Friday, 16 September 2011
മമ്മൂട്ടിയുടെ കാഴ്ച്ചപ്പാട്
അനുഗൃഹീത ഈജിപ്ഷ്യൻ നടൻ ഒമാർ ഷെറീഫിന്റെ പേര്, സ്വന്തം പേരാക്കി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, മമ്മൂട്ടിക്ക് മഹാരാജാസ് കോളേജിൽ. ഒരു ദിവസം പുസ്തകത്തിനിടയിൽ നിന്ന് തിരിച്ചറിയൽ കാർഡ് അറിയാതെ നിലത്തുവീണു. സഹപാഠിയായ ശശിധരൻ അതെടുത്ത് വിളിച്ചുകൂവി.
“നിന്റെ പേര് മുഹമ്മദ് കുട്ടീന്നാണല്ലേ ? എടാ കള്ളാ വേറെ പേരിൽ നടക്കുന്നോടാ മമ്മൂട്ടീ “
അങ്ങനെ മമ്മൂട്ടി എന്ന പേര് ആദ്യമായി ശശിധരൻ വിളിച്ചു. മുഹമ്മദ് കുട്ടിക്ക് ആദ്യകാലത്ത് അത്ര ഇഷ്ടമല്ലായിരുന്ന ആ പേര്, ഇന്നിപ്പോൾ ബഹുമാനത്തോടെയും ആദരവോടെയും ആരാധനയോടെയും അസൂയയോടെയും മലയാളികളായ മലയാളികളൊക്കെയും വിളിക്കുന്നു. സിനിമയ്ക്ക് വേണ്ടി സജിൻ എന്നൊരു പേരും മമ്മൂട്ടി സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ കൂടെ ബ്രാക്കറ്റിൽ എഴുതിവന്ന മമ്മൂട്ടി എന്ന പേരിൽത്തന്നെ ലോകമെമ്പാടും അറിയപ്പെടാനായിരുന്നു വിധി.
79 പേജ്, 50 രൂപ. കറന്റ് ബുക്സ് തൃശൂരിന്റെ കാഴ്ച്ചപ്പാട് എന്ന മമ്മൂട്ടി പുസ്തകത്തിന് അവതാരികയോ ആമുഖമോ ഇല്ല. 23 ലേഖനങ്ങളുടെ ലിസ്റ്റ് കഴിഞ്ഞാൽ ലേഖനങ്ങൾ മാത്രം നിറുത്താതെ വായിച്ചങ്ങ് പോകാം.
‘രതീഷ് എനിക്ക് നിന്നെ ആ വേഷത്തിൽ കാണണ്ട’ എന്ന അദ്ധ്യായം എവിടെയോ മുൻപ് വായിച്ചത് പോലെ തോന്നി. ആനുകാലികങ്ങളിൽ എവിടെയോ മുൻപ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാകണം ഈ ലേഖനങ്ങളൊക്കെയും. ഓരോ ലേഖനങ്ങൾക്ക് കീഴെയും കാണുന്ന തീയതി സൂചിപ്പിക്കുന്നത് അത് തന്നെയാകാതെ തരമില്ല.
