Thursday 19 May 2011

ആന വിശേഷങ്ങൾ

 ചില ആന വിശേഷങ്ങൾ. ആദ്യം പബ്ലിഷ് ചെയ്തത് ആനക്കാര്യം സൈറ്റിലാണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവിടെയും പോസ്റ്റ് ചെയ്യുന്നു.
------------------------------------------------------------
രു ശരാശരി മലയാളിയെപ്പോലെ തന്നെ ഉത്സവത്തിനെഴുന്നള്ളിക്കുന്ന ആനകളേയും തടിപിടിക്കുന്ന ആ‍നകളേയുമൊക്കെ കണ്ടുതന്നെയാണ് ഞാനും വളര്‍ന്നത്. കാട്ടില്‍ നിന്ന് നാഗരികതയിലേക്ക് എത്തപ്പെട്ട് മനുഷ്യന്റെ വരുതിയിൽ, വരച്ച വരയില്‍ നിന്ന് കഴിഞ്ഞുപോകുന്ന ഈ ഗജവീരന്മാര്‍ ഉപദ്രവങ്ങള്‍ കൊണ്ട് സഹികെടുമ്പോഴോ, മദപ്പാടുണ്ടാകുന്ന ചുരുക്കം ചില സാഹചര്യങ്ങളിലോ ആക്രമണങ്ങള്‍ക്ക് മുതിരുന്നതില്‍ എന്തുകൊണ്ടോ വലിയ അത്ഭുതമൊന്നും തോന്നിയിട്ടില്ല.

കോടനാട്ടെ ആനക്കൊട്ടിലിൽ ഒരു കുട്ടിക്കൊമ്പൻ
ഉത്സവങ്ങളില്‍ തിടമ്പേറ്റിയും, തലപൊക്ക മത്സരങ്ങളില്‍ മസിലു പെരുപ്പിച്ചും, സാംസ്കാരിക ഘോഷയാത്രകളില്‍ അണിനിരന്നും അവ ജീവിതം തള്ളിനീക്കുന്നു. പഴയ കാലത്തില്‍ ആന ‍ ആഡ്യത്വത്തിന്റെ അടയാളമായിരുന്നു എന്നാല്‍ ഇന്ന് അത് ഒരു വ്യവസായമായി മാറി, ആനയില്‍ നിന്നും വരുമാനം ഇല്ലെങ്കില്‍ അവയുടേ ജീവിതം തന്നെ വഴിമുട്ടും എന്നത് അടുത്തിടെയാണ് അറിയുന്നത്. അതൊക്കെ നാട്ടാനകളുടെ കാര്യം. നാട്ടാനകളുടേയും കാട്ടാനകളുടേയുമൊക്കെ ഒരുപാട് ആനക്കഥകളും കേട്ടിട്ടുണ്ടെന്നല്ലാതെ കാട്ടാനകളെയൊന്നും നേരില്‍ കണ്ടിട്ടില്ലായിരുന്നു, പത്തിരുപത്തഞ്ച് വയസ്സാകുന്നത് വരെ.

തോല്‍പ്പെട്ടിയിൽ നിന്ന് ഒരാനയും കുട്ടിയാനയും
1986ന് ശേഷം വയനാട്ടിലേക്കുള്ള യാത്രകള്‍ അധികരിച്ചതിനുശേഷമാണ് കാട്ടാനകളെ കാണാനുള്ള അവസരങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. വയനാട്ടില്‍ നിന്ന് മൈസൂരേക്കുള്ള കാട്ടുപാതകളിൽ, മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്കുള്ള ഇല്ലിക്കാടുകള്‍ നിറഞ്ഞ വഴികളിൽ, തോല്‍പ്പെട്ടിയിൽ, പറമ്പികുളത്ത്, കീരിപ്പാറയില്‍ എന്നിങ്ങനെ പലയിടത്തായി കാട്ടാനകളെ കാണാനായിട്ടുണ്ട്.

