Sunday 12 October 2008

അച്ചടിമഷി പുരണ്ടു

ബ്ലോഗില്‍ ഇതുവരെ പോസ്റ്റ് ചെയ്യാത്ത എന്റെയൊരു കഥയില്ലാക്കഥയിലിതാ ആദ്യമായിട്ട് അച്ചടിമഷി പുരണ്ടിരിക്കുന്നു. വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെന്നാണ് എന്റെ സ്വയം വിലയിരുത്തല്‍. ചില പ്രത്യേക പരിഗണനയോ മറ്റോ കാരണമായിരിക്കും ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. പക്ഷെ, കാക്കയ്ക്ക് എന്നും തന്‍ കുഞ്ഞ് പൊന്‍‌കുഞ്ഞല്ലേ ? ‘എലിക്ക് തന്‍ പോസ്റ്റ് പുലിപ്പോസ്റ്റ് ‘ എന്ന് ബൂലോക ഭാഷ്യം. അതുകൊണ്ടിവിടെ പോസ്റ്റുന്നു. സഹിക്കുക. പൊറുക്കുക.




ടല്‍ക്കരയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. ഒന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയും അയാള്‍ക്കപ്പോഴുണ്ടായിരുന്നില്ല. എന്നിട്ടും ചിന്തകള്‍ കടിഞ്ഞാണില്ലാതെ കാടുകയറി.

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോയത് ?
യൌവ്വനകാലത്ത് താനെന്നും വന്നിരിക്കുമായിരുന്ന കടല്‍ക്കരയാണോ ഇത് ?

ഇവിടമാകെ മാറിയിരിക്കുന്നു. ആകെ തിരക്കായിരിക്കുന്നു. മറ്റേതോ രാജ്യത്തെ ഒരു ബീച്ചില്‍ ചെന്ന‌തു പോലെ. ഒരുപാട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഭൂരിഭാഗവും വിദേശനിര്‍മ്മിതം തന്നെ. അതില്‍ വന്നിരിക്കുന്ന ജനങ്ങളും കുറേയൊക്കെ വിദേശികള്‍ തന്നെ. വിരലിലെണ്ണാവുന്ന നാട്ടുകാര്‍ മാത്രം വന്നുപോയിരുന്ന ആ പഴയ കടല്‍ക്കരയാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

കടല്‍ഭിത്തിക്കുവേണ്ടി കൊണ്ടിട്ടിരുന്ന പാറക്കല്ലുകളില്‍, താനെന്നും വന്നിരിക്കുമായിരുന്നു ആ വലിയ ഉരുണ്ട കല്ലിന്റെ സ്ഥാനം എവിടെയായിരുന്നു ? കടല്‍ക്കരയുടെ മാറിപ്പോയ മുഖച്ഛായയ്ക്കിടയില്‍ അത് കണ്ടുപിടിക്കാനയാള്‍ക്കായില്ല.

സ്ഥിരമായി കടപ്പുറത്ത് വന്ന് കടലിലേക്കും നോക്കി ഒരുപാട് സമയം ഇരിക്കുമായിരുന്ന തന്നെ കണ്ടിട്ട് “ അവന് എന്തോ കുഴപ്പമുണ്ട്, ഒന്ന് ശ്രദ്ധിച്ചോണേ “ എന്ന് അടക്കം പറഞ്ഞിരുന്ന നാട്ടുകാരുടെ ആരുടെയെങ്കിലും പരിചിതമുഖത്തിനുവേണ്ടി ആള്‍ക്കൂട്ടം മുഴുവന്‍ തിരഞ്ഞു. ആ ഭാഗത്തെങ്ങും നാട്ടുകാരാരും ഇപ്പോള്‍ താമസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഭൂമിയുടെ വില വല്ലാതെ കുതിച്ചുയര്‍ന്നപ്പോള്‍ , സ്വന്തമായുള്ള കൊച്ചുകൊച്ച് പുരയിടവും വീടുമെല്ലാം വിറ്റ് കിട്ടിയ പണവുമായി എല്ലാവരും പണ്ടേ തന്നെ ഉള്‍നാടുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഇന്നിപ്പോള്‍ അവിടെ മുഴുവനും ഹോട്ടലുകളും, കടകളും, മദ്യശാലകളും, ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളും, ഉല്ലാസകേന്ദ്രങ്ങളും, മണിമാളികകളും മാത്രം.