‘മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണോ’ എന്ന് ജനം അന്നും ഇന്നും പരസ്പരം ചോദിച്ചും പറഞ്ഞും കൊണ്ടിരിക്കുന്ന വിഷയത്തിന്, മമ്മൂട്ടി തന്നെ മറുപടി പറയുന്നു അതേ പേരിട്ട അദ്ധ്യായത്തിൽ. അമിതാഭ് ബച്ചനുമായി ഒരിക്കൽ ഒരു വേദി പങ്കിട്ട അനുഭവത്തിൽ നിന്നാണ് മമ്മൂട്ടിയത് സമർത്ഥിക്കുന്നത്. ബച്ചന്റെ മുന്നിൽ ആരും കൊച്ചായിപ്പോകും എന്നത് മമ്മൂട്ടിക്കും അനുഭവപ്പെടുന്നു. ജാഡ മമ്മൂട്ടിക്ക് മാത്രമല്ല, മലയാളികൾക്ക് ഒക്കെയും ഉണ്ടെന്ന് മനസ്സിലാക്കണമെങ്കിൽ ബച്ചനുമായി ഇടപഴാകാൻ അവസരം ഉണ്ടാകണം. തന്നിലുള്ള മലയാളി ഘടകമാണ് തന്നെ ജാഡക്കാരനാക്കുന്നതെന്നും, ബച്ചനെ ഓർക്കുമ്പോളെല്ലാം സ്വയം തിരുത്താൻ ശ്രമിക്കാറുമുണ്ടെന്ന് ലേഖകൻ പറയുന്നു. എല്ലാ മലയാളികളും തിരുത്തിയിരുന്നെങ്കിൽ !
കോയമ്പത്തൂരിലെ പളനിയപ്പ കൌണ്ടറുടെ ജോലിക്കാരനായ ഷുക്കൂർ ബാവ എന്ന സുഹൃത്തിന്റെ നിശബ്ദപ്രണയം ഉദാഹരിച്ചുകൊണ്ട് മമ്മൂട്ടി പറയുന്നത്, കൌമാരകാലത്തെ തന്റെ പ്രണയവും, കണ്ടുമുട്ടിയതിന്റെ രണ്ടാം നാളിൽ സിനിമാ തീയറ്ററിലേക്കും ഐസ്‌ക്രീം പാർലറിലേക്കും ഇന്റർനെറ്റ് കഫേയിലേക്കുമൊക്കെ നീളുന്ന പുത്തൻ പ്രണയങ്ങളുമൊക്കെ ഉള്ള് പൊള്ളയായത് ആണെന്നാണ്.
സെറ്റിൽ വെച്ചുണ്ടാകുന്ന സംഭവങ്ങൾ, പരിചയപ്പെടാനെത്തുന്നവരുടെ പെരുമാറ്റങ്ങൾ, അവരിൽ ചിലർ കണ്ണ് തുറപ്പിക്കുന്ന അനുഭവങ്ങൾ നൽകുന്നത്, പ്രതിഫലം വാങ്ങാതെ നിർമ്മാതാവിനോട് മധുരപ്രതികാരം ചെയ്യുന്നത്, ആദ്യത്തെ ആരാധകന്റെ ചോര പുരണ്ട മുഖം, ഷൂട്ടിങ്ങിന്റെ ഇടവേളയിൽ വിഷാദത്തോടെ ഇരിക്കുന്ന നായിക തന്റെ പ്രണയത്തിന്റേയും കാമുകന്റെ അകാലമൃത്യുവിന്റേയും നൊമ്പരം പങ്കുവെക്കുന്നത്, മമ്മൂട്ടിയെ ആദ്യമായി സിനിമയിലെത്തിച്ച ഫരീദിക്ക എന്ന നടൻ പക്ഷെ അന്നും ഇന്നും ഒന്നോ രണ്ടോ സീനിൽ ഒതുങ്ങുന്ന വേഷങ്ങൾ മാത്രം ചെയ്ത് ‘ഈ പടത്തിലും എനിക്കൊരു വേഷമുണ്ട്‌ട്ടോ’ എന്ന് പറഞ്ഞ് പോകുന്നത്....എന്നിങ്ങനെ സിനിമാക്കഥകൾ വേണ്ടുവോളമുണ്ട് പുസ്തകത്തിൽ. കഥകൾ പലതും അവസാനിക്കുന്നത് പുസ്തകത്തിന്റെ പേരുപോലെ തന്നെ മമ്മൂട്ടിയുടെ കാഴ്ച്ചപ്പാടുകൾ വെളിപ്പെടുത്തിക്കൊണ്ടാണ്. ചിലതിന്റെയൊക്കെ അവസാനവരികൾ ഒരു പ്രാർത്ഥനയോടെയാണ് തീരുന്നത്.