12 കൊല്ലം മുന്‍പ് ഒരിക്കല്‍ കുടുംബസുഹൃത്തുക്കളുമൊത്ത് മൈസൂരുനിന്ന് മാനന്തവാടിയിലേക്ക് മടങ്ങുന്ന വഴിയിലെ ഒരു വളവിൽ, റോഡില്‍ നിന്ന് ഏകദേശം പത്തടി മാറി ഒരു കൊമ്പന്‍. ഒറ്റയാന്മാരാണ് അപകടകാരികള്‍ എന്ന് കേട്ടിറിവുള്ളതുകൊണ്ട് വാഹനം ഓടിച്ചുകൊണ്ടിരിക്കുന്ന ഞാനൊന്ന് പതറി. വഴി മുടക്കിയല്ല കൊമ്പന്‍ നില്‍ക്കുന്നത് എന്നതുകൊണ്ട് വാഹനത്തിന്റെ വേഗത കുറക്കാതെ തന്നെ മുന്നോട്ട് നീങ്ങി. വളവ് തിരിഞ്ഞുതുടങ്ങിയപ്പോഴാണ് ഒറ്റയാനല്ല, ആനക്കൂട്ടമാണ് നില്‍ക്കുന്നതെന്ന് മനസ്സിലാക്കിയത്. പിടികളും മറ്റ് കൊമ്പന്മാരും ഒക്കെ ചേര്‍ന്ന് പന്ത്രണ്ടെണ്ണമെങ്കിലും ഉണ്ട് സംഘത്തിൽ. ഭാഗ്യത്തിന് എല്ലാവരും റോഡില്‍ നിന്ന് ഇറങ്ങിയാണ് നില്‍ക്കുന്നത്. വണ്ടി പെട്ടെന്ന് തന്നെ ആനകളെ കടന്നുപോകുകയും ചെയ്തു. അതേ അനുഭവം ഇന്നായിരുന്നെങ്കില്‍ വണ്ടി മുന്നോട്ട് നീക്കി സുരക്ഷിതമാക്കി നിര്‍ത്തിയതിനുശേഷം അക്കൂട്ടരുടെ ആനക്കറുപ്പും ചെവിയാട്ടലും, തുമ്പിക്കൈ ആട്ടലും, ‘ഗജരാജവിരാജിത മന്ദഗതി‘യുമൊക്കെ ആസ്വദിച്ചേ മടങ്ങുമായിരുന്നുള്ളൂ. പക്ഷേ, അന്ന് അതിലൊരാന റോഡിന് നടുക്കാണ് നിന്നിരുന്നതെങ്കില്‍ എന്തുചെയ്യുമായിരുന്നെന്ന് ഇന്നും എനിക്കറിയില്ല.

വയനാട്ടിലെ തോല്‍പ്പെട്ടി വന്യമൃഗസങ്കേതത്തില്‍ നല്ലപാതി മുഴങ്ങോടിക്കാരിക്കും കുറേ സുഹൃത്തുക്ക ള്‍ക്കുമൊപ്പം കറങ്ങുകയായിരുന്നു വിവാഹം കഴിഞ്ഞനാളുകളില്‍ ഒരിക്കൽ. കുരങ്ങുകളെയല്ലാതെ മറ്റൊരു മൃഗത്തിനേയും കാണാന്‍ പറ്റാത്തതിന്റെ സങ്കടത്തിലായിരുന്നു എല്ലാവരും. കുറേ ദൂരം കാട്ടിലൂടെ സഞ്ചരിച്ചതിനുശേഷം കാട്ടുപാതയില്‍നിന്ന് റിവേഴ്‌സ് ഗിയറിൽ, വണ്ടിയിറക്കി വളക്കാന്‍ ശ്രമിക്കുകയായിരുന്നു ഡ്രൈവർ. വണ്ടി മുന്നോട്ടെടുക്കുന്നതിന് മുന്നേ ഡ്രൈവര്‍ എല്ലാവരേയും കാണിച്ചുതന്നു. വണ്ടിയുടെ തൊട്ടുപിന്നില്‍ അടിക്കാടുകളില്‍ നിന്ന് മസ്തകം മാത്രം വെളിയില്‍ കാണിച്ച് ഒരു സഹ്യപുത്രന്‍. അന്ന് യാത്ര അവസാനിക്കുന്നതിന് മുന്നേ വീണ്ടും കണ്ടു, പാത മുറിച്ചുകടക്കുന്ന മറ്റൊരാനയെ. ആദ്യമായി കാട്ടിലേക്ക് പോകുന്ന മുഴങ്ങോടിക്കാരി ശരിക്കും വിരണ്ടു. ഞാനും വിരണ്ടിരിക്കുകയായിരുന്നെങ്കിലും പുറമേ കാണിച്ചില്ല.

