ണിനും മണലിനും പൊന്നിന്റെ വില..!

    ReplyDelete
  2. അര്‍ദ്ധ മനസ്സ് തെളിയുന്ന ബ്ലോഗ്

    ReplyDelete
    Replies
    1. ഒന്ന് താങ്ങീ അല്ലേ ? :)

      Delete
  3. മണല്‍ മാഫിയ മണല്‍ മാഫിയ - എന്നൊക്കെ ആളുകള്‍ പറേണത് ഇതാല്ലേ?

    ReplyDelete
  4. manoj i will give you 75000/- can i have all th esand? in palakkad one load sand cost Rs-20000/-
    hahaha

    ReplyDelete
    Replies
    1. @ കാഴ്ച്കളിലൂടെ - അത്രയ്ക്കും വിലയൊക്കെ ഉണ്ടോ ? വലിയ ടിപ്പർ ലോറി മണലിന് 9000 മുതൽ 12,000 വരെയാണ് ഞങ്ങളുടെ നാട്ടിലെ വില എന്നാണ് എന്റെ അറിവ്. ശരിക്കുള്ള വില അറിയുന്നവർ പറയട്ടെ.

      Delete
  5. MAnoj, i will give you Rs-75000/- can i have all the sand? Here in palakkad on eload of sand cost Rs-20000/- hahaha

    ReplyDelete
  6. Awesome work...loved the way you presented it..its soil today,gonna be air tomarrow..

    ഇനി നമുക്ക് പുഴയും മഴയും വില്‍ക്കാം, ജീവിക്കാനായ് ജീവന്റെ അടിവേര് അറുക്കാം,
    എന്നിട്ടെങ്കിലും ആര്‍ത്തി തീരുമെങ്കില്‍.!!

    ReplyDelete
  7. നിധി കുഴിച്ചെടുക്കുന്നത് മാത്രമല്ല, മണലൂറ്റിയെടുക്കുന്നതും പൊല്ലാപ്പാണ് നാട്ടില്‍.

    ReplyDelete
  8. ഹ ഹ!!

    "കഞ്ഞിക്കുംകൂടി കാശില്ല, ഞാന്‍ ഇത്തിരി മണലുകൊണ്ടന്നിട്ടോട്ടേ" എന്ന് അയലത്തെ ഒരു പാവം പണിക്കാരി അമ്മയോടു വന്നു ചോദിച്ച കാലം ഓര്‍മ്മ വരുന്നു.

    ReplyDelete
  9. ഹ ഹ ചിരിപ്പിച്ചു..

    ReplyDelete
  10. കൊള്ളാം .. മണൽക്കാട്ടിൽ പോയിക്കിടന്നിരുന്ന നാളുകളിൽ അവിടെനിന്നും പെട്രോൾ ഊറ്റിയെടുത്തു...അതും പോരാഞ്ഞിട്ട് നാട്ടിൽ വന്നിട്ട് മണൽ ഊറ്റിയെടുപ്പ് തുടങ്ങി അല്ലേ...

    കോർപ്പറേഷനും, മുനിസിപ്പാലിറ്റിയും ഒന്നും അറിയണ്ട... അതിനു മുൻപേ വിറ്റ് കാശാക്കിയ്ക്കോ.. ഇല്ലെങ്കിൽ മണൽസ്വർണ്ണം മുഴുവൻ അവർ കൊണ്ടുപോകും. :)

    ReplyDelete
  11. എല്ലാം മാന്തിയെടുക്കുന്ന ചില ജെസിബിമനസ്സുകളെ വളരെ മനോഹരമായി ചിത്രീകരിച്ചു.

    ReplyDelete
  12. ALE VADIYAAKKUNNO.. NIRAKSHARAA .. AASHAMSAKAL

    ReplyDelete
  13. sethuvinte marupiravi orththupoyi vayichappol..

    ReplyDelete
  14. മുന്‍പ് വി കെ എന്നാ ബ്ലോഗ്ഗറുടെ ഒരു പോസ്റ്റില്‍ ഇത് പോലെ അദ്ധേഹത്തിന്റെ വീട് പണിക്കു നിധി കിട്ടിയത് വായിച്ചിട്ടുണ്ട് .എനി വേ കണ്ഗ്രാട്സ് .ചൂണ്ടി കാണിക്കാന്‍ പറഞ്ഞത് കൊണ്ട് ഒരു തെറ്റ് ചൂണ്ടി കാണിക്കട്ടെ "JCB തന്നെ വൃത്തിയാക്കി എടുത്തു" എന്നല്ലേ.

    ReplyDelete
    Replies
    1. @ African Mallu - അക്ഷരപ്പിശക് തിരുത്തിയിട്ടുണ്ട്. കണ്ടുപിടിച്ച് തന്നതിന് ഒരുപാട് നന്ദി.

      Delete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.