‘ഞാനോ ഡയമണ്ട് ബാബുവോ, ആരാണ് ഹീറോ ?’ എന്ന അദ്ധ്യായത്തിൽ പറയുന്നത്, സിനിമയിലെ നായകൻ ജീവിതത്തിൽ നിസ്സഹായനാകുന്നതും, സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകനാകുന്നതുമായ അനുഭവമാണ്. ‘ആന്ധ്രയിലെ വീയാർ മലയാളീസ് ‘ എന്ന അദ്ധ്യായത്തിൽ പറയുന്നത് മലയാളികളുടെ ഭാഷാവൈരുദ്ധ്യങ്ങളെപ്പറ്റിയാണ്. മലയാളത്തിൽ സംസാരിക്കാൻ മലയാളിക്ക് എന്തോ വിമ്മിട്ടമുള്ളത് പോലെ. മലയാളം സംസാരിച്ചാൽ വിദ്യാഭ്യാസമില്ലാത്തവനാണെന്ന് ജനം ധരിക്കുമെന്ന് ഒരു പേടിയുള്ളത് പോലെ. എന്നിട്ട് ഒരു ഇന്റർവ്യൂ സമയം ആകുമ്പോൾ അയാൾക്ക് ഇംഗ്ലീഷ് വരുന്നില്ല, കൂട്ടുകാർക്കിടയിലും അനാവശ്യ അവസരങ്ങളിലും പൊങ്ങച്ചമെന്നപോലെ ഇംഗ്ലീഷ് പറയുന്നതിന് ഒരു കുറച്ചിലുമില്ല. സ്വന്തം കാര്യത്തിലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന സത്യം ലേഖകൻ ബോധിപ്പിക്കുന്നുണ്ട്.
കാശ്മീരിലെ ഷൂട്ടിങ്ങിനിടയിൽ, വാഹനം കേടായി ഭക്ഷണമൊന്നും ഇല്ലാതെ കുറെ മണിക്കൂറുകൾ വഴിയിൽ കിടന്ന്, മരണമടുത്തു എന്ന് ചിന്തിക്കേണ്ട ഒരു ഘട്ടമുണ്ടായപ്പോൾ, ശരീരവും മനസ്സും ഉറഞ്ഞുപോകുന്ന കൊടും തണുപ്പിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിർത്തികളിൽ, ഒരു വെടിയുണ്ട ദൂരത്തിൽ ജീവിതവും മരണവും കൊണ്ടുനടക്കുന്ന ധീരജവാന്മാരെ നടൻ സ്മരിക്കുന്നു. അവർ ചെയ്യുന്ന ത്യാഗത്തിന്റെ വില അമൂല്യമാണെന്ന് മനസ്സിലാക്കുന്നു.