ഒരിക്കല്‍ മാനന്തവാടിക്കാരന്‍ സുഹൃത്ത് ഹരിയുമായി കര്‍ണ്ണാടകത്തിലെ ഹാളേബീഡുവില്‍ നിന്ന് വയനാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുട്ടുവീണുതുടങ്ങിയിരുന്നു. ചെറുതായി മഴയും പെയ്യുന്നുണ്ടായിരുന്നു. ഭൂരിഭാഗം ദൂരവും വണ്ടി ഓടിച്ചിരുന്നത് ഹരിയായിരുന്നെങ്കിലും, മാനന്തവാടി എത്താന്‍ പത്തിരുപത് കിലോമീറ്റര്‍ ബാക്കിയുള്ളപ്പോള്‍ വളയം ഞാന്‍ ഏറ്റെടുത്തു. ആനയുടെ മുന്നിലോ മറ്റോ ചെന്ന് ചാടിയാല്‍ എന്ത് ചെയ്യണമെന്ന് ഹരിക്ക് നല്ല നിശ്ചയമാണ്. പലപ്പോഴായി കേട്ടുകേട്ട് ആ തിയറിയൊക്കെ കുറേ എനിക്കും ഹൃദിസ്ഥമാണെങ്കിലും ഒരു സന്നിഗ്ദ്ധ ഘട്ടത്തില്‍ അതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. കര്‍ണ്ണന് ഇടക്കാലത്ത് വെച്ച് കിട്ടിയ ശാപം ജന്മനാതന്നെ കിട്ടിയിട്ടുള്ളവനാണ് ഞാനെന്ന് എനിക്കല്ലേ അറിയൂ.

പെട്ടെന്ന് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരാനയുടെ പിന്‍‌കാലുകള്‍ ഞാന്‍ റോഡില്‍ കണ്ടു. ആലോചിച്ച് തീരുമാനിച്ച് വണ്ടി നിറുത്താന്‍ പറ്റുന്നതിന് മുന്നേ ആനയോട് അടുത്തുപോകുകയും ചെയ്തു. പിടിയാനയാണ്; മുന്‍‌കാലിന്റെ അടുത്തായി ഒരു കുട്ടിയാനയും നില്‍ക്കുന്നുണ്ട്. രണ്ടുപേരും റോഡില്‍ നിന്ന് കാട്ടിലേക്ക് തിരിഞ്ഞാണ് നില്‍ക്കുന്നത്. അപകടം കുറവാണെന്ന് തോന്നി. ആനകളുടെ പുറകിലൂടെ വണ്ടി മുന്നോട്ട് നീക്കുമ്പോൾ, പെട്ടെന്നൊന്നും തിരിഞ്ഞുനിന്ന് ആക്രമിക്കാന്‍ ആനയ്ക്ക് ആകില്ലല്ലോ എന്ന് മാത്രമായിരുന്നു ചിന്ത.

സൈലന്റ് വാലി ബഫ്ഫര്‍ സോണിലെ കീരിപ്പാറ വാച്ച് ടവറില്‍ ഒരു രാത്രി കഴിഞ്ഞതിനുശേഷം പുലര്‍ന്നെഴുന്നേറ്റപ്പോള്‍ വാച്ച് ടവറിന്റെ പരിസരത്ത് അവിടവിടെയായി കാട്ടാനകൾ. വാച്ച് ടവറിന് ചുറ്റും കിടങ്ങുള്ളതുകൊണ്ട് രാത്രി കാട്ടുമൃഗങ്ങളുടെ ആക്രമണം ഒന്നും ഉണ്ടാകില്ലെന്ന ധൈര്യത്തിലാണ് ഇപ്പറഞ്ഞ വനവാസമൊക്കെ നടത്തുന്നത്. കാട്ടിലെ തങ്ങളുടെ സ്വര്യവിഹാരം തടസ്സപ്പെടുത്തുന്നവന്മാരുടെ കിടങ്ങൊക്കെ ചിലയിടത്ത് ആനകള്‍ ഇടിച്ചിട്ടിട്ടുണ്ട്. അതിപ്പോള്‍ എന്റെ പറമ്പില്‍ വേറൊരുത്തന്‍ വേലികെട്ടിയാല്‍ ഞാനും ചെയ്തേക്കാവുന്ന കാര്യം തന്നെ.

