Wednesday 11 August 2010

ബി.സി.സി. (Bcc)

ഫോര്‍വ്വേഡഡ് മെയിലുകളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ അതിനെപ്പറ്റി ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ എഴുതി ഇട്ടിരുന്നു. അത് എത്രത്തോളം ഗുണം ചെയ്തെന്ന് നിശ്ചയമൊന്നുമില്ല. ഒരാളെയെങ്കിലും ബോധവല്‍ക്കരിക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതൊരു നേട്ടമായി കാണുന്നു.

ബ്ലോഗുലകത്തിലേക്ക് വന്നതിനുശേഷം ഇ-മെയില്‍ ഐഡി കുറേയധികം പരസ്യമാകപ്പെടുകയും യാതൊരുവിധ പരിചയവും ഇല്ലാത്തവരുടെ മെയിലുകള്‍ വരുകയുമുണ്ടായിട്ടുണ്ട്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എന്നീ സൌഹൃദ സൈറ്റുകളും മറ്റും, ഇ-മെയില്‍ അഡ്രസ്സ് പരസ്യമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടുമുണ്ട്.

ഈയിടെയായി അനുഭവിച്ചുണ്ടിരിക്കുന്ന മറ്റൊരു വിഷയം, ബ്ലോഗുകളില്‍ ഓരോ ബ്ലോഗറും എഴുതിയിടുന്ന ലേഖനങ്ങളുടെ പരസ്യങ്ങള്‍ അവര്‍ ഇ-മെയില്‍ വഴി അയച്ചുതരുന്നതാണ്. ഈ പ്രവൃത്തി ഞാന്‍ സ്വയം ചെയ്യാറില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരോട് എനിക്ക് എതിര്‍പ്പൊന്നും ഇല്ല. അയക്കുന്നവര്‍ അയച്ചോളൂ. എനിക്ക് താല്‍പ്പര്യവും സമയവും ഉണ്ടെങ്കില്‍ ഞാന്‍ വായിക്കും. എന്തെങ്കിലും അഭിപ്രായം പറയണമെന്ന് തോന്നിയാല്‍ പറയും. വായിക്കണമെന്ന് തോന്നിയില്ലെങ്കില്‍ അത്തരം മെയിലുകല്‍ ഡിലീറ്റ് ചെയ്ത് കളയും. ഒന്ന് തുറന്ന് നോക്കി ഒറ്റനോട്ടത്തില്‍ നല്ല ലേഖനമാണെന്നും വായിക്കണമെന്നും തോന്നിയാല്‍ അത് മാര്‍ക്ക് ചെയ്ത് ഒരു ഫോള്‍ഡറില്‍ ഇടും. സമയം കിട്ടുന്നതുപോലെ വായിക്കും. ഇതൊക്കെയാണ് പതിവ്.

പക്ഷെ ഈയിടെയായി കിട്ടുന്ന ഇത്തരം പരസ്യ മെയിലുകളില്‍ ഭൂരിഭാഗത്തിലും ഒരു കുഴപ്പമുണ്ട്. ഓരോരുത്തരും അവരവരുടെ അഡ്രസ്സ് ബുക്കിലെ മുഴുവനും ഐഡികളും To എന്ന ഫീല്‍ഡില്‍ അടിച്ചാണ് മെയില്‍ അയക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, മെയില്‍ അയക്കുന്ന ഓരോരുത്തരുടേയും അഡ്രസ്സ് ബുക്കില്‍ ആരൊക്കെയുണ്ടെന്ന് മെയില്‍ കിട്ടുന്ന എല്ലാവര്‍ക്കും മനസ്സിലാക്കാനാകുന്നു. ഓരോ മെയില്‍ അഡ്രസ്സിന്റേയും പ്രൈവസി നഷ്ടപ്പെടുന്നു. മെയില്‍ അയക്കുന്ന ആളുടെ സുഹൃത്ത് വലയത്തില്‍ ആരെല്ലാമുണ്ടെന്നുള്ളത് പരസ്യമാകുന്നു.

ഇതിന് പുറമേ, ഇത്തരം മെയിലുകള്‍ കിട്ടുന്നവരില്‍ ആരെങ്കിലും അറിഞ്ഞോ അറിയാതെയോ Reply All ക്ലിക്ക് ചെയ്ത് മറുപടി അയച്ചാല്‍, ആ മറുപടി ഇപ്പറഞ്ഞ അഡ്രസ്സ് ലിസ്റ്റിലുള്ള അത്രയും പേര്‍ക്ക് കിട്ടുന്നു. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെന്ന് നോക്കൂ. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ ? ഈ പ്രശ്നത്തിനും പരിഹാരമുണ്ട്.