‘അവിയൽ, അറിയൽ‘ എന്ന ലേഖനം, നഗരത്തിന്റെ കറപുരളാത്ത പച്ചയായ മനുഷ്യരുടെ സ്നേഹത്തിന്റേയും നിഷ്ക്കളങ്കതയുടേയും സഹജീവിയോടുള്ള കരുതലിന്റേയും വിവരണമാണ്. പൊന്തൻമാട എന്ന സിനിമയിലെ ഒരു സീനിൽ തമ്പുരാന്റെ ജോലിക്കാർക്കൊപ്പം മാട ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് രംഗം. ജോലിക്കാരായി അഭിനയിക്കാൻ കൊണ്ടുവന്നിരിക്കുന്നവർക്ക് കട്ടും ആക്ഷനും ഒന്നും ബാധകമല്ല. ഊണ് വിളമ്പി മുന്നിൽ വെച്ചിട്ടുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തിന്ന് തീർത്ത് സ്വന്തം ജോലിയിലേക്ക് മടങ്ങുന്ന പച്ചയായ ഗ്രാമീണരാണ് അവർ. പന്തിയിൽ ഇരിക്കുന്ന മമ്മൂട്ടി എന്ന നടനേയും അവർ തിരിച്ചറിയുന്നില്ല. മമ്മൂട്ടിയുടെ ഇലയിൽ അവിയൽ ഇല്ലെന്ന് മനസ്സിലാക്കിയപ്പോൾ തൊട്ടടുത്തിരിക്കുന്ന കക്ഷി സ്വന്തം കൈകൊണ്ട് തന്റെ ഇലയിലെ അവിയൽ വാരി മമ്മൂട്ടിയുടെ ഇലയിലേക്ക് ഇടുന്നു. ചോദിക്കുക പോലും ചെയ്യാതെ കണ്ടറിഞ്ഞ് പങ്കുവെക്കുന്ന ഒരു ഗ്രാമീണനെ, അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഭക്ഷണമില്ലെങ്കിൽ ആഹാരമിറങ്ങാത്ത ഒരു നാടൻ മനുഷ്യനെയാണ് നടൻ അവിടെ കാണുന്നത്. പട്ടണത്തിലെ തീൻമേശയിൽ ആയിരുന്നെങ്കിൽ മാനേഴ്‌സ് തൊട്ടുതീണ്ടിയിട്ടില്ലാത്ത സംഭവമായി മാറുമായിരുന്ന ആ പെരുമാറ്റം, അതിന്റെ എല്ലാ നല്ല അർത്ഥത്തിലും ലേഖകൻ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പൊന്തൻമാട എന്ന വേഷത്തിന് കിട്ടിയ ഒരു ബഹുമതിയായി കണക്കാക്കി, തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരാൾ അയാളുടെ കൈകൊണ്ട് വാരിയിട്ട ആ ഒരുപിടി അവിയൽ കഴിക്കാനും അദ്ദേഹത്തിനാകുന്നു.
തന്റെ വാഹനഭ്രമത്തേയും അതിവേഗതയേയും പറ്റി പറയുന്ന ‘മമ്മൂട്ടിയുടെ പ്രതിഫലം 2 രൂപ’ എന്ന ലേഖനത്തിൽ, വാഹനമോടിക്കുമ്പോൾ തനിക്ക് കൂട്ടായി വരുന്ന, നിയന്ത്രിക്കാനുള്ള അധികാരം, നിയന്ത്രണം, വേഗത, ജാഗ്രത, ദൂരക്കാഴ്ച്ച എന്നീ അഞ്ച് കാര്യങ്ങളാണ് മമ്മൂട്ടി സമർത്ഥിക്കുന്നത്. ഈ അഞ്ച് കാര്യങ്ങളും ബാക്കിവെച്ച് വാഹനത്തെ മാത്രം നീക്കം ചെയ്ത് സങ്കൽപ്പിച്ചാൽ, ജീവിത വിജയത്തിന്റെ ഒരു ഫോർമുല അതിലൊളിഞ്ഞ് കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘ദൈവം കണ്ണടയ്ക്കുന്ന ചില കാര്യങ്ങൾ’, ഭിക്ഷയെടുത്ത് പഴനിക്ക് പോകുന്ന ചെമ്പിലുള്ള മുരളിയെന്ന സ്ക്കൂൾ സഹപാഠിയെപ്പറ്റിയുള്ളതാണ്. ഒരു കള്ളത്തരത്തിന്റെ കഥയാണതെങ്കിലും ആർദ്രമായ ഒരു ജീവിതകഥകൂടെ അതിലുണ്ട്. 30 വർഷത്തിനുശേഷം മുരളിയെ വീണ്ടും കാണുമ്പോൾ അയാൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയിൽ നിന്ന്, മുരളിയുടെ ആദ്യത്തെ കള്ളത്തരം ദൈവം കണ്ണടച്ചു കളഞ്ഞിരിക്കുന്നു എന്ന് ലേഖകൻ വ്യാഖ്യാനിക്കുന്നു.