സൈലന്റ് വാലിയിലെ കീരിപ്പാറയിലെ ആനക്കൂട്ടം
പറമ്പികുളത്തെ കാട്ടില്‍ വളരെ അടുത്തുനിന്നുതന്നെ ആനകളെ കാണാനും പടമെടുക്കാനും സാധിച്ചിട്ടുണ്ട്. ഒരു മിനി ബസ്സില്‍ മറ്റ് സഞ്ചാരികള്‍ക്കൊപ്പമായിരുന്നു യാത്ര എന്നതുകൊണ്ട് ആനയെ അടുത്തുനിന്ന് കണ്ടിട്ടും അപകടഭീതിയൊന്നും തോന്നിയതേയില്ല. ഇതേ യാത്രയുടെ അവസാനത്തില്‍ ഒരു ആനക്കൂട്ടത്തിലേക്ക് ചെന്ന് ചാടുകയും ചെയ്തിട്ടുണ്ട്.

പറമ്പികുളത്തെ കാട്ടിൽ നിന്ന് ഒരു പിടിയും കുട്ടിയും
ആനപ്പാടിയിലെ ക്യാമ്പിലേക്ക് മടങ്ങുമ്പോഴായിരുന്നു ആ സംഭവം. പെട്ടെന്ന് ബസ്സിന്റെ വേഗത കുറഞ്ഞു. റോഡില്‍ നിറയെ ആവി പറക്കുന്ന ആനപ്പിണ്ഡം കാണാം. ആനകള്‍ തൊട്ടടുത്ത് തന്നെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കണക്കുകൂട്ടല്‍ തെറ്റിയില്ല. മുന്നില്‍ അതാ ഒരാനക്കൂട്ടം റോഡിലൂടെ തന്നെ നടന്ന് നീങ്ങുകയാണ്. പിടിയും, കൊമ്പനും, പല വലിപ്പത്തിലുള്ള ആനക്കുട്ടികളുമൊക്കെ അടക്കം എട്ടോ ഒന്‍പതോ വരുന്ന ഒരു കുടുംബമാണത്. ആനക്കൂട്ടം നടക്കുന്നതിനനുസരിച്ച് ഡ്രൈവര്‍ രാധാകൃഷ്ണന്‍ വണ്ടി അവര്‍ക്ക് പിന്നാലെ നിരക്കിനീക്കി.

പറമ്പികുളത്ത് വഴി തടയാനെത്തിയ ആനകൾ
കാട്ടിലൂടെ ഞങ്ങള്‍ ആരെങ്കിലും വാഹനം ഓടിച്ചുവരുന്ന സമയത്ത്, ഇതുപോലെ ഒരാനക്കൂട്ടത്തിന് പിന്നിലോ മുന്നിലോ ചെന്ന് ചാടിയാല്‍ എന്താകുമായിക്കും ചെയ്യുക, എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും. വാഹനം പിന്നോട്ടെടുത്ത് പോകാനോ വളച്ച് പോകാനോ പറ്റുന്നതിന് മുന്നേ ഒരു ആക്രമണം ഉണ്ടായാല്‍ ?!! ഇതിപ്പോള്‍ അല്‍പ്പം വലിയ ഒരു വാഹനം ആയതുകൊണ്ടും രാധാകൃഷ്ണന്‍ കാടിന്റെ മര്‍മ്മമറിയുന്ന ഒരാളായതുകൊണ്ടും വരും വരായ്കകള്‍ ഒന്നും ആലോചിക്കാതെ ബസ്സിനകത്തിരിക്കാന്‍ എല്ലാവര്‍ക്കുമാകുന്നു.

മുന്നില്‍ ജാഥയായിട്ട് പോകുന്ന കക്ഷികള്‍ പെട്ടെന്ന് ഒരിടത്ത് നിലയുറപ്പിച്ചു. റോഡരുകില്‍ വീണുകിടക്കുന്ന ഒരു മരത്തിന്റെ ഇലകളൊക്കെ പറിച്ച് അകത്താക്കി ക്കൊണ്ടിരിക്കുകയാണ് അവര്‍‍. ബസ്സിന്റെ എഞ്ചിന്‍ ഓഫാക്കി ഹെഡ്ഡ് ലൈറ്റ് മാത്രം ഇട്ട് വെറും 30 അടി പിന്നിലായി ഞങ്ങള്‍ കാത്തുകിടന്നു അവരുടെ ഡിന്നര്‍ കഴിയാന്‍‍.