100 മെയില്‍ ഐഡികളിലേക്ക് നിങ്ങള്‍ക്ക് ഒരേ വിഷയം അറിയിക്കാനുണ്ടെങ്കില്‍ ആ അഡ്രസ്സുകള്‍ എല്ലാം Bcc (Blind Carbon Copy)എന്ന ഫീല്‍ഡില്‍ അടിച്ച് കയറ്റി മെയില്‍ വിടുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മെയില്‍ കിട്ടുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും ബാക്കിയുള്ള 99 പേരുടെ അഡ്രസ്സുകള്‍ കാണാനാവില്ല. ഓരോരുത്തരുടേയും മെയില്‍ അഡ്രസ്സിന്റെ പ്രൈവസി നിലനില്‍ക്കുകയും ചെയ്യും.

ഈ വിഷയത്തില്‍ ഉണ്ടാകാവുന്ന ചില ന്യായമായ സംശയങ്ങള്‍ ഉണ്ട്. Bcc വഴി മെയില്‍ അയച്ചതിനുശേഷം അതിലെ അഡ്രസ്സുകള്‍ ഒന്നുകൂടെ നോക്കിയാല്‍ അയക്കുന്ന ആള്‍ക്ക് എല്ലാ അഡ്രസ്സുകളും കാണാനാകും. അപ്പോള്‍ മറ്റുള്ളവരും ഇതെല്ലാം കാണുന്നുണ്ടെന്ന് അയാള്‍ തെറ്റായി ധരിക്കുന്നു. പക്ഷെ മെയില്‍ കിട്ടുന്നവര്‍ പരസ്പരം മെയില്‍ ഐഡികള്‍ ഒന്നും കാണുന്നില്ല. ഇക്കാര്യം ഒരു സുഹൃത്തുമായി പരസ്പരം Bcc മെയില്‍ അയച്ച് ആര്‍ക്കും ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. അതുമല്ലെങ്കില്‍ Bcc യില്‍ മറ്റ് അഡ്രസ്സുകള്‍ക്കൊപ്പം സ്വന്തം അഡ്രസ്സുതന്നെ സ്വയം വെച്ച് ഒന്ന്‍ അയച്ച് നോക്കൂ. വ്യത്യാസം മനസ്സിലാക്കാം.

ആദ്യാക്ഷരി, ഇന്ദ്രധനുസ്സ് എന്നീ ബ്ലോഗ് പാഠശാലകളില്‍ പറയേണ്ടതും പഠിപ്പിക്കേണ്ടതുമായ ഇത്തരം കാര്യങ്ങള്‍ നിരക്ഷരനായ താനെന്തിനാണ് വിളിച്ച് പറയുന്നത് എന്നതാകാം അടുത്ത സംശയം.

എന്റെ പൊന്ന് ചങ്ങാതിമാരേ...സഹികെട്ടതുകൊണ്ടാണ്. അതുകൊണ്ട് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്റെ ഭാഷയില്‍ പറയുന്നത്. ഈ വിഷയത്തില്‍ ഒരു ഗൂഗിള്‍ ബസ്സ് ഇറക്കി നോക്കി ഈ അടുത്ത കാലത്ത്. നാലഞ്ച് പേര്‍ക്ക് അത് വായിച്ച് നിരക്ഷരത്ത്വം മാറിക്കിട്ടി എന്നാണ് അറിവായത്. അത്രയും സന്തോഷം. ആ ബസ്സ് കണ്ടിട്ട് കെ.പി.സുകുമാരന്‍ ചേട്ടന്‍ ഒരു പോസ്റ്റും ഇറക്കി. ഇതൊക്കെ ആയിട്ടും പരസ്യ മെയിലുകള്‍ ഇപ്പോഴും Bcc വഴിയല്ലാതെ വന്നുകൊണ്ടേയിരിക്കുന്നു.

ഇനിയും ആരെങ്കിലും ആദ്യം പറഞ്ഞതുപോലെ മെയിലുകള്‍ അയച്ചാല്‍ അവര്‍ക്ക് എല്ലാവര്‍ക്കും ഈ പോസ്റ്റിന്റെ ലിങ്ക് ഫ്രീ ആയിട്ട് അയച്ച് തരുന്നതാണ്. ഇത് വായിച്ചിട്ട് വല്ല സംശയവും ഉണ്ടെങ്കില്‍ ആദ്യാക്ഷരി മുതലാളി അപ്പൂനോടോ ഇന്ദ്രധനുസ് അര്‍ബാബ് മുള്ളൂക്കാരനോടോ ചോദിച്ച് സംശയം തീര്‍ക്കേണ്ടതാണ്. നിരക്ഷരന്മാര്‍ക്ക് കാര്യങ്ങളൊക്കെ പറഞ്ഞുമനസ്സിലാക്കിത്തരുന്നതിന് ഒരു പരിധിയൊക്കെയുണ്ട്. അല്ലപിന്നെ.