രാഷ്ട്രീയം, ഭക്ഷണം, നോമ്പ്, കൈക്കൂലി, കമ്പ്യൂട്ടർ, ആതിഥേയത്വം എന്നിങ്ങനെയുള്ള വിഷയങ്ങളിലെ കാഴ്ച്ചപ്പാടുകൾ മുതൽ, പഴയ വക്കീൽ ജോലിയിലെ ചില അനുഭവങ്ങൾ വരെ ലേഖനങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നു. അതിപ്രശസ്തനായ നടനായതുകൊണ്ട്, മമ്മൂട്ടിയുടെ ഈ കഥകൾ പലതും പലവഴിക്ക് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകാം. കേട്ട കഥയായാലും കേൾക്കാത്ത കഥയായാലും, ഓരോ വിഷയത്തിലും മമ്മൂട്ടിയുടെ കാഴ്ച്ചപ്പാട് എന്തൊക്കെയാണെന്ന് അറിയാൻ പുസ്തകത്തിലൂടെ തന്നെ കടന്ന് പോകേണ്ടിയിരിക്കുന്നു.
Labels:
പുസ്തകം
Subscribe to:
Post Comments (Atom)
നന്നായി സര്‍ , ഈ പുസ്തക പരിചയം...വായനക്കാരനെ പുസ്തകത്തോട് അടുപ്പിക്കുന്ന ശൈലിയിലുള്ള വിവരണം...ആശംസകള്‍..സാറിനും മമ്മൂട്ടിക്കും..
ReplyDeleteനന്ദി..പരിചയപ്പെടുത്തിയതിന്.
ReplyDeleteഈ പുസ്തകം കോഴിക്കോട്ടെ ബുക് സ്റ്റാളുകളിലൊന്നും കാണുന്നില്ലല്ലോ?
ഈ പുസ്തകം ഒട്ടുമിക്ക പുസ്തകശാലകളിലും കിട്ടുമല്ലോ രാജേഷേ..
ReplyDeleteഈ കുറിപ്പുകള്‍ മാതൃഭൂമി പത്രത്തിലോ മനോരമ പത്രത്തിലോ മറ്റോ മുന്‍പ് വന്നതാണെന്ന് ഓര്‍മ്മ. മമ്മൂട്ടിയുടേതായി രണ്ട് പുസ്തകങ്ങള്‍ ഉണ്ട്. ചമയങ്ങളില്ലാതെ എന്ന ആത്മകഥയും കാഴ്ചപ്പാട് എന്ന ഈ പുസ്തകവും. മനോജേട്ടാ.. നാട്ടില്‍ വന്നിട്ട് കിടിലന്‍ വായനയാണല്ലോ. നല്ല കാര്യം.
@ മനോരാജ് - കിടിലൻ വായന എന്നൊന്നും പറയാനാവില്ല. ഗോവിന്ദൻ അടിയോടിയുടെ ആത്മകഥ വായിച്ചിട്ട് ഇതുപോലെ ഒറ്റദിവസം കൊണ്ട് അവലോകനം എഴുതാനൊന്നും എനിക്കാവില്ല. ചെറിയ കേസുകൾ മാത്രമേ അവലോകനമായി പുറത്തുവരാറുള്ളൂ. വലിയ കേസുകളൊക്കെ വായിച്ച് ഉള്ളിലിരുന്ന് വിങ്ങി വിങ്ങി അങ്ങനെ അലിഞ്ഞ് ഇല്ലാണ്ടാകുകയാണ് പതിവ് :)
ReplyDeleteഈ ബൂക്കൊക്കൊ നമ്മളെക്കൊണ്ട് വാങ്ങിപ്പിച്ച് നമ്മെ ദരിദ്രന്മാരാക്കുമോ? അല്ല, ഇത് വായിച്ചിടത്തോളം ഇനി ആ പുസ്തകം വായിച്ചില്ലെങ്കിലും വേണ്ടില്ല. ഞാൻ ഊഹിക്കുന്നു. എങ്കിലും നമ്മുടെ വായനശാലയിലൊന്നു വാങ്ങിവയ്ക്കാം.