ആരെ തിരഞ്ഞാണ്, എന്തന്വേഷിച്ചാണ് താനിപ്പോള്‍ ഇവിടെ വന്നിരിക്കുന്നത് ? നഷ്ടപ്പെട്ടുപോയ സ്വന്തം യൌവനം തിരഞ്ഞോ ? കാണാമെന്നും കാത്തിരിക്കാമെന്നും പറഞ്ഞ് ഇതേ കടപ്പുറത്ത് വെച്ച് വേര്‍പിരിഞ്ഞ, ഈ കടലിന്റെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത് കണ്ണുകളില്‍ ഒളിപ്പിച്ചിരുന്ന ആ സുന്ദരിയെ തിരഞ്ഞോ ?

എന്തൊരു വിഡ്ഡിയാണ് താന്‍ ? വരേണ്ട സമയത്ത് വരാതെ, മനസ്സിനെ ചെറുപ്പമാക്കിയിട്ട് നഷ്ടപ്പെട്ടുപോയ വസന്തം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നു പമ്പരവിഡ്ഡി.

കാത്തിരുന്ന് കാണില്ലേ ഒരുപാട് കാലം അവള്‍ ? താനിരിപ്പുണ്ടോ ആ പാറയിലെന്ന് എല്ലാ ദിവസവും വന്ന് തിരക്കിക്കാണില്ലേ അവള്‍ ? മറ്റാരെങ്കിലും അവിടെ വന്നിരുന്ന ദിവസങ്ങളില്‍, താനാണെന്ന് കരുതി ഓടിവന്ന് നോക്കിക്കാണില്ലേ അവള്‍? എത്ര വിഷമിച്ച് കാണും ആ സന്ധ്യകളില്‍ അവള്‍ ?

ലോകസഞ്ചാരം മുഴുവന്‍ കഴിഞ്ഞ് സുഖഭോഗങ്ങളെല്ലാം അനുഭവിച്ച് , 40 വര്‍ഷത്തിന് ശേഷം, ഒരു കണ്ണിന് കാഴ്ച്ചയും, ഒരു കാലിന് ആരോഗ്യവും നഷ്ടപ്പെട്ടപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെ ഇങ്ങോട്ട് മടങ്ങിവരാന്‍ തന്നെ പ്രേരിപ്പിച്ച ശക്തിയെന്താണ് ? അവളിപ്പോഴും തന്നെയും തിരഞ്ഞ് ഇവിടെ വരാനുള്ള സാദ്ധ്യതയില്ലെന്ന് അറിയാമായിരുന്നിട്ടും വിമാനമിറങ്ങിയ ഉടനെ നേരേ ഈ തീരത്തേക്ക് വന്നതിന്റെ കാരണമെന്താണ് ?

അറിയില്ല. തനിക്കൊന്നുമറിയില്ല. ഇങ്ങോട്ട് വരണമെന്ന് തോന്നി, വന്നു. അത്രതന്നെ.

ഈ മണല്‍ത്തരികളില്‍ തനിക്ക് നഷ്ടപ്പെട്ടുപോയ വിലപിടിച്ച വേറേയും ഒരുപാട് കാര്യങ്ങളില്ലേ ? അച്ഛനമ്മമാരുടെ ശേഷക്രിയകള്‍ നടത്താനും താനുണ്ടായിരുന്നില്ലല്ലോ ? ഈ കടലില്‍ അവരുടെ പിണ്ഡം ഒഴുക്കി മുങ്ങിക്കുളിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യേണ്ട സമയത്തൊക്കെ ഏതൊക്കെ ഉല്ലാസനൌകകളിലായിരുന്നു, ഏതൊക്കെ രമ്യഹര്‍മ്മങ്ങളിലായിരുന്നു, ഏതൊക്കെ വിനോദയാത്രകളിലായിരുന്നു താന്‍ സമയം ചിലവഴിച്ചിരുന്നത്?

എവിടെയാണ് തെറ്റ് പറ്റിയത് ? ആര്‍ക്കാണ് തെറ്റ് പറ്റിയത് ?