വഴിതടഞ്ഞ ആനകൂട്ടം - ഹെഡ്ലൈറ്റ് വെളിച്ചത്തിൽ
ആനകളില്‍ ചിലത് റോഡിന് വട്ടം നില്‍ക്കുകയാണ്. രാധാകൃഷ്ണന്‍ പെട്ടെന്നൊരു ബുദ്ധി പ്രയോഗിച്ചു. മാര്‍ക്കറ്റ് റോഡില്‍ ട്രാഫിക്ക് ബ്‌ളോക്കില്‍ പെട്ടുപോകുമ്പോള്‍ ചെയ്യുന്നതുപോലെ ഹോണ്‍ നീട്ടി അടിക്കാന്‍ തുടങ്ങി. വഴിമുടക്കികളില്‍ ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കിടയില്‍ ശല്യപ്പെടുത്തുന്നവരെ തലചരിച്ച് നോക്കിയതുപോലെ. ചില അനക്കങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നുണ്ട്.

ഇതിനിടെ ബസ്സ് വരാന്‍ വൈകുന്നതെന്താണെന്ന് അറിയാനായി ക്യാമ്പില്‍ നിന്നും ബസ്സിലുള്ള ഫോറസ്റ്റ് ഗാര്‍ഡിന് ഫോണ്‍ വന്നു. ആനകള്‍ വഴി തടഞ്ഞിരിക്കുകയാണെന്ന മറുപടി അങ്ങേത്തലയ്ക്കുള്ളവര്‍ക്ക് പുതുമയുള്ളതാകാന്‍ വഴിയില്ല. ഹോണ്‍ അടി രൂക്ഷമായപ്പോള്‍ ആനകളില്‍ ചിലത് മുന്‍‌കാലുകള്‍ മാത്രം റോഡിന് വെളിയിലേക്ക് ഇറക്കിവെച്ച് ഒന്നൊതുങ്ങി അക്ഷരാര്‍ത്ഥത്തില്‍ ബസ്സിന് സൈഡ് തന്നു. നിമിഷനേരം കൊണ്ട് രാധാകൃഷ്ണന്‍ വണ്ടി മുന്നോട്ടെടുത്ത് ആനക്കൂട്ടത്തിന്റെ മുന്നിലെത്തി. രാധാകൃഷ്ണന്‍ ഒരു ആദിവാസി യുവാവാണ്. ആക്രമിക്കാന്‍ സാദ്ധ്യതയുള്ള കാട്ടുമൃഗങ്ങളെ, കാടറിയുന്ന, കാട്ടില്‍ ജനിച്ച് വളര്‍ന്ന രാധാകൃഷ്ണനെപ്പോലുള്ളവര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരിക്കണം. പരസ്പരം ശല്യം ചെയ്യാത്ത ഒരു സഹജീവനമാണ് അവര്‍ കാട്ടിനകത്ത് നടപ്പിലാക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഭയമില്ലാത്തതുപോലെയാണ് അവര്‍ പെരുമാറുന്നതുതന്നെ.

ഒരിക്കല്‍ ഹരിക്കൊപ്പം വയനാട്ടില്‍ നിന്നും മൈസൂരേക്കുള്ള യാത്രയില്‍ കര്‍ണ്ണാടകത്തിന്റെ ചെക്ക് പോസ്റ്റില്‍ എത്തുന്നതിന് കുറേ മുന്നേയായി കാട്ടിലൂടെ നടക്കുന്ന 13 വയസ്സില്‍ താഴെ പ്രായമുള്ള മൂന്ന് സ്കൂള്‍ കുട്ടികളെ ഞങ്ങള്‍ കണ്ടു. രണ്ട് പെൺകുട്ടികളും എട്ട് വയസ്സ് തികയാത്ത ഒരു ആൺകുട്ടിയും. അന്നവരുടെ ലൈന്‍ ബസ്സ് വരാഞ്ഞതുകൊണ്ട് കാട്ടുവഴിയിലൂടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു അവർ. ഞങ്ങളവരെ വണ്ടിയില്‍ കയറ്റി ചെക്ക് പോസ്റ്റിനടുത്ത് ഇറക്കുന്ന, ഏകദേശം നാലുകിലോമീറ്റര്‍ വരുന്ന ദൂരത്തിനിടയ്ക്ക് രണ്ട് ആനകളെ കാറിലിരുന്ന് കാണുകയും ചെയ്തു.