ReplyDeleteനല്ല അവലോകനം. വായിക്കണമെന്നുണ്ട്. 'കക്കട്ടില്‍ യാത്രയിലാണ്' ഇതുവരെയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
ReplyDelete@മനോരാജ് - 'മഞ്ഞക്കണ്ണട' വിട്ടുപോയോ..?
ഈ പുസ്തക പരിചയത്തിലൂടെ വായിച്ച പ്രതീതി ഉണ്ടായല്ലോ നിരക്ഷരാ.. നന്ദി.
ReplyDeleteഇപ്പോള്‍ വരുന്ന ലേഖനങ്ങളില്‍ ചില്ലക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ല.
ReplyDeleteനേരത്തെ ഇങ്ങനെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല.
കമന്റുകള്‍ക്ക് ഇപ്പോഴും കുഴപ്പമില്ല.
@ (പേര് പിന്നെ പറയാം) - പല എഴുത്തുകാരുടെയും പുസ്തകാവലോകനങ്ങൾ ഒരിടത്ത് ശേഖരിക്കുന്ന ‘പുസ്തകവിചാരം‘ എന്ന ബ്ലോഗ് കൂട്ടായ്മ മനോരാജിന്റെ നേതൃത്വത്തിൽ ബൂലോകത്ത് സജീവമാണ്. എന്റെ ഈ പുസ്തകാവലോകനങ്ങളും അവിടെത്തന്നെ ചെന്നുചേരും. ഒരുപാട് പേർ അതിലേക്ക് സഹകരിക്കുന്നുമുണ്ട്.
ReplyDelete@ അനീഷ് - ഞാൻ ഈയിടെ സിസ്റ്റം മാറിയപ്പോൾ എനിക്കും പല വ്യത്യാസങ്ങൾ വരുത്തേണ്ടി വന്നിരുന്നു. എന്തായാലും എനിക്ക് ഞാൻ എഴുതുന്നത് നന്നായി കാണാം. മറ്റുള്ളവരുടെ ബ്ലോഗുകളും മലയാളം സൈറ്റുകളുമൊക്കെ നന്നായി കാണാൻ പറ്റുന്നുണ്ട്. അനീഷിന്റെ സിസ്റ്റത്തിലെ ഫോണ്ടുകൾ ഒന്ന് അപ്ഡേറ്റ് ചെയ്യൂ.
പതിവുപോലെ പുസ്തകപരിചയം നന്നായി.
ReplyDeleteഅനീഷിന്റെ കമെന്റിനേപ്പറ്റി: അനീഷ് "അഞ്ജലി ഓള്‍ഡ് ലിപി" എന്ന ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്താലേ വരമൊഴി/കീമാന്‍ എഡിറ്റര്‍ ഉപയോഗിക്കുന്ന എഴുത്തുകാരുടെ ലേഖനങ്ങള്‍ വായിക്കാനാകൂ. ഞാന്‍ 'സ്വനലേഖ' എന്ന ഫയര്‍ഫോക്സ് പ്ലഗിന്‍ ആണ് എഴുതാന്‍ ഉപയോഗിക്കുന്നത്. അതിന്റെ ചില്ലക്ഷരങ്ങള്‍ക്ക് കുഴപ്പമില്ല.
മനോരമ ആഴ്ചപതിപ്പില്‍ വളരെ പണ്ട് മമ്മൂട്ടിയുടെ ആത്മകഥ വന്നിരുന്നു "വൈക്കം കായലില്‍ ഓളം തുള്ളുമ്പോള്‍" എന്നോ മറ്റോ ആയിരുന്നു പേര് എന്ന് തോന്നുന്നു ഉറപ്പില്ല .അതും മമ്മൂട്ടി യുടെ മഹാരാജാസ് കോളേജു കാലഘട്ടവും സിനിമയിലേക്കുള്ള പ്രവേശനവും മറ്റും ആയിരുന്നു .ഈ പുസ്തകത്തെ കുറിച്ച് അറിയിച്ചതിനു നന്ദി .പക്ഷെ ഇതൊക്കെ എഴുതുന്നത് മമ്മൂട്ടി തന്നെയാണോ എന്നാ കാര്യത്തിലെ സംശയമുള്ളൂ .