വാല്‍ക്കഷണം :- ഒരാളുടെ ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് അയാള്‍ തന്നെ അയച്ച് തരുന്നതിനും എനിക്കിഷ്ടം “ ദാ നല്ലൊരു പോസ്റ്റ്, വായിച്ചില്ലെങ്കില്‍ നഷ്ടമാകും“ എന്ന് പറഞ്ഞ് മറ്റൊരാള്‍ അയച്ച് തരുന്നതാണ്. അങ്ങനെ കിട്ടുന്ന ലിങ്കിലൂടെ പോയി ആ പോസ്റ്റ് വായിച്ചിരിക്കും, അഭിപ്രായം പറഞ്ഞിരിക്കും.

42 comments:

  1. ഈ ബ്ലോഗ് ഒരു പ്രേതബ്ലോഗായി മാറിക്കഴിഞ്ഞിരിക്കുന്നു. മാറാല തട്ടി ബാധ ഒഴിപ്പെച്ചെടുക്കാന്‍ ഒരു ശ്രമം. അത്രേയുള്ളൂ :)ഒരു നിരക്ഷരന്റെ അടുത്തുനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത് :)

    ReplyDelete
  2. കുറേ നാളുകള്‍ക്ക്‌ ശേഷമുള്ള പോസ്റ്റല്ലേ... തേങ്ങ എന്റെ വക ഇരിക്കട്ടെ... ബി.സി.സി ആയിട്ടാണേ... ഹി ഹി ഹി...

    ReplyDelete
  3. പേരിൽ നിരക്ഷരനെങ്കിലും ഫോർവേഡ് മെയിലിംഗിന്റെ അക്ഷരം പഠിപ്പിക്കുന്ന പോസ്റ്റ് നന്നായി. കഴിഞ്ഞ ദിവസം വഴിപോക്കൻ ഈ വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ (പിന്നീട് മയപ്പെടുത്തിയെന്ന് തോന്നുന്നു) ഒരു പോസ്റ്റ് ഇട്ടതും പ്രതികരണങ്ങളും നോക്കുക.

    ReplyDelete
  4. വെല്‍ സെഡ്‌, നീരൂ.

    ഇതിനു വേറൊരു സൈഡും കൂടി ഉണ്ട്‌. ഇങ്ങനെ ഷെയര്‍ ചെയ്യപ്പെടുന്ന ഐഡികള്‍ കണ്‍സോളിഡേറ്റു ചെയ്ത്‌ മറ്റു ചില വീരന്മാര്‍ സ്വന്തം കൃതികളുടെ പരസ്യപ്രചാരണം നടത്തുന്നുണ്ട്‌. നമുക്കു യാതൊരു മുന്പരിചയവുമില്ലാത്ത ഇവരുടെ, ബ്ലോഗ് വായിക്കാനുള്ള അഭ്യര്‍ത്ഥനകള്‍ ദിവസവും ഇന്‍ബോക്സു നിറയ്ക്കുന്നു. പലരോടും ഇനി എനിക്കു ഇങ്ങനെ മെയില്‍ അയക്കേണ്ട, ഞാന്‍ അഗ്രി നോക്കി വന്നു വയിച്ചോളാമെന്ന്‌ സമം ദാനം ഭേദം ഒക്കെ ട്രൈ ചെയ്തു (കയ്യില്‍ കിട്ട്യാല്‍ ദണ്ഡം കൂടി നോക്കാമായിരുന്നു, ആരോഗ്യ സ്ഥിതി അനുസരിച്ച്‌ :) ). 'എന്‍റെ പോസ്റ്റു വായിക്കാനൊരു അഭ്യര്‍ത്ഥന കിട്ട്യാല്‍ നിന്‍റെ മെയില്‍ബോക്സങ്ങു കരിഞ്ഞു പോകത്തൊന്നും ഇല്ലാല്ലോ' എന്ന മട്ടിലുള്ള റെസ്പോണ്‍സാണു തിരിച്ചു കിട്ടിയത്‌ :)