എന്താണ് തെറ്റ് ? എന്താണ് ശരി ? ഈ നഗരത്തില്‍ തെറ്റിനും ശരിക്കും പ്രത്യേകിച്ച് ഒരു നിര്‍വ്വചനമുണ്ടോ ? ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റല്ല. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയല്ല. എല്ലാവര്‍ക്കും അവരവരുടേതായ ശരികളും, തെറ്റുകളും, അതിന്റെ ന്യായീകരണങ്ങളും. അതിനിടയില്‍ ആര്‍ക്കെല്ലാമോ എന്തെല്ലാ‍മോ നഷ്ടപ്പെടുന്നു. അക്കൂട്ടത്തിലൊരാള്‍ താനും. തനിക്ക് മാത്രമാണോ നഷ്ടമായത്? മറ്റ് പലര്‍ക്കും നഷ്ടമായില്ലേ ? അതിന്റെ ഏറ്റക്കുറച്ചിലുകളുടെ കണക്കെടുത്തിട്ട് ഇനിയെന്തുകാര്യം ?

വീട്ടിലേക്ക് അവളുമായി ചെന്നുകയറാന്‍ താനെന്തിന് മടിച്ചു ? സ്വജാതിക്കാരിയല്ലാത്തൊരുത്തിയെ ഈ പടിചവിട്ടാന്‍ അനുവദിക്കില്ലെന്ന് ആരും വിലക്കിയിരുന്നില്ലല്ലോ ? ഒരു സ്ഥിരവരുമാനമില്ലാത്തവനായി അങ്ങനെയൊരു സാഹസത്തിന് മുതിരാന്‍ അന്നെന്തുകൊണ്ടോ തന്റെ ദുരഭിമാനം അനുവദിച്ചില്ല. അന്നെടുത്ത നിലപാട് ശരിയായിരുന്നെന്നുതന്നെ ഇന്നും വിശ്വസിക്കുന്നു. പിന്നെങ്ങിനെ ഇന്നതൊരു തെറ്റായി മാറി ?

അല്ല, തെറ്റവിടെയെങ്ങുമല്ല പറ്റിയത്. സ്ഥിരവരുമാനവും ജോലിയുമൊക്കെ ആയപ്പോള്‍, അതിന്റെ ആര്‍ഭാടത്തിലും സുഖസുഷുപ്തിയിലും പലതും മറന്നു. വഴിക്കണ്ണുമായി ചിലരെല്ലാം കാത്തിരിക്കുന്നുണ്ടെന്ന് തിരിച്ചറിവായപ്പോഴേക്കും മടങ്ങിവരാന്‍ പറ്റാത്ത തരത്തിലുള്ള ഊരാക്കുടുക്കുകളില്‍പ്പെട്ടുപോയി. മടങ്ങിവന്നപ്പോഴിതാ കരിന്തിരി കത്തിത്തുടങ്ങിയിരിക്കുന്നു.

നഷ്ടസ്വപ്നങ്ങളുടെ മരുപ്പറമ്പായി മാറിയിരിക്കുന്ന ഈ കടല്‍ക്കരയില്‍ തനിക്കിനി ഒന്നും ചെയ്യാനില്ല. മടങ്ങിപ്പോകാമെന്നുവെച്ചാല്‍ അതിനും വയ്യ. ഇനിയെങ്ങോട്ട് പോകാനാണ് ? എവിടെപ്പോയാലും അവസാനം ഇവിടെത്തന്നെ മടങ്ങിയെത്തിയെത്തും. ഇനിയൊരു യാത്രയില്ല. ഈ മണല്‍ത്തരികളില്‍ അലിഞ്ഞ് ചേരണം. അതുവരെ, പണ്ട് ചെയ്തിരുന്ന പോലെ ദിവസവും ഈ കടല്‍ക്കരയില്‍ വന്നിരിക്കാം. തികച്ചും അന്യരായ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു മണ്‍പ്രതിമ കണക്കെ, തീരത്തലച്ച് തകരുന്ന തിരകളുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍ക്കാരനാകാം. അതേയുള്ളൂ ഇനി ചെയ്യാന്‍. അതേയുള്ളൂ പ്രായശ്ചിത്തം.

അണയാന്‍ തുടങ്ങുന്ന സൂര്യന്റെ വിലാപം പടിഞ്ഞാറുനിന്ന് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. പണ്ട് താനിരിക്കുമായിരുന്ന ആ വലിയ ഉരുളന്‍ കല്ലിന്റെ സ്ഥാനം തിരയുകയായിരുന്നു അപ്പോളയാള്‍.