ReplyDeleteനന്ദി..
ReplyDelete@ നിരക്ഷരൻ...
ReplyDeleteനന്ദി ... ഫോണ്ടിന്റെ പ്രശ്നം പരിഹരിച്ചു...
AFRICAN MALLU വിന്റെ ഒരു ചോദ്യം!
ReplyDeleteനേരാണോ നിരക്ഷരാ മമ്മൂട്ടി എഴുതിയോ അതോ എഴുതിച്ചൊ എന്തായാലും മലയാളത്തിലേയ്ക്ക് "കാഴ്ചപ്പാടുകള്‍" എന്ന ഒരു പുസ്തകം കൂടിയായി . പിന്നെ പേരും പെരുമയും പ്രശസ്തിയും ഉള്ളവരുടെ കാഴ്ചപ്പാടാണല്ലോ കാഴ്ചപ്പാട്!
മമ്മൂട്ടി ബ്ലോഗ് തുടങ്ങിയപ്പോള്‍ ഹെന്റമ്മോ അന്നല്ലായിരുന്നോ ബൂലോകത്ത് 'ബൂമികുലുക്കം'
കാശുമുടക്കി വാങ്ങി വായിക്കില്ല ഓസിന് കിട്ടിയാല്‍ വായിക്കാം .
മമ്മൂട്ടി നല്ല നടനാണ് ആ നിലയില്‍ ഇഷ്ടവുമാണ്..
@ഷാ : മഞ്ഞക്കണ്ണട എന്ന പുസ്തകത്തെ പറ്റി എനിക്കറിവില്ല. ഞാന്‍ അത് എവിടെയും കണ്ടിട്ടുമില്ല. പുതിയ ഒരു വിവരം നല്‍കിയതിന് നന്ദി. കൂടുതല്‍ കാര്യങ്ങള്‍ അറിയിച്ചാല്‍ ഉപകാരം.
ReplyDelete@AFRICAN MALLU : മനോരമ ആഴ്ചപ്പതിപ്പില്‍ വളരെ മുന്‍പേ വന്ന മമ്മൂട്ടിയുടെ ആത്മകഥയുടെ പേര് മുകളിലെ എന്റെ കമന്റില്‍ ഉണ്ട്. വൈക്കം കായലില്‍ ഓളം തള്ളുമ്പോള്‍ എന്നല്ല ചമയങ്ങളില്ലാതെ എന്നാണ് അതിന്റെ പേരു. അത് പിന്നീട് പുസ്തകവുമായിട്ടുണ്ട്. ഇനി ഇതൊക്കെ എഴുതുന്നത് മമ്മൂട്ടിയാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. ആശയം അദ്ദേഹത്തിന്റെയും ഭാഷ മറ്റാരുടേതെങ്കിലും ആയിരിക്കും. അതിപ്പോള്‍ തസ്കരന്റെ കഥയും നളിനി ജമീലയുടെ പുസ്തകവും സുരയ്യ ഭാനുവിന്റെ പുസ്തകവും ഒക്കെ ഒരു പക്ഷെ അങ്ങിനെ തന്നെയായിരിക്കുമെന്ന് തോന്നുന്നു.
@ മനോരാജ് - തസ്ക്കരന്റെ കഥ എഴുതിയത് ജി.ആർ.ഇന്ദുഗോപൻ ആണ്. മണിയൻ പിള്ള കഥ പറഞ്ഞുകൊടുക്കുകയാവും ചെയ്തിരിക്കുക. ജമീലേച്ചീന്റേം ഭാനുവേച്ചീന്റേം മമ്മുക്കയുടേയും കാര്യം അറിയില്ല.