ആ കുട്ടികളുടെ കാര്യമോര്‍ത്തപ്പോള്‍ ആദ്യം ശരിക്കും നടുക്കമുണ്ടായി. ബസ്സ് വരാത്ത ചുരുക്കം ചില ദിവസങ്ങളിലെങ്കിലും ഈ കാട്ടുമൃഗങ്ങള്‍ക്കിടയിലൂടെ അവര്‍ക്ക് നടക്കേണ്ടി വരാറില്ലേ ? എന്നെങ്കിലും ഒരിക്കല്‍ ഒരാക്രമണം ഉണ്ടായിക്കൂടേ ? ഒന്നുകൂടെ ആലോചിച്ചപ്പോള്‍ എനിക്കുതോന്നി, നഗരത്തിലെ തിരക്കിനിടയിലൂടെ സ്കൂളില്‍പ്പോയി വരുന്ന കുട്ടികള്‍ ഇതിനേക്കാളധികം അപകടങ്ങളും ചതിക്കുഴികളും ഒരു ദിവസം തരണം ചെയ്യുന്നുണ്ടെന്ന്.

വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത് ഇടയ്ക്കിടയ്ക്ക് നാട്ടിലേക്കിറങ്ങി വരുന്ന ഒരു കൊമ്പന്‍ നാട്ടുകാരുടെ അടുത്ത് നിന്ന് പഴക്കുലയും മറ്റ് ഭക്ഷണവുമൊക്കെ കഴിച്ച് മര്യാദക്കാരനായി കാട്ടിലേക്ക് തിരിച്ച് പോകുന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്. അതിനെ അപകടപ്പെടുത്തില്ല എന്ന തോന്നലുള്ളതു കൊണ്ടു തന്നെയാകണം ഇങ്ങനെ പെരുമാറുന്നത്. കാട്ടില്‍ച്ചെന്ന് ആനയ്ക്ക് മുന്നില്‍ ചാടിയാല്‍പ്പോലും അതിനെ ഉപദ്രവിക്കാതെ വഴി മാറി പോയാല്‍ പിന്നൊരു അപകടത്തിന് സാദ്ധ്യത കുറവാണ്. നമുക്ക് കാട്ടു മൃഗങ്ങളെയൊക്കെ പേടിയുള്ളതുപോലെ അവറ്റകള്‍ക്ക് നമ്മെയും ഭയമുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. ഒരിക്കല്‍ വയനാട്ടിലെ ഏറ്റവും ഉയരമുള്ള ചെമ്പ്ര പീക്ക് എന്ന മല കയറാന്‍ പോയപ്പോൾ, കൂടെവന്ന ഫോറസ്റ്റ് ഗൈഡ് രാമേട്ടന്‍ പറഞ്ഞത് ഇന്നുമോര്‍ക്കുന്നു. പുലിയുള്ള മലയാണെന്ന് കേട്ടിട്ടുണ്ട്. വല്ല അപകടവുമുണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്...

“അങ്ങോട്ട് കേറി ഉപദ്രവിക്കാതിരുന്നാല്‍ മതി. അതങ്ങ് ഓടിപ്പൊയ്ക്കോളും, അതിനുമില്ലേ പേടി ? പുലിക്കുഞ്ഞുകള്‍ കൂടെയുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. നമ്മള്‍ കുഞ്ഞുങ്ങളെ ഉപദ്രവിച്ചാലോന്ന് കരുതി, ചിലപ്പോള്‍ ഇങ്ങോട്ട് ആക്രമിച്ചെന്ന് വരാം. അല്ലെങ്കില്‍ പിന്നെ കുറേ നാളായി ഭക്ഷണമൊന്നും കിട്ടാതെയിരിക്കുന്ന പുലിയായിരിക്കണം.”

കാടറിയുന്ന, കാട്ടുമൃഗങ്ങളുടെ മനഃശാസ്ത്രം അറിയുന്ന രാമേട്ടനെപ്പോലുള്ളവര്‍ പറയുന്നത് തന്നെയാണ് വാസ്തവം.

കാട്ടിലൂടെ കടന്നുപോകുന്നവര്‍ ചിലര്‍ക്കെങ്കിലും ആനയുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതിന് തക്കതായ കാരണവും കാണും. കല്ലെടുത്തെറിയുക, വാഹനത്തിന്റെ ഹോണടിച്ച് പ്രകോപിക്കുക, പേടിപ്പിക്കുക, അങ്ങോട്ട് ആക്രമിക്കും എന്ന രീതിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തികള്‍ ഈ ഭാഗത്തുനിന്ന് ഉണ്ടാകുക, ഇതൊക്കെ അപകടത്തിലേക്ക് വഴിതെളിച്ചെന്ന് വരാം.