    ReplyDelete
  5. എന്റെ നിരക്ഷരാ... ബ്ലോഗ്‌ എഴുത്തുകാരില്‍ നിന്നും അതിലുപരിയായി അനാവശ്യ forward മെയിലുകളും കൊണ്ട് സഹികെട്ട് പലതവണ താങ്കളുടെ ബസിന്റെ ലിങ്ക് പലര്‍ക്കും പെര്സനലായി ഞാന്‍ അയച്ചിരുന്നു. അതു കൊണ്ടും രക്ഷയില്ലാതായപ്പോള്‍ അറ്റ കൈക്ക് അഞ്ചു പത്തു ദിവസം മുന്‍പ്ഞാനും ഈ വിഷയത്തില്‍ ഒരു മയവുമില്ലാത്ത വളരെ രൂക്ഷമായ ഭാഷയില്‍ തന്നെ ഒരു പോസ്ടിട്ടിരുന്നു. ബ്ലോഗിനെ പറ്റി ബുക്ക്‌ എഴുതിയവരടക്കം ഇങ്ങനെ ബള്‍ക്ക് forward അയച്ചാല്‍ പിന്നെ ഞാനെന്തു ചെയ്യും? പക്ഷെ അതിനെക്കാള്‍ മ്ലേച്ചമായ ഭാഷ മലയാളത്തില്‍ ഉണ്ടെന്നു എനിക്ക് മനസ്സിലായത്‌ ആ പോസ്റ്റിനെ പ്രതിശേടിക്കാന്‍ പത്തിരുപതു അനോണി /സനോണി ഇമെയില്‍ കിട്ടിയപ്പോഴാണ്. പിന്നീട് ചില മാന്യ സുഹൃത്തുക്കള്‍ ആത്മാര്‍ഥമായി ഉപദേശിച്ചപ്പോള്‍ ഞാന്‍ അതിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കി.
    ഈ വിഷയത്തില്‍ ഇത്രയും സൌമ്യമായി ഒരു പോസ്ടിട്ട താങ്കളുടെ ക്ഷമയെ അഭിനന്ദിക്കുന്നു.

    ReplyDelete
  6. Manohar Doha-Qatar12 August 2010 at 04:57

    നിരക്ഷരന്റെ രോഷം ഞാനും മനസിലാക്കുന്നു.. അത് കൊണ്ട് തന്നെയാണ്, എന്റെ കത്തുകള്‍ താങ്കള്‍ക്ക് എപ്പോഴും "ബക്ക്" ആയി കിട്ടാറുള്ളത് . അധികം വരുന്ന മെയില്‍ ഓരോരുത്തരും പരിച്ചയപെടുതുന്ന ബ്ലോഗിനെ കുറിച്ചാണ്. അതില്‍ എനിക്ക് പരിഭവം ഇല്ല.
    പക്ഷെ, മത പഠനവും , തന്റെ മതമാണ്‌ ഏറ്റവും ശ്രേഷ്ഠം എന്ന നിലയില്‍ കാണിക്കുന്ന ഗോഷ്ടിയും സഹിക്കാന്‍ വയ്യ.

    ReplyDelete
  7. ഇനി ഞാനാണോ ആ പാപി.

    ReplyDelete
  8. ഇനി ഞാനാണൊ ആ പാപി.?

    ReplyDelete
  9. @ വഴിപോക്കന്‍ - അലി തന്ന ലിങ്കിലൂടെ പോയി ഞാന്‍ താങ്കളുടെ ലേഖനം വായിച്ചിരുന്നു. നല്ല തെറിവെളി കിട്ടിയതായി മനസ്സിലാക്കുകയും ചെയ്തു. എനിക്ക് ലിങ്ക് അയക്കണ്ട എന്ന് ഞാനിവിടെ പറഞ്ഞിട്ടില്ല. സൌകര്യം ഉണ്ടെങ്കിലേ വായിക്കൂ എന്നാണ് പറഞ്ഞിരിക്കുന്നത്. അതോണ്ടായിരിക്കണം ആക്രമണം ഒന്നും ഇല്ലാത്തത്.

    എല്ലാവരോടുമായി...

    എനിക്ക് നിങ്ങളുടെ ബ്ലോഗിന്റെ ലിങ്കുകള്‍ അയക്കുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ അത് To വെച്ച് മറ്റുള്ളവരുടെ മെയില്‍ ഐഡി പ്രദര്‍ശിപ്പിച്ചുകൊണ്ടാകരുത്. പകരം Bcc വഴി അയക്കണം എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.

    @ ചാര്‍വാകന്‍ - ചേട്ടന്‍ ലിങ്ക് ധൈര്യായി അയച്ചോളൂ. പക്ഷെ Bcc വഴി അയക്കണം കേട്ടോ :)

    @ പാമരന്‍ - കാണാനില്ലല്ലോ ന്റെ പാമൂ അന്നെ. ജ്ജ് ദ് എബ്ടാ :) :)

    വിനുവേട്ടന്‍, അലി, പാമരന്‍, വഴിപോക്കന്‍, മനോഹര്‍, ചാര്‍വാകന്‍...
    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  10. naripoolulla nireekshaka,blogil 'athma'katha ezhuthathathu ethra nannayi.pakshe oru samshayam,endu kondu oralkk sawantham rachanayude pracharakan aayikkuda?