ReplyDelete@മനോരാജ്
ReplyDeleteഇവിടെയും ഇവിടെയും നോക്കൂ..
നിരക്ഷരൻ & ഷാ : നന്ദി..
ReplyDeleteവലിയ വലിയ കാര്യങ്ങള്‍ എഴുതി വക്കാന്‍ വളരെ എളുപ്പമാണ്. എത്ര പേര്‍ പ്രവര്തിയിലക്കുന്നു എന്നതിലാണ് കാര്യം. ധീരജവാന്മാരെ സ്മരിക്കുന്ന അവർ ചെയ്യുന്ന ത്യാഗത്തിന്റെ വില അമൂല്യമാണെന്ന് മനസിലാക്കുന്ന, മറ്റൊരാളുടെ എച്ചില്‍ കഴിക്കുവാന്‍ സാധിക്കുന്ന ഒരു വ്യക്തിക്ക് കള്ളപ്പണം സൂക്ഷിക്കാന്‍ സാധിക്കുമോ? ഇത്തരം പുസ്തകങ്ങള്‍ എഴുതുന്ന 99 % പേരും എക്ഷ്ഹുതുന്നതു ഒന്നും പ്രവര്‍ത്തി മറ്റൊന്നും ആയിരിക്കും.
ReplyDeleteസജീവ്
പുസ്തകത്തിന്റെ ആമുഖം കിട്ടി. എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട നടന്‍ ആണ് മമ്മൂക്ക. ഒരു നടന്‍ എന്ന നിലയിലും അഹങ്കാരം ഉണ്ടെന്നു പറയപ്പെടുന്നു എങ്കിലും ഒരു മാന്യ വ്യക്തി എന്ന നിലക്കും അദ്ധേഹത്തെ എനിക്ക് വളരെ ഇഷ്ട്ടമാണ്. (എന്റെ ജീവിതത്തില്‍ അദ്ദേഹത്തേ ഒരു വട്ടമേ കണ്ടിട്ടോള്ളൂ.. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ആ ഭാഗത്ത് മഹായാനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വന്നപ്പോള്‍)
ReplyDeleteഇവിടെ സൂചിപ്പിച്ച ചില കാര്യങ്ങള്‍ ഞാന്‍ മുമ്പ് വായിച്ചരിഞ്ഞിട്ടുണ്ട്. എന്നാലും ഈ പുസ്തകത്തെ കുറിച്ച് ഇവിടെ വിലയിരുത്തിയതില്‍ വളരെ സന്തോഷം. ഇനി നാട്ടില്‍ പോകുമ്പോള്‍ ഇതു വാങ്ങിക്കണം. നിരീക്ഷകന് ഒരായിരം നന്ദി..ഒപ്പം ആശംസകളും..
സസ്നേഹം..
www.ettavattam.blogspot.com
വായിക്കാന്‍ തോന്നിപ്പിക്കുന്ന ഈ പരിചയപ്പെടുത്തലിനു നന്ദിട്ടോ...
ReplyDeleteനന്നായി
ReplyDeleteനന്ദി..പരിചയപ്പെടുത്തിയതിന്
ReplyDeleteഞാൻ പുസ്തകം നേരത്തെ വായിച്ചു. പിന്നെ ഇപ്പോ നിരക്ഷരൻ എഴുതിയതും വായിച്ചു. ഇനീം നിരക്ഷരൻ എഴുതുന്നത് വന്ന് വായിച്ചുകൊള്ളാം.
ReplyDeleteMASHEY NIDESH HERE , DO YOU CAME BACK??
ReplyDeletehi, good review. can i order this book online. would have preferred to reply in malayalam. but still figuring out how to type in malayalam. malayalam englishil type cheyyunnathinodu yojippumilla.
ReplyDelete