മൃഗങ്ങള്‍ ഭക്ഷണത്തിനായി മാത്രമേ വേറൊരു മൃഗത്തെ കൊല്ലാറുള്ളൂ. ആനയ്ക്ക് സ്വന്തം വലിപ്പവും അറിയില്ല ശക്തിയുമറിയില്ല എന്നുമാത്രമല്ല, സസ്യഭുക്കായതുകൊണ്ട് ഭക്ഷണത്തിനായി കൊല്ലുമെന്നുള്ള പേടിയും പേടിവേണ്ട. അവറ്റകളുടെ ആവാസ വ്യവസ്ഥിതിക്ക് ഭീഷണിയാവുകയോ അതുമല്ലെങ്കില്‍ മദപ്പാട് ഉണ്ടാകുകയോ ചെയ്യുന്ന അവസരത്തിലല്ലാതെ ഇങ്ങോട്ട് കയറി ആക്രമിക്കുന്നത് ആനയുടെ പതിവല്ലെന്നാണ് മനസ്സിലാക്കാനായിട്ടുള്ളത്. മൃഗത്തെയായാലും മനുഷ്യനെയായാലും പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെയും, നിസ്സാര കാരണങ്ങള്‍ക്കുമായി അങ്ങോട്ട് കയറി ആക്രമിക്കുന്ന മൃഗം ഒന്നേയുള്ളൂ ഈ ഉലകിൽ. അത് മനുഷ്യന്‍ എന്ന മൃഗം തന്നെ.

ഇക്കാലം വരെ കേരളത്തിലെ, അല്ലെങ്കില്‍ ഇന്ത്യയിലെ ആനകളെ മാത്രം കണ്ടുപോന്ന എനിക്ക് മറ്റൊരു രാജ്യത്തെ ആനകളെ കാണാനുള്ള അവസരം ഈയടുത്ത് ഒത്തുവന്നു. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു അത്.

തുടർന്നേക്കാം...

16 comments:

  1. ആദ്യത്തെ തേങ്ങ ഞാന്‍ തന്നെ ഉടക്കാം,ഠോ))))))
    ആനക്കും തേങ്ങ ഇഷ്ടല്ലേ.
    അപ്പുറത്ത് പോയി വായിച്ചിരുന്നു. നന്നായി ആനവിശേഷങ്ങള്‍.
    ഈയിടെ തിരുനെല്ലിക്കാട്ടില്‍ വര്‍ഗീസിനെ കാണാന്‍ പോകുമ്പൊള്‍ ആനയെ കണ്ട് തിരിച്ചിറങ്ങേണ്ടി വന്നു.വര്‍ഗിസിനെ ഇനി ആന ഒന്നും ചെയ്യില്ല.പക്ഷെ നമ്മളെ ആനക്കറിയില്ലല്ലൊ.
    ആശംസകളോടെ..

    ReplyDelete
  2. വളരെ ഇഷ്ടപ്പെട്ടു.പറഞ്ഞ ലിങ്കിലും പോയി.നന്നായിരിക്കുന്നു.സന്തോഷം.

    ReplyDelete
  3. നിരക്ഷരന്റെ ആനയനുഭവങ്ങള്‍ തികച്ചും അപ്രതീക്ഷിതം. ആനയെന്ന കരയിലെ ഏറ്റവും വലിയ ജീവിയേയും അതിന്റെ ജീവിതവുമായി ബന്ധപ്പെട്ടതുമായ കഥകള്‍ ഇനിയും വരട്ടെ. ആശംസകള്‍.

    ReplyDelete
  4. ആനക്കാര്യം കണ്ടു.

    ReplyDelete
  5. ഇവിടെ ആദ്യമായാ ................വന്നപ്പോള്‍ ആനയെ തന്നെ കണ്ടു .. സന്തോഷായി ......വീണ്ടും വരാം

    ReplyDelete
  6. നിരക്ഷരന്‍ ഇത്തരം ഒരു സംഗതിയെ പറ്റി എഴുതും എന്ന് പ്രതീക്ഷിച്ചില്ല. ഹൃദ്യമായ രീതിയില്‍ തന്നെ ഈ വിഷയവും കൈകാര്യം ചെയ്തിരിക്കുന്നു. കാട്ടാനകളെ കാണുകയും ചിത്രം എടുക്കുകയും ചെയ്യുന്ന പലരും ഉണ്ട്. എന്നാല്‍ അവരുടെ വിശേഷങ്ങള്‍ അപൂര്‍വ്വമായേ ഇത്തരത്തില്‍ എഴുത്തിലൂടെ പുറത്തുവരാറുള്ളൂ. ഇനിയും എഴുതുക.