    ReplyDelete
  11. അപ്പൊൾ, നിരക്ഷരൻ നിങ്ങളുടെ ബ്ലോഗ് വായിക്കണമെങ്കിൽ ചെയ്യേണ്ട വിദ്യ:
    ഒരു വ്യാജ ബ്ലോഗ് പ്രൊഫ്ഫൈൽ കൂടി ഉണ്ടാക്കുക. അതിൽ നിന്ന് “ഈ ബ്ലോഗിൽ ഒന്നു നോക്കൂ, തകർപ്പൻ പോസ്റ്റ്!“ എന്നു പറഞ്ഞ് നീരുവിന് മെയിൽ ചെയ്യുക. നീരു വന്നിരിക്കും, വായിച്ചിരിക്കും :))))))

    ReplyDelete
  12. @ harish -

    endu kondu oralkk sawantham rachanayude pracharakan aayikkuda?

    ഒരാള്‍ക്ക് സ്വന്തം രചനയുടെ പ്രചാരണം ആയിക്കൂട എന്ന് ഈ പോസ്റ്റില്‍ ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല, പറയുകയുമില്ല. മെയിലുകളിലൂടെ പ്രചരിപ്പിക്കാറില്ലെങ്കിലും ഗൂഗിള്‍ ബസ്സ്, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എന്നിവയിലൂടൊക്കെ എന്റെ സ്വന്തം ബ്ലോഗ് പോസ്റ്റുകള്‍ ഞാനും പ്രചരിപ്പിക്കാറുണ്ട്. എന്നുവെച്ച് മെയിലിലൂടെ ആരെങ്കിലും ഒക്കെ ഞാനടക്കം ഉള്ളവരിലേക്ക് പ്രചരിപ്പിക്കുന്നതുകൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും ഇല്ല എന്നും ഈ പോസ്റ്റില്‍ ഞാന്‍ പറയുന്നുണ്ട്.

    ഞാന്‍ പറഞ്ഞത് ഇത്രമാത്രം.

    1. പ്രചരണം നടത്തുമ്പോള്‍ നിങ്ങളുടെ അഡ്രസ്സ് ബുക്കില്‍ ഉള്ളവരുടെ മെയില്‍ ഐഡിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താതെ നോക്കുക. bcc ഉപയോഗിക്കുക.

    2. അതില്‍ reply all ആരെങ്കിലും അടിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ട് ഒഴിവാക്കുക. ഇതിനൊക്കെയായി പ്രചാരണം bcc ഉപയോഗിച്ച് മാത്രം ചെയ്യുക.

    ഇത്രയും ചെറിയ ഒരു പോസ്റ്റായിട്ടും താങ്കള്‍ ഇതൊന്ന് മനസ്സിരുത്തി വായിച്ചില്ലെന്ന് വ്യക്തം. പിന്നെ ഞാനെന്തുപറയാന്‍ :( :(

    പിന്നെ ...
    blogil 'athma'katha ezhuthathathu ethra nannayi

    അത് കൃത്യമായി മനസ്സിലായില്ല. ഞാന്‍ എങ്ങും ആത്മകഥ എഴുതിയിട്ടില്ല. ആദ്യകാലങ്ങളില്‍ കുറേ ജീവിതാനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.(മറ്റ് പല ബ്ലോഗേഴ്സും അത് ചെയ്തിട്ടുണ്ട്. അതൊരു പാപമാണെന്ന് മനസ്സിലാക്കിയിട്ടില്ല.) അതൊക്കെ ഇനീം എഴുതാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ബോറടിപ്പിക്കുന്നുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക. വായിക്കാതെ വിട്ടുകളയുന്നതാവും അതില്‍ നിന്ന് രക്ഷപ്പെടാന്‍ എളുപ്പമാര്‍ഗ്ഗം :)

    ഒന്നൂടെ......

    നരി പോലുള്ള നിരീക്ഷകാ എന്നാണോ അതോ...
    നാറി പോലുള്ള നിരീക്ഷക എന്നാണോ ?

    ഇപ്പറഞ്ഞത് മാത്രം തമാശിച്ചതാണ് കേട്ടോ :) ബാക്കിയൊക്കെ കാര്യായിട്ട് തന്നെ.