    ReplyDelete
  7. ആനക്കാര്യം കൊള്ളാം ...............വീണ്ടും എഴുതൂ.................

    ReplyDelete
  8. ആനയുടെ വലിയ കാര്യങ്ങള്‍ വിശേഷങ്ങള്‍ പോരട്ടെ..

    ReplyDelete
  9. ആനക്കാര്യത്തിലെ താങ്കളുടെ ലേഖനം വളരെ നന്നായിരിക്കുന്നു. കാട്ടിലെ അനുഭവങ്ങള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ട്രക്കിങ്ങിനൊക്കെ പോകാറുണ്ടോ. ഉണ്ടെങ്കില്‍ ആ അനുഭവങ്ങള്‍ ഒക്കെ ഒന്ന് എഴുതാമോ? ഞാന്‍ പുതിയ അംഗമാണ്.

    ReplyDelete
  10. ആനയെ പേടിയാണെങ്കിലും ആനകഥകള്‍ ഇഷ്ട്ടമാണ് .പ്രത്യേകിച്ചു സഹസ കഥകള്‍ ..അനുഭവം ആയാല്‍ പറയുകയും വേണ്ടാ ....വളരെ നന്നായിടുണ്ട്......മഴയെ കുറിച്ച് എഴുതാമോ..മനോജ്‌ ചേട്ടാ ....?????

    ReplyDelete
  11. @ SANTHAN - ട്രക്കിങ്ങിനും പോകാറുണ്ട്. അത്തരം വിശേഷങ്ങൾ എല്ലാം എഴുതുന്നത് ചില യാത്രകൾ എന്ന ബ്ലോഗിലാണ്. എല്ലാം അവിടെ വായിക്കാം. സൗകര്യം പോലെ നോക്കൂ. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    @ അക്ഷി - മഴ ഒരു വീക്ക്നെസ്സ് ആണ്. അതുകൊണ്ടുതന്നെ, മഴയെക്കുറിച്ച് എഴുതാൻ പോയാൽ ഒരിടത്തും എത്തില്ല അക്ഷീ. പിന്നെ മറ്റൊരു കാര്യം... മഴയെക്കുറിച്ചൊക്കെ എഴുതണമെങ്കിൽ അല്‍പ്പമെങ്കിലും സാഹിത്യം ഉള്ളിലുണ്ടാവണം. അല്ലെങ്കിൽ എന്തോന്ന് മഴ ?! കണ്ടതും കേട്ടതുമൊക്കെ ചുമ്മാ പറഞ്ഞുപോകുന്നെന്നല്ലാതെ, നിരക്ഷരന്റെ വരികളിൽ എവിടെയെങ്കിലും സാഹിത്യം കണ്ടിട്ടുണ്ടോ ? :):)

    ആന വിശേഷങ്ങൾ വായിക്കാനെത്തിയ എല്ലാവർക്കും നന്ദി :)

    ReplyDelete
  12. നിരക്ഷരന്റെ ആനയാത്രകള്‍ ഗംഭീരം...ആനകളുടെ ലോകത്തിലൂടെയും അനന്തമായി സഞ്ചരിക്കാം എന്ന് ഇപ്പോളാണ് മനസ്സിലാകുന്നത്. ആനക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുട്ടികള്‍ കടന്നു പോകുന്നതിനെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ നെടുക്കം തോന്നി.

    ReplyDelete
  13. ഏത് മൃഗമാണെങ്കിലും സ്വയരക്ഷയ്ക്ക് മാത്രമേ മനുഷ്യനെ ഉപദ്രവിക്കാറുള്ളൂ. ആനക്കഥകൾ രസിച്ചു വായിച്ചു.

    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  14. നന്നായിരിക്കുന്നു.
    ഇതൊക്കെത്തന്നെയല്ലേ പാവം മനുഷ്യ ജീവിയുടെയും സ്തിഥി ?

    ReplyDelete
  15. തുടരണം.... കാത്തിരിക്കും.....

    ReplyDelete
  16. @ Rijo Jose Pedikkattu - ആന വിശേഷം തുടർന്ന് എഴുതിയിരുന്നു. അത് പിന്നവളയിലെ ആനക്കൂട്ടം എന്ന പേരിൽ ചില യാത്രകൾ ബ്ലോഗിൽ ഉണ്ട്. വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...


    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.