    @ വികടശിരോമണി - ആ നമ്പര്‍ ഏല്‍ക്കില്ല മാഷേ. എനിക്ക് ലിങ്ക് അയച്ചുതരുന്ന ആളെ നേരിട്ടോ വെര്‍ച്ച്വലോ ആയി എനിക്ക് നല്ല പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരു സനോണി ബ്ലോഗര്‍ ആയിരിക്കണം. കുറഞ്ഞത് അത്തരം ഒരു സനോണി പ്രൊഫൈല്‍ എങ്കിലും വേണം. കള്ളനാണയങ്ങളെ ഒറ്റയടിക്ക് തിരിച്ചറിയും എന്ന് സാരം. എപ്പടി ? :)

    ReplyDelete
  13. "കൊറെ നാളായി പ്രേതബാധകേറി അടഞ്ഞ് കിടന്ന ബ്ലോഗല്ലേ ഒരു പൂജയൊക്കെ നടത്തിയിട്ട് കേറുന്നതാണ് നല്ലത്...പിന്നെ ആ രാഖവനെയോ രാജപ്പനേയോ വിട്ട് ഒന്നു വെള്ളപൂശുന്നതും നന്നായിരിക്കും..എന്തായാലും തെക്കിനി തത്കാലം തുറക്കണ്ടാട്ടോ..."

    ReplyDelete
  14. മാതൃഭൂമി പ്രവസിലോകത്തില്‍ രണ്ടു ബ്ലോഗുകള്‍ വായിച്ചിരുന്നു...ഓഫ്‌ ഷോറിലെ കഥകള്‍ ..അവിടെയും ഇപ്പൊ സജീവമല്ല എന്ന് തോന്നുന്നു..

    bcc പറ്റി അറിയാം എങ്കിലും പലപ്പോഴും മെയിലുകള്‍ അയക്കുമ്പോള്‍ ആ കാര്യം ആള്‍ക്കാര്‍ ഓര്‍ക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

    പിന്നെ ഫോല്ലോവേര്സിനു എങ്ങനെ ബ്ലോഗ്‌ അപ്ഡേറ്റ് കൊടുക്കാം എന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു....ബ്ലോഗിഗില്‍ പുതുസായകൊണ്ടാണ് ചോദിക്കുന്നത് കേട്ടോ..

    ReplyDelete
  15. @ Villagemaan - സജീവമായിട്ടുള്ളത് ചില യാത്രകള്‍ എന്ന ബ്ലോഗില്‍ മാത്രമാണ്. ബാക്കിയുള്ളിടത്തൊക്കെ വല്ലപ്പോഴും എത്തിനോക്കുന്നു എന്ന് മാത്രം. ഇവിടെ പോസ്റ്റ് ചെയ്ത അനുഭവങ്ങള്‍ തന്നെയാണ് മാതൃഭൂമി പ്രവാസലോകത്തിലും ഇട്ടത്.

    ഫോളോവേര്‍സ് എന്ന ഗാഡ്ഗെറ്റ് വഴി ഫോളോ ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ച് അപ്‌ഡേറ്റ് കൊടുക്കേണ്ട കാര്യമില്ല. നമ്മള്‍ പുതിയ പോസ്റ്റ് ഇട്ടാല്‍ ഡാഷ്‌ബോര്‍ഡ് വഴി അവര്‍ അറിഞ്ഞുകൊണ്ടിരിക്കും. അതല്ലാതെയുള്ളവരെ ഫോളോവേര്‍സ് എന്ന് പറയാതെ വായനക്കാര്‍ എന്ന് പറയാം. അവര്‍ വല്ല അഗ്രഗേറ്ററുമൊക്കെ നോക്കുന്നവരാണെങ്കില്‍ അങ്ങനെ അറിഞ്ഞോളും. ഞാന്‍ ചെയ്യുന്നത് ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എന്നിവയില്‍ ഒരു വരി എഴുതി ഇടുകയാണ്. അങ്ങനെ കുറേപ്പേര്‍ അറിയും. എല്ലാവര്‍ക്കും മെയില്‍ അയച്ച് പോസ്റ്റിനെപ്പറ്റി അറിയിക്കാറില്ല. അങ്ങനെ ആവശ്യപ്പെടുന്ന ചുരുക്കം ചിലരുണ്ട്. അവര്‍ക്കൊക്കെ ആദ്യത്തെ 2 പ്രാവശ്യം അയച്ച് കൊടുക്കും. പിന്നെ മറന്ന് പോകും. അതാണ് പതിവ്.

    ഈ വിഷയത്തില്‍ കൊച്ചുത്രേസ്യ പറഞ്ഞ ഒരു അഭിപ്രായമുണ്ട്. നമ്മള്‍ എഴുതുന്നത് വായിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ എങ്ങനെയങ്കിലും തപ്പിപ്പിടിച്ച് വന്ന് വായിച്ചോളും. പ്രത്യേകിച്ച് ഒരു പരസ്യത്തിന്റേയും ആവശ്യമില്ല.

    ReplyDelete
  16. മാറാല കെട്ടി ഈ ബ്ലൊഗ്ഗ് ഒരു ഭാർഗ്ഗവീനിലമായി മാറിയേനെ.ഈ ഓണപ്പതിപ്പ് നന്നായിരുന്നു..
    ഈ വിഷയം ബസ്സിൽ വായിച്ചപ്പോൾ ഞാൻ സാക്ഷരനായി.അതു വരെ എനിക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു..എനിക്ക് കിട്ടുന്ന പല മെയിലുകളും ഒരുപാട് ‘ഫോർവേഡു‘കൾ കഴിഞ്ഞിട്ടായിരിക്കും കിട്ടുക.മെയിൽ വായിക്കണമെങ്കിൽ ഒരുപാട് താഴോട്ട് സ്ക്രോൾ ചെയ്യണം.അത്രക്ക് അധികം മെയിൽ എഡി ഉണ്ടായിരിക്കും.ഇതേ മെയിൽ വേറെ ആർക്കേങ്കിലും ഫേർവേഡ് ചെയ്യുന്നതിനു മുൻപ് അതിലുള്ള മെയിൽ അഡ്രസ്സുകൾ ബേക്ക്സ്പെസ് അടിച്ച് ക്ലീയർ ചെയ്യാറുണ്ട്.

    ReplyDelete
  17. നല്ല അഭിപ്രായം.....

    ReplyDelete
  18. ഫോര്‍വേഡ് മെയിലുകളെപ്പറ്റിയുള്ള താങ്കളുടെ ആദ്യ പോസ്റ്റിന്റെ ലിങ്ക് ആയിരുന്നു ആദ്യമൊക്കെ എന്റെ ആയുധം. പിന്നെ സ്ഥിരം ഫോര്‍വേഡുകാരുടെ പേരില്‍ ഫോള്‍ഡര്‍ ഉണ്ടാക്കി ഫില്‍റ്റര്‍ സെറ്റ് ചെയ്തു. ഫോള്‍ഡറുകളുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍ നേരിട്ട് പറയേണ്ടി വന്നു. ഫലം അവരുടെ ഓര്‍ക്കുട്ട് ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ഞാന്‍ പുറത്തു. പക്ഷെ, ഇപ്പൊ ഒരു സ്വസ്ഥതയുണ്ട്.

    ReplyDelete
  19. well said........welcome back,

    ReplyDelete
  20. അറിയാതെ ചെയ്യുന്നതെ തിരുത്താനൊക്കൂ :)

    ReplyDelete
  21. പറഞ്ഞത് വളരെ ശെരിയായ കാര്യം.നന്ദി.

    ReplyDelete
  22. Niraksharan

    I have read your BCC. Your travelouges are good.
    Can you find a solution to stop hackers attacking computer network.
    We can tolerate forwarded messages to certain degree.
    Imagine hackers stealing data from your system
    Is there any solution, please write a post on that.

    From
    Partially Literate..

    ReplyDelete
  23. ഹോ ഒടുവില്‍ ഈ നിരക്ഷരന്‍ ഒന്ന് പൊടിതട്ടിയെടുത്തല്ലോ.. മാറാല കുറേയുണ്ടായികാണും അല്ലേ മനോജേട്ടാ.. ഇനി ഇതില്‍ മാറാല പിടിപ്പിച്ചാല്‍ ഞാന്‍ മനോജേട്ടന്റെ ഇമെയില്‍ ടു വിലും മറ്റുള്ളവരുടെ മുഴുവന്‍ ബി.സി.സിയിലും വച്ച് മെയില്‍ അയക്കും. ജാഗ്രതൈ!!

    ReplyDelete
  24. പണ്ട്, അതായത്‌ നാല് കൊല്ലങ്ങള്‍ക്ക് മുന്‍പ്‌, നമ്മുടെ ബൂലോക വമ്പന്‍ കാര്ട്ടൂണിസ്റ്റ് സജ്ജീവ് ഇങ്ങനെ പുലിവാല്‍ പിടിച്ചതില്‍ ഞാനും കയറിപ്പിടിക്കുകയും അത് വഴി അതുല്യ ചേച്ചിയും വിശാലമനസ്കനും മറ്റും ഏറെ പരാതികള്‍ ഉണ്ടാവുകയും ഉണ്ടായി. അതിനു ശേഷം ബോധം ഇല്ലാത്തപ്പോള്‍ പോലും ഞാന്‍ BCC മാത്രമേ ഞെക്കുകയുള്ളൂ.

    ReplyDelete
  25. എന്റെ ശ്രദ്ധയിൽ വരാത്തൊരു സംഗതി ആയിരുന്നു അത്.അത് മനസ്സിലാക്കി തന്നതിന് നന്ദി.

    ReplyDelete
  26. ഇതില്‍ ഒരു എളുപ്പവഴിയാണ് ഈ സെന്റ്‌ ടു ആള്‍ കോണ്ടാക്ട്റ്റ് ആപ്പോള്‍ ഒരു ക്ലിക്കില്‍ എല്ലാവര്ക്കും കിട്ടും ഈ Bcc വഴി അയക്കണമെങ്കില്‍ ഓരോ ID യും ആട്ചെയ്യണ്ടേ ?

    ReplyDelete
  27. @ പാവപ്പെട്ടവന്‍ - ബി.സി.സി.യിലും കോണ്ടാക്‍റ്റ് ലിസ്റ്റ് ഒറ്റ ക്ലിക്കില്‍ ആഡ് ചെയ്യാനാകും. ഒന്ന് പരീക്ഷിച്ച് നോക്കരുതോ.

    ReplyDelete
  28. താങ്കൾ പറഞ്ഞ പോലെ തന്നെ ഞാൻ ഒരു പോസ്റ്റിനെ കുറിച്ചും ഇന്ന് വരെ പരസ്യം ചെയ്തിട്ടില്ല. ഞാൻ ആരുടേയും ഫോളോവേര്‍സും അല്ല. അത് കൊണ്ടുള്ള ഒരു നാല് കമന്റ്സ് വേണമെന്നില്ല.
    അത് പോലെ തന്നെ സമയം കിട്ടുമ്പോൾ വായിക്കുന്നതിനനുസരിച്ച് ആരെന്ന് നോക്കാതെ കമന്റ്സും പറയും.

    ഏതായാലും ഇങ്ങനെ ഒരു വിവരം കിട്ടിയതിൽ ഒത്തിരി നന്ദി.

    ReplyDelete
  29. ഹാ!!
    അപ്പോ നമ്മളിൽ ആരാ നിരക്ഷരൻ!!?

    ReplyDelete
  30. ഇപ്പോഴാണ് ചിലമെയിലുകളുടെ ഉറവിടം മന്‍സ്സിലായത്...താങ്ക്സ്...മനോജ് ഭായി

    ReplyDelete
  31. ithu vayikkathe kadannu kalanjathu mandaththaram aayi poyi.. bhagyam otta abadhame pattiyulloo..
    thanks manojetta... thanks a lot

    ReplyDelete
  32. നന്ദി //വിശദമായി ഈ അറിവ് പങ്കു വച്ചതിനു ..

    ReplyDelete
  33. ഒരു സുഹൃത്ത് ഈ ലിങ്ക് അയച്ചുതന്നിരുന്നു. ഈ ട്രിക്ക് അറിയാതെയാണ് ഇതുവരെയും മെയില്‍ അയച്ചുകൊണ്ടിരുന്നത്. അറിവു പകര്‍ന്നത് വളരെ നന്നായി.

    ReplyDelete
  34. ഇതും ബസ്സിലെ പോസ്റ്റും ഞാന്‍ വായിച്ചിരുന്നു ..അന്നെന്തോ ഒന്നും കുറിക്കാന്‍ തോന്നിയില്ലെന്നു മാത്രം .സന്തോഷം .

    ReplyDelete
  35. ഞാന്‍ bbc ഉപയോഗിച്ചാണല്ലോ താങ്കള്‍ക്ക് മെയില്‍ അയച്ചത്.
    പറഞ്ഞത് എന്നെ കുറിച്ചാവില്ല എന്ന് വിശ്വസിക്കട്ടെ.

    ReplyDelete
  36. @ SREEJITH MOOTHEDATH - താങ്കളെത്തന്നെയാണ് ഉദ്ദേശിച്ചത്. താങ്കൾ ബി.സി.സി. ഉപയോഗിച്ചല്ല മെയിൽ അയച്ചത് എന്നതിന്റെ തെളിവടക്കം ഹാജരാക്കി മറുപടി മെയിൽ അയച്ചിട്ടുണ്ട്. അത് കിട്ടിയതിനുശേഷവും താങ്കൾ അതേ അബദ്ധം ഇന്ന് രാവിലെ ആവർത്തിച്ചു എന്നും അറിയിക്കട്ടെ. കുറഞ്ഞത് 100 അപരിചിതരുടെയെങ്കിലും മെയിൽ ഐഡികൾ താങ്കൾ പർസ്പരം പങ്കുവെച്ചു.

    ഈ ലേഖനം ഒന്ന് മനസ്സിരുത്തി വായിക്കണമെന്നും മനസ്സിലായാലും ഇല്ലെങ്കിലും അടുത്തറിയുന്ന ചില സുഹൃത്തുക്കളുമായി സഹകരിച്ച് ബി.സി.സി. വഴി മെയിൽ അയച്ച് അതിന്റെ പ്രത്യേകതയും ഫലപ്രാപ്തിയും ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.